Sunday, January 18, 2009

കൊച്ചു കൊച്ചു ഭൂമികുലുക്കങ്ങൾ...

പിള്ളേരെ "മുത്തേ.." എന്നുള്ള ഓമനപ്പേരു വിളിക്കുന്നത്‌ സർവ്വസാധാരണമാണ്‌. പക്ഷെ വിളിക്കുന്നത്‌ എന്റെ ചാച്ചനും വിളിക്കപ്പെടുന്നത്‌ ഞാനും ആകുമ്പോഴാണ്‌ അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടത്‌.. പൊതുവേ എന്റെ ചാച്ചൻവർഗ്ഗം ആരെയും ഇത്തരം സ്വീറ്റായ ഓമനപ്പേരുകൾ വിളിക്കാറില്ല.നമ്മള്‌ ജനിച്ചപ്പോൾ മുതലിങ്ങോട്ട്‌ അറിഞ്ഞും അറിയാതെയും ചെയ്തുപോയിട്ടുള്ള അബദ്ധങ്ങളുടെ ഓർമപ്പെടുത്തലായിരിക്കണം ഓരോ വിളിപ്പേരുകളും എന്ന്‌ അവർക്ക്‌ ഭയങ്കര നിർബന്ധമാണ്‌. അപ്പോഴാണ്‌ സ്വഭാവം കൊണ്ട്‌ യാതൊരു ഓമനത്തവും തോന്നാത്ത എന്നെ ഇങ്ങനെയൊക്കെ വിളിച്ചു സ്നേഹിക്കുന്നത്‌- അതും മലയാളത്തിൽ പണ്ടത്തെ റാങ്ക്‌ഹോൾഡറും ഇപ്പോഴത്തെ വാധ്യാരുമായ ചാച്ചൻ വിളിക്കുമ്പോൾ അത്‌ ആ വാക്കിന്റെ അർത്ഥമറിയാതെ വിളിച്ചുപോവുന്നതാണെന്നും കരുതാൻ വയ്യ. എന്തായാലും ആ പേരിനു പിന്നിലെ ദുരൂഹത ചാച്ചൻ തന്നെ വെളിപ്പെടുത്തിയിട്ടിട്ടുണ്ട്‌.ഏതോ നോവലിലെ തലതിരിഞ്ഞ കഥാപത്രമായ മുക്തകേശിയുടെയും എന്റെയും സ്വഭാവം തമ്മിലുള്ള സാമ്യം കൊണ്ട്‌, എന്നെ മുക്തകേശിയുടെ ഷോട്ട്‌ഫോമായ 'മുക്തേ..." എന്നു വിളിക്കുന്നതാണ്‌ കേൾക്കുന്നവര്‌ "മുത്തേ.." എന്നു തെറ്റിദ്ധരിക്കുന്നത്‌". മുക്തകേശിയുടെ സ്വഭാവമെന്താണെന്ന്‌ പറഞ്ഞുതന്നിട്ടില്ലെങ്കിലും രണ്ടു പ്രത്യേകാവസരങ്ങളിലെ എന്റെ പ്രകടനം കൊണ്ടാണ്‌ ഈ പേരു തന്നതെന്ന്‌ ചാച്ചൻ പറയുന്നത്‌.


1) ആനിച്ചേച്ചി-ഇബ്രാഹിം ചേട്ടൻ ഇഷ്യൂ -- രണ്ടു പേരും വളരെക്കാലത്തെ പ്രണയത്തിനു ശേഷം വിവാഹിതരായി വിജയകരമായി ഒരു വർഷത്തെ ദാമ്പത്യജീവിതം കംപ്ലീറ്റ്‌ ചെയ്യുന്നു.. ആ സന്തോഷത്തിന്‌ ഇബ്രാഹിംചേട്ടൻ സമ്മാനിച്ച കുപ്പായവുമായി ആനിച്ചേച്ചി അയൽക്കാരിയായ എന്റെ മമ്മിയെ കാണാനെത്തുന്നു... മമ്മി കുപ്പായത്തെ വാനോളം പുകഴ്‌ത്തുന്നു.. അതു കൊണ്ടു തൃപ്തി വരാതെ ചേച്ചി ആ വഴി ചുമ്മാ നടക്കുന്ന എന്നോട്‌ അഭിപ്രായം ചോദിക്കുന്നു.. ഞാൻ വളരെ സത്യസന്ധമായി "ഒരു രസവുമില്ല.. അല്ലേലും ഈ ഇബ്രാഹിം ചേട്ടന്‌ ഒരു സെലൿഷനുമില്ലാ" എന്നു പ്രഖ്യാപിക്കുന്നു...ആനിച്ചേച്ചി കലം പോലെ വീർത്ത മുഖവുമായി തിരിച്ചു പോവുന്നു.. മമ്മി എന്നെ വീടിനു ചുറ്റും ഇട്ടോടിക്കുന്നു..


