Friday, August 8, 2008

ഒരു പ്രണയസ്പെഷ്യലിസ്റ്റിന്റെ കേസ്‌ഡയറി..

ഏതാണ്ട്‌ രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ അമ്മച്ചിയോട്‌ പിണങ്ങി വീട്ടിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചിട്ടുണ്ട്‌ ഞാൻ. ഒരു ഉടുപ്പും കയ്യിൽ പിടിച്ച്‌ റോഡിലൂടെ നടക്കുന്ന എന്നെ അടുത്ത വീട്ടിലെ ചേട്ടൻ കണ്ടുപിടിച്ച്‌ തിരികെ വീട്ടിൽ കൊണ്ടു ചെന്നാക്കുകയായിരുന്നു. അത്രക്കങ്ങ്‌ ലോകപരിചയമില്ലാത്തതു കൊണ്ട്‌ ആ ഒളിച്ചോട്ടശ്രമം പാളിപ്പോയെങ്കിലും വീട്ടുകാർടെ മുന്നിൽ നല്ല ഇമേജായി. ഇത്ര ചെറുപ്പത്തിലേ ഒളിച്ചോടി പ്രാഗദ്ഭ്യം തെളിയിച്ച ഞാൻ വലുതാവുമ്പോൾ വല്ലവന്റേം കൂടെ ഒളിച്ചോടുമെന്ന്‌ വീട്ടിലെല്ലാരും അങ്ങുറപ്പിച്ചു. അവർടെ ആ പ്രതീക്ഷ നിറവേറ്റാൻ പറ്റീല്ലല്ലോ എന്നുള്ളതാണ്‌ എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ദുഃഖം. കുറ്റം എന്റേതല്ല. കൂടെയോടാൻ ആരും തയ്യാറായില്ല. അതിനു പ്രണയംന്നു പറയുന്ന ഒരു സാധനം വേണം പോലും. എന്നാൽപിന്നെ അതൊന്നു തപ്പിയെടുത്തേക്കാംന്നു വിചാരിച്ച്‌ ഗൂഗിളണ്ണനോടു ചോദിച്ചപ്പോ ഒരു സത്യം മനസിലായി.എല്ലത്തിനും ഉത്തരം തരുന്ന ഗൂഗിളിനു പോലും നിർവചിക്കാൻ പറ്റാത്ത ഒരേയൊരു സാധനമേ ഈ ദുനിയാവിലുള്ളൂ.. അതെ അദന്നെ..പ്രണയം. ഒന്നു സെർച്ച്‌ ചെയ്ത്‌ നോക്കിക്കേ..പത്തു പേര്‌ നൂറു തരത്തിൽ നിർവ്വചിക്കുന്നതു കാണാം. പിന്നെ ആരോ പറയുന്നതു കേട്ടു -താജ്മഹലിലേക്ക്‌ കുറേനേരം നോക്കിയിരുന്നാൽ നമ്മക്ക്‌ പ്രണയസംബന്ധിയായി എന്തൊക്ക്യോക്യോ തോന്നുമത്രേ.. അതായത്‌ പ്രണയമുള്ളവർക്ക്‌ അതു കൂടും, ഇല്ലാത്തവർക്ക്‌ പ്രണയം മുളപൊട്ടും. സംഭവം കൊള്ളാലോന്ന്‌ ഞാനും വിചാരിച്ചു. ഒത്താലൊത്തു എന്ന മട്ടിൽ അഞ്ചു പ്രാവശ്യം ഞാൻ താജ്മഹൽ കാണാൻ പോയിട്ടുണ്ട്‌. അതിലേക്ക്‌ സർവശക്തിയുമെടുത്ത്‌ സൂക്ഷിച്ചു നോക്കിയപ്പോൾ എനിക്കു തോന്നീത്‌ പ്രണയമല്ല .. മറിച്ച്‌ സംശയമാണ്‌. താജിന്റെ മുകളിലത്തെ മകുടമില്ലേ..അതിലെ കല്ലുകൾക്കിടയിൽ ചെറിയ കറുത്ത വളയങ്ങളുണ്ട്‌.(സൂക്ഷിച്ചു നോക്കണം..എന്നാലേ കാണൂ.. നോക്കി നോക്കി അവസാനം തലവേദനയെടുത്താൽ എന്നെ പറയരുത്‌) അതെന്തിനു വേണ്ടിയുള്ളതാണെന്ന്‌.അവിടെ കണ്ട ഗൈഡുകളോടൊക്കെ ചോദിച്ച്‌ അവസാനം ഉത്തരവും കിട്ടി.. അതു മകുടം വൃത്തിയാക്കുന്നവർക്ക്‌ ചവിട്ടിക്കയറാൻ വേണ്ടിയാണു പോലും. എന്റെ ശല്യം സഹിക്കാതെ ചുമ്മാ ഒരു കാരണം പറഞ്ഞൊഴിവാക്കീതാണോ എന്നും അറിയില്ല. എന്തായാലും അതെങ്കിലത്‌.. പ്രണയമൊന്നും കിട്ടീലെങ്കിലും കുറെ സമയമായി അലട്ടിയ ചോദ്യത്തിനുത്തരം കിട്ടിയല്ലോ.

