Sunday, November 23, 2008

വയനാടൻ പര്യടനം കഴിഞ്ഞു...

"മുത്തങ്ങയിലേക്കു പോണോടീ പിള്ളാരേ..അവിടപ്പിടി ആനകളാണ്‌.."

സിസ്റ്ററാന്റിയുടെ ആശങ്കയ്ക്കു കാരണമുണ്ട്‌.കഴിഞ്ഞാഴ്ച ആന്റിയും കൂട്ടരും മുത്തങ്ങയിൽ പോയപ്പോൾ കുറെ ആനകൾ വന്നു നോക്കിപ്പേടിപ്പിച്ചത്രേ. അതും കൂടി കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഞങ്ങൾക്ക്‌ ആവേശം ഇരട്ടിച്ചു. പണ്ട്‌ ആറളം കാട്ടിൽ ആനയെ കാണാൻ പോയിട്ട്‌ ആനപ്പിണ്ടം കണ്ട്‌ തിരിച്ചു വരേണ്ടിവന്നതിന്റെ ദു:ഖം എനിക്കിതു വരെ തീർന്നിട്ടില്ല.. ആന്റി പറഞ്ഞതു പോലെയാണ്‌ സംഗതികളെങ്കിൽ മുത്തങ്ങ വനത്തിലൂടേ 'എക്സ്യൂസ്‌മീ ആനേ, വഴി തരൂ' എന്നും പറഞ്ഞ്‌ ആനക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി നടക്കാൻ പറ്റും. ഇതിൽപ്പരം ആനന്ദം വേറെയുണ്ടോ.. ആനവിദ്വാൻ സർവ്വശ്രീഫൈസലിന്റെ ആനക്കഥ കുറെപ്രാവശ്യം വായിച്ചു പഠിച്ചിട്ടുള്ളതു കൊണ്ട്‌ ഇനീപ്പം അത്യാവശ്യം വില്ലൻമാരായ ആനകളുണ്ടെങ്കിൽ തന്നെ അവറ്റയെ പറ്റിച്ചു രക്ഷപെടാനുള്ള പൊടിക്കൈകളും ഓർമ്മയുണ്ട്‌. അതിന്റെ ഭാഗമായി ബുദ്ധിപൂർവം ബെഡ്‌ഷീറ്റു പോലെ നല്ല വലുപ്പമുള്ള ഒരു ദുപ്പട്ടയെടുത്തു ചാർത്തി. ആന ഓടിക്കുമ്പോൾ ഈ ദുപ്പട്ട എറിഞ്ഞു കൊടുത്ത്‌ കൺഫ്യൂഷനാക്കാലോ..

മുത്തങ്ങാകാട്ടിനുള്ളിലൂടെ ഒരു മണിക്കൂറാണ്‌ സവാരി. ജീപ്പും ഗൈഡുമൊക്കെ അവിടുന്നു തന്നെ അറേഞ്ച്‌ ചെയ്തു തരും. കാട്ടിലേക്കു കയറുമ്പോൾ തന്നെ കാണാം അവിടവിടെ വായ്നോക്കി നിൽക്കുന്ന മാൻകൂട്ടങ്ങളെ. മുത്തങ്ങാസമരകാലത്ത്‌ ജാനൂം കൂട്ടരും കയ്യേറിയിരുന്ന സ്ഥലമൊക്കെ കഴിഞ്ഞ്‌ ജീപ്പ്‌ കാടിനുള്ളിലേക്കു കയറി. ആകെപ്പാടെ ഒരു വശപ്പിശക്‌. ഒരു കാട്‌ എന്നൊക്കെ കേൾക്കുമ്പോൾ നമ്മക്കൊരു മിനിമം പ്രതീക്ഷകളൊക്കെയുണ്ടല്ലോ. മാനം മുട്ടെ നിൽക്കുന്ന മരങ്ങൾ, ഇരുട്ട്‌, പക്ഷിമൃഗാദികളുടെ കളകൂജനം, അലർച്ച തുടങ്ങിയ കലാപരിപാടികൾ അങ്ങനെയങ്ങനെ. ഇവിടാണെങ്കിൽ ശുഷ്കിച്ച കുറച്ചു മരങ്ങൾ മാത്രം. നാട്ടിലേതു പോലെ തന്നെ നല്ല തെളിച്ചവും. കാടിന്റെ ആ ഒരു അന്തരീക്ഷം വരുന്നില്ല. ഞാൻ എന്റെ നിരാശ മറച്ചു വച്ചില്ല. എല്ലാ കാടുകളും ഒരു അച്ചിൽ വാർത്തതല്ലെന്നും ഓരോന്നിനും ഓരോ തരത്തിലുള്ള ഭൂപ്രകൃതിയും സസ്യസമ്പത്തുമായിരിക്കുംന്നൊക്കെ പറഞ്ഞ്‌ ഗൈഡ്‌ ആശ്വസിപ്പിച്ചു. അപ്പോഴാണ്‌ മുന്നിൽപോയ ജീപ്പുകാര്‌ "കാട്ടുപോത്ത്‌" എന്ന്‌ അലറിവിളിച്ചു വരുന്നത്‌. വേഗം തന്നെ ജീപ്പ്‌ നിർത്തി ഗൈഡ്‌ ജീപ്പിനു മുകളിലേക്കു വലിഞ്ഞു കയറി. കൂടെ ഞങ്ങളും.അങ്ങു ദൂരെ എന്തോ ഒരു കറുത്ത സാധനം അനങ്ങുന്നതു കാണാം. അതായിരുന്നു സാക്ഷാൽ കാട്ടുപോത്ത്‌. കുറേക്കൂടി ഉള്ളോട്ടു പോയപ്പോൾ ഒരു കൂട്ടം ആനകളെയും കണ്ടു.അടുത്തൊന്നുമല്ല..ഒരു പാടു ദൂരെ. സത്യം പറഞ്ഞാൽ കുറെ മാനുകളെ കാണാൻ പറ്റി എന്നതല്ലാതെ മുത്തങ്ങ എന്നെ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞൂന്നു പറയാതെ വയ്യ.അന്ന്‌ ആ ഹൈവേയിലൂടെ ബസിൽ പോയ എന്റെ ചേച്ചി ഇതിലും കൂടുതൽ ആനകളെ വളരെയടുത്തു കണ്ടൂന്നും കൂടി കേട്ടതോടെ നിരാശ കൂടി. കാശും സമയവും മുടക്കി ആനയെ കാണാൻ കാട്ടിനുള്ളിൽ പോയ ഞാനാരായി?


ആനയെക്കിട്ടാത്തതു കൊണ്ട്‌ തൽക്കാലം മാനിന്റെ പടമെടുത്ത്‌ അഡ്‌ജസ്റ്റ്‌ ചെയ്തിട്ടുണ്ട്‌ കേട്ടോ. ദാ എന്റെ ക്യാമറക്കണ്ണിൽ കുടുങ്ങിയ ഒരു കൂട്ടം മാനുകൾ ..





ഈ തടാകമാണ്‌ കണ്ണീർത്തടാകം. പണ്ട്‌ രാവണൻ തട്ടിക്കൊണ്ടു പോകുന്ന വഴിക്ക്‌ സീതാദേവി ഇരുന്നു കരഞ്ഞു കരഞ്ഞ്‌ ആ കണ്ണീരുകൊണ്ടുണ്ടായ തടാകമാണത്രേ ഇത്‌.(വിമർശിക്കണ്ട; ഫോട്ടോ ഇത്തിരി ഇരുണ്ടു പോയീന്ന്‌ എനിക്കറിയാം)






ഇതാ മുത്തങ്ങാ വനത്തിലൂടെ കടന്നു പോവുന്ന മൈസൂർ റോഡ്‌.ഇവിടെ വച്ച്‌ ഞങ്ങൾടെ ജീപ്പും എതിരെ വന്ന രണ്ടു വണ്ടികളും കൂടി ഒരു കൊച്ചു തിരുവാതിര കളിച്ച്‌ അവസാനം ആർക്കും അപകടമൊന്നുമുണ്ടാവാതെ തലനാരിഴയ്ക്ക്‌ രക്ഷപെട്ടു.






ഇതോർമ്മയുണ്ടോ. പണ്ട്‌ മുത്തങ്ങാസമരത്തിൽ പോലീസ്‌ വെടിവെപ്പിൽ മരിച്ച ജോഗിയുടെ സ്മാരകമാണിത്‌. പാവം.. ജീവിതം തിരിച്ചു കിട്ടാനുള്ള സമരത്തിൽ ജീവൻ പോയി..



