Sunday, June 27, 2010

ഇറ്റാലിയൻ വിശേഷങ്ങൾ -റോം...

റോമിൽ ആദ്യം എങ്ങോട്ടേക്കു പോവണം എന്നകാര്യത്തിൽ ഞങ്ങൾക്ക് ഒരു സംശയവുമില്ലായിരുന്നു..ലോകാദ്ഭുതങ്ങളിലൊന്നായ കൊളോസിയം ..അതു കഴിഞ്ഞേയുള്ളൂ ബാക്കിയെന്തും.ഒരു പിത്സേരിയയിൽ (pizzaria- എന്നു വച്ചാൽ പിത്സ വില്ക്കുന്ന സ്ഥലം. ഇറ്റലീൽ ഏറ്റവും കൂടുതൽ കണ്ടു വരൂന സാധനം പിസ ആണെന്ന് എല്ലാർക്കും അറിയാമായിരിക്കുമല്ലോ.) നിന്നോരോ പിത്സയും വാങ്ങി ചുരുട്ടിപ്പിടിച്ചു ഞങ്ങൾ മെട്രൊയിൽ കയറി പറ്റി.മെട്രോയിൽ കയറിയപ്പോഴേ ആകെയൊരു ഇന്ത്യാ ഫീലിംഗ്. നല്ല തിരക്ക്.. എല്ലാരും നോക്കി ചിരിച്ചു കാണിക്കുന്നു..ഗ്രീറ്റ് ചെയ്യുന്നു.. നമ്മടെ സ്വന്തം നാട്ടിലെത്തിയതു പോലെ. ഇംഗ്ളണ്ടിലെയും ഫ്രാൻസിലെയും ക്രൌഡിനെ പോലെ ശ്വാസം മുട്ടിക്കുന്ന ഫോർമാലിറ്റിയില്ല ഇവർക്ക്‌. മറിച്ച്‌ വളരെ വെൽകമിംഗ് ആയ ആളുകൾ.. ഒന്നു ശരിക്കും കാണുന്നതിനു മുൻപു തന്നെ ഞാൻ റോമിനെ ഇഷ്ടപെട്ടു പോവാൻ ഇതും ഒരു കാരണമായിരുന്നു.

കൊളോസോ മെട്രൊ സ്റ്റേഷനിലിറങ്ങി ഞങ്ങൾ പുറത്തേക്കു നടന്നു. ഇനി കൊളോസിയം കണ്ടു പിടിക്കണം. ഇത്രേം വല്യ സംഭവമല്ലേ..കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല..പിന്നെ പോരാത്തതിനു വായിൽ നാക്കല്ലേ കിടക്കുന്നത്.. വഴി ചോദിച്ചു ചോദിച്ചങ്ങു പോവാം എന്നൊക്കെ വിചാരിച്ചു പുറത്തിറങ്ങീതാണ്‌.. ഒന്നേ നോക്കിയുള്ളൂ.. ശ്വാസം നിന്നു പോയീന്നു പറഞ്ഞാൽ മതിയല്ലോ.. അവിടെ റോഡിനപ്പുറത്തു നീണ്ടു നിവർന്നു നില്ക്കുന്നു.. സാക്ഷാൽ കൊളോസിയം!! കാലത്തെ അതിജീവിച്ചു നില്ക്കുന്ന റോമാക്കാരുടെ വാസ്തുവൈദഗ്ദ്യത്തിന്റെ തെളിവെന്നോ കാലത്തിനു മായ്ക്കാനാവാത്ത ക്രൂരതകളുടെ ഓർമ്മപെടുത്തലെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ആ ലോകാത്ഭുതം!!


ഇതു കൊളോസിയത്തിന്റെ നൈറ്റ് വ്യൂ..


