Saturday, July 21, 2007

മുഖാമുഖം

റസ്റ്റോറണ്ടില്‍ തിരക്കു കൂടിവരികയാണ്‌.നല്ല കേരളാ ഊണിന്റെ ഹൃദ്യമായ സുഗന്ധം അന്തരീക്ഷത്തില്‍ തളം കേട്ടി നില്‍ക്കുന്നു.വിശന്നു തലതല്ലിക്കരയുന്ന വയറിന്റെ പരാതി കേട്ടില്ലാന്നു നടിച്ച്‌ അവളിരുന്നു.വേറോന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ ചുറ്റും വായ്‌നോക്കിയിരിക്കുമ്പോഴാണ്‌ ആ പെണ്‍കുട്ടി കണ്ണില്‍പെട്ടത്‌.നല്ല ഭംഗിയുള്ള കുട്ടി.പക്ഷേ ഇത്രേം മുറുകിയ കുപ്പായമിട്ടാല്‍ ശാസംമുട്ടില്ലേ!! എങ്ങനെ വലിച്ചുകേറ്റിയോ എന്തോ? ചിലപ്പോള്‍ വീട്ടുകാരെല്ലാരും കൂടി ശ്രമിച്ച്‌ കേറ്റിക്കൊടുത്തതാവും. ആ രംഗം മനസ്സിലോര്‍ത്തപ്പൊഴേക്കും അവള്‍ക്ക്‌ ചിരി പൊട്ടി.

"അല്ലെങ്കിലും ഈ പെണ്ണുകാണലൊക്കെ വീട്ടില്‍ വച്ചു നടത്തുന്നതു തന്നെയാ നല്ലത്‌.ഈ ചമ്മല്‍ ഒഴിവാക്കമല്ലോ?"

'ഏതു ചമ്മല്‍!!!' എന്ന മട്ടില്‍ അവള്‍ അയാളെ നോക്കി. പാവം -അവളുടെ ചിരി കണ്ട്‌` അയാള്‍ തെറ്റിദ്ധരിച്ചു പോയതാണ്‌.

"ഏയ്‌ അങ്ങനൊന്നുമില്ല. ഞാനാ പറഞ്ഞത്‌ വീട്ടില്‍ വെച്ചു വേണ്ടാന്ന്‌" അവള്‍ ക്ലിയറാക്കി.

"അല്ല ഞാനുദ്ദേശിച്ചത്‌... ഇതിപ്പോ ഇയാള്‍ക്ക്‌ ഒറ്റയ്ക്കു വരേണ്ടി വന്നില്ലേ അതാ.."

"അതൊന്നും സാരമില്ല.അല്ലെങ്കിലും എന്റെ കാര്യം പറയാന്‍ ഞാന്‍ മാത്രം പോരേ??"

ഇനിയെന്തു പറയും എന്ന്‌ രണ്ടുപേരും ഗാഢമായി ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ വെയ്റ്റര്‍ മെനുവും കൊണ്ടു വന്നത്‌.ഒരു പിടിവള്ളി കിട്ടിയ ആശ്വാസത്തൊടെ അയാള്‍ പറഞ്ഞു.

"എന്താ വേണ്ടതെന്നു വെച്ചാല്‍ ഓര്‍ഡര്‍ ചെയ്തോളൂ"

മെനുവിലേക്കു നോക്കിയ അവളുടെ കണ്ണില്‍ ആദ്യം പെട്ടത്‌ "കപ്പ+ഫിഷ്‌ കറി" എന്ന മനോഹരമായ വാക്കുകളായിരുന്നു.ഒരു കൊച്ച്‌ ടൈറ്റാനിക്‌ മുങ്ങാന്‍ മാത്രം ഉമിനീരിറക്കി, സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു.

"എനിക്ക്‌ ഒരു ചായ മാത്രം മതി"

"ശരി നമുക്ക്‌ കാര്യത്തിലേക്കു കടക്കാം.അധികം സംസാരിക്കാത്ത ടൈപ്പാണല്ലേ?"'

ദൈവമേ. ഇതു വീട്ടില്‍ വെച്ചവാത്തത്‌ എത്ര നന്നായി.ഇല്ലെങ്കില്‍ വീട്ടുകാര്‍ക്ക്‌ കൂട്ടത്തോടെ ഹാര്‍ട്ടറ്റാക്ക്‌ വന്നേനേ' എന്നു സൈലന്റായ ഒരാത്മഗതത്തിനു ശേഷം അവള്‍ ചോദിച്ചു.

"അതെന്താ അങ്ങനെ തോന്നീത്‌??"

"അല്ല ഇത്രേം നേരം കണ്ടതു വച്ച്‌ ഒരു ശാന്തപ്രകൃതമാണെന്നു തോന്നി."

