Tuesday, October 7, 2008

ലവളും ലവനും പിന്നെ ഞാനും...


ഓർമ്മകൾ ആരംഭിക്കുന്നത്‌ കുട്ടിക്കൂറാ പൗഡർടിന്നിൽ നിന്നുമാണ്‌...

(താടി ചൊറിഞ്ഞ്‌ വിദൂരതയിലേക്ക്‌ കണ്ണും നട്ട്‌.. ഫുൾസ്റ്റോപ്പിനു മുൻപ്‌ ഒരു ദീർഘനിശ്വാസം..)

'യെവളാര്‌ .. പൊഡർടിന്നിൽ നിന്നു പുറത്തിറങ്ങിയ ഭൂതമോ!!' എന്നൊന്നും വിചാരിക്കണ്ട.. സത്യമാണ്‌. കുട്ടിക്കാലത്തേക്കു തിരിഞ്ഞു നോക്കുമ്പോൾ ആദ്യം മനസിൽ വരുന്നത്‌ ആ കുട്ടിക്കൂറാ പൗഡർ ടിന്നാണ്‌.ടിൻ കാലിയായാലുടനെ മമ്മി അതിന്റെ പിന്നിൽ തുളച്ച്‌ ഭണ്ഡാരപ്പെട്ടിയാക്കിത്തരും. അന്നുമുതൽ അതു വെറുമൊരു പൊഡർടിന്നല്ല; ഞങ്ങളുടെ എല്ലാമെല്ലാമായ 'പണ്ടാരപ്പെട്ടിയാണ്‌'.എന്നും രാവിലെ വീട്ടിൽ നിന്നിറങ്ങുന്നതിനു മുൻപ്‌ പപ്പ മൂന്നുപേർക്കും ചില്ലറപ്പൈസ തരും. ആ പൈസയൊക്കെ വീടു വഴി ഗതി കിട്ടാത്ത പ്രേതം പോലെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതു കണ്ടു മടുത്തിട്ടാണ്‌ മമ്മി ഇങ്ങനൊരു വഴി കണ്ടെത്തിയത്‌.കിട്ടുന്ന പൈസ മുഴുവൻ പണ്ടാരപ്പെട്ടിയിലിടണംന്ന്‌ മമ്മി ഉത്തരവ്‌ പുറപ്പെടുവിച്ചു.ഭയങ്കര അനുസരണനാശീലമുള്ള കുട്ടികളായതു കൊണ്ട്‌ ആദ്യമൊക്കെ ഞങ്ങളതിനെ ക്രൂരമായി അവഗണിച്ചു. മമ്മി മാത്രം മുടങ്ങാതെ പൈസയിട്ടുകൊണ്ടിരുന്നു. പിന്നെ പതുക്കെ പതുക്കെ ചേച്ചിയും ഗ്രൂപ്പുമാറി മമ്മീടെ കൂടെ ചേർന്നു.എന്നിട്ട്‌ അതിനെ വെറുതെ കിലുക്കികിലുക്കി ഞങ്ങളെയും പ്രലോഭിപ്പിക്കും.മനസിനു വല്യ കട്ടിയൊന്നുമില്ലാത്തതു കൊണ്ട്‌ ഞങ്ങൾക്കും അതിനെയെടുത്ത്‌ ഒന്നു കിലുക്കാൻ തോന്നിപ്പോകും. അതില്‌ പൈസയിട്ടാലേ കിലുക്കാൻ സമ്മതിക്കൂന്ന്‌ മമ്മിക്ക്‌ ഒരേ വാശി.അവസാനം പ്രലോഭനം സഹിക്കാൻ വയ്യാതെ, ഞാനും കുട്ടാപ്പിയും കിട്ടുന്ന പൈസ മുഴുവൻ അതിൽ കൊണ്ടിട്ടോളാംന്നു ഉറപ്പു കൊടുത്തുകൊണ്ട്‌ പണ്ടാരപ്പെട്ടീടെ ഗ്രൂപ്പിൽ ചേർന്നു. ആ ഉറപ്പൊക്കെ ഞങ്ങള്‌ ആത്മാർത്ഥമായി തന്നെ പാലിച്ചു കേട്ടോ. എവിടുന്നു ചില്ലറപൈസ കിട്ടിയാലും അതു നേരെ പണ്ടാരപ്പെട്ടിയിലിടും. ഇനീപ്പോ നോട്ടാണു കിട്ടുന്നതെങ്കിലോ..അതു പപ്പയുടെ കയ്യിൽ കൊടുത്ത്‌ ചില്ലറയാക്കി അതിലിടും. ഈ അധ്വനത്തിനൊക്കെ പകരമായി ഞങ്ങൾക്ക്‌ ഒറ്റ കാര്യമേ വേണ്ടൂ. ഇടയ്ക്കിടയ്ക്കെടുത്ത്‌ കിലുക്കാനുള്ള അവകാശം.. പക്ഷെ ചേച്ചിയാണ്‌ അതിന്റെ ഇൻ-ചാർജ്‌. നിധി കാക്കുന്ന ഭൂതത്തിനെ പോലെയാണ്‌ അവളത്‌ കാത്തുസൂക്ഷിക്കുന്നത്‌. കിലുക്കാൻ പോയിട്ട്‌ ഒന്നു തൊടാൻ പോലും അവൾ സമ്മതിക്കില്ല. അവസാനം പപ്പയും മമ്മിയും കൂടി ശുപാർശ ചെയ്ത്‌ അതിനെ കുറച്ചു സമയം കിലുക്കാനുള്ള അവകാശം ഞങ്ങൾക്ക്‌ നേടിത്തന്നു- ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം..അതും അവൾടെ മുന്നിൽ വച്ചു മാത്രം..മൂന്നാലു പ്രാവശ്യം കിലുക്കിക്കഴിയുമ്പോഴേക്കും അവളത്‌ പിടിച്ചു മേടിച്ച്‌ തിരിച്ചു വയ്ക്കും.എന്നാലും പോട്ടെ.. ആഗ്രഹം സാധിച്ചല്ലോ..ഞങ്ങൾക്കത്‌ ധാരാളം മതി.

പണ്ടാരപ്പെട്ടി നിറഞ്ഞു കഴിയുമ്പോഴാണ്‌ അടുത്ത ആഘോഷം.മിക്കവാറും രാത്രിയിലായിരിക്കും അതു പൊട്ടിക്കുക. എല്ലാവരും വട്ടത്തിലിക്കും. മമ്മി കത്തി കൊണ്ട്‌ മുറിച്ച്‌ ടിന്നിനെ രണ്ടു കഷ്ണമാക്കും. അപ്പോൾ അതിൽനിന്നും ചില്ലറപ്പൈസ ചിതറി വീഴുന്നതു കാണുമ്പോഴുള്ള ആ സന്തോഷമുണ്ടല്ലോ.. അതനുഭവിച്ചു തന്നെ അറിയണം. ഞങ്ങള്‌ മൂന്നു പേരും കൂടി പൈസകളുടെയൊക്കെ ആകൃതിയും വലിപ്പവുമനുസരിച്ച്‌ തരം തിരിച്ചു വയ്ക്കും. പപ്പയാണ്‌ അതെണ്ണുക. മമ്മി ഒരു കടലാസിൽ കണക്കൊക്കെ എഴുതും. അവസനം എല്ലാം കൂട്ടി, ആകെ എത്ര രൂപയുണ്ടെന്ന്‌ പപ്പ പ്രഖ്യാപിക്കുന്നതോടെ 'പണ്ടാരപ്പെട്ടി പൊട്ടിക്കൽ' ചടങ്ങ്‌ അവസാനിക്കും. ആ പൈസ എങ്ങോട്ടു പോവുന്നൂന്നൊന്നും ഞങ്ങൾ അന്വേഷിച്ചിട്ടില്ല.അപ്പോഴേക്കും മമ്മി അടുത്ത കുട്ടിക്കൂറാടിന്നിനെ പണ്ടാരപ്പെട്ടിയാക്കി ഞങ്ങൾക്കു തന്നിട്ടുണ്ടാവും. പിന്നെ അതു നിറയ്ക്കുന്നതിൽ ബിസിയായ ഞങ്ങൾക്കെവിടാ പൊട്ടിച്ച പെട്ടിയെ പറ്റി അന്വേഷിക്കാൻ നേരം...വലുതായിക്കഴിഞ്ഞപ്പോൾ അവളും അവനും പണ്ടാരപ്പെട്ടിയെ കൈവിട്ടെങ്കിലും ഞാനതിനെ വിട്ടുകളഞ്ഞില്ല. എന്നും എപ്പോഴും എന്റെ കൂടെ ഒരു പണ്ടാരപ്പെട്ടിയുമുണ്ടാകും. ഇപ്പോ പക്ഷെ പൗഡർടിന്നൊന്നുമല്ല .. കടയിൽ നിന്നും മേടിക്കുന്നതാണ്‌. ഇപ്പോഴുള്ളതിന്‌ കുഞ്ഞുവാട്ടർടാങ്കിന്റെ ഷെയ്പ്പാണ്‌. ഏതാണ്ട്‌ പകുതിയോളം നിറഞ്ഞിട്ടുണ്ട്‌.സമീപഭാവിയിൽ തന്നെ മുഴുവൻ നിറഞ്ഞ്‌ 'പണ്ടാരപെട്ടി പൊട്ടിക്കൽ' ചടങ്ങ്‌ ആഘോഷിക്കുന്നതായിരിക്കും.പപ്പയും മമ്മിയും ചേച്ചിയും കുട്ടാപ്പിയൊന്നുമില്ലാതെ;ഞാൻ മാത്രം ഒറ്റയ്ക്കിരുന്ന്‌..

