Monday, May 26, 2008

ഒരു ഭീഷണിക്കത്ത്‌...

പ്രിയപ്പെട്ട ബാംഗ്ലൂര്‍ കുരങ്ങന്‍മാരേ,


അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുകയാണ്‌.ഞാന്‍ നിങ്ങളോടൊക്കെ എന്തു തെറ്റു ചെയ്തു?? ഈവിനിംഗ്‌ വാക്കിന്‌ നിങ്ങളിറങ്ങുന്നതും നോക്കി കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നതാണോ ഞാന്‍ ചെയ്ത തെറ്റ്‌? അതോ നിങ്ങള്‍ടേ കൂട്ടത്തിലുള്ള കുരങ്ങുവാവകള്‍ക്ക്‌ സ്നേഹം മൂത്ത്‌ ഫ്ലയിംഗ്‌ കിസ്‌ കൊടുത്തതോ?? കുരങ്ങമ്മമാര്‍ യാതൊരു ശ്രദ്ധയുമില്ലാതെ മതില്‍ ചാടികടക്കുമ്പോള്‍ 'ദൈവമേ ആ അള്ളിപ്പിടിച്ചിരിക്കുന്ന കുരങ്ങുകുഞ്ഞിന്റെ പിടിവിട്ടു പോവല്ലേ' എന്ന്‌ എത്ര തവണ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നറിയാമോ. ഇതൊന്നും നിങ്ങള്‌ കണ്ടിട്ടുണ്ടാവാന്‍ വഴിയില്ല. ഇത്തരം നല്ലകാര്യങ്ങളൊക്കെ നാട്ടുകാരെ കാണിച്ച്‌ ചെയ്ത്‌ അങ്ങനൊരു പബ്ലിസിറ്റി ഇഷ്ടമല്ലാത്തതു കൊണ്ട്‌ വീട്ടിനകത്തിരുന്ന്‌ ജനലിലൂടെ ഒളിഞ്ഞു നോക്കിയാണ്‌ ഇതൊക്കെ ഞാന്‍ ചെയ്തോണ്ടിരുന്നത്‌. സത്യം..ദയവായി എന്നെ വിശ്വസിക്കണം ..

ഇനിയും എന്നെ വിശ്വാസമായില്ലെങ്കില്‍ നിങ്ങള്‍ടെ ഡെല്‍ഹി ബ്രാഞ്ചില്‍ വിളിച്ചന്വേഷിച്ചോളൂ.അവിടുത്തെ വീട്ടില്‍ ചുമ്മാ ജനലും ചാരിയിരുന്ന്‌ ബുക്ക്‌ വായിച്ചോണ്ടിരുന്ന എന്റെ തലയ്ക്കു മുകളിലൂടെ കയ്യിട്ടല്ലേ അവിടൊരുത്തന്‍ ഫ്രിഡ്ജ്‌ തുറന്ന്‌ മുട്ടയെടുത്തത്‌. അതും ഒന്നല്ല, മൂന്നെണ്ണം. എന്നിട്ട്‌ ഞാനെന്തെങ്കിലും അനിഷ്ടം പ്രകടിപ്പിച്ചോ..ഇല്ല.. ഒന്നും മിണ്ടാതെ അന്തംവിട്ട്‌ നോക്കിയിരുന്നുന്നു.. അത്രയും സമാധാനപ്രിയയായ എന്നെയാണല്ലോ നിങ്ങളിങ്ങനെ ദ്രോഹിക്കുന്നതെന്നോര്‍ക്കുമ്പോഴാണ്‌......

ഇവിടെ ബാംഗ്ലൂരില്‍ ഞാന്‍ വന്ന അന്നുമുതല്‍ നിങ്ങളെന്നെ നോട്ടമിട്ടിരിക്കുകയാണെന്നു മനസ്സിലായി. അതുകൊണ്ടല്ലേ ഞാന്‍ മാത്രമുള്ള ദിവസം നോക്കി നിങ്ങള്‍ അടുക്കളയുടെ ജനല്‍ വഴി നുഴഞ്ഞു കയറിയത്‌. ഒച്ചേം ബഹളോം കേട്ടപ്പോള്‍ കള്ളന്മാരാരോ കയറീതാണെന്നും പേടിച്ച്‌ വന്നു നോക്കീപ്പോഴാണ്‌ നിങ്ങളവിടം കയ്യടക്കിയതു കണ്ടത്‌. പിന്നെ ഞാന്‍ ഒട്ടും സമയം കളയാതെ ഓടിപ്പോയി റൂമില്‍ കയറി കതകടച്ചിരുന്നു- വെറുതെ നിങ്ങള്‍ക്കൊരു ശല്യമാവേണ്ട എന്നു വിചാരിച്ചു മാത്രം..അവസാനം നിങ്ങള്‌ സെന്‍ട്രല്‍ ഹാളും കൂടി കയ്യേറീന്നു മനസ്സിലായപ്പോഴാണ്‌ ഞാന്‍ എന്റെ ചേച്ചിയെ ഫോണ്‍ വിളിച്ച്‌ വിവരമറിയിച്ചത്‌.അവളത്‌ ഇത്ര വലിയ ഇഷ്യൂ ആക്കുമെന്ന്‌ സത്യമായും ഞാനറിഞ്ഞില്ലായിരുന്നു. കേട്ടതു പാതി കേള്‍ക്കാത്ത പതി അവള്‌ താഴത്തെ വീട്ടിലേക്ക്‌ വിളിച്ച്‌ സഹായാഭ്യര്‍ത്ഥന നടത്തി "എന്റനിയത്തിയെ കുരങ്ങന്‍മാര്‍ ബന്ദിയാക്കി..ഒന്നു പോയി രക്ഷിക്കണേ.. "എന്നും പറഞ്ഞ്‌. എന്നിട്ടെന്തായി..എനിക്കു തടയാന്‍ കഴിയുന്നതിനു മുന്‍പേ താഴത്തെ വീട്ടിലെ ആന്റി ഓടി വന്ന്‌ ജനലിലൂടെ കളിത്തോക്കില്‌ പൊട്ടാസ്‌ വച്ച്‌ പൊട്ടിച്ച്‌ അഞ്ചു മിനിട്ട്‌ നേരം നീണ്ടു നിന്ന ഒരു കമാന്‍ഡോ ഓപറേഷന്‍ നടത്തി നിങ്ങളെ ഓടിച്ച്‌ എന്നെ ഒരുവിധത്തില്‍ മോചിപ്പിച്ചെടുത്തു.. ഹോ!! അന്നത്തെ എന്റെ വീടിന്റെ അവസ്ഥ!! നിങ്ങളിലൊരുത്തനെയെങ്കിലും കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ വെട്ടിനുറുക്കി മണ്ണെണ്ണയൊഴിച്ചു കത്തിച്ചേനേ... അടുക്കളയിലുള്ള സര്‍വ്വ ഭക്ഷ്യവസ്തുക്കളും നിരത്തിയിട്ടിരിക്കുന്നു. അതു പോട്ടെ..ഭക്ഷണമല്ലേ..പിന്നേം ഉണ്ടാക്കാം. പക്ഷെ ആ വേസ്റ്റ്‌ ബാസ്കറ്റ്‌. അതു മറിച്ചിട്ട്‌ അതിലെ വേസ്റ്റൊക്കെ ഒന്നൊഴിയാതെ അടുക്കളയിലും സെന്‍ട്രല്‍ ഹാളിലുമായി നിരത്തിയിട്ടിരിക്കുന്നു. അതില്‍ നിന്ന്‌ ചീഞ്ഞ ഓറഞ്ചും തക്കാളിയുമെടുത്ത്‌ പിഴിഞ്ഞ്‌ തറയിലും ടി.വി.യുടെ മുകളിലുമൊക്കെ ധാര കോരിയിരിക്കുന്നു. ഇതൊന്നും പോരാഞ്ഞ്‌ ജാമിന്റെ കുപ്പിയില്‍ കൈ മുക്കി ആ വീടിന്റെ തറയിലും ഭിത്തിയിലുൂക്കെ കൈയുടെ അടയാളം പതിച്ചു വച്ചിരിക്കുന്നു..കൊള്ളക്കാരൊക്കെ കൊള്ള നടത്തിയ വീട്ടില്‍ ഇങ്ങനെ ഓരോ ചിഹ്‌നങ്ങള്‍ പതിപ്പിച്ചു വയ്ക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്‌. പക്ഷെ കുരങ്ങന്മാര്‍..... ങ്‌ഹാ അതു പോട്ടെ..അന്നാ വീട്‌ ഒരു മനുഷ്യക്കോലത്തിലാക്കിയെടുക്കാന്‍ ഞാന്‍ പെട്ട പെടാപ്പാട്‌ വല്ലതും നിങ്ങള്‍ക്കറിയുമോ. ഒരു മാതിരി മുനിസിപ്പാലിറ്റീടെ അഴുക്കുചാല്‌ വൃത്തിയാക്കുന്നവന്റെ അവസ്ഥയായിരുന്നു എന്റേത്‌.എല്ലാം കഴുകി വൃത്തിയാക്കിയിട്ട്‌ അവസാനം ഒരു കുപ്പി പെര്‍ഫ്യൂമാണ്‌ അവിടെ അടിച്ചു തീര്‍ത്തത്‌..