എത്ര ഭീകരമായ തെറ്റിദ്ധാരണ!!! 'നിന്നെ ഞാന്‍ തല്ലാത്തത്‌ നീ തിരിച്ചു തല്ലുമെന്ന്‌ പേടിച്ചിട്ടു മാത്രമാണെന്ന്‌ പറഞ്ഞ കൂട്ടുകാരനെ മസ്സിലോര്‍ത്ത്‌ അവളറിയിച്ചു.

"അയ്യോ ഞാനങ്ങനെയൊന്നുമല്ല.പിന്നെന്താന്നു വച്ചാല്‍ ഒരല്‍പ്പം കൂടുതല്‍ നേരെ വാ നേരെ പോ മട്ടാണ്‌ ആ ഒരു പ്രശ്നമേയുള്ളൂ."

"അതൊരു നല്ല കാര്യമല്ലേ??"

"അനുഭവം അങ്ങനെയല്ല"

"പിന്നേ ബാക്കി കാര്യങ്ങളൊക്കെ.. അതായത്‌...ദൈവവിശാസിയാണോ?"

"ഞാന്‍ ഭയങ്കര ദൈവവിശ്വാസിയാ.എന്തു ചെയ്യുമ്പഴും പ്രാര്‍ത്ഥിച്ചിട്ടേ തുടങ്ങാറുള്ളൂ."

"ഞാനുമതെ.എല്ലാ ഞായറാഴ്ചയും പിന്നെ കടമുള്ള ദിവസങ്ങളിലും പള്ളീല്‍ പോവും. ഇനി എങ്ങാനും ആ ദിവസം പോവാന്‍ പറ്റീല്ലെങ്കില്‍ അതിനടുത്ത ദിവസം പോവും. ഇവിടെ ഏതു പള്ളീലാ പോവാറുള്ളത്‌??"

"ഞാന്‍ ഇവിടെ പള്ളീലൊന്നും പോവാറില്ല. വീട്ടില്‍ പോവുമ്പോള്‍ വല്ലപ്പോഴും പോകും.അതുതന്നെ പണ്ടു കൂടെപ്പഠിച്ചവരേം പരിചയക്കാരേം ഒക്കെ ഒറ്റയടിക്ക്‌ കാണാന്‍ വേണ്ടിയാ.."

"പിന്നെ വിശ്വാസിയാന്ന്‌ പറഞ്ഞത്‌??"

"'ഞാന്‍ ഒരു ദൈവവിശ്വാസിയാണ്‌.പള്ളിവിശ്വാസിയല്ല.പിന്നെ കഴിഞ്ഞ ഒരഞ്ചാറു വര്‍ഷത്തെ കണക്കു നോക്കുകാണേല്‌ പള്ളിയെക്കാളും അമ്പലത്തിലാ ഞാന്‍ പോയിട്ടുള്ളത്‌"

"അതെന്താ ഹിന്ദുമതത്തോട്‌ വല്ല ചായ്‌വും ഉണ്ടോ??"

"ഏയ്‌ അങ്ങനൊന്നുമില്ല. വീടിന്‌ കൂടുതലടുത്ത്‌ അമ്പലമായിരുന്നു.പിന്നെ അവിടെ പോയാല്‍ ഒച്ചേം ബഹളോമൊന്നുമില്ലാതെ പ്രാര്‍ത്ഥിക്കാലോ.അതു മാത്രമല്ല,ആ അമ്പലത്തില്‌ ഇടയ്ക്കിടയ്ക്ക്‌ ഫ്രീയായി ഭക്ഷണോം തരാറുണ്ട്‌"

"അപ്പോള്‍ പള്ളീന്നുള്ള ലെറ്റര്‍ എങ്ങനെ കിട്ടും??"

ഓ പിന്നേ ബാക്കിയെല്ലാം തികഞ്ഞല്ലോ?അല്ലെങ്കിലും ഈ കാലഘട്ടത്തില്‍ പള്ളീന്നുള്ള ലെറ്ററല്ല; എയിഡ്‌സിന്റെ ടെസ്റ്റ്‌ റിസള്‍ട്ടാ കല്യാണത്തിനു മുന്‍പ്‌ കൈമാറേണ്ടത്‌ എന്ന്‌ പറഞ്ഞാലോ?? അല്ലെങ്കില്‍ വേണ്ട ഇയാളെ കണ്ടിട്ട്‌ ഒരു ലോലഹൃദയനാന്നാ തോന്നുന്നത്‌.ചിലപ്പോ താങ്ങീന്നു വരില്ല.മനസ്സില്‍ വന്നത്‌ അടക്കി അവള്‍ പറഞ്ഞു,

"അതൊന്നും പ്രശ്നമുണ്ടാവില്ല. വീട്ടീന്ന്‌ കൃത്യമായി പള്ളിക്കുള്ള സിറ്റിംഗ്‌ -ഫീസ്‌ സോറി പിരിവ്‌ കൊടുക്കാറുണ്ട്‌"

"ഓക്കെ ഓക്കെ പിന്നെ ഒഴിവുസമയത്തൊക്കെ എന്താ ചെയ്യുന്നത്‌??"