അടുത്ത ഓർമ്മയുടെ സീനിൽ കാണുന്നത്‌ ഞങ്ങൾ മൂന്നു പേരും സെൻട്രൽ ഹാളിൽ മുട്ടു കുത്തി നിൽക്കുന്നതാണ്‌.സാധാരണ ക്രിസ്ത്യൻകുടുംബത്തിലൊക്കെയുള്ളതു പോലത്തെ ഭക്തിനിർഭരമായ മുട്ടുകുത്തലൊന്നുമല്ല കേട്ടോ ഇത്‌. ഒരു തരം ശിക്ഷാനടപടിയാണ്‌. പപ്പയുടെ ഓരോരോ പരിഷ്കാരങ്ങളേയ്‌.. ഭക്ഷണം ബാക്കി വയ്ക്കുക,തമ്മിൽ വഴക്കിടുക,സമയത്ത്‌ വീട്ടിൽ കയറാതെ കളിച്ചു നടക്കുക, സ്കൂളിൽ നിന്നും വന്നാൽ കുപ്പായം മാറാതെ തെക്കുവടക്കു നടക്കുക തുടങ്ങി എന്തെല്ലാം ക്രിമിനൽ കുറ്റങ്ങളാണെന്നോ ഞങ്ങളുടെ കേസ്‌ഷീറ്റിൽ ഉണ്ടാവുക.. കേസ്‌ഷീറ്റ്‌ തയാറാക്കുന്നത്‌ മമ്മിയാണ്‌. ങാ പിന്നെ ഒരു കുറ്റകൃത്യം കൂടിയുണ്ട്‌.. മമ്മീടെ നോട്ടത്തിൽ ഏറ്റവും നികൃഷ്ടമായ കാര്യം.. അങ്ങോട്ടുമിങ്ങോട്ടും ചീത്ത വിളിക്കുക എന്നുള്ളത്‌. ആകെപ്പാടെ അറിയുന്നത്‌ പട്ടീ, തെണ്ടീ എന്നീ രണ്ട്‌ തെറികളാണ്‌. പിന്നെ ചേച്ചി കണ്ടു പിടിച്ച ദുഷ്ടപ്പിശാശേ' എന്ന ഗ്രേഡ്‌ കൂടിയ ചീത്തയും. വെറുതേയിരിക്കുമ്പോൾ ഒരു ടൈംപാസിനു വേണ്ടി ഇതിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു പഠിക്കാംന്നു വച്ചാൽ അപ്പോഴേക്കും മമ്മി കയ്യിൽ കിട്ടിയ സാധനവുമെടുത്ത്‌-തവിയോ വടിയോ ചൂലോ എന്തെങ്കിലും- സംഹാരരുദ്രയായി ഓടിവരും. വെറുതെ മമ്മിയെ വിഷമിപ്പിക്കണ്ടാന്നു വിചാരിച്ച്‌ ഞങ്ങൾ പുതിയ രണ്ടു തെറികൾ കണ്ടുപിടിച്ചു - കുന്ദലത, ബങ്കാരപ്പ- അതാവുമ്പോ മമ്മിക്കു മനസ്സിലാവില്ലല്ലോ. മുഖമൊക്കെ വക്രിച്ച്‌ സർവ്വവെറുപ്പോടെയും കൂടി പറഞ്ഞാൽ നല്ലൊന്നാന്തരം തെറിയായിക്കോളും.ഞങ്ങൾക്കും സമാധാനം മമ്മിക്കും സമാധാനം.ഇത്തിരി കഴിഞ്ഞപ്പോൾ ഞങ്ങൾടെ സൂത്രം മമ്മിക്കു മനസിലായി. ങാ അപ്പോ പറഞ്ഞു വന്നത്‌ ,ഇമ്മാതിരിയുള്ള കുറ്റകൃത്യങ്ങളൊക്കെ മമ്മി സമയാസമയം പപ്പയുടെ അടുത്തേക്ക്‌ എസ്കലേറ്റ്‌ ചെയ്യും. പപ്പ ഒന്നും പറയില്ല. എല്ലാം മനസിൽ അടുക്കിയടുക്കി വയ്ക്കും. അങ്ങനെ എപ്പോഴെങ്കിലും നാളും മുഹൂർത്തവുമൊക്കെ ഒത്തുവരുമ്പോൾ മൂന്നെണ്ണത്തിനെയും വിളിച്ച്‌ മുട്ടുകുത്തി നിൽക്കാൻ ഓർഡറിടും. അതിപ്പോ ആരു കുറ്റം ചെയ്താലും ഇല്ലെങ്കിലും മൂന്നിനും ഒരേപോലെ ശിക്ഷ കിട്ടും.മുട്ടൊക്കെ കുത്തിനിന്ന്‌ ഒന്നു ലെവലായിക്കഴിയുമ്പോൾ വിചാരണ തുടങ്ങുകയായി.

പപ്പ:"എന്തിനാണ്‌ മുട്ടികുത്തിനിർത്തിയതെന്ന്‌ അറിയാലോ?"

ഞങ്ങൾ: "ങും.."

എന്താ കുറ്റംന്നൊന്നും പപ്പ പ്രത്യേകം പ്രത്യേകം പറയില്ല.ഞങ്ങൾ ഓരോരുത്തരും കഷ്ടപ്പെട്ട്‌ ആലോചിച്ച്‌ അവനവൻ ചെയ്ത കുറ്റങ്ങളൊക്കെ ഓർത്തെടുക്കും. എന്നിട്ട്‌ അതിനാണ്‌ ഇപ്പോ ശിക്ഷ കിട്ടുന്നതെന്ന്‌ സ്വയം അങ്ങു തീരുമാനിക്കും. അതോടെ ആകെ വിഷമവും കുറ്റബോധവും സങ്കടവും. അങ്ങനേ നിന്നു കരയും. കുറച്ചു നേരം ഈ കരച്ചിൽ കണ്ടു നിൽക്കുമ്പോൾ മമ്മീടെ മാതൃഹൃദയം അലിയും.(കംപ്ലീറ്റ്‌ കൊളുത്തിക്കൊടുക്കുന്നതും ഇതേ മമ്മി തന്നെയാണെന്നതാണ്‌ ഏറ്റവും വലിയ വിരോധാഭാസം).മമ്മി ശുപാർശയുമായി പപ്പയുടടുത്തേക്ക്‌. ഞങ്ങൾ മര്യാദക്കാരായെന്നും ഇനി ഇങ്ങനൊന്നും ചെയ്യുകയില്ലെന്നും ഞങ്ങൾക്കു വേണ്ടി പപ്പയ്ക്ക്‌ ഉറപ്പുകൊടുക്കും. എല്ലാം കേട്ട്‌ ഞങ്ങളെ മൂന്നു പേരെയും ഒന്നു സൂക്ഷിച്ചു നോക്കി പപ്പ അടുത്ത ഓർഡറിടും

" ങാ മൂന്നും ഭക്ഷണം കഴിച്ചിട്ട്‌ പോയിക്കിടന്നുറങ്ങിക്കോ.."

കഴിഞ്ഞു. ശിക്ഷ കഴിഞ്ഞു. മൂന്നു പേരും ഏങ്ങലടിച്ചു കൊണ്ട്‌ ഭക്ഷണം മുഴുവൻ കഴിച്ച്‌ നല്ല കുട്ടികളായി പോയിക്കിടന്നുറങ്ങും.ഇപ്പോൾ ആലോചിക്കുമ്പോൾ നല്ല കോമഡിയാണ്‌.പപ്പയുടെയും മമ്മിയുടെയു മുന്നിലൂടെ എന്തെല്ലാം പോസിൽ ഇരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നതാ..എന്നിട്ടാണ്‌ മുട്ടുകുത്തി നിർത്തീന്നും പറഞ്ഞ്‌ ഇത്ര നാണക്കേടും സങ്കടോം..

ഇതൊക്കെയാണെങ്കിലും കുട്ടിക്കാലത്തെ ഏറ്റവും സുന്ദരമായ ഓർമ്മ പപ്പയുടെ കയ്യിലെ പൊതിക്കെട്ടാണ്‌.വൈകുന്നേരം വീട്ടിൽ വന്നു കയറുമ്പോൾ ആരാണോ വതിൽ തുറക്കുന്നത്‌, അയാൾക്ക്‌ ആ പൊതി കൊടുക്കും. എന്തെങ്കിലും പലഹാരമായിരിക്കും അതിനുള്ളിൽ. കടലയോ കേക്കോ ബിസ്കറ്റോ മുട്ടയപ്പമോ കല്ലുമ്മക്കായ നിറച്ചതോ അങ്ങനെ എന്തെങ്കിലും.സാധാരണ കുട്ടികൾക്കൊക്കെ കളിപ്പാട്ടങ്ങളും കുപ്പായങ്ങളുമൊക്കെ അച്ഛൻമാര്‌ മേടിച്ചു കൊടുക്കുമ്പോൾ പപ്പ ഞങ്ങളെ സ്നേഹിക്കുന്നത്‌ ഭക്ഷണം മേടിച്ചു തന്നാണ്‌. അതിന്റെ കാര്യത്തിൽ എന്തു പരീക്ഷണം നടത്താനും ഞങ്ങൾ എന്നും റെഡിയായിരുന്നു താനും.അതു പോലെ തന്നെ ടൗണിൽ പോവുമ്പോൾ പപ്പയുടെ വക കിട്ടാറുള്ള ഐസ്‌ക്രീം.കൃത്യം ഐസ്‌ക്രീം പാർലറിനു മുന്നിലെത്തുമ്പോൾ ഞങ്ങളുടെ നടപ്പൊക്കെ സാവധാനത്തിലാവാൻ തുടങ്ങും. കാര്യമൊക്കെ മനസ്സിലായാലും അതു പുറത്തു കാണികാതെ പപ്പ നടക്കും. അവസാനം നിവർത്തിയില്ല്ലാതെ "പപ്പേ ദാഹിക്കുന്നു .ഐസ്‌ക്രീം തിന്നാനുള്ളത്രേം വല്യ ദാഹം" എന്ന്‌ മുഖത്തൊക്കെ ദയനീയഭാവം വരുത്തി ഞങ്ങള്‌ പറയുന്നതു വരെ ഈ നാടകം തുടരും. വലുതായപ്പോൾ ഐസ്ക്രീം ഇന്ത്യൻ കോഫീഹൗസിലെ മട്ടൺ കട്ലേറ്റിനു വഴിമാറി. ഇപ്പോൾ ഓരോ അവധി കഴിഞ്ഞും ബാംഗ്ലൂരേയ്ക്കു ബസ്‌കയറാൻ വരുമ്പോൾ പപ്പയും കൂടെ വരും.ആ ട്രാവൽസിനു തൊട്ടടുത്ത്‌ ഒരു ഇന്ത്യൻ കോഫീ ഹൗസുണ്ട്‌.അവിടുന്ന്‌ കട്‌ലേറ്റും വാങ്ങി തന്ന്‌ എന്നെ ബസ്‌ കയറ്റിവിട്ട്‌ പപ്പ തിരിച്ചു പോകും. അതു പോലെ തന്നെ ഞങ്ങളൊക്കെ ഇത്രേം വലുതായിട്ടും വൈകുന്നേരത്തെ ആ 'പൊതിസിസ്റ്റ'ത്തിനും ഒരു മാറ്റവും വന്നിട്ടില്ല കേട്ടോ. ഇപ്പോഴും ഞങ്ങളിലൊരാളെങ്കിലും വീട്ടിലുണ്ടെങ്കിൽ കയ്യിലൊരു പലഹാരപ്പൊതിയില്ലാതെ പപ്പ വീട്ടിൽ വന്നു കയറില്ല. അങ്ങു ദൂരേന്ന്‌ പപ്പ വരുന്നതു കാണുമ്പോഴേ മമ്മി കളിയാക്കാൻ തുടങ്ങും.."ഇള്ളാവാവയല്ലേ..ഓടി ചെന്ന്‌ പൊതി മേടിക്ക്‌" എന്നും പറഞ്ഞ്‌. ഞങ്ങള്‌ അതൊന്നും മൈൻഡാക്കാറില്ല. എത്ര വലുതായാലും ഞങ്ങളു തന്നെയല്ലേ ആ വീട്ടിലെ കുട്ടികള്‌..പപ്പയുടെയും മമ്മിയുടെയും ഇള്ളാവാവകള്‌..പിന്നെന്താ..

