Sunday, December 6, 2009

വിമാനയാത്രാനുഭങ്ങൾ..

അങ്ങനെ വിജയകരമായി ബിലാത്തിപര്യടനം പൂർത്തിയാക്കി ഞാൻ നാട്ടിൽ തിരിച്ചെത്തി. മാസങ്ങളോളം ബില്ലടക്കാത്തതു കൊണ്ട്‌ ക്രൂരമായി കട്ടു ചെയ്യപ്പെട്ട മൊബൈൽ കണക്ഷൻ വീണ്ടെടുത്തു.സ്യൂട്‌കേസിൽ കുത്തിക്കൊള്ളിച്ചിരുന്ന സാധനസാമഗ്രികളെല്ലാം വീടു മുഴുവൻ നിരത്തിയിട്ട്‌ വീടിന്റെ തനിസ്വരൂപം വീണ്ടെടുത്തു. പുതിയ ഒരു ഇന്റർനെറ്റ്‌ കണക്ഷൻ- അതും അഞ്ചുമാസത്തെ പൈസ മുൻകൂറായി അടച്ച്‌ സ്വന്തമാക്കി- (അങ്ങനെ ചെയ്താൽ എന്തോ ചെറിയ ഡിസ്കൗണ്ട്‌ കിട്ടും പോലും.പൈസ ലാഭിക്കുന്നതെങ്ങിനേന്ന്‌ എന്നെ കണ്ടു പഠി..). അങ്ങനെ പതുക്കെ പതുക്കെ ഞാനാ പഴയ ബങ്കളൂരു-ജീവിതത്തിലേക്കു തിരിച്ചു വരികയായിരുന്നു. അപ്പോഴാണു നമ്മടെ പണിസ്ഥലത്തു നിന്നും കുഞ്ഞോരു മെസ്സേജ്‌ -"ഡിയർ എംപ്ലോയീ, നീ നിന്റെ കിടക്കയും പെട്ടിയുമെടുത്തു തിരിച്ചു ബിലാത്തിയിലേക്കു തന്നെ വിട്ടോളൂ " എന്ന്‌. പിന്നെ ചോദ്യോം പറച്ചിലുമൊന്നുമില്ല.. സാധനങ്ങളെല്ലാം തിരികെ പെട്ടിയിൽ കുത്തിനിറച്ച്‌ ഞാൻ പിന്നേം നാടു വിട്ടു.


ഇത്തവണയും ബ്രിട്ടീഷ്‌ എയർവേയ്സിൽ തന്നെ എന്നെ പറപ്പിക്കാൻ കമ്പനി കുറേ ശ്രമിച്ചു. നടന്നില്ല. അതിൽ സീറ്റൊന്നും ഒഴിവുണ്ടായിരുന്നില്ലത്രേ. അല്ലെങ്കിലും എപ്പോഴും അവരുടെ വിമാനത്തിൽ തന്നെ ഞാൻ കയറിയാൽ അത്‌ അവർക്കൊരു അഹങ്കാരമാവില്ലേ.. പിന്നെ അടുത്ത ഓപ്ഷൻ- എമിറേറ്റ്‌സ്‌.. ഞാൻ കണ്ണും പൂട്ടി നിരസിച്ചു. അത്‌ പറന്ന്‌ അങ്ങെത്തുമ്പോഴേക്കും വൈകുന്നേരമാകും.. തറവാട്ടിൽ പിറന്ന ഒരു മലയാളിമങ്ക ലണ്ടനിൽ അസമയത്തു ചെന്നിറങ്ങാനോ.. നടന്നതു തന്നെ. ഇനിയിപ്പോ ഇതേ ഉള്ളൂ എന്നും പറഞ്ഞ്‌ കമ്പനി ഗൾഫ്‌ എയറിന്റെ ടിക്കറ്റ്‌ തന്നു. എന്തായാലും അതെനിക്കിഷ്ടപെട്ടു. ഒന്നാമത്‌ അത്‌ ഉച്ചയാവുമ്പോഴേക്കും അങ്ങെത്തിക്കോളും. അതു മാത്രമല്ല, ഇതിനു ബഹറിനിൽ നിന്നാണു കണക്ടിംഗ്‌ ഫ്ലൈറ്റ്‌. ബഹറിനെയോ ഈ ജന്മത്തു കാണാൻ പറ്റുമെന്നു തോന്നുന്നില്ല.. ഇതിപ്പോ അതിന്റെ വിമാനത്തവളമെങ്കിലും ഒന്നു കാണാൻ പറ്റുമല്ലോ..


