ഒന്നോർത്താൽ വയനാടിനോടു പാവം തോന്നിപ്പോകും. സ്വന്തമായി ഒരു റെയിൽവേയോ കടൽത്തീരമോ ഇല്ലെന്നതു പോട്ടെ, വയനാട് എന്ന പേരിലൊരു ടൗണോ എന്തിന് ഒരു ബസ്സ്റ്റോപ് പോലുമോ അവിടില്ലത്രേ.അതുകൊണ്ടു തന്നെ ബസിൽ കയറി ചുമ്മാ 'വയനാട് ടൗണിലേക്കൊരു ടിക്കറ്റ്' എന്നും പറഞ്ഞ് യാത്ര തുടങ്ങാനൊന്നും പറ്റില്ല. വ്യക്തമായ ഒരു ലക്ഷ്യസ്ഥാനം വേണം. ഞങ്ങളെന്തായാലും ഐശ്വര്യമായി തിരുനെല്ലി ക്ഷേത്രത്തിൽ നിന്നു തന്നെ വയനാട് പര്യടനം ആരംഭിക്കാൻ തീരുമാനിച്ചു.അങ്ങനെ മഴയൊക്കെ തോർന്ന ഒരു പ്രഭാതത്തിൽ കണ്ണൂരു നിന്നും പറശ്ശിനി-തിരുനെല്ലി ബസിൽ നെടുംപൊയിൽ ചുരം കയറി മാനന്തവാടി വഴി ഞങ്ങൾ - ഞാനും കുരുട്ടും എന്റെ കസിൻ സന്ധ്യയും- തിരുനെല്ലിയിലെത്തി.
പര്യടനം തുടങ്ങുന്നതിനു മുൻപ് വയനാട്ടിലേക്കൊന്നു സ്വാഗതം ചെയ്തോട്ടെ. ഫോട്ടോ നോക്ക്. ഫോട്ടോയുടെ വലത്തേ അറ്റത്ത് തടവറ പോലെ ഒരു വാതിലു കണ്ടോ. ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർന്നോ മറ്റോ ഒരു ബോർഡ് തൂക്കിയിട്ടുണ്ട് അതിനു മുന്നിൽ. ചെന്നു നോക്കിയാൽ ഹൊറർ സിനിമ പോലെ തോന്നും. ഒരു ഇരുട്ടുമുറിയും അതിനുള്ളിൽ പ്രേതത്തെ തളച്ച പോലെ വെളുത്ത ഒരു കസേരയും. അതു മാത്രമായിട്ടെന്തിനാണോ പോലും അവിടെ വച്ചിരിക്കുന്നത്!!
നട്ടുച്ചയ്ക്കും തിരുനെല്ലിയിൽ നല്ല തണുപ്പായിരുന്നു. ബസിറങ്ങി നോക്കുമ്പോൾ തന്നെ സ്റ്റെപ്പുകൾക്കു അങ്ങു മുകളിൽ ക്ഷേത്രത്തിന്റെ മുകൾഭാഗം കാണാം.ക്യാമറ അകത്തു കയറ്റണമെങ്കിൽ പ്രത്യേക അനുവാദം വേണം. മുകളിൽ പോയി 25 രൂപ അടച്ചാൽ മതീന്ന് എൻക്വയറീലെ ചേട്ടൻ പറഞ്ഞു.റെസീറ്റ് കിട്ടീപ്പോഴാല്ലേ മനസിലായത്,ക്യാമറയ്ക്കൊന്നുമല്ല പൈസ, തിരുനെല്ലിക്ഷേത്രനവീകരണഫണ്ടിലേക്കുള്ള സംഭാവനയാണത്രേ. 5000 രൂപ കൊടുക്കുന്നവർടെ പേര് അമ്പലത്തിന്റെ മുകളിലിടാൻ പോവുന്ന ഷീറ്റിൽ എഴുതിവയ്ക്കുമെന്ന് അവിടെ എഴുതിവച്ചിട്ടുണ്ട്.10000 ആണെങ്കിൽ നമ്മടെ പേര് അമ്പലത്തിന്റെ സ്റ്റെപ്പിൽ കൊത്തിവയ്ക്കും ,യെപ്പടി!! അതെന്തെങ്കിലുമാവട്ടെ, അമ്പലം കണ്ടാൽകാശു പോയ വിഷമമൊക്കെ മാറിക്കോളും. പ്രകൃതിരമണീയമയ ബ്രഹ്മഗിരി മലയും അതിലെ മനോഹരമായ അമ്പലവും ; പഴമയുടെ പ്രൗഢീന്നൊക്കെ പറയാറില്ലേ -അതുതന്നെ. പത്തുമൂവായിരം വർഷം പഴക്കമുണ്ടത്രേ.വിഷ്ണുവാണ് പ്രതിഷ്ഠ.പ്രതിഷ്ഠിച്ചതു ബ്രഹ്മാവും.ദക്ഷിണകാശീന്നൊരു പേരു കൂടിയുണ്ട് ഈ ക്ഷേത്രത്തിന്.ദാ താഴെ അമ്പലം.