താജ്മഹലവിടെനിൽക്കട്ടെ; ഞാൻ പറഞ്ഞു വരുന്നത്‌ പ്രണയവും ഞാനുമായുള്ള ആ ഒരു ഇരിപ്പുവശത്തെ പറ്റിയാണ്‌.പലരും പറയുന്നതു കേട്ടിട്ടുണ്ട്‌- നോക്കീപ്പം പ്രണയം വന്നു,മിണ്ടീപ്പം പ്രണയം വന്നു, ഓർത്തപ്പം പ്രണയം വന്നു എന്നൊക്കെ.. ചുരുക്കിപ്പറഞ്ഞാൽ ഈ സംഭവത്തിന്‌ അവതരിക്കാൻ അങ്ങനെ പ്രത്യേകിച്ച്‌ കാലോം സമയോം ഒന്നും വേണ്ടാന്നാണ്‌ അനുഭവസ്ഥരുടെ സാക്ഷ്യപത്രത്തിൽ നിന്നും ഞാൻ മനസ്സിലാക്കീട്ടുള്ളത്‌.ആകെമൊത്തംടോട്ടലായി പറയുകയാണെങ്കിൽ മരണം പോലെയാണ്‌ പ്രണയവും.സമയോം കാലോം നോക്കാതെ ആരേം കേറി അറ്റാക്ക്‌ ചെയ്യും.രംഗബോധമില്ലാത്ത കോമാളീസ്‌. എന്നിട്ടും ബെല്ലും ബ്രേക്കുമില്ലാതെ നടക്കുന്ന എന്നെ ഇതെന്തു കൊണ്ട്‌ മൈൻഡാക്കുന്നില്ല എന്നുള്ളത്‌ ഉത്തരം കിട്ടാത്ത ചോദ്യം തന്നെയാണ്‌. എന്നാലും വിധിയെ ഞാൻ കുറ്റം പറയില്ല കേട്ടോ.. ഒന്നിലും നായികയാവാൻ പറ്റിയില്ലെങ്കിലും പല പ്രണയങ്ങളുടെയും സംവിധായകയും സ്ക്രിപ്റ്റ്‌റൈറ്ററും അഡ്‌വൈസറി കമ്മിറ്റിയുമൊക്കെയായി പ്രവർത്തിക്കാൻ എനിക്കവസരം കിട്ടിയിട്ടിട്ടുണ്ട്‌. എന്നു വച്ചാൽ നല്ലൊന്നാന്താരം ഒരു പ്രണയസ്‌പെഷ്യലിസ്റ്റ്‌.അതിനൊക്കെ എനിക്കെന്തു യോഗ്യത എന്നൊക്കെ ആരോപിക്കുന്നവരോട്‌ എനിക്കൊന്നേ ചോദിക്കാനുള്ളൂ.. ക്യാൻസർ വന്നവരാണോ നമ്മടെ നാട്ടിൽ ക്യാൻസർ സ്പെഷ്യലിസ്റ്റുകളാവുന്നത്‌? അതു പോലെ തന്നെ ഇതും.എന്റെ ഹോസ്റ്റലിലെ പെൺകുട്ടികളുടെയൊക്കെ പ്രണയപ്രശ്നങ്ങൾ ഞാൻ പുഷ്പം പോലെയാണ്‌ കൈകാര്യം ചെയ്തു കൊടുത്തിരുന്നത്‌. മിക്കതിന്റെയും പരിഹാരമായി 'കളഞ്ഞിട്ടു പോഡേയ്‌' എന്നൊക്കെയാണുപദേശിച്ചിരുന്നതെങ്കിലും ഒന്നു രണ്ടു കേസുകൾ വിജയകരമായി ക്ലോസ്‌ ചെയ്യാൻ പറ്റീട്ടുണ്ടുണ്ട്‌ കേട്ടോ. അതു പണ്ട്‌ ചക്ക വീണു മുയൽ ചത്ത പോലെയാണെന്നൊക്കെ അസൂയാലുക്കൾ ഇടയ്ക്കിടയ്ക്ക്‌ സൂചിപ്പിക്കാറുണ്ടെങ്കിലും ആ രണ്ടു കേസുകളും എന്റെ കേസ്‌ഡയറിയിലെ അഭിമാനകരമായ അധ്യായങ്ങളായിട്ടാണ്‌ ഞാൻ കാണുന്നത്‌.ആ രണ്ടു സംഭവങ്ങളും ഇവിടെ കുറിക്കട്ടെ. ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെട്ടാലോ..

ഞാൻ ആദ്യമായി ഒരു പ്രണയത്തിൽ കേറി ഇടപെട്ടത്‌ ഒരു നട്ടപ്പാതിരയ്ക്കായിരുന്നു. ഹോസ്റ്റലിൽ ബോധം കെട്ടതു പോലെ ഉറങ്ങുന്ന എന്നെ വാതിലിൽ മുട്ടി മുട്ടി ഉണർത്തുകയായിരുനു. അടുത്ത റൂമിലെ പെൺകുട്ടി.ആ കുട്ടീടെ മൊബൈൽ വർക്കു ചെയ്യുന്നില്ലാ പോലും. പാതിരാത്രിയിൽ വിളിച്ചുണർത്തി മൊബൈൽ റിപ്പയർ ചെയ്യാനാവശ്യപ്പെടുന്നവരെ വിളിക്കാൻ പറയാൻ പറ്റിയ ചീത്തയേതാണെന്നാലോചിച്ചാണ്‌ കൊച്ചിന്റെ മുഖത്തേക്കു നോക്കിയത്‌. അപ്പോഴല്ലേ പിടികിട്ടീത്‌. സംഭവം ഞാൻ വിചാരിച്ച പോലല്ല; ഭയങ്കര സീരിയസാണ്‌. ഇതു ശരിയാക്കീലെങ്കിൽ പോയി കെട്ടിത്തൂങ്ങും എന്നൊരു ഭീഷണി കൊച്ചിന്റെ മുഖഭാവത്തിലുണ്ടോ എന്നൊരു സംശയം. വെറുതെ റിസ്കെടുക്കണ്ടാന്നു കരുതി വേഗം അകത്തേയ്ക്ക്‌ വിളിച്ചിരുത്തി മൊബൈൽ മേടിച്ച്‌ തിരിച്ചും മറിച്ചുമൊന്നു നോക്കി- അധികം ചിന്തിച്ചു സമയം കളയാതെ അതു തുറന്ന്‌ ബാറ്ററിയെടുത്ത്‌ ഒന്നു തുടച്ചു വൃത്തിയാക്കി തിരികെ വച്ചു.(എനിക്കാകെപ്പാടെയറിയാവുന്ന മൊബൈൽ റിപ്പയറിംഗ്‌ ടെക്നിക്കാണിത്‌).മുജ്ജന്മസുകൃതം കൊണ്ടാവണം അതേറ്റു. മൊബൈലിനു ജീവൻ തിരിച്ചു കിട്ടി. അന്ന്‌ ആ കൊച്ച്‌ എന്നെ നന്ദി പറഞ്ഞ്‌ നന്ദി പറഞ്ഞ്‌ കൊന്നില്ലെന്നേയുള്ളൂ. സംഭവമെന്താണെന്നോ.. ആ കൊച്ചും കൊച്ചിന്റെ ബോയ്ഫ്രണ്ടും