സിസ്റ്ററാന്റിയുടെ ആശങ്കയ്ക്കു കാരണമുണ്ട്.കഴിഞ്ഞാഴ്ച ആന്റിയും കൂട്ടരും മുത്തങ്ങയിൽ പോയപ്പോൾ കുറെ ആനകൾ വന്നു നോക്കിപ്പേടിപ്പിച്ചത്രേ. അതും കൂടി കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ആവേശം ഇരട്ടിച്ചു. പണ്ട്
ആറളം കാട്ടിൽ ആനയെ കാണാൻ പോയിട്ട് ആനപ്പിണ്ടം കണ്ട് തിരിച്ചു വരേണ്ടിവന്നതിന്റെ ദു:ഖം എനിക്കിതു വരെ തീർന്നിട്ടില്ല.. ആന്റി പറഞ്ഞതു പോലെയാണ് സംഗതികളെങ്കിൽ മുത്തങ്ങ വനത്തിലൂടേ 'എക്സ്യൂസ്‌മീ ആനേ, വഴി തരൂ' എന്നും പറഞ്ഞ് ആനക്കൂട്ടങ്ങളെ വകഞ്ഞു മാറ്റി നടക്കാൻ പറ്റും. ഇതിൽപ്പരം ആനന്ദം വേറെയുണ്ടോ.. ആനവിദ്വാൻ സർവ്വശ്രീഫൈസലിന്റെ
ആനക്കഥ കുറെപ്രാവശ്യം വായിച്ചു പഠിച്ചിട്ടുള്ളതു കൊണ്ട് ഇനീപ്പം അത്യാവശ്യം വില്ലൻമാരായ ആനകളുണ്ടെങ്കിൽ തന്നെ അവറ്റയെ പറ്റിച്ചു രക്ഷപെടാനുള്ള പൊടിക്കൈകളും ഓർമ്മയുണ്ട്. അതിന്റെ ഭാഗമായി ബുദ്ധിപൂർവം ബെഡ്‌ഷീറ്റു പോലെ നല്ല വലുപ്പമുള്ള ഒരു ദുപ്പട്ടയെടുത്തു ചാർത്തി. ആന ഓടിക്കുമ്പോൾ ഈ ദുപ്പട്ട എറിഞ്ഞു കൊടുത്ത് കൺഫ്യൂഷനാക്കാലോ..
മുത്തങ്ങാകാട്ടിനുള്ളിലൂടെ ഒരു മണിക്കൂറാണ് സവാരി. ജീപ്പും ഗൈഡുമൊക്കെ അവിടുന്നു തന്നെ അറേഞ്ച് ചെയ്തു തരും. കാട്ടിലേക്കു കയറുമ്പോൾ തന്നെ കാണാം അവിടവിടെ വായ്നോക്കി നിൽക്കുന്ന മാൻകൂട്ടങ്ങളെ. മുത്തങ്ങാസമരകാലത്ത് ജാനൂം കൂട്ടരും കയ്യേറിയിരുന്ന സ്ഥലമൊക്കെ കഴിഞ്ഞ് ജീപ്പ് കാടിനുള്ളിലേക്കു കയറി. ആകെപ്പാടെ ഒരു വശപ്പിശക്. ഒരു കാട് എന്നൊക്കെ കേൾക്കുമ്പോൾ നമ്മക്കൊരു മിനിമം പ്രതീക്ഷകളൊക്കെയുണ്ടല്ലോ. മാനം മുട്ടെ നിൽക്കുന്ന മരങ്ങൾ, ഇരുട്ട്, പക്ഷിമൃഗാദികളുടെ കളകൂജനം, അലർച്ച തുടങ്ങിയ കലാപരിപാടികൾ അങ്ങനെയങ്ങനെ. ഇവിടാണെങ്കിൽ ശുഷ്കിച്ച കുറച്ചു മരങ്ങൾ മാത്രം. നാട്ടിലേതു പോലെ തന്നെ നല്ല തെളിച്ചവും. കാടിന്റെ ആ ഒരു അന്തരീക്ഷം വരുന്നില്ല. ഞാൻ എന്റെ നിരാശ മറച്ചു വച്ചില്ല. എല്ലാ കാടുകളും ഒരു അച്ചിൽ വാർത്തതല്ലെന്നും ഓരോന്നിനും ഓരോ തരത്തിലുള്ള ഭൂപ്രകൃതിയും സസ്യസമ്പത്തുമായിരിക്കുംന്നൊക്കെ പറഞ്ഞ് ഗൈഡ് ആശ്വസിപ്പിച്ചു. അപ്പോഴാണ് മുന്നിൽപോയ ജീപ്പുകാര് "കാട്ടുപോത്ത്" എന്ന് അലറിവിളിച്ചു വരുന്നത്. വേഗം തന്നെ ജീപ്പ് നിർത്തി ഗൈഡ് ജീപ്പിനു മുകളിലേക്കു വലിഞ്ഞു കയറി. കൂടെ ഞങ്ങളും.അങ്ങു ദൂരെ എന്തോ ഒരു കറുത്ത സാധനം അനങ്ങുന്നതു കാണാം. അതായിരുന്നു സാക്ഷാൽ കാട്ടുപോത്ത്. കുറേക്കൂടി ഉള്ളോട്ടു പോയപ്പോൾ ഒരു കൂട്ടം ആനകളെയും കണ്ടു.അടുത്തൊന്നുമല്ല..ഒരു പാടു ദൂരെ. സത്യം പറഞ്ഞാൽ കുറെ മാനുകളെ കാണാൻ പറ്റി എന്നതല്ലാതെ മുത്തങ്ങ എന്നെ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞൂന്നു പറയാതെ വയ്യ.അന്ന് ആ ഹൈവേയിലൂടെ ബസിൽ പോയ എന്റെ ചേച്ചി ഇതിലും കൂടുതൽ ആനകളെ വളരെയടുത്തു കണ്ടൂന്നും കൂടി കേട്ടതോടെ നിരാശ കൂടി. കാശും സമയവും മുടക്കി ആനയെ കാണാൻ കാട്ടിനുള്ളിൽ പോയ ഞാനാരായി?
ആനയെക്കിട്ടാത്തതു കൊണ്ട് തൽക്കാലം മാനിന്റെ പടമെടുത്ത് അഡ്‌ജസ്റ്റ് ചെയ്തിട്ടുണ്ട് കേട്ടോ. ദാ എന്റെ ക്യാമറക്കണ്ണിൽ കുടുങ്ങിയ ഒരു കൂട്ടം മാനുകൾ ..