ബാഹ്യലോകവുമായുള്ള എന്റെ ബന്ധം അറ്റുപോകാന്‍ വേണ്ടിയായിരുന്നിരിക്കണം നിങ്ങള്‍ പിന്നെ പത്രത്തെ ആക്രമിക്കാന്‍ തുടങ്ങിയത്‌. മിക്ക ദിവസവും രാവിലെ പത്രം വന്നയുടനെ പോയി അതു പിച്ചിച്ചീന്തി നാനാവിധമാക്കി അവിടൊക്കെ വിതറിയിട്ടു.ഒന്നൂല്ലേലും അക്ഷരത്തെയാണ്‌ അപമാനിക്കുന്നതെന്നു പോലും നിങ്ങളോര്‍ത്തില്ലല്ലോ. പക്ഷെ ആ ആക്രമണം പാളിപ്പോയീന്നു പറയാതെ വയ്യ. ഞാന്‍ വല്ലപ്പോഴുമൊക്കെയേ പത്രം വായിക്കാറുള്ളൂ. എന്നു വച്ചാല്‍ ഒന്നുരണ്ടു ദിവസത്തെ പത്രം വായിച്ചില്ലാന്നും വച്ച്‌ എനിക്ക്‌ പ്രത്യെകിച്ചൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലാന്ന്‌.

നിങ്ങളുടെ അടുത്ത പ്ലാന്‍ എന്റെ പാലുകുടി മുട്ടിക്കുക എന്നതായിരുന്നു. രാവിലെ പാല്‍ക്കാരന്‍ വന്ന്‌ പാല്‍പായ്ക്കറ്റ്‌ വച്ച്‌ തിരിച്ചു പോകുന്നതും കാത്ത്‌ നിങ്ങള്‍ ഒളിച്ചിരുന്നു. അതു പൊട്ടിച്ച്‌ തറയിലൊഴുക്കാന്‍. രാവിലെ പകുതി ഉറക്കത്തില്‍ വന്ന്‌ പാവം ഞാന്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍ കാണുന്ന കാഴ്ചയോ-- സ്റ്റെയര്‍കേസിലൂടെ കുഞ്ഞു വെള്ളച്ചാട്ടം പോലെ ഒഴുകിയിറങ്ങുന്ന പാല്‌. ഏതാണ്ട്‌ ഒരാഴ്ചയോളം ഒരുദിവസം പോലെ മുടങ്ങാതെ നിങ്ങളെന്നെ അതേ കണി തന്നെ കാണിച്ചു. എന്റെ മുന്നില്‍ രണ്ടേ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നാമത്തേത്‌- നിങ്ങളെത്തുന്നതിനു മുന്‍പേ ഓടി വന്ന്‌ പാലെടുക്കുക. എന്നും രാവിലെ ഒരു ഓട്ടംമത്സരത്തിലൂടെ ദിവസം തുടങ്ങേണ്ട എന്നു വിചാരിച്ച്‌ ഞാന്‍ രണ്ടാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുത്തു. പാല്‍ മേടിയ്ക്കുന്നത്‌ അങ്ങു നിര്‍ത്തി.

ഇത്രേമൊക്കെ പ്രകോപനങ്ങളുണ്ടായിട്ടും ഞാന്‍ ഒരു വിധത്തില്‍ പിടിച്ചു നിന്നു. പക്ഷെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്‌!! വേലയും കൂലിയുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിങ്ങള്‍ക്കറിയുമോ ഒരു അവധിയുടെ വില എന്താണെന്ന്‌. ആറ്റുനോറ്റിരുന്ന്‌ കിട്ടിയ അവധിദിവസം വെറുതെ തുണിയലക്കി നശിപ്പിക്കണ്ട എന്നു വിചാരിച്ചാണ്‌ തലേന്നു രാത്രി ഓഫീസില്‍ നിന്നു വന്നയുടനെ ഒരു ലോഡ്‌ തുണി അലക്കി ടെറസില്‍ ഉണങ്ങാനിട്ടത്‌. രാവിലെ എഴുന്നേറ്റ്‌ പപ്പടം പോലെ ഉണങ്ങിയ തുണിയെടുത്ത്‌ മടക്കി വയ്ക്കണം എന്നൊരു ശുഭപ്രതീക്ഷയോടെ ആയിരുന്നു ഉറങ്ങാന്‍ കിടന്നത്‌.എന്നിട്ട്‌ രാവിലെ കണ്ട കാഴ്ചയോ. തലേ ദിവസം വരെ വൃത്തിയായി കിടന്നിരുന്ന ഞങ്ങള്‍ടെ ടെറസിനെ ആരോ പബ്ലിക്‌ ടോയ്‌ലറ്റായി ഉപയോഗിച്ചിരിക്കുന്നു. അത്രേമാണെങ്കില്‍ സഹിക്കാം .. അഴയില്‍ ക്ലിപ്പിട്ട്‌ ഉറപ്പിച്ചു വച്ചിരുന്ന എന്റെ കുപ്പായങ്ങള്‍ മുഴുവന്‍ വലിച്ച്‌ നിലത്തിട്ട്‌ അതില്‍ കുറച്ചെണ്ണം ടോയലറ്റ്‌ പേപ്പറായി യൂസ്‌ ചെയ്തിരിക്കുന്നു. രണ്ടു മൂന്നെണ്ണം കടിച്ചു കീറിയിട്ടിരിക്കുന്നു. എന്റെ തല കറങ്ങിപ്പോയി. താഴത്തെ വീട്ടിലെ ചക്കിപ്പട്ടിയെയാണ്‌ ഞാന്‍ ആദ്യം സംശയിച്ചത്‌. അതിനേം അതിനെ പത്തു പതിനഞ്ചു തലമുറയെയും കൂട്ടി 'വൃത്തികെട്ട ജന്തുക്കള്‍' എന്നും വിളിച്ച്‌ കുറച്ചു നേരം തലയ്ക്കു കയ്യും കൊടുത്തിരുന്നു. എന്നിട്ടും ദേഷ്യം തീരാതെ അതിന്റെ മുഖത്തു നോക്കി നാലു വര്‍ത്തമാനം പറയണം എന്നും വിചാരിച്ച്‌ താഴെ ചെന്നതാണ്‌. അപ്പഴല്ലേ അറിയുന്നത്‌.. ആ വീട്ടുകാര്‌ പട്ടിയേം കൂട്ടിക്കോണ്ട്‌ എവിടെയോ പോയിരിക്കുകയാണത്രേ. പിന്നെ നടന്ന ഫിംഗര്‍ പ്രിന്റ്‌ പരിശോധനയിലാണ്‌ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ നിങ്ങളാണെന്ന്‌ എനിക്കു മന‍സ്സിലായത്‌. ആ അവധിദിവസം ഉച്ചവരെ ഞാന്‍ തുണിയലക്കി. അലക്കീതെടുത്ത്‌ പിന്നെം പിന്നേം അലക്കി. പിന്നെ ഡെറ്റോളിട്ട്‌ അലക്കി. എന്നിട്ടും സമാധാനം കിട്ടാതായപ്പോള്‍ ചുരുട്ടിക്കൂട്ടി ദൂരെക്കളഞ്ഞു. നിങ്ങള്‍ടെ വീട്ടിലുമില്ലേ അമ്മേം പെങ്ങന്‍മാരും. കഷ്ടപ്പെട്ട്‌ അലക്കിയ തുണി ഇങ്ങനെ കുട്ടിച്ചോറാക്കിയാലുള്ള വിഷമം അവരോട്‌ ചോദിച്ചു നോക്ക്‌. അപ്പോഴറിയാം..(ഗദ്‌ഗദം)

ഇടിവെട്ടിയവനെ പാമ്പു കടിച്ചൂന്നു പറയുന്നപോലായിരുന്നു പിന്നത്തെ കാര്യങ്ങള്‍. എല്ലാം മറക്കാനായി നെറ്റില്‍ കേറമെന്നു വിചാരിച്ച്‌ നോക്കുമ്പോഴതാ നെറ്റിന്റെ പൊടി പോലുമില്ല. സര്‍വീസ്‌ പ്രൊവൈഡറെ വിളിച്ച്‌ ഉള്ള കലിപ്പു മുഴുവന്‍ അവിടെ തീര്‍ത്തു.കമ്പനി പൂട്ടിയ്ക്കുംന്ന്‌ ഭീഷണിപ്പെടുത്തി. അതുകൊണ്ടും അരിശം തീരാതെ ടെറസിലൂടെ രണ്ടു മൂന്നു വട്ടം നടന്നു. അപ്പോഴാണ്‌ ആ കാഴ്ച കണ്ണില്‍ പെട്ടത്‌. ടെറസിനു മുകളിലൂടെ താഴേക്കു പോകുന്ന ഇന്റര്‍നെറ്റ്‌ കേബിളിന്‌ വല്ലാത്തൊരു ഒടിവും വളവും. ഓടിപ്പോയി അതിനെ പിടിച്ചു നേരെയാക്കീപ്പോ രണ്ടു കഷ്ണമായി കയ്യിലിരുന്നു. ഒന്നൂടെ ശ്രദ്ധിച്ചു നോക്കീപ്പം എല്ലാം ക്ലിയറായി. മൂന്നു സ്ഥലത്താണ്‌ കടിച്ചു മുറിച്ചു വച്ചിരിക്കുന്നത്‌..