കൂടി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു പോലും. അതിനിടയ്ക്ക്‌ എന്തോ പറഞ്ഞ്‌ അടിയായി( പ്രേമിക്കുന്നവർ ഇതിനെ സൗന്ദര്യപ്പിണക്കം എന്നേപറയൂ) അപ്പോഴാണ്‌, സഹികെട്ടിട്ടാവണം ,മൊബൈൽ പണി മുടക്കീത്‌. അതു താൻ മനപ്പൂർവ്വം ചെയ്താണെന്ന്‌ ബോയ്ഫ്രണ്ട്‌ സംശയിക്കില്ലേ എന്നതായി കൊച്ചിന്റെ ജീവൻമരണപ്രശ്നം പണ്ടിങ്ങനെ പിണങ്ങി ഫോൺ കട്ട്‌ ചെയ്തതിൽ പ്രതിഷേധിച്ച്‌ ബോയ്ഫ്രണ്ട്‌ എന്തോ കടുംകൈ ചെയ്യുംന്നു ഭീഷണിപ്പെടുത്തിയത്രേ (എന്താണെന്നു കൃത്യമായി പറഞ്ഞില്ല; ആത്മഹത്യ ആയിരിക്കുംന്ന്‌ എന്നിലെ ശുഭാപ്തിവിശ്വാസി അങ്ങൂഹിച്ചു) തന്റെ നിരപരാധിത്വം തെളിയിക്കാൻ മൊബൈലിന്‌ വീണ്ടും ജീവൻ വച്ചാലേ പറ്റൂ. അവിടെയാണ്‌ ഞാൻ എന്ന രക്ഷക സീനിൽ വന്നത്‌. കൊച്ചിന്റെ കദനകഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ഞാൻ ന്യായമായും എനിക്കു തോന്നിയ അഭിപ്രായം പറഞ്ഞു. ഒന്നു ബാറ്ററി ഡൗണായാലോ മൊബൈലിന്റെ റെയ്ഞ്ച്‌ പോയാലോ ഒക്കെ തകർന്നു പോയേക്കാവുന്ന ഒരു പ്രണയം വലിച്ചുനീട്ടി തുടർന്നു കൊണ്ടു പോവേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന്‌.. "ലവ്‌-ഈസ്‌-ലൈക്‌-ദാറ്റ്‌" എന്നാണ്‌ ഉത്തരം കിട്ടിയത്‌. പ്രത്യേകിച്ചൊന്നും മനസ്സിലാകില്ലാന്നുറപ്പുള്ളതു കൊണ്ട്‌ അപ്പറഞ്ഞതിന്‌ ഞാൻ വിശദീകരണമൊന്നും ചോദിച്ചില്ല. ആ കുട്ടി ബോയ്ഫ്രണ്ടിനെ പിന്നേം ഫോൺ ചെയ്ത്‌ ജസ്റ്റ്‌ അറ്റു പോവാൻ തുടങ്ങിയ ആ പ്രണയം പിന്നേം ഒട്ടിച്ചുവച്ചത്‌ ദാ ഈ രണ്ടു കണ്ണു കൊണ്ടും ഞാൻ കണ്ടതാണ്‌.. ഹോ അന്നെനിക്കു തോന്നിയ ഒരഭിമാനം!! അവർടെ പ്രണയത്തിന്റെ ഹിസ്റ്ററിയിൽ എന്റെ നാമം സുവർണ്ണലിപികളിൽ എഴുതപ്പെട്ടിട്ടുണ്ടാവുമെന്ന്‌ ഉറപ്പ്‌..