ഇനി പാപനാശിനിയിലേക്കാണ്. . പോവുന്ന വഴിയിൽ പഞ്ചതീർത്ഥം കാണാം. പണ്ട് അഞ്ചു തീർത്ഥങ്ങൾ(നദികൾ) ഒന്നിച്ചു ചേരുന്ന സ്ഥലമായിരുന്നത്രേ.ഇപ്പോൾ ചുരുങ്ങിചുരുങ്ങി ഒരു കുഞ്ഞുകുളം പോലെയായി. ആ കുളത്തിന്റെ നടുക്ക് വിഷ്ണുവിന്റേതാണെന്നു വിശ്വസിക്കപ്പെടുന്ന പാദമുദ്രയുണ്ട്. ദാ താഴെ അതിന്റെയൊരു ക്ലോസപ്പ്.
പാപനാശിനി അമ്പലത്തെ ചുറ്റിയൊഴുകുന്ന പുഴയാണ്. പണ്ട് ഈ പുഴയിലേക്ക് അമൃതിന്റെ തുള്ളികൾ വീണിട്ടുണ്ടത്രേ. അതുകൊണ്ട് ഇതിൽ കുളിക്കുന്നവർക്കൊക്കെ പാപമോക്ഷം കിട്ടുമെന്നാണ് വിശ്വാസം.കർക്കിടകവാവിന് ബലിതർപ്പണം ചെയ്യാനും ഇവിടെ ധാരാളം ആളുകൾ വരാറുണ്ട്.താഴെയതാ ബലിതർപ്പണം നടത്തുന്ന സ്ഥലം.സൂക്ഷിച്ചു നോക്കിയാൽ തർപ്പണത്തിനുപയോഗിച്ച കുടങ്ങളൊക്കെ കിടക്കുന്നതു കാണാം.
അവിടെനിന്നും മുകളിലേക്കു നടന്നാൽ മുങ്ങിക്കുളിക്കാനുള്ള സ്ഥലമായി.ഐസ്വാട്ടർ പോലെ തണുത്ത വെള്ളം.പുഴാന്നൊക്കെ പറയുന്നുണ്ടെങ്കിലും മലമുകളിലൂടെ ഒഴുകിവരുന്ന ഒരു അരുവിയാണെന്നേ കണ്ടാൽ തോന്നൂ.ശരിക്കും നല്ലോരു കാടിന്റെ അന്തരീക്ഷം. .ദാ താഴെ പാപനാശിനി. മുങ്ങിക്കുളിക്കാനൊന്നും പ്ലാനില്ലാതെ ചുമ്മാ ഇതിലിറങ്ങി കാലുകഴുകാംന്നു വച്ചാലും നനഞ്ഞുകുളിച്ചേ തിരിച്ചു കയറാനാവൂ. അത്രയ്ക്ക് വഴുക്കലാണ് കുളത്തിലെ കല്ലുകളിൽ.ശരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ എപ്പം വീണൂന്നു ചോദിച്ചാൽ മതി (അനുഭവം ഗുരു).
