Sunday, July 6, 2008

ചില ഭാഷാപ്രേമികള്‍...

അല്‍പസ്വല്‍പ്പം ഹിന്ദി കയ്യിലുള്ളതു കൊണ്ട്‌ ഇവിടെ ബാംഗ്ലൂര്‌ ജീവിച്ചു പോവാന്‍ വല്യ ബുദ്ധിമുട്ടില്ല. ഇവിടുത്തുകാര്‍ക്കൊക്കെ ഹിന്ദി കേട്ടാല്‍ മനസ്സിലായിക്കോളും. ഇങ്ങനെയൊക്കെയാണെങ്കിലും കന്നഡ പഠിക്കണം എന്ന ആഗ്രഹം ഇടയ്ക്കിടയ്ക്കൊക്കെ പൊട്ടിമുളയ്ക്കാറുണ്ട്‌. പ്രത്യേകിച്ചും ബസിന്റെ ബോര്‍ഡില്‍ ജിലേബി പോലത്തെ കന്നഡ അക്ഷരങ്ങള്‍ കാണുമ്പോള്‍.. 'ഇതു പഠിച്ചിട്ടേ ഇനി വിശ്രമമുള്ളൂ' എന്നൊക്കെ ഓണ്‍-ദി-സ്പോട്ട്‌ പ്രതിജ്ഞയെടുത്തിട്ടുണ്ട്‌--പലവട്ടം.. എടുത്തതിന്റെ പിന്നാലെ തന്നെ അതപ്പടി മറന്നു പോകുന്നതു കൊണ്ട്‌ ഇതു വരെ ആ പ്രതിജ്ഞകളൊന്നും പാലിക്കേണ്ട ബുദ്ധിമുട്ടുണ്ടായിട്ടില്ല. ഒരു പ്രാവശ്യം 30 ദിവസത്തിനുള്ളില്‍ കന്നഡ പഠിക്കാം എന്ന ബുക്ക്‌ വാങ്ങുന്നതു വരെ കാര്യങ്ങള്‍ പുരോഗമിച്ചു. പഠനത്തിന്റെ കൂടുതല്‍ കൊണ്ട്‌ ആ ബുക്കിപ്പോള്‍ എവിടാണെന്നു പോലും എനിക്കറിയില്ല. ഏവംവിധം എന്റെ കന്നഡ പരിജ്ഞാനം ഇപ്പോഴും തുടങ്ങിയേടത്തു തന്നെ കുറ്റിയടിച്ചു നില്‍ക്കുകയാണ്‌. അപ്പോപിന്നെ പറയാതെ തന്നെ അറിയാല്ലോ,, പുതിയ ഭാഷ പഠിച്ചെടുക്കുന്നവരോട്‌ എനിക്കു ഭയങ്കര ബഹുമാനമാണ്‌. എന്നെകൊണ്ടു ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്യുന്നതു കൊണ്ടാവാം.. അങ്ങനെയുള്ള ചില മഹദ്‌വ്യക്തികളെപറ്റിയാവട്ടെ ഈ പോസ്റ്റ്‌ ..

ഈ ലിസ്റ്റില്‍ ആദ്യത്തേത്‌ ലളിതാന്റിയാണ്‌. കര്‍ണ്ണാടകയിലെ ഏതോ നാട്ടില്‍ പച്ചവെള്ളം പോലെ തുളുവും കന്നഡയും പറഞ്ഞ്‌ വളര്‍ന്ന ലളിതാന്റിയെ എന്റെ ഒരു ബന്ധു കല്യാണം കഴിച്ച്‌ ഞങ്ങള്‍ടെ കുടുംബത്തിലേക്കു കൊണ്ടുവന്നതാണ്‌. ജനിച്ചു വളര്‍ന്ന ടൗണില്‍ നിന്നും പരിഷ്കാരം തൊട്ടുതീണ്ടാത്ത ആ മലയോരഗ്രാമത്തിലേക്കുള്ള പറിച്ചുനടല്‍ ആര്‍ക്കായാലും വല്യ ബുദ്ധിമുട്ടുണ്ടാക്കും.പക്ഷെ ലളിതാന്റി ഈസിയായി അഡ്ജസ്റ്റ്‌ ചെയ്തു. ഒന്നൊഴികെ..മലയാള ഭാഷ.. അതുമാത്രം എത്ര ശ്രമിച്ചിട്ടും വഴങ്ങിയില്ല. പിന്നെ അതിനെ വരുതിയിലാക്കാനുള്ള കഠിനശ്രമമായിരുന്നു. നാവെടുത്താല്‍ മലയാളമേ പറയൂ. എത്ര പൊട്ടതെറ്റാണെങ്കിലും. "വേണ്ട ലളിതേ, അറിയാവുന്ന ഭാഷ പറഞ്ഞാല്‍ മതി,ഞങ്ങള്‍ മനസ്സിലാക്കിയെടുത്തോളാം" എന്നൊക്കെ വീട്ടുകാര്‌ ഓഫര്‍ ചെയ്തതാണ്‌. അത്‌ ആന്റിയോടുള സ്നേഹം കൊണ്ടല്ല, മറിച്ച്‌ ആന്റി പറയുന്ന വിഡ്ഢിത്തങ്ങള്‍ക്ക്‌ നാട്ടുകാരുടെ മുന്നില്‍ സമാധാനം പറയേണ്ടത്‌ അവരാണല്ലോ എന്നോര്‍ത്തിട്ടാണ്‌.കൊടുക്കുക, വാങ്ങുക, പോവുക, വരിക, ഇല്ല, ഉണ്ട്‌ തുടങ്ങിയ മര്‍മ്മപ്രധാനമായ പലവാക്കുകളും അനവസത്തില്‍ തെറ്റിയുപയോഗിക്കപ്പെട്ടു പോകും. ചില്ലറ പിണക്കം മുതല്‍ നാട്ടുകാര്‌ തമ്മില്‍ തല്ലിക്കൊല്ലാനുള്ള വക വരെ ഈ തെറ്റില്‍ നിന്നു സംഭവിച്ചേക്കാം. അതാണ്‌ പ്രധാന കാരണം.പക്ഷെ ലളിതാന്റി വഴങ്ങിയില്ല.. തന്റെ മലയാളഭാഷാപരിശീലനം പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നു.

അങ്ങനെ ഒരു ദിവസം ആന്റി എങ്ങോട്ടോ പോവാന്‍ വേണ്ടി ബസില്‍ കയറിയതാണ്‌. ഒരു സ്ത്രീ സീറ്റില്‍ ഒരു സഞ്ചിയും വച്ച്‌ വിശാലമായിട്ടിരിക്കുന്നു. ഒ‍ന്ന്‌ നീങ്ങിയിരുന്നാല്‍ ആന്റിയ്ക്കും കൂടി അവിടെ സുഖമായിട്ടിരിക്കാം. ആന്റി അടുത്തു ചെന്നിട്ടും ആ സ്ത്രീയ്ക്ക്‌ ഒരനക്കവുമില്ല. നീങ്ങിയിരിക്കാന്‍ ആംഗ്യം കാണിച്ചു. നോ രക്ഷ. അപ്പോള്‍ എല്ലാരും ചെയ്യുന്നതു പോലെ ആന്റി കണ്ടക്ടറിന്റെ സഹായം തേടി. നല്ല ഉറക്കെ തന്നെ.പച്ചമലയാളത്തില്‍..

" നോക്കൂ ഈ അമ്മച്ചിയോടു ചന്തി മാറ്റി വയ്ക്കാന്‍ പറയൂ.. "

പിന്നെന്താണ്‌ സംഭവിച്ചതെന്നതിനെ പറ്റി കുടുംബത്ത്‌ പല അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്‌. എന്തായാലും താന്‍ പറഞ്ഞ മലയാളം ശരി തന്നെയാണെന്നാണ്‌ ആന്റി ഇപ്പോഴും വിശ്വസിക്കുന്നത്‌. ഒന്നാലോചിച്ചാല്‍ ആന്റി പറഞ്ഞ മലയാളത്തിനെന്താ കുഴപ്പം?

അടുത്ത ഭാഷാപ്രേമിയെ കണ്ടുമുട്ടിയത്‌ ഒരു ട്രെയിന്‍ യാത്രയിലാണ്‌. നാട്ടിലേക്കു പോവാനായി ഡെല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കയറിയതാണ്‌ ഞനും ചേച്ചിയും എന്റെ കൂട്ടുകാരി കുരുട്ടും. ഞങ്ങള്‍ടെ അടുത്ത സീറ്റില്‍ ഒരു ചേച്ചിയും ചേട്ടനും ഉണ്ട്‌. പിന്നെ അവര്‍ടെ വകയായി എല്ലാ സീറ്റിന്റെയും അടിയില്‍ ബാഗുകളും കെട്ടുകളും.വെക്കേഷന്‍ തുടങ്ങിയാലുള്ള സ്ഥിരം കാഴചയാണ്‌. കുടുംബമായി പോകുന്നവര്‍ടെയൊക്കെ വകയായി നിറയെ കെട്ടുകളും ഭാണ്ഡങ്ങളുമായിരിക്കും. നമ്മളെപോലുള്ള ഒറ്റത്തടിക്കാരുടെ സ്ഥലം കൂടി അവര്‌ സ്വന്തമാക്കും. അവസാനം താഴെയെങ്ങും വയ്ക്കാന്‍ സ്ഥലമില്ലാത്തതു കൊണ്ട്‌ നമ്മടെ ബാഗും ബര്‍ത്തില്‍ തന്നെ സ്ഥാപിക്കേണ്ടി വരും.ഇവിടേം സ്ഥിതി അതു തന്നെ. ബാഗിനെം കൂടി ബര്‍ത്തിലേക്കു വലിച്ചു കയറ്റാന്‍ തോന്നാത്തതു കൊണ്ട്‌ ഞങ്ങള്‍ നിലത്തു പടിഞ്ഞിരുന്ന്‌ അതിനു വേണ്ടി സ്ഥലമുണ്ടാക്കുകയണ്‌. തൊട്ടടുത്ത സീറ്റില്‍ ഒരു സര്‍ദാര്‍ജി ഫാമിലി -അച്ഛനും അമ്മയും പിന്നെ ഞങ്ങള്‍ടെ പ്രായത്തിലൊരു മോനും- ഇരുന്ന്‌ വര്‍ത്തമാനം പറയുന്നുണ്ട്‌. ബാഗുകളൊക്കെ അവിടിവിടെ കുത്തിത്തിരുകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു ടൈംപാസിനു വേണ്ടി ഞങ്ങള്‍ അവരെ പറ്റി ചുമ്മാ ഓരോ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ തുടങ്ങി. നല്ല പച്ചമലയാളത്തില്‍. അതാവുമ്പോ കേട്ടാലും അവര്‍ക്കു മനസ്സിലാവില്ലല്ലോ.. ആ സര്‍ദാര്‍ജി പയ്യനെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നും, സൗന്ദര്യം വച്ചു നോക്കിയാല്‍ കൂടെയുള്ളവര്‍ അവര്‍ടെ അച്ഛനും അമ്മയുമാകാന്‍ ഒരു വഴിയുമില്ലെന്നുമൊക്കെ ഞങ്ങള്‍ കാര്യകാരണസഹിതം നിഗമനത്തിലെത്തി. പിന്നെ അവര്‌ ടര്‍ബന്‍ ഫിറ്റ്‌ ചെയ്യുന്നതെങ്ങനെയായിരിക്കും എന്നതിനെ പറ്റിയായി ചര്‍ച്ച. മൂന്നുപേരും അവരവരുടെ വാദഗതികളൊക്കെ അവതരിപ്പിച്ചു. അപ്പോഴാണ്‌ ഒരു ശബ്ദം..

