Saturday, February 16, 2008

ആ പ്രണയദിനത്തില്‍ സംഭവിച്ചത്‌..

തെങ്ങു പോലെ നീളത്തിലൊരു പയ്യനും തേങ്ങ പോലെ ഉരുണ്ടിട്ടൊരു പെങ്കൊച്ചും.ഓഫീസ്‌ കഴിഞ്ഞ്‌ മാര്‍ക്കറ്റില്‍ ചുറ്റാനിറങ്ങിയതാണെന്ന്‌ കണ്ടാലറിയാം.രണ്ടു പേരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്‌. അവര്‍ നില്‍ക്കുന്നത്‌ ഒരു പൂക്കടയുടെ മുന്‍പിലാണ്‌.അവന്‍ ഒരു ചുവന്ന റോസാപ്പൂ വാങ്ങി എന്തോ പറഞ്ഞുകൊണ്ട്‌ അവള്‍ക്കു നീട്ടി. അവള്‍ ഒരു ചെറിയ ചമ്മലോടെ അതു വാങ്ങി.ഇപ്പോ എന്തോ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ തോന്നുന്നില്ലേ.ഇനി ഈ സംഭവം നടക്കുന്നത്‌ ഒരു വാലന്റൈന്‍സ്‌ ദിനത്തിലാണെന്നു കൂടി അറിയിക്കട്ടെ. ഇപ്പഴോ...സംഭവമൊക്കെ ഊഹിച്ചുകാണുമല്ലോ....


ഇനി ഈ സംഭവത്തിലെ നായികയ്ക്ക്‌ പറയാനുള്ളതെന്താണെന്നു കേള്‍ക്കാം.....


ചോദ്യം : കൊല്ലം കുറച്ചായില്ലേ ഈ സംഭവം നടന്നിട്ട്‌..ഇപ്പോഴും നന്നായി ഓര്‍മ്മയുണ്ടല്ലേ?


ഉത്തരം : പിന്നില്ലേ..ആ ദിവസത്തെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും കുളിരു കോരും..

ചോ: ആദ്യമായിട്ടയിരുന്നല്ലെ വാലന്റൈന്‍സ്‌-ഡേയ്ക്ക്‌ പൂ കിട്ടുന്നത്‌??

ഉ: അതെ..അവസാനമായിട്ടും..


ചോ: നിങ്ങള്‍ തമ്മില്‍ എത്ര നാളത്തെ പരിചയമുണ്ടായിരുന്നു?


ഉ : ഞാന്‍ ആ ഓഫീസില്‍ ജോയിന്‍ ചെയ്ത അന്നു മുതല്‍.. അതായത്‌ ഒരു 7-8 മാസം. ഞങ്ങള്‍ ഒരേ പ്രൊജക്ടിലായിരുന്നു.


ചോ : ആ പ്രൊജക്ടില്‍ വേറെയും ആള്‍ക്കാരുണ്ടായിരുന്നല്ലോ. ഇവനു മാത്രമെന്താണ്‌ പ്രത്യേകത തോന്നിയത്‌?


ഉ: പ്രത്യേകതയോ..എന്തു പ്രത്യേകത?


ചോ: അല്ല..അന്ന്‌ വാലന്റൈന്‍സ്‌ ഡേയ്ക്ക്‌ നിങ്ങള്‍ ഇവന്റെ കൂടെയാണല്ലോ പുറത്തു പോയത്‌ ..


ഉ: വേറെയാരുടെയെങ്കിലും കൂടെ എന്തിനു പോകണം!! ബെറ്റ്‌ വച്ചു തോറ്റത്‌ അവനോടായിരുന്നല്ലോ?


ചോ: എന്നുവച്ചാല്‍??


ഉ: അതേയ്‌.. എന്തെങ്കിലും പൊട്ടക്കാര്യത്തിന്‌ ചുമ്മാ ബെറ്റ്‌ വയ്ക്കുക എനുള്ളത്‌ എന്റെ ഹോബിയാണ്‌.മിക്കപ്പോഴും തോല്‍ക്കും. അന്നത്തെ ബെറ്റ്‌ അവനുമായിട്ടായിരുന്നു. പതിവു പോലെ തന്നെ തോറ്റു..അതിന്റെ ട്രീറ്റ്‌ കൊടുക്കാന്‍ പോയതാ അന്ന്‌..


ചോ: പിന്നെ പിന്നെ.. കറക്ടായി വാലന്റൈന്‍സ്‌ ഡേയുടെ അന്നു തന്നെയോ?


ഉ: അതിന്‌ അന്ന്‌ അങ്ങനൊരു സംഭവമുണ്ടന്നൊക്കെ ആരോര്‍ത്തു.സമയോം സൗകര്യം ഒക്കെ ഒത്തു കിട്ടീപ്പോ അങ്ങു പോയി അത്രെയുള്ളൂ


ചോ: നിങ്ങള്‌ കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ്‌ ചിരിച്ച്‌ നല്ല ജോളി മൂഡിലായിരുന്നല്ലോ?


ഉ: അതിപ്പോ.. ഈ ഓഫീസ്‌ ടൈം ഒന്നു കഴിഞ്ഞു കിട്ടിയാലീ ജോളി മൂഡൊക്കെ ഓട്ടോമാറ്റിക്കായി വരില്ലേ..പിന്നെ കൊച്ചുവര്‍ത്തമാനം..മിണ്ടാതേം പറയാതെമൊക്കെ നടക്കാന്‍ ഞങ്ങള്‌ അവാര്‍ഡ്‌ സിനിമയില്‍ അഭിനയിക്കുകയൊന്നുമായിരുന്നില്ലല്ലോ..


ചോ:എന്നാലും ഒന്നും അങ്ങോട്ടു ശരിയാകുന്നില്ലല്ലോ...ആ ചുവന്ന റോസാപ്പൂ..അതോ?


ഉ: ഓ അത്‌... മാര്‍ക്കറ്റിലെത്തീപ്പോ നോക്കുന്നിടത്തൊക്കെ എല്ലാര്‍ടേം കയ്യിലും റോസാപ്പൂ..എങ്കില്‍ പിന്നെ ഒന്നു മേടിച്ച്‌ കയ്യില്‍ പിടിച്ചേക്കാംന്ന്‌ എനിക്കും തോന്നി..


ചോ: പക്ഷെ അത്‌ അവനല്ലേ മേടിച്ചു തന്നത്‌?


ഉ: ങാ പൂ തരാനൊക്കെ പറഞ്ഞു നോക്കീപ്പഴാ കയ്യില്‍ കാശില്ലാന്ന്‌ മനസ്സിലായത്‌. പത്തു രൂപയ്ക്കു വേണ്ടി കാര്‍ഡു കൊടുക്കാന്‍ പറ്റുമോ..അതുകൊണ്ടാ അവന്‍ കാശു കൊടുത്തത്‌.

ചോ: ഓഹോ അപ്പോ പൂ തന്നപ്പോള്‍ ചമ്മിയതെന്തിനാ?

ഉ: പൂവും തന്നോണ്ട്‌ അവന്‍ ഒരു ഡയലോഗ്‌..'കയ്യില്‍ കാശില്ലാതെയാണോ ട്രീറ്റ്‌ തരാനിറങ്ങിയിരിക്കുന്നത്‌ ' എന്ന്‌. അഭിമാനമുള്ള ആരായാലും അതു കേട്ടാല്‍ ചമ്മിപ്പോകില്ലേ..