അടുത്ത ലക്ഷ്യം കബനീനദിയിലെ കുറുവാ ദ്വീപായിരുന്നു. ഒന്നു രണ്ടുമല്ല.ഏഴു ദ്വീപുകളുടെ ഒരു കൂട്ടമാണ് കുറുവ.ബോട്ടിലാണ് ദ്വീപിലെത്തുന്നത്. ചില ഭാഗങ്ങളിൽ നിന്ന് പാലം വഴിയും ദ്വീപിലേക്കു കടക്കാൻ പറ്റും. ശാന്തതഎന്നാൽ എന്താണെന്നറിയണമെങ്കിൽ ഇവിടെ വന്നാൽ മതി. കുറച്ച് ഉള്ളിലേക്കു കടന്നാൽ പിന്നെ നമ്മളും പ്രകൃതിയും മാത്രം. കൃത്രിമമായ ഒനും ഇവിടെ കാണാൻ കിട്ടില്ല. ഇരിപ്പിടങ്ങളും പാലങ്ങളും വിശ്രമസ്ഥലങ്ങളുമെല്ലാം മുള കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. . ഞങ്ങൾ പോയ വഴിക്കൊക്കെ മുളങ്കാടുകളായിരുന്നു.എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത അവിടുത്തെ വൃത്തിയാണ്. അലക്ഷ്യമായി ഇട്ടിരിക്കുന്ന ബോട്ടിലുകളോ പ്ലാസ്റ്റിക് കവറുകളോ ഒന്നും കാണാൻ കിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ ബാഹ്യലോകത്തിന്റെ യാതൊരു അവശിഷ്ടങ്ങളും (മനുഷ്യരല്ലാതെ)ഇവിടില്ലന്നു തന്നെ പറയം. ഇടയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന കബനീനദി. വെള്ളത്തിലൂടെ നടന്ന് അടുത്ത ദ്വീപിലേക്കു പോകാം. ചിലസ്ഥലത്ത് നല്ല ഒഴുക്കുണ്ട്.എന്നാലും നദിയിലിറങ്ങി ഒന്നു തിമിർക്കാതെ തിരിച്ചു കയറാൻ തോന്നില്ല.കല്ലുകൾടെ വഴുക്കൽ ഇവിടേം വില്ലനാണ്. മറ്റൊന്നും കൂടിയുണ്ട്. നദിയുടെ തീരത്തുള്ള മെലിഞ്ഞ മരങ്ങൾ. ഒരു സപ്പോർട്ടിനു വേണ്ടി അതിലു മുറുക്കെ പിടിച്ച് നദിയിലേക്കിറങ്ങാൻ നോക്കിയാൽ വിവരമറിയും. തള്ളിയിട്ടതു പോലെ വെള്ളത്തിലേക്കു വീണോളും. വലിയ മരങ്ങളാണുടെ മോളിൽ നിന്നും തൂങ്ങികിടക്കുന്ന യമണ്ടൻ വള്ളികളാണ് ഈ കുഞ്ഞുമരങ്ങൾടെ മട്ടിലും ഭാവത്തിലും നിൽക്കുന്നത്. മറ്റേ അറ്റം വെള്ളത്തിൽ ഒളിപ്പിച്ചു വയ്ക്കും..മരമാണെന്നു തെറ്റിദ്ധരിച്ച് അതിലു പിടിക്കുന്ന വിഡ്ഡികളെ(വിഡ്ഡിണികളെയും) ബാലൻസു തെറ്റിച്ച് നിർദ്ദാക്ഷിണ്യം വെള്ളത്തിലേക്കിടും (വീണ്ടും അനുഭവം ഗുരു). ദ്വീപിന്റെ ദൃശ്യങ്ങളിതാ താഴെ.
