Saturday, November 8, 2008

വയനാട്ടിലൂടെ വട്ടത്തിലും നീളത്തിലും...

ഒന്നോർത്താൽ വയനാടിനോടു പാവം തോന്നിപ്പോകും. സ്വന്തമായി ഒരു റെയിൽവേയോ കടൽത്തീരമോ ഇല്ലെന്നതു പോട്ടെ, വയനാട്‌ എന്ന പേരിലൊരു ടൗണോ എന്തിന്‌ ഒരു ബസ്‌സ്റ്റോപ്‌ പോലുമോ അവിടില്ലത്രേ.അതുകൊണ്ടു തന്നെ ബസിൽ കയറി ചുമ്മാ 'വയനാട്‌ ടൗണിലേക്കൊരു ടിക്കറ്റ്‌' എന്നും പറഞ്ഞ്‌ യാത്ര തുടങ്ങാനൊന്നും പറ്റില്ല. വ്യക്തമായ ഒരു ലക്ഷ്യസ്ഥാനം വേണം. ഞങ്ങളെന്തായാലും ഐശ്വര്യമായി തിരുനെല്ലി ക്ഷേത്രത്തിൽ നിന്നു തന്നെ വയനാട്‌ പര്യടനം ആരംഭിക്കാൻ തീരുമാനിച്ചു.അങ്ങനെ മഴയൊക്കെ തോർന്ന ഒരു പ്രഭാതത്തിൽ കണ്ണൂരു നിന്നും പറശ്ശിനി-തിരുനെല്ലി ബസിൽ നെടുംപൊയിൽ ചുരം കയറി മാനന്തവാടി വഴി ഞങ്ങൾ - ഞാനും കുരുട്ടും എന്റെ കസിൻ സന്ധ്യയും- തിരുനെല്ലിയിലെത്തി.


പര്യടനം തുടങ്ങുന്നതിനു മുൻപ്‌ വയനാട്ടിലേക്കൊന്നു സ്വാഗതം ചെയ്തോട്ടെ. ഫോട്ടോ നോക്ക്‌. ഫോട്ടോയുടെ വലത്തേ അറ്റത്ത്‌ തടവറ പോലെ ഒരു വാതിലു കണ്ടോ. ടൂറിസ്റ്റ്‌ ഇൻഫർമേഷൻ സെന്റർന്നോ മറ്റോ ഒരു ബോർഡ്‌ തൂക്കിയിട്ടുണ്ട്‌ അതിനു മുന്നിൽ. ചെന്നു നോക്കിയാൽ ഹൊറർ സിനിമ പോലെ തോന്നും. ഒരു ഇരുട്ടുമുറിയും അതിനുള്ളിൽ പ്രേതത്തെ തളച്ച പോലെ വെളുത്ത ഒരു കസേരയും. അതു മാത്രമായിട്ടെന്തിനാണോ പോലും അവിടെ വച്ചിരിക്കുന്നത്‌!!



നട്ടുച്ചയ്ക്കും തിരുനെല്ലിയിൽ നല്ല തണുപ്പായിരുന്നു. ബസിറങ്ങി നോക്കുമ്പോൾ തന്നെ സ്റ്റെപ്പുകൾക്കു അങ്ങു മുകളിൽ ക്ഷേത്രത്തിന്റെ മുകൾഭാഗം കാണാം.ക്യാമറ അകത്തു കയറ്റണമെങ്കിൽ പ്രത്യേക അനുവാദം വേണം. മുകളിൽ പോയി 25 രൂപ അടച്ചാൽ മതീന്ന്‌ എൻക്വയറീലെ ചേട്ടൻ പറഞ്ഞു.റെസീറ്റ്‌ കിട്ടീപ്പോഴാല്ലേ മനസിലായത്‌,ക്യാമറയ്ക്കൊന്നുമല്ല പൈസ, തിരുനെല്ലിക്ഷേത്രനവീകരണഫണ്ടിലേക്കുള്ള സംഭാവനയാണത്രേ. 5000 രൂപ കൊടുക്കുന്നവർടെ പേര്‌ അമ്പലത്തിന്റെ മുകളിലിടാൻ പോവുന്ന ഷീറ്റിൽ എഴുതിവയ്ക്കുമെന്ന്‌ അവിടെ എഴുതിവച്ചിട്ടുണ്ട്‌.10000 ആണെങ്കിൽ നമ്മടെ പേര്‌ അമ്പലത്തിന്റെ സ്റ്റെപ്പിൽ കൊത്തിവയ്ക്കും ,യെപ്പടി!! അതെന്തെങ്കിലുമാവട്ടെ, അമ്പലം കണ്ടാൽകാശു പോയ വിഷമമൊക്കെ മാറിക്കോളും. പ്രകൃതിരമണീയമയ ബ്രഹ്മഗിരി മലയും അതിലെ മനോഹരമായ അമ്പലവും ; പഴമയുടെ പ്രൗഢീന്നൊക്കെ പറയാറില്ലേ -അതുതന്നെ. പത്തുമൂവായിരം വർഷം പഴക്കമുണ്ടത്രേ.വിഷ്ണുവാണ്‌ പ്രതിഷ്ഠ.പ്രതിഷ്ഠിച്ചതു ബ്രഹ്മാവും.ദക്ഷിണകാശീന്നൊരു പേരു കൂടിയുണ്ട്‌ ഈ ക്ഷേത്രത്തിന്‌.ദാ താഴെ അമ്പലം.




ഇനി പാപനാശിനിയിലേക്കാണ്‌. . പോവുന്ന വഴിയിൽ പഞ്ചതീർത്ഥം കാണാം. പണ്ട്‌ അഞ്ചു തീർത്ഥങ്ങൾ(നദികൾ) ഒന്നിച്ചു ചേരുന്ന സ്ഥലമായിരുന്നത്രേ.ഇപ്പോൾ ചുരുങ്ങിചുരുങ്ങി ഒരു കുഞ്ഞുകുളം പോലെയായി. ആ കുളത്തിന്റെ നടുക്ക്‌ വിഷ്ണുവിന്റേതാണെന്നു വിശ്വസിക്കപ്പെടുന്ന പാദമുദ്രയുണ്ട്‌. ദാ താഴെ അതിന്റെയൊരു ക്ലോസപ്പ്‌.



പാപനാശിനി അമ്പലത്തെ ചുറ്റിയൊഴുകുന്ന പുഴയാണ്‌. പണ്ട്‌ ഈ പുഴയിലേക്ക്‌ അമൃതിന്റെ തുള്ളികൾ വീണിട്ടുണ്ടത്രേ. അതു‍കൊണ്ട്‌ ഇതിൽ കുളിക്കുന്നവർക്കൊക്കെ പാപമോക്ഷം കിട്ടുമെന്നാണ്‌ വിശ്വാസം.കർക്കിടകവാവിന്‌ ബലിതർപ്പണം ചെയ്യാനും ഇവിടെ ധാരാളം ആളുകൾ വരാറുണ്ട്‌.താഴെയതാ ബലിതർപ്പണം നടത്തുന്ന സ്ഥലം.സൂക്ഷിച്ചു നോക്കിയാൽ തർപ്പണത്തിനുപയോഗിച്ച കുടങ്ങളൊക്കെ കിടക്കുന്നതു കാണാം.





അവിടെനിന്നും മുകളിലേക്കു നടന്നാൽ മുങ്ങിക്കുളിക്കാനുള്ള സ്ഥലമായി.ഐസ്‌വാട്ടർ പോലെ തണുത്ത വെള്ളം.പുഴാന്നൊക്കെ പറയുന്നുണ്ടെങ്കിലും മലമുകളിലൂടെ ഒഴുകിവരുന്ന ഒരു അരുവിയാണെന്നേ കണ്ടാൽ തോന്നൂ.ശരിക്കും നല്ലോരു കാടിന്റെ അന്തരീക്ഷം. .ദാ താഴെ പാപനാശിനി. മുങ്ങിക്കുളിക്കാനൊന്നും പ്ലാനില്ലാതെ ചുമ്മാ ഇതിലിറങ്ങി കാലുകഴുകാംന്നു വച്ചാലും നനഞ്ഞുകുളിച്ചേ തിരിച്ചു കയറാനാവൂ. അത്രയ്ക്ക്‌ വഴുക്കലാണ്‌ കുളത്തിലെ കല്ലുകളിൽ.ശരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ എപ്പം വീണൂന്നു ചോദിച്ചാൽ മതി (അനുഭവം ഗുരു).



അടുത്ത ലക്ഷ്യം കബനീനദിയിലെ കുറുവാ ദ്വീപായിരുന്നു. ഒന്നു രണ്ടുമല്ല.ഏഴു ദ്വീപുകളുടെ ഒരു കൂട്ടമാണ്‌ കുറുവ.ബോട്ടിലാണ്‌ ദ്വീപിലെത്തുന്നത്‌. ചില ഭാഗങ്ങളിൽ നിന്ന്‌ പാലം വഴിയും ദ്വീപിലേക്കു കടക്കാൻ പറ്റും. ശാന്തതഎന്നാൽ എന്താണെന്നറിയണമെങ്കിൽ ഇവിടെ വന്നാൽ മതി. കുറച്ച്‌ ഉള്ളിലേക്കു കടന്നാൽ പിന്നെ നമ്മളും പ്രകൃതിയും മാത്രം. കൃത്രിമമായ ഒനും ഇവിടെ കാണാൻ കിട്ടില്ല. ഇരിപ്പിടങ്ങളും പാലങ്ങളും വിശ്രമസ്ഥലങ്ങളുമെല്ലാം മുള കൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. . ഞങ്ങൾ പോയ വഴിക്കൊക്കെ മുളങ്കാടുകളായിരുന്നു.എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത അവിടുത്തെ വൃത്തിയാണ്‌. അലക്ഷ്യമായി ഇട്ടിരിക്കുന്ന ബോട്ടിലുകളോ പ്ലാസ്റ്റിക്‌ കവറുകളോ ഒന്നും കാണാൻ കിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ ബാഹ്യലോകത്തിന്റെ യാതൊരു അവശിഷ്ടങ്ങളും (മനുഷ്യരല്ലാതെ)ഇവിടില്ലന്നു തന്നെ പറയം. ഇടയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന കബനീനദി. വെള്ളത്തിലൂടെ നടന്ന്‌ അടുത്ത ദ്വീപിലേക്കു പോകാം. ചിലസ്ഥലത്ത്‌ നല്ല ഒഴുക്കുണ്ട്‌.എന്നാലും നദിയിലിറങ്ങി ഒന്നു തിമിർക്കാതെ തിരിച്ചു കയറാൻ തോന്നില്ല.കല്ലുകൾടെ വഴുക്കൽ ഇവിടേം വില്ലനാണ്‌. മറ്റൊന്നും കൂടിയുണ്ട്‌. നദിയുടെ തീരത്തുള്ള മെലിഞ്ഞ മരങ്ങൾ. ഒരു സപ്പോർട്ടിനു വേണ്ടി അതിലു മുറുക്കെ പിടിച്ച്‌ നദിയിലേക്കിറങ്ങാൻ നോക്കിയാൽ വിവരമറിയും. തള്ളിയിട്ടതു പോലെ വെള്ളത്തിലേക്കു വീണോളും. വലിയ മരങ്ങളാണുടെ മോളിൽ നിന്നും തൂങ്ങികിടക്കുന്ന യമണ്ടൻ വള്ളികളാണ്‌ ഈ കുഞ്ഞുമരങ്ങൾടെ മട്ടിലും ഭാവത്തിലും നിൽക്കുന്നത്‌. മറ്റേ അറ്റം വെള്ളത്തിൽ ഒളിപ്പിച്ചു വയ്ക്കും..മരമാണെന്നു തെറ്റിദ്ധരിച്ച്‌ അതിലു പിടിക്കുന്ന വിഡ്ഡികളെ(വിഡ്ഡിണികളെയും) ബാലൻസു തെറ്റിച്ച്‌ നിർദ്ദാക്ഷിണ്യം വെള്ളത്തിലേക്കിടും (വീണ്ടും അനുഭവം ഗുരു). ദ്വീപിന്റെ ദൃശ്യങ്ങളിതാ താഴെ.