ഈ ഒരു സംഭവത്തോടെ ക്ഷമയുടെ നെല്ലിപ്പലകയില്‍ നിന്ന്‌ ഞാന്‍ തെന്നി താഴെക്കു വീണിരിക്കുകയാണ്‌. ഇനിയെനിക്ക്‌ ഒന്നും നോക്കാനില്ല. ഇനിയുമെന്നെ ഇവിടെ മനസമാധാനത്തോടെ ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ ആളെക്കൂട്ടും. പടക്കം പൊട്ടിച്ച്‌ നിങ്ങളെ ശല്യപ്പെടുത്തും . ഭക്ഷണത്തില്‍ വിഷം ചേര്‍ക്കും.. പിള്ളേരെകൊണ്ട്‌ കല്ലെറിയിക്കും..പിടികൂടി കണ്ണില്‍ മുളകുപൊടി വിതറും..ഇല്ല തീര്‍ന്നിട്ടില്ല. .ഇനീമൊരുപാട്‌ ക്രൂരകൃത്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച്‌ നടത്തിയാല്‍ ഈസിയായി കിട്ടും.. അതുകൊണ്ട്‌ ഇതൊരു ഭീഷണിയായി കണ്ട്‌ വേണ്ട നടപടികളെടുക്കണമെന്ന്‌ താഴ്മയായി അപേക്ഷിക്കുന്നു.

71 comments:

  1. കൊച്ചുത്രേസ്യ said...

    അള മുട്ടിയാല്‍ ചേരേം കടിക്കും..അവസാനം എന്നെക്കൊണ്ട്‌ അവരിതു ചെയ്യിച്ചു..

  2. Simy Chacko :: സിമി ചാക്കൊ said...

    കൊചുവെളുപ്പാന്‍ കാലത്തു ബ്ലോഗെഴുത്താണല്ലെ പണി. കൊള്ളാം ഇതും കൊള്ളാം. കഴിഞ്ഞ പോസ്റ്റ് കണ്ടപ്പം , ഞാനോര്ത്തു .. ത്രേസ്യാകൊച്ചു നമ്മുടെ ലെവെല്‍ ഒക്കെ താണ്ടി പോയീന്നും , ഇനി താഴോട്ടില്ലാന്നും

  3. Simy Chacko :: സിമി ചാക്കൊ said...

    കൊചുത്രേസ്യാകൊച്ചേ, ഒരു സമ്ശയം .. ഈ കുരങ്ങന്മാര്ക്കുള്ള കത്ത് ബ്ളോഗില്‍ പോസ്റ്റ് ചെയ്ത്തതിന്റെ ഉദ്ദേശം ?

    കൊചുത്രേസ്യാകൊചിന്റെ വായനക്കാരില്‍ എവന്മാരും ....

  4. അയല്‍ക്കാരന്‍ said...

    ബാംഗ്ലൂര്‍ കൊരങ്ങന്‍മാരെന്നൊക്കെ കേട്ടപ്പോ സെല്‍ഫ് ഗോളാണോന്ന് നോക്കാന്‍ വന്നതാ. അതിപ്പം ബിംബകല്പനയില്‍ സ്രീനിവാസനല്ലേ ഗുരു

  5. നന്ദു said...

    ഇതിനി അവരു (കൊരങ്ങന്മാരെയ്)) വായിച്ചിട്ടൂ വേണം കൊച്ചു ത്രേസ്യയ്ക്ക് അടുത്ത പണി തരാൻ..വല്ല കാര്യ്‌വുമുണ്ടായിരുന്നോ?.

    ആ ശ്രീജിത്തൊക്കെ ബാംഗ്ലൂര് വീട്ടു പോയതാണല്ലോ‍ പിന്നെയ്യിപ്പോ ആരാദ് ? ഇത്രേം ശല്യക്കാരായ കൊരങ്ങന്മാർ അവിടേ?

  6. അനില്‍ശ്രീ... said...

    ഓള്‍ കുരങ്ങന്‍സ് അന്റ് കുരങ്ങത്തീസ്,

    " ഡല്‍ഹിയില്‍ ആള്‍ക്കാര്‍ക്ക് മുഴുവന്‍ ശല്യമായി, അവിടെ നിന്ന് ആരൊക്കെയോ കല്ലെറിഞ്ഞ് ഓടിച്ച ഒരു ആള്‍ക്കുരങ്ങിനു നേരെ ആണോ നിങ്ങളുടെ അഭ്യാസം. അങ്ങ് ഡല്‍ഹിയില്‍ ആയിരുന്ന സമയം ഞാന്‍ എത്ര പരാക്രമം കാട്ടിയതാണെന്ന് ദിവസവും പത്രം വായിക്കുന്ന നിങ്ങള്‍ക്ക് അറിയില്ലേ? എന്നിട്ടും എല്ലാം ഉപേക്ഷിച്ച് കുരങ്ങന്മാര്‍ക്കെല്ലാം കാല്‍ തൊട്ടു വന്നിക്കാന്‍ ഒരു അമ്മയായി ഒരു പുതിയ ആശ്രമവും കെട്ടി ഇവിടെ വന്ന എന്നെ നിങ്ങള്‍ പഴയത് ഒന്നും ഓര്‍മിപ്പിക്കരുതേ.. പഴയ തോക്ക് ഇവിടെ പൊടി പിടിച്ച് ഇരിക്കുന്നുണ്ടേ..."
    എന്നു കൂടി ചേര്‍ക്കണമായിരുന്നു എന്ന് തോന്നുന്നു.

    പിന്നെ ഈ " ബാംഗ്ലൂര്‍ "... അതെവിടെയാ ? ? ഏതായാലും ഞാന്‍ ഇത് വായിച്ചിട്ടില്ല.

  7. പ്രിയ said...

    :)ശോ എന്നാലും കൊച്ചുത്രെസ്യകൊച്ചിനോടെന്നാ അവര്ക്കിത്രേം കലിപ്പ്. എനിക്കാത്ത മനസ്സിലാവാത്തേ

    എന്നതായാലും ഒരു ഉന്നതതലചര്ച്ചക്ക് അവരെ വിളി ത്രെസ്യകൊച്ചേ.കൊറച്ചു ബിസ്ലേരി വെള്ളവും ബിസ്കറ്റും ഒക്കെ ഒരുക്കി . എന്നിട്ട് മതി വെടിവക്കാന് ഉത്തരവെറക്കാന്. ഒന്നുലേല്ലും നമ്മുടെ സ്വംതം പൂര്വികര് അല്ലെ

    [ :) :)) കൊച്ചേ, അടിപൊളി ;) എന്നതായാലും അപ്ഡേറ്റ് തരണേ ]

  8. G.MANU said...

    മങ്കി ഫ്രം ദില്ലി... ഈശ്വരാ എന്നെ വല്ലോം ആണോ ഈ കൊച്ചുദ്ദേശിച്ചെ..

    മുമ്പൊരു പോസ്റ്റിലും ദില്ലിവാലാസ് പീഡനവാലാസ് ആണെന്നു താങ്ങിയതും കണ്ടു.

    ദില്ലി ദില്‍ വാലോം കീ.. അതു മറക്കല്ലേ.. ആരാംസേ ആസ്മാന്‍ തക് ആണു ഞങ്ങളുടെ മനസ്.. പറഞ്ഞുപറഞ്ഞു അതിനെ ഇല്ലാതാക്കല്ലേ മാഷേ..

    :)

  9. കുഞ്ഞന്‍ said...

    കൊ.ത്രേ.

    ബാഗ്ലൂര്‍ക്കാരെ നിങ്ങള്‍ സൂക്ഷിക്കക..കളി കൊച്ചുത്രേസ്യാ കൊച്ചിനോടാണ്..! വാനരന്മാരെ നിങ്ങളെന്തറിയുന്നു വിഭോ..