അടുത്ത കേസിൽ ഞാൻ പ്രണയത്തിന്റെ നടുക്കേക്ക്‌ ചാടിവീണതാണ്‌. സഹികെട്ടിട്ട്‌. പ്രണയം ദൂരെ നിന്ന്‌ നോക്കിക്കാണാൻ നല്ല കോമഡിയാണെങ്കിലും അതിലെ ചില കാര്യങ്ങളുണ്ട്‌ എനിക്ക്‌ സഹിക്കാൻ പറ്റാത്തതായിട്ട്‌.അതിലൊന്നാണ്‌ പോസസിവ്‌നെസ്സ്‌. ഞാൻ കണ്ടിട്ടുള്ള മിക്ക പ്രണയത്തിലും വില്ലനായിട്ടുള്ളത്‌ ഇപ്പറഞ്ഞ സംഭവമാണ്‌. ആദ്യം സൗഹൃദത്തിൽ തുടങ്ങും. പിന്നെ അതിന്റെ കൂടേ അൽപ്പസ്വൽപ്പം പോസസിവ്‌നെസ്സ്‌ കൂടി വന്നു ചേരും. അവസാനം സൗഹൃദം മൊത്തമായും പോസസീവ്‌നെസ്സിനു വഴിമാറും..പിന്നെ ലാസ്റ്റ്‌ സ്റ്റേജിൽ കംപ്ലീറ്റ്‌ സംശയം. അതോടു കൂടി ആ പ്രണയത്തിന്റെ ഗതി അധോഗതിയായിക്കോളും. എന്റെ കയ്യിൽ കിട്ടുമ്പോൾ മധൂന്റേം നീരജിന്റേം കേസും ഏതാണ്ടീ വഴിക്കായിരുന്നു.

ഒരു ഫ്രണ്ട്‌ മധുവിന്റെ ഫോണെടുത്ത്‌ ചുമ്മാ ഒരു നമ്പറിലേക്ക്‌ മിസ്‌ഡ്‌ കോൾ അടിക്കുന്നു.ആ മിസ്‌ഡ്‌ കോൾ കിട്ടിയ ആൾ (ഒരു ജുവാവ്‌) അതിന്റെ ഉറവിടം തേടി തിരിച്ചു വിളിയ്ക്കുന്നു. അപ്പോഴേക്കും ഇതിനു കാരണക്കാരനായ ഫ്രണ്ട്‌ രംഗത്തു നിന്നും പോയി കേട്ടോ. മധു ഫോണെടുക്കുന്നു. ഹലോ പറയുന്നു. ഡിം!! എല്ലാം വളരെ പെട്ടെന്നായിരുന്നു. പ്രണയം അവിടെ ആരംഭിച്ചു. പിന്നങ്ങോട്ടു വിളിയായി ഇങ്ങോട്ടു വിളിയായി..ഫുൾടൈം സംസാരം..പ്രണയം കൊടുമ്പിരി കൊണ്ടു. അവസാനം രണ്ടു പേരും തമ്മിൽ കാണാൻ തീരുമാനിക്കുന്നു. വാക്കുകളിലുള്ള സൗന്ദര്യം കാഴ്ചയിലുമുണ്ടോ എന്നറിയണമല്ലോ.. അവിടെ മധു കണ്ടത്‌ ഹിന്ദി സിനിമയിലെ ഏതോ ഒരു ഹീറോയെപ്പോലെ (ക്ഷമി..പേരു ഞാൻ മറന്നു പോയി) ഹാൻഡ്‌സം ആയ നീരജിനെയാണ്‌.ഏതായലും മധുവിന്റെ സൈഡ്‌ ഓക്കെയായി. നീരജിന്റെ ഭാഗത്തും പ്രശ്നങ്ങളൊന്നുമില്ല. മധുവിന്റെ കണ്ണ്‌ ,മൂക്ക്‌ ,മുടി ഇതിലേന്തോ വഴി അവിടെയും പാസ്‌മാർക്ക്‌ കിട്ടി. പ്രണയം പൂർവധികം ശക്തിയോടെ.. അങ്ങനെ ചുമ്മാ പ്രണയിച്ചു നടന്ന സമയത്താണ്‌ നീരജിന്‌ ഒരു സത്യം മനസിലാവുന്നത്‌. തന്റെ ഗേൾഫ്രണ്ടിന്‌ ഒരു ജേർണ്ണലിസ്റ്റാവാനുള്ള എല്ലാ വരപ്രസാദവുമുണ്ടെന്ന്‌. തന്നെ വിട്ടു പോവാൻ തയ്യാറാവാത്ത മധുവിനെ നിർബന്ധിച്ച്‌ അപേക്ഷ അയപ്പിച്ച്‌ അഡ്മിഷൻ മേടിച്ചെടുക്കുന്നു. അങ്ങനെ മധു ഡെൽഹിയിൽ എന്റെ റൂംമേറ്റായി എത്തുന്നു. നീരജ്‌ നാട്ടിലും. ഞാൻ ഈ കേസിൽ ഇടപെടുന്നതു വരെയുള്ള 'കഥ ഇതുവരെ' ആണ്‌ ദാ ഇപോൾ പറഞ്ഞു കഴിഞ്ഞത്‌.

ഒരു പ്രണയം ഇത്ര അടുത്ത്‌ കാണാൻ എനിക്കൊരു ചാൻസു കിട്ടുന്നത്‌ ആദ്യമായിട്ടായിരുന്നു. എനിക്കു തീരെ മനസിലാവാത്ത പല കാര്യങ്ങളും ആ പ്രണയത്തിലുണ്ടായിരുന്നു. ഉദാഹരണത്തിന്‌ ഐസ്ക്രീം.. രണ്ടു പേരും പ്രോമിസ്‌ചെയ്തിട്ടുണ്ടത്രേ..ഇനി തമ്മിൽ കാണുന്നതു വരെ ഐസ്‌ക്രീം കഴിക്കില്ലാന്ന്‌. എന്തായാലും ഇങ്ങനത്തെ ഉറച്ച തീരുമാനങ്ങളൊക്കെ എടുക്കാൻ തയ്യാറായ സ്ഥിതിയ്ക്ക്‌ ഐസ്ക്രീമിനു പകരം കുടിയോ വലിയോ ഒക്കെ വേണ്ടാന്നു വയ്ക്കണംന്നായിരുന്നു പ്രോമിസെങ്കിൽ അറ്റ്ലീസ്റ്റ്‌ ആരോഗ്യമെങ്കിലും രക്ഷപെട്ടേനേ എന്ന്‌ ഞാനൊരിക്കൽ സൂചിപ്പിച്ചു. പ്രണയത്തിൽ മദ്യം,സിഗരറ്റ്‌ എന്നിവയെക്കാൾ പ്രാധാന്യം ഐസ്ക്രീമിനുണ്ട്‌ എന്നായിരുന്നു മറുപടി. പിന്നൊന്ന്‌ അവർ തമ്മിൽ വിളിക്കുന്ന പേരായിരുന്നു. നമ്മടെ സിനിമയിൽ ഒക്കെ കാണുന്നതു പോലെ ചക്കരേ പഞ്ചാരേ എന്നൊന്നുമല്ല..കംപ്ലീറ്റ്‌ ഷുഗർഫ്രീയായ പനീർ!! മധൂന്‌ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ്‌ പനീർ. അപ്പോ അങ്ങനെ വിളിക്കുമ്പോൾ സ്നേഹം ഇരട്ടിയായി തോന്നുമത്രേ.. (ആ ലോജിക്‌ വച്ചാണെങ്കിൽ ഞാൻ എന്റെ ബോയ്ഫ്രണ്ടിനെ കണ്ണിമാങ്ങാ അച്ചാറേ എന്നു വിളിക്കേണ്ടി വന്നേനേ!!!പ്രേമിക്കാത്തത്‌ എത്ര നന്നായി..)