ഈ തടാകമാണ് കണ്ണീർത്തടാകം. പണ്ട് രാവണൻ തട്ടിക്കൊണ്ടു പോകുന്ന വഴിക്ക് സീതാദേവി ഇരുന്നു കരഞ്ഞു കരഞ്ഞ് ആ കണ്ണീരുകൊണ്ടുണ്ടായ തടാകമാണത്രേ ഇത്.(വിമർശിക്കണ്ട; ഫോട്ടോ ഇത്തിരി ഇരുണ്ടു പോയീന്ന് എനിക്കറിയാം)

ഇതാ മുത്തങ്ങാ വനത്തിലൂടെ കടന്നു പോവുന്ന മൈസൂർ റോഡ്.ഇവിടെ വച്ച് ഞങ്ങൾടെ ജീപ്പും എതിരെ വന്ന രണ്ടു വണ്ടികളും കൂടി ഒരു കൊച്ചു തിരുവാതിര കളിച്ച് അവസാനം ആർക്കും അപകടമൊന്നുമുണ്ടാവാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു.

ഇതോർമ്മയുണ്ടോ. പണ്ട് മുത്തങ്ങാസമരത്തിൽ പോലീസ് വെടിവെപ്പിൽ മരിച്ച ജോഗിയുടെ സ്മാരകമാണിത്. പാവം.. ജീവിതം തിരിച്ചു കിട്ടാനുള്ള സമരത്തിൽ ജീവൻ പോയി..

യാത്രയുടെ അവസാനദിവസം ആരംഭിച്ചതു പൂക്കോട്ടു തടാകത്തിൽനിന്നാണ്. മലകൾക്കിടയിലെ ഒരു മനോഹരമായ തടാകം . ഞങ്ങള് ഒരു പെഡൽബോട്ട് വാടകയ്ക്കെടുത്ത് ബോട്ടിംഗിനിറങ്ങി. ഒരു അനുസരണയുമില്ലാത്ത ബോട്ട്. ഇങ്ങോട്ടു തിരിച്ചാൽ അങ്ങോട്ടു പോകും. ഞാനും കുരുട്ടുമായിരുന്നു ഡ്രൈവർമാർ.എന്തായാലും ബോട്ടിനെ മര്യാദ പഠിപ്പിച്ച് പഠിപ്പിച്ച് സമയം പോയതറിഞ്ഞില്ല. ആകെമൊത്തം സംഭവബഹുലമായ നല്ലൊരു ബോട്ട്‌യാത്ര..ശരിക്കും ആസ്വദിച്ചു. ദാ തടാകത്തിന്റെ ഒരു പടം. പത്തേക്കറുള്ള തടാകമാണ്. മുഴുവനൊന്നും പടത്തിൽ കൊള്ളിക്കാൻ പറ്റിയില്ല. മനസിലാക്കുമല്ലോ.

അടുത്ത ലക്ഷ്യം താമരശേരി ചുരമാണ്. കുരുട്ടിന്റെ വലിയ ഒരാഗ്രഹമായിരുന്നു ചുരം കാണുകാന്നുള്ളത്. വയനാട്ടിലേക്ക് ഈ ഒരു ചുരം മാത്രല്ല കേട്ടോ ഉള്ളത്.തൊട്ടിൽപാലം ചുരമുണ്ട്, നെടുംപൊയിൽ ചുരമുണ്ട് പിന്നെ കൊട്ടിയൂരിൽ നിന്നും തുടങ്ങുന്ന പാൽച്ചുരവും. കൂട്ടത്തിൽ ഏറ്റവും ഭംഗി പാൽച്ചുരത്തിനാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. പാലുകാച്ചി മലയും പാലരുവിയുമുള്ള പാൽച്ചുരം. പക്ഷെ എന്തു ചെയ്യാം.. അതിനെ പ്രശസ്തമാക്കാൻ ഒരു കുതിരവട്ടം പപ്പു ഇല്ലാതെ പോയി..
പൂക്കോടിന് വളരെയടുത്ത് ലക്കിടിയിലാണ് ചുരം വ്യൂ പോയിന്റ്. ലക്കിടിയെ ഓർമ്മയില്ലേ.. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലമായിരുന്നു ലക്കിടി. ഇപ്പോൾ ആ പദവി നഷ്ടപ്പെട്ടൂന്നു തോന്നുന്നു. അങ്ങോട്ടു പോവുന്ന വഴിക്ക് റോഡ്‌സൈഡിൽ തന്നെ ദാ ഈ ചങ്ങലയുള്ള മരം കാണാം. പണ്ട് മലമുകളിലേക്ക് റോഡ് വെട്ടാനോ മറ്റോ സഹായിച്ച ആദിവാസിയെ കര്യം കഴിഞ്ഞപ്പോൾ ഒരു ബ്രിട്ടീഷ് എഞ്ചിനീയർ കൊന്നുകളഞ്ഞു പോലും. ആ ആദിവാസിയുടെ പ്രേതത്തെയാണ് ഈ ചങ്ങല കൊണ്ട് തളച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നോ. കാലമൊരുപാടു കഴിഞ്ഞിട്ടും ആ മരം ഒരുപാടു വലുതായിട്ടും ആ ചങ്ങല ഒരിക്കലും മുറുകിയിട്ടില്ലത്രേ. എപ്പോഴും മരത്തിനു ചുറ്റും അയഞ്ഞു തന്നെ കിടക്കും. എന്തായാലും ഇപ്പോൾ ആ മരം കടപുഴകിപ്പോയി. ചങ്ങലയെ എടുത്ത് വേറെ ഒരു മരത്തിൽ തൂക്കിയിടുകയും ചെയ്തു. ഇനിയും കുറെക്കാലം കൂടി കഴിഞ്ഞാൽ ഈ പ്രത്യേകതയൊക്കെ എല്ലാരും മറന്നുപോകുംന്നുറപ്പ്.

വയനാട്ടിൽ നിന്നു കോഴിക്കോടേക്കു കയറുന്ന അവിടെ തന്നെ ഒരു വളവിലാണ് ചുരം വ്യൂ പോയിന്റ്. രാവിലെ പത്തുമണിയായിട്ടും ഞങ്ങളെത്തുമ്പോൾ ചുരത്തിൽ നല്ല കോടയായായിരുന്നു. മൂടൽമഞ്ഞിലൂടെ അവ്യക്തമായി മല ചുറ്റിയിറങ്ങുന്ന റോഡു കാണാം. എന്തായാലും കോട മാറുന്നതു വരെ ഞങ്ങളവിടെ തന്നെ നിന്നു. ദാ ചുരത്തിന്റെ ഫോട്ടോസ്.


ആഗോളത്താകെ മാന്ദ്യമല്ലേ.. നമ്മക്ക് സെന്റ് ജൂഡ്‌സ് പള്ളിയിലൊന്നു കയറി പ്രാർത്ഥിച്ചിട്ടു പോകാംന്ന് നിർദ്ദേശം മുന്നോട്ടു വച്ചതു സന്ധ്യയാണ്. വളരെ പഴയ പള്ളിയാണത്രേ.. അതിപ്രശസ്തവും. കൽപ്പറ്റയ്ക്കു പോകുന്ന വഴി ചുണ്ടേൽ എന്ന സ്ഥലത്താണ് പള്ളി. ആൾക്കാര് കുർബാന കഴിഞ്ഞിറങ്ങുന്ന ശുഭമുഹൂർത്തത്തിലാണ് ഞങ്ങളവിടെ എത്തിയത്. അതുകൊണ്ട് ഫോട്ടോ ഒന്നും എടുക്കാൻ പറ്റിയില്ല. അതു മാത്രമല്ല ഞങ്ങൾടെ കംപ്ലീറ്റ് ശ്രദ്ധയും അവിടെ വിതരണം ചെയ്യുന്ന കഞ്ഞിയിലായിരുന്നു. ഉച്ചസമയത്ത് കഞ്ഞീടേം ചമ്മന്തീടേം മണമടിച്ചാൽ ആർക്കെങ്കിലും കൺട്രോൾ ചെയ്യാൻ പറ്റുമോ. ഞങ്ങളും പാത്രമൊക്കെ എടുത്ത് ക്യൂവിൽ പോയി നിന്നു. തേങ്ങയൊക്കെ ഇട്ട് നല്ല പാകത്തിനു വെന്ത കഞ്ഞിയും അപാരടേസ്റ്റുള്ള ചമ്മന്തിയും. മൂക്കുമുട്ടെ കഴിച്ച് കുറെ നേരം അവിടെ വിശ്രമിച്ചിട്ടാണ് ഞങ്ങൾ അവിടം വിട്ടത്.
കാരാപ്പുഴ ഡാം. മീനങ്ങാടിയിൽ നിന്നു കുറച്ചു പോയാൽ മതി. പക്ഷെ സ്വന്തമായി വണ്ടിയും വള്ളവുമൊന്നുമില്ലാത്തവർ അങ്ങോട്ടു പോകാതിരിക്കുന്നതായിരിക്കും നല്ലത്. തീരെ ജനവാസമില്ലാത്ത സ്ഥലം. ഡാമിനൊരു ഓഫീസ് പോലും ഞങ്ങൾക്ക് കണ്ടുപിടിക്കാൻ പറ്റീല്ല. ഓട്ടോയോ ടാക്‌സിയോ ഒന്നുമില്ല. ഇടയ്ക്കിടെ വന്നു പോകുന്ന കുട്ടിബസുകളാണ് (മിനിബസ്) മെയിൻ ബസ്‌റൂട്ടിലെത്താനുള്ള ഏകമാർഗം.എത്തിപ്പെട്ടാൻ പറ്റിയാൽ നല്ല ഭംഗിയുള്ള സ്ഥലമാണു കേട്ടോ. മണ്ണു കൊണ്ടാണ് ഈ അണക്കെട്ടു നിർമ്മിച്ചിരികുന്നത് (ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ്‌അണക്കെട്ടും വയനാട്ടിലാണ്- ബാണാസുരസാഗർ). ദാ കാരാപ്പുഴയിലെ കാഴ്‌ചകൾ. ഫോട്ടോ നോക്ക്.. ആകാശം താഴേക്ക് ഒഴുകിയിറങ്ങുന്നതു പോലെ തോന്നുന്നില്ലേ (ഭാവന ഭാവന)


