Monday, April 20, 2009

ബിലാത്തിവിശേഷങ്ങൾ...

അങ്ങനെ അവസാനം എന്റെ കമ്പനിക്കു നല്ല ബുദ്ധി തോന്നി. എന്താണെന്നല്ലേ.. അവരെന്നെ ഇന്ത്യയിൽ നിന്ന്‌ ഗെറ്റൗട്ട്‌ അടിച്ചു. എത്ര കാലമായി കമ്പനീടെ വായിൽ നിന്ന്‌ 'ക്വിറ്റ്‌ ഇന്ത്യാ' എന്ന ആഹ്വാനം കേൾക്കാൻ കാത്തിരിക്കുകയായിരുന്നെന്നറിയുമോ.. നാടു വിട്ടു പോവാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല, ഈ ഓൺസൈറ്റോടു കൂടി നാട്ടുകാരുടെ ഉത്കണ്ഠക്കൊരു അറുതി വന്നോളും. കല്യാണം കഴിഞ്ഞ്‌ പന്തലീന്നങ്ങോട്ടിറങ്ങുന്നതിനു മുൻപേ 'വിശേഷമൊന്നുമായില്ലേ' എന്നും ചോദിച്ച്‌ ക്ഷമ പരീക്ഷിക്കുന്ന അഭ്യുദയകാംകക്ഷികളെ കണ്ടിട്ടില്ലേ.. ഏതാണ്ടതു പോലെ ചിലരുണ്ട്‌.. ഐ.ടി.യിലാണ്‌ പണി എന്നു കേട്ടലുടനെ ചോദിക്കും- 'ഓൺസൈറ്റൊന്നുമായില്ലേ' എന്ന്‌ . ഇത്തരക്കാരെ കൊണ്ടു പൊറുതിമുട്ടി അവസാനം സ്വന്തം കയ്യിൽനിന്ന്‌ കാശും മുടക്കി വല്ലയിടത്തും ഓൺസൈറ്റ്‌ പോയി വന്നാലോ എന്നു വരെ ചിന്തിച്ചു പോയിട്ടുണ്ട്‌. എന്തായലും അത്തരം കടുംകൈ ഒന്നും വേണ്ടി വന്നില്ല.. കമ്പനി തന്നെ കനിഞ്ഞു. ഓൺസൈറ്റിന്റെ പേപ്പർ കയ്യിൽ കിട്ടിയപ്പോൾ മുതൽ സമയം കളയാതിരുന്നു പ്ലാനിംഗ്‌ തുടങ്ങിയതാണ്‌. ക്ലയന്റ്‌ സൈറ്റിൽ വന്നിട്ട്‌ എന്തൊക്കെ പണിയെടുക്കണം എന്നതൊന്നുമല്ല കേട്ടോ ഞാൻ പ്ലാൻ ചെയ്തത്‌. അല്ലെങ്കിലും അതൊക്കെ എന്റെ ബോസ്‌ ആഞ്ഞുപിടിച്ചിരുന്ന്‌ ചെയ്തു തീർത്തിട്ടുണ്ട്‌.എന്തിന്‌ രണ്ടു പേർ ഒരേ കാര്യത്തിന്‌ ടൈം വേസ്റ്റ്‌ ചെയ്യണം! അതുകൊണ്ട്‌ ഞാൻ പ്ലാൻ ചെയ്തത്‌ ലണ്ടനിൽ പോയിട്ട്‌ കറങ്ങാൻ പോവേണ്ട സ്ഥലങ്ങളെ പറ്റിയായിരുന്നു. അതും കൂടി ബോസിനോടു ചെയ്യാൻ പറഞ്ഞാൽ അഹങ്കാരമായിപ്പോവില്ലേ... അതുകൊണ്ട്‌ ഞാൻ തന്നെ അങ്ങു ബുദ്ധിമുട്ടാം എന്നു വച്ചു.