യാത്രയുടെ അവസാനദിവസം ആരംഭിച്ചതു പൂക്കോട്ടു തടാകത്തിൽനിന്നാണ്‌. മലകൾക്കിടയിലെ ഒരു മനോഹരമായ തടാകം . ഞങ്ങള്‌ ഒരു പെഡൽബോട്ട്‌ വാടകയ്ക്കെടുത്ത്‌ ബോട്ടിംഗിനിറങ്ങി. ഒരു അനുസരണയുമില്ലാത്ത ബോട്ട്‌. ഇങ്ങോട്ടു തിരിച്ചാൽ അങ്ങോട്ടു പോകും. ഞാനും കുരുട്ടുമായിരുന്നു ഡ്രൈവർമാർ.എന്തായാലും ബോട്ടിനെ മര്യാദ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ സമയം പോയതറിഞ്ഞില്ല. ആകെമൊത്തം സംഭവബഹുലമായ നല്ലൊരു ബോട്ട്‌യാത്ര..ശരിക്കും ആസ്വദിച്ചു. ദാ തടാകത്തിന്റെ ഒരു പടം. പത്തേക്കറുള്ള തടാകമാണ്‌. മുഴുവനൊന്നും പടത്തിൽ കൊള്ളിക്കാൻ പറ്റിയില്ല. മനസിലാക്കുമല്ലോ.



അടുത്ത ലക്ഷ്യം താമരശേരി ചുരമാണ്‌. കുരുട്ടിന്റെ വലിയ ഒരാഗ്രഹമായിരുന്നു ചുരം കാണുകാന്നുള്ളത്‌. വയനാട്ടിലേക്ക്‌ ഈ ഒരു ചുരം മാത്രല്ല കേട്ടോ ഉള്ളത്‌.തൊട്ടിൽപാലം ചുരമുണ്ട്‌, നെടുംപൊയിൽ ചുരമുണ്ട്‌ പിന്നെ കൊട്ടിയൂരിൽ നിന്നും തുടങ്ങുന്ന പാൽച്ചുരവും. കൂട്ടത്തിൽ ഏറ്റവും ഭംഗി പാൽച്ചുരത്തിനാണെന്നാണ്‌ ഞാൻ കേട്ടിട്ടുള്ളത്‌. പാലുകാച്ചി മലയും പാലരുവിയുമുള്ള പാൽച്ചുരം. പക്ഷെ എന്തു ചെയ്യാം.. അതിനെ പ്രശസ്തമാക്കാൻ ഒരു കുതിരവട്ടം പപ്പു ഇല്ലാതെ പോയി..



പൂക്കോടിന്‌ വളരെയടുത്ത്‌ ലക്കിടിയിലാണ്‌ ചുരം വ്യൂ പോയിന്റ്‌. ലക്കിടിയെ ഓർമ്മയില്ലേ.. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലമായിരുന്നു ലക്കിടി. ഇപ്പോൾ ആ പദവി നഷ്ടപ്പെട്ടൂന്നു തോന്നുന്നു. അങ്ങോട്ടു പോവുന്ന വഴിക്ക്‌ റോഡ്‌സൈഡിൽ തന്നെ ദാ ഈ ചങ്ങലയുള്ള മരം കാണാം. പണ്ട്‌ മലമുകളിലേക്ക്‌ റോഡ്‌ വെട്ടാനോ മറ്റോ സഹായിച്ച ആദിവാസിയെ കര്യം കഴിഞ്ഞപ്പോൾ ഒരു ബ്രിട്ടീഷ്‌ എഞ്ചിനീയർ കൊന്നുകളഞ്ഞു പോലും. ആ ആദിവാസിയുടെ പ്രേതത്തെയാണ്‌ ഈ ചങ്ങല കൊണ്ട്‌ തളച്ചിരിക്കുന്നത്‌ എന്നാണ്‌ വിശ്വാസം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നോ. കാലമൊരുപാടു കഴിഞ്ഞിട്ടും ആ മരം ഒരുപാടു വലുതായിട്ടും ആ ചങ്ങല ഒരിക്കലും മുറുകിയിട്ടില്ലത്രേ. എപ്പോഴും മരത്തിനു ചുറ്റും അയഞ്ഞു തന്നെ കിടക്കും. എന്തായാലും ഇപ്പോൾ ആ മരം കടപുഴകിപ്പോയി. ചങ്ങലയെ എടുത്ത്‌ വേറെ ഒരു മരത്തിൽ തൂക്കിയിടുകയും ചെയ്തു. ഇനിയും കുറെക്കാലം കൂടി കഴിഞ്ഞാൽ ഈ പ്രത്യേകതയൊക്കെ എല്ലാരും മറന്നുപോകുംന്നുറപ്പ്‌.



വയനാട്ടിൽ നിന്നു കോഴിക്കോടേക്കു കയറുന്ന അവിടെ തന്നെ ഒരു വളവിലാണ്‌ ചുരം വ്യൂ പോയിന്റ്‌. രാവിലെ പത്തുമണിയായിട്ടും ഞങ്ങളെത്തുമ്പോൾ ചുരത്തിൽ നല്ല കോടയായായിരുന്നു. മൂടൽമഞ്ഞിലൂടെ അവ്യക്തമായി മല ചുറ്റിയിറങ്ങുന്ന റോഡു കാണാം. എന്തായാലും കോട മാറുന്നതു വരെ ഞങ്ങളവിടെ തന്നെ നിന്നു. ദാ ചുരത്തിന്റെ ഫോട്ടോസ്‌.





ആഗോളത്താകെ മാന്ദ്യമല്ലേ.. നമ്മക്ക്‌ സെന്റ്‌ ജൂഡ്‌സ്‌ പള്ളിയിലൊന്നു കയറി പ്രാർത്ഥിച്ചിട്ടു പോകാംന്ന്‌ നിർദ്ദേശം മുന്നോട്ടു വച്ചതു സന്ധ്യയാണ്‌. വളരെ പഴയ പള്ളിയാണത്രേ.. അതിപ്രശസ്തവും. കൽപ്പറ്റയ്ക്കു പോകുന്ന വഴി ചുണ്ടേൽ എന്ന സ്ഥലത്താണ്‌ പള്ളി. ആൾക്കാര്‌ കുർബാന കഴിഞ്ഞിറങ്ങുന്ന ശുഭമുഹൂർത്തത്തിലാണ്‌ ഞങ്ങളവിടെ എത്തിയത്‌. അതുകൊണ്ട്‌ ഫോട്ടോ ഒന്നും എടുക്കാൻ പറ്റിയില്ല. അതു മാത്രമല്ല ഞങ്ങൾടെ കംപ്ലീറ്റ്‌ ശ്രദ്ധയും അവിടെ വിതരണം ചെയ്യുന്ന കഞ്ഞിയിലായിരുന്നു. ഉച്ചസമയത്ത്‌ കഞ്ഞീടേം ചമ്മന്തീടേം മണമടിച്ചാൽ ആർക്കെങ്കിലും കൺട്രോൾ ചെയ്യാൻ പറ്റുമോ. ഞങ്ങളും പാത്രമൊക്കെ എടുത്ത്‌ ക്യൂവിൽ പോയി നിന്നു. തേങ്ങയൊക്കെ ഇട്ട്‌ നല്ല പാകത്തിനു വെന്ത കഞ്ഞിയും അപാരടേസ്റ്റുള്ള ചമ്മന്തിയും. മൂക്കുമുട്ടെ കഴിച്ച്‌ കുറെ നേരം അവിടെ വിശ്രമിച്ചിട്ടാണ്‌ ഞങ്ങൾ അവിടം വിട്ടത്‌.