133 comments:

 1. കൊച്ചുത്രേസ്യ said...

  അങ്ങനേയിരുന്നപ്പോൾ ഒന്നു ഫ്ലാഷ്‌ബാക്കിൽ പോയി നോക്കീതാണ്‌ :-))

 2. വിന്‍സ് said...

  pappayudey kaaryangal almost ente popsintethu pooley thanne aanallo. I don't think I remember a night without him bringing food. enteyum aniyanteyum karachil veettil keettaal ayal vakkathullavar parayumaayirunnu "naale avarudey kaaryam koolayallo" ennu :)

  good one, I really liked it.

 3. Muneer said...

  ഓർമ്മകൾ ആരംഭിക്കുന്നത്‌ കുട്ടിക്കൂറാ പൗഡർടിന്നിൽ നിന്നുമാണ്‌...

  വലിയ കൂറാ പൌഡര്‍ വിപണിയില്‍ ഇല്ലാഞ്ഞത് നന്നായി.. :)
  പോസ്റ്റ് അസ്സലായിട്ടിട്ടുണ്ട്..

 4. Sands | കരിങ്കല്ല് said...

  :)

 5. ഏകാന്തപഥികന്‍ said...

  vayichu njanum onnu flash backilekku poyi....

  ethe madhuramulla ormakalude chithrangal orupadundu enteyum manassil...

  'Keyman' sahakarikkunnilla.. atha eppo 'manglish' akkiyathu..

 6. ഉഗാണ്ട രണ്ടാമന്‍ said...

  :)

 7. നന്ദകുമാര്‍ said...

  "ഞങ്ങൾ പുതിയ രണ്ടു തെറികൾ കണ്ടുപിടിച്ചു - കുന്ദലത, ബങ്കാരപ്പ- അതാവുമ്പോ മമ്മിക്കു മനസ്സിലാവില്ലല്ലോ. മുഖമൊക്കെ വക്രിച്ച്‌ സർവ്വവെറുപ്പോടെയും കൂടി പറഞ്ഞാൽ നല്ലൊന്നാന്തരം തെറിയായിക്കോളും"
  അവിടെയെത്തിയപ്പോള്‍ ഗൃഹാതുരത്വം മാറി ചിരിയായി. നല്ല ഓര്‍മ്മ പോസ്റ്റ്. (കൊച്ചുത്രേസ്യയുടെ പോസ്റ്റില്‍ ഒരുപാടു നാ‍ള്‍കൂടി വായിക്കാന്‍ കഴിഞ്ഞ ഒരു നല്ല പോസ്റ്റ്)

 8. കായംകുളം കുഞ്ഞാട് said...

  പഴയ കാര്യങ്ങള്‍ ഒക്കെ ഓര്‍മിപ്പിച്ചു സെന്റി ആക്കി കളഞ്ഞു....
  പോസ്റ്റ് കിടിലന്‍ ആയിട്ടുണ്ട്...

 9. വാഴക്കാവരയന്‍ said...

  ക്യൂട്ടിക്കൂറാ പവ്ഡ്റിന്റെ നേര്‍ത്ത മണവുമായി ഞാനും പോയി കുട്ടിക്കാലത്തേക്ക് ഒരിക്കല്‍ കൂടി, നന്നായിരിക്കുന്നു

 10. Mridul Narayanan said...

  plaza junctionile Indian coffee ഹൌസിലേ കട്‌ലേറ്റ്.. അവിടത്തെ തൊപ്പിയിട്ട വെയിറ്റര്‍മാര്‍. ചെറുപ്പത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ ചിലതു മാത്രം...

  ഇന്നിപ്പോള്‍ സന്തോഷിക്കണമെങ്കില്‍ കുറഞ്ഞ പക്ഷം ഒരു Pizza-യെങ്കിലും വേണം...

 11. manukuttan said...

  നന്നായിട്ടുണ്ട്... ഞാനും പോയി പഴയ കാലത്തിൽ. പൊതിയും പണ്ടാരപ്പെട്ടിയും എല്ലാം സേം സേം . വളരെ ഇഷ്ട്ടപ്പെട്ടു...

 12. വാല്‍മീകി said...

  “സാധാരണ കുട്ടികൾക്കൊക്കെ കളിപ്പാട്ടങ്ങളും കുപ്പായങ്ങളുമൊക്കെ അച്ഛൻമാര്‌ മേടിച്ചു കൊടുക്കുമ്പോൾ പപ്പ ഞങ്ങളെ സ്നേഹിക്കുന്നത്‌ ഭക്ഷണം മേടിച്ചു തന്നാണ്‌.“

  അതുകൊണ്ട് ഇപ്പൊ എന്തായി???

 13. Babu Kalyanam | ബാബു കല്യാണം said...

  :-)
  ഞാനും പോയി. ഒന്നു ഫ്ലാഷ്ബാക്കില്‍...
  ഓര്‍ക്കാന്‍ പ്രത്യേകിച്ചു ഒന്നും ഉണ്ടായിരുന്നില്ല; പുതിയ പുസ്തകങ്ങളുടെ ഗന്ധം അല്ലാതെ :-(
  ഇതിനാണോ, "ഇന്നലെകളില്ലാതെ" എന്നു പറയുന്നതു... ;-)

 14. Anonymous said...
  This comment has been removed by a blog administrator.
 15. Anonymous said...

  കൊച്ചു....ഇതിന്റെ 'പൊതി ഭാഗം' വായിച്ചപ്പോള്‍ എന്റെ കണ്ണുനിറഞ്ഞും പോയി...

  വൈകുന്നേരം 4:45 ആകുമ്പോഴേക്കും ഡാഡി ഒരു പൊതിയുമായി വരും ... എന്റെ അനിയത്തി ഓടിപോയി അതു വാങ്ങും..... മിക്കവാരും അവളുടെ favorite കോഴിക്കാലായിരിക്കും (കൊഴിയുടെ leg piece) അതിനുള്ളില്‍... അതു കിട്ടുമ്പോള്‍ ഉള്ള അവളുടെ സന്തോഷവും, 100 വാട്ട്‌ ബള്‍ബ്‌ പൊലെയുള്ള ഡാഡിയുടെ മുഖവും ഇപ്പോഴും എന്റെ മനസ്സിലുണ്ട്‌.... ഡാഡി മരിച്ചിട്ട്‌ 5 വര്‍ഷമായി, എന്നാലും ഇപ്പോഴും 4 മണിക്കു അരെങ്കിലും calling bell അടിച്ചാല്‍, പൊതിയും കൊണ്ട്‌ ഡാഡിയായിരിക്കുമെന്നു വെറുതേ ഒരു നിമിഷം തോന്നറുണ്ട്‌.....

  പോസ്റ്റ്‌ വളരെ നന്നായിന്ന് എടുത്ത്‌ പറയേണ്ട ആവഷ്യമില്ലല്ലോ, കൊച്ചു??????

  God Bless
  Tin2

 16. സ്വപ്നാടകൻ said...

  ഓർമ്മകൾക്കെന്തു സുഗന്ധം...
  കുട്ടിക്യൂറ പൗഡർ ടിന്നിന്റെ, പുസ്തകത്താളിൽ ഒളിപ്പിച്ച മയിൽ പീലിയുടെ, പുര മേയൽ പകലുകളിലെ ഉച്ച ഊണിന്റെ, വേനൽ മഴയിൽ കുതിർന്ന പുതു മണ്ണിന്റെ, തിരുവാതിര ഞാറ്റുവെലയിൽ ഉഴുതിട്ട പാടത്തിന്റെ, കാവിലെ പൂത്ത ചെമ്പകത്തിന്റെ, നീണ്ട ഇടവേളകൾക്കൊടുവിൽ കിട്ടിയിരുന്ന പുതു വസ്ത്രത്തിന്റെ, മഴ ചാറ്റലിൽ നനഞ്ഞ സ്കൂൾ യൂണിഫോമിന്റെ, സ്കൂൾ വർഷാരംഭത്തിലെ പുതിയ പുസ്തകതിന്റെ, പിറന്നാൾ ദിവസത്തെ പായസത്തിന്റെ, ഈ നിര അപൂർണ്ണമാണു കേട്ടോ.. കൊച്ചു ത്രേസ്യക്ക്‌ ഒരുപാടു നന്ദി.. ഈ ഓർമ്മകളുടെ തിരിച്ചു പോക്കിനു..
  ഓർമ്മകൾ എപ്പോഴും സുഖദായകങ്ങൾ ആയിരുന്നെങ്കിൽ...

 17. --xh-- said...

  കുട്ടിക്കൂറ പെട്ടി ഭണ്ഡാരപ്പെട്ടിയാക്കിത്തരല്‍ വീട്ടില്‍ അമ്മേടേം ഏര്‍പ്പാഡായിരുന്നു.... ആഴ്ചയില്‍ ഒരിക്കല്‍ ആയിരുന്നു അഛന്‍ വീട്ടില്‍ വരാറ് - വരുമ്പോ മറക്കാതെ ഒരു പലഹാരപൊതി ഉണ്ടാവും കയ്യില്‍... അഛന്‍ വന്നു കഴിയുമ്പോളാണ്‌ അമ്മ ആ ആഴ്ചത്തെ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കല്‍ - പിന്നെ കൂട്ടലും കിഴിക്കലും ഒക്കെ കഴിഞ്ഞു എനിക്കും അനിയനും കിട്ടാനുള്ളതു കിട്ടും മുടക്കം കൂടാതെ.....

  ഇപ്പൊ അതൊക്കെ ആലൊചിച്ചിരിക്കാന്‍ രസം....

  ഓര്‍മകളുടെ ഇടവഴിയെ കൊണ്ടുപോയതിനു നന്ദി...
  :)

 18. അല്ഫോന്‍സക്കുട്ടി said...

  സെയിം പിഞ്ച്. ഞങ്ങടെ വീട്ടിലും ഇതു പോലെ കാശുംകുടുക്ക പൊട്ടിക്കലും മുട്ടുകുത്തിനിര്‍ത്തല്‍ ശിക്ഷയും നാലുമണി പലഹാരപൊതിയും പട്ടി തെണ്ടി വിളിയും ഒക്കെ സെയിം സെയിം. ഹി ഹി ഹി.

 19. കനല്‍ said...

  ഓര്‍ക്കാന്‍ രസമുള്ള കുട്ടിക്കാല ഓര്‍മ്മകള്‍
  ശരിക്കും ആസ്വദിച്ചു. എനിക്ക് തോന്നുന്നത് ഏതാണ്ട് 90 ശതമാനം അച്ഛനമ്മമാരും ഏതാണ്ട് ഇതേഗണത്തില്‍ പെടുന്നവരാന്ന്

 20. അനൂപ് തിരുവല്ല said...