"കയ്യീ കിട്ടുന്നതെന്തും വായിക്കും, ചുമ്മാ കറങ്ങാന്‍ പോകും, ആരെങ്കിലും കൂടെയുണ്ടെങ്കില്‍ നോണ്‍-സ്റ്റോപ്പയി വര്‍ത്താനം പറയും, സഹിക്കാന്‍ പറ്റാത്തത്ര മൂഡുണ്ടെങ്കില്‍ മാത്രം കുറച്ചു പെയിന്റിംഗ്‌ ചെയ്യും, ഇതിനൊന്നും തോന്നുന്നില്ലെങ്കില്‍ ചുമ്മാ കിടന്നുറങ്ങും"

"ഞാന്‍ ഒഴിവുള്ളപ്പോഴൊക്കെ പാട്ടു കേള്‍ക്കും"

അതെല്ലാരും ചെയ്യുന്നതല്ലേ,പ്രത്യേകിച്ചു പറയാനുണ്ടോ എന്ന ചോദ്യം കഷ്ടപ്പെട്ടു വിഴുങ്ങുന്നതിനിടയില്‍ കുടിച്ചോണ്ടിരുന്ന ചായ അവളുടെ മൂക്കില്‍ കയറി വിക്കിപ്പോയി

"കല്യാണം കഴിക്കാന്‍ പോവുന്ന ആളെപറ്റി എന്തെങ്കിലും സങ്കല്‍പ്പം??"

ദൈവമേ ലോകത്തിലെ ഏറ്റവും ബോറായ ചോദ്യം. ഇതിനൊക്കെ എന്തുത്തരം പറയും.കല്യാണത്തെപറ്റിയേ വെല്യ അഭിപ്രായമില്ല;പിന്നെയല്ലേ ...മൗനം വിദ്വാനു ഭൂഷണം..

"പറഞ്ഞോളൂ ഞാന്‍ ഒന്നും വിചാരിക്കില്ല" അയാള്‍ വിടാനുള്ള ഭാവമില്ല.

ചാടിയെഴുനേറ്റ്‌ അറ്റന്‍ഷനായിനിന്ന്‌ 'കളരിവിളക്കു തെളിഞ്ഞതാണോ, കൊന്നമരം പൂത്തുലഞ്ഞതാണോ" എന്ന പാട്ടു പാടനാണ്‌ അവള്‍ക്ക്‌ തോന്നിയത്‌.അതിനു ശേഷം കണ്ണ്‌ തുരുതുരാ അടച്ചുതുറന്ന്‌,കാലിന്റെ പെരുവിരല്‍ കൊണ്ട്‌ സെമിസര്‍കിള്‍ വരച്ച്‌, ഈ പാട്ടില്‍ പറഞ്ഞ യോഗ്യതകളുള്ള ഒരാളാണ്‌ എന്റെ സങ്കല്‍പ്പത്തില്‍ എന്നും കൂടി പറഞ്ഞാല്‍ എല്ലാം പൂര്‍ത്തിയായി.പുറത്തേക്കു വന്ന ചിരി കടിച്ചുപിടിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു

"എനിക്ക്‌ അങ്ങനെ സങ്കല്‍പ്പമൊന്നുമില്ല"

"എനിക്ക്‌ നാടന്‍ പെണ്‍കുട്ടിയേയാണിഷ്ടം.. യു നോ ഈ സാരിയൊക്കെയുടുത്ത്‌ ആ ടൈപ്പ്‌.. മനസ്സിലായില്ലേ"

അപ്പം ഇതാണ്‌ ഈ മനപ്പൊരുത്തം മനപ്പൊരുത്തമ്ന്ന്‌ പറയുന്നത്‌.ഹോ ഇത്രേം നേരം സംസാരിച്ചതില്‍ യോജിപ്പുള്ള ഒരു കാര്യമെങ്കിലുമുണ്ടല്ലോ.അവള്‍ സമധാനിച്ചു.

"എനിക്കുമതേ.സാരിയൊക്കെയുടുത്ത്‌ നിറയെ മുടിയൊക്കെയുള്ള കുട്ടികളെ എനിക്ക്‌ ഭയങ്കര ഇഷ്ടമാണ്‌.സത്യം പറയാലോ.. ഈ കാവ്യാമാധവനോടൊക്കെ എനിക്ക്‌ മുഴുത്ത അസൂയയാണ്‌. അതെങ്ങനാ ചിലര്‍ക്കൊക്കെ ദൈവം കണ്ണും മൂക്കുമില്ലാതെ വാരിക്കോരി കൊടുക്കും. ബാക്കിയുള്ളവരോടോ ഒരുമാതിരി ചിറ്റമ്മ നയോം.സാരീടെ കാര്യമാണെങ്കില്‍ വേറൊരു ട്രാജഡി. രണ്ടു മീറ്റര്‍ നീളമുള്ള ദുപ്പട്ട മാനേജ്‌ ചെയ്യാന്‍ പറ്റുന്നില്ല.അഞ്ചാറു മീറ്റര്‍ നീളമുള്ള സാരീടെ കാര്യം പിന്നെ പറയണ്ടല്ലോ?"