പതുക്കെ പതുക്കെ പ്രണയത്തിന്റെ ഗതി മാറാൻ തുടങ്ങി. പയ്യന്‌ ഭയങ്കര സംശയം. പിരിയുന്ന സമയത്ത്‌ അവരെടുത്ത ഭീഷ്മപ്രതിജ്ഞകളൊക്കെ മധു പാലിക്കുന്നുണ്ടോ എന്ന്. തിരിച്ചങ്ങോട്ടും സംശയത്തിന്‌ ഒരു ഉറവുമുണ്ടായിരുന്നില്ല കേട്ടോ. ഐസ്ക്രീം കഴിക്കുന്നുണ്ടോ സിനിമ കാണുന്നുണ്ടോ എന്നൊക്കെയുള്ള ചെറിയ ചെറിയ സംശയത്തിൽ തുടങ്ങി വേറേ ഗേൾഫ്രണ്ട്‌/ബോയ്ഫ്രണ്ട്‌ ഉണ്ടോ എന്നുള്ള വലിയ സംശയങ്ങളായി മാറാൻ തുടങ്ങി. ഫോൺ വിളിച്ചാലെങ്ങാനും അപ്പുറത്ത്‌ എടുത്തില്ലെങ്കിൽ അത്‌ പുതിയ ഗേൾഫ്രണ്ടിന്റെ കൂടെ ആയതു കൊണ്ടാണ്‌ എന്ന്‌ മധു നിഗമനത്തിലെത്തിച്ചേരും. പിന്നെ ഉറക്കം പോവുന്നത്‌ എന്റെയാണ്‌. രാത്രി മുഴുവൻ കരഞ്ഞുകൊണ്ടിരിക്കുന്ന മധുവിനെ ആശ്വസിപ്പിക്കണമല്ലോ. വല്ലവരുടേയും പ്രണയത്തിനു വേണ്ടി ഞാൻ ഉറക്കം കളയേണ്ട അവസ്ഥ!! നീരജിന്റെ കാര്യമാണെങ്കിൽ അതിലും വല്യ കോമഡി. ഒരു ദിവസം രാത്രി എനിക്കൊരു കോൾ വരുന്നു. നീരജിന്റെയാണ്‌. മധൂനെ ഫോൺ വിളിച്ചിട്ട്‌ എടുക്കുന്നില്ലത്രേ. മധു റിപ്പോർട്ടിംഗിനു പോയിരിക്കുകയാണെനും അതുകൊണ്ടാണ്‌ ഫോൺ എടുക്കാത്തതെന്നുമൊക്കെ ഞാൻ പറഞ്ഞുമനസ്സിലാക്കിക്കാൻ നോക്കി. മധൂന്‌ വേറെ ബോയ്ഫ്രണ്ടുണ്ടെന്ന്‌ നീരജിന്‌ മനസിലായെന്നും അതുകൊണ്ട്‌ സത്യം പറഞ്ഞാൽ മതിയെന്നുമൊക്കെ പറഞ്ഞ്‌ പയ്യൻ സമാധാനം തരുന്നില്ല. അവസാനം സഹികെട്ട്‌ 'ങാ എങ്കിൽ പിന്നെ അങ്ങനെ തന്നെ' എന്നും പറഞ്ഞ്‌ ഞാൻ ഉപസംഹരിക്കാൻ തുടങ്ങുമ്പോഴതാ അപ്പുറത്തു നിന്ന്‌ ഒരു അപശബ്ദം. പയ്യൻ കരയുകയാണ്‌!! സത്യം പറഞ്ഞാൽ എനിക്കു സഹതാപമല്ല തോന്നിയത്‌;കൊല്ലാനുള്ള ദേഷ്യമാണ്‌. ചുമ്മാ കാര്യമില്ലാത്ത കാര്യത്തിനു വേണ്ടി ദുഃഖപുത്രനാവുകയാണ്‌. ദേഷ്യം വന്നാൽ പിന്നെ എനിക്കു പിന്നെ കണ്ണുകാണില്ല. അതു മുഴുവൻ പറഞ്ഞു തീർത്താലേ സമാധാനം കിട്ടൂ.ഇവിടെയും അതു തന്നെ സംഭവിച്ചു.അന്നേ വരെ കണ്ടിട്ടില്ലാത്ത ആ പയ്യനെ ഞാനൊരു പത്തു-പതിനഞ്ചു മിനിട്ടു നേരം നിർത്താതെ ചീത്തപറഞ്ഞു.എന്തൊക്കെ പറഞ്ഞു എന്നെനിക്കോർമ്മയില്ല.എന്തെങ്കിലും സംശയമുണ്ടെങ്കിൽ രണ്ടു പേരും തമ്മിൽ സംസാരിച്ച്‌ തീർക്കണമെന്നും, ഇനീപ്പോ അതിനു പറ്റുന്നില്ലെങ്കിൽ അവിടുത്തെ പണി ഉപേക്ഷിച്ച്‌ നീരജ്‌ ഡെൽഹിക്കു വരണമെന്നും എന്നിട്ടും സംശയം ബാക്കി നിൽക്കുകയാണെങ്കിൽ പ്രേമമൊക്കെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടേലിട്ടിട്ട്‌ രണ്ടും രണ്ടു വഴിക്ക്‌ പിരിഞ്ഞു പോണംന്നുമൊക്കെ ഞാൻ അതിനിടയ്ക്കു പറഞ്ഞു തീർത്തു.