ചോ: അപ്പോള്‍ നിങ്ങള്‍ തമ്മില്‍ ഒന്നുമുണ്ടായിരുന്നില്ലല്ലേ. പിന്നെ ഇന്റര്‍വ്യൂന്റെ തുടക്കത്തില്‍ പറഞ്ഞതോ..ആ ദിവസത്തെ പറ്റി ഓര്‍ക്കുമ്പോള്‍ കുളിരു കോരുമെന്ന്‌ ?

ഉ: ഓ അതോ..ഫെബ്രുവരി മാസത്തില്‍ ഡെല്‍ഹിയിലെ കൊടും തണുപ്പത്ത്‌ നിരുലാസില്‍ പോയി രണ്ട്‌ ഐസ്‌ക്രീം കഴിച്ചു നോക്ക്‌... അപ്പോള്‍ അറിയാം കുളിരു കോരീതെന്തിനാണെന്ന്‌..

കഴിഞ്ഞു കഴിഞ്ഞു. ഇത്രേയുള്ളൂ ഇന്റര്‍വ്യൂ...ഇപ്പോ എല്ലാവര്‍ക്കും സത്യാവസ്ഥ മനസ്സിലായില്ലേ....

ഇനി ആ പൂ...അതിനു പകരം അവള്‍ ഒരു പൂച്ചെണ്ടു തന്നെ തിരിച്ചു കൊടുത്തു.ചുവപ്പു മാത്രമല്ല, മഞ്ഞേം റോസും വെള്ളേമൊക്കെ കളറുള്ള റോസാപ്പൂക്കള്‍ കൊണ്ടു തീര്‍ത്ത വെല്യോരു പൂച്ചെണ്ട്‌. കഴിഞ്ഞ വര്‍ഷം അവരുടെ - അവന്റേം ഈ ഇന്റര്‍വ്യൂ ചെയ്ത കൊച്ചിന്റേം - കല്യാണത്തിന്‌... പൂച്ചെണ്ടിന്റെ പടം ഇ-കാര്‍ഡായി അയച്ചുകൊടുത്തതു കൊണ്ട്‌ എനിയ്ക്ക്‌ അല്ലല്ല നമ്മടെ നായികയ്ക്ക്‌ ചില്ലിപ്പൈസ പോലും മുടക്കേണ്ടീം വന്നില്ല ..

അപ്പോ പറഞ്ഞു വന്നതെന്താണെന്നു വച്ചാല്‍ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന്‌. അതായത്‌ വാലന്റൈന്‍സ്‌ ഡേയ്ക്കു ചുറ്റിയടിച്ചു നടക്കുന്ന ആണ്‍-പെണ്‍ ജോഡികളെല്ലാം 'ലത്‌' അല്ലാ എന്ന്‌... മനസ്സിലായില്ലേ.....

Monday, February 11, 2008

മൗനത്തിന്റെ അര്‍ത്ഥം..

ദില്ലിഹാട്ടിലൂടെ വെറുതെ ചുറ്റിക്കറങ്ങി നടക്കുന്നതിനിടയിലാണ്‌ ആ കുട്ടി എന്റെ ശ്രദ്ധയില്‍ പെട്ടത്‌. കഷ്ടിച്ച്‌ ഒരു മൂന്നു വയസ്സു പ്രായം വരും. മറ്റു കുട്ടികളുടെ കൂടെ കളിച്ചു തിമിര്‍ക്കുകയാണ്‌. അവരു‍ടെ കൂടെവന്നവരൊക്കെ അങ്ങിങ്ങായി ഇരുന്നു വിശ്രമിക്കുന്നുണ്ട്‌. മറ്റു കുട്ടികളില്‍ നിന്നു വ്യത്യസ്തായി ഈ കുഞ്ഞിനു മാത്രം എന്തോ ഒരു പ്രത്യേകത എനിക്കു തോന്നി.സാധാരണ കുട്ടികള്‍ ഇടയ്ക്കിടയ്ക്കൊക്കെ കൂടെ വന്നിരിക്കുന്നവരെ നോക്കി ചിരിക്കുകയോ മറ്റോ ചെയ്യും. ഈ കുഞ്ഞു മാത്രം കൂടെ വന്നവരെ ഒന്നു നോക്കുക പോലും ചെയ്യാതെ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. 'ഇനിയിപ്പം കൂടെ ആരും ഇല്ലാത്തതു കൊണ്ടാണോ'- എനിക്ക്‌ വെറുതേ ഓരോരോ സംശയങ്ങള്‍ തോന്നാന്‍ തുടങ്ങി. ഞാന്‍ എന്റെ സംശയം കൂട്ടുകാരിയോടും പറഞ്ഞു.അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി അവിടിരുന്ന്‌ ആ കുട്ടിയെ നിരീക്ഷിക്കാന്‍ തുടങ്ങി..കുറെ സമയം കഴിഞ്ഞിട്ടും അവന്റെ അടുത്തേക്കു മാത്രം ആരും ചെല്ലുന്നില്ല.ലക്ഷണം വെച്ചു നോക്കുമ്പോള്‍ ഈ കുഞ്ഞ്‌ കൂട്ടം തെറ്റിവന്നതാവാനാണ്‌ സാധ്യത. എന്നാല്‍ അതങ്ങുറപ്പിക്കാനും പറ്റുന്നില്ല. വെറുമൊരു സംശയത്തിന്റെ പേരില്‍ അവിടെ കൂടിയിരിക്കുന്ന ഓരോരുത്തരോടും പോയി 'ആ കുഞ്ഞ്‌ നിങ്ങള്‍ടെയാണോ' എന്നൊന്നും ചോദിക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ പതുക്കെ കുട്ടിയുടെ അടുത്ത്‌ ചെന്ന്‌ കുപ്പായത്തിലെക്കൊക്കെ ഒന്നെത്തി നോക്കി. എന്റെ കസിന്‍കുട്ടികളെയൊക്കെ ഇങ്ങനെ വല്ല തിരക്കിലും കൊണ്ടുപോകുമ്പോള്‍ ഒരു പേപ്പറില്‍ പേരും കോണ്ടാക്ട്‌ നമ്പറുമൊക്കെ എഴുതി ഡ്രസ്സില്‍ പിന്‍ ചെയ്തു വയ്ക്കാറുണ്ട്‌. എങ്ങാനും കാണാതെ പോയാല്‍ അറിയിക്കാന്‍ വേണ്ടി. ഈ കുഞ്ഞിന്റെ കാര്യത്തിലാണെങ്കില്‍ അതുമില്ല. സമയം ഇരുട്ടിതുടങ്ങി. തിരക്കു കൂടിക്കൂടി വരികയാണ്‌. ഞങ്ങള്‍ക്കും തിരിച്ചു വീട്ടിലെത്താനുള്ളതാണ്‌. ഇങ്ങനൊരു സംശയം തോന്നിയ സ്ഥിതിയ്ക്ക്‌ ആ കുഞ്ഞിനെ അവിടെ വിട്ടിട്ടു പോവാനും ഒരു വിഷമം.ഒരുപക്ഷേ ഞങ്ങളുടെ സംശയം ശരിയാണെങ്കിലോ..