    ആ മനേക ഗാന്ധി ഇതൊന്നു വായിച്ചാല്‍...

  10. റോളക്സ് said...

    excellent one... next time intimate BTF(Boologam Task Force).

  11. ഉഗാണ്ട രണ്ടാമന്‍ said...

    കൊച്ചേ...കലക്കീ...

  12. മറ്റൊരാള്‍ | GG said...

    ഇവിടെ മനസമാധാനത്തോടെ ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ ആളെക്കൂട്ടും. പടക്കം പൊട്ടിച്ച്‌ നിങ്ങളെ ശല്യപ്പെടുത്തും . ഭക്ഷണത്തില്‍ വിഷം ചേര്‍ക്കും.. പിള്ളേരെകൊണ്ട്‌ കല്ലെറിയിക്കും..പിടികൂടി കണ്ണില്‍ മുളകുപൊടി വിതറും..
    ഇല്ല തീര്‍ന്നിട്ടില്ല.
    ഇതുകൊണ്ടൊന്നും പിന്മാറിയില്ലെങ്കില്‍ ഒരു അറ്റകൈ പ്രയോഗമങ്ങ് നടത്തും.
    “ഞാനെഴുതിയ ബ്ലോഗുകളെല്ലാം അച്ചടിച്ച് നിങ്ങളുടെ ഇടയില്‍ ഇടും. അത് വായിച്ചാല്‍.. വായിച്ചാല്‍..? പിന്നെത്തെക്കാര്യം പറയാനുണ്ടോ?”

  13. വിന്‍സ് said...

    വായിച്ചിട്ടു ദേഷ്യം വന്നു.....വല്ല വിഷമൊ മറ്റോ വക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കണേ. കര്‍ണ്ണാടകം ബിജെപി പിടിച്ചു. കുരങ്ങന്മാര്‍ ഹിന്ദുക്കളുടെ ദൈവമോ മറ്റോ ആണേല്‍ കൊച്ചു ത്രേസ്യയെ അവര്‍ അകത്താക്കും.

  14. Kaithamullu said...

    ഒരു പട്ട് ഓര്‍മ്മ വരുന്നൂ:
    “ചക്കിക്കൊത്തൊരു ചങ്കരന്‍.....“

  15. EJ said...

    really funny...yes,I am thinking abt ur state of mind when u were washing your clothes with dettol...i know i shud write all this in malayalam, but i have never tried it.

  16. കുഞ്ഞയമു said...

    ഇനിയുമെന്നെ ഇവിടെ മനസമാധാനത്തോടെ ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ ആളെക്കൂട്ടും. പടക്കം പൊട്ടിച്ച്‌ നിങ്ങളെ ശല്യപ്പെടുത്തും . ഭക്ഷണത്തില്‍ വിഷം ചേര്‍ക്കും.. പിള്ളേരെകൊണ്ട്‌ കല്ലെറിയിക്കും..പിടികൂടി കണ്ണില്‍ മുളകുപൊടി വിതറും..ഇല്ല തീര്‍ന്നിട്ടില്ല. .ഇനീമൊരുപാട്‌ ക്രൂരകൃത്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച്‌ നടത്തിയാല്‍ ഈസിയായി കിട്ടും..

    kochoontey post vaayich kelppikkum enn paranja porey. korangantey appaappan vare keezhadangum

  17. angela2007 said...

    എന്‍റെ ത്രേസ്യെ ഇത്ര കൃത്യമായി ഈ കുരങ്ങന്മാരുടെ കോളനി bglre ല് എങ്ങനെ കണ്ടു പിടിച്ചു താമസിക്കാന്‍? അഞ്ചാറു വര്‍ഷം bglre നോര്‍ത്ത് സൌത്ത് ഈസ്റ്റ് വെസ്റ്റ് മാറി മാറി താമസിച്ചിട്ടും ഒരു കൊരങ്ങു ശല്യവും ഉണ്ടായില്ല. അല്ല ഒരേ ജാതിക്കാരെ തിരഞ്ഞു പിടിച്ചു സ്നേഹിക്കുന്ന നല്ല കുരങ്ങന്മാര്‍ ഉണ്ടെന്നു ഇപ്പൊള്‍ മനസിലായി!!!
    എന്നാലും ബൂലോകത്തിലെ ഒരു പുലിയായ ത്രേസ്യയെ വെറും നാല്‍ക്കാലി monkeys ബന്ദിയാക്കിയതില്‍ എന്‍റെ ശക്തമായ പ്രെതിഷേധം രേഖപ്പെടുത്തുന്നു!
    നസ്രാണി പെണ്ണുങ്ങള്‍ക്ക് ഇങ്ങനെ നാണക്കേട്‌ ഉണ്ടാക്കല്ലേ ത്രേസ്യക്കൊച്ചേ - ഒരു കുരങ്ങിനെ ഓടിക്കാന്‍ വീട്ടുകാരേം നാട്ടുകാരേം ഒക്കെ വിളിച്ചു കൂട്ടി... എന്തൊരു ധൈര്യം!! സ്ത്രീധനം ചോദിച്ചു വരുന്ന പാവം ചെക്കെന്മാരുടെ അടുത്തെടുക്കുന്ന നമ്പര്‍ ഒക്കെ ആ വാനര്‍ സംഘത്തോട് ഒന്നു ട്രൈ ചെയ്യാമായിരുന്നു! രണ്ടും ഒരു ജാതിയല്ലേ!
    പിന്നെ തുണി അലക്കിനെപ്പറ്റി ഇങ്ങനെ എല്ലാ പോസ്റ്റിലും കരയാതെ ഒരു വാഷിംഗ്‌ മെഷീന്‍ പൈസ കൊടുത്തു വാങ്ങിക്കൂടെ എഞ്ചിനീയര്‍ മാഡം?! സ്ത്രീധനം കൊടുക്കാന്‍ എന്തായാലും ഉദ്ദേശമില്ല പിന്നെ എന്തിനീ പിശുക്ക്‌?!
    പിന്നെ പോസ്റ്റ് കലക്കി എന്ന് പ്രേത്യേകം പറയണ്ടല്ലോ!

  18. കുഞ്ഞയമു said...

    a smily was missing in my last comment :)

  19. Emmanuel said...

    manushyaru thaamaasikkunna sthalathu vallom poyi thaamasikku kochuthresyakoche... ;-)

  20. Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

    ഈ കുരങ്ങന്മാര്‍ ഭയങ്കര മിടുക്കന്മാരാ ... ഞങ്ങളുടെ ഓഫീസില്‍ വരുന്ന ഒരു കൂട്ടം പൈപ് തുറന്നു വെള്ളം കുടിച്ചു തിരിച്ചു പോവാറുണ്ടായിരുന്നു ... സംശയം ഉണ്ടേല്‍ ഇവിടെ നോക്കു: http://malayalam.usandeep.com/2008/03/blog-post_9256.html

  21. Joker said...

    സത്യം പറഞ്ഞാല്‍ ത്രേസ്യാമേ , ചിരിച്ച് ചിരിച്ച് കരയാന്‍ കണ്ണിലും വെള്ളേല്ല കുടിക്യാന്‍ പൈപ്പിലും വെള്ളേല്ല എന്ന് പറഞ്ഞ പോലായി,ഒരു മാതിരി ബെര്‍ളി തോമസിന്റെ പോസ്റ്റ് വായിച്ച പോലായി.എങ്ങനെ സാധിക്കുന്നു ഇങ്ങനെ തമാശ എഴുതാന്‍.ഈ കുരങ്ങമാരൊക്കെ അവതാര രൂപം എടുത്തവരാണോ? ശ്ശോ എന്തൊരു ഫാഷ.

    എന്തിനാ പെങ്ങളെ ഞങ്ങളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലുന്നത്.ആലാഹയുടെ പെണ്മക്കള്‍ വായിച്ച് കണ്ണേടുത്തെ ലെന്‍സ് തിരിച്ചു വേച്ചിട്ടേ ഉള്ളൂ അപ്പോഴാണ് അടുത്ത വെടി.ഹോ ഹൌ.ഗംഭീരം തന്നെ.
    ‘കീപ്പ് ‘ ഇറ്റ് ആപ്പ്

  22. ചേര്‍ത്തലക്കാരന്‍ said...

    ഇഷ്ടപെട്ടു, എനിക്കങു ഒരുപാടു ഇഷ്ടപെട്ടു.....


    പൊട്ടനെ ചട്ടൻ ചതിച്ഛാൽ, ത്രേസ്യയെ കൊരങ്ങൻ ചതിക്കും..........

  23. ചേര്‍ത്തലക്കാരന്‍ said...

    കൊച്ചുത്രേസ്യ പേടിപ്പിക്കൻ ദൈര്യം കൊരങ്ങോ????????