യാത്രയെ പറ്റി പറഞ്ഞപ്പോഴേ ലണ്ടനിൽ നിന്നും ചേച്ചി വിളിച്ച്‌ മുന്നറിയിപ്പു തന്നിരുന്നു- നല്ല തണുപ്പാണ്‌, അതിനു പറ്റിയ കുപ്പായമൊക്കെയിട്ടു വേണം വരാൻ എന്ന്‌. ഭയങ്കര അനുസരണാശീലമായതു കൊണ്ട്‌ ഉള്ളിത്തൊലി പോലുള്ള ഒരു കോട്ടൺ കുപ്പായവുമിട്ടാണ്‌ ഇവിടെ വന്നിറങ്ങിയത്‌. ഫ്ലൈറ്ററിങ്ങിയപാടെ ഒരു ചേട്ടനെ നോക്കി വച്ചു . ഏയ്‌ തെറ്റിദ്ധരിക്കണ്ട. അങ്ങേരു പോവുന്നതിന്റെയൊക്കെ പുറകെ പോവാനാണ്‌. എനിക്കീ എയർപോർട്ടിലെ പരിപാടികളൊന്നും വല്യ പരിചയമില്ലല്ലോ.. അങ്ങേർക്കാണെങ്കിൽ ഒക്കെ മനപാഠമാണെന്നു മട്ടുംഭാവോം കണ്ടപ്പോൾ തോന്നി. പിന്നാലെ തന്നെ വച്ചു പിടിച്ചു. അവസാനം അങ്ങേര്‌ അങ്ങു ബഗേജ്‌ റീക്ലെയ്ം ചെയ്യുന്ന സ്ഥലത്തു ചെന്നെത്തി നിന്നു. ഒരു പത്തടി മാറി ഞാനും നിന്നു. . സ്വന്തം മകളെ നല്ല വിശ്വാസമായതു കൊണ്ട്‌ എന്റെ പപ്പ പെട്ടിയുടെ മുകളിൽ വെണ്ടക്കാ അക്ഷരത്തിൽ എന്റെ പേരുവിവരങ്ങളൊക്കെ എഴുതിവച്ചിടുണ്ട്‌. അതു പോരാഞ്ഞ്‌ കുരുട്ടിന്റെ വക കുറെ ചിത്രപ്പണികളും. ഞാൻ സ്വന്തം പെട്ടി കണ്ടാലും തിരിച്ചറിയാതെ പോവാൻ എല്ലാ ചാൻസുമുണ്ടെന്നു പറഞ്ഞാണ്‌ രണ്ടു പേരുടെയും വക ഈ ക്രൂരകൃത്യങ്ങൾ. അതൊക്കെ നാട്ടുകാര്‌ കണ്ട്‌ എന്റെ മാനം പോകുന്നതിനു മുൻപേ പെട്ടി കൈക്കലാക്കി എത്രയും പെട്ടെന്ന്‌ സ്ഥലം കാലിയാക്കണമല്ലോ. അതു കൊണ്ട്‌ അതങ്ങു നിന്നു വരുന്നതു കാണുമ്പോഴേ ഓടിപ്പോയി എടുക്കാൻ പാകത്തിന്‌ റെഡിയായിട്ടാണ്‌ നിൽപ്പ്‌. ഏതാണ്ടൊരു മണിക്കൂർ ആ നിൽപ്പു നിന്നിട്ടുണ്ടാവും. എന്റെ പെട്ടി മാത്രം കാണാനില്ല. ഞാനിങ്ങനെ ബ്ലിങ്കസ്യാ എന്ന മട്ടിൽ നിൽക്കുന്നതു കണ്ടാവണം ഒരു ഫോറിനപ്പൂപ്പൻ എന്നെ സഹായിക്കാൻ വന്നു. ഞാൻ വന്ന ഫ്ലൈറ്റിന്റെ ഡീറ്റെയ്‌ല്സൊക്കെ ചോദിച്ചു മനസിലാക്കി ആ അപ്പൂപ്പൻ എന്നേയും കൊണ്ട്‌ ഹാളിന്റെ മേറ്റ്‌ അറ്റത്തുള്ള ഒരു കൺവേയർ ബെൽറ്റിനടുത്തെക്കു പോയി. അവിടതാ എന്റെ വർണ്ണശബളമായ പെട്ടി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട്‌ കറങ്ങിനടക്കുന്നു. ഞാൻ നിന്ന സ്ഥലം മാറിപ്പോയിരുന്നു. എന്തായാലും ചമ്മി കുളം തോണ്ടി പെട്ടീം വലിച്ചോണ്ട്‌ ഒരുവിധത്തിൽ അവിടുന്ന്‌ എസ്കേപ്പായീനു പറഞ്ഞാൽ മതിയല്ലോ..


ചേച്ചീം ചേട്ടനും പുറത്ത്‌ കടലയൊക്കെ കൊറിച്ചോണ്ട്‌ എന്നേം കാത്തു നിൽപ്പുണ്ട്‌. ഞാനിത്രേം വൈകിയിട്ടും രണ്ടു പേർക്കും യാതൊരു ടെൻഷനുമില്ല.


