കമ്പ്യൂട്ടറില്‍ കൊട്ടിപ്പാടി ഉപജീവനം കഴിക്കുന്നുവെങ്കിലും അടിസ്ഥാനപരമായി ഞാന്‍ ഒരു കര്‍ഷകയാണ്.ആട്ടിന്‍'കാട്ടവും കൂര്‍ക്കക്കിഴങ്ങും കണ്ടാല്‍ വേര്‍തിരിച്ചറിയാന്‍ പറ്റാത്ത ഞാന്‍ ആ പദവിക്കു യോഗ്യയാണോ എന്നു ചോദിച്ചല് ഒരുത്തരമേയുള്ളൂ-ചില കഴിവുകള്‍ അങ്ങനെയാണ്. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകും. അതു പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യേണ്ട കാര്യമില്ല.ഒരാവശ്യം വരുമ്പോള്‍ തന്നാലെ പുറത്തു വന്നോളും.എന്റെയുള്ളിലെ റബര്‍ കര്‍ഷക പുറത്തു വന്നതും അങ്ങനെയൊരു പ്രതിസന്ധിഘട്ടത്തിലാണ്.അല്ലെങ്കില്‍ പിന്നെ,കുനിഞ്ഞൊരു റബ്ബരില പോലും എടുത്തിട്ടില്ലാത്ത ഞാന്‍ അന്ന് റബര്‍ കൃഷിയെ പറ്റി അര മണിക്കൂര്‍ നേരം നിര്‍ത്താതെ ക്ലാസ്സെടുത്തു കൊടുത്തത്` എങ്ങനെയാണ്??
കേസിനാസ്പദമായ സംഭവം നടക്കുന്നത് ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.റബര്‍ കൃഷിയെ പറ്റി ക്ലാസ്സെടുക്കാന്‍ വന്ന നാരായണന് മാഷിന്റെ തലയിലൊരു ബള്‍ബ് മിന്നി.റബറിനെ പറ്റി ക്ലാസ്സെടുക്കാന്‍ നസ്രാണിയേക്കാള്‍ യോഗ്യരായി ആരുണ്ട്?? ആവശ്യത്തിനും അനാവശ്യത്തിനും റബര്‍ മരങ്ങള്‍ തഴച്ചു വളരുന്ന മലയോരമേഖലയില്‍ നിന്നുള്ള 3 കുട്ടികളുണ്ട് ക്ലാസ്സില്‍.അവര്‍ക്കണെങ്കില്‍ നാണം..ലജ്ജ..ചമ്മല് തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍.അങ്ങനെയാണ് ക്ലാസ്സിലെ നാലാമത്തെയും അവസാനത്തെയും ക്രിസ്ത്യാനിയായ എനിക്കു നറുക്കു വീഴുന്നത്.എനിക്കണെങ്കില്‍ വല്ലപ്പോഴും പപ്പേടേം മമ്മീടെം വീട്ടില്‍ പോകുമ്പോള്‍ കണ്ടിട്ടുള്ള പരിചയമേയുള്ളൂ ഈ സംഭവവുമായിട്ട്.പക്ഷെ അറിയില്ല എന്നു പറയാന്‍ പറ്റില്ല.ഒരു ക്രിസ്താനിയ്ക്ക് '10 കല്‍പ്പനകള്‍ അറിയില്ല' എന്നു പറയുന്നതിനെക്കാളും വെല്യ പാപമാണ് 'റബറിന്റെ പറ്റി അറിയില്ല' എന്നു പറയുന്നത്.അങ്ങനെ ഞാന്‍ രണ്ടും കല്‍പ്പിച്ച് കണ്ടതും കേട്ടതും ഊഹിച്ചതുമായ വിവരങ്ങള്‍ വെച്ച് ഒരു കിടിലന്‍ ക്ലസ്സെടുത്തു കൊടുത്തു.എന്റെ പ്രഭാഷണത്തിലെ പ്രധാന പോയിന്റ്സ് താഴെ കൊടുക്കുന്നു.(റബ്ബരിനെ പറ്റി research ചെയ്യുന്നവര്‍ പ്രിന്റ്-ഔട്ട് എടുത്തു സൂക്ഷിച്ചു വെയ്ക്കുക.)
1) റബര്‍ മലയോരമേഖലയില്‍ മാത്രമേ വളരുകയുള്ളൂ.
2) ബ്ലോക്കില്‍ നിന്നും മേടിക്കുന്ന റബര്‍ തൈകളാണ് കുഴിച്ചു വെക്കണ്ടത്.അല്ലാതെ റബര്‍ കായും കൊമ്പുമൊന്നും കുഴിച്ചിട്ടാല്‍ റബ്ബെറുണ്ടാകില്ല.