അവസാനം ഞാന്‍ ഒന്നു ദില്ലിഹാട്ടു മുഴുവന്‍ കറങ്ങിവരാംന്നു തീരുമാനിച്ചു. കുട്ടി ശരിക്കും മിസ്സിംഗ്‌ ആണെങ്കില്‍ കൂടെയുള്ളവര്‍ ഈ സമയം കൊണ്ട്‌ അതറിഞ്ഞിരിക്കണം. നെഞ്ചത്തടീം നിലവിളീമായി നില്‍ക്കുന്ന ഒരമ്മയെ കണ്ടുപിടിയ്ക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാവില്ല. ഇനി അങ്ങനെ ആരേയും കണ്ടില്ലെങ്കില്‍ ഞങ്ങള്‍ടെ സംശയം തെറ്റാണെന്നുള്ള സമാധാനത്തോടെ തിരിച്ചു പോകാമല്ലോ.ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു തിരയാനിറങ്ങിയാല്‍ തിരിച്ചു വരുമ്പോഴേയ്ക്കും ആ കുഞ്ഞ്‌ വല്ല വഴിയ്ക്കും പോയാലോ.അതുകൊണ്ട്‌ കൂട്ടുകാരി അവിടെ തന്നെ ഇരിയ്ക്കാന്‍ തീരുമാനിച്ചു.


വിചാരിച്ചത്ര എളുപ്പമായിരുന്നില്ല ആ തിരച്ചില്‍. നല്ല തിരക്ക്‌..അതിനിടയ്ക്ക്‌ എവിടെയൊക്കെ പോയി നോക്കാന്‍ പറ്റും..നടന്ന്‌ മടുത്ത്‌ അവസാനം ഞാന്‍ സെക്യൂരിറ്റിയുടെ അടുത്തു പോയി ഇക്കാര്യം പറയാംന്നു വെച്ചു. കാര്യം 'ഒരു കുട്ടി മിസ്സിംഗ്‌ ആണെന്നു കംപ്ലെയ്‌ന്റ്‌ കിട്ടീട്ടുണ്ടോ' എന്നങ്ങു ചോദിച്ചാല്‍ മതി. പക്ഷെ അങ്ങനൊരു കംപ്ലെയ്‌ന്റും ഇല്ലെങ്കില്‍ ഞാനെന്തിന്‌ അങ്ങനെ ചോദിച്ചു എന്നുള്ളതിനൊക്കെ എക്സ്പ്ലനേഷന്‍ കൊടുക്കേണ്ടി വരില്ലേ.. .'ചുമ്മാ .എനിക്കങ്ങനെ തോന്നി' എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. ഞാനാകെ ആശയക്കുഴപ്പത്തിലായി നില്‍ക്കുമ്പോഴാണ്‌ അതു കണ്ടത്‌. ഒരു സെക്യൂരിറ്റി ചേട്ടനും, കൂടെ ആകെ ടെന്‍ഷനടിച്ച്‌ ഒരു സ്ത്രീയും അവിടൊക്കെ ഓടിനടക്കുന്നു. അപ്പോള്‍ എന്റെ സംശയം ശരിയാണ്‌. പോയി ചോദിച്ചപ്പോള്‍ അതു തന്നെ സംഭവം. ആ ചേച്ചീടെ കയ്യില്‍ നിന്നു വിട്ടു പോയതാണ്‌. തിരക്കിനിടയില്‍ കാണാതാവുകയും ചെയ്തു. അവര്‍ ആ കുഞ്ഞിനെ കാണാതായ സ്ഥലത്തു തന്നെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്‌. കുഞ്ഞാകട്ടെ ഇതൊന്നുമറിയാതെ ദില്ലിഹാട്ടിന്റെ മറ്റേ അറ്റത്തെത്തി കളിച്ചുതിമിര്‍ക്കുകയാണ്‌.


ഞാന്‍ അവരെയും കൂട്ടിക്കൊണ്ട്‌ സംഭവസ്ഥലത്തെത്തി. അവിടെ കുഞ്ഞിനെയും എടുത്തു പിടിച്ച്‌ കൂട്ടുകാരി അക്ഷമയോടെ കാത്തുനില്‍ക്കുന്നുണ്ട്‌. കുഞ്ഞാണെങ്കില്‍ സര്‍വ്വശക്തിയുമെടുത്ത്‌ ആ പിടിയില്‍ നിന്ന്‌ രക്ഷപെടാന്‍ നോക്കുന്നുണ്ട്‌.എങ്ങോട്ടോ ഓടിപ്പോവാന്‍ തുടങ്ങീപ്പോ ബലമായി പിടിച്ചു വെച്ചതാണ്‌. . അമ്മയെ കണ്ടതും കുഞ്ഞ്‌ വേഗം അങ്ങോട്ടു ചാടി.കൊച്ചും അമ്മേം കുഞ്ഞും കൂടി ആകെപ്പാടെ ഉമ്മകൊടുക്കലും ബഹളവും.ഇത്തിരി കഷ്ടപ്പെട്ടാലെന്താ സംഭവം ഒരുവിധത്തില്‍ ഹാപ്പി എന്‍ഡിംഗ്‌ ആയിത്തീര്‍ന്നല്ലോ. ഞങ്ങള്‍ രണ്ടു പേരും എന്തോ വല്യ കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യത്തോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കി ചിരിച്ചോണ്ട്‌ നില്‍ക്കുകയാണ്‌. സെക്യൂരിറ്റിചേട്ടന്‍ ഞങ്ങളോട്‌ താങ്ക്സ്‌ ഒക്കെ പറഞ്ഞ്‌ തിരിച്ചു പോയി. ഇനി ആ ചേച്ചീടെ വകയായും ഒരു നന്ദിപ്രകടനം വേണമല്ലോ. ഒന്നുമില്ലേലും നഷ്ടപ്പെട്ടു പോയീന്നു കരുതിയ കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ തിരിച്ചു കൊടുത്തില്ലേ. ആ സ്ത്രീ ഞങ്ങളെ വെറുതെ നോക്കികൊണ്ടു നില്‍ക്കുകയാണ്‌. ഒന്നും മിണ്ടുന്നുമില്ല. കുറച്ചുനേരം അങ്ങനെ നോക്കി നിന്നിട്ട്‌ പെട്ടെന്ന്‌ തിരിഞ്ഞൊരു നടത്തം.ഒരു നന്ദി വാക്കു പോലും പറയാതെ .. ഞങ്ങള്‍ അന്തംവിട്ടു നിന്നു പോയി. ആ സ്ത്രീയോട്‌ അപ്പോള്‍ തോന്നിയ ദേഷ്യത്തിന്‌ കയ്യും കണക്കുമില്ല. ചെയ്തു കൊടുത്ത ഉപകാരത്തിന്‌ ഇതിലും മാന്യമായ ഒരു പെരുമാറ്റം ഞങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌.


പിന്നീട്‌ പലപ്പോഴും ഞങ്ങളുടെ സംഭാഷണങ്ങളില്‍ ആ നന്ദി കെട്ട സ്ത്രീ കടന്നു വന്നു. ആലോചിക്കുന്തോറും അവരോടുള്ള ദേഷ്യംകൂടിക്കൂടി വരികയായിരുന്നു.കൃത്യമായി പറഞ്ഞാല്‍ 2005-ലെ ദീപാവലിനാള്‍ വരെ ആ ദേഷ്യം അണുവിട കുറയാതെ ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുകയും ചെയ്തു.