വയനാട്ടിൽ ചെന്നിട്ട്‌ എടക്കലിൽ കയറാതെ പോവാനോ!! ഞങ്ങൾ മൂന്നു പേരുടേം തയ്യാറെടുപ്പുകളൊക്കെ കണ്ടാൽ തോന്നും എവറസ്റ്റ്‌ കയറാനാണ്‌ പോവുന്നതെന്ന്‌. മല കയറാൻ പറ്റിയ കുപ്പായം, ഷൂസ്‌, ബാക്ക്‌പാക്കിൽ മൂന്നാലു കുപ്പി വെള്ളം എന്നു വേണ്ട ആകെ ബഹളം. ഗ്രൂപ്പായി പോയാലേ മല കയാറാനോക്കെ ഒരു സുഖമുള്ളൂ.. അതും ഒത്തു കിട്ടി. എന്റെ സിസ്റ്ററാന്റിയുടെ മഠത്തിലാണ്‌ ഞങ്ങൾ ക്യാംപ്‌ ചെയ്തിരുന്നത്‌. ആന്റി, മഠത്തിലെ കുറച്ച്‌ 'കന്യാസ്ത്രിക്കുഞ്ഞുങ്ങളെ' (സിസ്റ്ററാവാൻ പഠിക്കുന്ന കുട്ടികൾ) ഞങ്ങൾടെ കൂടെ മല കയറാൻ വിട്ടു. കൂടെ ഒരു ഡ്രൈവറും പിന്നെ വഴി കാണിച്ചു തരാൻ ഒരു ആദിവാസിച്ചേട്ടനും. എടക്കലിലെത്തി വണ്ടിയൊക്കെ പാർക്കു ചെയ്ത്‌ ആഘോഷമായി കയറ്റം ആരംഭിച്ചു. ആദ്യം ഏകദേശം ഒരു കിലോമീറ്ററോളം ടാറിംഗ്‌ റോഡുണ്ട്‌. അത്രേം ദൂരത്തേക്ക്‌ അവിടുന്ന്‌ ജീപ്പ്‌സർവീസുണ്ട്‌. 40 രൂപയോ മറ്റോ കൊടുത്താൽ മതി. എനാലും ഞങ്ങള്‌ ധീരമായി അ റോഡിലൂടെ നടന്നു തന്നെ പോവാൻ തീരുമാനിച്ചു. പക്ഷേങ്കിൽ, മലയുടെ മോളിലേക്ക്‌ ടാറിട്ടാലെന്ത്‌, മാർബിളിട്ടാലെന്ത്‌ ,കയറ്റം കയറ്റം തന്നെയല്ലേ. മനുഷ്യനെ ഇത്രേം ബുദ്ധിപ്പിട്ടിപ്പിക്കുന്ന ഒരു റോഡ്‌ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഒരു കയറ്റം ആഞ്ഞു വലിച്ചു കയറി കുറച്ചു നേരം അവിടിരുന്ന്‌ വിശ്രമിച്ച്‌ പിന്നെ അടുത്തതു കയറി പതുക്കെ പതുക്കെ ഞങ്ങൾ മൂന്നു പേരും ഒരു വിധത്തിൽ യാത്ര തുടർന്നു. സംഘത്തിലുള്ള ബാക്കിയെല്ലാരും കയറ്റങ്ങളൊക്കെ ഓടിയാണു കയറുന്നത്‌.അതു കാണുമ്പോഴാണ്‌ കൂടുതൽ വിഷമം.ടാറിംഗ്‌റോഡു കഴിഞ്ഞ്‌ കല്ലുകൾക്കിടയിലൂടെ കുറച്ചൂടെ കയറി മോളിലെത്തിയാൽ ഒരു വലിയ പാറ വഴി മുടക്കി നിൽക്കുന്നതു കാണാം.ഇതു തന്നെ എടക്കൽ ഗുഹ എന്നും വിചാരിച്ച്‌ സർവശക്തിയും സംഭരിച്ച്‌ കയറിയെത്തീപ്പോഴല്ലേ മനസിലായത്‌ അതു ടിക്കറ്റ്‌ കൗണ്ടറാണു പോലും.അവിടുന്ന്‌ പിന്നേം 200 മീറ്ററോളം കുത്തനെയുള്ള കയറ്റം കയറിയാലേ ഗുഹയിലെത്തൂ..



എടക്കലിനെ പറ്റി പറയുമ്പോൾ അമ്പുകുത്തിമലയെപറ്റി പറഞ്ഞേ പറ്റൂ. ആ മലയിലാണ്‌ എടക്കൽ ഗുഹ-ഏതാണ്ട്‌ ആയിരം മീറ്റർ ഉയരത്തിൽ.ഇതാ ആ മലയുടെ ഒരു വിദൂരചിത്രം. ഒന്നു സൂക്ഷിച്ചു നോക്ക്‌..വല്ലതും തോന്നുന്നുണ്ടോ. പണ്ട്‌ ശ്രീരാമൻ അമ്പെയ്തുകൊന്ന താടകയാണത്രേ ആ കിടക്കുന്നത്‌. അങ്ങനെ കിട്ടിയതാണ്‌ 'അമ്പുകുത്തി' എന്ന പേരും.ഒരു സ്ത്രീ മലർന്നു കിടക്കുന്ന രൂപമാണ്‌ ആ മലയ്ക്ക്‌. ശരിക്കും തോന്നുന്നില്ലേ..





ടിക്കറ്റൊക്കെ എടുത്ത്‌ ആ ഭീമൻപാറയിലൂടെ ഇടയിലുള്ള ഇത്തിരി വിടവിലൂടെ കയറി അപ്പുറം കടന്ന്‌ പിന്നേം കുത്തനെയുള്ള കയറ്റം.200 മീറ്ററേയുള്ളെങ്കിലും ഒരു രണ്ടു ലക്ഷം മീറ്റർ ദൂരം തോന്നിക്കും. അത്രയ്ക്കും ബുദ്ധിമുട്ടായ കയറ്റം. നിറയെ കല്ലുകളും പാറകളും. ഇടയ്ക്കിടയ്ക്ക്‌ സ്റ്റെപ്പുകളൊക്കെ നിർമ്മിച്ചു വച്ചിട്ടുണ്ട്‌. അതിലു കയറുന്നതിലും ഭേദം കല്ലിലൂടെ പിടിച്ച്‌ വലിഞ്ഞു കയറുന്നതു തന്നെയാണ്‌. ദാ കണ്ടില്ലേ ഞങ്ങൾ കയറിയ വഴി..





ആ കയറ്റം അവസാനിച്ചതു ഒരു നിരന്ന സ്ഥലത്താണ്‌. ഒരു പ്ലാറ്റ്ഫോം പോലെ കെട്ടിയുണ്ടാക്കിയത്‌. കുറച്ചിരുന്ന്‌ ശ്വാസമൊക്കെ ഒന്നു ലെവലായപ്പോഴാണ്‌ ചുറ്റും നോക്കീത്‌.അങ്ങനേയിരുന്നു മരിക്കാൻ തോന്നിപ്പോകും. അത്ര ഭംഗി!!ലോകം നമ്മടെ കാൽക്കീഴിൽ എന്നൊക്കെ അഹങ്കരിക്കാൻ പറ്റിയ സ്ഥലം. അങ്ങു ദൂരെ നിരനിരയായി മലകൾ കാണാം- കൂട്ടത്തിൽ വെളുത്തു തിളങ്ങുന്ന ഒരു സ്പെഷ്യൽ മലയും.





ആ പ്ലാറ്റ്‌ഫോമിന്റെ ഒരു സൈഡിലണ്‌ എടക്കൽ ഗുഹ. അങ്ങോട്ടിറങ്ങാൻ പാറയ്ക്കിടയിൽ ഒരു ഇരുമ്പുവാതിലുണ്ട്‌. അതിന്റെ താഴെയുള്ള കുഞ്ഞു ദ്വാരം കണ്ടില്ലേ.അതു വഴിയാണ്‌ താഴേക്കിറങ്ങുക.




പുറമേ നിന്നു നോക്കിയാൽ വളരെ ചെറുതാണെന്നു തോന്നിയാലും സംഭവം കോട്ടയം അയ്യപ്പാസു പോലാണ്‌. അകത്ത്‌ അതിവിശാലമായ ഷോറൂം. ഇതു നോക്ക്






ഗുഹയുടെ ഭിത്തിയിൽ ; അതായത്‌ സൈഡിലെ പാറയിൽ നിറയെ എന്തൊക്കെയോ വരച്ചു വച്ചിട്ടുണ്ട്‌. ശിലായുഗത്തിലെങ്ങോ മറ്റോ കുറിച്ചുവച്ചതാണത്രേ.ഒന്നു വായിക്കാൻ ശ്രമിച്ചു നോക്കുന്നോ?





അകത്ത്‌ അറ്റത്തൊരു കൊച്ചു ഇരുമ്പു വേലി കാണാം. ഗുഹയുടെ രണ്ടു പാറകൾടേം ഇടയ്ക്കുള്ള വിടവാണത്‌ വേലി കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നതാണ്‌... വലിയ വീതിയൊന്നുമില്ലെങ്കിലും ഒരൾക്ക്‌ സുഖമായി വീഴാൻ പറ്റും.എങ്ങാനും വീണു പോയാൽ കുഴൽക്കിണറിൽ വീണ അനുഭവമായിരിക്കും. അത്രയ്ക്ക്‌ ആഴമാണ്‌. ഗുഹയൊക്കെ നടന്നു കണ്ടുകഴിഞ്ഞാൽ ഒന്നു മുകളിലേക്കും നോക്കിക്കേ.. ആരായാലും ചാടിപ്പുറത്തിറങ്ങിപോകും. ഒരു ഭീകരൻ പാറ 'ഞാനിപ്പം ചാടും' എന്ന മട്ടിൽ ഡെമോക്ലീസിന്റെ വാളു പോലെ അവിടെ കുടുങ്ങി നിൽക്കുന്നു.എങ്ങാനും അതിന്റെ പിടി വിട്ടു പോയാൽ ഗുഹക്കുള്ളിൽ തന്നെ വീരചരമമടയാൻ പറ്റും. ആ ഇടയ്ക്കു കുടുങ്ങിനിൽക്കുന്ന കല്ലു കാരണമാണത്രേ അതിന്‌ എടക്കൽ ഗുഹാന്നു പേരു കിട്ടീത്‌. എന്തായാലും ദൈവം സഹായിച്ച്‌ ഇതു വരെ കല്ലിന്റെ പിടി വിട്ടിട്ടില്ല. ഇനിയൊട്ടു വിടുകയുമില്ലായിരിക്കും.




ഗുഹയിൽ നിന്ന്‌ പുറത്തു കടന്ന്‌ വേണമെന്നുള്ളവർക്ക്‌ കയറ്റം തുടരാം. ഓരോ നൂറു മീറ്ററും കൂടി കയറിയാൽ അമ്പുകുത്തി മലയുടെ മുകളിലെത്താം.ചെങ്കുത്തായ കയറ്റമാണ്‌. പിടി വിട്ടു പോയാൽ താഴേന്നു പെറുക്കിയെടുക്കേണ്ടി വരും. എങ്ങാനും കയറി എത്തിയാൽ തന്നെ തിരിച്ചിറങ്ങാൻ അസാമാന്യ ബാലൻസ്‌ വേണം. ആ പറഞ്ഞ സാധനം എനിക്കു പണ്ടേ ഇത്തിരി കുറവായതു കൊണ്ട്‌ ഞാൻ ഗുഹയിൽ തന്നെ തങ്ങി..സംഘാംഗങ്ങളുടെ പ്രോത്സഹനവും നിർബന്ധവും കൊണ്ട്‌ കുരുട്ടും സന്ധ്യയും രണ്ടും കൽപ്പിച്ച്‌ മല കയറ്റം തുടർന്നു. കയറി മുകളിലെത്തിയെങ്കിലും പല സ്ഥലത്തും കുട്ടികൾ അവരെ വലിച്ചു കയറ്റുകയായിരുന്നുവേന്ന്‌ പിന്നീടു നടത്തിയ രഹസ്യ അന്വേഷണത്തിൽ തെളിഞ്ഞു. എന്തായാലും ആ കന്യാസ്ത്രിക്കുഞ്ഞുങ്ങളെ മലകയറ്റത്തിന്റെ ഗുരുവായി സ്വീകരിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. സാരിയും ഹവായ്‌ ചപ്പലുമൊക്കെയിട്ട്‌ ഇത്രയും കുഴപ്പം പിടിച്ച മല അവരോടിക്കയറുന്നതു കാണണം. ആരായാലും നമിച്ചു പോകും.



മുകളിൽനിന്നു നോക്കിയാൽ കേരളവും തമിഴ്‌നാടും കർണ്ണാടകവും കാണാമത്രേ.ഗുഹയുടെ അവിടെ നിന്നുള്ള വ്യൂ തന്നെ ഇത്രയും മനോഹരമായ സ്ഥിതിയ്ക്ക്‌ ഏറ്റവും മുകളിൽ നിന്നുള്ള കാഴ്‌ച അതിനേക്കാൾ ഭംഗിയായിരിക്കുമല്ലോ. ദാ തെളിവായി സന്ധ്യയും കുരുട്ടും എടുത്ത ചില ഫോട്ടോസ്‌..











മല കയറുന്നതിനേക്കൾ അദ്ധ്വാനം ഇറങ്ങുന്നതാണ്‌.ആദ്യമൊക്കെ പിടിച്ചു പിടിച്ച്‌ നിരങ്ങി ഇറങ്ങി. ടാറിംഗ്‌ റോഡിലെത്ത്ക്കഴിഞ്ഞാൽ പിന്നെ ഒരു പണിയുമില്ല. ചുമ്മാ നിന്നു കൊടുത്താൽ മതി. ബെല്ലും ബ്രേക്കുമില്ലാതെ ഒറ്റ പോക്കാണ്‌.അമ്മാതിരി ഇറക്കം.എന്തായാലും അപകടമൊന്നുമില്ലാതെ താഴെ എത്താൻ പറ്റി. ഒരു മല കയറി ഇറങ്ങിയപ്പോഴേക്കും ആകെ ക്ഷീണിച്ചു പോയി.. അതുകൊണ്ട്‌ അടുത്ത വയനാടൻ വിശേഷങ്ങളൊക്കെ അടുത്ത പോസ്റ്റിൽ..