"നിന്റെ ഫ്ലൈറ്റിന്റെ 'ബഗേജ്‌ ഡെലിവേർഡ്‌' എന്നു ഡിസ്പ്ലേ ചെയ്തിട്ട്‌ ഒരു മണിക്കൂറായി.അപ്പോഴേ എനിക്കുറപ്പായിരുന്നു നീ വേറെ വല്ലയിടത്തും വായ്നോക്കി നിൽക്കുകയായിരിക്കും എന്ന്‌"


ഇത്രേം കാലം കഴിഞ്ഞ്‌ കാണുന്ന അനിയത്തിയെ ഒരു ചേച്ചി ഇങ്ങനാണോ സ്നേഹിക്കേണ്ടത്‌. ഞാനും വിട്ടു കൊടുത്തില്ല. അവൾക്കു വേണ്ടി അവൾടെ അമ്മായിയമ്മ കൊടുത്തുവിട്ട മാങ്ങപ്പഴവും ചക്കപ്പഴവുമൊക്കെ ഞാൻ കഴിച്ചു തീർത്തൂന്നും അതിനൊക്കെ ഭയങ്കര മധുരമായിരുന്നൂന്നും പിന്നെ അവൾക്കായി എടുത്തു വച്ച ചിപ്സ്‌/അച്ചാർ ഐറ്റംസൊക്കെ തൂക്കം കൂടുതലായതു കൊണ്ട്‌ എയർപ്പോർട്ടിൽ നിന്നും തിരിച്ചു കൊടുത്തു വിട്ടെന്നുമൊക്കെയുള്ള സന്തോഷവാർത്തകളൊക്കെ ഞാനും അറിയിച്ചു. ചുമ്മാ ഒരു ചിന്ന പ്രതികാരം.


ഇനി അവളെ വക ഇൻസ്പെൿഷനാണ്‌. "നിന്റെ സ്വെറ്ററെവിടെ, ജാക്കറ്റെവിടെ,, എന്റെ ദൈവമേ ഇവളു സോക്സിട്ടില്ല, നിന്നോടു ഞാൻ പ്രത്യേകം പറഞ്ഞതല്ലേ.' എന്നൊക്കെ അവളോരോരോ കുറ്റം കണ്ടുപിടിക്കുകയാണ്‌. ഞാൻ അതിനൊന്നും ചെവികൊടുക്കാതെ അങ്ങു നടന്ന്‌ എയർപ്പോർട്ടിനു പുറത്തെത്തി. യെന്റമ്മച്ചീ.. നിന്ന നിൽപ്പിൽ ആരോ പിടിച്ചു ഫ്രീസറിൽ കയറ്റിയതു പോലെ .ഒടുക്കത്തെ തണുപ്പ്‌. പിന്നെ ഞാനങ്ങു എക്സ്ട്രാ ഡീസന്റായിപ്പോയി. നല്ല അനുസരണയുള കുഞ്ഞാടായി അവൾ പറഞ്ഞ കുപ്പായങ്ങളൊക്കെ അവിടെ തന്നെ നിന്ന്‌ വലിച്ചു കയറ്റി എന്റെ താമസസ്ഥലത്തേക്കു പുറപ്പെട്ടു.


താമസിക്കാൻ കണ്ടുവച്ച വീടൊക്കെ കിടിലം. എല്ലാ സൗകര്യങ്ങളുമുണ്ട്‌. ഓഫീസിൽ നിന്നും വളരെയടുത്ത്‌. എല്ലറ്റിനുമുപരിയായി അതൊരു നദീതീരത്തും. അതും അങ്ങനെ ഡ്യൂക്കിലി നദിയൊന്നുമല്ല.വിശ്വപ്രസിദ്ധമായ തെംസ്‌ നദിയാണ്‌ അവിടെ നീണ്ടു നിവർന്നൊഴുകുന്നത്‌. ആനന്ദലബ്ധിക്കിനി എന്തു വേണം. ഇനി മുതൽ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ്‌ തെംസ്‌ നദിയുടെ തീരത്തൂടെ നടക്കാൻ പോവുന്നു. അങ്ങനെയങ്ങനെ ഓൺസൈറ്റ്‌ കഴിയുമ്പോഴെക്കും ഞാൻ മെലിഞ്ഞ്‌ ഐശ്വര്യാറായിപ്പരുവത്തിലാവുന്നു- ഞാനാ നദിയും നോക്കി നിന്ന്‌ കേട്ടിപ്പൊക്കിയ സ്വപ്നങ്ങൾക്ക്‌ കയ്യും കണക്കുമില്ല. എന്തായാലും രണ്ടു ദിവസം കഴിഞ്ഞപോൾ ചില സത്യങ്ങളൊക്കെ മനസിലായി. തെംസ്‌നദിയായാലും നാട്ടിലെ കുപ്പം പുഴയായാലും നമ്മടെ സ്വന്തം മടി മാറിയാലേ നടക്കാനും ഓടാനുമൊക്കെ പോവാൻ പറ്റൂ. അതു മാറാത്തിടത്തോളാം കാലം നേരം വൈകിയെഴുന്നേറ്റ്‌ നേരെ ഓഫീസിലേക്കു പായാനാണ്‌ ഹെന്റെ വിധി.


