Sunday, December 6, 2009

വിമാനയാത്രാനുഭങ്ങൾ..

അങ്ങനെ വിജയകരമായി ബിലാത്തിപര്യടനം പൂർത്തിയാക്കി ഞാൻ നാട്ടിൽ തിരിച്ചെത്തി. മാസങ്ങളോളം ബില്ലടക്കാത്തതു കൊണ്ട്‌ ക്രൂരമായി കട്ടു ചെയ്യപ്പെട്ട മൊബൈൽ കണക്ഷൻ വീണ്ടെടുത്തു.സ്യൂട്‌കേസിൽ കുത്തിക്കൊള്ളിച്ചിരുന്ന സാധനസാമഗ്രികളെല്ലാം വീടു മുഴുവൻ നിരത്തിയിട്ട്‌ വീടിന്റെ തനിസ്വരൂപം വീണ്ടെടുത്തു. പുതിയ ഒരു ഇന്റർനെറ്റ്‌ കണക്ഷൻ- അതും അഞ്ചുമാസത്തെ പൈസ മുൻകൂറായി അടച്ച്‌ സ്വന്തമാക്കി- (അങ്ങനെ ചെയ്താൽ എന്തോ ചെറിയ ഡിസ്കൗണ്ട്‌ കിട്ടും പോലും.പൈസ ലാഭിക്കുന്നതെങ്ങിനേന്ന്‌ എന്നെ കണ്ടു പഠി..). അങ്ങനെ പതുക്കെ പതുക്കെ ഞാനാ പഴയ ബങ്കളൂരു-ജീവിതത്തിലേക്കു തിരിച്ചു വരികയായിരുന്നു. അപ്പോഴാണു നമ്മടെ പണിസ്ഥലത്തു നിന്നും കുഞ്ഞോരു മെസ്സേജ്‌ -"ഡിയർ എംപ്ലോയീ, നീ നിന്റെ കിടക്കയും പെട്ടിയുമെടുത്തു തിരിച്ചു ബിലാത്തിയിലേക്കു തന്നെ വിട്ടോളൂ " എന്ന്‌. പിന്നെ ചോദ്യോം പറച്ചിലുമൊന്നുമില്ല.. സാധനങ്ങളെല്ലാം തിരികെ പെട്ടിയിൽ കുത്തിനിറച്ച്‌ ഞാൻ പിന്നേം നാടു വിട്ടു.


ഇത്തവണയും ബ്രിട്ടീഷ്‌ എയർവേയ്സിൽ തന്നെ എന്നെ പറപ്പിക്കാൻ കമ്പനി കുറേ ശ്രമിച്ചു. നടന്നില്ല. അതിൽ സീറ്റൊന്നും ഒഴിവുണ്ടായിരുന്നില്ലത്രേ. അല്ലെങ്കിലും എപ്പോഴും അവരുടെ വിമാനത്തിൽ തന്നെ ഞാൻ കയറിയാൽ അത്‌ അവർക്കൊരു അഹങ്കാരമാവില്ലേ.. പിന്നെ അടുത്ത ഓപ്ഷൻ- എമിറേറ്റ്‌സ്‌.. ഞാൻ കണ്ണും പൂട്ടി നിരസിച്ചു. അത്‌ പറന്ന്‌ അങ്ങെത്തുമ്പോഴേക്കും വൈകുന്നേരമാകും.. തറവാട്ടിൽ പിറന്ന ഒരു മലയാളിമങ്ക ലണ്ടനിൽ അസമയത്തു ചെന്നിറങ്ങാനോ.. നടന്നതു തന്നെ. ഇനിയിപ്പോ ഇതേ ഉള്ളൂ എന്നും പറഞ്ഞ്‌ കമ്പനി ഗൾഫ്‌ എയറിന്റെ ടിക്കറ്റ്‌ തന്നു. എന്തായാലും അതെനിക്കിഷ്ടപെട്ടു. ഒന്നാമത്‌ അത്‌ ഉച്ചയാവുമ്പോഴേക്കും അങ്ങെത്തിക്കോളും. അതു മാത്രമല്ല, ഇതിനു ബഹറിനിൽ നിന്നാണു കണക്ടിംഗ്‌ ഫ്ലൈറ്റ്‌. ബഹറിനെയോ ഈ ജന്മത്തു കാണാൻ പറ്റുമെന്നു തോന്നുന്നില്ല.. ഇതിപ്പോ അതിന്റെ വിമാനത്തവളമെങ്കിലും ഒന്നു കാണാൻ പറ്റുമല്ലോ..


രാവിലെ അഞ്ചരക്കാണു ബാംഗ്ലൂരിൽ നിന്നും പുറപ്പെടുന്നത്‌. എന്തായാലും തുടക്കം തന്നെ പിഴച്ചു. ആദ്യം അരമണിക്കൂറ്‌ ഡിലേ അനൗണ്‌സ്‌ ചെയ്തു. പിന്നെ അത്‌ ഒരു മണിക്കാറായി.. ഒന്നരയായി.. അവസാനം രണ്ടു മണിക്കൂറിൽ ഉറപ്പിച്ചു. രണ്ടു മണിക്കൂറ്‌ ഡിലേ ആയി ഞാൻ ബഹറിനിലെത്തുമ്പോഴേക്കും എന്റെ അവിടുന്നുള്ള വിമാനം അതിന്റെ പാട്ടിനു പോയിട്ടുണ്ടാകും. ടിക്കറ്റിൽ സീലടിക്കുന്ന ചേട്ടന്റടുത്തു ഞാൻ ആവലാതി ബോധിപ്പിച്ചു. അങ്ങേരാണെങ്കിൽ അതു പുഷ്പം പോലെ സോൾവ്‌ ചെയ്തു തന്നു. അതു പോയാൽ പോട്ട്‌.. ഏറ്റവുമടുത്ത വിമാനത്തിൽ തന്നെ എന്നെ ബഹറിനിൽ നിന്നും ലണ്ടനിലേക്കു പാഴ്സലാക്കാനുള്ള ഏർപ്പാടുകളൊക്കെ ചെയ്തു കഴിഞ്ഞു പോലും. പുതിയ ടിക്കറ്റിൽ സമയം നോക്കിയപ്പോൾ ..വൈകുന്നേരം നാലര. ഉച്ചക്കെത്തേണ്ടത്‌ ഇത്തിരി അങ്ങോട്ടു മാറി വൈകുന്നേരമാകുമെന്നല്ലേ ഉള്ളൂ. എന്നലും എന്തോ ഒരു മിസ്റ്റേക്ക്‌..ഒന്നൂടെ നോക്കി.എല്ലാം മനസിലായി. ബഹറിനിൽ നിന്നും പുപ്പെടുന്ന സമയമാണ്‌ നാലര. അതു ലണ്ടനിലെത്തുന്നത്‌ രാത്രി ഒൻപതു മണിക്ക്‌!! ഇനി എന്തു ചെയ്യാൻ ...ഞാൻ എന്റെ വിധിയെ പഴിച്ചു കൊണ്ട്‌ വിമാനത്തിൽ കയറിയിരുന്നു.


ഗൾഫ്‌ എയർ- ബങ്കലൂരു-ടു-ബഹറിൻ.. അതിനെക്കാളും ഭേദം നമ്മടെ എയർഡക്കാനും സ്പേസ്‌ജെറ്റുമൊക്കെയാണ്‌. ഒരു ചേച്ചി വന്നു മനസില്ലാമനസോടെ ഡെമോയൊക്കെ കാണിച്ചിട്ടു പോയി.കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എങ്ങാനും കഷ്ടകാലത്തിനു വിമാനമെങ്ങാനും ക്രാഷായാൽ, ചുമ്മാ കിടന്ന്‌ അലറിവിളിക്കുംന്നല്ലാതെ, ഇക്കാണിച്ചതു പോലെ ആരും ലൈഫ്‌ ജാക്കറ്റെടുത്തിടാനൊന്നും പോവുന്നില്ലാന്ന്‌ ചേച്ചിയ്ക്ക്‌ നന്നായിട്ടറിയാമായിരിക്കുമല്ലോ.കുറച്ചു കഴിഞ്ഞപ്പോൾ ബ്രേക്ക്‌ഫാസ്റ്റ്‌ കിട്ടി.. ഞാൻ പറഞ്ഞതു നോൺവെജ്‌.. കിട്ടീത്‌ ഉപ്പുമാവ്‌. ഉപ്പുമാവിനെയൊക്കെ എന്നു മുതൽക്കാണോ നോൺവെജായി അവരോധിച്ചത്‌ !! പിന്നെ ഇടയ്ക്കെപ്പോഴോ ജ്യൂസും കൊണ്ടു തന്നു.അല്ലെങ്കിലും ഇത്രയൊക്കെയല്ലേ പ്രതീക്ഷിക്കാൻ പറ്റൂ..പാവം എന്നെപ്പോലുള്ള പാവം ഇന്ത്യക്കാരുടെ കാശും കൊണ്ടു കഞ്ഞികുടിച്ചു പോവുന്ന വിമാനമല്ലേ.. ഞാനങ്ങു ക്ഷമിച്ചു.എന്തായാലും അവരെന്നെ സുരക്ഷിതമായി ബഹറിനിലെത്തിച്ചു തന്നു.. അതു തന്നെ മഹാഭാഭാഗ്യം.


ബഹറിൻ എയർപോർട്ട്‌. അവിടെ നിറയെ തലയിൽ വെള്ളത്തുണിയുമിട്ട്‌ അതിനു മുകളിൽ കറുത്ത വളയം ഫിറ്റ്‌ ചെയ്തു നടക്കുന്ന അറബികളെ പ്രതീക്ഷിച്ച്‌ അങ്ങോട്ടു ചെന്നു കയറിയ എനിക്കു തെറ്റി. നോക്കുന്നിടത്തെല്ലാം ഇന്ത്യക്കാര്‌!! അതുകൊണ്ടെന്താ.. വേറൊരു നാട്ടിലാണ്‌ എത്തിപ്പെട്ടിരിക്കുന്നതെന്നൊരു തോന്നൽ പോലും ഉണ്ടായില്ല. ഇനിയിപ്പോ രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാലര വരെ എങ്ങനെയെങ്കിലും കഴിച്ചു കൂട്ടണം. വിചാരിച്ചത്ര ബുദ്ധിമുട്ടുണ്ടായില്ല.. ഒരു ബുക്ക്‌ മുഴുവൻ വായിച്ചു തീർത്തു, സ്ലോ-മോഷനിൽ ലഞ്ച്‌ കഴിച്ചു,പിന്നെ ബാക്കിയുള്ള സമയം മുഴുവൻ ചുമ്മാ വായ്‌നോക്കിയിരുന്നു.മൂന്നു മണി ആയപ്പോൾ ദാ വരുന്നു അനൗൺസ്മെന്റ്‌..ലണ്ടനിലേക്കുള്ള ഗൾഫ്‌ എയർ ഒരു മണിക്കൂർ ഡിലേ ആയെന്നും, അതിലെ പാസഞ്ചേഴ്സിനു വേണ്ടി സമാശ്വാസ സമ്മാനമായി ചായേം പലഹാരങ്ങളുമൊക്കെ വിതരണം ചെയ്യുമെന്നും.. അനൗൺസ്മെന്റിന്റെ ആദ്യഭാഗത്തിൽ എനിക്കു വല്യ പുതുമയൊന്നും തോന്നിയില്ലെങ്കിലും രണ്ടാമത്തെ ഭാഗം അങ്ങ്‌ പെരുത്തിഷ്ടപ്പെട്ടു. പിന്നെ ഒട്ടും വൈകാതെ പോയി ചായേം കുടിച്ച്‌ പലഹാരോം തിന്ന്‌ മറ്റുള്ള യാത്രക്കാരുടെ ഒപ്പം ചേർന്ന്‌ ചുമ്മാ ഗൾഫ്‌ എയറിനെ കുറ്റം പറഞ്ഞ്‌ ഫലപ്രദമായി സയം കളഞ്ഞു.


ബഹറിൻ - ലണ്ടൻ ഗൾഫ്‌ എയർ.. 'അപ്പം നിങ്ങക്ക്‌ വേണംന്നു വെച്ചാ നല്ല വിമാനം ഇറക്കാനും പറ്റും അല്ലേ." വിമാനത്തിനുള്ളിൽ കയറിയ പാടെ എന്റെ മനസിലൂടെ കടന്നു പോയ കുശുമ്പുചിന്ത അതായിരുന്നു. ഒരു മാതിരി ഫൈവ്‌സ്റ്റാർ ഹോട്ടലിൽ ചെന്നു കയറിയതു പോലെ. ഒന്നങ്ങുമ്പോഴേക്കും എയർഹോസ്റ്റസ്‌ ഓടി വരും--സഹായിക്കാൻ.യെന്റമ്മച്ചീ.. ഒടുക്കത്തെ സപ്പോര്‌ട്ട്‌!! ഇന്ത്യയിൽ നിന്നുള്ളതും ലണ്ടനിലേക്കുള്ളതും ഒരു കമ്പനിയുടെ വിമാനങ്ങളായിരുന്നൂന്ന്‌ ആരും പറയില്ല. അത്രയ്ക്കു വ്യത്യാസം. എന്റെയുള്ളിലെ ദേശസ്നേഹി മുറുമുറുത്തു. ദാ വരുന്നു.. ഒരു എയർഹോസ്റ്റസ്‌ ചേച്ചി.. വെളുക്കെ ചിരിച്ചു കൊണ്ട്‌. ഒരു കൊച്ചു ലിക്കർഷോപ്പും തള്ളിക്കൊണ്ടാണ്‌ വരവ്‌.എന്തു വേണമെന്ന്‌ ചോദിച്ചു. അടുത്തിരുന്ന ചേച്ചി പറഞ്ഞു വൈറ്റ്‌ വൈൻ.. ഞാൻ പറഞ്ഞു റെഡ്‌ വൈൻ..എന്തിനു ഞാനതു പറഞ്ഞൂന്ന്‌ ഇപ്പോഴും എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം അങ്ങോട്ടു കഴിക്കും മുൻപേ ഇങ്ങോട്ടു തിരിച്ചു വരുന്ന ഭക്ഷണസാധങ്ങളിൽ പെട്ടതാണ്‌ വൈനും. ഇന്നു വരെ രണ്ടു സിപ്പിൽ കൂടുതൽ വൈൻ തൊണ്ടയിൽ നിന്നിറക്കാൻ എന്നെ കൊണ്ടു പറ്റിയിട്ടില്ല.. ആ ഞാനാണ്‌ ചുമ്മാ ഓരോ തല തിരിഞ്ഞ നേരത്ത്‌...വിനാശകാലേ വിപരീതബുദ്ധി.. അല്ലാതെന്ത്..