2) വിൻസിച്ചേച്ചി ട്രാജഡി - ചേച്ചീടെ അച്ഛൻ മരിച്ചുപോയതായി അയൽവീട്ടിലേക്കു വിവരമെത്തുന്നു. ആ വീട്ടിലെ ഡോക്ടറാന്റിയും അടുത്ത അയൽവാസിയായ എന്റെ മമ്മിയും ഇക്കാര്യം എങ്ങനെ വിൻസിച്ചേച്ചിയെ മയത്തിൽ അറിയിക്കുമെന്ന്‌ കൂടിയാലോചിക്കുന്നു.. വിൻസിച്ചേച്ചിയുടെ ഭർത്താവായ സാജൻ ചേട്ടനെ വിളിച്ചുകൊണ്ടുവരാൻ എന്നെ നിയോഗിക്കുന്നു.. ഞാൻ അവർടെ വീട്ടിൽ ചെന്നു "ചേട്ടൻ ഇവിടില്ലാ" എന്ന മറുപടി കേട്ട്‌ ഒന്നും മിണ്ടാതെ തിരിച്ചു വരാൻ തുടങ്ങുന്നു. "എന്തിനാടീ കൊച്ചേ ചേട്ടനെ അന്വേഷിക്കുന്നത്‌.." എന്നു ചേച്ചി ചോദിക്കുന്നു.. "ഒന്നൂല്ല.. ചേച്ചീടെ പപ്പ മരിച്ചു പോയി..അതു പറയാൻ വേണ്ടിയാണ്‌ അവര്‌ ചേട്ടനെ വിളിക്കുന്നത്‌ " എന്നും അറിയിച്ച്‌ ഞാൻ കടമ നിർവഹിച്ച്‌ തിരിച്ചെത്തുന്നു.. മമ്മിയും ഡോക്ടറും തലയ്ക്കു കൈയ്യും വച്ച്‌ അന്തംവിട്ടു നിൽക്കുന്നു..


ഇങ്ങനെ കാര്യങ്ങളെ നയപരമായി ഡീൽ ചെയ്യുന്നതിൽ എനിക്കുള്ള അപാരമായ കഴിവു മാത്രമായിരുന്നില്ല വീട്ടുകാരുടെ തലവേദന.. ചിരി,കരച്ചിൽ,ദേഷ്യം എന്നീ മൂന്നു വികാരങ്ങളെ ഒരു രീതിയിലും കൺട്രോൾ ചെയ്യാനു കഴിവില്ലായ്‌മയും വല്യ പ്രശ്നമായിരുന്നു . ബാക്കിയുള്ള എല്ലാ പരിപാടികളും 'പിന്നെ' 'പിന്നെ' എന്നും പറഞ്ഞ്‌ മാറ്റിവച്ച്‌ അവസാനം പതിമൂന്നാം മണിക്കൂറിൽ ഓടിയലച്ചു ചെയ്തു തീർക്കുന്ന ഒരാളാണെങ്കിലും ഈ മൂന്നു കാര്യങ്ങളും ഞാൻ കഴിവതും പിന്നത്തേക്കു മാറ്റിവയ്ക്കാറില്ല. ചിരീം കരച്ചിലുമൊക്കെ എന്നെ മാത്രം ബാധിക്കുന്ന പ്രശ്നമായതു കൊണ്ട്‌ കുഴപ്പമില്ല; പക്ഷെ ദേഷ്യത്തിന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ല. എന്തെങ്കിലും അനിഷ്ടം തോന്നിയാൽ അതുടനെ തുറന്നുപറഞ്ഞില്ലേകിൽ പിന്നെ എനിക്കൊരു സമാധാനവുമില്ല. എല്ലാം കഴിഞ്ഞ്‌ മാക്സിമം ഒരഞ്ചുമിനിട്ടിനകം ദേഷ്യമൊക്കെ തീർന്ന്‌ ലാ ലാ ലാ പാടി അതുവഴി നടക്കും. അതുകൊണ്ടു തന്നെ ഞാനീ വെളിച്ചപ്പാടു മോഡിലേക്കു പോവുമ്പോൾ വീട്ടിലാരും തന്നെ മൈൻഡാക്കാറില്ല. അതുകൊണ്ട്‌ യാതൊരു കാര്യവുമില്ലാത്തതു കൊണ്ടാണ്‌.. എന്റെ ദേഷ്യത്തിന്‌ അത്രേമൊക്കെയെ ആയുസുണ്ടാകാറുള്ളൂ..പക്ഷെ വീട്ടുകാർക്ക്‌ ഇതൊക്കെ ശീലമാണെന്നു കരുതി പുറമെയുള്ളവർക്ക്‌ അങ്ങനെയാവണമെന്നില്ലല്ലോ.. അതു കൊണ്ടാണ്‌ എനിക്ക്‌ ജോലി കിട്ടി നാടു വിട്ടതു മുതൽ മമ്മി മുടങ്ങാതെ കൊന്തയെത്തിക്കാൻ തുടങ്ങിയത്‌.. പുന്നാരമോൾടെ കൂടെ താമസിക്കാൻ ഭാഗ്യം കിട്ടുന്നതാർക്കായാലും അവർക്ക്‌ അപാരമായ ക്ഷമാശീലം ഉണ്ടായിരിക്കണേ എന്ന്‌..