  24. നിലാവര്‍ നിസ said...

    അല്ല ത്രേസ്യാ,... അതാപ്പോ എന്റെയും സംശയം.. ഇതെങ്ങനെ കുരങ്ങന്മാര്‍, അതും ബാംഗ്ലൂരിലെ കുരങ്ങന്മാര്‍ വായിക്കാനാണ്?
    (ബാംഗ്ലൂരിലെ ബ്ലോഗന്‍/ബ്ലോഗിണികളേ... ജാഗ്രത...)

  25. ശ്രീവല്ലഭന്‍. said...

    ദല്‍ഹിയില്‍ ഹോസ്റ്റലിലെ മുകളിലത്തെ നിലയില്‍ മലേറിയ അടിച്ചു കിടന്ന സുഹൃത്തിന്‍റെ ആന്റി-മലേറിയ ഗുളികകള്‍ അടിച്ചു മാറ്റി തിന്ന കുരങ്ങന്മാരെ ഓര്‍ത്തു. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല. :-)

  26. ഭൂമിപുത്രി said...

    ഈ കൊച്ചിനെ അവര്‍ കുറെനാളായി വാച്ച് ചെയ്തൊണ്ടിരിയ്ക്കായിരുന്നോന്ന് ഒരു സംശയം

    (കുരങ്ങന്മാറ് നിരീക്ഷിയ്ക്കും,പിന്നെ അനുകരിയ്ക്കും.ഓറ്മ്മയില്ലേ ആ തൊപ്പിക്കഥ?)

  27. Varsha Vipins said...

    Lolol..If i was in ur position I would hav gone mad..n..bhoolokathe sakalamana kuranganmarem enthinu kurangu varagathe thanne verode nasippikkanulla padhithikal assothranam cheythene..ho!!!apara kshama ketto..athrikatte..evdeya ee sthalam???:D

  28. അന്ന ഫിലിപ്പ് said...

    കൊച്ചുത്രേസ്യാമ്മോ...
    ദുഃഖത്തില് പങ്കുചേരുന്നു. അല്ലാതെ ഞാനെന്താ ചെയ്യുക. വരാനൊള്ളത് വഴീത്തങ്ങത്തില്ലെന്നാണല്ലോ എ.കെ ആന്‍റണി പറഞ്ഞിരിക്കുന്നേ

  29. സാല്‍ജോҐsaljo said...

    ബാഗ്ലൂര്‍ കൊരങ്ങേ..

    :)

  30. കുറ്റ്യാടിക്കാരന്‍|Suhair said...

    :)

  31. ശ്രീലാല്‍ said...

    തുടക്കം വായിച്ചപ്പോള്‍ സത്യമായിട്ടും ഞാന്‍ വിചാരിച്ചത് ബാംഗ്ലൂരെ മനുഷ്യരെപ്പറ്റിത്തന്നെയാണ് ഈ പറയുന്നതെന്നാണ്.. പേടിച്ചു പോയി. :)

  32. d said...

    ഹ ഹ..

  33. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    അവന്മാര്‍ക്കൊരു ബ്ലോഗ് തുടങ്ങിക്കൊടുക്ക്, പാവങ്ങല്‍ക്കും കാണും എഴുതാന്‍...

  34. പപ്പൂസ് said...

    പാവം നമ്മടെ പയ്യന്മാരുടെയൊക്കെ സ്ഥലം ദയയില്ലാതെ പയലടിച്ചു പരത്തി നിരക്കനെ ബില്‍ഡിംഗ് പണിതു വച്ച്, കാട്ടിലേം നാട്ടിലേം ഉള്ള മഹാഗണീം ചക്കപ്പ്ലാവുമൊക്കെ വെട്ടി വാതിലും ജനലുമൊണ്ടാക്കി, വാഴത്തയ്യൊക്കെ പറിച്ചെടുത്ത് സ്വന്തം (എന്നു പറയപ്പെടുന്ന) പറമ്പില് വേലി കെട്ടി നട്ട്, ആര്‍ക്കും കൊടുക്കാതെ വിറ്റും തിന്നും സംഭരിച്ചും ജീവിച്ചേച്ച്, നിവൃത്തി കേടുകൊണ്ട് അടിച്ചു മാറ്റാന്‍ വരുന്ന ഇവമ്മാരെ ഒച്ചയിട്ട് പേടിപ്പിച്ച് തുരത്തിയോടിക്കുക വരെ ചെയ്തു.

    എന്നിട്ടും പോരാഞ്ഞ് ഗൂഗിള്‍ സേര്‍ച്ചോ.... ക്രൂരമ്മാരേ, ക്രൂരകളേ! :-(

  35. Vanaja said...

    ഈ പോസ്റ്റിന്റെ ലിങ്ക് മനേകാഗാന്ധിക്ക് അയച്ചു കൊടുത്തിട്ടുണ്ട്.ജാഗ്രതൈ!!!

  36. ഗോപക്‌ യു ആര്‍ said...

    കലക്കി! വനിത വായിഛപ്പൊള്‍
    തൊന്നിയ കലിപ്‌ മാറീ.ചിരിചു വയര്‍ നിറഞ്ഞു.മറ്റുള്‍വര്‍ക്കു എന്തെകിലു പ്റ്റുന്നതാണല്ലൊ

    മ്മുടെ ഒരു സന്തൊഷം.[ഗദ്ഗദം]..ഉഗ്രന്‍!asarathettukal kshamiiru!

  37. ഗോര്‍ഗ്ഗ് said...

    ഇതു മാത്രം വേണ്ടായിരുന്നു കൊച്ചുത്രേസ്സ്യകൊച്ചേ :( .. ബ്ലോഗ്ഗേര്‍സ്സിനെ ഒന്നടംഗം കുരങ്ങമാരെന്നു വിളിച്ച് ആക്ഷേപിച്ചുവല്ലേ... :( ഇതു മാത്രം വേണ്ടാരുന്നു...

    (ഇതിപ്പോ സര്‍പ്പകോപം പോലെ വെല്ല വാനരകോപവും ഉണ്ടോന്നു അന്വേഷിച്ചാ അറിയാം...)

  38. Unknown said...

    ഈ പോസ്റ്റ് കണ്ടാല്‍ കൊച്ചു ത്രേസ്യയെ
    ഒരു ഉഗ്രന്‍ ചാത്തനേറിന് ചാന്‍സുണ്ട്
    വേഗം തൃശുര്‍ക്ക് വിട്ടോ.
    അവിടെ ചാത്തന്മാരെ ഒഴിപ്പിക്കാന്‍ ചിലര്‍
    കവിടിയുന്മായി ഗൂഗ്ഗിളില്‍ ഉറ്റു നോക്കി ഇരിപ്പുണ്ട്
    വേഗം അങ്ങോട് പോയ്ക്കോ
    അല്ലേല്‍ ജീവിതം കട്ടപൊക

  39. കൊച്ചുത്രേസ്യ said...

    സിമീ ലെവലിനെ പറ്റി സംശയിക്കണ്ട. അതെനിക്കു പണ്ടേ ഇല്ലാന്നാണ്‌ നാട്ടുകാര്‌ പറയുനത്‌ :-)

    അയല്‍ക്കാരാ സെല്‍ഫ്‌ ഗോളടിയൊക്കെ നിര്‍ത്തി ഡീസന്റായി. ഇപ്പോ ചുമ്മാ പന്തെറിഞ്ഞു കൊടുക്കും.ആവശ്യമുള്ളവര്‍ അതു ചാടിപ്പിടിക്കും. അതാ പതിവ്‌ ;-)

    നന്ദു ശ്രീജിത്തായിരുന്നോ ഇവര്‍ടെ ലീഡര്‍...അങ്ങനെ വരട്ടെ.ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവം കൊണ്ടായിരിക്കാം അവരിങ്ങനെ തലതിരിഞ്ഞു പോകുന്നത്‌.. ലീഡറേ കം ബാക്ക്‌...

    അനില്‍ശ്രീ വായിക്കാതെ തന്നെ എല്ലാം മനസിലാക്കിയ ആ ദിവ്യശക്തി!! ഒരു സ്വാമിയാകുന്ന കാര്യം പരിഗണിച്ചൂടേ. ബ്ലോഗില്‍ നിന്നൊരു സ്വാമി..ഞങ്ങള്‍ക്കും അഭിമാനമായേനേ..

    പ്രിയേ ബിസ്‌ലേരി വെള്ളോം ബിസ്കറ്റുമൊക്കെ കൊടുത്ത്‌ സല്‍ക്കരിക്കാന്‍ അവരെന്താ പെണ്ണുകാണാന്‍ വരുന്നതാണോ..കൊടുക്കാതെ തന്നെ എല്ലാം തട്ടിയെടുക്കുന്നുണ്ട്‌.ഇനി സല്‍ക്കരിക്കാത്ത കുറവേയുള്ളൂ..