"മാറൂ ഞാന്‍ സഹായിക്കാം.."

മൂന്നുപേരും ഞെട്ടി എഴുന്നേറ്റു പോയി. ഞെട്ടാന്‍ കാരണമുണ്ട്‌. ആ സര്‍ദാര്‍ജി പയ്യനാണ്‌ ഒന്നാന്തരം മലയാളത്തില്‍ സംസാരിച്ചത്‌. അയാള്‍ വേഗം ഭാണ്ടക്കെട്ടുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും നീക്കി ഞങ്ങള്‍ടെ ബാഗുകളും കൂടി അവിടെ തള്ളിക്കേറ്റി. എന്നിട്ടും ഞങ്ങള്‍ ഒന്നും പറയാതെ അസ്ത്രപ്രജ്ഞരായി നില്‍ക്കുകയാണ്‌. അയാളെപറ്റി പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സില്‍ ഒന്നു റീവൈന്‍ഡ്‌ ചെയ്തു നോക്കുകയായിരുന്നു മൂന്നുപേരും. എന്തേലും വേണ്ടാത്തതു പറഞ്ഞോന്നറിയില്ലല്ലോ.. എതായാലും ആ ട്രെയിന്‍ യാത്രയില്‍ ഞങ്ങള്‌ നല്ല കമ്പനിയായിരുന്നു. അയാളുടെ അമ്മ കേരളത്തില്‍ ടീച്ചറാണു പോലും.അമ്മയെ കാണാന്‍ വന്നു വന്ന്‌ മകന്‍ മലയാളം പഠിച്ചതാണ്‌. നല്ല ഒഴുക്കോടെ ഒരു തെറ്റുമില്ലാതെ ശുദ്ധമലയാളം. എന്തായാലും ദൈവത്തിന്റെ ഓരോ ചതികള്‍..അല്ലാതെന്തു പറയാന്‍..


ആത്മപ്രശംസയാണെന്നു വിചാരിക്കരുത്‌. മൂന്നാമത്തെ ഭാഷാപ്രേമി ഞാന്‍ തന്നെയാണ്‌. പഠിച്ചു മിടുക്കിയായ ഭാഷ ഹരിയാന്‍വിയും. എന്റെ ഒരു കൂട്ടുകാരി സോനുവിന്റെ വീട്‌ ഹരിയാനയിലെ കുരുക്ഷേത്രയിലാണ്‌. അങ്ങനെയാണ്‌ ഈ ഹരിയാന്‍വി പ്രേമം ഉടലെടുത്തത്‌. സോനൂനെ ഗുരുവായി സ്വീകരിച്ച്‌ ഭയങ്കര പഠനം. ഒരു ദിവസത്തിനപ്പുറം പഠനം മുന്നോട്ടു പോയില്ല. അപ്പോഴേക്കും ഞാന്‍ പഠിച്ചുകഴിഞ്ഞതു കൊണ്ടാണു കേട്ടോ. ആ ഒറ്റ ദിവസം കൊണ്ടു തന്നെ ഹരിയാന്‍വി പറയാനുള്ള ടെക്നിക്ക്‌ എനിക്കു പിടികിട്ടി. സംഭവം നമ്മടെ ഹിന്ദി തന്നെ. പക്ഷെ ബഹുമാനസ്വരങ്ങളൊന്നും പാടില്ല. പിന്നെ നല്ല സ്പീഡില്‍ ഉറക്കെ പറയുകയും വേണം. ഹിന്ദിവാക്കുകള്‍ മര്യാദയ്ക്കു പറയാതെ അവിടേം ഇവിടെമൊക്കെ ഒന്നു ചുരുക്കി പറഞ്ഞാല്‍ മതി. ഒരു കാര്യം കൂടി..പറയുന്നതു നല്ല ദേഷ്യത്തില്‍ വേണം... ആരെങ്കിലും കേട്ടാല്‍ കണ്ണുപൊട്ടുന്ന ചീത്ത പറയുകയാണെന്നേ തോന്നാവൂ...ആയി..ഹരിയാന്‍വിയായി. ഈ പാണ്ഡിത്യവും കൊണ്ടാണ്‌ ഞാന്‍ കുരുക്ഷേത്രയില്‍ സോനൂന്റെ വീട്ടില്‍ പോയത്‌. കൂടെ കുരുട്ടുമുണ്ട്‌.

അവിടെ നിറയെ നമ്മടെ മഹാഭാരതയുദ്ധത്തില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളാണ്‌. എല്ലാം കണ്ടുകണ്ട്‌ പാഞ്ചാലി മുടി കഴുകിയ കിണറ്റിലെത്തി. ദുശ്ശാസനന്റെ ചോരേം കൊണ്ട്‌ മുടികെട്ടിക്കഴിഞ്ഞ്‌ അതു കഴുകിക്കളഞ്ഞില്ലേ..ആ കിണര്‍ തന്നെ. ഒരു കുഴിയിലാണ്‌ കിണര്‍.. ഇടുങ്ങിയ വഴിയിലൂടെ കുഴിയിലിറങ്ങിയാല്‍ അതിനുള്ളില്‍ ഒരു ചെറിയ കിണര്‍. സോനു കുറെ ദൂരെ വിശ്രമിക്കുകയാണ്‌. പണ്ടത്തെ രാജകുമാരിമാരുടെയൊക്കെ ഒരു സ്വഭാവം വച്ചാണെങ്കില്‍ ഇത്രേം ദൂരമൊന്നും പാഞ്ചാലി വന്നു മുടി കഴുകാന്‍ സാധ്യതയില്ല.നമ്മടെ പുരാണസീരിയലുകളില്‍ തന്നെ കണ്ടിട്ടില്ലേ..ഒന്നനങ്ങുന്നതിനു പോലും അവര്‍ക്ക്‌ പരിചാരികമാര്‍ വേണം. അങ്ങനെയുള്ള ഒരാള്‍ മുടികഴുകാന്‍ വേണ്ടി ഇവിടെ വന്നൂന്നു പറഞ്ഞാല്‍.. ആ കിണര്‍ ഞങ്ങള്‍ വിശദമായി തന്നെ കണ്ടിരിക്കേണ്ടതാണ്‌. ഞാനും കുരുട്ടും പതുക്കെ കുഴിയിലേക്കിറങ്ങി.പെട്ടെന്നു മുകളില്‍ നിന്ന്‌ ആരോ ബഹളം വച്ചു കൊണ്ട്‌ ഓടി വരുന്ന ശബ്ദം.അവിടുത്തെ തൂപ്പുകാരിയാണ്‌. ഞങ്ങളെ നോക്കി വഴക്കു പറയുന്നതു പോലെ എന്തൊക്കെയോ പറയുന്നുണ്ട്‌. ഞങ്ങള്‍ക്ക്‌ പേടിയൊന്നും തോന്നിയില്ല. ഹരിയാന്‍വി ഭാഷേടെ ഒരു ലക്ഷണം വച്ചു നോക്കിയാല്‍ അവര്‌ സമാധാനപരമായി ഞങ്ങള്‍ക്കെന്തൊക്കെയോ പറഞ്ഞു തരാന്‍ ശ്രമിക്കുകയാണ്‌. അതെന്താണെന്നു മനസ്സിലാക്കിയെടുക്കാന്‍ വേണ്ടി ഞങ്ങള്‌ മുകളിലെക്കും നോക്കി കാതു കൂര്‍പ്പിച്ചു നിന്നു. ഞങ്ങളിങ്ങനെ മിഴുങ്ങസ്യാ എന്നു നില്‍ക്കുന്നതു കണ്ടിട്ടാവണം അവര്‌ കണ്ണൊക്കെ തുറിപ്പിച്ച്‌ ഞങ്ങളെ നോക്കി കയ്യിലുള്ള വടി വീശി അടിക്കുന്നതു പോലെ ആംഗ്യം കാണിച്ചു. ആ ആംഗ്യഭഷയ്ക്ക്‌ ഹരിയാനേലും കേരളത്തിലുമൊക്കെ ഒരേ അര്‍ത്ഥമാണ്‌. ഇനീം അവിടെ നിന്നാല്‍ അടിപൊട്ടും എന്ന്‌. അപ്പോഴാണ്‌ അവരത്രേം നേരോം ഞങ്ങളെ ശരിക്കും വഴക്കുപറയുകയായിരുന്നൂന്ന്‌ മനസ്സിലായത്‌.സോനു ഓടി വന്ന്‌ മാപ്പു പറഞ്ഞതുകൊണ്ട്‌ അടികിട്ടാതെ അവിടുന്നു രക്ഷപെട്ടു. ആ കുഴി ഒരു പുണ്യസ്ഥലമാണത്രേ..ഞങ്ങളെപോലുള്ള അലവലാതികള്‍ക്ക്‌ അവിടെ ഇറങ്ങാന്‍ അനുവാദമില്ലാന്ന്‌. എന്തായാലും ആ സംഭവത്തോടെ ഒരു കാര്യം കൂടി പഠിച്ചു.സാധാരണ ഹരിയാന്‍വിയും ദേഷ്യത്തിലുള്ള ഹരിയാന്‍വിയും തമ്മിലുള്ള വ്യത്യാസം. രണ്ടാമത്തേതില്‍ പറയുന്ന ആളിന്റെ കയ്യില്‍ ഒരു വടിയും കൂടിയുണ്ടാകും. ബാക്കിയൊക്കെ സേം സേം..

69 comments:

  1. കൊച്ചുത്രേസ്യ said...

    ഭാഷാപ്രേമികളേ ഇതിലേ ഇതിലേ..

