Sunday, September 21, 2014

വാല്മീകി..



അർമ്മാദിച്ച് വാണിരുന്ന വീടും തേരാപാരാ തേരോട്ടമോടിച്ചോണ്ടിരുന്ന ശകടങ്ങളും മറ്റു സ്ഥാവരജംഗമങ്ങളും ഒക്കെ വിട്ട് ഓൺസൈറ്റ് വനവാസത്തിനായി ഫ്ളൈറ്റ് കേറീപ്പോ മനസിന്റെ കോർണറിലെവിടെയോ ശകലം ഒരു പേടിയുണ്ടായിരുന്നു. ഗ്ളോബൽ, എക്സ്പോഷറ്‌, പൗണ്ടില്‌ ദുട്ട്, ചുറ്റിക്കറങ്ങാനുള്ള അനന്തസാധ്യതകൾ- സംഭവമൊക്കെ കൊള്ളാം. പക്ഷെ പണ്ട് ഒറ്റത്തടിയായിരുന്നപ്പഴത്തേ പോലല്ല. അന്നൊക്കെ സ്വന്തം സാധനസാമഗ്രികൾ മൊത്തം തൂത്തുപെറുക്കിയാലും കഷ്ടിച്ച് ഒരു സ്യൂട്ട്കേസിൽ കൊള്ളാനുള്ളതേ ഉള്ളൂ.. അതും തൂക്കീയടുത്തങ്ങ് പോയാൽ മതി. അതു പോലാണോ ഇപ്പോ.. അതു മാത്രമല്ല.. പുതിയ സ്ഥലത്ത് വീടു കണ്ടുപിടിക്കണം, അത്യാവശ്യമൊന്നു കഞ്ഞീം കറീം വച്ചു ജീവിക്കാനുള്ള സെറ്റപ്പൊക്കെ ഒരുക്കണം,വണ്ടീം വള്ളോമൊക്കെ കണ്ടുപിടിക്കണം..എല്ലാം ഒന്നേന്നു പറഞ്ഞ് തുടങ്ങണം.. ചുരുക്കിപ്പറഞ്ഞാൽ ലൈഫിന്റെ സ്റ്റാർട്ടിംഗ് പോയിന്റിലേക്കു തിരിച്ചു പോയി പിന്നേം ഓടിത്തുടങ്ങുന്ന പോലൊരു അവസ്ഥയിലേക്കാണ്‌ എടുത്തുചാടാൻ പോകുന്നത്.

വീടിന്റെ കാര്യത്തിൽ ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും വല്യ കുഴപ്പമില്ലാത്ത ഒന്ന് ഒത്തു കിട്ടി. വീടെന്നൊന്നും തികച്ചങ്ങോട്ടും പറയാൻപറ്റില്ല. ഞങ്ങ രണ്ടു പേർക്ക് കഷ്ടി പെരുമാറാൻ പറ്റുന്നത്രേം മാത്രം വലിപ്പമുള്ള ഒരു കൊച്ചു മുറീം അതിനോട് അറ്റാച്ച് ചെയ്ത് രണ്ടിരട്ടി വലിപ്പത്തിലൊരു ബാത്റൂമും. പിന്നെ അത്യാവശ്യം കരിക്കാനും പുകയ്ക്കാനുമൊക്കെയുള്ള സെറ്റപ്പുള്ള ഒരു കൊച്ചടുക്കളയുമുണ്ട്. മുറീടെ വലിപ്പം കണ്ടപ്പോൾ ഒരു പ്ളിഞ്ഞ്യാസമുണ്ടായെങ്കിലും ഞങ്ങളങ്ങോട്ടു തന്നെ അങ്ങു കുടിയേറി.. സ്വയം ആശ്വസിപ്പിക്കാനായി ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ, ആ ഒരു സിംഗിൾ കരളിനു താമസിക്കാൻ ഇത്രക്കൊക്കെ സ്ഥലം മതി എന്നൊരു ന്യായീകരണവും കണ്ടെത്തി. ആകെമൊത്തം ലൈഫ് വല്യ കുഴപ്പമില്ലാതെ മുന്നോട്ടു പോവുകയാരുന്നു. ഒറ്റ പ്രശ്നമൊഴിച്ച്. ദിവസേനയുള്ള യാത്ര. വീട്ടിൽ നിന്ന് ടൗൺ സെന്ററിലേക്ക് കുറച്ചധികം നടക്കാനുണ്ട്. അതു ഞങ്ങൾ ആദ്യമേ തന്നെ ശ്രദ്ധിച്ചതാണ്‌. പക്ഷെ നമ്മ ഭീകര ആരോഗ്യമല്ലേ,, ഇതു വല്ലോം ദൂരമാണോ.. ഞാനൊക്കെ എന്തോരം നടന്നിട്ടാ സ്കൂളിൽ പോയിക്കൊണ്ടിരുന്നത്, അല്ലെലും നടക്കുന്നതു നല്ലതാഎന്നൊക്കെ പുച്ഛിച്ച് അതങ്ങു തള്ളിക്കളഞ്ഞതാണ്‌. ദിവസേനയുള്ള നടപ്പ് പിന്നേം സഹിക്കാം. പക്ഷെ വല്ല ഷോപ്പിംഗോ ഒക്കെ കഴിഞ്ഞ് കനത്തിൽ വല്ലതും തൂക്കിക്കൊണ്ടാണു നടപ്പെങ്കിൽ വീട്ടിലെത്തുമ്പഴേക്കും നടുവൊടിയും. അമ്മാതിരി കയറ്റമാണ്‌. നമ്മക്കീ ഭാരം പൊക്കലൊന്നും ശീലമില്ലല്ലോ.. ഷോപ്പിംഗ് കഴിഞ്ഞ് ട്രോളീം തള്ളിക്കോണ്ടു വന്ന് നേരെ വണ്ടീടെ ഡിക്കീലോട്ടു തള്ളി ലിഫ്റ്റിൽ കേറ്റി വീട്ടിലെത്തിക്കലല്ലേ പതിവ്. എന്നാപ്പിന്നെ ഇവിടെ ഒരു വണ്ടി വാങ്ങിച്ചേക്കാംന്നു വച്ചാൽ, എപ്പഴാണ്‌ തിരിച്ച് ഇന്ത്യയിലേക്കു പോവാനുള്ള ആഹ്വാനം വരുന്നതെന്നറിയില്ല.. അല്ലേൽ പിന്നെ വല്യ വിലയൊന്നുമില്ലാത്ത,ചുമ്മാ കളഞ്ഞിട്ടു പോകേണ്ടി വന്നാലും നെഞ്ചുവേദനയുണ്ടാക്കാത്ത വല്ല വണ്ടീം വേണം.. അതെങ്ങനെ ഒപ്പിക്കാംന്ന് തലപുകച്ച് തലപുകച്ച് അവസാനം ഞങ്ങൾ ഒരു ഉത്തരത്തിലെത്തിച്ചേർന്നു..

