Saturday, March 7, 2009

അങ്ങനെ ഞാനും പറന്നു...

സാമ്പത്തികമാന്ദ്യം കാരണമാണെന്നു തോന്നുന്നു, ഇപ്പോൾ ഇവിടെ ബാംഗ്ലൂരിൽ മിക്ക കടകളിലും വമ്പിച്ച ഓഫറുകളാണ്‌. ആയിരം രൂപയുടെ പർച്ചേസിംഗിന്‌ ഒരു വേൾഡ്‌ ടൂർ, രണ്ടു തോട്ടി വാങ്ങിച്ചാൽ ആന ഫ്രീ, ചുമ്മാ കടയിൽ കയറിയാൽ ഒരു കുപ്പായം ഫ്രീ എന്നീ മട്ടിലൊക്കെയാണ്‌ ഇപ്പോൾ ഇവിടുത്തെ കാര്യങ്ങൾ..(വെയ്റ്റ്‌ വെയ്റ്റ്‌.. ബാംഗ്ലൂരേക്കുള്ള വണ്ടി പിടിക്കാൻ വരട്ടെ; എല്ലാ ഓഫറിന്റെയും അറ്റത്ത്‌ 'കണ്ടീഷൻസ്‌ അപ്ലൈ' ഫിറ്റ്‌ ചെയ്തു വച്ചിട്ടുണ്ട്‌). എന്നാൽ ഇങ്ങനെയുള്ള ഓഫറുകളൊന്നുമില്ലാതിരുന്ന ഒരു കാലത്ത്‌ വെറും ഒരു കിലോ മാങ്ങ വാങ്ങിയതിന്റെ പേരിൽ ഒരു വിമാനയാത്ര നടത്താൻ ഭാഗ്യം സിദ്ധിച്ച ഒരാളെ പറ്റി കേട്ടിട്ടുണ്ടോ.. അതെ.. ഞാനാണാ ഭാഗ്യവതി (വിനയകുനിതയാവുന്നു...). കേട്ടിട്ടില്ലാത്തവർ ഇപ്പോൾ കേട്ടോളൂ...


കഥ ആരംഭിക്കുന്നത്‌ ഡെൽഹിയിലെ ഒരു കൊച്ചു ഫ്ലാറ്റിലാണ്‌. രാത്രി ഒരേഴെട്ടുമണിയായിട്ടാവും. എന്റെ സഹമുറിയ കുരുട്ട്‌ ആഞ്ഞുപിടിച്ചിരുന്ന്‌ ടി.വി. കാണുന്നു. പാവം ഞാൻ അടുക്കളയിൽ അത്താഴത്തിനുള്ള ഒരുക്കങ്ങളിൽ മുഴുകിയിരിക്കുന്നു. എന്നു വച്ചാൽ അന്നത്തെ അത്താഴമായ മാങ്ങാപ്പഴം കഴുകിയെടുക്കുന്നു..- അത്രയുമേയുള്ളൂ.. അത്‌ ഡെൽഹിയിൽ മാമ്പഴത്തിന്റെ സീസണാണ്‌. അതു കൊണ്ടു തന്നെ ഞങ്ങളുടെ പ്രധാനഭക്ഷണം മാങ്ങയാണ്‌. എല്ലാദിവസവും ഓഫീസിൽ നിന്നും വരുമ്പോൾ ഓരോ കിലോ മാങ്ങ വാങ്ങിക്കും.കഴിക്കും.. പിറ്റേ ദിവസം വൈകുന്നേരം പിന്നെയും മാങ്ങ വാങ്ങും. അങ്ങനെ ലാവിഷായി ജീവിതം കഴിച്ചുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഈ സംഭവം നടക്കുന്നത്‌. ങാ..അപ്പോൾ ഞാൻ മാങ്ങയൊക്കെ കഴുകി ഒരു പ്ലേറ്റിലെടുത്തു വച്ച്‌ മന്ദം മന്ദം കുരുട്ടിനരികിലേക്കു നടക്കുകയാണ്‌. എന്നു വച്ചാൽ വെറുതെയങ്ങു നടക്കുകയല്ല.. കുച്ചിപ്പുഡി സ്റ്റൈലാണ്‌ നടപ്പ്‌. ഈ ഡാൻസുകാരൊക്കെ ചെയ്യുനതു പോലെ ഒരു കയ്യിൽ പ്ലേറ്റ്‌ ബാലൻസ്‌ ചെയ്ത്‌ (അതിൽ മാങ്ങകളിങ്ങനെ ഉരുണ്ടു കളിക്കുന്നുണ്ട്‌) ശ്രദ്ധ മുഴുവൻ ടി.വി.യിലേക്കു കൊടുത്ത്‌ അതിനിടയ്ക്ക്‌ കുരുട്ടിനോട്‌ വർത്തമാനം പറഞ്ഞ്‌ ആകെ സ്റ്റൈലിൽ.. അപ്പോഴാണ്‌ കത്തിയെടുക്കാൻ മറന്നു പോയ കാര്യമോർക്കുന്നത്‌. അതേ പോസിൽ തന്നെ നിന്ന്‌ അൽപമൊന്ന്‌ വലിഞ്ഞ്‌ കുറച്ചപ്പുറത്തുള്ള ടേബിളിൽ നിന്നും കത്തിയെടുക്കാനൊരു ശ്രമം നടത്തിയതാണ്‌. പെട്ടെന്ന്‌ കാലിൽ നിന്ന്‌ മിന്നൽ പോലെ ഒരു വേദനയോടു കൂടി ഞാൻ നിലംപതിച്ചു. എന്താണു സംഭവിച്ചതെന്നറിയാൻ ആകെമൊത്തം ഒന്നു നോക്കീപ്പഴാണ്‌ കണ്ടത്‌- കാലിന്റെ ആംഗിളിനൊരു മിസ്റ്റേക്ക്‌.. . എന്നു വച്ചാൽ മുട്ടിനു താഴേക്കുള്ള ഭാഗം നേരെയിരിക്കുന്നതിനു പകരം ആരോ ഒരു സൈഡിലേക്കു പിടിച്ചു തിരിച്ചു വച്ചപോലെ വളഞ്ഞിരിക്കുന്നു..ഞാൻ ഇങ്ങനൊരു പ്രതിഭാസത്തെ പറ്റി അന്നേ വരെ കേട്ടിട്ടു പോലുമില്ലായിരുന്നു.ശബ്ദം കേട്ട്‌ ഓടി വന്ന കുരുട്ടണെങ്കിൽ എന്റെ കാലിന്റെ അവസ്ഥയൊക്കെ കണ്ട്‌ ചിന്താവിഷ്ടയായി അടുത്തിരിക്കുന്നുണ്ട്‌.. കുറച്ചു നേരം കഠിനമായി ആലോചിച്ച്‌ എന്തോ കിട്ടിയ സന്തോഷത്തോടെ കുരുട്ടറിയിച്ചു."ഇതു ഞാൻ കണ്ടിട്ടുണ്ട്‌.. നീ-ക്യാപ്‌ ഡിസ്‌ലൊക്കേഷനാണ്‌. എന്റെ ഒരു കസിൻ ക്രിക്കറ്റു കളിക്കുമ്പോൾ ഇടയ്ക്കിടക്കിതു സംഭവിക്കാറുണ്ട്‌.."


ഈ മുട്ടുചിരട്ടയൊക്കെ ഇങ്ങനെ തരം കിട്ടിയാൽ തെന്നിപ്പോവുന്ന സാധനമാണോ!! എന്തായാലും പണ്ടത്തെ ബയോളജി ക്ലാസിലേക്ക്‌ തിരിച്ചുപോയി കാലിന്റെ ഘടന ഓർത്തെടുക്കാനുള്ള ഒരു മൂഡിലല്ലായിരുന്നതു കൊണ്ട്‌ ഞാൻ കുരുട്ടിനെ തന്നെ ശരണം പ്രാപിച്ചു...


" അപ്പോൾ അവനെന്താ ചെയ്യാറുള്ളത്‌? എന്തെങ്കിലുമൊക്കെ ചെയ്യ്‌..എനിക്കു വേദനിച്ചിട്ടു തല കറങ്ങുന്നു.."


"അതെനിക്കറിയില്ല. .വിളിച്ചു ചോദിക്കാംന്നു വച്ചാൽ അവനിപ്പോൾ അങ്ങ്‌ അമേരിക്കയിലാണ്‌ .എന്തായാലും ഇതിപ്പോ തിരിഞ്ഞിരിക്കുകയാണല്ലോ.. നമ്മക്കിതിനെ പിടിച്ചു നേരെ വെയ്ക്കാം.. ചിലപ്പോൾ ശരിയാകുമായിരിക്കും.." കുരുട്ടിന്റെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു


ഞാൻ ഒന്നാലോചിച്ചു... അങ്ങേയറ്റം പോയാൽ കാലൊടിഞ്ഞു പോവുമായിരിക്കും.. എന്നാലും സാരമില്ല.. ഇതിങ്ങനെ വശപ്പിശകായി നിൽകുന്നതിലും ഭേദമാണല്ലോ അത്‌.


എന്റെ സമ്മതം കിട്ടിയതും കുരുട്ട്‌ ടപ്പേന്ന്‌ കാലു പിടിച്ച്‌ നേരെ വച്ചു. അത്‌ഭുതം!! അതൊടിഞ്ഞില്ല! കുരുട്ട്‌ വേഗം അടുക്കളയിലേക്കു പോയി കുറ എണ്ണയെടുത്ത്‌ കാലിലാകെ ധാര കോരി. അങ്ങനെ പ്രത്യേകിച്ച്‌ എന്തെങ്കിലും അറിഞ്ഞിട്ടൊന്നുമല്ല. ഈ വിജാഗിരിക്കൊക്കെ എണ്ണയിടുന്നതു പോലെ എന്റെ മുട്ടുചിരട്ട ഒന്നു സ്മൂത്താവാൻ വേണ്ടി എണ്ണയിട്ടതാണ്‌. തൊലിപ്പുറത്തു നിന്നും എണ്ണ ആഗിരണം ചെയ്യപ്പെട്ട്‌ അങ്ങ്‌ അകത്തേക്കെത്തുമല്ലോ.. യേത്‌..