എന്റെ ആക്രാന്തതോടെയുള്ള പറച്ചിൽ കേട്ടിട്ടാവും എയർഹോസ്റ്റസ്‌ ചേച്ചി ഒരു ഗ്ലാസിൽ നിറയെ റെഡ്‌വൈൻ കുത്തിക്കൊള്ളിച്ചു തന്നു. ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു. എന്നിട്ട്‌ കഷ്ടപ്പെട്ട്‌ രണ്ടു സിപ്പ്‌ എടുത്തു. വൈൻ എനിക്കിഷ്ടമല്ലന്നുള്ള സത്യം ഒന്നൂടെ അടിവരയിട്ടുറപ്പിച്ച്‌ ഞാൻ ഗ്ലാസ്‌ തിരിച്ചു വച്ചു. വിമാനമായതു കൊണ്ട്‌ ജനലു വഴി പുറത്തേക്കു കളയാൻ പറ്റില്ല. കുടിച്ചു തീർത്തേ പറ്റൂ.. ഞാൻ കോട്ടക്കൽ ആര്യവൈദ്യശാലയിലെ കഷായങ്ങളെ മനസിലോർത്തു. അക്കൂട്ടത്തിൽ ഒന്നാണ്‌ എന്റെ മുന്നിലെ ഗ്ലാസിലിരിക്കുന്നതെന്ന്‌ ഇമാജിൻ ചെയ്തു. ഗ്ലാസെടുത്തു. ഗ്ലും ഗ്ലും.. രണ്ടു വിഴുങ്ങലിന്‌ കഷായം-ഐ മീൻ വൈൻ- അകത്തായിക്കിട്ടി. കപ്പു കാലിയാകാൻ കാത്തിരുന്നതു പോലെ എയർഹോസ്റ്റസ്‌ ചേച്ചി അതെടുത്തു കൊണ്ടു പോവുകയും ചെയ്തു. അത്രയും സമാധാനം. പക്ഷെ ആ സമാധാനം അൽപായുസ്സായിരുന്നു.. ആകെപ്പാടെ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌.. എന്റെ ബാലൻസ്‌ പോകുന്നതു പോലെ.സീറ്റ്‌ ബെൽറ്റിട്ടിരിക്കുന്നതു കൊണ്ട്‌ ഞാൻ പറന്നു പോവില്ലാന്നുറപ്പ്‌. നോക്കുന്നിടത്തെല്ലാം ആൾക്കാരെ രണ്ടായി കാണുന്നു. ഞാൻ കണ്ണടച്ചിരുന്നറങ്ങാൻ ശ്രമിച്ചു. അപ്പോഴാണ്‌ എയർഹോസ്റ്റസ്‌ ചേച്ചി ഡിന്നറും കൊണ്ടഴുന്നെള്ളിയത്‌. കുറെ ഭക്ഷണം അങ്ങു ചെന്നാൽ നേരത്തേ ചെന്നു കയറിയ വൈനിനെ എന്റെ വയറങ്ങ്‌ മറന്നാലോ..എനിക്ക്‌ ഐഡിയ മിന്നിത്തിളങ്ങി. മുൻപിൽ കൊണ്ടു വിളമ്പിയ സാധനം എന്താണെന്നും നോക്കിയില്ല.. വെട്ടിവിഴുങ്ങി.അഞ്ചുപത്തു മിനിട്ടു കഴിഞ്ഞു.. ഇപ്പോൾ അൽപ്പം ആശ്വാസം തോന്നുന്നുണ്ട്‌. പിന്നെ എന്താണു സംഭവിച്ചതെന്ന്‌ എനിക്കു വ്യക്തമായ ഓർമ്മയില്ല. ശരിക്കും വെളിവു വന്നപ്പോൾ ഞാൻ ടോയ്‌ലെറ്റിലെ വാഷ്‌ബേസിനിലേക്ക്‌ സർവ്വശക്തിയുമെടുത്ത്‌ വാളു വെയ്ക്കുകയായിരുന്നു. (ആ പോയ പോക്കിൽ ഒരപൂപ്പനെ ഞാൻ തള്ളിയിട്ടിരുന്നോന്നൊരു സംശയം.. അപ്പൂപ്പാ സഭവം സത്യമാണെങ്കിൽ എന്നോടു ക്ഷമി..)


എന്തായാലും അതിനു ശേഷം അപാരമായ ആശ്വാസമായിരുന്നു.തിരിച്ചു സീറ്റിൽ വന്നിരുന്നു. കണ്ണുകളടച്ചു. പിന്നെ ഞാനെഴുന്നേൽക്കുമ്പോൾ വിമാനം ലാൻഡ്‌ ചെയ്യാൻ പോവുന്നതിന്റെ അനൗൺസ്‌മന്റ്‌ മുഴങ്ങുന്നു. ആറേഴു മണിക്കൂർ ബോറൻ വിമാനയാത്ര പുഷ്പം പോലെ ഞാൻ തരണം ചെയ്തിരിക്കുന്നു. വൈനിന്റെ ഓരോരോ അത്ഭുതസിദ്ധികളേയ്‌ !! ഇതു കണ്ടുപിടിച്ച മഹാൻ/മഹതി ആരായാലും ഞാൻ അവരെ നമിച്ചിരിക്കുന്നു.. മണിക്കൂറുകളോളം നീളുന്ന യാത്രകളെ വെറും മിനിട്ടുകൾക്കുള്ളിൽ തീർന്നതായി തോന്നിപ്പിക്കുന്ന അത്ഭുതപാനീയം.. ആദ്യം ആ കുടിക്കുമ്പോഴും വാളു വെക്കുമ്പോഴും ഉള്ള സമയത്തെ ബുദ്ധിമുട്ടുകളേയുള്ളൂ.. പിന്നെയങ്ങോട്ട്‌ ഒക്കെ ശാന്തം....

Thursday, May 7, 2009

വീണ്ടും ബിലാത്തിവിശേഷങ്ങൾ...

കണ്ണൂരിലെ ഞങ്ങൾടെ കുരുമുളക്‌ എസ്റ്റേറ്റ്‌ അത്ര വലുതൊന്നുമല്ല..വീടിന്റെ മുറ്റത്തെ ഒരു പ്ലാവും അതിൽ ചുറ്റിപ്പറ്റി ഒരു കുരുമുളകു വള്ളിയും.. അത്രയുമേയുള്ളൂ.. എന്നിട്ടും കൂടി വല്ലപ്പോഴും മമ്മി കുരുമുളകു പെറുക്കാൻ കമ്പനിക്കു വിളിക്കുമ്പോൾ എന്തൊക്കെ ഒഴിവുകഴിവുകളാണ്‌ പറഞ്ഞിരുന്നത്‌!!എന്റെ പുച്ഛമൊന്നും വകവയ്ക്കാതെ പാവം മമ്മി ഇത്തിരിയുള്ള കുരുമുളകിനെ പെറുക്കി ഉണക്കിപ്പൊടിച്ചു കുപ്പീലാക്കി വയ്ക്കും. അതിന്റെ മഹത്വം എനിക്കു മനസിലായത്‌ ഇതിനിടയ്ക്ക്‌ ഇവിടെ കുരുമുളകു പൊടി വാങ്ങാൻ ചെന്നപ്പോഴാണ്‌. വില കണ്ട്‌ എന്റെ കണ്ണു തള്ളി പുറത്തേക്കു വീണില്ലെന്നേയുള്ളൂ. ഞങ്ങടെ വീട്ടുമുറ്റത്ത്‌ ചുമ്മാ ഉരുണ്ടുകളിച്ചിരുന്ന സാധനമാണ്‌ ഇവിടെ വി.ഐ.പി. ആയി ഞെളിഞ്ഞിരിക്കുന്നത്‌. എന്തായാലും ഞാൻ യു.കെ വിടുന്നതു വരെ കുരുമുളകു കഴിക്കുന്നില്ലെന്ന്‌ ദൃഢപ്രതിജ്ഞ എടുത്തു. ഇനി തിരിച്ച്‌ വീട്ടിൽ ചെന്നിട്ടു വേണം വയറു നിറയെ നല്ല ഫ്രഷ്‌ കുരുമുളകു കഴിക്കാൻ...


അപ്പോൾ പറഞ്ഞുവന്നന്താണെന്നു വച്ചാൽ, ഇത്തിരിയെങ്കിലും പിശുക്കിന്റെ അസുഖമുള്ളവർക്ക്‌ വളരെ ഈസിയായി ഹാർട്ടറ്റാക്ക്‌ വന്നു കിട്ടാൻ എല്ലാ സെറ്റപ്പുമുള്ള സ്ഥലമാണ്‌ യു.കെ. ചുമ്മാ മാർക്കറ്റു വഴിയോ ടൗൺ സെന്റർ വഴിയോ ഒക്കെ ഒന്നു നടന്ന്‌ ഓരോരോ സാധനങ്ങളുടെ വില നോക്കിയാൽ മതി. കാര്യം ഒരക്കമോ രണ്ടക്കമോ ഒക്കെയേ ഉണ്ടാവൂ. പക്ഷെ എന്നെപ്പോലുള്ള ഇന്ത്യൻസിന്റെ തലച്ചോറിൽ അതു രെജിസ്റ്റർ ചെയ്യപ്പെടുന്നത്‌ പൗണ്ടിലല്ലല്ലോ..നമ്മടെ പാവം ഇന്ത്യൻ റുപീസിലല്ലേ.. പ്രൈസ്‌ടാഗ്‌ കാണുമ്പോഴേ നമ്മടെ പൗണ്ട്‌-ടു-റുപ്പീസ്‌ കൺവേർട്ടർ അങ്ങ്‌ ഓട്ടോമാറ്റികായി ഓണായിപ്പോകും. പിന്നത്തെ കഥയൊന്നും പറയേണ്ടല്ലോ.. ഇവിടായതുകൊണ്ടാണ്‌ ഇതിനിങ്ങനെ സാദാ ഷോപ്പിൽ ഇരിക്കേണ്ടി വന്നത്‌; ഇന്ത്യയിലായിരുന്നെങ്കിൽ അന്തസായി വല്ല ബാങ്ക്‌ലോക്കറിലും കയറ്റി ഇരുത്തിയേനേ.. എന്നു മനസിൽ പറഞ്ഞ്‌ അങ്ങു സ്ഥലം വിടും.


ഇനി വല്ലയിടത്തും യാത്ര പോകണമെങ്കിലോ.. പബ്ലിക്ക്‌ ട്രാൻസ്പോർട്ട്‌ എന്ന പേരിൽ തേരപ്പാരാ ഓടുന്ന ട്രെയിൻ,ബസ്‌, ട്യൂബ്‌ തുടങ്ങി പല ടൈപ്പ്‌ സംഭവങ്ങളുണ്ട്‌. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം.. യാതൊരു മനുഷ്യപ്പറ്റുമില്ലാത്തെ സാധനങ്ങൾ.. ഇവിടെ അരമണിക്കൂർ ബസ്‌യാത്രയ്ക്കുള്ള കാശുംകൊണ്ട്‌ എനിക്ക്‌ ഇന്ത്യയുടെ ഒരറ്റത്തു നിന്ന്‌ മറ്റേയറ്റം വരെ പോയിവരാം. ചുമ്മാതാണോ ഇവിടെല്ലാരും സ്വന്തമായി വണ്ടി വാങ്ങുന്നത്‌.. പാവങ്ങൾ..ഒരു നിവർത്തിയുമില്ലതെ വാങ്ങിപ്പോവുന്നതാണെന്നേ.. ങ്‌ഹാ.. അവിടെ എത്രയെത്ര ബസുകളും ട്രെയിനുകളുമൊക്കെ കട്ടപ്പുറത്തിരികുന്നു. ഒന്നിനെയെടുത്ത്‌ ചുരുട്ടിക്കൂട്ടി ഇങ്ങോട്ടു കൊണ്ടു വരാനേ ഉണ്ടായിരുന്നുള്ളൂ.. ഇനി പറഞ്ഞിട്ടൊരു കാര്യവുമില്ലല്ലോ..പിന്നെ തീരേം ചിലവില്ലാത്ത മറ്റൊരു മാർഗമുണ്ട്‌ കേട്ടോ.. ഒരു മൂളിപ്പാടും പാടി നീട്ടി വലിച്ചങ്ങു നടന്നാൽ മതി. ഇത്തിരി സമയം കൂടുതലെടുക്കുമെന്നേയുള്ളൂ.. നടക്കുന്നത്‌ ആരോഗ്യത്തിനു മാത്രമല്ല, പോക്കറ്റിനും വളരെ നല്ലതാണെന്ന്‌ ഇപ്പോൾ മനസിലായി.


ഇനിയിവിടുത്തെ ടൂറിസ്റ്റ്‌ പ്ലേസുകളെപറ്റി കുറച്ചു പരദൂഷണം പറയട്ടെ.. അതിനെ പറ്റിയുള്ള വിവരണങ്ങളൊക്കെ നെറ്റിൽ നിന്നും വായിച്ച്‌ ഇതെന്തോ വല്യ സംഭവമാണ്‌ എന്നൊക്കെ മാനം മുട്ടെ പ്രതീക്ഷിച്ചായിരിക്കും നമ്മടെ പോക്ക്‌.ഇവിടുത്തുകാർക്ക്‌ പാർക്കും കല്ലും ചെടിയും പ്രതിമകളുമൊക്കെ ടൂറിസ്റ്റ്‌ പ്ലേസുകളാണെന്ന്‌ നമ്മളെങ്ങനെ അറിയാൻ.. മിക്ക സ്ഥലത്തും ആ എൻട്രി ഫീ കൊടുക്കുന്ന സ്ഥലത്തു മാത്രം സാമാന്യം നന്നായി തന്നെ ഞെട്ടലും അത്‌ഭുതവുമൊക്കെ തോന്നുമെങ്കിലും അതിനപ്പുറത്തേക്കു കാര്യമായി യാതൊരു വികാരവും തോന്നില്ല. ഇത്രേം കാശും മുടക്കി കാണാനുള്ള വഹയൊന്നുമിതിലില്ല എന്നൊരു നിരാശ മാത്രം. ഒരുദാഹരണത്തിന്‌ ഞാൻ ഇവിടെ ലണ്ടൻ ഐ കാണാൻ പോയി. ചെന്നു നോക്കെപ്പോഴെന്താ.. നമ്മടെ ഉത്സവപ്പറമ്പിലൊക്കെ കാണില്ലേ..വട്ടത്തിൽ കറങ്ങുന്ന തൊട്ടിലൂഞ്ഞാൽ. അതിന്റെ ഇത്തിരി പരിഷ്കരിച്ച രൂപം. പിന്നേ ഇത്രേം കാശു മുടക്കീതല്ലേ എന്നു വിചാരിച്ച്‌ കഷ്ടപെട്ടു ബുദ്ധിമുട്ടി "ശ്ശൊ.. ഇതൊരു ഭയങ്കര സംഭവം തന്നെ!!" എന്നൊക്കെആശ്ചര്യപ്പെടാൻ ശ്രമിച്ചു.. അല്ലാതെന്തു ചെയ്യാൻ...


