Saturday, December 29, 2007

ഒരു യാത്ര തുടങ്ങുന്നു..


"ദിവസം മുഴുവന്‍ കായലു കാണണം, ബോട്ടിലിരുന്ന്‌ വെള്ളത്തില്‍ കയ്യിടണം,കായലിലൂടെ നീന്തുന്ന താറാവിന്‍ കൂട്ടത്തെ കാണണം,പിന്നെ കള്ളുഷാപ്പിലെ കപ്പേം കരിമീനും കഴിക്കണം.ഇത്രേം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ എനിക്കു മരിച്ചാലും കുഴപ്പമില്ല"

ഞാന്‍ ജീവിതകാലം മുഴുവനുമുള്ള ആഗ്രഹങ്ങള്‍ അക്കമിട്ട്‌ അവതരിപ്പിച്ചു.

"അയ്യോ എനിക്ക്‌ ഇടുക്കി അണക്കെട്ടു കൂടി കാണണംന്നുണ്ട്‌.കണ്ടാല്‍ മാത്രം പോര..അതിന്റെ മോളില്‍ കേറണം.ഞാനുണ്ടാക്കിയ പ്ലാന്‍ പറയാം. അവിടുന്ന്‌ കണ്ണൂര്‍ എക്സ്പ്രസ്സില്‍ കേറിയാല്‍ രാവിലെ അഞ്ചു മണിക്ക്‌ തിരുവനന്തപുരത്തെത്തും. അഞ്ചരയാകുമ്പോള്‍ എന്റെ രാജധാനി എക്സ്പ്രസ്സും അവിടെയെത്തും.റെയില്‍വേ സ്റ്റേഷനില്‍ നമ്മള്‍ കണ്ടുമുട്ടുന്നു. പിന്നെ രണ്ടു പേരും എന്റെ വീട്ടിലെക്കു പോകുന്നു.അമ്മയുണ്ടാക്കുന്ന അപ്പോം സ്റ്റൂവും കഴിക്കുന്നു. എന്നിട്ട്‌ ഒറ്റപ്പോക്ക്‌..ആലപ്പുഴയ്ക്ക്‌...ഇപ്പം ഇത്രേം മതി. ബാക്കിയൊക്കെ പിന്നെ തീരുമാനിക്കാം ?"

ടു-ബി-സഹയാത്രിക പറഞ്ഞു നിര്‍ത്തി."മിടുക്കീ..അടിപൊളി പ്ലാന്‍.ചുമ്മാ അതുവഴി നടക്കാതെ ആ പ്ലാനിംഗ്‌ കമ്മീഷനില്‍ പോയി ഒരു കസേര വലിച്ചിട്ടിരിയ്ക്ക്‌.അത്രയ്ക്കു കഴിവുണ്ട്‌." ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ അഭിനന്ദിച്ചു പോയി.

പിന്നെ ഒട്ടും സമയം കളഞ്ഞില്ല. നടക്കുന്ന വഴിക്കൊക്കെ ആലപ്പുഴയും വെള്ളോം വള്ളോമൊക്കെ സ്വപ്നം കാണാന്‍ തുടങ്ങി.

"ഡീ നീ തിരുവന്തപുരത്തേക്കു ടിക്കറ്റു ബുക്ക്‌ ചെയ്യുന്നില്ലേ??'"അടുക്കളയില്‍ വെറും തറയിലിരുന്ന്‌ എന്റെ കായല്‍സ്വപ്നങ്ങളെ പറ്റി ഇടതടവില്ലാതെ പറയുന്നതിനിടയ്ക്കാണ്‌ മമ്മീടെ വക ഓരോരോ സംശയങ്ങള്‍.

"അതിന്റെയൊന്നും ആവശ്യമില്ലെന്നേ. കണ്ണൂരുന്ന്‌ തിരുവനന്തപുരത്തെക്കു പോകാന്‍ ഈ സമയത്ത്‌ ഞാന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ മമ്മീ. ടിക്കറ്റൊക്കെ പുഷ്പം പോലെ കിട്ടും."
"ങും അങ്ങു ചെന്നാല്‍ മതി.." മമ്മി പുച്ഛിച്ചു.

ചില സമയത്ത്‌ അമ്മമാര്‍ പ്രവചിക്കുന്നത്‌ സത്യമായിത്തീരാറുണ്ടെന്ന്‌ പിറ്റേ ദിവസം ടിക്കറ്റ്‌കൗണ്ടറിലെത്തിയപ്പോള്‍ എനിക്കു മനസ്സിലായി. കണ്ണൂര്‍ എക്സ്പ്രസ്സിന്‌ ഒരു സ്ലീപ്പര്‍' എന്നു മുഴുവന്‍ പറയാന്‍ പോലും കൗണ്ടറിലെ ചേട്ടന്‍ എന്നെ സമ്മതിച്ചില്ല.