കാരാപ്പുഴ ഡാം. മീനങ്ങാടിയിൽ നിന്നു കുറച്ചു പോയാൽ മതി. പക്ഷെ സ്വന്തമായി വണ്ടിയും വള്ളവുമൊന്നുമില്ലാത്തവർ അങ്ങോട്ടു പോകാതിരിക്കുന്നതായിരിക്കും നല്ലത്‌. തീരെ ജനവാസമില്ലാത്ത സ്ഥലം. ഡാമിനൊരു ഓഫീസ്‌ പോലും ഞങ്ങൾക്ക്‌ കണ്ടുപിടിക്കാൻ പറ്റീല്ല. ഓട്ടോയോ ടാക്‌സിയോ ഒന്നുമില്ല. ഇടയ്ക്കിടെ വന്നു പോകുന്ന കുട്ടിബസുകളാണ്‌ (മിനിബസ്‌) മെയിൻ ബസ്‌റൂട്ടിലെത്താനുള്ള ഏകമാർഗം.എത്തിപ്പെട്ടാൻ പറ്റിയാൽ നല്ല ഭംഗിയുള്ള സ്ഥലമാണു കേട്ടോ. മണ്ണു കൊണ്ടാണ്‌ ഈ അണക്കെട്ടു നിർമ്മിച്ചിരികുന്നത്‌ (ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ്‌അണക്കെട്ടും വയനാട്ടിലാണ്‌- ബാണാസുരസാഗർ). ദാ കാരാപ്പുഴയിലെ കാഴ്‌ചകൾ. ഫോട്ടോ നോക്ക്‌.. ആകാശം താഴേക്ക്‌ ഒഴുകിയിറങ്ങുന്നതു പോലെ തോന്നുന്നില്ലേ (ഭാവന ഭാവന)





അടുത്ത ലക്ഷ്യം അമ്പലവയൽ ആയിരുന്നു. ഇന്ത്യയിലെ മികച്ച ഹെറിറ്റേജ്‌ മ്യൂസിയങ്ങളിലൊന്ന്‌ ഇവിടെയാണ്‌. വിവിധ ആദിവാസഗോത്രങ്ങളുടെ നിത്യോപയോഗ സാധനങ്ങൾ, വയനാടൻ കാടുകളിൽ നിന്നും കിട്ടിയ ശിൽപങ്ങളും മറ്റ്‌ പുരാവസ്തുക്കളും- ചുരുക്കിപ്പറഞ്ഞാൽ പുരാവസ്തു ഗവേഷകർക്കൊരു ചാകരയാണ്‌ മ്യൂസിയം. രണ്ടാം ശതകത്തിലെ പുരാവസ്തുക്കൾ വരെ ഇവിടുണ്ട്‌. ദാ മ്യൂസിയത്തിലെ ചില കാഴ്ചകൾ.














ഇതാണ്‌ വീരക്കല്ല് (hero stone). പണ്ട്‌ യുദ്ധങ്ങളിൽ മരിക്കുന്ന ധീരയോദ്ധാക്കളുടെ ഓർമ്മയ്ക്കായി കൊത്തിയുണ്ടാക്കുന്നതാണത്രേ..



മ്യൂസിയത്തിനടുത്തു തന്നെയാണ്‌ അമ്പലവയൽ കാർഷികഗവേഷണകേന്ദ്രം. മുഴുവൻ ചുറ്റിനടന്നു കാണാൻ നല്ല സമയമെടുക്കും. ഞങ്ങൾ ചെല്ലുമ്പോഴേക്കും ഒരുമാതിരിപ്പെട്ട എല്ലാ വിളകളുടെയും സീസൺ കഴിഞ്ഞിരുന്നു. ആകെ അപ്പോൾ ഉണ്ടായിരുന്നത്‌ സപ്പോട്ട മാത്രമായിരുന്നു. പിന്നെ കുറെ റോസും. പിന്നെ ഈ സ്ഥലത്തിനൊരു പ്രത്യേകത കൂടിയുണ്ട്‌. ഇവിടുത്തെ സെക്യൂരിറ്റി പോസ്റ്റിനടുത്തുള്ള ഒരു ചെറിയ മതിലുണ്ട്‌. അവിടെ നിന്നും നോക്കിയാൽ അമ്പുകുത്തി മലയുടേ ഏറ്റവും മനോഹരവും പൂർണ്ണവുമായ വ്യൂ കിട്ടും. കഴിഞ്ഞ പോസ്റ്റിലെ അമ്പുകുത്തി മലയുടെ ഫോട്ടോ എടുത്തത്‌ ഇവിടെവച്ചാണ്‌.


വയനാട്ടിലെ കാഴ്ചകൾ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പക്ഷെ എന്തു ചെയ്യാം.. തിരിച്ചു പോയി കമ്പ്യൂട്ടറിൽ കൊട്ടാനുള്ളസമയമായി. ഇനിയും ഒരു അവസരം കിട്ടിയാൽ വയനാട്ടിലേക്ക്‌ വണ്ടി കയറുംന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഇനിയുള്ള വരവിൽ ഏറ്റവും ആദ്യത്തെ ലക്ഷ്യം ചെമ്പ്രാ മല ആയിരിക്കും..പിന്നെ വയനാട്ടിലെ വെള്ളച്ചാട്ടങ്ങളും..അപ്പോൾ വീണ്ടും കാണുംവരെ വയനാടേ... വിട..

61 comments:

  1. കൊച്ചുത്രേസ്യ said...

    അങ്ങനെ വയനാട്ടിലൂടെ പര്യടിച്ച്‌ പര്യടിച്ച്‌ ഞാൻ വിജയകരമായി തിരിച്ചെത്തി :-))

  2. വല്യമ്മായി said...

    ഞങ്ങള്‍ കണ്ടു ആനേനെ,കുട്ടികളൊക്കെയുള്ള വലിയ കൂട്ടത്തെ,അതും തൊട്ടടുത്ത്,പക്ഷെ ഇറങ്ങി ഫോട്ടോയെടുക്കാന്‍ പറഞ്ഞപ്പോ "നിന്റൊരു ഫോട്ടോ,വേഗം വണ്ടി വിടാന്‍ നോക്ക്" എന്നായി ഒരു പേടിതൊണ്ടന്‍ :)

  3. ഉപാസന || Upasana said...

    ബുക്ക് ഫെസ്റ്റിവല്‍ ന് പോയിട്ട് എന്തൊക്കെ വാങ്ങി..?

  4. Kaithamullu said...

    ആനക്ക് പേടിയായിക്കാണും KTK ന്റെ മുന്‍പില്‍ വരാന്‍.

    (നല്ല ഒര് ക്യാമറ വാങ്ങ്, ട്ടാ!)

  5. ഞാന്‍ ആചാര്യന്‍ said...

    ത്രേസ്യാ, നിങ്ങളാണോ "പെണ്‍ശാപം" or "പെങ്ങള്‍ശാപം" എന്ന റ്റൈറ്റിലില്‍ ഒരു സംഭവം കുറ നാള്‍ മുന്‍പ് എഴുതീത്? എവിടെ നോക്കീട്ടും കിട്ടുന്നില്ലാ. നിങ്ങടെ അതേ ശൈലിയായിരുന്നു

  6. Mohanam said...

    വലിയ ആനയേക്കണ്ട് അവിടുത്തെ ചെറിയ ആനകള്‍ പേടിച്ചു പോയിക്കാണും .... അതാ പടം പിടിക്കുന്നിടത്ത് വരാഞ്ഞത്....

    ഞാന്‍ ഈ നാട്ടുകാരന്‍ അല്ലേ... തല്ലല്ലേ.......

  7. കുഞ്ഞന്‍ said...

    കൊ.ത്രേ.കൊ ജീ..
    രസകരമായ വിവരണം. ഇതുവരെ കേള്‍ക്കുകയൊ കാണുകയൊ ചെയ്യാത്ത സ്ഥലങ്ങളും അവയുടെ പടങ്ങളും.(മുത്തങ്ങ,താമരശ്ശേരി ചുരം ഇതൊക്കെ മുമ്പ് കേട്ടിട്ടുണ്ട്)

    പബ്ലിക് വാഹനങ്ങളില്‍ പോകുമ്പോള്‍ അതിന്റെതായ അസൌകര്യങ്ങളുണ്ടാകും. എന്നാലും അതെല്ലാം ആസ്വാദ്യകരമാക്കി, ആ അനുഭവങ്ങള്‍ ബൂലോഗത്തിലേക്ക് പകര്‍ത്തിയതിന് നന്ദി.

    എന്നാലും സമ്മതിച്ചിരിക്കുന്നു ഇത്തരം സ്ഥലങ്ങളില്‍ ശരീരം കൊണ്ടു ശക്തിമതികളായ യുവതികള്‍ സധൈര്യം ചുറ്റിക്കറങ്ങിയതിന്.

    ഇനി ഇതുപോലെ സഞ്ചാര സാഹിത്യം എഴുതുകയാണെങ്കില്‍ അതില്‍ ദയവുചെയ്ത് ഇത്തിരി‍ നല്ല ക്യാമറയാല്‍ പടങ്ങള്‍ കൂട്ടീച്ചേര്‍ക്കുക. അല്ല, നല്ല ക്യാമറ കിട്ടിയാലും പ്രയോജനമില്ലെന്നുണ്ടൊ?