ഏതായാലും മമ്മീടെ പ്രാർഥന ദൈവം കേട്ടില്ല. ക്ഷമയും സഹനവുമൊക്കെ സിനിമാ/സീരിയൽ നടിമാരിൽ മാത്രം കണ്ടു വരുന്ന പ്രതിഭാസമാണെന്നു വിശ്വസിക്കുന്ന കുരുട്ടിനാണ്‌ എന്റെ സഹവാസിയാവാൻ ഭാഗ്യം സിദ്ധിച്ചത്‌. . സൂര്യനു താഴെയുള്ള എന്തു കാര്യങ്ങളെപറ്റിയും രണ്ടു പേർക്കും സ്വന്തമായി അഭിപ്രായമുള്ളതു കൊണ്ട്‌ അഭിപ്രായവ്യത്യാസങ്ങളുടെ കാര്യത്തിലും ഒരു കുറവുമുണ്ടായിരുന്നില്ല. മണിക്കൂറുകളോളം ഇരുന്നു തർക്കിക്കും. തർക്കത്തിന്റെ തീവ്രതയൊക്കെ കണ്ടാൽ തോന്നും ഇനി ഈ ജന്മത്തിൽ രണ്ടും തമ്മിൽ മിണ്ടുകയേ ഇല്ല എന്ന്‌. വീട്ടിലാരെങ്കിലും അതിഥികളുണ്ടെങ്കിലാണ്‌ വല്യ പ്രശ്‌നം..അവരിങ്ങനെ പോലീസിനെ വിളിക്കണോ ഫയർഫോഴ്‌സിനെ വിളിക്കണോ എന്നൊക്കെ ആലോചിച്ച്‌ ടെൻഷനടിക്കുമ്പോഴേക്കും ഞങ്ങള്‌ തർക്കമൊക്കെ തീർന്ന്‌ ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ കോമഡീമടിച്ച്‌ കളിച്ച്‌ ചിരിച്ച്‌ നടക്കുന്നുണ്ടാവും.