സൈക്കിൾ.. അതെ.. നമ്മടെ ഡ്യൂക്കിലി സൈക്കിൾ. അത്യാവശ്യം കാര്യങ്ങളൊക്കെ നടക്കും.എഞ്ചിനും ഡോറും പകിട്ടും പത്രാസൊന്നുമില്ലെങ്കിലും  സൈക്കിളും വണ്ടിഫാമിലിയിൽ പെട്ടതാണല്ലോ. ചുമ്മാ ചവിട്ടിക്കോണ്ടു പോയാൽ മതി.ഷോപ്പിംഗ് ബാഗൊക്കെ അതിന്റെ ഹാൻഡിലിൽ തൂക്കിയിടാം.. സൈക്കിൾ ചവിട്ടുന്നത് ആരോഗ്യത്തിനും നല്ലതാണ്‌.രണ്ടു പാസഞ്ചേർസിനെ വരെ താങ്ങിക്കോളും... പാർക്കിംഗ് സ്ലോട്ടിനായി ബുദ്ധിമുട്ടണ്ട . അങ്ങനെ എങ്ങനൊക്കെ നോക്കിയാലും ഞങ്ങൾടെ യാത്രാപ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരവുമായി ഭൂമിയിൽ അവതരിച്ച പോലൊരു സാധനം.ആകെയുള്ളൊരു സാങ്കേതിക പ്രശ്നം , എനിക്ക് സൈക്കിൾ ചവിട്ടാനറിയില്ല എന്നുള്ളതാണ്‌ (ഇരുചക്ര വാഹങ്ങൾ പേടിയായതു കൊണ്ട്,നേരിട്ട് ഫോർ വീലറിലേക്കാണ്‌ ഞാൻ കേറീത്). കെട്ട്യോൻ എപ്പോഴും സൈക്കിളിന്റെ ഡ്രൈവറായിക്കോളാം,ഞാൻ കാരിയർ സീറ്റിൽ താഴെപ്പോവാതെ അള്ളിപ്പിടിച്ചിരുന്നാൽ മാത്രം മതീന്നുള്ള ഉടമ്പടിയിൽ ആ പ്രശനവും പരിഹരിച്ചു. പിന്നെ സെകൻഡ്ഹാൻഡ്/ തേഡ്ഹാൻഡ്/ എതേലുംഹാൻഡ് സൈക്കിളിനുള്ള അന്വേഷണമായി. അവസാനം ഒന്നു ഒത്തു കിട്ടീപ്പോ അതിന്‌ കാരിയർ സീറ്റേയില്ല. പരിഹാരങ്ങളൊകെ ടപ്പേ ടപ്പേന്ന് ചുട്ടെടുക്കുന്ന ടീംസെന്ന നിലയിൽ ആ പ്രശ്നത്തിനും പരിഹാരം കണ്ടെത്തി.അതു വാങ്ങി ഞാനാ സൈക്കിളിൽ ഡ്രൈവിംഗ് പഠിച്ചെടുത്ത്, അതേ പോലെ ഒന്ന് എനിക്കും കൂടി വേണ്ടി വാങ്ങുക. ഉവ്വ നടന്നതു തന്നെഎന്നു മനസിൽ പറഞ്ഞ് ഞാനും ഭാഗ്യം അവളെ ഡബിളെടുടുത്ത് നടുവൊടിക്കണ്ടല്ലോഎന്നു മനസിൽ പറഞ്ഞ് കെട്ട്യോനും ആ പരിഹാരം കൈയടിച്ച് പാസാക്കി. അങ്ങനെ സൈക്കിൾ ഞങ്ങടെ വീട്ടിലെത്തുകേം ചെയ്തു.

ഏതാണ്ടൊരു മാസം കഴിഞ്ഞപ്പഴാരുന്നു സൈക്കിളിന്റെ പേരിടീൽ കർമ്മം... വാല്മീകി.. അതായിരുന്നു സൈക്കിളിനു ഞാനിട്ട പേര്‌. പുണ്യപുരാതന സൈക്കിളായതു കൊണ്ടു മാത്രമല്ല, കെട്ട്യോനിട്ടൊരു കൊട്ടും കൂടെയായിരുന്നു. വാങ്ങിച്ച ഉടനെ ലുട്ടാപ്പി കുന്തോം കൊണ്ടു നടക്കുന്നതു പോലെ അങ്ങേരു സൈക്കിളിൽ തന്നെയായിരുന്നു. സ്വന്തമായി സൈക്കിളൊന്നുമില്ലാത്ത പാവം ഞാൻ അതിന്റെ പുറകിൽ ഓടുകേമല്ലാ, നടക്കുകേമല്ലാത്ത പരുവത്തിൽ നടക്കും. എന്നും സൈക്കിളിനെ തൂക്കല്‌ തുടയ്ക്കല്‌, ഓരോരോ ആക്സസറീസ് വാങ്ങിക്കല്‌ ആകെ ബഹളം. ഒരു മാസം കഴിഞ്ഞപ്പോ സൈക്കിളിനു ബോറടിച്ചു. അതു ടയറിന്റകത്തെ ട്യൂബ് പഞ്ചറാക്കി . അതോടെ അത് കട്ടപ്പുറത്തായി..എന്നേലും നന്നാക്കിയെടുക്കും എന്ന ദൃഢപ്രതിജ്ഞയോടെ കെട്ട്യോൻ അതിനെ  വീടിന്റെ മതിൽ കുത്തിച്ചാരി വച്ചു.. ഓരോ ആഴ്ചേം അങ്ങേരു പ്രതിജ്ഞ പുതുക്കീതല്ലാതെ സൈക്കിളിന്റെ തപസിനൊരു അവസാനോം ഉണ്ടായില്ല..അങ്ങനെ വസന്തം വന്നു. അതിന്റൊപ്പം വന്ന വള്ളികളൊക്കെ സമയം കളയാതെ സൈക്കിളിന്റെ മോളിൽ കേറിച്ചുറ്റി. അങ്ങനെ ചിതല്പുറ്റ് മൂടിയ വാല്മീകിയെപ്പോലെ സൈക്കിൾ വള്ളികൾക്കുള്ളിൽ മറഞ്ഞു. അതോടെ ഞാനതിനു വാല്മീകി എന്നു പേരുമിട്ടു. വീട്ടിലേക്കു കേറുമ്പഴും ഇറങ്ങുമ്പഴൊക്കെ ഞാൻ വാല്മീകീന്നു വിളിച്ച് വിഷ് ചെയ്യും. അത് വാല്മീകി കേട്ട് തിരിച്ചു വിഷ് ചെയ്യാനല്ല. മറിച്ച് ആ വിളിയിലൂടെ ഇപ്പം ശരിയാക്കാംന്നു പറഞ്ഞ് വാല്മീകിയെ ആ അവസ്ഥയിലെത്തിച്ച മഹാനെ ഒന്നു കുത്തി നോവിക്കാനും അതു വഴി ഒരു ചൊറിച്ചിൽ സുഖം കിട്ടാനുമാരുന്നു.

അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ഞങ്ങൾ കുറച്ചൂടെ വല്യ ഒരു വീട്ടിലേക്കു മാറി. കഷ്ടിച്ച് ഒരു ടാക്സിക്കുള്ളിൽ കൊണ്ടു വരാനുള്ള സാധനമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വാല്മീകിയെ ഉപേക്ഷിച്ചു പോകാൻ തോന്നിയില്ല.ഒന്നൂല്ലേലും ഇവിടുത്തെ ഞങ്ങടെ ആദ്യത്തെ വണ്ടിയല്ലേ..അതിനെ കൊണ്ടു പോകാൻ വേണ്ടി മാത്രം ഞങ്ങൾ ടാക്സി മാറ്റി ഒരു പത്തായം വണ്ടി ബുക്ക് ചെയ്തു വാല്മീകിയടക്കം എല്ലാത്തിനേം പുതിയ വീട്ടിലെതിക്കുകേം ചെയ്തു. പുതിയ വീട്ടിലെത്തീതും വാല്മീകിറിപ്പയർ പ്രതിജ്ഞ ഇത്തിരൂടെ സ്ട്രോംഗ് ആയി.  റിപ്പയർ ചെയ്യാനുള്ള മൂഡ് വരുമ്പഴേ ഓടിപ്പോയി റിപ്പയറാനുള്ള സൗകര്യത്തിന്‌ വാല്മീകിയെ വീടിനു മുന്നിൽ തന്നെ ചാരിവച്ചു. വാല്മീകീടെ ലൈഫ് പിന്നേം പഴേ പോലെ തന്നെ. പിന്നെ ഒരു ഗുണമുള്ളതെന്താന്നു വച്ചാ, സിമന്റ് തറയായതു കൊണ്ട് വള്ളികളൊന്നുമില്ല. അതോണ്ടെ വള്ളികൾടെ ശല്യമൊന്നുമില്ലാതെ മഴേം വെയിലും കൊണ്ട് വാല്മീകി ശാപമോക്ഷം കാത്ത്‌ അവിടങ്ങനെ ഒരേ നില്പ്പ് നിന്നു. അങ്ങനെ ഒരു ദിവസം നേരം വെളുത്തപ്പോൾ ഒരു ക്ളൂ പോലും തരാതെ വാല്മീകി അപ്രതക്ഷ്യനായി. ഗാംഭീര്യം കണ്ട് ആരേലും അടിച്ചു മാറ്റിക്കൊണ്ടു പോയതാരിക്കും. അല്ലെങ്കിൽ ആക്രിയാണെനും വിചാരിച്ച് വേസ്റ്റുകാര്‌ എടുത്തോണ്ടു പോയിരിക്കും. സംഭവിച്ചതെന്തായാലും സ്വന്തം അഭിമാനപ്രശ്നം കാരണം ആദ്യത്തേതായിരിക്കും നടന്നിട്ടുണ്ടാവുക എന്ന് ഞങ്ങളങ്ങ് ആശ്വസിച്ചു.  അങ്ങനെ ഒടുക്കം  ഇത്തിരി തലതിരിഞ്ഞ രീതീലാണെങ്കിലും വാല്മീകിക്ക് ശാപമോക്ഷം കിട്ടി.

കാര്യം ഞങ്ങൾടെ കൂടെയുണ്ടായിരുന്ന കാലഘട്ടത്തിൽ മിക്ക സമയത്തും വാല്മീകി കട്ടപ്പുറത്താരുന്നെങ്കിലും നല്ല കുറെ ഓർമ്മകളും സമ്മാനിച്ചാണ്‌ വാല്മീകി പോയത്. പണ്ടത്തെ സില്മേൽ വേണു നാഗവള്ളീം ജലജേം നടക്കുന്ന പോലെ വാല്മീകിയേം തള്ളിക്കൊണ്ട് അപ്രത്തും ഇപ്രത്തുമായി വർത്തമാനം പറഞ്ഞ് നടന്നിരുന്ന ആ നല്ല കാലം. ഡീസലിന്റേം പെട്രോളിന്റേം വില കൂടുതലൊന്നും ഞങ്ങളെ ബാധിച്ചിരുന്നേയില്ല. വാല്മീകീടെ ഹാൻഡിലിനു താങ്ങാൻ പറ്റുന്നത്രേം മാത്രം ഭാരമുള്ള ഷോപ്പിംഗ് നടത്തീരുന്നുതു കൊണ്ട് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതൊഴിവായി. സാമ്പത്തിക അച്ചടക്കം കൂടി. മിണ്ടാപ്രാണിയായിരുന്നെങ്കിലും മിനിമം റിസോർസിൽ ആരോടും ഒന്നും പരാതിപറയാതെ എങ്ങനെ ജീവിക്കാംന്ന് വാല്മീകി സ്വന്തം ജീവിതം കൊണ്ട് ഞങ്ങളെ പഠിപ്പിച്ചു. ഇപ്പോ ഏതേലും ഒരു വീട്ടിൽ റിപ്പയർ ചെയ്യപ്പെട്ട് കുട്ടപ്പനായി ഇഷ്ടം പോലെ എണ്ണേം ഗ്രീസുമൊക്കെ കിട്ടി ജില്ല് ജില്ലെന്നുള്ള ട്യൂബും ടയറുമൊക്കെയായി വാല്മീകി വിരാജിക്കുന്നുണ്ടാവാം. ഇനി അതല്ല , കാലക്കേടിന്‌ ആക്രിക്കാര്‌ തന്നെയാണ്‌ വാല്മീകിയെ കൊണ്ടു പോയതെങ്കിൽ ആ പാവം ഇപ്പോൾ വല്ല റീസൈക്ളിംഗ് യൂനിറ്റിലും പീസ് പീസായിട്ടുണ്ടാവും... അങ്ങനെയെങ്കിൽ ഞങ്ങൾക്കൊന്നു മാത്രമേ ആശംസിക്കാനുള്ളൂ...

പ്രിയ വാല്മീകീ, റെസ്റ്റ് ഇൻ പീസ് പീസ്..