  നല്ല പോസ്റ്റ്

 21. ജയരാജന്‍ said...

  വാൽമീകിയുടേത് ഒരൊന്നൊന്നര ചോദ്യമായിപ്പോയി: “അതുകൊണ്ട് ഇപ്പൊ എന്തായി???“ :)

 22. Physel said...

  ഒരു ദീ‍.........ർഘ നിശ്വാസം!

 23. ജിഹേഷ്:johndaughter: said...

  ബങ്കാര എന്ന കന്നഡവാക്കിന്റെ അര്‍ത്ഥം സ്വര്‍ണ്ണം എന്നാണ്. അപ്പോള്‍ ബങ്കാരപ്പാ എന്നുവെച്ചാല്‍ സ്വര്‍ണ്ണപ്പന്‍ അല്ലെങ്കില്‍ തങ്കപ്പന്‍...

  തങ്കപ്പന്‍ എന്നുള്ളത് മലബാറില് തെറിയാണോ? :) :)

 24. Typist | എഴുത്തുകാരി said...

  കുട്ടിക്കൂറ ടിന്‍ വീട്ടില്‍ കിലുക്കി കളിച്ചിരുന്നതു് ഒന്നു പുറത്തുപോയിട്ടായിരുന്നെങ്കില്‍ കുറച്ചധികം ചില്ലറ കിട്ടിയേനേ.(എന്നെ തല്ലല്ലേ, തമാശക്കാണേ!)

 25. smitha adharsh said...

  ഞാനും പോയി..തിരിച്ചു കുട്ടിക്കാലതെയ്ക്ക്..ടിന്റു വിനു തോന്നിയത് എനിക്കും തോന്നി...പഴയ ഓര്‍മ്മകള്‍ക്കിടയിലെ ചില സങ്കടങ്ങള്‍....
  പോസ്റ്റ് ഒത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു..

 26. ഗോപക്‌ യു ആര്‍ said...

  ഞങ്ങൾ പുതിയ രണ്ടു തെറികൾ കണ്ടുപിടിച്ചു - കുന്ദലത, ബങ്കാരപ്പ- അതാവുമ്പോ മമ്മിക്കു മനസ്സിലാവില്ലല്ലോ.

  ചിരിചു..ശരിക്കും..

 27. മാണിക്യം said...

  എല്ലാ വീടിന്റെയും അകത്തും
  എല്ലാബാല്യത്തിന്റെ ഓര്‍മ്മക്കും
  ഒരേ ഭാവം ..അച്ഛന്‍ ആഴ്‌ചയില്‍ ഒരിക്കല്‍ വരുമ്പോള്‍ ഒരു ബേക്കറികാണും കൂടെ ..
  അമ്മ ഒരാഴ്‌ച്ചത്തെ എഫ് ഐ ആറ് തയാറാക്കി
  വച്ചിട്ടും ഉണ്ടാവും അച്ചന്‍ ഒക്കെ കേള്‍ക്കും , അന്നെരം കേട്ട് കേള്‍വിയുടെ പുറത്ത് ചോദ്യവും ഭേദ്യവും ഇല്ലാ .. പക്ഷെ അച്ചന്‍ ഉള്ളപ്പൊള്‍ എന്തേലും കാട്ടീ കൂട്ടും പൂര്‍വ്വകാല പ്രാബല്യത്തോ‍ടെ ഗ്രാറ്റു വിറ്റിയും ബോണസും അടക്കം,അടിയുടെ എണ്ണം കുറവാ അതും കൈ വെള്ളയില്‍ .പക്ഷേ അതിനു മുന്നെ പിടിച്ചു അച്ഛന്റെ മുറിയില്‍ നിര്‍ത്തും എന്നിട്ട് അച്ചനിറങ്ങി പറമ്പിന്റെ ഏറ്റം പൂറകില്‍ പോയി ഒരു മുല്ലവള്ളി കത്തി കൊണ്ടു മുറിച്ചു അതിന്റെ ഇല കളഞ്ഞ് തൊലി കളഞ്ഞ് മിനുക്കി പയ്യെ നടന്ന് ഒരു വരവുണ്ട് അത്രയും നേരം നില്‍ക്കുന്ന നില്‍പ്പാ നില്‍പ്പ് !! . ..എന്നിട്ട് അടി തന്നിട്ട് കരയാന്‍ പാടില്ലാ മുഖം കഴുകിച്ചു രണ്ടു പച്ച പാരീസ് മുട്ടയിയും തരും .. അടിക്കുന്നത് ആരുടെയും മുന്നില്‍ വച്ചടിക്കില്ലാ...കൊച്ചു ത്രേസ്യേ നന്ദി.. ഞാനും കുറെ ഒക്കെ ഓര്‍ത്ത് എടുത്തു ...

 28. ആദര്‍ശ് said...

  ഒന്നു പരിചയപ്പെടാന്‍ കയറിയതാ...നോക്കുമ്പോഴുണ്ട്...കുട്ടിക്കൂറ..ഞാനും പോയില്ലേ ..കുട്ടിക്കാലത്തേക്ക് ....കുട്ടിക്കൂറ പൌഡര്‍ ,കോള്‍ഗേറ്റ് പല്പൊടി,സേര്‍ലാക് ,ലൈഫ് ബോയ് സോപ്പ് ,സൂപ്പര്‍ വൈറ്റ് തുള്ളി നീലം,ആമ മാര്‍ക്ക് കൊതുക് തിരി ,സെന്റ് ജോര്‍ജ് കുട,പോപ്പിന്‍സ്‌ മുട്ടായി..ഇവരെയെല്ലാം ഓര്‍ത്തു.. ഒപ്പം ആ കഴിഞ്ഞ കാലവും..നന്ദി..വീണ്ടും വരാം..

 29. ആദര്‍ശ് said...
  This comment has been removed by the author.
 30. ആദര്‍ശ് said...
  This comment has been removed by the author.
 31. കാശിത്തുമ്പ said...

  കുട്ടിക്കൂറയും, ലൈഫ്ബോയ് സോപ്പിന്‍ടെ നീറ്റലും, അച്ഛന്‍ടെ കൈയിലെ പൊതികെട്ടും, ശിക്ഷയായി മൂലയില്‍ ഇരുത്തലുമെല്ലാം ഇതു വായിച്ചപ്പോള്‍ ഞാനും ഓര്‍ത്തുപോയി.
  എല്ലാത്തവണത്തെയും പോലെ ഇതും നന്നായിട്ടുണ്ട്.

 32. faisal said...

  ellavarkum undallo oroonnu alojikkan..enikku matram adhonnum illa...uppayeyum ummayeyum kanda orma polum illa...ee post vayichadhu kond innathe urakkam poyi .......post nannayittund....thanks..ellavarum avaravarude abhiprayam paranjappol njanum paranju ennu matram.....

 33. ഭൂമിപുത്രി said...

  കഥാനായിക ആ വലതുവശം നിൽക്കുന്നാതാകും അല്ലേ? ഇടതുവശത്തെ കുഞ്ഞിന്റെ മുഖം കണ്ടിട്ടൊരു പാവത്തിനേപ്പോലെയുണ്ട്.

 34. krish | കൃഷ് said...

  പഴയ കുട്ടികൂറാ ടിന്നിനേക്കാള്‍ എനിക്ക് ഓര്‍മ്മ വരുന്നത് സിബാക്കാ/ബിനാക്കായുടെ പൂട്ട് കുറ്റിപോലുള്ള പൌഡര്‍ ടിന്നാണ്. ഒരു ബന്ധുവില്‍ നിന്നാണ് ചെറുപ്പത്തില്‍ വലിയ പൌഡര്‍ ടിന്ന് കിട്ടിയത്. പിന്നെ എന്നും വെളുക്കാനുള്ള ശ്രമമായിരുന്നു.

  പിന്നെ, പണ്ട് പഠിച്ച് തെറികളല്ലേ എഴുതിയുള്ളൂ. വലുതായപ്പോള്‍ പഠിച്ചതൊന്നും എഴുതാത്തത് ഭാഗ്യം.
  :)

 35. സഹയാത്രികന്‍ said...

  ത്രേസ്യാ കൊച്ചേ... കൊള്ളാം.... നന്നായിട്ടുണ്ടെട്ടോ... :)
  വീടിനേം കുട്ടിക്കാലോം... എല്ലാം ഒരു പാട് ഓര്‍മ്മ വന്നൂ... :)

  "സമീപഭാവിയിൽ തന്നെ മുഴുവൻ നിറഞ്ഞ്‌ 'പണ്ടാരപെട്ടി പൊട്ടിക്കൽ' ചടങ്ങ്‌ ആഘോഷിക്കുന്നതായിരിക്കും.പപ്പയും മമ്മിയും ചേച്ചിയും കുട്ടാപ്പിയൊന്നുമില്ലാതെ;ഞാൻ മാത്രം ഒറ്റയ്ക്കിരുന്ന്‌.."

  എന്താ ചെയ്യാ...ഒക്കെ ഓരോ യോഗാ....
  ജീവതത്തിന്റെ ഈ പാച്ചിലിനിടക്ക് എന്തെല്ലാം നഷ്ടമാകുന്നു നമുക്ക്... സുന്ദരങ്ങളായ ഓര്‍മ്മകള്‍ കൂട്ടിനുണ്ടെങ്കിലും.

 36. Tomkid! said...

  നൈസ് മെമ്മറീസ്....

 37. കാര്‍വര്‍ണം said...

  :( achane orthu poy aa pothikal vangan ini kazhiyillallo ennorthappol....

 38. വേണാടന്‍ said...

  എന്റേതെല്ലാം പോണ്‍സ് ഡപ്പിയിലാ..
  :)

 39. lakshmy said...

  ‘ഞങ്ങൾ പുതിയ രണ്ടു തെറികൾ കണ്ടുപിടിച്ചു - കുന്ദലത, ബങ്കാരപ്പ‘

  ഈയിടെ നാട്ടിൽ പോയപ്പോൾ ഞാനും കണ്ടുപിടിച്ചു ഒരു ബദൽ ചീത്ത വാക്ക് ‘ലാംബട്ര’. ദേഷ്യം വരുമ്പോൾ സ്ഥിരമായി പറഞ്ഞിരുന്ന ‘കോപ്പ്’ എന്ന വാക്ക് കേട്ട് അടുത്ത വീട്ടിലെ ചേച്ചി കാലിനിട്ട് ഒറ്റയടി. അതു ചീത്ത പദമാണത്രെ. അതിന്റെ അർത്ഥമെന്താണെന്ന് പക്ഷെ കക്ഷിക്കുമറിയില്ല എനിക്കുമറിയില്ല. ഏതായാലും അടിയുടെ വേദനയിൽ, പകരം ഞാൻ കണ്ടുപിടിച്ച വാക്കാണ് ലാംബട്ര. ആ ‘ട്ര’ എന്ന വാക്ക് ഇത്തിരി കടുപ്പിച്ച് പറഞ്ഞ് എല്ലാ ദേഷ്യവും അതിൽ തീർക്കാമല്ലൊ

 40. ശ്രീ said...