  8. annamma said...

    കണ്ണീർത്തടാകത്തിണ്ടെ ഫോട്ടോ ഇത്തിരി ഇരുണ്ടു പോയീത് സീതാദേവിയുടെ കണ്മഷി കലങ്ങിയതു കൊണ്ടല്ലേ. അല്ലാതെ ഫോട്ടോഗ്രാഫിയുടെ കുഴപ്പം കൊണ്ടൊന്നുമല്ല്. അല്ലേ ത്രേസ്യേ !

  9. ബീരാന്‍ കുട്ടി said...

    കൊ. ത്രേ. കൊ.
    ഇത് കലക്കി, അസ്സൽ വിവരണം എന്ന് പറയാം.
    പൂക്കോട് താടകത്തിനടുത്തും ഒരു നല്ല മത്സ്യ മ്യൂസിയമുണ്ടല്ലോ അല്ലെ. അതോ ഇപ്പോ ഇല്ലെ.

    ഞാൻ ത്രേസ്യകെച്ചും ആനകളും തമ്മിലുള്ള ഒരു മൽ‌പിടുത്തം കാണാം എന്ന് കരുതിയിരിക്കുവാർന്നു. എന്ത് ചെയ്യാം ഞങ്ങൾക്ക് അതിനുള്ള ഭാഗ്യം ഇല്ലാണ്ട് പോയി.

    ആ മൈസൂർ റോഡ് ഒത്തിരി നോസ്റ്റാൾജിക്കാണ്. മാസം തോറും ഒന്നോ രണ്ടോ യാത്ര ആ വഴിക്ക്. ഇരുഭാഗത്തും ഇടതൂർന്ന് നിൽക്കുന്ന മുളംകാടുകൾ. ഹാ, അതോക്കെ ഒരു കാലം.

    ഞാനിപ്പോ ജോലി രാജിവെക്കുവെ. പിന്നെ എന്നെ കുറ്റം പറയരുത്.

    നന്ദിണ്ട്‌ട്ടാ (പല്ല് കടിച്ച്‌കൊണ്ട്) നന്ദി. (വെറുതെ മനുഷ്യനെ ഫീലിമാക്കാൻ)

  10. konthuparambu said...

    its really intresting to read your blog.keep going ,you have got the grip in the language .

  11. സജുശ്രീപദം said...

    :)

  12. സജുശ്രീപദം said...

    :)

  13. krish | കൃഷ് said...

    ത്രേസ്യക്കൊച്ചേ, ഒന്നു രണ്ടു ക്വോട്ടിയിട്ടുതന്നെ കാര്യം. ഹല്ലാപിന്നെ..


    “...മുത്തങ്ങ വനത്തിലൂടേ 'എക്സ്യൂസ്‌മീ ആനേ, വഴി തരൂ' എന്നും പറഞ്ഞ്‌ ആനക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി നടക്കാൻ പറ്റും. ഇതിൽപ്പരം ആനന്ദം വേറെയുണ്ടോ..“

    = ഇത് ത്രേസ്യായുടെ കാര്യം. അപ്പോള്‍ ആ ആനകളുടെ കാര്യം പറയാതിരിക്ക്യാ ഭേദം.

    “കാശും സമയവും മുടക്കി ആനയെ കാണാൻ കാട്ടിനുള്ളിൽ പോയ ഞാനാരായി?“

    = അതിപ്പോ ഇനി ഞങ്ങളെക്കൊണ്ടു തന്നെ പറയിപ്പിക്കണോ.

    “ആനയെക്കിട്ടാത്തതു കൊണ്ട്‌ തൽക്കാലം മാനിന്റെ പടമെടുത്ത്‌ അഡ്‌ജസ്റ്റ്‌ ചെയ്തിട്ടുണ്ട്‌ കേട്ടോ.“

    = ഹൊ, ഞാന്‍ വിചാരിച്ചു...ഏയ് ഒന്നൂല്ലാന്ന്. (ഗ്ലൂ: വനയാത്രിക)

    “പാലുകാച്ചി മലയും പാലരുവിയുമുള്ള പാൽച്ചുരം. പക്ഷെ എന്തു ചെയ്യാം.. അതിനെ പ്രശസ്തമാക്കാൻ ഒരു കുതിരവട്ടം പപ്പു ഇല്ലാതെ പോയി.. “

    = എന്തിന് പപ്പു, ത്രേസ്യ പോരേ.

    :)

  14. inddas said...

    നല്ല വിവരണം ത്രെസ്യ കുട്ടി......... ഞാനും ഈ കഴിഞ്ഞ സെപ്റ്റംബറില്‍ മുത്തങ്ങയുടെ കാട്ടിലുടെ പോയിരുന്നു.മുന്നു കരടികളെയും, കുറെ ആനകളെയും, കുറെ മാനിനെയും കണ്ടു..... ഒരിക്കല്‍ കുടി അതുവഴി പോണമെന്നുണ്ട്‌.......ഓര്‍മ്മകളെ കൈവള ചാര്‍ത്തി.....ഷജീര്‍ ജിദ്ദ...........

  15. അനില്‍ശ്രീ... said...

    ഈ പെണ്ണ് എന്നെ വിഷമിപ്പിച്ചേ അടങ്ങൂ.. കഴിഞ്ഞ അവധിക്ക് വയനാടിന് പോയിട്ട് ഷൊര്ണ്ണൂരില്‍ നിന്ന് തിരികെ പോരേണ്ടി വന്ന വിഷമം ഇതു വരെ മാറിയില്ല,, അപ്പോള്‍ ദേ പിന്നേം വന്നിരിക്കുന്നു... ഇടിക്കും ഞാന്‍...

    ഓ.ടോ
    ആചാര്യാ ...ഇതു തന്നെയല്ലേ ആ പെങ്ങള്‍ ശാപം ഈ മനുഷ്യന് കണ്ണും കാണില്ലേ?

  16. paarppidam said...

    ഇനിയിപ്പോൾ ഞാൻ എന്താ എഴുതുക.വയനാടിനെ കുറിച്ച് എഴുതാൻ വച്ചതൊക്കെ താങ്കൾൽ എഴുതി.

    നന്നായിരിക്കുന്നു. വയ്യനാട്ടിലെ ജീവിതകാലത്ഥ് എനിക്ക് നിരവധി തവണ ആനകളെയും കാട്ടിയെയും കാ‍ണുവാൻ കഴിഞ്ഞിട്ടുണ്ട്.. ആനയുള്ളിടത്ത് കാട്ടിയുടെ സാമീപ്യം ഉണ്ടാകും.

    നന്നാaയി എഴുതിയിരിക്കുന്നു.

  17. പാര്‍ത്ഥന്‍ said...

    എന്നെക്കണ്ടാൽ ആനയ്ക് ഒരു വെയ്റ്റും തോന്നില്ല. അതുകൊണ്ട് ആനയുള്ളിടത്തേക്ക് ഞാൻ പോകാറില്ല.
    ഇവരോക്കെ ഭയങ്കര ധൈര്യവാലികളാണെന്നു തോന്നുന്നു.

  18. --xh-- said...

    orikkal mysore roadilkode bikeil povumbo ee paranja oru aanakootahe aduthu kandu.. pakshe camera edukunnathinu pakaram bike chavuttivittu jeevan raksikkana nokkiye... :)

    vyanadau adutha destination aanu... nadukanichurathe pranayichodirikkuva kure nal aayittu.. ini mattu churangala keedi onnu kaananam.. ippo ente fatherji amasthi randupravasyam enna pole ayanadinu trip adikkum.. ennittu manusyane assoyapeduthan phone vilichu oro vivaranavum.. ethayalum adikam vayikathe aa vzikkum ente bike onnu urutanam...

    snaps kollam.... nannayirikunnu...pinen aa irunda foto venamenghil photoshopil kayatti onnu veluppikkmayirunnu...

  19. ജയരാജന്‍ said...