ഇങ്ങനെയൊരു പൊട്ടിത്തെറിക്ക്‌ സാക്ഷിയാവാൻ ഭാഗ്യം സിദ്ധിച്ചതു എന്റെ സ്വന്തം മാതാശ്രീക്കു തന്നെയായിരുന്നു. പുന്നാരമോളെ സ്നേഹിക്കാൻ വേണ്ടി ഡെൽഹിയിൽ വന്നതായിരുന്നു മമ്മി. ഞാനും കുരുട്ടും കൂടിയുള്ള ലൈഫ്‌ ഒക്കെ കണ്ട്‌ സന്തോഷിച്ച്‌ 'ഏയ്‌ ഇവിടെ കുഴപ്പമൊന്നുമില്ല..കുരുട്ടുമായി നല്ല കൂട്ടാണ്‌. രണ്ടിനേം ഒരു വണ്ടിക്കു കെട്ടാം..' എന്നൊക്കെ ആശ്വസിച്ച്‌ കൊന്തയെത്തിക്കലും നേർച്ചകളുമൊക്കെ തൽക്കാലത്തേക്കൊന്നു നിർത്തിവച്ച സമയം. അങ്ങനെ ഒരു ദിവസം രാവിലെ കുളീം കഴിഞ്ഞിറങ്ങിയ മമ്മി കാണുന്നത്‌ പോരുകോഴികളെപ്പോലെ നിൽക്കുന്ന എന്നെയും കുരുട്ടിനേയുമാണ്‌.(ആ വഴക്കിന്റെ കാരണമൊന്നും എനിക്കിപ്പോൾ ഓർമ്മയില്ല) മമ്മീടെ സമാധാനശ്രമങ്ങളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട്‌ രണ്ടും പേരും ചവുട്ടിത്തുള്ളി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. അദ്യം ഞാൻ.. പിന്നെ കുരുട്ട്‌.. (ശത്രുക്കൾ ഒന്നിച്ച്‌ വീട്ടിൽ നിന്നിറങ്ങാനോ.. നോ വേ..). സാധാരണ ദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ച്‌ ഒരു റിക്ഷയിൽ പോയി കുരുട്ട്‌ വഴിക്കൊരു ബസ്‌സ്റ്റോപ്പിലിറങ്ങും.. ഞാൻ റിക്ഷയിൽ തന്നെ ഓഫീസിലേക്കു പോവും അതാണ്‌ പതിവ്‌. അതിന്‌ ഞങ്ങൾക്കൊരു സ്ഥിരം റിക്ഷാക്കാരനുമുണ്ട്‌.എന്തായാലും ഞാനിങ്ങനെ വീട്ടിൽ നിന്നുമിറങ്ങി കൊടുങ്കാറ്റു പോലെ പാഞ്ഞു ചെന്ന്‌ റിക്ഷയിൽ കയറി.അങ്ങേരാണെങ്കിൽ റിക്ഷയെടുക്കാതെ കുരുട്ടിനെയും കാത്തു നിൽക്കുകയാണ്‌.


"ദൂസ്‌രീ മാഡം എവിടെ?" അങ്ങേരുടെ വക അനേഷണം.


അല്ലെങ്കിൽ തന്നെ കലിയിളകി നിൽക്കുന്ന എനിക്ക്‌ അങ്ങേരുടെ 'കുരുട്ട്‌' സ്നേഹം കൂടി കേട്ടപ്പോൾ പൂർത്തിയായി.


"എങ്കിൽ പിന്നെ ദൂസ്‌രീ മാഡത്തിനെയും കൊണ്ടു വന്നാൽ മതി"


എന്നും പറഞ്ഞ്‌ ആ ചേട്ടനെ ഒന്നു ദഹിപ്പിക്കുന്നതു പോലെ നോക്കീട്ട്‌ ചാടിയിറങ്ങി വേറെ റിക്ഷയിൽ പോയി കയറി. അപ്പോഴേക്കും അവിടെയെത്തിയ കുരുട്ട്‌ പുറകിലുള്ള റിക്ഷയിൽ കയറിക്കഴിഞ്ഞിരുന്നു. ഏവം വിധം ഞങ്ങടെ ആ പാവം റിക്ഷാചേട്ടൻ 'കടിച്ചതുമില്ല പിടിച്ചതുമില്ല' എന്ന മട്ടിൽ ഞങ്ങള്‌ പോവുന്നതു നോക്കി നിന്നു.


റിക്ഷകൾ രണ്ടും പുറപ്പെട്ട്‌ ഒരു രണ്ടു മിനിട്ട്‌ കഴിഞ്ഞിട്ടുണ്ടാവില്ല, കുരുട്ടിന്റെ വക ഫോൺകോൾ..


"എനിക്കൊരു പത്തു രൂപ വേണം.കയ്യിൽ ചില്ലറയില്ല" മയത്തിലൊന്നുമല്ല; കംപ്ലീറ്റ്‌ ദേഷ്യത്തിൽ..


അതിന്‌ എന്റടുത്ത്‌ കാശൊന്നും സൂക്ഷിക്കാനേൽപ്പിച്ചിട്ടില്ലല്ലോ..ഉണ്ടോ.." ഞാനും വിട്ടു കൊടുത്തില്ല..


