Friday, June 8, 2007

വന്നു..കണ്ടു..കീഴടങ്ങി...

'എനിക്കു കെട്ടെണ്ടടീ' എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ടു ഒരുവശത്ത്‌ അവള്‍.'അവളെ ഞാന്‍ കെട്ടിക്കുമെടീ' എന്നു വെല്ലുവിളിച്ചു കൊണ്ടു മറുവശത്തു മാതാശ്രീ.രണ്ടു വള്ളത്തിലും കാലു വച്ചു കൊണ്ടു പാവം ഞാനും.എന്റെ സമാധാന ശ്രമങ്ങള്‍ക്ക്‌(എരിതീയില്‍ എണ്ണയൊഴിക്കാനുള്ള ശ്രമം എന്നും പറയും)ശക്തി പകര്‍ന്നു കൊണ്ട്‌ അനിയനും രംഗത്തുണ്ട്‌.അങ്ങനെ ഞങ്ങളുടെ പരിശ്രം കൊണ്ട്‌ യുദ്ധം പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു പോകുമ്പോഴാണ്‌ കാര്യം കൈവിട്ടു പോവുകയാണെന്ന്‌ മനസ്സ്സിലാക്കി പിതാശ്രീ ഇടപെട്ടത്‌.പിതാശ്രീയുടെ സമ്മര്‍ദ്ദ പ്രകാരം താല്‍കാലിക വെടിനിര്‍ത്തല്‍ പോലെ അവള്‍ പെണ്ണു കാണലിന്‌ സമ്മതിച്ചു.

പക്ഷെ പ്രശ്നമെന്താന്നു വെച്ചാല്‍,മാതാശ്രീയും പിതാശ്രീയും കേരളത്തിലും കഥാനായികയും,നായികയുടെ തല തിരിഞ്ഞ അനുജത്തിയും delhi-ലും ആണ്‌.വെറുമൊരു പെണ്ണുകാണല്‍ co-ordinate ചെയ്യാന്‍ ഇത്രേം ദൂരെ പോവുന്നതൊക്കെ ബുദ്ധിമുട്ടാണ്‌.അങ്ങനെയാണ്‌ ഈ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിക്കാന്‍ പിതാശ്രീ നിര്‍ബന്ധിതനായത്‌."പപ്പ പേടിക്കണ്ട.ഇതൊക്കെ ഇത്ര വെല്യ കാര്യമാണോ?ഒക്കെ ഞാനേറ്റു.പിന്നെ പോരാത്തതിന്‌ സഹായത്തിന്‌ 'കുരുട്ടും' ഉണ്ടല്ലോ'? ഞാന്‍ ധൈര്യം കൊടുത്തു. കുരുട്ട്‌ ഞങ്ങളുടെ സഹമുറിയ ആണ്‌.എന്നെ പോലെ തന്നെ തെറ്റിദ്ധരിക്കപ്പെട്ടു പോയ മറ്റൊരു ജന്മം.ഞങ്ങള്‍ ബുദ്ധിപൂര്‍വ്വം ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സാധാരണക്കാര്‍ക്ക്‌ പൊട്ടത്തരമായേ തോന്നാറുള്ളൂ..ഈ ഒരൊറ്റ പരിപാടി വിജയിച്ചു കിട്ടിയാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കുള്ള ഇമേജ്‌ മാറിക്കിട്ടും.

അങ്ങനെ ഞങ്ങള്‍ എല്ലാം arrange ചെയ്തു.നെസ്‌-കഫെയുടെ ഏറ്റവും ചെറിയ പായ്ക്കറ്റ്‌,ചോക്ലേറ്റ്‌ കേക്ക്‌(കുരുട്ടിന്റെ favourite),south indian mixture (എന്റെ favourite),1 പായ്ക്കറ്റ്‌ പാല്‍ എല്ലാം stock ചെയ്തു.അടുത്ത കടമ്പ വീടു വൃത്തിയാക്കലാണ്‌.വീടിന്റെ ഒരു bed-room ഞങ്ങള്‍ store-room ആയിട്ടാണ്‌ ഉപയോഗിക്കുന്നത്‌.അല്ലെങ്കില്‍ തന്നെ പെണ്ണു കാണാന്‍ വരുന്നവര്‍ വീടു മുഴുവന്‍ കാണേണ്ട ആവശ്യമൊന്നുമില്ലല്ലോ? അങ്ങനെ central hall മാത്രം വൃത്തിയാക്കി (വൃത്തിയാക്കുക എന്നു വെച്ചാല്‍ അവിടെ ചിതറി കിടക്കുന്ന പേപ്പര്‍,ബുക്ക്‌,തുണികള്‍,പാത്രങ്ങള്‍,ബാഗുകള്‍ തുടങ്ങിയവ എല്ലാം എടുത്ത്‌ bed-room-ല്‍ തള്ളുക എന്നേ ഉള്ളൂ.)