    രാവിലെ വായിക്കാനിരുന്നതാ; ഇപ്പോഴാ തീർന്നത്. സർവ്വശ്രീഫൈസലിന്റെ ‘ആനക്കഥ‘യിലേക്കുള്ള ലിങ്ക് ആണ് പണി പറ്റിച്ചത്. അവിടെപ്പോയപ്പോൾ വേറൊരു ലിങ്ക്; അവിടെ വേറെ കുറേ ലിങ്കുകൾ... എല്ലാത്തിലും കറങ്ങിത്തിരിഞ്ഞ് തിരിച്ചെത്തിയപ്പോഴെക്കും നേരം ഇരുട്ടി :)
    അപ്പോ എന്താ പറഞ്ഞേ വയനാടൻ പര്യടനം കഴിഞ്ഞോ? എന്നാ ഇനി അടുത്ത പര്യടനം?
    യാത്രാവിവരണം മാത്രം ആക്കണ്ട: ഇടയ്ക്കിടയ്ക്ക് നർമ പോസ്റ്റുകളും വേണം :)

  20. G.MANU said...

    അവിടെ ആനേം വന്നില്ല ഒരു കുന്തോം വന്നില്ല

    ആന ഇവളെ പേടിച്ചോടി കാണും

    കട് : കിലുക്കം


    പടങ്ങള്‍ സൂപ്പര്‍ ട്ടാ..

  21. സഹയാത്രികന്‍...! said...

    വയനാട്ടിലൂടെ വട്ടത്തിലും നീളത്തിലും പോയപ്പോള്‍ ഞാന്‍ കരുതി ഇനി ആ പഴേ ശൈലിയിലേക്ക് തിരിച്ചു വരില്ലെന്ന്... പക്ഷെ ഇതു കണ്ടപ്പോ എന്റെ സംശയമൊക്കെ മാറി... കൊള്ളാം അടിപൊളി... പാവം ആനകളെ പേടിപ്പിക്കാന്‍ പറ്റാത്തതിന്റെ സങ്കടത്തിലാണോ ഇപ്പോഴും.സാരല്ല്യാ അടുത്തപ്രാവശ്യം പോകുമ്പൊള്‍ ആരോടും പറയാതെ പോയാ മതി...അപ്പൊ ആനകള്‍ക്ക് ഒളിക്കാന്‍ അവസരം കിട്ടില്ലല്ലോ...എങ്ങിനെയുണ്ട് ?
    ആനകളേം തെളിച്ചു പോകുന്ന കൊച്ചിനെ ഞാനൊന്ന് സങ്കല്പിച്ചു നോക്കി...കൊച്ചിന്റെ ആ രൂപം കൊള്ളാട്ടോ...!

  22. ഞാന്‍ ആചാര്യന്‍ said...

    അനില്‍ശ്റീ... താങ്ക് യൂ... അറിവില്ലായ്മ പൊറുക്കണേ..

  23. anamika said...

    വയനാടിനെകുറിച്ച് ഞാന്‍ കഷ്ടപ്പെട്ടു കുറെ പോസ്റ്റുകള്‍ ഒക്കെ എഴുതി ഇട്ടിട്ടുണ്ടാരുന്നു ... അതിനെല്ലാം ഇപ്പൊ പുല്ലു വില ആയല്ലോ കൊച്ചുത്രെസ്സിയ കൊച്ചെ ....
    എന്റെ നാടിനെക്കുറിച്ചുള്ള വിവരണങ്ങള്‍ കലക്കീട്ടുണ്ട് കേട്ടോ ....ഇനിയും കാണാന്‍ ഒരുപാടു സ്ഥലങ്ങള്‍ ഉണ്ട് .... വീണ്ടും വരണം ....

  24. രായപ്പന്‍ said...

    ഞാനും ഇതുപോലെ ഒന്ന് കറങ്ങിയതാ വയനാട് പച്ചേ... പോട്ടം പിടിക്കാൻ പറ്റിയില്ല... ഒന്നാമത് ഡിജിറ്റൽ ക്യാമറ ഉണ്ടായിരുന്നില്ല പിന്നെ ആകെ ഉള്ള 36 ഫിലിമിൽ കൂടെ വന്നവരുടെ കൂടെ നിന്ന് ഫോട്ടം പിടിക്കാൻ മാത്രമേ പറ്റിയുള്ളൂ.. തോൽ‌പ്പട്ടിയിൽ പോയില്ലേ???? അതും ഒരു നല്ല സ്ഥലമായിരുന്നു... പിന്നെ വയനാട് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കുറുവാ ദ്വീപാണ് ഞങ്ങൾ ഒരു ദിവസം മുഴുവൻ അവിടെ അർമ്മാദിച്ച് നടന്നു വൈകീട്ട് 6 മണിക്ക് ശേഷം അതിനകത്ത് നിന്നുകൂടാ എന്ന് പറഞ്ഞതുകൊണ്ട് മാത്രം പുറത്തിറങ്ങി...ഒരിക്കലും മറക്കാൻ പറ്റാത്ത സ്ഥലമാണ് അത്.....

    ഓർമ്മകൾ അയവിറക്കാൻ അവസരമൊരുക്കിയതിനു നന്ദി കൊച്ചൂ... നന്ദി...

  25. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:ആ ആനകളെങ്കിലും രക്ഷപ്പെട്ടു....

  26. ചാണക്യന്‍ said...

    കൊച്ചുത്രേസ്യ,
    വയനാടന്‍ പര്യടന ചിത്രങ്ങളും വിവരണവും നന്നായി..
    ആശംസകള്‍...

  27. പവനായി said...

    പടങ്ങള് കൊള്ളാം. അടുത്ത കറക്കം ആ വഴിക്ക് ആക്കിയാലോ എന്ന് ഒരു ചിന്ത..

  28. നിലാവ് said...

    പര്യടനം കലക്കിയല്ലോ..

    ആ ഡാമിന്റെ ഫോടോസ് ഒത്തിരി ഇഷ്ടമായി..

  29. Jishad said...

    ഫോട്ടോസ് കിടിലം ഡെസ്ക്ടോപ്പ് അലങ്കരിക്കാന്‍ പറ്റിയവ തന്നെ.

  30. ഞാന്‍ ആചാര്യന്‍ said...

    :) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....

  31. Sureshkumar Punjhayil said...

    Really nice. Thanks and best wishes.

  32. കൊച്ചുത്രേസ്യ said...

    വല്യമ്മായീ അതു പേടി കൊണ്ടൊന്നുമല്ല..ആനകൾടെ അനുവാദമില്ലാതെ അവർടെ ഫോട്ടോ എടുത്താൽ അവർക്കിഷ്ടപെട്ടില്ലെങ്കിലോ.. അല്ലേ തറവാടീ..

    ഉപാസനാ അക്കമിട്ടു പറയാം..
    1)ജീവിതം എന്ന അത്‌ഭുതം -ഡോ. വി.പി. ഗംഗാധരൻ
    2)ബർസ - ഖദീജ മുംതാസ്‌
    3)നെല്ല് - വത്സല
    4) ആലാഹയുടെ പെൺമക്കൾ - സാറാ ജോസഫ്‌
    5) മരണം ദുർബലം -കെ. സുരേന്ദ്രൻ
    6) മഞ്ഞുകാലം നോറ്റ കുതിര -പദ്‌മരാജൻ


    കൈതമുള്ളേ, മോഹനം പേടിയല്ല.. 'ലജ്‌ഞ്ഞ' കൊണ്ടായിരിക്കും..സഭാകമ്പമേയ്‌:-)

    ആചാര്യാ അതും നാൻ താൻ :-)

    കുഞ്ഞാ നന്ദി. ക്യാമറയെപറ്റി സീരിയസ്‌ ആയി ആലോചിക്കുന്നുണ്ട്‌.അതു പ്രയോഗത്തിൽ വരുന്നതു വരെ ഉള്ളതു കൊണ്ട്‌ ഓണം പോലെ :-)

    അന്നമ്മോ തന്നെ തന്നെ.. (ഈ ബുദ്ധി എന്താ എനിക്കു തോന്നാതിരുന്നത്‌!!)