    ജീമനൂ ഉവ്വുവ്വ്‌. . ആരാംസെ ആസ്മാന്‍ തക്‌ കിളികളെ തപ്പി നടക്കുന്നതാണല്ലോ ദില്ലീ-ദില്‍വാലകളുടെ കാം.നടക്കട്ടെ നടക്കട്ടെ ;-)

    കുഞ്ഞാ ഈ മുന്നറിയിപ്പൊക്കെ ഞാന്‍ ആദ്യമേ കൊടുത്തതാണെന്നേ :-(

    റോളക്സ്‌ BTF-നെ അറിയിച്ചിട്ടെന്താ.. അവസാനം അവരും കൂടി കൊരങ്ങന്മാരുടെ പക്ഷം ചേരാനോ?

    ഉഗാണ്ടേ നന്ദി

    മറ്റൊരാളേ അതുകൊണ്ടൊന്നും കാര്യമില്ല. ഒന്നിനും അക്ഷരാഭ്യാസമില്ലെന്നേ..

    വിന്‍സേ മതവികാരത്തില്‍ തൊട്ടൊരു കളിയുമില്ല. സീരിയലീന്ന്‌ കടമറ്റത്തച്ചനെ വിളിച്ചിറക്കി ഈ കൊരങ്ങന്മാരുടെ തലയ്ക്കു പിടിപ്പിച്ചാലോന്നാ ഇപ്പോഴത്തെ ആലോചന..

    കൈതമുള്ളേ പാട്‌ ഇനീം പാട്‌. പടുപാട്ടു പാടാത്ത കഴുതയുണ്ടോ എന്നോ മറ്റോ പണ്ടാരോ ചോദിച്ചിട്ടുണ്ട്‌.

    elizabeth thanks

    നീര്‍ക്കോലീ ആ വഴി കൊള്ളാം. ആ കുരങ്ങന്‍മാരുടെ സങ്കേതത്തില്‍ പോയി ഈ പോസ്റ്റുകള്‍ മുഴുവന്‍ വായിച്ചു കേള്‍പ്പിക്കാന്‍ നോം നീര്‍ക്കോലിയെ നിയോഗിച്ചിരിക്കുന്നു. ആരവിടെ...

    angela അടുത്തൊരു അപ്പാര്‍ട്ട്‌മെന്റ്‌ പണിയുന്നുണ്ട്‌. അതിലാണ്‌ എല്ലാം വന്ന്‌ തമ്പടിച്ചിരിക്കുന്നത്‌. പിന്നെ ഞാന്‍ എന്റെ ധൈര്യമൊന്നും ഈ ചീളു കുരങ്ങന്മാര്‍ടടുത്ത്‌ വേസ്റ്റാക്കാന്‍ ഉദേശിക്കുന്നില്ല.അല്ലാതെ പേടിച്ചിട്ടൊന്നുമല്ല.
    വാഷിംഗ്‌ മെഷീന്‍ മനപൂര്‍വം വേണ്ടാന്നു വച്ചതാണ്‌. ആകെപ്പാടെയുള്ള ഒരു വ്യായാമം ഈ അലക്കാണല്ലോ.അതു മുടക്കണ്ടാന്നു വച്ചു (ഉവ്വുവ്വേ..) :-))

  40. കൊച്ചുത്രേസ്യ said...

    emmanuel മനുഷ്യന്‍മാര്‍ താമസിക്കുന്നിടത്തു തന്നെയാ ഞാന്‍ താമസിക്കുന്നത്‌. അവിടെയ്ക്ക്‌ ഈ മര്‍ക്കടന്‍മാര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതാണെന്നേ..

    സന്ദീപേ സത്യം..ആ ബുദ്ധീം കൊണ്ടു കഷ്ടപ്പെടുന്നതോ..പാവം ഞാനും :-(

    ജോക്കറേ സമയത്തിനു വാട്ടര്‍ബില്ലടച്ചാല്‍ എല്ലായിടത്തും വെള്ളം കാണും. നന്ദിയുണ്ട്‌.

    ചേര്‍ത്തലക്കാരാ നന്ദി

    നിസാ ഇപ്പോതന്നെ ഇതെത്ര കൊരങ്ങന്മാര്‍ വായിച്ചു കഴിഞ്ഞെന്നറിയുമോ ;-)

    ശ്രീവല്ലഭാ മലേറിയാഗുളിക നഷ്ടപ്പെട്ട സുഹൃത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു

    ഭൂമിപുത്രീ അതിനു ഞാനവര്‍ക്ക്‌ അനുകരണീയമായ ഒരു മാതൃകേം കാണിച്ചു കൊടുത്തിട്ടില്ല..എന്നിട്ടും...

    varsha എല്ലാം പദ്ധതികളും എന്റെ മനസ്സിലുണ്ട്‌. അതൊക്കെ ഒന്നു പ്രാവര്‍ത്തികമാക്കേണ്ട താമസമേയുള്ളൂ..

    അന്നാ എ.കെ ആന്റണീടെ വീട്ടിലും കുരങ്ങുശല്യമുണ്ടോ!!

    സാല്‍ജോ ഇവിടെ കമന്റിയവരില്‍ ആരെയാണ്‌ ഉദ്ദേശിച്ചത്‌? ;-)

    കുറ്റ്യാടിക്കാരാ നന്ദി

    ശ്രീലാലേ പേടിക്കേണ്ട. ഞാന്‍ ബാംഗ്ലൂരിലെ കുരങ്ങുകളെതന്നെയാണ്‌ ഉദ്ദേശിച്ചത്‌..മനുഷ്യക്കുരങ്ങുകളെയല്ല:-)

    വീണാ താങ്ക്സ്‌

    പ്രിയാ U എന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ അവരെ ഞാന്‍ ബ്ലോഗില്‍ കയറ്റില്ല.

    പപ്പൂസേ അഡ്രസൊന്നു പറഞ്ഞേ.. ഞാന്‍ ഒരു ലോറിപിടിച്ച്‌ എല്ലാത്തിനേം അവിടെ കൊണ്ടു വന്നു തരാം. ഫ്രീ ആയിട്ട്‌. നിങ്ങളവിടെ മനുഷ്യര്‍ടെ ക്രൂരതകളെപറ്റിയൊക്കെ അപലപിച്ച്‌ ഹാപ്പിയായി കഴിഞ്ഞോളൂ കേട്ടോ..
    ഇതാര്‌ മേനകാഗാന്ധീടേ മലയാളീവേര്‍ഷനോ!!

    വനജേ ഈ ലിങ്ക്‌ അവിടെത്തുന്നതിനു മുന്‍പേ ഞാനീ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യും. എന്നോടാണോ കളി..

    നിഗൂഢഭൂമീ നന്ദി

    ഗോര്‍ഗ്ഗ്‌ :-) വാനരകോപമോ!! എന്നോടോ!! ഞാനീ കപീഷിന്റെയൊക്കെ വല്യ ഫാനാണെന്നുള്ള സത്യം അവരെ എങ്ങനെയെങ്കിലും അറിയിക്കാന്‍ പറ്റിയാല്‍ ഈ കോപത്തില്‍ നിന്നു രക്ഷപെടാമായിരുന്നു.

    അനൂപ്‌ ചാത്തനും കുരങ്ങനും സഖ്യകക്ഷികളാണോ?തൃശൂരിലെ ചാത്തന്‍-സ്പെഷ്യലിസ്റ്റിന്‌ വല്ല ഓണ്‍ലൈന്‍ സപ്പോര്‍ട്ട്‌ വെബ്‌ സൈറ്റുമുണ്ടോ?

  41. siva // ശിവ said...

    നര്‍മ്മം വളരെ ഇഷ്ടമായി...