എന്തായാലും കുരുട്ടിന്റെ എണ്ണപ്രയോഗം ഏറ്റു. രാവിലെ ആയപ്പോഴൊരു ചെറിയ വേദയൊഴിച്ചാൽ വേറെ പ്രശ്നങ്ങളൊന്നുമില്ല.. എന്നാലും അന്ന്‌ ലീവെടുത്തേക്കാമെന്നും വിചാരിച്ച്‌ ബോസിനെ വിളിച്ചു കാര്യം പറഞ്ഞതും സംഭവം ഞങ്ങൾടെ കൈവിട്ടു പോവാൻ തുടങ്ങി. ടെക്നിക്കൽ എസ്കലേഷൻസിന്റെ ഇൻചർജാണ്‌ കക്ഷി. എല്ലം ആ ഒരു ലെവലിലേ ചിന്തിക്കൂ.. എന്റെ കാലിന്റേത്‌ ഒരു 'അബ്നോർമൽ ബിഹേവിയർ' ആണെന്നും അത്‌ കൂടുതൽ സീരിയസായ അറ്റൻഷൻ വേണ്ട ഇഷ്യൂ ആണെന്നുമൊക്കെ പറഞ്ഞ്‌ അങ്ങേരത്‌ ആകെ സങ്കീർണമാക്കിക്കളഞ്ഞു.. ഒടുക്കം എന്തായി.. വിതിൻ 24 അവേഴ്സ്‌.. കമ്പനീടെ ഡോകടർ എത്തി എന്റെ കാലു പരിശോധിച്ച്‌ ഒരു മാസത്തേക്കു തടവിലിട്ട്‌, ഐ മീൻ കാസ്റ്റിട്ട്‌ എന്നെ നല്ല നടപ്പിനു വിധിച്ചു. കാസ്റ്റിട്ട്‌ മടങ്ങാത്ത കാലും കൊണ്ട്‌ ഓഫീസിൽ വരണ്ടാന്നും വേണമെങ്കിൽ ഒരു മെഡിക്കൽ ലീവെടുത്ത്‌ വീട്ടിൽ പൊയ്‌ക്കോളാനും ബോസിന്റെ വക അനുവാദവും കിട്ടി. പക്ഷെ എനിക്കീ കാലു മടങ്ങാത്തതൊന്നും വല്യ പ്രശനമായി തോന്നിയില്ല. ഞാനിങ്ങനെ ആ കാലും വലിച്ച്‌ സിനിമാനടൻ മധു നടക്കുന്നതു പോലെ ഓഫീസു മുഴുവൻ വലിഞ്ഞ്‌ വലിഞ്ഞ്‌ നടന്നു. ഞാൻ അകലേന്നു വരുന്നതു കാണുമ്പോഴേ മലയാളി സഹപ്രവർത്തകർടെ വക 'മാനസമൈനേ വരൂ' എന്ന പാട്ടു കേൾക്കും എന്നതൊഴിച്ചാൽ ഒരു കുഴപ്പവുമില്ല. പിന്നെ പ്രശ്നമുള്ളത്‌ സ്റ്റെയർകേസാണ്‌ . കുറച്ചു നാളത്തെ പരിശീലനം കൊണ്ട്‌ സ്റ്റെപ്പൊക്കെ അതിന്റെ കൈവരിയിൽ പിടിച്ച്‌ ഒറ്റക്കാലിൽ തുള്ളി തുള്ളി കയറാനും ഇറങ്ങാനും പ്രാക്ടീസ്‌ ആയതോടെ ആ പ്രശവും സോൾവായി.. അങ്ങനെ വല്യ കുഴപ്പമൊന്നുമില്ലാതെ ആ ഒരുമാസത്തെ ശിക്ഷാകാലം ഞാൻ അനുഭവിച്ചു തീർത്തു.


ഇനിമുതലാണ്‌ ശരിക്കും പ്രശ്നം ആരംഭിച്ചത്‌. ഡോക്ടർ വന്ന്‌ കാസ്റ്റെടുത്തു. അപ്പോഴാണ്‌ ഞാൻ ഒരു ഞെട്ടലോടെ തിരിച്ചറിയുന്നത്‌.. ഒരു മാസം നേരെയിരുന്ന്‌ കാലിന്‌ അതങ്ങു ശീലമായിപ്പോയി. എന്തു ചെയ്തിട്ടും മടക്കാൻ പറ്റുന്നില്ല. അതു പതുക്കെപതുക്കെ മടങ്ങിക്കോളും എന്നും പറഞ്ഞ്‌ ഡോക്ടർ വണ്ടി വിട്ടു. പക്ഷെ എന്റെ എനിക്കങ്ങു സങ്കടമായിപ്പോയി.. സങ്കടം വന്നാൽ പിന്നെ എനിക്ക്‌ അപ്പോൾ തന്നെ പപ്പയും മമ്മിയേയും കാണണം. അതിനു നാട്ടിൽ പോണം.. പക്ഷെ മടങ്ങാത്ത കാലും വച്ച്‌ ഞാനെങ്ങനെ ട്രെയിനിൽ പോവും? പ്രശ്നപരിഹാരത്തിനായി ഞാനും കുരുട്ടും വീണ്ടും ബോസിനെ സമീപിച്ചു.


"അതിനു ട്രെയിനിൽ പോവുന്നതെന്തിന്‌!! ഫ്ലൈറ്റിൽ പൊയ്ക്കൂടേ?" ബോസിന്റെ മറുപടികേട്ടപ്പോൾ പെട്ടെന്നോർമ വന്നത്‌ പണ്ടേതോ രാജ്ഞി ബ്രഡ്‌ ക്ഷാമത്തെ പറ്റി പരാതിപ്പെട്ട പ്രജകളോട്‌ ബ്രഡെന്തിനു കഴിക്കണം; കേക്കു കഴിച്ചൂടേ: എന്നോമറ്റോ ചോദിച്ചതാണ്‌..


വല്യവല്യപണക്കാരുടെ കുത്തകയായ വിമാനത്തെ ഒരു സോഷ്യലിസ്റ്റ്‌വാദിയായ ഞാൻ ക്രൂരമായി അവഗണിച്ചിരിക്കയായിരുന്നു എന്നൊക്കെ പറയാമെങ്കിലും സത്യം മറ്റൊന്നാണ്‌..അന്നത്തെ ഒരു സാമ്പത്തികനില വച്ച്‌ ഫ്ലൈറ്റിനെ ഒരു ഗതാഗതമാർഗമായി കണക്കാക്കാൻ പറ്റിയ അവസ്ഥയിരുന്നില്ല ഞങ്ങൾ. പപ്പയോടു ചോദിച്ചാൽ പൈസ കിട്ടും.. പക്ഷെ ഉദ്യോഗസ്ഥയായ ഒരു മകളെന്ന നിലയ്ക്ക്‌ അതൊക്കെ വല്യ ചമ്മലലല്ലേ.( ഇപ്പോ ആ ചമ്മലൊക്കെ മാറി കേട്ടോ.. അല്ലെങ്കിലും കുറെ പ്രാവശ്യം ചോദിച്ച്‌ ശീലമായികഴിഞ്ഞാൽ പിന്നെ എന്തോന്ന്‌ ചമ്മല്‌).അവസാനം എന്റെയും കുരുട്ടിന്റെയും ബാങ്ക്‌ക്കൗണ്ടിന്റെ അസ്ഥിവാരം വരെ മാന്തി പൈസയെടുത്ത്‌ കോഴിക്കോടേക്ക്‌ ഒരു ടിക്കറ്റു സംഘടിപ്പിച്ചു. എന്റെ യാത്രയെ പറ്റി കേട്ടതും ഡോക്ടർ വന്ന്‌ ഒരു മുൻകരുതലെന്ന നിലയ്ക്ക്‌ പിന്നേം കാലിനെ കാസ്റ്റിലാക്കിതന്നു.അതു മാത്രമല്ല; ഫ്ലൈറ്റ്‌കമ്പനിയിലെ ഏതോ സുഹൃത്തിനെ വിളിച്ച്‌ എന്നെ യാതൊരു ബുദ്ധിമുട്ടും കൂടാതെ നാട്ടിലെത്തിക്കാനുള്ള ഏർപാടുകളും ചെയ്തു.അങ്ങനെ ഞാൻ ആദ്യത്തെ പറക്കലിനൊരുങ്ങി..


എയർപോർട്ടിലെത്തീതും ഡോക്ടറുടെ സുഹൃത്ത്‌ ഓടി വന്ന്‌ എന്നെ ഒരു വീൽച്ചെയറിൽ പിടിച്ചിരുത്തി അതുന്തിത്തള്ളിനടക്കാൻ ഒരു ചേച്ചിയേയും ഏർപ്പാടാക്കി തന്നു. പിന്നെ എനിക്കൊന്നും ചെയ്യേണ്ടി വന്നില്ല. ചേച്ചി എന്റെ വീൽചെയറും തള്ളി ഓരോ കൗണ്ടറിലേക്കും കൊണ്ടു പോയി അവിടുത്തെ ഫോർമാലിറ്റീസ്‌ ഒക്കെ കംപ്ലീറ്റ്‌ ചെയ്തു തരും; ഞാനിങ്ങനെ പളപളാന്നുള്ള കുപ്പായവുമിട്ട്‌ മിന്നിത്തിളങ്ങി(ഫ്ലൈറ്റിലൊക്കെ പോവുമ്പോൾ ചുമ്മാ കോട്ടൺ ഡ്രസുമിട്ട്‌ പോവാൻ പറ്റുമോ..അതുകൊകൊണ്ട്‌ എന്റെ കയ്യിലുള്ളതിൽ ഏറ്റവും വിലക്കൂടുതലുള്ള സിൽക്കു കുപ്പായമാണിട്ടത്‌) അന്തംവിട്ടിരുന്ന്‌ അവിടുത്തെ കാഴചകളൊക്കെ കണ്ടുകൊണ്ടിരിക്കും അങ്ങനെയങ്ങനെ അവസാനം വിമാനത്തിലേക്കു കയറുന്ന സ്ഥലത്തെത്തി. എന്റെ വീൽചെയർ തള്ളി ഒരു റൂമിൽ കൊണ്ടു വച്ചു.. അവിടെ എന്നെ പോലെ തന്നെ അഞ്ചാറ്‌ വീൽചെയർ-സഞ്ചാരികൾ വേറെയുമുണ്ട്‌.. വയസായ ഒരമ്മൂമ്മ.. ആകെമൊത്തം പ്ലാസ്റ്ററിട്ടു വച്ചിരിക്കുന്ന ഒരു ചേട്ടൻ , കാൽ പോളിയോ വന്ന ഒരു ചേച്ചി, കോളറിട്ട കഴുത്തുമായി വേറൊരു ചേട്ടൻ അങ്ങനെ കുറച്ചു പേർ.. എന്നെ കണ്ടതും എല്ലാവരുടെയും സഹതാപതരംഗം എന്റെ നേരെയായി.. ചുരിദാരിന്റെ ബോട്ടം കാരണം എന്റെ പ്ലാസ്റ്ററിട്ട കാല്‌ കാണാൻ പറ്റില്ലല്ലോ.. അതുകൊണ്ടാണെന്നു തോന്നുന്നു; എല്ലാവരും എന്തൊക്കെയോ മനസിൽ നിരൂപിച്ചുണ്ടാക്കി 'എന്നാലും ഇത്ര ചെറുപ്പത്തിലേ ഈ ഗതി വന്നല്ലോ' എന്നൊരു മുഖഭാവത്തോടെ എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്‌. ആ സഹതാപം സഹിക്കാൻ വയ്യാതെ അവസാനം ഞാൻ ആരും ചോദിക്കാതെ തന്നെ തന്നെ അടുത്തിരുന്ന ചേച്ചിയോട്‌ എന്റെ കഥ പറഞ്ഞുകൊടുത്ത്‌ കാര്യങ്ങളൊക്കെ ഒരുവിധത്തിൽ എല്ലാരെയും അറിയിച്ചു. പെട്ടെന്നു തറയ്ക്കൊരിളക്കം. അതിങ്ങനെ പൊങ്ങിപ്പോയി എവിടെയോ പോയി നിന്നു. കുറച്ചു ചേച്ചിമാർ വന്ന്‌ ഞങ്ങളെയൊക്കെ ഒരു കോറിഡോറിലൂടെ തള്ളി കൊണ്ടുപോയി എവിടെയോ കൊണ്ടു പോയി പ്രതിഷ്ഠിച്ചു. ഒന്നു ചുറ്റും നോക്കിയപ്പോൾ അവിടൊക്കെ സീറ്റുകൾ.. അതെ .. ഞാൻ വിമാനത്തിന്റെ അകത്തെത്തിയിരുന്നു.. ഉള്ളതു പറയാലോ.. ആകാശത്തൂടെ പറക്കുന്നതു കാണുമ്പോൾ ഇതിത്ര വലിയ സംഭവമാണെന്ന്‌ ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.


