Wednesday, December 11, 2013

ദോശ!!

അരീം ഉഴുന്നും തമ്മിലുള്ള ഒരു ഫോര്‍സ്ഡ് മാര്യേജാണ്‌ ദോശ. രണ്ടിനേം വെവ്വേറെ അരച്ച് പതം വരുത്തി മര്യാദ പഠിപ്പിച്ച് ഒരു മുന്നൊരുക്കവുമില്ലാതെ ഒരു പാത്രത്തിലേക്കിടും. രണ്ടു പേര്‍ക്കും ഒന്നു പരിചയപ്പെടാനുള്ള സമയം പോലും കൊടുക്കാതെ ചറപറാ ഇളക്കി യോജിപ്പിക്കും. ന്നിട്ട് ആ പാത്രത്തില്‍ തന്നെ ബന്ധനസ്ഥരാക്കി ഒരു രാത്രി മുഴുവന്‍ വെയ്ക്കും. എന്തിന്‌..ഇത്രേം നേരം ആരുടേം ശല്യമില്ലാതെ ഇരുന്ന് രണ്ടാളും നല്ല കൂട്ടാവാന്‍ വേണ്ടി. പാവങ്ങള് ... രണ്ടും കൂടി തല്ലും പിടീമായി ആ രാത്രി കഴിക്കും. എങ്ങനെലും മറ്റെയാള്‍ടെ സാമീപ്യത്തില്‍ നിന്ന് രക്ഷപെട്ട് ..എന്തിന്‌.. ആ പാത്രത്തില്‍ നിന്നു തന്നെ രക്ഷപെട്ടോടാന്‍ വേണ്ടി രണ്ടു പേരും മാക്സിമം ശ്രമിക്കും. എന്നാലതീന്നു രക്ഷപെടാന്‍ പറ്റ്വോ.. അതില്ല.. അത്രെം ആഴത്തിലുള്ള പാത്രത്തിലല്ലേ കൊണ്ടിട്ടിരിക്കുന്നത്. തങ്ങളെ കൊണ്‍റ്റു പറ്റാവുന്നത്ര എത്തിപ്പിടിച്ചു കേറി കുറച്ചു കഴിയുമ്പോല്‍ രണ്‍റ്റിനും മനസിലാവും. ഇതില്‍ നിന്നൊരു മോചനമില്ല എന്ന്. ഇനിയുള്ളതെല്ലം വിധിക്കു വിട്ടുകൊടുത്ത് അവര്‍ കാത്തിരിക്കും. രാവിലെ ആവുമ്പോ ചുറ്റും ആളുകളുടെ അഭിനന്ദനങ്ങള്‍ കേട്ട് അവര്‍ അന്തം വിടും.' ' ഹാ എന്തു നല്ല ജോഡി, എന്തൊരൊരുമ, എന്തു നന്നായി കൂട്ടുകൂടിയിരിക്കുന്നു' എന്നൊക്കെ. അവരുടെ എതിര്‍പ്പാവട്ടെ ആരുമൊട്ടു മനസിലാക്കെമില്ല.എന്നിട്ടും തീര്‍ന്നില്ല.. ഈ ബന്ധത്തെ ഇനിയും ഊട്ടിയുറപ്പികേണ്ടതുണ്ട് എന്നു നിശ്ചയിച്ച് അവരെ കോരിയെടുത്ത് ചൂടായ ദോശക്കല്ലിലേക്കൊഴിച്ച് പരത്തും. ശീ ശീ എന്ന ശബ്ദത്തോടെ അവര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കും. ആരു കേള്‍ക്കാന്‍?? അവരുടെ ഉയരുന്ന വിലാപങ്ങള്‍ ഉപരിതലത്തിലെക്കു വന്ന് തുളകളായി അമര്‍ന്നു പോകുന്നു. ദീര്‍‌ഘനിശ്വാസങ്ങല്‍ മാത്രം ചൂടു പറക്കുന്ന ആവിയായി മുകളിലേക്ക് ഉയരുന്നു. പതിയെ പതിയെ അവരാ വിധിയ്ക്ക് പൂര്‍‌ണ്ണമായും കീഴ്പ്പെടുന്നു. ഇനി മുതല്‍ എന്തോക്കെ സം‌ഭവിച്ചാലും ഒരാളില്‍ നിന്നും മറ്റെയാള്‍‌ക്ക് മോചനമില്ലാത്തവിധം അവര്‍ ബന്ധിപ്പിക്കപ്പെട്ടു കഴിഞ്ഞു. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ വിധ ആശീര്വാദങ്ങളും അര്‍പ്പിച്ച് കാര്‍മ്മികര്‍ പല വഴിക്കു പോകുന്നു‌. ഇനി യാത്രയാണ്‌.. ആഞ്ഞു ഞെരിക്കുന്ന പാറക്കെട്ടുള്‍ക്കിടയിലൂടെ, മുക്കിതാഴ്ത്തുന്ന വെള്ളച്ചാട്ടങ്ങളിലൂടെ വളവും തിരിവും കുഴികളും നിറഞ്ഞ ഇടുങ്ങിയ വഴികളിലൂടെ, സത്തു മുഴുവന്‍ ഊറ്റിയെടുക്കപ്പെട്ട്.. ആരോടും പരാതി പറയാനാവാതെ....