2005-ലെ ദീപാവലിയുടെ തലേദിവസം വൈകുന്നേരം ഓഫീസില്‍ സെലിബ്രേഷന്‍ ഉണ്ടായിരുന്നു. ആദ്യം അതിലൊന്നും പങ്കെടുക്കുന്നില്ലാന്നു തീരുമാനിച്ചിട്ട്‌ അവസാനനിമിഷമാണ്‌ പ്ലാന്‍ മാറ്റി അവിടെ തന്നെ കൂടാന്‍ തീരുമാനിച്ചത്‌. പരിപാടികള്‍ക്കിടിടയ്ക്ക്‌ എപ്പഴോ ഫോണെടുത്തു നോക്കുമ്പോള്‍ അതില്‍ അമ്പതോളം മിസ്‌ഡ്‌ കോളുകള്‍!!മുഴുവനും വീട്ടുകാരുടേതാണ്‌.ഫോണ്‍ മ്യൂട്ടാക്കി ബാഗിലിട്ടതു കൊണ്ട്‌ അറിയാതെ പോയതാണ്‌.എന്താ കാര്യംന്നു ചോദിക്കാന്‍ പപ്പയെ വിളിച്ചപ്പോള്‍ ലൈന്‍ പോകുന്നില്ല. നെറ്റ്വര്‍ക്ക്‌ ജാം.അപ്പോഴേയ്ക്കും വാര്‍ത്തയെത്തി.ഡെല്‍ഹിയില്‍ മൂന്നിടങ്ങളില്‍ ബോംബ്‌ബ്ലാസ്റ്റുണ്ടായെന്നും ഇനിയും ഉണ്ടാവാവാന്‍ സാധ്യതയുണ്ടെന്നും..അതിലൊന്ന്‌ സരോജിനീ നഗര്‍ മാര്‍ക്കറ്റിലാണ്‌.ഞങ്ങള്‍ അന്ന്‌ ഓഫീസില്‍ നിന്ന്‌ നേരത്തെയിറങ്ങി ആ മാര്‍ക്കറ്റിലെക്കു പോകാന്‍ പ്ലാനിട്ടിരുന്നതാണ്‌.ഒരു സഹപ്രവര്‍ത്തകന്റെ കല്യാണത്തിന്റെ ഷോപ്പിംഗിന്‌. അതു മമ്മിയോടു പറയുകയും ചെയ്തിരുന്നു. പ്ലാന്‍ മാറ്റിയ കാര്യമൊട്ടു പറഞ്ഞുമില്ല.ഞങ്ങള്‍ അവിടെയായിരിക്കുംന്നു പേടിച്ച്‌ വീട്ടുകാര്‍ എന്നെ കോണ്ടാക്ട്‌ ചെയ്യാന്‍ ട്രൈ ചെയ്തുകൊണ്ടിരുന്നതാണ്‌ ആ മിസ്‌ഡ്‌ കോള്‍സ്‌ മുഴുവന്‍. ഞാന്‍ ഫോണെടുക്കത്തതു കൊണ്ട്‌ പപ്പയും മമ്മിയുമൊക്കെ ആധി പിടിച്ചു നടക്കുകയാണ്‌. സെയ്ഫാണെന്നറിയിക്കാന്‍ ഒരു മാര്‍ഗവുമില്ല. ഒടുക്കത്തെ നെറ്റ്വര്‍ക്ക്‌ ജാം. ഏതാണ്ട്‌ ഒരു മണിക്കൂറോളം ശ്രമിച്ചതിനു ശേഷമാണ്‌ വീട്ടിലെക്ക്‌ ലൈന്‍ കണക്ടായത്‌. അത്രേം നേരം പപ്പയും മമ്മിയും തീതിന്നോണ്ട്‌ ടി.വി.യും നോക്കിയിരിക്കുകയായിരുന്നു..എന്റെ പേരു കാണുന്നുണ്ടോ എന്നും നോക്കിക്കൊണ്ട്‌.


പപ്പയായിരുന്നു ഫോണെടുത്തത്‌.സാധാരണ പോലെ 'ഹലോ' എന്നൊന്നുമല്ല; ആകെ പേടിച്ചരണ്ട സ്വരത്തില്‍ 'ആരാ' എന്നൊരു ചോദ്യം മാത്രം... 'പപ്പാ ഇതു ഞാനാ' എന്നു പറഞ്ഞുകഴിഞ്ഞിട്ടും അപ്പുറത്തു നിന്നൊരു മറുപടിയുമില്ല .പപ്പ വെറുതെ ഫോണും പിടിച്ചു നില്‍ക്കുകയാണ്‌..ഒന്നും മിണ്ടുന്നില്ല.പപ്പ അത്രേം നേരം അനുഭവിച്ച ടെന്‍ഷന്‍ മുഴുവന്‍ ആ മൗനത്തിലൂടെ എനിക്കു മനസ്സിലായി. അപ്പോള്‍ എന്റെ മനസ്സിലെക്കോടിയെത്തിയത്‌ ദില്ലിഹാട്ടിലെ ആ അമ്മയുടെ പെരുമാറ്റമായിരുനു. കുഞ്ഞിനെ തിരിച്ചു കൊടുത്തതിന്‌ പകരമായി ഒരുവാക്കു പോലും പറയാതെ ഞങ്ങളെ വെറുതെ നോക്കിനിന്ന ആ അമ്മ. ആ മൗനത്തിലൂടെ , ആ ശൂന്യമായ നോട്ടത്തിലൂടെ ഞങ്ങളോട്‌ ഒരായിരം നന്ദികള്‍ പറയുകയായിരിക്കും അവര്‍ ചെയ്തത്‌. അവര്‍ക്ക്‌ തോന്നിയ ആശ്വാസവും കടപ്പാടും ഒരുപക്ഷെ വാക്കുകളില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്തതായിരിക്കും.ആ സംഭവത്തെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ തോന്നുന്നത്‌ കുറ്റബോധമാണ്‌.കുഞ്ഞിനെ നഷ്ടപ്പെട്ടു എന്നു വിചാരിച്ച്‌ ആ അമ്മയനുഭവിച്ച വേദനയ്ക്ക്‌ അവരോട്‌ ഒരാശ്വാസവാക്കു പോലും പറയാന്‍ പോലും എനിക്കു കഴിഞ്ഞില്ലല്ലോ..

Sunday, February 3, 2008

കഥ ഇതുവരെ..