രാവിലെ അഞ്ചരക്കാണു ബാംഗ്ലൂരിൽ നിന്നും പുറപ്പെടുന്നത്‌. എന്തായാലും തുടക്കം തന്നെ പിഴച്ചു. ആദ്യം അരമണിക്കൂറ്‌ ഡിലേ അനൗണ്‌സ്‌ ചെയ്തു. പിന്നെ അത്‌ ഒരു മണിക്കാറായി.. ഒന്നരയായി.. അവസാനം രണ്ടു മണിക്കൂറിൽ ഉറപ്പിച്ചു. രണ്ടു മണിക്കൂറ്‌ ഡിലേ ആയി ഞാൻ ബഹറിനിലെത്തുമ്പോഴേക്കും എന്റെ അവിടുന്നുള്ള വിമാനം അതിന്റെ പാട്ടിനു പോയിട്ടുണ്ടാകും. ടിക്കറ്റിൽ സീലടിക്കുന്ന ചേട്ടന്റടുത്തു ഞാൻ ആവലാതി ബോധിപ്പിച്ചു. അങ്ങേരാണെങ്കിൽ അതു പുഷ്പം പോലെ സോൾവ്‌ ചെയ്തു തന്നു. അതു പോയാൽ പോട്ട്‌.. ഏറ്റവുമടുത്ത വിമാനത്തിൽ തന്നെ എന്നെ ബഹറിനിൽ നിന്നും ലണ്ടനിലേക്കു പാഴ്സലാക്കാനുള്ള ഏർപ്പാടുകളൊക്കെ ചെയ്തു കഴിഞ്ഞു പോലും. പുതിയ ടിക്കറ്റിൽ സമയം നോക്കിയപ്പോൾ ..വൈകുന്നേരം നാലര. ഉച്ചക്കെത്തേണ്ടത്‌ ഇത്തിരി അങ്ങോട്ടു മാറി വൈകുന്നേരമാകുമെന്നല്ലേ ഉള്ളൂ. എന്നലും എന്തോ ഒരു മിസ്റ്റേക്ക്‌..ഒന്നൂടെ നോക്കി.എല്ലാം മനസിലായി. ബഹറിനിൽ നിന്നും പുപ്പെടുന്ന സമയമാണ്‌ നാലര. അതു ലണ്ടനിലെത്തുന്നത്‌ രാത്രി ഒൻപതു മണിക്ക്‌!! ഇനി എന്തു ചെയ്യാൻ ...ഞാൻ എന്റെ വിധിയെ പഴിച്ചു കൊണ്ട്‌ വിമാനത്തിൽ കയറിയിരുന്നു.


ഗൾഫ്‌ എയർ- ബങ്കലൂരു-ടു-ബഹറിൻ.. അതിനെക്കാളും ഭേദം നമ്മടെ എയർഡക്കാനും സ്പേസ്‌ജെറ്റുമൊക്കെയാണ്‌. ഒരു ചേച്ചി വന്നു മനസില്ലാമനസോടെ ഡെമോയൊക്കെ കാണിച്ചിട്ടു പോയി.കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എങ്ങാനും കഷ്ടകാലത്തിനു വിമാനമെങ്ങാനും ക്രാഷായാൽ, ചുമ്മാ കിടന്ന്‌ അലറിവിളിക്കുംന്നല്ലാതെ, ഇക്കാണിച്ചതു പോലെ ആരും ലൈഫ്‌ ജാക്കറ്റെടുത്തിടാനൊന്നും പോവുന്നില്ലാന്ന്‌ ചേച്ചിയ്ക്ക്‌ നന്നായിട്ടറിയാമായിരിക്കുമല്ലോ.കുറച്ചു കഴിഞ്ഞപ്പോൾ ബ്രേക്ക്‌ഫാസ്റ്റ്‌ കിട്ടി.. ഞാൻ പറഞ്ഞതു നോൺവെജ്‌.. കിട്ടീത്‌ ഉപ്പുമാവ്‌. ഉപ്പുമാവിനെയൊക്കെ എന്നു മുതൽക്കാണോ നോൺവെജായി അവരോധിച്ചത്‌ !! പിന്നെ ഇടയ്ക്കെപ്പോഴോ ജ്യൂസും കൊണ്ടു തന്നു.അല്ലെങ്കിലും ഇത്രയൊക്കെയല്ലേ പ്രതീക്ഷിക്കാൻ പറ്റൂ..പാവം എന്നെപ്പോലുള്ള പാവം ഇന്ത്യക്കാരുടെ കാശും കൊണ്ടു കഞ്ഞികുടിച്ചു പോവുന്ന വിമാനമല്ലേ.. ഞാനങ്ങു ക്ഷമിച്ചു.എന്തായാലും അവരെന്നെ സുരക്ഷിതമായി ബഹറിനിലെത്തിച്ചു തന്നു.. അതു തന്നെ മഹാഭാഭാഗ്യം.