എന്തായാലും ഞാൻ വന്നു കയറിയതോടെ ആ വീട്ടിൽ താമസിച്ചു കൊണ്ടിരുന്നു മറ്റു കുട്ടികളൊക്കെ നാടു വിട്ടു പോയി. ലോംഗ്‌ വീകെൻഡായിരുന്നു. അതു കൊണ്ട്‌ അവരൊക്കെ പാരീസിലേക്കും റോമിലേക്കുമൊക്കെ ടൂറു പോയതാണ്‌. നേരത്തെ ഒന്നും ബുക്ക്‌ ചെയ്യാത്തതു കൊണ്ട്‌ എനിക്ക്‌ അവരു പോവുന്നതും നോക്കി അസൂയ മൂത്തു നിൽക്കാനേ പറ്റിയുള്ളൂ. ഏതായാലും തൽക്കാലത്തേക്ക്‌ ആ വീട്ടിൽ ഞാൻ ഒറ്റക്കായി.പകലൊന്നും കുഴപ്പമില്ല. രാത്രിയിലാണു പ്രശ്നം. പണ്ടു വായിച്ച കഥകളിലേയൊക്കെ പ്രഭുക്കന്മാരെ ഓർമവരും.കാസിലുകളിലോക്ക്‌ പ്രേതമായി അലഞ്ഞുതിരിഞ്ഞുനടക്കുന്ന പ്രഭുക്കന്മാരില്ലേ. അവരെ. അപ്പോൾ പിന്നെ സ്വാഭാവികമായും പേടിയാവും. അതും കൂടാതെ ഇവിടുത്ത്‌ വീടുകളിലൊക്കെ തടി പാകിയിരികുകയാണ്‌. അതുകൊണ്ട്‌ അപ്പുറത്തെ വീട്ടിലൂടെ ആളു നടന്നാലും നമ്മ്ടെ വീട്ടിലൂടെ നടക്കുന്നതു പോലെ തോന്നും. ഇനിയിതും പോരാഞ്ഞ്‌ മനുഷ്യരെ പേടിപ്പിക്കാൻ വേണ്ടി എന്റെ വീടിന്റെ ഓണറ്‌ ഒരു പരിപാടീം കൂടി ചെയ്തു വച്ചിട്ടുണ്ട്‌. ഒരുമാതിരിപ്പെട്ട സ്ഥലങ്ങളിലൊക്കെ ഫുൾലെംഗ്ത്‌ മിറർ ഫിറ്റ്‌ ചെയ്തു വച്ചിരിക്കുകയാണ്‌. രാത്രിയാവുമ്പോൾ ചുമ്മാ അവനവന്റെ പ്രതിബിംബം കണ്ടു ഞെട്ടി ജീവൻ പോവും. എന്തായാലും ഒരാഴ്ച ആ വീട്ടിലൂടെ പല സ്റ്റൈലിൽ പേടിച്ചു നടന്നതിനു ശേഷം ഞാൻ പെട്ടീം ഭാണ്ഡോമൊക്കെയെടുത്ത്‌ വേറൊരു വീട്ടിലേക്കു ചേക്കേറി. ഇവിടാണെങ്കിൽ നിറച്ചും ആൾക്കാരുണ്ട്‌. അതുകൊണ്ട്‌ എനിക്കാണെങ്കിൽ ഇപ്പോൾ അപാരമായ ധൈര്യവും.. ഇവിടേം ഇടയ്ക്കൊക്കെ കാൽപെരുമാറ്റമൊക്കെ കേൾക്കാറുണ്ട്‌.. പക്ഷെ അരു മൈൻഡാക്കുന്നു.. ഇനിയിപ്പോൾ ഒരു പ്രേതപ്രഭുക്കന്മാരെയും പേടിക്കാതെ എനിക്കു രാത്രിയിൽ ഉറങ്ങാതിരുന്ന്‌ നെറ്റിൽ ബ്രൗസ്‌ ചെയ്ത്‌ ടൂറൊക്കെ പ്ലാൻ ചെയ്യാം.. ബ്ലോഗെഴുതാം..സിനിമ കാണാം.. ജീവിതത്തെ ചുമ്മാ കയറി അങ്ങു സ്നേഹിക്കാൻ തൽക്കാലം ഇത്രയുമൊക്കെ കാരണങ്ങൾ പോരേ..