"ഇപ്പോ സീസണാ..എല്ലാം ഫുള്ളാണ്‌"

"അയ്യോ സ്ലീപ്പര്‍ തന്നെ വേണമ്ന്നില്ല.. ഏതെങ്കിലും ക്ലാസ്സില്‍ ഒരു സിംഗിള്‍ സീറ്റ്‌ ഒഴിവുണ്ടോ?"
ഇത്രേം തങ്കപ്പെട്ട ഒരു യാത്രക്കാരിയെ ഇന്ത്യന്‍ റെയില്‍വെക്ക്‌ ഇനി കിട്ടാനില്ല എന്ന മട്ടില്‍ ഞാന്‍ ചേട്ടനെ ഒന്നു നോക്കി.

"9 മണിക്കുള്ള മലബാറില്‍ ഒരു ഫസ്റ്റ്‌ ക്ലാസ്സ്‌ ടിക്കറ്റുണ്ട്‌. വേണോ?"


"വേണം.. വേണം..അതിനെത്രയാ?" അതെങ്കില്‍ അത്‌. പ്ലാന്‍ ചെയ്തതിലും നാലു മണിക്കൂര്‍ വൈകും എന്നല്ലേയുള്ളൂ.


"3rd AC-യ്ക്കും 2nd AC-യ്ക്കും ഇടയ്ക്കായി വരും"

ടിക്കറ്റിനു പൈസ കൊടുക്കാന്‍ കയ്യിലുള്ള ചില്ലറപൈസ വരെ എടുക്കേണ്ടി വന്നു.'എന്നാലും ഇതു വെല്യ ചതിയായിപ്പോയി എന്റെ ലാലൂപ്രസാദേ' എന്നു മനസ്സില്‍ പറഞ്ഞോണ്ടാണ്‌ ടിക്കറ്റ്‌ വാങ്ങിയത്‌.

ഈ ഫസ്റ്റ്‌ ക്ലാസ്സ്‌ ഫസ്റ്റ്‌ക്ലാസ്സ്‌ എന്നു കേട്ടിട്ടുള്ളതല്ലാതെ സംഭവം ഞാനിതു വരെ കണ്ടിട്ടില്ല.ചെന്നു കേറി കണ്ടപ്പോ ആകെമൊത്തം ഇഷ്ടപ്പെട്ടു.2nd AC-യെക്കാളും സൗകര്യമുണ്ട്‌.നാലു പേര്‍ക്കിരിക്കാവുന്ന ഒരു റൂം. മൂന്നു ചേട്ടന്മാര്‍ ഓള്‍റെഡി അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്‌. നാലാമത്തേതാണ്‌ ഞാന്‍. എന്നുവച്ചാല്‍ ഞാനൊരു പെണ്ണു മാത്രം. ചെറിയൊരു പേടി പോലൊരു ഫീലിംഗ്‌."എയ്‌ എന്തു പേടിക്കാന്‍..നമ്മടെ സ്വന്തം ട്രെയിനല്ലേ,ഭാരതീയരൊക്കെ നമ്മടെ സഹോദരീസഹോദരന്‍മാരല്ലേ' എന്നൊക്കെ ഒന്നാശ്വസിക്കാന്‍ ശ്രമിച്ചിരിക്കുമ്പോഴാണ്‌ അതു കണ്ടത്‌.ആ റൂമിനൊരു വാതില്‍!! അതെങ്ങാനും അടച്ചാല്‍ പിന്നെ ആന പിടിച്ചാലും തുറക്കാന്‍ പറ്റില്ല. വാതിലടയ്ക്കണ്ടാ എന്നു പറഞ്ഞാലോ? ഛേ ..ഇനിയിപ്പോ ഇവരൊക്കെ നല്ല മനുഷ്യന്മാരാണെങ്കില്‍ അങ്ങനെയൊക്കെ പറയുന്നത്‌ മോശമല്ലേ.ചുമ്മാ ഒരു ദുരുദ്ദേശ്യവുമില്ലാത്ത മനുഷ്യരെ സംശയിക്കുന്നത്‌ തീരെ ശരിയല്ല.പക്ഷെ ഇവര്‌ നല്ലവരാണോന്ന്‌ എങ്ങനെ അറിയും??. പുറത്തെ ഇരുട്ടിലെക്കും നോക്കി ഞാന്‍ തലപുകച്ച്‌ ആലോചിക്കാന്‍ തുടങ്ങി.അപ്പോഴാണ്‌പെട്ടെന്ന്‌ മനസ്സിലെക്ക്‌ ആ സിനിമ വന്നത്‌. നമ്പര്‍ 20 മദ്രാസ്‌ മെയില്‍..അതില്‍` സുചിത്രയൊക്കെ സഞ്ചരിക്കുന്നത്‌ ഇതെ പോലെ ഒരു ഫസ്റ്റ്‌ക്ലാസ്സിലാണ്‌.എന്നിട്ട്‌ ആ കൊച്ചിനെ ആരോ കൊല്ലുന്നുണ്ട്‌.ഇപ്പം ഇതാലോചിക്കേണ്ട ഒരു കാര്യവുമില്ല.അല്ലേലും വേണ്ടാത്ത സമയത്താണല്ലോ ഇതു പോലുള്ള രംഗങ്ങളൊക്കെ ഓര്‍ക്കാന്‍ തോന്നുന്നത്‌. ഞാന്‍ കഷ്ടപ്പെട്ട്‌ അതില്‌ ഇന്നസെന്റ്‌ വെള്ളമടിച്ച്‌ 'ടോണിക്കുട്ടാ'-ന്നു പാടുന്ന രംഗം ഓര്‍ക്കാന്‍ ശ്രമിച്ചു. എവിടെ..ഇന്നസെന്റിന്റെ തള്ളിമാറ്റി പിന്നെം മുന്‍പില്‍ വരുന്നത്‌ സുചിത്രയാണ്‌..'എന്റെ പറശ്ശിനിമുത്തപ്പാ നീയാ അമ്പലത്തിലിരുന്നുറങ്ങാതെ ഇവിടെ വന്ന്‌ എന്നെയൊന്നു രക്ഷിക്ക്‌' ഞാന്‍ സര്‍വ്വശക്തിയുമേടുത്ത്‌ പ്രാര്‍ത്ഥിച്ചു.

