Showing posts with label ഞാന്‍ സീരിയസായി. Show all posts
Showing posts with label ഞാന്‍ സീരിയസായി. Show all posts

Sunday, February 1, 2009

ആലിങ്കില്‍ കോലങ്കം...

മലയാളഭാഷയ്ക്ക്‌ എന്റെ ചേച്ചിയുടെ വക സംഭാവനയായായിരുന്നു 'ആലിങ്കില്‍കോലങ്കം' എന്ന പ്രയോഗം. കുട്ടിക്കാലത്ത്‌ ഞങ്ങളെ സിനിമ കാണിക്കാന്‍ കൊണ്ടുപോയിരുന്ന ആലിങ്കില്‍ ടാക്കീസും സിനിമയുമായി ബന്ധപ്പെട്ട്‌ എവിടെയോ കേട്ട 'കോലങ്ങള്‍' എന്ന വാക്കും കൂട്ടിക്കെട്ടി അവള്‍ തന്നെ നിര്‍മ്മിച്ചെടുത്ത പുതിയ വാക്ക്‌. സിനിമ എന്ന പദത്തിനു പകരം അവളുടെ വൊക്കാബുലറിയില്‍ സ്ഥാനം പിടിച്ചത്‌ ഈ പ്രയോഗമായിരുന്നു.പക്ഷെ പറഞ്ഞൊപ്പിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടോ എന്തോ ഞാനും അനുജനും ആ വാക്കിനെ സ്വീകരിച്ചില്ല. പകരം സിനിമയെ സിനിമ എന്നു തന്നെ വിളിച്ചു. അങ്ങനെ കാലക്രമേണ അവളും ആലിങ്കില്‍ കോലങ്കത്തിനെ ഉപേക്ഷിച്ചെങ്കിലും അതിനെ മറക്കാന്‍ തയ്യാറാവാത്ത കുറച്ചാള്‍ക്കാരുണ്ടായിരുന്നു. ഞങ്ങള്‍ടെ ബന്ധുക്കളും അയല്‍ക്കാരും. ഇപ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇടയ്ക്കിടയ്ക്ക്‌ ആ പ്രയോഗം കേള്‍ക്കാറുണ്ട്‌. "ഡീ ആലിങ്കില്‍ കോലങ്കത്തിന്‌ പോരുന്നോ?' എന്നൊക്കെ. അവളെ കളിയാക്കി തുടങ്ങിയതാണെങ്കിലും തീയേറ്ററില്‍ പോയി സിനിമ കാണുക എന്ന നീണ്ട വാക്യത്തെ സൂചിപ്പിക്കാനുള്ള ചുരുക്കുരൂപമായി മാറി ഈ ആലിങ്കില്‍ കോലങ്കം. അവിടം കൊണ്ടും തീരാതെ ആ ആലിങ്കില്‍ ടാക്കീസിനെപറ്റിയോ കോലങ്ങള്‍ എന്ന സിനിമയെ പറ്റിയോ ഒരു ചുക്കുമറിയില്ലാത്ത ഞങ്ങള്‍ടെ പീക്കിരി കസിന്‍കുട്ടികള്‍ വരെ ആലിങ്കില്‍ കോലങ്കമെന്ന പ്രയോഗത്തെ ഇക്കാലത്തും രണ്ടും കൈയും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്‌.


കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നു തീയേറ്ററില്‍ പോയി സിനിമ കാണുക എന്നുള്ളത്‌. വല്ലപ്പോഴുമൊക്കെയേ പപ്പ സിനിമ കാണിക്കാന്‍ കൊണ്ടു പോകൂ. അതും സെക്കന്റ്‌ ഷോയ്ക്കു മാത്രം. സിനിമയ്ക്ക്‌ പോവാന്‍ വേണ്ടി പപ്പയെ സമ്മതിപ്പിക്കുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള പരിപാടി. ശുപാര്‍ശയും കണ്ണീരും മൂക്കു ചീറ്റലുമൊന്നും പപ്പയുടെയടുത്തു ചിലവാകില്ല. സിനിമയ്ക്കു കൊണ്ടു പോകാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പു തന്നെ മമ്മിയും ഞങ്ങള്‍ കുട്ടികളും രണ്ടു മൂന്നു വട്ടം ഇതേപറ്റി കൂടിയാലോചകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ടാവും. എപ്പോള്‍ പറയണം, ആരു തുടങ്ങി വയ്ക്കണം, ആര്‌ ഏറ്റു പിടിയ്ക്കണം, തുടങ്ങി മിക്ക കാര്യങ്ങളിലും ഞങ്ങള്‍ ഓള്‍റെഡി തീരുമാനത്തിലെത്തിയിട്ടുണ്ടാവും. അപേക്ഷ സമര്‍പ്പിക്കേണ്ട ദിവസം മുഴുവന്‍ അടീം വഴക്കുമൊന്നുമില്ലാതെ എക്സ്ട്രാഡീസന്റായിരിക്കാന്‍ എല്ലാരും പ്രത്യേകം ശ്രദ്ധിക്കും. വൈകുന്നേരം പപ്പ വന്ന്‌ അത്താഴം കഴിച്ചു കഴിഞ്ഞാലുടനെ മമ്മി സിഗ്‌നല്‍ തരും. പിന്നെ കുറച്ചു സമയത്തേക്ക്‌ എല്ലാരും (പപ്പയൊഴികെ) ആംഗ്യഭാഷയിലാണ്‌ സംസാരം. തുടങ്ങി വയ്ക്കാന്‍ നിയോഗിക്കപ്പെട്ട ആള്‍ടെ ധൈര്യമൊക്കെ അപ്പോഴേക്കും ചോര്‍ന്നു പോയിട്ടുണ്ടാവും. അവസാനം ആരെങ്കിലുമൊക്കെ മടിച്ചു മടിച്ച്‌ കാര്യം അവതരിപ്പിക്കും. 'പപ്പേ മ്മക്ക്‌ സില്‍മയ്ക്കു പോവാം" എന്ന്‌. പിന്നെ നാലു ജോഡി കണ്ണുകള്‍ പ്രതീക്ഷയോടെ പപ്പയുടെ മുഖത്തേക്ക്‌.. ആ ചോദ്യത്തിന്‌ രണ്ടേ രണ്ടേ മറുപടിയേ കിട്ടാനുള്ളൂ. 'ങും..ഞാനൊന്ന്‌ ആലോചിക്കട്ടെ' എന്നാണ്‌ ഒരു മറുപടി. അതു കേട്ടാല്‍ പിന്നെ ചോദ്യോം പറച്ചിലുമൊന്നുമില്ല. എല്ലാവരും സമയം കളയതെ അവനവന്റെ പുതപ്പിനടിയില്‍ നുഴഞ്ഞു കയറി ഉറക്കം തുടങ്ങും. ആ ആലോചന ഒരിക്കലും തീരില്ലാന്നറിയാവുന്നതു കൊണ്ട്‌. ഇനി അതല്ല 'ഏതു സിനിമയാ?" എന്നാണ്‌ പപ്പ ചോദിക്കുന്നതെങ്കില്‍ പിന്നെ അവിടെ ഉത്സവമാണ്‌.സിനിമയ്ക്കു പോവാന്‍ തീരുമാനിച്ചെങ്കില്‍ മാത്രമേ പപ്പ അങ്ങനെ ചോദിക്കൂ.പിന്നെ കുപ്പായം മാറ്റലായി, കാണാന്‍ പോവുന്ന സിനിമയെപറ്റി അറിയാവുന്ന കാര്യങ്ങളൊക്കെ വിളമ്പലായി.. ആകെ ബഹളം. തീയേറ്ററില്‍ ബാല്‍ക്കണിയിലെ ഏറ്റവും പുറകിലുള്ള സീറ്റിലേ പപ്പ ഞങ്ങളെ ഇരുത്തൂ. മുന്നിലുള്ളവരുടെ തല കാരണം ഒന്നും കാണാന്‍ പറ്റില്ല. സിനിമ തുടങ്ങി കുറച്ചു കഴിയുമ്പോള്‍ ഞങ്ങളെ മൂന്നെണ്ണത്തെയും പൊക്കി സീറ്റിന്റെ കയ്യിലിരുത്തും. പിന്നെ എല്ലാം ക്ലിയര്‍...


എന്നാലും അക്കാലത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു തീയേറ്ററില്‍ ഏറ്റവും മുന്നിലിരുന്ന്‌ സിനിമ കാണണംന്നുള്ളത്‌. ബാല്‍ക്കണീടെ വല്യ ആരാധകനായ പപ്പയോട്‌ അങ്ങനെയൊരാഗ്രഹം പറഞ്ഞിട്ടും ഒരു കാര്യവുമില്ലായിരുന്നു. പപ്പയുടെ അമ്മ -ഞങ്ങള്‍ടെ അമ്മച്ചി- വരുമ്പോഴാണ്‌ ആ ആഗ്രഹം സാധിക്കാറുള്ളത്‌. അമ്മച്ചിയ്ക്ക്‌ സിനിമ വല്യ ഇഷ്ടമാണ്‌. വന്നാലുടനെ ഞങ്ങള്‍ മൂന്നു പേരും കൂടി അമ്മച്ചിയെ ചൂടു കേറ്റി സിനിമ കാണാന്‍ പോവും. അമ്മച്ചീടടുത്ത്‌ പപ്പയുടെ കടുംപിടിത്തങ്ങളൊന്നും നടക്കില്ല. മോണിംഗ്‌ ഷോയ്ക്ക്‌ ഞങ്ങളേം കൂട്ടിം അമ്മച്ചി പോകും. 'മ്മക്ക്‌ മുന്‍പീല്‍ത്തെ ടിക്കറ്റെടുക്കാം'-ന്നു പറഞ്ഞാല്‍ പിന്നെ അമ്മച്ചി അതേ എടുക്കൂ. അങ്ങനെ മുന്‍പിലിരുന്ന്‌ ആദ്യം കണ്ട സിനിമയാണ്‌ ഡോക്ടര്‍ പശുപതി. അന്നു വരെ കണ്ട സിനിമകളില്‍ വച്ച്‌ അത്രയ്ക്ക്‌ ഇഷ്ടപ്പെട്ട ഒരു സിനിമ വേറെയില്ല. സിനിമയുടെ മേന്‍മയേക്കാളും അത്രേം മുന്നിലിരുന്ന്‌ അത്രേം വലിപ്പത്തില്‍ സിനിമ കണ്ടതാവണം ആ ഇഷ്ടക്കൂടുതലിനു കാരണം. പിന്നെ അതു പോലെ ഇരട്ടി വലിപ്പത്തില്‍ സിനിമ കണ്ടത്‌ വര്‍ഷങ്ങള്‍‌ക്ക്‌ ശേഷം ഡെല്‍ഹിയിലെ സംഘം തീയേറ്ററില്‍ വച്ചാണ്‌ - തന്മാത്ര എന്ന സിനിമ. എല്ലാര്‍ക്കും വേണ്ടി ടിക്കറ്റെടുക്കാന്‍ പോയത്‌ ഞാനായിരുന്നു. ഏറ്റവും മുന്‍പിലേ സീറ്റുള്ളൂ എന്നു കേട്ടപ്പോൾ സത്യം പറഞ്ഞാല്‍ പ്രത്യേകിച്ചു കുഴപ്പമൊന്നും തോന്നീല്ല.. പണ്ടത്തെ പശുപതി സിനിമ കണ്ടപോഴുള്ള സന്തോഷമായിരുന്നു മനസില്‍. എന്തായാലും തന്മാത്ര എന്റെ സിനിമാനുഭവങ്ങളിലെ ഒരു കറുത്ത അധ്യായമായി മാറി. കൂടെ സിനിമ കാണാന്‍ വന്ന കൂട്ടുകാരുടെയൊക്കെ കയ്യില്‍ നിന്ന്‌ വേണ്ടുവോളം കിട്ടി. നഷ്ടപരിഹാരമായി എല്ലാര്‍ക്കും ഓരോ ടിക്കറ്റും കൂടി എടുത്തു കൊടുക്കണംന്നു വരെ ആവശ്യമുണ്ടായി. വലിപ്പം കാരണം സ്ക്രീനിന്റെ ഒരു സൈഡേ കാണാന്‍ പറ്റിയുള്ളൂ പോലും. മറ്റേ സൈഡില്‍ എന്തു സംഭവിച്ചു എന്നു കാണാനാണ്‌ ഒരു ടിക്കറ്റും കൂടി.കുറ്റം പറയാന്‍ പറ്റില്ല.മിനിമം ഒരു സൈക്കിളെങ്കിലുമുണ്ടെങ്കിലേ സ്ക്രീന്‍ മുഴുവനായി കണ്ടുതീര്‍ക്കാന്‍ പറ്റൂന്ന്‌ എനിക്കും തോന്നിയിരുന്നു പലവട്ടം..