ഇനി അല്പം ചരിത്രം പറയാം.റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ചു എന്നു ദുഷ്പേരു കേട്ട നീറോ ചക്രവർത്തിയെ ഓർമ്മയില്ലേ.സുഖലോലുപനായ നീറോ ആ അഗ്നിബാധയ്ക്കു ശേഷം ഒന്നു റിലാക്സ് ചെയ്യാനാട്ട്‌ റോമിന്റെ ഹൃദയഭാഗത്ത് ഒരു സുഖവാസമന്ദിരം തീർത്തുവത്രേ..ഗോൾഡൻ ഹൌസ്. അതു കഴിഞ്ഞ്‌ ഏകദേശം നാലു വർഷം കഴിഞ്ഞപ്പോൾ, അതായത്‌ A.D 68-ൽ പട്ടാളാക്രമണവും ജനകീയമുന്നേറ്റവും ഒന്നും താങ്ങാനാവാതെ നീറോ ആത്മഹത്യ ചെയ്തു. അതിനു ശേഷം വന്ന ഭരണാധികാരി വെസ്പാവിയസ് തന്റെ ശക്തി തെളിയിക്കാനും നീറോയോടുള്ള വെല്ലുവിളിയാട്ടും ഒരു ആംഫിതീയേറ്റർ പണി കഴിപ്പിക്കാൻ തീരുമാനിച്ചു. നീറോയുടെ ഗോൾഡൻ ഹൌസിന്നു തൊട്ടു മുന്നിൽ അതിനെ നിഷ്പ്രഭമാക്കി കൊണ്ട് തലയുയർത്തി നില്ക്കുന്ന ഒരു വിജയപ്രതീകം.. തന്റെ കുടുംബപേരു വച്ച് ഫ്ളാവിയൻ ആംഫിതീയേറ്റർ എന്നു പേരിട്ട ആ സ്മാരകം പക്ഷെ വെസ്പാവിയസിന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു. അതിന്റെ അരികത്തുണ്ടായിരുന്ന നീറോയുടെ ഒരു വലിയ ചെമ്പു പ്രതിമ (കോളോസസ്)-യുടെ പേരിൽ ആ സ്മാരകം അറിയപ്പെട്ടു തുടങ്ങുകയും അവസാനം കോളോസിയം എന്ന പേരിൽ ലോകപ്രശസ്തമാവുകയും ചെയ്തു. പിന്നീട് ആ പ്രതിമ നശിപ്പിക്കപ്പെട്ടുവെങ്കിലും ആ പേര്‌ അതു പോലെ തന്നെ നിലനിന്നു. അങ്ങനെ മനപൂർവമല്ലെങ്കിലും ആ വെല്ലുവിളിയിൽ ആത്യന്തികമായി നീറോ തന്നെ വിജയിച്ചു എന്നു പറയാം.

70 AD യിൽ വെസ്പാവിയസ് തുടങ്ങി വച്ച നിർമ്മാണം 80 AD-യിൽ ടിറ്റസ് ആണു പൂർത്തിയാക്കിയത്. ഒരേ സമയം 50000 കാഴ്ചക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന കൊളോസിയം പ്രധാനമായും പൊതുപ്രദർശങ്ങൾക്കായിട്ടാണ്‌ ഉപയോഗിച്ചിരുന്നത്‌.സമൂഹത്തിനെ നിലയനുസരിച്ച്‌ ഓരോരുത്തർക്കും പ്രത്യെകം ഇരിപ്പിടവിഭാഗങ്ങളുണ്ടായിരുന്നു.



കൊളോസിയത്തിനുള്ളിലേക്കു കയറിയാൽ ആദ്യം തന്നെ ശ്രദ്ധയിൽ പെടുന്നത് ഭീമാകാരമായ തൂണുകളാണ്‌. പിന്നെ പഴമയുടെ മണവും തണുപ്പും വന്നു നിറയുന്ന ഇടനാഴികൾ.. വർഷങ്ങളുടേ കാല്പരുമാറ്റം കൊണ്ട്‌ മിനുസമായി തിളങ്ങുന്ന സ്റ്റെപ്പുകൾ.. കൊളോസിയത്തിന്റെ ചരിത്രം ഒന്നുമറിയാത്തവർക്കു പോലും ഇവിടെന്തൊക്കെയോ അരുതാത്തതു സംഭവിച്ചിട്ടുണ്ട്‌ എന്ന ഭയമുണർത്തുന്ന ഒരു തരം മങ്ങിയ അന്തരീക്ഷം.