ആ ദിവസം വന്നെത്തി.അച്ഛനും അമ്മയും കൂടിയാണ്‌ ഇരയെ കൊണ്ടുവന്നത്‌.ഞാനും കുരുട്ടും ഒരു പ്ലാസ്റ്റിക്‌ പുഞ്ചിരിയോടെ അവരെ സ്വീകരിച്ചിരുത്തി.പ്ലാന്‍ ചെയ്ത പോലെ തന്നെ ഞാന്‍ പരിചപെടുത്തലിലേക്കു കടന്നു."ഞാന്‍ അനിയത്തിയാണ്‌.ഇതു 'കുരുട്ട്‌'.എന്റെ അതേ ഓഫീസിലാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്‌.ഞങ്ങള്‍ 3 പേരും കൂടിയാണ്‌ ഇവിടെ താമസിക്കുന്നത്‌".ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.അപ്പോഴതാ അമ്മയുടെ നിഷ്കളങ്കമായ ചോദ്യം-"അപ്പോള്‍ മൂന്നാമത്തെ ആളാരാ??".ഞാന്‍ ഞെട്ടി.പുത്തരിയില്‍ കല്ലു കടിച്ചതു പോലെ.എന്റെ introduction-ല്‍ ഒരു വാക്കു പോലും അമ്മയ്ക്കു മനസ്സിലായിട്ടില്ല. ഇതെങ്ങനെ handle ചെയ്യും എന്നു അന്തം വിട്ടിരിക്കുമ്പോഴെക്കും 'കുരുട്ട്‌' ചാടി വീണു."അതു കൊള്ളാം. അവളെ കാണാനല്ലേ നിങ്ങള്‍ വന്നിരിക്കുന്നത്‌!!".അതും പോരാതെ 'എന്തൊരു മനുഷ്യര്‍' എന്നൊരു നോട്ടവും പാസ്സാക്കി.മാനാഭിമാനമുള്ള ആരും പിന്നെ അവിടെ ഇരിക്കില്ല.ഞാന്‍ പതുക്കെ വിഷയം മാറ്റാന്‍ ശ്രമിച്ചു."ഞാന്‍ അവളെ വിളിക്കാം"എന്നും പറഞ്ഞു ഞാന്‍ കുരുട്ടിനു സിഗ്നല്‍ കൊടുത്തു.(ഞങ്ങളുടെ പ്ലാന്‍ അനുസരിച്ച്‌ കുരുട്ടു പോയി നായികയെ വിളിച്ചുകൊണ്ടു വരണം.എന്നിട്ട്‌ അടുക്കളയിലേക്കു പോയി പാത്രമെടുത്ത്‌ തട്ടീം മുട്ടീം ശബ്ധമുണ്ടാക്കണം.നായിക വന്നു 30 സെക്കന്റ്‌ കഴിയുംബോള്‍"ഇനി നിങ്ങള്‍ സംസാരിക്കൂ' എന്നും പറഞ്ഞ്‌ പുഞ്ചിരിച്ചു കൊണ്ട്‌ ഞാന്‍ അടുക്കളയില്‍ പോയി കാപ്പി ഉണ്ടാക്കണം)എന്റെ സിഗ്നല്‍ കിട്ടിയതും കുരുട്ട്‌ കീ കൊടുത്തതു പോലെ ചാടിയെഴുന്നേറ്റ്‌ അകത്തേക്കു പോയി നായികയെ കൂട്ടികൊണ്ടു വന്നു. അവള്‍ വന്നിട്ടും അമ്മയ്ക്ക്‌ എന്നെ വിടാനുള്ള ഭാവമില്ല.ചുമ്മാ ഓരോരു ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ്‌.അടുക്കളയിലാണെങ്കില്‍ പാത്രങ്ങല്‍ കൂട്ടിമുട്ടുന്ന ശബ്ദങ്ങള്‍ കേള്‍ക്കാം.5 മിനിറ്റു കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്നുള്ള സിഗ്നലുകള്‍ നിലച്ചു.എന്നെ കാത്തിരുന്നു മടുത്തിട്ട്‌ കുരുട്ട്‌ പരിപടി നിര്‍ത്തിപ്പോയോ?"ഇപ്പം വരാം" എന്നും പറഞ്ഞ്‌ ഞാന്‍ അടുക്കളയിലേക്ക്‌ വിട്ടു. അവിടെയതാ,കുരുട്ട്‌ ചോക്ലേറ്റ്‌ കേക്ക്‌ പ്ലേറ്റില്‍ നിരത്തുകയാണ്‌.ഒരു പീസ്‌ പ്ലേറ്റിലാണെങ്കില്‍ അടുത്തത്‌ വായിലേക്ക്‌ എന്ന കണക്കില്‍.ഇടക്കിടക്ക്‌ അടുത്ത പ്ലേറ്റിലെ mixture-ല്‍ നിന്നു കടലയും പെറുക്കി വായിലിടുന്നുണ്ട്‌.എനിക്കു നല്ല ദേഷ്യം വന്നു." മുഴുവന്‍ കടലയും തീര്‍ക്കരുത്‌.എനിയ്ക്കും കുറച്ച്‌ വെക്കണം."warning കൊടുത്തു തിരിഞ്ഞപ്പഴതാ തൊട്ടു പുറകില്‍ അമ്മ നില്‍ക്കുന്നു.അവര്‍ക്ക്‌ സംസാരിക്കാന്‍ അവസരം കൊടുത്തിട്ട്‌ അച്ഛന്‍ ബാല്‍ക്കണിയിലേക്കും അമ്മ അടുക്കളയിലേക്കും പലായനം ചെയ്തിരിക്കുകയാണ്‌.അമ്മയെ അധികനേരം അടുക്കളയില്‍ നിര്‍ത്താന്‍ പറ്റില്ല.cooking is an art of approximation എന്നുള്ള ഞങ്ങളുടെ secret പുറത്താകും.ശ്ശൊ കുടിക്കാനെന്താ വേണ്ടതെന്നു ചോദിച്ചില്ല" എന്നും പറഞ്ഞ്‌ അമ്മയെയും കൂട്ടി ഞാന്‍ order എടുക്കാന്‍ പോയി.അവിടതാ ഭയങ്കര വിനയം "ഓ ഒന്നും വേണ്ട മോളെ..നിങ്ങളു ബുദ്ധിമുട്ടണ്ട".ഞാന്‍ വിട്ടു കൊടുത്തില്ല.ആഞ്ഞു നിര്‍ബന്ധിച്ചു.'എന്തായാലും മതി' എന്നൊരുത്തരമാണ്‌ എനിക്കു വേണ്ടത്‌.ഒടുവില്‍ എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ വേണ്ടി അച്ഛന്‍ നാരങ്ങാ വെള്ളം എന്നും മകന്‍ കോഫി എന്നും order തന്നു.അമ്മയാകട്ടെ നീണ്ട എന്തൊ ഒരു sentance പറഞ്ഞു.അതില്‍ 'പാല്‍' എന്നു മാത്രമേ എനിക്കു മനസ്സിലയുള്ളൂ.ഞാന്‍ അടുക്കളയിലെത്തി order കുരുട്ടിനു പാസ്‌ ചെയ്തു-ഒരു നാരങ്ങാ വെള്ളം,ഒരു കോഫി ഒരു പാല്‍..