സന്തപ്ത എക്സ്-ഓണേർസ് (ഒപ്പ്)

Thursday, May 22, 2014

ന്നാലും എന്റപ്പൂപ്പാ...

ഒന്നുരണ്ടു തവണ ഓൺസൈറ്റ് വന്നു കഴിയുമ്പഴേക്കും നമ്മളെ എല്ലാരും കൂടെ പിടിച്ചങ്ങൊരു ഓണസൈറ്റ് എൻസോക്ളോപീഡിയ ആക്കും. നമ്മളായിട്ട് ഒന്നും ചെയ്തിട്ടല്ല. മുൻപു വന്നിട്ടുള്ളതു കൊണ്ട് സ്ഥലത്തെപറ്റീം അവിടുത്തെ രീതികളെപറ്റീം ഒക്കെ അന്നാട്ടുകാരെക്കാൾ കൂടുതൽ നമ്മക്കറിയാം എന്ന്‌ ജനത്തിന്റെ തെറ്റിദ്ധാരണ.എന്നാൽ ഈ തെറ്റിദ്ധാരണ തിരുത്തി ഉള്ള സത്യം അങ്ങ് പറഞ്ഞേക്കാം എന്നങ്ങ് വെയ്ക്കാൻ പറ്റുമോ.. അതില്ല. വെർതേ കിട്ടീതാണെങ്കിലും കിട്ടിയ ഗ്ളാമർ വേണ്ടന്നു വെയ്ക്കാനുള്ള മനക്കട്ടിയൊന്നും ആർക്കും ഉണ്ടാവില്ലല്ലോ. എനിക്കും അതില്ല. അതോണ്ട് ഉള്ള വിവരമില്ലായ്മ നൈസായി മറച്ചു വച്ച് ആവശ്യക്കാർക്കൊക്കെ ഉപദേശ്ങ്ങളും നിർദ്ദേശങ്ങളുമൊക്കെ ലാവിഷായി വാരിവിതറിക്കൊണ്ടാണ്‌  ഇത്തവണത്തെ ഓൺസൈറ്റ് ജീവിതം മുന്നേറിക്കൊണ്ടിരിക്കുന്നത്. എവിടൊക്കെ നല്ല ഫുഡ് കിട്ടും, വാടകയ്ക്ക് വീടെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലണ്ടൻ റ്റ്യൂബ് ട്രാവൽ ഫോർ ഡമ്മീസ്, ഓരോ സാധനങ്ങളും വാങ്ങാനുള്ള ബെസ്റ്റ് ഷോപ്പുകൾ എന്നിവയൊക്കെയാണ്‌ പ്രധാനമായും എന്റെ ഉപദേശനിർദ്ദേശങ്ങൾക്ക് ഇരയാവുന്ന വിഷയങ്ങൾ. ഇതിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്‌ വാടകവീട് കണ്ടുപിടിക്കാനായി നവ-ഓൺസൈറ്റുകാരെ സഹായിക്കുക എന്നത്. മറ്റുള്ളവരെ സഹായിച്ച് ചുളുവിലിത്തിരി പുണ്യം അടിച്ചെടുക്കാംന്നു മാത്രമല്ല, നമ്മളെക്കൊണ്ട് ഇതിനൊക്കെ പറ്റും എന്ന കുഞ്ഞ് അഹംഭാവ ഫീലിംഗും അനുഭവിക്കാലോ.

വല്യ തട്ടുകേടില്ലാതെ ഈ കലാപരിപാടികളൊക്കെ മുന്നേറിക്കൊണ്ടിരിക്കുമപ്ഴാണ്‌ ഒരു പുതിയ ഇര വന്നു പെട്ടത്. ആവശ്യം സിമ്പിൾ . കൊച്ച് വാടകയ്ക്ക് വീടെടുക്കാൻ പോവുകയാണ്‌. എന്തൊക്കെ കര്യങ്ങളാണ്‌ ഹൗസേ​‍ാണറോട് ചോദിച്ച് ഉറപ്പു വെരുത്തേണ്ടതെന്ന്ന്. ഞാൻ പതിവു പോലെ ഉപദേശക്കെട്ടഴിച്ചു. ഉപദേശത്തിന്റെ കുത്തൊഴുക്കു കണ്ട് കൊച്ച് പേടിച്ചു പോയീന്നു തോന്നുന്നു. ഒക്കേം കേട്ടുകഴിഞ്ഞപ്പോൾ വീട് കാണാനും കാര്യങ്ങളൊക്കെ ചോദിക്കാനും കൂടെ വരാമോന്ന് ഒരപേക്ഷ. അതു കേട്ടതും എന്റെയുള്ളിലെ സഹായമനസ്ക സടകുടഞ്ഞെഴുന്നേറ്റു. അതിനെന്താ..ഇപ്പോ തന്നെ പോകാലോ എന്നായി ഞാന്‍. സത്യം പറഞ്ഞാല്‍  സഹായിക്കാന്‍ മുട്ടീട്ടൊന്നുമല്ല. ഇക്കാര്യം പറഞ്ഞ് കുറെ നേരത്തേക്ക് ഓഫീസില്‍ നിന്നും മുങ്ങാലോ. പിന്നെ സത്യസന്ധമായി മനസാക്ഷിയെ ഒന്നൂടെ സ്കാൻ നോക്കീപ്പോ ഒരു കാര്യം കൂടി കിട്ടി .പോയിക്കണ്ട് വല്ലവന്റേം വീടിനെ പറ്റി നാലു കുറ്റം പറയുമ്പോഴുള്ള ആ ഒരു ആത്മനിർവൃതി.അതും ഇല്ലാതില്ല..