ജനങ്ങളെ രസിപ്പിക്കാൻ വേണ്ടിയുള്ള (?) പോരാട്ട മത്സരങ്ങൾ, പൊതുശിക്ഷകൾ, മൃഗങ്ങളുമായുള്ള പോരാട്ടങ്ങൾ തുടങ്ങിയ ക്രൂരമായ രക്തച്ചൊരിച്ചിലുകൾക്കു സാക്ഷ്യം വഹിച്ച ഈ വേദി ഏറ്റവും പ്രശസ്തമായതു ഗ്ളാഡിയേറ്ററുകളിലൂടെയാണ്‌. പ്രൊഫണൽ ഫൈറ്റേഴ്സായാ ഗ്ളാഡിയേറ്റർമാർക്ക് തങ്ങലുടെ കഴിവു തെളിയിക്കാനുള്ള വേദിയായിരുന്നു കൊളൊസിയത്തിലെ അറീന. പലരും മൃഗങ്ങളോടും മറ്റു പോരാളികളോടും പോരാടി മരണം വരിച്ചു..കാഴ്ചക്കാർ ഈ ക്രൂരതയെ ആർത്തു വിളിച്ചു പ്രോത്സാഹിപ്പിച്ചിരുന്നു പോലും. ഇതു കണ്ടോ.. ഇതാണ്‌ ആ വേദിയുടെ ബാക്കിപത്രം.. അതിന്റെ തറ പൂർണ്ണമായും നശിച്ചു. വേദിക്കു താഴെയുണ്ടായിരുന്ന ഇടനാഴികളിലൂടെയാണ്‌ പോരാട്ടത്തിനായുള്ള ഗങ്ങളെയും കുറ്റവാളികളെയും മറ്റും കൊണ്ടു വന്നിരുന്നത്. ആ ഇടനാഴികളുടെ ഭിത്തികൾ മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ.


ഇതാ അഭിനവ ഗ്ളാഡിയേറ്റർമാർ.. കൊളോസിയത്തിന്റെ ചുറ്റുപാടും ഇവരെ കാണാം. പോരാട്ടമല്ല , ഫോട്ടോയ്ക്കു പോസ് ചെയ്യലാണ്‌ ഇവർടെ ലക്ഷ്യമെന്നേയുള്ളൂ


കാലക്രമേണ ഒരു പ്രദർശനസ്ഥലം എന്ന നിലയിലുള്ള കൊളോസിയത്തിന്റെ പ്രശസ്തി കുറഞ്ഞു വന്നു.ഭൂമികുലുക്കങ്ങളും അവഗണനയും അതിനു ഒരു പരിധി വരെ പരിക്കേല്പ്പിച്ചു. പിന്നീട് കല്ലെടുക്കാനുള്ള ഒരു ക്വാറിയായും ഉപയോഗിക്കപ്പെട്ടു വന്നു. പതുക്കെ പതുക്കെ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടതും ഒരു പാടു കൃസ്ത്യൻ പോരാളികൾ അവിടെ രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടെന്നതു കൊണ്ട് പോപ്പ് പ്രത്യേക പരിഗണന കൊടുത്തതും ഒക്കെ കൊണ്ട് കൊളോസിയത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ കേടുകൂടാതെ അവശേഷിച്ചു. കൃസ്റ്റ്യാനിറ്റിയുടെ ഇട പെടലിന്റെ ഭാഗമായി കുരിശു രൂപങ്ങളിപ്പോഴും കാണാം കൊളോസിയത്തിൽ. അതു കൂടാതെ ദുഖവെള്ളിയാഴ്ച പോപ്പ് നട്ത്തുന്ന കുരിശിന്റെ വഴിയിൽ കൊളോസിയവും ഒരു ഭാഗമാണത്രേ..

കൊളോസിയം സ്ഥിതി ചെയ്യുന്നത് റോമൻ ഫോറത്തിലാണ്‌ പുരാതന റോമിന്റെ രാഷ്ട്രീയ-സാമ്പത്തിക സിരാകേന്ദ്രമായിരുന്നു റോമൻ ഫോറം. ഇതാ റോമൻ ഫോറത്തിന്റെ ഇന്നത്തെ ചിത്രം..



കൊളോസിയത്തിനു വളരെ അടുത്താണ്‌ പാലറ്റിൻ ഹിൽ.ഇതിനു രണ്ടിനുമിടയ്ക്ക്‌ അതിമനോഹരമായ കോൺസ്റ്റന്റൈൻ ആർച്ച് കാണാം. റോമൻ കലാവൈദഗ്ദ്യത്തിന്റെ തെളിവാണ്‌ ഈ യുദ്ധവിജയ സ്മാരകം.

പാലറ്റിൻ ഹിൽ. റോമൻ സംസ്കാരത്തിന്റെ ഏറ്റവും പുരാതാനമായ അവശിഷ്ടങ്ങൾ ചിതറികിടക്കുന്ന സ്ഥലങ്ങളിലൊന്ന്. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെയും റോമൻ ടെമ്പിളുകളുടെയും മാർക്കറ്റുകളുടെയും അവശിഷ്ടങ്ങൾ ഇവിടെ കാണാം. ദാ അവയിൽ ചിലത്..