കയ്യിലിരുന്ന തൂവാല കൊണ്ട്‌ മുഖത്തെ വിയര്‍പ്പൊപ്പി അയാള്‍ പറഞ്ഞു."സമയം കുറച്ചായി നമുക്കിറങ്ങാം"

"ശരി ശരി " അവള്‍ ചാടിയെഴുന്നേറ്റു

"അതിനു മുന്‍പ്‌ ഒരു കാര്യം കൂടി. ഇത്രേം നേരം ഞാന്‍ മാത്രമാണല്ലോ ചോദ്യങ്ങള്‍ ചോദിച്ചത്‌. ഇയാള്‍ക്ക്‌ എന്നോടൊന്നും ചോദിക്കാനില്ലേ?"

അവള്‍ ഒന്നാലോചിച്ചു.കുറച്ചു നേരമായി ഒരു ചോദ്യം ചോദിക്കണമെന്നു വിചാരിക്കുന്നു.അങ്ങു ചോദിച്ചാലോ??

"ഒരു കാര്യം ചോദിക്കണമ്ന്നുണ്ട്‌.പക്ഷെ സാധരണ ഈ ചോദ്യം ആണുങ്ങള്‍ക്കിഷ്ടപ്പെടാറില്ല.അതുകൊണ്ട്‌ വേണ്ടാന്നു വെച്ചിരിക്കുകയായിരുന്നു. ഒന്നും വിചാരിക്കരുത്‌"

"ഇല്ല ധൈര്യമായി ചോദിച്ചോളൂ. ഞാന്‍ ഒന്നും വിചാരിക്കില്ല"

"ആ ചായേടെ പൈസേല്‌ എന്റെ ഷെയര്‍ എത്രയാ??"


-ശുഭം-

Friday, July 6, 2007

ഒരുപകാരം പ്ലീസ്‌..

മാന്യമഹാജനങ്ങളേ,

എല്ലാവരും എനിക്ക്‌ ഒരു കുഞ്ഞു സഹായം ചെയ്യണം.എനിക്കറിയാം നിങ്ങള്‍ക്കൊക്കെ ഭയങ്കര തിരക്കാണെന്ന്‌.എന്നാലും പറ്റില്ലാന്നു പറയരുത്‌.ഇതിന്‌ രണ്ട്‌ സെക്കന്റ്‌പോലും എടുക്കില്ല.കാര്യമെന്താന്നു വെച്ചാല്‍ ഇനിമുതല്‍ സമയം കിട്ടുമ്പോഴൊക്കെ നിങ്ങള്‍ "കൊച്ചുത്രേസ്സ്യയെ ജയിപ്പിക്കണേ, കൊച്ചുത്രേസ്സ്യയെ ജയിപ്പിക്കണേ" എന്ന്‌ അവരവരുടെ ദൈവങ്ങളോട്‌ ഒന്നു പ്രാര്‍ത്ഥിക്കണം.ദിവസത്തില്‍ ഒന്നു വെച്ചായാലും മതി.എന്റെ ഒരാളുടെ പ്രാര്‍ത്ഥന കൊണ്ടു മാത്രം കാര്യം നടക്കില്ല. അതാ..

അപ്പം ശരി.നിങ്ങളൊക്കെ എന്റെ പിന്നിലുണ്ട്‌ എന്ന വിശ്വാസത്തോടെ ഞാന്‍ പോയി പരീക്ഷയെഴുതട്ടെ.പറ്റിക്കല്ലേ..എങ്ങാനും കാര്യം നടന്നാല്‍ 'ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ" എന്നും പറഞ്ഞ്‌ പോസ്റ്റിടുന്നതാണ്‌.

പിന്നെ ഞാന്‍ പോയി അങ്കം ജയിച്ചു വരുന്നതു വരെ നിങ്ങള്‍ക്ക്‌ കണ്ടു രസിക്കാന്‍/വിമര്‍ശിക്കാന്‍/ബോറടിക്കാന്‍ വേണ്ടി കുറച്ചു പടങ്ങള്‍ താഴെ ഇട്ടിട്ടുണ്ട്‌.അതു കണ്ട ക്ഷീണം മാറുമ്പോഴെക്കും ഞാന്‍ തിരിച്ചെത്തുന്നതാണ്‌...

.............................................................................................................................

ആരാ പരഞ്ഞത്‌ സ്വര്‍ഗ്ഗത്തില്‍ മഴ പെയ്യില്ലെന്ന്‌..ദേ നോക്ക്‌ എന്റെ സ്വര്‍ഗ്ഗത്തില്‍ മഴ പെയ്യുന്നു..



എന്റെ പ്രിയപ്പെട്ട പുഴയും പാലവും.

ഈ പാലം പറശ്ശിനി പാലമാണ്‌ കേട്ടോ..അതിന്റെ രണ്ടു സൈഡിലുമുള്ള പുഴ (സത്യം.. ഈ പാലത്തിന്റെ രണ്ടു സൈഡിലും പുഴയാണ്‌). കണ്ണൂരിന്റെ സ്വന്തം വളപട്ടണം പുഴയും...