  2. Unknown said...

    വളരെ നാളായുള്ള ഒരാഗ്രഹമായിരുന്നു നാലാളറിയുന്ന ബ്ലോഗില്‍ നാലാളറിയെ ഒരു തേങ്ങയൊടച്ച് നാലാളെ അറിയിക്കണം എന്നത് ,,,,,,,, അപ്പോ അതിനു പറ്റിയ ഈ ബ്ലോഗില്‍ തന്നെയാവട്ടേ ..... അപ്പോ അതു കഴിഞ്ഞിട്ടാവം ബാക്കിയൊക്കെ അല്ലെ കൊച്ച് ത്രേസ്യാ കൊച്ചെ.............

    (((((((( ടോ‍ാ‍ാ ))))))))))))

  3. ധ്വനി | Dhwani said...

    ഇങ്ങനെ കന്നട പഠിയ്ക്കാന്‍ ഞാനും ശ്രമം നടത്തി. ഒന്നേ രണ്ടേ പഠിച്ചു തുടക്കം. പത്തു വരെ പഠിച്ചപ്പോളല്ലേ മനസിലായത്. മലയാളം തന്നെ കൊഞ്ചി കൊഞ്ചി പറഞ്ഞാല്‍ കന്നടയാവുമെന്നേ. ഇപ്പോ സാമാന്യം മോശമില്ലാതെ കന്നട സംസാരിയ്ക്കും ഞാന്‍!

    ഇപ്പോ തന്നെ നോക്കിയേ, ബഹുമാനം ലവലേശം തൊടാതെ, മലവെള്ളം പോണപോലെ ഹിന്ദി പറഞ്ഞാല്‍ ഹരിയാന്‍വി. ഹരിയാന്‍വിയില്‍ ദേഷ്യപ്പേടണമെങ്കില്‍ കയ്യിലൊരു വടി. മലയാളത്തിലേ പോലെ തന്നെ!

    ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ ഭാക്ഷകളും ഒരേ പോലെയാണെന്നേ!

    പോസ്റ്റ് കൊള്ളാം!

  4. JK said...

    കൊച്ചുത്രെസ്യെച്ചീ... ബ്ലൊഗ്‌ മുഴുവനും ഞാന്‍ ഡൗണ്‍ലോട്‌ ചെയ്തെടുത്ത്‌ വായിച്ചു. എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു കെട്ടൊ. നല്ല വിവരണങ്ങള്‍. ഓള്‍ ദ ബെസ്റ്റ്‌.

  5. Unknown said...

    ഹിന്ദി തപ്പി തപ്പി പറയാന്‍ ,മുന്‍പ് ജോലി ചെയ്തിരുന്ന സ്തലത്തെ ബംഗാളി പണിക്കരുടെ കൂടെയുള്ള സഹവാസം സഹായിക്കുകയും ഒപ്പം തന്നെ വൌ സാറു ഇത്രപെട്ടെന്നു ഹിന്ദിപറയാനും പടിച്ചല്ലൊ !!!! എന്നുള്ള അതിറ്റങ്ങളുടെ സോപ്പിങ്ങും കൂടി ആയപ്പോള്‍ ആസ് യുഷ്വല്‍( ക : ട് - വിശാലേട്ടന്‍ ) പൊങ്ങിയ മനസ്സിന്റെ പിന്നത്തെ ആഗ്രഹം“ ദൈവെ എതെങ്കിലും ഹിന്ദിക്കാരന്‍ വല്ല തിരക്കുളള സ്തലത്തും വച്ച് വിളിച്ചിരുന്നെങ്കില്‍ നാലാളെ അറിയിക്കാര്‍ന്നു ഇമ്മടെ ഹിന്ദി’. ദൈവാരാ മോന്‍ .അധികം വൈകിയില്ല നമമ്മുടേ പ്രാര്‍ത്തന പോലെ തന്നെ തിരക്കുള്ളിടത്ത് വച്ച് തന്നെ ബംഗളീടെ വിളി വന്നു.സുഖാണൊ ? പിന്നെ എനീക്കു ബഹുത്തു അച്ഛാ ! എന്നുള്ള ഔപചരികതകള്‍ക്കു ശേഷമല്ലെ ഇത്ര പെര്ത്തു വാക്കുകള്‍ ഹിന്ദിയിലുണ്ടെന്നു മനസിലായതു.പിന്നെ ആള്‍ക്കാരു ശ്രദ്ധിച്ചോട്ടെ എന്നു വിചാരിച്ചു പറഞ്ഞ ഞാന്‍ ,, പിന്നെ ആ‍ ഏരിയേലുണ്ടാര്‍ന്നവരല്ലാം ചെകിടന്മാരയീ പൊട്ടെ എന്നു പ്രാര്‍തിക്കേണ്ട അവസ്തതയായീ.അവിടൊന്നു ഓടി രക്ഷപെടാന്‍ പോലും പറ്റാത്ത വിധം ഗണേശന്‍ മന്ത്രിയുടെ K S R T C യിലാല്ലയിരുന്നൊ ആ വിളി

  6. Febin Joy Arappattu said...

    ithu njaan hindi padichirunna pole thanne... 10 pass aaythenganannu enikkalle ariyoo.... :)

  7. ഗോപക്‌ യു ആര്‍ said...

    ആ ചന്തി പ്രയൊഗം വായിച്ച്‌ ചിരിച്ച്‌..ചിരിച്ച്‌..ന്റമ്മൊ...
    കൊല്ലാം..ത്രെസ്യാകുട്ടി.....
    keep it up.........

  8. അയല്‍ക്കാരന്‍ said...

    ഈ ഭാഷ പഠിക്കലൊക്കെ ഭീകര പാട് തന്നെ. മലയാളമറിയാവുന്നവനാണെന്ന ഒരാത്മവിശ്വാസമുണ്ടായിരുന്നത് ഉമേഷിന്‍റെയൊക്കെ ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയതോടെ പോയി. ഇനി മലയാളവും പഠിച്ചുതുടങ്ങണം.

    ഏവംവിധം എന്റെ മലയാള പരിജ്ഞാനം ഇപ്പോഴും ഒന്നാം ക്ലാസ്സില്‍ തന്നെ കുറ്റിയടിച്ചു നില്‍ക്കുകയാണ്‌. അതുകൊണ്ട് ഏവംവിധം എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം പോലും അറിയില്ല. പാവം ഞാന്‍.....

  9. krish | കൃഷ് said...

    അപ്പൊ കൊച്ചുത്രേസ്യ സംസാരിക്കുന്നത്രേം സ്പീഡില്‍ പറഞ്ഞാല്‍ അത് ഹരിയാന്‍‌വി ആവുമല്ലേ..
    :)

  10. വിക്രമാദിത്യന്‍ said...

    കൊടകര പുരാണത്തിലെ കണ്ണി (ലിങ്കെന്നു വേണേല്‍ വിവക്ഷിച്ച്ചുകൊള്‍ക ) തുറന്ന വാതായനം എത്തിച്ചത് കൊച്ചു ത്രേസ്യയുടെ ലോകത്ത്. "ബഹുത് ഖൂബ്സൂരത് ദുനിയ". ഭാഷയല്ലേ വിഷയം. നമ്മുടെ വകയും ഇരിക്കട്ടേ ഒരു ദ്വിഭാഷ.
    ഓണ്‍ എ സീരിയസ് നോട്ട്...അല്ലെങ്കില്‍ വേണ്ട സീരിയസ് ആകുന്നില്ല... എഴുത്ത് ഉഷാര്‍.
    ഇതിനു പാഞ്ചാലി തലമുടി കഴുകിയ കിണറ്റിന്റെ കരയില്‍ ഓള്‍ഡ് ദുശാസനന്റെ പ്രേതം ഉണ്ടാകാതിരുന്നത് കൊച്ചു ത്രേസ്യയുടെ ടൈംസ്‌ ഓഫ് ഇന്ത്യ...

    ആശംസകളോടെ
    വിക്രമാദിത്യന്‍

  11. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ബോംബെയില്‍ എത്തിയപ്പോ ഹിന്ദി സ്പീക്കാന് ‍പഠിച്ചു. പീന്നെ മറാത്തികള്‍ക്കിടയില്‍പ്പെട്ടപ്പഴാ ബ്ലീംഗസ്യാ ആയീപ്പോയത്.

    പാ‍ഞ്ചാലീടെ കാര്യം, ആ സമയത്ത് തോഴിമാരും കൊട്ടരവുമൊക്കെയുള്ള രാജകുമാരി ആയിരുന്നില്ല അവര്‍

  12. ദിലീപ് വിശ്വനാഥ് said...

    മോഹന്‍ലാല്‍ തേന്മാവിന്‍ കൊമ്പത്തില്‍ വഴി ചോദിക്കുന്നതു പോലെ ഒന്നും പറ്റിയില്ലല്ലോ, ഭാഗ്യം...

    ലേലു അല്ലി ലേലു അല്ലി.. അഴിച്ചു വിടനിയാ..

  13. Babu Kalyanam said...

    യെവാളുതെ അക്കരെലു!!! അരി, അതിനാണ്!!!
    :-)

  14. പപ്പൂസ് said...

    യാക്കെ ത്രേസ്യാ? ഒന്ദു ഭാഷെ കലിയുവതിഗെ ഇഷ്ടോന്ദു കഷ്ട ഇദ്ദിയാ? സുമ്മനേ ബീതി സുത്താടദ് ടൈമല്ലി എരടു പുസ്തക ഓദിദ്ദരേ ആഗുത്തില്‍വാ?

    പോസ്റ്റ് ചെന്നാഗിദ്ദേ.

    അലവലാതി കേറാമ്പാടില്ലാത്ത പുണ്യസ്ഥലത്തെക്കുറിച്ചുള്ള ആക്ഷേപ നനഗെ ക്ഷ പിടിച്ചിദ്ദേ.

    മജാ മാഡി... :-)

  15. മെലോഡിയസ് said...

    ത്രേസ്യ വിഷമിക്കൊന്നും വേണ്ടാ ട്ടാ. കമ്പനിക്ക് ഞാനുണ്ട്. ബോംബേല് ഉണ്ടായിരുന്നപ്പൊ ഞാന്‍ ഹിന്ദി പഠിക്കാന്‍ നോക്കിയതാ. പക്ഷേ, അവസാനം ആയപ്പോ രാജസ്ഥാനിയായ റൂം മേറ്റിന് എന്നോട് സംസാരിക്കാനായിട്ട് അവനിക്ക് മലയാളം പഠിക്കേണ്ടി വന്നു. :)

    പോസ്റ്റ് കൊള്ളാം ട്ടാ..

    അല്ല ഇതെവിടെ ആയിരുന്നു. കുറച്ച് കാലം ആയിട്ട് പോസ്റ്റൊന്നുമില്ലാല്ലോ ??

  16. nandakumar said...

    ഗൊത്തു...എല്ലാം ഗൊത്തു!!
    തൂമ്പചെന്നാഗിതെ!

