Tuesday, September 9, 2008

ഇങ്ങനെയും ഒരവധിക്കാലം..

നമ്മുടെ നാട്ടിൽ ഡിപ്രഷൻ കൂടി വരുകയണത്രേ. അതിനെപറ്റി കുറെ ആർട്ടിക്കിൾസ്‌ ഒക്കെ വായിച്ചപ്പോഴാണ്‌ ഒരു കാര്യം എന്റെ ശ്രദ്ധയിൽപെട്ടത്‌. സാമാന്യം മോശമല്ലാത്ത ഒരു ഡിപ്രഷനിലേക്കു വഴിതിവീഴാനുള്ള എല്ലാ ചേരുവകളും ദൈവം സഹായിച്ച്‌ എനിക്കിപ്പോഴുണ്ട്‌. പോരാത്തതിന്‌ കുറച്ചു കാലമായി ലോകത്തിന്റെ ഗതിവിഗതികളെ പറ്റി ഓരോ മാതിരി ചിന്തകളും.. ഇങ്ങനെ അന്തോം കുന്തോമില്ലാതെ ചിന്തിച്ച്‌ അവസാനം നമ്മടെ ബുദ്ധനു കിട്ടിയ പോലെ വല്ല ബോധോദയവും എന്നെ തേടി വരുമെന്നൊക്കെ ആശ്വസിച്ചു നടക്കുകയായിരുന്നു. ബോധോദയം ഒന്നും കിട്ടീലെങ്കിലും അധികം താമസിയാതെ തന്നെ ഡിപ്രഷൻ എന്നെ തേടിവന്നേക്കുമെന്ന്‌ ആ ആർട്ടിക്കിൾസൊക്കെ വായിച്ചപ്പോൾ ഉറപ്പായി. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..വേഗം പോയി ബാഗും പാക്ക്‌ ചെയ്ത്‌ പത്തു ദിവസത്തെ ലീവുമെടുത്ത്‌ നാട്ടിലേക്കു വിട്ടു- കുറച്ചു ദിവസം മഴ ആസ്വദിക്കുക;പിന്നെയുള്ള ദിവസം വയനാടൻ കുന്നുകളിലും നിലമ്പൂർ കാടുകളിലൂടെയും അലഞ്ഞു തിരിഞ്ഞു നടക്കുക-ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ പിന്നെ ഡിപ്രഷനല്ല അതിന്റപ്പൂപ്പൻ വരെ വന്ന വഴിക്ക്‌ തിരിഞ്ഞോടിക്കോളുംന്നുറപ്പ്‌.

അവധികാലത്തിന്റെ ഒന്നാം ദിവസം അതിമനോഹരമായി കടന്നു പോയി. അതിരാവിലെ പെരുമഴയത്ത്‌ നനഞ്ഞു കുളിച്ചാണ്‌ വീട്ടിൽ ചെന്നു കയറിയത്‌. ചൂടുകാപ്പിയും പലഹാരങ്ങളുമൊക്കെ ഫിനിഷ്‌ ചെയ്തതിനു ശേഷം ഒരു മഴക്കാലത്തു ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം തന്നെ ചെയ്തു. അതു തന്നെ-മഴ തകർത്തു പെയ്യുമ്പോൾ അകത്ത്‌ തലവഴി മൂടിപ്പുതച്ചു സുഖസുന്ദരമായി കിടന്നുറങ്ങി.ഇടയ്ക്ക്ക്‌ ഭക്ഷണം കഴിക്കാനും വാചകമടിക്കാനുമായി കുറച്ചു സമയത്തേക്ക്‌ ഉണർന്നതല്ലാതെ ബാക്കി സമയം മുഴുവൻ ഉറക്കം.അതു കൊണ്ടു തന്നെ വേണ്ടാത്തതൊക്കെ ചിന്തിച്ച്‌ മൂഡോഫാകാനുള്ള ഗ്യാപ്പൊന്നും കിട്ടിയില്ല.