    ബീരാങ്കുട്ടിക്കാ ജോലി രാജി വച്ചിട്ടെന്തു ചെയ്യാനാ? ആ മൈസൂര്റോഡിലൂടെ ലാവിഷായി തെക്കുവടക്കു നടക്കാനോ..പറയുമ്പോലെ വയനാട്ടിലെ മുളകളെ പറ്റി പറയാൻ മറന്നു പോയി. എവിടെ നോക്കിയാലും മുളങ്കാടുകൾ.. സത്യത്തിൽ വയനാടെന്നല്ല; മുളനാട്‌ എന്നാണ്‌ വിളിക്കേണ്ടത്‌ :-)

    സജു :-)

    കൃഷേ ഇങ്ങേരെകൊണ്ടു തോറ്റല്ലോ.. ആരവിടെ.. ഈ കൃഷിനെ പിടിച്ചു വലിച്ചുകൊണ്ടു പോയി മുത്തങ്ങാകാടിന്റെ അന്തരാത്മാവിൽ തള്ളാൻ നോം ഉത്തരവിട്ടിരിക്കുന്നു..

    inddas ങീ ങീ.. എനിക്കാകെപ്പാടെ കുറെ മാനുകളെ മാത്രമേ കാണാൻ പറ്റിയുള്ളൂ :-(

    അനിൽശ്രീ ഇടിച്ചാൽ ഞാൻ തിരിച്ചിടിക്കും. അതെന്താ ഷൊർണ്ണൂർ നിന്ന്‌ തിരിച്ചു പോയത്‌.. വയനാട്ടിൽ കാലു കുത്തിയാൽ എല്ലൂരി ഹോക്കി കളിയ്ക്കുംന്ന്‌ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ :)

    paarppidam ആനയും കാട്ടിയും തമ്മിൽ അങ്ങനൊരു എടപാടുണ്ടോ? അതെനിക്കു പുതിയൊരറിവാണ്‌

  33. കൊച്ചുത്രേസ്യ said...

    പാർത്ഥാ വിഷമിക്കാതെ.. എന്നെകണ്ടിട്ടാണെങ്കിൽ ആന ഒന്നു മൈൻഡാക്കിയും കൂടിയില്ല. കാട്ടിലൊരു ഗസ്റ്റ്‌ വരുമ്പോൾ ഇങ്ങനാണോ പെരുമാറേണ്ടത്‌.. ങാ.. ആനകൾക്കിത്തരം മര്യാദയൊക്കെ പറഞ്ഞു കൊടുക്കാൻ ആരാ ഉള്ളതല്ലേ..

    --xh-- എന്നാലും ആ ഓടുന്ന ഓട്ടത്തിൽ രണ്ടു മൂന്ന്‌ ഫോട്ടോസ്‌ എടുക്കാമായിരുന്നു. എന്നിട്ട്‌ അതെല്ലാം കൂട്ടി "ജീവൻ പണയം വച്ചെടുത്ത പടങ്ങൾ" എന്ന പേരിൽ ഒരു ഫോട്ടോ എക്സിബിഷൻ നടത്താമായിരുന്നു. ഒക്കെ കളഞ്ഞു കുളിച്ചു.. ഇനീപ്പം അടുത്ത പ്രാവശ്യം ആന ഓടിക്കുന്നതു വരെ കാത്തിരിക്കണ്ടേ :-(

    ജയരാജാ കുറെ ലിങ്കില്‌ തൂങ്ങി തുങ്ങി ക്ഷീണിച്ചിട്ടുണ്ടാവില്ലേ.. ഇരുന്നു കുറച്ചു നേരം വിശ്രമിക്ക്‌ കേട്ടോ :-)

    അശോക്‌ പറഞ്ഞപോലെ ആനകളെ തെളിച്ചു നടക്കുന്നത്‌ നല്ല രസമായിരിക്കും. അതിന്റെ മോളിലെത്തിപ്പെടാൻ ഒരു ലിഫ്റ്റോ എസ്‌കലേറ്ററോ ഒക്കെ വേണ്ടിവരുംന്നേയുള്ളൂ :-)

    അനാമികാ പോസ്റ്റുകൾ വായിച്ചു..കുറച്ചൂടെ വിവരണങ്ങൾ ആവാമായിരുന്നൂന്നു തോന്നി. എന്തായാലും താങ്ക്സുണ്ടേ..

    രജീഷ്‌ തോൽപ്പെട്ടിയിൽ പോവാൻ പറ്റിയില്ല.. ടോസ്‌ വീണത്‌ മുത്തങ്ങയ്ക്കാണ്‌..

    ചാത്താ എന്തോന്നു രക്ഷപെട്ടൂന്ന്‌.. എന്നെ ഒന്നു ദർശിക്കാനുള്ള സുവർണ്ണാവസരമല്ലേ അതുങ്ങള്‌ പാഴാക്കിക്കളഞ്ഞത്‌:-(

    ചാണക്യാ നന്ദി

    പവനായി ചുമ്മാ ചിന്തിച്ചു നിൽക്കാതെ പോയി കറങ്ങെന്നേ..

    നിലാവ്‌,Jishad,SureshKumar സന്തോഷം :-)

  34. krish | കൃഷ് said...

    മുത്തങ്ങാക്കാടിന്റെ അന്തരാത്മാവില്‍ നിന്നും.....

    അവിടെ വനാന്തര്‍ഭാഗത്തുള്ള ഒരു മാവില്‍ നിന്നും മാങ്ങയെല്ലാം എറിഞ്ഞുവീഴ്ത്തി തിന്ന്, സല്‍’മാനു’കളുമായി കളിച്ചുല്ലസിക്കയായിരുന്നു.
    അപ്പോഴതാ ഒരു ആനക്കൂട്ടം നടന്നടുക്കുന്നു. അത് വളഞ്ഞുകഴിഞ്ഞു. രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല.
    അപ്പോഴാണാ ഐഡിയാ’ബള്‍ബ്’ കത്തിയത്.
    ആനകളോടായി: “ദേ, ആനകളെ, ചുമ്മാ പണിയുണ്ടാക്കാതെ വേഗം സ്ഥലം കാലിയാക്കിക്കോ. അല്ലേല്‍ ത്രേസ്യാമ്മാ മേഡത്തെ ഇപ്പോ വിളിക്കും” ഇതും പറഞ്ഞ് മോഫൈല്‍ എടുത്തതും ആനകളുടെ പൊടി പോലും അവിടെയെങ്ങും കണ്ടില്ല. അവറ്റകള്‍ക്കൊക്കെ എന്തൊരു ആദരവാണോ മേഡത്തെ!!
    (അല്ലാതെ അവറ്റക്ക് മേഡത്തെ പേടി കൊണ്ടൊന്നുമല്ലേ.)

    അങ്ങനെ ഞാന്‍ വീണ്ടും ഇവിടെ തിരിച്ചെത്തി.
    ഹഹഹഹ!!!

    :)

  35. Sachin said...

    great posts.. photos adipoli.. pinney.. postinginte speed onnu koottiyal daily ingane ee blog il vennu kerumpol undavunna nte vishamam ozhivakkamayirunnu.. :)
    daily minimum oru postenkilum cheythoode teachere.. :)

  36. ചാളിപ്പാടന്‍ | chalippadan said...

    ബെഡ്‌ഷീറ്റു പോലെ നല്ല വലുപ്പമുള്ള ഒരു ദുപ്പട്ടയെടുത്തത് വെറുതെയായി...
    അല്ലെങ്കിൽ കണായിരുന്നു.

    ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലമായിരുന്നു ലക്കിടി..അതൊക്കെ കഴിഞ്ഞിട്ടിപ്പോ‍ കാലം കുറേ ആയില്ലേ.. ഇപ്പോ കേരളത്തിലെ മഴയില്ല.

    നല്ല വിവരണം. ഫോട്ടോസിനു ജീവൻ പോരെന്നു തോന്നി. എന്തായാലും ഞാനും ഒരു വയനാട് യാത്ര കഴിഞ്ഞതു പോലെ.

  37. Promod P P said...

    ഹെന്റമ്മൊ

    യാത്രാവിവരണത്തിൽ ശങ്കരൻകുട്ടിയേട്ടന്റെ സ്ത്രീ രൂപമായി മാറുകയാണൊ ഈയമ്മ?

  38. കൊച്ചുത്രേസ്യ said...

    തഥേട്ടാ ഹതേതാ ഒരു ശങ്കർകുട്ടി!! യാത്രാവിവരണത്തിൽ പുതിയ ആളായിരിക്കും അല്ലേ.. ഞാനിതുവരെ കേട്ടിട്ടില്ലല്ലോ (കടപ്പാട്‌.. സൂപ്പർസ്റ്റാർ സരോജ്‌കുമാർ)
    :-)))

  39. നവരുചിയന്‍ said...

    ഭാഗ്യം ആ കഞ്ഞിടെം ചമ്മന്തിടെം പടം എടുത്തു വെച്ചില്ല ..... വിവരണം കൊള്ളാം .. ആ കണ്ണീര്‍ തടാകം .. അതിമനോഹരം .....