കുറച്ചങ്ങു കഴിഞ്ഞതേയുള്ളൂ..കറുത്ത കോട്ടുമിട്ട്‌ മുത്തപ്പന്‍ വന്നു. ടിടീടെ രൂപത്തില്‍. എന്നെ തേടി വന്ന പോലെ."കുട്ടി സിംഗിള്‍ ടിക്കറ്റല്ലേ. B-ലെക്കു പൊയ്ക്കോളൂ.

ഹൊ..അങ്ങനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിച്ചു.സത്യം പറഞ്ഞാല്‍ എനിക്കാ മുത്തപ്പന്‍-ടീടിയ്ക്ക്‌ ഒരുമ്മ കൊടുക്കാന്‍ തോന്നിപ്പോയി.ആ തോന്നല്‍ ഉടനടി ക്യാന്‍സല്‍ ചെയ്ത്‌ എന്റെ സ്ഥാവരജംഗമ വസ്തുക്കളുമായി ഞാന്‍ B-ലേക്കു വിട്ടു.

അവിടെ വാതില്‍ തുറന്ന്‌ അകത്തെക്കു കടന്ന എന്നെ എതിരേറ്റത്‌ ആറു ജോഡി കണ്ണുകളായിരുന്നു.ആ റൂം നിറച്ച്‌ ആള്‍ക്കാരുള്ളതു പോലെ.ഒന്നൂടി നോക്കിയപ്പോള്‍ മനസ്സിലായി-മൂന്നു മുതിര്‍ന്ന സ്ത്രീകളും മൂന്നു കുട്ടികളുമാണ്‌.

"ഹാവൂ രക്ഷപെട്ടു.ഇനിയിപ്പോ ടെന്‍ഷനില്ല"

ഞാന്‍ മനസ്സില്‍ പറഞ്ഞ കാര്യം തന്നെ അതില്‍ ഒരു സ്ത്രീ ഉറക്കെ പറയുന്നു.
"എന്റെ മോളേ, ഇങ്ങോട്ടിനി വരാന്‍ പോകുന്നത്‌ വല്ല ആണുങ്ങളുമാണോന്നോര്‍ത്ത്‌ ആകെ ടെന്‍ഷനായിരുന്നു. മോളെ കണ്ടപ്പോള്‍ സമാധാനമായി"

സത്യം പറഞ്ഞാല്‍ എനിക്കു ചിരിക്കാനാണ്‌ തോന്നിയത്‌. രക്ഷപെട്ടോടി വന്ന ഞാനിപ്പോ ഇവിടെ രക്ഷകയായിരിക്കുകയാണ്‌.

"നിങ്ങള്‌ മൂന്നാളില്ലേ. ഒരാണ്‌ ഇങ്ങോട്ടു വന്നാലും എന്താ പേടിക്കാനുള്ളത്‌"

കിട്ടിയ തക്കത്തിന്‌ ഒരു ഡയലോഗുമടിച്ച്‌ ഞാന്‍ ഒരു വിധത്തില്‍ മോളില്‍ വലിഞ്ഞു കേറിക്കിടന്നുറക്കമായി.പിന്നെ രാവിലെ ആരോ കുലുക്കിവിളിച്ചപ്പോഴാണ്‌ ഉണര്‍ന്നത്‌. സഹമുറിയര്‍ അവിടെ ഇറങ്ങുകയാണ്‌.വാതില്‍ ലോക്കു ചെയ്യണമ്ന്നു പറയാന്‍ വേണ്ടി വിളിച്ചതാണ്‌.നല്ല സ്നേഹമുള്ള ചേച്ചിമാര്‍..വാതിലൊക്കെ ലോക്ക്‌ ചെയ്തു ഞാന്‍ താഴെ ലോവര്‍ബര്‍ത്തില്‍ തന്നെ കിടന്നുറങ്ങി.പിന്നെ ഉണര്‍ന്ന്‌ പുറത്തേക്കു നോക്കിയപ്പോള്‍ കണ്ട കാഴ്ചയാണ്‌ ഏറ്റവും മുകളില്‍ ഒട്ടിച്ചു വച്ചിരിക്കുന്നത്‌.കായലും സ്വപ്നം കണ്ടുറങ്ങിയ എനിക്ക്‌ ഇതിലും നല്ലൊരു കണി കിട്ടാനില്ല.ആകെപ്പാടെ ഒരുന്മേഷം തോന്നി.ഇനിയങ്ങോട്ടുള്ള യാത്ര മോശമാവില്ലാന്നൊരു തോന്നല്‍.അതു സത്യമായിരുന്ന.ഒരുപാടാസ്വാദിച്ച കുറച്ചു ദിവസങ്ങളായിരുന്നു പിന്നീടു വന്നത്‌..അതിനെ പറ്റി പിന്നെ....



(ഫോട്ടോയ്ക്കു തലയില്ല ;വാലില്ല എന്നൊന്നും ആരും കുറ്റം പറയരുത്‌.ജനലിലൂടെ പുറത്തേയ്ക്ക്‌ ഇതിലും കൂടുതല്‍ എന്റെ കൈ നീളില്ലായിരുന്നു.)

33 comments:

  1. പ്രയാസി said...

    പ്ടിഷ്യും..ഇവിടെ തേങ്ങയില്ല..!
    ഈ ബ്ലോഗിക്കു കള്ളാ.. പഥ്യം..! കൂടെ ന്യൂ ഇയറും വരേല്ലെ..ഇനി വായിച്ചിട്ട് വരാം..:)

  2. കൊച്ചുത്രേസ്യ said...

    ഒരു യാത്ര പോയാല്‍ യാത്രാവിവരണം എഴുതണം എന്നാണല്ലോ വിവരമുള്ളവര്‍ പറഞ്ഞിട്ടുള്ളത്‌. ഞാനും ആരംഭിക്കുകയാണ്‌.യാത്ര തീരുന്നതു വരെ ഇങ്ങനെ വിവരിച്ചുകൊണ്ടിരിക്കും.. ജാഗ്രതൈ..

  3. പ്രയാസി said...

    വന്നല്ലൊ വനമാല..:)

    ദൈവമേ.. ഭാഗ്യം..!

    അ ടീ.ടി. വന്നത്.. അല്ലെങ്കില്‍ ഒരു ചെറിയ റൂം..

    ആ ഇരുമ്പു വാതിലെങ്ങാനും അടഞ്ഞാല്‍..!

    ഹൊ! ഹൊ!

    രക്ഷപ്പെട്ടു നല്ല ഭാഗ്യം ചെയ്തവരാ ആ ചേട്ടന്മാര്‍..;)

  4. Unknown said...

    അപ്പോള്‍ ഇനി യാത്രവിവരണം ആണല്ലേ...എന്റെ ദൈവമേ,എന്തൊക്കെ ഇനി കാണണം..എന്തൊക്കെ ഇനി കേള്‍ക്കണം..കലികാലം...

  5. അഭിലാഷങ്ങള്‍ said...

    വന്നല്ലോ മലബാര്‍ എക്സ്പ്രസ്...

    ഈ എക്സ്പ്രസ്സില്‍ എനിക്കിഷ്ടപ്പെട്ട ബോഗികള്‍ ആദ്യം തന്നെ അങ്ങ് ബുക്ക് ചെയ്യട്ടെ.. അത് ഇതൊക്കെയാണ്:

    "മിടുക്കീ..അടിപൊളി പ്ലാന്‍.ചുമ്മാ അതുവഴി നടക്കാതെ ആ പ്ലാനിംഗ്‌ കമ്മീഷനില്‍ പോയി ഒരു കസേര വലിച്ചിട്ടിരിയ്ക്ക്‌.അത്രയ്ക്കു കഴിവുണ്ട്‌."

    "അയ്യോ സ്ലീപ്പര്‍ തന്നെ വേണമ്ന്നില്ല.. ഏതെങ്കിലും ക്ലാസ്സില്‍ ഒരു സിംഗിള്‍ സീറ്റ്‌ ഒഴിവുണ്ടോ?"

    “ഇത്രേം തങ്കപ്പെട്ട ഒരു യാത്രക്കാരിയെ ഇന്ത്യന്‍ റെയില്‍വെക്ക്‌ ഇനി കിട്ടാനില്ല എന്ന മട്ടില്‍ ഞാന്‍ ചേട്ടനെ ഒന്നു നോക്കി“

    “എന്നാലും ഇതു വെല്യ ചതിയായിപ്പോയി എന്റെ ലാലൂപ്രസാദേ“

    "എയ്‌ എന്തു പേടിക്കാന്‍..നമ്മടെ സ്വന്തം ട്രെയിനല്ലേ,ഭാരതീയരൊക്കെ നമ്മടെ സഹോദരീസഹോദരന്‍മാരല്ലേ“

    “സത്യം പറഞ്ഞാല്‍ എനിക്കാ മുത്തപ്പന്‍-ടീടിയ്ക്ക്‌ ഒരുമ്മ കൊടുക്കാന്‍ തോന്നിപ്പോയി“

    ഈ പ്രദേശങ്ങളും അതിന്റെ സമീപപ്രദേശങ്ങളും ശരിക്കങ്ങട് രസിച്ചു ത്രേസ്യേ...