പിന്നെ ഒക്കെ ശടുപിടേന്നായിരുന്നു. കൊച്ച് ഉടനെ തന്നെ ഹൗസോണറെ വിളിച്ച് വീടുകാണല്‍ ചടങ്ങിന്‌ മുഹൂര്‍ത്തം കുറിച്ചു. ഞാന്‍ സീക്രട്ടായി ഗൂഗിള്‍ മാപ്പ് നോക്കി പോകേണ്ട വഴിയൊക്കെ മനപ്പാഠമാക്കി. സ്ഥിരം വീട്ടിലേക്കു പോകുന്ന വഴി വരെ തെറ്റിക്കുന്ന ഒരാളാണു ഞാന്‍.. അപ്പോപ്പിന്നെ ഈ നാട്ടിലെ ഓരോ ഊടുവഴികളും എനിക്കെന്റെ കൈരേഖ പോലെ ഹൃദിസ്ഥമാണെന്ന് ബാക്കിയുള്ളോരെ തെറ്റിദ്ധരിപ്പിക്കാന്‍ അതേ വഴിയുള്ളൂ. അതും പോരാതെ കൊച്ചിനെ ഇമ്പ്രസ് ചെയ്യിക്കാനായി ആ സ്ഥലത്തെ പറ്റി ശകലം പൊതുവിജ്ഞാനവും  സെര്‍ച്ച് ചെയ്ത് സംഘടിപ്പിച്ചു വച്ചു.  അങ്ങനെ എല്ലാ തയ്യാറെടുപ്പും കഴിഞ്ഞ് യുദ്ധസന്നദ്ധയായി പുറത്തേക്കിറങ്ങുമ്പഴതാ എന്റെ പ്ലാനിലൊക്കെ മണ്ണു വാരിയിട്ടോണ്ട് ഒരു ഫോണ്‍ കോള്‍. ഹൗസോണറാന്റീടെ വക.അവരപ്പോ ഞങ്ങടെ ഓഫീസിനടുത്തെവിടെയൊ ഉണ്ടെന്നും ഞങ്ങളേം കാറില്‍ കേറ്റിക്കൊണ്ടു പോയി വീടു കാണിച്ചു തിരിച്ചുകൊണ്ടെത്തിക്കാമെന്നും. എന്റെ സ്ഥലപൊതുവിജ്ഞാനം പ്രകടിപ്പിക്കാനുള്ള അവസരം പോകുംന്നുള്ളതു കൊണ്ടു മാത്രമല്ല, സെക്യൂരിറ്റി കാരണം കൊണ്ടും എനിക്കാ ഐഡിയ തീരെ ബോധിച്ചില്ല. ഒരു പരിചയവുമില്ലാത്ത ആള്‍ക്കാര്‍ടെ കൂടെ അങ്ങനങ്ങ് പോകാന്‍ പറ്റുമോ. പക്ഷെ ഒരു രക്ഷയുമില്ല. ആ ആന്റി നിര്‍ബന്ധത്തോട് നിര്‍ബന്ധം. ഞങ്ങളേം കൂട്ടിക്കൊണ്ടേ പോവൂന്ന്. ഒടുക്കം ഞങ്ങള്‍ കീഴടങ്ങി. ഒരു നോര്‍ത്തിന്ത്യന്‍ ആന്റിയാണ്‌ ഡ്രൈവിംഗ് സീറ്റില്‍. പത്തറുപത് വയസ് പ്രായം കാണും. ഈ വീടന്വേഷി കൊച്ചും നോര്‍ത്തിന്ത്യനാണ്‌. അതു കൊണ്ടാവും ആന്റി ആകെ ആവേശത്തിലാരുന്നു. കൊച്ചിനെ അങ്ങ് ഏറ്റെടുത്ത മട്ടായി.  നിന്നെപ്പൊലൊരാളെയാണ്‌ താന്‍ തേടിനടക്കുന്നതെന്നും, ഈ വീട് ഇനി നിനക്കു മാത്രമേ തരൂ എന്നുമൊക്കെ പറഞ്ഞ് ആകെപ്പാടെ ഓവറാക്കാനും തുടങ്ങി. ഇതൊന്നും പോരാതെ അടുത്തു നിന്ന എന്നെ മൈന്‍‌ഡ് പോലും ചെയ്യാതെ കൊച്ചിനെ കാറില്‍ വലിച്ചു കേറ്റി മുന്നില്‍ ആന്റീടടുത്ത് തന്നെ പ്രതിഷ്ഠിച്ചു. ഞാനിങ്ങനെ ബ്ലിങ്കസ്യാന്നു നിന്നു പോയെങ്കിലും പെട്ടെന്നു തന്നെ ആകെ ബാക്കിയുള്ള ഓപ്ഷനായ ബാക്ക്സീറ്റിലേക്ക് വലിഞ്ഞു കേറി. സഞ്ചരിക്കുന്ന ഒരു സ്റ്റോര്‍‌രൂമിലേക്കാണ്‌ കേറാന്‍ പോകുന്നതെന്ന് എനിക്കൊരു ക്ലൂ പോലുമില്ലാരുന്നു. പിന്‍സീറ്റിലും തറേലും നിറയെ എന്തൊക്കെയോ സാധനങ്ങള്‍. കൂട്ടത്തില്‍ ഒരു സൈഡില്‍ നല്ലോണം പ്രായമായ ഒരു അപ്പൂപ്പനും. അപ്പൂപ്പനാവട്ടെ ഞാന്‍ കേറീത് തീരെ പിടിച്ച മട്ടില്ല. ഞാന്‍ ഒരു വിധത്തില്‍ ഇത്തിരിപ്പോരം സ്ഥലമുണ്ടാക്കി അവിടെ ഒടിഞ്ഞുമടങ്ങിയിരുന്നു. അതോടെ എന്റെ ജീവിതത്തിന്റെ ഒരേ ഒരു ലക്ഷ്യം കൈയിനും കാലിനും നട്ടെല്ലിനും ഷേപ്പു വ്യത്യാസമൊന്നും വരാതെ ആ യാത്ര ഒന്നു തീര്‍ക്കാന്‍ പറ്റണംന്നതു മാത്രമായി.

കൂടുതലൊന്നും പറയുന്നില്ല. ആ യാത്ര തീര്‍ന്നു. ഞാന്‍ ചാടി കാറിനു പുറത്തിറങ്ങി വളഞ്ഞുപോയിരുന്ന എല്ലെല്ലാം നിവര്‍ത്തിവച്ച് എന്റെ മനുഷ്യക്കോലം വീണ്ടെടുത്തു. വീടു കണ്ടു. ആന്റീടെ വീരവാദങ്ങളൊക്കെ സഹിച്ചു. മടക്കയാത്രയ്ക്കായി പിന്നേം കാറില്‍ കേറി. പക്ഷെ ഇത്തവണ റിസ്കെടുക്കാന്‍ തയ്യാറല്ലാരുന്നു. അപ്പൂപ്പന്റെ കലിപ്പു നോട്ടം വകവെയ്ക്കാതെ ഞാന്‍ കുറെ സാധനങ്ങളെടുത്ത് മടിയില്‍ വച്ച് അത്യാവശ്യം നേരെ ഇരിക്കാനുള്ള സൗകര്യം ഉണ്ടാക്കിയെടുത്തു. ഇതോടെ പീഢാനുഭവമൊക്കെ കഴിഞ്ഞു എന്നു ആശ്വസിച്ചിരിക്കുമ്പഴാണ്‌ ആന്റീം അപ്പൂപ്പനും തമ്മില്‍ ഒരു ഭീകര വഴക്ക് പൊട്ടിപ്പുറപ്പെട്ടത്. എന്താണ്‌ പ്രകോപനം എന്നൊന്നും പിടി കിട്ടീല. അറിയാത്ത ഭാഷയില്‍ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഇഞ്ചോടിച്ച് വിട്ടുകൊടുക്കാതെ ഷൗട്ട് ചെയ്യുകയാണ്‌. അതൊക്കെ അവര്‍ടെ കുടുംബകാര്യം. പക്ഷെ സ്റ്റിയറിംഗ് വീലില്‍ നിന്ന് വഴക്കിലേക്ക് ആന്റീടെ ഫുള്‍ശ്രദ്ധ തെന്നിപ്പോയാല്‍ ഞങ്ങള്‍ രണ്ടു നിരപരാധികള്‍ടെ കാര്യം കട്ടപ്പൊകയാവും. ഞാന്‍ സീറ്റില്‍ അള്ളിപ്പിടിച്ചിരുന്നു.  കാറില്‍ നിന്നു ചാടുന്നതാവുമോ കാറില്‍ തന്നെ ഇരിക്കുന്നതാവുമോ കൂടുതല്‍ സേഫ് എന്ന് ഞാന്‍ മനക്കണക്ക് കൂട്ടുന്ന അവസ്ഥ വരെയായി.