"പാലോ, അതൊന്നുമായിരിക്കില്ല. ഒന്നൂടെ ചോദിച്ചു നോക്ക്‌" കുരുട്ട്‌ നിര്‍ദ്ദേശിച്ചു.

"അയ്യൊ അതു പറ്റില്ല.അവര്‍ക്ക്‌ നല്ല തൃശ്ശൂര്‍accent ആണ്‌.ഇനീം ചോദിച്ചാല്‍ അവര്‍ടെ ഭാഷ നമ്മക്കു മനസ്സിലാകാത്തതാണെന്നു വിചാരിച്ച്‌ ഫെല്‍റ്റ്‌ ആയാലോ?" എന്റെ common-sense ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

അപ്പോഴാണ്‌ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്‌.ഒരു വിധത്തില്‍ central hall-ല്‍ കൊണ്ടു പ്രതിഷ്ഠിച്ച അമ്മയതാ,ബൂമറാംഗ്‌ പോലെ തിരിച്ചു വരുന്നു.

"അവരെങ്ങാനും പോയി bedroom തുറന്നു നോക്കിയാലോ?എങ്ങനെയെങ്കിലും അവരെ തടയ്‌.ഇവിടെ ഞാന്‍ മാനേജ്‌ ചെയ്തോളാം."-കുരുട്ട്‌ അവസരത്തിനൊത്തുയര്‍ന്നു.4 കൊല്ലത്തെ സഹവാസം കൊണ്ട്‌ കുരുട്ടിന്റെ coffee-tea-making കഴിവില്‍ നല്ല വിശ്വാസമുള്ള ഞാന്‍ എല്ലാം ദൈവത്തിനു സമര്‍പ്പിച്ചു കൊണ്ട്‌ അമ്മയെ തടയാനോടി.Just missed..ഇവിടെ എത്ര റൂമുണ്ട്‌ എന്നും ചോദിച്ചു കൊണ്ട്‌ ഞങ്ങളുടെ bedroom-cum-storeroom-ന്റെ വാതില്‍ തുറന്നു നോക്കിയ അമ്മയതാ ഞെട്ടി തെറിച്ചു നില്‍ക്കുന്നു.ആ ഷോക്കില്‍ നിന്നു രക്ഷപെടാനാണൊ എന്തോ അമ്മ അടുത്ത interview session ആരംഭിച്ചു.

"ഒരനിയനും കൂടി ഉണ്ടല്ലേ""
"ങും"
"അനിയന്‍ നാട്ടിലാണോ"?
"അല്ല ബാംഗ്ലൂരില്‍ ആണ്‌"
"ജോലി ആണോ"
"അല്ല പഠിക്കുകയാണ്‌"
"അപ്പച്ചനും അമ്മച്ചീം...?
"പപ്പേം മമ്മീമാണോ..അവരു നാട്ടിലാണ്‌..ഇടക്കിടക്ക്‌ ഇവിടെ വന്നു പോകും.." (ആകെ ഒരു പ്രാവശ്യമേ വന്നിട്ടുള്ളൂ.ചുമ്മാ ഇരിക്കട്ടെ..)
"നാട്ടില്‍ കൃഷി ഒക്കെയുണ്ടോ"
ഈശ്വരാ കുടുങ്ങി. എനിക്കു യാതൊരു വിവരവുമില്ലാത്ത മേഖലകളിലേക്കാണ്‌ ഇന്റര്‍വ്യൂ നീങ്ങുന്നത്‌.അറിയില്ല എന്നു പറയാന്‍ പറ്റില്ല.സ്വന്തം സഹോദരിയുടെ ജീവിതം എന്റെ നാവിന്‍ തുമ്പിലാണ്‌.
"പിന്നില്ലേ"
"എന്തൊക്കെയാണ്‌??"
ഞാന്‍ മനസ്സുകൊണ്ടു നാട്ടിലേക്ക്‌ ഒരു യാത്ര നടത്തി.സ്വന്തം വീടിന്റെ അടുത്ത്‌ ഒരു പപ്പായ മരവും ഒരു ചീനിത്തൈയുമേ ഉള്ളൂ.ആ ടൗണിന്റെ നടുക്കുള്ള ഇട്ടാവട്ടാത്തില്‍ അത്രേം തന്നെ നട്ടു വളര്‍ത്തിയതിന്‌ മമ്മിയ്ക്ക്‌ കര്‍ഷശ്രീ അവാര്‍ഡ്‌ കൊടുക്കണം.എന്നാലും അതിനെ കൃഷി എന്നൊന്നും പറയാന്‍ പറ്റില്ല.ഞാന്‍ മനസ്സിനെ തറവാടിനടുത്തുള്ള സ്ഥലത്തേക്കു വിട്ടു.