രണ്ടാമത്തെ ദിവസം രവിലെ തന്നെ മമ്മി വന്ന്‌ വിളിച്ചുണർത്തി. അടുത്ത വീട്ടിലെ രോഹിണിയേച്ചി പറശ്ശിനി അമ്പലത്തിൽ പോകുന്നുണ്ടത്രേ.. "ഞാനും.. ഞാനും" എന്ന്‌ പറഞ്ഞ്‌ കുപ്പായം മാറാനോടീതാണ്‌.മമ്മി തടഞ്ഞു നിർത്തി. കുളിച്ചിട്ടെ അമ്പലത്തിൽ പോകാവൂ പോലും. പറശ്ശിനീല്‌ അങ്ങനത്തെ പതിവൊക്കെ എന്നു തുടങ്ങീന്നു ചോദിച്ചപ്പോഴാണ്‌ കഥ മനസിലായത്‌. രോഹിണിയേച്ചി&പാർട്ടിയുടെ ലക്ഷ്യം പറശ്ശിനി മാത്രമല്ല.ഒത്താൽ ആ വഴിക്കുള്ള മറ്റു ചില അമ്പലങ്ങളിലും ഹാജർ വയ്ക്കണമെന്നുണ്ടത്രേ..ഒറ്റയടിക്ക്‌ എല്ലാ ദൈവങ്ങളെയും കുപ്പീലാക്കാനുള്ള ശ്രമം. ചുമ്മാ മതവികാരം വ്രണപ്പെടുത്തേണ്ട എന്നു കരുതി ഓടിപ്പോയി ഷവറിന്റെ താഴെ തല വച്ച്‌ ഒന്നു നനച്ചെടുത്തു. ബാക്കിയൊക്കെ മഴയത്ത്‌ അങ്ങെത്തുമ്പോഴേക്കും നനഞ്ഞോളും.ആദ്യം ചെന്നെത്തിയത്‌ ഒരു കുഞ്ഞമ്പലത്തിൽ. പറശ്ശിനിമുത്തപ്പനെ പോലെ അത്ര വിശാലമനസ്കനല്ല ഈ അമ്പലത്തിലെ ദൈവം. അതു കൊണ്ട്‌ "എന്നെ കണ്ടാൽ അന്യമതക്കാരിയാണെന്നു തോന്നുമോ" എന്നൊരു ലുക്കോടെ ഞാൻ അമ്പലത്തിന്റെ പുറത്തു വഴിവിളക്ക്‌ പോലെ നിന്നു. ഇത്തിരി കഴിഞ്ഞപ്പോൾ രോഹിണിയേച്ചീടെ പേരക്കുട്ടികളായ അപ്പൂം കുഞ്ഞാണീം അമ്പലത്തിലെ പ്രസാദം കൊണ്ടു തന്നു. അവിലും മലരും ശർക്കരയുമൊക്കെ നെയ്യിൽ വിളയിച്ചത്‌.എനിക്കു പിന്നെ പണ്ടേ 'പ്രതിഷ്ഠയേതായാലും പ്രസാദം നന്നായാൽ മതി' എന്ന പോളിസിയാണ്‌. അതു കൊണ്ട്‌ രണ്ടു പ്രാവശ്യം കൂടി അവരെക്കൊണ്ട്‌ പ്രസാദം വാങ്ങിപ്പിച്ചു കഴിച്ച ശേഷം ഞാൻ ആ സ്ഥലം ചുറ്റിക്കാണാനിറങ്ങി.ഗൈഡുകളായി അവരെയും കൂട്ടി. ഒരു പാട്‌ പാടങ്ങളും തോടും പാലവുമൊക്കെയുള്ള പ്രകൃതിരമണീയമായ സ്ഥലം.കുടയൊക്കെ മടക്കി കയ്യിൽ പിടിച്ചിട്ട്‌ നനഞ്ഞു തന്നെ നടന്നു. അതിനൊരു പ്രത്യേക സുഖമാണ്‌. പിന്നേം ഒന്നുരണ്ടു കുഞ്ഞമ്പലങ്ങളുടെ മുന്നിലും കൂടെ വഴിവിളക്കായി നിന്ന ശേഷം നമ്മടെ പറശ്ശിനിയിലെത്തി. കറക്ട്‌ ഊണിന്റെ സമയം. പിന്നെന്താലോചിക്കാൻ.. ഊണൊക്കെ കഴിച്ച്‌ കുറച്ചു നേരം പുഴയും നോക്കിനിന്ന്‌ പറശ്ശിനിയിൽ നിന്നു മടങ്ങി. ങാ പറയാൻ മറന്നു.. അവിടുത്തെ ചന്തയിൽ നിന്ന്‌ ഒരു കുഞ്ഞു പട്ടിക്കുട്ടിപ്പാവയേയുംവാങ്ങി.മൂഡോഫാകുമ്പോൾ അതിനെപിടിച്ചു ഞെക്കി പോം പോം-ന്നു ഒച്ചയുണ്ടാക്കിപ്പിച്ച്‌ സമാധാനിക്കാലോ.

മൂന്നാംദിവസമായിരുന്നു വയനാട്ടിലേക്കു യാത്ര പുറപ്പെടേണ്ടിയിരുന്നത്‌.അതിനു മുൻപെ തന്നെ എല്ലാം സെറ്റപ്പാക്കിയിരുന്നു. വയനാട്ടിലും നിലമ്പൂരിലുമുള്ള ബന്ധുജനങ്ങളെയൊക്കെ തേടിപ്പിടിച്ച്‌ വിളിച്ച്‌ പറ്റുന്ന പോലൊക്കെ സ്നേഹിച്ചു- അവസാനം അവരെക്കൊണ്ട്‌ 'കണ്ടിട്ടെത്ര കാലമായെടീ;നിനക്കിങ്ങോട്ടൊക്കെ ഒന്നിറങ്ങിക്കൂടേ' എന്നു ചോദിപ്പിക്കുന്നതു വരെ സംഭാഷണം കൊണ്ടുചെന്നെത്തിച്ചു.അങ്ങനെ എല്ലാം ഓക്കെയായ സ്ഥിതിക്ക്‌ വണ്ടി കേറി അങ്ങു ചെന്നെത്തുകയേ വീണ്ടൂ. പ്ലാൻ ചെയ്ത പോലെ തന്നെ പോകാനുദ്ദേശിച്ച ദിവസം വണ്ടിയൊക്കെ കൃത്യമായി വയനാട്ടിലെത്തി;പക്ഷെ അതില്‌ ഞാനുണ്ടായിരുന്നില്ലാന്നു മാത്രം. മഴ കാരണം വീടിനു പുറത്തേക്കിറങ്ങാൻ വയ്യാത്ത അവസ്ഥ. കാലവർഷം ചതിച്ചു എന്നൊക്കെ പത്രത്തില്‌ വായിച്ചിട്ടുണ്ടായിരുന്നു..ഇതിപ്പം അനുഭവിക്കുകയും ചെയ്തു.രണ്ടു മൂന്നു ദിവസവും കൂടി മഴ തോരുന്നതും കാത്തിരുന്നു. യെവടെ...എന്നോടെന്തോ വൈരാഗ്യം തീർക്കാനെന്ന പോലെ മഴ അങ്ങഴിഞ്ഞാടുകയാണ്‌. ഇത്രേം കാലം 'ഹായ്‌ മനസ്സിനെ കുളിർപ്പിക്കുന്ന മഴ" എന്നൊക്കെ സാഹിത്യഭാഷയിൽ തട്ടിവിട്ടിരുന്ന ഞാൻ 'ഈ നാട്ടിൽ മഴ നിരോധിക്കണം" എന്നൊക്കെ വിപ്ലവം പറയാൻ തുടങ്ങി.നല്ലൊന്നാന്തരം ഒരവധിക്കാലം ഈ ദുഷ്ടൻ-മഴ കാരണം കുളംതോണ്ടിപ്പോകുന്നത്‌ കണ്ടോണ്ടിരിക്കുമ്പോൾ ആരായാലും ഡിപ്രഷനടിച്ചു പോകും.

കാത്തിരുന്ന്‌ ക്ഷമ നശിച്ചപ്പോൾ പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ബാഗും തൂക്കി നേരെ തിരുവനന്തപുരത്തെത്തി. ചാച്ചന്റെ വീട്ടില്‌.അങ്ങോട്ടു പോവാൻ പ്രത്യേകിച്ചു കാരണമൊന്നുമില്ല; 'മിഷൻ വയനാട്‌' ചീറ്റിപ്പോയതിന്റെ ക്ഷീണം എങ്ങനെങ്കിലും തീർക്കണമല്ലോ..ഇതാവുമ്പോ കണ്ണൂരു മുതൽ അങ്ങു തിരുവനന്തപുരം വരെ നീട്ടിവലിച്ചൊരു യാത്ര പോയാൽ അത്രേം ദു:ഖം കുറഞ്ഞു കിട്ടും..അവിടെ ചെന്ന്‌ വീട്ടുകരെപറ്റിയും നമ്മടെ സാമൂഹ്യസാംസ്കാരികനായകരെപറ്റിയുമൊക്കെ അറിയാവുന്ന പരദൂഷണങ്ങളൊക്കെ പങ്കു വച്ചു കഴിഞ്ഞപ്പോൾ തന്നെ ഇത്തിരിയൊരു ആശ്വാസം കിട്ടി .അപ്പോഴാണ്‌ കസിൻകുട്ടിയെ നാഗർക്കോവിലിൽ എഞ്ചിനീയറിങ്ങിനു കൊണ്ടു ചേർക്കാനുള്ള ഒരുക്കപ്പാടുകളൊക്കെ കാണുന്നത്‌. പിന്നെ ആ വണ്ടീടേ ഒരു സൈഡിൽ ഞാനും കയറിപറ്റി- 'ആന്റിക്കൊരു കൂട്ട്‌' എന്നൊക്കെ പറഞ്ഞ്‌. കോളേജിലെത്തി ഒരു അരമണിക്കൂറ്‌ ആ കോളേജുകാരുടെ വീരവാദം കേട്ടിരുന്നപ്പോഴേക്കും ജീവിതം തന്നെ മടുത്തു തുടങ്ങി. അവരില്ലായിരുന്നെങ്കിൽ നമ്മടെ രാജ്യത്തെ ടെക്നോളജിയുടെക്കെ പുക കണ്ടേനേന്നുള്ള മട്ടിലൊക്കെയാണ്‌ തട്ടി വിടുന്നത്‌. ഇനീം ആ വധം സഹിക്കാൻ പറ്റില്ലാന്നു തോന്നിയപ്പോൾ പതുക്കെ നീനുവിനെയും കൂട്ടി നുഴഞ്ഞ്‌ പുറത്തു ചാടി. അവളും എന്നെപ്പോലെ ബോറടിച്ചു തകർന്നിരിക്കുകയാണ്‌. ചേച്ചി എഞ്ചിനീയറിംഗ്‌ പഠിക്കാൻ പോകുന്നത്‌ അവളീ വധം സഹിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. ഞങ്ങള്‌ നേരെ കന്യാകുമാരിയിലേക്ക്‌ വിട്ടു. വിവേകാനന്ദപ്പറയിൽ ഒന്നു കയറിയിറങ്ങി തിരിച്ചെത്തി.അതു കൊണ്ട്‌ പ്രത്യേകിച്ചു ഗുണമുണ്ടായില്ല. ഓഫായ മൂഡ്‌ പിന്നെം ഓഫായിതന്നെ തുടർന്നു.

തിരിച്ചു ചാച്ചന്റെ വീട്ടിലെത്തിയിട്ട്‌ പിന്നങ്ങോട്ടു വായനായായിരുന്നു.ആ വീട്ടിലുണ്ടായിരുന്ന മാതൃഭൂമി,മലയാളം, മാധ്യമം തുടങ്ങിയ 'മ' പ്രസിദ്ധീകരണങ്ങളൊക്കെ തപ്പിപ്പിടിച്ചെടുത്തു വായിച്ചു തീർത്തു. വീടിനുള്ളിലെ സ്റ്റോക്ക്‌ തീർന്നപ്പോൾ പതുക്കെ ബേസ്‌മെന്റിലേക്കിറങ്ങി. അവിടെ പഴയ മാഗസിനുകളൊക്കെ കൂട്ടിയിട്ടിട്ടിട്ടുണ്ട്‌. സ്റ്റെപ്പിറങ്ങുമ്പോൾ മോളിൽ നിന്നൊരു കുഞ്ഞുശബ്ദം .

"ഞാൻ പോയി എടുത്തു തരാം ചേച്ചീ..അവിടെ പാമ്പുണ്ട്‌"

നോക്കുമ്പോൾ എന്റെ കസിൻകുട്ടനാണ്‌..മൂന്നാംക്ലാസുകാരൻ നന്ദു.

"അതെന്താ നിന്നെ കണ്ടാൽ പാമ്പു പേടിച്ചോടുമോ" ഞാൻ ചോദിച്ചു. അപ്പോഴാണ്‌ നന്ദുവും അങ്ങനെയൊരു പോസിബിലിറ്റിയെപറ്റി ചിന്തിക്കുന്നത്‌.

"നമ്മക്കു രണ്ടു പേർക്കൂടെ പോവാം" നന്ദൂന്റെ വക പരിഹാരം വന്നു.

അതു കറക്ട്‌..രണ്ടു പേരെ കണ്ടാൽ പാമ്പ് എന്തായാലും ജീവനും കൊണ്ടോടിക്കോളും.ഞാൻ അവനെയും കൂട്ടി സ്റ്റെപ്പിറങ്ങി.അവസാനത്തെ സ്റ്റെപ്പിൽ അവനെ കൊണ്ടു നിർത്തിയിട്ട്‌ ഉത്തരവിട്ടു.

"നന്ദു ഇവിടെ നിന്നാൽ മതി. എന്നിട്ട്‌ വല്ല പാമ്പും വരുന്നുണ്ടോന്ന്‌ നോക്ക്‌. ഞാൻ പോയി മാഗസിനെടുത്തിട്ടു വരാം."

ഞാൻ പോയി മാഗസിൻ കൂമ്പാരത്തിൽ മുങ്ങിതപ്പാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ പിന്നിൽ ഒരനക്കം. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.സ്റ്റെപ്പിൽ നിർത്തിയിട്ടു വന്ന വിദ്വാൻ എന്റെ തൊട്ടു പുറകിൽ നിൽക്കുകയണ്‌.

"നിന്നോട്‌ ഞാൻ എവിടെ നിൽക്കാനാ പറഞ്ഞത്‌??" ഞാൻ സ്വരത്തിലൊക്കെ ദേഷ്യം വരുത്തി ചോദിച്ചു.

"അവിടെ.."നന്ദു സ്റ്റെപ്പിലേക്ക്‌ കൈ ചൂണ്ടിക്കാണിച്ചു..

"എന്നിട്ടിപ്പോ നീ എവിടാ നിൽക്കുന്നത്‌?" ഞാൻ കുറച്ചൂടെ ശബ്ദം കൂട്ടി

"ഇവിടെ.." നന്ദു കൂളായി ഉത്തരം പറഞ്ഞു.

ഇനി എന്തു പറയണംന്ന്‌ പിടികിടാത്തതു കൊണ്ട്‌ ഞാൻ അവനെ ഒന്നു നോക്കിപ്പേടിപ്പിച്ചിട്ട്‌ മാഗസിൻ-പെറുക്കലിലേക്കു തിരിച്ചു പോയി.

"ചേച്ചീ ഒരു ഇൻസെക്ട്‌ വന്ന്‌ ഇവിടൊക്കെ ഹോൾസുണ്ടാക്കി വച്ചിരിക്കുന്നു!" നന്ദു എന്തോ വല്യ കണ്ടുപിടിത്തം നടത്തിയ മട്ടിൽ പറഞ്ഞു.

"ഉണ്ടാക്കട്ടെ;അതിനു നിനക്കെന്താ" എന്തൊരു മലയാളം!! ഇവനെ രഞ്ജിനി ഹരിദാസാണോ മലയാളം പഠിപ്പിച്ചത്‌ എന്നൊക്കെ മനസ്സിലോർത്ത്‌ ഞാൻ കുറച്ചു ദേഷ്യത്തോടെ നന്ദൂന്റെ കണ്ടുപിടിത്തത്തെ അവഗണിച്ചു.

"ചേച്ചീ നോക്ക്‌..ഇവിടെ ഫുൾ ആ ഹോൾസാണ്‌!!"

അപ്പോ കാര്യം സീരിയസാണ്‌.ആ ഇൻസെക്ട്‌ ചില്ലറക്കാരനല്ലല്ലോന്നൊക്കെ വിചാരിച്ച്‌ ഞാൻ എത്തി നോക്കി. ഒന്നു നോക്കീതേയുള്ളൂ..പിന്നെ ചിരി കൺട്രോളു ചെയ്യാൻ പറ്റീല.ആരാണെന്നോ നന്ദൂന്റെ വില്ലൻ ഇൻസ്‌ക്ട്‌.. നമ്മടെ സ്വന്തം ആള്‌- കുഴിയാന!!

നന്ദൂന്‌ കുഴിയാനയെ അറിയില്ലേ!! എനിക്ക്‌ ഭയങ്കര അത്‌ഭുതംതോന്നി.കേരളത്തിൽ വളരുന്ന ഒരു കുട്ടി ആദ്യം പരിചയപ്പെടുന്ന ജീവികളാണ്‌ കുഴിയാനയും തുമ്പിയും പൂമ്പാറ്റയുമൊക്കെ.അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഞാൻ അവിടെ പടിഞ്ഞിരുന്ന്‌ അഞ്ചാറു കുഴിയാനകളെ പിടിച്ച്‌ നന്ദൂനേം കൂട്ടി മുകളിലെത്തി.എന്നിട്ട്‌ നല്ല വെളിച്ചത്തിൽ കാണിച്ചു കൊടുത്തു.അപ്പോഴേക്കും കാഴ്ച കാണാൻ നന്ദൂന്റെ നാലഞ്ച്‌ കൂട്ടുകരും കൂടി എത്തി.കുറെ നേരം കുഴിയാനകളെ പ്രദർശിപ്പിച്ച്‌ അതിനെ പറ്റി അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തുകഴിഞ്ഞ്‌ കുഴിയുണ്ടാക്കാൻ വേണ്ടി ചെടിച്ചട്ടിയിൽ മണൽ നിറച്ച്‌ അതിൽ കൊണ്ടിട്ടു. അതിപ്പോ ഹോൾസുണ്ടാക്കുമെന്നും എനിട്ട്‌ അതിൽ താമസിക്കുമെന്നും അതിൽ വീഴുന്ന ഉറുമ്പിനെ കാലുതെറ്റിച്ച്‌ വീഴ്‌ത്തി തിന്നുമെന്നുമൊക്കെ ഒരുപാട്‌ മോഹനവാഗ്‌ദാനങ്ങൾ കൊടുത്തു.പീക്കിരികളൊക്കെ ആകാംക്ഷയോടെ നിൽക്കുകയാണ്‌.അവരുടെ മുഖത്തെ ഭാവങ്ങളൊക്കെ നോക്കി നിൽക്കുന്നതു തന്നെ നല്ല ടൈംപാസായിരുന്നു.കുറെ കഴിഞ്ഞിട്ടുംകുഴിയാനകൾക്കൊന്നും ഒരനക്കവുമില്ല.എനിക്കും പതുക്കെ ടെൻഷനാവാൻ തുടങ്ങി. കുഴിയാന കുഴിയുണ്ടാക്കിയില്ലെങ്കിൽ പിന്നെ ഞാൻ കൊടുത്ത വാക്കിനെന്തു വില... അതു കാണാതെ പിള്ളേരൊട്ടുപിരിഞ്ഞു പോവില്ല താനും.