പെട്ടെന്ന് കാറു നിന്നു. എന്തൊക്കെയോ വിളിച്ചു പറഞ്ഞോണ്ട് ആന്റി ഇറങ്ങി റോഡരികില്‍ ഒരു കെട്ടിടത്തിലേക്കു പോയി. അപ്പൂപ്പന്‍ പുറകില്‍ നിന്നും ഇറങ്ങി ഡ്രൈവിംഗ് സീറ്റില്‍ കേറി. രണ്ടു മൂന്നു പ്രാവശ്യം കുലുങ്ങി കാര്‍ സ്റ്റാര്‍ട്ടായി. കാറ് റോഡിന്റെ ഡിവൈഡറു ലക്ഷ്യമാക്കി ഒറ്റപ്പാച്ചില്‍. അതിന്റെ തൊട്ടടുത്തെത്തി ടപ്പോന്ന് നിന്നെങ്കിലും പേടിച്ച് ഞാന്‍ പകുതി ചത്ത അവസ്ഥയിലായിപ്പോയി. പ്രായക്കൂടുതല്‍ കൊണ്ടാവാം അപ്പൂപ്പന്റെ ഡ്രൈവിംഗ് ആകെ അലങ്കോലമാണ്‌. അപ്പൂപ്പന്‍ സീറ്റ് ബെല്‍റ്റിടാത്തതിന്റെ അലാറം മരണമണി പോലെ കാറിനകത്തു കുഴങ്ങുന്നുമുണ്ട്. സീറ്റ് ബെല്‍റ്റ് കുത്താന്‍ അപ്പൂപ്പന്‍ തിരിഞ്ഞതോടെ സ്റ്റിയരിംഗ് പിന്നെം കൈയീന്നു പോയി. അടുത്തൂടെ വന്ന ഒരു വണ്ടി ജീവനും കൊണ്ട് ഓടിപ്പോവുന്നതും കണ്ടു. ഇത്തിരി നേരോം കൂടി ഇതിനകത്തിരുന്നാല്‍ ഒന്നുകില്‍ ആക്സിഡന്റില്‍ മരിക്കും അല്ലെങ്കില്‍ ഈ പൈശാചിക ഡ്രൈവിംഗ് കണ്ടു കണ്ട് ഹാര്‍ട്ടറ്റാക്ക് വന്നു മരിക്കും.അതുറപ്പായി. ഇടയ്ക്കിടയ്ക്ക് 'ഇവിടെ നിര്‍ത്തിക്കോ,ഞങ്ങളങ്ങ് പൊയ്ക്കോളാം' എന്നൊക്കെ ഞങ്ങളു പറയുന്നുണ്ട്. യെവടെ..  വിനയം കാരണം പറയുന്നതാണെന്ന് തെറ്റിദ്ധരിച്ച് അപ്പൂപ്പന്‍ അതൊക്കേം ഇഗ്നോര്‍ മോഡില്‍ ഇടുകയാണ്‌.അതോണ്ട് അങ്ങനേം രക്ഷപെടാനും വഴിയില്ല. ടെന്‍‌ഷന്‍ താങ്ങാന്‍ വയ്യാതെ ,ഒരിത്തിരി ക്ലോറോഫാം കിട്ടുകയാരുന്നെങ്കില്‍ അതു സ്വയം മണപ്പിച്ച് ബോധം കെട്ടു കിടക്കാരുന്നല്ലോന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയി..

എങ്ങാനും വല്ല ആക്സിഡന്റുമുണ്ടായാലുള്ള കാര്യമാണ്‌ കോമഡി. പണ്ട് നമ്മടെ ഡയാനാ രാജകുമാരി ആക്സിഡന്റില്‍ മരിച്ചപ്പോ എന്തൊക്കെ കോണ്‍സ്പിരസി തിയറികളാരുന്നു ഇറങ്ങീത്. ഞങ്ങടെ കാര്യോം ഏതാണ്ടതു പോലെ ആവാന്‍ സാധ്യതയുണ്ട്. തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത മൂന്നു പേര്‌ ഒരു കാറിനുള്ളില്‍. ഈ സമയത്ത് ഓഫീസില്‍ ഇരിക്കേണ്ട ഞാന്‍ എങ്ങനെ ഇങ്ങനൊരു അപകടാവസ്ഥയിലെത്തിയെന്ന് ആര്‍ക്കും ,എന്റെ സ്വന്തം കെട്ട്യോനു പോലും, ഒരു ക്ലൂവും കാണില്ല. എങ്ങാനും വല്ലതും സംഭവിച്ചു പോയാല്‍,'മലയാളി ഐ-ടിക്കാരി യൂക്കേയില്‍ വടിയായി.. ഭീകര ദുരൂഹത' എന്നും പറഞ്ഞ് കഥകളുണ്ടാക്കി പത്രക്കാരും ചാനലുകാരുമൊക്കെ ആഘോഷിച്ച് ചളമാക്ക്വേം ചെയ്യും.