89 comments:

  1. കൊച്ചുത്രേസ്യ said...

    കണ്ണൂരിന്‌ ഇത്രേം അടുത്താണെന്നു പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ..വയനാടു ചുറ്റാനുള്ള മുഹൂർത്തോം സമയോമൊക്കെ ഇപ്പോഴാണ്‌ ഒന്നൊത്തുകിട്ടിയത്‌. :-)

  2. മറ്റൊരാള്‍ | GG said...

    കൊചുത്രേസ്യയെ എവിടെപ്പോയി എന്ന് തപ്പിപോയ എനിക്കാണ് മണ്ടത്തരം പറ്റിയത്. കാരണം ഇതിന് മുന്‍പുള്ള ഒന്ന് രണ്ട് പോസ്റ്റുകള്‍ വായിക്കാന്‍ പറ്റിയില്ല അതുതന്നെ.

    എന്നാപ്പിന്നെ ഈ വയനാ‍ട് നീളത്തിലും വട്ടത്തിലും ഒന്ന് ചുറ്റിയേച്ച് വിശദമായ് വരാം.

    ഒന്ന് രണ്ട് പടങ്ങളൊക്കെ ഞാനിങ്ങെടുത്തു.

  3. ഞാന്‍ ആചാര്യന്‍ said...

    "ട്ടോ".. തേങ്ങായ്..

    കുറുവയുടെ തീരത്തെ മരങ്ങള്‍ ഞാന്‍ വെട്ടിയെടുത്തു ത്രേസ്യേ

  4. ഉപാസന || Upasana said...

    നല്ല സ്ഥലമാണല്ലോ പെങ്ങളേ..!
    അവടന്ന് ഒരുത്തനെ ങെട്ടിക്കോ.
    എന്താ..?
    :-)
    ഉപാസന

  5. ചാണക്യന്‍ said...

    നല്ല ചിത്രങ്ങളും വിവരണവും...
    ആശംസകള്‍...
    യത്രാവിവരണം തുടരുക...

  6. Liju Kuriakose said...

    ഇതാര് കൊച്ചുത്രേസ്യ പൊറ്റക്കാടോ? കൊള്ളാം..
    എനിക്കും ഇങ്ങനെ യാത്രകള്‍ ഇഷ്ടമാണ്. തന്നെ ബസില്‍ വഴി കണ്ട് പിടിച്ച് ചോദിച്ച് ചോദിച്ച് പോവാന്‍.

  7. പ്രയാസി said...

    കിടിലന്‍ ചിത്രങ്ങള്‍ കൊച്ചേ..
    വിവരണവും

  8. ജിജ സുബ്രഹ്മണ്യൻ said...

    തിരു നെല്ലിയിലെ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രശസ്തി പിതൃകര്‍മ്മം ചെയ്യാന്‍ ആണല്ലോ.പ്രധാന മൂര്‍ത്തി മഹാവിഷ്ണു തന്നെ.കിണറില്ലാത്ത ക്ഷേത്രം എന്ന പ്രശസ്തിയും ഇതിനുണ്ടല്ലോ.പാപനാശിനിയില്‍ നിന്നും ഉള്ള വെള്ളമാണു ഉപയോഗിച്ചിരുന്നതത്രെ.ക്ഷേത്ര പ്രതിഷ്ട നടത്തിയത് ബ്രഹ്മാവ് ആയതിനാല്‍ എല്ലാ ദിവസവും രാത്രി പൂജയ്ക്ക് ബ്രഹ്മാവ് എത്തുന്നു എന്നത്രേ ഐതിഹ്യം.ആയതിനാല്‍ രാത്രി പൂജയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കി വെച്ചതിനു ശേഷമേ നട അടക്കുകയുള്ളൂ.
    അവിടത്തെ പിണ്ഡപ്പാറ കണ്ടില്ലേ.ശ്രീരാമ ലക്ഷ്മണന്മാര്‍ പിതൃക്രിയ നടത്തിയ സ്ഥലമാണ്.തിരു നെല്ലി മുതല്‍ കാശി വരെ നീളുന്ന ഒരു ഒറ്റ ശിലയുണ്ട് എന്നു കേട്ടിട്ടുണ്ട്.എന്തായാലും വയനാട്ടിലൂടെ വട്ടത്തിലും നീളത്തിലും പോയ വിശേഷങ്ങള്‍ രസകരമായി..പടങ്ങള്‍ ഒന്നു രണ്ടെണ്ണം ഞാനും എടുത്തൂട്ടോ..എന്താന്നറിയില്ല..നല്ലതെവിടെ കണ്ടാലും അടിച്ചു മാറ്റണം ന്നു മനസ്സിലിരുന്നാരോ പറയുകയാ..അനുസരിക്കാതെ പറ്റുമോ ??

  9. Tomkid! said...

    ഗുഹ വരെ കയറിയിട്ട് നിന്ന് കളഞ്ഞത് മോശമായിപ്പോയി. പിന്നേം കയറിയാല്‍ അതൊരു എക്സ്പീരിയന്‍സായേനെ. ഇതൊക്കെ ആയുസില്‍ ഒന്നല്ലേ ഉള്ളൂ

    കണ്ണൂരും കുന്നിന്റെ കാര്യത്തില്‍ മോശമൊന്നുമല്ല...കുറച്ച് വടക്കോട്ട് പിടിച്ചാല്‍ പൈതല്‍ മല ഉണ്ട്.

    ആലക്കോടിനടുത്ത്. പക്ഷെ അതിന്റെ മുകളില്‍ ഗുഹ ഇല്ല. പിന്നേയും കുറച്ചൂടെ വടക്കോട്ട് പിടിച്ചാല്‍

    “മുന്താരി” എന്നൊരു സ്ഥലമുണ്ട്. ഏതാണ്ട് പത്ത് പതിനഞ്ച് കിലോമീറ്റര്‍ കര്‍ണാടക ഫോറസ്റ്റ് വഴി

    പോണം. ഈ വഴിയാണ് തലക്കാവേരിക്ക് കണ്ണൂര്‍ നിന്നുള്ള ഷോട്ട് കട്ട്.

  10. മെലോഡിയസ് said...

    പടവും വിവരണവും കൊള്ളാം.

    ഓഫ് : ഡെയ്ലി ഈ കയറ്റം കയറിയിരുന്നേല്‍ പണ്ട് എക്‍സര്‍സൈസ് ചെയ്യാന്‍ വേണ്ടി കാശ് മുടക്കേണ്ടി വരില്ലായിരുന്നു. തടിയും ഒന്ന് കുറഞ്ഞേനേ ;)

  11. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:“മനുഷ്യനെ ഇത്രേം ബുദ്ധിപ്പിട്ടിപ്പിക്കുന്ന ഒരു റോഡ്‌ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.“ -- പറയുന്നത് കേട്ടാൽ അമേരിക്കേലു ജനിച്ച് വളർന്ന് ഇന്നിങ്ങോട്ട് വന്നിറങ്ങിയതാന്ന് തോന്നുമല്ലോ

  12. A Cunning Linguist said...

    വയനാട്ടില്‍ കഴിഞ്ഞ മാസം കറങ്ങ്ങ്ങീട്ട് വന്നതേ ഉള്ളൂ. ആ കവാടത്തിന്റെ അപ്പുറത്ത് ഒരു വാളും വെച്ചാണ് തുടങ്ങീത് (വയറ് നിറയെ ഭക്ഷണം കഴിച്ചിട്ട് ചുരം കേറിയത് കൊണ്ടാണേ)... എടക്കലില്‍ മാത്രം പോകുവാനേ കാലാവസ്ഥയും സമയവും അനുവദിച്ചുള്ളൂ. നല്ല മൂടല്‍ മഞ്ഞായിരുന്നു ആ സമയത്ത്...എടക്കല്ലിലാണെങ്കില്‍ മഴയൊക്കെ പെയ്ത് തെന്നിക്കിടക്കുക ആയിരുന്നു.... ഒരിക്കല്‍ കൂടി ഒന്ന് പോണം വയനാട്ടില്‍!

  13. അനില്‍ശ്രീ... said...

    നിരക്ഷരന്റെ ഈ പോസ്റ്റും , ഈ പോസ്റ്റും വായിച്ചിട്ട് അവിടെയെല്ലാം പോകണമെന്ന് കരുതിയാണ് ഇപ്രാവശ്യം നാട്ടില്‍ പോയത്. പക്ഷേ എല്ലാ പരിപാടികളും നടന്നില്ല. യാത്ര ഷൊര്‍ണ്ണൂര്‍ വരെയാക്കി തിരിച്ചു പോന്നു. അടുത്ത പ്രാവശ്യം ഏതായാലും പോയിട്ടെയുള്ളു...

  14. അയല്‍ക്കാരന്‍ said...

    ക്യാമറയ്ക്കുള്ള രസീ‍തില്‍ ത്രേസ്യ എന്ന് തന്നെയാണോ പേര് എഴുതിച്ചത്? അമ്പലത്തിന്‍റെ സ്റ്റെപ്പില്‍ “ഈ അമ്പലത്തിന്‍റെ പ്രായോജക കൊച്ചുത്രേസ്യ” എന്ന് പതിച്ചുവരുമ്പോള്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഇന്‍റഗ്രേഷന്‍ അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ട്.

  15. ഹാരിസ് said...

    പുതിയ പോസ്റ്റുകളില്‍ മേമ്പൊടിത്തമാശകള്‍ കുറഞ്ഞു പോകുന്നോ എന്നൊരു സംശയം

  16. കുറ്റ്യാടിക്കാരന്‍|Suhair said...

    Nice kochu...

    ഇനിയും ഒരിക്കല്‍ കൂടെ പോണം...

    ഡിസംബറില്‍ ലീവ് എടുക്കണോ? ണോ? ണോ? എന്ന ഡൌട്ട് പിന്നേം കൂടി.

  17. ബാജി ഓടംവേലി said...

    കിടിലന്‍ ചിത്രങ്ങള്‍..............
    വിവരണവും.....................

  18. കനല്‍ said...

    കൊള്ളാം നല്ല പോസ്റ്റ്,
    കാ കാശ് ചിലവാക്കാതെ അവിടെയൊക്കെ ഒന്ന് കറങ്ങിയ പോലെ.

    ആ പാറമേല്‍ എഴുതി വച്ചേക്കുന്നത് എന്തായാലും കഷ്ടപെട്ടു വായിച്ചു.

    “കലികാലത്തില്‍ കൊച്ച് ത്രേസ്യ എന്ന ബ്ലോഗറ് ഇവിടെ വന്ന് വായിനോക്കുമെന്ന്”

  19. krish | കൃഷ് said...

    ത്രേസ്യേ, യാത്രാവിവരണവും ചിത്രങ്ങളും കലക്കി.

    “ഒന്നോർത്താൽ വയനാടിനോടു പാവം തോന്നിപ്പോകും. സ്വന്തമായി ഒരു റെയിൽവേയോ കടൽത്തീരമോ ഇല്ലെന്നതു പോട്ടെ, വയനാട്‌ എന്ന പേരിലൊരു ടൗണോ എന്തിന്‌ ഒരു ബസ്‌സ്റ്റോപ്‌ പോലുമോ അവിടില്ലത്രേ.”

    കേന്ദ്രത്തിലേക്ക് ഒരു നിവേദനം കൊടുത്താലോ. തിരഞ്ഞെടുപ്പ് വരാന്‍ പോവുകയല്ലേ, ചുരുങ്ങിയപക്ഷം ഒരു കടല്‍ത്തീരമെങ്കിലും അനുവദിച്ചുകിട്ടും. പക്കാ.

    ഈ മലയൊക്കെ കയറി നിരങ്ങിയിറങ്ങിയിട്ട് ഇപ്പൊ എത്ര കിലോ തടി കുറഞ്ഞു. സ്ലിം ബ്യൂട്ടി ആയോ. :)


    അവസാനത്തെ നാലു പടങ്ങളും കലക്കി.
    (ഓ, അത് കൂടെ വന്നവര്‍ എടുത്തതാണല്ലോ.)

  20. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

    എന്റെ പൊന്നോ, അപ്പോ ത്രേസ്യാ 'പൊറ്റ'ക്കാടിന്റെ സഞ്ചാര സാഹിത്യോം വായിച്ചു. ഇനി എന്തെല്ലാം കാണാനും കേള്‍ക്കാനും കെടക്കണെന്റെ പൊന്നിന്‍ കുരിശു മുത്തപ്പാ...

    ഞങ്ങൊളൊരു ട്രക്കിങ്ങിനിറങ്ങീപ്പൊ ഒരു വല്ല്യ പുള്ളീ സ്വയം പരിചയപ്പെടുത്തി "എനിക്കു വയസ്സ് 18..", ഒന്നു നിര്‍ത്തിയിട്ടു പുള്ളി തുടര്‍ന്നു, "ആയിരുന്നു കുറച്ചുമുമ്പ്"... ട്രക്കിങ്ങ് കഴിഞ്ഞപ്പൊ ആളത് തിരുത്തി "എനിക്ക് 35 വയസ്സായിട്ടോ..."

    ചിത്രങ്ങളും നന്നായി!

  21. ജയരാജന്‍ said...