    ഓ.ടോ: ആ ട്രയിന്‍ പാളം തെറ്റിയില്ല അല്ലേ? ശ്ശൊ! ഇന്ത്യന്‍ റെയില്‍‌വേ കപ്പാസിറ്റി കൂട്ടി സ്‌ട്രോങ്ങ് ആയീന്ന് തോന്നണു.എന്നിട്ടും കുറ്റം മുഴുവന്‍ ലാലുചേട്ടന്..

  6. ആഷ | Asha said...

    ആഹാ വിവരണം ആരംഭിച്ചോ.
    എല്ലാം വിശദമായി കേള്‍ക്കാന്‍ ഒത്തിരി ആഗ്രഹമുണ്ട് ശരിക്കും.

    വേഗം അടുത്ത ഭാഗമെഴുതൂ :)

  7. മന്‍സുര്‍ said...

    ആവൂ സമാധനമായി എന്ന്‌ കരുതട്ടെ...

    മലബാര്‍ എക്‌സ്‌പ്രസ്സ്‌..വീണ്ടും ഓടി തുടങ്ങി....
    ആ ഓട്ടത്തിനിടയിലെ...മിന്നും കാഴ്‌ചകളുമായി വരുന്ന ഓരോ നിമിഷങ്ങളും ഞങ്ങളൂം വരുന്നു കൂടെ ഓരോ സീസണ്‌ ടിക്കറ്റുമായി......കൂയ്യ്...ആള്‌ കേറാനുണ്ടെ...വിസിലടിക്കല്ലേ

    ആവൂ ഒരു വിധത്തില്‍ കയറി പറ്റി....അല്ലെങ്കിലും മലബാറില്‍ പണ്ട്‌ മുതലേ ഇങ്ങനെയാ....തിരകൊഴിയില്ല...

    പക്ഷേ പാവമാണീ എക്‌സ്‌പ്രസ്സ്‌....ഇനിയും വലിച്ച്‌ നീട്ടുന്നില്ല.....ഈ എക്‌പ്രസ്സിന്റെ ബോഗ്ഗികള്‍

    നന്‍മകള്‍ നേരുന്നു

  8. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    പിന്നെ ഒട്ടും സമയം കളഞ്ഞില്ല. നടക്കുന്ന വഴിക്കൊക്കെ ആലപ്പുഴയും വെള്ളോം വള്ളോമൊക്കെ സ്വപ്നം കാണാന്‍ തുടങ്ങി.
    വന്നു വന്നു ഇവിടിരുന്നു ആലപ്പുഴ കാണാല്ലൊ.. നാട്ടിന്നു വന്നപ്പോള്‍ ഇത്രപെട്ടെന്ന് ഒന്നു തിരിച്ചുപോകാമെന്ന് കരുതീല്ലാട്ടൊ..

    അപ്പോഴേലും ഓര്‍ത്തല്ലൊ നമ്പര്‍ 20 മദ്രാസ് മെയില്‍,

    അല്ലാ മുത്തപ്പനിപ്പോ കോട്ട് രൂപത്തില്‍ ഇറങ്ങിയൊ.ഭഗവാനെ..

    എന്തായാലും കിട്ടിയകണി ഒട്ടും മോഷമല്ലാ..ഈ കായല്‍തീരം കണ്ടിട്ട് കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന വഴി കാപ്പില്‍ എന്ന പ്രശാന്തസുന്തരമായ ഒരു സ്തലം പോലുണ്ട് ഇനി അവിടെങ്ങാനും ആണൊ ഈ ഫോട്ടം പിടിച്ചത്.?
    നന്നായിട്ടൊ പക്ഷെ ക്രെടിറ്റ് റെയിവേയ്ക്ക് കൊടുക്കേണ്ടിയിരുന്നില്ലാ.
    നയിസ്..

  9. അലി said...

    യാത്ര തുടരട്ടെ...
    യാത്രാ വിവരണങ്ങളും.

    പുതുവത്സരാശംസകള്‍!

  10. Eccentric said...

    ത്രേസ്യാ ചെട്ടത്തിയേ, (ലജ്ജാവതിയെ എന്ന് വിളിക്കുന്ന പോലെ )
    പുറപ്പെട്ട് പോകുന്നു എന്ന് പറഞ്ഞ പോസ്ടിയപ്പോള്‍ ഞാന്‍ കരുതി കല്യാണം കഴിച്ച് ഏതോ ഒരുത്തന് പണി കൊടുക്കാന്‍ പോവുക ആണെന്ന്. (അങ്ങനൊരു ഗോസിപ്പ് പ്രചരിപ്പിക്കാന്‍ ആവുന്നത്ര നോക്കുകയും ചെയ്തു )
    എന്താണേലും മടങ്ങി വന്നത് സന്തോഷായി. ഈ സമയത്ത് അന്തിക്രിസ്തു വരും എന്നാണല്ലോ പ്രവചനം. അതൊന്ട്ട് കരുതി തന്നെ ആണ് എല്ലാരും ഇരുന്നത് :)

  11. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഹാ തുടങ്ങ്യോ, ബാക്കി കൂടി പറ വേഗം.

