Tuesday, November 23, 2010

അവളും ഞാനും...

തവിട്ടു കണ്ണും തവിട്ടു മുടിയും... അവളെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്നത്‌ അതാണ്‌.. മഹാനഗരത്തിലെ ജീവിതത്തിന്റെ ബഹളത്തിനോടും വർണ്ണപ്പകിട്ടിനോടും പൊരുത്തപ്പെടാൻ പറ്റാത്തതിന്റെ അന്ധാളിപ്പിനൊപ്പം വീടിന്റെ സുരക്ഷിതത്വത്തിൽ നിന്നും ദൂരെ ഒറ്റപ്പെട്ടു പോയതിന്റെ ഭയവും എല്ലാം കൂടി വല്ലാത്തൊരു അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു ഞാൻ.. ഓഫീസിലെ ഉത്തരേന്ത്യൻ സഹപ്രവർത്തകരുടെ ആത്മവിശ്വാസവും ചുറുചുറുക്കും ഭാഷാപ്രാവീണ്യവും ഒക്കെ കണ്ട് ദിനംപ്രതി കൂടി വരുന്ന അപകർഷതാബോധവും.. അതെല്ലാം കൊണ്ടാവണം ഒരു ഉത്തരേന്ത്യക്കാരിയാണ്‌ റൂമേറ്റാകാൻ പോകുന്നതെന്നറിഞ്ഞപ്പോഴേ മനസിടിഞ്ഞിരുന്നു. ഓഫീസിൽ വച്ചായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. കടമ നിർവഹിക്കുന്നതു പോലെ രണ്ടും പേരും ഒരുവിധത്തിൽ പേരും സ്ഥലവും ഒക്കെ ചോദിച്ചെന്നു വരുത്തി അവരവരുടെ സീറ്റുകളിലേക്ക് പിൻവലിഞ്ഞു; അല്ല രക്ഷപെട്ടോടി എന്നു പറയുന്നതാവും കൂടുതൽ ശരി.

വൈകിട്ട് റിക്ഷയിൽ ഒരുമിച്ച് താമസസ്ഥലത്തേക്ക് പോവുമ്പോഴും ഞങ്ങൾക്കു തമ്മിൽ സംസാരിക്കാനൊന്നുമുണ്ടായിരുന്നില്ല.. പകുതിവഴിയെത്തിയപ്പോൾ അവൾ പതുക്കെ എന്റെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു..

‘ഒന്നും വിചാരിക്കരുത്.. എന്റേത് അത്ര നല്ല ഇംഗ്ളീഷല്ല.. ഇവിടെ ഓഫീസും അവിടുത്തെ ആൾക്കാരെയുമൊക്കെ കണ്ടപ്പോൾ പേടിയാകുന്നു.. ഞാൻ എങ്ങനെ ഇവിടെ ജീവിക്കുംന്ന് എനിക്കറിയില്ല..