3)ളരെ എളുപ്പമുള്ള ഒരു കൃഷിയാണിത്.കുഴിച്ചിട്ടു കഴിഞ്ഞാല്‍ പിന്നെ ആ ഭാഗത്തെക്കു പോകേണ്ടതില്ല.അതു താനേ വളര്‍ന്നോളും.
4) ഇടക്കിടക്കു പോയി മരത്തില്‍ കത്തി വച്ചു കുത്തി നോക്കണം.റബര്‍ പാല് വരുന്നുണ്ടെങ്കില്‍ മരം പാകമായി എന്നു മനസ്സിലാക്കാം
5) റബര്‍ മരത്തിന്റെ കറയാണ് പാല് എന്ന പേരില്‍ അറിയപ്പെടുന്നത്.
6) പാകമായ മരത്തിന്റെ തൊലി മൂര്‍ച്ചയുള്ള എന്തെങ്കിലും സാധനം ഉപയോഗിച്ച് കുത്തിക്കീറുക.ആ മുറിവിലൂടെ പാല് വരും. എത്ര ആഴത്തില്‍ മുറിക്കുന്നുവോ, അത്രേം കൂടുതല്‍ പാലു കിട്ടും.ആ മുരിവിന്റെ അറ്റത്ത് ഒരു ചിരട്ട ഫിറ്റ് ചെയ്യുക. പാല് ഒഴുകി അതില്‍ വീഴണം.
7) സാധാരണയായി വളരെ ചെറിയ മുറിവേ ഉണ്ടാക്കാറുള്ളൂ.അപ്പോള്‍ പാല് തുള്ളി തുള്ളിയായെ വരികയുള്ളൂ.അതു കൊണ്ട് ഒരു ദിവസം കൊണ്ടൊക്കെയേ ചിരട്ട നിറയുകയുള്ളൂ.ഇല്ലെങ്കില്‍ ഇടക്കിടക്കു പോയി ചിരട്ട കാലിയാക്കേണ്ടി വരും.
8)'ഒരിക്കല്‍ മുറിവുണ്ടാക്കിയാല്‍ ആ മരത്തിലെ പാല് വറ്റുന്നതു വരെ അതില്‍ നിന്ന് പാല് കിട്ടും.
9)ചിരട്ടയുടെ വലിപ്പവും പാലിന്റെ flow rate-ഉം അനുസരിച്ച് പാല് എടുക്കേണ്ട സമയം കണക്കാക്കിവെക്കേണ്ടതാണ് ഇല്ലെങ്കില്‍ ചിലപ്പോള്‍ ചിരട്ട നിറഞ്ഞ് വീണ് അവിടമൊക്കെ വൃത്തികേടാകും.
10)' മഴക്കാലമായല്‍ , മുറിവിന്റെ മുകളില്‍ പ്ലാസ്റ്റിക്കിന്റെ പേപ്പര്‍ മുറിച്ച് ഒട്ടിച്ചു വെയ്ക്കണം.പാലില്‍ മഴവെള്ളം കലര്‍ന്ന് നേര്‍ത്തു പോവാതിരിക്കാനാണിത്.
11) പാലില്‍ നിന്നും ഷീറ്റ് ഉണ്ടാക്കുന്ന സ്ഥലമാണ് മെഷീന് പുര.അതില്‍ രണ്ടു മെഷീനുകളുണ്ടാകും- വരയില്ലാത്ത ഒന്നും വരയുള്ള ഒന്നും.
12) പാല് ആദ്യം ഡിഷില്‍ ഒഴിച്ചു വെക്കണം.അതില്‍ എന്തോ ഒരു ആസിഡ് ഒഴിച്ച് ഇളക്കണം.(ആ ആസിഡ് കയ്യില്‍ പറ്റിയാല്‍ മരിച്ചു പോകും)
13) കുറച്ചു കഴിയുമ്പോള്‍ അതു കട്ടയാകും. അതില്‍ വിരല്‍ കുത്തി നോക്കുക. വിരലില്‍ പാല് പറ്റി പിടിക്കുന്നില്ലെങ്കില്‍ പാല് ഉറച്ചതായി കണക്കാക്കാം.
14)പാല് ഉറച്ചു കട്ടയായാല്‍ പിന്നെ അതിനെ ഷീറ്റ് എന്നു വിളിക്കാം.ഷീറ്റെടുത്ത് ആദ്യത്തെ മെഷീനിലേക്ക് 3-4 പ്രാവശ്യം കറക്കണം.അപ്പോള്‍ അത് മെലിഞ്ഞു മെലിഞ്ഞു വരും.