  40. Bindhu Unny said...

    വയനാട്ടില്‍ പോണമെന്നുള്ളത് വളരെക്കാലത്തെ ആഗ്രഹമാണ്. ഈ രസകരമായ വിവരണം വായിച്ചതോടെ പോവാന്‍ കൊതിയാവുന്നു. :-)

  41. ajith said...

    ente daivameyyy ee teacherinu veettil aarum chodikkaanum parayanum aarumilley? Penkkuttyol immathiri saahasangalokkey cheyyaan thudangiyal enneyppoleyulla purusha kesarikal vettilaavum nnu urappaa...

  42. കൊച്ചുത്രേസ്യ said...

    കൃഷേ തല്ലിക്കൊന്നാലും ചാവൂല്ലാത്ത ടൈപ്‌ ആണല്ലേ.. കൃഷിന്റെ ശല്യം സഹിക്കാതെ ആനകൾ കൂട്ടത്തോടെ കാടുവിട്ടു പോവുംന്ന്‌ ഭീഷണിപ്പെടുത്തീതു കൊണ്ടു മാത്രമാ ഞാൻ പോവാനനുവദിച്ചത്‌.എന്നീട്ടിപ്പോ എന്നെ കളിയാക്കുന്നോ.. :-)

    sachin താങ്ക്സ്‌. ദിവസവും ഓരോ പോസ്റ്റിടണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല.. കൂലിക്ക്‌ ആളെ വച്ച്‌ എഴുതിക്കേണ്ടി വരുംന്നേയുള്ളൂ :-)

    ചാളിപ്പാടാ സത്യം..ആ ദുപ്പട്ടേം ചുമന്നോണ്ടു നടന്നത്‌ വെറുതെയായി. ഫോട്ടോ‍ൂടെ കാര്യം.. മര്യാദയ്ക്കു ഫോട്ടോയെടുക്കാൻ പഠിച്ചിട്ടേ ബാക്കി കാര്യമുള്ളൂന്ന്‌ ഞാൻ പ്രതിജ്ഞ എടുത്തിട്ടുണ്ട്‌.


    നവരുചിയാ വിശന്നു കണ്ണുകാണാതിരിക്കുമ്പോൾ പടമെടുക്കുമോ അതോ വാരിവലിച്ചു കഴിക്കുമോ.. കണ്ണീർത്തടാകത്തെ പറ്റി മിണ്ടരുത്‌.. ആ ഉത്തരാധുനികഫോട്ടോ നിങ്ങളെപോലുള്ള അരസികർടെ മുന്നിലേക്ക്‌ ഇട്ടു തന്ന എന്നെ പറഞ്ഞാൽ മതിയല്ലോ. ങ്‌ഹാ മലയാളിയുടെ ആസ്വാദനനിലവാരം ഇനിയും ഒരുപാടുയരേണ്ടിയിരിക്കുന്നു :-(

    bindu എത്രയും പെട്ടെന്ന്‌ ആഗ്രഹം പൂർത്തീകരിക്കട്ടെ എന്നാശംസിക്കുന്നു

    ajith ചോദിച്ചിട്ടും പറഞ്ഞിട്ടുമൊന്നും കാര്യമില്ലാന്ന്‌ വീട്ടുകാർക്കറിയാം.പെൺകുട്ടികൾ പുറത്തിറങ്ങിയാൽ പുരുഷകേസരികൾ വീട്ടിൽ കയറി ഒളിക്കണമെന്ന്‌ നമ്മടെ ഭരണഘടനയിലുണ്ടോ.. ധൈര്യമായി പ്രത്തിറങ്ങിക്കെന്നേ.. ഞങ്ങൾ ഉപദ്രവിക്കില്ല..പ്രോമിസ്‌ :-))

    കഴിഞ്ഞ മറുപടിപ്രസംഗത്തിൽ മനൂജിയെ വിട്ടുപോയി.. മര്യാദയ്ക്കു ക്ഷമിച്ചോണം :-)

  43. Liju Kuriakose said...

    ini uganda Ukraine vazhi thalayolapparambu oru trip ponam ketto.

    thaamarasserry churathil vechu PADACHONEEE KATHOOLIIIIIIIINNU paranju vandi kochu OOdichennaNallo kEttathu

  44. ajith said...

    AYYEEEE.....INGANE PUBLIC AAYITTU PARAYENDEERNNILLA KOCHEY....NJAN CHAMMIPPOYI...INI ENGANEYA NJAN PURATHIRANGI NADAKKUNNEY....ENNODU MAATHRAMAYI PARANJIRUNNENGIL KUZHAPPAMILLAARNNU...

  45. ajith said...

    INGU SAUDIYILIRUNNU ENIKKU SWAPNAM MAATHRAM KAANAAN KAZHIYUNNA KAAZHCHAKAL AANU IVAYELLAAM..SATHYAM KOCHEY...I AM VERY THANKFUL TO U...INI NAATTIL VANNAAL AADYAM POVUNNATHU VAYANAATTIL AYIRIKKUM....
    THANK U VERY MUCH FOR UR POST...

  46. Febin Joy Arappattu said...

    kollaam.... kalakki.... camerede kaaryathil enthelum doubt undel, plz ask krish... malayalikkoottam enna flickr groupinte moderator aanu aalu...

  47. ചെലക്കാണ്ട് പോടാ said...

    അല്ല ഇങ്ങള് കുറുവാ ദ്വീപില്‍ പോയില്ലേ?......

  48. ചെലക്കാണ്ട് പോടാ said...

    സോറി........ മറ്റെ പോസ്റ്റ് കണ്ടില്ല....

    ഫോട്ടങ്ങളെല്ലാം അടിപൊളിയായി.............

  49. അഭിലാഷങ്ങള്‍ said...

    ത്രേസ്യയുടെ ലോകത്തില്‍ ഒരു ഹാഫ്-സെഞ്ച്വറിയടിച്ച് ബൂലോകത്തേക്ക് ഞാന്‍ തിരിച്ചുവരട്ടെ!

    സഞ്ചാരസാഹിത്യകാരി കൊണ്ടുപോയ ഒണക്ക ക്യാമറ സൂപ്പര്‍!. ബൈ ദ വേ, ആ കണ്ണീര്‍തടാകത്തിന്റടുത്ത് എത്രമണി മുതല്‍ എത്ര മണിവരെയാ പവര്‍കട്ട്?

    ചില പടങ്ങള്‍, ഉദാ: “ആകാശം ഒഴുകിയിറങ്ങുന്നത്..!“ (യിവളാരപ്പ..!!) തരക്കേടില്ല.

    പിന്നെ, “താമരശ്ശേ.....രി ചൊരം.......!!!!” കാണാന്‍ പോകാന്‍ തോന്നിയ ബുദ്ധി ഏതായാലും നന്നായി. അത്ര ഫേമസ്സ് പ്ലേസ് അല്ലേ?!! ഈ ബുദ്ധി കുരിട്ടിന്റെ സ്വന്തം ബുദ്ധിയോ അതോ നിന്റെ കുരുട്ടുബുദ്ധിയോ??. ങും, പിന്നെ, നീ സ്കൂളില്‍ പഠിക്കുമ്പോഴേ (?) ഈ സ്ഥലങ്ങളിലൊക്കെ പോയിരുന്നേല്‍... പാസ് മാര്‍ക്കിനു ഒരു മാര്‍ക്ക് കുറവില്‍ എട്ടാം ക്ലാസില്‍ എട്ട്നിലയില്‍ പൊട്ടില്ലായിരുന്നു!.. പരീക്ഷക്ക് ലക്കിടിയെപറ്റി വന്ന ചോദ്യത്തിന്റെ ഉത്തരമെഴുതിയപ്പോള്‍ അക്കിടി പറ്റില്ലായിരുന്നു!... അല്ലേലും, ഈ പര്യടനം പര്യടിച്ച് കഴിയുന്നതുവരെ ‘കേരളത്തില്‍’ ഏറ്റവും കൂടുതല്‍ മഴ കിട്ടുന്ന സ്ഥലം ‘ചിറാപ്പുഞ്ചി’ യാണ് എന്ന് തന്നെയല്ലേ നീ കരുതിയത്? അല്ലേ..? :)

    കര്‍ത്താവേ..., ഉപാസനയോട് പറഞ്ഞ മറുപടിവായിച്ച് ഞാന്‍ ഞെട്ടിത്തെറിച്ച് പൊട്ടിക്കരഞ്ഞില്ലാന്നേയുള്ളൂ! ഇതൊക്കെ വാങ്ങിയതാണോ? ശരിക്കും? നിനക്കെന്തുപറ്റി? ഞാന്‍ കരുതി, സ്വഭാവം വച്ച് ലിസ്റ്റ് ഇങ്ങനെയായിരിക്കും എന്ന് 1) കളിക്കുടുക്ക 2) ബോബനും മോളിയും 3) പൂമ്പാറ്റ 4) ബാലരമ 5) ബാലമംഗളം 6) ബാലഭൂമി..! അങ്ങിനെയങ്ങിനെ...