    "വയനാട്ടിലൂടെ വട്ടത്തിലും നീളത്തിലും..." ‘വട്ടത്തിൽ‘ മനസ്സിലായി; ‘നീളത്തിൽ‘? ഓ കൂടെ കസിനും കുരുട്ടും ഒക്കെ ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്... :) :)

  22. Jayasree Lakshmy Kumar said...

    ചിത്രങ്ങളും വിവരണങ്ങളും വളരേ നന്നായി. ചിത്രങ്ങൾ പക്ഷെ, വലുതാക്കി കാണാൻ പറ്റിയില്ലല്ലൊ. എന്റെ സിസ്റ്റത്തിന്റെ കുഴപ്പമാണൊ എന്തോ

  23. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    പോസ്റ്റിനോളം തന്നെ രസിച്ചു കനലിന്റെ കമന്റും

  24. Indu said...

    അസൂയ കുശുമ്പ് ...പിന്നേം അസൂയ കുശുമ്പ് .... ഇതൊരു രോഗമാണോ ത്രേസ്യക്കുട്ടീ ?
    കിടിലം സ്ഥലം ഇതൊക്കെ കാണാന്‍ ഭാഗ്യം കിട്ടിയല്ലോ? സഞ്ചാര സാഹിത്യം ഇനിയും വളരട്ടെ !!

  25. ബിനോയ്//HariNav said...

    ചിത്രങ്ങള്‍ കാട്ടി കൊതിപ്പിച്ചല്ലോ കൊച്ചുത്രേസ്യേ. അടുത്ത വെക്കേഷന് ഉന്നം പിടിക്കാമല്ലേ...

  26. The Prophet Of Frivolity said...

    Any chance to get High resolution images?

    Please....

  27. തോമാച്ചന്‍™|thomachan™ said...

    ആ ശിലാ ലികിതങ്ങള്‍ ഒന്നും വായിച്ചിട്ട് മനസ്സില്‍ ആയില്ലെ ത്രേസ്യ കോച്ചിന് ??പണ്ടു MCA ക്ക് പഠിക്കുമ്പോള്‍ ഇടക്കല്‍ ഗുഹയില്‍ ഒക്കെ പോയിരുന്നു. അന്ന് ഞങ്ങള്‍ക്ക് Guide ആയി വന്ന ഒരു ചേട്ടന്‍ പറഞ്ഞതു "പല പുലികള്‍ ഉള്ള ഒരു രാജാവ് (പേര് മറന്നു പോയി) ഈ ഗുഹയില്‍ ജീവിച്ചിരുന്നു" എന്നോ മറ്റോ ആണ് അതിന്റെ അര്ത്ഥം എന്നാ. ഇനി അങ്ങേരു ഞങ്ങളെ പറഞ്ഞു പറ്റിച്ചതാണോ എന്നരിയിലാടോ

  28. annamma said...

    ഇതു വരെ ഒരു കുഴല് കിണറിന്ടെ അകം കണ്ടിട്ടില്ല്. അതിന്ടെ ഒരു ഫോട്ടോ എടുക്കാന് ഒന്നു ശ്രമിച്ചൂടേ കൊച്ചേ

  29. Anuroop Sunny said...

    ചിത്രങ്ങള്‍ കൂട്ടിചെര്‍ത്തുള്ള വിവരണം ഹൃദ്യമായിത്തോന്നി. ..
    ആശംസകള്‍...

  30. ഭക്ഷണപ്രിയന്‍ said...

    വയനാടന്‍ തമ്പാനെ അവിടെങ്ങാനും കണ്ടായിരുന്നോ കൊച്ചേ?

    ഈ "വിഡ്ഡിണി" എന്താ? "വിഡ്ഡി" തന്നെ സ്ത്രീ ലിംഗമല്ലേ? ഒരു "ണി"കൂടി വേണോ?

  31. കൊച്ചുത്രേസ്യ said...

    Prophet Of Frivolity,lakshmi ഒക്കെ ശരിയാക്കിയിട്ടുണ്ട്‌. ഇനി ഒന്നു ക്ലിക്കി നോക്കൂ..

  32. Sathees Makkoth | Asha Revamma said...

    നല്ല വിവരണം.
    എന്നാണാവോ എനിക്ക് ഇവിടെയൊക്കെ ഒന്ന് പോകാൻ പറ്റുന്നത്.
    ചാത്താ ആത്മാർത്ഥമായി എഴുതുന്നതല്ലേ. എന്തിനാ കളിയാക്കുന്നേ :)

  33. The Prophet Of Frivolity said...

    ഇങ്ങളെ കേമറ (ശ്രീനിവാസന്‍ കണ്ണൂരിന്റെ കണ്ണല്ലേ?) എത്ര മെഹാപിക്സലാ? ഏറ്റ്വം കൊറഞ്ഞത് ഒരു 1024*768 എങ്കിലും പ്രതീക്ഷിച്ചു. (അതാണ് എന്റെ ഡെസ്ക്ടോപ്പ് റെസല്യൂഷന് :‍) ) എന്നാലും സാരമില്ല. ദാങ്ക്സ്.

  34. Appu Adyakshari said...

    ഇത്തവണയും മോശമായില്ല കൊച്ചുത്രേസ്യയോടൊപ്പമുള്ള ഈ യാത്ര. നന്ദി.

  35. ചിരിപ്പൂക്കള്‍ said...

    നയനമനോഹരം ഈ വയനാടന്‍ കാഴ്ചകള്‍.

    ആശംസകളോടെ.

  36. Niranchan said...

    എന്റെ വയനാടിനെ കുറിച്ചുള്ള ഈ ചിത്രങ്ങള്‍ക്കും വിവരണത്തിനും എല്ലാ വയനാട്ടുകാരുടെയും ആശംസകള്‍..............ഇനിയും വരികാ.......

  37. Anil cheleri kumaran said...

    ഈ കുറുവ ദ്വീപില്‍ കഴിഞ്ഞ മാസം ഞാനും പോയിരുന്നു. വരുമ്പോ ഒരു പയ്യന്‍ ബോട്ടില്‍ നിന്നും പറഞ്ഞ പോലെ ഐസ്ലാന്റ് ഈസ് വെയിസ്റ്റ്ലാന്റ്.!!

  38. Unknown said...

    വിവരണം വായിച്ചു. ഞങളും പോയിരുന്നു വയനാട്ടില്‍. അവിടെ കുറുവ ദ്വീപില്‍ ഒക്കെ പോയി. കാട്ടിനകത് കേറിയപ്പോള്‍ മഴ പെയ്തു. നല്ല രസായിരുന്നു.

  39. Ashly said...

    Thankx Buddy!!! Waiting for the second part

  40. ബീരാന്‍ കുട്ടി said...

    ത്രേസ്യ കൊച്ചെ,
    വിവരണം കൊള്ളാം, നല്ല ചിത്രങ്ങളും.

    ഒരു സംശയം, ആദ്യത്തെ ഫോട്ടോ, അത് തമാരശേരി ചുരം കയറിവരുന്ന വഴിക്കല്ലെന്ന്. (അവിടെം ഇത്പോലെ ഒരെണ്ണം കിടപ്പുണ്ടെ)

  41. Nisha/ നിഷ said...

    പോകാന്‍ ഒരുപാടഗ്രഹിച്ച സ്ഥലമാണ്.. വയനാട്.. കാരണം പ്രകൃതിയെ മുറിപ്പെടുത്താത്ത ഒരിടം കാണാനുള്ള കൊതി... എങ്കിലും വായിച്ചു തീര്‍ന്നപ്പോള്‍ അവിടെ പോയ പ്രതീതി.. നന്ദി ഇത്രയും ന്നല്ലൊരു സചിത്ര യാത്രാ വിവരണത്തിന്..

  42. usmaan dubai said...

    വയനാടിണ്റ്റെ ദൃശ്യഭംഗി ലോകംമുഴുവന്‍ കാട്ടിയ കൊച്ചു സഞ്ചാര സാഹിത്യകാരിക്ക്‌ അഭിനന്ദനങ്ങള്‍.

  43. നിരക്ഷരൻ said...

    കൊച്ചുത്രേസ്യാക്കൊച്ചേ...

    ഒറ്റയടിക്ക് വട്ടത്തിലും നീളത്തിലുമൊക്കെയായി നല്ലൊരു വയനാട് സഞ്ചാരം തന്നെ നടത്തിയല്ലോ ? നന്നായി. എന്നാലും ഇനീം ഇതുപോലെ ഒന്നോ രണ്ടോ അങ്കത്തിനുള്ള ബാല്യം അവശേഷിക്കുന്നുണ്ട് വയനാട്ടില്‍. സമയം കിട്ടുമ്പോള്‍ കന്യാസ്ത്രിക്കുഞ്ഞുങ്ങളുമായി ചുമ്മാ ഇറങ്ങ്... :)

    ഇടയ്ക്കല്‍ ഗുഹയില്‍ കണ്ട ചുമര്‍ ലിഖിതങ്ങള്‍ ഹൊയ്‌സള ലിപിയിലുള്ളതാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ കര്‍ണ്ണാടകം ഭരിച്ചിരുന്ന പ്രബലരായ രാജാക്കന്മാരാണ് ഹൊയ്‌സളര്‍. അന്ന് വയനാട് കര്‍ണ്ണാടകത്തിന്റെ ഭാഗമായിരുന്നു. ഹൊയ്‌സള രാജാക്കന്മാര്‍ ജൈനമതത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.അവരില്‍ പലരും ജൈനമതസ്ഥരുമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇടയ്ക്കല്‍ ഗുഹ ഒരു ജൈനക്ഷേത്രമാണ്. (എനിക്കിതുവരെ അവിടെ പോകാന്‍ പറ്റിയിട്ടില്ല. ഇനിയെന്തിനാ പോകുന്നത് ? ഈ പോസ്റ്റ് വായിച്ചാല്‍ പോരേ ?)

    ഓ:ടോ:- വല്ലപ്പോഴുമൊക്കെ വയനാട്ടില്‍ ചെന്ന് മനുഷ്യന്മാര് കാണാത്ത വല്ല കുന്നോ, കാടോ മേടോ ഒക്കെ പോട്ടം പിടിച്ച് ഒരു പോസ്റ്റാക്കിയിട്ട് ബൂലോകജീവിതം ഉന്തിത്തള്ളിക്കൊണ്ടുപോയിരുന്ന ഞമ്മക്കിട്ട് ഒരുഗ്രന്‍ ചെയ്ത്തായിപ്പോയി കേട്ടോ ഈ പോസ്റ്റ്. ഒറ്റവാചകത്തില്‍പ്പറഞ്ഞാല്‍....

    ‘മലബാര്‍ എക്സ്പ്രസ്സ് തട്ടി നിരക്ഷരന്‍ മയ്യത്തായി’ :) :)

  44. nandakumar said...

    ചിത്രങ്ങള്‍ നന്നായി.
    “പോവുന്ന വഴിയിൽ പഞ്ചഹീർത്ഥം കാണാം. “ പഞ്ചതീര്‍ത്ഥമല്ലേ അതോ അതു മാറ്റിയോ ഈയ്യിടെയെങ്ങാനും??!!

    രസിച്ചത് കനലിന്റെ കമന്റ്!! :)

  45. പിരിക്കുട്ടി said...

    കൊച്ചിന്റെ ഒരു ഭാഗ്യം ...
    ഞാ‍ന്‍ ഇതൊക്കെ വായിച്ചു ത്രിപ്തിപ്പെടുകയല്ലാതെ ഒരു സഞ്ചാരവും നടത്താന്‍ പറ്റിയിട്ടില്ല

  46. മുസാഫിര്‍ said...

    വയനാട് പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കി...അല്ല സോറി.
    വയനാട് ജില്ലയിലെ ഓരോ കല്ലും കാട്ടാറുമൊക്കെ അരിച്ച് പെറുക്കിയുള്ള ഈ യാത്രാവിവരണം അസ്സലായി.

  47. Unknown said...

    കൊച്ചു ത്രേസ്യ കൊച്ചെ
    വയനാടിനെ കുറിച്ച് ഓർത്തുള്ള സങ്കടം കേട്ടപ്പോൾ ചിരിയാ വന്നെ?
    അവിടെ ഇത്രേം പേര് ആത്മഹത്യ ചെയ്തിട്ട് ആ സങ്കടമാണ് പങ്കു വച്ചതെങ്കിൽ സഹിക്കാമായിരുന്നു.
    ഇതൊരു കൊച്ചുത്രേസ്യ സ്റ്റൈലായി പോയി

  48. കായംകുളം കുഞ്ഞാട് said...

    വല്ലപ്പോഴും ബാംഗ്ലൂരില്‍ വരുമ്പോള്‍ വയനാട് വഴി ഒക്കെ ആണ് പോവുന്നതെങ്കിലും അവിടെ ഇത്രേം ഒക്കെ സംഭവങ്ങള്‍ ഉണ്ടെന്നു ഒരിക്കലും കരുതിയില്ല. നന്ദിയുണ്ട്...

  49. ചാർ‌വാകൻ‌ said...