"തെങ്ങാണ്‌`"

"കണ്ണൂര്‌ കശുമാവൊക്കെ നന്നായിട്ടുള്ള സ്ഥലമാണല്ലോ"

"പിന്നെ പിന്നെ കശുമാവുമുണ്ട്‌"

അപ്പൊഴാണ്‌ ഓര്‍മ്മ വന്നത്‌.തറവാടിനു ചുറ്റുമുള്ള റബ്ബര്‍ മരങ്ങള്‍.....
"റബ്ബറുമുണ്ട്‌"

പതുക്കെ പതുക്കെ എല്ലാം ഓര്‍മ്മ വന്നു ഠുടങ്ങി.

"ചേമ്പ്‌, ചേന, പപ്പായ,കാച്ചില്‍,പയറ്‌,സപ്പോട്ട, മാവ്‌,പ്ലാവ്‌...."

മറുഭാഗത്തു നിന്ന്‌ ഒരു പ്രതികരണവുമില്ല.

ഞാന്‍ വിഷയം മാറ്റി.

"നിങ്ങള്‍ടെ നാട്ടില്‍ എന്തൊക്കെയാണ്‌ കൃഷി??"

"ഞങ്ങള്‍ ഇവിടല്ലേ? നാട്ടില്‍ ഞങ്ങള്‍ക്ക്‌ ഒരു വീടും കുറച്ചു സ്ഥലവുമേയുള്ളൂ.ഇവന്റെ കല്യാണം കഴിഞ്ഞാല്‍ ഞാനും അപ്പച്ചനും നാട്ടില്‍ പോയി സെറ്റില്‍ ആകും"

"ഓ അവിടെ കൃഷിയൊക്കെ ഉണ്ടായിരിക്കും അല്ലേ" ? ചുമ്മാ വിഷയം ചോദിച്ചു.

"അതിന്‌ അത്‌ കുറച്ചു സ്ഥലമേയുള്ളൂ.കൃഷി ചെയ്യാനും മാത്രമൊന്നുമില്ല"

അപ്പോളാണ്‌ ന്യായമായ ഒരു സംശയം എനിക്കു തോന്നിയത്‌

"അപ്പോള്‍ പിന്നെ നിങ്ങള്‍ എങ്ങനെ ജീവിക്കും??

അമ്മയുടെ മുഖത്തു ഷോക്കടിച്ച ഭാവം.എവിടെയൊ എന്തോ ഒരു spelling mistake.അമ്മ എന്നെ ഒന്നു നോക്കിയിട്ട്‌ hall-ലേക്കു പോയി.

ഞാന്‍ അടുക്കളയിലേക്കോടി.സംഭാഷണം മുഴുവന്‍ കേട്ടു കൊണ്ടിരുന്ന കുരുട്ടിനോടു ചോദിച്ചു.

"ഞാന്‍ ആ ചോദിച്ചതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?'

"അവര്‍ക്കതിഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.പക്ഷെ സാരമില്ല.ഒരു സംശയം വന്നപ്പോള്‍ ചോദിച്ചു എന്നല്ലേ ഉള്ളൂ." കുരുട്ട്‌ ആശ്വസിപ്പിച്ചു.

"ദാ എല്ലം ready ആണ്‌. കൊണ്ടു കൊടുക്കാം."

Tray ചൂണ്ടി കാട്ടി കുരുട്ട്‌ പറഞ്ഞു.

"ഇത്‌ അച്ഛന്‌ വെള്ളം,ഇത്‌ അമ്മയ്ക്ക്‌ പാല്‍,ഇത്‌ പയ്യന്‌ കാപ്പി,ഇത്‌ അവള്‍ക്ക്‌ കാപ്പി"

"ഇതെന്ത്‌ രണ്ടു കാപ്പിക്കും രണ്ടു കളര്‍??"

"ഓ ആ കളര്‍ കുറഞ്ഞത്‌ beta version ആണ്‌.അത്‌ അവള്‍ക്കു കൊടുത്താല്‍ മതി.വേറെ ഉണ്ടാക്കാന്‍ പാലില്ല".