എന്നെപറ്റി വല്യ പ്രതീക്ഷയൊന്നും വേണ്ടാന്ന്‌ ഞാന്‍ ജനിക്കുന്നതിനു മുന്‍പു തന്നെ പപ്പയ്ക്കും മമ്മിയ്ക്കും അറിയാമായിരുന്നു..ജീവനോടെ കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നും ഇനി അഥവാ കിട്ടിയാല്‍ തന്നെ ആരോഗ്യപ്രശ്നങ്ങള്‍ടെ ഒരു സൂപ്പര്‍മാര്‍ക്കറ്റായിരിക്കും ഈ കുഞ്ഞെന്നുമൊക്കെ ഡോക്ടര്‍ മുന്നറിയിപ്പു കൊടുത്തിരുന്നതാണ്‌. എന്നിട്ടും 'എന്റെ കാര്യം തീരുമാനിക്കാന്‍ താനാരെടോ' എന്നൊരു വെല്ലുവിളി പോലെ ഡോക്ടര്‍ കണക്കുകൂട്ടിയതിലും ഒരു മാസം മുന്‍പേ ഞാന്‍ ഈ ഭൂമിയിലേക്കു ലാന്‍ഡ്‌ ചെയ്തു. വന്ന ഉടനെ ഒരുമാതിരി അലമ്പുപിള്ളേരെ പോലെ കരച്ചിലും ബഹളോമൊന്നുണ്ടാക്കീല; എന്തിന്‌ ശ്വാസം വിടുന്നു പോലുമുണ്ടായിരുന്നില്ല (അന്നേ ഞാനൊരു ശാന്തശീലയായിരുന്നൂന്നര്‍ത്ഥം).ഡോക്ടര്‍ പഠിച്ച പണി പതിനെട്ടും നോക്കി.അവസാനം സഹികെട്ട്‌ എന്നെ കാലില്‍തൂക്കിയെടുത്ത്‌ ഒറ്റ കുടച്ചില്‍.ഞാനങ്ങനെ വവ്വാലു പോലെ തലയും കീഴായി തൂങ്ങിക്കിടക്കുന്ന ശുഭമുഹൂര്‍ത്തതിലാണ്‌ മമ്മിയ്ക്കു ബോധം തെളിയുന്നതും എന്നെ ആദ്യമായി കാണുന്നതും.എന്തായാലും അതേറ്റു. ഞാന്‍ നല്ല മിടുക്കിയായി ശ്വാസം വിടാനും കരയാനുമൊക്കെ തുടങ്ങി. അങ്ങനെ ആദ്യകടമ്പ കഴിഞ്ഞു കിട്ടി.പക്ഷെ ഈ ലോകത്തു ജീവിച്ചുപോകാന്‍ വേണ്ട മിനിമം ആരോഗ്യവും പൊക്കവും തൂക്കവുമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഏതുനിമിഷവും ഞാന്‍ റ്റാറ്റാ ബൈ ബൈ പറഞ്ഞു പോയേക്കാം എന്നൊരു പേടി ഡോകടറടക്കം എല്ലാര്‍ക്കുമുണ്ടായിരുന്നു.
അവിടെ ഞാന്‍ പിന്നെയും തന്നിഷ്ടം കാണിച്ചു. എല്ലാരെയും ഞെട്ടിച്ചുകൊണ്ട്‌ ഞാന്‍ പെട്ടെന്നു തന്നെ ഉരുണ്ടുപിരണ്ട്‌-നീന്തി- ഇരുന്ന്‌-നിന്ന്-എഴുന്നേറ്റു നടക്കാനും വര്‍ത്തമാനം പറയാനുമൊക്കെ തുടങ്ങി-സമപ്രായക്കാരൊക്കെ അപ്പഴും ഇടയ്ക്കുള്ള എതൊക്കെയോ സ്‌റ്റേജുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

പക്ഷെ അവിടം മുതല്‍ ഒരു പുതിയ പ്രശ്നം തുടങ്ങുകയായിരുന്നു. ഞാന്‍ ഒരു സമയത്തും വീട്ടിലിരിക്കുകയില്ല. ഏതു നേരവും പറമ്പിലൂടെ കറങ്ങി നടക്കും. സാധാരണ കുട്ടികളൊക്കെ അച്ഛനെയും അമ്മയെയുമൊക്കെ കണ്ടുപഠിക്കുമ്പോള്‍ എന്റെ റോള്‍-മോഡല്‍സ്‌ വീട്ടിലെ പശുവും ആടുമൊക്കെയാണ്‌. വിശക്കുമ്പോള്‍ പോയി ഏതെങ്കിലും കാട്ടുചെടീടെ ഇലയും കായുമൊക്കെ പറിച്ചു തിന്നും(അതില്‍ തന്നെ ഏറ്റവും പ്രിയപ്പെട്ടതു മുറ്റത്തു നില്‍ക്കുന്ന കാന്താരിയായിരുന്നൂന്ന്‌ ഒരു ഞെട്ടലോടെ മമ്മി ഇപ്പഴും അനുസ്മരിക്കാറുണ്ട്‌). ദാഹിക്കുകയാണെങ്കില്‍ പശൂനു വച്ചിരിക്കുന്ന കാടിവെള്ളം കുടിയ്ക്കും. തളര്‍ന്നുകഴിഞ്ഞാല്‍ എവിടെയെങ്കിലും-തൊഴുത്തിലോ വിറകുപുരയിലോ ഒക്കെ- പോയി കിടന്നുറങ്ങും. ആര്‍ക്കും ഒരു ശല്യവുമില്ല ആകെമൊത്തം ഒരു മൗഗ്ലി സ്‌റ്റെയില്‍. അവസാനം എന്നെ നോക്കാന്‍ വേണ്ടി തന്നെ വീട്ടുകാര്‍ ഒരു ഫുള്‍-ടൈം ചാരയെ നിയോഗിച്ചു- എന്റെ ചേച്ചിയെ. അവളാണെങ്കില്‍ ഓള്‍-റെഡി, എക്സ്ട്രാഡീസന്റ്‌ എന്ന സര്‍ട്ടിഫിക്കറ്റും കിട്ടി വാഴുകയാണ്‌. ഒരു ദിവസം അറിയാതെ റോഡിലിറങ്ങിയതിന്‌ പപ്പേടെ തല്ലു കൊണ്ടതില്‍ പിന്നെ ആരെങ്കിലും വലിച്ചുകൊണ്ടു പോയാലും റോഡില്‍ ചവിട്ടില്ല എന്നു മാത്രമല്ല അതു വഴി പോകുന്നവര്‍ക്കൊക്കെ 'അങ്കിളേ/ആന്റീ റോഡിലിറങ്ങല്ലേ..പപ്പ തല്ലും' എന്നു ഫ്രീയായി വാണിംഗും കൊടുത്തുകൊണ്ടിരിക്കുന്നവള്‍. കുറ്റം പറയരുതല്ലോ,ഫുള്‍-ടൈം എന്റെ പുറകേ നടന്നോണ്ട്‌-അവള്‍ കാന്താരി പറിച്ചു, ദാ പേരയുടെ ചുവട്ടിലേക്കു പോകുന്നു, ആട്ടിന്‍കൂട്ടില്‍ തലയിടുന്നു- എന്ന ലൈനിലുള്ള റണ്ണിംഗ്‌ കമന്ററി കൊടുത്തുകൊണ്ട്‌ ഏല്‍പിച്ച ഡ്യൂട്ടി വളരെ ആത്മാര്‍ത്ഥമായി തന്നെ അവള്‍ ചെയ്തു.