എന്നാൽ ശരി ഒന്നു റോഡിലേക്കിറങ്ങിയേക്കാം എന്നു വച്ചാലോ.. നമ്മടെ നാട്ടിലൊക്കെ വണ്ടികളും മനുഷ്യരും എന്തൊരു ഒരുമയോടെയാണ്‌ കഴിഞ്ഞ്‌ പോകുന്നത്‌. റോഡ്‌ ക്രോസ്‌ ചെയ്യുകയാണെങ്കിൽ ഓരോ വണ്ടിയെയും കടത്തി വിട്ട്‌ പതുക്കെപ്പതുക്കെ നമ്മളങ്ങ്‌ ക്രോസു ചെയ്തോളും.. ഒരു സിഗ്നലിന്റെയും സഹായമില്ലാതെ... ബാംഗ്ലൂരാണെങ്കിൽ വണ്ടികളൊക്കെ മിക്കപ്പോഴും ട്രാഫിക്‌ ജാമിൽ കുടുങ്ങിക്കിടക്കുന്നതു കൊണ്ട്‌ നമ്മക്ക്‌ ഇഷ്ടം പോലെ സമയമെടുത്ത്‌ റോഡ്‌ ക്രോസ്‌ ചെയ്യാനും പറ്റും.. പക്ഷെ ഇവിടങ്ങ്നൊന്നുമല്ല.. റോഡ്‌ ക്രോസ്‌ ചെയ്യണമെങ്കിൽ ഒരു ബട്ടണും ഞെക്കി കാത്തു നിൽക്കണം.. സിഗ്നലണ്ണൻ പച്ചവെളിച്ചം കാണിച്ചാലേ റോഡ്‌ ക്രോസ്‌ ചെയ്യാൻ പറ്റൂ..ഇനീപ്പോ അതൊന്നും മൈൻഡാക്കാതെ അങ്ങ്‌ ഓടിക്കടക്കാൻ നോക്കിയാലോ.. ഒക്കെ ക്യാമറയിൽ പിടിക്കുന്നുണ്ടത്രേ.. ചുമ്മാ പറയുന്നതായിരിക്കും.. എന്നാലും ഞാൻ റിസ്കെടുക്കാറില്ല..ഇവിടുത്തെ ജയിലിൽ വല്ല സാൻഡ്‌വിച്ചും കഴിച്ച്‌ കിടക്കാനുള്ള പേടി കൊണ്ടൊന്നുമല്ല.. ജയിൽ വാസത്തിനു പകരം വല്ല ഫൈനുമാണ്‌ ശിക്ഷയായി കിട്ടുന്നതെങ്കിലോ.. എന്റമ്മേ.. പുണ്ട്‌-റുപീ കൺവേർട്ടർ.


കാര്യം വല്യ സമ്പൽസമൃദ്ധിയൊക്കെയാണെങ്കിലും ഈ നാട്ടിൽ ഏറ്റവും കൂടുതൽ സഹതാപമർഹിക്കുന്ന രണ്ടു കൂട്ടരുണ്ട്‌. കുട്ടികളും പട്ടികളും. രണ്ടിനും ഒരു സ്വാതന്ത്ര്യ‌വുമില്ല. കുട്ടികളെ പ്രാമിലിടും.പട്ടികളെ ചെയിനിലിടും.. പാവങ്ങൾ ഇത്തിരിയെങ്കിലും ഒന്നു ഒച്ചപ്പാടാക്കാൻ ശ്രമിക്കുമ്പോഴേ 'ഷട്‌ അപ്പ്‌" എന്നും പറഞ്ഞ്‌ അങ്ങു നിശബ്ദമാക്കിക്കളയും. അതുങ്ങള്‌ പിന്നെ മിണ്ടാതെ അങ്ങ്‌ ഒതുങ്ങിയിരുന്നോളും. കാണുമ്പോൾ അങ്ങു വിഷമം തോന്നും. വല്ലയിടത്തും ഇറങ്ങി നടന്ന്‌ അലപ്പറയും ബഹളവുമൊക്കെയായി കുറ സാധങ്ങളും വലിച്ചു വാരിയിട്ടില്ലെങ്കിൽ പിന്നെന്തോന്നു കുട്ടിത്തം!! അതു പോലെ തന്നെ മനസമാധാനമായി ഒന്നു കുരയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെന്തു പട്ടിത്തം!! ഇവിടെ ഞാൻ താമസിക്കുന്ന വീട്ടിൽ ഒരു റൂമിൽ ഒരു ഫാമിലിയാണ്‌ താമസിക്കുന്നത്‌. അവിടെ ഒരു മൂന്നാലു വയസുള്ള ഒരു കുഞ്ഞുമുണ്ട്‌. അതൊരിത്തിരി ഉറക്കെ ചിരിച്ചാലോ കരഞ്ഞാലോ പാട്ടു പാടിയാലോ ഒക്കെ അവൾടെ അമ്മ വഴക്കു പറയും.. ബാക്കി റൂമുകളിൽ താമസിക്കുന്നരെ ഡിസ്റ്റർബ്‌ ചെയ്യുന്നൂന്നും പറഞ്ഞ്‌. വേറാരോടും കൂട്ടു കൂടാനും സമ്മതിക്കില്ല. ആകെ പേടിയാണ്‌.ഇങ്ങനെയുള്ള ഈ നാട്ടിലാണത്രേ പിള്ളേരെ കണ്ണുരുട്ടി കാണിച്ചാൽ വരെ പോലീസു കേസെടുക്കുമെന്നു കേട്ടിട്ടുള്ളത്‌.. ഒക്കെ മനുഷ്യമ്മരു വെറുതേ പറഞ്ഞുണ്ടാക്കുന്നതാണെനാണു തോന്നുന്നത്‌.


ഓക്കെ.. കുട്ടികളും പട്ടികളും കഴിഞ്ഞാൽ ഈ രാജ്യത്ത്‌ ഇപ്പോൾ ഏറ്റവും കൂടുതൽ സഹതാപം കിട്ടേണ്ടത്‌ ആർക്കാണെന്നറിയുമോ.. ഈ പാവം എനിക്ക്‌.. കഴിഞ്ഞ ആഴ്ച സ്കോട്ട്‌ലാൻഡിൽ പോവാൻ വേണ്ടി എല്ലാ തയാറെടുപ്പുകളും നടത്തിയതാണ്‌. അപ്പോഴല്ലേ ആ‍ ഒടുക്കത്തെ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടത്‌. എലിപ്പനി, തക്കാളിപ്പനി, ചൂടുപനി, സാദാപനി തുടങ്ങി പല വെറൈറ്റി പനികള്‌ സുലഭമായ ഒരു നാട്ടിൽ നിന്നും വന്ന എനിക്കിതൊന്നും വല്യ പ്രശ്‌നമായിരുന്നില്ലെന്നേ.. രണ്ടു പാരസാമോളും വിഴ്‌ങ്ങി അങ്ങു പോയിവരാം എന്നു വിചാരിച്ചിരുന്നതാണ്‌. പക്ഷെ എന്തു ചെയ്യാം.. ഇവിടുള്ളോരു സമ്മതിക്കുന്നില്ല.. എനിക്കു പനി പിടിച്ചാലോ എന്ന സ്നേഹം കൊണ്ടൊന്നുമല്ല, ഞാൻ ആ പനി ഇവിടെ കൊണ്ടു വന്നു പകർത്തിയാലോ എന്നു പേടിച്ചിട്ടാണ്‌. അതു മാത്രമോ.. ഇപ്പോൾ തൽക്കാലം എങ്ങോട്ടും കറങ്ങാൻ പോവണ്ട എന്നാണ്‌ സഹപ്രവർത്തകർടെ വക മുന്നറിയിപ്പ്‌. അതനുസരിക്കാതിരിക്കാനും പറ്റില്ല. കഷ്ടകാലത്തിനു വല്ല പനിയും വന്നാൽ ഹോസ്പിറ്റലിൽ കൊണ്ടു പോവാൻ അവരല്ലേയുള്ളൂ. അതുകൊണ്ടെന്താ.. സ്കോട്‌ലാണ്‌ യാത്രയ്ക്കു വേണ്ടി ബുക്ക്‌ ചെയ്ത റൂം,ട്രെയിൻ ടിക്കറ്റ്‌, ബസ്‌ടിക്കറ്റ്‌ തുടങ്ങി എല്ലാത്തിന്റെയും കാശ്‌ ഒറ്റയടിക്ക്‌ പോയിക്കിട്ടി. ആ ദുഃഖത്തിൽ നിന്ന്‌ ഒന്നു കരകയറാൻ വേണ്ടിയാണ്‌ ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റിട്ടത്‌.. , ഈ നാടിനെ നാലു കുറ്റം പറഞ്ഞപ്പോൾ എന്താണെന്നറിയീല്ല ; വല്ലാത്ത ഒരു മനസമാധാനം...

Monday, April 20, 2009

ബിലാത്തിവിശേഷങ്ങൾ...

അങ്ങനെ അവസാനം എന്റെ കമ്പനിക്കു നല്ല ബുദ്ധി തോന്നി. എന്താണെന്നല്ലേ.. അവരെന്നെ ഇന്ത്യയിൽ നിന്ന്‌ ഗെറ്റൗട്ട്‌ അടിച്ചു. എത്ര കാലമായി കമ്പനീടെ വായിൽ നിന്ന്‌ 'ക്വിറ്റ്‌ ഇന്ത്യാ' എന്ന ആഹ്വാനം കേൾക്കാൻ കാത്തിരിക്കുകയായിരുന്നെന്നറിയുമോ.. നാടു വിട്ടു പോവാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല, ഈ ഓൺസൈറ്റോടു കൂടി നാട്ടുകാരുടെ ഉത്കണ്ഠക്കൊരു അറുതി വന്നോളും. കല്യാണം കഴിഞ്ഞ്‌ പന്തലീന്നങ്ങോട്ടിറങ്ങുന്നതിനു മുൻപേ 'വിശേഷമൊന്നുമായില്ലേ' എന്നും ചോദിച്ച്‌ ക്ഷമ പരീക്ഷിക്കുന്ന അഭ്യുദയകാംകക്ഷികളെ കണ്ടിട്ടില്ലേ.. ഏതാണ്ടതു പോലെ ചിലരുണ്ട്‌.. ഐ.ടി.യിലാണ്‌ പണി എന്നു കേട്ടലുടനെ ചോദിക്കും- 'ഓൺസൈറ്റൊന്നുമായില്ലേ' എന്ന്‌ . ഇത്തരക്കാരെ കൊണ്ടു പൊറുതിമുട്ടി അവസാനം സ്വന്തം കയ്യിൽനിന്ന്‌ കാശും മുടക്കി വല്ലയിടത്തും ഓൺസൈറ്റ്‌ പോയി വന്നാലോ എന്നു വരെ ചിന്തിച്ചു പോയിട്ടുണ്ട്‌. എന്തായലും അത്തരം കടുംകൈ ഒന്നും വേണ്ടി വന്നില്ല.. കമ്പനി തന്നെ കനിഞ്ഞു. ഓൺസൈറ്റിന്റെ പേപ്പർ കയ്യിൽ കിട്ടിയപ്പോൾ മുതൽ സമയം കളയാതിരുന്നു പ്ലാനിംഗ്‌ തുടങ്ങിയതാണ്‌. ക്ലയന്റ്‌ സൈറ്റിൽ വന്നിട്ട്‌ എന്തൊക്കെ പണിയെടുക്കണം എന്നതൊന്നുമല്ല കേട്ടോ ഞാൻ പ്ലാൻ ചെയ്തത്‌. അല്ലെങ്കിലും അതൊക്കെ എന്റെ ബോസ്‌ ആഞ്ഞുപിടിച്ചിരുന്ന്‌ ചെയ്തു തീർത്തിട്ടുണ്ട്‌.എന്തിന്‌ രണ്ടു പേർ ഒരേ കാര്യത്തിന്‌ ടൈം വേസ്റ്റ്‌ ചെയ്യണം! അതുകൊണ്ട്‌ ഞാൻ പ്ലാൻ ചെയ്തത്‌ ലണ്ടനിൽ പോയിട്ട്‌ കറങ്ങാൻ പോവേണ്ട സ്ഥലങ്ങളെ പറ്റിയായിരുന്നു. അതും കൂടി ബോസിനോടു ചെയ്യാൻ പറഞ്ഞാൽ അഹങ്കാരമായിപ്പോവില്ലേ... അതുകൊണ്ട്‌ ഞാൻ തന്നെ അങ്ങു ബുദ്ധിമുട്ടാം എന്നു വച്ചു.