(ഗുണപാഠം: ദോശ കല്ലെലിട്ട് പരത്തിക്കഴിഞ്ഞാല്‍ പിന്നെ അതു തന്നെ വെന്തോളും.ആ സമയത്ത് പോയി ചമ്മന്തിയുണ്ടാക്കണം. അല്ലാതെ ചട്ടുകത്തില്‍ താടീം വച്ച് ദോശ വേവുന്ന മൊത്തം സമയോം അതിലേക്കു തുറിച്ചു നോക്കിക്കൊണ്ടിരുന്നാല്‍ ഇതേ പോലെ പല ആന്ദോളനങ്ങളും തലേലേക്കു വന്നു പോവും.)

31 comments:

 1. Savad K.S said...

  എന്‍റെ അമ്മോ.....! ദോശയിലും സാഹിത്യമോ....!!!!

 2. ajith said...

  കൊച്ചുത്രേസ്യയുടെ “ഒരു ദോശത്തിന്റെ കഥ”

 3. Aarsha Sophy Abhilash said...

  പാവം ദോശ എന്ത് പിഴച്ചോ!! ഇനിയെന്നാ കുഞ്ഞു ഇഡ്ഡലി ഉണ്ടാക്കുന്നേ? ;)

 4. MANOJ KUMAR M said...

  ഒരു ദോശ ഉണ്ടായപ്പോഴുണ്ടായ കഥ.. :)

 5. Shijith said...

  Kalyanam kazhinu adikam ayilla ennu urappikkunna post :)

 6. Joselet Mamprayil said...
  This comment has been removed by the author.
 7. Joselet Mamprayil said...

  ഉപ്പിടാൻ മറന്നു.

 8. ഹരിപ്രിയ said...

  ഉപമ കൊള്ളാം :)

 9. Faison said...

  nice thinking :)

 10. Echmukutty said...

  കൊള്ളാം കേട്ടോ.. ഈ ദോശക്കഥ..

 11. vettathan g said...

  ദോശയും ഒരു ബ്ലോഗ് ആകാമെന്ന് സാരം

 12. Mubi said...

  അങ്ങിനെയാണ് ദോശ ഉണ്ടായത്‌... കൊള്ളാം :)

 13. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

  കൊച്ചൂ 
   ചട്ടുകം ചൂടായിരുന്നു അല്ലേ  അതാ ഇമ്മാതിരി കഥയൊക്കെ വന്നത് -( രഹസ്യം-) ഇതുപോലെ ഐഡിയ വരുമെങ്കിൽ നാളെ ഞാൻ ദോശ ചുടൂം :)

 14. Jibin Elakkatt said...

  ദോശ ഉണ്ടായ കഥ!!

 15. nice said...

  December le "yathra" magazine te front l anu njn ipo.., peppery delights enna article vaayich vaayil vellam niranj pandaaram adangi irikuaanu njan.. Central travancore le oru pradhaana pattanatil ninu ula njn ini ennu kozhikod poyi itoke thinnm ennu aryila...enaalm location onnu paranj taruu... How to reach dat balettans hotel from kozhikode railway station?

 16. വിനുവേട്ടന്‍ said...

  മരുഭൂമിയിലൊന്നും ദോശമാവ് അങ്ങനെയൊന്നും പൊങ്ങില്ല കേട്ടോ... അരിയും ഉഴുന്നും പരസ്പരം മിണ്ടാതെ പരിഭവമില്ലാതെ കിടന്നുറങ്ങുന്നത് കൊണ്ടായിരിക്കും അല്ലേ അങ്ങനെ? കുറച്ച് യീസ്റ്റ് കൂടി യോജിപ്പിച്ചാലേ എന്തെങ്കിലുമൊക്കെ സംഭവിക്കൂ...

 17. ശ്രീ said...

  ഇത്രയൊക്കെ കേള്‍ക്കാന്‍ ആ ദോശ എന്തു ചെയ്തോ എന്തോ...
  :)

 18. Nitheesh C said...

  Nalla sahithyam,
  abhinandhangal..........
  swantham jeevitham oru dosayayilude kanikaan kanicha dhairyathinu...........

 19. കൊച്ചു ത്രേസ്യ said...