"വല്യ ഡയലോഗോന്നും വേണ്ട.. കാശെടുത്തു പിടിക്ക്‌..എന്നിട്ട്‌ റിക്ഷ സ്ലോ ആക്ക്‌.. ഞാൻ വന്നു മേടിച്ചോളാം"


അതും കൂടി കേട്ടപ്പോൾ പിനെ മസിലു പിടിച്ചിരിക്കൻ പറ്റീല്ല. റിക്ഷ സ്ലോ ആക്കി പൈസേം കൊടുത്ത്‌ രണ്ടു പേരും ഹാപ്പിയായി പിരിഞ്ഞു. വൈകിട്ടു ഞങ്ങളെ രണ്ടു പേരെയും ഉപദേശിക്കാൻ വേണ്ടി പോയന്റ്‌സൊക്കെ തയ്യാറാക്കിവച്ചു കാത്തിരുന്ന മമ്മീടെ മുന്നിലേക്ക്‌ മദർ ഡയറീടെ ഐസ്‌ക്രീമും നക്കിക്കൊണ്ട്‌ പതിവുപോലെ തന്നെ കളീം ചിരീമൊക്കെയായി ഞങ്ങളെത്തി.രാവിലെ ഉണ്ടാക്കിയ വഴക്കിന്റെ യാതൊരു ചമ്മലുമില്ലാതെ. മമ്മിക്കൊരു സ്പെഷ്യൽ ഐസ്ക്രീമും കയ്യിലുണ്ടായിരുന്നു കേട്ടോ. ഒന്നൂല്ലേലും രാവിലെ തൊട്ട്‌ വൈകുന്നേരം പാവം ടെൻഷനടിച്ചോണ്ടിരുന്നതല്ലേ..


ആദ്യത്തെ വഴക്ക്‌ വീട്ടിനകത്തു വച്ചായിരുന്നെങ്കിലും അടുത്തത്‌ ഔട്ട്ഡോറിലായിരുന്നു. അതും കുറെക്കൂടി വിപുലമായ രീതിയിൽ..


ഇത്തവണത്തെ പ്രകടനത്തിനു സാക്ഷിയായത്‌ കുരുട്ടിന്റെ കൂട്ടുകാരിയാണ്‌. ഡെൽഹീല്‌ ജോലിയന്വേഷിച്ചു വന്നതായിരുന്നു ആ കുട്ടി.ഞങ്ങൾടെ കൂടെ താമസം.. തൽക്കാലം നമ്മക്കവളെ മീനു എന്നു വിളിക്കാം. പൊതുവെ ഞങ്ങൾടെ വീട്ടിൽ അതിഥികൾക്ക്‌ സ്‌പെഷ്യൽ കൺസിഡറേഷനൊന്നും കൊടുക്കാറില്ല. ഞങ്ങൾക്കാണെങ്കിൽ വല്യ ചിട്ടകളൊന്നും ഇല്ല താനും. തോന്നുന്ന സമയത്തു ഭക്ഷണം,ഉറക്കം, വാചകമടി,വയന,പിന്നെ കറങ്ങാൻ പോക്ക്‌..അതായിരുന്നു അന്നത്തെ ഞങ്ങൾടെ അക്കാലത്തെ ഒരു ലൈഫ്‌സ്റ്റൈൽ.. മീനുവാണെങ്കിൽ ഞങ്ങളുടെ ചിട്ടകളോട്‌, അതായത്‌ ചിട്ടയില്ലായ്മകളോട്‌ പൊരുത്തപ്പെടാനാവാതെ ശ്വാസം മുട്ടിക്കഴിയുകയാണ്‌..അങ്ങനെ ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ എനിക്ക്‌ ആതിഥ്യമര്യാദയുടെ ബാധ കൂടി. മീനുവിനെ ഞങ്ങൾ വേണ്ടവിധത്തിൽ നോക്കുന്നില്ല എന്നൊക്കെയുള്ള കുറ്റബോധം. ഉടനെ കുരുട്ടിനെ വിളിച്ച്‌ ആ കുറ്റബോധം അങ്ങോട്ടേക്കും കൂടി പകർന്നു കൊടുത്തു. എന്തായാലും രണ്ടു പേരും കൂടി കൂടിയാലോചിച്ച്‌ മീനുവിനെ ആ വെള്ളിയാഴ്ച വൈകുന്നേരം ഔട്ടിംഗിനു കൊണ്ടു പോകാമെന്നു തീരുമാനിക്കുകയും ചെയ്തു. പാവം എപ്പോഴും വീട്ടിലടച്ചിരിക്കുകയാണല്ലോ..