യാത്രയെ പറ്റി പറഞ്ഞപ്പോഴേ ലണ്ടനിൽ നിന്നും ചേച്ചി വിളിച്ച്‌ മുന്നറിയിപ്പു തന്നിരുന്നു- നല്ല തണുപ്പാണ്‌, അതിനു പറ്റിയ കുപ്പായമൊക്കെയിട്ടു വേണം വരാൻ എന്ന്‌. ഭയങ്കര അനുസരണാശീലമായതു കൊണ്ട്‌ ഉള്ളിത്തൊലി പോലുള്ള ഒരു കോട്ടൺ കുപ്പായവുമിട്ടാണ്‌ ഇവിടെ വന്നിറങ്ങിയത്‌. ഫ്ലൈറ്ററിങ്ങിയപാടെ ഒരു ചേട്ടനെ നോക്കി വച്ചു . ഏയ്‌ തെറ്റിദ്ധരിക്കണ്ട. അങ്ങേരു പോവുന്നതിന്റെയൊക്കെ പുറകെ പോവാനാണ്‌. എനിക്കീ എയർപോർട്ടിലെ പരിപാടികളൊന്നും വല്യ പരിചയമില്ലല്ലോ.. അങ്ങേർക്കാണെങ്കിൽ ഒക്കെ മനപാഠമാണെന്നു മട്ടുംഭാവോം കണ്ടപ്പോൾ തോന്നി. പിന്നാലെ തന്നെ വച്ചു പിടിച്ചു. അവസാനം അങ്ങേര്‌ അങ്ങു ബഗേജ്‌ റീക്ലെയ്ം ചെയ്യുന്ന സ്ഥലത്തു ചെന്നെത്തി നിന്നു. ഒരു പത്തടി മാറി ഞാനും നിന്നു. . സ്വന്തം മകളെ നല്ല വിശ്വാസമായതു കൊണ്ട്‌ എന്റെ പപ്പ പെട്ടിയുടെ മുകളിൽ വെണ്ടക്കാ അക്ഷരത്തിൽ എന്റെ പേരുവിവരങ്ങളൊക്കെ എഴുതിവച്ചിടുണ്ട്‌. അതു പോരാഞ്ഞ്‌ കുരുട്ടിന്റെ വക കുറെ ചിത്രപ്പണികളും. ഞാൻ സ്വന്തം പെട്ടി കണ്ടാലും തിരിച്ചറിയാതെ പോവാൻ എല്ലാ ചാൻസുമുണ്ടെന്നു പറഞ്ഞാണ്‌ രണ്ടു പേരുടെയും വക ഈ ക്രൂരകൃത്യങ്ങൾ. അതൊക്കെ നാട്ടുകാര്‌ കണ്ട്‌ എന്റെ മാനം പോകുന്നതിനു മുൻപേ പെട്ടി കൈക്കലാക്കി എത്രയും പെട്ടെന്ന്‌ സ്ഥലം കാലിയാക്കണമല്ലോ. അതു കൊണ്ട്‌ അതങ്ങു നിന്നു വരുന്നതു കാണുമ്പോഴേ ഓടിപ്പോയി എടുക്കാൻ പാകത്തിന്‌ റെഡിയായിട്ടാണ്‌ നിൽപ്പ്‌. ഏതാണ്ടൊരു മണിക്കൂർ ആ നിൽപ്പു നിന്നിട്ടുണ്ടാവും. എന്റെ പെട്ടി മാത്രം കാണാനില്ല. ഞാനിങ്ങനെ ബ്ലിങ്കസ്യാ എന്ന മട്ടിൽ നിൽക്കുന്നതു കണ്ടാവണം ഒരു ഫോറിനപ്പൂപ്പൻ എന്നെ സഹായിക്കാൻ വന്നു. ഞാൻ വന്ന ഫ്ലൈറ്റിന്റെ ഡീറ്റെയ്‌ല്സൊക്കെ ചോദിച്ചു മനസിലാക്കി ആ അപ്പൂപ്പൻ എന്നേയും കൊണ്ട്‌ ഹാളിന്റെ മേറ്റ്‌ അറ്റത്തുള്ള ഒരു കൺവേയർ ബെൽറ്റിനടുത്തെക്കു പോയി. അവിടതാ എന്റെ വർണ്ണശബളമായ പെട്ടി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട്‌ കറങ്ങിനടക്കുന്നു. ഞാൻ നിന്ന സ്ഥലം മാറിപ്പോയിരുന്നു. എന്തായാലും ചമ്മി കുളം തോണ്ടി പെട്ടീം വലിച്ചോണ്ട്‌ ഒരുവിധത്തിൽ അവിടുന്ന്‌ എസ്കേപ്പായീനു പറഞ്ഞാൽ മതിയല്ലോ..


ചേച്ചീം ചേട്ടനും പുറത്ത്‌ കടലയൊക്കെ കൊറിച്ചോണ്ട്‌ എന്നേം കാത്തു നിൽപ്പുണ്ട്‌. ഞാനിത്രേം വൈകിയിട്ടും രണ്ടു പേർക്കും യാതൊരു ടെൻഷനുമില്ല.


"നിന്റെ ഫ്ലൈറ്റിന്റെ 'ബഗേജ്‌ ഡെലിവേർഡ്‌' എന്നു ഡിസ്പ്ലേ ചെയ്തിട്ട്‌ ഒരു മണിക്കൂറായി.അപ്പോഴേ എനിക്കുറപ്പായിരുന്നു നീ വേറെ വല്ലയിടത്തും വായ്നോക്കി നിൽക്കുകയായിരിക്കും എന്ന്‌"


ഇത്രേം കാലം കഴിഞ്ഞ്‌ കാണുന്ന അനിയത്തിയെ ഒരു ചേച്ചി ഇങ്ങനാണോ സ്നേഹിക്കേണ്ടത്‌. ഞാനും വിട്ടു കൊടുത്തില്ല. അവൾക്കു വേണ്ടി അവൾടെ അമ്മായിയമ്മ കൊടുത്തുവിട്ട മാങ്ങപ്പഴവും ചക്കപ്പഴവുമൊക്കെ ഞാൻ കഴിച്ചു തീർത്തൂന്നും അതിനൊക്കെ ഭയങ്കര മധുരമായിരുന്നൂന്നും പിന്നെ അവൾക്കായി എടുത്തു വച്ച ചിപ്സ്‌/അച്ചാർ ഐറ്റംസൊക്കെ തൂക്കം കൂടുതലായതു കൊണ്ട്‌ എയർപ്പോർട്ടിൽ നിന്നും തിരിച്ചു കൊടുത്തു വിട്ടെന്നുമൊക്കെയുള്ള സന്തോഷവാർത്തകളൊക്കെ ഞാനും അറിയിച്ചു. ചുമ്മാ ഒരു ചിന്ന പ്രതികാരം.


ഇനി അവളെ വക ഇൻസ്പെൿഷനാണ്‌. "നിന്റെ സ്വെറ്ററെവിടെ, ജാക്കറ്റെവിടെ,, എന്റെ ദൈവമേ ഇവളു സോക്സിട്ടില്ല, നിന്നോടു ഞാൻ പ്രത്യേകം പറഞ്ഞതല്ലേ.' എന്നൊക്കെ അവളോരോരോ കുറ്റം കണ്ടുപിടിക്കുകയാണ്‌. ഞാൻ അതിനൊന്നും ചെവികൊടുക്കാതെ അങ്ങു നടന്ന്‌ എയർപ്പോർട്ടിനു പുറത്തെത്തി. യെന്റമ്മച്ചീ.. നിന്ന നിൽപ്പിൽ ആരോ പിടിച്ചു ഫ്രീസറിൽ കയറ്റിയതു പോലെ .ഒടുക്കത്തെ തണുപ്പ്‌. പിന്നെ ഞാനങ്ങു എക്സ്ട്രാ ഡീസന്റായിപ്പോയി. നല്ല അനുസരണയുള കുഞ്ഞാടായി അവൾ പറഞ്ഞ കുപ്പായങ്ങളൊക്കെ അവിടെ തന്നെ നിന്ന്‌ വലിച്ചു കയറ്റി എന്റെ താമസസ്ഥലത്തേക്കു പുറപ്പെട്ടു.


താമസിക്കാൻ കണ്ടുവച്ച വീടൊക്കെ കിടിലം. എല്ലാ സൗകര്യങ്ങളുമുണ്ട്‌. ഓഫീസിൽ നിന്നും വളരെയടുത്ത്‌. എല്ലറ്റിനുമുപരിയായി അതൊരു നദീതീരത്തും. അതും അങ്ങനെ ഡ്യൂക്കിലി നദിയൊന്നുമല്ല.വിശ്വപ്രസിദ്ധമായ തെംസ്‌ നദിയാണ്‌ അവിടെ നീണ്ടു നിവർന്നൊഴുകുന്നത്‌. ആനന്ദലബ്ധിക്കിനി എന്തു വേണം. ഇനി മുതൽ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ്‌ തെംസ്‌ നദിയുടെ തീരത്തൂടെ നടക്കാൻ പോവുന്നു. അങ്ങനെയങ്ങനെ ഓൺസൈറ്റ്‌ കഴിയുമ്പോഴെക്കും ഞാൻ മെലിഞ്ഞ്‌ ഐശ്വര്യാറായിപ്പരുവത്തിലാവുന്നു- ഞാനാ നദിയും നോക്കി നിന്ന്‌ കേട്ടിപ്പൊക്കിയ സ്വപ്നങ്ങൾക്ക്‌ കയ്യും കണക്കുമില്ല. എന്തായാലും രണ്ടു ദിവസം കഴിഞ്ഞപോൾ ചില സത്യങ്ങളൊക്കെ മനസിലായി. തെംസ്‌നദിയായാലും നാട്ടിലെ കുപ്പം പുഴയായാലും നമ്മടെ സ്വന്തം മടി മാറിയാലേ നടക്കാനും ഓടാനുമൊക്കെ പോവാൻ പറ്റൂ. അതു മാറാത്തിടത്തോളാം കാലം നേരം വൈകിയെഴുന്നേറ്റ്‌ നേരെ ഓഫീസിലേക്കു പായാനാണ്‌ ഹെന്റെ വിധി.


എന്തായാലും ഞാൻ വന്നു കയറിയതോടെ ആ വീട്ടിൽ താമസിച്ചു കൊണ്ടിരുന്നു മറ്റു കുട്ടികളൊക്കെ നാടു വിട്ടു പോയി. ലോംഗ്‌ വീകെൻഡായിരുന്നു. അതു കൊണ്ട്‌ അവരൊക്കെ പാരീസിലേക്കും റോമിലേക്കുമൊക്കെ ടൂറു പോയതാണ്‌. നേരത്തെ ഒന്നും ബുക്ക്‌ ചെയ്യാത്തതു കൊണ്ട്‌ എനിക്ക്‌ അവരു പോവുന്നതും നോക്കി അസൂയ മൂത്തു നിൽക്കാനേ പറ്റിയുള്ളൂ. ഏതായാലും തൽക്കാലത്തേക്ക്‌ ആ വീട്ടിൽ ഞാൻ ഒറ്റക്കായി.പകലൊന്നും കുഴപ്പമില്ല. രാത്രിയിലാണു പ്രശ്നം. പണ്ടു വായിച്ച കഥകളിലേയൊക്കെ പ്രഭുക്കന്മാരെ ഓർമവരും.കാസിലുകളിലോക്ക്‌ പ്രേതമായി അലഞ്ഞുതിരിഞ്ഞുനടക്കുന്ന പ്രഭുക്കന്മാരില്ലേ. അവരെ. അപ്പോൾ പിന്നെ സ്വാഭാവികമായും പേടിയാവും. അതും കൂടാതെ ഇവിടുത്ത്‌ വീടുകളിലൊക്കെ തടി പാകിയിരികുകയാണ്‌. അതുകൊണ്ട്‌ അപ്പുറത്തെ വീട്ടിലൂടെ ആളു നടന്നാലും നമ്മ്ടെ വീട്ടിലൂടെ നടക്കുന്നതു പോലെ തോന്നും. ഇനിയിതും പോരാഞ്ഞ്‌ മനുഷ്യരെ പേടിപ്പിക്കാൻ വേണ്ടി എന്റെ വീടിന്റെ ഓണറ്‌ ഒരു പരിപാടീം കൂടി ചെയ്തു വച്ചിട്ടുണ്ട്‌. ഒരുമാതിരിപ്പെട്ട സ്ഥലങ്ങളിലൊക്കെ ഫുൾലെംഗ്ത്‌ മിറർ ഫിറ്റ്‌ ചെയ്തു വച്ചിരിക്കുകയാണ്‌. രാത്രിയാവുമ്പോൾ ചുമ്മാ അവനവന്റെ പ്രതിബിംബം കണ്ടു ഞെട്ടി ജീവൻ പോവും. എന്തായാലും ഒരാഴ്ച ആ വീട്ടിലൂടെ പല സ്റ്റൈലിൽ പേടിച്ചു നടന്നതിനു ശേഷം ഞാൻ പെട്ടീം ഭാണ്ഡോമൊക്കെയെടുത്ത്‌ വേറൊരു വീട്ടിലേക്കു ചേക്കേറി. ഇവിടാണെങ്കിൽ നിറച്ചും ആൾക്കാരുണ്ട്‌. അതുകൊണ്ട്‌ എനിക്കാണെങ്കിൽ ഇപ്പോൾ അപാരമായ ധൈര്യവും.. ഇവിടേം ഇടയ്ക്കൊക്കെ കാൽപെരുമാറ്റമൊക്കെ കേൾക്കാറുണ്ട്‌.. പക്ഷെ അരു മൈൻഡാക്കുന്നു.. ഇനിയിപ്പോൾ ഒരു പ്രേതപ്രഭുക്കന്മാരെയും പേടിക്കാതെ എനിക്കു രാത്രിയിൽ ഉറങ്ങാതിരുന്ന്‌ നെറ്റിൽ ബ്രൗസ്‌ ചെയ്ത്‌ ടൂറൊക്കെ പ്ലാൻ ചെയ്യാം.. ബ്ലോഗെഴുതാം..സിനിമ കാണാം.. ജീവിതത്തെ ചുമ്മാ കയറി അങ്ങു സ്നേഹിക്കാൻ തൽക്കാലം ഇത്രയുമൊക്കെ കാരണങ്ങൾ പോരേ..

Saturday, March 7, 2009

അങ്ങനെ ഞാനും പറന്നു...

സാമ്പത്തികമാന്ദ്യം കാരണമാണെന്നു തോന്നുന്നു, ഇപ്പോൾ ഇവിടെ ബാംഗ്ലൂരിൽ മിക്ക കടകളിലും വമ്പിച്ച ഓഫറുകളാണ്‌. ആയിരം രൂപയുടെ പർച്ചേസിംഗിന്‌ ഒരു വേൾഡ്‌ ടൂർ, രണ്ടു തോട്ടി വാങ്ങിച്ചാൽ ആന ഫ്രീ, ചുമ്മാ കടയിൽ കയറിയാൽ ഒരു കുപ്പായം ഫ്രീ എന്നീ മട്ടിലൊക്കെയാണ്‌ ഇപ്പോൾ ഇവിടുത്തെ കാര്യങ്ങൾ..(വെയ്റ്റ്‌ വെയ്റ്റ്‌.. ബാംഗ്ലൂരേക്കുള്ള വണ്ടി പിടിക്കാൻ വരട്ടെ; എല്ലാ ഓഫറിന്റെയും അറ്റത്ത്‌ 'കണ്ടീഷൻസ്‌ അപ്ലൈ' ഫിറ്റ്‌ ചെയ്തു വച്ചിട്ടുണ്ട്‌). എന്നാൽ ഇങ്ങനെയുള്ള ഓഫറുകളൊന്നുമില്ലാതിരുന്ന ഒരു കാലത്ത്‌ വെറും ഒരു കിലോ മാങ്ങ വാങ്ങിയതിന്റെ പേരിൽ ഒരു വിമാനയാത്ര നടത്താൻ ഭാഗ്യം സിദ്ധിച്ച ഒരാളെ പറ്റി കേട്ടിട്ടുണ്ടോ.. അതെ.. ഞാനാണാ ഭാഗ്യവതി (വിനയകുനിതയാവുന്നു...). കേട്ടിട്ടില്ലാത്തവർ ഇപ്പോൾ കേട്ടോളൂ...


കഥ ആരംഭിക്കുന്നത്‌ ഡെൽഹിയിലെ ഒരു കൊച്ചു ഫ്ലാറ്റിലാണ്‌. രാത്രി ഒരേഴെട്ടുമണിയായിട്ടാവും. എന്റെ സഹമുറിയ കുരുട്ട്‌ ആഞ്ഞുപിടിച്ചിരുന്ന്‌ ടി.വി. കാണുന്നു. പാവം ഞാൻ അടുക്കളയിൽ അത്താഴത്തിനുള്ള ഒരുക്കങ്ങളിൽ മുഴുകിയിരിക്കുന്നു. എന്നു വച്ചാൽ അന്നത്തെ അത്താഴമായ മാങ്ങാപ്പഴം കഴുകിയെടുക്കുന്നു..- അത്രയുമേയുള്ളൂ.. അത്‌ ഡെൽഹിയിൽ മാമ്പഴത്തിന്റെ സീസണാണ്‌. അതു കൊണ്ടു തന്നെ ഞങ്ങളുടെ പ്രധാനഭക്ഷണം മാങ്ങയാണ്‌. എല്ലാദിവസവും ഓഫീസിൽ നിന്നും വരുമ്പോൾ ഓരോ കിലോ മാങ്ങ വാങ്ങിക്കും.കഴിക്കും.. പിറ്റേ ദിവസം വൈകുന്നേരം പിന്നെയും മാങ്ങ വാങ്ങും. അങ്ങനെ ലാവിഷായി ജീവിതം കഴിച്ചുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഈ സംഭവം നടക്കുന്നത്‌. ങാ..അപ്പോൾ ഞാൻ മാങ്ങയൊക്കെ കഴുകി ഒരു പ്ലേറ്റിലെടുത്തു വച്ച്‌ മന്ദം മന്ദം കുരുട്ടിനരികിലേക്കു നടക്കുകയാണ്‌. എന്നു വച്ചാൽ വെറുതെയങ്ങു നടക്കുകയല്ല.. കുച്ചിപ്പുഡി സ്റ്റൈലാണ്‌ നടപ്പ്‌. ഈ ഡാൻസുകാരൊക്കെ ചെയ്യുനതു പോലെ ഒരു കയ്യിൽ പ്ലേറ്റ്‌ ബാലൻസ്‌ ചെയ്ത്‌ (അതിൽ മാങ്ങകളിങ്ങനെ ഉരുണ്ടു കളിക്കുന്നുണ്ട്‌) ശ്രദ്ധ മുഴുവൻ ടി.വി.യിലേക്കു കൊടുത്ത്‌ അതിനിടയ്ക്ക്‌ കുരുട്ടിനോട്‌ വർത്തമാനം പറഞ്ഞ്‌ ആകെ സ്റ്റൈലിൽ.. അപ്പോഴാണ്‌ കത്തിയെടുക്കാൻ മറന്നു പോയ കാര്യമോർക്കുന്നത്‌. അതേ പോസിൽ തന്നെ നിന്ന്‌ അൽപമൊന്ന്‌ വലിഞ്ഞ്‌ കുറച്ചപ്പുറത്തുള്ള ടേബിളിൽ നിന്നും കത്തിയെടുക്കാനൊരു ശ്രമം നടത്തിയതാണ്‌. പെട്ടെന്ന്‌ കാലിൽ നിന്ന്‌ മിന്നൽ പോലെ ഒരു വേദനയോടു കൂടി ഞാൻ നിലംപതിച്ചു. എന്താണു സംഭവിച്ചതെന്നറിയാൻ ആകെമൊത്തം ഒന്നു നോക്കീപ്പഴാണ്‌ കണ്ടത്‌- കാലിന്റെ ആംഗിളിനൊരു മിസ്റ്റേക്ക്‌.. . എന്നു വച്ചാൽ മുട്ടിനു താഴേക്കുള്ള ഭാഗം നേരെയിരിക്കുന്നതിനു പകരം ആരോ ഒരു സൈഡിലേക്കു പിടിച്ചു തിരിച്ചു വച്ചപോലെ വളഞ്ഞിരിക്കുന്നു..ഞാൻ ഇങ്ങനൊരു പ്രതിഭാസത്തെ പറ്റി അന്നേ വരെ കേട്ടിട്ടു പോലുമില്ലായിരുന്നു.ശബ്ദം കേട്ട്‌ ഓടി വന്ന കുരുട്ടണെങ്കിൽ എന്റെ കാലിന്റെ അവസ്ഥയൊക്കെ കണ്ട്‌ ചിന്താവിഷ്ടയായി അടുത്തിരിക്കുന്നുണ്ട്‌.. കുറച്ചു നേരം കഠിനമായി ആലോചിച്ച്‌ എന്തോ കിട്ടിയ സന്തോഷത്തോടെ കുരുട്ടറിയിച്ചു."ഇതു ഞാൻ കണ്ടിട്ടുണ്ട്‌.. നീ-ക്യാപ്‌ ഡിസ്‌ലൊക്കേഷനാണ്‌. എന്റെ ഒരു കസിൻ ക്രിക്കറ്റു കളിക്കുമ്പോൾ ഇടയ്ക്കിടക്കിതു സംഭവിക്കാറുണ്ട്‌.."


ഈ മുട്ടുചിരട്ടയൊക്കെ ഇങ്ങനെ തരം കിട്ടിയാൽ തെന്നിപ്പോവുന്ന സാധനമാണോ!! എന്തായാലും പണ്ടത്തെ ബയോളജി ക്ലാസിലേക്ക്‌ തിരിച്ചുപോയി കാലിന്റെ ഘടന ഓർത്തെടുക്കാനുള്ള ഒരു മൂഡിലല്ലായിരുന്നതു കൊണ്ട്‌ ഞാൻ കുരുട്ടിനെ തന്നെ ശരണം പ്രാപിച്ചു...


" അപ്പോൾ അവനെന്താ ചെയ്യാറുള്ളത്‌? എന്തെങ്കിലുമൊക്കെ ചെയ്യ്‌..എനിക്കു വേദനിച്ചിട്ടു തല കറങ്ങുന്നു.."


"അതെനിക്കറിയില്ല. .വിളിച്ചു ചോദിക്കാംന്നു വച്ചാൽ അവനിപ്പോൾ അങ്ങ്‌ അമേരിക്കയിലാണ്‌ .എന്തായാലും ഇതിപ്പോ തിരിഞ്ഞിരിക്കുകയാണല്ലോ.. നമ്മക്കിതിനെ പിടിച്ചു നേരെ വെയ്ക്കാം.. ചിലപ്പോൾ ശരിയാകുമായിരിക്കും.." കുരുട്ടിന്റെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു


ഞാൻ ഒന്നാലോചിച്ചു... അങ്ങേയറ്റം പോയാൽ കാലൊടിഞ്ഞു പോവുമായിരിക്കും.. എന്നാലും സാരമില്ല.. ഇതിങ്ങനെ വശപ്പിശകായി നിൽകുന്നതിലും ഭേദമാണല്ലോ അത്‌.


എന്റെ സമ്മതം കിട്ടിയതും കുരുട്ട്‌ ടപ്പേന്ന്‌ കാലു പിടിച്ച്‌ നേരെ വച്ചു. അത്‌ഭുതം!! അതൊടിഞ്ഞില്ല! കുരുട്ട്‌ വേഗം അടുക്കളയിലേക്കു പോയി കുറ എണ്ണയെടുത്ത്‌ കാലിലാകെ ധാര കോരി. അങ്ങനെ പ്രത്യേകിച്ച്‌ എന്തെങ്കിലും അറിഞ്ഞിട്ടൊന്നുമല്ല. ഈ വിജാഗിരിക്കൊക്കെ എണ്ണയിടുന്നതു പോലെ എന്റെ മുട്ടുചിരട്ട ഒന്നു സ്മൂത്താവാൻ വേണ്ടി എണ്ണയിട്ടതാണ്‌. തൊലിപ്പുറത്തു നിന്നും എണ്ണ ആഗിരണം ചെയ്യപ്പെട്ട്‌ അങ്ങ്‌ അകത്തേക്കെത്തുമല്ലോ.. യേത്‌..


എന്തായാലും കുരുട്ടിന്റെ എണ്ണപ്രയോഗം ഏറ്റു. രാവിലെ ആയപ്പോഴൊരു ചെറിയ വേദയൊഴിച്ചാൽ വേറെ പ്രശ്നങ്ങളൊന്നുമില്ല.. എന്നാലും അന്ന്‌ ലീവെടുത്തേക്കാമെന്നും വിചാരിച്ച്‌ ബോസിനെ വിളിച്ചു കാര്യം പറഞ്ഞതും സംഭവം ഞങ്ങൾടെ കൈവിട്ടു പോവാൻ തുടങ്ങി. ടെക്നിക്കൽ എസ്കലേഷൻസിന്റെ ഇൻചർജാണ്‌ കക്ഷി. എല്ലം ആ ഒരു ലെവലിലേ ചിന്തിക്കൂ.. എന്റെ കാലിന്റേത്‌ ഒരു 'അബ്നോർമൽ ബിഹേവിയർ' ആണെന്നും അത്‌ കൂടുതൽ സീരിയസായ അറ്റൻഷൻ വേണ്ട ഇഷ്യൂ ആണെന്നുമൊക്കെ പറഞ്ഞ്‌ അങ്ങേരത്‌ ആകെ സങ്കീർണമാക്കിക്കളഞ്ഞു.. ഒടുക്കം എന്തായി.. വിതിൻ 24 അവേഴ്സ്‌.. കമ്പനീടെ ഡോകടർ എത്തി എന്റെ കാലു പരിശോധിച്ച്‌ ഒരു മാസത്തേക്കു തടവിലിട്ട്‌, ഐ മീൻ കാസ്റ്റിട്ട്‌ എന്നെ നല്ല നടപ്പിനു വിധിച്ചു. കാസ്റ്റിട്ട്‌ മടങ്ങാത്ത കാലും കൊണ്ട്‌ ഓഫീസിൽ വരണ്ടാന്നും വേണമെങ്കിൽ ഒരു മെഡിക്കൽ ലീവെടുത്ത്‌ വീട്ടിൽ പൊയ്‌ക്കോളാനും ബോസിന്റെ വക അനുവാദവും കിട്ടി. പക്ഷെ എനിക്കീ കാലു മടങ്ങാത്തതൊന്നും വല്യ പ്രശനമായി തോന്നിയില്ല. ഞാനിങ്ങനെ ആ കാലും വലിച്ച്‌ സിനിമാനടൻ മധു നടക്കുന്നതു പോലെ ഓഫീസു മുഴുവൻ വലിഞ്ഞ്‌ വലിഞ്ഞ്‌ നടന്നു. ഞാൻ അകലേന്നു വരുന്നതു കാണുമ്പോഴേ മലയാളി സഹപ്രവർത്തകർടെ വക 'മാനസമൈനേ വരൂ' എന്ന പാട്ടു കേൾക്കും എന്നതൊഴിച്ചാൽ ഒരു കുഴപ്പവുമില്ല. പിന്നെ പ്രശ്നമുള്ളത്‌ സ്റ്റെയർകേസാണ്‌ . കുറച്ചു നാളത്തെ പരിശീലനം കൊണ്ട്‌ സ്റ്റെപ്പൊക്കെ അതിന്റെ കൈവരിയിൽ പിടിച്ച്‌ ഒറ്റക്കാലിൽ തുള്ളി തുള്ളി കയറാനും ഇറങ്ങാനും പ്രാക്ടീസ്‌ ആയതോടെ ആ പ്രശവും സോൾവായി.. അങ്ങനെ വല്യ കുഴപ്പമൊന്നുമില്ലാതെ ആ ഒരുമാസത്തെ ശിക്ഷാകാലം ഞാൻ അനുഭവിച്ചു തീർത്തു.


ഇനിമുതലാണ്‌ ശരിക്കും പ്രശ്നം ആരംഭിച്ചത്‌. ഡോക്ടർ വന്ന്‌ കാസ്റ്റെടുത്തു. അപ്പോഴാണ്‌ ഞാൻ ഒരു ഞെട്ടലോടെ തിരിച്ചറിയുന്നത്‌.. ഒരു മാസം നേരെയിരുന്ന്‌ കാലിന്‌ അതങ്ങു ശീലമായിപ്പോയി. എന്തു ചെയ്തിട്ടും മടക്കാൻ പറ്റുന്നില്ല. അതു പതുക്കെപതുക്കെ മടങ്ങിക്കോളും എന്നും പറഞ്ഞ്‌ ഡോക്ടർ വണ്ടി വിട്ടു. പക്ഷെ എന്റെ എനിക്കങ്ങു സങ്കടമായിപ്പോയി.. സങ്കടം വന്നാൽ പിന്നെ എനിക്ക്‌ അപ്പോൾ തന്നെ പപ്പയും മമ്മിയേയും കാണണം. അതിനു നാട്ടിൽ പോണം.. പക്ഷെ മടങ്ങാത്ത കാലും വച്ച്‌ ഞാനെങ്ങനെ ട്രെയിനിൽ പോവും? പ്രശ്നപരിഹാരത്തിനായി ഞാനും കുരുട്ടും വീണ്ടും ബോസിനെ സമീപിച്ചു.


"അതിനു ട്രെയിനിൽ പോവുന്നതെന്തിന്‌!! ഫ്ലൈറ്റിൽ പൊയ്ക്കൂടേ?" ബോസിന്റെ മറുപടികേട്ടപ്പോൾ പെട്ടെന്നോർമ വന്നത്‌ പണ്ടേതോ രാജ്ഞി ബ്രഡ്‌ ക്ഷാമത്തെ പറ്റി പരാതിപ്പെട്ട പ്രജകളോട്‌ ബ്രഡെന്തിനു കഴിക്കണം; കേക്കു കഴിച്ചൂടേ: എന്നോമറ്റോ ചോദിച്ചതാണ്‌..


വല്യവല്യപണക്കാരുടെ കുത്തകയായ വിമാനത്തെ ഒരു സോഷ്യലിസ്റ്റ്‌വാദിയായ ഞാൻ ക്രൂരമായി അവഗണിച്ചിരിക്കയായിരുന്നു എന്നൊക്കെ പറയാമെങ്കിലും സത്യം മറ്റൊന്നാണ്‌..അന്നത്തെ ഒരു സാമ്പത്തികനില വച്ച്‌ ഫ്ലൈറ്റിനെ ഒരു ഗതാഗതമാർഗമായി കണക്കാക്കാൻ പറ്റിയ അവസ്ഥയിരുന്നില്ല ഞങ്ങൾ. പപ്പയോടു ചോദിച്ചാൽ പൈസ കിട്ടും.. പക്ഷെ ഉദ്യോഗസ്ഥയായ ഒരു മകളെന്ന നിലയ്ക്ക്‌ അതൊക്കെ വല്യ ചമ്മലലല്ലേ.( ഇപ്പോ ആ ചമ്മലൊക്കെ മാറി കേട്ടോ.. അല്ലെങ്കിലും കുറെ പ്രാവശ്യം ചോദിച്ച്‌ ശീലമായികഴിഞ്ഞാൽ പിന്നെ എന്തോന്ന്‌ ചമ്മല്‌).അവസാനം എന്റെയും കുരുട്ടിന്റെയും ബാങ്ക്‌ക്കൗണ്ടിന്റെ അസ്ഥിവാരം വരെ മാന്തി പൈസയെടുത്ത്‌ കോഴിക്കോടേക്ക്‌ ഒരു ടിക്കറ്റു സംഘടിപ്പിച്ചു. എന്റെ യാത്രയെ പറ്റി കേട്ടതും ഡോക്ടർ വന്ന്‌ ഒരു മുൻകരുതലെന്ന നിലയ്ക്ക്‌ പിന്നേം കാലിനെ കാസ്റ്റിലാക്കിതന്നു.അതു മാത്രമല്ല; ഫ്ലൈറ്റ്‌കമ്പനിയിലെ ഏതോ സുഹൃത്തിനെ വിളിച്ച്‌ എന്നെ യാതൊരു ബുദ്ധിമുട്ടും കൂടാതെ നാട്ടിലെത്തിക്കാനുള്ള ഏർപാടുകളും ചെയ്തു.അങ്ങനെ ഞാൻ ആദ്യത്തെ പറക്കലിനൊരുങ്ങി..


എയർപോർട്ടിലെത്തീതും ഡോക്ടറുടെ സുഹൃത്ത്‌ ഓടി വന്ന്‌ എന്നെ ഒരു വീൽച്ചെയറിൽ പിടിച്ചിരുത്തി അതുന്തിത്തള്ളിനടക്കാൻ ഒരു ചേച്ചിയേയും ഏർപ്പാടാക്കി തന്നു. പിന്നെ എനിക്കൊന്നും ചെയ്യേണ്ടി വന്നില്ല. ചേച്ചി എന്റെ വീൽചെയറും തള്ളി ഓരോ കൗണ്ടറിലേക്കും കൊണ്ടു പോയി അവിടുത്തെ ഫോർമാലിറ്റീസ്‌ ഒക്കെ കംപ്ലീറ്റ്‌ ചെയ്തു തരും; ഞാനിങ്ങനെ പളപളാന്നുള്ള കുപ്പായവുമിട്ട്‌ മിന്നിത്തിളങ്ങി(ഫ്ലൈറ്റിലൊക്കെ പോവുമ്പോൾ ചുമ്മാ കോട്ടൺ ഡ്രസുമിട്ട്‌ പോവാൻ പറ്റുമോ..അതുകൊകൊണ്ട്‌ എന്റെ കയ്യിലുള്ളതിൽ ഏറ്റവും വിലക്കൂടുതലുള്ള സിൽക്കു കുപ്പായമാണിട്ടത്‌) അന്തംവിട്ടിരുന്ന്‌ അവിടുത്തെ കാഴചകളൊക്കെ കണ്ടുകൊണ്ടിരിക്കും അങ്ങനെയങ്ങനെ അവസാനം വിമാനത്തിലേക്കു കയറുന്ന സ്ഥലത്തെത്തി. എന്റെ വീൽചെയർ തള്ളി ഒരു റൂമിൽ കൊണ്ടു വച്ചു.. അവിടെ എന്നെ പോലെ തന്നെ അഞ്ചാറ്‌ വീൽചെയർ-സഞ്ചാരികൾ വേറെയുമുണ്ട്‌.. വയസായ ഒരമ്മൂമ്മ.. ആകെമൊത്തം പ്ലാസ്റ്ററിട്ടു വച്ചിരിക്കുന്ന ഒരു ചേട്ടൻ , കാൽ പോളിയോ വന്ന ഒരു ചേച്ചി, കോളറിട്ട കഴുത്തുമായി വേറൊരു ചേട്ടൻ അങ്ങനെ കുറച്ചു പേർ.. എന്നെ കണ്ടതും എല്ലാവരുടെയും സഹതാപതരംഗം എന്റെ നേരെയായി.. ചുരിദാരിന്റെ ബോട്ടം കാരണം എന്റെ പ്ലാസ്റ്ററിട്ട കാല്‌ കാണാൻ പറ്റില്ലല്ലോ.. അതുകൊണ്ടാണെന്നു തോന്നുന്നു; എല്ലാവരും എന്തൊക്കെയോ മനസിൽ നിരൂപിച്ചുണ്ടാക്കി 'എന്നാലും ഇത്ര ചെറുപ്പത്തിലേ ഈ ഗതി വന്നല്ലോ' എന്നൊരു മുഖഭാവത്തോടെ എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്‌. ആ സഹതാപം സഹിക്കാൻ വയ്യാതെ അവസാനം ഞാൻ ആരും ചോദിക്കാതെ തന്നെ തന്നെ അടുത്തിരുന്ന ചേച്ചിയോട്‌ എന്റെ കഥ പറഞ്ഞുകൊടുത്ത്‌ കാര്യങ്ങളൊക്കെ ഒരുവിധത്തിൽ എല്ലാരെയും അറിയിച്ചു. പെട്ടെന്നു തറയ്ക്കൊരിളക്കം. അതിങ്ങനെ പൊങ്ങിപ്പോയി എവിടെയോ പോയി നിന്നു. കുറച്ചു ചേച്ചിമാർ വന്ന്‌ ഞങ്ങളെയൊക്കെ ഒരു കോറിഡോറിലൂടെ തള്ളി കൊണ്ടുപോയി എവിടെയോ കൊണ്ടു പോയി പ്രതിഷ്ഠിച്ചു. ഒന്നു ചുറ്റും നോക്കിയപ്പോൾ അവിടൊക്കെ സീറ്റുകൾ.. അതെ .. ഞാൻ വിമാനത്തിന്റെ അകത്തെത്തിയിരുന്നു.. ഉള്ളതു പറയാലോ.. ആകാശത്തൂടെ പറക്കുന്നതു കാണുമ്പോൾ ഇതിത്ര വലിയ സംഭവമാണെന്ന്‌ ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.


എയർഹോസ്റ്റസ്‌ വന്ന്‌ എന്നെ സീറ്റിലിരിക്കാൻ സഹായിച്ചു. എനിക്കങ്ങ്‌ ആകെ നിരാശയായിപ്പോയി.. കാരണം എന്റേത്‌ വിൻഡോ സീറ്റല്ല..ഞാനിനി ആകാശത്തിലെ കാഴ്കകളൊക്കെ എങ്ങനെ കാണും.. വിമാനത്തിന്റെ ജനലാണെങ്കിൽ തീരെ കുഞ്ഞിതുമാണ്‌.. അതു മുഴുവൻ മറച്ചോണ്ട്‌ ഒരു അങ്കിളിന്റെ തല.. അങ്കിളിരുന്ന്‌ ഒടുക്കത്തെ പത്രം വായനയാണ്‌. ഇങ്ങേർക്ക്‌ വായിക്കാനാണെങ്കിൽ ഇപ്പുറത്തെ സീറ്റിലിരുന്നും വായിച്ചൂടേ.. അങ്ങനാണെങ്കിൽ എനിക്ക്‌ വിൻഡോ സീറ്റിലിരുന്ന്‌ ആവോളം കാഴ്ചയും കാണമായിരുന്നു.. എന്തായാലും അങ്ങേര്‌ ബോംബേ വരെ അവിടിരുന്നു പത്രം വായിച്ചു.. പുറത്തെ കാഴ്ചകളൊന്നും കാണാൻ പറ്റാത്തതു കൊണ്ട്‌ ഉള്ള ചാൻസിന്‌ ഞാൻ തിരിഞ്ഞും മറിഞ്ഞും എത്തിവലിഞ്ഞു നോക്കിയുമൊക്കെ വിമാനത്തിനുള്ളിലെ കാഴ്ചകളൊക്കെ ഒരു വിധത്തിൽ കണ്ടു തീർത്തു. കണക്ടിംഗ്‌ ഫ്ലൈറ്റായതു കൊണ്ട്‌ എനിക്ക്‌ ബോംബെയിൽ നിന്നു ഫ്ലൈറ്റ്‌ മാറിക്കയറണം.. ഡെൽഹിയിൽ നിന്നുള്ള റെക്കമൻഡേഷൻ കൊണ്ടാണെന്നു തോന്നുന്നു; ഇവിടെയും ഒരു ചേച്ചി വന്ന്‌ എന്റെ വീൽചെയർ തള്ളികൊണ്ടുപോയി എയർപ്പോർട്ടിന്റെ ബസിൽ കയറ്റി കുറച്ചു ദൂരയുള്ള ഇന്റർനാഷണൽ എയർപ്പോർട്ടിലെത്തിച്ചു. വീണ്ടും ഫോർമാലിറ്റീസൊക്കെ കംപ്ലീറ്റ്‌ ചെയ്ത്‌ എന്നെ കോഴിക്കോടേക്കുള്ള വിമാനത്തിന്റെ ഉള്ളിലെത്തിക്കുകയും ചെയ്തു.


ഖത്തറിൽ നിന്നോ മറ്റോ വരുന്ന വിമാനമായിരുന്നു അത്‌.. പഴയ വിമാനത്തേക്കാളും ഗംഭീരൻ സെറ്റപ്പ്‌.. വളരെ കുറച്ചാളുകളേയുള്ളൂ താനും. ഈ ഒരു ചാൻസും കൂടി മിസ്സക്കിയാൽ.. ഇനീം ഇതു പോലെ കാലൊടിഞ്ഞ്‌ വിമാനത്തിന്റെ വിൻഡോസീറ്റിലിരിക്കാനുള്ള ചാൻസ്‌ എപ്പോൾ കിട്ടാനാണ്‌.. ഇതിലാണെങ്കിൽ മിക്ക വിൻഡോസീറ്റും ഒഴിഞ്ഞുകിടക്കുകയാണ്‌. ഞാൻ എയർഹോസ്റ്റസു ചേച്ചിയോട്‌ മടിച്ചുമടിച്ച്‌ എന്റെ ആഗ്രഹം പറഞ്ഞു. ചേച്ചി എന്നെ ഒരു വിൻഡോ സെറ്റിൽ കൊണ്ടിരുത്തുകയും ചെയ്തു.. ഞാനങ്ങു ഹാപ്പിയായി. എന്തായാലും കോഴിക്കോടു വരെ ആകാശം കണ്ടു കണ്ട്‌ എനിക്കങ്ങ്‌ മതിയായിപ്പോയി..


കോഴിക്കോടെത്തി.. എല്ലാവരും ഇറങ്ങിക്കഴിഞ്ഞിട്ടും എന്നെ മാത്രം ഇറങ്ങാൻ സമ്മതിക്കുന്നില്ല.. കുറച്ചു പേർ നിന്ന്‌ എന്തൊക്കെയോ ചർച്ച ചെയ്യുകയാണ്‌. എനിക്കൊന്നും മനസിലായില്ല. ഞാൻ വല്ല തീവ്രവാദിയുമാണെന്ന്‌ അവർക്കു സംശയം തോന്നിയോ പോലും. ആകെപ്പാടെ ടെൻഷനായി.. എന്നെപറ്റി എന്തെങ്കിലും സംശയമുണ്ടെങ്കിൽ അങ്ങു താഴെ എന്റെ പപ്പ നിൽപ്പുണ്ട്‌; പപ്പയോടു ചോദിച്ചാൽ ഞാൻ ഭയങ്കര നല്ലകുട്ടിയാണെന്നുള്ള സത്യം മനസിലാവുമെന്നും ഒക്കെ അറിയിക്കാൻ വേണി ഞാൻ എയർഹോസ്റ്റസിനെ വിളിച്ചു. ആ ചേച്ചി വന്ന്‌ എന്നെ ആശ്വസിപ്പിച്ചു. എന്റെ വീൽചെയർ നിലത്തിറക്കാനുള്ള സംവിധാനം കോഴിക്കോടില്ലത്രേ... അതുകൊണ്ട്‌ എന്നെ എങ്ങനെ നിലംതൊടീക്കാം എന്നതിനെപറ്റിയാണ്‌ അവർ ചർച്ചചെയ്യുന്നത്‌. അതൊന്നും പ്രശമില്ല; ഞാൻ തുള്ളിതുള്ളി സ്റ്റെപ്പിറങ്ങിപ്പൊക്കോളാമെന്ന്‌ ഞാൻ ചേച്ചിയെ അറിയിച്ചു. അവരെന്തു ചെയ്തിട്ടും സമ്മതിക്കുന്നില്ല. ഇനി ഇവിടെ ഇറക്കാൻ പറ്റാത്തതു കൊണ്ട്‌ ഇവരെന്നെ തിരിച്ചു ഡെൽഹിക്കു തന്നെ പറപ്പിക്കുമോ എന്നായി അടുത്ത ടെൻഷൻ..