ഞാൻ അന്ധാളിച്ചിരുന്നു പോയി.. അതുവരെ കണ്ടതു വച്ച് ഉത്തരേന്ത്യക്കാരു മുഴുവനും ഇംഗ്ളീഷ് മണിമണിയായി സംസാരിക്കുമെന്നായിരുന്നു എന്റെ വിചാരം. അതു കേട്ടപ്പോൾ ചെറിയൊരു സമാധാനം..ഞാനിവിടെയെത്തിയിട്ടു അധികം നാളായില്ലെന്നും എനിക്കു ഇംഗ്ളീഷും ഹിന്ദിയുമൊന്നും മര്യാദയ്ക്കറിയില്ലെന്നുമുള്ള സത്യാവസ്ഥ പറഞ്ഞ് ഞാൻ അവളെ സമാധാനിപ്പിച്ചു.. എന്തായാലും അതോടെ ഞങ്ങൾക്കിടയിലുള്ള മഞ്ഞുരുകി.. കേരളത്തിലെ ഒരു കൊച്ചു നാട്ടിൽ നിന്നുള്ള ഞാനും ഹരിയാനയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള അവളും.. ജനിച്ചു വളർന്നതു ഇന്ത്യുടെ രണ്ടു വ്യത്യസ്തകോണുകളിലാണെങ്കിലും ഞങ്ങൾ തമ്മിൽ ഒരുപാടു സാമ്യമുണ്ടായിരുന്നു.. അരക്ഷിതത്വം, ഒറ്റപ്പെടൽ, നഗരജീവിതത്തിന്റെ അമ്പരപ്പ്, കൊച്ചുഗ്രാമങ്ങളിൽ നിന്ന് നഗരത്തിലെത്തിയതിന്റെ അപകർഷതാബോധം, സ്വയംപര്യാപ്തരാവണമെന്നുള്ള വാശി അങ്ങനെ പലതും. രാവെളുക്കുവോളം പരസ്പരം കണ്ണിൽ കണ്ണിൽ നോക്കികിടന്ന് ഞങ്ങൾ സംസാരിക്കുമായിരുന്നു.. ഓഫീസിലെ കാര്യങ്ങൾ,വീട്ടിലെ കാര്യങ്ങൾ, സ്വപ്നങ്ങൾ എല്ലാമെല്ലാം.. അവളെ പറ്റി കൂടുതലറിയുന്തോറും സഹതാപം കൂടിക്കൊണ്ടിരുന്നു. ചെറിയ പ്രായത്തിലേ അമ്മ മരിച്ചു. ചേച്ചിമാരുമായി നല്ല പ്രായവ്യത്യാസമുണ്ട്.. അവരൊക്കെ നേരത്തെ തന്നെ കല്യാണം കഴിഞ്ഞ് സ്വന്തം കുടുംബമൊക്കെയായി ദൂരെയാണ്‌.. നല്ലോണം പ്രായമായ അച്ഛൻ.. വീട്ടിൽ നോക്കാനാരുമില്ലാത്തതു കൊണ്ട് ചെറുപ്പം മുതലേ വളർന്നത് ബോഡിംഗ്സ്കൂളിലും ഹോസ്റ്റലിലും ഒക്കെയായിട്ട്.. അങ്ങു കേരളത്തിൽ വീട്ടുകാരും ബന്ധുക്കളുമൊക്കെ സ്നേഹിച്ച് ലാളിച്ച് വളർത്തിയ എനിക്ക് സങ്കൽപിക്കാൻ പോലുമാവില്ലായിരുന്നു അത്തരത്തിലൊരു ജീവിതം. മമ്മിയെപറ്റിയൊക്കെ വാതോരാതെ സംസാരിക്കുന്നതിനിടയ്ക്കാവും പെട്ടെന്നോർമ്മ വരിക.. അമ്മ നഷ്ടപ്പെട്ട ഒരു കുട്ടിയോടാണല്ലോ ഈ വിവരിക്കുന്നതെന്ന്. അതു മനസിലായിട്ടാവും അവൾ ആശ്വസിപ്പിക്കും.. തനിക്ക് അമ്മ ഒരു ശീലമല്ലാതിരുന്നതു കൊണ്ട് ഇതൊന്നും കേട്ടാലും ഒരു സങ്കടവുമുണ്ടാവില്ലെന്ന്...

ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചും സഹായിച്ചും ശക്തി പകർന്നും ആ നഗരജീവിതത്തിലേക്കു പതുക്കെ പതുക്കെ അഡ്ജസ്റ്റ് ചെയ്തു തുടങ്ങി. അവളെന്റെ ഹിന്ദി നന്നാക്കി തന്നു. പകരം ഞാൻ എനിക്കറിയുന്ന ഇംഗ്ളീഷ് ഒക്കെ അവൾക്കു പകർന്നു കൊടുത്തു. ഒരു നോർത്തിന്ത്യൻ കല്യാണത്തിന്‌ കോട്ടൺ ഡ്രസിട്ടു പോയതിനു വഴക്കു പറഞ്ഞ് എന്നെകൊണ്ട് ആദ്യമായി ഒരു മിന്നിത്തിളങ്ങുന്ന കുപ്പായം വാങ്ങിപ്പിച്ചത് അവളാണ്‌.. ഉത്തരേന്ത്യൻ ഭക്ഷണത്തെ എനിക്കു പരിചയപ്പെടുത്തി തന്നതും.. ഒരു കടുത്ത ഭക്തയായ അവൾക്കൊപ്പം വിശ്വാസമൊന്നുമില്ലാത്ത ഞാൻ അമ്പലങ്ങളിൽ പോയി.. ഓരോ വിശേഷദിവസങ്ങളിലും വീടിന്റെ മുക്കിലും മൂലയ്ക്കുമൊക്കെ പൂജാ സെറ്റപ്പൊരുക്കാൻ അവളെ സഹായിച്ചു. പകരം എന്റെ കൂടെ നോൺവെജ് കഴിക്കാനായി(കഴിക്കുന്നതു കാണാനായി എന്നതാണു കറക്ട്) അവളും കൂട്ടു വന്നു. തറ നിറയെ കടലത്തോടു വീണു കിടക്കുന്ന ബസിൽ കയറി ദീപാവലിയ്ക്ക് ഞങ്ങൾ ഹരിയാനയിലെ അവളുടെ ഗ്രാമത്തിലേക്കു പോയി. വീട്ടിൽ ഞങ്ങളെ സ്വീകരിക്കാൻ ആരുമില്ലാത്തതു കൊണ്ട് അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയെ അവൾ വിളിച്ചു വരുത്തിയിരുന്നു. അവളെയോർത്ത് ഏറ്റവും കൂടുതൽ വിഷമം തോന്നിയത് അതു കണ്ടപ്പോഴാണ്‌.. വീട്ടിലെ ആകെയുള്ള നല്ല മുറി ഞങ്ങൾക്കു തന്നിട്ട് അവളുടെ അച്ഛൻ ടെറസിൽ ചാർപായിൽ കിടന്നുറങ്ങി. എനിക്കൊക്കെ വീട്ടിൽ പോവുക എന്നു പറഞ്ഞാൽ അതില്പരമൊരു ആശ്വാസവും സ്വാതന്ത്ര്യവുമില്ല.. അവൾക്കും സ്വന്തം വീടിനോട് അതേ വികാരം തന്നെയാവുമോ തോന്നിയിട്ടുണ്ടാവുക എന്നു പലവട്ടം ചിന്തിച്ചിട്ടുണ്ട്.. സ്വന്തം വീട്ടിലും അവൾ അതിഥിയെ പോലെയാണ്‌ എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്.. പക്ഷെ ഒരിക്കലും അതു തുറന്നു ചോദിക്കാൻ ധൈര്യം കിട്ടിയിരുന്നില്ല.. ഒരുപക്ഷെ പുറമേ കാണിക്കാത്ത ഒരു മുറിവ് ഞാനായിട്ട് കുത്തിവേദനിപ്പിച്ചെങ്കിലോ എന്നോർത്ത്....


അവളുടെ കല്യാണം ഉറപ്പിച്ചു എന്നു കേട്ടപ്പോൾ സത്യത്തിൽ ആശ്വാസമാണു തോന്നിയത്. പെൺകുട്ടികൾ അത്ര നേരത്തെ വിവാഹിതരാകുരുത് എന്ന അഭിപ്രായക്കാരിയാണെങ്കിലും അവളുടെ കാര്യത്തിൽ അത് ആവശ്യമാണെന്ന് എനിക്കു തോന്നിയിരുന്നു.. അച്ഛനും അമ്മയും നിറയെ ആളുകളുമുള്ള ഒരു കുടുംബത്തിൽ ഇനിയെങ്കിലും അവൾ ജീവിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. ആണ്മക്കൾ മാത്രമുള്ള വീട്ടിലേക്കാണ്‌ അവൾ മരുമകളായി ചെല്ലുന്നതെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.. അവളെ മരുമകളായിട്ടല്ല മകളായി തന്നെ ആ അച്ഛനും അമ്മയും സ്നേഹിക്കണെ എന്നു ഞാൻ അവളുടെ ദൈവങ്ങളോടു പ്രാർത്ഥിച്ചു. അവളുടെ കല്യാണത്തിനു സാക്ഷ്യം വഹിക്കാനായി ഒരിക്കൽ കൂടി അവളുടെ ഗ്രാമത്തിലേക്കു പോയി. ‘ബാരാത്’ ന്‌ കാത്തിരിക്കുമ്പോൾ അവളുടെ ലെഹങ്കയിൽ നിന്നും ഒരു കൊച്ചു മണി താഴെവീണു.. ഞാൻ അതെടുത്തു എന്റെ സ്വെറ്ററിന്റെ പോക്കറ്റിലിട്ടു കൊണ്ട് ‘ഈ ദിവസത്തിന്റെ ഓർമ്മയ്ക്കായി’ എന്നു സിനിമാസ്റ്റൈലിൽ പറഞ്ഞതും അവൾ വളരെ സീരിയസായി പറഞ്ഞു.. ‘ നീ ഇതു സൂക്ഷിച്ചോളൂ . അടുത്ത കല്യാണം നിന്റേതാവും’. ‘ഇനി എങ്ങാനും അതു സംഭവിച്ചില്ലെങ്കിൽ കുറ്റം മുഴുവൻ നിന്റെ ഈ മണിയ്ക്കായിരിക്കും’ എന്നും പറഞ്ഞ് ഞാനതു ചിരിച്ചു തള്ളി.