    ബൂലോകത്തെത്തിയതു മുതല്‍ ത്രേസ്യാകൊച്ചിന്റെ ഭാഷകണ്ട് പകച്ചു പോയവനാണ്,ഈയുള്ളവന്‍.ഇരുപത്ഞ്ന്ചു വര്‍ഷത്തിനുമുമ്പ്-ഇടയ്ക്കലില്‍പോയപ്പോള്‍,ഒരു പാമ്പിനെ




    കണ്ടിട്ട്(അത്രവലിപ്പമുള്ളതിനെ പിന്നീട് കാണാന്‍
    കഴിഞ്ഞിട്ടിള്ല്ല)കുറ്റിയടിച്ചപോലെ നിന്നുപോയി.
    പോട്ടം ​(നിരക്ഷരന്‍)കണ്ടപ്പോള്‍ ഓര്‍മമകളെല്ലം തിരിച്ചുവരുന്നു.

  50. ചാളിപ്പാടന്‍ | chalippadan said...

    നന്നായിരുന്നു കൊച്ചേ..
    ഈ മരുഭുമിയില്‍ മത്സരിച്ചു തുറക്കുന്ന ഷോപ്പിങ്ങ് മാളുകളുടെ ചിത്രങ്ങളുടേയും വിവരണങ്ങളുടെയും ഇടയ്ക്ക് ഒരു കുളിര്‍മയായി മാറി ഈ പോസ്റ്റ്. ശരിക്കും ഗോഡ്സ് ഓണ്‍ കണ്‍ട്രി!!!

  51. കൊച്ചുത്രേസ്യ said...

    മറ്റൊരാളേ ഞാൻ കുറച്ചു നാളുകളായി ഒളിവിലായിരുന്നു.അതാ തപ്പീട്ടു കിട്ടാത്തത്‌ :-)

    ആചാര്യാ കുറുവയുടെ ഭംഗി തന്നെ ആ മരങ്ങളാണ്‌. അതു വെട്ടിയാൽ ഞങ്ങ പ്രകൃതിസ്നേഹികൾ വിടമാട്ടെ :-))

    ഉപാസനേ ഇഷ്ടപ്പെട്ട സ്ഥലത്തുന്നൊക്കെ ഓരോരുത്തരെ കെട്ടുകാന്നു വച്ചാൽ ഇമ്മിണി ബുദ്ധിമുട്ടാണേ..കേരളം മുഴുവൻ ഓടി നടന്നു കെട്ടേണ്ടി വരും :-P

    ചാണക്യാ,അച്ചായാ,പ്രയാസീ നന്ദി

    കാന്താരിക്കുട്ടീ വിശദാംശങ്ങൾ പങ്കു വച്ചതിനു നന്ദി

    tomkid പൈതൽമലയുടെ കാര്യം പറഞ്ഞ്‌ എന്നെ വേദനിപ്പിക്കരുത്‌. അതിന്റെ താഴ്‌വാരത്താണ്‌ എന്റെ തറവാട്‌. പക്ഷെ ഇതുവരെ മല കയറാൻ പറ്റീട്ടില്ല. അടുത്താണല്ലോ;എപ്പോൾ വേണമെങ്കിലും പോവാലോന്നും പറഞ്ഞ്‌ ഓരോ പ്രാവശ്യവും പൈതലിനെ തഴയും :-(
    മുന്താരിയെ പറ്റി കേട്ടിട്ടില്ല. കുഞ്ഞുനാളിലേപ്പോഴോ തലക്കാവേരിയിൽ പോയിട്ടുണ്ട്‌. ഒരു വലിയ കാട്‌ വഴി. അവിടെങ്ങാനുമായിരിക്കും അല്ലേ ..

    മെലോഡിയസ്‌ ഉവ്വ!! ഒരു മല കയറിയാൽ പിന്നെ പത്തു ദിവസം വിശ്രമമാണ്‌.അതോണ്ട്‌ തടീടെ കാര്യത്തിലൊന്നും ഒരു രക്ഷയുമുണ്ടാകുമെന്നു തോന്നുന്നില്ല :-)

    ചാത്താ അമേരിക്കയല്ലെങ്കിലും അതേ പോലെയുള്ള റോഡുകളൊക്കെയുള്ള ഒരു നാട്ടിലാ ഞാൻ ജനിച്ചു വളർന്നത്‌.റോഡുകളുടെ നിലവാരം വച്ചു നോക്കിയാൽ നമ്മടെ കണ്ണൂര്‌ അമേരിക്കയെ തോൽപ്പിക്കില്ലേ :-))

    ഞാൻ -മഴയത്ത്‌ എടക്കൽ കയറുകാന്നോ!! മഴയൊന്നും ഇല്ലാതിരുന്നിട്ടും കാര്യമായ പരിക്കുകളൊന്നുമില്ലതെ അവിടെ കേറിയെത്തിയ ബുദ്ധിമുട്ട്‌ എനിക്കറിയാം :-))

    അനിൽശ്രീ എന്തായാലും പോണം.എന്തഭിപ്രയത്തിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ്‌ വയനാട്‌. നിരക്ഷരന്റെ പോസ്റ്റിലേക്കുള്ള ലിങ്കുകൾക്ക്‌ നന്ദി.

    അയൽക്കാരാ അവാർഡൊന്നും വേണ്ടായേ... ത്രേസ്യാന്നൊക്കെ പേരു കൊടുത്താൽ പിന്നെ അതു മതി..അഹിന്ദു കയറി അശുദ്ധമാക്കീന്നും പറഞ്ഞ്‌ എല്ലാരും കൂടി എന്നെ കൊന്നു കയ്യിൽ തരും :-)

    ഹാരിസ്‌ തമാശയുടെ അളവൊക്കെ മൂഡനുസരിച്ചു മാറിക്കൊണ്ടിരിക്കും :-)

    കുറ്റ്യാടിക്കാരാ ചുമ്മാ ലീവെടുക്കെന്നേ..

    ബാജി താങ്ക്സ്‌

    കനലേ ഡാങ്ക്സ്‌.. ഞാനിത്രേം വല്യ ഒരു സംഭവമാണെന്ന്‌ ഇപ്പഴല്ലേ പുടികിട്ടീത്‌. എല്ലാം വായിച്ചു മനസ്സിലാക്കി ത്തരാൻ ഒരു ശിലായുഗമനുഷ്യൻ തന്നെ വേണ്ടിവന്നു ;-)

    കൃഷ്‌ നിവേദനമൊക്കെ കൊടുത്താൽ പിന്നെ ഞങ്ങൾ കണ്ണൂരുകാർക്കു പാരയായേക്കും.. ഞങ്ങടെ വല്ല കടൽത്തീരവുമെടുത്ത്‌ വയനാടിനു കൊടുക്കാൻ കേന്ദ്രം തീരുമാനിച്ചാലോ..
    അവസാനത്തെ ഫോട്ടൊയുടെ കാര്യം മിണ്ടിപ്പോകരുത്‌; തടിയുടെയും.. :-))

    കുളത്തിൽ കല്ലിട്ടവനേ ഇതൊക്കെ ഒരു തുടക്കമല്ലേ..

    ജയരാജ്‌ വട്ടത്തിലും നീളത്ത്ലും എന പ്രയോഗത്തിന്‌ ജീവിച്ചിരിക്കുന്നവരോമരിച്ചവ‍ാ ആയ മനുഷ്യജീവികളുമായി ആതൊരു ബന്ധവുമില്ല. കേട്ടല്ലോ :-))

    lakshmy ഒക്കെ ശരിയാക്കി

    ഇൻഡ്യാഹെറിറ്റേജ്‌ :-)

    മാളൂ വെറുതേയിരുന്ന്‌ അസൂയിക്കാതെ ബാഗും തൂക്കി ഇറങ്ങെന്നേ.. :-)

    ബിനോയ്‌ ഉന്നം പിടിക്കുന്നതൊക്കെ കൊള്ളാം.വെക്കേഷനാവുമ്പഴും ഈ ഉന്നത്തിന്റെ കാര്യമൊക്കെ മറന്നു പോവാതെ നോക്കിയാൽ മതി :-)

    Prophet Of Frivolity എന്റെ ക്യാമറയെ പറഞ്ഞാൽ ഇങ്ങള്‌ ഇടി മേടിക്കുമേ.. റെസല്യുഷൻ ഇതിലും കൂട്ടിയപ്പോൾ പേജ്‌ലോഡാവാനോക്കെ ഒരു അമാന്തം പോലെ.അതോണ്ടാ ഒക്കെ ഒന്നു മിതമാക്കീത്‌..

    അപ്പു,ചിരിപ്പൂക്കൾ നന്ദി

    Niranchan ഇനിയും വരും. കുറെ കാഴ്ചകൾ കാണാൻ ബാക്കി വച്ചിട്ടാണ്‌ അവിടുന്നും തിരിച്ചുവന്നിരിക്കുന്നത്‌ :-)

    മലയാളീ എന്റെ ചിന്തകളൊക്കെ ഇപ്പോൾ തന്നെ നൂറു കണക്കിനു മലയാളികളുമായി പങ്കിടുന്നുണ്ട്‌ ഈ ബ്ലോഗു വഴി :-))

    കുമാരൻ.Sankar,ashly നന്ദി

  52. കൊച്ചുത്രേസ്യ said...

    ബീരാങ്കുട്ടിക്കാ നിങ്ങ കറക്ടാണു കേട്ടോ. അതു താമരശേരീന്നു കയറുമ്പോഴുള്ള കവാടമാണ്‌. ഞങ്ങള്‌ യാത്രയുടെ അവസാനമാണ്‌ അവിടെത്തീത്‌. പക്ഷേങ്കില്‌ യാത്രാവിവരണത്തിലെങ്ങനാ സ്വാഗതമൊക്കെ അവസാനം പറയുക.. അതോണ്ടാ അതിനെ ആദ്യം തന്നെ പോസ്റ്റിൽ കയറ്റിയത്‌.(ശ്‌ ശ്‌ ഇതു നമ്മളു രണ്ടു പേരും മാത്രം അറിഞ്ഞാൽ മതി കേട്ടോ.)

    ജ്വാലാ നന്ദി.നാട്ടിലാണെങ്കിൽ ഒന്നു പോവൂന്നേ.. അധികം സമയമൊന്നും എടുക്കില്ല. ഒരു വീകെൻഡ്‌ അങ്ങോട്ടെക്കായി പ്ലാൻ ചെയ്താൽ മതി.

    usmaan നന്ദി

    നിരക്ഷരാ ഇതാണോ ആ എഴുത്തിന്റെ സത്യാവസ്ഥ. അവിടുത്തെ ഗൈഡ്‌ പറഞ്ഞത്‌ അത്‌ ശിലായുഗകാലത്തെങ്ങാണ്ടുള്ളതാണെന്നാണ്‌. കേട്ട പാടേ ഞാനങ്ങു വിശ്വസിക്കുകയും ചെയ്തു..

    ഇങ്ങനങ്ങു മയ്യാത്താവാതെന്നേ.. പാവം ഞാൻ എക്സ്പ്രസു പോലെ പോയി ഓട്ടപ്രദക്ഷിണം നടത്തി തിരിച്ചു വന്നതല്ലേ. മാഷാണെങ്കിൽ പോയി എല്ലാം ശരിക്കും കണ്ടു പഠിച്ചിട്ടു പോസ്റ്റിടുന്നതും.അതാൺ് കൂടുതൽ നല്ലത്‌.. :-)

    നന്ദകുമാർ തിരുത്തി തിരുത്തി..പത്തു പ്രാവശ്യം ഇമ്പോശിഷ്യൻ എഴുതുകയും ചെയ്തു :-)

    പിരീക്കുട്ടീ താങ്ക്സ്‌

    മുസാഫിർ ഹി.ഹി.. എടക്കൽ കയറുമ്പോൾ ശരിക്കും അതു തന്നെയായിരുന്നു അവസ്ഥ- ഓരോ കല്ലും പിടിച്ചു പിടിച്ച്‌..

    അനൂപ്‌ ഈ ബ്ലോഗിൽ കൊച്ചുത്രേസ്യാ സ്റ്റൈലല്ലേ പ്രതീക്ഷിക്കാവൂ.. 'പാവം തോന്നുക' എന്നുള്ളതിൻ ഞങ്ങൾടെ നാട്ടിൽ 'സഹതാപം തോന്നുക' എന്നൊരർത്ഥം കൂടിയുണ്ട്‌ കേട്ടോ :-)

    കായംകുളം കുഞ്ഞാടേ എന്റെ കാര്യവും അതു തന്നെ :-))

    ചാർവാകാ അവിടെ പാമ്പുമുണ്ടോ!!ഭാഗ്യത്തിന്‌ ഒന്നും എന്റെ മുന്നിൽ വന്നു പെട്ടില്ല :-)

    ചാളിപ്പാടാ നന്ദി.. നാടിനു പുറത്തേകു പോവുമ്പോഴാണ്‌ നമ്മുടെ നാടിന്റെ ഭംഗി ശരിക്കും മനസിലാവുക..

  53. കുഞ്ഞന്‍ said...

    പാവം നിരു..!

    വട്ടത്തിലും നീളത്തിലും എന്നു പറയുന്നത് കുരിശ്, അപ്പോള്‍ വയനാട്ടിലൂടെ കുരിശ്...കുരിശൊ അതൊ കുരിശും പിടിച്ചൊ?

    ബാക്കി വിശേഷങ്ങള്‍ക്കായി...