  @nice,
  കോഴിക്കോട് റെയില്വേസ്റ്റേഷനില്‍ നിന്ന് കടലുണ്ടിക്കടവ് ഒരു ഏഴെട്ടു കിലോ മീറ്ററേ ഉണ്ടാവൂ. ഫോണ്‍ നമപ്റും മറ്റു ഡീറ്റെയ്ല്‍സും ഒക്കെ ആ ആര്‍ട്ടിക്കിലില്‍ തന്നെ കൊടുത്തിട്ടുണ്ടായിരുന്നല്ലോ

 20. shob shobha said...

  ഞാനും യാത്ര വായിച്ചിട്ട് കോഴിക്കോട് പോകാനുള്ള തയ്യാറെടുപ്പിലാണ്..... നേരത്തെ കുമരകം തറവാട് ഷാപ്പിനെപ്പറ്റി എഴുതിയത് വായിച്ചു .. 2 മാസം മുൻപ് ആ ഷാപ്പിൽ പോയി .. കപ്പയും കരിമീൻ പൊള്ളിച്ചതും കുടം നിറയെ കള്ളും കുടിച്ചു .. ഇനി കോഴിക്കോട്ടേക്ക് ....

 21. shob shobha said...

  തറവാട് ഷാപ്പിലെ താറാവ് കറിയും അടിപൊളി ആരുന്നു ... കൊച്ചു, യാത്രയിൽ എഴുതിയതുപോലെ .....

 22. കൊച്ചു ത്രേസ്യ said...

  @shob shobha നന്ദി:-))

 23. അളിയന്‍സ് said...

  Really nice to read your articles. I was disappointed when you stopped writing in this blog, but now really glad that you have come back.

  Looking forward to many posts like this.

 24. Anonymous said...

  ഒരു ദോശ ഉണ്ടാക്കുന്ന കഥ എന്ന് തലക്കെട്ടിൽ നിന്നും തോന്നിയപ്പോൾ, മനസിലേക്ക് ആദ്യം കയറിവന്നത് ജോർജ് ഒർവലിന്റെ ..perfect cup of tea... ആണ്..ഈ ദോശയും ആ ചായ പോലെ തന്നെ മനോഹരമായിട്ടുണ്ട്

 25. പാവം രോഹു said...

  എന്റമ്മേ എത്ര ദോശയാ ഇതൊന്നും അറിയാതെ ഞാൻ കഴിച്ചിരിക്കുന്നേ.
  ഒരു ന്യൂ പെർസ്പെക്റ്റീവ് :)

 26. sree s said...

  Marubhoomiyil pakshe ariyum uzhunnum thammilulla bandham shakyhippedan oru ratriyalla.... Oru ravum pakalum kathirikkanam.... Chilappo a/c yil kidannurangunnnath kondano aavo.... Avarokke pathukkeyalle jeevitham padikkuu :)

 27. sree s said...

  Marubhoomiyil pakshe ariyum uzhunnum thammilulla bandham shakyhippedan oru ratriyalla.... Oru ravum pakalum kathirikkanam.... Chilappo a/c yil kidannurangunnnath kondano aavo.... Avarokke pathukkeyalle jeevitham padikkuu :)

 28. ശാലിനി said...

  ഒരു ദോശ ഉണ്ടാക്കിയ കഥ! ഞാനും ഇങ്ങനെ ദോശയിലേയ്ക്കു തുറിച്ചു നോക്കി നിൽക്കാറുണ്ടെങ്കിലും ഇതു പോലെ ഒന്നും തോന്നി തുടങ്ങിയിട്ടില്ല. ദൈവാദീനം! പിന്നെ ഞങ്ങളുടെ വീട്ടിലെ ദോശ മാവ് പൊങ്ങാത്തതിലെ രഹസ്യം എനിക്കിപ്പോ മനസ്സിലായി. അരിയും ഉഴുന്നും തമ്മിൽ വല്യ ലവ് ആണെന്നാ തോന്നുന്നെ. :( ആസ്വദിച്ചു വായിച്ചു. :)

 29. മനസ്വിനി said...

  അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ... എനിക്കപ്പോളെ അവരെ സംശയം ഉണ്ടാരുന്നു..

 30. സുധി അറയ്ക്കൽ said...

  അവരുടെ ഉയരുന്ന വിലാപങ്ങള്‍ ഉപരിതലത്തിലെക്കു വന്ന് തുളകളായി അമര്‍ന്നു പോകുന്നു...

  ഹ ഹ ഹ.എന്റമ്മോ!!സുൽ സുല്ല്.!!!!

 31. mazhathulli said...

  https://m.facebook.com/groups/180255816064320?view=permalink&id=291518511604716. Aalukal Post adichu matti ittu tudangi tto thresya koche..