ഏതാണ്ടൊരു മൂന്നുവയസ്സാകുന്നതു വരെ വീട്ടുകാരുടെ പീഡനം ഞാനനുഭവിച്ചു. അതിനു ശേഷം അങ്ങോട്ട്‌ സുവര്‍ണ്ണകാലമായിരുന്നു. ചേച്ചിയെ ഒന്നാംക്ലാസ്സില്‍ കൊണ്ടു ചേര്‍ത്തതോടെ ആ ശല്യം തീര്‍ന്നു.അപ്പഴേയ്ക്കും അനിയന്‍ ഉണ്ടായതു കൊണ്ട്‌ നാട്ടുകാരും വീട്ടുകാരുമൊക്കെ അവന്റെ പുറകെ ബിസിയായി (ഒരു സൈന്യം മുഴുവനുണ്ടായലും അവനെ കണ്ട്രോള്‍ ചെയ്യാന്‍ പറ്റുമായിരുന്നില്ല.അമ്മാതിരി കുരുത്തക്കേടായിരുന്നു).അങ്ങനെ ഒടുവില്‍ എനിക്കെന്റെ സ്വാതന്ത്ര്യം തിരിച്ചു കിട്ടി. കുട്ടാപ്പീടെ പുറകെ ഓടുന്നതിനൊപ്പം തന്നെ ഇടയ്ക്കിടയ്ക്ക്‌ അപ്രതക്ഷ്യയായിക്കൊണ്ടിരിക്കുന്ന എന്നെ കണ്ടുപിടിക്കേണ്ട പണീം കൂടിയായപ്പോള്‍ മമ്മിയ്ക്ക്‌ ജീവിതം ഏതാണ്ടൊക്കെ മതിയായി. അങ്ങനെ ഒരുഗതീം പരഗതീമില്ലാതെവന്നപ്പോഴാണ്‌ എന്നെ വീട്ടില്‍ തന്നെ തളച്ചിടാനുള്ള മാര്‍ഗങ്ങളെപറ്റി മമ്മി ആലോചിച്ചുതുടങ്ങിയത്‌. വീട്ടിനുള്ളില്‍ കയറിയാല്‍ ഞാന്‍ ആകെ താല്‍പ്പര്യം കാണിക്കുന്നത്‌ ആരെങ്കിലും വര്‍ത്തമാനം പറയുമ്പോഴാണ്‌. അതുകൊണ്ട്‌ മമ്മി എന്നോട്‌ നോണ്‍-സ്റ്റോപ്പായി സംസാരിക്കാന്‍ തുടങ്ങി.ഇടയ്ക്കിടയ്ക്ക്‌ ഓരോ ചോദ്യങ്ങളൊക്കെ ചോദിച്ച്‌ എന്നെക്കൊണ്ടും വര്‍ത്ത്മാനം പറയിച്ചു. പിന്നെപിന്നെ ഞാനായി ലീഡ്‌റോളില്‍. കണ്ടതും കേട്ടതുമായ എല്ലാ കാര്യങ്ങളെപറ്റിയും ഞാന്‍ സംസാരിച്ചു തുടങ്ങി.അതു പിന്നെ ഒരു ശീലമായി. സ്കൂളില്‍ പോയി തുടങ്ങിയിട്ടും അതിനൊരു മാറ്റവും വന്നില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ തിരിച്ചു കേറുന്നതു വരെ സംഭവിച്ച ഓരോ കുഞ്ഞു കാര്യങ്ങള്‍ പോലും ഞാന്‍ മമ്മിയ്ക്ക്‌ വിശദീകരിച്ചുകൊടുത്തുകൊണ്ടിരുന്നു. സ്കൂളും കഴിഞ്ഞ്‌ കോളെജിലെത്തിയപ്പോഴും ആ പതിവു തുടര്‍ന്നു. എന്റെ ക്ലാസ്സ്‌റൂമിലുള്ള സാധനനങ്ങള്‍,ടീച്ചേര്‍സ്‌,പോകുന്ന വഴിക്കുള്ള വീടുകള്‍,അവിടുത്തെ ചെടികളുടെ സ്റ്റാറ്റസ്‌,വഴിയില്‍ കാണുന്ന ആളുകള്‍ -ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും ഇതെല്ലാം മമ്മിയ്ക്ക്‌ നല്ല പരിചയമായി.

അങ്ങനെ പഠിത്തമൊക്കെ കഴിഞ്ഞ്‌ ഇനിയേതായാലും വല്ല പുഴയോരത്തും കുടിലും കെട്ടി എന്തെങ്കിലുമൊക്കെ കൃഷീം ചെയ്തു ജീവിക്കാം എന്നൊക്കെ മനക്കോട്ട കെട്ടിയിരിക്കുമ്പോഴാണ്‌ ഒരു ഐ-ടി.ഭീകരന്‍ വന്ന്‌ എന്നെ തൂക്കിയെടുത്തു ഡെല്‍ഹിയില്‍ ഒരു കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചത്‌.അറിയാത്ത നാട്‌,ഭാഷ,വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതിന്റെ വിഷമം-ഇതിനെക്കാളൊക്കെ എനിക്ക്‌ അസഹനീയമായി തോന്നിയത്‌ സംസാരിക്കാനാരുമില്ല എന്നതായിരുന്നു.സീരിയസായി ഇന്റര്‍നാഷണല്‍ പ്രശ്നങ്ങളെപറ്റിയൊക്കെ ഡിസ്കസ്‌ ചെയ്യാന്‍ നൂറാളുകളെ കിട്ടും. പക്ഷെ എനിക്കു വേണ്ടിയിരുന്നത്‌ എന്റെ പൊട്ടത്തരങ്ങളും കുഞ്ഞുകുഞ്ഞുകാര്യങ്ങളുമൊക്കെ ക്ഷമയോടെ കേള്‍ക്കുന്ന ആരെയെങ്കിലുമായിരുന്നു. അവസാനം എന്റെ പ്രാര്‍ത്ഥന കേട്ടിട്ടെന്നപോലെ ദൈവം ഒരു കൂട്ടുകാരിയെ തന്നു. ബാംഗ്ലൂര്‍ നിന്നും ട്രാന്‍സ്ഫറായി വന്ന ഒരു മലയാളിക്കുട്ടി. മന്ദബുദ്ധിത്തരത്തില്‍ എന്നെ കവച്ചുവെയ്ക്കും.എന്തു പൊട്ടത്തരവും പറയാം. അതിലും വലുത്‌ കേള്‍ക്കേണ്ടി വരുമെന്നു മാത്രം.
മമ്മിയോടുള്ള സംസാരം മിക്കപ്പോഴും വണ്‍-വേ ആയിരുന്നെങ്കില്‍ കൂട്ടുകാരീമായിട്ടുള്ളത്‌ 2-വേ സംസാരമായിരുന്നു.കണ്ടതും കേട്ടതുമായ എല്ലാ കാര്യങ്ങളെപറ്റിയും ഞ്ഞങ്ങള്‍ കത്തിവച്ചു.അവധിദിവസങ്ങളിലൊക്കെ ഡെല്‍ഹിയിലൂടെ വെറുതെ കറങ്ങി നടന്നു. ഓരോ ഓളം കേറുന്നതു പോലെ ഇടയ്ക്കിടയ്ക്ക്‌ ആഗ്രയ്ക്കു പോയി. ലീവ്‌ പ്ലാന്‍ ചെയ്ത്‌ രണ്ടു പേരുടെ വീടുകളിലും ഒരുമിച്ചു പോയി..ബന്ധുക്കളെയൊക്കെ കണ്ടു. കേട്ടു കേട്ട്‌ നല്ല പരിചയമായിരുന്നതു കൊണ്ട്‌ ആരോടും ഒരപരിചിതത്വവും തോന്നിയില്ല. സമാനമനസ്കരായ സുഹൃത്തുക്കളെ കിട്ടുകയെന്നത്‌ ഒരു വലിയ ഭാഗ്യമാണ്‌.ശരിക്കും ആസ്വദിച്ച കുറെ വര്‍ഷങ്ങളായിരുന്നു അത്‌.