  54. navaneeth said...

    കൊള്ളാം കൊച്ചെ കൊള്ളാം,,,,, ഒരു കൊചു പൊറ്റകാടി തന്നെ.....

  55. തറവാടി said...

    അവധിക്കാലത്ത് വയനാട്ടില്‍ ഒന്ന് കറങ്ങിയിരുന്നു നാല് ഫോട്ടോയിട്ട് ആളോളെ പറ്റിച്ചു , ഈ പോസ്റ്റ് നന്നായി കനലിന്‍‌റ്റെ കമന്‍‌റ്റും മറുപടിയും രസികന്‍ :)

  56. Biyachi Mr said...

    കണ്ണിനെ കയം കാണിക്കരുത് എന്നൊരു ചൊല്ലുണ്ട് .. Well, Englishil . . communication of the interior democrations.. അത് എവിടെ സംഭവിച്ചിരിക്കുന്നു..

  57. കൊച്ചുത്രേസ്യ said...

    തോമാച്ചാ അതു തോമാച്ചനെ പറ്റിച്ചതു തന്നെയാണ്‌. ശരിക്കും എന്താ അവിടെഴുതിയതെന്ന്‌ കനലിന്റെ കമന്റു വായിച്ചാൽ മനസിലാവും :-)

    അന്നമ്മേ കുഴൽക്കിണറിന്റെ അകമൊന്നും ഞാനും കണ്ടിട്ടില്ല. ഒക്കെ ഒരൂഹമല്ലേ. ആ വിടവിന്റെ ഫോട്ടോ എടുത്തിരുന്നു.ഇരുട്ടത്തൂടെ ഒരു വര വരച്ചതു പോലെയേ തോന്നുകയുള്ളൂ..ഫോട്ടോയെടുത്ത എനിക്കു പോലും മനസിലായില്ല അതെന്തിന്റെ ഫോട്ടോ ആണെന്ന്‌. ങ്‌ഹാ ഫോട്ടോഗ്രാഫിയിൽ കഴിവു കൂടിപ്പോയാലും ബുദ്ധിമുട്ടാണേയ്‌ :-)

    anoopsunny താങ്ക്സ്‌

    ഭക്ഷണപ്രിയാ യേ വയമാടൻ തമ്പാൻ കോൻ ഹേ?? വിഡ്ഢീടെ കാര്യം - സ്കൂളിൽ മലയാളം മാഷ്‌ പഠിപ്പിച്ചതൊക്കെ മറന്നുപോയോ.. കുക്ക്‌-കുക്കിണി, അമ്മി-അമ്മിണി, വിഡ്ഢി-വിഡ്ഢിണി.. ഇപ്പോ ഓർമ വന്നില്ലേ..

    സതീശ്‌ നന്ദി. ചാത്തനെ വിട്ടേക്കൂ.. നന്നാവൂലാന്ന്‌ ശപഥം ചെയ്തിരിക്കുന്നവരെ ഉപദേശിച്ച്‌ നമ്മൾ വിവരമുള്ളവരുടെ സമയമെന്തിനാ കളയുന്നത്‌ :-)

  58. കൊച്ചുത്രേസ്യ said...

    കുഞ്ഞാ കളിയാക്കുന്നോ..ഞാൻ പിണങ്ങി. ഇനി വിശേഷങ്ങളൊന്നും പറയുന്നില്ല (കൂട്ടു വെട്ടുന്നതിന്റെ സ്മൈലി)

    navaneeth താങ്ക്സേ

    തറവാടീ ആ ഫോട്ടോസ്‌ കണ്ടിരുന്നു. ഇങ്ങനെയോരോന്നു കണ്ടിട്ടല്ലേ പാവം ഞാൻ കൺട്രോൾചെയ്യാൻ പറ്റാതെ നാടു ചുറ്റാനിറങ്ങുന്നത്‌ :-)

    Biyachi Mr കണ്ണിനെയല്ല- കന്നിനെ.. കൊന്നപ്പൂവിന്റെ 'ന്ന'. അതിനെ ഇംഗ്ലീഷില്‌ ഇങ്ങനേം പറയാം അല്ലേ. ഡാങ്ക്സ്‌ :-))

  59. ശ്രീനാഥ്‌ | അഹം said...

    njaan late aayo....

    ugran post kt...

    ബാഹ്യലോകത്തിന്റെ യാതൊരു അവശിഷ്ടങ്ങളും (മനുഷ്യരല്ലാതെ)..

    :)

  60. എതിരന്‍ കതിരവന്‍ said...

    എടയ്ക്കല്‍ ഗുഹയിലെ കൊത്തുചിത്രങ്ങള്‍ (മനുഷ്യര്‍, മൃഗങ്ങള്‍, സ്വസ്തികം, കുരിശ്, വൃത്തം......)നവശിലായുഗ (New Stone Age) കാലത്തെ ആണ്. ബി. സി. 7000 ത്തിനും മുന്‍പ്. ദ്രാവിഡര്‍ക്കും മുന്‍പുള്ള ആസ്ട്രലോയിഡ് വര്‍ഗ്ഗക്കാരുടേത്. ഇതിനു സമീപമുള്ള മുള്ളക്കുറുമ്പര്‍ ഈ വംശത്തില്‍ പെടുന്നത്രെ.

    മറ്റൊരു കുറിപ്പ് “കേവ്” എന്ന ബ്രാഹ്മി ലിപിയില്‍ കൊത്തിയതാണ്. അശോകനുശേഷം കൊത്തിയത്. ശാക്യമുനിയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് ആരാധനയ്ക്കായി ദാനം ചെയ്തു എന്ന് വ്യാഖ്യാനം. ബി. സി. 2-)0 നൂറ്റാണ്ടില്‍ ഇത് ബുദ്ധസന്യാസിമാരുടെ താവളം ആയിരുന്നിരിക്കാം.

    നിരക്ഷരന്‍ പറഞ്ഞ ഹോയ്സാലബല്ലാളരുടെ ശാസനങ്ങള്‍ ഗുഹയ്ക്ക് അകത്തു തന്നെയാണോ? ജൈനരായ കടമ്പരുടെയും ശാസനങ്ങള്‍ ഇവിടെയുണ്ട്.


    കൊച്ചുത്രേസ്യാ ഈ കൊത്തുപണികളുടെ കൂടുതല്‍ ഫോടോകള്‍ എടുത്തിട്ടുണ്ടെങ്കില്‍ കാണാന്‍ താലപ്പര്യമുണ്ട്. 10,000 കൊല്ലം മുന്‍പ് കല്ലില്‍ കൊത്തിയതാണതൊക്കെ എന്നത് വിസ്മയിപ്പിക്കുന്നില്ലെ?

    തിരുനെല്ലി ഒരു ജൈനക്ഷേത്രമായിരുന്നു. ജൈനപാദമാണ് ആ കുളത്തിലെത്.

  61. കൊച്ചുത്രേസ്യ said...

    എതിരാ ആ കൊത്തുപണികൾടെ ഒരു ഫോട്ടോയും കൂടി ചേർത്തിട്ടുണ്ട്‌.(ഇതിലും വിശദമായ ചിത്രങ്ങൾ വേണമെങ്കിൽ നിരക്ഷരനെ തന്നെ എടക്കൽ മല കയറ്റേണ്ടി വരും)ഇത്തരം ചിത്രങ്ങൾ ഗുഹയുടെ അകത്തു മാത്രമേ ഉള്ളൂ എന്നാണ്‌ എന്റെ ഓർമ്മ.

  62. നിരക്ഷരൻ said...

    എതിരവന്‍...

    ജൈനക്ഷേത്രങ്ങളെപ്പറ്റി കൂടുതല്‍ അറിവ് ശേഖരിക്കാന്‍ നടത്തിയ ചില യാത്രകളില്‍ നിന്നും വായനയില്‍ നിന്നുമൊക്കെയാണ് എനിക്ക് ആ വിവരങ്ങള്‍ കിട്ടിയത്. ആ ശാസനങ്ങള്‍ ഗുഹയ്ക് അകത്ത് തന്നെയാണെന്നാണ് വായിച്ചറിയാന്‍ കഴിഞ്ഞത്.

    മഴയടക്കമുള്ള പല പ്രശ്നങ്ങള്‍ കാരണം ഇടയ്ക്കല്‍ ഗുഹയിലേക്കുള്ള യാത്ര വയനാട്ടില്‍ പോയപ്പോഴൊന്നും ഇതുവരെ നടന്നിട്ടില്ല. ഈ കൊല്ലം അവസാനിക്കുന്നതിന് മുന്‍പ് അത് നടക്കുമെന്ന് തന്നെ കരുതുന്നു. പോയി വന്നതിന് ശേഷം പോസ്റ്റാക്കാം. എതിരവന് ജൈനക്ഷേത്രങ്ങളെപ്പറ്റി
    കൂടുതല്‍ നിര്‍ദ്ദേശങ്ങളോ സൂചനകളോ തരാന്‍ പറ്റിയാല്‍ വളരെ ഉപകാരമായിരിക്കും.

    തിരുനെല്ലി ക്ഷേത്രം ജൈനക്ഷേത്രമായിരുന്നെന്നുള്ളത് പുതിയ അറിവായിരുന്നു. എവിടന്നാണ് ഈ വിവരങ്ങള്‍ കിട്ടിയത്? കൂടുതല്‍ വിവരങ്ങള്‍ തരുന്ന വല്ല ഗ്രന്ധങ്ങളും നിര്‍ദ്ദേശിക്കാനുണ്ടോ ? ആരെങ്കിലുമൊക്കെ വളരെ ഗഹനമായി പഠനം നടത്തിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. അത് തിരഞ്ഞ് നടക്കുകയാണ് ഞാന്‍.

    എന്തായാലും കൊച്ചുത്രേസ്യാക്കൊച്ച് ഉരുണ്ട് പിരണ്ട് (അനുഭവം ഗുരുവാണെന്ന് പലയിടത്തും കണ്ടു)വട്ടത്തിലും നീളത്തിലും നടത്തിയ ഈ യാത്രകാരണം എനിക്ക് ഒരുപാട് പ്രയോജനമുണ്ടായി. പെരുത്ത് നന്ദിയുണ്ട് കൊച്ചേ...:)

  63. tismon said...

    കൊള്ളാം കേട്ടോ.. നല്ല പോസ്റ്റ്..നല്ല ഫോട്ടോസ്..ഇനിയും തുടരുക..

  64. Ashly said...

    "ഒന്നോർത്താൽ വയനാടിനോടു പാവം തോന്നിപ്പോകും. സ്വന്തമായി ഒരു റെയിൽവേയോ കടൽത്തീരമോ ഇല്ലെന്നതു പോട്ടെ, വയനാട്‌ എന്ന പേരിലൊരു ടൗണോ എന്തിന്‌ ഒരു ബസ്‌സ്റ്റോപ്‌ പോലുമോ അവിടില്ലത്രേ."

    One question :: Which is the town with the name "Kerala", where is the bus-stop called "Kerala" ???

  65. കൊച്ചുത്രേസ്യ said...

    Ashly ഞാൻ തോറ്റുതൊപ്പിയിട്ടു. ഇതേതാ പേരിന്റെ കാര്യത്തിൽ ഇത്രയും വിഷയാരിദ്ര്യം അനുഭവിക്കുന്ന നാട്‌!! ഞങ്ങൾടെ വീടിനടുത്ത്‌ ഒരു 'ഹോട്ടൽ കേരളാ' ഉണ്ട്‌. ഹാഫ്‌ മാർക്കെങ്കിലും തരുമോ?


    ശ്രീനാഥ്‌, tinsmon താങ്ക്സേ

  66. Ashly said...

    Give a treat @ Hotel Kerala, will give u full mark :)

    ps: is this hotel in BLR ? if so, and if good, let me know :) i am a big time foody

  67. Physel said...

    വയനാടെന്നു കേട്ടാൽ ഉടൻ വരും, പൂക്കോട് ലേക്ക്,എടക്കൽ ഗുഹ കുറുവദ്വീപ്,മുത്തങ്ങ ഇത്യാദികൾ!! ഇതിലുമൊക്കെ ഭീകര സുന്ദരമായ സ്ഥലങ്ങൾ ഒരുപാടുണ്ട് വയനാട്ടിൽ..(ഭീകര സുന്ദരം തന്നെ...ഒരുതരം പേടിപ്പെടുത്തുന്ന സൌന്ദര്യം!)അതറിയണമെങ്കിൽ ചുരം രാത്രിയിൽ കയറണം. നിലാവും കോടമഞ്ഞും ഒരുമിച്ചു പെയ്യുന്ന രാത്രിയുടെ വിജനതയിലൂടെ കുറ്റ്യാടിചുരം കയറി മാനന്തവാടി കല്പറ്റ വഴി ബന്ദിപ്പൂർ നാഷണൽ പാർകിലൂടെ മസനഗുഡി വരെ യാത്ര ചെയ്യുന്ന ആഅനുഭൂതിയുണ്ടല്ലോ.... അതനുഭവിച്ചു തന്നെ അറിയണം!(ആനകളൂടേ അയ്യരുകളിയാണ് ആ റൂട്ടിൽ!! ബി കെയർ ഫുൾ - താമരശ്ശേ....രി ചുരം കയ്യറുന്നതിനേക്കാളും സുഖം വടകര കുറ്റിയാടി തൊട്ടില്പാലം വഴി മൈസൂർ റോഡ് പിടീച്ച് പക്രന്തളം ചുരം കയറുന്നതാണ്! ട്രാഫിക് കുറവ്, പിന്നെ ഒരു മൂന്നു മാസം മുന്നെ വരെ നല്ല റോഡുമായിരുന്നു - ഇപ്പഴത്തെ സ്ഥിതി അറിയില്ല- കുറൂവ ദ്വീപിൽ എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റിയ വഴിയും ഇതാണെന്നു തോന്നുന്നു.)വരുന്നത് ഡിസംബർ മാസം..വയനാട് കാണാൻ മോഹമുള്ളവർക്ക് ഏറ്റവും പറ്റിയ സമയം! ചുരം കയറിയാൽ എടക്കൽ ഗുഹ ദുനിയാവിന്റെ അറ്റമാണെന്നങ്ങു കരുതിക്കളയണ്ട! നേരെ വിട്ടാൽ ബന്ദിപ്പൂരും നാഗർഹൊളയുമൊക്കെ കണ്ട് തിരിച്ചുപോരാം.

    ബൈ ദ് വേ....കൊച്ചു തേസ്സ്യ എടക്കൽ ഗുഹ വരെ എത്തിയോ? അപ്പറഞ്ഞ വിടവിലൂടെ ത്രേസ്യ അപ്പുറം കടന്നൂന്നൊക്കെ പറഞ്ഞാൽ...!! ഹാ അത്ഭുതങ്ങൾ എപ്പ വേണേലും നടക്കാം അല്ലേ..

  68. കൊച്ചുത്രേസ്യ said...

    ashly ഈ ഹോട്ടൽ എന്റെ നാട്ടിലാണ്‌..കണ്ണൂരിൽ. അവിടെ നല്ല സ്റ്റൈലൻ പൊറോട്ടേം അയക്കൂറക്കകറീം കിട്ടും.. അല്ലാ...ഉത്തരമെവിടെ?

    physel കൊതിപ്പിക്കുന്നതു ശിക്ഷാർഹമാണെന്നറിയില്ലേ :-). പിന്നേ ഇപ്പറഞ്ഞതിനോക്കെ അൽപ്പം സീരിയസായ മറ്റൊരു വശമുണ്ട്‌. മിക്കപ്പോഴും ഞങ്ങൾ രണ്ട്‌; അല്ലെങ്കിൽ മൂന്ന്‌ പേരാണ്‌ ഇത്തരം യാത്രകൾക്കിറങ്ങുന്നത്‌-എല്ലാം പെണ്ണുങ്ങൾ... യാത്രാസുഖം, പണച്ചെലവ്‌ എന്നതിനെക്കാളൊക്കെ ഞങ്ങൾ മുൻതൂക്കം കൊടുക്കുന്ന കാര്യമാണ്‌ സുരക്ഷിതത്വം.. അതു കൊണ്ടു തന്നെ മിക്കവാറും യാത്രകൾക്ക്‌ ഞങ്ങൾ പബ്ലിക്‌ ട്രാൻസ്‌പോർട്ടാണുപയോഗിക്കുന്നത്‌.പോവുന്ന സ്ഥലങ്ങളും അതു നോക്കിയേ തീരുമാനിക്കാറുള്ളൂ.. ഇത്തിരി ഉള്ളോട്ടുള്ള സ്ഥലങ്ങളിലേക്കു പോവുക എന്നു പറഞ്ഞാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ല റിസ്കാണ്‌. ഇത്തവണ തന്നെ; തിരുനെല്ലിയിൽ പോയി തിരിച്ചു വരാൻ കഴിയാതെ ശരിക്കും ബുദ്ധിമുട്ടി ( അങ്ങോട്ടുള്ള രണ്ടു ബസുകളും ബ്രേക്ക്‌ ഡൗണായിരുന്നു). അവിടാണെങ്കിൽ ഓട്ടോ സൗകര്യമൊന്നുമില്ല. തങ്ങാനും പറ്റില്ല; ടൂറിസ്റ്റ്‌ഹോംസൊന്നും ഒഴിവുണ്ടായിരുന്നില്ല.അവസാനം അവിടൊരു കൊച്ചു ചായക്കടയിൽ കയറി ഒരു അപ്പൂപ്പനോട്‌ സഹായം ചോദിച്ചു.അദ്ദേഹം ഒരു ജീപ്പ്‌ അറേഞ്ച്‌ ചെയ്തു തന്നു.. ( ആരോടാണ്‌ സഹായം ചോദിക്കേണ്ടതെന്നതു പോലും ശ്രദ്ധിക്കേണ്ട കാര്യമാണ്‌.. കുറച്ചധികം യാത്രകൾ ചെയ്തതു കൊണ്ടാവാം,, ദൈവം സഹായിച്ച്‌ എനിക്കും കുരുട്ടിനും ഇക്കര്യത്തിൽ ഒരു ആറാം- ഇന്ദ്രിയം ഉണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌;ഭാഗ്യവും). ഞാൻ പറഞ്ഞുവരുന്നത്‌ ഞങ്ങൾക്കിങ്ങനൊരു യാത്ര ചെയ്തു തീർക്കാൻ , ഇടത്തും വലത്തും മുൻപിലും പുറകിലുമൊക്കെ കണ്ണു വേണം (എന്നു വച്ച്‌ പെൺകുട്ടികൾക്ക്‌ തനിച്ച്‌ യാത്രചെയ്യാൻ ബ്ലാക്ക്‌ക്യാറ്റ്‌സിന്റെ പ്രോട്ടൿഷൻ വേണമെന്നല്ല; നമ്മുടെ സുരക്ഷിതത്വം മറ്റുള്ളവരെ ഏൽപ്പിക്കുന്നതിനേക്കാളും നല്ലത്‌ സ്വയം ഏറ്റെടുക്കുന്നതാണ്‌.. അതേറ്റെടുക്കാനുള്ള ആത്മവിശ്വാസം കിട്ടാൻ ഇത്തരം ഒറ്റയ്ക്കുള്ള യാത്രകൾ ശരിക്കും സഹായിക്കും).


    ഫൈസലേ ഒന്നും വിചാരിക്കരുതു കേട്ടോ.. കമന്റിൽ പറഞ്ഞതു പോലുള്ള സ്ഥലങ്ങൾ കാണാൻ പറ്റാത്തതിലുള്ള സങ്കടം കാര്യകാരണസഹിതം പറഞ്ഞുതീർത്തൂന്നേയുള്ളൂ. ഇത്തരം സ്ഥലങ്ങളിൽ ആനകളെ മാത്രമാവില്ല ഞങ്ങൾക്കു നേരിടേണ്ടി വരുന്നത്‌ എന്നെനിക്കുറപ്പുണ്ട്‌ ;-))

    എടക്കൽ ഗുഹയൊക്കെ ഞാൻ പുഷ്പം പോലെ കടന്നു. മുന്നിലൊരു തടിയൻ ചേട്ടൻ പോയിരുന്നു. ആ ചേട്ടൻ ഉണ്ടാക്കിയ വിടവിലൂടെ ഞാനും കയറിക്കൂടി ഹി ഹി..
    (പോസ്റ്റിനേക്കാൾ വലിയ കമന്റിട്ടതിന്‌ ഞാൻ എന്നോടു ക്ഷമ ചോദിക്കേണ്ടി വരുമോ!!)

  69. Physel said...

    ഹെയ്...ഞാൻ നിങ്ങൾ ഇപ്പൊ പോയ കാര്യമല്ല പറഞ്ഞത് കൊച്ചു ത്രേസ്യാ..!! കമന്റിൽ ഒരു പാടുപേർ വയനാടു കാണാൻ താത്പര്യം പ്രകടിപ്പിച്ചു കണ്ടു! അവരോട് പൊതുവായി പറഞ്ഞൂന്നേയുള്ളൂ...!മുത്തങ്ങ വിട്ടു കഴിഞ്ഞാൽ അത്ര സുരക്ഷിതമല്ല അസമയത്ത് - ചിലപ്പോ സമയത്തും- അതു വഴിയുള്ള യാത്ര! നാ‍ാൽക്കാലീ മൃഗങ്ങൾ മാത്രമല്ല ഇ‌രുകാലി മൃഗങ്ങളും കാണും വഴി മുടക്കാൻ. പ്രത്യേകിച്ചും നാഗർഹൊള്ള മസനഗുഡി റൂട്ട്! പിന്നെ മദ്യ കേരളത്തിൽ പെണ്ണുങ്ങൾ തനിയെയുള്ള യാ‌ത്രകൾ വയനാട്ടിൽ മാത്രമല്ലെ എല്ലായിടവും ഒരുപോലല്ലേ? (കണ്ണൂർ പയ്യമ്പലം ബീച്ചിൽ പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കേ ഒരു വനിതാ ടൂറിസ്റ്റിനെ കയ്യേറ്റം ചെയ്യുന്ന ഒരു വാർത്ത ഈ അടുത്തെപ്പഴോ ആണെന്നു തോന്നുന്നു കണ്ടത്!)സൊ യു ആർ അബ്സല്യൂട്‌ലി കറക്ട്!

    പിന്നെ മറ്റൊരു കാര്യം കൂടെയുണ്ട്. ഏതൂ യാത്രയും ഒരനുഭവമായി മാറുന്നതിന് നമ്മളറിയാതെയാണെങ്കിലും അതിലുള്ള ആ റിസ്ക് ഏറ്റെടുക്കുമ്പോഴുള്ള ത്രിൽ കൂടെ കാരണമാണെന്നു തോന്നുന്നു...വയനാട്ടിലൂടെയുള്ള യാത്രയിൽ ആ റിസ്ക് ഫാക്ടർ അല്പം കൂടുതലാണ്. വയനാടിന്റെ പ്രകൃതി ഭംഗിയേക്കാൾ യാത്രാകുതുകികളെ വയനാട്ടിലേക്ക് ആകർഷിക്കുന്ന ഘടകവും അ‌തു തന്നെ. (എല്ലാ അവധിക്കാലങ്ങളുടെയും നാലഞ്ചു ദിവസം വയനാടിനുള്ള നേർച്ചയാണ് എനിക്ക്.ഇക്കഴിഞ്ഞ യാത്രയിൽ അടയിരിക്കുന്ന ഒരു ഭീകരി രാജവെമ്പാലയെ ഏതാണ്ടൊക്കെ അടുത്തു കാണുവാനുള്ള ഭാഗ്യമുണ്ടായി. അതുപോലെ താമരശ്ശേരി ചുരത്തിന്റെ ഏഴാം വളവിൽ,ഞങ്ങൾ ഒരുപാടുപേർ നിസ്സഹായരായി നോക്കി നിൽക്കേ ,അങ്ങു താഴെ ഒരു മരക്കൊമ്പിൽ ഒരു മനുഷ്യൻ തൂങ്ങി മരിക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെ എത്ര ശ്രമിച്ചിട്ടും മറക്കാൻ കഴിയാത്ത ഒരു ദൌർഭാഗ്യവും!)

  70. ബ്ലോക്കുട്ടന്‍ ! said...

    രാമു കാര്യാട്ടിന്റെ "നെല്ല്" എന്ന ചിത്രത്തില്‍ തിരുനെല്ലിയുമ് പരിസരങ്ങളും അതീവ ഹൃയ്ദ്യമായി പകര്‍ത്തിയിട്ടുണ്ട് ....................വളരെ നല്ല ഒരു ചിത്രം ....
    പിന്നെ,, തിരുനെല്ലി കാട്ടില്‍ പോലീസിന്റെ വെടിയേട്ട്ടു വീണ നക്സല്‍ വര്‍ഗീസും ......................

    തിരുനെല്ലി എന്ന് കേള്‍ക്കുമ്പോള്‍ ഓര്മ വരുന്ന രണ്ടു ചിത്രങ്ങള്‍ .............

  71. yousufpa said...

    കൊച്ചേ..കൂടെ കൂട്ടിയത് പൊലെ തോന്നി..
    ഇങ്ങനെയൊക്കെ ഉണ്ടെന്ന് കേട്ടിരുന്നു എങ്കിലും,ഇങ്ങനെ എങ്കിലും കാണാനുള്ള യോഗം ഇപ്പോഴാണ്.
    നന്ദി കൊച്ചേ..ഒരായിരം

  72. ..:: അച്ചായന്‍ ::.. said...

    വയനാട് മൊത്തം കറങ്ങിയല്ലോ ... വളരെ നന്ദി കേട്ടോ ഇനി ഇടക്കൊകെ വന്നോളാം :)

  73. ബഷീർ said...

    വളരെ നന്നായി വിവരിച്ചിരിക്കുന്നു. ഫോട്ടോകളും നന്നായിട്ടുണ്ട്‌. അപ്പോള്‍ ഒരു വീഴ്ചയും നടന്നു (അനുഭവം ഗുരു ) എന്നിട്ട്‌ ആ സ്ഥലത്തിനു കുഴപ്പമൊന്നുമില്ലല്ലോ..!

  74. അന്തിപ്പോഴൻ anthippozhan said...

    ത്രേസ്യാക്കൊച്ചേ,
    നിക്കൊരബദ്ധം പറ്റി. ന്തോ, ന്താ പറഞ്ഞേ? " പറ്റീ"ന്നു പറഞ്ഞാ മതീന്നോ. ഓ, ത്തന്നെ. പറഞ്ഞിരിക്കുന്നു.

    കാര്യമിതാണു്- ത്രേസ്യക്കുട്ടിയെ ഒന്നു കമന്റടിക്കണം ന്നൊരു പൂതി തോന്നിത്തൊടങ്ങീട്ടു കൊറച്ചുനാളായി. അജ്ഞാതനായിട്ടു വേണ്ട, കൊജ്ഞാണനായിട്ടു മതീന്നു വച്ച്‌ waitഎടുത്തുനിൽക്കുകയായിരുന്നു. അതിനുപറ്റിയ രൂപത്തിൽ അവതരിക്കാൻ അൽപം ടൈമെടുത്തു. അന്നുവരച്ചുവെച്ച കമാണ്ടം ഇപ്പോളെടുത്തു ത്രേസ്യാക്കുട്ടീടെ മുറ്റത്തു പേസ്റ്റി.

    പിന്നീടാ മനസ്സിലായത്‌ അതേതോ പഴേ പതിപ്പാരുന്നൂന്ന്. ഗൂഗിളു പറ്റിച്ച പണീയാ. 'കൊച്ചുത്രേസ്യാ'ന്നു സെർച്ചിയപ്പോ കിട്ടിയ പേജിലങ്ങു കമാന്റി,ലേറ്റസ്റ്റാരിക്കും ന്നു വിചാരിച്ച്‌. പുതുക്കക്കാരനായതോണ്ടു പറ്റിയതാ. (അല്ലാതെ മണ്ടനും പോഴനുമായതോണ്ടാന്നു പരസ്യമായിപ്പറയാമ്പറ്റുവോ?)

    ബുദ്ധിമുട്ടി കമന്റടിച്ചിട്ട്‌ അതു കേക്കണ്ടോളു കേട്ടില്ലെങ്കി ഏതു പൂവാലനാണു സഹിക്കാമ്പറ്റ? അതിനാലെക്കൊണ്ട്‌ അങ്ങോട്ടൊരു കടാക്ഷമുണ്ടാകണം. 'മൂഷികസ്ത്രീ...'യുടെ കസ്റ്റഡിയിലാണു സംബബം.

  75. Sujesh Nair said...

    njan blogil oru navagathannu. kazhinja nallu divsamayi food poison( nalla vayarilakkam) adichu kidnnau paoythu kondu Kurumanteyum kochuthresyaydeyum complte bolgs vayichu kanzhinju ikkanakkinu poyal njanun oru blog blogum
    entokke paranajlaum ranudm kidilolkidilam.. aravindinyum .injipennuma annu adutha lakshyam. any suggestions here please

  76. Sujesh Nair said...

    thetti dharikkartuhu aduth thavan njan malayalthil thanne commenitkoolam ippravshythekku ksamikkuka njan karyangal onnu padhichotte

  77. രായപ്പന്‍ said...

    എടക്കൽ ഗുഹയ്ക്കുള്ളിൽ നിന്ന് എങ്ങനെ ഫോട്ടോ ഒപ്പിച്ചു?? ഫോട്ടോ നിരോധിച്ചിട്ടില്ലേ അവിടെ???
    ആ മലയുടെ മുകളിൽ ഞാനും കേറിയിട്ടുണ്ട് അവിടെന്ന് കേരളം തമിഴ്നാട് കർണടക കാണാൻ പറ്റും എന്ന് ഞാനും കേട്ടു അപ്ക്ഷേ അവിറ്റെ കേറി കുറേ ദൂരത്തോട്ട് കണ്ടു എന്നല്ലതെ ഏതാ കേരളം ഏതാ തമിഴ്നാട് ഏതാ കർണടക എന്നൊന്നും എനിക്ക് പിടികിട്ടിയില്ല........ വിവരണം നന്നായിട്ടുണ്ട്.....

  78. കൊച്ചുത്രേസ്യ said...

    physel അപ്പോ എല്ലാം കോംപ്രമൈസായി :-). വയനാട്ടിലെ റിസ്‌ൿഫാക്ടർ-നെ പറ്റി പറഞ്ഞതിനോടു യോജിക്കുന്നു. പൊതുവേ ഇരുണ്ട ഒരു നാടായിട്ടാണ്‌ എനിക്കു തോന്നിയത്‌. എന്നു വച്ചാൽ രക്ഷപെടാൻ പഴുതുകളില്ലാത്ത ഒരു നാട്‌. ആ ഒരു അപകടം തന്നെയാണ്‌ അതിന്റെ ഭംഗിയും :-)

    രസികാ ഈ കമന്റു കൊണ്ടൊരു ഗുണമുണ്ടായി. ഇന്നലെ ബാംഗ്ലൂർ ബുക്ക്‌ഫെയറിനു പോയപ്പോൾ ദാ അവിടിരുന്നു ചിരിക്കുന്നു ഒരു ബുക്ക്‌- പി.വത്സലയുടെ നെല്ല് .ഇതു തന്നല്ലയോ ലത്‌ എന്ന ആശങ്കയിൽ ഒരെണ്ണം വാങ്ങി. രാത്രി മുഴുവനിരുന്നു വായിച്ചു തീർത്തു. തിരുനെല്ലിയിലെത്തി 'ഹായ്‌ എന്തൊരു ഭംഗി' എന്നൊക്കെ അന്തംവിട്ടു നിന്നിട്ടുളതല്ലാതെ ആ നാടിന്‌ ഇങ്ങനൊരു വശമുണ്ടെന്നു ഇതു വരെ ചിന്തിച്ചിട്ടില്ലായിരുന്നു.ഇപ്പോ ആ ബുക്കിന്റെ ഹാംഗ്‌ ഓവറിലാണ്‌. ഒരു പാടു നന്ദി :-)

    അത്‌ക്കാ, അച്ചായാ :-)

    ബഷീർ ഒരു വീഴ്‌ചയല്ല; രണ്ടെണ്ണം- ഒന്നു തിരുനെല്ലിയിലും പിന്നൊന്നു കുറുവാദ്വീപിലും :-))

    അന്തിപ്പോഴാ അതു കണ്ടു.. ഇത്രേം ഭീകരമായ കമന്റൊക്കെ കണ്ട്‌ ചമ്മൽ കൊണ്ടാണ്‌ മറുപടി പറയാത്തത്‌ . ഒരു പാടു സന്തോഷം :-)

    sujesh ഏതു ഭാഷയിലുള്ള കമന്റ്‌സും ഇവിടെ സ്വീകരിക്കപ്പെടും. എന്തായാലും ഫുഡ്‌പോയ്സൺ വഴി കിട്ടിയ ഈ ഒഴിവിൽ ഒരു ബ്ലോഗ്‌ തുടങ്ങെന്നേ.ഇനീം ഇതുപോലൊരു ഫുഡ്‌പോയ്സൺ ചാൻസ്‌ എപ്പോ കിട്ടാനാണ്‌ :-)

    രജീഷേ എടയ്ക്കലിൽ ഫോടോഗ്രാഫിയൊന്നും നിരോധിച്ചിട്ടില്ലല്ലോ. അതോ ഇനിയിപ്പോ 'ഇവെളൊക്കെ കേറീട്ട്‌ എന്തോ ഫോട്ടോ എടുക്കാനാ" എന്ന പുച്ഛം കൊണ്ടാണോ എന്റെ ക്യാമറയ്‌ തടയാതിരുന്നത്‌ പോലും :-(
    മൂന്നു നാടും കാണാംന്നു പറയുന്നതല്ലാതെ ഇതുവരെ ഏത്‌ ഏതൊക്കെയാണെന്ന്‌ ആർക്കും പിടികിട്ടീല്ലെന്നു തോന്നുന്നു.അല്ലെങ്കിലും നമ്മക്കൊക്കെ വല്ല കടയുടെയും ബോർഡു വായിച്ചാലല്ലേ ഏതു നാടാണെന്നൊക്കെ പിടികിട്ടൂ. അല്ലതെ ഇത്രേം മോളീന്നു നോക്കീട്ട്‌ ഒക്കെ കണ്ടുപിടിക്കാൻ നമ്മൾ തെങ്ങുകയറ്റക്കാരൊന്നുമല്ലല്ലോ :-)

  79. Niranchan said...

    എന്റെ നാടിന്റെ സൌന്ദര്യം നുകര്‍ന്ന്‍.....അത് ഒട്ടും ചോരാതെ പങ്കുവെച്ച കൂട്ടുകാരിക്ക് ആയിരം ആശംസകള്‍......

  80. Bindhu Unny said...

    വയനാട്ടില്‍ പോണമെന്നുള്ളത് കുറേക്കാലത്തെ ആഗ്രഹമാണ്. ഈ പോസ്റ്റ് കണ്ടപ്പോള്‍ അതിന്റെ ആക്കം കൂടി. :-)

  81. Sandeep Unnimadhavan (സന്ദീപ്‌ ഉണ്ണിമാധവന്‍) said...

    തിരുനെല്ലി പോയപ്പോള്‍ ബ്രഹ്മഗിരിയും പക്ഷിപാതാളവും കണ്ടില്ലേ? താഴെ നിന്നും നോക്കിയാല്‍ മൂന്നു വശങ്ങളിലും മഞ്ഞു മൂടിയ മലകള്‍ (ബ്രഹ്മഗിരി, കരിമല, നരി നിരങ്ങി മല) ഒരു കാഴ്ച തന്നെയാണ്. എന്‍റെ യാത്രാവിവരണങ്ങള്‍ ഈ ലിങ്കില്‍ ഉണ്ട്.

    എന്നാലും അമ്പുകുത്തി മലയുടെ മുകളില്‍ പോവാഞ്ഞത് മോശമായി. കുറച്ചു കഷ്ടപ്പെട്ടാലും മുകളില്‍ നിന്നുള്ള കാഴ്ചകള്‍ വളരെ സുന്ദരം. എന്‍റെ അനുഭവങ്ങള്‍ ഇവിടെ. കുറച്ചു പബ്ലിസിറ്റി ആയിക്കോട്ടെ ;-)

  82. thumpy kutty said...

    nananyitundu...eniyum prateekshikunnu...

  83. ഗൗരിനാഥന്‍ said...

    അയ്യോ താന്‍ പറ്റിച്ചു കളഞ്ഞല്ലോ , വയനാട്ടില്‍ ഒരു മാസമായി വട്ടത്തിലും നീളത്തിലും നടന്നും , ചാടിയും എടുത്ത പടവും കഥകളും വെറുതെ ആയ്യല്ലോ, ഇനി അതെടുത്ത് പോസ്റ്റിയാല്‍ താന്‍ എന്നെ കോപ്പി റൈറ്റിനു പിടികുംമല്ലോ... അയ്യോ പാവം ഈ ഞാന്‍ ..തന്റെ പോസ്റ്റ് കിടിലന്‍ കേട്ടോ.

  84. Pramod said...

    സത്യമായിട്ടും അമ്പുകുത്തി മലയുടെ മുകളില്‍ നിന്നും താഴേക്കിറങ്ങാന്‍ എളുപ്പമാണ് (കയറുന്നതിനേക്കാള്‍) മുകളില്‍ ചെന്നാല്‍ കര്‍ണാടകവും തമിഴ്നാടും ഒക്കെ കാണാം...പക്ഷെ സൂക്ഷിച്ച് നോക്കണം :)

  85. അസ്‌ലം said...

    ചിത്രങ്ങളും വിവരണങ്ങളും വളരേ നന്നായി.........!

  86. hi said...

    കൊച്ചു ത്രേസ്യ ചേടത്തി
    ഞാന്‍ ഇവിടെ പുതിയതാ.. എടയ്ക്കല്‍ പണ്ട് പോയിട്ടുല്ലതാണ്.. എങ്കിലും ഇപ്പൊ ഇതിലെ വിവരണവും ഫോട്ടോകളും കണ്ടപ്പോള്‍ ഒന്ന് കൂടി പോകാന്‍ തോന്നുന്നു..
    ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും അടിപൊളിയാണ്. കലക്കന്‍ എഴുത്ത്.. അടിപൊളി നര്‍മം.
    അഭിനന്ദനങ്ങള്‍!!!

  87. vnkovoor said...
    This comment has been removed by the author.
  88. vnkovoor said...
    This comment has been removed by the author.
  89. vnkovoor said...

    ഇത്രയും കാലം വയനാടിനെ പറ്റി ഒരു യാത്ര വിവരണം എഴുതണം എന്ന് വിചാരിച്ചതായിരുന്നു ,ഇനി എഴുതുന്നില്ല..കാരണം ഇതിലും നന്നയി എഴുതാന്‍ എനിക്കറിയില്ല..ത്രേസ്യക്കു നന്ദി...ഈ സ്ഥലങ്ങള്‍ ഒക്കെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കറങ്ങി കണ്ടിരുന്നു...ഇതാ കുറച്ചു ചിത്രങ്ങള്‍..
    Edakkal

    Waynad
    ഇനിയും ഒരുപാടൊരുപാട് എഴുതാന്‍ ത്രേസ്യക്കു കഴിയട്ടെ...നന്ദി വീണ്ടും