15)'മെലിഞ്ഞ ഷീറ്റെടുത്ത് ഒരു പ്രാവശ്യം വരയുള്ള മെഷീനിലിട്ട് കറക്കണം.അപ്പോള്‍ അതില്‍ വര വീഴും.(ഈ മെഷീന് കറക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്)
16)അതിനു ശേഷം ഷീറ്റ് ഉണക്കിയെടുക്കണം.അല്ലെങ്കില്‍ അതു ചീഞ്ഞു പോകും.നല്ല വെയില് ഉള്ള സ്ഥലമാണെങ്കില്‍ വെയിലത്തിട്ടാല്‍ മതി. ഇല്ലെങ്കില്‍ അടുപ്പിന്റെ മുകളില്‍ ഒരു മുറി പണിത് അതിലിട്ട് ഉണക്കാം.
18)നന്നായി ഉണങ്ങി കഴിഞ്ഞാല്‍ ഷീറ്റ് ഏതാണ്ടൊരു കറുപ്പു നിറമാകും.അപ്പോള്‍ അത് കെട്ടു കെട്ടായെടുത്ത് ജീപ്പില്‍ കേറ്റി കടയില്‍ കൊണ്ടു കൊടുക്കുക.
19)ഇങ്ങനെ നമ്മളു കൊടുക്കുന്ന ഷീറ്റ് മുറിച്ചാണ് കമ്പനിക്കാര് മായ്ക്കു-റബ്ബര്‍ ഉണ്ടാക്കുന്നത്.ഇത്തിരൂടെ കറുപ്പു കളര്‍ ചേര്‍ത്താല്‍ അതു കൊണ്ട് ടയര്‍ ഉണ്ടാക്കാനും പറ്റും.
ഇത്രയും വിജ്നാനപ്രദമായ ക്ലാസ്സ് കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും കുട്ടികള്‍ക്ക് ധാരാളം സംശയങ്ങളുണ്ടായി.അല്ലെങ്കിലും പഠിപ്പിക്കുന്ന വിഷയം ശരിക്കു മനസ്സിലായാല്‍ സംശയങ്ങളുണ്ടാകും..ഉണ്ടാകണം.ആരെയും ഞാന്‍ നിരാശരാക്കിയില്ല.പുട്ടു പോലെ ഉത്തരങ്ങള്‍ കൊടുത്തു.(ആ ചോദ്യങ്ങളും ഉത്തരങ്ങളും ഞാന്‍ ഇവിടെ വിവരിക്കുന്നില്ല.വേറൊന്നും കൊണ്ടല്ല.റബര്‍ കൃഷിയെ പറ്റി അല്പമെങ്കിലും വിവരമുള്ളവര്‍ അതു വായിച്ചാല്‍ എന്നെ ഓടിച്ചിട്ട് റബര്‍ പാലില്‍ മുക്കി കൊല്ലും)
റബര്‍ മരം കണ്ടു മാത്രമുള്ള പരിചയം വച്ചാണ് ഇത്രേം കാര്യങ്ങള്‍ ഞാന്‍ പറഞ്ഞൊപ്പിച്ചത്.അപ്പോള്‍ പിന്നെ ചെയ്തും കൂടി പഠിച്ചാലോ.പിന്നെ റബര്‍ കൃഷി രംഗത്ത് എന്നെ തോല്‍പ്പിക്കാന്‍ ഭൂമി മലയാളത്തില്‍ ആരും ഉണ്ടാകില്ല.അങ്ങനെ രണ്ടും കല്‍പ്പിച്ചാണ് അത്തവണ വെക്കേഷന് അമ്മവീട്ടിലേക്കു വിട്ടത്.ചെന്ന ഉടനെ തന്നെ "നാളെ റബ്ബറു വെട്ടാന്‍ മാമന്റെ കൂടെ ഞാനും പോവുന്നുണ്ട്" എന്ന് ആ നാടു മുഴുവന്‍ നടുക്കികൊണ്ട് ഒരു പ്രഖ്യാപനവും നടത്തി.
"പിന്നേ നീയല്ലെ രാവിലെ 4 മണിക്കെഴുന്നേറ്റ് വെട്ടാന്‍ പോകുന്നത്.നടന്നതു തന്നെ" അമ്മച്ചീടെ വക പുച്ഛം.