ആ കാണുന്നതാണ്‌ പറശ്ശിനി മുത്തപ്പന്‍ ക്ഷേത്രം.പാഠിക്കുന്ന കാലത്ത്‌ എത്രയോ പ്രാവശ്യം ഭക്ഷണം കഴിച്ചിരിക്കുന്നു ഇവിടെ നിന്ന്‌!!!

(മുത്തപ്പാ ദേ നിന്റെ ഫോട്ടോ ഞാന്‍ നാലാളെ കാണിച്ചിട്ടുണ്ട്‌ കേട്ടോ.അതോര്‍ത്തെങ്കിലും ഇന്നാളു ഞാന്‍ ചോദിച്ച കാര്യം നടത്തി തരണേ....)







ഈ തെങ്ങിന്‍-തോപ്പു വാങ്ങാന്‍ വേണ്ടി കാശൊപ്പിച്ചോണ്ടു വരികയായിരുന്നു.അപ്പഴത്തേയ്ക്കും മുങ്ങിക്കളഞ്ഞു.സാരമില്ല വേനല്‍ക്കാലത്തു പൊങ്ങിക്കോളും.


......................................................................................................................................

അപ്പം എല്ലാം പറഞ്ഞ പോലെ.. ഇനി ഞാന്‍ പോയി ബുക്കൊക്കെ ഒന്നു പൊടി തട്ടി എടുക്കട്ടെ..

Monday, July 2, 2007

പെങ്ങള്‍ശാപങ്ങള്‍

സമയം രാവിലെ 5.30.. സ്ഥലം കണ്ണൂര്‍ റെയില്‍'വേ സ്റ്റേഷന്‍.. നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്‌ അനൗണ്‍സ്‌മന്റ്‌ -"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌. 2618 നമ്പര്‍ ഹസ്രത്‌ നിസ്സാമുദ്ദിന്‍-എറണാകുളം മംഗള ലക്ഷദ്വീപ്‌ എക്സ്പ്രസ്സ്‌ എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പ്ലാറ്റ്‌'ഫോം നമ്പര്‍ ഒന്നില്‍ നിന്നും പുറപ്പെടുന്നതാണ്‌" സൈഡ്‌ ലോവര്‍ ബെര്‍ത്തില്‍ കിടന്നിരുന്ന അയാള്‍ അസ്വസ്ഥനായി.ഇനിയും അതു പറഞ്ഞില്ലെങ്കില്‍ വൈകിപ്പോകും.അയാള്‍ ചാടിപിടഞ്ഞെഴുന്നേറ്റു.ഒന്നു സംശയിച്ചു നിന്ന ശേഷം അപ്പര്‍ ബെര്‍ത്തില്‍ ബോധംകെട്ടതു പോലെ കിടന്നുറങ്ങുന്ന ആ പെണ്‍കുട്ടിയെ പതുക്കെ കുലുക്കിയുണര്‍ത്തി.ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിച്ചതിന്റെ എല്ല വിധ ശത്രുതയോടും കൂടി തന്നെ തുറിച്ചു നോക്കുന്ന പെണ്‍കുട്ടിയോട്‌ അയാള്‍ പതുക്കെ പറഞ്ഞു:-

"കുട്ടിക്ക്‌ കണ്ണൂരല്ലെ ഇറങ്ങേണ്ടത്‌.സ്റ്റേഷനെത്തി".

ഒരു നിമിഷം പകച്ചിരുന്ന ശേഷം "അയ്യോ വണ്ടി നിര്‍ത്തണേ ..ആളെറങ്ങാനുണ്ടേ" എന്നൊരു നിലവിളിയോടു കൂടി അവള്‍ താഴേക്ക്‌ ചാടിയിറങ്ങി.സീറ്റിനടിയില്‍ നിന്ന്‌ ബാഗും വലിച്ചെടുത്ത്‌ കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട്‌ അവിടുന്ന്‌ അപ്രതക്ഷ്യയായി.കൃത്യം 2 സെക്കന്റിനു ശേഷം പ്പ്ലാറ്റ്‌'ഫോമില്‍ നില്‍ക്കുന്ന മാന്യമഹാജങ്ങളുടെ മുന്‍പിലെക്ക്‌ ആദ്യം ഒരു പച്ച ബാഗ്‌ പറന്നു വീണൂ. അതിനു തൊട്ടു പിന്നാലെ അഞ്ജു ബോബി ജോര്‍ജ്ജിനെ ഞെട്ടിക്കുന്ന ചാട്ടത്തോടെ ഒരു പെണ്‍കുട്ടിയും.

ഓക്കെ.അപ്പം പറഞ്ഞുവന്നതെന്താന്നു വച്ചാല്‍, എല്ലാവര്‍ഷത്തയും പോലെ ആ വര്‍ഷവും ഞാന്‍ ലീവിന്‌ കണ്ണൂരെത്തി.