"എന്റെ ദൈവമേ. ഇതെങ്ങാനും ആ പയ്യന്‍ എത്തിക്കേറി എടുത്താലോ? beta ഇവിടെ തന്നെ ഇരുന്നോട്ടെ. അവള്‍ കാപ്പി കുടിക്കണ്ട"

അല്ലെങ്കിലേ സംഭവം ആകെ പാളിയിരിക്കുകയാണ്‌.ഇനി ഈ റിസ്കും കൂടി എടുക്കാന്‍ വയ്യ.

ഞങ്ങള്‍ tray-ഉം എടുത്ത്‌ hall-ല്‍ എത്തി distribution ആരംഭിച്ചു.അവിടതാ വന്‍ confsuion."ആര്‍ക്കാണീ പാല്‌?"3 പേരും ഒരേ സ്വരത്തില്‍ ചോദിക്കുന്നു.

"അമ്മയ്ക്ക്‌`" ഞാന്‍ നിഷ്കളങ്കയായി ഉത്തരം പറഞ്ഞു.

"ദൈവമേ .അവള്‍ പാലു കുടിച്ചിട്ട്‌ കൊല്ലം പത്തായി"അച്ഛന്റെ ആത്മഗതം.

"പക്ഷെ ഞാന്‍ ചോദിച്ചപ്പോള്‍ പാലെന്നല്ലേ അമ്മ പറഞ്ഞത്‌"എന്റെ ക്ഷമ നശിച്ചു തുടങ്ങി.

"അയ്യോ എനിക്കു പാലില്ലാത്ത ചായ തന്നാല്‍ മതിയെന്നാ ഞാന്‍ പറഞ്ഞാത്‌" അമ്മ മാലാഖയായി.

ഞങ്ങളുടെ സ്വഭാവം അറിയുന്നതു കൊണ്ടും സംഭവം കൈ വിട്ടു പോകും എന്നുറപ്പുള്ളതു കൊണ്ടും നായിക ഇടപെട്ടു.

"അയ്യോ സോറി. അവള്‍ കേട്ടതു തെറ്റി പോയതാണ്‌.ഞങ്ങള്‍ ഇപ്പോള്‍ ചായ ഉണ്ടാക്കാം"

'ചായപ്പൊടി നീ വായുവില്‍ നിന്നുണ്ടാക്കുമോ' എന്നൊരു നോട്ടം എന്റെ വകയായും, 'ഇനി വേണമെങ്കില്‍ തന്നെ പോയി ഉണ്ടാക്കിക്കോണം' എന്നൊരു നോട്ടം കുരുട്ടിന്റെ വകയായും അവള്‍ടെ നേരെ നീണ്ടു.

എന്തായാലും അവള്‍ടെ വിനയത്തില്‍ അമ്മ വീണു.

"ഓ വേണ്ട മോളേ, എന്തായാലും കൊണ്ടു വന്നതല്ലേ. ഞാന്‍ കുടിച്ചോളാം"

എന്നും പറഞ്ഞു ആ പാവം അമ്മ കഷായം കുടിക്കുന്നതു പോലെ ആ പാല്‌ മുഴുവന്‍ കുടിച്ചു തീര്‍ത്തു.

അങ്ങനെ ഞങ്ങളുടെ കിരീടത്തില്‍ ഒരു പൊന്‍'തൂവല്‍ കൂടി....

35 comments:

  1. ടിന്റുമോന്‍ said...

    ബീറ്റക്കാപ്പി! ഹി ഹി :)

  2. Praju and Stella Kattuveettil said...

    ഒാഫീസിലായതുകൊണ്ടു ചിരി കടിച്ചു പിടിച്ചിരിക്കുവാ..ഇഷടപെട്ടു.

    'ചായപ്പൊടി നീ വായുവില്‍ നിന്നുണ്ടാക്കുമോ' എന്നൊരു നോട്ടം എന്റെ വകയായും, 'ഇനി വേണമെങ്കില്‍ തന്നെ പോയി ഉണ്ടാക്കിക്കോണം' എന്നൊരു നോട്ടം കുരുട്ടിന്റെ വകയായും അവള്‍ടെ നേരെ നീണ്ടു

    ഇതെനിക്കിഷടപ്പെട്ടു... എന്റെ പുന്നാര സിസ്റ്ററും ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഈ നോട്ട പരിപാടിയാണു പണി.

  3. myexperimentsandme said...

    ഹ...ഹ... ഇതടിപൊളി. പ്രതിഭയുടെ ഒരു സ്ഫുരണം (അതെന്താണെന്ന് മാത്രം...) കാണുന്നു. നല്ല ഒന്നാം ക്ലാസ്സായി ചിരിച്ചു.

    കൊള്ളാം.

  4. myexperimentsandme said...

    ലാലേട്ടന്‍ ഫാനാണല്ലേ :)

    ഓര്‍ക്കാപ്പുറത്ത് പുള്ളി പറഞ്ഞിരുന്നു, ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ ലീവെടുത്ത് വീട്ടിലിരിക്കാമായിരുന്നെന്ന്. ബ്ലോഗിന്റെ പേര് കണ്ടപ്പോള്‍ അതോര്‍ത്തു :)

  5. മൂര്‍ത്തി said...

    നല്ല രസമുണ്ട് വായിക്കാന്‍..അവസാനിപ്പിച്ചത് അത്ര സംഭവ ബഹുലം ആകാതെ പോയോ എന്നു ഒരു ശങ്ക...

  6. സാരംഗി said...