ചെറിയൊരു പേടിയോടാണ്‌ അന്നുറങ്ങിയത്‌. ഈ പ്രേമിക്കുന്നവര്‌ എന്ററിവിൽ ഭയങ്കര ലോലഹൃദയരാണ്‌. അവർടെ പ്രേമത്തിന്റെ 'ആൽമാർത്താത' ചോദ്യം ചെയ്യപ്പെടുന്നതൊന്നും സഹിക്കില്ല. പിന്നൊന്നൂടിയുണ്ട്‌. എത്ര പിണങ്ങിയിരിക്കുകയാണെങ്കിലും ഒരാളെ വഴക്കു പറഞ്ഞാൽ അതു മറ്റെയാളും കൂടി ഏറ്റു പിടിച്ച്‌ ആകെ അലമ്പാക്കിക്കൊളും. ഇവിടേം അതു തന്നെ സംഭവിക്കുംന്നാണ്‌ ഞാൻ വിചാരിച്ചത്‌. രാവിലെ മധൂന്റെ വക ഒരു കരച്ചിൽയജ്ഞം നേരിടാനുള്ള തയ്യാറെടുപ്പിലാണ്‌ ഉറക്കമുണർന്നത്‌. നോക്കുമ്പോൾ ആ കുട്ടി ഭയങ്കര ഹാപ്പി. രണ്ടു പേരും കൂടി കുറെ നേരം സംസാരിച്ചുവത്രേ.അവസാനം നീരജ്‌ ജോലി വിട്ട്‌ ഡെൽഹിയിൽ എന്തോ ഒരു കോഴ്സിനു ചേരാനും ഒന്നു രണ്ടു കൊല്ലം കഴിയുമ്പോൾ രണ്ടു പേരും നാട്ടിൽ പോയി വീട്ടുകാരുടെ കൂടെ താമസിക്കാനും ഒക്കെ തീരുമാനമായി. രണ്ടു മൂന്നു വർഷമായി ആലോചിച്ചിട്ടു കിട്ടാത്ത പ്ലാൻ ആണ്‌ ആ പതിഞ്ചു മിനിട്ടുനേരത്തെ എന്റെ പ്രകടനം കൊണ്ട്‌ ഒറ്റയടിക്ക്‌ ശരിയായത്‌.

മേൽപ്പറഞ്ഞ രണ്ടു കേസുകളുടെയും ലേറ്റസ്റ്റ്‌ സ്റ്റാറ്റസ്‌ എനികറിയില്ല. ഞാൻ അതന്വേഷിച്ചിട്ടുമില്ല. നമ്മടെ പണി കഴിഞ്ഞു,ഇനീപ്പം അവരായി അവരുടെ പാടായി. അല്ലെങ്കിലും ഏറ്റെടുത്തു വിജയിപ്പിച്ച കേസുകൾടെയൊക്കെ പുറകേ നടക്കാൻ ഇവിടാർക്കാ സമയം?. എന്റെ സേവനം ആവശ്യമുള്ളവർ ഇനിയും ഈ സമൂഹത്തിൽ ഒരുപാടുണ്ടെന്ന്‌ എന്റെ മനസു പറയുന്നു. അങ്ങനെയുള്ളവർക്കായി ഒരു ആശ്രമം കെട്ടിപ്പൊക്കി അവടുത്തെ അമ്മ/ദേവിയായി സ്വയം അവരോധിച്ചാലോ എന്നും ഒരാലോചനയുണ്ട്‌. ഈസ്റ്റ്‌കോസ്റ്റ്‌ വിജയൻ ലൈനിൽ പറഞ്ഞാൽ..പ്രണയിക്കുന്നവർക്കായ്‌, പ്രണയിക്കാൻ തുടങ്ങുന്നവർക്കായ്‌..പ്രണയിച്ചു ബോറടിച്ചവർക്കായ്‌....