  42. Jayarajan said...

    "ഭൂമിപുത്രീ അതിനു ഞാനവര്‍ക്ക്‌ അനുകരണീയമായ ഒരു മാതൃകേം കാണിച്ചു കൊടുത്തിട്ടില്ല..എന്നിട്ടും..."
    അപ്പോ ഇതോ?:
    "അടുക്കളയിലുള്ള സര്‍വ്വ ഭക്ഷ്യവസ്തുക്കളും നിരത്തിയിട്ടിരിക്കുന്നു. വേസ്റ്റ്‌ ബാസ്കറ്റ്‌. അതു മറിച്ചിട്ട്‌ അതിലെ വേസ്റ്റൊക്കെ ഒന്നൊഴിയാതെ അടുക്കളയിലും സെന്‍ട്രല്‍ ഹാളിലുമായി നിരത്തിയിട്ടിരിക്കുന്നു. അതില്‍ നിന്ന്‌ ചീഞ്ഞ ഓറഞ്ചും തക്കാളിയുമെടുത്ത്‌ പിഴിഞ്ഞ്‌ തറയിലും ടി.വി.യുടെ മുകളിലുമൊക്കെ ധാര കോരിയിരിക്കുന്നു. ഇതൊന്നും പോരാഞ്ഞ്‌ ജാമിന്റെ കുപ്പിയില്‍ കൈ മുക്കി ആ വീടിന്റെ തറയിലും ഭിത്തിയിലുൂക്കെ കൈയുടെ അടയാളം പതിച്ചു വച്ചിരിക്കുന്നു"
    ഇതൊക്കെ കൊച്ചിനെക്കണ്ടല്ലാതെ ഇതുങ്ങള്‍ എങ്ങനെ പഠിക്കാനാ? ചിലപ്പോ കുട്ടിക്കാലത്ത് തന്നെ കൊച്ചിനെ അനുകരിച്ച് വഴി തെറ്റിയ പാവങ്ങള്‍ ആകാനും മതി :)

  43. Rasheed Chalil said...

    :)

  44. അശ്വതി/Aswathy said...

    കുരങ്ങന്‍ മാരെ ദൂരെ നിന്നു കണ്ടാലെ ഇപ്പൊ കടിക്കും ,മാന്തും എന്നൊരു ഫീലിംഗ് ആണ്. ഈ കത്ത് വയിചെന്കിലും അവ നന്നാവട്ടെ.

  45. Jishad said...

    അവിടെ ഭീകര അവസ്ഥ ആണല്ലോ.
    പക്ഷെ ഞാന് ബാഗ്ലൂര് താമസിച്ചിട്ടു ഇതുവരെ കുരങ്ങന്മാരെ കണ്ടിട്ടില്ലെല്ലോ

  46. Aluvavala said...

    ഈ പാവം ചേരയെ എന്തിനാടോ കൊരങ്ങന്‍‌മാരേ ഇങ്ങനെ ഉപദ്രവിക്കണേ..അയ്യേ..; ഒരു വക മനുഷ്യന്‍‌മാരെപ്പോലെ..!

    ത്രേസ്യേച്ചി...! പരാതി ഡമാര്‍....പെറ്റീഷന്‍ കൊടുത്താലോ?

  47. Vilsan said...

    കൊചുത്രേസ്യാകൊച്ചേ,
    പഴേ പോസ്റ്റ് ഒക്കെ പ്രിന്റ് ചെയ്ത അയേല്‍ തൂക്കിയിരുന്നേല്‍ അവന്മാരുടെ പൊടി പോലും കിട്ടത്തില്ലായിരുന്നല്ലോ

  48. Ashly said...
    This comment has been removed by the author.
  49. Anonymous said...

    super letter!!

  50. Aadityan said...

    tube light എന്ന് വിളിക്കാല്ലേ .ആക്ച്വലി ethu കുരങ്ങന്മാരെ പാതി തന്നെ അന്നോ? bangloore സംഗതി മെട്രോ അല്ലെ ?അപ്പോള്‍ കുരങ്ങന്മാര്‍......? അതു വല്ല ലോക്കല്‍ പൂവാല ശത്രു വിനെ അന്നോ udeshichathu? 8-10 കൊല്ലം സോഫ്റ്റ്‌വെയര്‍ feild ill work ചെയുന്ന്ന കേരളത്തിന് പുറത്തു പോകാത്ത ekka പാവം സോഫ്റ്റ്‌വെയര്‍ ടോസീലാളി അന്നെ . അത് കൊണ്ടുള്ള അന്ജതയാ. ക്ഷമിച്ചു കലയു‌

  51. പിരിക്കുട്ടി said...

    hai
    nannayirikkunnu kochu

  52. jense said...

    thressyaammachiyeee... ithu kollavallo... sathyaayittum chirichu ketto...

  53. nandakumar said...

    കുരങ്ങാണേലും അവര്‍ക്കും കാണില്ലേ ക്ഷമയും നെല്ലിപ്പലകയുമൊക്കെ... എത്ര നാളെന്നു വെച്ചാ ഈ ബ്ലോഗ് ഇങ്ങിനെ വായിക്കുന്നേ..കമന്റിലൂടെ പറ്റിയില്ലെങ്കില്‍ നേരിട്ടു വന്ന്. അല്ല പിന്നെ.. :-)
    (ബാംഗ്ലൂരില്‍ ഇത്രയും ബ്ലോഗേഴ്സ് ഉണ്ടായിട്ടു ഇങ്ങേരെ മാത്രം അവന്മാര് ശല്യപ്പെടുത്താന്‍ കാരണമെന്താണാവൊ??!! ആഹ് പോട്ടെ കൊച്ചേ അങ്ങ് ക്ഷമിച്ചേരെ) :-)

  54. yousufpa said...

    ന്താപ്പെണ്ടായേ...
    ആ വാനരക്കൂട്ടത്തെ ഒരു കെണി വച്ചു പിടിച്ചാലൊ..?
    എന്‍‌റ്റെ വീട്ടിലൊരു കെണീണ്ട്.പക്ഷെ തൊരപ്പനെ പിടിക്കുന്നതാണ് എങ്കിലും ഒരു കൈനോക്കാം.
    അല്ലെങ്കില്‍ വേണ്ട..ആ മുംസിയും കൂട്ടരും ഉണ്ടല്ലോ ബംഗളൂരുവില്‍ അവരോടൊന്ന് പറഞ്ഞാല്‍ പോരെ..

  55. തോന്ന്യാസി said...

    കുരങ്ങന്മാരേ..ജാഗ്രത...

    ഈ പോസ്റ്റ് വായിച്ചതിനുശേഷവും നിങ്ങള്‍ അക്രമം നിര്‍ത്തിയില്ലെങ്കില്‍......

    1) കൊച്ചുത്രേസ്യ നിങ്ങളുടെ താവളത്തില്‍ വന്ന് മരക്കൊമ്പ് ഒടിച്ചു കളയുക , നിങ്ങളെ ചീത്ത വിളിക്കുക തുടങ്ങിയ കലാപരിപാടികള്‍ ആരംഭിക്കും.

    2) കൊച്ചുത്രേസ്യ നാളെ മുതല്‍ നിങ്ങളെ തിരിച്ചു കടിക്കാന്‍ ആരം ഭിക്കും (പൊക്കിളിനു ചുറ്റും പതിന്നാലു സൂചി കേറും ഓര്‍ത്തോ ചെലപ്പോ 28 ആയീന്നും വരും ആള് ത്രേസ്യയാണ്)

    3) കൊച്ചു ത്രേസ്യ നിങ്ങളെ കാണുമ്പോ പാട്ടു പാടാന്‍ തുടങ്ങും....

    4)എന്നിട്ടും ഒരു ഗുണോമില്ലെങ്കില്‍ സത്യായിട്ടും ...കൊച്ചുത്രേസ്യ കരയും......

  56. അല്ഫോന്‍സക്കുട്ടി said...

    karthave save our one and only kochuthressia from these korangans.

  57. Unknown said...

    Kochu thresya koche.....kollam ninte kathu.....vayichappol nalla rasam....bhaviyundu athupole bhavanayumumndu...ethayalum thante kathu menaka gadhiykku forward cheythalo ennu chinthichathaanu...pinne thonni venda ennu...njanenthinu vayanyude rasam kalayanam?
    nannayi varatte...

  58. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: എന്തായാലും ബ്ലോഗ് പോസ്റ്റുകളുടെ പ്രിന്റൊന്നും മുറിയിലിടാഞ്ഞത് നന്നായി. അല്ലായിരുന്നെങ്കിൽ ഇപ്പോൾ കുരങ്ങ് പീഡനത്തിന് അഴിയെണ്ണേണ്ടി വന്നേനെ.

  59. അഹങ്കാരി... said...

    അതു കുട്ടിച്ചാത്തന്‍ കലക്കി...

    ഇത് എനിക്ക് തോന്നണത് ത്രേസ്യേടെ മുന്‍‌കാല ചരിതങ്ങള്‍ കൊരങ്ങമ്മമാര്‍ മക്കക്ക് വായിച്ചുകേള്‍പ്പിക്കാറുണ്ടെന്നാ...അതാ അവരിങ്ങനെ ആയിപ്പോയെ...

    ഓടോ: ത്രേസ്യാമ്മോ,ങ്ങക്കൊരു ചെറ്യേ ജോലി തരാന്‍ നാമുദ്ദേശിക്കുന്നു...ദാ ഇവിടെ മൊത്തം വായിക്കണേ...(പരസ്യം തന്നെയമൃതം,പരസ്യം തന്നെ ജീവിതം)

  60. Sharu (Ansha Muneer) said...

    പാവം കുരങ്ങന്മാര്‍... :)

  61. കാര്‍വര്‍ണം said...