സ്വന്തമായി വരുമാനമൊക്കെ ആയപ്പോള്‍ ഏറ്റവും കൂടുതല്‍ കാശു ചെലവാക്കിയതു സിനിമാ കാണാനായിരുന്നു. തീയേറ്ററില്‍ പോയി സിനിമ കാണുന്നതിന്റെ ത്രില്‍ മാത്രമല്ല, റൂംമേറ്റിന്റെ സിനിമാഭ്രാന്തും അതിനു കാരണമായിരുന്നു. സന്തോഷം വന്നാലും സങ്കടം വന്നാലും ആ കുട്ടിക്ക്‌ സിനിമ കാണണം. ഡെല്‍ഹിയിലെ ഒരുമാതിരിയുള്ള എല്ലാ സിനിമാതീയേറ്ററുകളിലും ഞങ്ങള്‍ തപ്പിപ്പിടിച്ചു ചെന്നിട്ടുണ്ട്‌.അങ്ങനെ കണ്ടു തീര്‍ത്തിട്ടുള്ള ഹിന്ദിസിനിമകള്‍ക്കു കണക്കില്ല. പിന്നെ വല്ലപ്പോഴും മാത്രം വന്നു മുഖം കാണിച്ചു പോകുന്ന മലയാളം സിനിമകളും. റൂംമേറ്റ്‌ മലയാളി അല്ലാത്തതിനാല്‍ മലയാളം സിനിമ കാണാന്‍ കൂടെ വരില്ല. പക്ഷെ തിരിച്ചു ചെന്നാലുടനെ അതിന്റെ കഥയും വിശകലനവുമൊക്കെ പറഞ്ഞുകൊടുക്കണം. കഥ വല്ലാതെ ഇഷ്ടപ്പെട്ടാല്‍ പിന്നെ ഒരു ഡയലോഗുണ്ട്‌ "ഈ സിനിമ പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യുമായിരിക്കും അല്ലേ?" എന്ന്‌..ചുരുക്കിപറഞ്ഞാല്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളം സിനിമയുമായി കണക്ട്‌ ചെയ്യാന്‍ അവള്‍ക്ക്‌ ആകെയുള്ള രണ്ടു സഹായികളായിരുന്നു ഞാനും പ്രിയദര്‍ശനും. കാലത്തിന്റെ കുത്തൊഴുക്കില്‍ ഞാന്‍ ഡെല്‍ഹി വിട്ടതില്‍ പിന്നെ ഇപ്പോള്‍ പ്രിയദര്‍ശന്‍ മാത്രമായി പാവത്തിന്റെ ഏക ആശ്രയം..


പതുക്കെ പതുക്കെ എന്റെ സിനിമ കാണലൊക്കെ കമ്പ്യൂട്ടറില്‍ മാത്രമായി ചുരുങ്ങാന്‍ തുടങ്ങി. സമയക്കുറവും സാമ്പത്തികലാഭവുമൊക്കെ കാരണങ്ങളായിരുന്നു. ജോലിത്തിരക്കിനിടയില്‍ കഷ്ണം കഷ്ണമായി കണ്ടാണ്‌ ഓരോ സിനിമയും കണ്ടു തീര്‍ക്കുന്നത്‌. ഇഷ്ടപ്പെടാത്ത ഭാഗങ്ങളൊക്കെ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ ചെയ്തു വിടും. സത്യം പറഞ്ഞാല്‍ സിനിമയ്ക്കിടയില്‍ പാട്ടുകളും സ്റ്റണ്ട്‌ സീനുമൊക്കെ കണ്ട കാലം മറന്നു. ഇങ്ങനെ സ്വന്തമായി എഡിറ്റ്‌ ചെയ്തു മുറിച്ചുമാറ്റി ഒരു ഫുള്‍ സിനിമ ഒരു മണിക്കൂറിനുള്ളിലൊക്കെ കണ്ടു തീര്‍ക്കും. തീയേറ്ററില്‍ പോയി ഇന്റര്‍വെല്ലിലെ പരസ്യം പോലും വള്ളിപുള്ളിവിടാതെ കണ്ടു കൊണ്ടിരുന്ന, സിനിമയുടെ ആദ്യം പേരെഴുതിക്കാണിക്കുന്നത്‌ പോലും മിസ്സാവുന്നതു സഹിക്കാത്ത, സിനിമ തീര്‍ന്നു കഴിഞ്ഞാലും എല്ലാം എഴുതിക്കാണിച്ച്‌ അവസാനം സ്ക്രീന്‍ ബ്ലാങ്കാവുന്നതു വരെ സീറ്റില്‍ നിന്നെഴുന്നേല്‍ക്കാത്ത ആ പഴയ കുട്ടിക്കുണ്ടായ മാറ്റമാണിത്‌. ഈ മാറ്റത്തിന്റെ ആഴം മനസിലായത്‌ ഈയടുത്ത കാലത്ത്‌ 'ജബ്‌ വീ മെറ്റ്‌' എന്ന സിനിമ കാണാന്‍ പോയപ്പോഴാണ്‌. ഒഴിഞ്ഞു മാറാന്‍ പരമാവധി നോക്കിയിട്ടും ചേച്ചിയുടെ നിര്‍ബന്ധം കാരണം പറ്റിയില്ല. സിനിമ തുടങ്ങിക്കഴിഞ്ഞപ്പോഴാണ്‌ ആദ്യത്തെ മാറ്റം പ്രകടമായത്‌. കമ്പ്യൂട്ടറിന്റെ ഇട്ടാവട്ടാത്തിലുള്ള സ്ക്രീനില്‍ സിനിമ കാണാന്‍ ശീലിച്ച എന്റെ കണ്ണുകള്‍ക്ക്‌ ആ വലിയ സ്ക്രീനുമായി പൊരുത്തപ്പെടാന്‍ പറ്റുന്നില്ല!! അസാമാന്യ വലിപ്പം.അതുമായി ഒന്നഡ്ജസ്റ്റ്‌ ചെയ്യാന്‍ തന്നെ നല്ല സമയമെടുത്തു.. പിന്നെ, പാട്ടിന്റെ മ്യൂസിക്‌ തുടങ്ങുമ്പോള്‍ തന്നെ ഫാസ്റ്റ്‌ ഫോര്‍വേഡടിക്കാന്‍ തരിക്കുന്ന കൈകള്‍.. കടിച്ചു പിടിച്ച്‌ പാട്ടുസീന്‍ മുഴുവന്‍ കാണേണ്ടി വന്നതുകൊണ്ടുള്ള അസ്വസ്ഥത, ഇന്റര്‍വെല്‍ സമയത്തെ അക്ഷമ എന്നു വേണ്ട ആ സിനിമ കണ്ടു തീരുന്നതു വരെ ഞാനനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക്‌ കണക്കില്ല. തീയേറ്ററില്‍ പോയി ഒരു സിനിമ മുഴുവനായി കണ്ടാസ്വദിക്കാന്‍ കഴിയാത്തവിധം ഞാന്‍ മാറിപ്പോയെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഇത്‌ എന്റെ മാത്രം മാറ്റമാണോ?..അതോ ലോകത്തെ മുഴുവന്‍ കമ്പ്യൂട്ടറിലേക്കൊതുക്കാന്‍ ശ്രമിക്കുകയോ നിര്‍ബന്ധിതരാവുകയോ ഒക്കെ ചെയ്യുന്ന ഞാനടക്കമുള്ള യുവതലമുറ മുഴുവന്‍ ഇത്തരമൊരു മാറ്റത്തെ അഭിമുഖീകരിക്കുന്നുണ്ടോ?അറിയില്ല.. പക്ഷെ ഒന്നെനിക്കുറപ്പിച്ചു പറയാന്‍ കഴിയും.. കഴിഞ്ഞ തലമുറയ്ക്ക്‌ നാടകം എന്ന കലയെ പറ്റി പറയുമ്പോഴുണ്ടാറുള്ള ഒരു നൊസ്റ്റാള്‍ജിക്‌ ഫീലിംഗാണ്‌ എനിക്ക്‌ സിനിമാതീയേറ്ററുകളെ പറ്റി ഓര്‍ക്കുമ്പോള്‍. ഒരു കാലത്ത്‌ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്ന, ആവേശം കൊള്ളിച്ചിരുന്ന എന്നാല്‍ ഇപ്പോള്‍ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട്‌ ആസ്വദിക്കാന്‍ കഴിയാതെപോവുന്ന ആ പഴയ ആലിങ്കില്‍ കോലങ്കങ്ങള്‍... കാലത്തിന്റെ അതിവേഗതയ്ക്കൊപ്പം പായുന്ന ഈ തലമുറ അതിനെ കൂടെക്കൂട്ടുമോ അതോ പാതിവഴിയിലുപേക്ഷിക്കുമോ.. കാത്തിരുന്നു കാണാം...

Tuesday, June 3, 2008

എന്റെ ദൈവവും ദേവാലയവും...

പണ്ടൊക്കെ തറവാട്ടിലെ കുരിശുവര നല്ല രസമായിരുന്നു. കൈയില്‍ കിട്ടുന്ന പിള്ളാരെയെല്ലാം പിടിച്ചോണ്ടു വന്ന്‌ അമ്മച്ചി ഒരു പായിലിരുത്തും. എന്നിട്ടു ഒരു കൊന്തേമെടുത്തു പിടിച്ച്‌ ആരംഭിയ്ക്കും.അതിനിടയ്ക്കു മടുത്തെങ്കില്‍ എഴുന്നേറ്റു പോകാം; ആര്‍ക്കെങ്കിലും ഇടയ്ക്കു വച്ച്‌ കുരിശുവരയില്‍ പങ്കെടുക്കണമെങ്കില്‍ അതുമാവാം.യാതൊരു നിബന്ധനകളുമില്ല.ഭിത്തിയില്‍ മൂന്നു ദൈവങ്ങള്‍ടെ പടങ്ങളുണ്ട്‌.അതില്‍ നോക്കിയാണ്‌ പ്രാര്‍ത്ഥന. ഒന്ന്‌ എല്ലാ ക്രിസ്ത്യന്‍ കുടുംബത്തിലുമുള്ള പടം തന്നെ- യേശു ക്രിസ്തു. പിന്നുള്ള രണ്ടു പേര്‍ സ്റ്റാലിനും ലെനിനുമാണെന്ന്‌ ചാച്ചന്മാര്‍ പറഞ്ഞു തന്നു. ഇവരില്‍ ആരോടാണ്‌ പ്രാര്‍ത്ഥിക്കേണ്ടതെന്നു ചോദിച്ചാല്‍ അമ്മച്ചി പറയും.. 'നീയങ്ങു പ്രാര്‍ത്ഥിക്ക്‌..അതില്‍ വേണ്ടവര്‍ പ്രാര്‍ത്ഥന പിടിച്ചെടുത്തോളും' എന്ന്‌. കുടുംബത്തില്‍ സത്യക്രിസ്താനികളും പള്ളിവിരോധികളും മാത്രമല്ല പല മതത്തിലും ജാതിയിലും നാട്ടിലും പെട്ട ആള്‍ക്കാരുണ്ട്‌. ഇവരിലാരുടെ മതമായിരിക്കും ശരിക്കുമുള്ളത്‌ എന്നതയിരുന്നു അക്കാലത്തെ ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍. കുട്ടികളില്‍ യാതൊരു രീതിയിലുള്ള മതചിന്തകളും (രാഷ്ട്രിയവും)അടിച്ചേല്‍പ്പിക്കരുത്‌ എന്നതായിരുന്നു പപ്പയുടെ പോളിസി. കേട്ടാലുടനെ മതം മനസ്സിലാവുന്ന പേരുകള്‍ ഞങ്ങള്‍ക്കിടരുതെന്നും പപ്പയ്ക്കു നിര്‍ബന്ധമായിരുന്നു. മാമോദീസയും വേദപാഠവുമൊക്കെ മമ്മിയുടെ ആഗ്രഹപ്രകാരമാണ്‌ നടന്നത്‌.പ്രായപൂര്‍ത്തിയായപ്പോള്‍ കടിഞ്ഞാണ്‍ ഞങ്ങള്‍ക്കു വിട്ടു തരികയും ചെയ്തു.

ഹിന്ദു-മുസ്ലീം മെജോറിറ്റി ഉള്ള സ്ഥലത്താണ്‌ ഞങ്ങള്‍ താമസിച്ചിരുന്നത്‌.അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലുമൊക്കെ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അക്കാലത്തെ ഏറ്റവും വലിയ പേടിസ്വപ്നം പള്ളിയില്‍ പോക്കായിരുന്നു.മിനിമം ഒരു മണിക്കൂര്‍ നേരം , പ്രാര്‍ത്ഥിച്ച കാര്യം തന്നെ തന്നെം പിന്നേം പറഞ്ഞുകൊണ്ടിരിക്കും. പറയുന്ന എനിക്കു തന്നെ ബോറടിക്കും..പിന്നല്ലേ ഇതിങ്ങനെ കേട്ടുകൊണ്ടിരിക്കുന്ന ദൈവത്തിന്‌.. പ്രാര്‍ത്ഥന നമ്മുടെ മനസിലുണ്ടെങ്കില്‍ അതു ദൈവത്തിനു മനസ്സിലാവില്ലേ.. അതിങ്ങനെ വീണ്ടും വീണ്ടും അലറിക്കൂവി പറഞ്ഞാല്‍ മാത്രമേ ദൈവം പരിഗണിക്കുകയുള്ളോ...ഇങ്ങനെ പല ചോദ്യങ്ങളും വേദപാഠം ക്ലാസ്സില്‍ വച്ചു ക്ലിയര്‍ ചെയ്യാന്‍ നോക്കി. അതിനെല്ലാം 'അരിയെത്ര.പയറഞ്ഞാഴി പോലുള്ള' ഉത്തരങ്ങളാണ്‌ കിട്ടിയത്‌. ക്രിസ്തു ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌,ബൈബിളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്‌ എന്നൊക്കെ. അതു മാത്രമല്ല പള്ളിയുടെ പല രീതികളും ഒരു ദേവാലയത്തിന്‌‍ യോജിച്ചതാണെന്ന്‌ എനിക്കു തോന്നിയിരുന്നില്ല. ക്രിസ്തുവാണ്‌ യഥാര്‍ത്ഥ ദൈവമെങ്കില്‍ അങ്ങാട്ടേയ്ക്കെത്താന്‍ ഇത്തരത്തിലുള്ള ഇടനിലക്കാര്‍ ആവശ്യമാണോ എന്നൊരു വലിയ ചോദ്യത്തോടെയാണ്‌‌ വേദപാഠപഠനം അവസാനിച്ചത്‌.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മതത്തിലും ഈ ഇടനിലക്കാരുണ്ടെന്നു പിന്നീട്‌ മനസ്സിലായി.

ഈ മതങ്ങളൊക്കെ ചുമ്മാതാണ്‌, ശരിക്കും ദൈവം ആരാണന്ന്‌ ആര്‍ക്കും അറിയില്ല എന്നൊക്കെ പതുക്കെ പതുക്കെ തോന്നിതുടങ്ങി.മതത്തെ പറ്റി എറ്റവും തൃപ്തികരമായ ഒരുത്തരം കിട്ടിയത്‌ ഇതാണ്‌- മതം എന്നാല്‍ അഭിപ്രായമാണ്‌. അതായത്‌ ദൈവം ഇങ്ങനെയൊക്കെയായിരിക്കാം എന്നുള്ള അഭിപ്രായം.ഉറപ്പൊന്നുമില്ല. എതാണ്‌ കുരുടന്‍ ആനയെ കണ്ടതു പോലെയാണ്‌ ഓരോ മതക്കാരും ദൈവത്തെ വര്‍ണ്ണിക്കുന്നത്‌. അതുകൊണ്ടു തന്നെ ഒരു മതത്തിനു വേണ്ടിയും രക്തം തിളപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. ശരിയോ തെറ്റോ എന്നറിയാത്ത ഒരു കാര്യത്തിനു വേണ്ടി എന്റെ എനര്‍ജി എന്തിനു കളയണം.. പത്തു പേര്‍ എന്റെ ചുറ്റുമിരുന്ന്‌ പതിനഞ്ചു തരത്തില്‍ ദൈവത്തെ വ്യാഖ്യാനിച്ചാലും എന്നെ അതു ബാധിക്കില്ല.നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..അതു തന്നെ..

അങ്ങനെ മതങ്ങള്‍ടെ കാര്യത്തില്‍ ഒരു തീരുമാനമായി.ഇനി എനിക്കൊരു ദൈവത്തെ വേണം.ദൈവമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ട്‌. ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊരു ദൈവത്തിനെ വേണം. അതെന്റെ ആവശ്യമാണ്‌. ഞാനെന്തെങ്കിലും തെറ്റു ചെയ്യുമ്പോള്‍ ;ഒക്കെ നീ കാരണമാണ്‌; എന്നു കുറ്റപ്പെടുത്താന്‍, ഏതെങ്കിലും പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ ഓടിവന്നു സഹായിക്കാന്‍ എന്നുവേണ്ട എനിക്കു വേണ്ടി മാത്രം നിലകൊള്ളുന്ന അമാനുഷികശക്തിയുള്ള ഒരു ദൈവം.അതിനങ്ങനെ രൂപമോ ഭാവമോ ഒന്നും വേണ്ട. മഥുരയിലെ അമ്പലത്തിലാണെന്നു തോന്നുന്നു, കൃഷ്ണന്റെ വിഗ്രഹം വല്ലപ്പോഴുമൊക്കെയേ ഭക്തര്‍ക്കായി തുറന്നു കൊടുക്കൂ. അതിലെ ആഭരണങ്ങള്‍ ആരെങ്കിലും മോഷ്ടിച്ചു കൊണ്ടു പോവുംന്ന്‌ പേടിയാണത്രേ. അങ്ങനെ മനുഷ്യനെ പേടിച്ച്‌ ഒളിച്ചിരിക്കേണ്ട ഗതികേട്‌ എന്റെ ദൈവത്തിനില്ല. തിരുപ്പതീലെ കഥ മറ്റൊന്നാണ്‌. സ്വന്തമായി എത്ര സ്വത്തുവകകളുണ്ടെന്ന്‌ ദൈവത്തിന്‌ യാതൊരു പിടിയുമില്ല. ദാരിദ്ര്യം മാറ്റിത്തരണംന്നു അപേക്ഷിക്കാന്‍ വേണ്ടിയൊക്കെ ഭക്തരെത്തുന്ന സ്ഥലമാണതെന്നോര്‍ക്കണം. എന്റെ ദൈവത്തിന്‌ ഇത്തരം ആശയക്കുഴപ്പങ്ങളൊന്നുമില്ല.തൊണ്ട പൊട്ടി പ്രാര്‍ത്ഥിച്ചാല്‍ മാതമേ ചെവി കെള്‍ക്കൂ എന്ന കുറവും എന്റെ ദൈവത്തിനില്ല. ദൈവത്തിനു വേണ്ടിയുണ്ടാക്കിയ so-called ആരാധനാലയങ്ങളിലുള്ള ഹാജര്‍ പരിശോധിച്ച്‌ എന്നെ വിധിക്കുന്ന ഒരാളല്ല ഈ ദൈവം. ഇന്ന ദിവസം ഞാന്‍ ചിക്കന്‍ കഴിച്ചു, അടുത്ത ദിവസം ഞാന്‍ പച്ചക്കറിയെ കഴിച്ചുള്ളൂ അല്ലെങ്കില്‍ അതിന്റടുത്ത ദിവസം ഞാന്‍ പട്ടിണി കിടന്നു-ഇതൊന്നും എന്റെ ദൈവത്തിനു വിഷയമല്ല. ഞാനെന്തു കുപ്പായമാണിട്ടത്‌ എന്നു നോക്കി എനിക്കു തരുന്ന അനുഗ്രഹങ്ങളില്‍ ഈ ദൈവം ഒരു കുറവും വരുത്തില്ല. അപ്പപ്പോള്‍ വായില്‍ വരുന്ന ദൈവങ്ങളുടെ പേരാണ്‌ ഞാന്‍ ഈ ദൈവത്തെ വിളിക്കുക. ഞാന്‍ ഏതു ആരാധനാലയങ്ങളില്‍ പോയാലും ദൈവത്തിനൊരു പരാതിയുമില്ല. അമ്പലങ്ങളിലെ നിശബ്ദത എനിക്കിഷ്ടമാണ്‌. ആളൊഴിഞ്ഞ പള്ളിയിലെ ഏകാന്തതയും. ഇതൊക്കെ എന്റെ ദൈവത്തിനറിയാം.ചുരുക്കിപ്പറഞ്ഞാല്‍ എന്റെ സ്വാര്‍ത്ഥപരമായ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഞാന്‍ ഡിസൈന്‍ ചെയ്തുണ്ടാക്കിയ ഒരു ദൈവം. അതു കൊണ്ടു തന്നെ ഈ ദൈവത്തിനു വേണ്ടി ഞാന്‍ ഒരു ശുപാര്‍ശയും നടത്തില്ല. വാദിക്കുകയുമില്ല. എന്റെതു മാത്രമായി എനിക്കു വേണ്ടി മാത്രമായി ആ ദൈവം നിലകൊള്ളട്ടെ.

ഇനി എന്റെ പ്രിയപ്പെട്ട ദേവാലയം;ജീവിതത്തിന്റെ നല്ലൊരു ഭാഗവും ത്രിച്ഛംബരം ക്ഷേത്രത്തിന്റെയും രാജരാജേശ്വരി ക്ഷേത്രത്തിന്റെയും പരിസരപ്രദേശങ്ങളിലാണ്‌ ഞാന്‍ കഴിച്ചു കൂട്ടിയത്‌. പിന്നെ ചുറ്റുവട്ടത്ത്‌ കുറച്ചു മുസ്ലീം പള്ളികളും ഒരു കൃസ്ത്യന്‍ പള്ളിയും.അത്രേം കാലത്തെ പരിചയം കൊണ്ട്‌ ആ ആരാധനാലയങ്ങളെ ഞാനിഷ്ടപ്പെട്ടു പോവേണ്ടതാണ്‌. പക്ഷെ അന്നും ഇന്നും എന്റെ പ്രിയപ്പെട്ട ആരാധനാലയം പറശ്ശിനി മുത്തപ്പന്റമ്പലമാണ്‌. മുത്തപ്പന്‍ ആരാണെന്ന്‌ എനിക്കറിയില്ല. ഞാന്‍ ആരാധിക്കാറുമില്ല. പക്ഷെ ആ അമ്പലം എനിക്കു പ്രിയപ്പെട്ടതാണ്‌.ഒരു ആരാധനാലയത്തില്‍ നിന്നു ഞാനെന്തെക്കെയാണോ പ്രതീക്ഷിക്കുന്നത്‌ അതവിടെയുണ്ട്‌. എന്ററിവില്‍, അവിടെ മതവും ജാതിയുമൊന്നുമില്ല.ഭക്തര്‍ക്ക്‌ ഒരു ഡ്രസ്‌കോഡുമില്ല. പാവപ്പെട്ടവനോ പണക്കാരോ എന്ന് ഭേദമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും കൊടുക്കുന്ന പയറും ചായയും. അതു പോലെ തന്നെ ഉച്ചയ്ക്കത്തെ ഊണും.ആ ഒരമ്പലം കൊണ്ടു മാത്രം കഴിഞ്ഞു പോവുന്ന ഒരു പാടു ദരിദ്രകുടുംബങ്ങളുണ്ട്‌ എന്നു കേട്ടിട്ടുണ്ട്‌. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇങ്ങനത്തെ പുണ്യപ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കാന്‍ മനസ്സുണ്ടെങ്കില്‍ അതാണ്‌ ഏറ്റവും വലിയ ആരാധന.അല്ലാതെ ആ പണം കൊണ്ട്‌ ദൈവത്തിനു മാലയും വളയും വാങ്ങിയിടുന്നതല്ല.. എല്ലാവരെയും സമന്മാരായി കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അതാണ്‌ ഏറ്റവും വലിയ ദൈവികത്വം. ജാതിമതഭേദമില്ലാതെ അവിടെ വന്നുപോകുന്ന ആള്‍ക്കരുടെ ഇടയിലൂടെ പറശ്ശിനി അമ്പലത്തിന്റെ ഉള്ളിലൂടെ നടന്ന്‌ അപ്പുറത്തെ വാതിലും കടന്ന്‌ കണ്ണഞ്ചിക്കുന്ന തിളക്കത്തോടെ ഒഴുകുന്ന പുഴയും നോക്കി നില്‍ക്കുമ്പോള്‍ കിട്ടുന്ന ആ ഒരു സമാധാനം...അതിനു തുല്യമായി ഈ ലോകത്തില്‍ മറ്റൊന്നുമില്ല..

Sunday, March 23, 2008

എന്റെ കണ്ണൂര്‍..

ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം. കണക്കുമാഷ്‌ ക്ലാസ്സിലേക്ക്‌ കയറിവന്നത്‌ പതിവില്ലാത്ത ഗൗരവത്തോടെയായിരുന്നു.

"നിങ്ങള്‍ടെ ഒരു സഹപാഠി ബസില്‍ നിന്നു വീണ്‌ രണ്ടു ദിവസമായി ആശുപത്രിയിലാണ്‌. അത്‌ ഇവിടെ എത്രപേര്‍ക്കറിയാം?" എല്ലാവരും കൈ പൊക്കി.

"എന്നിട്ട്‌ എത്ര പേര്‍ അവിടെ പോയി ആ കുട്ടിയെ കണ്ടു?" ഒരു കൈ പോലും ഉയര്‍ന്നില്ല.പോയികാണേണ്ട ആവശ്യമുണ്ടെന്ന്‌ ഞങ്ങള്‍ക്കാര്‍ക്കും തോന്നിയിരുന്നില്ല എന്നതാണ്‌ സത്യം.

"നിങ്ങളിലൊരാളാണ്‌ ആ കുട്ടിയും. എന്നിട്ടും അവിടെ വരെ പോയി ആ കുട്ടിയെ ആശ്വസിപ്പിക്കണമെന്ന്‌ ഒരാള്‍ക്കു പോലും തോന്നിയില്ലല്ലോ. ആദ്യം പഠിക്കേണ്ടത്‌ നല്ല മനുഷ്യരാവാനാണ്‌. അതു കഴിഞ്ഞു മതി കണക്കും സയന്‍സുമൊക്കെ.." ദേഷ്യം കൊണ്ട്‌ കൂടുതല്‍ പറയാനാവാതെ ചോക്കും വലിച്ചെറിഞ്ഞ്‌ മാഷ്‌ ക്ലാസില്‍ നിന്നിറങ്ങിപ്പോയി.

അത്രയും ദേഷ്യപ്പെട്ട്‌ മാഷിനെ കാണുന്നത്‌ ആദ്യമായിട്ടായിരുന്നു. മാപ്പുപറഞ്ഞ്‌ തിരിച്ചു വിളിക്കാനുള്ള ധൈര്യം പോലും ആര്‍ക്കുമുണ്ടായിരുന്നില്ല. എന്തായാലും അന്നു വൈകുന്നേരം ഏകദേശം അന്‍പതിലേറെ കുട്ടികള്‍ ഗവണ്‍മെന്റാശുപത്രിയിലെത്തി.ഒരുമിച്ച്‌ കടത്തിവിടാത്തതു കൊണ്ട്‌ ചെറിയ ചെറിയ ഗ്രൂപ്പുകളായി പോയി കൂട്ടുകാരിയെ കണ്ടു.സ്കൂളിലെ കാര്യങ്ങളൊക്കെ സംസാരിച്ചു. ആബ്സന്റായ ദിവസങ്ങളിലെ നോട്സ്‌ ഒക്കെ ഞങ്ങള്‍ എല്ലാരും കൂടി എഴുതിക്കൊടുക്കാം എന്നുറപ്പും കൊടുത്തു. പിറ്റേ ദിവസം സ്റ്റാഫ്‌റൂമില്‍ പോയി മാഷിനോടു മാപ്പുപറയാന്‍ ആര്‍ക്കും ഒരു ധൈര്യക്കുറവുമില്ലായിരുന്നു. ഞങ്ങള്‍ടെ തെറ്റു തിരുത്തിയല്ലോ. അതു മാത്രമല്ല , എല്ലാവരും മാഷു പറഞ്ഞ പോലെ തന്നെ നല്ല മനുഷ്യരാവുകയും ചെയ്തു. പിന്നെന്താ പേടിക്കാന്‍..

ഈ സംഭവം ഇപ്പോഴും മായാതെ മന‍സ്സില്‍ കിടക്കുന്നതു കൊണ്ടാവാം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ വാര്‍‍ത്തകള്‍‍ കാണാന്‍ പോലും എനിക്കു ഭയമാണ്‌. കൊന്നവനാ കൊല്ലപ്പെട്ടവനോ വെട്ടിയവനോ വെട്ടേറ്റവനോ എന്റെ ആ പഴയ സഹപാഠികളിലൊരാളായിരിക്കാം. നല്ല മനുഷ്യനായി മാറി എന്ന അഭിമാനത്തോടെ അന്നു മാഷിന്റെ മുന്‍പില്‍ നിന്ന ഒരുവന്‍ ഇപ്പോള്‍ പിശാചായി മാറിയെന്ന വാര്‍ത്ത -അതു താങ്ങാന്‍ കഴിയില്ല.

ഇത്‌ അപരിചിതര്‍ തമ്മിലുള്ള പോരാട്ടമല്ല.

ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍..

സ്വാതന്ത്ര്യദിനത്തിന്റെ അന്ന്‌ വട്ടത്തിലിരുന്ന്‌ എല്ലാവരുടെയും വീട്ടില്‍ നിന്നു കൊണ്ടുവന്ന ഭക്ഷണം നടുക്കു വച്ച്‌ ഒരേ പാത്രത്തില്‍ നിന്നു കഴിച്ച്‌ പന്തിഭോജനം നടത്തിയവര്‍..

ഒരേ മനസായി സ്കൂള്‍ പരിസരം വൃത്തിയാക്കി സേവനദിനം ആചരിച്ചവര്‍..

കൈയൊടിഞ്ഞ്‌ എഴുതാന്‍ കഴിയാതിരിക്കുന്ന സഹപാഠിക്ക്‌ ഊഴമിട്ട്‌ നോട്സ്‌ എഴുതിക്കൊടുത്തവര്‍..

എങ്ങാനും സ്കൂളില്‍ നിന്നിറങ്ങാന്‍ വൈകിയാല്‍ ഒറ്റയ്ക്കു വിടതെ കൂട്ടു വന്നിരുന്ന സഹോദരതുല്യര്‍..
അതായിരുന്നു ഞങ്ങള്‍. മതമോ രാഷ്ട്രീയമോ ഞങ്ങള്‍ക്കിടയിലില്ലായിരുന്നു.

എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്‌. വെള്ളിയാഴ്ച ദിവസം ഞങ്ങള്‍ടെ ക്ലാസിലെ മുസ്ലീം കുട്ടികള്‍ക്ക്‌ പള്ളിയില്‍ പോകണമായിരുന്നു. ഒരിക്കല്‍ പോലുമാവശ്യപ്പെട്ടിട്ടില്ലെങ്കിലും ആ കുട്ടികള്‍ പോയി വരുന്നതു വരെ ഞങ്ങള്‍ക്ക്‌ ക്ലാസ്സെടുക്കില്ലായിരുന്നു.കാരണം അത്രയും സമയത്തെ ക്ലാസ്സ്‌ അവര്‍ക്കു നഷ്ടപ്പെടരുതെന്ന്‌ ഞങ്ങള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. ആ സമയം വെറുതെ കളയാതിരിക്കാന്‍ വേണ്ടി അവര്‍ വരുന്നതു വരെയുള്ള സമയത്ത്‌ ഞങ്ങള്‍ പത്രപാരായണം നടത്തും. അതേ പോലെ തന്നെ അമ്പലത്തില്‍ ഉത്സവത്തിന്റെ കൊടിയേറ്റിനും. പരസ്പരം വിശ്വാസങ്ങളെ സഹിഷ്ണുതയോടെ ആദരിച്ച കുട്ടികളായിരുന്നു ഞങ്ങള്‍. ആ സമയത്ത്‌ നാട്ടില്‍ കൊലപാതകങ്ങളെപറ്റി കേള്‍ക്കുമ്പോള്‍ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഞങ്ങളെല്ലാവരും വിഷമിച്ചിരുന്നു. തോളില്‍ കയ്യിട്ടു നടന്നവനെ കൊല്ലാന്‍ തോന്നിക്കുന്ന ഒരു വിശ്വാസപ്രമാണവും ഞങ്ങള്‍ക്കു മനസ്സിലായിരുന്നില്ല. എന്തായാലും ഒന്നുറപ്പായിരുന്നു. ഈ ക്രൂരതകളൊക്കെ അവസാനിക്കും. ഇനിയത്തെ തലമുറ ഞങ്ങളുടേതാണ്‌. പരസ്പരം കൊല്ലാന്‍ പോട്ടെ വെറുതേ ഒന്നുപദ്രവിക്കാന്‍ പോലും ഞങ്ങള്‍ക്കാവില്ല. കാരണം മാഷു പറഞ്ഞതു പോലെ, ഞങ്ങളെല്ലവരും നല്ല മനുഷ്യരാണല്ലോ..

ഇന്നിപ്പോള്‍ ഓരോ ദിവസവും രാഷ്ട്രീയകൊലപാതകവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒന്നു മനസ്സിലാകുന്നു. തലമുറ മാറിമറിഞ്ഞിട്ടും ഇത്തരം ക്രൂരതകള്‍ക്ക്‌ ഒരു കുറവുമില്ല. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും മാത്രം പഠിച്ചു വളര്‍ന്ന കുട്ടികള്‍ക്ക്‌ എപ്പഴോ അപകടകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു . നല്ല മനുഷ്യരാകാന്‍ പഠിപ്പിക്കുന്ന അധ്യാപകനെ തന്നെ തുണ്ടുതുണ്ടായി വെട്ടിക്കൊല്ലുന്നു. ഉറ്റചങ്ങാതിയെ പതിയിരുന്ന്‌ ആക്രമിക്കുന്നു. നിറഞ്ഞ സ്നേഹത്തോടെ തനിക്കും കൂടി ഭക്ഷണം കൊടുത്തുവിട്ടിരുന്ന കൂട്ടുകാരന്റെ അമ്മയെ സ്വന്തം മകന്റെ കൊലപാതകത്തിന്‌ ദൃക്‌സാക്ഷിയാക്കുന്നു. ഒറ്റയ്ക്കു വിട്ടാല്‍ ആരെങ്കിലും ഉപദ്രവിച്ചാലോ എന്നു പേടിച്ച്‌ കൂട്ടു പോയിരുന്ന പെണ്‍കുട്ടികളെ അവരുടെ പ്രിയപ്പെട്ടവരെ കൊന്നൊടുക്കികൊണ്ട്‌ കണ്ണീരിലേക്കു തള്ളിവിടുന്നു. വിശ്വാസങ്ങളുടെ പേരില്‍ ഒരുപാടു ജീവിതങ്ങള്‍ തകര്‍ത്തെറിയുന്നു.

വിശ്വാസപ്രമാണങ്ങള്‍ക്ക്‌ ജീവനേക്കാള്‍ വിലകല്‍പ്പിക്കുന്ന ജനത; ഇവിടെ വിശ്വാസങ്ങള്‍ വികാരങ്ങളും വികാരങ്ങള്‍ വിക്ഷോഭങ്ങളുമാകുന്നു -എന്നു കണ്ണൂരിനെ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്‌.

എന്റെ സുഹൃത്തുക്കളേ, വിശ്വാസത്തില്‍ നിന്നും വിക്ഷോഭത്തിലേക്കുള്ള ആ മനംമാറ്റത്തിനിടയില്‍ ഒരിക്കലെങ്കിലും ഒന്നു ശാന്തമായി ചിന്തിക്കൂ. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആദരിക്കാനല്ലേ നമ്മള്‍ ശീലിച്ചിരുന്നുള്ളൂ. ജീവിതത്തേക്കാള്‍ വലുതാണോ കൊല്ലാനും ചാവാനും തോന്നിപ്പിക്കുന്ന ഈ വിശ്വാസപ്രമാണങ്ങള്‍? ചോരയില്‍ കുതിര്‍ന്ന്‌ ഉയര്‍ന്നു പറക്കുന്ന കൊടികള്‍ക്കപ്പുറം എന്നെന്നേക്കുമായി കണ്ണീരില്‍ മുങ്ങുന്ന ജീവിതങ്ങളുണ്ട്‌. കൊന്നവനും മരിച്ചവനും ജീവിതം സമര്‍പ്പിച്ച കൊടിയുടെ നിറം എന്തായാലും രണ്ടു കൂട്ടരുടെയും പ്രിയപ്പെട്ടവരുടെ കണ്ണുനീരിന്‌ ഒരെ നിറമാണ്‌. ഓരോ തവണയും നാട്ടില്‍ ഇത്തരം കൊലപാതകപരമ്പരകള്‍ നടക്കുമ്പോള്‍ വീട്ടുകാര്‍ക്കൊന്നും പറ്റിയിട്ടില്ലാ എന്നോര്‍ത്ത്‌ ആശ്വസിക്കാന്‍ ശ്രമിക്കുന്ന എന്നെപോലുള്ള അനേകായിരം ജനങ്ങളുണ്ടിവിടെ. നിങ്ങളില്‍ ആര്‌ ആരെ വെട്ടിയാലും മുറിവേല്‍ക്കുന്നത്‌ ഞങ്ങളുടെ, നമ്മുടെ നാടിന്റെ സമാധാനത്തിനാണ്‌.അതുകൊണ്ട്‌ ആരാണ്‌ തുടങ്ങി വച്ചതെന്നോ ആരാണ്‌ ഈ വിദ്വേഷത്തെ വളര്‍ത്തി വലുതാക്കിയതെന്നോ ഉള്ള കണക്കെടുപ്പിലേക്കു പോകാതെ, ലാഭനഷ്ടങ്ങളെ പറ്റി ചിന്തിക്കാതെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ഈ നാടിനു വേണ്ടി ദയവു ചെയ്ത്‌ ഇത്തരം ക്രൂരതകള്‍ നിര്‍ത്തണം . വിശ്വാസപ്രമാണങ്ങള്‍ നിങ്ങളുടെ സ്വബോധത്തെ കീഴടക്കുന്നതിനു മുന്‍പ്‌ സമാധാനപൂര്‍ണ്ണമായ ഒരു നല്ല നാളെയെ സ്വപ്നം കണ്ട്‌ കഴിഞ്ഞിരുന്ന നമ്മുടെ ആ പഴയ കാലം ഓര്‍ത്തെങ്കിലും..

Monday, February 11, 2008

മൗനത്തിന്റെ അര്‍ത്ഥം..

ദില്ലിഹാട്ടിലൂടെ വെറുതെ ചുറ്റിക്കറങ്ങി നടക്കുന്നതിനിടയിലാണ്‌ ആ കുട്ടി എന്റെ ശ്രദ്ധയില്‍ പെട്ടത്‌. കഷ്ടിച്ച്‌ ഒരു മൂന്നു വയസ്സു പ്രായം വരും. മറ്റു കുട്ടികളുടെ കൂടെ കളിച്ചു തിമിര്‍ക്കുകയാണ്‌. അവരു‍ടെ കൂടെവന്നവരൊക്കെ അങ്ങിങ്ങായി ഇരുന്നു വിശ്രമിക്കുന്നുണ്ട്‌. മറ്റു കുട്ടികളില്‍ നിന്നു വ്യത്യസ്തായി ഈ കുഞ്ഞിനു മാത്രം എന്തോ ഒരു പ്രത്യേകത എനിക്കു തോന്നി.സാധാരണ കുട്ടികള്‍ ഇടയ്ക്കിടയ്ക്കൊക്കെ കൂടെ വന്നിരിക്കുന്നവരെ നോക്കി ചിരിക്കുകയോ മറ്റോ ചെയ്യും. ഈ കുഞ്ഞു മാത്രം കൂടെ വന്നവരെ ഒന്നു നോക്കുക പോലും ചെയ്യാതെ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. 'ഇനിയിപ്പം കൂടെ ആരും ഇല്ലാത്തതു കൊണ്ടാണോ'- എനിക്ക്‌ വെറുതേ ഓരോരോ സംശയങ്ങള്‍ തോന്നാന്‍ തുടങ്ങി. ഞാന്‍ എന്റെ സംശയം കൂട്ടുകാരിയോടും പറഞ്ഞു.അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി അവിടിരുന്ന്‌ ആ കുട്ടിയെ നിരീക്ഷിക്കാന്‍ തുടങ്ങി..കുറെ സമയം കഴിഞ്ഞിട്ടും അവന്റെ അടുത്തേക്കു മാത്രം ആരും ചെല്ലുന്നില്ല.ലക്ഷണം വെച്ചു നോക്കുമ്പോള്‍ ഈ കുഞ്ഞ്‌ കൂട്ടം തെറ്റിവന്നതാവാനാണ്‌ സാധ്യത. എന്നാല്‍ അതങ്ങുറപ്പിക്കാനും പറ്റുന്നില്ല. വെറുമൊരു സംശയത്തിന്റെ പേരില്‍ അവിടെ കൂടിയിരിക്കുന്ന ഓരോരുത്തരോടും പോയി 'ആ കുഞ്ഞ്‌ നിങ്ങള്‍ടെയാണോ' എന്നൊന്നും ചോദിക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ പതുക്കെ കുട്ടിയുടെ അടുത്ത്‌ ചെന്ന്‌ കുപ്പായത്തിലെക്കൊക്കെ ഒന്നെത്തി നോക്കി. എന്റെ കസിന്‍കുട്ടികളെയൊക്കെ ഇങ്ങനെ വല്ല തിരക്കിലും കൊണ്ടുപോകുമ്പോള്‍ ഒരു പേപ്പറില്‍ പേരും കോണ്ടാക്ട്‌ നമ്പറുമൊക്കെ എഴുതി ഡ്രസ്സില്‍ പിന്‍ ചെയ്തു വയ്ക്കാറുണ്ട്‌. എങ്ങാനും കാണാതെ പോയാല്‍ അറിയിക്കാന്‍ വേണ്ടി. ഈ കുഞ്ഞിന്റെ കാര്യത്തിലാണെങ്കില്‍ അതുമില്ല. സമയം ഇരുട്ടിതുടങ്ങി. തിരക്കു കൂടിക്കൂടി വരികയാണ്‌. ഞങ്ങള്‍ക്കും തിരിച്ചു വീട്ടിലെത്താനുള്ളതാണ്‌. ഇങ്ങനൊരു സംശയം തോന്നിയ സ്ഥിതിയ്ക്ക്‌ ആ കുഞ്ഞിനെ അവിടെ വിട്ടിട്ടു പോവാനും ഒരു വിഷമം.ഒരുപക്ഷേ ഞങ്ങളുടെ സംശയം ശരിയാണെങ്കിലോ..


അവസാനം ഞാന്‍ ഒന്നു ദില്ലിഹാട്ടു മുഴുവന്‍ കറങ്ങിവരാംന്നു തീരുമാനിച്ചു. കുട്ടി ശരിക്കും മിസ്സിംഗ്‌ ആണെങ്കില്‍ കൂടെയുള്ളവര്‍ ഈ സമയം കൊണ്ട്‌ അതറിഞ്ഞിരിക്കണം. നെഞ്ചത്തടീം നിലവിളീമായി നില്‍ക്കുന്ന ഒരമ്മയെ കണ്ടുപിടിയ്ക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാവില്ല. ഇനി അങ്ങനെ ആരേയും കണ്ടില്ലെങ്കില്‍ ഞങ്ങള്‍ടെ സംശയം തെറ്റാണെന്നുള്ള സമാധാനത്തോടെ തിരിച്ചു പോകാമല്ലോ.ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു തിരയാനിറങ്ങിയാല്‍ തിരിച്ചു വരുമ്പോഴേയ്ക്കും ആ കുഞ്ഞ്‌ വല്ല വഴിയ്ക്കും പോയാലോ.അതുകൊണ്ട്‌ കൂട്ടുകാരി അവിടെ തന്നെ ഇരിയ്ക്കാന്‍ തീരുമാനിച്ചു.


വിചാരിച്ചത്ര എളുപ്പമായിരുന്നില്ല ആ തിരച്ചില്‍. നല്ല തിരക്ക്‌..അതിനിടയ്ക്ക്‌ എവിടെയൊക്കെ പോയി നോക്കാന്‍ പറ്റും..നടന്ന്‌ മടുത്ത്‌ അവസാനം ഞാന്‍ സെക്യൂരിറ്റിയുടെ അടുത്തു പോയി ഇക്കാര്യം പറയാംന്നു വെച്ചു. കാര്യം 'ഒരു കുട്ടി മിസ്സിംഗ്‌ ആണെന്നു കംപ്ലെയ്‌ന്റ്‌ കിട്ടീട്ടുണ്ടോ' എന്നങ്ങു ചോദിച്ചാല്‍ മതി. പക്ഷെ അങ്ങനൊരു കംപ്ലെയ്‌ന്റും ഇല്ലെങ്കില്‍ ഞാനെന്തിന്‌ അങ്ങനെ ചോദിച്ചു എന്നുള്ളതിനൊക്കെ എക്സ്പ്ലനേഷന്‍ കൊടുക്കേണ്ടി വരില്ലേ.. .'ചുമ്മാ .എനിക്കങ്ങനെ തോന്നി' എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. ഞാനാകെ ആശയക്കുഴപ്പത്തിലായി നില്‍ക്കുമ്പോഴാണ്‌ അതു കണ്ടത്‌. ഒരു സെക്യൂരിറ്റി ചേട്ടനും, കൂടെ ആകെ ടെന്‍ഷനടിച്ച്‌ ഒരു സ്ത്രീയും അവിടൊക്കെ ഓടിനടക്കുന്നു. അപ്പോള്‍ എന്റെ സംശയം ശരിയാണ്‌. പോയി ചോദിച്ചപ്പോള്‍ അതു തന്നെ സംഭവം. ആ ചേച്ചീടെ കയ്യില്‍ നിന്നു വിട്ടു പോയതാണ്‌. തിരക്കിനിടയില്‍ കാണാതാവുകയും ചെയ്തു. അവര്‍ ആ കുഞ്ഞിനെ കാണാതായ സ്ഥലത്തു തന്നെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്‌. കുഞ്ഞാകട്ടെ ഇതൊന്നുമറിയാതെ ദില്ലിഹാട്ടിന്റെ മറ്റേ അറ്റത്തെത്തി കളിച്ചുതിമിര്‍ക്കുകയാണ്‌.


ഞാന്‍ അവരെയും കൂട്ടിക്കൊണ്ട്‌ സംഭവസ്ഥലത്തെത്തി. അവിടെ കുഞ്ഞിനെയും എടുത്തു പിടിച്ച്‌ കൂട്ടുകാരി അക്ഷമയോടെ കാത്തുനില്‍ക്കുന്നുണ്ട്‌. കുഞ്ഞാണെങ്കില്‍ സര്‍വ്വശക്തിയുമെടുത്ത്‌ ആ പിടിയില്‍ നിന്ന്‌ രക്ഷപെടാന്‍ നോക്കുന്നുണ്ട്‌.എങ്ങോട്ടോ ഓടിപ്പോവാന്‍ തുടങ്ങീപ്പോ ബലമായി പിടിച്ചു വെച്ചതാണ്‌. . അമ്മയെ കണ്ടതും കുഞ്ഞ്‌ വേഗം അങ്ങോട്ടു ചാടി.കൊച്ചും അമ്മേം കുഞ്ഞും കൂടി ആകെപ്പാടെ ഉമ്മകൊടുക്കലും ബഹളവും.ഇത്തിരി കഷ്ടപ്പെട്ടാലെന്താ സംഭവം ഒരുവിധത്തില്‍ ഹാപ്പി എന്‍ഡിംഗ്‌ ആയിത്തീര്‍ന്നല്ലോ. ഞങ്ങള്‍ രണ്ടു പേരും എന്തോ വല്യ കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യത്തോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കി ചിരിച്ചോണ്ട്‌ നില്‍ക്കുകയാണ്‌. സെക്യൂരിറ്റിചേട്ടന്‍ ഞങ്ങളോട്‌ താങ്ക്സ്‌ ഒക്കെ പറഞ്ഞ്‌ തിരിച്ചു പോയി. ഇനി ആ ചേച്ചീടെ വകയായും ഒരു നന്ദിപ്രകടനം വേണമല്ലോ. ഒന്നുമില്ലേലും നഷ്ടപ്പെട്ടു പോയീന്നു കരുതിയ കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ തിരിച്ചു കൊടുത്തില്ലേ. ആ സ്ത്രീ ഞങ്ങളെ വെറുതെ നോക്കികൊണ്ടു നില്‍ക്കുകയാണ്‌. ഒന്നും മിണ്ടുന്നുമില്ല. കുറച്ചുനേരം അങ്ങനെ നോക്കി നിന്നിട്ട്‌ പെട്ടെന്ന്‌ തിരിഞ്ഞൊരു നടത്തം.ഒരു നന്ദി വാക്കു പോലും പറയാതെ .. ഞങ്ങള്‍ അന്തംവിട്ടു നിന്നു പോയി. ആ സ്ത്രീയോട്‌ അപ്പോള്‍ തോന്നിയ ദേഷ്യത്തിന്‌ കയ്യും കണക്കുമില്ല. ചെയ്തു കൊടുത്ത ഉപകാരത്തിന്‌ ഇതിലും മാന്യമായ ഒരു പെരുമാറ്റം ഞങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌.


പിന്നീട്‌ പലപ്പോഴും ഞങ്ങളുടെ സംഭാഷണങ്ങളില്‍ ആ നന്ദി കെട്ട സ്ത്രീ കടന്നു വന്നു. ആലോചിക്കുന്തോറും അവരോടുള്ള ദേഷ്യംകൂടിക്കൂടി വരികയായിരുന്നു.കൃത്യമായി പറഞ്ഞാല്‍ 2005-ലെ ദീപാവലിനാള്‍ വരെ ആ ദേഷ്യം അണുവിട കുറയാതെ ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുകയും ചെയ്തു.


2005-ലെ ദീപാവലിയുടെ തലേദിവസം വൈകുന്നേരം ഓഫീസില്‍ സെലിബ്രേഷന്‍ ഉണ്ടായിരുന്നു. ആദ്യം അതിലൊന്നും പങ്കെടുക്കുന്നില്ലാന്നു തീരുമാനിച്ചിട്ട്‌ അവസാനനിമിഷമാണ്‌ പ്ലാന്‍ മാറ്റി അവിടെ തന്നെ കൂടാന്‍ തീരുമാനിച്ചത്‌. പരിപാടികള്‍ക്കിടിടയ്ക്ക്‌ എപ്പഴോ ഫോണെടുത്തു നോക്കുമ്പോള്‍ അതില്‍ അമ്പതോളം മിസ്‌ഡ്‌ കോളുകള്‍!!മുഴുവനും വീട്ടുകാരുടേതാണ്‌.ഫോണ്‍ മ്യൂട്ടാക്കി ബാഗിലിട്ടതു കൊണ്ട്‌ അറിയാതെ പോയതാണ്‌.എന്താ കാര്യംന്നു ചോദിക്കാന്‍ പപ്പയെ വിളിച്ചപ്പോള്‍ ലൈന്‍ പോകുന്നില്ല. നെറ്റ്വര്‍ക്ക്‌ ജാം.അപ്പോഴേയ്ക്കും വാര്‍ത്തയെത്തി.ഡെല്‍ഹിയില്‍ മൂന്നിടങ്ങളില്‍ ബോംബ്‌ബ്ലാസ്റ്റുണ്ടായെന്നും ഇനിയും ഉണ്ടാവാവാന്‍ സാധ്യതയുണ്ടെന്നും..അതിലൊന്ന്‌ സരോജിനീ നഗര്‍ മാര്‍ക്കറ്റിലാണ്‌.ഞങ്ങള്‍ അന്ന്‌ ഓഫീസില്‍ നിന്ന്‌ നേരത്തെയിറങ്ങി ആ മാര്‍ക്കറ്റിലെക്കു പോകാന്‍ പ്ലാനിട്ടിരുന്നതാണ്‌.ഒരു സഹപ്രവര്‍ത്തകന്റെ കല്യാണത്തിന്റെ ഷോപ്പിംഗിന്‌. അതു മമ്മിയോടു പറയുകയും ചെയ്തിരുന്നു. പ്ലാന്‍ മാറ്റിയ കാര്യമൊട്ടു പറഞ്ഞുമില്ല.ഞങ്ങള്‍ അവിടെയായിരിക്കുംന്നു പേടിച്ച്‌ വീട്ടുകാര്‍ എന്നെ കോണ്ടാക്ട്‌ ചെയ്യാന്‍ ട്രൈ ചെയ്തുകൊണ്ടിരുന്നതാണ്‌ ആ മിസ്‌ഡ്‌ കോള്‍സ്‌ മുഴുവന്‍. ഞാന്‍ ഫോണെടുക്കത്തതു കൊണ്ട്‌ പപ്പയും മമ്മിയുമൊക്കെ ആധി പിടിച്ചു നടക്കുകയാണ്‌. സെയ്ഫാണെന്നറിയിക്കാന്‍ ഒരു മാര്‍ഗവുമില്ല. ഒടുക്കത്തെ നെറ്റ്വര്‍ക്ക്‌ ജാം. ഏതാണ്ട്‌ ഒരു മണിക്കൂറോളം ശ്രമിച്ചതിനു ശേഷമാണ്‌ വീട്ടിലെക്ക്‌ ലൈന്‍ കണക്ടായത്‌. അത്രേം നേരം പപ്പയും മമ്മിയും തീതിന്നോണ്ട്‌ ടി.വി.യും നോക്കിയിരിക്കുകയായിരുന്നു..എന്റെ പേരു കാണുന്നുണ്ടോ എന്നും നോക്കിക്കൊണ്ട്‌.


പപ്പയായിരുന്നു ഫോണെടുത്തത്‌.സാധാരണ പോലെ 'ഹലോ' എന്നൊന്നുമല്ല; ആകെ പേടിച്ചരണ്ട സ്വരത്തില്‍ 'ആരാ' എന്നൊരു ചോദ്യം മാത്രം... 'പപ്പാ ഇതു ഞാനാ' എന്നു പറഞ്ഞുകഴിഞ്ഞിട്ടും അപ്പുറത്തു നിന്നൊരു മറുപടിയുമില്ല .പപ്പ വെറുതെ ഫോണും പിടിച്ചു നില്‍ക്കുകയാണ്‌..ഒന്നും മിണ്ടുന്നില്ല.പപ്പ അത്രേം നേരം അനുഭവിച്ച ടെന്‍ഷന്‍ മുഴുവന്‍ ആ മൗനത്തിലൂടെ എനിക്കു മനസ്സിലായി. അപ്പോള്‍ എന്റെ മനസ്സിലെക്കോടിയെത്തിയത്‌ ദില്ലിഹാട്ടിലെ ആ അമ്മയുടെ പെരുമാറ്റമായിരുനു. കുഞ്ഞിനെ തിരിച്ചു കൊടുത്തതിന്‌ പകരമായി ഒരുവാക്കു പോലും പറയാതെ ഞങ്ങളെ വെറുതെ നോക്കിനിന്ന ആ അമ്മ. ആ മൗനത്തിലൂടെ , ആ ശൂന്യമായ നോട്ടത്തിലൂടെ ഞങ്ങളോട്‌ ഒരായിരം നന്ദികള്‍ പറയുകയായിരിക്കും അവര്‍ ചെയ്തത്‌. അവര്‍ക്ക്‌ തോന്നിയ ആശ്വാസവും കടപ്പാടും ഒരുപക്ഷെ വാക്കുകളില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്തതായിരിക്കും.ആ സംഭവത്തെ പറ്റി ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ തോന്നുന്നത്‌ കുറ്റബോധമാണ്‌.കുഞ്ഞിനെ നഷ്ടപ്പെട്ടു എന്നു വിചാരിച്ച്‌ ആ അമ്മയനുഭവിച്ച വേദനയ്ക്ക്‌ അവരോട്‌ ഒരാശ്വാസവാക്കു പോലും പറയാന്‍ പോലും എനിക്കു കഴിഞ്ഞില്ലല്ലോ..

Sunday, September 30, 2007

നയം വ്യക്തമാക്കുന്നു

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണുകയും അര മണിക്കൂര്‍ നേരം മാത്രം സംസാരിക്കുകയും ചെയ്ത ഒരാള്‍ക്ക്‌ ഇത്രയും നീണ്ട കത്തെഴുതുന്നതില്‍ ചെറിയ വിഷമമുണ്ട്‌. എന്നാലും പറയാനുള്ളത്‌ എപ്പഴായാലും പറയണമല്ലോ. അതെത്രയും വേഗമാകുന്നോ അത്രയും നല്ലത്‌. അതു കൊണ്ട്‌ നേരെ കാര്യത്തിലേക്കു കടക്കട്ടെ.

എന്നത്തേക്കു കല്യാണം വയ്ക്കണം എന്നു ചോദിച്ചു കൊണ്ട്‌ ഇന്നലെ വീട്ടില്‍ നിന്നു ഫോണ്‍ വന്നിരുന്നു. അവരോട്‌ മറുപടി പറയുന്നതിനു മുന്‍പ്‌ എനിക്കു ചില കാര്യങ്ങള്‍ പറയാനും അറിയാനുമുണ്ട്‌. ഇതു വരെ വന്ന പ്രൊപ്പോസല്‍സിലൊക്കെ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിച്ചിരുന്ന ഒരു കാര്യമുണ്ട്‌-സ്ത്രീധനം. അതിനെ പറ്റിയാണ്‌ എനിക്കറിയാനുള്ളത്‌. അങ്ങനെയൊന്നും ചോദിച്ചിട്ടില്ല; ഇഷ്ടമുള്ളത്‌ തന്നാല്‍ മതിയെന്നു പറഞ്ഞതായി അറിഞ്ഞു. തുറന്നു പറയട്ടെ; ഇങ്ങനെയൊരു ഉത്തരത്തിനു പകരം 'വേണം' അല്ലെങ്കില്‍ 'വേണ്ട' എന്നൊരു ഉറച്ച ഉത്തരം പറയാന്‍ പറ്റുമെങ്കില്‍ അതാണു നല്ലത്‌.അനാവശ്യമായ ഒരു ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. ഇതൊക്കെ കാര്‍ന്നോന്‍മാര് ‍തീരുമാനിക്കട്ടെ എന്നു പറഞ്ഞ്‌ ഒഴിഞ്ഞു മാറാന്‍ എനിക്കു പറ്റില്ല. കാരണം എന്റെ ഇതുവരെയുള്ള എല്ലാ കാര്യങ്ങളിലും ഞാന്‍ കൂടി ഇടപെട്ടാണ്‌ തീരുമാനമെടുത്തിരുന്നത്‌. ആ തീരുമാനങ്ങളിലൊക്കെ സാമ്പത്തികം ഒരു പ്രധാന മാനദണ്ഡമായിരുന്നു താനും.അതുകൊണ്ടു തന്നെ എന്റെ ജീവിതത്തെ ബാധിക്കുന്ന ഇത്രയും വലിയ ഒരു കാര്യം വരുമ്പോള്‍ കയ്യും കെട്ടി മാറി നിന്ന്‌ പറയുമ്പോള്‍ ഓടി വന്ന്‌ കല്യണം കഴിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്‌. ഇനി കുറച്ചു കൂടി വിശദമായി തന്നെ പറയാം.

തികച്ചും സാധാരണമായ ഒരു ഇടത്തരം കുടുംബമാണ്‌ എന്റേത്‌. എന്നു വച്ചാല്‍ പെട്ടെന്നു കുടുംബത്തിലാര്‍ക്കെങ്കിലും അസുഖമോ മറ്റത്യാവശ്യങ്ങളൊ വരുമ്പോള്‍ താളം തെറ്റുന്ന സാമ്പത്തിക നിലയുള്ള ഒരു കുടുംബം.അവിടേയ്ക്ക്‌ ഇത്രയും വലിയ ഒരു സാമ്പത്തികബാധ്യത വരുമ്പോഴുള്ള ബുദ്ധിമുട്ട്‌ ഊഹിക്കാന്‍ കഴിയുമല്ലോ??ഇനി അതല്ല, സാധാരണ അച്ഛനമ്മമ്മാര്‍ ചെയ്യുന്നതു പോലെ ആയകാലത്തു തന്നെ മക്കളുടെ വിവാഹത്തിനു വേണ്ട പണം ഒരു പക്ഷെ അവര്‍ കരുതി വച്ചിട്ടുണ്ടാവാം. എനിക്കറിയില്ല..പക്ഷെ അതു സ്വീകരിക്കാനും ചില ബുദ്ധിമുട്ടുകളുണ്ട്‌. ഒന്നമതായി ഇത്രയും പണം എന്റെ വീട്ടുകാര്‍ അങ്ങോട്ടു തരേണ്ടതെന്തിന്‌ എന്നെനിക്കു മനസ്സിലാകുന്നില്ല. ശരിയാണ്‌. ഒരു പെണ്‍കുട്ടി ജീവിതത്തിലേക്കു കടന്നു വരുമ്പോള്‍ അവളുടെ കാര്യം കൂടി നോക്കണം ..അതിനു കൂടുതല്‍ പണം വേണം.. ഈ ന്യായങ്ങളൊന്നും നമ്മുടെ കാര്യത്തില്‍ ബാധകമല്ലല്ലോ.. കാരണം എനിക്കു സ്വന്തമായി ഒരു ജോലിയുണ്ട്‌..വരുമാനമുണ്ട്‌...അതുകൊണ്ടു തന്നെ എന്റെ കടന്നു വരവ്‌ നിങ്ങള്‍ക്കൊരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും എന്നു തോന്നുന്നില്ല. ഇനി മുതിര്‍ന്നവര്‍ പറയാറുള്ള മറ്റൊരു വാദം—ഒരു കുടുംബജീവിതത്തിന്‌ അടിത്തറയിടാന്‍ ഈ പണം ഉപയോഗിക്കാം എന്ന്‌. പക്ഷെ അതു രണ്ടു കൂട്ടരുടെയും ചുമതലയല്ലേ?? ഒരാള്‍ മാത്രം മൂലധനമിറക്കിയ ഒരു ബിസിനസ്സില്‍ പിന്നീടുണ്ടാവുന്ന എല്ലാ കാര്യങ്ങളും സ്വാര്‍ത്ഥതയില്ലാതെ പങ്കുവയ്ക്കപ്പെടണം എന്നുപറയുന്നത്‌ ന്യായമാണോ??