  ചെറിയതെങ്കിലും ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍... പോസ്റ്റ് ഇഷ്ടമായി.

 41. The Common Man | പ്രാരാബ്ധം said...

  ഏഴാമത്തെ കമന്റില്‍ നന്ദന്‍ പറഞ്ഞതിനു ഒരു "വണ്‍സ്‌മോര്‍" !

  എനിക്കും നൊസ്റ്റാള്‍ജിയ മുട്ടുന്നു....

 42. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

  പിള്ളേരുടെ കയ്യില്‍ നിന്നു പൈസ തിരികെ കിട്ടാന്‍ അമ്മ ചെയ്ത വിദ്യ ഏതായാലും കൊള്ളാം. വഴക്കും ഇല്ല വയ്യാവേലിയും ഇല്ല .

  നല്ല പോസ്റ്റ്‌

 43. ശ്രീനാഥ്‌ | അഹം said...

  കൊള്ളാം ബങ്കാരപ്പാ... കൊള്ളാം...

  :)

 44. അനിയന്‍കുട്ടി | aniyankutti said...

  ബുഹുബുഹൂഹു... :)
  നൊസ്റ്റി നൊസ്റ്റി... ഗദ്ഗദം...ഹാ!! ;)

  നല്ല രസത്തില്‍ വായിച്ചു... :)

 45. യാരിദ്‌|~|Yarid said...

  സിരിമാവൊ ബണ്ടാരനായകെ എന്നു കൂടി മുഖം വക്രിച്ചു വിളിക്കാമായിരുന്നു. കേള്‍ക്കുന്നവര്‍ക്കു വലിയ ഒരു തെറി ആയി തോന്നിയേനെ..;)

 46. നിലാവ് said...

  കൊച്ചു ത്രേസ്യ കൊച്ചെ, ഈ കുട്ടിക്കൂറ പണ്ടാരപെട്ടി എനിക്കും ഉണ്ടാരുന്നു. ഞാന്‍ മുക്കിലും മൂലയിലും സൂക്ഷിച്ചു വെക്കുന്ന കാശൊക്കെ അമ്മൂമ്മ അടിചോണ്ടുപോവാണോ, എന്ന് എനിക്ക് സംശയമായി. എണ്ണിവെക്കുന്ന കാശിന്റെ എണ്ണം കുറയുന്നു.. അതുകൊണ്ട് അമ്മ ഉണ്ടാക്കിത്തന്നു, എനിക്കും "കുട്ടി കുറ കശുംപെട്ടി" . (ചില്ലറ ഇല്ലാത്തതു കൊണ്ട് അമ്മൂമ്മ എന്നോ ഒരിക്കല്‍ കാശ് എടുതത്തെ ഉള്ളു എന്ന് അമ്മ പറയുന്നു!)

  പോസ്റ്റ് നന്നായിട്ടുണ്ട്..

 47. G.manu said...

  കൊച്ചു...കസറന്‍ പോസ്റ്റ്...

 48. അജ്ഞാതന്‍ said...

  :)

 49. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്:ബംഗാരപ്പ ഇവിടെങ്ങാണ്ടുള്ള ഒരു നേതാവല്ലേ... കൊച്ചാണോ അങ്ങേര്‍ക്കാ പേരിട്ടത്?

  ഓടോ: മുട്ടുകാലില്‍ നിര്‍ത്തിയാല്‍ കൊച്ചുങ്ങള്‍ നന്നാവൂല തല്ലി തന്നെ വളര്‍ത്തണം..എന്ന് മനസ്സിലായി.

 50. അശോക് said...

  എന്താ എഴുതാ....എന്താ പറയാ. ഒന്നുമങ്ങു വരുന്നില്ല....ഇതു വായിച്ചപ്പോ ആകെ ഒരു വിഷമം ആയി...
  കുറെ കാര്യങ്ങള്‍ ഇങ്ങനെ മനസ്സിലൂടെ ഓടിനടക്കുകയാണ്...
  കുറെ എന്തൊക്കെയോ പറയണമെന്നുണ്ട്...പക്ഷെ പറയാന്‍ തുടങ്ങിയാല്‍ അതിന് ഒരു പോസ്റ്റ് തന്നെ ഇടേണ്ടി വരും.
  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...!

 51. kaithamullu : കൈതമുള്ള് said...

  ഏറ്റവും ദ്വേഷ്യം വരുമ്പോള്‍ വിളിക്കുന്ന തെറി: കുണ്ടാമണ്ടീ.....!

 52. Balu..,..ബാലു said...

  ഒരുതരം സന്തോഷം.. പറയാന്‍ വാക്കുകളില്ലാത്തത്ര സന്തോഷം.. എവിടെയോ ഒരല്പം സങ്കടവും..

  “നല്ല പോസ്റ്റ്..“

  എന്ന് മാത്രം പറഞ്ഞാല്‍ മതിയാവില്ല. പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല.. :)

 53. പിരിക്കുട്ടി said...

  photoyum kollam...
  kochum kollam....
  "pandarapettypottikkal mahamahavum kollam...

 54. അലി കരിപ്പുര്‍ said...

  ചേച്ചി,
  കുട്ടിക്കൂറ വാങ്ങുവാൻ ലോണ്‌ കിട്ടാത്ത കാലമായത്‌കൊണ്ട്‌, മണ്ണിന്റെ ഒരു പെട്ടി എനിക്കുമുണ്ടായിരുന്നു. ഇന്ത്യ 123 കരാർ സൂക്ഷിക്കുന്ന പോലെ ഞാനും അത്‌ സൂക്ഷിച്ച്‌വെച്ചിരുന്നു. വലിയ ബലൂണും പീപ്പിയും സർക്കസ്സും ഉണ്ടായിരുന്ന കൊണ്ടോട്ടി നേർച്ച കാണുവാൻ വേണ്ടി.

  ഹാ, അതോക്കെ ഒരു കാലം.

  പോസ്റ്റിന്‌ നന്ദി.

 55. Jishad said...

  ഫോട്ടോ വളരെ അധികം ഇഷ്ടമായി. ശരിക്കും നൊസ്ടാല്ജിക് ആണ്

 56. അനൂപ്...(Last man standing) said...

  പോസ്റ്റ് നന്നായി... :)
  മധുരം കുട്ടിക്കാലം...

 57. അനൂപ്...(Last man standing) said...
  This comment has been removed by the author.
 58. കുറ്റ്യാടിക്കാരന്‍ said...

  ഹൊ.. നൊസ്റ്റാള്‍ജിയ അടിച്ച് ആകെ സൈഡായിപ്പോയി ത്രേസ്യാക്കൊച്ചേ...

 59. കൊച്ചുത്രേസ്യ said...

  അയ്യോ ഭൂമിപുത്രീ, ഇടതുവശത്തു നില്‍ക്കുന്ന പഞ്ചപാവമാണ്‌ കഥാനായിക :-)

 60. കാന്താരിക്കുട്ടി said...

  വീണ്ടും ഓര്‍മ്മകള്‍ രസകരമായി എഴുതിയിരിക്കുന്നു...ഇഷ്ടമായീ

 61. Bindhu Unny said...

  എന്താ ഒരു ഹ്യൂമര്‍ സെന്‍സ്. എന്റെ മുഖത്തൂന്ന് ഈ ചിരി മായാന്‍ കുറെ സമയമെടുക്കും. വളരെ രസകരമായ പോസ്റ്റ്. :-)

 62. pradeep said...

  പ്രദിപ്ചോന്‍ :

  കൊച്ചുത്രേസ്യക്കൊച്ചേ; ഇനിയും ഒരുപാടോരുപാടു പലഹാരപൊതികള്‍ പപ്പേടെ കൈയ്യിന്ന് കിട്ടാന്‍ ഇടവരട്ടെ......

 63. കുഞ്ഞന്‍ said...

  കൊ തേ..ജീ..

  ആ പടം തന്നെ പഴയകാലത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു. അനിയന്‍ ഇരിക്കുന്ന ആ പോസ് അത് പഴയകാലത്ത് ഫോട്ടൊ പിടിക്കുമ്പോള്‍ ആണുങ്ങള്‍ അങ്ങിനെയാണ് ഫോട്ടൊക്ക് വേണ്ടി ഇരിക്കുന്നത്. ‍

  ഇപ്പോഴും പിതാജി പഴയ പതിവുകള്‍ മുടക്കമില്ലാതെ ചെയ്യുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അസൂയ തോന്നുന്നു കൊച്ചെ..

  ആ അടിപിടി കൂടല്‍,ഇപ്പോഴതൊക്കെ ഓര്‍ക്കുമ്പോള്‍ സങ്കടം വരുന്നു.

  ഈ പോസ്റ്റ് അടുത്ത് കൊ.തേ കുട്ടി പ്രസദ്ധീകരിച്ചതില്‍ ഏറ്റവും സുഖകരമായത്..

  പിന്നെ ലവള്‍ ( ആദ്യത്തേത് ചേച്ചി കറുത്ത ഉടുപ്പ്-ഇടത് ) ലവന്‍ (അതില്‍ സംശയമില്ല) പിന്നെ ഞാന്‍ (വലതുവശം വെള്ള വരകളുള്ള ഉടുപ്പ്‌-കൊ.തെ)ഇങ്ങനെയാണ് മനസ്സിലാക്കിയത്..എന്നാല്‍ ഭൂമിപുത്രിയോട് പറഞ്ഞത് ഇടതു വശത്ത് നില്‍ക്കുന്നതാണെന്ന് കൊ.തേ ന്ന്..അപ്പോഴാ കീറാമുട്ടി പരിഹരിച്ചു തരുക - ഗണ്‍ഫ്യൂഷന്‍ ആയി..

 64. Kunjikili said...

  Kochu.....Tooooooo good!!!
  njangade veettil upayogichondirunna ettom vellya cheetha vaakkaanu.. 'YOU ALSO ' ;).
  Aniyan njangle enthu cheetha vilichaalum ( maximum is patty) njangal YOU also nnu parayum.. Avanu athukelkkunnathu pole oru deshyam... Kaari kkondu ammede aduthu pokum.. amme chechimaarenne YOU ALSO Peru vilikkuaa ennu paranju.. he hehe.. pinne Patty nirodhichappo thudangi "Nee poda GOD thirichittathey" hehe..Thanks for the post... beautifully nostalgic

 65. usmaan dubai said...

  ഓര്‍മ്മകള്‍ മരിക്കുമോ................. !!!!!!!

 66. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

  കുഞ്ഞന്‍ ജീ ഇതിനെന്താ ഇത്ര സംശയം? വെളുത്ത വരകളുള്ള ഉടുപ്പിട്ടതു തന്നെ കക്ഷി. മുഖത്തെ ആ കുസൃതിച്ചിരിയും ഈ എഴുത്തും ഒന്നു ചേര്‍ത്തു നോക്കിയേ

 67. കുമാരന്‍ said...