വയനാട്ടിൽ ചെന്നിട്ട് എടക്കലിൽ കയറാതെ പോവാനോ!! ഞങ്ങൾ മൂന്നു പേരുടേം തയ്യാറെടുപ്പുകളൊക്കെ കണ്ടാൽ തോന്നും എവറസ്റ്റ് കയറാനാണ് പോവുന്നതെന്ന്. മല കയറാൻ പറ്റിയ കുപ്പായം, ഷൂസ്, ബാക്ക്പാക്കിൽ മൂന്നാലു കുപ്പി വെള്ളം എന്നു വേണ്ട ആകെ ബഹളം. ഗ്രൂപ്പായി പോയാലേ മല കയാറാനോക്കെ ഒരു സുഖമുള്ളൂ.. അതും ഒത്തു കിട്ടി. എന്റെ സിസ്റ്ററാന്റിയുടെ മഠത്തിലാണ് ഞങ്ങൾ ക്യാംപ് ചെയ്തിരുന്നത്. ആന്റി, മഠത്തിലെ കുറച്ച് 'കന്യാസ്ത്രിക്കുഞ്ഞുങ്ങളെ' (സിസ്റ്ററാവാൻ പഠിക്കുന്ന കുട്ടികൾ) ഞങ്ങൾടെ കൂടെ മല കയറാൻ വിട്ടു. കൂടെ ഒരു ഡ്രൈവറും പിന്നെ വഴി കാണിച്ചു തരാൻ ഒരു ആദിവാസിച്ചേട്ടനും. എടക്കലിലെത്തി വണ്ടിയൊക്കെ പാർക്കു ചെയ്ത് ആഘോഷമായി കയറ്റം ആരംഭിച്ചു. ആദ്യം ഏകദേശം ഒരു കിലോമീറ്ററോളം ടാറിംഗ് റോഡുണ്ട്. അത്രേം ദൂരത്തേക്ക് അവിടുന്ന് ജീപ്പ്സർവീസുണ്ട്. 40 രൂപയോ മറ്റോ കൊടുത്താൽ മതി. എനാലും ഞങ്ങള് ധീരമായി അ റോഡിലൂടെ നടന്നു തന്നെ പോവാൻ തീരുമാനിച്ചു. പക്ഷേങ്കിൽ, മലയുടെ മോളിലേക്ക് ടാറിട്ടാലെന്ത്, മാർബിളിട്ടാലെന്ത് ,കയറ്റം കയറ്റം തന്നെയല്ലേ. മനുഷ്യനെ ഇത്രേം ബുദ്ധിപ്പിട്ടിപ്പിക്കുന്ന ഒരു റോഡ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഒരു കയറ്റം ആഞ്ഞു വലിച്ചു കയറി കുറച്ചു നേരം അവിടിരുന്ന് വിശ്രമിച്ച് പിന്നെ അടുത്തതു കയറി പതുക്കെ പതുക്കെ ഞങ്ങൾ മൂന്നു പേരും ഒരു വിധത്തിൽ യാത്ര തുടർന്നു. സംഘത്തിലുള്ള ബാക്കിയെല്ലാരും കയറ്റങ്ങളൊക്കെ ഓടിയാണു കയറുന്നത്.അതു കാണുമ്പോഴാണ് കൂടുതൽ വിഷമം.ടാറിംഗ്റോഡു കഴിഞ്ഞ് കല്ലുകൾക്കിടയിലൂടെ കുറച്ചൂടെ കയറി മോളിലെത്തിയാൽ ഒരു വലിയ പാറ വഴി മുടക്കി നിൽക്കുന്നതു കാണാം.ഇതു തന്നെ എടക്കൽ ഗുഹ എന്നും വിചാരിച്ച് സർവശക്തിയും സംഭരിച്ച് കയറിയെത്തീപ്പോഴല്ലേ മനസിലായത് അതു ടിക്കറ്റ് കൗണ്ടറാണു പോലും.അവിടുന്ന് പിന്നേം 200 മീറ്ററോളം കുത്തനെയുള്ള കയറ്റം കയറിയാലേ ഗുഹയിലെത്തൂ..
എടക്കലിനെ പറ്റി പറയുമ്പോൾ അമ്പുകുത്തിമലയെപറ്റി പറഞ്ഞേ പറ്റൂ. ആ മലയിലാണ് എടക്കൽ ഗുഹ-ഏതാണ്ട് ആയിരം മീറ്റർ ഉയരത്തിൽ.ഇതാ ആ മലയുടെ ഒരു വിദൂരചിത്രം. ഒന്നു സൂക്ഷിച്ചു നോക്ക്..വല്ലതും തോന്നുന്നുണ്ടോ. പണ്ട് ശ്രീരാമൻ അമ്പെയ്തുകൊന്ന താടകയാണത്രേ ആ കിടക്കുന്നത്. അങ്ങനെ കിട്ടിയതാണ് 'അമ്പുകുത്തി' എന്ന പേരും.ഒരു സ്ത്രീ മലർന്നു കിടക്കുന്ന രൂപമാണ് ആ മലയ്ക്ക്. ശരിക്കും തോന്നുന്നില്ലേ..