    അടിപൊളിയായ വിവരണം..:)
    ശരിയ്ക്കും ആ രംഗങ്ങള്‍ മനസ്സില്‍ കാണാന്‍ കഴിയുന്നു, 'കുരുട്ടി'നോട് ഒരു സ്പെഷ്യല്‍ അന്വേഷണം പറയണേ..

    വേര്‍ഡ് വെരി..sxmrpbvo

  7. ശ്രീ said...

    അടി പൊളി....
    ശരിക്കും ചിരിച്ചു പോയി....
    കാപ്പിയുടെ ബീറ്റാ വേര്‍‌ഷന്‌ കൊള്ളാം...

    അല്ലാ, അവസാനം അവരെന്തു തീരുമാനിച്ചു?

  8. സാജന്‍| SAJAN said...

    ഇതു കലകലക്കന്‍.. അതെ അവസാനം എന്തായി? ആരു ജയിച്ചു മാതാശ്രീയോ? അതോ ചേച്ചിശ്രീയോ?
    എന്റമ്മച്ചി ഇതെന്നാ ഒരു വേഡ് വെരി??
    dataprycxq

  9. ദിവാസ്വപ്നം said...

    ഹ ഹ

    ആ ബീറ്റാകോഫി എനിക്ക് ഇഷ്ടപ്പെട്ടു.

    പ്രതിഭാസം ചേച്ചിയുടേതുപോലെ പ്രതീക്ഷ തരുന്ന ബ്ലോഗ്.

    ആശംസകള്‍. ഇനിയുമെഴുതുമോ, പ്ലീസ്.

  10. ഉത്സവം : Ulsavam said...

    ഹഹഹ കിടിലം..
    പ്രത്യേകിച്ചും ആ നിഷ്കളങ്കമായ ചോദ്യം ""അപ്പോള്‍ പിന്നെ നിങ്ങള്‍ എങ്ങനെ ജീവിക്കും??". ആ പാവപ്പെട്ട ചെറുപ്പക്കാരന്‍ രക്ഷപ്പെട്ടോ..? :-)

  11. ആഷ | Asha said...

    ഹ ഹ
    അസ്സലായീ

  12. തമനു said...

    വന്നു, വായിച്ചു, കീഴടങ്ങി സാറേ ... കീഴടങ്ങി..

    അടി പൊളി എഴുത്ത്‌. ബിരിയാണി സാറിന്റേം, പ്രതിഭാസം സാറിന്റേം ഇപ്പോഴിങ്ങോട്ടുള്ള വരവിന്റെ ക്ഷാമം മാറ്റാന്‍ പറ്റിയ സാധനം.

    അടിപൊളി എഴുത്ത്‌. ശരിക്കും നന്നായി..

    അടുത്തതും പോരട്ടെ.

  13. അരവിന്ദ് :: aravind said...

    തകര്‍ത്തു! :-)

    നല്ലോം ചിരിച്ചു! ഇനിയും പോരട്ടെ!

  14. വല്യമ്മായി said...

    :)

  15. ഇടിവാള്‍ said...

    ഉം.. കൊള്ളാം ;)
    തൃശ്ശൂര്‍ ആക്സന്റിനെപ്പറ്റി മാത്രം പറയരുത് കെട്ടാ!

  16. മുസ്തഫ|musthapha said...

    “അപ്പോള്‍ പിന്നെ നിങ്ങള്‍ എങ്ങനെ ജീവിക്കും“

    കൊള്ളാം... ആ കളങ്കഫ്രീ ചോദ്യമാണ് എനിക്കേറ്റവും രസിച്ചത് :)

    ബീറ്റാകോഫിക്കും നല്ല രുചി :)

  17. -B- said...

    ഹ ഹ ഹ.. അതസ്സലായി.ഈനാമ്പേച്ചീം മരപ്പട്ടീം കൂടി... ഈശ്വരാ.. ഓര്‍മകള്‍ കയ്യിലും കാലിലും വള ചാര്‍ത്തി ദേ മുറ്റത്ത് നില്‍ക്കുന്നു.

    ലിറ്റില്‍ പൂവേ... ഇതൊക്കെ ഇപ്പഴാണോ പുറത്ത് വിടുന്നേ? അസ്സല്‍ എഴുത്ത്.

  18. കൊച്ചുത്രേസ്യ said...

    ടിന്റുമോന്‍@ ആ രണ്ട്‌ 'ഹി'-യ്ക്ക്‌ താങ്ക്സ്‌ :-)

    തരികിട@ ഇതു പോലെ പല ടൈപ്പ്‌ നോട്ടങ്ങളും എന്റെ അടുത്ത്‌ സ്റ്റോക്ക്‌ ഉണ്ട്‌

    വക്കാരിമഷ്‌ടാ:പ്ലീസ്‌...ഇങ്ങനെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളൊന്നും പറഞ്ഞ്‌ എന്നെ വിഷമിപ്പിക്കരുത്‌.പിന്നെ ആ 'ലീവ്‌'..എവിടുന്നോ കഷ്ടപ്പെട്ട്‌ കോപ്പിയടിച്ചതാ.ഒരു ബുദ്ധിജീവി ലുക്ക്‌ കിട്ടാന്‍.. :-)

    മൂര്‍ത്തി@അവസ്സാനം വരെ ഇഷ്ടപെട്ടല്ലോ.. എനിക്കതു തന്നെ ധാരാളം :-)

    സാരംഗി@നന്ദി.. അന്വേഷണം കൊറിയര്‍ ചെയ്തിട്ടുണ്ട്‌
    ശ്രീ@എന്തു തീരുമാനിച്ചു എന്നും ചോദിച്ചോണ്ട്‌ അങ്ങോട്ടു ചെല്ലാനോ?? എന്റമ്മേ..