    പുതിയ പോസ്റ്റിനു ഒരു ഗ്യാപ്പ് വന്നതുകൊണ്ട് നന്നായി. കൊള്ളാം ത്രേസ്യ..ഇതുപോലെ സമയമെടുത്തു പതുക്കെ ഓരോ പോസ്റ്റിടു.

    ചെന്നാഗിതറാ!

  17. നജൂസ്‌ said...

    നന്നായെഴുതിയിരിക്കുന്നു.
    ഭാഷയെ കുറിച്ചെഴുതുന്നതും, ഭാഷയുടെ വൈവിദ്യങ്ങള്‍ നിരീക്ഷിക്കുന്നത്‌ നല്ല രസാണ്‌. എഴുതാന്‍ കഴിവുള്ളപ്പോള്‍ അതിങ്ങനെ പങ്കുവെക്കുന്നതില്‍ അഭിനന്തിക്കുന്നു.

    ഇവിടെ ഒന്ന്‌ നോക്കൂ....

  18. Sharu (Ansha Muneer) said...

    പതിവുപോലെ രസികന്‍ പോസ്റ്റ്.... :)

  19. സജി said...

    ഇതു വായിച്ചപ്പോല്‍ പഴയ ഒരു സംഭവം ഓര്‍മ്മ വന്നു.

    ബോംബേ. തട്ടി മുട്ടി ഹിന്ദി പറയുന്ന കാലം
    റയിവേ ട്രാക് ക്രോസ് ച്യ്തതിന്‍ പോലിസ് പിടിച്ചു
    പോലിസ്.”ഹിന്ദി നഹി മാലൂം?”
    “ഹിന്ദി മാലൂം ഹൈ, ലേകിന്‍ ബോലേഗ നഹി”

    (പറയാന്‍ അറിയില്ല എന്നാണ് പറയേണ്ടിയിരുന്നത്)
    പോലീസ്,” തും ബോലേഗാ നഹി“

    “ബോലേഗ നഹി”

    പിന്നെ നടന്നതു ഞാന്‍ പറയൂല...

  20. G Joyish Kumar said...

    മലയാളം വാക്കുളുടെ കൂടെ ‘ഉലു‘ ചേര്‍ത്താല്‍ കന്നടയാവുമെന്ന് ആരോ പറഞ്ഞ് കേട്ടിരുന്നു. (മേം മുന്നില്‍ വരുമ്പോ ഹൂം ചേര്‍ക്കണമെന്ന് ഹിന്ദി മാഷായ മുകേഷ് ഏതൊ പടത്തില്‍ പറഞ്ഞത് പോലെ). അത് പോലെ തമിഴിന് ആച്ച്, തെലുങ്കിന് ഉണ്ടി, എന്നൊക്കെ.

    ഉദാഹരണം:

    പോയി - മലയാളം
    പോയിലു - കന്നട
    പോയാച്ച് - തമിഴ്
    പോയുണ്ടി - തെലുങ്ക്

    എന്നെ തല്ലല്ലേ. ഞാന്‍ ഓടിലു :)

  21. Bindhu Unny said...

    അയ്യോ ചിരിച്ച് ചിരിച്ച് മതിയായി. നല്ല പോസ്റ്റ്. ഞാന്‍ മറാഠി പഠിക്കാന്‍ കുറെക്കാലമായി ശ്രമിക്കുന്നു. വല്ല ഷോര്‍ട്ട്‌കട്ടും ഉണ്ടോ ആവോ?
    :-)

  22. Anonymous said...

    ഇടക്കിടക്ക് ഇവിടെ വന്നു നോക്കിയിട്ട് പോസ്റ്റ് ഒന്നും കാണാഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു എഴുത്ത് നിര്‍ത്തി എന്ന്. ഇപ്പോഴല്ലേ മനസ്സിലായത്, കന്നഡ ഐക്യ വേദിക്കാര്‍ പെരുമാറിയതാണെന്ന്.

    എട്ടു വര്‍ഷമായിട്ട് ഞാനും കന്നഡ ശെരിക്കും പഠിച്ചിട്ടില്ല. ബെംഗ്ലൂരില്‍ അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയിരുന്നില്ല. പക്ഷെ ബെംഗ്ലൂരിന്ടെ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ വിവരം അറിഞ്ഞു :( യഥാര്‍ത്ഥത്തില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അത്യാവശ്യം, യെഷ്ടു, യെല്ലി, മുതലായ ചില സംഭവങ്ങളൊക്കെ എന്താണെന്ന് മനസ്സിലായത്. അത്യാവശ്യം വഴി ചോദിക്കാനും, വിശക്കുന്നു എന്ന് പറയാനും, കന്നഡ സ്വല്പ സ്വല്പ മാത്രമെ ഗൊത്തൂ എന്ന് പറയാനും അറിയുന്നത് നല്ലതാ ത്രേസ്യേ! ബാക്കി മലയാളവും, ഹിന്ദിയും വെച്ചു ഒപ്പിക്കാം :)

  23. ആഗ്നേയ said...

    കൊച്ചൂ....ചിരിച്ചൊരു വഴിക്കായേ..
    ഞാനിവിടെ പത്തുകൊല്ലായി അറബി പഠിക്കാന്‍ നോക്കുന്നു..”തനിക്കു വട്ടാണോന്ന് ”ചോദിക്കാന്‍ മാത്രം പഠിച്ചു.കൊച്ചൂന്റെ നിരീക്ഷണങ്ങള്‍ കൊള്ളാം.
    ഓ.ടോ.പ്രിയാ ഉണ്ണികൃഷ്ണാ..കൊച്ചൂന്റെ ചെവീല് വേദോതീട്ട് സോറി മഹാഭാരതോതീട്ട് കാര്യല്ലാന്നേ...

  24. ശെഫി said...

    ഞാൻ ആദ്യം കമ്പനി ചേർന്ന സമയം , മറ്റൊരു ഡിപാർട്മെന്റിലെ ബോബെ വാല പട്ടേൽ എന്നു വന്നു ഓരൊന്ന് ചോദിച്ചു ശല്യം ചെയ്യൂ‍ം ഒരു ദിവസം ലവൻ വന്ന് ശലയ്ം ചെയ്തപ്പോഒ അറ്റുത്തിരുന്ന മറ്റൊരു മലയളിയോട് അവനെ ചീത്ത പറഞു തുടങി. മറ്റേ മലയാൾലി സുഹൃത്ത് തലയാട്ടുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല.പോവാൻ നേരം പട്ടേൽ “‘ എന്ന നാളെ ശല്യം ചെയ്യാൻ വരുuമ്പോ കാണാം”.
    ദൈവമേ എന്നാലും ആ മലയാളിക്ക് ഒരു ക്ലൂവെങ്കിലും തരായിരുന്നു ദ്രോഹി,
    പട്ടേൽ ഒരു പാടു കാലം താമസിച്ചിരുന്നത് മലയാളികളോടപ്പം ആയിരുനത്രേ...

  25. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: പണ്ട് നോര്‍ത്ത് ഇന്ത്യന്‍ യാത്രക്കിടയില്‍ കൊച്ചീന്ന് കയറിയ ഒരു സര്‍ദാര്‍ജി ഞങ്ങളോട് ആദ്യം തന്നെ മലയാളത്തില്‍ സംസാരിച്ചത് ഭാഗ്യം... അല്ലേല്‍ ചുമ്മാ പഞ്ചാബീലു തെറികിട്ടിയേനെ...

    പിന്നെ ആ പാഞ്ചാലീകിണറിന്റെ കാര്യം ആ തൂപ്പുകാരിയ്ക്കു മലയാളം അറിയാത്തതു ഭാഗ്യം..കൊച്ചു മലയാളത്തില്‍ നാലു ഡയലോഗ് അടിച്ചിരുന്നേല്‍ ആ കിണറു മൊത്തം കൊച്ചൂന്റെ പേരില്‍ അവരെഴുതിത്തന്ന് അവിടെനിന്ന് ഓടി രക്ഷപ്പെട്ടേനെ

  26. neermathalam said...

    enthe jyoli kalange adangu allle....
    chirichu...oru vazhikkayi

  27. ഗുരുജി said...

    സ്ഥലം അറബിനാട്ടിലെ ഒരു സാന്‍ഡ്‌വിച്ച് കട.
    ഈജിപ്തുകാരാണ്‌ കടനടത്തുന്നത്..
    കടയിലെ എല്ലാ തൊഴിലാളികള്‍ക്കും ഈജിപ്തുകാരുടെ സ്‌റ്റൌട്ട് ലൂക്ക്...
    ഞാനും എന്റെ സുഹൃത്തും സാന്‍ഡ്‌വിച്ച് കഴിക്കാനായിരുന്നു. സാന്‍ഡ്‌വിച്ച് പൊതിയാനെടുത്ത കടലാസ് തുപ്പലു തൊട്ടെടുക്കുന്നതു കണ്ട എന്റെ സുഹൃത്ത് പച്ചമലയാളത്തില്‍ അതു തയ്യാറാക്കുന്നവനെക്കുറിച്ചു തെറിവാക്കു പറഞ്ഞ് അമര്‍ഷം കൊണ്ടിരുന്നു . ഞങ്ങള്‍ ബാച്ചിലേര്‍സ്‌ ഉപയോഗിക്കുന്ന കടുത്ത തെറി. (കുഴൂര്‍ വില്‍സന്റെ കവിതയിലേതുപോലെ അല്ല, അതിലും മുറ്റിയ ബാച്ചിലേര്‍സ് തെറി)

    അവസാനം സാന്‌ഡ്‌വിച്ച് മേശപ്പുറത്തുകൊണ്ടു വെച്ചിട്ടു അയാള്‍ പറഞ്ഞു,,'ഞാന്‍ ഇതില്‍ തുപ്പലൊന്നും പുരട്ടിയിട്ടില്ല, ഇഷ്ടമില്ലെങ്കില്‍ തിരിച്ചുപോകാമായിരുന്നില്ലേ, ഇത്രക്കു വൃത്തികെട്ട ഭാഷ ഉപയോഗിക്കണമായിരുന്നോ?"

    എന്റെ കൂട്ടുകാരന്‍ ആ സാന്ഡ്‌വിച്ച് തുപ്പലു തൊടാതെ വിഴുങ്ങി അവിടെനിന്നും എഴുന്നേറ്റുപോയി..കൂട്ടത്തില്‍ ഞാനും....ഞങ്ങള്‍ രണ്ടുപേരും അയാളോട് അപ്പോളജൈസ്‌ ചെയ്തു...നമ്മള്‍ ചീത്ത വിളിക്കും..എന്നലും മലയാളിക്കൊരു മാന്യതയൊക്കെയില്ലേ.......
    നല്ല പോസ്റ്റ്....ഒരു ഓര്‍മ്മ വഴി ഒരുപാടു കാര്യങ്ങളെ ഒരു നിമിഷത്തേക്കു തിരികെ കൊണ്ടുവരാന്‍ സാധിച്ചുതന്ന പോസ്റ്റ്..അതിനു നന്ദി.