എയർഹോസ്റ്റസ്‌ വന്ന്‌ എന്നെ സീറ്റിലിരിക്കാൻ സഹായിച്ചു. എനിക്കങ്ങ്‌ ആകെ നിരാശയായിപ്പോയി.. കാരണം എന്റേത്‌ വിൻഡോ സീറ്റല്ല..ഞാനിനി ആകാശത്തിലെ കാഴ്കകളൊക്കെ എങ്ങനെ കാണും.. വിമാനത്തിന്റെ ജനലാണെങ്കിൽ തീരെ കുഞ്ഞിതുമാണ്‌.. അതു മുഴുവൻ മറച്ചോണ്ട്‌ ഒരു അങ്കിളിന്റെ തല.. അങ്കിളിരുന്ന്‌ ഒടുക്കത്തെ പത്രം വായനയാണ്‌. ഇങ്ങേർക്ക്‌ വായിക്കാനാണെങ്കിൽ ഇപ്പുറത്തെ സീറ്റിലിരുന്നും വായിച്ചൂടേ.. അങ്ങനാണെങ്കിൽ എനിക്ക്‌ വിൻഡോ സീറ്റിലിരുന്ന്‌ ആവോളം കാഴ്ചയും കാണമായിരുന്നു.. എന്തായാലും അങ്ങേര്‌ ബോംബേ വരെ അവിടിരുന്നു പത്രം വായിച്ചു.. പുറത്തെ കാഴ്ചകളൊന്നും കാണാൻ പറ്റാത്തതു കൊണ്ട്‌ ഉള്ള ചാൻസിന്‌ ഞാൻ തിരിഞ്ഞും മറിഞ്ഞും എത്തിവലിഞ്ഞു നോക്കിയുമൊക്കെ വിമാനത്തിനുള്ളിലെ കാഴ്ചകളൊക്കെ ഒരു വിധത്തിൽ കണ്ടു തീർത്തു. കണക്ടിംഗ്‌ ഫ്ലൈറ്റായതു കൊണ്ട്‌ എനിക്ക്‌ ബോംബെയിൽ നിന്നു ഫ്ലൈറ്റ്‌ മാറിക്കയറണം.. ഡെൽഹിയിൽ നിന്നുള്ള റെക്കമൻഡേഷൻ കൊണ്ടാണെന്നു തോന്നുന്നു; ഇവിടെയും ഒരു ചേച്ചി വന്ന്‌ എന്റെ വീൽചെയർ തള്ളികൊണ്ടുപോയി എയർപ്പോർട്ടിന്റെ ബസിൽ കയറ്റി കുറച്ചു ദൂരയുള്ള ഇന്റർനാഷണൽ എയർപ്പോർട്ടിലെത്തിച്ചു. വീണ്ടും ഫോർമാലിറ്റീസൊക്കെ കംപ്ലീറ്റ്‌ ചെയ്ത്‌ എന്നെ കോഴിക്കോടേക്കുള്ള വിമാനത്തിന്റെ ഉള്ളിലെത്തിക്കുകയും ചെയ്തു.


ഖത്തറിൽ നിന്നോ മറ്റോ വരുന്ന വിമാനമായിരുന്നു അത്‌.. പഴയ വിമാനത്തേക്കാളും ഗംഭീരൻ സെറ്റപ്പ്‌.. വളരെ കുറച്ചാളുകളേയുള്ളൂ താനും. ഈ ഒരു ചാൻസും കൂടി മിസ്സക്കിയാൽ.. ഇനീം ഇതു പോലെ കാലൊടിഞ്ഞ്‌ വിമാനത്തിന്റെ വിൻഡോസീറ്റിലിരിക്കാനുള്ള ചാൻസ്‌ എപ്പോൾ കിട്ടാനാണ്‌.. ഇതിലാണെങ്കിൽ മിക്ക വിൻഡോസീറ്റും ഒഴിഞ്ഞുകിടക്കുകയാണ്‌. ഞാൻ എയർഹോസ്റ്റസു ചേച്ചിയോട്‌ മടിച്ചുമടിച്ച്‌ എന്റെ ആഗ്രഹം പറഞ്ഞു. ചേച്ചി എന്നെ ഒരു വിൻഡോ സെറ്റിൽ കൊണ്ടിരുത്തുകയും ചെയ്തു.. ഞാനങ്ങു ഹാപ്പിയായി. എന്തായാലും കോഴിക്കോടു വരെ ആകാശം കണ്ടു കണ്ട്‌ എനിക്കങ്ങ്‌ മതിയായിപ്പോയി..


കോഴിക്കോടെത്തി.. എല്ലാവരും ഇറങ്ങിക്കഴിഞ്ഞിട്ടും എന്നെ മാത്രം ഇറങ്ങാൻ സമ്മതിക്കുന്നില്ല.. കുറച്ചു പേർ നിന്ന്‌ എന്തൊക്കെയോ ചർച്ച ചെയ്യുകയാണ്‌. എനിക്കൊന്നും മനസിലായില്ല. ഞാൻ വല്ല തീവ്രവാദിയുമാണെന്ന്‌ അവർക്കു സംശയം തോന്നിയോ പോലും. ആകെപ്പാടെ ടെൻഷനായി.. എന്നെപറ്റി എന്തെങ്കിലും സംശയമുണ്ടെങ്കിൽ അങ്ങു താഴെ എന്റെ പപ്പ നിൽപ്പുണ്ട്‌; പപ്പയോടു ചോദിച്ചാൽ ഞാൻ ഭയങ്കര നല്ലകുട്ടിയാണെന്നുള്ള സത്യം മനസിലാവുമെന്നും ഒക്കെ അറിയിക്കാൻ വേണി ഞാൻ എയർഹോസ്റ്റസിനെ വിളിച്ചു. ആ ചേച്ചി വന്ന്‌ എന്നെ ആശ്വസിപ്പിച്ചു. എന്റെ വീൽചെയർ നിലത്തിറക്കാനുള്ള സംവിധാനം കോഴിക്കോടില്ലത്രേ... അതുകൊണ്ട്‌ എന്നെ എങ്ങനെ നിലംതൊടീക്കാം എന്നതിനെപറ്റിയാണ്‌ അവർ ചർച്ചചെയ്യുന്നത്‌. അതൊന്നും പ്രശമില്ല; ഞാൻ തുള്ളിതുള്ളി സ്റ്റെപ്പിറങ്ങിപ്പൊക്കോളാമെന്ന്‌ ഞാൻ ചേച്ചിയെ അറിയിച്ചു. അവരെന്തു ചെയ്തിട്ടും സമ്മതിക്കുന്നില്ല. ഇനി ഇവിടെ ഇറക്കാൻ പറ്റാത്തതു കൊണ്ട്‌ ഇവരെന്നെ തിരിച്ചു ഡെൽഹിക്കു തന്നെ പറപ്പിക്കുമോ എന്നായി അടുത്ത ടെൻഷൻ..


അപ്പോഴേക്കും ചർച്ചയൊക്കെ കഴിഞ്ഞ്‌ രണ്ടു ചേട്ടന്മാർ എന്റെ അടുത്തേക്കു വന്നു. എന്നോടു ചെയറിൽ മുറുക്കെപിടിച്ചിരിക്കാൻ പറഞ്ഞ്‌ അവരാ ചെയറെടുത്തു പൊക്കി.. എന്നിട്ടു പതിയെ സ്റ്റെപ്പിറങ്ങാൻ തുടങ്ങി. കേൾക്കുമ്പോൾ നല്ല രസം തോന്നുന്നില്ലേ. പക്ഷെ അനുഭവിക്കുമ്പോൾ തീരെ സുഖമില്ലാത്ത ഒരു കാര്യമാണിത്‌. ഭൂമിയിൽ നിന്നും അത്രയും ഉയരത്തിൽ ഒരു കസേരയിലിരുന്ന്‌ താഴേക്കു പോരുക എന്നുള്ളത്‌. ആ എടുത്റ്റു പിടിച്ചിരിക്കുന്ന ചേട്ടൻമാരുടെ കാലെങ്ങാനും ഒന്നു സ്ലിപ്പായാൽ ഞാൻ മൂക്കും കുത്തി താഴെ കിടക്കും. ഈ ചേട്ടന്മാരുടെ കണ്ണിലൊരു പൊടി പോലും വീഴാതെ കാത്തോളണേ ദൈവമേ എന്നു ഞാൻ ആത്മാർത്ഥമായി കണ്ണുമടച്ചിരുന്ന്‌ പ്രാർത്ഥിക്കാൻ തുടങ്ങി.അവരോടുള്ള സ്നേഹം കൊണ്ടൊന്നുമില്ല, എങ്ങാനും അങ്ങനെ വല്ലതും സംഭവിച്ചാലുള്ള എന്റെ അവസ്ഥ ഓർത്തിട്ടാണ്‌. എന്തായാലും അപകടമൊന്നുമില്ലാതെ ഞാനും എന്റെ വീൽചെയറും വിജയകരമായി നിലം തൊട്ടു. അതോടു കൂടി എന്നെ കന്നിപ്പറക്കലിന്‌ തിരശീല വീഴുകയും ചെയ്തു.


ഇങ്ങനൊക്കെയാണെങ്കിലും ഈ കാലൊടിയൽ സംഭവവും അതിനോടനുബന്ധിച്ചു നടന്ന മറ്റു സംഭവങ്ങളിലും വച്ച്‌ എന്നെ ഏറ്റവും കൂടുതൽ ത്രില്ലടിപ്പിച്ചതും സന്തോഷിപ്പിച്ചതും ഈ വിമാനയാത്രയല്ല; മറ്റൊരു സംഭവമാണ്‌. അതായത്‌ വീട്ടിൽ വന്ന്‌ ആയുർവേദഹോസ്പിറ്റലിലെ തിരുമ്മലും മറ്റു കലാപരിപാടികളുമൊക്കെ കഴിഞ്ഞ്‌ എന്റെ കാലൊക്കെ നേരാംവണ്ണമായപ്പോൾ ഞാൻ തിരിച്ച്‌ ഓഫീസിലെത്തിയല്ലോ... അപ്പോൾ എന്നെ എതിരേറ്റ അതിമനോഹരമായ കാഴ്ച.. കാലിൽ പ്ലാസ്റ്ററുമിട്ട്‌ ഞാൻ വലിഞ്ഞുവലിഞ്ഞു നടന്നിരുന്ന കാലത്ത്‌ എന്നെ ഏറ്റവുമധികം കളിയാക്കിയിരുന്ന സഹപ്രവർത്തകനതാ കാലിലും കയ്യിലും പ്ലാസറുമായി നിൽക്കുന്നു.. ബൈക്കിൽ നിന്നും വീണതാണത്രേ.. ഞാനവനെയും നോക്കി ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. ശരിയാണ്‌.. ആക്സിഡന്റും പറ്റി നിൽക്കുന്ന ഒരാളെ നോക്കി ചിരിക്കുന്നതൊക്കെ ക്രൂരമാണ്‌.. പക്ഷെ എന്തു ചെയ്യാം .. കഴിഞ്ഞതൊക്കെ അങ്ങു മറക്കാൻ ഞാനൊരു പുണ്യാത്മാവൊന്നുമല്ലല്ലോ..കേവലമൊരു മനുഷ്യജീവിയല്ലേ..

100 comments:

 1. കൊച്ചുത്രേസ്യ said...

  അഹങ്കാരം പറയുകയാണെന്നു വിചാരിക്കരുത്‌..ഞാനും വിമാനത്തിലൊക്കെ കേറീട്ടുണ്ട്‌ :-)

 2. Haree | ഹരീ said...

  :-)
  ഞാനോര്‍ത്തത് ആരെങ്കിലും പറത്തിയതാവുമെന്ന്, ഇതു ശരിക്കും നമ്മളായിട്ട് പറന്നതു തന്നെയാണല്ലിയോ?

  സംഗതി കൊള്ളാം... :-)
  --

 3. നവരുചിയന്‍ said...

  എന്റെ വക ഒരു തേങ്ങ ...... ((((((((((((((((((((( ooo )))))))))))))))))))

 4. നവരുചിയന്‍ said...

  അപ്പൊ ഒരു കാര്യം പറയാന്‍ മറന്നു ..ഞാനും ബാഗ്ലൂര്‍ എത്തി ... കുട്ടിച്ചാത്തനെ അങ്ങനെ നേരില്‍ കണ്ടു .. പിന്നെ ഒരു പാവം സഹോദരനെ കണ്ടു പിടിച്ചു ... അരുണ്‍ എന്നാണ് പേര് ... ഞങ്ങള്‍ ഒരേ കമ്പനി ഇല്‍ ആണെ ........ അപ്പൊ ഇനി ബാഗ്ലൂര്‍ ബ്ലോഗ് മീറ്റ് വല്ലോം വരുമ്പോ നേരില്‍ കാണണം .....

 5. സങ്കുചിതന്‍ said...

  :)

 6. ഗുപ്തന്‍ said...

  ഫ്ലൈറ്റില്‍ പോയീന്ന് കേട്ടപ്പം കാര്‍ഗോയിലാരുന്നോ എന്ന് ചോദിക്കാന്‍ വരുവാരുന്നു; വായിച്ചപ്പോഴല്ലേ മനസ്സിലായത് ലഗേജായിട്ടായിരുന്നൂന്ന്.

 7. ഇസാദ്‌ said...

  :)

 8. ashidh said...

  കഴിഞ്ഞതൊക്കെ അങ്ങു മറക്കാൻ ഞാനൊരു പുണ്യാത്മാവൊന്നുമല്ലല്ലോ..കേവലമൊരു മനുഷ്യജീവിയല്ലേ..
  idhu kalakkiiiii

 9. ചിത്രകാരന്‍chithrakaran said...

  മാങ്ങയെ ഫ്ലൈറ്റ്യാത്രയുമായി സങ്കരിപ്പിച്ച വിദ്യ കലക്കി !!!

 10. Jithendrakumar/ജിതേന്ദ്രകുമാര്‍ said...

  koLLaalO...
  pakshee, maangakkaaNoo katthi kkaaNoo athO t.v. kkaaNoo ithinte credit ennu samsayam.

 11. ...പകല്‍കിനാവന്‍...daYdreamEr... said...

  കേവലമൊരു മനുഷ്യജീവിയല്ലേ..!!അതേയൊ... :)

 12. sijisurendren said...

  haaaaaaahoooooooooooooooo heeeeeeeeeeeeee
  haaaaaaaaaaiiiiiiiiiiii Sathyam paranja njan aake chirichu vazham mettu ente thresye...........

 13. ചിതല്‍ said...

  കേൾക്കുമ്പോൾ നല്ല രസം തോന്നുന്നില്ലേ. പക്ഷെ അനുഭവിക്കുമ്പോൾ തീരെ സുഖമില്ലാത്ത ഒരു കാര്യമാണിത്‌. ഭൂമിയിൽ നിന്നും അത്രയും ഉയരത്തിൽ ഒരു കസേരയിലിരുന്ന്‌ താഴേക്കു പോരുക എന്നുള്ളത്‌--------
  \

  ശരിക്കും ചിരിപ്പിച്ചു....

 14. Babu Kalyanam | ബാബു കല്യാണം said...

  :-)

 15. Rajesh said...

  kshamikkanam chechi,

  kaathiruppu neenddathu kondaayirikkanam, idathra rasaayilla. koll....aaa....mmm. athreyulloo.
  aduthathiniyennanaavo...
  wait cheyyunnuu...

 16. ..:: അച്ചായന്‍ ::.. said...

  ഞാന്‍ ഓര്‍ത്തത്‌ കേരളം രക്ഷപെട്ടു വല്ല onsite വന്നു പോയി കാണും എന്ന് ... ചുമ്മാ ആശിപ്പിച്ചു ..:D എന്തായാലും ഓസ്സിനു വിമാനത്തില്‍ കേറിയില്ലേ അതില്‍ കൂടുതല്‍ എന്നാ വേണം :D

 17. ആചാര്യന്‍... said...

  വിമാനത്തില്‍ വെച്ച് കള്‍ കുടിച്ചോ കൊ.ത്രേസ്യാ? ബെക്കം സുകാവ്, എന്ന്ട്ട് തിരിച്ച് പറന്ന് പോ

 18. കുഞ്ഞന്‍ said...

  കന്നിവീമാനയാത്ര ചെയ്യാനുണ്ടായ സംഭവങ്ങള്‍ രസകരമായി. അപ്പോള്‍ കൊ.ത്രേ യെ കളിയാക്കിയാല്‍ അതിനുള്ള പ്രതിഫലം ഉടന്‍ തന്നെ കിട്ടുമല്ലേ, കമന്റുമ്പോള്‍ സൂക്ഷിക്കണം..!

 19. ചങ്കരന്‍ said...

  ഹോ ഫീകരം. വിജാകിരിക്കു എണ്ണയിടുന്ന നംമ്പര്‍ വായിച്ചു ചിരിച്ച് ചിരിച്ച്, എന്റമ്മേ :)

 20. --xh-- said...

  ഞാന്‍ ആദ്യം തലേക്കെട്ട് വായിച്ചപ്പൊ കരുതി ഈ റിസഷന്‍ സയത്ത് മാഷ്‌ ഓണ്‍സൈറ്റ് പോയെന്ന് :)

  "പക്ഷെ എന്തു ചെയ്യാം .. കഴിഞ്ഞതൊക്കെ അങ്ങു മറക്കാൻ ഞാനൊരു പുണ്യാത്മാവൊന്നുമല്ലല്ലോ..കേവലമൊരു
  മനുഷ്യജീവിയല്ലേ.." അതു തന്നെ - അതു കലക്കി :)

 21. യാരിദ്‌|~|Yarid said...

  ആദ്യം വിചാരിച്ചതു മാങ്ങാ മേടിച്ചപ്പൊൾ ഫ്രീയായി ഫ്ലൈറ്റ് ടിക്കറ്റ് കിട്ടിയെന്നാ. എന്നാ‍ൽ പിന്നെ ഈ സീസണിൽ അഞ്ചാറു കിലോ മാങ്ങ മേടിച്ചാൽ അഞ്ചാറു ടിക്കറ്റ് എനിക്കും കിട്ടുമല്ലോന്നൊർത്തു സന്തോഷിച്ചിരിക്കേരുന്നു :(

  തേങ്ങയിലൽ ഉടക്കാൻ, തേങ്ങക്കിപ്പോ എന്താ വെല.:(

 22. പുരികപുരാണം said...

  മാങ്ങയായത് ഭാഗ്യം. പഴമായിരുന്ണേല്‍ സ്ട്രെച്ചെരില്‍് പോകേണ്ടി വന്നേനെ. ഹി ഹി ഹി

 23. Balu..,..ബാലു said...

  കഴിഞ്ഞതൊക്കെ അങ്ങു മറക്കാൻ ഞാനൊരു പുണ്യാത്മാവൊന്നുമല്ലല്ലോ..കേവലമൊരു മനുഷ്യജീവിയല്ലേ..

  ആ പറഞ്ഞത് “ദ് ട്രൂത്ത്”..

  പോസ്റ്റ് അടിപൊളി. കാലിനെക്കുറിച്ചും വിമാനയാത്രയെക്കുറിച്ചുമൊക്കെ പറയാന്‍ ദേ നാവിന്‍‌തുമ്പിലുണ്ട്.. പക്ഷെ വേണ്ട..! കൈയ്യിലും കാലിലും പ്ലാസ്റ്റര്‍ ഇട്ട് മാനസമൈനേ പാടി നടക്കാന്‍ ഒരാഗ്രഹവുമില്ല! ;)

 24. ശ്രീഹരി::Sreehari said...

  ഇതു മുരട്ടുദേശീയവാദം ആണ്. കോഴിക്കോട് വിമാനത്താവളത്തില്‍ അടിസ്ഥാനസൗകര്യം പോലുമില്ല എന്ന് ബൂലോഗത്തില്‍ പ്രചരിപ്പിക്കന്‍ വേണ്ടിയുള്ള ഏതോ ഒരു ഹിഡണ്‍ അജണ്ടയുടെ ഭാഗം ആണ് ഇതെന്നു വേണം കരുതാന്‍... പ്രതിഷേധിക്കുന്നു... പ്രതികരിക്കുന്നു....

  എന്റെ ബ്ലോഗിന്റെ വലതുവശത്തെ ഒര്‍ക്ഷരം ഞാന്‍ കറുപ്പിക്കുന്നു.....

 25. ഹരിത് said...

  "ഈ വിജാഗിരിക്കൊക്കെ എണ്ണയിടുന്നതു പോലെ"

  പണ്ട് കാളിദാസന്‍ ‘ഉപമാ കൊച്ചു ത്രേസസ്യ’ എന്നുപറഞ്ഞതു ഇതു വായിച്ചിട്ടായ്യിരിയ്ക്കും!:)

 26. വിന്‍സ് said...

  കൊള്ളാം...കുറച്ചു കാലത്തിനു ശേഷം രസമുള്ള പോസ്റ്റ്....പിന്നെ ഡോക്ടറിന്റെ ഫ്രണ്ട് എയര്‍ ലൈന്‍ സി ഇ ഓ ആയതു കൊണ്ടൊന്നും അല്ല തള്ളാന്‍ ആളു വന്നതു. വികലാംഗരെ അവരു തള്ളി കൊണ്ടേ പോകൂ :)

 27. പള്ളിക്കരയില്‍ said...

  തന്നെ, തന്നെ... മനുഷ്യജീവിതന്നെ....!!

 28. J K said...

  ഈ മുട്ടിന്റെ ചിരട്ട സ്ലിപ് ആയാല്‍ അത് ക്യാന്സര്‍ ആകും എന്നു പറയുന്നതു ഉള്ളതണോ?

  Anyway your post was great..

 29. ആവനാഴി said...

  എന്റെ പൊന്നു കൊച്ചുത്രേസ്യേ,

  വായിച്ചു. അസ്സലായിട്ടുണ്ട് കേട്ടോ.

  പിന്നെ എനിക്കു ചെറുപ്പം മുതലേ ഉള്ള ഒരാശയാണു ഒരാനയെ വാങ്ങണം. രാവിലെ ഉണരുന്നതു തന്നെ ആനയെ കണികണ്ടുകൊണ്ടായിരിക്കണം. കിഴക്കു പ്രഭാതം പൊട്ടിവിടരുന്നതിനു മുന്നേ ശയ്യാഗാരത്തില്‍ നിന്നെണീറ്റു വാതില്‍ തുറന്നു വരാന്തയിലേക്കു ഞാന്‍ കാലെടുത്തു വച്ചു തലയുയര്‍ത്തിനോക്കുമ്പോള്‍ പാപ്പാന്‍ മാധവന്‍ എന്റെ ആനയെ എന്നെ കണി കാണിക്കാനായി അറപ്പുരക്കു മുന്നില്‍ കൊണ്ടു വന്നു ഓഛാനിച്ചു നില്‍ക്കണം. അപ്പോള്‍ വേലക്കാരന്‍ പാണ്ടിനാട്ടുകാരന്‍ കറുപ്പയ്യ എന്റെ വീട്ടില്‍ വളര്‍ത്തുന്ന പശുവിന്റെ അസ്സല്‍ ചാണകവും എന്റെ പറമ്പിന്റെ ഓരങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന മഹാഗണിമരങ്ങളുടെ ഇലകള്‍ താഴെ വീണത് അടിച്ചു വാരി കത്തിച്ച ചാരവും‍ ശീമക്കൊന്നയുടെ ചവറും ഇട്ടു എന്റെ പറമ്പില്‍ ഓര്‍ഗാനികമായി നട്ടുവളര്‍ത്തിയ ഏത്തവാഴക്കൂട്ടങ്ങളില്‍ ആദ്യത്തെ ഏത്തക്കുല ചാക്കില്‍ കെട്ടി അറയില്‍ കെട്ടിത്തൂക്കി സ്വര്‍ണ്ണനിറമായ് പഴുപ്പിച്ചെടുത്തത് തോളില്‍ താങ്ങി എന്റെ കരങ്ങളിലേല്‍പ്പിക്കും. ഞാനത് എന്റെ കൊമ്പനാനക്കു നീട്ടും. അവന്‍ അതു തുമ്പിക്കൈകൊണ്ടു പിടിച്ചെടുത്ത് വായ്ക്കുള്ളിലാക്കും. ഞാനതു നോക്കി നിന്നു സ്വര്‍ഗ്ഗീയസുഖം അനുഭവിക്കും.

  അങ്ങിനെ എന്റെ ചിരകാലമായുള്ള അഭിലാഷം പൂവണിയാതെ നിന്നു. സാമ്പത്തികം തന്നെ കാരണം.

  അപ്പോഴാണു കൊച്ചുത്രേസ്യയുടെ പോസ്റ്റു കണ്ടത്. “രണ്ടു തോട്ടി വാങ്ങിച്ചാല്‍ ആന ഫ്രീ”‍ ഞാന്‍ ബാംഗ്ലൂരിലേക്കു വണ്ടി പിടിക്കാന്‍ തീരുമാനിച്ചു കൊച്ചുത്രേസ്യാ. എന്നെ തടയരുത് കൊച്ചുത്രേസ്യാ. പ്ലീസ് എന്നെ തടയരുത്.

  സസ്നേഹം
  ആവനാഴി

 30. ഏറനാടന്‍ said...

  ഇവിടെയൊക്കെ ഉണ്ടോ? :)

 31. ചന്ദ്രകാന്തം said...

  ...ന്നാലും ന്റെ 'കൊച്ചു'മനുഷ്യജീവീ..!!!!
  :)

 32. ആഗ്നേയ said...

  ആ കേവലത്തിന്റേം,ജീവീടെം ഇടക്കാ മനുഷ്യനെ തിരുകിക്കയറ്റി കൊളാക്കണ്ടാരുന്നു..:-)
  എന്നിട്ട് പനപോലെ പോയ മോള് പറന്ന്നുവന്ന്ത് കണ്ടിട്ട് എയര്‍പോര്‍ട്ടിലെ അന്തരീക്ഷം?

 33. മുസാഫിര്‍ said...

  സംഭവം ട്രാജടിയാണെങ്കിലും കൊച്ചുത്രേസ്യയുടെ എഴുത്തായത് കൊണ്ട് ആ വിഷമം തോന്നിയില്ല.(ദേ വീണ്ടും മാമ്പഴക്കാലം വരുന്നു.ഇനി എന്നാണാവോ ഇതു പോലെ ഒരു പോസ്റ്റ് വായിക്കാന്‍ പറ്റുക ?)

 34. ചാണക്യന്‍ said...

  മികച്ച അവതരണം.....

 35. kaithamullu : കൈതമുള്ള് said...

  വായിച്ചപ്പോള്‍ സങ്കടം വന്നു, കണ്ണ് നിറഞ്ഞൂ :കൊ.ത്രേ.കൊ!
  -കോഴിക്കോട്ടെയര്‍പ്പോര്‍ട്ടിലെ, കസേര പൊക്കാന്‍ നിയുക്തരായ, ആ പാവം രണ്ട് ചേട്ടന്മാരെപ്പറ്റി ഓര്‍ത്ത്!!

 36. Anu said...

  "എന്നെപറ്റി എന്തെങ്കിലും സംശയമുണ്ടെങ്കിൽ അങ്ങു താഴെ എന്റെ പപ്പ നിൽപ്പുണ്ട്‌; പപ്പയോടു ചോദിച്ചാൽ ഞാൻ ഭയങ്കര നല്ലകുട്ടിയാണെന്നുള്ള സത്യം മനസിലാവുമെന്നും"....

  അത് വിശ്വസിക്കാന്‍ ഇത്തിരി പാടുണ്ട് ത്രേസ്സ്യ കൊച്ചെ

 37. വികടശിരോമണി said...

  കാലൊടിഞ്ഞാൽ പക്ഷികൾ പോലും പറക്കില്ല,പക്ഷേ കൊച്ചുത്രേസ്യ പറക്കും എന്നു മനസ്സിലായി...

 38. Eccentric said...

  എല്ലാം മറക്കാനും പൊറുക്കാനും മന്നാടിയാര്‍ വൈശ്യണോ സൂദ്രണോ ബ്രാഹ്മണോ അല്ലല്ലോ ക്ഷത്രിയനായി പോയില്ലേ :)

 39. ധനേഷ് said...

  "ഇനി ഇവിടെ ഇറക്കാന്‍ പറ്റാത്തതു കൊണ്ട്‌ ഇവരെന്നെ തിരിച്ചു ഡെല്‍ഹിക്കു തന്നെ പറപ്പിക്കുമോ എന്നായി അടുത്ത ടെന്‍ഷന്‍.."

  കൊള്ളാം നല്ല രസമുള്ള പോസ്റ്റ്...

 40. junaith said...

  mixed & Fried Mustard(കലക്കി കടുക് വറുത്തിരിക്കുന്നു ...).ടപ്...ടപ് ...ടടപടടപ്‌...ടട്ടടട് പട്ടട്ട്..

 41. കുതിരവട്ടന്‍ :: kuthiravattan said...

  :-)

 42. പാവപ്പെട്ടവന്‍ said...

  നല്ല ഭാവ ശുദ്ധി സുഖകരമായ ഒരു വായന അനുഭവം
  മനോഹരമായിരിക്കുന്നു
  ആശംസകള്‍

 43. പി.സി. പ്രദീപ്‌ said...

  നര്‍മം തുളുംബുന്ന രചന. നന്നായിട്ടുണ്ട് വിവരണം.

  ഓഹൊ ,അപ്പോള്‍ മനുഷ്യ ജീവിയാണ് അല്ലെ. ഞാന്‍ കരുതി വല്ല വാനര ജന്മവും ആണോന്ന്. എതായാലും സംശയം തീര്‍ന്നു:)

 44. ശ്രീലാല്‍ said...

  "അങ്ങനെ ഞാനും പറന്നു..." - എന്ന് ടൈറ്റിൽ ഒക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു , ഹോ, ഈ റിസെഷൻ കാലത്തും ഓൺസൈറ്റ് പോയോ എന്ന്.. മുഴുവൻ വായിച്ചപ്പോ സമാധാനമായി :)

  പോസ്റ്റ് രസിച്ചു. ഇത് പ്രത്യേകിച്ച്.

  “ഇനി ഇവിടെ ഇറക്കാൻ പറ്റാത്തതു കൊണ്ട്‌ ഇവരെന്നെ തിരിച്ചു ഡെൽഹിക്കു തന്നെ പറപ്പിക്കുമോ എന്നായി അടുത്ത ടെൻഷൻ.. “

 45. Ashly A K said...

  Ya...it is true....Calicut airport don't have facilities to handle container. You should consider Vallarpadam next time.

 46. ചെലക്കാണ്ട് പോടാ said...

  എന്നാലും ഇത്ര ചെറുപ്പത്തിലേ ഈ ഗതി വന്നല്ലോ

  ഇനീം ഇനീം വിമാനത്തില് കയറാന് അവസരമുണ്ടാകട്ടെ... അല്ല കൂടെ കാലില് കാസ്റ്റിംഗ് വേണമെന്ന് ആഗ്രഹം വല്ലതുമുണ്ടോ?... :D

 47. ചാളിപ്പാടന്‍ | chalippadan said...

  :-)

 48. ഷമ്മി :) said...

  kollaam :)

 49. കുഞ്ഞാപ്പി said...

  ഞാനും കരുതി ഈ റിസഷൻ ടൈമിൽ ത്രേസ്യകൊച്ചു വല്ല യു.എസ്സിലേക്കും പറന്നോ എന്നു…

  ഇത്മ്മളെ കോയിക്കോട്ടേക്കു പറന്ന കഥ്യല്ല്യോളി… ന്നാലും മ്മക്കിസ്ടപ്പെട്ടിക്ക്ണ്ട്ടാ…

 50. കുഞ്ഞാണ്ടി said...

  onsite poyikaanum..mandya kalathu amerikkayil poyo ennu vichaarichu vaayichathaa B-)

 51. haaari said...

  കൊച്ചു കൊച്ചു ത്രേസ്യ അങ്ങിനെ വല്യ വല്യ ത്രേസ്യ ആയീ. ഒരു സത്യം പറയാമോ ? ഇയാള്‍ വന്നപ്പോള്‍ കണ്ട സീന്‍ കുരിട്ടിനു പ്ലാസ്ടരിട്ടതാണോ
  അല്ല ഇത്രമാത്രം സന്തോഷിച്ചത്‌ കൊണ്ടു ചോതിച്ചതാണ് തെറ്റിദ്ധരിക്കരുത് പ്ലീസ്

 52. സൂര്യോദയം said...

  ഹെന്റമ്മോ... എല്ലായിടത്തും തള്ളിക്കൊണ്ട്‌ നടക്കാനും എടുത്തോണ്ട്‌ നടക്കാനും മറ്റും ഒരുപാടുപേരൊക്കെയുള്ള വല്ല്യ സെറ്റപ്പാണ്‌ ഈ കൊച്ചുത്രേസ്യാമ്മയെന്ന് സത്യായിട്ടും ഞാന്‍ അറിഞ്ഞില്ലാട്ടോ... ആ പേര്‌ കേട്ടാലും തോന്നൂല്ല്യല്ലോ...

  അപ്പോ ഇതിന്റെ ഗുണപാഠം പറാഞ്ഞില്ലാ... 'മാങ്ങ ദിവസവും തിന്നരുത്‌... പ്ലെയിനില്‍ കയറേണ്ടിവരും.. അതും ഒടിഞ്ഞകാലുമായി..' എന്നാണോ? :-)

 53. smitha adharsh said...

  വിമാനയാത്ര കലക്കി...ചിരിപ്പിച്ചു . കേട്ടോ..
  ന്നാലും,കുരുട്ട് ഇത്രയും സകല കലാ വല്ലഭ ആയിരുന്നോ? കാലിന്റെ മുട്ട് പുല്ലു പോലെയല്ലേ ശരിയാക്കിയത്?

 54. നീലാംബരി said...

  നന്നായിട്ടുണ്ട്.........
  http://neelambari.over-blog.com/

 55. febinjoy said...

  kalakki......

 56. Ifthikhar said...

  ഹ ഹ ഹ ഹ..... അടിപൊളി... ഓഫീസില്‍ ഇരുന്നാ വായീച്ചത്‌.. അതുകൊണ്ട്‌ മനസ്സറിഞ്ഞ്‌ ചിരിക്കാന്‍ പറ്റിയില്ല...
  :)

 57. lijen said...

  കൊച്ച് അടുകളയില്‍ ഭക്ഷണം ഉണ്ടാക്കുന്നു, കുരുട്ട് ടിവി കാണുന്നു ... അവിടെ എന്തോ ഒരു പന്തികേട്‌..
  പിന്നെ പറയുന്നു മുട്ടിനു താഴേക്ക് ആരോ സൈഡിലേക്കു പിടിച്ചു തിരിച്ചു വച്ചപോലെ വളഞ്ഞിരിക്കുന്നു എന്ന്...!
  ഈ കേസ് CBI യെകൊണ്ട് അന്വേക്ഷിപിച്ചാലോ???..യേത്...
  കുരുട്ട് അറസ്റ്റില്‍ ആകുമോ ആവോ ??

  ഏതായാലും പോസ്റ്റ് ഗിടിലോല്‍ ഗിടിലന്‍ !!

 58. ഞാന്‍ ഇരിങ്ങല്‍ said...

  കൊച്ചൂ.. തന്നെ വായിച്ചിട്ട് കുറേ ആയി.എന്നാലും ഒരു ലെവലിലും വായനയിൽ മനുഷ്യനെ നിലത്ത് നിർത്തില്ലെന്ന് എപ്പോൾ വായിക്കുമ്പോഴും മനസ്സിലാകും.
  ഇടയ്ക്കിടേ താനിടുന്ന ഓരോ ഡയലോഗുകൾ സിനിമാശാലയിൽ ആണെങ്കിൽ ശരിക്കും കയ്യടിയ്യുടെ പൂരമായിരിക്കും.
  വരട്ടേ ഞാൻ ഒരു സിനിമ എടുക്കുമ്പോൾ തന്നെ തന്നെ ഡയലോഗ് എഴുതാൻ വിളിക്കും.....(വരില്ലാന്ന് പറഞ്ഞാൽ....!!!)

  എഴുത്തിൽ മികച്ച നിലവാരം പുലർത്തുന്നു. അവതരണത്തിലും.

  സ്നേഹപൂർവ്വം
  രാജു ഇരിങ്ങൽ

 59. Suraj P M said...

  ഈ മുട്ടുചിരട്ടയൊക്കെ ഇങ്ങനെ തരം കിട്ടിയാൽ തെന്നിപ്പോവുന്ന സാധനമാണോ!! എന്തായാലും പണ്ടത്തെ ബയോളജി ക്ലാസിലേക്ക്‌ തിരിച്ചുപോയി കാലിന്റെ ഘടന ഓർത്തെടുക്കാനുള്ള ഒരു മൂഡിലല്ലായിരുന്നതു കൊണ്ട്‌ ഞാൻ കുരുട്ടിനെ തന്നെ ശരണം പ്രാപിച്ചു...

  അങ്ങനെ പ്രത്യേകിച്ച്‌ എന്തെങ്കിലും അറിഞ്ഞിട്ടൊന്നുമല്ല. ഈ വിജാഗിരിക്കൊക്കെ എണ്ണയിടുന്നതു പോലെ എന്റെ മുട്ടുചിരട്ട ഒന്നു സ്മൂത്താവാൻ വേണ്ടി എണ്ണയിട്ടതാണ്‌. തൊലിപ്പുറത്തു നിന്നും എണ്ണ ആഗിരണം ചെയ്യപ്പെട്ട്‌ അങ്ങ്‌ അകത്തേക്കെത്തുമല്ലോ.. യേത്‌..

  ഞാനിങ്ങനെ ആ കാലും വലിച്ച്‌ സിനിമാനടൻ മധു നടക്കുന്നതു പോലെ ഓഫീസു മുഴുവൻ വലിഞ്ഞ്‌ വലിഞ്ഞ്‌ നടന്നു. ഞാൻ അകലേന്നു വരുന്നതു കാണുമ്പോഴേ മലയാളി സഹപ്രവർത്തകർടെ വക 'മാനസമൈനേ വരൂ' എന്ന പാട്ടു കേൾക്കും എന്നതൊഴിച്ചാൽ ഒരു കുഴപ്പവുമില്ല.

  ഇനിമുതലാണ്‌ ശരിക്കും പ്രശ്നം ആരംഭിച്ചത്‌. ഡോക്ടർ വന്ന്‌ കാസ്റ്റെടുത്തു. അപ്പോഴാണ്‌ ഞാൻ ഒരു ഞെട്ടലോടെ തിരിച്ചറിയുന്നത്‌.. ഒരു മാസം നേരെയിരുന്ന്‌ കാലിന്‌ അതങ്ങു ശീലമായിപ്പോയി. എന്തു ചെയ്തിട്ടും മടക്കാൻ പറ്റുന്നില്ല. അതു പതുക്കെപതുക്കെ മടങ്ങിക്കോളും എന്നും പറഞ്ഞ്‌ ഡോക്ടർ വണ്ടി വിട്ടു. പക്ഷെ എന്റെ എനിക്കങ്ങു സങ്കടമായിപ്പോയി..


  നോട്ട് ചെയ്യല്‍ നിര്‍ത്തി ... ചിരിച്ചു ചിരിച്ചു വശം കെട്ടു. മുഴുവന്‍ വായിച്ചിട്ടില്ല. ഓഫീസിലാണ് .. എത്രയെന്നു വെച്ച ചിരി അടക്കുക.

 60. Kovalan said...

  Ente koche,

  sarikum santhozham vannu.kalu sukhamayi ennorthalla. Kozhikotte mappila khalazimark pani kittiyallo ennorthu.ini thiruvanathapuratho kochiyilo ayirunnenkil enthu cheythene?

 61. റോളക്സ് said...

  "ബ്രിജ്‌ വിഹാരം" വായിച്ചു ചിരി ഒന്നമര്‍ത്തി വിമാന യാത്ര വായിച്ചു... എന്തായാലും ഈ വീകെന്റ്റ് അടിപൊളി തന്നെ.... ചിരിയോ ചിരി തന്നെ......

 62. കൊച്ചുത്രേസ്യ said...

  ഹരീ പറത്തിയതുമല്ല, വേണംന്നു വച്ചു പറന്നതുമല്ല. പറക്കേണ്ടി വന്നു എന്നുള്ളതാണ്‌ സത്യം :-)

  നവരുചിയാ ഇതേ പോലൊരു സഹോദരനെ എനിക്കുമറിയാം.. വർഷങ്ങളായുള്ള പരിചയമാണ്‌ :-)

  സങ്കുചിതൻ :-)

  ഗുപ്തോ ലഗേജായി പോവാനും വേണം കുഞ്ഞേ ഭാഗ്യം :-)

  ഇസാദ്‌,ashid,ചിത്രകാരൻ നന്ദി

  ജിതേന്ദ്രകുമാർ മാങ്ങയും കത്തിയൊന്നുമല്ല,കത്തിയെടുക്കാൻ വേണ്ടി അങ്ങനെ വലിഞ്ഞു നിന്നതായിരുന്നു പ്രശ്നം എന്നാണ്‌ ഡോക്ടർ പറഞ്ഞത്‌. അങ്ങനെ ഏങ്കോണിച്ചുള്ള നില്‌പ്പ്‌ കാല്‌ സപ്പോർട്ട്‌ ചെയ്യില്ലത്രേ :-)

  പകൽകിനവാ അതേന്നേ..ഉറപ്പ്‌ :-)

  siji, ചിതൽ,ബാബു thanks

  Rajesh :-)

  അച്ചായൻ,xh,ശ്രീലാൽ,കുഞ്ഞാപ്പി,കുഞ്ഞാണ്ടി സമാധാനിക്കാൻ വരട്ടെ..ഈ റിസഷൻ ടൈമിൽ ഭാരതത്തിന്‌ ഞാനൊരു ബാധ്യതയാവുമെന്നു തോന്നിയതു കൊണ്ടാണോ എന്തോ; കമ്പനി എന്നെ നാടു കടത്താൻ തീരുമാനിച്ചിരിക്കുകയാണ്‌. എല്ലാം കെട്ടിപ്പെറുക്കി സ്ഥലം വിടാൻ രണ്ടാഴ്ചസമയവും അനുവദിച്ചു തന്നിട്ടുണ്ട്‌ :-)

  ആചാര്യാ ഇല്ലില്ല.. എന്തെങ്കിലും കഴിച്ചാൽ കാശു കൊടുക്കേണ്ടി വരുമോ എന്നു പേടിച്ച്‌ ഒന്നും കഴിച്ചില്ല :-(
  ഈ കാലൊടിയൽ സംഭവമൊക്കെ വർഷങ്ങൾക്കു മുൻപു സംഭവിച്ചതാണ്‌.. അതൊക്കെ എപ്പോഴേ സുഖമായി :-)

  ചങ്കരൻ :-)

  യാരിദ്‌ അതിനുള്ള സാധ്യതയും തള്ളികളയാൻ പറ്റില.. വിമാനക്കമ്പനികളൊക്കെ ഇപ്പോൾ നഷ്ടത്തിലാണെന്നാണ്‌ കേട്ടുകേൾവി..

  പുരികപുരാണം :-)

  ബാലൂ അദന്നെ.. ഞാനൊന്ന്‌ അറിഞ്ഞു ശപിച്ചാൽ പിന്നെ ബാലൂന്റെ കാര്യം കട്ടപ്പൊഹയായിപ്പോകും :-)

  ശ്രീഹരീ ബുഹഹ.. എന്റെ ശ്രമങ്ങൾ ഇവിടം കൊണ്ടൊന്നും നിൽക്കില്ല.. കോഴിക്കോട്‌ വിമാനത്താവളത്തിലേക്കു പോവുന്ന എല്ലാ ആളുകളെയും വഴി തിരിച്ച്‌ കണ്ണൂരു വിമാനത്താവളത്തിലെത്തിക്കുക എന്നുള്ളതാണ്‌ എന്റെ ആത്യന്തികമായ ലക്ഷ്യം.. ശ്‌ ശ്‌ ആരോടും പറയരുത്‌ കേട്ടോ..

  ഹരിത്‌ കാളിദാസൻ അപ്പോളത്‌ ഹരിതിനോടും പറഞ്ഞു അല്ലേ.. അങ്ങേരെകൊണ്ടു ഞാൻ തോറ്റു :-)

  വിൻസ്‌ ഇങ്ങനുള്ള തിരിച്ചറിവുകളൊക്കെ പിന്നേം കുറെക്കഴിഞ്ഞല്ലേ വന്നത്‌ :-)

  പള്ളിക്കരയിൽ അതെ.. എനിക്കു സംശയമൊന്നുമില്ല :-)

  J.K മുട്ടുചിരട്ട തെന്നിപ്പോയ ഗ്യാപ്പിലേക്ക്‌ ക്യാൻസർ നുഴഞ്ഞു കയറാൻ സാധ്യതയുണ്ട്‌. പക്ഷെ എന്തെങ്കിലും കൊണ്ട്‌ ആ ഗ്യാപ്പങ്ങടച്ചു വച്ചാൽ ആ റിസ്കിൽ നിന്നു രക്ഷപെടാൻ പറ്റും :-)

 63. കൊച്ചുത്രേസ്യ said...

  ആവനാഴീ ഇത്രയ്ക്കും തുച്ഛമായ സ്വപ്നം പോലും നിറവേറ്റാവാനാതെ ആവനാഴി ജീവിക്കുന്നതു കാണുമ്പോൾ എന്റെ കണ്ണു നിറഞ്ഞു പോവുന്നു.. ആരവിടെ..നോമിന്റെ മുറ്റത്തു മേഞ്ഞുനടക്കുന്ന ആനക്കൂട്ടത്തിൽ നിന്നും തലയെടുപ്പുള്ള ഒന്നിനെ ആവനാഴിയുടെ അഡ്രസിലേക്കു കൊറിയർ ചെയ്യാൻ നോം ആജ്ഞാപിക്കുന്നു.
  കൊറിയർ കൈപ്പറ്റിയ വിവരത്തിനു കത്തെഴുതണേ ആവനാഴീ..

  ഏറനാടാൻ ഇവിടൊക്കെ തന്നെ കറങ്ങിനടപ്പാണ്‌ :-)

  ചന്ത്രകാന്തം :-)

  ആഗ്നേയ മനുഷ്യനെ തിരുകയറ്റിയിട്ടും കൂടി ഇവിടോരോരുത്തർക്ക്‌ സംശയം തീരുന്നില്ല :-)
  മോള്‌ പറന്നു വരുന്നതു കണ്ട്‌ എയർപ്പോർട്ടിലെല്ലാർക്കും ആശ്വസമായിരുന്നു..കാരണം ഇതിനു മുൻപത്തെ വരവിൽ ട്രെയിനിൽ നിന്നും ഇറക്കി നേരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അഡ്‌മിറ്റാക്കുകായിരുന്നു.. ടൈഫോയ്‌ഡായിരുന്നേ..ഇത്‌ അത്രയുമൊന്നുമില്ലല്ലോ:-)

  മുസാഫിർ ഇനിയിതു പോലൊരു പോസ്റ്റിടാൻ ഞാൻ ഇടവരുത്തില്ല.. ഇപ്പോൾ മാമ്പഴമൊക്കെ ഭയങ്കര മര്യാദയോടെ അടങ്ങിയൊതുങ്ങി ഒരിടത്തിരുന്നേ കഴിക്കാറുള്ളൂ :-)

  ചാണക്യാ നന്ദി

  കൈതമുള്ളേ ഹി ഹി സത്യം പറയാലോ.. എനിക്കും അവരോടു പാവം തോന്നിയിരുന്നു :-)

  Anu വിശ്വസിച്ചേ പറ്റൂ.. എന്നെ പറ്റി നല്ല അഭിപ്രായം പറയുന്ന ചുരുക്കം ചിലരിൽ ഒരാളാണ്‌ പപ്പ :-)

  വികടശിരോമണീ കൊച്ചുത്രേസ്യ കാലൊടിഞ്ഞാൽ മാത്രമേ പറക്കൂ :-)

  Eccentric മന്നടിയാർ മാത്രമല്ല; ഞാനും :-)

  ധനേഷ്‌,junaith,കുതിരവട്ടൻ,പാവപ്പെട്ടവൻ നന്ദി

  പി.സി.പ്രദീപ്‌ ഇങ്ങനെ വല്ല സംശയവുമുണ്ടെങ്കിൽ അതങ്ങു തീർന്നോട്ടേ എന്നു കരുതിയാണ്‌ ഞാനത്‌ പ്രത്യേകം പരാമർശിച്ചത്‌ :-)

  Ashly ഈ പോക്കു പോയാൽ സമീപഭാവിയിൽ തന്നെ വല്ലാർപ്പാടത്തെ തന്നെ ആശ്രയിക്കേണ്ടി വരുമെന്നാണ്‌ തോന്നുന്നത്‌ :-)

  ചെലക്കാണ്‌ പോടാ ഇല്ല തീരെ ആഗ്രഹമില്ല :-)

  ചാളിപ്പാടൻ,ഷമ്മി നന്ദി

  haaari ഏയ്‌ കുരുട്ടല്ല; കുരുട്ടിനെ നോക്കി സന്തോഷിക്കാൻ എനിക്ക്‌ എല്ലാ കൊല്ലവും ചാൻസ്‌ കിട്ടാറുണ്ട്‌.. എപ്പോഴും വിന്റർ തുടങ്ങുമ്പോൾ രണ്ടുമൂന്നാഴ്ചത്തേക്ക്‌ കുരുട്ടിന്‌ ശബ്‌ദം പോവും. അപ്പോഴാണ്‌ എന്റെ ആഘോഷം മുഴുവൻ :-)

 64. കൊച്ചുത്രേസ്യ said...

  സൂര്യോദയം വിനയത്തിന്റെ അസുഖമുള്ളതു കൊണ്ടാണ്‌ ഞാനിത്ര വലിയ സഭവമാണെന്ന്‌ ഇതുവരെ ആരോടും പറയാതിരുന്നത്‌..ക്ഷമി..
  ഇതിന്റെ ഗുണപാഠമെന്താണെന്നു വച്ചാൽ, വിമാനത്തിൽ കയറാൻ യോഗമുണ്ടെങ്കിൽ ഉരുണ്ടുവീണാണെങ്കിലും അതിൽ കയറിപറ്റും എന്നാണ്‌.

  smitha ഉവ്വ; പണ്ട്‌ ചക്ക വീണപ്പോൾ മുയലു ചത്ത പോലെ ഒരു പ്രതിഭാസം..അത്രേയുള്ളൂ ഇതും :-)

  നീലാംബരി,febin,ifthikhar താങ്ക്സ്‌

  lijen കേസന്വേച്ചോട്ടേ എന്നു സി.ബി.ഐക്കാരു ചോദിച്ചതാണ്‌.. ഞാൻ സമ്മതിച്ചില്ല..

  ഇരിങ്ങലേ എപ്പം വന്നൂന്നു ചോദിച്ചാൽ പോരേ..ഞാനിവിടെ കടലാസും പെൻസിലും മായ്ക്കുഡബറും ഒക്കെ പിടിച്ച്‌ റെഡിയായി ഇരിക്കുകയാണ്‌.. സംഭാഷണം എഴുതാനേയ്‌..

  suraj നന്ദി

  Kovalan അതെയതെ.. തിരുവനന്തപുരത്തോ കൊച്ചിയിലോ ആയിരുന്നെങ്കിൽ കോഴിക്കോട്ടൂന്ന്‌ ഖലാസികൾ വരുന്നതു വരെ ഞാൻ വിമാനത്തിൽ തന്നെ ഇരിക്കേണ്ടി വന്നിരുന്നേനേ :-)

  റോളക്സ്‌ :-))

 65. തെന്നാലിരാമന്‍‍ said...

  കൊച്ചുത്റേസ്യാക്കൊച്ചേ, ആ വിജാഗിരിപ്റയോഗം കലക്കി :-)

 66. കൃഷ്‌ണ.തൃഷ്‌ണ said...

  ഇതിന്റെ ഗുണപാഠമെന്താണെന്നു വച്ചാൽ, വിമാനത്തിൽ കയറാൻ യോഗമുണ്ടെങ്കിൽ ഉരുണ്ടുവീണാണെങ്കിലും അതിൽ കയറിപറ്റും എന്നാണ്‌.
  --അതാണ്‌..

 67. മൂരാച്ചി(mooraachi) said...

  കിടിലന്‍ പോസ്റ്റ് :-)

 68. navaneeth said...

  delhi - calicutinekkalum time calicut to irutti eduthukaanum alle? mattanoor vimanathavalam ethrayum pettennu varatee ennu prarthikkaam...

 69. യൂസുഫ്പ said...

  അതെ .. കേവലമൊരു മനുഷ്യജീവിയല്ലേ....?

  www.yousufpa.in

 70. ~ Mr. Perera | മിസ്റ്റർ പെരേര ~ said...

  കൊത്രേ :D

  ഞാനീ സാധനത്തിൽ ആദ്യം കയറുന്നത്‌ അസാധാരണമാം വിധം നിയന്ത്രണാതീതമായ ശോധന ഉള്ളതു മൂലം (വയറ്റിളക്കമെന്നും പറയും) ബസ്സിൽ യാത്ര ചെയ്ത്‌ റിസ്കെടുക്കണ്ടല്ലോന്ന്‌ വച്ചാ.

  അസുഖമാണ്‌, ലീവ്‌ നീട്ടിത്തരണമെന്നു പറഞ്ഞപ്പോൾ മാനേജർക്കു എന്നെ പിറ്റേന്നു തന്നെ കണ്ടില്ലേൽ ഈ പറഞ്ഞ ശോധന പുള്ളിയ്ക്കു എന്നെന്നേയ്ക്കുമായി നിലച്ചുപോകുമെന്ന നില.
  അവസാനം കമ്പനി ചിലവിൽ ആദ്യ വായു യാത്ര നടത്തിയെങ്കിലും, ഒരു അടഞ്ഞ മുറിയിൽ പ്രത്യേകതരം ഇരിപ്പിടത്തിലായി യാത്ര ചെയ്തതു മൂലം വിമാനത്തിനകത്തെന്താ, എങ്ങനാ എന്നൊക്കെ അറിയാൻ പിന്നേം കുറച്ചു നാളെടുത്തു.

 71. മുരളിക... said...

  അഹങ്കാരം പറയുകയാണെന്നു വിചാരിക്കരുത്‌..ഞാനും വിമാനത്തിലൊക്കെ കേറീട്ടുണ്ട്‌ :-)  ആ വീഴ്ചെടെ വീഡിയോ ഒന്ന് കിട്ട്വോ? പ്ലീസ്.

 72. മുരളിക... said...

  അഹങ്കാരം പറയുകയാണെന്നു വിചാരിക്കരുത്‌..ഞാനും വിമാനത്തിലൊക്കെ കേറീട്ടുണ്ട്‌ :-)  ആ വീഴ്ചെടെ വീഡിയോ ഒന്ന് കിട്ട്വോ? പ്ലീസ്.

 73. കുമാരന്‍ said...

  രസകരമായ വിവരണം.

 74. poor-me/പാവം-ഞാന്‍ said...

  ഇങോട്ട് ആദ്യമാ ന്നാലും പിടിച്ചു പോയി. മാങയില്‍ നിന്നു ഇങനത്തെ ഒരു ബ്ളോഗ് ജനിക്കാമെങ്കില്‍ കശുവണ്ടീക്കു മനുഷ്യ ജീവിതത്തെ എങനെ മാറ്റിമറിക്കാനാവുമെന്നു നോക്കു!
  http://manjalyneeyam.blogspot.com
  (previous posting)

 75. ആഷ | Asha said...

  കൊറെ നാളു കൂടീട്ടാ ഈ വഴി വരുന്നത്. വായിക്കാൻ വന്നതല്ലായിരുന്നു. ഗോമ്പറ്റീഷനു ഗ്ലൂവും അന്വേഷിച്ചു വന്നതായിരുന്നു. വായിച്ചു തുടങ്ങിയപ്പോ മുഴുവൻ തീർക്കാതെ പോവാനും തോന്നുന്നില്ല.

  എന്തു രസമായിട്ടാ കുഞ്ഞു കുഞ്ഞു സംഭവങ്ങൾ കോ.ത്രേ. എഴുതുന്നത് :)

 76. സതീശ് മാക്കോത്ത്| sathees makkoth said...

  ഹൊ.കേട്ടിട്ട് കൊതിയാവുന്നു. കാലൊടിഞ്ഞതും വിമാ‍നത്തിൽ കേറിയതിനൊന്നുമല്ല.
  ആ ബോസെന്ന പുണ്യാത്മാവിനെ ഓർത്തിട്ട് എനിക്ക് സഹിക്കുന്നില്ല. എന്തു നല്ല മനുഷ്യൻ! ഒരുമാസം ലീവുപോലും!!!
  ഇവിടെ ലീവെന്ന് കേക്കുമ്പോഴേ എന്റെ ബോസിന് മദം പൊട്ടും.നടുവൊടിഞ്ഞാലും സാരമില്ല കട്ടില് ചുമക്കാൻ ആളെ വിടാം.ഡ്യൂട്ടിയ്ക്ക് പോരെന്ന് പറയ്യുന്നതാ കക്ഷി.
  (എഴുതി എഴുതി വന്നപ്പോൾ ഒരു സംശയം. കത്തി സഹിക്കാതെ വന്നപ്പോ എങ്ങനെയെങ്കിലും ശല്യമൊന്നൊഴിഞ്ഞ് പൊയ്ക്കോട്ടെയെന്ന് അങ്ങേര് കരുതിക്കാണുമോയെന്ന്!)

 77. rajji said...

  കൊറെക്കാലമായി ഒരു കമന്റ് ഇടണമെന്ന് കരുതീട്ട്. "ആലിങ്കല്‍ കോലങ്കം" വായിച്ച അന്ന് കമന്റ് ചെയ്യണമെന്നു കരുതിയതാ. സാമ്പത്തിക മാന്ദ്യവും അതിനെ തുടര്‍ന്നുള്ള മാനസിക മാന്ദ്യവും കാരണം വൈകി. ഒരു "ആലിങ്കല്‍ കോലങ്കം" (കൊട്ടകയില്‍ പോയി സിനിമ" ) കണ്ടിട്ടെത്ര നാളായി.