    സാജന്‍@എല്ലാ സഹായവും പ്രഖ്യാപിച്ച്‌ ഞാനുള്ളപ്പോള്‍ ചേച്ചിശ്രീ തോല്‍ക്കാനോ.. no way
    ദിവ@നോക്കിക്കോ,ഞാന്‍ ഒരു മുഴുനീള എഴുത്തുകാരിയാകാന്‍ തീരുമാനിച്ചു:-)

    ഉത്സവം@ഈ പയ്യന്‍ മാത്രമല്ല, എന്റെ പരിശ്രമഫലമായി ഒത്തിരി പയ്യന്മാര്‍ രക്ഷപെട്ടിട്ടുണ്ട്‌ ;-)

    ആഷ@നന്ദി മാത്രമെ തരാനുള്ളൂ ആഷേ..

    തമനു@എനിക്കു വയ്യ.. എന്റെ കണ്ണു നിറഞ്ഞു പോയി.. ഈ കടപ്പാട്‌ ഞാനെങ്ങനെ തീര്‍ക്കും..

    അരവിന്ദ് @ഏറ്റു.,ഇനിയും വന്നോണ്ടിരിക്കും. അവസാനം ആ നാവു കൊണ്ടു തന്നെ,ഒന്നു നിര്‍ത്തിപ്പൊയ്ക്കൂടെ എന്നു ചോദിക്കരുത്‌ :-)

    വല്യമ്മായി @:-)))

    ഇടിവാള്‍@തെറ്റിദ്ധരിച്ചു ..തെറ്റിദ്ധരിച്ചു.. ഞാന്‍ തൃശ്ശൂര്‍ ആക്സെന്റിനെ കളിയാക്കാനോ..ഒന്നുമല്ലേലും നമ്മള്‍ കണ്ണൂര്‍കാരും തൃശ്ശൂര്‍ക്കാരുമൊക്കെ ശുദ്ധമലയാളം സംസാരിക്കുന്നവരല്ലേ :-)

    കുതിരവട്ടന്‍@:-))

    അഗ്രജന്‍@ചിലസമയങ്ങളില്‍ ഞാന്‍ ചുമ്മാ കേറി നിഷ്കളങ്കയായിപോകും.control ചെയ്യാന്‍ പറ്റില്ല.

    ബിരിയാണിക്കുട്ടി@ദൈവമെ ഈ secret എങ്ങനെ ഔട്ടായി!! ഇതു ഞങ്ങള്‍ടെ വീട്ടുകാര്‍ ഞങ്ങളെ വിളിക്കുന്ന പേരാ..

  19. Siju | സിജു said...

    കാണാനിത്തിരി ലേറ്റായി..
    പെണ്ണുകണ്ടിട്ട് എന്തായി.. വല്ലോം നടന്നോ..

    qw_er_ty

  20. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:
    ചെന്നൈഡയറി മൊത്തം വായിച്ചു. ഇതും..
    കലക്കീട്ടുണ്ട് ഞമ്മള നാട്ടുകാരിയാ ല്ലേ... ‘പ്രതിഭാസ‘ത്തിനു ശേഷം വനിതാലോഗത്തൂന്ന് ആരെങ്കിലും നര്‍മ്മത്തില്‍ ഇങ്ങനെ അടിപൊളിയായിട്ടെഴുതുന്നത് ആദ്യായിട്ടാ..

    പേരും നാടും ഒന്നും ചോദിക്കുന്നില്ല മോശല്ലേ... ബാച്ചിലേഴ്സ് ക്ലബ്ബിന്റെ ബൈ ലോ ലംഘനം ആവും
    :(

  21. നിര്‍മ്മല said...

    "ഓ ആ കളര്‍ കുറഞ്ഞത്‌ beta version ആണ്‌." :) :)
    നന്നായിട്ടുണ്ട്!

  22. പോക്കിരി said...

    :-)

  23. വിന്‍സ് said...

    കുരുട്ട്.... ഹഹഹഹഹാ. കുറുമാന്റ്റ്റെയും വിശാലന്റെയും അരവിന്ദിന്റെയും ദില്‍ബാസുരന്റെയും ഒക്കെയ് കൂട്ടത്തില്‍ ഒരാള്‍ കൂടി.

  24. വിന്‍സ് said...

    അപ്പോള്‍ അമ്മയുടെ ചോദ്യം ... മൂന്നാമത്തെ ആളാരാ‍?? ...കലക്കി.

  25. Unknown said...

    ഹഹഹ

    കലക്കി....

    ഈ റ്റിപ്സ് ഉടന്‍ തന്നെ എനിക്കാവശ്യമുണ്ടാവും

    നന്ദി ;-)

  26. ചേര്‍ത്തലക്കാരന്‍ said...

    Officil irinnittum chirichu poyi

    Aa partys pinne aa vazhikku vannu kaanilla alley????

  27. നിരക്ഷരൻ said...