  ഒട്ടേറെ ഓര്‍മ്മകളുണര്‍ത്തി വിട്ട എഴുത്തും ഫോട്ടോയും വളരെ നന്നായി.

 68. Visala Manaskan said...

  എണ്ണം പറഞ്ഞ ഒരു നൊവോള്‍ജിയന്‍ പോസ്റ്റ്. (കട്:തുല്യപ്പെട്ട കണക്കെഴുത്തുപിള്ള,ദേവന്‍)

  കിട്ടിയ ചാന്‍സിന് നമ്മുടെ കാശുകുടുക്കയെപറ്റിയും ലേശം പറയാന്‍ നോമിനും ഒരു റ്റെന്റന്‍സി.

  വീട്, പെട്രോള്‍ പമ്പിന്റെ അടുത്തായതിനാല്‍ കൂറക്കുട്ടി ടിന്‍ വേണ്ടിവരാറില്ല, പകരം നല്ല കിണ്ണന്‍ ഓയില്‍ ടിന്ന് കിട്ടിയിരുന്നു കാശിട്ട് വക്കാന്‍.

  എന്റെ ഭാഗ്യത്തിന് ചേട്ടായി ആള്‍ടെ കുടുക്കയില്‍ അലൂമിനിയം പൈസ ഇടില്ലായിരുന്നു. നമ്മുടെ എക്സ്ചേഞ്ച് റേറ്റ് വളരെ കൂടുതലായതിനാല്‍, അഞ്ചിന്റേം പത്തിന്റേം ‘കൂയിനുകള്‍‍‘ നമ്മുടെ കുടുക്കയില്‍ കമ്മീഷനായി വന്നിരുന്നു. ചേട്ടന്റേ കുടുക്കയില്‍ നിന്ന്‍ ഈര്‍ക്കിള്‍ വച്ച് അടിച്ച് മാറ്റിയ
  കൂയിനുകള്‍ ചേട്ടന് തന്നെ ഹൈ എക്സ്ചേഞ്ച് റേറ്റില്‍ വിറ്റ ചരിത്രവുമുണ്ട്. പാവം.

  (ഒടോ അറിവ്: ധര്‍മ്മക്കാരുടെ എക്സ്ചേഞ്ച് റേറ്റ്, ചില്ലറക്ക് 5% കമ്മീഷന്‍ ആയിരുന്നു. 1 രൂപ കൊടുത്താല്‍ 95 അടുത്തുള്ള റെസ്റ്റോറന്റ്കാര്‍ വാങ്ങുന്നത് കണ്ട് മനസ്സിലാക്കിയതാണ്. ഡോണ്ട് മിസ്സണ്ടര്‍.. )

  കൂയിന്‍ കളക്ഷന്‍ ഉള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് കഴിഞ്ഞാഴ്ച അഞ്ചുപൈസകളേം പത്തുകളേം കണ്ടപ്പോള്‍ കണ്ണുനിറഞ്ഞുവന്നു. ചെറുങ്ങനെ; ദേ ദിപ്പഴും!

 69. ശെഫി said...

  എന്റെ ഉപ്പ പ്രവാ‍സിയാതു കൊണ്ട് പൊതിയുമായി വന്നിരുന്നത് വർഷത്തിലൊരിക്കലായിരുന്നു.

 70. ടെസി said...

  വളരെ നല്ല പോസ്റ്റ്...
  എന്നെ ഒത്തിരി കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു...
  അതൊക്കെ ഒരു പോസ്റ്റാക്കാംട്ടൊ...
  എന്നിട്ടു ലിങ്കും തരാം :)
  എന്റെ അച്ചാച്ചന്‍ എനിക്കും ചോട്ടൂനും കൂടെ ഒരു ഡേറി മില്‍ക്കായരുന്നു കൊണ്ടു വന്നിരുന്നതു...
  അതു പോലെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ :)

 71. ചിരിപ്പൂക്കള്‍ said...

  kochu,
  it's really nostalgic. പണക്കുടുക്കയും, പപ്പയുടെ ശിക്ഷണവും, അമ്മയുടെ വാത്സല്യവും, പിന്നെ വീട്ടിലെ അണ്‍ പാര്‍ലമെന്റല്‍ പദ പ്രയോഗങ്ങളും എല്ലാം. പിന്നെ നമ്മള്‍ എത്രയൊക്കെ വളര്‍ന്നാലും മാതാപിതക്കള്‍ക്ക് അവരുടെ മക്കള്‍ എന്നും ഇള്ളാകുഞ്ഞുങ്ങള്‍ തന്നയല്ലേ?.
  എന്തായാലും ഈ ഫ്ഫ്ലാഷ്ബാക്ക് സൂപ്പര്‍.
  ആശംസകളോടെ
  നിരഞ്ജന്‍.

 72. Ashly A K said...

  Very lovely post!!

 73. Aadityan said...

  നന്ദ കുമാര്‍ പറഞ്ഞതിനോട് യോജിക്കുന്നു (കൊച്ചുത്രേസ്യയുടെ പോസ്റ്റില്‍ ഒരുപാടു നാ‍ള്‍കൂടി വായിക്കാന്‍ കഴിഞ്ഞ ഒരു നല്ല പോസ്റ്റ്).അടുത്ത കാലത്ത് വായിച്ച പോസ്റ്റുകളില്‍ കൊച്ചിന്തേ പഴയ ഒരു "ഇത്" കുറവായിരുന്നു . ആ കുറവ് വളരെ നന്നായി പരിഹരിചിതുണ്ട്.നന്ദി .പോസ്റ്റ് വളരെ നന്നായിരുന്നു . ബിനാക്ക (ഇപ്പോഴത്തെ സിബാക്ക) ടൂത്ത് പേസ്റ്റ് കവരിനുള്ളിലെ പസ്റിക് മൃഗങ്ങളെ ശേകരിക്കലയിരുന്നു നമ്മുടെ വിനോദം (ജസ്റ്റ് ഓര്‍മ്മകള്‍ !!!!)

 74. annamma said...

  ഞാന്‍ പണ്ട് ഇങ്ങനെ കുറച്ചു മുട്ടുകുത്തി നിന്നിട്ടുള്ള പാര്‍ട്ടിയാ. ഇപ്പോള്‍ സേം ഐഡിയ മോന്റെ അടുത്ത് ഒന്നു പരീക്ഷീച്ചു നോക്കാന്‍ പോയിട്ടു തോറ്റ് പിന്‍മാറേണ്ടി വന്നു.

 75. bose said...

  ഹലൊ,നിങളുടെ പേരു ദീപ്തി എന്നല്ലെ, ഒരു ഹിന്ദു കുട്ടി അല്ലെ?.പിന്നെന്തിനാ വേറൊരു പേരില്‍ വേറൊരു കുടുംബ പാശ്ചാതലത്തില്‍ എഴുതുന്നത്?.പെണ്ണെന്ന നിലയില്‍ സ്വയം റിവീല്‍ ആവാതിരിക്കാനുള്ള ഭീരുത്വം അല്ലെ? അപ്പൊ എങനെ സ്വന്തം സ്രിഷ്ടികളില്‍ ആത്മാവുണ്ടാകും?

 76. മിഠായികടലാസ് said...

  :)

 77. Ajith said...

  It was really a touching post. The moments we (me & my sister) missed in our childhood due to pappa's pravasi life. Now the same is repeated for my children.

 78. പ്രിയംവദ-priyamvada said...

  എന്റെ അമ്മ പൊതുവെ വഴക്കുപറയാരില്ല..പകരം സരോപദെശ കഥകള്‍ പറയും ..(പോരെ എന്തിനു അധികം)..പിന്നെ കടുത്ത ദേഷ്യം വരുമ്പോള്‍ "അശ്രീകരം" എന്നു പറയും ..അതു കേള്‍ക്കുമ്പോള്‍എകദേശം ആ മുട്ടില്‍ നിറുത്തിയതു സമാനമായ സങ്ക്ടമാണു...ഹി ഹി

  കൊച്ചു ഈ കമ്മെന്റ് വായിക്കാന്‍ പോസ്റ്റില്‍ നിന്നും ഓട്ടൊ പിടിച്ചു വരണമല്ലോ :)

 79. വിനു said...

  കൊച്ചു ത്രേസ്യ കൊച്ചേ ഞാന്‍ ബുലോകത്തിലേക്ക് വന്നത് ഇപ്പോളാ അപ്പൊ എല്ലാരും പറഞ്ഞു ബ്ലോഗിങ്ങിന്റെ സുവര്‍ണ കാലം കുഴിഞ്ഞെന്നൊക്കെ ഭരണങ്ങാനവും കൊടകരപുരാണവും ഒക്കെ വായിച്ചു . പുതിയ പോസ്റ്റുകള്‍ക്ക്‌ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു അപ്പോളാ ഇതു കണ്ടത് നല്ല പോസ്റ്റ് .
  കുട്ടിക്കുറ പണ്ടാരപെട്ടി , ലക്ടൊ കിംഗ്‌ മിട്ടായി അങ്ങനെ പലതും ഓര്‍മിച്ചു

 80. രസികന്‍ said...

  കൊച്ചുത്രേസ്യയുടെ ഓർമ്മകളിലൂടെ വടിയും കുത്തി നടന്നപ്പോൾ ചുമ്മാ എന്റെ കുട്ടിക്കാലത്ത് പൌഡർട്ടിന്നിൽ ചില്ലറയിട്ടുവെക്കുന്ന കാര്യവും ഓർത്തുപോയി പിന്നെ കുന്ദലത, ബങ്കാരപ്പ തുടങ്ങിയ മഹനീയ വാക്കുകൾ ഫൂലോഗത്തിനു സമ്മാനിച്ച കൊച്ചുത്രേസ്യയ്ക്ക് ആശംസകൾ.

 81. ഹരിത് said...

  ഇവിടെ വന്നപ്പോ ലേറ്റായിപ്പോയി. സാരമില്ല.
  “പപ്പയും മമ്മിയും ചേച്ചിയും കുട്ടാപ്പിയൊന്നുമില്ലാതെ;ഞാൻ മാത്രം ഒറ്റയ്ക്കിരുന്ന്‌..“

  സ്സെന്‍റിയാക്കിയല്ലോ കൊച്ചേ.

 82. Cartoonist Gireesh vengara said...

  ഒരു NOSTALGIA വരുത്തിവച്ചല്ലോ കൊച്ചു ത്രേസ്യെ...

 83. navaneeth said...

  കൊച്ചെ, വയിചുട്ടോ... ഒറ്റിരുതത്തിനു തീര്ത്തു,... രസമുണ്ട് മിക്കതും,,, പുരോഗമനം ഉണ്ട് ഓരോന്നിനും... "എന്റെ കണ്ണൂര്‍" ഒത്തിരി ഇഷ്ടായി.. പിന്നെ പപ്പയുടെ കത്തും....