  12. ദിലീപ് വിശ്വനാഥ് said...

    അപ്പൊ യാത്ര തുടങ്ങി അല്ലേ. പെരുമണ്‍ പാലത്തില്‍ നിന്നുമുള്ള അഷ്ടമുടി കായലാണോ അവിടെ കാണിച്ചിരിക്കുന്നത്? ഇവിടെയാണ് കേട്ടൊ ഐലന്റ് എക്സ്പ്രസ്സ് തലയും കുത്തി വെള്ളത്തില്‍ പോയത്. അതു ഓ‌ര്‍ക്കാതിരുന്നത് കാര്യമായി.
    എന്തായാലും യാത്ര തുടരട്ടെ....

  13. ഗുപ്തന്‍ said...

    ആ റ്റി റ്റിക്കു ഭാഗ്യം കിട്ടും. മൂന്നുപുരുഷന്മാരെ രക്ഷപെടുത്തീല്ലേ...

  14. ശ്രീലാല്‍ said...

    “യാത്രിയോം കൃപയാ ധ്യാന്‍ ദീജിയേ, കണ്ണൂര്‍ സെ ആനേ വാലീ മലബാര്‍ എക്സ്പ്രസ് വിത്ത് കൊച്ചു ത്രേസ്യ ധോടീസെ ദേര്‍ മേം പ്ലാറ്റ്ഫോം നമ്പര്‍ ദോ മെം ആനേകീ സംഭാവനാ ഹെ. “

    ഇങ്ങനെയായിരിക്കണം സ്റ്റേഷനിലുണ്ടായ അനൌണ്‍സ്മെന്റ്... :)


    പോരട്ടെ അടുത്ത അടുത്ത ലക്കം..

  15. ഹരിത് said...

    കൊച്ചുത്രേസ്യാകൊച്ചേ, ഞാന്‍ തിരുവനന്തപുരത്തുനിന്നും മുങ്ങുന്നു. യാത്രാവിവരണ ഭീഷണിയുമായി താങ്കള്‍ വരുന്ന വിവരം നേരത്തേ അറിയിച്ചതു നന്നായി. ‘ മേം ആയീ ഹൂം യു പി ബിഹാര്‍ ലൂട്ട്നേ’ എന്ന ഇസ്യ്റ്റൈലിലുള്ള ഈ വരവിനു ശേഷം തിരുവനന്തപുരം will no more be the same. ഹാപ്പി ജേര്‍ണി....ഹാപ്പി ന്യൂ ഇയര്‍.

  16. Unknown said...

    അങ്ങനെ തിരോന്തോരത്തെ പുലികളെ വിരട്ടിയോടിക്കാന്‍ സാക്ഷാല്‍ "കൊച്ചുത്രേസ്യാ"

    :-)

  17. G.MANU said...

    yathra thakartho thressyE..

    navavarsha aaSamsakaL

  18. മുസ്തഫ|musthapha said...
    This comment has been removed by the author.
  19. മുസ്തഫ|musthapha said...

    അഗ്രജന്‍ said...
    "...പിന്നെ രാവിലെ ആരോ കുലുക്കിവിളിച്ചപ്പോഴാണ്‌ ഉണര്‍ന്നത്‌..."

    ആ കുലുക്കി വിളിച്ച സഹയാത്രികയെ സമ്മതിക്കണം :)

    മുന്‍കൂര്‍ ജാമ്യം: ഞാന്‍ ത്ര്യേസ്യേടെ പടോം കണ്ടിട്ടില്ല... കാരിക്കേച്ചറും കണ്ടിട്ടില്ല :)

  20. SUNISH THOMAS said...

    :) yathra vivaranam thudangi alle? porattee....

  21. കൊച്ചുത്രേസ്യ said...

    പ്രയാസീ,ഗുപ്താ നിങ്ങളെ തല്ലാന്‍ വേണ്ടി ഞാന്‍ ക്വട്ടേഷന്‍ പാര്‍ട്ടികളെ വിട്ടിട്ടുണ്ട്‌.ഒന്നു സഹകരിച്ചേക്കണം കേട്ടോ..

    ആഷാ,മൃദുല്‍,പ്രിയാ ഈ യാത്രാ വിവരണം എഴുതിതീര്‍ത്തിട്ടെ ഇനി ഞാന്‍ കീബോര്‍ഡ്‌ താഴെ വയ്ക്കൂ..ഇതു സത്യം സത്യം സത്യം..

    അഭിലാഷേ ആ ലാലുച്ചേട്ടന്‌ ഇന്ത്യന്‍ റയില്‍വേ സ്ട്രോംഗ്‌ ആക്കുന്ന സമയം കൊണ്ട്‌ ടിക്കറ്റിന്റെ പൈസ ഇത്തിരി കുറയ്ക്കാമായിരുന്നു :-)

    വാല്‍മീകീ,Friendz4ever ഇത്‌ കൊല്ലം കഴിഞ്ഞുള്ള ഒരു പാലമാണ്‌. പരവൂര്‍ പാലം എന്നോ മറ്റോ ഒരു ബോര്‍ഡ്‌ കണ്ടതായി ഒരോര്‍മ്മ.