    ന്നാലും മനുഷ്യത്തിമാര്‍ക്ക് വരുന്ന ഒരോരോ മാറ്റങ്ങളേയ്...!

    :)

  50. Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

    ഒറ്റയടിക്ക് വയനാട് മുഴുവന്‍ ചുറ്റിയല്ലോ? കൊള്ളാം :)

    ഈ മുത്തങ്ങ വഴിയാണ് ഞാന്‍ മിക്കപ്പോഴും വീട്ടിലേക്ക് പോവാറ്. അപ്പോള്‍ ചിലപ്പോളൊക്കെ ആനകളെ കാണാറുണ്ട്. രാത്രിയാണ് കൂടുതല്‍.

    ചെമ്പ്ര പോവുമ്പോള്‍ നന്നായി തയ്യാറായിക്കോള്ളൂ. കുറച്ചധികം കയറാനുണ്ട്. ശീലം തെറ്റിക്കുന്നില്ല, ഒരു ലിങ്ക് അവിടേക്കും തരാം :)

  51. Unknown said...

    kochu thresya, enikku thante thamsayodu koodiya veettukaryamgal anu koduthal ishttappettathu...lookin forward to see that sort of posts..
    thanks..
    rechus

  52. പിരിക്കുട്ടി said...

    kollallo penkoche....

  53. Kalpak S said...

    "മുത്തങ്ങയിലേക്കു പോണോടീ പിള്ളാരേ..അവിടപ്പിടി ആനകളാണ്‌.."

    അവിടെ പിടിയാനകള്‍ മാത്രമല്ലാ... കൊമ്പനാനകളും ഉണ്ട്.....

    ഒരു വളിപ്പടിച്ചാ ഒരു മനസ്സമാധാനം :)

  54. ശിക്കാരി ശംഭു said...

    "വലിയ ആനയേക്കണ്ട് അവിടുത്തെ ചെറിയ ആനകള്‍ പേടിച്ചു പോയിക്കാണും .... അതാ പടം പിടിക്കുന്നിടത്ത് വരാഞ്ഞത്...." (കട്‌: മോഹനം.)

    "“...മുത്തങ്ങ വനത്തിലൂടേ 'എക്സ്യൂസ്‌മീ ആനേ, വഴി തരൂ' എന്നും പറഞ്ഞ്‌ ആനക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി നടക്കാൻ പറ്റും. ഇതിൽപ്പരം ആനന്ദം വേറെയുണ്ടോ..“

    = ഇത് ത്രേസ്യായുടെ കാര്യം. അപ്പോള്‍ ആ ആനകളുടെ കാര്യം പറയാതിരിക്ക്യാ ഭേദം." (കട്‌: കൃഷ്‌.)

    "അവിടെ ആനേം വന്നില്ല ഒരു കുന്തോം വന്നില്ല
    ആന ഇവളെ പേടിച്ചോടി കാണും" (കട്‌: ജി. മനു.)

    അതെന്താ മേല്‍പ്പറഞ്ഞ ബഹുമാന്യര്‍ കൊച്ചുത്രേസ്യയെ ആനയുമായി ബന്ധിപ്പിച്ച്‌, മുന വെച്ചു സംസാരിക്കുന്നത്‌. കൊച്ചുത്രേസ്യ എന്താ ആനവൈദ്യം പഠിച്ച വെറ്റര്‍നറി ഡാക്കിട്ടര്‍ ആന്നോ..??

  55. ..:: അച്ചായന്‍ ::.. said...

    പടങ്ങള്‍ കിടു .. നല്ല ഫ്രെയിം വര്‍ക്ക് ...
    അപ്പൊ ഇനി അടുത്ത യാത്ര എങ്ങോട്ടാ ??

  56. സുദേവ് said...

    അവസാനത്തെ പോസ്റ്റും വായിച്ചു കഴിഞ്ഞു ... ഞാന്‍ ഇന്നലെ ആണ് ഈ ബ്ലോഗില്‍ എത്തിയത് .ഒന്നര ദിവസം കൊണ്ടു മുഴുവന്‍ പോസ്റ്റുകളും വായിച്ചു തീര്ത്തു . എല്ലാം കിടിലന്‍ . ഓഫീസില്‍ വര്‍ക്ക് ഒന്നും ഇല്ലാതിരുന്നത് ഒരു നല്ല ബ്ലോഗ് വായിക്കുന്നതിനു കാരണമായി. ആദ്യമായി ബോസ്സിന് നന്ദി .!!!!!!!!

  57. Physel said...

    നാട്ടിലെത്തിയിട്ട് ഇതുവരെ ബ്ളോഗ് വഴി വരാന്‍ പറ്റിയില്ലായിരുന്നു. ഇദിപ്പോ നോക്കുമ്പോ കുറെയാള്ക്കാര്‍ മലബാര്‍ എക്സ്പ്രസ് കയറി എന്റെ ബ്ലോഗില്‍ ഇറങ്ങിയതു കണ്ടപ്പം നോക്കുമ്പഴാ കണ്ടെ, വയനാടന്‍ പര്യടനം കൊട്ടിക്കലാശിച്ചെ. ഏതായലും ഒരു ചാന്സ് പോയി.. (ഈ മുത്തങ്ങയിലെ ആനകളൊക്കെ എന്തിനു കൊള്ളാം ? ) ഇനിയൊരു കാര്യം ചെയ്യ്, അടുത്ത പര്യടനം നിലമ്പൂര്‍ കാട്ടിലേക്ക് അല്ലേല്‍ സൈലന്റ് വാലി വഴി ആക്കിയേര്! (ആനകളെ കൊണ്ടു കഴിയാത്തത് വല്ല രാജവെമ്പാലയ്ക്കും കഴിഞ്ഞെങ്കിലോ? ! ....:)

    Thanks.....!!!

  58. പകല്‍കിനാവന്‍ | daYdreaMer said...

    ഒരു നല്ല പുതുവര്‍ഷം ആകട്ടെ ഇനിയുള്ളത്.. എല്ലാ നമ്കളും നേരുന്നു...... !

    പകല്‍കിനാവന്‍

  59. വയനാടന്‍ said...

    നന്നായിരിക്കുന്നു കൊച്ചുത്രേസ്സ്യെ
    വയനാടന്‍ കാറ്റില്‍ ഇക്കണ്ട കാലമത്രയും തേരാ പാരിയിട്ടും കാണാത്ത കാഴ്ചകള്‍ ആണല്ലോ കൊച്ചെ വാക്കില്‍ വരഞ്ഞുവെച്ചത്..ഇങ്ങനെയും എഴുതാന്‍ കഴിയുമല്ലോ സഞ്ചാര സാഹിത്യം എന്ന് കണ്ണ് മിഴിഞ്ഞു പോയി ...

    പുലികളായ പുലികളൊക്കെ മലയാളത്തിലും ഇംഗ്ലീഷിലുംഒക്കെയായി എഴുതിക്കൂട്ടുന്ന ട്രാവലോഗുകളും ചേര്‍ത്ത് വെച്ച് വായിക്കുംബോലാണ് ഈ കുഞ്ഞുവര്‍ത്തമാനത്തിന്റെ സുഖമാരിയുന്നത് ...
    തകര്‍ത്തെഴുതിക്കോളൂ, ഒരാള്‍ കൂടിയുണ്ട് വിനീത വായനക്കാരന്‍ ഇപ്പോള്‍
    പിന്നെ ഇനി വയനാട്ടില്‍ വരുമ്പോള്‍ ഒന്നറിയിക്കണേ ..കാടിന്റെ ഏതെങ്കിലും ഓരം പറ്റി ഈയുള്ളവനുണ്ടാകും

  60. ഹാരിസ് നെന്മേനി said...

    Ho..my land wayanad is so beautiful..! Right..?!

  61. jojy said...

    aaaaaa