"അതിന് 4 മണിക്കേ എന്തിനു പോണം.നമ്മക്കൊരു എട്ടു മണിയാകുമ്പം പോവാം മാമാ. റബ്ബര്‍ മരം എങ്ങോട്ടും ഓടിപ്പോവുവൊന്നുമില്ലല്ലോ"
"എന്റെ പൊന്നുമോളേ, നേരം വെളുക്കും മുന്‍പു പോയി അതു മുഴുവന്‍ വെട്ടണം.എന്നിട്ടു പിന്നേം ഒരു റൗണ്ടും കൂടി പോയി പാലെടുക്കണം"
രാവിലെ 4 മണീന്നൊരു സമയമുണ്ടെന്നൊക്കെ കേട്ടറിവു മാത്രമേയുള്ളൂ.ദൈവമെ, നടത്തിയ അനൗണ്‍സ്മന്റ് തിരിച്ചെടുത്ത് വിഴുങ്ങാനുള്ള വഴിയൊന്നുമില്ലേ.
എന്റെ അവസ്ഥ കണ്ട് പാവം തോന്നിയ അമ്മച്ചി പരിഹാരം നിര്‍ദ്ദേശിച്ചു.
"എടാ, നീ ഒറ്റക്കു പോയി റബ്ബറു വെട്ട്.എന്നിട്ട് പാലെടുക്കന്‍ പോവുമ്പോ കൊച്ചിനേം കൂടി കൂട്ടിക്കൊണ്ടു പോ"
എന്റെ ശ്വാസം നേരെ വീണു.
"അതു മതി. അല്ലേല്ലും എനിക്കു വെട്ടുന്നതെങ്ങനെയാന്നൊന്നും പഠിക്കണ്ട.പാലെടുക്കാനാ പഠിക്കണ്ടത്". അങ്ങനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ അതു സോള്‍വായി.
പിറ്റേ ദിവസം രാവിലെ തന്നെ മാമന്റെ കൂടെ പാലെടുക്കാന്‍ പോയി ഹരിശ്രീ കുറിച്ചു.ആദ്യത്തെ കുറച്ചു മരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കേറ്റം കേറുന്ന KSRTC bus പോലെ ഞാന്‍ വലിയാന്‍ തുടങ്ങി.വീട്ടിലേക്കു തിരിച്ചു പോകുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും പറ്റില്ല.അവര്‍ എന്നെ കളിയാക്കി കൊല്ലും.പട്ടി അണയ്ക്കുന്നതു പോലെ അണയ്ക്കുന്ന എന്നെ കണ്ട് മാമന്റെ മനസ്സലിഞ്ഞു.
"നീ ഇവിടെ ഇരുന്നോ.ഞാന്‍ പാലെല്ലാം എടുത്തിട്ട് കൂട്ടികൊണ്ടു പോവാം.എന്റെ കൂടെ തന്നെയുണ്ടായിരുന്നെന്ന് ഞാന്‍ എല്ലാരോടും പറഞ്ഞോളാം."
കേള്‍ക്കേണ്ട താമസം "എന്നാപ്പിന്നെ അങ്ങനെ തന്നെ" എന്നും പറഞ്ഞ് ഞാനവിടെയൊരു പാറപ്പുറത്ത് ഇരിപ്പുറപ്പിച്ചു.കൂട്ടിന് ഞാന്‍ പാലെടുക്കാന്‍ കൊണ്ടു വന്ന ബക്കറ്റുമുണ്ട്. പേടിക്കനൊന്നുമില്ല.വിളിപ്പുറത്തു തന്നെ മാമനുണ്ട്.അങ്ങനെയിരിക്കുമ്പോഴാണ് റബര്‍ പാലിന്റെ പുതിയ ഒരുപയോഗം ഞാന്‍ കണ്ടു പിടിച്ചത്.'പ്രാണി നിവാരിണി'.വളരെ എളുപ്പമാണ്. കൈ റബര്‍ പാലില്‍ മുക്കുക.