    Eccentric അപ്പോള്‍ ഇയാളായിരുന്നല്ലേ ആ കുപ്രചരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആ കറുത്ത കൈകള്‍.. വിടമാട്ടെ..

    ശ്രീലാലേ ശ്ശൊ ഇതൊക്കെ എങ്ങനറിഞ്ഞു?? ഇതൊന്നും ആരോടും പറയരുതെന്ന്‌ ഞാന്‍ റയില്‍വേയെ കൊണ്ട്‌ അമ്മസത്യം ചെയ്യിച്ചിരുന്നതാണല്ലോ..

    ഹരിത് ,മഞ്ഞുതുള്ളി എന്റെ ലക്ഷ്യം തിരുവനന്തമായിരുന്നില്ല സഹയാത്രികയെ കൂട്ടാന്‍ വേണ്ടി മാത്രമാണ്‌ ഞാന്‍ അവിടെ പോയത്‌..ചുമ്മാ എന്നെ തെറ്റിദ്ധരിക്കരുത്‌..

    അഗ്രജാ എന്റെ പടമൊന്നും കണ്ടിട്ടില്ലാന്നുള്ള കാര്യം ഞാന്‍ വിശ്വസിച്ചു. അതെങ്ങാനും കണ്ടിരുന്നേല്‍ എന്നെ ഇങ്ങനെ കളിയാക്കാന്‍ ധൈര്യം വരില്ലായിരുന്നു :-)

    മനൂ,സുനീഷ്‌,അലി,മന്‍സൂര്‍ വന്നതിനും വായിച്ചതിനും നന്ദി

  22. കുഞ്ഞായി | kunjai said...

    ആ ടി ടി ചെയ്തതൊരു പുണ്യ പ്രവര്‍ത്തി ആയി...അല്ലേല്‍ ആ പാവം ചേട്ടന്മാര്‍ ഓരോരുത്തരായിട്ട് ഓടിയേനെ...എന്നിട്ട് റൂമിന്‌ മുമ്പിലൊരു ബോര്‍ഡും വെച്ചേനെ 'കൊചു ത്രേസ്യയുണ്ട് സൂക്ഷിക്കുക' എന്ന്

    ബൂലൊകത്ത് പുതിയ ആളായത് കൊണ്ട് പല ബ്ലോഗും ഇപ്പോള്‍ വായിക്കുന്നെയുള്ളൂ.വായിച്ച ബ്ലോഗുകളില്‍ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒന്നാണ്‌ കൊച്ചു ത്രേസ്യയുടെ ഏടാകൂടങ്ങള്‍ ....

    പുതുവത്സരാശംസകള്‍....

  23. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    [വാല്‍മീകീ,Friendz4ever ഇത്‌ കൊല്ലം കഴിഞ്ഞുള്ള ഒരു പാലമാണ്‌. പരവൂര്‍ പാലം എന്നോ മറ്റോ ഒരു ബോര്‍ഡ്‌ കണ്ടതായി ഒരോര്‍മ്മ.]

    തികച്ചും ശെരിയാണ് ഞാന്‍ ജനിച്ച എന്റെ മണ്ണു ഞാന്‍ ഒറ്റനോട്ടത്തില്‍ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായത് കണ്ടൊ.?
    അതാണ്... അതാണ്
    ജനിച്ചമണ്ണിനോടും വളര്‍ന്ന ചുറ്റുപാടോടൂം ഉള്ള സ്നേഹം ,
    അത് പരവൂര്‍ക്കായല്‍ അതുകഴിഞ്ഞ് കാപ്പില്‍ അതായത് ഇവിടെ ഒരു തീരമുണ്ട് ഒരു പാട് മനോഹര സന്ധ്യകളില്‍ ഇവിടെനിന്നും ക്രിക്കറ്റ് കളുക്കാറുണ്ടായിരുന്നൂ..
    ദേവരാഗങ്ങളുടെ രാജശില്‍ പിയായ ദേവരാജന്‍ മാസ്റ്ററുടെ വീടും ഇതിനടുത്താണ് അതല്ലെ മാഷെ ഒറ്റനോട്ടത്തില്‍ ഞാന്‍ ആ ഫോട്ടൊ കണ്ടപ്പോള്‍ തന്നെ സ്തലം പറഞ്ഞത്..
    ഇങ്ങനെ വന്നു ഒരു കമന്റ് ഇട്ടതില്‍ വിരോധമില്ലല്ലൊ..
    കാരണം നാട്ടുകാരനായ എനിക്ക് ഇങ്ങനെ ഒരു ഫോട്ടൊ എടുക്കാന്‍ ഇതുവരെ പറ്റിയിട്ടില്ലാ അതിന്റെ ഒരു കുഞ്ഞി കൃമിണി അസ്സൂയ്യ ആണെന്ന് വെച്ചൊ..
    എന്നാ പിന്നെ ഞാനങ്ങോട്ടേയ്ക്ക് നീങ്ങട്ടെ.. നന്ദി.!!