ബഹറിൻ എയർപോർട്ട്‌. അവിടെ നിറയെ തലയിൽ വെള്ളത്തുണിയുമിട്ട്‌ അതിനു മുകളിൽ കറുത്ത വളയം ഫിറ്റ്‌ ചെയ്തു നടക്കുന്ന അറബികളെ പ്രതീക്ഷിച്ച്‌ അങ്ങോട്ടു ചെന്നു കയറിയ എനിക്കു തെറ്റി. നോക്കുന്നിടത്തെല്ലാം ഇന്ത്യക്കാര്‌!! അതുകൊണ്ടെന്താ.. വേറൊരു നാട്ടിലാണ്‌ എത്തിപ്പെട്ടിരിക്കുന്നതെന്നൊരു തോന്നൽ പോലും ഉണ്ടായില്ല. ഇനിയിപ്പോ രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാലര വരെ എങ്ങനെയെങ്കിലും കഴിച്ചു കൂട്ടണം. വിചാരിച്ചത്ര ബുദ്ധിമുട്ടുണ്ടായില്ല.. ഒരു ബുക്ക്‌ മുഴുവൻ വായിച്ചു തീർത്തു, സ്ലോ-മോഷനിൽ ലഞ്ച്‌ കഴിച്ചു,പിന്നെ ബാക്കിയുള്ള സമയം മുഴുവൻ ചുമ്മാ വായ്‌നോക്കിയിരുന്നു.മൂന്നു മണി ആയപ്പോൾ ദാ വരുന്നു അനൗൺസ്മെന്റ്‌..ലണ്ടനിലേക്കുള്ള ഗൾഫ്‌ എയർ ഒരു മണിക്കൂർ ഡിലേ ആയെന്നും, അതിലെ പാസഞ്ചേഴ്സിനു വേണ്ടി സമാശ്വാസ സമ്മാനമായി ചായേം പലഹാരങ്ങളുമൊക്കെ വിതരണം ചെയ്യുമെന്നും.. അനൗൺസ്മെന്റിന്റെ ആദ്യഭാഗത്തിൽ എനിക്കു വല്യ പുതുമയൊന്നും തോന്നിയില്ലെങ്കിലും രണ്ടാമത്തെ ഭാഗം അങ്ങ്‌ പെരുത്തിഷ്ടപ്പെട്ടു. പിന്നെ ഒട്ടും വൈകാതെ പോയി ചായേം കുടിച്ച്‌ പലഹാരോം തിന്ന്‌ മറ്റുള്ള യാത്രക്കാരുടെ ഒപ്പം ചേർന്ന്‌ ചുമ്മാ ഗൾഫ്‌ എയറിനെ കുറ്റം പറഞ്ഞ്‌ ഫലപ്രദമായി സയം കളഞ്ഞു.