അങ്ങനെ വെള്ളിയാഴ്ച വൈകുന്നേരമായി. ഞാനും കുരുട്ടും ഓഫീസിൽ നിന്നും നേരെ മാർക്കറ്റിലേക്കു പോകണം.. മീനു റിക്ഷയിൽ മാർക്കറ്റിലേക്കെത്തണം.. എവിടെ വച്ചു കണ്ടുമുട്ടണമെന്നു ഞങ്ങൾ മീനുവിനെ ഫോൺ വിളിച്ചറിയിക്കും..ഇതൊക്കെയായിരുന്നു പ്ലാൻ. പക്ഷെ ഓഫീസിൽ നിന്നും ഇറങ്ങാൻ നേരത്തു തന്നെ കൃത്യമായും എന്തോ പണി കിട്ടിയതു കൊണ്ട്‌ ഞാൻ വൈകിപ്പോയി; അല്ല സാമാന്യം നന്നായി തന്നെ ലേറ്റായി. മാർക്കറ്റെത്തീപ്പോഴേ കാണാം കുരുട്ട്‌ ഞാൻ വരുന്ന ദിശയിലേക്കും നോക്കി വടി പോലെ നിൽക്കുനുണ്ട്‌. അടുത്തു ചെന്നിട്ടും യാതൊരു ഭാവഭേദവുമില്ല.. ഒടുക്കത്തെ സീരിയസ്‌..


"മീനു പുറപ്പെട്ടോ?" ഞാൻ 'ബിശ്യം' ചോദിച്ചു


അതിനു മറുപടിയൊന്നും കിട്ടീല്ല. തീ പറക്കുന്നതു പോലെ ഒരു നോട്ടം മാത്രം.


ഇതൊക്കെ കണ്ട്‌ ഞാൻ അടങ്ങുമോ.. അതിനു വേറെ ആളെ നോക്കണം..


" ഇന്തെന്താ ഒരു ഭാവാഭിനയം?"


"വൈകുന്നുണ്ടെങ്കിൽ വിളിച്ചു പറയണം.. കയ്യിൽ ഫോണുണ്ടായിരുന്നില്ലേ?" കുരുട്ട്‌ ഒന്നൂടെ തീ പറപ്പിച്ചു നോക്കി..


അതിനു മര്യാദയ്ക്ക്‌ 'ഓഫീസിൽ കുറച്ചു പണിയുണ്ടായിരുന്നു' എന്നങ്ങു പറഞ്ഞാൽ മതി. പക്ഷെ അങ്ങനൊക്കെ സമാധാനപരമായി സംസാരിച്ചാൽ ഞാൻ ഞാനല്ലാതായിപ്പോവില്ലേ..


"ഓ തോന്നീല്ല.. അങ്ങോട്ടും വിളിച്ചന്വേഷിക്കമായിരുന്നല്ലോ.. ഫോണൊക്കെ ഇവിടെയുമുണ്ടല്ലോ.."


അതും കൂടി കേട്ടതും കുരുട്ട്‌ സർവവെറുപ്പോടെ എന്നെ ഒന്നു നോക്കീട്ട്‌ വെട്ടിത്തിരിഞ്ഞ്‌ മാർക്കറ്റിനുള്ളിലേക്കു കയറിപ്പോയി. ഒരു മൂളിപ്പാട്ടും പാടി ഞാൻ പുറകെയും. ഞങ്ങളിങ്ങനെ മൗനജാഥ പോലെ കുറച്ചങ്ങു നടന്നതേയുള്ളൂ. കുരുട്ടിന്‌ മീനൂന്റെ കോൾ വന്നു. എവിടെ നിൽക്കണമെന്ന്‌ ഞങ്ങൾ പറയാത്തതു കൊണ്ട്‌ ആ കുട്ടി മാർക്കറ്റു വഴി അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്‌.


"ഇപ്പോൾ എവിടാണെന്നു വച്ചാൽ അവിടെ തന്നെയങ്ങു നിന്നാൽ മതി. ഞാനങ്ങു വന്നോളാം" കുരുട്ട്‌ എന്നോടുള്ള ദേഷ്യം മുഴുവൻ മീനുവിനോടു തീർത്തു.


" അതിന്‌ മീനു നിൽക്കുന്നതെവിടാണെന്ന്‌ കുരുട്ട്‌ ഗണിച്ചറിയുമോ?" ഞാൻ ഇടയിൽ കയറി ചോദിച്ചു.