  28. smitha adharsh said...

    ഇതും കലക്കി കളഞ്ഞു...കൊച്ചു ത്രേസ്യ കുട്ടീ..

  29. പെണ്‍കൊടി said...

    പണ്ട് കണ്ണൂരുകാരന്‍ സുഹ്രുത്തുമായ്‌ ഫോണിലൂടെയുള്ള ചെറിയ വാക്ക്‌ തര്‍ക്കത്തിനിടയില്‍ "നിയ്യൊന്ന്‌ അനങ്ങാണ്ടിരി" എന്ന്‌ ഉച്ചത്തില്‍ അവന്‍ പറഞ്ഞപ്പൊ നിന്ന സ്ഥലത്ത്‌ നിന്ന്‌ ഒരടി പോലും അനങ്ങാതെ ബാക്കിയുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ്‌ തീര്‍ത്തു. പിന്നീടല്ലേ മനസ്സിലായത്‌ എന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞതാണെന്ന്‌. മലയാളം തന്നെ നേരെ ച്ചൊവ്വെ അറിഞ്ഞിട്ടും ചിലപ്പൊ കഷ്ടത്തിലാകും. പിന്നയല്ലേ മറുഭാഷകള്‍...!!!
    നല്ല പോസ്റ്റ്...!

  30. ഹാരിസ് said...

    :)

  31. Unknown said...

    കൊച്ചു ത്രേസ്യയെ ഒരു രസകരമായ സംഭവം
    ഞങ്ങളുടെ കമ്പിനിയില്‍ ഒരു ബംഗാളി ഡ്രൈവറുണ്ട് അവന് മലയാളം പഠിക്കാന്‍ വല്ല്യ
    ആശ നമ്മള്‍ എന്താണ് പറയൂന്നതെന്ന് വായും പൊളിച്ച് നോക്കി നില്ക്കും കഷി
    എന്നോട് ഹിന്ദിയില്‍ പല സംശയങ്ങളും ചോദിചു.
    അവസാനം
    കൈസെ ഭായി എന്നതിന്റെ മലയാളം മീനിങ്ങ്
    വേണം
    ഞാന്‍ പറഞ്ഞു.
    എനിക്ക് ഒരുമ്മ തരാമോ എന്ന് പറഞ്ഞാല്‍
    മതിന്ന്
    കക്ഷി അടുത്തുള്ള ഗ്രോസറിയില്‍ ചെന്ന് ചോദിച്ചു
    അവന്‍ പിടിച്ച് രണ്ട് പൊട്ടിക്കല് കൊടുത്തൂ
    കഷി എന്തായാലും പിന്നിട് മലയാളം പഠിക്കാന്‍ വന്നിട്ടില്ല

  32. Shabeeribm said...

    കൊള്ളാ‍ലോ.....

  33. അനിയന്‍കുട്ടി | aniyankutti said...

    "ഞാനും ജോജിയുമായിട്ട് അടിച്ചുപിരിഞ്ച്.... പോട്ടി പോട്ടി... ക്യാ..ഛഗഡാ ഛഗഡാ....."

    "ക്യ തൂ ഹമാരാ ദുശ്മന്‍ ഹേ?"

    "യേസ്‌സ്‌സ്‌സ്‌സ്‌സ്....."

    അങ്ങനെ വല്ലോം പറ്റീട്ട്‌ണ്ടോ?

    ആ ബുക്ക് എനിക്ക് വേണം. അടുത്ത മാസം മുതല്‍ ഞാനും ബംഗളുരുവാസിയാവാന്‍ പോവുകയാണ്‌. വോഖേ? :)

  34. നവരുചിയന്‍ said...

    ദൈവമെ , ഈ ബ്ലൂ ലോകം മുഴുവന്‍ ഭാഷ പ്രേമികള്‍ ആണല്ലോ ..... പക്ഷെ എന്റെ ഇതു വരെ ഉള്ള അനുഭവം വെച്ചു നോക്കിയാല്‍ ..തെറി ഏത് ഭാഷയില്‍ കേട്ടാലും എനിക്ക് മനസിലാക്കും. ഈ അപകടം വരുമ്പോള്‍ സിഗ്നല്‍ കിട്ടുന്ന പോലെ

  35. ചേര്‍ത്തലക്കാരന്‍ said...

    Thressia kochey......
    Ivide (Muscat) entey boss aayi oru australian vannnnu, angerodu communicate cheyyan enikku english ottu arinjum kooda, avasanam 2 varsham kondu pulli kurachu malayalavum kore kadhakaliyum padichittu entey companiyodu yathra paranju poyi.........


    enkilum kochey nammude panchaliye kurichu angane parayendaayirunnnnnu....

  36. G.MANU said...

    കൊച്ചപ്പാ ഭാഷ പ്രോബ്ലമാണല്ലോന്ന് ഞാന്‍ പറഞ്ഞപ്പോ ഷോട്ട് കട്ട് കിട്ടി.. ആരെന്തു ചോദിച്ചാലും ‘പതാ നഹിം (അറിയില്ല)‘ കാച്ചു മോനെ..
    പിന്നെന്തിഷ്യൂ.
    ഇന്റര്‍വ്യൂവിനു പോയപ്പോ, സൈക്കിള്‍ റിക്ഷയില്‍ വന്നിറങ്ങിയ സ്കൂള്‍ കുട്ടികളടുത്തുവന്നപ്പോ നെഞ്ചിടിച്ചതും ‘അങ്കിള്‍ ആപ്കേ പാസ് ദസ് റുപയാ ക ഖുല്ല ഹേ (അമ്മാവ കൈയില്‍ പത്തുരൂപയുടെ ചില്ലറയുണ്ടോന്നാന്ന് പിന്നെ പിടികിട്ടിയത്) ചോദിച്ചപ്പോ ‘പതാ നഹീം’ ന്ന് പറഞ്ഞതും ഓര്‍ത്തു....

  37. അപ്പു ആദ്യാക്ഷരി said...

    കൊച്ചുത്രേസ്യേ ....

    അറബിനാടുകളിൽ അറബികൾ നമ്മുടെ പേരുകളും ഇംഗ്ലീഷ് വാക്കുകളൂം മറ്റും ഉച്ചരീക്കുന്നതു കേൾക്കാനും തമാശയാണ്. പോരാ‍ത്തതിന് പ എന്നതിനു ബ എന്നും ട എന്നതിനു ത എന്നും ഒക്കെയാണ് ഉച്ചാ‍രണം. സൌദിയിൽ ആയിരുന്നപ്പോൾ അവിടുത്തെ ടാക്സി ഡ്രൈവർമാർ ഉറക്കെ ടൂ-റിയാൽ (two riyal ട= ത !!)എന്നു വിളിക്കുന്ന വിളി ഓർത്താൽ ഇപ്പോഴും ചിരിപൊട്ടും.

  38. ചുവന്നതാടി said...

    കൊച്ചുത്രേസ്സ്യയുടെ പോസ്റ്റിങ്ങ്സ്‌ ഏതാണ്ടെല്ലാം വായിച്ചു. ഇഷ്ടമായി.
    സക്കറിയയുടെ 'മനശ്ശാസ്ത്രജ്ഞനു ഒരു കത്ത്‌"എന്ന കഥ (സക്കറിയയുടെ പെണ്‍കഥകള്‍)
    വായിച്ചിട്ടുണ്ടോ? ഏതാണ്ട്‌ അതിന്റെ ഒരു ഫീലിംഗ്‌ കിട്ടി തന്റെ
    സ്ത്രീധനത്തെക്കുറിച്ചുള്ള പോസ്റ്റിംഗ്‌ കൂടി വായിച്ചു കഴിഞ്ഞപ്പോള്‍. വിഷയം
    വിവാഹത്തിന്റെ മറ്റൊരു തലമാണെങ്കിലും.

  39. വിന്‍സ് said...

    ജനാര്‍ദ്ധനന്‍ പറയുന്നതു പോലെ പറഞ്ഞാ... ഹോ എന്തൊരു തമാശ എന്തൊരു തമാശ.

  40. ran said...

    Nice to read

  41. Unknown said...

    കന്നഡ ഗൊത്തില്ല...

    ശ്രീഹള്ളി...പോളം...ഇതല്ലേ സംഭവം...

    :)

  42. suresh said...

    ente collegil andaman dweepinte quotayil padikkan vanna oru payyan. alpam swalpam malayalam ariyaam. njangalokke ellayidathum "charakku" enna proyagam nadathunnthu keettu avan chodichu enthhanithinte artham ennu ...aaro paranjau "nallathu" ennanmu. adutha divsam avante classile oru penkuttiyude aduthu poyi aakuttiyude book nokkiyittu paranju " charakku handwriting".

  43. No name.. said...

    ശ്യൊ ഈ കൊച്ചു കൊ:ത്രേ യെ കണ്ടിട്ടു കുറെ നാളായല്ലോ. എന്തായാലും കൊള്ളാം. ഇനി ഇത്ര ഗ്യാപ്‌ ഇടല്ലേ പോസ്റ്റുകള്‍ തമ്മില്‍. really missed you

  44. മേരിക്കുട്ടി(Marykutty) said...

    nalla vivaranam...

  45. Unknown said...

    ha ha ha

  46. annamma said...

    post n comments - superb

  47. പിരിക്കുട്ടി said...

    no commentsssss
    njan pinakkama............
    oru mindum illa ee kochinu////

  48. Sojo Varughese said...

    ഭാഷ പഠിക്കാന്‍ ഏറ്റവും നല്ല വഴി എന്താണെന്നോ? ആ ഭാഷയിലെ തെറികള്‍ ആദ്യം പഠിക്കുക. ഓരോ ഭാഷയുടെയും ഹൃദയം അതിലെ തെറികളില്‍ ആണ് ഇര‌ിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. [അനുഭവം ഗുരുവാണ്] തെറ്റിദ്ധരിക്കരുത്, സീരിയസ് ആയി പറഞ്ഞതാ.....

  49. Unknown said...

    Evidayirunnu kochuthressyakoche? oru neenda edavelaykku sesham vanna post nannayirunnu kochu.

  50. കൊച്ചുത്രേസ്യ said...

    തമിഴാ ഇതെന്താ ആകെപ്പാടെ ഒരു നാലു മയം. നാല്‍ക്കാലി വര്‍ഗത്തില്‍ പെട്ടതാണോ? അനുഭവം വായിച്ചു സമാധാനമായി. ആര്‍ക്കെങ്കിലുമൊക്കെ പണി കിട്ടീന്നറിയുമ്പോള്‍ വെറുതേയൊരാശ്വാസം :-)

    ധ്വനീ അപ്പോ അതാണല്ലേ കന്നഡേടെ ഗുട്ടന്‍സ്‌.. ഇതു നേരത്തെ പറഞ്ഞു തന്നിരുന്നെങ്കില്‍ ഞാന്‍ എപ്പഴേ ഒരു കന്നഡാബ്ലോഗ്‌ തുടങ്ങിയിരുന്നെനേ..