ജോലി മാറി ബാംഗ്ലൂരേയ്ക്കു വന്നപ്പോഴെക്കും എല്ലാം കീഴ്മേല്‍ മറിഞ്ഞതുപോലെ തോന്നി. വല്ലാത്തൊരു കാലമായിരുന്നു അത്‌. ജീവിതത്തിലെ അല്ലറചില്ലറപ്രശ്നങ്ങളുടെ ഒപ്പം ഒന്നു മിണ്ടാന്‍ പോലും ആരുമില്ല എന്ന അവസ്ഥയും കൂടിയായപ്പോള്‍ ശരിക്കും ശ്വാസംമുട്ടി തുടങ്ങിയിരുന്നു. ഈ അവസ്ഥയില്‍ നിന്ന്‌ എന്തെങ്കിലും ഒരു മാറ്റമുണ്ടായില്ലെങ്കില്‍ എന്റെ കാര്യത്തില്‍ അധികം താമസിയാതെ തന്നെ തീരുമാനമായേക്കും എന്നു തോന്നിയതു കൊണ്ട്‌ ഒരു മാറ്റത്തിനു വേണ്ടി പല വഴികളും ആലോചിച്ചു. അങ്ങനെയൊരു തിരച്ചിലിലാണ്‌ ബ്ലോഗിംഗ്‌ എന്ന സംഭവത്തെ പറ്റി അറിയുന്നത്‌ .എന്തൊക്കെയോ ടെക്നിക്കല്‍ ഡോക്യുമെന്റ്സ്‌ തപ്പിപ്പോയപ്പോള്‍ വഴി തെറ്റി ആരുടെയോ ബ്ലോഗിലെത്തിയതാണ്‌.ഫ്രീയാണെന്നു കണ്ടതും പിന്നൊന്നും ആലോചിച്ചില്ല. കേറി രെജിസ്റ്റര്‍ ചെയ്തു.പിന്നങ്ങോട്ടു കംപ്ലീറ്റ്‌ പരീക്ഷണങ്ങളായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ഏതെങ്കിലും ബ്ലോഗുകളൊക്കെ തപ്പിപ്പിടിച്ച്‌ വായിച്ചു. ആരും വായിക്കില്ലാന്നുറപ്പുള്ളതു കൊണ്ട്‌ സ്വന്തമായി പോസ്റ്റിട്ടു തുടങ്ങി.മലയാളത്തിലും ബ്ലോഗാന്‍ പറ്റും എന്നുള്ള കാര്യം അറിയില്ലാതിരുന്നതു കൊണ്ട്‌ ഇംഗ്ലീഷിലായിരുന്നു പയറ്റിയിരുന്നത്‌. ആദ്യമൊക്കെ ഒരു റിലീഫ്‌ തോന്നിയിരുന്നു എന്നതു സത്യം. പക്ഷെ ഇത്തിരി കഴിഞ്ഞപ്പോള്‍ ബ്ലോഗിംഗ്‌ എന്നത്‌ ഒരു ബാധ്യതയായി തോന്നാന്‍ തുടങ്ങി.അറിയാത്ത ഭാഷയില്‍ നാലു വാക്കെഴുതുന്നതിന്റെ ആ ഒരു അദ്ധ്വാനവും ബുദ്ധിമുട്ടും. ആദ്യമുണ്ടായിരുന്ന താല്‍പ്പര്യമൊക്കെ പതുക്കെ ചോര്‍ന്നു പോകാന്‍ തുടങ്ങി.

അങ്ങനെ ഒരു ദിവസം എന്റെ സുഹൃത്തുമായി ഞാന്‍ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെപറ്റി ഘോരഘോരം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു-ഫോണില്‌.എന്തിനു വേണ്ടി ജീവിക്കണം,ആര്‍ക്കു വേണ്ടി ജീവിക്കണം..എന്നാപിന്നെ മരിക്കാംന്നു വെച്ചാല്‍ എന്തിനു വേണ്ടി മരിക്കണം, ആര്‍ക്കു വേണ്ടി മരിക്കണം-എന്നൊക്കെ വല്ലോരും പറഞ്ഞ ഡയലോഗൊക്കെ എടുത്തു പ്രയോഗിച്ച്‌ പാവത്തിനെ ബോറടിപ്പിച്ചു കൊന്നോണ്ടിരിക്കുമ്പോള്‍ എങ്ങനെയെങ്കിലും രക്ഷപെടാന്‍ വേണ്ടിയാണ്‌ അവന്‍ ഒരു ലിങ്ക്‌ അയച്ചു തന്നത്‌.

ഏതോ ഒരു മലയാളം ലിങ്ക്‌.ഞാന്‍ അതുവരെ ആകെ വായിച്ചിട്ടുള്ള മലയാളം ബ്ലോഗ്‌ കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങളാണ്‌. വേറൊന്നും എന്റെ കണ്ണില്‍ പെട്ടിരുന്നില്ല. എങ്ങനെയൊക്കെ ആലോചിച്ചിട്ടും കുറുമാന്‍ ഇതെങ്ങനെ മലയാളത്തിലെഴുതി എന്നു മാത്രം പിടികിട്ടീല്ല. എന്നാല്‍ അങ്ങേരോടു മെയില്‍ അയച്ചെങ്ങാനും ചോദിക്കാമെന്നു വച്ചാല്‍, ഇത്രേം വല്യ എഴുത്തുകാരനോട്‌ ഇതൊക്കെ ചോദിക്കുന്നത്‌ മോശമല്ലേ എന്നും വിചാരിച്ച്‌ ആ ജിജ്ഞാസ ഞാനങ്ങ്‌ അടക്കിയതാണ്‌.അപ്പോഴാണ്‌ ഈ മലയാളം ബ്ലോഗിന്റെ വരവ്‌.എന്തായാലും അതു വായിച്ചു തുടങ്ങുന്നതിനു മുന്‍പു തന്നെ എന്റെ ബുദ്ധിജീവിലിസ്റ്റിലെ എണ്ണം ഒന്നൂടി കൂട്ടി .മലയാളത്തില്‍ ടൈപ്പാന്‍ പറ്റുന്ന എല്ലാരും എന്നെ സംബന്ധിച്ചിടത്തോളം അതിബുദ്ധിമാന്മാരാണല്ലോ.