    അല്ലെന്റെ ത്രേസ്യാക്കൊച്ചെ, നിങ്ങളു കുടുംബക്കാരു തമ്മിലുള്ള പ്രശ്നങ്ങളൊക്കെ ഇങ്ങനെ നാട്ടാരെ അറിയിക്കാതെ രമ്യതയില്‍ പരിഹരിക്കാന്‍ നോക്കെന്നേ.

    (ഇതെഴുതിയത് ഞാനല്ല, എന്നോട് വിരോധമുള്ള ആരോ ചെയ്ത കുത്സിത പ്രവര്‍ത്തിയാണ്. ത്രേസ്യാ ജിമ്മില്‍ പോക്ക് നിര്‍ത്തിക്കാണും അല്ലേ)

  62. കൊച്ചുത്രേസ്യ said...

    ശിവാ നന്ദി

    ജയരാജ്‌ അതൊക്കെ ഞാനെന്റെ വീട്ടിലല്ലേ ചെയ്യുന്നത്‌..വല്ലവര്‍ടെം വീട്ടില്‍ കയറി അട്ടിമറിക്കാറില്ലല്ലോ :-(

    ഇത്തിരീ ഇതാ മറുപടിസ്മെയിലി :-))

    അശ്വതീ നന്നാവട്ടെ..എനിക്കും പ്രതീക്ഷയുണ്ട്‌..

    jishad അതിനും വേണം ഒരു ഭാഗ്യം..

    ആലുവാലാ പെറ്റീഷനൊക്കെ കൊടുക്കാം. ഈ കുരങ്ങന്മാരൊക്കെ നമ്മടെ പോലീസിന്റെ പരിധിയില്‍ വരുമോ എന്തോ..

    vilsan അതൊക്കെ വായിച്ച്‌ അതുങ്ങളെല്ലാം എന്റെ ഫാനായിപ്പോയാലോ..പിന്നേം പണിയായില്ലേ..

    ashly കിടിലന്‍ ലെറ്റര്‍.. കുരങ്ങന്മാരുടെ ഭാഗത്തു നിന്ന്‌ സത്യാവസ്ഥ വെളിപ്പെടുത്താന്‍ ഇങ്ങനാരെങ്കിലും മുന്നോട്ടു വന്നതിനു നന്ദി ;-)

    viewsnaps thanks

    aadityaa സത്യമായും കുരങ്ങന്മാരെ തന്നെയാ ഉദ്ദേശിച്ചത്‌.. ഇമ്മാതിരി സംശയങ്ങളൊക്കെ ഉറക്കെ ചോദിച്ച്‌ ബാംഗ്ലൂര്‍വാസികളുടെ കയ്യില്‍ നിന്നും മേടിച്ചു കൂട്ടണ്ട കേട്ടോ..

    പിരിക്കുട്ടീ, കുഞ്ഞച്ചാ നന്ദി

    നന്ദകുമാര്‍ ഞാനിപ്പോ ക്ഷമയില്‍ ഗവേഷണം നടത്തുകയാണ്‌. അതു കണ്ടെങ്കിലും അതുങ്ങള്‍ നന്നായാല്‍ മതിയായിരുന്നു..

    അത്ക്കാ ആ കെണിയൊന്നും ഇവിടെ പറ്റൂല്ല. അവസാനം എല്ലാരേം കൂടി കൊരങ്ങന്‍മാരു കെണീലാക്കുന്നതും കൂടി എനിക്കു കാണേണ്ടി വരും :-)

    തോന്ന്യാസീ അവസാനം പറഞ്ഞ വഴി കൊള്ളാം. അതാവുമ്പം ചെയ്യാന്‍ എനിക്കു പ്രത്യേകിച്ച്‌ അധ്വാനമൊന്നും വേണ്ടി വരില്ല :-)

    അല്‍ഫോന്‍സക്കുട്ടീ ഈ പ്രാര്‍ത്ഥന കര്‍ത്താവു കേള്‍ക്കട്ടേന്നു പ്രാര്‍ത്ഥിക്കുന്നു..

    cigy വായിക്കുക, എന്നോടു സഹതപിക്കുക..അല്ലാതെ ഓരോ കടുംകൈകള്‍ ചെയ്താലുണ്ടല്ലോ..ങ്‌ഹാ..

    ചാത്താ അതൊക്കെ കുരങ്ങുപീഡനത്തിന്റെ പരിധിയില്‍ വരുമോ. ഒന്നുരണ്ടു ദിവസം ഇവിടെ വന്ന്‌ ചാത്തനേറു നടത്താമോ?

    അഹങ്കാരീ ജ്വാലി തന്നതിനു നന്ദി. ഇനി പണിയെടുത്തു പണിയെടുത്ത്‌ എന്റെ ആല്‍മാര്‍ത്തത തെളിയിച്ചിട്ടേ ബാക്കി കാര്യമുള്ളൂ..ശമ്പളമായി നന്ദി മാത്രമേയുള്ളൂ എങ്കില്‍ ഐ ആം നോട്‌ ഇന്റ്രസ്റ്റെഡ്‌..

    ഷാരൂ കാപാലികേ..'പാവം കൊച്ചുത്രേസ്യ' എന്നു പറയൂ..

    കാര്‍വര്‍ണ്ണമേ ജിമ്മിന്റെ കാര്യമൊക്കെ പറഞ്ഞ്‌ എന്നെ വേദനിപ്പിക്കരുത്‌. ജിമ്മില്‍ പോക്ക്‌ നിര്‍ത്തീന്ന്‌ കൊരങ്ങന്‍മാരും അറിഞ്ഞിട്ടുണ്ടാകും.അതാവും എന്നെ പുല്ലുവില..
    :-(

  63. ആഷ | Asha said...

    കാര്യങ്ങള്‍ കൈവിട്ടു പോയി അല്ലേ;)

    വീടു ക്ലീനാക്കി പെര്‍ഫ്യൂം പൂശിയ കാര്യം എഴുതിയല്ലോ. ഞാനും ഇതേ പോലെ ഒരു കുരങ്ങന്‍ വീട്ടിനുള്ളില്‍ കയറി മുട്ട പൊട്ടിച്ച് കയ്യാംങ്കളി നടത്തിയ ശേഷം അതൊക്കെ വ്യത്തിയാക്കി പെര്‍ഫ്യൂം അടിച്ചിരുന്നു. അവസാനം എന്തായി? മുട്ടയുടെ വാട്ടമണവും പെര്‍ഫ്യൂമിന്റെ മണവും കൂടി ചേര്‍ത്ത അതിനേക്കാള്‍ സഹിക്കാന്‍ വയ്യാത്ത മണമായി മാറി. എനിക്ക് മണമടിച്ച് തലവേദന വന്നതും പിന്നീട് ആ പെര്‍ഫ്യൂമിന്റെ മണമടിക്കുമ്പോഴേ പഴയ ഫീലിങ്ങ് ഒക്കെ തികട്ടി വരുന്നതും മിച്ചം.

    പിന്നെ ഇവിടെ പാല്‍ മോഷ്ടാവ് ഒരു കൊഴുത്തുരണ്ട പൂച്ചയായിരുന്നു. ഇപ്പോ എല്ലാവരും മുകളില്‍ ആണിയടിച്ചോ വാതിലിന്റെ കൊളുത്തിലോ സഞ്ചി തൂക്കിയിട്ടേക്കും അതിലാണ് പാല്‍ ഇടുന്നത്. സഞ്ചി ചാടി എത്താന്‍ പറ്റിയ പൊക്കത്തിലാണെങ്കില്‍ അവന്‍ ചാടിയടിച്ച് പാല്‍കവറില്‍ തുളയുണ്ടാക്കും. താഴെ വീഴുന്ന പാല്‍ വേണ്ടത്ര കുടിച്ചിട്ട് സ്ഥലം കാലിയാക്കും. ബാക്കി പാല്‍ അവിടുത്തെ പോലെ സ്റ്റെയര്‍കേസ് വഴി പാല്പുഴയായി താഴേയ്ക്കൊഴുകും.

    അവിടെ ഫുള്‍ഗാങ്ങാണല്ലേ ആക്രമണ്‍
    പാവം ത്രേസ്യാകൊച്ച് :(

  64. ran said...

    Nice post........ :)

  65. ran said...

    Nice post........ :)

  66. മായാവതി said...

    excellent one

  67. kunjadu said...

    കൊച്ചുത്രേസ്യ എനിക്ക് ഇഷ്ടായിട്ടൊ ????? കൊളളാം.....

  68. Pravi said...

    Nice one indeed. I enjoyed reading it.

  69. poor-me/പാവം-ഞാന്‍ said...

    Bangalore monkeys call you, pl listen!!

  70. Babu Kalyanam said...

    :-)

  71. Soudh said...

    4varsham vaiki postil keriyoru kurangathiyane....kochu...sammathichuda...