Now over to വീട്‌....

നീണ്ട ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മകളെ കാണുന്ന അച്ഛനമ്മമാരുടെ ഫീലിംഗ്സിനെ പരമാവധി മുതലെടുത്തുകൊണ്ട്‌ അടുത്ത ഒരു മാസത്തെക്കു കഴിക്കാന്‍ വേണ്ട ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ്‌ പ്രഖ്യാപിച്ച ശേഷം പരിപാടിയിലെ അടുത്ത ഇനമായ ഉറക്കത്തിലേക്കു ഞാന്‍ പ്രവേശിച്ചു.ഇനി ബ്രേക്ക്‌-ഫാസ്റ്റ്‌ റെഡിയായിക്കഴിയുമ്പോള്‍ മമ്മി വന്ന്‌ വിളിച്ചോളും.ഒന്നു കണ്ണടച്ചതേയുള്ളൂ എന്നാണെന്റെ ഓര്‍മ്മ.ചിക്കന്‍ കറിയുടെ മത്തു പിടിപ്പിക്കുന്ന സുഗന്ധം എന്നെ ഉണര്‍ത്തി.ഇന്നെന്താ പുട്ടിന്റെ കൂടെ കടലയ്ക്കു പകരം ചിക്കന്‍??ഞാന്‍ ചാടിയെഴുന്നേറ്റു.അന്ന്‌ പുട്ടാണെന്നെങ്ങനെ മനസ്സിലായെന്നല്ലേ?? ഞാന്‍ വരുന്ന ദിവസം, പോവുന്ന ദിവസം,ഇടയ്ക്കുള്ള ദിവസം തുടങ്ങി മിക്കവാറും എല്ലാ ദിവസങ്ങളിലും പുട്ടായിരിക്കും.പുട്ടിനു വേണ്ടി മരിക്കാന്‍ പോലും തയ്യാറായ കടുത്ത ഒരാരാധികയാണ്‌ ഈയുള്ളവള്‍.പുട്ട്‌ ഫാന്‍സ്‌ അസോസിയേഷന്‍..കീ ജയ്‌..)

അങ്ങനെ ഞാന്‍ ചിക്കന്‍ കറിയുടെ സുഗന്ധത്താല്‍ ഹിപ്നോട്ടൈസ്‌ ചെയ്യപ്പെട്ട്‌ അടുക്കളയിലെത്തി സ്നേഹത്തോടെ കാസരോള്‍ തുറന്നു നോക്കി.തലയില്‍ തേങ്ങ കൊണ്ട്‌ തൊപ്പിയുമണിഞ്ഞ്‌ എന്നെയെടുക്കൂ എന്നെയെടുക്കൂ എന്ന മട്ടില്‍ പുഞ്ചിരിച്ചു കൊണ്ട്‌ എന്നെ കാത്ത്‌ വടിപോലെ നില്‍ക്കുന്ന പുട്ടുകുട്ടപ്പന്മാര്‍ക്കു പകരം ഞാന്‍ കണ്ട കാഴ്ച..ഹൊ ഭീകരം... ചുറ്റും ലെയ്സൊക്കെ വച്ച്‌ അതില്‍ കിടന്നുറങ്ങുന്ന മസാലദോശകളായ സോറി മദാലസകളായ പാലപ്പങ്ങള്‍!!!

"മമ്മീ പുട്ടെന്ത്യേ ??? " എന്റെ ഞെട്ടല്‍ ഒരാര്‍ത്തനാദമായി പുറത്തു വന്നു.

"എടീ പുട്ട്‌ നമ്മക്ക്‌ നാളെയുണ്ടാക്കാം.ഇന്ന്‌ അവന്റെ കൂട്ടുകാര്‌ വരുന്നുണ്ട്‌.അവര്‍ക്കെങ്ങനാ പുട്ടൊക്കെ കൊടുക്കുന്നത്‌ ?"

ഈ 'അവന്‍' മമ്മീടെ പൊന്നോമനപുത്രനും ഞങ്ങളുടെ വീട്ടിലെ ഇളയ സന്താനവുമായ കുട്ടാപ്പിയാണ്‌.

"അതെന്ത്‌ അവര്‍ക്ക്‌ പുട്ടിറങ്ങൂല്ലേ?" എന്നെ പറഞ്ഞാല്‍ ഞാന്‍ സഹിക്കും. പക്ഷെ പുട്ടിനെ ഒരു മാതിരി ഇടിച്ചു താഴ്ത്തികൊണ്ടുള്ള ഒരു നീക്കവും ഞാന്‍ വിടമാട്ടെ.

"അതല്ലെടീ.. അവര്‍ക്ക്‌ പാലപ്പം ഭയങ്കര ഇഷ്ടമാ അതാ.."

ഓ അതു ശരി അപ്പോള്‍ സ്ഥിരം കുറ്റികളാണല്ലേ.മമ്മിയെ സോപ്പിട്ട്‌ പതപ്പിച്ച്‌ വച്ചിരിക്കുകയാ കള്ളന്മാര്‌.പോട്ടെ ഒരു ദിവസത്തേക്കല്ലേ.ഞാനങ്ങു ക്ഷമിച്ചു.

"ഇതെന്തോരുമാ ഉണ്ടാക്കുന്നേ??അവരെത്ര പേരുണ്ടാകും??ഇത്രേമൊക്കെ അവന്മാര്‌ തിന്നു തീര്‍ക്കുമോ?"

"അതെങ്ങനാ വല്ലതും കൃത്യമായി പറയുന്ന ശീലം അവനുണ്ടോ?? അവര്‌ രണ്ടുമൂന്നു പേരൊക്കെ കാണുമായിരിക്കും.പിന്നെ ബാക്കിയുള്ളത്‌ നമ്മക്ക്‌ പിന്നത്തേക്കെടുക്കാലോ."

എന്നു വച്ചാല്‍ ഈ ബാക്കി വരുന്ന അപ്പം നാളെ വേറെ രൂപത്തില്‍ ഞങ്ങള്‍ പോലുമറിയാതെ ഞങ്ങളുടെ വയറ്റിലെത്തുമെന്ന്‌ ചുരുക്കം.

"ഇങ്ങു താ മമ്മീ ഞാനുണ്ടാക്കാം."

"ഓ വേണ്ടെടീ.. നീ അവിടിരുന്ന്‌ വിശേഷങ്ങളൊക്കെ പറ"

(മേല്‍പറഞ്ഞിരിക്കുന്ന രണ്ടുവരി സംഭാഷണം കണ്ട്‌ ആരും ഞെട്ടണ്ട. അദ്യത്തെ രണ്ടു ദിവസം ഞങ്ങളമ്മേം മോളും ഈച്ചേം ചക്കരേം പോലെയാ.അതു കഴിയുമ്പോഴല്ലേ മക്കളേ മഹഭാരതയുദ്ധം...)

അങ്ങനെ അവന്റെ ശിങ്കിടികളെത്തി. നാലു പേരുണ്ട്‌.4 പേരുടെയും വകയായി "ഏച്ചിയെപ്പൊ വന്നൂ??","ഏച്ചിയെപ്പൊ പോകും??", "സുഖം തന്നേ??" എന്നീ ചോദ്യങ്ങള്‍ക്ക്‌ ശേഷം കാര്യ പരിപാടി ആരംഭിച്ചു.ആദ്യത്തെ ഒരു starting troublനു ശേഷം പിള്ളേര്‌ ഫുള്‍ ഫോമിലെത്തി.അപ്പം വച്ചിരിക്കുന്ന പാത്രം പോവുന്നേം കാണാം മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചു വരുന്നേം കാണാം. ഇടക്കിടക്കു ചിക്കന്‍ കറീടെ പാത്രോം റീ-ഫില്ല് ചെയ്യാനായി എത്തുന്നുണ്ട്‌.

"നീയാരെ കാത്തിരിക്കുകയാ.. അവര്‍ടെ കൂടെ പോയിരുന്ന്‌ കഴിക്കത്തില്ലേ ??"ആസന്നമായ ഒരപകടം മുന്‍'കൂട്ടി കണ്ടിട്ടെന്നപൊലെ മമ്മി നിര്‍ദ്ദേശിച്ചു.

"ഞാന്‍ പിന്നെ കഴിച്ചോളാം"..വേറൊന്നും കൊണ്ടല്ല, അവിടെ പോയിരുന്നാല്‍ ഡീസന്റാവേണ്ടി വരും.നമ്മടെ മനോധര്‍മ്മം പോലെ നക്കി വടിച്ച്‌ കുഴച്ചുരുട്ടിയൊന്നും കഴിക്കാന്‍ പറ്റില്ല.

സമയം മുന്നോട്ടു നീങ്ങി.അതിനനുസരിച്ച്‌ ഞങ്ങളുടെ അപ്പം സ്റ്റോക്കും ഏതാണ്ട്‌ അടിപറ്റിക്കൊണ്ടിരിക്കുകയാണ്‌.പിള്ളേര്‍ടെ പോളിംഗിനൊരു കുറവുമില്ല.മമ്മീടെ ആത്മവിശ്വാസമൊക്കെ എവിടെയോ പോയ്‌.മറഞ്ഞു.ഇപ്പം റിസര്‍വിലാണ്‌ വണ്ടിയോടിക്കൊണ്ടിരിക്കുന്നത്‌.അതായത്‌ ഞങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചിരുന്ന സ്റ്റോക്കാണ്‌ ഇപ്പോള്‍ ഫീല്‍ഡിലുള്ളത്‌.അതും കൂടി കഴിഞ്ഞാല്‍ സ്വാഹ... പിന്നെ ആപല്‍ബാന്ധവനായ ബ്രെഡിനെ ഗോദയിലേയ്ക്കിറക്കേണ്ടി വരും.

"ഡീ നീയെന്തു കഴിക്കും??"

"ഓ അതു സാരമില്ല.എനിക്കു ലേശം പുട്ടുണ്ടാക്കി തന്നാല്‍ മതി". ഞാന്‍ ത്യാഗിനിയായി.

"പിള്ളേര്‍ക്ക്‌ നന്നായി വിശക്കുന്നുണ്ടെന്നു തോന്നുന്നു" മമ്മി താടിക്കു കയ്യും കൊടുത്തുനിന്നു പറഞ്ഞു.'എന്തൊരു മുടിഞ്ഞ തീറ്റ'- എന്നത്‌ മാതൃസ്നേഹത്തിന്റെ തേന്‍ പുരണ്ട്‌ പുറത്തെക്കുവന്നതീ രൂപത്തിലാണ്‌.

അപ്പോഴാണ്‌ അപ്പുറത്തു നിന്നും ഞങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന ആ വാക്കുകള്‍ കേട്ടത്‌.

"മമ്മീ ഞങ്ങളു മതിയക്കുകയാ"

മമ്മീടെ മുഖത്തേക്ക്‌ രക്തമയം തിരിച്ചു വന്നു.

"മതിയാക്കിയാലും ഇല്ലെങ്കിലും ഈ അങ്കം ഇവിടെ വെച്ചു തന്നെ നിന്നു പോവുമായിരുന്നു.അപ്പം തീര്‍ന്നെഡേയ്‌".അടുക്കളയിലേക്കു വന്ന അനിയനെ ഞാന്‍ സത്യാവസ്ഥ അറിയിച്ചു.

"നിങ്ങളെന്താ കഴിഞ്ഞ ഒരാഴ്ചയായി പട്ടിണിയിലായിരുന്നോ? ഇക്കണക്കിന്‌ നിന്റെ ഒന്നു രണ്ടു കൂട്ടുകാരും കൂടി വന്നിരുന്നെങ്കില്‍ നമ്മടെ കുടുംബം വെളുത്തേനേല്ലോ?" അവന്റെ ആത്മവീര്യം കുറയ്ക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല.

"മതീടീ.ഭക്ഷണത്തിനു കണക്കു പറയുന്നോ" മമ്മി എന്നെ ശാസിച്ചെങ്കിലും എന്റെ മനസ്സിലുള്ളതു തന്നെയാണ്‌ അവിടേം ഉള്ളതെന്നെനിക്കു മനസ്സിലായി.മമ്മിയാരാ മോള്‌..

"മമ്മീ ഞങ്ങളിറങ്ങുകയാ. ഉച്ചയ്ക്ക്‌ ഗോപന്റെ വീട്ടിലാ ഊണ്‌"

"നിങ്ങള്‍ ഊണിനുണ്ടാവുമെന്ന്‌ ഗോപന്റമ്മയ്ക്കറിയുമോ?"

"ഓ അതൊക്കെയെന്തിനാ മുന്‍,കൂട്ടി പറയുന്നത്‌.ഉള്ളതു കൊണ്ട്‌ ഓണം പോലെ ഞങ്ങളങ്ങ്‌ കഴിച്ചോളും"

ഉവ്വേ ഉവ്വേ അതാണല്ലൊ ഇപ്പോള്‍ ഇവിടെ നടന്നത്‌.എന്തൊരു വിനയം..

എന്തായാലും അവരിറങ്ങിയതും സമയം കളയാതെ മമ്മി ഫോണിനടുത്തെയ്ക്കോടി. വരാന്‍ പോവുന്ന അത്യാഹിതത്തെ പറ്റി ഗോപന്റമ്മയ്ക്കു മുന്നറിയിപ്പു കൊടുക്കാനാണ്‌. ഞാന്‍ ചിന്തിച്ചത്‌ മറ്റൊരു കാര്യമാണ്‌.ഇങ്ങനെ മുന്‍,കൂട്ടി പറയാതേം ആലോചിക്കാതേം വീട്ടിലേക്ക്‌ അതിഥികളെ വിളിച്ചോണ്ടു വരിക എന്നത്‌ പുരുഷപ്രജകളുടെ സ്ഥിരം സ്വഭാവമാണ്‌.വീട്ടിലുള്ളവരുടെ ബുദ്ധിമുട്ട്‌ വല്ലതും ഇവരറിയുന്നുണ്ടോ?? ഇങ്ങനെ എത്രയെത്ര അമ്മ-ഭാര്യ-പെങ്ങന്മാരുടെ ശാപം ഇവന്മാരുടെയൊക്കെ തലയിലുണ്ടാകും.അമ്മമാരും ഭാര്യമാരും ചിലപ്പൊ ശപിക്കൂലായിരിക്കും. അവര്‌ സര്‍വംസഹകളാണല്ലോ. പക്ഷേ എന്നെ പോലുള്ള പെങ്ങന്മാരുണ്ടെങ്കില്‍ ശാപം ഉറപ്പാ. മൂന്നരത്തരം..