  കാത്തിരിക്കുന്നു, കൂടുതല്‍ പോസ്റ്റിനു വേണ്ടി...

 84. മാലാഖന്‍ | Malaghan said...

  കൊച്ചേ, എഴുത്യാ മാനം പോണ കേസാ...ന്നാലും നീയായതോണ്ട് പറയാട്ടാ.. പണ്ട് വീട്ടിലേയ് മ്മടെ മമ്മീടൊരു കാശു കുറ്റീണ്ടാര്‍ന്നൂ. ആളെത്രയിട്ടാലും അതങ്ങട് നിറയിണ്ടായില്ല്യാ... ന്തൂട്ടാ കാരണം? നമ്മളെന്നെ.. അതേത് ആങ്കിളില്‍ തിരിച്ച്കഴിഞ്ഞാ 20 പൈസവീഴും എങ്ങനെ കുലുക്ക്യാ 25 പൈസ വരും ഏത് ഈര്‍ക്കിലിട്ടാ 50 പൈസവരുംന്ന് നമ്മള്‍ ഗവേഷണം നടത്തീണ്ടാര്‍ന്നൂ.. കാരണോര്‍ടെ കീശേന്ന് കുറ്റിവഴി മ്മടെ പോക്കറ്റില്‌ ലീഗലായിട്ടെങ്ങനെ കാഷെത്തിക്കാം ന്ന് നിക്ക് കിഡ്നി പുകച്ച് ഉണ്ടാക്ക്യ വഴിയായിര്‍ന്നൂ അത്. ആരോടും നീയായിട്ടിനി പറയണ്ടാട്ട...

  പിന്നെ പോസ്റ്റ്... കലക്കീ ട്ടാ... ലാലേട്ടന്റെ അഭിനയോം നിന്റെ പോസ്റ്റും ഒക്കെ നമ്മളഭിപ്രായിക്കണ്ട കാര്യല്ല്യാ... എല്ലാം അണ്ടറ്സ്റ്റുഡല്ലേടാ ... അപ്പോമ്മക്കൊരു ഐസിട്ട നാരങ്ങാവെള്ളം കുടിച്ചാലോ ? ന്തൂട്ടാ പറേണേ?

 85. സന്ദീപ്‌ ഉണ്ണിമാധവന്‍ said...

  എനിക്കെന്താന്നറിയില്ല ... വായിച്ചപ്പോ കണ്ണ് നിറഞ്ഞു. ഈ ഓര്‍മകളൊക്കെ അയവിറക്കുന്നത് ഒരു സുഖം തന്നെയാ. ഇല്ലേ?

 86. തോന്ന്യാസി said...

  ത്രേസ്സ്യേ......നമ്മളെന്നും ഇള്ളക്കുട്ടികളാ....

  പിന്നെ ആ പലഹാരപ്പൊതി....

  കുട്ടിക്കൂറേടെ ടിന്നിലെ ഒരു വര്‍ഷത്തെ കളക്ഷനായിരുന്നു ഞങ്ങളുടെ ടെക്സ്റ്റ് ബുക്കിനുള്ള കാശ്,

  കുട്ടിച്ചാത്തന്റെ കമന്റിനു താഴെ ഞാനു ഒപ്പിട്ടു......

 87. gayathri said...

  Really Good one :)

 88. N.J ജോജൂ said...

  ഓര്‍മ്മകളുടെ അയവിറക്കല്‍...
  നന്നായിട്ടൂണ്ട്.

 89. നവരുചിയന്‍ said...

  ഞാന്‍ പിന്നെ ഈ കുടുക്ക കുടുക്ക എന്ന് പറയുന്ന സാധനത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പാവം ആയിരുന്നു . എപ്പോ സിനിമ കാണാന്‍ കാശു വേണം എന്ന് തോന്നുന്നോ അപ്പൊ ഒരു ചെറിയ ഇര്‍കില്‍ വിത്ത് ഫെവികോള്‍ ഇട്ടു കൊടുത്താല്‍ മതി .. പടം ഏതാണ്‌ എന്ന് പോലും ചോദിക്കാതെ കാശു തരും .....

  my dear kuduka I MISS U DA

 90. കൊച്ചുത്രേസ്യ said...

  എന്റെ കുട്ടിക്കൂറാ സ്മരണകളിൽ കൂട്ടുവന്ന എല്ലാ കൂട്ടുകാർക്കും നന്ദി.വിശാലന്റേം മാലാഖന്റേം ഒക്കെ കടുംകൈകൾ വായിച്ചപ്പോഴാ ഞാനോക്കെ എത്ര ഡീസന്റായിരുന്നൂന്നു മനസിലാവുന്നത്‌ :-)

  കുഞ്ഞൻ,ഇന്ത്യഹെറിറ്റേജ്‌ ആ ഇടതുവശത്തു നിൽക്കുന്ന,പുള്ളിക്കുപ്പായമിട്ട ,നിഷ്കളങ്കയായ ആ അവതാരം തന്നെയാണ്‌ ഞാൻ :-)

  വാല്മീകീ,ജയരാജ്‌,ചാത്തൻ ഡിഷും...ഡിഷും (മൂക്കിടിച്ചു പരത്തിയതാണ്‌)

  bose ഒരു പേരിൽ നിന്ന്‌ ഇത്രയ്ക്കൊക്കെ മനസിലാക്കിയെടുത്തല്ലോ!!സൃഷ്ടികളിൽ ആത്മാവിനെ ചികഞ്ഞിട്ട്‌ കിട്ടീലാന്നു വച്ച്‌ ഇത്രയ്ക്കൊന്നും ചിന്തിച്ചു കൂട്ടല്ലേ :-)

 91. Indian said...

  ഇതൊന്നു വായിച്ചു നോക്കൂ...
  http://orunimishamtharoo.blogspot.com/2008/10/blog-post_15.html
  പ്രതികരിക്കാന്‍ തോന്നുകയാണെങ്കില്‍ മാത്രം http://thurannakannu.blogspot.com/
  ഇവിടെ പ്രതികരിക്കൂ..

 92. Kalesh said...
  This comment has been removed by the author.
 93. Kalesh said...
  This comment has been removed by the author.
 94. Reflections said...

  Enikkariyilla njan enthu comment aanu ezhuthendathennu. Iniyum ingane ezhutharuthu ennu parayaan aanu aadhyam thonniyathu. Ithu vaayikkumpol, ‘Ore Kadal’ enna filmile ‘Nagaram Vidhuram’ enna paattu kelkkuka koodi aayirunnu. Oru accidental coincidence. Sathyam paranjaal thaangaan pattiyilla. Vallaathe svasam mutti poyi… nenchu thakarnnu aa irippil illaathe poyenkil ennu ariyaathe aagrahichu. Ente achanum chila vaikunnerangalil ithu pole enikkum pothiyumaayi varaarundaayirunnu. Pakshe ee blog ennil unarthiya ormakalil achan kondu varunna pothiyude manathekkaal dhoore ninne adikkunna madhyathinte manamaanu kooduthal. Oppam oru paadu dhoore nine kelkaan kazhiyunna cheetha viliyum… ezhuthaan vayya, nirthatte… thanks…

 95. febinjoy said...

  എല്ലാരും പറഞ്ഞതു പോലെ വളരെ നോസ്ടാല്ജിക് ആയ ഒരു പോസ്റ്റ് ആയിരുന്നു.... എന്തായാലും ഇതു പോലെ ഒരു ഭാഗ്യം എനിക്കില്ലാരുന്നു.... കാരണം ചെറുപ്പം മുഴുവനും ബോര്‍ഡിങ്ങില്‍ ആരുന്നു.... എന്നാലും കൊച്ചു എന്നേം കൊറേ കൊല്ലം പുറകോട്ടു കൊണ്ടുപോയി.... good work :)

 96. ദീപു said...
  This comment has been removed by the author.
 97. ദീപു said...

  Total Comments till now = 95
  Mens Aprox = 65

  Eswaraa....

 98. MyDreams said...

  കൊച്ചുത്രേസ്യയുടെ ലോകം മലയാളം അറിയുന്നവരുടെ ഒക്കെ ലോകം ആണ് ...

 99. santhosh|സന്തോഷ് said...

  പുലികളുടെ ബ്ലോഗുകള്‍ വായിച്ചു വരുന്നതേയുള്ളൂ. നന്നായിരിക്കുന്നു എല്ലാ പോസ്റ്റുകളും.
  ഈ പോസ്റ്റ് നല്ല ഇഷ്ടമായി

  എന്നെ പോലുള്ള തുടക്കക്കാരെ ഒന്നു പ്രോത്സാഹിപ്പിച്ചേക്കണേ..

 100. ഉപാസന || Upasana said...

  Post Nannaayi kochuthresya.

  100..!!!

  Upasana

 101. the silent said...

  orkkuvan enikum undu oru panappetti....amma tin thulachu tharaarullathu.
  ippozhum kondu varaarundu achan oru choodu kappalandi pothi...
  lokathulla ella achanmarudem ammamarudem manassinu ore frequency aanoo kochuthresya chechee...???

 102. നരിക്കുന്നൻ said...

  എല്ലാരുമെന്താ ഇങ്ങനെ കുട്ടിക്കാലത്തേക്ക് കൊണ്ട് പോകണേ? എന്ന് ഇങ്ങനെയിട്ട് ബുദ്ദിമുട്ടിക്കല്ലേ...

  ഈ ഫ്ലാഷ് ബാക്ക് ഒരുപാടിഷ്ടമായി.

 103. പ്രയാസി said...

  fOTTom kollaam
  മാര്യേജ് ബ്യൂറോയിലും ഈ ഫോട്ടൊയാണൊ കൊടുത്തിരിക്കുന്നത്..;)

 104. Edward said...

  good post... keep it "down"...

 105. അച്ചായന് said...

  യുവര്‍ ഓള്‍ഡ് മാന്‍ ഇസ് കൂള്‍. ഹി ഇസ് ദി ഡാഡി കൂള്‍

 106. അച്ചായന് said...

  എനിക്കും അല്പം നൊസ്റ്റി അടിച്ചു കേട്ടോ കൊച്ചുത്രേസ്യാക്കൊച്ചേ

 107. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

  ള്ളാ വാവ ഇനിഎന്നാ ഈ വഴിക്കൊക്കെ ? കുറെ കാലായല്ലൊ ഈ ഏരിയയില്‍ കണ്ടിട്ട്....

 108. ജിജു said...

  Malayalam font kittiyilla. kshamikkane. manoharamaya oru kuttikala 'scenario'. muttukuthi niruthiyulla shiksha vaayichappo, ee siksha oottaykku kitii bodhichavanayirunnu ennormichu. varatte eniyum oormakal!!!!

 109. വാവ said...

  ക്യൂട്ടിക്യൂറാ

 110. കുറുമാന്‍ said...