ബഹറിൻ - ലണ്ടൻ ഗൾഫ്‌ എയർ.. 'അപ്പം നിങ്ങക്ക്‌ വേണംന്നു വെച്ചാ നല്ല വിമാനം ഇറക്കാനും പറ്റും അല്ലേ." വിമാനത്തിനുള്ളിൽ കയറിയ പാടെ എന്റെ മനസിലൂടെ കടന്നു പോയ കുശുമ്പുചിന്ത അതായിരുന്നു. ഒരു മാതിരി ഫൈവ്‌സ്റ്റാർ ഹോട്ടലിൽ ചെന്നു കയറിയതു പോലെ. ഒന്നങ്ങുമ്പോഴേക്കും എയർഹോസ്റ്റസ്‌ ഓടി വരും--സഹായിക്കാൻ.യെന്റമ്മച്ചീ.. ഒടുക്കത്തെ സപ്പോര്‌ട്ട്‌!! ഇന്ത്യയിൽ നിന്നുള്ളതും ലണ്ടനിലേക്കുള്ളതും ഒരു കമ്പനിയുടെ വിമാനങ്ങളായിരുന്നൂന്ന്‌ ആരും പറയില്ല. അത്രയ്ക്കു വ്യത്യാസം. എന്റെയുള്ളിലെ ദേശസ്നേഹി മുറുമുറുത്തു. ദാ വരുന്നു.. ഒരു എയർഹോസ്റ്റസ്‌ ചേച്ചി.. വെളുക്കെ ചിരിച്ചു കൊണ്ട്‌. ഒരു കൊച്ചു ലിക്കർഷോപ്പും തള്ളിക്കൊണ്ടാണ്‌ വരവ്‌.എന്തു വേണമെന്ന്‌ ചോദിച്ചു. അടുത്തിരുന്ന ചേച്ചി പറഞ്ഞു വൈറ്റ്‌ വൈൻ.. ഞാൻ പറഞ്ഞു റെഡ്‌ വൈൻ..എന്തിനു ഞാനതു പറഞ്ഞൂന്ന്‌ ഇപ്പോഴും എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം അങ്ങോട്ടു കഴിക്കും മുൻപേ ഇങ്ങോട്ടു തിരിച്ചു വരുന്ന ഭക്ഷണസാധങ്ങളിൽ പെട്ടതാണ്‌ വൈനും. ഇന്നു വരെ രണ്ടു സിപ്പിൽ കൂടുതൽ വൈൻ തൊണ്ടയിൽ നിന്നിറക്കാൻ എന്നെ കൊണ്ടു പറ്റിയിട്ടില്ല.. ആ ഞാനാണ്‌ ചുമ്മാ ഓരോ തല തിരിഞ്ഞ നേരത്ത്‌...വിനാശകാലേ വിപരീതബുദ്ധി.. അല്ലാതെന്ത്..