    1.ആ ടൗണിന്റെ നടുക്കുള്ള ഇട്ടാവട്ടാത്തില്‍ അത്രേം തന്നെ നട്ടു വളര്‍ത്തിയതിന്‌ മമ്മിയ്ക്ക്‌ കര്‍ഷശ്രീ അവാര്‍ഡ്‌ കൊടുക്കണം.
    2.cooking is an art of approximation
    3.അപ്പോള്‍ പിന്നെ നിങ്ങള്‍ എങ്ങനെ ജീവിക്കും??
    4.ഓ ആ കളര്‍ കുറഞ്ഞത്‌ beta version ആണ്‌
    5.'ചായപ്പൊടി നീ വായുവില്‍ നിന്നുണ്ടാക്കുമോ' എന്നൊരു നോട്ടം എന്റെ വകയായും, 'ഇനി വേണമെങ്കില്‍ തന്നെ പോയി ഉണ്ടാക്കിക്കോണം' എന്നൊരു നോട്ടം കുരുട്ടിന്റെ വകയായും അവള്‍ടെ നേരെ നീണ്ടു.

    അങ്ങിനെ എണ്ണമിട്ട് പറഞ്ഞാല്‍ ഒരുപാടുണ്ട് ത്രേസ്യാക്കൊച്ചേ.
    അത്യുഗ്രന്‍. ഇനി അടുത്തത് വായിക്കട്ടെ.

  28. jense said...

    നന്നായിരിക്കുന്നു എഴുത്ത്... ഇത് വായിച്ചപ്പോ എന്റെ ബാങ്കളൂര്‍ ജീവിതം ആണ് ഓര്‍മ വന്നത്...
    അവസാനം എന്തോ മിസ്സ്‌ ചെയ്തത് പോലെ തോന്നി... ഇനിയും എഴുതുക... വായിക്കാന്‍ ഒരു ആരാധകന്‍ കൂടി ആയിരിക്കുന്നു...

  29. Licare said...

    superbbbbbbbbbbbbbbbb
    kuruttu/beta version/milk.........
    very good approach

    thanks

  30. സുദേവ് said...

    ഹൊ ....ബീറ്റ കോഫി !!!!!!! എന്തൊരു ഭാവന

  31. കുഞ്ഞന്‍ said...

    സുദേവിന് നന്ദി പറയട്ടെ ഈ പോസ്റ്റ് വായിക്കാന്‍ ഇടവരുത്തിയതിന്.

    കൊ.ത്രേ. കൊ.. അങ്ങിനെ നിങ്ങള്‍ അവരെ കീഴടക്കിയല്ലെ അഭിനന്ദനങ്ങള്‍. വീട്ടുകാര്‍ക്ക് നിങ്ങളെപ്പറ്റി നല്ല മതിപ്പുണ്ടായല്ലെ ഈയൊരു സംഭവത്തിനാല്‍.
    ടി കക്ഷിയുടെ ഇപ്പോഴത്തെ അവസ്ഥ?

  32. Niya said...

    Adipoli aayitund keto Kochu :)

  33. Pyari said...

    ബ്ലോഗ്‌ വായന ഇന്നലത്തോട്‌ കൂടി നിര്‍ത്തി എന്ന് ഉറപ്പിച്ചതാണ് . കൊച്ച് എന്നെയും കൊണ്ടേ പോകൂ എന്നാ തോന്നുന്നത് !!! വായിപ്പിച്ചു കൊല്ലാന്‍ ഇറങ്ങിയിരിക്കുകയാനല്ലേ ????

  34. Sulfikar Manalvayal said...

    അടി പൊളി. സംഭവ ബഹുളം. അത്യുഗ്രന്‍. ഗംഭീരം....
    എന്നൊക്കെ പറയണം എന്ന് കരുതി തന്നെയാ വായിച്ചത്. അങ്ങെത്തും വരെ അതായിരുന്നു താനും.
    പക്ഷെ കാടു പോയ ബലൂണ്‍ പോലെ അവസാനം എങ്ങുമെത്താതെ അവസാനിപ്പിച്ചു കളഞ്ഞല്ലോ കൊച്ചെ.

    അവസാനം ഞാനങ്ങു ക്ഷമിച്ചു. അത് പോരെ. അതിനു മുമ്പുള്ളത് പറയാം അല്ലെ. അല്ലേലും നമ്മള്‍ ഇങ്ങിനെയാ.
    എത്ര നല്ലത് ചെയ്താലും ന്തെങ്കിലും കുഞ്ഞു കുനിഷ്ട്‌ കാണിച്ചാല്‍ അതും പോക്കിപിടിചിങ്ങു പോരും.

    വളരെ രസകരമായ എഴുത്ത്. കാത്തു സൂക്ഷിക്കുക, ഈ നര്‍മ രസം എന്നും. . ജീവിതത്തിലുടനീളം.
    പകര്‍ന്നു നല്‍കുക, എല്ലാവര്ക്കും, ആ എഴുത്തിന്റെ രസികത്തം.

  35. കിരണ്‍ said...

    ഞാന്‍ വിട്ടു കൊടുത്തില്ല.ആഞ്ഞു നിര്‍ബന്ധിച്ചു.'എന്തായാലും മതി' എന്നൊരുത്തരമാണ്‌ എനിക്കു വേണ്ടത്‌.

    നല്ല രസമുണ്ട്‌!!!