എന്നിട്ട് ചുമ്മാ വായുവില്‍ വീശുക. അപ്പോള്‍ ആ പരിസരത്തുള്ള പ്രാണികളൊക്കെ കയ്യില്‍ പറ്റിയിരുന്നോളും.അതിനെ പിന്നെ കൊല്ലുകയോ വളര്‍ത്തുകയോ ചെയ്യാം.നമ്മടെ ഇഷ്ടം.ഒരേ'ഒരു side-effect എന്താന്നു വെച്ചാല്‍ നമ്മള് അടിമുടി റബര്‍പാലില്‍ കുളിക്കും.(അതെങ്ങനെ എന്നൊന്നും പറഞ്ഞു തരില്ല.സ്വന്തമായി പ്രയോഗിച്ച് മനസ്സിലാക്കുക.)അങ്ങനെ ആകെ ബിസി ആയിട്ടിരിക്കുന്ന ഞാന്‍ കഷ്ടകാലത്തിന് മാമന്റെ കണ്ണില്‍ പെട്ടു.അതോടെ ആ രംഗം അവിടെ ഒറ്റയടിക്ക് അവസാനിച്ചു.പിന്നെ ക്യാമറ ചെന്നു നില്‍ക്കുന്നത് അടുത്തുള്ള തോട്ടിന്'കരയിലാണ്.എന്റെ വീട്ടുകാര്‍ മാത്രമല്ല, നാട്ടുകാര്‍ മൊത്തം ചേര്‍ന്ന് എന്നെ കുളിപ്പിക്കുകയാണ്. ആള്ക്കാര് ചകിരിയെടുക്കാനോടുന്നു.. എണ്ണയെറ്റുക്കാനോടുന്നു.. കത്രികയെടുക്കാനോടുന്നു..(കത്രിക എന്റെ മുടി മുറിയ്ക്കാനാണ്.മുടീന്ന് റബര്‍പാലു കളയുന്നതിനേക്കളും എളുപ്പം മുടി അങ്ങനെതന്നെ കളയുന്നതാണെന്ന് ഏതോ ഒരു കാര്ന്നോര് വിധിച്ചു പോലും).എന്തായാലും നാട്ടിലാകെ ഒരു ഉത്സവപ്രതീതി.നമ്മളെകൊണ്ട്` ഇത്രയൊക്കയല്ലേ പറ്റൂ... (വിനയം.)
പക്ഷെ ഈ സംഭവം കൊണ്ടൊന്നും എന്റെ ഉള്ളിലെ കര്‍ഷക മരിച്ചു മണ്ണടിഞ്ഞില്ല.ആകെ ഒരു മാറ്റം ഉണ്ടായതെന്താന്നു വെച്ചാല്‍ അമ്മവീട്ടില്‍ എല്ലാവര്ക്കും എന്നെ ഭയങ്കര ബഹുമാനമായി.ഒരു പണീം എടുപ്പിക്കില്ല.അതിനു മുന്‍പൊക്കെ വല്ലപ്പോഴും റബര്‍ഷീറ്റ് എണ്ണാനുള്ള പണിയെങ്കിലും തരുമായിരുന്നു.ഇതിനു ശേഷം ആ പണിയുമില്ല..
Thursday, June 21, 2007
Subscribe to:
Post Comments (Atom)
35 comments:
കൊച്ച് ത്രേസ്യ്യേ, കര്ഷകക്കൊച്ചേ, അഭിവാദ്യങ്ങള്‍!
ജീവിതത്തിന്റെ റബ്ബര്‍പാലില്‍ മുക്കിയെടുത്തെഴുതിയ ഈ ഏട് ഞാനെന്ടെ മനസ്സിന്റെ പുകപ്പുരയില്‍ ഒട്ടിച്ചു വയ്ക്കുന്നു.
entammo thakarthu !
climax athyugran ...
അതിനു മുന്‍പൊക്കെ വല്ലപ്പോഴും റബര്‍ഷീറ്റ് എണ്ണാനുള്ള പണിയെങ്കിലും തരുമായിരുന്നു.ഇതിനു ശേഷം ആ പണിയുമില്ല..
:-)
നന്നായി. ഇത്രയെങ്കിലും അറിവ് കര്‍ഷകയ്ക്ക് ഉണ്ടായതില്‍ ഭാഗ്യം.