അങ്ങനെ ഒക്കേം ആലോചിച്ച് ഏതാണ്ടൊക്കെ കാറ്റു പോയി ഇരിക്കുമ്പഴാണ്‌ അങ്ങ് റോഡ്സൈഡില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കാണുന്നത്. എന്നെ രക്ഷിക്കാന്‍ വേണ്‍റ്റി മാത്രമാണ്‌ ആ സൂപ്പര്‍മാര്‍ക്കറ്റ് അവിടെ പ്രത്യക്ഷപ്പെട്ടത് എന്നു തോന്നിപ്പോയി. " വണ്ടി നിര്‍ത്ത്.. എനിക്കവിടുന്നു സാധനം വാങ്ങാനുണ്ട്" എന്ന് പറ്റാവുന്നത്ര അത്യാസന്നഭാവത്തോടെ പറഞ്ഞു. അതെന്തായാലും ഏറ്റു. അപ്പൂപ്പന്‍ വണ്ടി നിര്‍ത്തി തന്നു. ഞങ്ങള്‍ ബാക്കിയുള്ള ജീവനും കൊണ്ട് ചാടിയിറങ്ങി. താങ്ക്സ് പറഞ്ഞ് രക്ഷപെടാന്‍ നോക്കുമ്പഴാണ്‌ അപ്പൂപ്പന്റെ വക ചങ്കു തകര്‍ക്കുന്ന ആ ഓഫര്‍. "പെട്ടെന്ന് സാധനം മേടിച്ചു വാ, ഞാനിവിടെ വെയ്റ്റ് ചെയ്യാം. ഇല്ലെങ്കില്‍ ഓഫീസിലെത്താന്‍ ലേറ്റ് ആവില്ലേന്ന്. "Better late than never".എന്നല്ലേ അപ്പൂപ്പാ എന്നാണ്‌ പെട്ടെന്ന് നാവിലേക്ക് വന്നതെങ്കിലും ഞാനതങ്ങ് വിഴുങ്ങി.പകരം കുറെ നന്ദിവാക്കുകളൊക്കെ വാരിക്കോരി ഉപയോഗിച്ച് ഒരു വിധത്തില്‍ ആ ഓഫറില്‍ നിന്നും തലയൂരി അപ്പൂപ്പനെ യാത്രയാക്കി. ഒന്നൂല്ലേലും  ഞങ്ങള്‌ സമയത്തിനും കാലത്തിനും ഓഫീസിലെത്തണമെന്ന കാര്യത്തില്‍ ഞങ്ങളെക്കാളും ആത്മാര്‍ത്ഥതയുള്ള അപ്പൂപ്പനല്ലേ. അതും സ്വന്തം (കൂട്ടത്തില്‍ ഞങ്ങടേം കൂടെ ) ജീവന്‍  തൃണവത്കരിച്ചോണ്ട്..

Saturday, May 10, 2014

ബ്ലോഗില്‍ നിന്ന് ബുക്കിലേക്ക്..


 ഓണ്‍‌ലൈനില്‍ എഴുതിയെഴുതി ഞാനിപ്പോ ഇന്റര്‍നെറ്റില്ലാതേം എഴുത്തുതുടങ്ങി. എന്നു വച്ചാല്‍ ബ്ലോഗെഴുത്തു കാരണം ബുക്കില്‍ കേറീന്ന്. ഗിന്നസ് ബുക്കിലല്ല, മ്മടെ സ്വന്തം ബുക്കില്‍.
 ദേണ്ട്, മാതൃഭൂമി ബുക്ക്സ് കൊച്ചുത്രേസ്യയുടെ ലോകം പുസ്തകരൂപത്തിലാക്കിയിരിക്കുന്നു.

ഈ ലിങ്കുകള്‍ വഴിയൊക്കെ പോയാല്‍ ബുക്കിനെപറ്റി ഏതാണ്ടൊക്കെ വിവരം കിട്ടും.  വാങ്ങിച്ചു വായിച്ചാല്‍ അതിലും കൂടുതല്‍ വിവരം കിട്ടും..അപ്പോ എല്ലാം പറഞ്ഞ പോലെ :-))

http://www.mathrubhumi.com/books/article/nostalgia/2846/
https://www.facebook.com/mathrubhumibooks
http://www.indulekha.com/kochuthresiayude-lokam-blog-wriitng-kochuthresia


Wednesday, December 11, 2013

ദോശ!!

അരീം ഉഴുന്നും തമ്മിലുള്ള ഒരു ഫോര്‍സ്ഡ് മാര്യേജാണ്‌ ദോശ. രണ്ടിനേം വെവ്വേറെ അരച്ച് പതം വരുത്തി മര്യാദ പഠിപ്പിച്ച് ഒരു മുന്നൊരുക്കവുമില്ലാതെ ഒരു പാത്രത്തിലേക്കിടും. രണ്ടു പേര്‍ക്കും ഒന്നു പരിചയപ്പെടാനുള്ള സമയം പോലും കൊടുക്കാതെ ചറപറാ ഇളക്കി യോജിപ്പിക്കും. ന്നിട്ട് ആ പാത്രത്തില്‍ തന്നെ ബന്ധനസ്ഥരാക്കി ഒരു രാത്രി മുഴുവന്‍ വെയ്ക്കും. എന്തിന്‌..ഇത്രേം നേരം ആരുടേം ശല്യമില്ലാതെ ഇരുന്ന് രണ്ടാളും നല്ല കൂട്ടാവാന്‍ വേണ്ടി. പാവങ്ങള് ... രണ്ടും കൂടി തല്ലും പിടീമായി ആ രാത്രി കഴിക്കും. എങ്ങനെലും മറ്റെയാള്‍ടെ സാമീപ്യത്തില്‍ നിന്ന് രക്ഷപെട്ട് ..എന്തിന്‌.. ആ പാത്രത്തില്‍ നിന്നു തന്നെ രക്ഷപെട്ടോടാന്‍ വേണ്ടി രണ്ടു പേരും മാക്സിമം ശ്രമിക്കും. എന്നാലതീന്നു രക്ഷപെടാന്‍ പറ്റ്വോ.. അതില്ല.. അത്രെം ആഴത്തിലുള്ള പാത്രത്തിലല്ലേ കൊണ്ടിട്ടിരിക്കുന്നത്. തങ്ങളെ കൊണ്‍റ്റു പറ്റാവുന്നത്ര എത്തിപ്പിടിച്ചു കേറി കുറച്ചു കഴിയുമ്പോല്‍ രണ്‍റ്റിനും മനസിലാവും. ഇതില്‍ നിന്നൊരു മോചനമില്ല എന്ന്. ഇനിയുള്ളതെല്ലം വിധിക്കു വിട്ടുകൊടുത്ത് അവര്‍ കാത്തിരിക്കും. രാവിലെ ആവുമ്പോ ചുറ്റും ആളുകളുടെ അഭിനന്ദനങ്ങള്‍ കേട്ട് അവര്‍ അന്തം വിടും.' ' ഹാ എന്തു നല്ല ജോഡി, എന്തൊരൊരുമ, എന്തു നന്നായി കൂട്ടുകൂടിയിരിക്കുന്നു' എന്നൊക്കെ. അവരുടെ എതിര്‍പ്പാവട്ടെ ആരുമൊട്ടു മനസിലാക്കെമില്ല.എന്നിട്ടും തീര്‍ന്നില്ല.. ഈ ബന്ധത്തെ ഇനിയും ഊട്ടിയുറപ്പികേണ്ടതുണ്ട് എന്നു നിശ്ചയിച്ച് അവരെ കോരിയെടുത്ത് ചൂടായ ദോശക്കല്ലിലേക്കൊഴിച്ച് പരത്തും. ശീ ശീ എന്ന ശബ്ദത്തോടെ അവര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കും. ആരു കേള്‍ക്കാന്‍?? അവരുടെ ഉയരുന്ന വിലാപങ്ങള്‍ ഉപരിതലത്തിലെക്കു വന്ന് തുളകളായി അമര്‍ന്നു പോകുന്നു. ദീര്‍‌ഘനിശ്വാസങ്ങല്‍ മാത്രം ചൂടു പറക്കുന്ന ആവിയായി മുകളിലേക്ക് ഉയരുന്നു. പതിയെ പതിയെ അവരാ വിധിയ്ക്ക് പൂര്‍‌ണ്ണമായും കീഴ്പ്പെടുന്നു. ഇനി മുതല്‍ എന്തോക്കെ സം‌ഭവിച്ചാലും ഒരാളില്‍ നിന്നും മറ്റെയാള്‍‌ക്ക് മോചനമില്ലാത്തവിധം അവര്‍ ബന്ധിപ്പിക്കപ്പെട്ടു കഴിഞ്ഞു. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ വിധ ആശീര്വാദങ്ങളും അര്‍പ്പിച്ച് കാര്‍മ്മികര്‍ പല വഴിക്കു പോകുന്നു‌. ഇനി യാത്രയാണ്‌.. ആഞ്ഞു ഞെരിക്കുന്ന പാറക്കെട്ടുള്‍ക്കിടയിലൂടെ, മുക്കിതാഴ്ത്തുന്ന വെള്ളച്ചാട്ടങ്ങളിലൂടെ വളവും തിരിവും കുഴികളും നിറഞ്ഞ ഇടുങ്ങിയ വഴികളിലൂടെ, സത്തു മുഴുവന്‍ ഊറ്റിയെടുക്കപ്പെട്ട്.. ആരോടും പരാതി പറയാനാവാതെ....