അടുത്ത ലക്ഷ്യം അമ്പലവയൽ ആയിരുന്നു. ഇന്ത്യയിലെ മികച്ച ഹെറിറ്റേജ് മ്യൂസിയങ്ങളിലൊന്ന് ഇവിടെയാണ്. വിവിധ ആദിവാസഗോത്രങ്ങളുടെ നിത്യോപയോഗ സാധനങ്ങൾ, വയനാടൻ കാടുകളിൽ നിന്നും കിട്ടിയ ശിൽപങ്ങളും മറ്റ് പുരാവസ്തുക്കളും- ചുരുക്കിപ്പറഞ്ഞാൽ പുരാവസ്തു ഗവേഷകർക്കൊരു ചാകരയാണ് മ്യൂസിയം. രണ്ടാം ശതകത്തിലെ പുരാവസ്തുക്കൾ വരെ ഇവിടുണ്ട്. ദാ മ്യൂസിയത്തിലെ ചില കാഴ്ചകൾ.




ഇതാണ് വീരക്കല്ല് (hero stone). പണ്ട് യുദ്ധങ്ങളിൽ മരിക്കുന്ന ധീരയോദ്ധാക്കളുടെ ഓർമ്മയ്ക്കായി കൊത്തിയുണ്ടാക്കുന്നതാണത്രേ..

മ്യൂസിയത്തിനടുത്തു തന്നെയാണ് അമ്പലവയൽ കാർഷികഗവേഷണകേന്ദ്രം. മുഴുവൻ ചുറ്റിനടന്നു കാണാൻ നല്ല സമയമെടുക്കും. ഞങ്ങൾ ചെല്ലുമ്പോഴേക്കും ഒരുമാതിരിപ്പെട്ട എല്ലാ വിളകളുടെയും സീസൺ കഴിഞ്ഞിരുന്നു. ആകെ അപ്പോൾ ഉണ്ടായിരുന്നത് സപ്പോട്ട മാത്രമായിരുന്നു. പിന്നെ കുറെ റോസും. പിന്നെ ഈ സ്ഥലത്തിനൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടുത്തെ സെക്യൂരിറ്റി പോസ്റ്റിനടുത്തുള്ള ഒരു ചെറിയ മതിലുണ്ട്. അവിടെ നിന്നും നോക്കിയാൽ അമ്പുകുത്തി മലയുടേ ഏറ്റവും മനോഹരവും പൂർണ്ണവുമായ വ്യൂ കിട്ടും. കഴിഞ്ഞ പോസ്റ്റിലെ അമ്പുകുത്തി മലയുടെ ഫോട്ടോ എടുത്തത് ഇവിടെവച്ചാണ്.
വയനാട്ടിലെ കാഴ്ചകൾ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പക്ഷെ എന്തു ചെയ്യാം.. തിരിച്ചു പോയി കമ്പ്യൂട്ടറിൽ കൊട്ടാനുള്ളസമയമായി. ഇനിയും ഒരു അവസരം കിട്ടിയാൽ വയനാട്ടിലേക്ക് വണ്ടി കയറുംന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഇനിയുള്ള വരവിൽ ഏറ്റവും ആദ്യത്തെ ലക്ഷ്യം ചെമ്പ്രാ മല ആയിരിക്കും..പിന്നെ വയനാട്ടിലെ വെള്ളച്ചാട്ടങ്ങളും..അപ്പോൾ വീണ്ടും കാണുംവരെ വയനാടേ... വിട..