  24. പി.സി. പ്രദീപ്‌ said...

    കൊച്ചുത്രേസ്യ ....,
    അപ്പോള്‍ എത്തി അല്ലേ:)
    യത്രാവിവരണം കൊള്ളാമായിരുന്നു.
    പിന്നെ....
    ഫോട്ടോയ്ക്കു തലയില്ല ,വാലില്ല എന്നൊന്നും കുറ്റം പറയുന്നില്ല.ഇതു രണ്ടും ഉള്ള കൊച്ചുത്രേസ്യ അല്ലേ ഇതെടുത്തത്.
    അതുകൊണ്ടാ:):)
    പുതുവത്സരാശംസകള്‍.

  25. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:
    1)“കണ്ണൂരുന്ന്‌ തിരുവനന്തപുരത്തെക്കു പോകാന്‍ ഈ സമയത്ത്‌ ഞാന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ ”

    ‘ഈ സമയത്ത്‘ മാത്രമല്ല ഏത് സമയത്തും കണ്ണൂരീന്ന് തിരുവനന്തപുരത്തേക്ക് ‘ഈ ടൈപ്പ്‘ ഈയൊരൊറ്റ ജീവി മാത്രേയുള്ളല്ലോ പോകാന്‍.

    2)“ബോട്ടിലിരുന്ന്‌ വെള്ളത്തില്‍ കയ്യിടണം” ഈ വെള്ളത്തില്‍ മുതലയുള്ള കായല്‍ കേരളത്തിലെവിടാ ഉള്ളത്????

    അല്ലേല്‍ വേണ്ട പാവം മുതല...

    പുതുവത്സാരാശംസകള്‍..{ആ യാത്ര വെറുതേ ആയി അപ്പോള്‍ 2008ലും ഇവിടൊക്കെ കാണും അല്ലേ}

  26. കുട്ടിച്ചാത്തന്‍ said...

    3)“ദൈവം സഹായിച്ച്‌ പോയ വഴിക്ക്‌ ബന്ദ്‌, ഹര്‍ത്താല്‍,ബസ്‌ പണിമുടക്ക്‌ തുടങ്ങിയ പ്രതിബന്ധങ്ങളൊന്നുമുണ്ടായില്ല.“

    ദൈവമേ... കിലുക്കത്തിലെ ജഗതീടെ ഡയലോഗില്ലെ ‘ആന എവളെക്കണ്ടോടിക്കാണും”

    ആ സ്റ്റൈലില്‍ ‘ബന്ദ് വരെ പേടിച്ചോടിയോ!!!!!’

  27. കുറുമാന്‍ said...

    വിടപറഞ്ഞ് പോയവരിത്ത്ര പെട്ടെന്നിങ്ങെത്തിയാ, അതും യാത്രാ വിവരണവുമായി....

    പുതുവത്സരാശംസകള്‍ ത്രേസ്യാവേ

  28. ഉപാസന || Upasana said...

    വീണ്ടും നര്‍മരംഗങ്ങളുടെ പെരുമഴയോടെ കൊച്ചുത്രേസ്യ തിരിച്ചു വന്നിരിക്കുന്നു.

    “എന്നാലും ഇതു വെല്യ ചതിയായിപ്പോയി എന്റെ ലാലൂപ്രസാദേ“
    കൊള്ളാം ചേച്ചി.
    :)
    എന്നും സ്നേഹത്തോടെ
    ഉപാസന

  29. ബയാന്‍ said...

    :)

  30. Sherlock said...

    എങ്ങ്‌ടാണ്ട് പോണന്ന് പറഞ്ഞിട്ട്?...

    എന്തായാലും ബാക്കി എഴുതൂ..

  31. ഉണ്ണിക്കുട്ടന്‍ said...

    ആദ്യത്തെ റൂമിലുണ്ടായിരുന്ന മൂന്നു ആണുങ്ങള്‍ രക്ഷപെട്ടു !

  32. Pyari said...

    പലരെയും പോലെ 2006 May യില്‍ എഴുതിയതില്‍ തന്നെ വായന തുടങ്ങി . 2007 June ലെ ഈ പോസ്റ്റില്‍ എന്റെ ഇന്നത്തെ വായന നിര്‍ത്തട്ടെ ...
    രണ്ടു മൂന്നു ദിവസം കൂടി ഞാന്‍ വീട്ടിലുണ്ട്. അപ്പോള്‍ വായിച്ചു ചിരിക്കാന്‍ എന്തെങ്കിലും വേണ്ടേ ???

    കൊച്ചു ത്രെസ്സിയയുടെ ലോകത്തിലേക്ക്‌ നാളെ കടന്നു വരും വരെ - ഒരിക്കല്‍ കൂടി പറഞ്ഞോട്ടെ... - "കൊച്ചു ത്രെസ്സിയ ശരിക്കും ഒരു കൊച്ചു മിടുക്കിയാണ് കേട്ടോ..... "

  33. Soudh said...

    Itherem naalum njan ithonnum kana the evide poyikkidannu...nashtabodham....nashtabodham dear.......