  നൂറടിക്ക്യാന്നൊക്കെയേ ആളുകള്‍ കേട്ടിരിക്കാന്‍ വഴിയുള്ളൂ.

  ഇവിടെ ഞാനിതാ 110 അടിക്കുന്നു.

 111. neermathalam said...

  :)

 112. Ranjith said...

  ഉജ്ജ്വലമായിരിക്കുന്നു..അച്ഛനെയും അമ്മയേയും ഒരുപാട് miss ചെയ്യുന്നു

 113. nayan said...

  good one. aa language ne sarikkum eshtappettupoyi.

 114. ഷാഫി said...

  ഇഷ്ടമായി വെല്യ ത്രേസ്യ.

 115. അത്ക്കന്‍ said...

  ഇതൊരുതരം വ്യവഹാരം ആണ് .അപ്പന്‍ മക്കള്‍ക്ക് ചില്ലറ തരുന്നു,ബുദ്ധിമതിയായ അമ്മ അത് സ്വരുക്കൂട്ടാന്‍ ഭണ്ടാരപ്പെട്ടി എന്ന കുട്ടിക്യൂറ പൌഡര്‍ റ്റിന്നിനെ ശരണം തേടുന്നു,പിന്നീടത് നിറയുന്നു,വട്ടം ഇരുന്ന് ഭണ്ടാരം വെട്ടിപൊളിക്കുന്നു,ആ കാശ് എണ്ണി തിട്ടപ്പെടുത്തി അപ്പന്റെ പോക്കറ്റിലേക്ക് തന്നെ തിരിച്ചു പോകുന്നു.അത്രമാത്രം.
  അല്ലാതെ പപ്പേടെ പക്കല്‍ പണം കായ്കുന്ന മരം ഒന്നും ഇല്ലല്ലൊ ദെവസവും പലഹാരം മേടിച്ചോണ്ട് വരാന്‍..(ഇപ്പൊ മനസ്സിലായൊ എണ്ണി തിട്ടപ്പെടുത്തുന്ന കാശിന്റെ ഗതി എങ്ങോട്ടായിരുന്നു എന്ന് ?..)

 116. Anonymous said...

  ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

  നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

  ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

 117. Sss :: That's me ...!!! said...

  കൊച്ചു ത്രേസ്യ കൊച്ചെ... ഈ പോസ്റ്റ് വളരെ നന്നായിട്ടുണ്ട്.. പെട്ടെന്ന് വളരെ കാലം പുറകിലേക്ക് തിരിച്ചു പോയത് പോലെ... ഒരു കാര്യം ത്രേസ്യ വിട്ടു പോയി എന്ന് തോന്നുന്നു... കുട്ടിക്കുര ടിന്‍ പോട്ടിക്കുമ്പോ വീഴുന്ന നാണയങ്ങള്‍ക്ക് കുട്ടികൂര പൌഡര്‍ ന്റെ സൌരഭ്യം ഉണ്ടാവും. ആ പൌഡര്‍ തുടച്ചു കളഞ്ഞിട്ടാണ് നമ്മള്‍ ആ തുട്ടുകള്‍ പെറുക്കി എടുക്കുന്നത്... എന്തായാലും ഇതു ഇഷ്ടപ്പെട്ടു...

 118. പാര്‍ത്ഥന്‍ said...

  ത്രേസ്യക്കുട്ടിയുടെ ‘പണ്ടാറക്കഥ’ വായിച്ചപ്പോൾ പഴയ ഒരു കഥ ഓർമ്മ വന്നു.
  എന്റെ ഒരു ബന്ധുവിന്റെ വീട്ടിലെ എന്റെ തന്നെ സമപ്രായക്കാരന് ഇതുപോലെ കാശ് ഇട്ടുവെയ്ക്കുന്ന പരിപാടി ഉണ്ടായിരുന്നു. പക്ഷെ എത്ര ഇട്ടുവെച്ചാലും പാത്രം നിറയുന്ന പ്രശ്നമില്ല. കാരണം താ‍ഴെ അനുജന്മാർ ഉണ്ടെന്നുള്ളതുതന്നെ.
  അവരുടെ വീടിന്റെ അകച്ചുമരുകൾ മണ്ണിന്റെ ഇഷ്ടിക കൊണ്ടുള്ളതായിരുന്നു. ഇവൻ ചുമർ തുളച്ച് അതിൽ ഒരു കുടുക്ക വെച്ച് കാശ് ഇടാനുള്ള ഒരു പഴുതും ഉണ്ടാക്കി സീൽ ചെയ്തു. കുറെ കാലത്തിനു ശേഷം ഒരു ആവശ്യത്തിന് പൊളിച്ചുനോക്കിയപ്പോൾ അതിൽ ഒരു തുട്ടുപോലും ബാക്കിയുണ്ടായിരുന്നില്ല. കാരണം എന്താണെന്നു വച്ചാൽ, എതിർ ഭാഗത്തെ മുറി അവന്റെ അനുജന്റെയായിരുന്നു. അനുജൻ ഈ കുടുക്കയുടെ പിന്നിൽ അത്‌ ഫിറ്റ് ചെയ്ത അന്നുതന്നെ ഒരു ചെറിയ ദ്വാരം ഉണ്ടാക്കിയിരുന്നു.

 119. മറ്റൊരാള്‍\GG said...

  പോസ്റ്റും കമന്റുകളുമൊക്കെ വായിച്ചിട്ട് എന്താണ് പറേണ്ടതെന്ന് അറിയില്ല. അത്രമാത്രം ഓര്‍മ്മകള്‍ മനസ്സില്‍ക്കൂടി കടന്നു പോയി.

  ഓര്‍ക്കാന്‍ രസമുള്ള കുട്ടിക്കാലഓര്‍മ്മകള്‍
  ശരിക്കും ആസ്വദിച്ചു ഈ പോസ്റ്റിലൂടെ.

  ചേട്ടന്റെ പേഴ്സിലെ (അക്ഷയപാത്രം തന്നെ അത്. എത്രേടുത്താലും അദ്ദേഹം അറിയില്ല, അതോ അറിയാത്തതായി ഭാവിച്ചതോ?)അടിച്ചുമാറ്റിയ നാണയങ്ങള്‍, ഇടയ്ക്കിടയ്ക്ക് കൊണ്ടുവരുന്ന ജെം‌സ് മിഠായികള്‍, പിന്നെ അച്ചാച്ചന്‍ കൊണ്ടു വരുന്ന പോപ്പിന്‍സ്, കൊട്ടാരക്കര ഗണപതിയമ്പലത്തിലെ ഉണ്ണിയപ്പം, ഇരിട്ടിയില്‍ (കണ്ണൂര്‍) ജോലിയിലിരിക്കുമ്പം വെളുപ്പിന് ബസ് കയറ്റിവിടാന്‍ കൂടെ പോകുമ്പോള്‍ കിട്ടുന്ന വലിയ നോട്ടുകള്‍, എല്ലാം എല്ലാം,

  പിന്നെ... കമന്റു # 15ല്‍ റ്റിന്റു എഴുതിയകാര്യം..

  എന്റെ അമ്മച്ചിയും അങ്ങനെ. പുറത്ത് എവിടെ പോയാലും എന്തിങ്കിലും വാങ്ങിക്കൊണ്ട് വരുമായിരിന്നു. അമ്മച്ചി മരിച്ചിട്ട് 13 വര്‍ഷമായി.. ആയിടയ്ക്കൊക്കെ ഞാന്‍ വിചാരിച്ചിരുന്നത് അമ്മച്ചി അമ്മവീട്ടില്‍ പോയിരിക്കുവാണ്, വരുമ്പോള്‍ നിറയെ കമ്പിളി നാരങ്ങ, നെല്ലിക്ക,ഇവയൊക്കെ കൈയ്യില്‍ ഉണ്ടാവുമെന്ന്. ഏറെ നാള്‍ കാത്തിരിന്നിട്ടും അമ്മച്ചി വന്നില്ല (:

  Thanks Thresya, for bringing those memories with tears..!

 120. CasaBianca said...

  Touching.

  Good One.

  Keep it up.

 121. Santhanu Nair said...

  valare nannayittundu.. :-)

 122. കുരുരാന്‍ said...

  ഒന്നാന്തരം ആയിട്ടുണ്ട്‌ കേട്ടോ.

 123. murmur........,,,,, said...

  ormakale purakilekku nadathunna post

 124. Kalpak S said...

  ഒരിക്കല്‍ വന്ന് പോയതാ.. ഇന്ന് ടപ്പേന്ന് ഒരു ഭൂതോദയം... ഐ ആം എ പോസ്റ്റ്. എനിക്കും പോസ്റ്റണംന്ന്.

  നിങ്ങടെ ഒരു കസിന്‍ എന്റെ കൂട്ടുകാരിയാ...

  അന്നന്നത്തെ അന്നത്തിനായുള്ള ഓട്ടത്തിനിടയില്‍.. നെഞ്ചും നെസ്റ്റില്‍ നൊസ്റ്റികള്‍ വിതറിയ ത്രേസ്യാച്ചേടത്തീ... [അങ്ങനെ വിളിക്കാം.. എന്റെ ഫ്രന്‍ഡ് ഫോറന്‍സിക്ക് വിദഗ്ദന്‍ ആ ഫോട്ടോടെ പ്രായം നിര്‍ണ്ണയിച്ചു].

  നമോ‘വാകപ്പൂ മണം ചൂടും... വാരിളം പൂങ്കുല‘

 125. Jijeesh Kachattil said...

  Nannayittundu...

  Vayichu kazhinghappol entae kannil randilum kannuneer niranghirunnau....

  Enthu knodennariyillaa...

 126. Nisant said...

  excellent...
  u did really bring
  all the essence of the childhood...

 127. Sindhu Jose said...

  ormakalkenthu sugandham...alle?
  ente ormakalkkumundu cuticurayude manam...pinne lifebuoy soapum....

 128. rajshines said...

  അതും ഇതും പറഞ്ഞു കരയിക്കന്‍ തന്ന്യാ ഭാവം...എന്റെ കണ്ണില്‍ നനവു പടര്‍ന്നു..

 129. raj said...
  This comment has been removed by the author.
 130. jaya said...

  love this. absolutely. the innocence of that age...

 131. Tharattu said...

  "എത്ര വലുതായാലും ഞങ്ങളു തന്നെയല്ലേ ആ വീട്ടിലെ കുട്ടികള്‌..പപ്പയുടെയും മമ്മിയുടെയും ഇള്ളാവാവകള്‌..പിന്നെന്താ.. "

  So touching...

 132. Josjin said...

  Ithum kidu... :)

 133. കുഞ്ഞുറുമ്പ് said...

  Its nice to read it 10 years after you wrote it. ഈ കമന്റ് കണ്ടാൽ വീണ്ടും ഒന്നു കൂടി ഫ്ലാഷ്ബാക്കിൽ പോയ ഫീലിങ് ഉണ്ടാവൂല്ലോ അല്ലേ 😂😁