ടിക്കറ്റൊക്കെ എടുത്ത് ആ ഭീമൻപാറയിലൂടെ ഇടയിലുള്ള ഇത്തിരി വിടവിലൂടെ കയറി അപ്പുറം കടന്ന് പിന്നേം കുത്തനെയുള്ള കയറ്റം.200 മീറ്ററേയുള്ളെങ്കിലും ഒരു രണ്ടു ലക്ഷം മീറ്റർ ദൂരം തോന്നിക്കും. അത്രയ്ക്കും ബുദ്ധിമുട്ടായ കയറ്റം. നിറയെ കല്ലുകളും പാറകളും. ഇടയ്ക്കിടയ്ക്ക് സ്റ്റെപ്പുകളൊക്കെ നിർമ്മിച്ചു വച്ചിട്ടുണ്ട്. അതിലു കയറുന്നതിലും ഭേദം കല്ലിലൂടെ പിടിച്ച് വലിഞ്ഞു കയറുന്നതു തന്നെയാണ്. ദാ കണ്ടില്ലേ ഞങ്ങൾ കയറിയ വഴി..
ആ കയറ്റം അവസാനിച്ചതു ഒരു നിരന്ന സ്ഥലത്താണ്. ഒരു പ്ലാറ്റ്ഫോം പോലെ കെട്ടിയുണ്ടാക്കിയത്. കുറച്ചിരുന്ന് ശ്വാസമൊക്കെ ഒന്നു ലെവലായപ്പോഴാണ് ചുറ്റും നോക്കീത്.അങ്ങനേയിരുന്നു മരിക്കാൻ തോന്നിപ്പോകും. അത്ര ഭംഗി!!ലോകം നമ്മടെ കാൽക്കീഴിൽ എന്നൊക്കെ അഹങ്കരിക്കാൻ പറ്റിയ സ്ഥലം. അങ്ങു ദൂരെ നിരനിരയായി മലകൾ കാണാം- കൂട്ടത്തിൽ വെളുത്തു തിളങ്ങുന്ന ഒരു സ്പെഷ്യൽ മലയും.
ആ പ്ലാറ്റ്ഫോമിന്റെ ഒരു സൈഡിലണ് എടക്കൽ ഗുഹ. അങ്ങോട്ടിറങ്ങാൻ പാറയ്ക്കിടയിൽ ഒരു ഇരുമ്പുവാതിലുണ്ട്. അതിന്റെ താഴെയുള്ള കുഞ്ഞു ദ്വാരം കണ്ടില്ലേ.അതു വഴിയാണ് താഴേക്കിറങ്ങുക.
പുറമേ നിന്നു നോക്കിയാൽ വളരെ ചെറുതാണെന്നു തോന്നിയാലും സംഭവം കോട്ടയം അയ്യപ്പാസു പോലാണ്. അകത്ത് അതിവിശാലമായ ഷോറൂം. ഇതു നോക്ക്
ഗുഹയുടെ ഭിത്തിയിൽ ; അതായത് സൈഡിലെ പാറയിൽ നിറയെ എന്തൊക്കെയോ വരച്ചു വച്ചിട്ടുണ്ട്. ശിലായുഗത്തിലെങ്ങോ മറ്റോ കുറിച്ചുവച്ചതാണത്രേ.ഒന്നു വായിക്കാൻ ശ്രമിച്ചു നോക്കുന്നോ?
അകത്ത് അറ്റത്തൊരു കൊച്ചു ഇരുമ്പു വേലി കാണാം. ഗുഹയുടെ രണ്ടു പാറകൾടേം ഇടയ്ക്കുള്ള വിടവാണത് വേലി കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നതാണ്... വലിയ വീതിയൊന്നുമില്ലെങ്കിലും ഒരൾക്ക് സുഖമായി വീഴാൻ പറ്റും.എങ്ങാനും വീണു പോയാൽ കുഴൽക്കിണറിൽ വീണ അനുഭവമായിരിക്കും. അത്രയ്ക്ക് ആഴമാണ്. ഗുഹയൊക്കെ നടന്നു കണ്ടുകഴിഞ്ഞാൽ ഒന്നു മുകളിലേക്കും നോക്കിക്കേ.. ആരായാലും ചാടിപ്പുറത്തിറങ്ങിപോകും. ഒരു ഭീകരൻ പാറ 'ഞാനിപ്പം ചാടും' എന്ന മട്ടിൽ ഡെമോക്ലീസിന്റെ വാളു പോലെ അവിടെ കുടുങ്ങി നിൽക്കുന്നു.എങ്ങാനും അതിന്റെ പിടി വിട്ടു പോയാൽ ഗുഹക്കുള്ളിൽ തന്നെ വീരചരമമടയാൻ പറ്റും. ആ ഇടയ്ക്കു കുടുങ്ങിനിൽക്കുന്ന കല്ലു കാരണമാണത്രേ അതിന് എടക്കൽ ഗുഹാന്നു പേരു കിട്ടീത്. എന്തായാലും ദൈവം സഹായിച്ച് ഇതു വരെ കല്ലിന്റെ പിടി വിട്ടിട്ടില്ല. ഇനിയൊട്ടു വിടുകയുമില്ലായിരിക്കും.