 78. Norah Abraham | നോറ ഏബ്രഹാം said...

  :)

 79. ശ്രീഇടമൺ said...

  അഹങ്കാരം പറയുകയാണെന്നു വിചാരിക്കരുത്‌..ഞാനും വിമാനത്തിലൊക്കെ കേറീട്ടുണ്ട്‌....

  ഹ ഹ ഹ....
  നല്ല രസ്യന്‍ പോസ്റ്റ്...*
  ചിരിപ്പിച്ചു....*

 80. പിരിക്കുട്ടി said...

  കൊച്ചു
  വീണ്ടും പഴയ ഫോമില്‍ എത്തിയല്ലോ
  പണ്ടത്തെ പോസ്റ്റുകളെപ്പോലെ കുറച്ചു രസം കുറവായിരുന്നു
  പക്ഷെ ഈ പോസ്റ്റ് ആ ക്ഷീണം എല്ലാം തീര്‍ത്തു കളഞ്ഞു കേട്ടോ കൊച്ചു ....
  പിന്നെ എന്നാലും എന്നാ സ്റ്റൈല്‍ ആയിരിക്കും രണ്ടു പേരൊക്കെ വിമാനത്തില്‍ നിന്ന് പൊക്കി എടുത്തു കൊണ്ട് വരുന്നത് ....
  പിന്നെ ആദ്യമായിട്ട്ന്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്തിച്ചല്ലോ
  സ്തോത്രം

 81. Harmonies said...

  ഇതു വായിച്ചപ്പോള്‍ പണ്ടു ആദ്യമായ് പറന്ന കാര്യം ഞാന്‍ ഓര്‍ത്തു പോയി. വിമാനത്തില്‍ കുശാലായി ശാപ്പാടു കഴിഞ്ഞപ്പോള്‍ മിച്ചം വന്നതു കടലാസില്‍ പൊതിഞ്ഞ ഏതാനും ബട്ടര്‍ കഷണങ്ങള്‍ മാത്രം! കുഞ്ഞുന്നാളിലേ ശിക്ഷണമായ ഭക്ഷണം കളയരുതെന്ന ചൊല്ലിനെ ആസ്പദമാക്കി അതെടുത്തു പോക്കറ്റില്‍ നിക്ഷേപിച്ചു. കൊച്ചിയിലെ വലീയ ചൂടില്‍ വന്നിറങ്ങിയ ശേഷം ബട്ടര്‍ കഷണങ്ങള്‍ക്കു വേണ്ടി പോക്കറ്റില്‍ പരതി. കിട്ടിയതോ ... കടലാസ് മാത്രം!

  എഴുതിക്കഴിഞ്ഞപ്പോള്‍ ഇത് ഒരു ബ്ലോഗിനുള്ള വകുപ്പുണ്ട് എന്നും തോന്നുന്നു.... എന്തു ചെയ്യാം! എഴുതിപ്പോയില്ലേ...

 82. smitha said...

  it was good..enjoyed it..njan adyam parannappol enikku koottu kittiuathu jeevithathil vimaname kandittillatha oru ammoommaye ayirunnu..pinne randalum koodi vimanathil kayariya katha parayathirikkunnatha nallathennu thonnunnu!!

 83. suthran said...
  This comment has been removed by the author.
 84. Nambiar said...

  കൊച്ചേ ഇന്നാണ് തന്‍റെ ബ്ലോഗ് എന്റെ ദൃഷ്ടിയില്‍ പെട്ടത്.......ഒറ്റ ഇരിപ്പിന് മുഴുവന്‍ പോസ്റ്റും വായിച്ചു....ഒന്നര മണിക്കൂര്‍ വേറെ ഒന്നും ചെയ്തില്ല. ബോസിന്റെ വായില്‍ നിന്നും നല്ല നടന്‍ മലയാളം കേട്ടു.... എങ്കിലും I am ഹാപ്പിയായി.

 85. മാഹിഷ്‌മതി said...

  നല്ല കുട്ടി

 86. ഗിനി said...

  എന്റെ മാഷേ നല്ല കിടുക്കന്‍ അവതരണം .
  ഓഫീസിലെ പ്രശ്നങ്ങള്‍ ചിന്തിച്ചു തലയില്‍ തീ പിടിച്ചിരിക്കുമ്പോഴാണ് "മലബാര്‍-എക്സ്പ്രസ്സില്‍" കയറി നോക്കിയത്. രാത്രി ഒറ്റക്കിരുന്നു ചിരിച്ചപ്പോള്‍ കൂടെ ഉള്ള സുഹൃത്താണ് ചിരി കണ്ട്രോള്‍ ചെയ്യാന്‍ പറഞ്ഞതു. സത്യം പറഞ്ഞാല്‍ ശരിക്കും തലയറഞ്ഞു ചിരിച്ചു.

  പിന്നീട് work ചെയ്യാന്‍ ഇരുന്നപ്പോള്‍ നല്ല freshness തോന്നി .
  സത്യം..!

  thanks...

 87. തെച്ചിക്കോടന്‍് said...

  very interesting post.

 88. കാര്‍ത്ത്യായനി said...

  കേവല മര്‍ത്യഭാഷ കേള്‍ക്കാത്ത കൊ.ത്രേ ആണു നീ :)
  പതിവു പോലെ ഇതും കലക്കി!

 89. ബഷീര്‍ വെള്ളറക്കാട്‌ / pb said...

  വായിച്ചു.. വിമാനത്തിലൊക്കെ കയറുക എന്നാൽ..അതും സ്ഥാനം തെറ്റിയ ചിരട്ടയുമായി.. വല്ലാത്ത ഒരു അവസ്ഥ തന്നെ.. സമ്മതിച്ചു

 90. മാനസ said...

  nalla rasam ndu tto........:)

 91. Neelappan said...

  hai kocchutresya..
  i recently came to know about your blog site from a leading malayalam news paper.Though naration is simple but interesting! keep writing

 92. Rani Ajay said...

  വെറുതെ ആശിപ്പിച്ചു ...
  ഞാന്‍ വിചാരിച്ചു മാങ്ങാ വാങ്ങിയപ്പോള്‍ ഫ്ലൈറ്റ് ടിക്കറ്റ് ഫ്രീ ആയി കിട്ടിയെന്നു ... കുറച്ചു മാങ്ങാ വാങ്ങണമെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു ... അടിപൊളി വിവരണം ... ഏതായാലും ഒരു മാങ്ങാ കാരണം ഒരു നല്ല പോസ്റ്റ് കിട്ടി .. നന്ദി

 93. ajith said...

  mahaapaapamayi poyi aa checkane nokki chirichathu...
  Hmmm ninakku ithilum valuthu entho varanirikkunnathey ullu.... heheheh

 94. sathyan said...

  Hi deepti chechi how r u ? adi poli ketto!

 95. rajshines said...

  അല്ലപ്പാ..നിങ്ങളിതു ഏട്യാപ്പ പോയി കൂടീതു..ഒരു വിശ്യോം അറിയിന്നില്ലല്ലോ..ഒന്നും എയ്തുന്നൂം ഇല്ല. ആളെ പറ്റിക്ക്യാ...എന്തെങ്കിലും ഒന്നു പറയിപ്പാ‍ാ...

 96. thaha said...

  good one

 97. bilatthipattanam said...

  ദില്ലീൽത്തെ മാങ്ങതിന്നാൽ ഇത്രഗ്രുൻ പോസ്റ്റിടാൻ പറ്റുന്ന്പ്പ മനസ്സിലായിട്ടാ...
  ഇങ്ങള് കൊച്ചുത്രേസ്യല്ലാട്ട...ഇമ്മണി വല്ല്യേ ത്രേസ്യാ..!

 98. nikhilroynr said...

  അങ്ങനെ ഇന്നലെ വൈകുന്നേരം ഐശ്വര്യമായി തുടങ്ങിയ "കൊച്ചുത്രേസ്യയുടെ ലോകം.." ഇപ്പോള്‍ വായിച്ചു പൂര്‍ത്തിയാക്കി (പകല്‍ ഓഫീസ് സമയം ഒഴിച്ച്).... ഇത് പോലെ ഒരു വീല്‍ചെയര്‍ അനുഭവം ഞാന്‍ 2 ആഴ്ച മുന്നേ അനുഭവിച്ചതെ ഒള്ളു.. ഒന്നു വീണത്തിന്റെ ബാക്കി പത്രം.. കൈ മുമ്പേ പരിക്കിന്റെ പിടിയിലായിരുന്ന കൊണ്ട് കൈ കുത്താനും പറ്റി ഇല്ല മുട്ടിടിച്ചു തന്നെ സ്റ്റെപ്പില്‍ വീണു. ദൈവകൃപയും കാര്‍ന്നോന്‍മാരുടെ പ്രാര്‍ഥനയും കാരണം ഫ്രാക്ചര്‍ ആയില്ല... വായിച്ചപ്പോ അതാ ഓര്മ്മ വന്നത്... കൊച്ചിയില്‍ ഇറങ്ങിയപ്പോള്‍ ഇതില്‍ പറഞ്ഞ പോലെ തന്നെ എടുത്തു പൊക്കിയാ നിലത്തെത്തിച്ചേ.. പോസ്റ്റ് വളരെ ഇഷ്ടമായി ബ്ലോഗും... തുടര്‍ന്നും നര്മ്മം കലര്‍ത്തി ഉള്ള എഴുതൂ തുടരുക..

  പിന്നെ കുറച്ചു എന്നെപ്പറ്റി..
  എനിക്കു നിങ്ങളെ പോലെ എഴുതി പിടിപ്പിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്ത കൊണ്ട്(കഴിവില്ലായ്മ എന്നും പറയാം) കുത്തിവരച്ചു സമയം തള്ളി നീക്കുന്നു.. കുത്തിവരകള്‍ താഴെ കാണിച്ചിരിക്കുന്ന സൈറ്റ് ഇല്‍ കാണാം. തിരക്ക് പിടിച്ച (ഉറക്കത്തിലാണ് എന്നു ബ്ലോഗില്‍ നിന്നു വ്യക്തം) ജീവിതത്തില്‍ സമയം കിട്ടിയാല്‍ കയറി നോക്കണേ....

  www.nikhilroynikz.wordpress.com

  ആശംസകളോടെ,
  നിഖില്‍

 99. Soudh said...

  Kochu,ee post enne college groundilekku kondu poyi.orupadu varsham munpu njanum kochu ninna stylil ninnittundu....Kure kuruttukal enneyum thadavi kolamakki.orumasam njanum plasteril...kochu..pinneedu 4 thavana kudi muttuchiratta thenni...thadi vakkathe nokkanam...gym l poyi bharam pokkaruthu.ninnnanilppil thiriyaruthu...orupadu strain cheyyendi varumbol knee cap iduka..tk cr my dear.....

 100. സുധി അറയ്ക്കൽ said...

  എന്റെ ചേച്ചീ,

  നിങ്ങളെ സമ്മതിക്കുന്നു.കൊച്ചുകൊച്ചുതമാശകൾ എഴുതുന്ന ബ്ലോഗനെന്ന നിലയ്ക്ക്‌ ഇത്ര സിമ്പിൾ ആയി എഴുതാൻ കഴിയുന്നതിൽ ഞാനെന്റെ അസൂയ രേഖപ്പെടുത്തി നൂറാം കമന്റ്‌ പോസ്റ്റ്‌ ചെയ്യുന്നു.
  മുട്ടുചിരട്ട തെന്നിയ ആ വിവരണം.!!!!ഹോ!!!!സുല്്ല് സുല്സുല്ല്.....