"നിങ്ങളൊക്കെ ഇങ്ങനെ നോക്കി നിൽക്കുന്നതു കൊണ്ടാണ്‌ അത്‌ അനങ്ങാത്തത്‌.പോയിട്ട്‌ നാളെ വന്നു നോക്കൂ..അപ്പോഴേക്കും എല്ലാം റെഡിയായിട്ടുണ്ടാവും"

ഞാൻ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ വേണ്ടി ഒരു കുഞ്ഞു നുണ അടിച്ചു വിട്ടു.എന്റെ വാക്കും വിശ്വ്വസിച്ച്‌ എല്ലാരും പിരിഞ്ഞു പോയി. അവരൊക്കെ പോയിക്കഴിഞ്ഞിട്ടും എനിക്കൊരു സമാധാനവുമില്ല. എങ്ങാനും കുഴിയാന എന്നെ വഞ്ചിച്ചാലോ..കുഴിയൊന്നുമുണ്ടാക്കാതെ നിസ്സഹകരിച്ചാൽ മാനം പോകുനത്‌ എന്റെയാണ്‌. രാതി ഒരു എട്ടൊൻപതു മണി വരെ കാത്തു. കുഴിയാന മൈൻഡാക്കുന്നില്ല. നന്ദു ഉറങ്ങാൻ പോയ തക്കം നോക്കി ഞാൻ പതുക്കെ പുറത്തേക്കിറങ്ങി.എന്നിട്ട്‌ ചെടിച്ചട്ടിയിലെ മണലിൽ വിരലും കൊണ്ട്‌ അഞ്ച്‌ കുഴി കുഴിച്ചു. ഫൈനൽ-ടച്ചപ്പോക്കെ നടത്തി ഒറിജിനലിലെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്‌ കുഴിയാനക്കുഴിയാക്കി. ആർക്കും കണ്ടു പിടിക്കാൻ പറ്റില്ല. സമാധാനത്തോടെ കിടന്നുറങ്ങി.പിറ്റേന്നു രാവിലെ നന്ദൂന്റെ ആഹ്ലാദാരവങ്ങൾ കേട്ടാണ്‌ ഞാൻ എഴുന്നേറ്റത്‌. ചില്ലറക്കര്യം വല്ലതുമാണോ നടന്നിരിക്കുന്നത്‌!!

എന്തായാലും എന്റെ അവധിക്കാലത്തിന്റെ അവസാനത്തെ എപ്പിസോഡായിരുന്നു അത്‌. അന്നുച്ചയ്ക്ക്‌ ഞാൻ തിരുവനന്തപുരം വിട്ടു. ഐലൻഡ്‌ എക്സ്പ്രസ്സിൽ കയറി ബാംഗ്ലൂരേക്കു തിരിച്ചു വരുമ്പോൾ ഡിപ്രഷന്റെ പൊടി പോലുമുണ്ടായിരുന്നില്ല. അവധിക്കാലത്തിന്റെ മുക്കാൽ ഭാഗവും മഴയിൽ കുതിർന്ന്‌ പോയതിലൊന്നും ഒരു വിഷമവും തോന്നിയില്ല.ഇമ്മിണി കള്ളത്തരം കാണിച്ചാലെന്ത്‌ ആ പീക്കിരീസിന്റെ സന്തോഷം കാണാൻ പറ്റിയല്ലോ. നമ്മടെ ഡ്യൂക്കിലി കുഴിയാനകൾക്ക്‌ വരെ മനുഷ്യരെ ഇത്രയ്ക്ക്‌ സന്തോഷിപ്പിക്കാൻ പറ്റുമെന്ന്‌ സത്യമായും എനിക്കറിയില്ലായിരുന്നു. ഓരോ യാത്രകളും നമ്മളെ ഓരോ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന്‌പറയുന്നത്‌ എത്ര സത്യം.