ഗുഹയിൽ നിന്ന് പുറത്തു കടന്ന് വേണമെന്നുള്ളവർക്ക് കയറ്റം തുടരാം. ഓരോ നൂറു മീറ്ററും കൂടി കയറിയാൽ അമ്പുകുത്തി മലയുടെ മുകളിലെത്താം.ചെങ്കുത്തായ കയറ്റമാണ്. പിടി വിട്ടു പോയാൽ താഴേന്നു പെറുക്കിയെടുക്കേണ്ടി വരും. എങ്ങാനും കയറി എത്തിയാൽ തന്നെ തിരിച്ചിറങ്ങാൻ അസാമാന്യ ബാലൻസ് വേണം. ആ പറഞ്ഞ സാധനം എനിക്കു പണ്ടേ ഇത്തിരി കുറവായതു കൊണ്ട് ഞാൻ ഗുഹയിൽ തന്നെ തങ്ങി..സംഘാംഗങ്ങളുടെ പ്രോത്സഹനവും നിർബന്ധവും കൊണ്ട് കുരുട്ടും സന്ധ്യയും രണ്ടും കൽപ്പിച്ച് മല കയറ്റം തുടർന്നു. കയറി മുകളിലെത്തിയെങ്കിലും പല സ്ഥലത്തും കുട്ടികൾ അവരെ വലിച്ചു കയറ്റുകയായിരുന്നുവേന്ന് പിന്നീടു നടത്തിയ രഹസ്യ അന്വേഷണത്തിൽ തെളിഞ്ഞു. എന്തായാലും ആ കന്യാസ്ത്രിക്കുഞ്ഞുങ്ങളെ മലകയറ്റത്തിന്റെ ഗുരുവായി സ്വീകരിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. സാരിയും ഹവായ് ചപ്പലുമൊക്കെയിട്ട് ഇത്രയും കുഴപ്പം പിടിച്ച മല അവരോടിക്കയറുന്നതു കാണണം. ആരായാലും നമിച്ചു പോകും.
മുകളിൽനിന്നു നോക്കിയാൽ കേരളവും തമിഴ്നാടും കർണ്ണാടകവും കാണാമത്രേ.ഗുഹയുടെ അവിടെ നിന്നുള്ള വ്യൂ തന്നെ ഇത്രയും മനോഹരമായ സ്ഥിതിയ്ക്ക് ഏറ്റവും മുകളിൽ നിന്നുള്ള കാഴ്ച അതിനേക്കാൾ ഭംഗിയായിരിക്കുമല്ലോ. ദാ തെളിവായി സന്ധ്യയും കുരുട്ടും എടുത്ത ചില ഫോട്ടോസ്..
മല കയറുന്നതിനേക്കൾ അദ്ധ്വാനം ഇറങ്ങുന്നതാണ്.ആദ്യമൊക്കെ പിടിച്ചു പിടിച്ച് നിരങ്ങി ഇറങ്ങി. ടാറിംഗ് റോഡിലെത്ത്ക്കഴിഞ്ഞാൽ പിന്നെ ഒരു പണിയുമില്ല. ചുമ്മാ നിന്നു കൊടുത്താൽ മതി. ബെല്ലും ബ്രേക്കുമില്ലാതെ ഒറ്റ പോക്കാണ്.അമ്മാതിരി ഇറക്കം.എന്തായാലും അപകടമൊന്നുമില്ലാതെ താഴെ എത്താൻ പറ്റി. ഒരു മല കയറി ഇറങ്ങിയപ്പോഴേക്കും ആകെ ക്ഷീണിച്ചു പോയി.. അതുകൊണ്ട് അടുത്ത വയനാടൻ വിശേഷങ്ങളൊക്കെ അടുത്ത പോസ്റ്റിൽ..