    കുഞ്ചുക്കുറുപ്പെ സന്തോഷമായി..

    ഫെബിന്‍ നമ്മള്‌ പത്തുവരെ പഠിക്കുന്ന ഹിന്ദിയൊന്നുമല്ല കുഞ്ഞേ അനുഭവങ്ങളിലെ ഹിന്ദി.. ഹിന്ദീവാലകള്‍ടെ ഇടയ്ക്കു ചെന്നു പെട്ടപ്പോഴല്ലേ അതു മനസ്സിലായത്‌..

    ഗോപക്‌ നന്ദി

    അയല്‍ക്കാരാ അങ്ങനെ നിരാശനാവാതെ. ഞാന്‍ ഉമേഷ്ജിയുടേ സംസ്കൃത ശ്ലോകങ്ങളേ വായിക്കാറുള്ളൂ .അതാവുമ്പോ നമ്മള്‌ സംകൃതം പഠിച്ചിട്ടാല്ലത്തതു കൊണ്ടാണ്‌ മനസ്സിലാവാത്തത്‌ എന്നു സ്വയം അങ്ങാശ്വസിക്കാലോ.യെപ്പടി?

    കൃഷേ സ്പീഡ്‌ അത്രേം മതി.പക്ഷെ ഭാവം കുറച്ചൂടെ വേണം :-)

    വിക്രംസേ ബഹുഭാഷാ കമന്റിനു നന്ദി. ദുശാസനന്റെ പ്രേതമൊന്നും അവിടെ കാണില്ല. പാഞ്ചാലി മുടി കഴുകുന്നിടത്ത്‌ ദുശാസനനെന്താ കാര്യം!!

    പ്രിയേ ഹിന്ദിയില്‍ നിന്ന്‌ മറാത്തിയിലേക്ക്‌ എന്തെങ്കിലുമൊക്കെ കുറുക്കു വഴി ഉണ്ടാകുമെന്നേ... ഒന്നാഞ്ഞു തപ്പി നോക്ക്‌..

    വാല്‍മീകീ അദന്നെ. മുജ്ജന്മസുകൃതം ഒന്നു കൊണ്ടു മാത്രമാ വല്ല മരത്തിലും തൂങ്ങിക്കിടന്ന്‌ ലേലു-അല്ലീടെ ഹരിയാന്‍വീ വേര്‍ഷന്‍ പറയേണ്ടി വരാതിരുന്നത്‌..

    പപ്പൂസ്‌ ,ബാബു കല്യാണം കന്നഡ പറഞ്ഞു പേടിപ്പിക്കുന്നോ!!ഇതിനെയൊന്നു മലയാളീകരിച്ചെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കേണ്ടി വരുമല്ലോ :-(

    മെലോഡീ നന്നയി .മലയാളഭാഷയെ അങ്ങനെ രാജസ്ഥാനിലേക്കും വ്യാപിപ്പിച്ചല്ലോ. മിടുക്കന്‍..കുറച്ചു കാലമായി കൂടു വിട്ടു കൂടു മാറുന്ന തിരക്കിലായിരുന്നു. അതാ ഇവിടൊന്നും പ്രത്യക്ഷപ്പെടാതിരുന്നത്‌..

    നന്ദകുമാറേ ഇനീം കന്നഡ പറഞ്ഞാല്‍ ശുട്ടിടുവേന്‍..ചന്നഗിതെയ്ക്ക്‌ തുമ്പ നന്ദി :-)

    നജൂസേ നന്ദി. ഒരു നല്ല പോസ്റ്റിലെക്കു വഴി കാണിച്ചതിന്‌..

    ഷാരൂ താങ്ക്സ്‌

    സജീ അതെനിക്കിഷ്ടപ്പെട്ടു. കിലുക്കത്തിലെ ജഗതീടെ ആരായിട്ടു വരും? മേം ജോജീ ദുശ്മന്‍ ദുശ്മന്‍:-))

    namskaar ഇത്രേയുള്ളോ കാര്യം. ഇനി ഞാന്‍ 'ലു' വച്ച്‌ ഒരു കളി കളിയ്ക്കും. ജസ്റ്റ്‌ വെയ്റ്റലു ആന്‍ഡ്‌ വാച്ചലു..

    ബിന്ദൂ ഒരു പ്രാവശ്യമെങ്കിലും മറാത്തി കേള്‍ക്കാന്‍ പറ്റിയിരുന്നേല്‍ ഞാന്‍ ഷോര്‍ട്ട്‌ കട്ട്‌ ഉണ്ടാക്കി തന്നേനേ.. ഇതിപ്പോ നോ രക്ഷ

    sandeep അപ്പറഞ്ഞതില്‍ യെഷ്ടൂം എല്ലീം എനിക്കറിയാം. ചിലപ്പോ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകുമെന്നേയുള്ളൂ.പിന്നെ റേഡിയോ മിര്‍ച്ചി കേട്ടു കേട്ടു കുറച്ചു വാക്കുകളും കൂടി കിട്ടീട്ടുണ്ട്‌

    ആഗ്നെയാ പുവര്‍ ഗേള്‍ .അറബി അറിയില്ലല്ലേ.. ദാ പിടിച്ചോ "മഫിയത്രീ....അബുക്കാ ഹുക്കും...തുറക്കുസീസേ" ഇതിന്റെ അര്‍ത്ഥം സ്വന്തമായി കണ്ടു പിടിച്ചോ..ഒരു ഹോംവര്‍ക്കായിക്കോട്ടെ..

    ശെഫീ തന്നെ തന്നെ. വന്നു വന്ന്‌ സമാധാനമായി മലയാളവും പറയാന്‍ വയ്യെന്നായി..

    ചാത്താ ഉവ്വ ഞാനതങ്ങു വിശ്വസിച്ചു..ആ പഞ്ചാബീടെ കാര്യമേ.. അന്നു അങ്ങേര്‍ടെ വക തെറി മാത്രമേ കിട്ടിയുള്ളോ..അതോ അടിയുമുണ്ടായിരുന്നോ.. സത്യം പറഞ്ഞോ ഞാനാരോടും പറയില്ല :-)

    neermaathalam നന്ദി

    രഘുവംശി അങ്ങേരൊരു മാന്യനായിരുന്നതു കൊണ്ട്‌ നിങ്ങള്‌ രക്ഷപെട്ടു. ഇല്ലെങ്കില്‍ എപ്പം അടി പൊട്ടീന്നു ചോദിച്ചാല്‍ മതി :-)

    സ്മിതാ നന്ദി

    മലയാളി പെണ്‍കൊടീ ഞങ്ങള്‍ കണ്ണൂര്‍ക്കാര്‍ അങ്ങനെ പലതും പറയും.അതിനെയൊക്കെ കളിയാക്കിയാലുണ്ടല്ലോ..ങ്‌ഹാ.. അനങ്ങാണ്ടിരി പോലെ വേറൊരു വാക്കാണ്‌ 'എട്‌ത്ത്‌ ചാട്‌' എന്നത്‌.കേള്‍ക്കുനവര്‍ക്ക്‌ ഹൈജമ്പണോ ലോംഗ്‌ജമ്പണോന്ന്‌ കണ്‍ഫ്യൂഷനാകും. 'എടുത്തു കളയൂ'-ന്നാണ്‌ കണ്ണൂര്‍ ഡിക്‌ഷണറീല്‌ അതിന്റെ അര്‍ത്ഥം.

    ഹാരിസ്‌ താങ്ക്സ്‌

  51. കൊച്ചുത്രേസ്യ said...

    അനൂപേ എന്തായാലും മലയാളഭാഷ എളുപ്പത്തില്‍ തല്ലുമേടിച്ചെടുക്കാന്‍ പറ്റിയ ഭാഷയാണെന്ന്‌ അതോടെ ആ പാവത്തിനു മനസ്സിലായിട്ടുണ്ടാകും..

    അജ്ഞാതാ :-)

    അനിയന്‍കുട്ടീ ബുക്കു തരാന്‍ പറ്റില്ല. അതിനെ ഇതുവരെ മൈന്‍ഡാക്കാത്ത ദുഖം കൊണ്ട്‌ പാവം ഒളിച്ചോടീന്നു തോന്നുന്നു. ഇവിടെങ്ങും കാണാനില്ല..

    നവരുചിയാ ഞാനതിന്റെ വിപരീതദിശയിലാണ്‌. തെറി കേട്ടാല്‍ എനിക്ക്‌ അങ്ങനെയൊന്നും മനസ്സിലാവാറില്ല :-)

    ചേര്‍ത്തലക്കാരാ ബോസിനെ വരെ മലയാളം പറയിപ്പിക്കുകാന്നു പറഞ്ഞാല്‍..ആളു ചില്ലറക്കാരനല്ലല്ലോ..

    മനൂജീ കഴിഞ്ഞ ദിവസം ഏതാണ്ടിതേ പോലൊരബദ്ധം പറ്റി.കാബില്‍ കേറിയിരുന്ന പാാടെ ഡ്രൈവറെന്തൊക്കെയോ പറയുന്നു.കന്നഡ അറിയില്ലെങ്കിലെന്താ, ഒരു വണ്ടീല്‍ കയറിയാല്‍ ഡ്രൈവറെന്തായിരിക്കും ചോദിക്കുകാന്നറിയാന്‍ ഇത്തിരി ബുദ്ധി പോരേ. ഞാന്‍ വേഗം ഇറങ്ങേണ്ട സ്ഥലത്തിന്റെ പേരു പറഞ്ഞു. അപ്പോള്‍ അങ്ങേര്‌ ഡോറിലേക്കു കൈ ചൂണ്ടി കുണുകുണാന്ന്‌ കന്നഡ പറഞ്ഞു. ഞാനാരാ മോള്‌. ഒറ്റയടിക്കു ഡോറ്‌ തുറന്ന്‌ ചാടിപ്പുറത്തിറങ്ങി മിടുക്കിയായി നിന്നു.ഡോറ്‌ ശരിക്കടഞ്ഞില്ലാ എന്നായിരുന്നത്രേ അങ്ങേര്‌ പറഞ്ഞു കൊണ്ടിരുന്നത്‌. നല്ല അന്തസായി നിന്നു ചമ്മി :-))

    അപ്പൂ കര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഞാന്‍ അറബി നാട്ടിലേക്കു വരുന്നില്ല..ചിരിച്ചു ചിരിച്ചു മരിച്ചു പോകും.. എന്റെ പപ്പയ്ക്കും മമ്മിയ്ക്കും ആകെയൊരു രണ്ടാമത്തെ മകളെ ഉള്ളൂ..വെര്‍തേയെന്തിനാ..

    ചുവന്ന താടീ നന്ദി

    വിന്‍സേ ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കുറെ ജനാര്‍ദ്ദനന്‍ സിനിമകള്‍ കണ്ടു; അല്ലേ :-)

    ran tahnks

    മൃദുല്‍ സംഭവം അതു തന്നെ.. ഇതെല്ലാം പ്രയോഗിച്ച്‌ തല്ലു കിട്ടിയാല്‍ അറിയിക്കണേ.. അനുശൊചനം അറിയിക്കാനാണ്‌..

    suresh പാവം പയ്യന്‍..ഹരിശ്രീ കുറിച്ച വാക്കു കൊള്ളാം

    പൂമ്പൊടീ എന്നേം മിസ്സ്‌ ചെയ്യാന്‍ ആളുണ്ടെന്നോ.. ധന്യയായി കുട്ടീ ധന്യയായി (മൂക്കു പിഴിയുന്നു)

    മേരിക്കുട്ടീ,അനൂപ്‌,അന്നമ്മ നന്ദി പങ്കിട്ടെടുക്കേണ്ടതാണ്‌.

    പിരിക്കുട്ടീ..മൈന്‍ഡുണ്ടെന്നേ.. ഒരഞ്ചുമിനിട്ട്‌ പിണങ്ങിയിരുന്നിട്ട്‌ പിന്നെ കൂട്ടുകൂടിക്കോണം :-)

    കാക്കേ കാര്യമൊക്കെ ശരി തന്നെ. എന്നാലും എന്നെ രണ്ടു തെറി പഠിപ്പിക്കാമോ എന്നൊക്കെ ആരോടെങ്കിലും ചോദിക്കാന്‍ പറ്റുമോ..

    resmi ഒരാശ്രമം സെറ്റപ്പാക്കാന്‍ പറ്റുമോന്നു നോക്കാന്‍ പോയതാണ്‌. പറ്റില്ലാന്നു മനസ്സിലായപ്പോ ബൂമറാംഗു പോലെ തിരിച്ചെത്തി :-)

  52. Aadityan said...

    ഭാഷ പഠിക്കാന്‍ വേറൊരു എല്ലുപ വഴി ആ ഭാഷയില്ലേ സിനിമ കനുക്ക എന്നത് ആകുന്നു .കന്നഡ പഠിക്കാന്‍ കസ്തപെത് ambareesh,രവി ചന്ദ്രന്ദ്രന്ടെയും,vishnuvardhan's പടങ്ങള്‍ കണ്ടതിനു കണക്കില്ല .എപ്പോള്‍ കന്നഡ കേട്ടാല്‍ മനസില്ലകും.eppidi?

  53. a said...

    കന്നട അറിയാത്ത കാരണം മലയാളത്തില്‍ കമന്റുന്നു. എവിടെ പോകുമ്പോഴും കുരുട്ടിനെയും കയ്യിപ്പിടിക്ക്യോ? ആസ്ത്‌മക്കാര്‍ ഇന്ഹേലര്‍ എടുക്കുന്നതുപോലെ ...
    പോസ്റ്റ് നന്നായി കേട്ടൊ...

  54. പിരിക്കുട്ടി said...

    kochinodu minditto.....

  55. shahir chennamangallur said...

    kannada goththillaa....

  56. yousufpa said...

    കൊച്ചിന്റെ എഴുത്ത് കേമായീന്ന് പറയേണ്ടതില്ലല്ലോ.എന്റെ ഭാഷാപ്രേമം ‘കം റിജാല്‍’ എന്ന പേരില്‍ പോസ്റ്റിയിട്ടുണ്ടായിരുന്നു.കണ്ടു കാണുമോ ആവോ..?.
    കൊച്ചിന് ബ്ലോഗെഴുത്തില്‍ ചന്തി ഉറച്ചല്ലോ ഇനീപ്പൊ ഈയുള്ളവന്റെ മഴച്ചെല്ലത്തില്‍ കയറാനെവിടെ സമയം അല്ലേ..?

  57. കൊച്ചുത്രേസ്യ said...

    Aadithyan എന്ത്‌!! കന്നടയില്‍ പുനീത്‌ രാജ്കുമാറും ശിവരാജ്കുമാറുമല്ലാതെ വേറെയും നടന്മാരുണ്ടെന്നോ!! ചുമ്മാ പറ്റിക്കല്ലേ.. സിനിമ കണ്ടാല്‍ ഭാഷ പഠിക്കുംന്നുള്ളത്‌ വളരെ ശരിയാണ്‌. പക്ഷെങ്കില്‍ ആകെ കിട്ടുന്ന ഇത്തിരി ഫ്രീ ടൈമില്‍ മലയാളം-ഹിന്ദി-തമിഴ്‌ സിനിമകളൊക്കെ തഴഞ്ഞ്‌ കന്നട സിനിമ കാണുകാന്നു വച്ചാല്‍.. അതിനും മാത്രമുള്ള മനക്കട്ടിയൊന്നും എനിക്കില്ല :-)

    govardhan എവിടേക്കു പോണംന്നു പറഞ്ഞാലും യാതൊരു മടിയുമില്ലാതെ എന്റെ കൂടെ വരാന്‍ കുരുട്ട്‌ എവറെഡിയാണ്‌. വീട്ടുകാര്‍ക്കും പോലും എന്നെ ഇത്ര വിശ്വാസമില്ല. അതാ എന്റെ മിക്കവാറും എല്ലാ പോസ്റ്റിലും കുരുട്ട്‌ വന്ന്‌ മുഖം കാണിച്ചു പോകുന്നത്‌

    പിരിക്കുട്ടീ ഇനീം മിണ്ടിയാല്‍ പേരെഴുതി ക്ലാസ്‌ടീച്ചര്‍ക്കു കൊടുക്കുമേ :-))

    shahir ഗൊത്താത്തതു സാരമില്ലെന്നേ. ഗൊത്തി ഗൊത്തി മുറത്തില്‍ കയറി ഗൊത്തുന്നതിലും ഭേദമല്ലേ..

    അത്‌ക്കാ പോസ്റ്റ്‌ കണ്ടിരുന്നില്ല. പരാതീം പഞ്ഞിക്കെട്ടും പറയുന്ന നേരം കൊണ്ട്‌ ഇവിടൊരു ലിങ്കിട്ടിരുന്നേല്‍ അതില്‍ തൂങ്ങിയാടി എനിക്കങ്ങെത്താമായിരുന്നു :-)

  58. പിരിക്കുട്ടി said...

    kochinnodu koodathilla...........
    leader anennu vechu perezhuthi kodukkumalle....
    shariyakki tharam tto

  59. abi said...

    Hai, njan blogs vayikunnathu adyam anu, orikkal veruthe kayari nokiyathanu, Adyam kodakarapuranam vayichu, pinne Ktresyayude postum, KTyude ella postum vayichu, Chirippikkukayum chinthippikkukayum cheyyunnathinoppam, pokatha sthalangalil poya prtheethi undakunnu, Cheruppathilakku thiriye pokunnu manassu,
    Congrats,
    Abidh

  60. അക്കേട്ടന്‍ said...

    വായിച്ച്....വായിച്ചു..... പൊട്ടിച്ചിരിച്ച്...കണ്ണ് നിറഞ്ഞിട്ടുണ്ട്‌...ത്രെസ്സ്യാമ്മേ!!!! ഇപ്പോള്‍ ഇതും... ഇതെല്ലം കണ്ടു ഈയുള്ളവന്‍... എന്തെങ്കിലും എഴുതി തുടങ്ങിയിട്ടുന്ടെന്കില്‍... തെറ്റുണ്ടോ ? വായിക്കുക അനുഗ്രഹിക്കുക ...
    അക്കേട്ടന്‍

  61. കാവാലം ജയകൃഷ്ണന്‍ said...

    കൊച്ചു ത്രേസ്യയുടെ ലേഖനം സ്വാനുഭവത്തിലേക്കു കൂട്ടിക്കൊണ്ടു പോയീ...

    കന്നട പഠിക്കാന്‍ ഞാനും കുറേ ശ്ശ്രമിച്ചതാണ്. ഏന്‍ ബേക്കൂ, കന്നട ഗൊത്തില്ല, നിന്‍ തല ഇത്രയും പറയാന്‍ പഠിച്ചു. മതിയായി തൃപതിയായി

    സര്‍ദാര്‍ജിക്കഥ അതൊരിക്കലൂം മറക്കാന്‍ കഴിയാത്ത ഒരനുഭവമായി എന്‍റെ മനസ്സില്‍ നില്‍ക്കുന്നു. സ്ഥലം ചങ്ങനാശ്ശേരി ബസ്‌ സ്റ്റാന്‍റ്. സമയം പൂനായില്‍ പഠനമൊക്കെ കഴിഞ്ഞ്‌ മുറി ഹിന്ദിയും മുറി മറാഠിയും പഠിച്ചിട്ടു ഞെളിഞ്ഞു നടക്കുന്ന കാലം. ഒരു സര്‍ദാര്‍ജി ആലപ്പുഴ എന്നു ബോര്‍ഡു വച്ചിരിക്കുന്ന ബസ്സില്‍ കയറി ഇരിക്കുന്നു. ആ ബസ്സ്‌ അപ്പൊഴൊന്നും പോകുന്നതല്ല. ഹിന്ദി പ്രയോഗിക്കാന്‍ കിട്ടിയ അവസരം ഇതു തന്നെ എന്ന് കരുതി അങേരടെ അടിത്ത്‌ ചെന്ന്‌ ദില്‍ വാലെ ദുല്‍ ഹനിയാ ലേ ജായേംഗെ എന്നൊക്കെ പറയുന്നതു പോലെ എന്തോ കുറേ പറഞ്ഞു.(വണ്ടി ഇപ്പൊ പോകില്ല എന്നാണ് ഞാനുദ്ദേശിച്ചത്‌) എല്ലം ക്ഷമാ പൂര്‍വം കേട്ടിരുന്ന ആ മഹാനുഭാവന്‍ പച്ച മലയാളത്തില്‍ എന്നോടു പറഞ്ഞു മോന് എങോട്ടു പോകാനാ? ഈ വണ്ടി ഇപ്പോള്‍ പോകില്ല ഞാന്‍ വെറുതെ കേറി ഇരുന്നെന്നേയുള്ളൂ... സ്ഥലം കാലിയാക്കാന്‍ നോക്കിയ എന്നോട്‌ വേറൊരു കാര്യം കൂടി ചോദിച്ചു മോന് ഹിന്ദി അറിയില്ല അല്ലേ.... എല്ലാം കേട്ടുകൊണ്ട്‌ അവിടെ നിന്ന രുത്തന്‍ ചോദിച്ചു നിങ്ങള്‍ക്കെങ്ങനെ ഹിന്ദി അറിയാമെന്ന്‌... അപ്പോഴാണറിയുന്നത്‌ കഴിഞ്ഞ 65 വര്‍ഷമായി ഈ എണ്‍പതു കാരന്‍ ജീവിക്കുന്നത്‌ കൊച്ചിയിലാണ്. അവരുടെ കുടുംബവും അവിടെയാണെന്ന്!!!. ചങ്ങനാശ്ശേരിയില്‍ നിന്നും ഇത്ര വേഗത്തില്‍ അതിനു മുന്‍പും പിന്‍പും ഞാന്‍ കാവാലത്തെത്തിയിട്ടില്ല.

    പൂനായില്‍ വച്ചുള്ള സംഭവം: ഞാനും എന്‍റെ കസിന്‍ അനിയത്തിയും കൂടി മാര്‍ക്കറ്റില്‍ പോയി. അവള്‍ക്കു നന്നായി മറാഠി അറിയാം. അവിടെ നമ്മുടെ നാട്ടിലെ ഞാവൽപ്പഴം വില്‍ക്കാന്‍ വച്ചിരിക്കുന്നു. ആദ്യം അതിന്‍റെ മറാഠി വാക്ക്‌ ചോദിച്ചറിഞ്ഞിട്ട് വില ചോദിക്കാമെന്നു കരുതി കുറേ മറാഠി തട്ടി വിട്ടു. അവസാനം അവര്‍ എന്നോടു ചോദിച്ചു അരേ പാഗല്‍ ഹേ ക്യാ?... ഞാന്‍ കരുതി ഞാവൽപ്പഴത്തിന്‍റെ ഹിന്ദിപ്പേരായിരിക്കും പാഗല്‍ എന്ന്. ഞാന്‍ ചോദിച്ചു ഹാ ഹാ പാഗല്‍ പാഗല്‍ കിത്തനാ പൈസാ... അവരുടെ ഇളിഞ്ഞ നോട്ടവും അനിയത്തിയുടെ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇന്നും തുടരുന്ന കളിയാക്കലും എന്നിലെ ഭാഷാപ്രേമിയെ വല്ലാതങ്ങു കീഴ്പ്പെടുത്തിക്കളഞ്ഞു... ഈ ഭാഷ ഭാഷ എന്നു പറയുന്ന സാധനം വല്ലാത്തൊരു കീറാമുട്ടി തന്നെയെന്നതില്‍ സംശയമില്ല.


    ബാല്യത്തിലേക്കു തിരിച്ചു പറഞ്ഞു വിട്ട കൊച്ചു ത്രേസ്യയ്ക്ക്‌ നന്ദിയും ആശംസകളും.

    ജയകൃഷ്ണന്‍ കാവാലം

  62. കാര്‍ത്ത്യായനി said...

    കന്നഡ പഠിയ്ക്കാന്‍ ഞാനും ശ്രമിച്ചതാ..ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നു...തത്ഫലമായി ജിലേബികളില്‍ ആദ്യത്തെ രണ്റ്റുമൂന്നെണ്ണം ആ,ഈ എന്നൊക്കെ ആണെന്ന് മനസ്സിലാക്കാന്‍ പറ്റി!!
    പിന്നെ കന്നഡ പറയാന്‍ എളുപ്പാണെന്നേ...മലയാളത്തിലെ പര്യായങ്ങളൊക്കെ എടുത്തങ്ങു തട്ടുക..ഏതേലും ഒന്നില്‍ സംഗതി ക്ലീന്‍..(ഈ വിദ്യ ഞാനിവിടെ ഹോസ്റ്റലിലും പിന്നെ ഹോസ്പിറ്റലിലും ഒക്കെ പരീക്ഷിച്ചതാ..ഇതു വരെ അടികിട്ടിയിട്ടില്ല..സൊ.ധൈര്യായിട്ടു പരീക്ഷ മാടി!)
    കന്നഡ ഭാഷയുടെ വേറൊരു ഗുണം ഒരു “മാടി”കൊണ്ട് പലതും സാധിയ്ക്കാം എന്നതാ ഓപ്പണ്‍ മാടി,ഷിഫ്റ്റ് മാടി,സ്റ്റോപ് മാടി....പിന്നെയുള്ള ഒരു മള്‍ട്ടിപര്‍പ്പസ് വാക്കാണ് “ആയിത്ത”..ഇതിന്റെ ശരിയായ അര്‍ത്ഥം എന്താണെന്ന് എനിയ്ക്കിതു വരെ പിടികിട്ടിയിട്ടില്ല..
    ഏതാണ്ട് “ഓകെ,ശരി”എന്നൊക്കെ ആണെന്നു തോന്നുന്നു...
    ഹിന്ദി ശരിയായത് എന്റെ ഉത്തരപ്രദേശത്തുകാരി റൂം മേറ്റിനെ ഉറക്കത്തില്‍ വിളിച്ചുണര്‍ത്തുമ്പോള്‍ ഉസ്കീ(കേ.കാ..ആ..ഏതാണോ..)മുഹ് സേ നികല്‍നേവാലേ സുന്ദര്‍ ശബ്ദ് കേട്ടാണെന്നാ അവളു പറേണെ...ആണോ എന്തോ..ഏതായാലും അവളിപ്പോ “തേങ്ങാക്കൊല,പോടീ..”എന്നിങ്ങനെയുള്ള മാന്യസുന്ദരങ്ങളായ വാക്കുകള്‍ ‘അച്ചരസ്പുടത‘യോടെ സംസാരിയ്ക്കും...മലയാളത്തിലെ “ആ” എവിടെക്കണ്ടാലും‌ ആ‍ാ‍ാ‍ാ‍ാ‍ാ എന്നു രാഗം വിസ്തരിയ്ക്കാനും തുടങ്ങും..
    പിന്നെ പാഞ്ചാലി...
    കല്യാണ സൌഗന്ധികം തപ്പി പാവം ഭീമസേനനെ കാടായ കാറ്റു മുഴുവന്‍ ഓടിച്ചതോര്‍ത്താല്‍ വാശി തീര്‍ക്കാന്‍ വേണ്ടി പുള്ളിക്കാരത്തി കിണറല്ല...അറബിക്കടലില്‍ പോയിട്ടായാലും മുടി കഴുകും!!!
    കുഞ്ചന്‍ നമ്പ്യാരുടെ ഭാഷയില്‍ പറഞ്ഞാല്‍..പഞ്ചപാണ്ഡവരെ തുള്ളിച്ച പാര്‍ട്ടിയാ!!
    ഭാഷാപുരാണം നന്നായിരിയ്ക്കുന്നു.ആശംസകള്‍.
    അടുത്ത ഏടാകൂടത്തിനായി കാത്തു കൊണ്ട്...
    സസ്നേഹം..
    ഒരു ഭാഷാപ്രേമി!

  63. ഫരതന്‍, മദ്യതിരിവതാംകൂര്‍ said...

    കൊച്ചുത്രേസ്യകൊച്ചെ, ഫാഷ പഠിയ്ക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടന്കില്‍ ഇങ്ങു പത്തനംതിട്ടയിലോട്ട് വിട്.

  64. സാല്‍ജോҐsaljo said...

    കി കര്‍‌നെലാഗ്‌രിയാതൂ. ഇബ് കി ബാത്ത്‌ഓരിയേ?



    കൊള്ളാം ഈ വെടിക്കെട്ട്. രണ്ടാമത്തെ സംഭവം മൂന്നാമത് മതിയാരുന്നു...നന്നായിട്ടുണ്ട്.

  65. Liju Kuriakose said...

    പ്രത്യേകിച്ചും ബസിന്റെ ബോര്‍ഡില്‍ ജിലേബി പോലത്തെ കന്നഡ അക്ഷരങ്ങള്‍ കാണുമ്പോള്‍..
    ഇതെനിക്കിഷ്ടായി.

    പിന്നെ ഞാന്‍ തിരിച്ചെത്തി കേട്ടോ. എവിടെപ്പോയി എന്നല്ലേ. അതറിയാന്‍ എന്റെ ബ്ലോഗ് വായിക്കുക.(അങ്ങനേം ഒരു പരസ്യം ഒപ്പിച്ചു)

  66. Unknown said...

    ബൂലോകത്തെ ഒരു നാല്‍ക്കാലിയുടെ
    ( ! പുലിയും നാല്‍ക്കാലിയല്ലേ !!!!! )
    ബ്ലോഗില്‍ എന്നാപ്പിന്നെ ആ രീതിയില്‍ തന്നെയാവട്ടേന്നു വച്ചതാണേ
    കൊച്ച് ത്രേസ്യാ കൊച്ചേ ....... :‌ -- )
    പിന്നെ നമ്മളും ഒരു പുലി തന്നേന്ന്.

  67. Unknown said...

    ബൂലോകത്തെ ഒരു നാല്‍ക്കാലിയുടെ
    ( ! പുലിയും നാല്‍ക്കാലിയല്ലേ !!!!! )
    ബ്ലോഗില്‍ എന്നാപ്പിന്നെ ആ രീതിയില്‍ തന്നെയാവട്ടേന്നു വച്ചതാണേ
    കൊച്ച് ത്രേസ്യാ കൊച്ചേ ....... :‌ -- )
    പിന്നെ നമ്മളും ഒരു പുലി തന്നേന്ന്.

  68. ഏകാന്തപഥികന്‍ said...

    ഭാഷാപ്രേമം അത്രക്കങ്ങ്ട് നന്നായീല്ലല്ലോ...

    ഇതു കണ്ടിട്ട് മുമ്പുള്ളത്ര ‘നോര്‍മലായീന്ന്’ തോന്നുന്നില്ല...!

    സാരല്ല്യ.. ബോംബ് പൊട്ടീല്ലെ, ഇനി ‘നോര്‍മ്മലായിക്കോളും’..

    ഓ.ടോ.: ബൂലോഗത്തിലെ ബാഗ്ലൂര്‍ നിവാസികളൊക്കെ സുരക്ഷിതരാണെന്നറിഞ്ഞതില്‍ സന്തോഷം.. എന്തു ചെയ്യാം.. മാനവികതയുടെ ഈ ശത്രുക്കള്‍ക്കെതിരെ പ്രാര്‍ത്ഥിക്കാനല്ലേ നമുക്ക് കഴിയൂ...!

  69. PIN said...

    വളരെ നല്ല പോസ്റ്റിംഗ്‌... ആസ്വതിച്ചു. ഞാനും കുറച്ചുകാലം ഹരിയാനയിൽ ഉണ്ടായിരുന്നു. മേരി കശ്മീർ കി കുങ്കും എന്ന പോസ്റ്റിംഗ്‌ അതിനെ കുറിച്ചാണ്‌.