അപ്പോഴേക്കും ചർച്ചയൊക്കെ കഴിഞ്ഞ്‌ രണ്ടു ചേട്ടന്മാർ എന്റെ അടുത്തേക്കു വന്നു. എന്നോടു ചെയറിൽ മുറുക്കെപിടിച്ചിരിക്കാൻ പറഞ്ഞ്‌ അവരാ ചെയറെടുത്തു പൊക്കി.. എന്നിട്ടു പതിയെ സ്റ്റെപ്പിറങ്ങാൻ തുടങ്ങി. കേൾക്കുമ്പോൾ നല്ല രസം തോന്നുന്നില്ലേ. പക്ഷെ അനുഭവിക്കുമ്പോൾ തീരെ സുഖമില്ലാത്ത ഒരു കാര്യമാണിത്‌. ഭൂമിയിൽ നിന്നും അത്രയും ഉയരത്തിൽ ഒരു കസേരയിലിരുന്ന്‌ താഴേക്കു പോരുക എന്നുള്ളത്‌. ആ എടുത്റ്റു പിടിച്ചിരിക്കുന്ന ചേട്ടൻമാരുടെ കാലെങ്ങാനും ഒന്നു സ്ലിപ്പായാൽ ഞാൻ മൂക്കും കുത്തി താഴെ കിടക്കും. ഈ ചേട്ടന്മാരുടെ കണ്ണിലൊരു പൊടി പോലും വീഴാതെ കാത്തോളണേ ദൈവമേ എന്നു ഞാൻ ആത്മാർത്ഥമായി കണ്ണുമടച്ചിരുന്ന്‌ പ്രാർത്ഥിക്കാൻ തുടങ്ങി.അവരോടുള്ള സ്നേഹം കൊണ്ടൊന്നുമില്ല, എങ്ങാനും അങ്ങനെ വല്ലതും സംഭവിച്ചാലുള്ള എന്റെ അവസ്ഥ ഓർത്തിട്ടാണ്‌. എന്തായാലും അപകടമൊന്നുമില്ലാതെ ഞാനും എന്റെ വീൽചെയറും വിജയകരമായി നിലം തൊട്ടു. അതോടു കൂടി എന്നെ കന്നിപ്പറക്കലിന്‌ തിരശീല വീഴുകയും ചെയ്തു.


ഇങ്ങനൊക്കെയാണെങ്കിലും ഈ കാലൊടിയൽ സംഭവവും അതിനോടനുബന്ധിച്ചു നടന്ന മറ്റു സംഭവങ്ങളിലും വച്ച്‌ എന്നെ ഏറ്റവും കൂടുതൽ ത്രില്ലടിപ്പിച്ചതും സന്തോഷിപ്പിച്ചതും ഈ വിമാനയാത്രയല്ല; മറ്റൊരു സംഭവമാണ്‌. അതായത്‌ വീട്ടിൽ വന്ന്‌ ആയുർവേദഹോസ്പിറ്റലിലെ തിരുമ്മലും മറ്റു കലാപരിപാടികളുമൊക്കെ കഴിഞ്ഞ്‌ എന്റെ കാലൊക്കെ നേരാംവണ്ണമായപ്പോൾ ഞാൻ തിരിച്ച്‌ ഓഫീസിലെത്തിയല്ലോ... അപ്പോൾ എന്നെ എതിരേറ്റ അതിമനോഹരമായ കാഴ്ച.. കാലിൽ പ്ലാസ്റ്ററുമിട്ട്‌ ഞാൻ വലിഞ്ഞുവലിഞ്ഞു നടന്നിരുന്ന കാലത്ത്‌ എന്നെ ഏറ്റവുമധികം കളിയാക്കിയിരുന്ന സഹപ്രവർത്തകനതാ കാലിലും കയ്യിലും പ്ലാസറുമായി നിൽക്കുന്നു.. ബൈക്കിൽ നിന്നും വീണതാണത്രേ.. ഞാനവനെയും നോക്കി ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. ശരിയാണ്‌.. ആക്സിഡന്റും പറ്റി നിൽക്കുന്ന ഒരാളെ നോക്കി ചിരിക്കുന്നതൊക്കെ ക്രൂരമാണ്‌.. പക്ഷെ എന്തു ചെയ്യാം .. കഴിഞ്ഞതൊക്കെ അങ്ങു മറക്കാൻ ഞാനൊരു പുണ്യാത്മാവൊന്നുമല്ലല്ലോ..കേവലമൊരു മനുഷ്യജീവിയല്ലേ..

Sunday, February 1, 2009

ആലിങ്കില്‍ കോലങ്കം...

മലയാളഭാഷയ്ക്ക്‌ എന്റെ ചേച്ചിയുടെ വക സംഭാവനയായായിരുന്നു 'ആലിങ്കില്‍കോലങ്കം' എന്ന പ്രയോഗം. കുട്ടിക്കാലത്ത്‌ ഞങ്ങളെ സിനിമ കാണിക്കാന്‍ കൊണ്ടുപോയിരുന്ന ആലിങ്കില്‍ ടാക്കീസും സിനിമയുമായി ബന്ധപ്പെട്ട്‌ എവിടെയോ കേട്ട 'കോലങ്ങള്‍' എന്ന വാക്കും കൂട്ടിക്കെട്ടി അവള്‍ തന്നെ നിര്‍മ്മിച്ചെടുത്ത പുതിയ വാക്ക്‌. സിനിമ എന്ന പദത്തിനു പകരം അവളുടെ വൊക്കാബുലറിയില്‍ സ്ഥാനം പിടിച്ചത്‌ ഈ പ്രയോഗമായിരുന്നു.പക്ഷെ പറഞ്ഞൊപ്പിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടോ എന്തോ ഞാനും അനുജനും ആ വാക്കിനെ സ്വീകരിച്ചില്ല. പകരം സിനിമയെ സിനിമ എന്നു തന്നെ വിളിച്ചു. അങ്ങനെ കാലക്രമേണ അവളും ആലിങ്കില്‍ കോലങ്കത്തിനെ ഉപേക്ഷിച്ചെങ്കിലും അതിനെ മറക്കാന്‍ തയ്യാറാവാത്ത കുറച്ചാള്‍ക്കാരുണ്ടായിരുന്നു. ഞങ്ങള്‍ടെ ബന്ധുക്കളും അയല്‍ക്കാരും. ഇപ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇടയ്ക്കിടയ്ക്ക്‌ ആ പ്രയോഗം കേള്‍ക്കാറുണ്ട്‌. "ഡീ ആലിങ്കില്‍ കോലങ്കത്തിന്‌ പോരുന്നോ?' എന്നൊക്കെ. അവളെ കളിയാക്കി തുടങ്ങിയതാണെങ്കിലും തീയേറ്ററില്‍ പോയി സിനിമ കാണുക എന്ന നീണ്ട വാക്യത്തെ സൂചിപ്പിക്കാനുള്ള ചുരുക്കുരൂപമായി മാറി ഈ ആലിങ്കില്‍ കോലങ്കം. അവിടം കൊണ്ടും തീരാതെ ആ ആലിങ്കില്‍ ടാക്കീസിനെപറ്റിയോ കോലങ്ങള്‍ എന്ന സിനിമയെ പറ്റിയോ ഒരു ചുക്കുമറിയില്ലാത്ത ഞങ്ങള്‍ടെ പീക്കിരി കസിന്‍കുട്ടികള്‍ വരെ ആലിങ്കില്‍ കോലങ്കമെന്ന പ്രയോഗത്തെ ഇക്കാലത്തും രണ്ടും കൈയും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്‌.


കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നു തീയേറ്ററില്‍ പോയി സിനിമ കാണുക എന്നുള്ളത്‌. വല്ലപ്പോഴുമൊക്കെയേ പപ്പ സിനിമ കാണിക്കാന്‍ കൊണ്ടു പോകൂ. അതും സെക്കന്റ്‌ ഷോയ്ക്കു മാത്രം. സിനിമയ്ക്ക്‌ പോവാന്‍ വേണ്ടി പപ്പയെ സമ്മതിപ്പിക്കുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള പരിപാടി. ശുപാര്‍ശയും കണ്ണീരും മൂക്കു ചീറ്റലുമൊന്നും പപ്പയുടെയടുത്തു ചിലവാകില്ല. സിനിമയ്ക്കു കൊണ്ടു പോകാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പു തന്നെ മമ്മിയും ഞങ്ങള്‍ കുട്ടികളും രണ്ടു മൂന്നു വട്ടം ഇതേപറ്റി കൂടിയാലോചകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ടാവും. എപ്പോള്‍ പറയണം, ആരു തുടങ്ങി വയ്ക്കണം, ആര്‌ ഏറ്റു പിടിയ്ക്കണം, തുടങ്ങി മിക്ക കാര്യങ്ങളിലും ഞങ്ങള്‍ ഓള്‍റെഡി തീരുമാനത്തിലെത്തിയിട്ടുണ്ടാവും. അപേക്ഷ സമര്‍പ്പിക്കേണ്ട ദിവസം മുഴുവന്‍ അടീം വഴക്കുമൊന്നുമില്ലാതെ എക്സ്ട്രാഡീസന്റായിരിക്കാന്‍ എല്ലാരും പ്രത്യേകം ശ്രദ്ധിക്കും. വൈകുന്നേരം പപ്പ വന്ന്‌ അത്താഴം കഴിച്ചു കഴിഞ്ഞാലുടനെ മമ്മി സിഗ്‌നല്‍ തരും. പിന്നെ കുറച്ചു സമയത്തേക്ക്‌ എല്ലാരും (പപ്പയൊഴികെ) ആംഗ്യഭാഷയിലാണ്‌ സംസാരം. തുടങ്ങി വയ്ക്കാന്‍ നിയോഗിക്കപ്പെട്ട ആള്‍ടെ ധൈര്യമൊക്കെ അപ്പോഴേക്കും ചോര്‍ന്നു പോയിട്ടുണ്ടാവും. അവസാനം ആരെങ്കിലുമൊക്കെ മടിച്ചു മടിച്ച്‌ കാര്യം അവതരിപ്പിക്കും. 'പപ്പേ മ്മക്ക്‌ സില്‍മയ്ക്കു പോവാം" എന്ന്‌. പിന്നെ നാലു ജോഡി കണ്ണുകള്‍ പ്രതീക്ഷയോടെ പപ്പയുടെ മുഖത്തേക്ക്‌.. ആ ചോദ്യത്തിന്‌ രണ്ടേ രണ്ടേ മറുപടിയേ കിട്ടാനുള്ളൂ. 'ങും..ഞാനൊന്ന്‌ ആലോചിക്കട്ടെ' എന്നാണ്‌ ഒരു മറുപടി. അതു കേട്ടാല്‍ പിന്നെ ചോദ്യോം പറച്ചിലുമൊന്നുമില്ല. എല്ലാവരും സമയം കളയതെ അവനവന്റെ പുതപ്പിനടിയില്‍ നുഴഞ്ഞു കയറി ഉറക്കം തുടങ്ങും. ആ ആലോചന ഒരിക്കലും തീരില്ലാന്നറിയാവുന്നതു കൊണ്ട്‌. ഇനി അതല്ല 'ഏതു സിനിമയാ?" എന്നാണ്‌ പപ്പ ചോദിക്കുന്നതെങ്കില്‍ പിന്നെ അവിടെ ഉത്സവമാണ്‌.സിനിമയ്ക്കു പോവാന്‍ തീരുമാനിച്ചെങ്കില്‍ മാത്രമേ പപ്പ അങ്ങനെ ചോദിക്കൂ.പിന്നെ കുപ്പായം മാറ്റലായി, കാണാന്‍ പോവുന്ന സിനിമയെപറ്റി അറിയാവുന്ന കാര്യങ്ങളൊക്കെ വിളമ്പലായി.. ആകെ ബഹളം. തീയേറ്ററില്‍ ബാല്‍ക്കണിയിലെ ഏറ്റവും പുറകിലുള്ള സീറ്റിലേ പപ്പ ഞങ്ങളെ ഇരുത്തൂ. മുന്നിലുള്ളവരുടെ തല കാരണം ഒന്നും കാണാന്‍ പറ്റില്ല. സിനിമ തുടങ്ങി കുറച്ചു കഴിയുമ്പോള്‍ ഞങ്ങളെ മൂന്നെണ്ണത്തെയും പൊക്കി സീറ്റിന്റെ കയ്യിലിരുത്തും. പിന്നെ എല്ലാം ക്ലിയര്‍...


എന്നാലും അക്കാലത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു തീയേറ്ററില്‍ ഏറ്റവും മുന്നിലിരുന്ന്‌ സിനിമ കാണണംന്നുള്ളത്‌. ബാല്‍ക്കണീടെ വല്യ ആരാധകനായ പപ്പയോട്‌ അങ്ങനെയൊരാഗ്രഹം പറഞ്ഞിട്ടും ഒരു കാര്യവുമില്ലായിരുന്നു. പപ്പയുടെ അമ്മ -ഞങ്ങള്‍ടെ അമ്മച്ചി- വരുമ്പോഴാണ്‌ ആ ആഗ്രഹം സാധിക്കാറുള്ളത്‌. അമ്മച്ചിയ്ക്ക്‌ സിനിമ വല്യ ഇഷ്ടമാണ്‌. വന്നാലുടനെ ഞങ്ങള്‍ മൂന്നു പേരും കൂടി അമ്മച്ചിയെ ചൂടു കേറ്റി സിനിമ കാണാന്‍ പോവും. അമ്മച്ചീടടുത്ത്‌ പപ്പയുടെ കടുംപിടിത്തങ്ങളൊന്നും നടക്കില്ല. മോണിംഗ്‌ ഷോയ്ക്ക്‌ ഞങ്ങളേം കൂട്ടിം അമ്മച്ചി പോകും. 'മ്മക്ക്‌ മുന്‍പീല്‍ത്തെ ടിക്കറ്റെടുക്കാം'-ന്നു പറഞ്ഞാല്‍ പിന്നെ അമ്മച്ചി അതേ എടുക്കൂ. അങ്ങനെ മുന്‍പിലിരുന്ന്‌ ആദ്യം കണ്ട സിനിമയാണ്‌ ഡോക്ടര്‍ പശുപതി. അന്നു വരെ കണ്ട സിനിമകളില്‍ വച്ച്‌ അത്രയ്ക്ക്‌ ഇഷ്ടപ്പെട്ട ഒരു സിനിമ വേറെയില്ല. സിനിമയുടെ മേന്‍മയേക്കാളും അത്രേം മുന്നിലിരുന്ന്‌ അത്രേം വലിപ്പത്തില്‍ സിനിമ കണ്ടതാവണം ആ ഇഷ്ടക്കൂടുതലിനു കാരണം. പിന്നെ അതു പോലെ ഇരട്ടി വലിപ്പത്തില്‍ സിനിമ കണ്ടത്‌ വര്‍ഷങ്ങള്‍‌ക്ക്‌ ശേഷം ഡെല്‍ഹിയിലെ സംഘം തീയേറ്ററില്‍ വച്ചാണ്‌ - തന്മാത്ര എന്ന സിനിമ. എല്ലാര്‍ക്കും വേണ്ടി ടിക്കറ്റെടുക്കാന്‍ പോയത്‌ ഞാനായിരുന്നു. ഏറ്റവും മുന്‍പിലേ സീറ്റുള്ളൂ എന്നു കേട്ടപ്പോൾ സത്യം പറഞ്ഞാല്‍ പ്രത്യേകിച്ചു കുഴപ്പമൊന്നും തോന്നീല്ല.. പണ്ടത്തെ പശുപതി സിനിമ കണ്ടപോഴുള്ള സന്തോഷമായിരുന്നു മനസില്‍. എന്തായാലും തന്മാത്ര എന്റെ സിനിമാനുഭവങ്ങളിലെ ഒരു കറുത്ത അധ്യായമായി മാറി. കൂടെ സിനിമ കാണാന്‍ വന്ന കൂട്ടുകാരുടെയൊക്കെ കയ്യില്‍ നിന്ന്‌ വേണ്ടുവോളം കിട്ടി. നഷ്ടപരിഹാരമായി എല്ലാര്‍ക്കും ഓരോ ടിക്കറ്റും കൂടി എടുത്തു കൊടുക്കണംന്നു വരെ ആവശ്യമുണ്ടായി. വലിപ്പം കാരണം സ്ക്രീനിന്റെ ഒരു സൈഡേ കാണാന്‍ പറ്റിയുള്ളൂ പോലും. മറ്റേ സൈഡില്‍ എന്തു സംഭവിച്ചു എന്നു കാണാനാണ്‌ ഒരു ടിക്കറ്റും കൂടി.കുറ്റം പറയാന്‍ പറ്റില്ല.മിനിമം ഒരു സൈക്കിളെങ്കിലുമുണ്ടെങ്കിലേ സ്ക്രീന്‍ മുഴുവനായി കണ്ടുതീര്‍ക്കാന്‍ പറ്റൂന്ന്‌ എനിക്കും തോന്നിയിരുന്നു പലവട്ടം..