കുരുട്ടാകട്ടെ എന്റെ ചോദ്യത്തെ പുല്ലുപോലെ അവഗണിച്ച്‌ കോൾ കട്ട്‌ ചെയ്യാനൊരുങ്ങുകയാണ്‌. ഞാൻ ഒറ്റക്കുതിക്കലിന്‌ ആ ഫോൺ തട്ടിപ്പറിച്ചു മേടിച്ചു.എന്നിട്ട്‌ മീനു നിൽക്കുന്ന സ്ഥലമൊക്കെ ചോദിച്ചു മനസിലാക്കി. ഫോൺ തിരിച്ചു കൊടുത്തപ്പോൾ കുരുട്ടു മേടിക്കുന്നില്ല.. വാശി..ഞാൻ പിന്നെ നിർബന്ധിക്കാനൊന്നും പോയില്ലേ. അതെടുത്ത്‌ എന്റെ ബാഗിലേക്കിട്ടു. എന്നിട്ടു മീനൂന്റടുത്തേക്കു വിട്ടു. കുരുട്ടും പിന്നാലെയുണ്ട്‌..


ഞങ്ങളെ കണ്ടതും മീനു ആശ്വാസത്തോടെ അത്രേം നേരം അനുഭവിച്ച ടെൻഷനെപ്പറ്റിയൊക്കെ വിവരിക്കാൻ തുടങ്ങി. ഞാൻ അതിലൊന്നും താൽപ്പര്യമില്ലാതെ 'അവരായി അവരുടെ പാടായി' എന്ന മട്ടിൽ വല്ല വഴിക്കും നോക്കി നിൽക്കുകയാണ്‌. പെട്ടെന്നാണ്‌ മീനൂന്റെ വിവരണങ്ങളെ മൈൻഡാക്കാതെ കുരുട്ട്‌ അതിഭീകരമായി പൊട്ടിത്തെറിച്ചത്‌. മീനു ഒന്ന്‌ അന്തംവിട്ടു നിന്നിട്ട്‌ അവിടെ നിന്നു കരയാൻ തുടങ്ങി. അതോടെ എന്റെ രക്തവും പതഞ്ഞുപൊങ്ങൻ തുടങ്ങി. ഞാൻ കുരുട്ടിനെ നേരിട്ടു.ഒരഞ്ചു മിനിടു നേരം ഊക്കൻ വാദപ്രതിവാദങ്ങളുമായി അത്യുഗ്രൻ വഴക്ക്‌.പച്ചമലയാളത്തിൽ.. പറയാനുള്ളതൊക്കെ പറഞ്ഞ്‌ ഒന്നു ശാന്തമായി നോക്കീപ്പഴാണ്‌.. ആ ഏരിയയിലൂടെ പോയ സകലമനുഷ്യരും അവിടെ അമ്പരന്നു നിൽക്കുന്നു..


ഇനിയെന്തു ചെയ്യും!! കുരുട്ട്‌ എന്നെ കലിപ്പോടെ ഒന്നു നോക്കിയിട്ട്‌ മുന്നിൽ കണ്ട വഴിയേ അങ്ങു പോയി അപ്രതക്ഷ്യയായി. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ ഞാനും അതേ വഴിയിലേക്ക്‌ തന്നെ തിരിഞ്ഞു. അപ്പോഴാണ്‌ അവിടെ കരഞ്ഞു കൊണ്ടു നിൽക്കുന്ന മീനൂന്റെ കാര്യം ഓർത്തത്‌..


" മീനൂന്‌ വേണമെങ്കിൽ എന്റെ കൂടെ വരാം.. അല്ലെങ്കിൽ ഇവിടെ നിന്നു കരയാം.. എന്തു വേണമെനു തീരുമാനിച്ചോ.."


ആ പറഞ്ഞ രീതിയൊക്കെ കേട്ടൽ പിന്നെ ജീവനിൽ കൊതിയുള്ള ആരു എന്റെ കൂടെ വരില്ല. എന്നിട്ടും മീനു വന്നു. പാവത്തിനു വേറെ വഴിയൊന്നുമില്ലല്ലോ..


കുറച്ചങ്ങു നടന്നപ്പോഴേക്കും എന്റെ ദേഷ്യമൊക്കെ തണുത്തു. ഇനി കുരുട്ടിനെ കണ്ടു പിടിക്കണം. കുരുട്ടിന്റെ ഫോണാണെങ്കിൽ എന്റെ ബാഗിൽ കിടക്കുകയാണ്‌. ഞാൻ ശാന്തമായി ഒന്നാലോചിച്ചു നോക്കി. കുരുട്ട്‌ ഒറ്റയ്ക്ക്‌ പോവാനിടയുള്ള ഏക സ്ഥലം ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എ.ടി. എം ആണ്‌. അങ്ങോട്ടു തന്നെ വിട്ടു. ഊഹം തെറ്റിയില്ല.. എ.ടി.എമ്മിന്റെ ക്യൂവിൽ കുരുട്ടു നിൽക്കുന്നുണ്ട്‌. മീനു ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഇനിയെന്തുചെയ്യണമെന്ന്‌ ഒരു പിടിയും കിട്ടാതെ റോഡിൽ കുറ്റിയടിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുരുട്ട്‌ ബാങ്കിൽ നിന്നിറങ്ങി നേരെ ഞങ്ങൾടെ അടുത്തേക്കു വന്നു. രണ്ടും കൽപ്പിച്ചാണ്‌ വരവെന്ന്‌ കണ്ടാലറിയാം.