സ്ത്രീധനം എന്നത്‌ അച്ഛ്നമ്മമാര്‍ സ്വന്തം മകള്‍ക്കു കൊടുക്കുന്ന ഒരു ഗിഫ്റ്റാണ്‌ എന്നു പറഞ്ഞ്‌ ന്യായീകരിക്കുന്നവരുണ്ട്‌. എന്തായാലും അത്രേം വലിയ ഒരു തുക സമ്മാനമായി തരാനുള്ള കഴിവൊന്നും എന്റെ അച്ഛനമ്മമാര്‍ക്കില്ല എന്നെനിക്കറിയാം. എന്നിട്ടും അവരത്‌ തരാന്‍ തയ്യാറായതിനു പിന്നില്‍, അതില്ലാതെ ഈ കല്യാണം നടക്കില്ല എന്ന നിസ്സഹായത മാത്രമാണ്‌ എനിക്കു കാണാന്‍ കഴിയുന്നത്‌. അതു മാത്രമല്ല, മക്കള്‍ക്കു വേണ്ടി പണമുണ്ടാക്കുന്ന യന്ത്രങ്ങള്‍ എന്ന നിലയിലല്ല ഞാനവരെ കാണുന്നത്‌. എനിക്കു വേണ്ടി ഇത്രയും കഷ്ടപ്പെട്ട അവര്‍ ഈ പ്രായത്തില്‍ വിശ്രമിക്കുന്നതിനു പകരം എന്റെ വിവാഹത്തിനു പണം സംഘടിപ്പിക്കാന്‍ വേണ്ടി ഓടി നടക്കുന്നത്‌ കാണാന്‍ ഒരു മകളെന്ന നിലയില്‍ എനിക്കു വിഷമമുണ്ട്‌.. എനിക്കു മാത്രമല്ല; സ്വന്തം കാലില്‍ നില്‍ക്കാനായി,ഇനിയെങ്കിലും രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്നാഗ്രഹിക്കുന്ന ഏതു പെണ്‍കുട്ടിക്കും അപമാനമാണ്‌ ഈയൊരവസ്ഥ.

ഇനി നിങ്ങള്‍ക്ക്‌ തീരുമാനിക്കാം. സ്ത്രീധനം വേണ്ട എന്നാണ്‌ തീരുമാനമെങ്കില്‍ ഈ എഴുതിയിരിക്കുന്ന കാര്യങ്ങളില്‍ ചിലതെങ്കിലും നിങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റി എന്ന്‌ എനിക്കാശ്വസിക്കാം. പുറമേ നിന്നൊരു സഹായവുമില്ലാതെ നമ്മള്‍ക്ക്‌ ജീവിക്കാന്‍ പറ്റും. ഇപ്പോള്‍ നമ്മുടെ കയ്യില്‍ എന്തൊക്കെയുണ്ട്‌ എന്നു കണക്കെടുക്കാതെ പൂജ്യത്തില്‍ നിന്നു തുടങ്ങാന്‍ ഞാന്‍ തയ്യാറാണ്‌.

ഇനി അതല്ല ‘സ്ത്രീധനം വേണം’ എന്നാണ്‌ നിങ്ങളുടെ നിലപാടെങ്കിലും ഞാന്‍ കുറ്റം പറയില്ല. കാരണം യാതൊരു കഷ്ടപ്പടുകളുമില്ലാതെ വെറുതെ കുറച്ചു പണം കിട്ടിയാല്‍ വേണ്ടാന്നു വയ്ക്കാനുള്ള മഹാമനസ്കതയൊന്നും എനിക്കുമില്ല.നമ്മളൊക്കെ സാധാരണ മനുഷ്യരല്ലേ. ക്രിസ്ത്യന്‍ രീതിയനുസരിച്ച്‌ കുടുംബസ്വത്തിന്റെ ഒരു ഭാഗം നിങ്ങള്‍ക്കു കിട്ടുമെന്ന കാര്യം ഞാന്‍ മറക്കുന്നില്ല. അതുകൊണ്ട്‌ നിങ്ങള്‍ക്കീ വിവാഹം ഒരു നഷ്ടക്കച്ചവടമായിപ്പോകാതിരിക്കാന്‍ ഞാന്‍ ഒരു മാര്‍ഗം നിര്‍ദ്ദേശിക്കുന്നു.നിലവില്‍ നമ്മളുടെ പക്കലുള്ള സ്വത്തിന്റെ കണക്ക്‌ നമുക്കു താരതമ്യം ചെയ്യാം..(ഭാവിയില്‍ കിട്ടാനിടയുള്ളവ ഇപ്പോള്‍ കണക്കിലെടുക്കേണ്ട. കാരണം അതു കിട്ടുമെന്ന്‌ ഉറപ്പൊന്നുമില്ലല്ലോ).എന്നിട്ട്‌ ആരുടെ ഭാഗത്താണോ സ്വത്ത്‌ കുറവുള്ളത്‌ അവര്‍ അത്രയും പണം മറ്റേയാള്‍ക്കു കൊടുക്കണം. അറിയാം നാട്ടില്‍ നടപ്പില്ലാത്ത കാര്യമാണെന്ന്‌. പക്ഷെ സ്വന്തമായി പണം കൈകാര്യം ചെയ്യുകയും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകള്‍ നന്നായിട്ടറിയുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക്‌ തുറന്നു പറയട്ടേ.. ഈ കച്ചവടത്തില്‍ ലാഭമുണ്ടായില്ലെങ്കിലും നഷ്ടമൊന്നും ഉണ്ടാവരുതെന്ന്‌ എനിക്ക്‌ നിര്‍ബന്ധമുണ്ട്‌.

ഇനി ഇക്കാര്യത്തില്‍ പെട്ടെന്നു തന്നെ ഒരു തീരുമാനമെടുക്കണം എന്നൊരു അപേക്ഷയുണ്ട്‌.ഈ കല്യാണം നടക്കുമോ ഇല്ലയോ എന്നറിഞ്ഞിട്ടു വേണം ലീവിന്‌ അപേക്ഷിക്കാന്‍.ചെയ്യാന്‍..ഷോര്‍ട്ട്‌ നോട്ടീസില്‍ കുറച്ചു ലീവ്‌ ഒപ്പിച്ചെടുക്കാനുള്ള ഒരു സോഫ്ട്‌വെയര്‍എഞ്ചിനീയറുടെ കഷ്ടപ്പാടിനെ പറ്റി ഞാന്‍ പറയാതെ തന്നെ നന്നായിട്ടറിയാമല്ലോ.

-എന്നു സ്വന്തം(?) .....


*സമര്‍പ്പണം: നാലേക്കര്‍ സ്ഥലം വാങ്ങിയിടുന്നതിലും ലാഭം രണ്ട്‌ ആണ്‍കുട്ടികളെ ദത്തെടുക്കുന്നതാണെന്നു പ്രഖ്യാപിച്ച എന്റെ കൂട്ടുകാരിക്ക്‌.

ഈ പോസ്റ്റിലൂടെ ആരെയും കുറ്റക്കാരായി വിധിക്കാന്‍ എനിക്കുദ്ദേശ്യമില്ല.ആരാണു കുറ്റക്കാര്‍ എന്നെനിക്കറിയില്ല എന്നതാണ്‌ സത്യം. തികച്ചും ഏകപക്ഷീയമായ ചില സംശയങ്ങളാണ്‌ ഈ പോസ്റ്റിലുള്ളത്‌. ഇതിനു മറുവാദങ്ങളുണ്ടാവാം..ഉത്തരം അറിയുന്നവര്‍ മടിച്ചു നില്‍ക്കാതെ കടന്നു വരൂ. ഞാനൊരു തീരുമാനത്തിലെത്തിക്കോട്ടെ പ്ലീസ്‌..

Saturday, September 8, 2007

ചില തിരിച്ചറിവുകള്‍...

രാവിലെ അമ്മ വന്ന്‌ തലവഴി വെള്ളം കോരിയൊഴിച്ചാലും പുല്ലുവില കല്‍പ്പിക്കാതെ അട്ട ചുരുളുന്ന പോലെ ചുരുണ്ടു കിടന്നുറങ്ങുന്ന അലമ്പു പിള്ളാരില്ലേ.. അവരെപോലൊന്നുമായിരുന്നില്ല ഞാന്‍. രാവിലെ ആരും വിളിക്കാതെ തന്നെ എഴുന്നേല്‍ക്കും. എന്നിട്ട്‌ കുറച്ചു നേരം പ്രാര്‍ത്ഥിക്കും. അതിനുശേഷം ഒരോട്ടമാണ്‌. കളിക്കാനൊന്നുമല്ല.. പത്രം വായിക്കാനാണ്‌.പ്രാര്‍ത്ഥനേടെ ഉള്ളടക്കം ജില്ലാ കളക്ടറിന്‌ നല്ല ബുദ്ധി തോന്നിക്കണേ എന്നാണ്‌.ആദ്യം നോക്കുന്നത്‌ പത്രത്തിലെവിടെയെങ്കിലും വല്ല വിദ്യാര്‍ത്ഥികളും തല്ലു കൊള്ളുന്ന ഫോട്ടോയോ വാര്‍ത്തയോ ഉണ്ടൊന്നാണ്‌.ഉണ്ടെങ്കില്‍ ഉറപ്പാണ്‌ കളക്ടര്‍ അന്ന്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ടാവും. ഞാന്‍ പഠിക്കുന്നത്‌ സര്‍ക്കാര്‍ സ്കൂളിലാണെങ്കിലും അത്‌ സമരത്തിന്റെ കാര്യത്തില്‍ ചുക്കിനും ചുണ്ണമ്പിനും കൊള്ളൂല്ല. ഞങ്ങളെ സമരം ചെയാന്‍ സമ്മതിക്കില്ലെന്നതോ പോട്ടേ അടുത്ത സ്കൂളുകാരാരെങ്കിലും ദേവദൂതന്മാരെ പോലെ സമരോം കൊണ്ടു വന്നാല്‍ ഹെഡ്‌മാഷ്‌ പോലീസിനെ വിളിക്കും. തനി ഗുണ്ടായിസം..ടിയാന്‍ ആകെ കേള്‍ക്കുന്നത്‌ ജില്ലാകളക്ടറ്‌ പറഞ്ഞാലാണ്‌. അതുകൊണ്ടാണ്‌ രാവിലത്തെ പ്രാര്‍ത്ഥനയില്‍ മാഹീലമ്മ,പറശ്ശിനിമുത്തപ്പന്‍ എന്നിവരുടെ കൂടെ ജില്ലാകളക്ടറേം കൂടി പ്രതിഷ്ഠിച്ചത്‌. കളക്ടര്‍ ചതിച്ചെങ്കില്‍ അയാളെ നാലു ചീത്തേം വിളിച്ച്‌ തിരിച്ചു വന്നു കിടന്നുറങ്ങും. ഇനി എങ്ങനും പ്രാര്‍ത്ഥന ഫലിച്ചലോ 'ആര്‍പ്പോ ഇര്‍റോ'-ന്നും കൂവി വീടു തിരിച്ചു വയ്ക്കും.കുട്ടികളുടെ സന്തോഷമാണ്‌ രക്ഷിതാക്കളുടേം സന്തോഷമെന്നാണ്‌ നാട്ടുനടപ്പ്‌.പക്ഷെ എന്റെ വീട്ടിലോ.... നമ്മളിങ്ങനെ സന്തോഷം കൊണ്ട്‌ 'ഞാനിപ്പം സ്വര്‍ഗ്ഗത്തില്‍ വലിഞ്ഞു കേറും' ലൈനില്‍ നടക്കുകയാരിക്കും. അപ്പൊഴാരിക്കും പുറകീന്ന്‌ ഒരാത്മഗതം..

"ഹും പഠിക്കേണ്ട സമയത്ത്‌ പിള്ളാര്‌ കാളകളിച്ചു നടക്കുകയാണ്‌. പിടിച്ചു നല്ല പെടെ പെടയ്ക്കണം.തീന്‍കുത്താണ്‌ എല്ലാത്തിനും"

പപ്പയാണ്‌ ആ ആത്മഗതന്‍. ഞങ്ങളെയല്ല..ആ പത്രത്തീ കാണുന്ന പിള്ളാരെയാണ്‌. എന്നാലോ.. ഞങ്ങള്‍ക്കവധി മേടിച്ചു തരാന്‍ വേണ്ടി മാത്രം തല്ലുകൊണ്ടവരാണവര്‌. അവരെ ചീത്തപറഞ്ഞ പപ്പയ്ക്കെതിരെ മനസ്സില്‍ ഇന്‍ക്വിലാബ്‌ വിളിക്കും (മനസ്സില്‍ മാത്രം. ഉച്ചത്തില്‍ വിളിക്കാന്‍ വേറെ ആളെ നോക്കണം.. പേടിച്ചിട്ടൊന്നുമല്ല..)