വല്യ ഉത്സാഹമൊന്നുമില്ലാതെയാണ്‌ വായിച്ചു തുടങ്ങീത്‌. പക്ഷെ വായിച്ചു വായിച്ചു പോകവേ എനിക്കതു ഭയങ്കരമായി ഇഷ്ടപ്പെടാന്‍ തുടങ്ങി. അത്ര സിംപിളായി എഴുതിയിരിക്കുന്നു. കുറുമാന്റെ ബ്ലോഗ്‌ വായിക്കുമ്പോള്‍ ഒരു സിനിമ കാണുന്ന പോലെയാണു തോന്നിയിരുന്നതെങ്കില്‍ ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ ബ്ലോഗറുടെ കൂടെ നടക്കുന്നതു പോലെയാണ്‌ തോന്നിയത്‌. മമ്മിയോടും കൂട്ടുകാരിയോടും ഒക്കെ സംസാരിക്കുമ്പോള്‍ കിട്ടുന്ന ആ ഒരു അടുപ്പം തോന്നി. വല്ലാത്ത ഒരു സന്തോഷമായിരുന്നു അത്‌. ആ ഒരു പോസ്റ്റ്‌ തന്നെ ഞാന്‍ എത്ര പ്രാവശ്യം വായിച്ചു എന്നെനിക്കറിയീല്ല. ഒരുപാടു പരിചയമുള്ള ആരോ പറയുന്നതു കേട്ടിരിക്കുന്നതു പോലെ ഒരു ഫീലിംഗ്‌.ഞാനിരുന്ന്‌ ആ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിച്ചു.പല പ്രാവശ്യം. അങ്ങനെ കുറെ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും മലയാളത്തില്‍ എഴുതണം എന്ന്‌ അടക്കാനാവാത്ത ആഗ്രഹമായി. പിന്നെ അതിനുള്ള തിരച്ചിലായിരുന്നു.ഒട്വില്‍ വരമൊഴിയും അനുബന്ധസാധനങ്ങളുമൊക്കെ കണ്ടു പിടിച്ച്‌ ഞാന്‍ മെയ്മാസത്തില്‍ മലയാളം ബ്ലോഗിംഗ്‌ തുടങ്ങി.ഒരു ചെന്നൈ യാത്ര കഴിഞ്ഞു വന്ന ഉടനേ ആയിരുന്നു ആദ്യത്തെ മലയാളം പോസ്റ്റിട്ടത്‌. എങ്ങനെയാണ്‌ തുടങ്ങേണ്ടതെന്നതെന്നോ എന്താണെഴുതേണ്ടതെന്നോ ഒരൂഹവുമുണ്ടായിരുന്നില്ല. അവസാനം ഞാന്‍ ആ യാത്രയെ പറ്റി മമ്മിയോടു പറയുന്ന അതെ സ്‌റ്റെയിലില്‍ തന്നെ എഴുതിവിട്ടു. എവിടെയും നിര്‍ത്തി ആലോചിക്കേണ്ടി വന്നില്ല.അത്ര അനായാസമായിരുന്നു ആ എഴുത്ത്‌. ഇടയ്ക്കിടയ്ക്ക്‌ സംശയം തോന്നിയ അക്ഷരങ്ങളൊക്കെ മേല്‍പ്പറഞ്ഞ ബ്ലോഗില്‍ പോയി നോക്കി. അവിടെ മുഴുവന്‍ തിരഞ്ഞ്‌പിടിച്ചു കോപ്പി ചെയ്തു.അങ്ങനെ എന്റെ ആദ്യത്തെ മലയാളം പോസ്റ്റ്‌ വെളിച്ചം കണ്ടു.

അതെഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കു കിട്ടിയ ആശ്വാസം പറഞ്ഞറിയിക്കന്‍ പറ്റില്ല. ആരും വായിക്കില്ലെന്നു ഞാന്‍ ഇട്ട ആ പോസ്റ്റിന്‌ കുറച്ചു കമന്റ്സും കൂടി കിട്ടിയപ്പോള്‍ ആ സന്തോഷം ഇരട്ടിയായി. ഇടതടവില്ലതെ സംസാരിക്കാന്‍ ഇങ്ങനെ ഒരു മാധ്യമം കിട്ടുക എന്നുള്ളത്‌ അന്നത്തെ ഒരവസ്ഥയില്‍ എനിക്ക്‌ അത്യാവശ്യമായിരുന്നു. ഞാന്‍ അതിലൂടെ സംസാരിച്ചു തുടങ്ങി. മമ്മിയോടും കൂട്ടുകാരിയോടും ഒക്കെ പറയുന്നതു പോലെ അത്ര ഫ്രീയായിട്ട്‌. ഒരു പാടു പേര്‍ പ്രോത്സാഹിപ്പിച്ചു.ചിലര്‍ വിമര്‍ശിച്ചു. പ്രതികരണമെന്തായാലും ഒരാളെങ്കിലും എന്റെ പോസ്റ്റ്‌ വായിച്ചൂന്നറിഞ്ഞാല്‍ ഭയങ്കര സന്തോഷമായിരുന്നു-ഇപ്പോഴും അതെ. അതു പോലെ തന്നെയാണ്‌ എനിക്കു കിട്ടുന്ന മെയിലുകള്‍. ഇപ്പോഴും ബ്ലോഗില്‍ എഴുതാന്‍ എനിക്കറിയില്ല; സംസാരിക്കാനെ അറിയൂ. എന്റെ ബ്ലോഗ്‌ വായിക്കുന്നവരില്‍ എന്റെ പൊട്ടത്തരങ്ങളും ആശങ്കകളുമെല്ലാം ക്ഷമയോടെ കേട്ടിരിക്കുന്ന മമ്മിയെയും ,വാക്കിന്‌ വാക്കിന്‌ കളിയാക്കുന്ന കൂട്ടുകാരിയെയും ചേച്ചിയെയും അനിയനെയും, ഒരു പ്രതികരണവുമില്ലാതിരിക്കുകയും എന്നാല്‍ ഞാന്‍ മിണ്ടാതിരിക്കുമ്പോള്‍ 'വല്ലതും പറയ്‌ മോളേ' എന്നു പറയുകയും ചെയ്യുന്ന പപ്പയെയും ഒക്കെ എനിക്കു കാണാന്‍ കഴിയുന്നുണ്ട്‌. മലയാളം ബ്ലോഗിംഗിന്‌ എന്നെകൊണ്ട്‌ ഒരു ഗുണവുമുണ്ടായിട്ടില്ലായിരിക്കാം; പക്ഷെ ഒരു വിഷമഘട്ടം തരണം ചെയ്യാന്‍,ഇപ്പോഴും ചെയ്തുകൊണ്ടിരിക്കാന്‍ ഈ മീഡിയം എന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട്‌. എല്ലാരോടും വല്യ വല്യ വാക്കുകളില്‍ നന്ദി പറയണംന്നുണ്ട്‌. അതിനുള്ള കപ്പാസിറ്റിയില്ലാത്തതിനാല്‍ ഒരു കുഞ്ഞു നന്ദി മാത്രം പറഞ്ഞു കൊണ്ട്‌ ഈ മഹാഭാരതത്തിന്‌ ഫുള്‍സ്റ്റോപ്പിടുന്നു

എന്റെ ഈ വാര്‍ഷികപോസ്റ്റ്‌ ഞാന്‍ എന്റെ ബ്ലോഗിംഗ്‌ ഗുരുവിന്‌ സമര്‍പ്പിക്കുന്നു.
പൂട്ടികെട്ടിപോകാന്‍ തുടങ്ങിയ എന്റെ ബ്ലോഗിന്‌ വീണ്ടും ജീവന്‍ വെയ്ക്കാന്‍ കാരണം ഈ പോസ്റ്റാണ്‌. ദ്രോണാചാര്യരുടെ അടുത്തുന്ന്ന്‌ പണ്ട്‌ ഏകലവ്യന്‍ ഒളിച്ചിരുന്ന്‌ എന്താണ്ടൊക്കെയോ പഠിച്ചതു പോലെ അങ്ങയുടെ ബ്ലോഗില്‍ നിന്നാണ്‌ ഞാനും ബ്ലോഗാന്‍ പഠിച്ചത്‌. അരവിന്ദഗുരോ ഗുരുദക്ഷിണയായി എന്തു ചോദിച്ചാലും ഈ ശിഷ്യ തരും. ആവശ്യപ്പെട്ടാല്‍‍ എന്റെ കീബോര്‍ഡിലെ 'എന്റര്‍ കീ' പോലും.... (തള്ളവിരലൊക്കെ ഇപ്പോള്‍ ഔട്ട്‌-ഓഫ്‌-ഫാഷനായില്ലേ..)