മീനു ശ്വാസമടക്കിപ്പിടിച്ചു നിൽക്കുകയാണ്‌. എനിക്കു ചെറിയോരു പേടി തോന്നാതിരുന്നില്ല. കുരുട്ട്‌ നേരെ എന്റെ മുന്നിൽ വന്നു നിന്നു. എന്നിട്ട്‌ എന്നെ നോക്കാതെ അടുത്തുള്ള ഒരു കടയിലേക്ക്‌ ദൃഷ്ടിയുറപ്പിച്ച്‌ പറഞ്ഞു.


"എനിക്കു വിശക്കുന്നു"


" എങ്ങോട്ടു പോണം?" ഞാൻ വേറൊരു കടയിലേക്കു നോക്കി ചോദിച്ചു.


"എങ്ങോട്ടെങ്കിലും"


ഞാൻ പിന്നൊന്നും മിണ്ടാതെ നടന്ന്‌ അടുത്തുള്ള ഒരു റെസ്റ്ററൻറ്റിൽ ചെന്നു കയറി. പുറകെ കുരുട്ട്‌..അതിനും പുറകേ മീനു..


വെയ്റ്റർ വന്നു..ഞാൻ എനിക്കു തോന്നിയതു പോലൊക്കെ ഓർഡർ ചെയ്തു..ആരോടും ഒരഭിപ്രായവും ചോദിക്കാതെ..


" ഇതൊക്കെ കുരുട്ടിന്‌ ഇഷ്‌ടമാണോ?" മീനു പതുക്കെ എന്നോടു ചോദിച്ചു.


ഞാനും കുരുട്ടും പരസ്പരം നോക്കി..


" വായിൽ നാവുണ്ടല്ലോ..ഇഷ്ടമില്ലെങ്കിൽ ഇഷ്ടമല്ലാ എന്നു പറയാൻ" ഞാൻ മീനുവിനോടു പറഞ്ഞു..


" എനിക്കിഷ്ടമില്ലെങ്കിൽ ഞാൻ പറഞ്ഞോളാം..മീനു ബുദ്ധിമുട്ടണ്ട." കുരുട്ടും അറിയിച്ചു.


മീനു നിശബ്ദയായി. പുറമേ ഭയങ്കര സീരിയസായിട്ടാണ്‌ ഇരിപ്പെങ്കിലും എനിക്ക്‌ ഉള്ളിൽ ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കുരുട്ടിന്റെ അവസ്ഥയും അതു തന്നെയാണെന്ന്‌ എനിക്കു മനസിലായി.. ചിരിക്കാൻ ഒരു ഗ്യാപ്‌ കിട്ടാൻ കാത്തിരിക്കുകയാണ്‌..


വെയ്‌റ്റർ ഒരു മെഴുകുതിരി കത്തിച്ച്‌ ഞങ്ങൾടെ നടുക്ക്‌ ടേബിളിൽ കൊണ്ടു വച്ചു‌. മൂന്നു പേരും ആ തിരിയിലേക്കു തന്നെ നോക്കിക്കൊണ്ടിക്കുകയാണ്‌. അപ്പോഴാണ്‌ പതിഞ്ഞ ശബ്ദത്തിൽ ഒരു ആത്മഗതം..മീനൂന്റെ വക..


"ഇവിടിപ്പോ ഉള്ള ചൂടൊന്നും പോരാഞ്ഞിട്ടണോ ഇങ്ങേര്‌ ഇതും കൂടി കൊണ്ടു വന്ന്‌ കത്തിച്ചത്‌!!"


അതോടു കൂടി ഞങ്ങൾടെ കൺട്രോൾ വിട്ടു. ഫ്രണ്ട്‌സ്‌ സിനിമയിൽ ശ്രീനിവാസൻ ചിരിക്കുന്നതു പോലെ അന്തമില്ലാത്ത ചിരി. അതികഠിനമായ ഒരു പിണക്കത്തിന്റെ അതിമനോഹരമായ പര്യവസാനം..