ഇക്കാര്യത്തില്‍ പപ്പയേം ഹെഡ്‌മാഷിനേമൊക്കെ ഒരു വണ്ടിക്കു കെട്ടാം. വെല്യ ആള്‍ക്കാര്‌ സമരം ചെയ്താലൊന്നും അവര്‍ക്കൊരു കുഴപ്പവുമില്ല. വല്ല പാവം പിള്ളേരും കഷ്ടപ്പെട്ട്‌ സമരം ചെയ്താല്‍ അതു സഹിക്കില്ല. സമരം ചെയ്യുന്നതു പോട്ടെ; പിള്ളാര്‌ ക്ലാസ്സും കട്ടു ചെയ്ത്‌ ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ വല്ല ബസ്‌-സ്റ്റാന്‍ഡിലോ കടത്തിണ്ണേലോ സിനിമാതീയേറ്ററിലോ ഒക്കെ പോയീന്നറിഞ്ഞാല്‍ മതി-ഹാലിളകാന്‍.

'ഉന്തി മരം കേറ്റിയാല്‍ കൈ വിടുമ്പം താഴെപ്പോകും' എന്ന പോളിസി കാരണം ഞങ്ങളുടെ പഠനകാര്യങ്ങളിലൊന്നും തലയിടാത്ത പപ്പയാണ്‌ വല്ല പിള്ളാര്‍ടേം കാര്യത്തില്‍ ഇങ്ങനെ ബ്ലഡ്‌ പ്രഷര്‍ കൂട്ടുന്നത്‌. അവരെ അവര്‍ടെ വഴിക്കു വിട്ടൂടേ..ഇതിനുള്ള പപ്പേടെ മറുപടി രണ്ടേ രണ്ടു വാക്യത്തിലൊതുങ്ങും.

"പഠിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്‌. അങ്ങനെ ചെയ്യുന്നതാണ്‌ ഏറ്റവും വലിയ നിഷേധം"

ഓ പിന്നേ. ഇതൊക്കെ ഏതു മാതാപിതാക്കള്‍ടേം സ്ഥിരം ഡയലോഗാണ്‌. ഇത്രേം വല്യ ആശയങ്ങളൊക്കെ ഉള്ള പപ്പയെന്താ പത്താം ക്ലാസ്സിനപ്പുറത്തെക്കു പോവാത്തത്‌??ഞാന്‍ ശക്തമായി തന്നെ പ്രതിഷേധിച്ചു-മനസ്സില്‍ ..

അങ്ങനെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള ഇത്തരം മൂരാച്ചി നടപടികളില്‍ പ്രതിഷേധിച്ചു നടക്കുന്ന കാലഘട്ടം.എന്തോ വിശേഷത്തിന്‌ തറവാട്ടിലെത്തീതാണ്‌. ചാച്ചന്‍ (പപ്പേടെ അനിയന്‍) ഒരു കത്തെടുത്തു നീട്ടി.

"ഇതു കടേല്‌ സാധനം പൊതിയാനെടുക്കുന്ന പഴയ പത്രത്തിന്റെടയ്ക്കൂന്നു കിട്ടീതാ. ഫ്രം അഡ്രസു കണ്ടപ്പോള്‍ കടക്കാരന്‍ എനിയ്ക്കെടുത്തു തന്നു. ഇതു നീ വച്ചോ"

കാലപ്പഴക്കം കൊണ്ടു നിറം മങ്ങിയ ഒരു കത്ത്‌. 1970-ല്‍ പപ്പ ഒരു കൂട്ടുകാരനെഴുതിയതാണത്‌. ഒരു പുരാവസ്തു കിട്ടിയ സന്തോഷത്തോടെ ഞാന്‍ അത്‌ മമ്മി,അമ്മച്ചി,ആന്റിമാര്‌ എന്നിവരടങ്ങുന്ന സദസ്സിനെ വായിച്ചു കേള്‍പ്പിച്ചു.

"താങ്കള്‍ സ്നെഹപൂര്‍വ്വം അയച്ച കത്തു കിട്ടി.ആദ്യമായി ഔദാര്യത്തിന്‌ നന്ദിപറഞ്ഞുകൊള്ളട്ടെ.നിങ്ങളുടെ എഴുത്തില്‍ എനിക്കു വേണ്ടി നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയും എന്നു നിങ്ങള്‍ക്കു തോന്നിയ സഹായങ്ങളെപറ്റി എഴുതിയിരുന്നല്ലോ. നിങ്ങളുടെ ത്യാഗമനസ്കതയിള്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.അതോടൊപ്പം അതെത്ര പ്രായോഗികമാണെന്നു കൂടി ഞാന്‍ സംശയിക്കുന്നു.അതിനു തക്ക അപാര കഴിവുള്ള വ്യക്തിയൊന്നുമല്ലല്ലോ ഞാന്‍. പിന്നെ അതിന്‌ നിങ്ങള്‍ക്ക്‌ യാതൊരു ബുദ്ധിമുട്ടും ഇല്ല എന്ന്‌ എത്രമാത്രം സമര്‍ത്ഥിച്ചാലും അത്‌ നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടല്ല എന്ന്‌ എനിക്കു വിശ്വസിക്കാന്‍ വയ്യ താനും.ഏതായാലുമക്കാര്യത്തെ കുറിച്ച്‌ ഞാന്‍ പിന്നെ എഴുതാം.ഇപ്പോള്‍ ഉള്ള സമയം മിനക്കെടുത്താതെ എനിക്കു വേണ്ടി കൂടിയും സ്നേഹിതന്‍ പഠിച്ചു കൊള്ളണം.

പുതിയ സ്നേഹിതന്‍മാരെപറ്റി ഇതു വരെ ഒന്നും എഴുതിയില്ലല്ലോ. അടുത്ത എഴുത്തിലെങ്കിലും എഴുതുമല്ലോ.ഒരു രണ്ടാം റാങ്കുകാരന്‍ സുരേശനെ പറ്റി പറഞ്ഞല്ലോ..അതിനു മുന്‍പില്‍ ഒന്നാം റാങ്ക്‌ എന്നൊന്നുണ്ടല്ലോ.അങ്ങോട്ടൊക്കെ ഒരു അരക്കൈ ഇപ്പോള്‍ തന്നെ നോക്കിക്കോളൂ.

ഇവിടെ ഞാന്‍ വിചാരങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാനായി മിക്കവാറും ജോലിയില്ലാത്ത സമയങ്ങളില്‍ ന്യൂസ്‌ പേപ്പറിനെയും റേഡിയോയേയും അഭയം പ്രാപിക്കുകയാണ്‌.പതിവു കൂട്ടത്തില്‍ ഒരൊഴുക്കന്‍ ജീവിതവും.

അടുത്ത എഴുത്തില്‍ പഠിക്കുന്ന പുസ്തകങ്ങളെപറ്റി കുറച്ചെഴുതണം കേട്ടോ..പുസ്തകങ്ങളെല്ലാം തന്നെ ഇംഗ്ലീഷിലായിരിക്കുമല്ലോ.കണക്കും സയന്‍സും എങ്ങിനെയുണ്ട്‌.രസകരമാണോ??

ഈ എഴുത്തിന്‌ തിടുക്കത്തില്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല. സാവകാശം സൗകര്യം പോലെ എഴുതിയാല്‍ മതി.എഴുത്തില്‍ അനാവശ്യമായി വല്ലതും വലിച്ചു വാരി എഴുതി ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക. എഴുത്തു ചുരുക്കുന്നു... "

കത്തു വായിച്ചു കഴിഞ്ഞ്‌ മുഖമുയര്‍ത്തി നൊക്കിയപ്പോള്‍ കാണുന്നത്‌ എല്ലാവരുടെയും കണ്ണു നിറഞ്ഞിരിക്കുന്നതാണ്‌. അമ്മച്ചി ശരിക്കും കരയുന്നുണ്ടായിരുന്നു.എനിക്കും എന്തോ ഒരു വിഷമം തോന്നി. കത്തു മുഴുവനും മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ മനസ്സിലായിരുന്നു.കരച്ചിലിനിടയില്‍ കൂടി അമ്മച്ചി പറഞ്ഞു.

"അവന്‌ പഠിക്കണമെന്ന്‌ വെല്യ ആഗ്രഹമായിരുന്നു. സയന്‍സെന്നു വച്ചാ ജീവനാരുന്നു. ഒരിക്കല്‍ സ്കൂളില്‍ നടന്ന ഏതോ പരിപാടീടെ ശബ്ദം മുഴുവനും എതോ മെക്കാനിസം വഴി ഇവിടുത്തെ അടുക്കളേലു കേള്‍പ്പിച്ചാരുന്നു. അന്നു സാറു പറഞ്ഞു അവനെന്തായാലും ശാസ്ത്രജ്നനാകുമ്ന്ന്‌. പത്താം ക്ലാസു കഴിഞ്ഞപ്പോള്‍ ഇനി പോവുന്നില്ലമ്മച്ചീന്ന്‌ അവന്‍ പറഞ്ഞു. പോയാല്‍ ഇവിടുത്തെ കാര്യങ്ങളൊക്കെ ആരു നോക്കും.. എളേത്തുങ്ങള്‍ടെ കാര്യം എന്താകും. വിടാന്‍ എനിക്കും പറ്റീല്ല."

അമ്മച്ചി പറഞ്ഞതും ആ കത്തും കൂട്ടി വായിച്ചപ്പോള്‍ എനിക്കെല്ലാം മനസ്സിലായി. ഒരിക്കല്‍ പോലും പപ്പ പറയാതിരുന്ന കാര്യങ്ങള്‍ ദൈവമായിട്ട്‌ കാണിച്ചു തരികയായിരുന്നൂന്നാണ്‌ എനിക്കു തോന്നുന്നത്‌.അല്ലെങ്കില്‍ ഏതോ ഒരാള്‍ക്ക്‌ എതോ നാട്ടിലേക്കയച്ച കത്ത്‌ ഇത്രേം വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ പല കൈകളിലൂടെ കടന്ന്‌ എന്റടുത്ത്‌ എത്തില്ലായിരുന്നല്ലോ..

വടീം കല്ലുമൊക്കെയായി സ്കൂളു പൂട്ടിക്കാന്‍ വന്ന സമരക്കാര്‍ടെ മുന്‍പിലേക്ക്‌ ചെന്ന്‌ "നിങ്ങളീ പാഴാക്കി കളയുന്ന സമയത്തിന്റെ വില നിങ്ങള്‍ക്കറിയില്ല. എന്തായാലും എന്റെ കുട്ടികളുടെ പഠിപ്പു മുടക്കാന്‍ ഞാന്‍ സമ്മതിക്കില്ലെന്നു' പറഞ്ഞ ഹെഡ്‌ മാഷിനെം എനിക്കു മനസ്സിലായി.സമരക്കാരുടെ തലവെട്ടം അങ്ങു ദൂരെ കാണുമ്പഴേ സാധാരണ സര്‍ക്കാര്‍ സ്കൂളിലേതു പോലെ ലോംഗ്‌ ബെല്ലടിച്ചു സ്കൂളു വിടാരുന്നു മാഷിന്‌. പക്ഷെ ഒരിക്കലും മാഷതു ചെയ്തില്ല. പഠിക്കാനൊരവസരത്തിനു വേണ്ടി ഒരു പാട്‌ കഷ്ടപ്പാടുകള്‌ മാഷും സഹിച്ചിട്ടുണ്ടാവുമ്ന്‌ എനിക്കുറപ്പാണ്‌. ഇല്ലെങ്കില്‍ ഇത്രേം ആത്മാര്‍ത്ഥത കാണിക്കില്ല.

ഭക്ഷണം പാഴാക്കികളയുന്നതു കാണുമ്പോള്‍ വിശപ്പിന്റെ വേദന അനുഭവിച്ചിട്ടുള്ള ഒരാള്‍ക്ക്‌ തോന്നുന്ന അതേ വികാരം തന്നെയാണ്‌ വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കുന്നതു കാണുമ്പോള്‍ പപ്പയ്ക്കും മാഷ്ക്കുമൊക്കെ തോന്നിയിട്ടുണ്ടായിരിക്കുക എന്ന തിരിച്ചറിവുള്ളതു കൊണ്ടായിരിക്കാം... വിദ്യാര്‍ത്ഥിസംഘട്ടനങ്ങളോ സമരങ്ങളോ കാണുമ്പോള്‍ അതിലെ ന്യയാന്യായങ്ങളെ പറ്റി ചിന്തിക്കുന്നതിനെ മുന്‍പേ ഞാന്‍ അറിയാതെ പറഞ്ഞു പോകുന്നത്‌..

"ഇരുന്നു നാലക്ഷരം പഠിക്കേണ്ട സമയത്താണല്ലോ ദൈവമെ ഈ പിള്ളാര്‌... "