അവളുടെ വിവാഹത്തിനു ശേഷം അധികം താമസിയാതെ എന്റെ പ്രൊജക്ട് മാറി വേറെ ഓഫീസിലായി. തമ്മിൽ കാണുന്നതും വല്ലപ്പോഴുമായി. ഒടുവിൽ ആ ജോലി റിസൈൻ ചെയ്ത് ആ നാടും വിട്ടു വരുന്നതിനു മുൻപ് അവസാനമായി ഒരിക്കൽ കൂടി ഞാനവളെ പോയി കണ്ടു. തമ്മിൽ സംസാരിച്ച്, ഇനി ഇടയ്ക്കു വിളിയ്ക്കണം എന്നൊക്കെ പറഞ്ഞ് പിരിയാൻ തുടങ്ങുമ്പോഴാണ്‌ അവൾ അറിയിച്ചത് ‘ അരേ യാർ.. മേം പ്രെഗ്നന്റ് ഹൂം’ എന്ന്. അതെങ്ങനെ എന്നോടവതരിപ്പിക്കും എന്നതിന്റെ എല്ലാ വൈക്ളബ്യത്തോടും കൂടി.. അതിനോടെങ്ങനെ പ്രതികരിക്കും എന്നു ഞാനും അമ്പരന്നു. ഞങ്ങൾ തമ്മിൽ അങ്ങനുള്ള കാര്യങ്ങളൊന്നും സംസാരിക്കാറില്ലായിരുന്നു.. ഞങ്ങൾക്കിടയിലെ സംഭാഷണത്തിൽ അവളുടെ ഭർത്താവോ ഭർതൃവീട്ടുകാരോ ഒന്നും കടന്നു വരാറില്ലായിരുന്നു. അവൾക്കവിടെ സുഖമാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു.. അല്ലെങ്കിൽ സ്വയം വിശ്വസിപ്പിച്ചിരുന്നു.. അവളാകട്ടെ ഒരിക്കലും അതിനെപറ്റിയൊന്നും സംസാരിച്ചിട്ടുമില്ലായിരുന്നു. എന്നെങ്കിലും ഞാനാ ലൈഫിനെ പറ്റി അവളോടു ചോദിക്കുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നോ .. അറിയില്ല..


അവിടെ നിന്ന് ബാംഗ്ളൂരിലെത്തിയ ശേഷം തമ്മിലുള്ള ഫോൺകോളുകൾ വളരെ വിരളമായിരുന്നു.. അവൾക്കൊരു മകൾ പിറന്ന കാര്യം ഒരിക്കൽ വിളിച്ചപ്പോൾ പറഞ്ഞു. സാധാരണ മറ്റു കൂട്ടുകാരികളൊക്കെ കുഞ്ഞുണ്ടായാൽ പിന്നെ കുഞ്ഞിന്റെ കാര്യമേ സംസാരിക്കൂ.. പക്ഷെ അവൾ പിന്നെ വിളിച്ചപ്പോഴും ജോലിയെകുറിച്ചും പഴയ ലൈഫിനെപറ്റിയുമൊക്കെയാണ്‌ സംസാരിച്ചത്. സംഭാഷണത്തിനിടെയിലെപ്പോഴോ കുഞ്ഞിനും ബാക്കിയെല്ലാവർക്കും സുഖമാണെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോവുകയും ചെയ്തു. ഞാനും കൂടുതലൊന്നും ചോദിച്ചില്ല. എന്നോടെന്തെന്തെങ്കിലും ദുഖം പങ്കുവെയ്ക്കാനുണ്ടെങ്കിൽ അതവൾ തന്നെ പറയട്ടെ എന്നു ഞാനും വിചാരിച്ചിരുന്നു. അതോ.. അവൾക്കവിടെ വിഷമങ്ങളൊന്നുമില്ല എന്നുള്ള എന്റെ പ്രതീക്ഷ തെറ്റിപ്പോകുമെന്നു ഞാൻ ഭയന്നിരുന്നോ.. അറിയില്ല..