കൊച്ചുത്രേസ്യക്കുട്ടി, ആ അവസാനം ശരിക്കങ്ങ് പുടിച്ചു. :)
ഹഹ റബ്ബര്‍പാലില്‍ നീരാടി...റബ്ബറ്തോട്ടത്തില് വേറേ എന്തെല്ലാം കുരുത്തക്കേടുകള്‍ ഒപ്പിക്കാമായിരുന്നു...മരത്തില്‍ നിന്ന് ചില്ല് ഇളക്കി വീണ്ടും കല്ല് വച്ച് ഇടിച്ച് മരത്തിന്റെ പല പല ഭാഗങ്ങളില്‍ ഫിറ്റ് ചെയ്യുന്നതായിരുന്നു എന്റെ ഫേവറൈറ്റ്.., പിന്നെ ഇടയ്ക്ക് ചീവീട് വേട്ടയും നടത്താറുണ്ടായിരുന്നു :-)
കിടിലന്‍ എഴുത്ത്! നല്ല രസമായി വായിച്ചു. (ഇനി ഇത് വനിതാ ബ്ലോഗര്‍ എഴുതിയത് കൊണ്ട് നിനക്ക് അങ്ങനെ തോന്നിയതാണെന്നെങ്ങാനും വല്ലവനും പറഞ്ഞാല്‍ അമ്മച്ചിയാണേ മുട്ടുകാല് ഞാന്‍ കയറ്റും) ;-)
കൊച്ചുത്രേസ്യക്കപ്പോള് ഒട്ടുപാലിനെ പറ്റി ഒന്നുമറിഞ്ഞുകൂടല്ലിയൊ? അതല്ലായിരുന്നോ നമ്മടെ വരുമാനം. അതു പഠിക്കാത്തതു കഷ്ടമായി. :) ഇനി അതെന്താ എന്നൊന്നും ചോദിക്കരുതു, ഒരു റബ്ബര്‍ കര്‍ഷക മിനിമം അതറിഞ്ഞിരിക്കണം. ;)
ചാത്തനേറ്:
കലക്കി..
“ആ രംഗം അവിടെ ഒറ്റയടിക്ക് അവസാനിച്ചു“
കിടിലം വാചകം
“ ആള്ക്കാര് ചകിരിയെടുക്കാനോടുന്നു..“
കത്തിയായിരുന്നു ബെസ്റ്റ്, ചിരണ്ടിക്കളയാലോ.
ഓടോ:
പേരുമാറ്റി അല്ലേ?
ഇനി പെട്ടെന്നൊരു ദിവസം ആണാവുമോ!!!
ഞങ്ങളു കുറച്ച് ഞരമ്പ് രോഗികളു ചുറ്റിപ്പോവും ട്ടാ..:)
ഇതിപ്പോളാ കണ്ടത്.നന്നായിരിക്കുന്നു “ഡബ്ബര്‍ കഥ“.(ഞാന്‍ ഞ.രോഗി അല്ലേ!!) :)
കലക്കി...
:)
ഈ വര്‍ഷത്തെ "കര്‍ഷകരത്നം" അവാര്‍ഡ് ഞാന്‍ ഇതാ പ്രഖ്യാപിച്ചു കഴിഞ്ഞു.....കൊച്ചുത്രേസ്യാ കൊച്ചിനു തന്നെ...നല്ല അവതരണം.
കൈതമുള്ള് @ അത് ഏതാണ്ടൊരു കറുപ്പു കളര്‍ ആകുമ്പോള്‍ കൊണ്ടുപോയി വില്‍ക്കണേ .ഇപ്പം നല്ല വിലയാ..
yasj @ അതെയതെ.ഒരു സുപ്രഭാതത്തില്‍ തൊഴില്‍രഹിതരാകുന്നവരുടെ വേദന...അതനുഭവിച്ചാലേ അറിയുള്ളൂ.
സു @ താങ്ക്സ്.. പക്ഷെ അതിന്റെ അഹങ്കാരമൊന്നും എനിക്കില്ല കേട്ടോ..
ആഷ,കുതിരവട്ടന്‍,വല്യമ്മായി @ :-))
ഉത്സവം @ ശ്ശൊ അതൊക്കെ ഭയങ്കര അധ്വാനമുള്ള പണിയല്ലേ.ഞാനില്ല
ദി.അസുരന് @ വരവു വെച്ചിരിക്കുന്നു.അപ്പം ഞാനൊരു വനിതാബ്ലൊഗ്ഗെറാണെന്നാ വിചാരിച്ചിരിക്കുന്നതല്ലേ..പറ്റിച്ചേ ;-)
ബിന്ദു @ പിന്നെ പിന്നെ എനിക്കറിയാം. ആ ഇലാസ്റ്റിക് പോലെ വലിയുന്ന സാധനമല്ലേ. ഒരു റബര്‍ കര്‍ഷകയെ പരീക്ഷിക്കുന്നോ???