ഈ പാലറ്റിൻ ഹില്ലിൽ എന്നെ ഏറ്റവുമധികം ആകർഷിച്ചതെന്താണെന്നോ. ഇതിന്റെ മുകളിലാണ്‌ നീറോയുടെ ഗോൾഡൻ ഹൌസ്‌ നില കൊണ്ടിരുന്നത്‌ പോലും. ആ കെട്ടിടത്തിന്റെ അവശിഷടങ്ങൾ (എന്നു വിശ്വസിക്കപ്പെടുന്ന) ഇവിടെ എക്സ്കവേറ്റു ചെയ്തു വച്ചിട്ടുണ്ട്. ദാ ഈ ഫോടോ കൃത്യം ആ സ്ഥലത്തു നിന്നെടുതതാണ്‌. ഒരു പക്ഷെ നീറോ ജീവിച്ചിരിക്കുകയായിരുന്നെങ്കിൽ ഇതാവും എല്ലാ ദിവസവും നീറോ കണി കാണുക. ഒരു പരാജയത്തിന്റെ കയ്പ്പു നിറഞ്ഞ ഓർമ്മ!!

ഇനി കുറച്ചു യൂസ്ഫുൾ ഇൻഫോ..


*കൊളോസിയം പാലറ്റിൻ ഹിൽ,റോമൻ ഫോറം എന്നീ മൂന്നു സ്ഥലങ്ങൾക്കും കൂടി ഒരേ ടിക്കറ്റാണ്‌. സാധാരണ ദിവസങ്ങളിൽ അതു 11 പൌണ്ട് ആണ്‌. ഞങ്ങൾ പോയ ദിവസം മേയ് ഡേ ആയതു കൊണ്ടോ എന്തോ ഒരു പൌണ്ടേ ചാർജ് ചെയ്തുള്ളൂ (:-)))) )


*കൊളോസിയത്തിനു മുന്നിലെ ടിക്കറ്റ് ക്യൂ കണ്ടാൽ ജീവിതം മടുത്തു പോവും. അതു വിട്ടു കുറച്ചൂടെ മുന്നോട്ടു നടന്നാൽ പാലറ്റീൻ ഹില്ലിലും ടിക്കറ്റ് കൌണ്ടർ ഉണ്ട്. അവിടെ തീരെ ചെറിയ ക്യൂവേ ഉണ്ടാവാറുള്ളൂ..


* കൊളോസിയത്തിലെക്കു നാഷണൽ ജ്യാഗ്രഫിക് ചാനൽ പോലുള്ള ചില കമ്പനികൾ എല്ലാ ദിവസവും ഫ്രീ ടൂർ ഓപറേറ്റ് ചെയ്യാറുണ്ട്. അതിന്റെ സമയം നോക്കി പോയാൽ ടൂർ ഗൈഡിന്റെ കാശു ലാഭിക്കാം..


* കഴിവതും വൈകുന്നേരങ്ങളിൽ ഇവിടം വിസിറ്റ് ചെയ്യാൻ ശ്രമിക്കുക .വൈകിട്ടത്തെ സ്വർണപ്രകാശത്തിൽ കൊളോസിയം അതി മനോഹരമാണ്‌.. അവിടുന്നു വരാനേ തോന്നില്ല.. ഞാൻ ഗ്യാരന്റി :-).


അപ്പോൾ ശരി. ബാക്കി റോമൻ വിശേഷങ്ങളുമായി ഞാൻ അടുത്തു തന്നെ തിരികെ വരുന്നതാണ്‌. അതിനുള്ളിൽ ഈ പോസ്റ്റ് മുഴുവൻ വായിക്കാൻ ശ്രമിക്കുക. അടുത്ത പോസ്റ്റിൽ പരീക്ഷ ഉണ്ടാവുന്നതാണ്‌..

സന്ധ്യ മയങ്ങിയാൽ കൊളോസിയം അതിസുന്ദരമാണെന്നതിന്റെ തെളിവായി ഒരു നൈറ്റ് വ്യൂ കൂടി ചേർത്തിട്ടുണ്ട്. ഈ ഫോടോ എനിക്കയച്ചു തന്ന റോബിൻസൺ എന്ന സുഹൃത്തിന്‌ ഒരു പാടു നന്ദി..