പതുക്കെപതുക്കെ ഞങ്ങൾ തമ്മിലുള്ള ഫോൺവിളികൾ നിലച്ചു.. എന്തെങ്കിലുമാവശ്യമുണ്ടെങ്കിൽ അവൾ എന്നെ വിളിച്ചുകൊള്ളുമെന്ന് എനിക്കുറപ്പായിരുന്നു.. കഴിഞ്ഞ വർഷം ഇവിടെ യൂ.കെ-യിൽ ആയിരിക്കുമ്പോൾ ഒരു കൂട്ടുകാരി അയച്ച മെയിലിൽ ആണ്‌ അവളെ പറ്റി അവസാനമായി കേട്ടത്.. ‘എന്തോ ഒരു അസുഖം വന്ന് അവളുടെ ഹസ്ബൻഡ് മരിച്ചു പോയെന്ന്‌’. അവളുടെ ജീവിതത്തിൽ ആ നഷ്ടം എത്ര ഭീകരമായിരിക്കും എന്നെനിക്കറിയാം. അവളെ വിളിച്ചു സംസാരിക്കാൻ പലവട്ടം തുനിഞ്ഞതാണ്‌. പക്ഷെ എന്തു പറയും എന്നു രൂപം കിട്ടാത്തതു കൊണ്ട് അതിനു പറ്റിയില്ല്ല. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അവളെ പോയികാണണം എന്നുറപ്പിച്ചു തന്നെയാണ്‌ പോയത്.. പക്ഷെ ധൈര്യം കിട്ടിയില്ല. അവൾ അന്നു തന്ന ആ മണി ഇപ്പോഴും എന്റെ പഴ്സിൽ കിടപ്പുണ്ട്.. ചില്ലറപ്പൈസകൾ ഇടുന്ന അറയിൽ. ഓരോ ദിവസവും അതുകാണുമ്പോൾ കുറ്റബോധം വന്നു നിറയും. ഒരു പക്ഷെ അവൾക്കറിയാമായിരിക്കും ഞാനെന്തു കൊണ്ട് വിളിച്ചില്ല എന്ന്‌.. 'നിനക്ക് ചിരിപ്പിക്കാനേ അറിയൂ, ആശ്വസിപ്പിക്കാനറിയില്ല' എന്ന് അവൾതന്നെ പലവട്ടം കളിയാക്കിയിട്ടുണ്ട്..അതോ ഇത്രയും വലിയ ദുഖത്തിലൂടെ കടന്നു പോകുമ്പോൾ ഒന്നു വിളിക്കുക പോലും ചെയ്യാത്ത ക്രൂര എന്നു വിചാരിക്കുന്നുണ്ടാവുമോ.. അറിയില്ല... പക്ഷെ ഒന്നുറപ്പാണ്‌.. ഒരിക്കൽ ഞാൻ ആ നഗരത്തിലേക്കു പോകും. അവളെ കാണും. ദിവസങ്ങളോളം സംസാരിക്കും. ഞങ്ങൾ പിരിഞ്ഞതിനു ശേഷമുണ്ടായ നഷ്ടങ്ങളെ പറ്റിയില്ല.. അതിനു മുൻപു കണ്ണിൽ കണ്ണിൽ നോക്കികിടന്ന് പങ്കിട്ടിരുന്ന പണ്ടത്തെ ആ സ്വപ്നങ്ങളെ പറ്റി... ആർക്കും ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പു കൊടുക്കാനും സ്വയം ഉറപ്പു വരുത്താനും.....