കുട്ടിച്ചാത്തന് @ കത്തിയെടുക്കാന്‍ അവിടെ പലര്‍ക്കും തോന്നീതാ.ചിരണ്ടാനല്ല..കുത്താന്‍
ഡിങ്കന് @ താങ്ക്സ്.ആ 'ഞാന്‍ ഞരമ്പു രോഗി അല്ല" എന്ന വാക്യത്തിന് ഒരു 'അച്ഛന് പത്തായത്തിലില്ല' സാമ്യം :-))
പാപ്പരാസി @ ഇത് കാഷ് അവാര്‍ഡാണെങ്കില്‍ മാത്രമേ ഞാന്‍ സ്വീകരിക്കൂ. വെറും ട്രോഫി ആണെങ്കില്‍ ഈ അവാര്‍ഡ് ഞാന്‍ നിരസിക്കുന്നു :-)
"അതിനു മുന്‍പൊക്കെ വല്ലപ്പോഴും റബര്‍ഷീറ്റ് എണ്ണാനുള്ള പണിയെങ്കിലും തരുമായിരുന്നു.ഇതിനു ശേഷം ആ പണിയുമില്ല.."
ഹ ഹ ഇത് കൊള്ളാം. ഒരു തവണ തറവാട്ടില്‍ ചെന്നപ്പോള്‍ റബര്‍ വെട്ടാന്‍ ഇതേപോലെ ഞാനും പോയിട്ടുണ്ട്. ഒരു ബക്കറ്റ് പാലു മുഴുവന്‍ മറിച്ചിട്ട കുറ്റം, വെട്ടുകാരന്റെ തലയില്‍ കെട്ടിവച്ച് രക്ഷപെട്ടു. അന്നു റബറിന് വിലയില്ലാതിരുന്ന കാലമായതുകൊണ്ട് അപ്പന് ചീത്ത വിളിച്ചില്ല. (വിളിച്ചാലും നന്നാവില്ലാന്ന് അപ്പന് അറിയാമെന്നു തോന്നുന്നു)
:))
ഹോ കിട്ടി.....ഒരു വനിതാ ബ്ലോഗറെ തപ്പി നടക്കുവാരുന്നു.....
നന്നായിട്ടുണ്ട് തുടക്കം...
എന്തിനാ സാന്ഡോ നീ വനിതാ ബ്ലോഗറെ തപ്പഇ നടന്നത്?
മോശം മോശം!
ഇക്കാസ് എന്നെ തെറ്റിദ്ധരിച്ചു....
ഞാന്‍ വനിതാ ബ്ലോഗറെ തപ്പി നടന്നത് ഒരു കമന്റിടാനായിരുനു....
ഇന്ന് ഒരു വനിതാ ബ്ലോഗറ്ക്ക് കമന്റിട്ടോളാന്ന് നേറ്ച്ചയുണ്ടായിരുന്നു...അല്ലാതെ ..ശ്ശെ...
റബര്‍കൃഷി ക്ലാസ്സും അവധിക്കാല വിശേഷങ്ങളും കൊള്ളാം!
ഓര്‍മ്മകളില്‍ റബര്‍മരങ്ങള്‍ ആഞ്ഞടിക്കുന്നു. റബര്‍ക്കുരു കരിങ്കല്ലില്‍ ഉരച്ചു പ്രയോഗിക്കുന്നതും ഒട്ടുപാല് പന്തു കൊണ്ട് ക്രിക്കറ്റ് കളിക്കുന്നതും അങ്ങനെ പലതും പലതും!
എന്നാലുമെന്റെ കൊച്ചേ, അതെന്തോപണിയാ ആ കാണിച്ചേ? :)
ഹഹഹഹ.... ശെരിക്കും ഇഷ്ട്ടപെട്ടു. പണ്ട് പപ്പയുടെ കൂടെ റബ്ബര്‍ വെട്ടാന്‍ ഇറങ്ങുന്നതൊക്കെ ഓര്‍ത്തു പോയി.
കര്‍ഷക ആളു കൊള്ളാമല്ലൊ
ആശംസകള്‍.
qw_er_ty
Good writing:)
etu entoru janmam...
chiyechikku shesham....
vanna..ee kalpanaye..ethu vare kandillaalo...
adipoli....nu parangaaa..ettiri alla...niraye kammiyayi povum
ടബ്ബറ് കൊച്ചേ, സംഗതി മൊത്തത്തില്‍ രസിച്ച് വായിച്ചു. അവതരണശൈലി ഉഗ്രന്‍. അല്ലാ...ഈ കൃഷി നടത്തിന്ന കാലത്ത്,എത്ര വയസ്സുണ്ടായിരുന്നു.
തകര്‍ത്തിരിക്കുന്ന ഭാഗങ്ങള്‍...
"ഒരു ക്രിസ്താനിയ്ക്ക് '10 കല്‍പ്പനകള്‍ അറിയില്ല' എന്നു പറയുന്നതിനെക്കാളും വെല്യ പാപമാണ് 'റബറിന്റെ പറ്റി അറിയില്ല' എന്നു പറയുന്നത്."
"4) ഇടക്കിടക്കു പോയി മരത്തില്‍ കത്തി വച്ചു കുത്തി നോക്കണം.റബര്‍ പാല് വരുന്നുണ്ടെങ്കില്‍ മരം പാകമായി എന്നു മനസ്സിലാക്കാം"
"12) പാല് ആദ്യം ഡിഷില്‍ ഒഴിച്ചു വെക്കണം.അതില്‍ എന്തോ ഒരു ആസിഡ് ഒഴിച്ച് ഇളക്കണം.(ആ ആസിഡ് കയ്യില്‍ പറ്റിയാല്‍ മരിച്ചു പോകും)" സിമ്പ്ലി സൂപ്പര്‍...
"ഇല്ലെങ്കില്‍ അടുപ്പിന്റെ മുകളില്‍ ഒരു മുറി പണിത് അതിലിട്ട് ഉണക്കാം." അങ്ങനെ ഒരു മുറി ഒണ്ടോ?
""അതിന് 4 മണിക്കേ എന്തിനു പോണം.നമ്മക്കൊരു എട്ടു മണിയാകുമ്പം പോവാം മാമാ. റബ്ബര്‍ മരം എങ്ങോട്ടും ഓടിപ്പോവുവൊന്നുമില്ലല്ലോ"
എന്നെയങ്ങ് കൊല്ല്...
"ആദ്യത്തെ കുറച്ചു മരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കേറ്റം കേറുന്ന KSRTC bus പോലെ ഞാന്‍ വലിയാന്‍ തുടങ്ങി" ഇതാണ് പറയുന്നത് ജനിക്കുവാനെന്കില് കോട്ടയത്ത് ജനിക്കണം... അവിടെ ഈ പ്രശ്ച്നം ഇല്ല...
"പിന്നെ ക്യാമറ ചെന്നു നില്‍ക്കുന്നത് അടുത്തുള്ള തോട്ടിന്'കരയിലാണ്"
രബറിന്റെ നാട്ടില്‍ ജനിച്ചത് കൊണ്ടാണോ എന്നറിയില്ല... ഈ പോസ്റ്റ് വളരെ അധികം ഇഷ്ടപെട്ടു...
Ennatlum ente kochuthresey!!!
അയ്യോ........ചിരിച്ചു ചിരിച്ചു ഒരു പരുവമായി...!
"കൊച്ചിന്റെ" ബ്ലോഗ് കണ്ടെനു ശേഷം ഓഫീസില്‍ ഇരുന്നു വേറെ ഒരു പണീം നടക്കുന്നില്ല...ഫുള്‍ ടൈം ഇതും വായിചോണ്ടിരിക്കുകയല്ലേ...!
"കമ്പ്യൂട്ടറില്‍ കൊട്ടിപ്പാടി ഉപജീവനം കഴിക്കുന്നുവെങ്കിലും അടിസ്ഥാനപരമായി ഞാന്‍ ഒരു കര്‍ഷകയാണ്" തകർപ്പൻ സ്റ്റേറ്റ്മെന്റ്!
മാഷേ... ആദ്യമൊക്കെ പിടിച്ചിരുന്നു... പക്ഷേ... ദേ... ഇതു വായിച്ചാപ്പോൾ കൈവിട്ടു പോയി...
"പിന്നെ ക്യാമറ ചെന്നു നില്‍ക്കുന്നത് അടുത്തുള്ള തോട്ടിന്'കരയിലാണ്.എന്റെ വീട്ടുകാര്‍ മാത്രമല്ല, നാട്ടുകാര്‍ മൊത്തം ചേര്‍ന്ന് എന്നെ കുളിപ്പിക്കുകയാണ്."
കിടിലൺ വിവരണം...
കൊച്ചു ത്രേസ്സ്യ കൊച്ചേ ....
current വന്നു .. വായന തുടരുന്നു ...
ഒന്ന് തീരുമാനിച്ചു ...
നമ്മളൊക്കെ ബോബനും മോളിയും വായിച്ചാണ് വളര്‍ന്നത് ..
എനിക്കൊരു കൊച്ചുണ്ടാകുമ്പോള്‍ അതിനെ "കൊച്ചു ത്രേസ്സ്യയുടെ ലോകം" വായിപ്പിച്ചു വളര്‍ത്തണം എന്ന്...
ഹഹ.. എന്റമ്മോ....പതിവുപോലെ ചിരിപ്പിച്ചു
Nalla Avatharan, chirichu chirichu mannu kappi,
Kurach nerathekk office il anu irunnu vayikkunath ennu marannu poyi
Post a Comment