എന്റെ ആക്രാന്തതോടെയുള്ള പറച്ചിൽ കേട്ടിട്ടാവും എയർഹോസ്റ്റസ്‌ ചേച്ചി ഒരു ഗ്ലാസിൽ നിറയെ റെഡ്‌വൈൻ കുത്തിക്കൊള്ളിച്ചു തന്നു. ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു. എന്നിട്ട്‌ കഷ്ടപ്പെട്ട്‌ രണ്ടു സിപ്പ്‌ എടുത്തു. വൈൻ എനിക്കിഷ്ടമല്ലന്നുള്ള സത്യം ഒന്നൂടെ അടിവരയിട്ടുറപ്പിച്ച്‌ ഞാൻ ഗ്ലാസ്‌ തിരിച്ചു വച്ചു. വിമാനമായതു കൊണ്ട്‌ ജനലു വഴി പുറത്തേക്കു കളയാൻ പറ്റില്ല. കുടിച്ചു തീർത്തേ പറ്റൂ.. ഞാൻ കോട്ടക്കൽ ആര്യവൈദ്യശാലയിലെ കഷായങ്ങളെ മനസിലോർത്തു. അക്കൂട്ടത്തിൽ ഒന്നാണ്‌ എന്റെ മുന്നിലെ ഗ്ലാസിലിരിക്കുന്നതെന്ന്‌ ഇമാജിൻ ചെയ്തു. ഗ്ലാസെടുത്തു. ഗ്ലും ഗ്ലും.. രണ്ടു വിഴുങ്ങലിന്‌ കഷായം-ഐ മീൻ വൈൻ- അകത്തായിക്കിട്ടി. കപ്പു കാലിയാകാൻ കാത്തിരുന്നതു പോലെ എയർഹോസ്റ്റസ്‌ ചേച്ചി അതെടുത്തു കൊണ്ടു പോവുകയും ചെയ്തു. അത്രയും സമാധാനം. പക്ഷെ ആ സമാധാനം അൽപായുസ്സായിരുന്നു.. ആകെപ്പാടെ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌.. എന്റെ ബാലൻസ്‌ പോകുന്നതു പോലെ.സീറ്റ്‌ ബെൽറ്റിട്ടിരിക്കുന്നതു കൊണ്ട്‌ ഞാൻ പറന്നു പോവില്ലാന്നുറപ്പ്‌. നോക്കുന്നിടത്തെല്ലാം ആൾക്കാരെ രണ്ടായി കാണുന്നു. ഞാൻ കണ്ണടച്ചിരുന്നറങ്ങാൻ ശ്രമിച്ചു. അപ്പോഴാണ്‌ എയർഹോസ്റ്റസ്‌ ചേച്ചി ഡിന്നറും കൊണ്ടഴുന്നെള്ളിയത്‌. കുറെ ഭക്ഷണം അങ്ങു ചെന്നാൽ നേരത്തേ ചെന്നു കയറിയ വൈനിനെ എന്റെ വയറങ്ങ്‌ മറന്നാലോ..എനിക്ക്‌ ഐഡിയ മിന്നിത്തിളങ്ങി. മുൻപിൽ കൊണ്ടു വിളമ്പിയ സാധനം എന്താണെന്നും നോക്കിയില്ല.. വെട്ടിവിഴുങ്ങി.അഞ്ചുപത്തു മിനിട്ടു കഴിഞ്ഞു.. ഇപ്പോൾ അൽപ്പം ആശ്വാസം തോന്നുന്നുണ്ട്‌. പിന്നെ എന്താണു സംഭവിച്ചതെന്ന്‌ എനിക്കു വ്യക്തമായ ഓർമ്മയില്ല. ശരിക്കും വെളിവു വന്നപ്പോൾ ഞാൻ ടോയ്‌ലെറ്റിലെ വാഷ്‌ബേസിനിലേക്ക്‌ സർവ്വശക്തിയുമെടുത്ത്‌ വാളു വെയ്ക്കുകയായിരുന്നു. (ആ പോയ പോക്കിൽ ഒരപൂപ്പനെ ഞാൻ തള്ളിയിട്ടിരുന്നോന്നൊരു സംശയം.. അപ്പൂപ്പാ സഭവം സത്യമാണെങ്കിൽ എന്നോടു ക്ഷമി..)


എന്തായാലും അതിനു ശേഷം അപാരമായ ആശ്വാസമായിരുന്നു.തിരിച്ചു സീറ്റിൽ വന്നിരുന്നു. കണ്ണുകളടച്ചു. പിന്നെ ഞാനെഴുന്നേൽക്കുമ്പോൾ വിമാനം ലാൻഡ്‌ ചെയ്യാൻ പോവുന്നതിന്റെ അനൗൺസ്‌മന്റ്‌ മുഴങ്ങുന്നു. ആറേഴു മണിക്കൂർ ബോറൻ വിമാനയാത്ര പുഷ്പം പോലെ ഞാൻ തരണം ചെയ്തിരിക്കുന്നു. വൈനിന്റെ ഓരോരോ അത്ഭുതസിദ്ധികളേയ്‌ !! ഇതു കണ്ടുപിടിച്ച മഹാൻ/മഹതി ആരായാലും ഞാൻ അവരെ നമിച്ചിരിക്കുന്നു.. മണിക്കൂറുകളോളം നീളുന്ന യാത്രകളെ വെറും മിനിട്ടുകൾക്കുള്ളിൽ തീർന്നതായി തോന്നിപ്പിക്കുന്ന അത്ഭുതപാനീയം.. ആദ്യം ആ കുടിക്കുമ്പോഴും വാളു വെക്കുമ്പോഴും ഉള്ള സമയത്തെ ബുദ്ധിമുട്ടുകളേയുള്ളൂ.. പിന്നെയങ്ങോട്ട്‌ ഒക്കെ ശാന്തം....