(ഗുണപാഠം: ദോശ കല്ലെലിട്ട് പരത്തിക്കഴിഞ്ഞാല്‍ പിന്നെ അതു തന്നെ വെന്തോളും.ആ സമയത്ത് പോയി ചമ്മന്തിയുണ്ടാക്കണം. അല്ലാതെ ചട്ടുകത്തില്‍ താടീം വച്ച് ദോശ വേവുന്ന മൊത്തം സമയോം അതിലേക്കു തുറിച്ചു നോക്കിക്കൊണ്ടിരുന്നാല്‍ ഇതേ പോലെ പല ആന്ദോളനങ്ങളും തലേലേക്കു വന്നു പോവും.)

Thursday, November 28, 2013

മടി ഈസ് ദ മദര്‍ ഓഫ് മുടന്തന്‍‌ന്യായങ്ങള്‍...

സമയം അതിരാവിലെ ആറര.

പിരമിഡിന്റുള്ളില്‍ മമ്മി കിടക്കുന്നതു പോലെ,പുതപ്പു കൊണ്ട് ആടമൂടം മൂടി ഉറങ്ങുന്ന നായിക.  കുട്ടിനിക്കറും കുട്ടിസോക്സും കളറ്‌ ശൂസും വിക്രമന്‍ ടീഷര്‍ട്ടുമിട്ട് നായികയെ തുറിച്ചു നോക്കുന്ന ഒരു  ഭീകരപ്രശ്നം, അഥവാ നായകന്‍.

നായകന്റെ ലക്ഷ്യം - നായികയെ എങ്ങനേലും ജിമ്മിലെക്കു വലിച്ചോണ്ടു പോകുക
നായികയുടെ ലക്ഷ്യം- എന്തു ജുദ്ദം ചെയ്തിട്ടായാലും ശരി, കിടക്കയില്‍ അള്ളിപ്പിടിച്ചു കിടന്നുറങ്ങുക

നായകന്റെ പഞ്ചാരവാക്കുകള്‍, വഴക്ക്, കളിയാക്കല്‍,ഭീഷണി തുടങ്ങിയ യുദ്ധതന്ത്രങ്ങളെ ഒക്കെ നായിക തന്റെ നിശ്ചയദാര്‍‌ഢ്യം കൊണ്ട് അതിജീവിച്ചു. നായകന്‍ പത്തൊന്‍പതാമത്തെ അടവിലേക്ക്.. പ്രലോഭനം

" നീ ഒന്നാലോചിച്ചു നോക്കിക്കേ. മെലിഞ്ഞു കഴിഞ്ഞാല്‍ എന്തു സുന്ദരിയാവുമെന്ന്"

"എനിക്ക് സൗന്ദര്യം വേണ്ട. ബാഹ്യമായ സൗന്ദര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല"

" നീ ഒന്നു മെലിഞ്ഞിട്ടു വേണം നിനക്ക് ചെറിയ സൈസിലുള്ള കുറച്ച് സ്റ്റൈലന്‍ കുപ്പായങ്ങള്‍ വാങ്ങിച്ചു തരാന്‍"

"എനിക്കാരും കുപ്പായം മേടിച്ചു തരണ്ട.  മെലിഞ്ഞു കഴിയുമ്പോ ഇടാനുള്ള ചെറിയ കുപ്പായങ്ങള്‍ ഇപ്പോ തന്നെ ഞാന്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്"

"ആഹാ അപ്പോള്‍ പകുതി പണി കഴിഞ്ഞു,. ഇനി മെലിയുകേം കൂടി ചെയ്താല്‍ മതീലോ. എണീക്ക്..ബാ പൂവാം"

"ഇങ്ങനെ ക്രൂരനാവരുത്. കഷ്ടപ്പെട്ട് പകുതി പണി വരെ ഞാന്‍ ചെയ്തു തീര്‍‌ത്തില്ലേ. ഇനി ഞാനൊന്നു ഉറങ്ങിവിശ്രമിച്ചിട്ട് ബാക്കി പണി ചെയ്യാംന്നേ. പ്ലീസ്.."


ശേഷം:
നായകന്‍ കണ്‍ഫ്യൂഹ: നായിക ബാക്ക് റ്റു സ്ലീപ്പഹ: