Sunday, February 1, 2009

ആലിങ്കില്‍ കോലങ്കം...

മലയാളഭാഷയ്ക്ക്‌ എന്റെ ചേച്ചിയുടെ വക സംഭാവനയായായിരുന്നു 'ആലിങ്കില്‍കോലങ്കം' എന്ന പ്രയോഗം. കുട്ടിക്കാലത്ത്‌ ഞങ്ങളെ സിനിമ കാണിക്കാന്‍ കൊണ്ടുപോയിരുന്ന ആലിങ്കില്‍ ടാക്കീസും സിനിമയുമായി ബന്ധപ്പെട്ട്‌ എവിടെയോ കേട്ട 'കോലങ്ങള്‍' എന്ന വാക്കും കൂട്ടിക്കെട്ടി അവള്‍ തന്നെ നിര്‍മ്മിച്ചെടുത്ത പുതിയ വാക്ക്‌. സിനിമ എന്ന പദത്തിനു പകരം അവളുടെ വൊക്കാബുലറിയില്‍ സ്ഥാനം പിടിച്ചത്‌ ഈ പ്രയോഗമായിരുന്നു.പക്ഷെ പറഞ്ഞൊപ്പിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടോ എന്തോ ഞാനും അനുജനും ആ വാക്കിനെ സ്വീകരിച്ചില്ല. പകരം സിനിമയെ സിനിമ എന്നു തന്നെ വിളിച്ചു. അങ്ങനെ കാലക്രമേണ അവളും ആലിങ്കില്‍ കോലങ്കത്തിനെ ഉപേക്ഷിച്ചെങ്കിലും അതിനെ മറക്കാന്‍ തയ്യാറാവാത്ത കുറച്ചാള്‍ക്കാരുണ്ടായിരുന്നു. ഞങ്ങള്‍ടെ ബന്ധുക്കളും അയല്‍ക്കാരും. ഇപ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇടയ്ക്കിടയ്ക്ക്‌ ആ പ്രയോഗം കേള്‍ക്കാറുണ്ട്‌. "ഡീ ആലിങ്കില്‍ കോലങ്കത്തിന്‌ പോരുന്നോ?' എന്നൊക്കെ. അവളെ കളിയാക്കി തുടങ്ങിയതാണെങ്കിലും തീയേറ്ററില്‍ പോയി സിനിമ കാണുക എന്ന നീണ്ട വാക്യത്തെ സൂചിപ്പിക്കാനുള്ള ചുരുക്കുരൂപമായി മാറി ഈ ആലിങ്കില്‍ കോലങ്കം. അവിടം കൊണ്ടും തീരാതെ ആ ആലിങ്കില്‍ ടാക്കീസിനെപറ്റിയോ കോലങ്ങള്‍ എന്ന സിനിമയെ പറ്റിയോ ഒരു ചുക്കുമറിയില്ലാത്ത ഞങ്ങള്‍ടെ പീക്കിരി കസിന്‍കുട്ടികള്‍ വരെ ആലിങ്കില്‍ കോലങ്കമെന്ന പ്രയോഗത്തെ ഇക്കാലത്തും രണ്ടും കൈയും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്‌.


കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നു തീയേറ്ററില്‍ പോയി സിനിമ കാണുക എന്നുള്ളത്‌. വല്ലപ്പോഴുമൊക്കെയേ പപ്പ സിനിമ കാണിക്കാന്‍ കൊണ്ടു പോകൂ. അതും സെക്കന്റ്‌ ഷോയ്ക്കു മാത്രം. സിനിമയ്ക്ക്‌ പോവാന്‍ വേണ്ടി പപ്പയെ സമ്മതിപ്പിക്കുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള പരിപാടി. ശുപാര്‍ശയും കണ്ണീരും മൂക്കു ചീറ്റലുമൊന്നും പപ്പയുടെയടുത്തു ചിലവാകില്ല. സിനിമയ്ക്കു കൊണ്ടു പോകാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പു തന്നെ മമ്മിയും ഞങ്ങള്‍ കുട്ടികളും രണ്ടു മൂന്നു വട്ടം ഇതേപറ്റി കൂടിയാലോചകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ടാവും. എപ്പോള്‍ പറയണം, ആരു തുടങ്ങി വയ്ക്കണം, ആര്‌ ഏറ്റു പിടിയ്ക്കണം, തുടങ്ങി മിക്ക കാര്യങ്ങളിലും ഞങ്ങള്‍ ഓള്‍റെഡി തീരുമാനത്തിലെത്തിയിട്ടുണ്ടാവും. അപേക്ഷ സമര്‍പ്പിക്കേണ്ട ദിവസം മുഴുവന്‍ അടീം വഴക്കുമൊന്നുമില്ലാതെ എക്സ്ട്രാഡീസന്റായിരിക്കാന്‍ എല്ലാരും പ്രത്യേകം ശ്രദ്ധിക്കും. വൈകുന്നേരം പപ്പ വന്ന്‌ അത്താഴം കഴിച്ചു കഴിഞ്ഞാലുടനെ മമ്മി സിഗ്‌നല്‍ തരും. പിന്നെ കുറച്ചു സമയത്തേക്ക്‌ എല്ലാരും (പപ്പയൊഴികെ) ആംഗ്യഭാഷയിലാണ്‌ സംസാരം. തുടങ്ങി വയ്ക്കാന്‍ നിയോഗിക്കപ്പെട്ട ആള്‍ടെ ധൈര്യമൊക്കെ അപ്പോഴേക്കും ചോര്‍ന്നു പോയിട്ടുണ്ടാവും. അവസാനം ആരെങ്കിലുമൊക്കെ മടിച്ചു മടിച്ച്‌ കാര്യം അവതരിപ്പിക്കും. 'പപ്പേ മ്മക്ക്‌ സില്‍മയ്ക്കു പോവാം" എന്ന്‌. പിന്നെ നാലു ജോഡി കണ്ണുകള്‍ പ്രതീക്ഷയോടെ പപ്പയുടെ മുഖത്തേക്ക്‌.. ആ ചോദ്യത്തിന്‌ രണ്ടേ രണ്ടേ മറുപടിയേ കിട്ടാനുള്ളൂ. 'ങും..ഞാനൊന്ന്‌ ആലോചിക്കട്ടെ' എന്നാണ്‌ ഒരു മറുപടി. അതു കേട്ടാല്‍ പിന്നെ ചോദ്യോം പറച്ചിലുമൊന്നുമില്ല. എല്ലാവരും സമയം കളയതെ അവനവന്റെ പുതപ്പിനടിയില്‍ നുഴഞ്ഞു കയറി ഉറക്കം തുടങ്ങും. ആ ആലോചന ഒരിക്കലും തീരില്ലാന്നറിയാവുന്നതു കൊണ്ട്‌. ഇനി അതല്ല 'ഏതു സിനിമയാ?" എന്നാണ്‌ പപ്പ ചോദിക്കുന്നതെങ്കില്‍ പിന്നെ അവിടെ ഉത്സവമാണ്‌.സിനിമയ്ക്കു പോവാന്‍ തീരുമാനിച്ചെങ്കില്‍ മാത്രമേ പപ്പ അങ്ങനെ ചോദിക്കൂ.പിന്നെ കുപ്പായം മാറ്റലായി, കാണാന്‍ പോവുന്ന സിനിമയെപറ്റി അറിയാവുന്ന കാര്യങ്ങളൊക്കെ വിളമ്പലായി.. ആകെ ബഹളം. തീയേറ്ററില്‍ ബാല്‍ക്കണിയിലെ ഏറ്റവും പുറകിലുള്ള സീറ്റിലേ പപ്പ ഞങ്ങളെ ഇരുത്തൂ. മുന്നിലുള്ളവരുടെ തല കാരണം ഒന്നും കാണാന്‍ പറ്റില്ല. സിനിമ തുടങ്ങി കുറച്ചു കഴിയുമ്പോള്‍ ഞങ്ങളെ മൂന്നെണ്ണത്തെയും പൊക്കി സീറ്റിന്റെ കയ്യിലിരുത്തും. പിന്നെ എല്ലാം ക്ലിയര്‍...


എന്നാലും അക്കാലത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു തീയേറ്ററില്‍ ഏറ്റവും മുന്നിലിരുന്ന്‌ സിനിമ കാണണംന്നുള്ളത്‌. ബാല്‍ക്കണീടെ വല്യ ആരാധകനായ പപ്പയോട്‌ അങ്ങനെയൊരാഗ്രഹം പറഞ്ഞിട്ടും ഒരു കാര്യവുമില്ലായിരുന്നു. പപ്പയുടെ അമ്മ -ഞങ്ങള്‍ടെ അമ്മച്ചി- വരുമ്പോഴാണ്‌ ആ ആഗ്രഹം സാധിക്കാറുള്ളത്‌. അമ്മച്ചിയ്ക്ക്‌ സിനിമ വല്യ ഇഷ്ടമാണ്‌. വന്നാലുടനെ ഞങ്ങള്‍ മൂന്നു പേരും കൂടി അമ്മച്ചിയെ ചൂടു കേറ്റി സിനിമ കാണാന്‍ പോവും. അമ്മച്ചീടടുത്ത്‌ പപ്പയുടെ കടുംപിടിത്തങ്ങളൊന്നും നടക്കില്ല. മോണിംഗ്‌ ഷോയ്ക്ക്‌ ഞങ്ങളേം കൂട്ടിം അമ്മച്ചി പോകും. 'മ്മക്ക്‌ മുന്‍പീല്‍ത്തെ ടിക്കറ്റെടുക്കാം'-ന്നു പറഞ്ഞാല്‍ പിന്നെ അമ്മച്ചി അതേ എടുക്കൂ. അങ്ങനെ മുന്‍പിലിരുന്ന്‌ ആദ്യം കണ്ട സിനിമയാണ്‌ ഡോക്ടര്‍ പശുപതി. അന്നു വരെ കണ്ട സിനിമകളില്‍ വച്ച്‌ അത്രയ്ക്ക്‌ ഇഷ്ടപ്പെട്ട ഒരു സിനിമ വേറെയില്ല. സിനിമയുടെ മേന്‍മയേക്കാളും അത്രേം മുന്നിലിരുന്ന്‌ അത്രേം വലിപ്പത്തില്‍ സിനിമ കണ്ടതാവണം ആ ഇഷ്ടക്കൂടുതലിനു കാരണം. പിന്നെ അതു പോലെ ഇരട്ടി വലിപ്പത്തില്‍ സിനിമ കണ്ടത്‌ വര്‍ഷങ്ങള്‍‌ക്ക്‌ ശേഷം ഡെല്‍ഹിയിലെ സംഘം തീയേറ്ററില്‍ വച്ചാണ്‌ - തന്മാത്ര എന്ന സിനിമ. എല്ലാര്‍ക്കും വേണ്ടി ടിക്കറ്റെടുക്കാന്‍ പോയത്‌ ഞാനായിരുന്നു. ഏറ്റവും മുന്‍പിലേ സീറ്റുള്ളൂ എന്നു കേട്ടപ്പോൾ സത്യം പറഞ്ഞാല്‍ പ്രത്യേകിച്ചു കുഴപ്പമൊന്നും തോന്നീല്ല.. പണ്ടത്തെ പശുപതി സിനിമ കണ്ടപോഴുള്ള സന്തോഷമായിരുന്നു മനസില്‍. എന്തായാലും തന്മാത്ര എന്റെ സിനിമാനുഭവങ്ങളിലെ ഒരു കറുത്ത അധ്യായമായി മാറി. കൂടെ സിനിമ കാണാന്‍ വന്ന കൂട്ടുകാരുടെയൊക്കെ കയ്യില്‍ നിന്ന്‌ വേണ്ടുവോളം കിട്ടി. നഷ്ടപരിഹാരമായി എല്ലാര്‍ക്കും ഓരോ ടിക്കറ്റും കൂടി എടുത്തു കൊടുക്കണംന്നു വരെ ആവശ്യമുണ്ടായി. വലിപ്പം കാരണം സ്ക്രീനിന്റെ ഒരു സൈഡേ കാണാന്‍ പറ്റിയുള്ളൂ പോലും. മറ്റേ സൈഡില്‍ എന്തു സംഭവിച്ചു എന്നു കാണാനാണ്‌ ഒരു ടിക്കറ്റും കൂടി.കുറ്റം പറയാന്‍ പറ്റില്ല.മിനിമം ഒരു സൈക്കിളെങ്കിലുമുണ്ടെങ്കിലേ സ്ക്രീന്‍ മുഴുവനായി കണ്ടുതീര്‍ക്കാന്‍ പറ്റൂന്ന്‌ എനിക്കും തോന്നിയിരുന്നു പലവട്ടം..


സ്വന്തമായി വരുമാനമൊക്കെ ആയപ്പോള്‍ ഏറ്റവും കൂടുതല്‍ കാശു ചെലവാക്കിയതു സിനിമാ കാണാനായിരുന്നു. തീയേറ്ററില്‍ പോയി സിനിമ കാണുന്നതിന്റെ ത്രില്‍ മാത്രമല്ല, റൂംമേറ്റിന്റെ സിനിമാഭ്രാന്തും അതിനു കാരണമായിരുന്നു. സന്തോഷം വന്നാലും സങ്കടം വന്നാലും ആ കുട്ടിക്ക്‌ സിനിമ കാണണം. ഡെല്‍ഹിയിലെ ഒരുമാതിരിയുള്ള എല്ലാ സിനിമാതീയേറ്ററുകളിലും ഞങ്ങള്‍ തപ്പിപ്പിടിച്ചു ചെന്നിട്ടുണ്ട്‌.അങ്ങനെ കണ്ടു തീര്‍ത്തിട്ടുള്ള ഹിന്ദിസിനിമകള്‍ക്കു കണക്കില്ല. പിന്നെ വല്ലപ്പോഴും മാത്രം വന്നു മുഖം കാണിച്ചു പോകുന്ന മലയാളം സിനിമകളും. റൂംമേറ്റ്‌ മലയാളി അല്ലാത്തതിനാല്‍ മലയാളം സിനിമ കാണാന്‍ കൂടെ വരില്ല. പക്ഷെ തിരിച്ചു ചെന്നാലുടനെ അതിന്റെ കഥയും വിശകലനവുമൊക്കെ പറഞ്ഞുകൊടുക്കണം. കഥ വല്ലാതെ ഇഷ്ടപ്പെട്ടാല്‍ പിന്നെ ഒരു ഡയലോഗുണ്ട്‌ "ഈ സിനിമ പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യുമായിരിക്കും അല്ലേ?" എന്ന്‌..ചുരുക്കിപറഞ്ഞാല്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളം സിനിമയുമായി കണക്ട്‌ ചെയ്യാന്‍ അവള്‍ക്ക്‌ ആകെയുള്ള രണ്ടു സഹായികളായിരുന്നു ഞാനും പ്രിയദര്‍ശനും. കാലത്തിന്റെ കുത്തൊഴുക്കില്‍ ഞാന്‍ ഡെല്‍ഹി വിട്ടതില്‍ പിന്നെ ഇപ്പോള്‍ പ്രിയദര്‍ശന്‍ മാത്രമായി പാവത്തിന്റെ ഏക ആശ്രയം..


പതുക്കെ പതുക്കെ എന്റെ സിനിമ കാണലൊക്കെ കമ്പ്യൂട്ടറില്‍ മാത്രമായി ചുരുങ്ങാന്‍ തുടങ്ങി. സമയക്കുറവും സാമ്പത്തികലാഭവുമൊക്കെ കാരണങ്ങളായിരുന്നു. ജോലിത്തിരക്കിനിടയില്‍ കഷ്ണം കഷ്ണമായി കണ്ടാണ്‌ ഓരോ സിനിമയും കണ്ടു തീര്‍ക്കുന്നത്‌. ഇഷ്ടപ്പെടാത്ത ഭാഗങ്ങളൊക്കെ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ ചെയ്തു വിടും. സത്യം പറഞ്ഞാല്‍ സിനിമയ്ക്കിടയില്‍ പാട്ടുകളും സ്റ്റണ്ട്‌ സീനുമൊക്കെ കണ്ട കാലം മറന്നു. ഇങ്ങനെ സ്വന്തമായി എഡിറ്റ്‌ ചെയ്തു മുറിച്ചുമാറ്റി ഒരു ഫുള്‍ സിനിമ ഒരു മണിക്കൂറിനുള്ളിലൊക്കെ കണ്ടു തീര്‍ക്കും. തീയേറ്ററില്‍ പോയി ഇന്റര്‍വെല്ലിലെ പരസ്യം പോലും വള്ളിപുള്ളിവിടാതെ കണ്ടു കൊണ്ടിരുന്ന, സിനിമയുടെ ആദ്യം പേരെഴുതിക്കാണിക്കുന്നത്‌ പോലും മിസ്സാവുന്നതു സഹിക്കാത്ത, സിനിമ തീര്‍ന്നു കഴിഞ്ഞാലും എല്ലാം എഴുതിക്കാണിച്ച്‌ അവസാനം സ്ക്രീന്‍ ബ്ലാങ്കാവുന്നതു വരെ സീറ്റില്‍ നിന്നെഴുന്നേല്‍ക്കാത്ത ആ പഴയ കുട്ടിക്കുണ്ടായ മാറ്റമാണിത്‌. ഈ മാറ്റത്തിന്റെ ആഴം മനസിലായത്‌ ഈയടുത്ത കാലത്ത്‌ 'ജബ്‌ വീ മെറ്റ്‌' എന്ന സിനിമ കാണാന്‍ പോയപ്പോഴാണ്‌. ഒഴിഞ്ഞു മാറാന്‍ പരമാവധി നോക്കിയിട്ടും ചേച്ചിയുടെ നിര്‍ബന്ധം കാരണം പറ്റിയില്ല. സിനിമ തുടങ്ങിക്കഴിഞ്ഞപ്പോഴാണ്‌ ആദ്യത്തെ മാറ്റം പ്രകടമായത്‌. കമ്പ്യൂട്ടറിന്റെ ഇട്ടാവട്ടാത്തിലുള്ള സ്ക്രീനില്‍ സിനിമ കാണാന്‍ ശീലിച്ച എന്റെ കണ്ണുകള്‍ക്ക്‌ ആ വലിയ സ്ക്രീനുമായി പൊരുത്തപ്പെടാന്‍ പറ്റുന്നില്ല!! അസാമാന്യ വലിപ്പം.അതുമായി ഒന്നഡ്ജസ്റ്റ്‌ ചെയ്യാന്‍ തന്നെ നല്ല സമയമെടുത്തു.. പിന്നെ, പാട്ടിന്റെ മ്യൂസിക്‌ തുടങ്ങുമ്പോള്‍ തന്നെ ഫാസ്റ്റ്‌ ഫോര്‍വേഡടിക്കാന്‍ തരിക്കുന്ന കൈകള്‍.. കടിച്ചു പിടിച്ച്‌ പാട്ടുസീന്‍ മുഴുവന്‍ കാണേണ്ടി വന്നതുകൊണ്ടുള്ള അസ്വസ്ഥത, ഇന്റര്‍വെല്‍ സമയത്തെ അക്ഷമ എന്നു വേണ്ട ആ സിനിമ കണ്ടു തീരുന്നതു വരെ ഞാനനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക്‌ കണക്കില്ല. തീയേറ്ററില്‍ പോയി ഒരു സിനിമ മുഴുവനായി കണ്ടാസ്വദിക്കാന്‍ കഴിയാത്തവിധം ഞാന്‍ മാറിപ്പോയെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഇത്‌ എന്റെ മാത്രം മാറ്റമാണോ?..അതോ ലോകത്തെ മുഴുവന്‍ കമ്പ്യൂട്ടറിലേക്കൊതുക്കാന്‍ ശ്രമിക്കുകയോ നിര്‍ബന്ധിതരാവുകയോ ഒക്കെ ചെയ്യുന്ന ഞാനടക്കമുള്ള യുവതലമുറ മുഴുവന്‍ ഇത്തരമൊരു മാറ്റത്തെ അഭിമുഖീകരിക്കുന്നുണ്ടോ?അറിയില്ല.. പക്ഷെ ഒന്നെനിക്കുറപ്പിച്ചു പറയാന്‍ കഴിയും.. കഴിഞ്ഞ തലമുറയ്ക്ക്‌ നാടകം എന്ന കലയെ പറ്റി പറയുമ്പോഴുണ്ടാറുള്ള ഒരു നൊസ്റ്റാള്‍ജിക്‌ ഫീലിംഗാണ്‌ എനിക്ക്‌ സിനിമാതീയേറ്ററുകളെ പറ്റി ഓര്‍ക്കുമ്പോള്‍. ഒരു കാലത്ത്‌ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്ന, ആവേശം കൊള്ളിച്ചിരുന്ന എന്നാല്‍ ഇപ്പോള്‍ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട്‌ ആസ്വദിക്കാന്‍ കഴിയാതെപോവുന്ന ആ പഴയ ആലിങ്കില്‍ കോലങ്കങ്ങള്‍... കാലത്തിന്റെ അതിവേഗതയ്ക്കൊപ്പം പായുന്ന ഈ തലമുറ അതിനെ കൂടെക്കൂട്ടുമോ അതോ പാതിവഴിയിലുപേക്ഷിക്കുമോ.. കാത്തിരുന്നു കാണാം...

73 comments:

  1. ഉപാസന || Upasana said...

    Now it is my turn..!
    :-)
    Sunil || Upasana

  2. ഉപാസന || Upasana said...

    Hahahahah... Done.
    cheers.
    :-)

    No further comments.
    :-)
    Upasana

  3. കൊച്ചുത്രേസ്യ said...

    ഇനി കുറച്ചു സിനിമാവിശേഷങ്ങള്‍ :-)
    ഇതേ വിശേഷങ്ങള്‍ ബാംഗ്ലൂര്‍ലെ പ്രബോധിനി വായനശാലയുടെ മാഗസിനായ ചായങ്ങള്‍-ലും(http://www.prabodhini.110mb.com/chayangal.html) ഉണ്ട്‌. എന്നു വച്ച്‌ ആരും കോപ്പിയടിക്ക്‌ കേസു കൊടുക്കാനൊന്നും പോവണ്ട കേട്ടോ.... അതും ഇതുമൊക്കെ ഞാന്‍ തന്നെയാണ്‌ :-))

  4. ഉപാസന || Upasana said...

    Any bloggers in Probodhini Team..?
    :-)

  5. രായപ്പന്‍ said...

    “മലയാളം സിനിമയുമായി കണക്ട്‌ ചെയ്യാന്‍ അവള്‍ക്ക്‌ ആകെയുള്ള രണ്ടു സഹായികളായിരുന്നു ഞാനും പ്രിയദര്‍ശനും. കാലത്തിന്റെ കുത്തൊഴുക്കില്‍ ഞാന്‍ ഡെല്‍ഹി വിട്ടതില്‍ പിന്നെ ഇപ്പോള്‍ പ്രിയദര്‍ശന്‍ മാത്രമായി പാവത്തിന്റെ ഏക ആശ്രയം.“

    എനിക്കും ഉണ്ടായിരുന്നു ഈ സിസ്റ്റത്തില്‍ സിനിമ കാണുന്ന പരുപാടി എന്നാലും “ആലിങ്കില്‍കോലങ്കത്തില്‍” പോയി സിനിമ കാണുന്ന സുഖം അതില്‍ കിട്ടില്ല.... പക്ഷേ ചില സിനിമകള്‍ കാണുമ്പോ തോന്നാറുണ്ട് ആ റിമോട്ട് കയ്യില്‍ ഉണ്ടേല്‍ മൊത്ത ഫോര്‍വേഡ് ചെയ്യായിരുന്നു ഇല്ലേല്‍ പണ്ടാരം ഓഫാക്കി പോകാമായിരുന്നൂന്നൊക്കെ...

    ചേച്ചീ.. പുതിയ തലമുറ അതിനെ ഉവേക്ഷിക്കില്ല എന്തായാലും പക്ഷേ ഇങ്ങനെയാണ് മലയാള സിനിമയുടെ പോക്കെങ്കില്‍ അന്യഭാഷാചിത്രങ്ങളുടെ കൈ പിടിച്ചായിരിക്കും പുതു തലമുറ പോകുന്നത് എന്ന് മാത്രം....

  6. ..:: അച്ചായന്‍ ::.. said...

    കര്‍ത്താവെ മുന്നില്‍ ഇരുന്നു സിനിമ കാണണം എന്ന് വാശി പിടിച്ചത് നിങ്ങള് മാത്രമെ കാണു ഇ ലോകത്ത് ... ഇവിടെ ആള്‍ക്കാര് എത്ര പുറകില്‍ കിട്ടുമോ അത്രേം പുറകില്‍ കേറാന്‍ നോക്കി ഇരിക്കുവാ ..:D

    "മിനിമം ഒരു സൈക്കിളെങ്കിലുമുണ്ടെങ്കിലേ സ്ക്രീന്‍ മുഴുവനായി കണ്ടുതീര്‍ക്കാന്‍ പറ്റൂന്ന്‌ എനിക്കും തോന്നിയിരുന്നു ..."

    ഇതു കസറി ....

  7. Sands | കരിങ്കല്ല് said...

    കമ്പ്യൂട്ടര്‍ ഒക്കെ ഉള്ള ജീവിതമായാലും .. എനിക്കു തീയറ്ററില്‍ പുറകിലിരിന്നു കണ്ടാല്‍ തന്നെയേ ശരിയാവുള്ളൂ..

  8. J K said...

    എന്തന്ന് അന്ന്‌പ്പ ഇത്.. എന്റെ കുട്ടിക്കാലം പോലെ തന്നെ... "ആലിങ്കല്‍ കോലങ്കല്‍ " പോലെയുള്ള വാക്കുകള്‍ എന്റെ അനിയത്തിയും മലയാള ഭാഷയ്ക്കു സംഭാവന ചെയ്തിരുന്നു.. ബേം ബേം പോസ്റ്റിയതു നന്നായി...

  9. Calvin H said...

    സിനിമ എന്ന മാധ്യമത്തെ നോക്കിക്കാണും പോലെ ഇരിക്കും. സിനിമ ആത്യന്തികമായി തിയേടറില്‍ കാണാന്‍ വേണ്ടി സൃഷ്ടിക്കപ്പെടുന്നവയാണ്. നല്ല സിനിമയെ ശരിക്കും സ്നേഹിക്കുന്നവര്‍ക്ക് തിയേറ്ററില്‍ പോയി കണ്ടാലേ അതിന്റെ ഒരു സുഖം കിട്ടു... മലയാളം സിനിമകളുടെ പ്രത്യേകത ടീവിയില്‍ കാണൂന്നതാണ് ഭേദം എന്നാണ്. നല്ല തീയെടര്‍ ഇല്ല. തീയേറ്ററില്‍ കാണാന്‍ മാത്രം പ്രത്യേകത ഒന്നും ഇല്ലതാനും. ജബ് വീ മെറ്റ് എവിടെ ഇരുന്നു കണ്ടാലും ഒരു പോലെ..

    പക്ഷേ ശരിക്കുള്ള ഒരു "സിനിമ" കമ്പ്യുട്ടറില്‍ കണ്ടിട്ട് ഒരു കാര്യോം ഇല്ല. തമിള്‍ സിനിമ "ഗജിനി" പോലെ , ഇംഗ്ലീഷ് "മട്രിക്സ്" പോലെ, ഹിന്ദി "രംഗ് ദേ ബസന്തി" പോലെ ഉള്ള ഒരു സിനിമ ആണെങ്കില്‍ അത് തീയേറ്ററില്‍ പോയി തന്നെ കാണണം. അതു വ്യാജസീഡിയോ, ഇനി ഒറിജിനല്‍ സീഡിയോ ഇട്ടു കാണുന്നവരോട് സഹതാപം തോന്നുന്നു...

    ഓടോ:-
    ഐസ് ഏജ് ത്രീ ഇറങ്ങുന്നുണ്ടല്ലോ :)

  10. ഭൂമിപുത്രി said...

    ത്രേസ്യക്കുട്ടീടെ ഓർമ്മക്കാലത്തിൽ നിന്നും കുറേക്കൂടി പുറകോട്ട് പോയെത്തുന്ന എന്റെ സിനിമാതീയേറ്റർ ഓർമ്മകൾക്ക് ദിവസങ്ങളോളം നീളുന്ന ആഘോഷത്തിന്റെ തിളക്കമാൺ.ദിവസങ്ങൾക്ക് മുൻപേയുള്ള പ്ലാനിടൽ...മണിക്കൂറുകൾക്ക് മുൻപ് തുടങ്ങുന്ന ഉത്സാഹത്തിമിർപ്പ്..ഏറ്റവും നല്ല ഉടുപ്പൊക്കെയിട്ട് സിനിമാതീയേറ്ററിലെത്തുമ്പോൾ
    നീണ്ടക്യൂ കാണുമ്പോഴുണ്ടാകുന്ന ആകാംക്ഷ..അവസാനം ടിക്കറ്റ് കിട്ടുമ്പോഴുള്ള അവിശ്വസനീയത നിറഞ്ഞ ആഹ്ലാദം...പിന്നെ,തീയേറ്റർവിളക്കുകൾ
    അണയുമ്പോഴുള്ള സ്വീറ്റ്ആന്റിസിപ്പേഷൻ
    ..തിരിയെവന്നുകഴിഞ്ഞുള്ള ചർച്ചകൾ..
    (സെക്ക്ന്റ്ഷോ കഴിഞ്ഞുവന്നാണ് ഞങ്ങളാദിവസങ്ങളിൽ അത്താഴം തന്നെ കഴിച്ചിരുന്നത്)..ആ സിനിമയിലെ പാട്ടുകൾ കേൾക്കാനായി ആകാശവാണിയിലെ ചലച്ചിത്രഗാനപരിപാടികൾക്ക് മുൻപിലുള്ള കാത്തിരുപ്പ്..

    ആ കൊച്ചുകൊച്ചു സന്തോഷങ്ങളൊക്കെ നമുക്ക് നഷ്ട്ടപ്പെട്ടത് ഹൈ റ്റെക്ക്നോളജി ജീവിതത്തിൽ പിടിമുറുക്കിയപ്പോഴാൺ.

    ഇന്നിപ്പോൾ ഒരു സിനിമ വീട്ടിലിരുന്ന് മുഴുവനോടെയിരുന്നു കാണാനുള്ള‘ഒഴിവ്’
    കിട്ടുന്നില്ല സിഡികളെടുത്തുകൊണ്ടുവന്നാൽ അപ്പോൾമുതൽ പ്രാരാബ്ധം പറഞ്ഞുതുടങ്ങും
    ‘ദൈവമെ ഇത് കണ്ട്തീർക്കണ്ടേ..!’

  11. പ്രയാസി said...

    സിനിമ മാത്രമല്ല കൊച്ചേ.. ജീവിതത്തില്‍ പലതും ഇങ്ങനെ നഷ്ടസ്വപ്നങ്ങളാകാറുണ്ട്!

    എട്ടുവര്‍ഷമായി തീയേറ്ററില്‍ കയറാന്‍ കഴിയാത്ത ഒരു ഹതഭാഗ്യന്‍..:(

  12. ഭൂമിപുത്രി said...

    ശ്രീഹരിയുടെ കമന്റ് കണ്ടപ്പോളാണോർത്തത് പറയാൻ വിട്ടുപോയ മറ്റൊന്നു.
    ഹരി ഉദ്ദേശിച്ച വിഷ്വൽ എലിമെന്റിനു പുറമെ,
    ഒരു സിനിമയോടും കഥയോടും താദാത്മ്യം പ്രാപിച്ച് കഥാപാത്രങ്ങൾക്കൊപ്പം നീങ്ങണമെങ്കിൽ തീയേറ്ററിലെ ഇരുട്ടും,ആൾകൂട്ടത്തിൽ‌പ്പോലും ഓരോരുത്തരുടെയും ചുറ്റിനും രൂപപ്പെടുന്ന ഏകാന്തതയുടെ ആ ചെറുദ്വീപും കൂടിവേണം-അതർഹിയ്ക്കുന്ന/ആവശ്യപ്പെടുന്ന സിനിമയാണെങ്കിൽ പ്രത്യേകിച്ചും.
    (സിനിമ കണ്ട് കരയാനിഷട്ടമുള്ളവർക്കൂടിയാണെങ്കിൽ
    വീട്ടിലിരുന്നുള്ള കാഴ്ച്ചയിൽ സൌകര്യം തീരെക്കിട്ടില്ല :-)) )

  13. ചാളിപ്പാടന്‍ | chalippadan said...

    അങ്ങിനെ കൊച്ച് സീരിയസ്സായി.
    ഡീ ആലിങ്കില്‍ കോലങ്കത്തിന്‌ പോരുന്നോ? ആ ചോദ്യം ഇശ്ശി പിടിച്ചു.
    നൂതന സങ്കേതിക വിദ്യകൾ പരീക്ഷിച്ചു പോരനുള്ള മുനുഷ്യന്റെ ത്വരയും അതിനു പറ്റിയ ഏറ്റവും നല്ല മാദ്ധ്യമം സിനിയാകയാലും കൊച്ച് പേടിക്കണ്ട, വരും തലമുറകളോന്നും സിനിമയെ കൈവിടില്ല.

  14. Calvin H said...

    ഭൂമിപുത്രി പറഞ്ഞത് ശരിയാണ്. തിയേറ്ററിലെ ആംബിയന്‍സ് എന്ന ഘടകം ഏതു തരത്തില്‍ ഉള്ള സിനിമയുടെ ആസ്വാദനത്തേയും പോസിറ്റീവ് ആയി സ്വാധീനിക്കും.

    ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് വെറും വിഷ്വല്‍ ഇഫക്റ്റ്സ് ആയിരുന്നില്ല.

    മലയാളിയെ സംബന്ധിച്ചേടത്തോളം സിനിമ എന്നത് കഥയുടേ ഒരു രംഗാവിഷ്ക്കാരം, അല്ലെങ്കില്‍ നാടകത്തിന്റെ വീഡീയോ കാണല്‍ ആണ്. അല്ലെങ്കില്‍ തമാശ ആസ്വദിച്ച് പൊട്ടിച്ചിരിക്കാന്‍. ഇതിന് രണ്ടിനും തീയേറ്റര്‍ വേണം എന്നില്ല. മാത്രമല്ല , ചിലപ്പോല്‍ തമാശച്ചിത്രങ്ങള്‍ ഒക്കെ സുഹൃത്തുക്കളോടൊപ്പം ഇരുന്ന്( ഏകാന്തതയില്‍ അല്ലാതെ) കാണുന്നതില്‍ ഒരു രസം ഉണ്ട്. ഞങ്ങള്‍ ഹോസ്റ്റലില്‍ വെച്ചു പഴയം കോമഡി മലയാളം സിനിമകള്‍ അങ്ങനെ കാണാറുണ്ടായിരുന്നു.

    സിനിമയുടെ ലാംഗ്വേജ്( വിഷ്വല്‍ എഫക്റ്റ്സിനപ്പുറം) ഉള്‍ക്കൊള്ളുന്ന സിനിമകള്‍ മലയാളത്തില്‍ ഉണ്ടാവുന്നില്ല. മലയാളിയുടെ സിനിമാസ്വാദനത്തെ വളരെ നെഗ്ഗറ്റീവ് ആയി ബയസ് ചെയ്യാന്‍ മലയാളത്തിലെ സോ കോള്‍ഡ് കുടുംബചിത്രങ്ങള്‍ ഉത്തരവാദികള്‍ ആണ്. കുടുംബചിത്രം എന്നും പറഞ്ഞ് കുടുംബങ്ങള്‍ക്കാസ്വദിക്കാന്‍ കുറേ മെലോഡ്രാമായും , വളിപ്പുകളും മാത്ര സൃഷ്ടിക്കപ്പെടുകയും അവ വിജയിക്കപ്പെടുകയും ചെയ്തു. അത്തരം ചിത്രങ്ങള്‍ ടിവിയിലും കാണാം എന്നാണ് പ്രത്യേകത. ( സീരിയല്‍ ആയാലും മതി)

    സീഡികള്‍ എളുപ്പത്തില്‍ ലഭിക്കാം എന്നായപ്പോള്‍ സാമ്പത്തികലാഭം മുന്നില്‍ കണ്ട് എല്ലാവരും തീയേറ്ററുകളെ കൈവെടിഞ്ഞു. സ്ത്രീകളെ എങ്ങനെയെല്ലാം പബ്ലിക് പ്ലേസില്‍ നിന്നും മാറ്റി നിര്‍ത്താം എന്നു ചിന്തിച്ചിരുന്ന പുരുഷന് കാര്യങ്ങള്‍ എളുപ്പവുമായി....

    തീയെടറില്‍ പോയി കാണുക എന്നത് ഒരു അനുഭവം ആവുമ്പോഴേ കാശു മുടക്കിയും ആള്‍ക്കാര്‍ തിയേറ്ററില്‍ പോകൂ... ഇവിടെ കൊച്ചുത്രേസ്യാ ആദ്യം പറഞ്ഞ തീയേറ്ററില്‍ കാണാന്‍ ഉള്ള പൂതി, സിനിമാസ്വാദനത്തിനപ്പുറം, നമ്മുടെയെല്ലാം ബാലമനസിലേ പുതിയ കാഴചകള്‍ കാണാന്‍ ഉള്ള ആഗ്രഹമാണ്‌. അത് തീയേറ്റര്‍ ആവാം, ഉല്‍സവം ആവാം, പള്ളിപ്പെരുന്നാള്‍ ആവാം,, ആഘോഷങ്ങള്‍ ആവാം സര്‍ക്കസ് ആവാം...

    പക്ഷേ പ്രായം കൂടുന്തോറും അത്തരം താല്പര്യങ്ങള്‍ കുറഞ്ഞു വരും... എന്നാല്‍ സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് തിയേറ്ററില്‍ തന്നെ പോയി കണ്ടാലേ സംതൃപ്തി വരൂ....

    ഓഫ് ടോപിക ആവുന്നുണ്ടെങ്കില്‍ കൊച്ചുത്രേസ്യ ക്ഷമിക്കുമല്ലോ

  15. ഭൂമിപുത്രി said...

    ശ്രീഹരിയെപ്പോലെയൊരു നല്ല ആസ്വാദകൻ
    ‘വിഷ്വലിഫക്ക്റ്റി’നുമപ്പുറം കാണുമെന്നറിയാം.
    ഈ കോണ്ടെക്സ്റ്റിൽ എടുത്തുപറഞ്ഞ സിനിമകൾ
    കണക്കിലെടുത്ത് പറഞ്ഞെന്ന് മാത്രം.
    ‘രംഗ് ദേ ബസന്തി’മാ‍സങ്ങളായി സിഡി വാങ്ങിവെച്ചിരിയ്ക്കുന്നു.ഇതുവരെ ‘കൂടീട്ടില്ല’.
    തമാശസിനിമകളെപ്പറ്റിപ്പറയാൻ വിട്ടുപോയി.
    ശരിയാൺ കൂട്ടംകൂടി കണ്ടില്ലെങ്കിൽ ഒരു രസവുമുണ്ടാകില്ല.
    (‘ചിരിയ്ക്കുമ്പോൾ കൂടെച്ചിരിയ്ക്കാൻ..’
    എന്ന പാട്ടിലെ ആദ്യത്തെ രണ്ട് വരികൾ
    ഇവിടെയൊക്കും അല്ലേ)
    കൊച്ച് വോണ്ട് മൈന്റ് ഓടോ :-))
    ഈപ്പറഞ്ഞതൊക്കെ ശരിയാന്ന് കൊച്ചും തലകുലുക്കി സമ്മതിക്കൂല്ലൊല്ലേ?

  16. മൂര്‍ത്തി said...

    ഇതൊക്കെ വായിച്ച് നൊസ്റ്റാള്‍ജിയ പിടിച്ച് ഞാന്‍ വീണ്ടും തീയറ്ററില്‍ പോയി സിനിമ കാണുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട.

    വയ്യാ...മടുത്തൂ...(നെടുമുടി സ്റ്റൈല്‍)

    സമയമില്ലാത്തവര്‍ക്കായി പ്രബോധിനിയിലെ ഈ ലിങ്ക് ഉപയോഗിക്കാം. നേരെ ആലിങ്കില്‍ കോലങ്കം എത്തും. കൊച്ചു ത്രേസ്യ ഇട്ട ആ ലിങ്കില്‍ ആലിങ്കില്‍ കോലങ്കം എത്താന്‍ ടൈം എടുക്കും.:)

  17. അയല്‍ക്കാരന്‍ said...

    കരിപുരണ്ട് തെറിനിറഞ്ഞ ഭിത്തികളും ചവച്ചുതുപ്പിയ ച്യൂയിങ് ഗമില്‍ തട്ടി വഴി മാറിയൊഴുകുന്ന മൂത്രപ്പുഴകളും ഞാന്‍ എന്‍‌റേതാക്കണോ? മൂട്ടകള്‍ക്ക് രക്തദാനം നടത്തിവേണോ എനിക്ക് സ്വര്‍ഗ്ഗം കിട്ടാന്‍.

    എന്‍‌റെ സ്വീകരണമുറി തരുന്ന ആ കംഫര്‍ട്ട്, ആ പരിചിതത്വം ഇതൊക്കെ തീയറ്ററുകളുടെ കൂരിരുട്ടിനും അവിടുത്തെ ആള്‍ക്കൂട്ടത്തിനും തരാനാവുമൊ? എന്‍‌റെ ഘടികാരത്തിനൊത്ത് സിനിമ ഓടിക്കുവാന്‍ ഓപ്പറേറ്റര്‍ക്കാവുമോ?

    ശ്രീബാലയുടെയും ഗിരിജയുടേയും പിന്നെ കൈവിരലുകളില്‍ എണ്ണാനാവാത്രത്തോളം ഗ്രാമീണ തീയേറ്ററുകളുടെയും നൊസ്റ്റാള്‍ജിയ കൈ വിടാതെ തന്നെ പറയട്ടെ, സ്വീകരണമുറിയുടെ വാംതിനെ വെല്ലാന്‍ കേരളക്കരയിലെ ഒരു ടാക്കീസിനുമാവില്ല തന്നെ. 15 മുതല്‍ 20 വരെ പ്രായമുള്ള ആണ്‍‌കുട്ടികള്‍ക്ക് (ആണ്‍‌കുട്ടികള്‍ക്ക് മാത്രം) അടിച്ചുപൊളിക്കാന്‍ ഒരിടം, അതു മാത്രമാണ് നാട്ടിലെ തീയേറ്ററുകള്‍

  18. Mr. സംഭവം (ചുള്ളൻ) said...

    ത്രേസ്യാകൊച്ചേ .. എത്ര കമ്പ്യൂട്ടര്‍ വന്നാലും .. എത്ര വലിയ ഹോം തിയേറ്റര്‍് വന്നാലും .. നമ്മുടെ സ്വന്തം തിയേറ്ററില്‍് പോയി കാണുന്ന സുഖമൊന്നു വേറെയാ .. എനിക്കിപ്പളും ഇഷ്ടം തിയേറ്ററില്‍് പോയി കാണാന്‍ തന്നാ .. പിന്നെ നാട്ടിലിറങ്ങുന്ന പടങ്ങള്‍ ഇവിടെ ചിലപ്പോ റിലീസ് ആകാറില്ല അപ്പൊ മാത്രം സിസ്റ്റമില്‍് കാണും ...

    പോസ്റ്റ് കൊള്ളാം .. ഇതു വായിച്ചു കുറച്ചു പേരെന്കിലും തിയേറ്ററില്‍് പോയി സിനിമ കാണും ഉറപ്പ് :)

  19. Tomkid! said...

    PVR ല്‍ 250 രൂപക്ക് ഒരു മലയാളം പടം കണ്ടതിന്
    “നിനകൊക്കെ വറ്റ് എല്ലിനെടെ കുത്തിതുടങ്ങിയേന്റെയാ” എന്ന നാട്ടിലൊരുത്തന്‍ പറഞ്ഞേ. മള്‍ട്ടിപ്ലെക്സുകാരൊക്കെ ഇങ്ങനെ തുടങ്ങിയാ പിന്നെങ്ങനെ തീയറ്ററില്‍ പോയി പടം കാണും?

    (വേറൊരു പ്രബോധിനി മെംബര്‍)

  20. ശ്രീ said...

    തിയറ്ററില്‍ പോയി സിനിമ കാണുന്നതില്‍ ആനന്ദം തോന്നിയിരുന്ന അനുഭവങ്ങള്‍ കുറവാണ്. എന്നാലും അങ്ങനെ കാണുന്നതിലും ഒരു സുഖമുണ്ട്.

  21. മാണിക്യം said...

    സിനിമയ്ക്ക് പോകാന്‍ ഉള്ള ചോദ്യവും പറച്ചിലും എല്ലാം എന്റെ വീട്ടിലേ ഫോട്ടോകോപ്പി. കല്യാണം കഴിക്കണം എന്ന തീരുമാനം പോലും സിനിമാ കാണാമല്ലൊ എന്ന് ഒര്‍ത്താ,എന്നിട്ട് ഇതു പോലൊരു അക്കിടി പറ്റാനില്ല എത്തപ്പെട്ടത് ഒരു സിനിമാതീയറ്റര്‍‌ പോലും ഇല്ലാത്ത സൌദീല്‍ :(
    അവിടത്തെ 26 വര്‍ഷത്തെ അവധികാലത്ത് നാട്ടില്‍ പോണത് തന്നെ തിയറ്ററില്‍ പടം കണാന്‍ ആയിരുന്നു. ഇന്ന് ഇപ്പോ മലയാളം പടം വല്ല കാലത്തും ഏറ്റവും ഒടുവില്‍ തീയറ്ററില്‍ പോയി “വെറുതെ ഒരു ഭാര്യ ” കണ്ടു ...

    മലയാളം കാണാന്‍ ഇപ്പൊള്‍ ഓണ്‍ലൈന്‍ തന്നെ ആശ്രയം പക്ഷേ ഒരു ഇരുപ്പിനു കണ്ടു തീര്‍ക്കാന്‍ ഒരിക്കലും പയുന്നും ഇല്ല ...

    കൊച്ചിലേ തീയറ്ററില്‍ പോയി സിനിമ കണ്ടതു തന്നെ ഏറ്റം രസം !

  22. Anonymous said...

    കോളേജിൽ‌പ്പഠിച്ചിരുന്ന കാലത്ത് കോഴിക്കോട് ക്രൌൺ തിയറ്ററിലെ സിനിമകാണൽ അഭിരുചിയുള്ള ലോക്കൽ സറ്ക്കിളുകളിൽ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു. പലപ്പോഴും ശരാശരിയ്ക്ക് വളരെ മുകളിൽ നിൽക്കുന്ന വിദേശസിനിമകളാൺ കാണിക്കുക. പടം തുടങ്ങുന്നതിനുമുമ്പ് മുറ്റത്ത് വായും നോക്കിനിന്നാൽ ആക്സന്റുള്ള ഇംഗ്ലീഷ് മനസ്സിലായി വരുന്ന നമുക്ക് ഹിന്ദുവിന്റെയോ എക്സ്പ്രസ്സിൽന്റെയോ നിലവാരത്തിലുള്ള ഒരു പ്രിവ്യൂ മലയാളത്തില് ഫ്രീയായിട്ട് കിട്ടും. ഇന്ററ്വെല്ലിൻ ഒരു ക്വിക് റിവ്യൂയും. സോഴ്സ് പലപ്പഴും കാലികറ്റ് യൂണിവേഴിസിറ്റിയിൽ എംഫിൽ ചെയ്യുന്ന താടിക്കാരനോ ആറീസിയിൽ നിന്ന് ബസ്സ് കേറിവന്ന കഞ്ചാവ് ലുക്കുള്ളവനോ ഒക്കെ ആയിരിയ്ക്കും.

    തിയറ്ററിൽ കയറിക്കഴിഞ്ഞാൽ സൂചിവീണാലറിയുന്ന നിശ്ശബ്ദതയായിരിയ്ക്കും. സാങ്കേതികമികവിനുവേണ്ടി കഠിനാധ്വാനം ചെയ്ത സൌണ്ട് റ്റെക്നീഷ്യൻ സായിപ്പ് സ്ഥലത്തുണ്ടായിരുന്നെങ്കിൽ കണ്ണും മനസ്സും നിറഞ്ഞുപോകും.

    ഇത് തൊണ്ണൂറുകളിലാൺ. അതിനും എത്രയോ മുമ്പ് തുടങ്ങിയിട്ടുള്ള ഈ മനോഹരസംസ്കാരത്തെക്കുറിച്ച് എംടി മാതൃഭൂമി ഓൺലൈനിൽ എഴുതിയിട്ടുണ്ട്.(ലിങ്ക് തപ്പിയിട്ട് കിട്ടുന്നില്ല)

    (അതുംകഴിഞ്ഞ് എത്രവെള്ളം മാഡിസൺ കൌണ്ടിയിലെ പാലങ്ങൾക്കടിയിലൂടെ ഒഴുകി! പ്രാറ്ത്ഥിക്കുന്നമട്ടിലുള്ള ആ സിനിമകാണലൊക്കെ ഇന്നും നിലനിൽക്കുന്നുണ്ടോ ആവോ.)

  23. :: VM :: said...

    ഉം! തീയറ്ററില്‍ പോയി സില്‍മ കാണൂ മക്കളേ, എന്നു ഉല്‍ബോധിപ്പിക്കാന്‍ അമ്മ/മാക്റ്റ ക്കാരു എത്ര കമ്മീഷന്‍ തന്നു? അതു പറ ;)

  24. Unknown said...

    ഗോള്ളാം ഈ ഓര്‍മ്മക്കുറിപ്പ് ... :-)
    പഴയ ചില ഓര്‍മകളിലേക്ക് (വിശദീകരിച്ചു ബോറാക്കുന്നില്ല) പോകാന്‍ എനിക്ക് കഴിഞ്ഞു.
    നന്ദി..

  25. സുദേവ് said...
    This comment has been removed by the author.
  26. സുദേവ് said...

    തീയറ്ററില്‍ പോയി കാണുന്നത് തന്നെയാ അതിന്റെ ഒരു രസം .പക്ഷെ "പെറ്റ തള്ള സഹിക്കൂലാ " എന്ന് പറയുമ്പോലത്തെ പടങ്ങളല്ലേ മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്നത്.(എന്താ .വേറെ ഭാഷയില്‍ ഒന്നും പടങ്ങളില്ലേ എന്ന് ചോദിക്കരുത്!!!എന്തിന് നമ്മള്‍ വെറുതെ വേറെ ഭാഷക്കാര്‍ക്ക് കാശുണ്ടാക്കി കൊടുക്കുന്നു...അല്ലാതെ വേറൊന്നും മനസ്സിലാവാഞ്ഞിട്ടല്ല !!ഹും !!)...കൊള്ളാം ത്രേസ്യ ..പറഞ്ഞതൊക്കെ നൂറു ശതമാനം കറക്റ്റ് ...!!

  27. --xh-- said...

    മൂന്നു മണിക്കൂര്‍ ആ സിനിമാ കൊട്ടകയില്‍ ഇരിക്കാന്‍ ഒരിക്കലും വലിയ താത്പര്യം ഇല്ലയിരുന്നതുകൊണ്‍ട് അധികം സിനിമ കാണാന്‍ പോയിട്ടില്ല... ആ സൈക്കിള്‍ പ്രയോഗം കലക്കി :)

  28. കുഞ്ഞാപ്പി said...

    “മിനിമം ഒരു സൈക്കിളെങ്കിലുമുണ്ടെങ്കിലേ സ്ക്രീന് മുഴുവനായി കണ്ടുതീര്ക്കാന് പറ്റൂന്ന് എനിക്കും തോന്നിയിരുന്നു പലവട്ടം…” അതു കലക്കി…

    ഇപ്പോഴും ഏറ്റവും മുൻപിലെ സീറ്റിൽ തന്നെ ആണോ?

  29. Eccentric said...

    hihi kollam

  30. ഉണ്ണി.......... said...

    ഇതു പോലെ മുന്നിലിരുന്നു ഞാനും കണ്ടിട്ടുണ്ട് ,,,,,,,,,,,
    ആ ഒരു വരി മുഴുവന്‍ ഞങ്ങളായിരുന്നു .ഇടക്കിടക്ക് ഒരു സൈഡില്‍ നിന്നു വിളിച്ചു ചോദിക്കും ഇവ്ടെന്ന് ഒരാള് ഇടിച്ചിട്ടുണ്ട് അവിടെ ഇടി കൊണ്ടോ എന്നൊക്കെ ,,,,
    "ബിച്ചു " എന്ന ഹിന്ദി ഫിലിം ആയിരുന്നു എന്നാണ് ഓര്മ്മ ,,,,,,,,,,
    സിനിമ ശരിക്ക് കണ്ടില്ലെന്കിലും ഇതു പോലെ ബഹളം വച്ച് തീര്‍ന്നതറിഞ്ഞില്ല

  31. ചെലക്കാണ്ട് പോടാ said...

    ചേച്ചിയെ അവളെന്നാ അല്ലേ വിളിക്കുന്നേ....

    അടി......പൊളി...

    അപ്പോ എല്ലാരും അടുത്ത പടം തിയേറ്ററില് പോയി കാണണം കേട്ടോ....


    അടുത്തത് ഏതാ 'റെഡ് ചില്ലീസല്ലിയോ.....'
    :)

  32. കുഞ്ഞന്‍ said...

    സിനിമാ കൊട്ടകയിലെ ആ റിക്കോഡ് വയ്ക്കലും(പടം തുടങ്ങുന്നതിനു മുമ്പ്) പിന്നെ ആ ബെല്ലടിക്കലും, ഇതു രണ്ടും കേള്‍ക്കുമ്പോഴുള്ള ആശ്വാസം..ഹൊ..

    പിന്നെ പണ്ട് സിനിമയ്ക്ക് പോയിരുന്നത് കുടുംബാംഗങ്ങളുമായി കൂട്ടം കൂടിയാണ് ആ പോക്കിലും വരവിലും ഒരു സുഖമുണ്ടായിരുന്നു.

    കൊ.തേ കൊ., യുവതലമുറയുടെ പൊരുത്തപ്പെടലിലുള്ള ഉല്‍ഖണ്ഠ അവതരിച്ചത് നന്നായിട്ടുണ്ട്

  33. നിലാവ് said...

    അച്ഛന്റെയും അമ്മയുടെയും കൂടെ തീയറ്ററില്‍ പോയി സിനിമ കാണുക എന്നുള്ളത് ഒരു വല്യ ആഗ്രഹമാണ്, ഇതുവരെ നടന്നിട്ടില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്ത്, കസിന്സിന്റെകൂടെ പോയി കണ്ടിട്ടുണ്ട്, 2 സിനിമ. പിന്നെ തീയറ്റെറില്‍ പോവുന്നത്, ബാഗ്ലൂരിലെ പിവിആറിലാണ്, കൂട്ടുകാരുടെകൂടെ.

    "ആലിങ്കല്‍ കോലങ്കം" കാണാനുള്ള കൌതുകവും ആവേശവും, എനിക്കിപ്പോഴും കൈമോശം വന്നിട്ടില്ല !
    തീയറ്ററില്‍ പോവുമ്പോള്‍, നവിന്തുംപത്ത്, സ്ഥിരം വരുന്ന ഒരു പാട്ടുണ്ട്, " എങ്കിപിന്നെവിശ്രമവേളകള്‍ ആനന്ദകരമാക്കരുതോ !"

    സിനിമ കാണാന്‍ പോവാന്‍ പപ്പയെകൊണ്ട് സമ്മതിപ്പിക്കുന്ന "രംഗം" ഒത്തിരി ഇഷ്ടമായി ട്ടോ..

  34. Steve said...

    Very Good

  35. annamma said...

    good post

  36. ശ്രീരാജ്.പി.ടി said...

    :)

  37. വെറും പാഴ് said...

    kalakkeettundu...
    theatre il cinema kaanan pokunnathu oru sugam thanneyaayirunnu; ippozhum athe..

    pappede kai pidichu theatre il ponathum, class cut cheythu cinema kaanan odanathum, first day first show kaanan ulla kaathirippum pinne unthum thallum, theatre nu akathe adiyum idiyum thappankoothum jai vilikalum ellam nalla sugamulla ormakal aanu...

    chennai le oru kana local theatre il oru poli padam kaana poyi, ee aduthu...theatre nu akathu naalu chuttum disco lights aanu..paattu thudangumbo ee lights kathum, pinne ellarum seatil ninnum chaadi irangai thullal aanu, paattu theerana vare... :-) ..

    ippolum paramavadhi ella malayala cinemakalum theatre il thanne poyi kaanan sramikkum, dvd irangumbo athum vaangi sookshikkum...

    length koodipoyi..ezhuthaathirikkan kazhinjillaa..

    post ennatheyum pole kidilan...

  38. ഉസ്മാന്‍ പള്ളിക്കരയില്‍ said...

    കുട്ടിക്കാലത്തേക്ക്‌ വീണ്ടും കൂട്ടിക്കൊണ്ടുപോയി ഈ രചന...
    നന്ദി.

  39. ഇസാദ്‌ said...

    കൊള്ളാം , അടിപൊളി...

  40. സൂര്യോദയം said...

    കൊച്ചുത്രേസ്യേ... ഞാനും ഒരു സിനിമാപ്രേമിയാണ്‌... ചാലക്കുടിയിലെ മൂന്ന് തിയ്യറ്ററുകളിലും വരുന്ന ഒറ്റ സിനിമയും മിസ്സ്‌ ചെയ്യാതിരിക്കാന്‍ ജോലികിട്ടി ബാച്ചിലര്‍ ലൈഫ്‌ സമയങ്ങളില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചില സിനിമകള്‍ തുടര്‍ച്ചയായി ഒന്നില്‍ കൂടുതല്‍ ആഴ്ച ഓടിയാല്‍ വല്ലാത്ത ഒരു ദേഷ്യമാണ്‌. ഫെസ്റ്റിവല്‍ സീസണില്‍ എനിയ്ക്ക്‌ തിയ്യറ്ററുകളില്‍ നിന്ന് ബോണസ്സ്‌ കിട്ടുന്നുണ്ട്‌ എന്ന് വരെ പറഞ്ഞുപരത്തി എന്റെ നല്ലവരായ കൂട്ടുകാര്‍.

    'കല്ല്യാണം കഴിഞ്ഞാല്‍ എന്ത്‌ ചെയ്യും?' എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ 'ഒരു ടിക്കറ്റ്‌ കൂടി കൂടുതല്‍ എടുക്കേണ്ടിവരും' എന്ന ഉത്തരം നല്‍കി. ഇപ്പോള്‍ കുറച്ചൊക്കെ സെലക്റ്റീവ്‌ ആയെങ്കിലും ഒരുമാതിരി എല്ലാം തന്നെ കാണാതെ വിടാന്‍ വല്ല്യ ബുദ്ധിമുട്ടു തന്നെ.

    (ഈ ഹിന്ദി, തമിഴ്‌, ഇംഗ്ലീഷ്‌ പടങ്ങളൊക്കെ തിയ്യറ്ററില്‍ തന്നെ കാണം കൊച്ചുത്രേസ്യേ അതിന്റെ ഒരു 'ഇത്‌' കിട്ടാന്‍) :-)

    പുതിയ തലമുറ കമ്പ്യൂട്ടറില്‍ ഒതുങ്ങി സിനിമാരസം കളയാതിരിക്കട്ടെ...

  41. Anonymous said...

    കൊച്ചൂൂൂൂൂൂൂ കമന്റ്‌ ഇച്ചിരി വൈകി ...ഈ തീയേറ്റര്‍കാരു എങ്ങനെ ഒക്കെ പറയും ഞാന്‍ ഉണ്ട്‌ കൊച്ചുവിന്റെ കൂടെ...

    വര്‍ഷങ്ങള്‍ക്കു മുമ്പേ തിയേറ്ററും ആയിട്ടുല്ല എല്ലാ ഇടപാടും മതിയാക്കിയതു കാരണം, എനിക്കു ശരണം ടി വിയും കമ്പ്യുട്ടറും തന്നെയാണ്‌... പട്ടും സ്റ്റണ്ട്‌ സീനും വരുമ്പോ തോന്നുന്ന വികരം എന്താന്ന് ഇനിക്കു എപ്പോഴും മനസ്സിലായിട്ടില്ല... ഹോ... Unsahikable!!!...പിസ്സ വാങ്ങിക്കുമ്പോള്‍ മുളകുപൊടി യും ഉപ്പും പക്കറ്റില്‍ തരുന്നതു കണക്ക്‌, ഈ സിനിമയിലെ പട്ടും സ്റ്റണ്ടും വേറെ പക്കറ്റിലാക്കേണ്ട്‌ സമയം അതിക്രമിച്ചിരിക്കുന്നു... പാട്ടു നമ്മളു സൗകര്യം പോലെ Youtube കാണില്ലേ????...

    14 ഇഞ്ച്‌ സ്ക്രീന്‍ കീ ജയ്‌...!!!

    Tin2

  42. krish | കൃഷ് said...

    പണ്ട് കണ്ടിരുന്ന സിനിമറ്കളെല്ലാം ഡയറിയില്‍ കുറിച്ചിട്ടിരുന്നു. മാസം ചുരുങ്ങിയ്ത് 10-12 എണ്ണമെങ്കിലും തിയേറ്ററില്‍ ചെന്ന് കണ്ടിരുന്നു.
    ഇപ്പോള്‍ തിയേറ്ററില്‍ ഡിടി.എസ്ന്‍. ശബ്ദം ചെവി അടപ്പിക്കുന്ന തരത്തിലായിരിക്കുന്നു. പടം മുഴുവന്‍ ഇടിയും ശബ്ദകോലാഹലങ്ങളും. അതിലും മെച്ച്അം നമ്മുടെ ഇഷ്ടത്തിനു ടി.വിയിലൊ ഡിവിഡിയിലോ കാണുന്നതാണ്.

  43. പിള്ളേച്ചന്‍‌ said...

    a good post and it brought some nostalgic feeling of my childhoood..

  44. തോമാച്ചന്‍™|thomachan™ said...

    നാടു വിട്ടതില്‍ പിന്നെ തീയടരില്‍ പോയി സിനിമ കാണല്‍ കുറവാ.. ചിലവും മേനകെടും എല്ലാം ആലോചികുമ്പോള്‍...എന്നാലും ഏറ്റവും ആസ്വദിച്ച് സിനിമ കണ്ടത് കോളെജില്‍ പടികുമ്പോള്‍ കൂടുകരുമോത് ക്യുവില്‍ തിക്കി തിരക്കി ഇടിച്ചു കയറി കൂവി അലച്ചു കണ്ട സമയത്ത് തന്നെ...ആ സുഖം ഒന്നും ഒരു multiplex ഇല്‍ നിന്നും കിട്ടിയിടില്ല... അല്ലേലും 150-200 രൂപയ്ക്കു ടിക്കറ്റ് എടുത്തു തറ ആവാന്‍ പറ്റുമോ, (ഒന്നു രണ്ടു തവണയെ അങ്ങനെ കണ്ടിടുല്ലു ...മുതലാവണ്ടേ?? ചിലപ്പോ സുഖം കുറയാന്‍ അതും ഒരു കാരണം ആവും...അല്ലെ??)

  45. ദൈവം said...

    എന്തോ ഒരു സങ്കടം

  46. വിന്‍സ് said...

    thante maathram kuzhappam alla. malayalikalude mikkavarudeyum kuzhappam aanithu.

    kalla cassette ittu padam kaanunnavanu DTS surround system ulla DVD enthinu??

  47. Rajesh said...

    Jnan vallappozhume blog vaayikkarulloo - pakshe sathyam paranjal enikke kochu thresyayude blog ishtappettu - ezhuthan kazhivulla chechi (chechiyaano, kuttiyaano? r.kariya) - nalla sense of humour. kollaatto.
    jnanum oru cinema praandan aanu. adoor gopalakrishnana thottu ks gopalakrishnan vare ellam kaanum. Pakshe kazhinja kure naalaayi muzhuvanaayum kanda oru malayalm padam illa chechi. intervello athinu munpo polum irangi ponnitteyulloo. malayalam padam kaanathathaanu nallathu. All the best to you.

  48. അക്കേട്ടന്‍ said...

    ഞാന്‍ ഒരു നാല് സിനിമ പറയാം ഒരു ഉദാഹരണത്തിന്. കയ്യൊപ്പ്, തിരക്കഥ, പരുത്തിവീരന്‍ , വെയില്‍ . ഇത് ഒന്ന് കമ്പ്യൂട്ടറില്‍ തന്നെ കണ്ടു നോക്ക് . ഫോര്‍വേഡ് അടിക്കാന്‍ ത്രേസ്യയുടെ കൈ തരിക്കില്ല ഉറപ്പ്.

  49. വയനാടന്‍ said...

    കൊച്ചുത്രെസ്സിയ കൊച്ചെ
    നന്നായിട്ടുണ്ടല്ലോ വിഷയം ...
    ആലിങ്ങത്തല്ലെങ്കിലും ഒരുമാതിരി കൊലിങ്ങമായിട്ടുണ്ട്‌ മലയാള സിനിമകള്‍ ഈയിടെ
    ഒരുമാതിരി കൊട്ടകകളൊക്കെ പൊളിച്ചടുക്കി കഴിഞ്ഞിട്ടുണ്ട് എല്ലാ നാട്ടിലും ..
    കല്യാണ മണ്ഡപത്തിന്റെ വേഷം കെട്ടി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് ചിലതൊക്കെ ...
    ഇവിടെ വൈത്തിരിയില്‍ പള്ളിയായി മാറി ഞായരാഴ്ചകളിലെങ്കിലും ഹൌസ് ഫുള്‍ പൂതി തീര്‍ക്കുന്നുണ്ട് ഒരെണ്ണം ..
    മലയാള സിനിമയെ രക്ഷിക്കാന്‍ തുടങ്ങിയ കൈരളി ,ശ്രീ ഇത്യാധികളെയൊക്കെ ചിമ്പുവും നയന്‍ താരയും ചേര്‍ന്ന് പോട്ടുന്നുണ്ട്‌ ഒരുവിധം ..
    എഴുപതു ശതമാനവും ഡിലീറ്റ് ചെയ്തിട്ടും പിന്നെയും ബോറടിപ്പിക്കുന്നുണ്ട് മലയാളത്തിന്റെ പേശും പടം ...
    നൊസ്റ്റാള്‍ജിയ എന്നല്ലേ പറഞ്ഞത് .....അതെ അയവിറക്കാന്‍ തന്നെയേ കൊള്ളൂ ഇനി ഈ സ്മരണകള്‍ ...
    നല്ല എഴുത്ത് ,നല്ല രീതി ....
    തുടരുക വീണ്ടും ,കാത്തിരിക്കുന്നു

  50. Junaiths said...

    ഈ ബ്ലോഗ് വഴിയില്‍ ആദ്യം,

    കൊച്ചു ത്രേസ്യേ തൊപ്പി ഊരിയിരിക്കുന്നു (ഹാറ്റ്സ് ഓഫ് എന്ന് വംഗ്യം)

  51. കൊച്ചുത്രേസ്യ said...

    ശ്രീഹരീ, ഭൂമിപുത്രീ നിങ്ങളു തമ്മിൽ പറഞ്ഞ്‌ കാര്യങ്ങളൊക്കെ തീരുമാനമായല്ലോ.. നല്ലൊരു ചർച്ചയിൽ പങ്കെടുത്ത സുഖം. ഇതു നമ്മള്‌ ഗ്രൂപ്പായി ഇരുന്ന്‌ ചായേം കുടിച്ച്‌ മിച്ചറും കൊറിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും തർക്കിച്ച്‌ അടീം കൂടി ചർച്ച ചെയ്യുകയായിരുന്നെങ്കിൽ എന്തു രസമായിരുന്നു!! ങ്‌ഹാ അതൊന്നും പറ്റാത്തതു കൊണ്ട്‌ ഇവിടെ തന്നെ അഭിപ്രായിക്കാം.

    ശ്രീഹരിയുടെ കമന്റിൽ നിന്ന്‌ ഒരു ഭാഗം ഹൈലൈറ്റ്‌ ചെയ്യട്ടെ..

    മലയാളിയെ സംബന്ധിച്ചേടത്തോളം സിനിമ എന്നത് കഥയുടേ ഒരു രംഗാവിഷ്ക്കാരം, അല്ലെങ്കില്‍ നാടകത്തിന്റെ വീഡീയോ കാണല്‍ ആണ്. അല്ലെങ്കില്‍ തമാശ ആസ്വദിച്ച് പൊട്ടിച്ചിരിക്കാന്‍

    ഞാനും ഇക്കൂട്ടത്തിലൊരാളാണ്‌. അതുകൊണ്ടു തന്നെ തീയേറ്ററില്ലെങ്കിലും ഞാനും സിനിമ ആസ്വദിച്ചോളും. പിന്നെ നല്ല സിനിമ തീയേറ്ററിൽ പോയി കാണാനുള്ളതാണ്‌ എന്ന അഭിപ്രായം - ആദ്യം തന്നെ 'നല്ല സിനിമ ' എന്നാൽ എന്താണെന്നു ചോദ്യത്തുത്തരം വേണം . ഞാൻ നല്ല സിനിമ എന്നു കരുതുന്നവ ആയിരിക്കില്ല ശ്രീഹരിയുടെ നല്ല സിനിമകൾ..ഗവേഷണബുദ്ധിയോടെ സിനിമ കാണുന്ന ഒരാളല്ല ഞാൻ (ഭൂരിപക്ഷം ജനങ്ങളും ഇങ്ങനെ തന്നെയല്ലേ). ഒരുദാഹരണത്തിന്‌, ഞാനും എന്റനിയനും കൂടെയിരുന്നു സിനിമ കാണുമ്പോൾ, പല സീനും അവൻ പറയും " ആ ആംഗിൾ/ഷോട്ട്‌ നല്ലതായിരുന്നു " എന്ന്‌.. അവിടെ ഞാൻ പറയുന്നത്‌ " ആ ഡയലോഗ്‌ എനിക്കിഷ്ടപ്പെട്ടു" എന്നാണ്‌. സിനിമയെ ഒരു സിനിമയെ നല്ലതെന്നു അംഗീകരികാനുള്ള എന്റെ ക്രൈറ്റീരിയെയിൽ സിനിമകളുടെ വിഷ്വൽ ഇഫക്ട്‌ പ്രധാനമല്ല. നല്ല കഥ,തിരക്കഥ,സംവിധാനം, പിന്നെ എത്രമാത്രം ആയാസരഹിതമായി എനിക്കതു മനസിലാക്കാൻ പറ്റുന്നു എന്നതും- ഇതൊക്കെയാണ്‌ പ്രധാനം. ഇതൊക്കെ ആസ്വദിക്കാൻ വമ്പൻ സെറ്റപ്പൊന്നും ആവശ്യമില്ലാന്നു തന്നെയാണ്‌ എനിക്കു തോന്നുന്നത്‌.

    എന്നെപോലുള്ള സ്വാർഥമതികളെകൊണ്ട്‌ സിനിമാ ഇൻഡട്രിയ്ക്കു സംഭവിക്കുന്ന സാമ്പത്തികനഷ്ടമൊക്കെ അവിടെ നിൽക്കട്ടെ.. നല്ല സിനിമ, അല്ലെങ്കിൽ പ്രേക്ഷകരെ പിടിരുത്തുന്ന സിനിമയെ പറ്റി പറയാം.. തീയേറ്ററിലെ നിശബ്ദതയിൽ ഇരുട്ടത്തിരുന്ന്‌ യാതൊരു ഡിസ്ട്രാക്ഷനുമില്ലാതെ കണ്ട്‌ ആസ്വദിച്ച സിനിമയേക്കാളും വീട്ടിലെ പല മാതിരി ബഹളങ്ങൾകിടയിലും ഒരു സിനിമ അതു കാണാൻ എന്നെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതിനെ ഞാൻ നല്ല സിനിമ എന്നു വിളിക്കും. കാരണം എപ്പോൾ വേണമെങ്കിലും എങ്ങോട്ടു വേണമെങ്കിലും ചിതറിപോകാവുന്ന എന്റെ ശ്രദ്ധയെ ആ സിനിമയ്ക്ക്‌ അതിലേക്ക്‌ പിടിച്ചു വലിക്കാൻ പറ്റി എന്നതു തന്നെ . അല്ലെങ്കിൽ തന്നെ ഒരു സിനിമ നല്ലതാണെങ്കിൽ അതിലേക്കു പൂർണ്ണമായും മുഴുകിപ്പോവാറുണ്ട്‌.. അവിടെ ചെറിയ സ്ക്രീനാണോ വലിയ സ്ക്രീനാണോ എന്നതൊന്നും വലിയ വ്യത്യാസം വരുത്താറില്ല :-)

    പിന്നെ പൊതുവേ ഒരു ഗ്രൂപ്പിലിരുന്ന്‌ സിനിമ കാണാൻ ഇഷ്ടപ്പെടുന ഒരാളാണു ഞാൻ. തമാശയാണെങ്കിലും സീരിയസാണെങ്കിലും.. ഓരോന്നും ചർച്ച ചെയ്ത്‌, അഭിപ്രായം പറഞ്ഞ്‌,കുറ്റം പറഞ്ഞ്‌ അങ്ങനെയങ്ങനെ..തീയേറ്ററിൽ ശ്വാസം പിടിച്ചിരുന്ന് കാണുമ്പോൾ ഇതൊന്നും പറ്റില്ലല്ലോ :-)

    അതു മാത്രമല്ല ഇപ്പോൾ നമ്മടെ നാട്ടിലെ തീയേറ്ററിൽ നിറയെ കൂവലും കാറലും വിസിലടിയുമാണ്‌. ഇതിനിടയ്ക്ക്‌ നാട്ടിലേക്കു ബസിൽ പോവുമ്പോൾ അവര്‌ 20-20 എന്ന സിനിമ ഇട്ടിരുന്നു.(കള്ള സി.ഡി. ആണ്‌).അതിൽ ഓരോ നടന്മാരെ കാണിക്കുമ്പോഴും ഇപ്പറഞ്ഞ തരത്തിലുള്ള ബഹളമാണ്‌. ഓസിനു കണ്ടതായതു കൊണ്ടു ഞാനതു സഹിച്ചു. കാശും കൊടുത്ത്‌ തീയേറ്ററിലിരിക്കുമ്പോഴാണ്‌ ഇമ്മാതിരി അക്രമമെങ്കിലോ :-(

    (തിടുക്കത്തിലെഴുതിയ മറുപടിയാണ്‌.. ഞാൻ ഉദ്ദേശിച്ചതു എന്ത്രത്തോളം കൺവേ ചെയ്യാൻ പറ്റി എന്നറിയില. എന്തെങ്കിലും വിശദീകരണം വേണമെങ്കിൽ ചോദിച്ചാൽ മതി )

  52. കൊച്ചുത്രേസ്യ said...

    ഉപാസന പ്രബോധിനിയിൽ കുറെ ബ്ലോഗർമാരുണ്ടെന്നു തോന്നുന്നു.. കൂടുതൽ വിവരങ്ങൾക്ക്‌ പ്രബോധിനിയെ തന്നെ സമീപിക്കേണ്ടി വരും :-)

    രായപ്പാ മലയാളത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ പറ്റുന്ന സിനിമകളില്ലെങ്കിൽ അന്യഭാഷാസിനിമകളിലേക്കു കൂറുമാറുന്നതു സ്വാഭാവികം. അവനവന്റെ സമയവും കാശും കളഞ്ഞ്‌ മലയളസിനിമാവ്യവസായത്തെ രക്ഷിക്കനൊന്നും നമ്മളിലാരും തയ്യാറാവുമെന്നു തോന്നുന്നില്ല..

    അച്ചായാ മുന്നിലിരുന്നു സിനിമ കാണാനുള്ള കൊതിയൊക്കെ പിഞ്ചുപ്രായത്തിലല്ലായിരുന്നോ.. വലുതായപ്പോൾ വിവരം വച്ചു പോയി. ഇപ്പോ ഞാനും ബാൽക്കണി ടീമാണ്‌ :-)

    കരിങ്കല്ലേ എനിക്കു കമ്പ്യൂട്ടറിൽ കണ്ടാലും കുഴപ്പമൊന്നുമില്ല.. കുറേക്കാളമായി അങ്ങനെ ശീലിച്ചതു കൊണ്ടാവും..

    J K അപ്പോൾ എന്റെ ചേച്ചിയെ പോലെ ഒർ ഭാഷാപണ്ഡിതയാണല്ലേ ജെ.കെ.യുടെ അനിയത്തിയും :-)

    ചാളിപ്പാടാ ഒക്കെ കാത്തിരുന്നു കാണാം :-)

    മൂർത്തീ അപ്പോ ഞാനീ വായിട്ടലച്ചതു( I mean, കീബോഡിട്ടടിച്ചത്‌) മിച്ചം.. ചുമ്മാ പോയി ഒരു സിനിമ കാണെന്നേ.. എന്റെ ഈ പോസ്റ്റും കൊണ്ട്‌ അങ്ങനെയെങ്കിലും ഒരു നേട്ടമുണ്ടാവട്ടെ :-)

    അയൽക്കാരാ നമ്മക്കൊരു യൂണിയനുണ്ടാക്കാം. സ്വീകരണമുറി സിനിമാതീയേറ്ററാക്കുന്നവരുടെ യൂണിയൻ :-)

    chullan എനിക്കു നഷ്ടപ്പെട്ടു പോയ ആ സുഖത്തെപറ്റി തന്നെയാണ്‌ ഞാൻ ഈ പോസ്റ്റു വഴി പറയാൻ ശ്രമിച്ചതും :-)

    Tomkid ഏതാണ്ടിതേമാതിരി ഡയലോഗ്‌ ഇവിടെ ഞാനും പറയാറുണ്ട്‌.. വല്ലോരും സിനിമയ്ക്കു പോവാൻ ക്ഷണിക്കുമ്പോൾ :-))

    ശ്രീ :-)

    മാണിക്യം സിനിമ കാണാൻ കല്യാണം കഴിച്ചവരെ പറ്റി ഞാൻ ആദ്യം കേൾക്കുകയാണ്‌. സിനിമയ്ക്കു വേണ്ടി ഇത്രേം വലിയ ത്യാഗം ചെയ്ത ഒരാളെന്ന നിലയ്ക്ക്‌ ഇത്തവണത്തെ സിനിമാ അവാർഡിൽ ഏതെങ്കിലും ഒരെണ്ണമെടുത്ത്‌ മാണിക്യത്തിനു തരാൻ ഞാൻ ശുപാർശ ചെയ്യാം :-)

  53. കൊച്ചുത്രേസ്യ said...

    madhusudanan ഈ നല്ല അനുഭവം പങ്കു വച്ചതിനു നന്ദി. ഇത്തരം സിനിമാകാഴ്ചകളെ സ്വപ്നതുല്യം എന്നൊക്കെയേ വിശേഷിപ്പിക്കാൻ പറ്റൂ. ആ മാതൃഭൂമി ആർട്ടിക്കിൾ ആരുടെങ്കിലും കയ്യിലുണ്ടങ്കിൽ ദയവായി അയച്ചു തരണം. അതിലൂടെയെങ്കിലും ആ നല്ല കാലത്തെ പരിചയപ്പെടാമല്ലോ..

    VM ഇതു വരെ അങ്ങനുള്ള വാഗ്ദാനങ്ങളൊന്നും വന്നിട്ടില്ല. സാരമില്ല; ഈ പോസ്റ്റു വായിച്ച്‌ പ്രബുദ്ധരായി ഇനീപ്പം എല്ലാ തീയേറ്ററിലും ആൾക്കാര്‌ തള്ളിക്കയറുമല്ലോ.. എന്നിട്ടു ഞാനൊരു പോക്കുണ്ട്‌.. കണക്കു പറഞ്ഞ്‌ കാശു വാങ്ങാൻ.. അമ്മയെയും മാക്ടയെയും മാത്രമല്ല, സിനിമാതീയേറ്റേർസ്‌ അസോസിയേഷനെയും ഞാൻ നോട്ടമിട്ടിട്ടുണ്ട്‌ :-)

    ലിജെൻ താങ്ക്സ്‌

    സുദേവ്‌ അതു തന്നെ ..ചില സിനിമകളൊക്കെ കണ്ടാൽ കരച്ചിൽ വരും. പാവം നിർമാതാവിന്റെ കാര്യം ഓർത്ത്ട്ട്‌ :-)

    --xh-- :-)

    കുഞ്ഞാപ്പി ഇപ്പോഴും മുന്നിൽ തന്നെ- കമ്പ്യൂട്ടറിന്റെ മുന്നിൽ :-)

    Eccentric താങ്ക്സ്‌

    ഉണ്ണീ ഹി ഹി അതു കലക്കി

    ചെലക്കാണ്ട്‌ പോടാ ചേച്ചിയെ അവളെന്നു മാത്രമല്ല മറ്റു പലതും വിളിക്കാറുണ്ട്‌.. എന്തായാലും അക്കൂട്ടത്തിൽ ബഹുമാനസൂചകമായി ഒന്നുമുണ്ടാവരുതെന്ന്‌ എനിക്ക്‌ നിർബന്ധമാണ്‌ :-)

    കുഞ്ഞാ പാട്ടു വെക്കലും ബെല്ലടിയും മാത്രമല്ല.. സ്ക്രീനിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന വിറച്ചോണ്ടിരിക്കുന്ന കുറച്ച്‌ സ്ലൈഡുകളില്ലേ.-- 'പുകവലി പാടില്ല' പോലുള്ളത്‌ (ബാക്കിയൊന്നും ഓർമ്മയില്ല). അതൊക്കെ കാണുമോഴുണ്ടാവുന്ന സന്തോഷം!! (പുകവലിയോടുള്ള വിരോധം കൊണ്ടല്ല; ഇപ്പോ സിനിമ തുടങ്ങൂലോ എന്നോർത്തുള്ള സന്തോഷം)

    നിലാവ്‌,stephen,അന്നമ്മ,ശ്രീരാജ്‌ നന്ദി

    പാഴേ ഫസ്റ്റ്‌ഷോ-യുടെ കാര്യം വായിച്ചപ്പോഴാണ്‌ പണ്ടു മണിച്ചിത്രത്തഴു കാണാൻ പോയ കാര്യം ഓർമ്മ വന്നത്‌. ചാച്ചൻ ലീവിനു വന്നപ്പോൾ ഞങ്ങളെയും കൂട്ടി കണ്ണൂരു കൊണ്ടു പോയി കാണിച്ച സിനിമായാണ്‌. അതിന്റെ റിലീസോ ആദ്യത്തെ ഷോയോ എന്തോ ആയിരുന്നു.എന്തായാലും അതോടു കൂടി എന്റെ ക്ലാസിലെ ഒരു കൊച്ചു സൂപ്പർസ്റ്റാറായി ഞാൻ.. മണിച്ചിത്രത്താഴ്‌ ഏറ്റവും ആദ്യം കണ്ട ഭാഗ്യവതി എന്ന നിലയ്ക്ക്‌ :-)

    പള്ളിക്കരയിൽ, ഇസാദ്‌ താങ്ക്സ്‌

  54. കൊച്ചുത്രേസ്യ said...

    സൂര്യോദയം നിങ്ങളൊക്കെ ഉള്ളതു കൊണ്ടാണ്‌ സിനിമാവ്യവസായം തകരാതെ ഒരു വിധം പിടിച്ചു നിൽക്കുന്നത്‌. ഹിന്ദി,ഇംഗ്ലീഷ്‌, തമിഴ്‌ പടങ്ങളിൽ ഹിന്ദി മാത്രമേ തീയേറ്ററിൽ പോയി കാണാൻ എനിക്കു പറ്റൂ. തമിഴ്‌ സിനിമ കാണണമെങ്കിൽ കൂടെ കസിൻ വേണം(ട്രാൻസ്‌ലേറ്റ്‌ ചെയ്യാൻ) . ഇംഗ്ലീഷ്‌ സിനിമയാണെങ്കിൽ സബ്‌ടൈറ്റിൽസില്ലാതെ ഒരു രക്ഷയുമില്ല :-)

    Tintu അതു തന്നെ. പലപ്പോഴും ഓരോ പാട്ടൊക്കെ ടീവീൽ കണ്ട്‌ ഇതേതു സിനിമയിലേയാ എന്നു അന്വേഷിക്കുമ്പോഴായിരിക്കും അറിയുന്നത്‌; അതു ഞാൻ കണ്ടു കഴിഞ്ഞ സിനിമയിലേതാണ്‌ എന്ന്‌.സിനിമയിൽ പാട്ടിന്റെ മ്യൂസിക്ക്‌ തുടങ്ങുമ്പ്‌ഓഴേ അടിച്ചു വിടുന്നതു കൊണ്ടുള്ള ഗുണം :-)

    കൃഷ്‌ ഞാൻ പണ്ട്‌ സിനിമ കണ്ടാലുടനെ കത്തെഴുത്തായിരുന്നു. കസിനുമായി. അവൾ കണ്ട സിനിമാക്കഥ ഇങ്ങോട്ടും എഴുതി അയക്കും. ഒരിക്കൽ വീട്ടുകാരാരോ ഈ കത്തിന്റെ ഉള്ളടക്കം കണ്ടുപിടിച്ച്‌ പരസ്യപ്പെടുത്തി.അതിന്റെ പേരിലുള്ള കളിയാക്കല്‌ ഇപ്പോഴും തീർന്നിട്ടില്ല :-)

    prem kumar താങ്ക്സ്‌

    തോമാച്ചാ എന്റെ കോളേജ്‌ കാലത്ത്‌ ഞാൻ സിനിമ തീരെ കണ്ടിട്ടില്ല.. അല്ലെങ്കിൽ തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും ബോറ്‌ കാലഘട്ടം കോളേജ്‌കാലമായിരുന്നു :-)

    daivam സങ്കടം മാറാൻ വേണ്ടി പോയി ഒരു സിനിമ കാണൂ :-)

    വിൻസ്‌ താങ്ക്സ്‌.. ഈ കല്ലെറിയൽ ഞാൻ പൂർണ്ണമായും അർഹിക്കുന്നുണ്ട്‌ :-))

    രാജേഷ്‌ നന്ദി. ഇപ്പോഴും ചില നല്ല പടങ്ങളൊക്കെ ഇറങ്ങുന്നുണ്ട്‌. തിരക്കഥ എന്ന സിനിമ എനിക്കിഷ്ടപ്പെട്ടിരുന്നു. പിന്നെ കണ്ടതു 'പകൽ നക്ഷത്രങ്ങൾ' ആണ്‌.. ഉള്ളതു പറയാലോ.. അങ്ങോട്ടു ദഹിച്ചില്ല.. സിനിമയിലെ നായകനായ വിശ്വപ്രസിദ്ധസംവിധായകൻ തൊട്ട്‌ കടയിൽസാധനമെടുത്തു കൊടുക്കുന്ന ആൾ വരെ ഒരേ ലാംഗ്വേജ്‌ സംസാരിക്കുന്ന ഒരു സിനിമ!!

    അക്കേട്ടാ ഇതിൽ കയ്യൊപ്പ്‌ മാത്രമേ ഞാൻ കാണാത്തതുള്ളൂ.. തിരക്കഥ ഞാൻ സമ്മതിക്കുന്നു. വെയിൽ, പരുത്തിവീരൻ വല്ലാത്ത വയലന്‌സ്‌ (ഡിപ്രസിംഗും) ആയി തോന്നി. റിയൽ ലൈഫ്‌ തന്നെയാണ്‌ അതെന്നു വേണമെങ്കിൽ വാദിക്കാം. പക്ഷെ എന്തു ചെയ്യാം എനിക്കു റിയൽ ലൈഫിലും വയലന്‌സ്‌ ആസ്വദിക്കാൻ പറ്റില്ല:-(

    wayanadan മിക്ക മലയാള സിനിമയും നല്ലതായിരിക്കും എന്നൊരു ഗ്യാരണ്ടി പണ്ടുണ്ടായിരുന്നു. ഇപ്പോൾ അതു പാടേ തകർന്നിരിക്കുകയാണ്‌. ഇടയ്ക്ക്‌ നല്ല സിനിമകൾ വരുന്നുണ്ടെങ്കിലും എണ്ണം വളരെ കുറവാണ്‌.

    junaith നന്ദി

  55. Rajesh said...

    ithengine saadhikkunnu, blog ezhuthunnathum poranjittu, ellavarkkum marupadiyum - incredible maam.
    thirakkadha - yil nalloru kadhayundaayirunnu. ennal ekkalatheyum mikacha oru malayala cinema ennu parayaavunna oru padam ithinideyil vannirunnu - pakshe ulbudharaaya malayalam prekshakar mind cheithilla - THALAPPAVU - enpathukalil irangiyirunnengil oru hit aayene. maam athonnu kandu nokkoo. athaanu malayalam padam.
    violence illatha nalla tamizh padam kaanano - Azhagi , Thendral , Kaadal, Five Star, Kalloori angine koreyundu.

  56. വെറും പാഴ് said...

    njanum suggest cheyyaam kurachu padangal

    1) Pan's Labrynth - oru muthassikatha. Spain il civil war nadukkunna samayam aanu kathayude paschathalam.padam kazhiyumbol fantasy ethu reality ethu ennu prekshakanu confusion.
    2) Man From Earth - Nayakanaya professor retire cheyyan pokumbol thante collegues aaya professors ine vilichu kootti parayum thaan cromagnon kaalathe oru guhaa manushyan aanunnu. professors ellarum koodi athu thettanu ennu samarthikkan nokkunnathaanu katha.

    Warning!!! - The entire film is shot in a small house and its porch, relying solely on the conversation of the characters to keep the plot moving: the film is an intellectual discourse between the 14,000-year-old Cro-Magnon and his professor and teacher friends at his farewell party(source: wikipedia)
    Memento - Ghajini kku inspiration aaya padam. Nayakanu undaavunna short term memory loss prekshakanum undaavunnu. kidilam direction. Ghajini avasanikkunnidathu memento thudangunnu ennu parayaam. padam kaanunnathinu munne ithinte katha vaayikkaruhu...

    ithokke paranjitu valla karyom undo? kaanumo?

  57. തെന്നാലിരാമന്‍‍ said...

    പണ്ട്‌ ത്റിശ്ശൂറ്‍ രാഗത്തില്‍ "പുതുക്കോട്ടയിലെ പുതുമണവാളന്‍" ആലിങ്കല്‍ കോലങ്കത്തിനു പോയത്‌ ഓര്‍മ്മ വരുന്നു. ആന വടംവലിക്കണ സീനില്‍, ആനയേക്കാള്‍ വലിപ്പത്തില്‍ നില്‍ക്കുന്ന ജഗതിയേയും ജനാറ്‍ദ്ദനനേയും ഏറ്റോം മുന്നിലിരുന്ന് കണ്ടത്‌...നല്ല ഓറ്‍മ്മകള്‍ ത്റേസ്സ്യാക്കൊച്ചേ...

  58. ടോട്ടോചാന്‍ said...

    അതു ശരി അപ്പോള്‍ ഇതാണ് ഈ ആലിങ്കില്‍ കോലങ്കം..
    സിനിമാഗാനത്തിലൊക്കെ ജില്ലേലേ ജില്ലേലേ എന്നൊക്കെ കേട്ടിട്ടുണ്ട് അതു പോലെ കേട്ടിട്ടുണ്ട്, അതും ഇതുപൊലെയൊക്കെത്തന്നെ ഉണ്ടാവുന്നതായിരിക്കണം...

    സിനിമയും നാടകവും ജിവിതവുമെല്ലാം മാറിക്കൊണ്ടേയിരിക്കും. അതങ്ങിനെ തന്നെ ആവുകയും വേണം. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറായേ തീരൂ.. കാരണം കാലത്തിന്റെ വേഗം അല്ലെങ്കില്‍ നമ്മുടെ വേഗം കൂടിക്കൊണ്ടിരിക്കുന്നു....

    നല്ല വിവരണം... അഭിനന്ദനങ്ങള്‍...

  59. നവരുചിയന്‍ said...

    സിനിമ എന്നത് കമ്പ്യൂട്ടര്‍ സ്ക്രീനിനു വേണ്ടു അല്ല എടുക്കുന്നത് എന്നത് കൊണ്ടു അങ്ങനെ കാണാന്‍ എനിക്ക് തിരെ താത്പര്യം ഇല്ല .. പിന്നെ വേറെ വഴി ഇല്ലാത്തതു കൊണ്ടു ഇടക്ക് ലാപ്ടോപില്‍ കാണും . പിന്നെ ഇപ്പൊ പുതിയതായി തുടങ്ങിയ അസുഖം ..ആദ്യം പടം ചുമ്മാ ഓടിച്ചു കാണും (ഒരു 5 മിനിട്ട് ). എന്നിട്ട് കാണാനോ വേണ്ടയോ എന്ന് തിരുമാനിക്കും .അപ്പൊ മാറ്റങ്ങള്‍ എല്ലാവരിലും ഉണ്ട് ..

  60. കഥ പറയുമ്പോള്‍ .... said...

    എന്റെ ചേച്ചി, ചേച്ചിക്ക് theaterinodu ഉണ്ടായ അതെ അവഗണന എനിക്കും ഉണ്ടാകാറുണ്ട്, പക്ഷെ അത് കയ്യില്‍ കാശ് തീരുമ്പോള്‍ മാത്രം ആണ് :)

  61. അനുരാധ said...

    നിങ്ങളെല്ലാവരും കൂടി എന്‍റെ ഒക്കെ ജോലി കളയും എന്നാ തോന്നുന്നേ..
    ഓഫീസില്‍ ഇരുന്ന് എത്രയാ ചിരിക്കാ...പതിവു പോലെ ഇത്തവണയും നന്നായിരിക്കുന്നു...

  62. Calvin H said...
    This comment has been removed by the author.
  63. Calvin H said...

    "ഇതു നമ്മള്‌ ഗ്രൂപ്പായി ഇരുന്ന്‌ ചായേം കുടിച്ച്‌ മിച്ചറും കൊറിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും തർക്കിച്ച്‌ അടീം കൂടി ചർച്ച ചെയ്യുകയായിരുന്നെങ്കിൽ എന്തു രസമായിരുന്നു"

    നമ്മള്‍ തിരിച്ച് ബാംഗ്ലൂര്‍ എത്തട്ടെ ശരിയാക്കിക്കളയാം :)
    ഇന്ത്യന്‍ കോഫീ ഹൗസില്‍ നിന്നു രണ്ട് മട്ടണ്‍ കട്‌ലേറ്റ്‌ അടിച്ചോണ്ട് ചര്‍ച്ചയാവാം.. യേത്? ;)

  64. Sathees Makkoth | Asha Revamma said...

    തികച്ചും വ്യക്തിപരമായ കാരണങ്ങൾ നിരത്തി കമ്പ്യൂട്ടറിൽ സിനിമ കാണാൻ തുടങ്ങിയാൽ സിനിമാക്കാരൊക്കെ എന്തുചെയ്യും?

  65. Dixon Thomas said...

    adya mayi eee vazhi vannathnu ellavarumillengilum oru 10 peer gounichalum ellengilum naleyum varam

  66. Rajesh said...

    Ammachee, ithevide poyee? Puthiya post onnum ille?
    Pazhayathokke ethra pravashyam vayikkana?
    Engilum onnezhuthooo

  67. ജോണികുട്ടി.. said...

    ഈ അലിങ്കീൽ തളിപ്പറമ്പിൽ ഉള്ളതാണോ..ചെറുപ്പത്തിൽ അവിടെ പടം കാണാൻ പോക്കുന്നതോർത്തു പോയി.ബസ്സ്സ്റ്റാന്റിലിറങ്ങി തിരിച്ചു നടക്കണം കൊട്ടകയിലേക്ക്..ബസ്സ് ചിറവക്കു കഴിയുമ്പോഴേക്കും ആകാംക്ഷയോടെ പുറത്തേക്കു നോക്കാൻ തുടങ്ങും, ഞങ്ങൾ. കൊട്ടകയും, പുറത്തൊട്ടിച്ചിരിക്കുന്ന പോസ്റ്ററുകളും, ടിക്കെറ്റ് എടുക്കാൻ ക്യൂ നിൽക്കുന്ന ആളുകളെയും കാണുമ്പോളുള്ള ആ സന്തോഷം..

  68. ആഷ | Asha said...

    ആദ്യം രണ്ട് സെയിം‌പിച്ച് പറയട്ടേ.
    1. ഞാനും തന്മാത്ര ഏറ്റവും ഫ്രണ്ടിലെ സീറ്റിലിരുന്നാ കണ്ടത്.

    2. കൊച്ചുത്രേസ്യയുടേതു പോലെ തന്നെ ഫാസ്റ്റ് ഫോർവേഡ് പ്രശ്നം എനിക്ക് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടു. പക്ഷേ തീയറ്ററില്ലല്ലായിരുന്നു. ടിവിയിൽ സിനിമ കണ്ടപ്പോ. പാട്ടുകൾ പരസ്യങ്ങൾ ഒക്കെ ഓടിച്ചു വിടാൻ കൈതരിച്ചു.

  69. Ubuntan said...

    you said it... mee too an IT guy and have same problem in watching a movie in theatre. I was a hardcore cinema viewer that too only in theatres b4 10 yrs.

  70. Naseemപനക്കട said...

    തിയറ്ററില്‍ നിന്നും തന്നെ പടം കാണണം
    അതും ആദ്യ ദിവസം തന്നെ അതിന്റെ രസം ഒന്നു വെറെ തന്നെയണ് . ഇതു ചിലപ്പൊള്‍ എന്റെ തൊന്നലകാം

  71. InnalekaLute OrmmakaL said...

    കൊച്ചുത്രേസ്യാകുട്ടി-ടെ "ആലിങ്കല്‍ കോലങ്കം" വളരെ വളരെ നന്നായിട്ടുണ്ടു്‌ കേട്ടോ !

  72. Rijo Jose Pedikkattu said...

    Hai awaiting for new once. what happend. it was tooo late

  73. കിരണ്‍ said...

    ഇതു പോലൊരു അനുഭവം എനിക്കും ഉണ്ട്‌. പണ്ട് സിനിമ എന്നു വെച്ചാല്‍ മുഴുഭ്രാന്തു തന്നെ ആയിരുന്നു. കറന്റ് പോയാല്‍ പ്രാര്‍ത്ഥനയായി എണ്ണലായി.. 100 വരെ എണ്ണി തീരുമ്പോഴെക്കും കറന്റ് വരും എന്നൊക്കെ സ്വയം ഒരു ഉള്‍‌വിളി ആണ്‌...!!
    പേരെഴുതി കാണിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ചമ്രം പടിഞ്ഞു - "ഹോ ഇതാണിനി എന്റെ ആത്മസാക്ഷാത്കാരം" എന്ന ഭാവത്തോടേ ആണു ഇരുപ്പ്‌..

    അച്ഛനെ അന്നു മണിച്ചിത്രത്താഴ്‌ കാണാന്‍ നിര്‍ബന്ധിച്ചതിനു കയ്യും കണക്കുമില്ല.. ഇന്നിപ്പോള്‍ അച്ഛന്‍ മണിച്ചിത്രത്താഴ്‌ എടയ്ക്കെടയ്ക്കു എടുത്തു കാണും.. അപ്പോഴൊക്കെ ഞാന്‍ എണ്ണി എണ്ണി പറയും.. കണ്ടോ.. അന്നു ഞങ്ങള്‍ എത്ര നിര്‍ബന്ധിച്ചു ഇന്നിപ്പോ കണ്ടോ.. എന്നൊക്കെ..

    ഇതു വായിച്ചപ്പോള്‍ കുറേയേറെ കര്യങ്ങള്‍ ഓര്‍മ്മ വന്നു. എഴുതും :-)

    നന്നായി എഴുതി, വായിക്കാന്‍ കഥ കേള്‍ക്കുന്ന സുഖം.