സ്വന്തമായി വരുമാനമൊക്കെ ആയപ്പോള്‍ ഏറ്റവും കൂടുതല്‍ കാശു ചെലവാക്കിയതു സിനിമാ കാണാനായിരുന്നു. തീയേറ്ററില്‍ പോയി സിനിമ കാണുന്നതിന്റെ ത്രില്‍ മാത്രമല്ല, റൂംമേറ്റിന്റെ സിനിമാഭ്രാന്തും അതിനു കാരണമായിരുന്നു. സന്തോഷം വന്നാലും സങ്കടം വന്നാലും ആ കുട്ടിക്ക്‌ സിനിമ കാണണം. ഡെല്‍ഹിയിലെ ഒരുമാതിരിയുള്ള എല്ലാ സിനിമാതീയേറ്ററുകളിലും ഞങ്ങള്‍ തപ്പിപ്പിടിച്ചു ചെന്നിട്ടുണ്ട്‌.അങ്ങനെ കണ്ടു തീര്‍ത്തിട്ടുള്ള ഹിന്ദിസിനിമകള്‍ക്കു കണക്കില്ല. പിന്നെ വല്ലപ്പോഴും മാത്രം വന്നു മുഖം കാണിച്ചു പോകുന്ന മലയാളം സിനിമകളും. റൂംമേറ്റ്‌ മലയാളി അല്ലാത്തതിനാല്‍ മലയാളം സിനിമ കാണാന്‍ കൂടെ വരില്ല. പക്ഷെ തിരിച്ചു ചെന്നാലുടനെ അതിന്റെ കഥയും വിശകലനവുമൊക്കെ പറഞ്ഞുകൊടുക്കണം. കഥ വല്ലാതെ ഇഷ്ടപ്പെട്ടാല്‍ പിന്നെ ഒരു ഡയലോഗുണ്ട്‌ "ഈ സിനിമ പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യുമായിരിക്കും അല്ലേ?" എന്ന്‌..ചുരുക്കിപറഞ്ഞാല്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളം സിനിമയുമായി കണക്ട്‌ ചെയ്യാന്‍ അവള്‍ക്ക്‌ ആകെയുള്ള രണ്ടു സഹായികളായിരുന്നു ഞാനും പ്രിയദര്‍ശനും. കാലത്തിന്റെ കുത്തൊഴുക്കില്‍ ഞാന്‍ ഡെല്‍ഹി വിട്ടതില്‍ പിന്നെ ഇപ്പോള്‍ പ്രിയദര്‍ശന്‍ മാത്രമായി പാവത്തിന്റെ ഏക ആശ്രയം..


പതുക്കെ പതുക്കെ എന്റെ സിനിമ കാണലൊക്കെ കമ്പ്യൂട്ടറില്‍ മാത്രമായി ചുരുങ്ങാന്‍ തുടങ്ങി. സമയക്കുറവും സാമ്പത്തികലാഭവുമൊക്കെ കാരണങ്ങളായിരുന്നു. ജോലിത്തിരക്കിനിടയില്‍ കഷ്ണം കഷ്ണമായി കണ്ടാണ്‌ ഓരോ സിനിമയും കണ്ടു തീര്‍ക്കുന്നത്‌. ഇഷ്ടപ്പെടാത്ത ഭാഗങ്ങളൊക്കെ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ ചെയ്തു വിടും. സത്യം പറഞ്ഞാല്‍ സിനിമയ്ക്കിടയില്‍ പാട്ടുകളും സ്റ്റണ്ട്‌ സീനുമൊക്കെ കണ്ട കാലം മറന്നു. ഇങ്ങനെ സ്വന്തമായി എഡിറ്റ്‌ ചെയ്തു മുറിച്ചുമാറ്റി ഒരു ഫുള്‍ സിനിമ ഒരു മണിക്കൂറിനുള്ളിലൊക്കെ കണ്ടു തീര്‍ക്കും. തീയേറ്ററില്‍ പോയി ഇന്റര്‍വെല്ലിലെ പരസ്യം പോലും വള്ളിപുള്ളിവിടാതെ കണ്ടു കൊണ്ടിരുന്ന, സിനിമയുടെ ആദ്യം പേരെഴുതിക്കാണിക്കുന്നത്‌ പോലും മിസ്സാവുന്നതു സഹിക്കാത്ത, സിനിമ തീര്‍ന്നു കഴിഞ്ഞാലും എല്ലാം എഴുതിക്കാണിച്ച്‌ അവസാനം സ്ക്രീന്‍ ബ്ലാങ്കാവുന്നതു വരെ സീറ്റില്‍ നിന്നെഴുന്നേല്‍ക്കാത്ത ആ പഴയ കുട്ടിക്കുണ്ടായ മാറ്റമാണിത്‌. ഈ മാറ്റത്തിന്റെ ആഴം മനസിലായത്‌ ഈയടുത്ത കാലത്ത്‌ 'ജബ്‌ വീ മെറ്റ്‌' എന്ന സിനിമ കാണാന്‍ പോയപ്പോഴാണ്‌. ഒഴിഞ്ഞു മാറാന്‍ പരമാവധി നോക്കിയിട്ടും ചേച്ചിയുടെ നിര്‍ബന്ധം കാരണം പറ്റിയില്ല. സിനിമ തുടങ്ങിക്കഴിഞ്ഞപ്പോഴാണ്‌ ആദ്യത്തെ മാറ്റം പ്രകടമായത്‌. കമ്പ്യൂട്ടറിന്റെ ഇട്ടാവട്ടാത്തിലുള്ള സ്ക്രീനില്‍ സിനിമ കാണാന്‍ ശീലിച്ച എന്റെ കണ്ണുകള്‍ക്ക്‌ ആ വലിയ സ്ക്രീനുമായി പൊരുത്തപ്പെടാന്‍ പറ്റുന്നില്ല!! അസാമാന്യ വലിപ്പം.അതുമായി ഒന്നഡ്ജസ്റ്റ്‌ ചെയ്യാന്‍ തന്നെ നല്ല സമയമെടുത്തു.. പിന്നെ, പാട്ടിന്റെ മ്യൂസിക്‌ തുടങ്ങുമ്പോള്‍ തന്നെ ഫാസ്റ്റ്‌ ഫോര്‍വേഡടിക്കാന്‍ തരിക്കുന്ന കൈകള്‍.. കടിച്ചു പിടിച്ച്‌ പാട്ടുസീന്‍ മുഴുവന്‍ കാണേണ്ടി വന്നതുകൊണ്ടുള്ള അസ്വസ്ഥത, ഇന്റര്‍വെല്‍ സമയത്തെ അക്ഷമ എന്നു വേണ്ട ആ സിനിമ കണ്ടു തീരുന്നതു വരെ ഞാനനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക്‌ കണക്കില്ല. തീയേറ്ററില്‍ പോയി ഒരു സിനിമ മുഴുവനായി കണ്ടാസ്വദിക്കാന്‍ കഴിയാത്തവിധം ഞാന്‍ മാറിപ്പോയെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഇത്‌ എന്റെ മാത്രം മാറ്റമാണോ?..അതോ ലോകത്തെ മുഴുവന്‍ കമ്പ്യൂട്ടറിലേക്കൊതുക്കാന്‍ ശ്രമിക്കുകയോ നിര്‍ബന്ധിതരാവുകയോ ഒക്കെ ചെയ്യുന്ന ഞാനടക്കമുള്ള യുവതലമുറ മുഴുവന്‍ ഇത്തരമൊരു മാറ്റത്തെ അഭിമുഖീകരിക്കുന്നുണ്ടോ?അറിയില്ല.. പക്ഷെ ഒന്നെനിക്കുറപ്പിച്ചു പറയാന്‍ കഴിയും.. കഴിഞ്ഞ തലമുറയ്ക്ക്‌ നാടകം എന്ന കലയെ പറ്റി പറയുമ്പോഴുണ്ടാറുള്ള ഒരു നൊസ്റ്റാള്‍ജിക്‌ ഫീലിംഗാണ്‌ എനിക്ക്‌ സിനിമാതീയേറ്ററുകളെ പറ്റി ഓര്‍ക്കുമ്പോള്‍. ഒരു കാലത്ത്‌ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്ന, ആവേശം കൊള്ളിച്ചിരുന്ന എന്നാല്‍ ഇപ്പോള്‍ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട്‌ ആസ്വദിക്കാന്‍ കഴിയാതെപോവുന്ന ആ പഴയ ആലിങ്കില്‍ കോലങ്കങ്ങള്‍... കാലത്തിന്റെ അതിവേഗതയ്ക്കൊപ്പം പായുന്ന ഈ തലമുറ അതിനെ കൂടെക്കൂട്ടുമോ അതോ പാതിവഴിയിലുപേക്ഷിക്കുമോ.. കാത്തിരുന്നു കാണാം...

Sunday, January 18, 2009

കൊച്ചു കൊച്ചു ഭൂമികുലുക്കങ്ങൾ...

പിള്ളേരെ "മുത്തേ.." എന്നുള്ള ഓമനപ്പേരു വിളിക്കുന്നത്‌ സർവ്വസാധാരണമാണ്‌. പക്ഷെ വിളിക്കുന്നത്‌ എന്റെ ചാച്ചനും വിളിക്കപ്പെടുന്നത്‌ ഞാനും ആകുമ്പോഴാണ്‌ അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടത്‌.. പൊതുവേ എന്റെ ചാച്ചൻവർഗ്ഗം ആരെയും ഇത്തരം സ്വീറ്റായ ഓമനപ്പേരുകൾ വിളിക്കാറില്ല.നമ്മള്‌ ജനിച്ചപ്പോൾ മുതലിങ്ങോട്ട്‌ അറിഞ്ഞും അറിയാതെയും ചെയ്തുപോയിട്ടുള്ള അബദ്ധങ്ങളുടെ ഓർമപ്പെടുത്തലായിരിക്കണം ഓരോ വിളിപ്പേരുകളും എന്ന്‌ അവർക്ക്‌ ഭയങ്കര നിർബന്ധമാണ്‌. അപ്പോഴാണ്‌ സ്വഭാവം കൊണ്ട്‌ യാതൊരു ഓമനത്തവും തോന്നാത്ത എന്നെ ഇങ്ങനെയൊക്കെ വിളിച്ചു സ്നേഹിക്കുന്നത്‌- അതും മലയാളത്തിൽ പണ്ടത്തെ റാങ്ക്‌ഹോൾഡറും ഇപ്പോഴത്തെ വാധ്യാരുമായ ചാച്ചൻ വിളിക്കുമ്പോൾ അത്‌ ആ വാക്കിന്റെ അർത്ഥമറിയാതെ വിളിച്ചുപോവുന്നതാണെന്നും കരുതാൻ വയ്യ. എന്തായാലും ആ പേരിനു പിന്നിലെ ദുരൂഹത ചാച്ചൻ തന്നെ വെളിപ്പെടുത്തിയിട്ടിട്ടുണ്ട്‌.ഏതോ നോവലിലെ തലതിരിഞ്ഞ കഥാപത്രമായ മുക്തകേശിയുടെയും എന്റെയും സ്വഭാവം തമ്മിലുള്ള സാമ്യം കൊണ്ട്‌, എന്നെ മുക്തകേശിയുടെ ഷോട്ട്‌ഫോമായ 'മുക്തേ..." എന്നു വിളിക്കുന്നതാണ്‌ കേൾക്കുന്നവര്‌ "മുത്തേ.." എന്നു തെറ്റിദ്ധരിക്കുന്നത്‌". മുക്തകേശിയുടെ സ്വഭാവമെന്താണെന്ന്‌ പറഞ്ഞുതന്നിട്ടില്ലെങ്കിലും രണ്ടു പ്രത്യേകാവസരങ്ങളിലെ എന്റെ പ്രകടനം കൊണ്ടാണ്‌ ഈ പേരു തന്നതെന്ന്‌ ചാച്ചൻ പറയുന്നത്‌.


1) ആനിച്ചേച്ചി-ഇബ്രാഹിം ചേട്ടൻ ഇഷ്യൂ -- രണ്ടു പേരും വളരെക്കാലത്തെ പ്രണയത്തിനു ശേഷം വിവാഹിതരായി വിജയകരമായി ഒരു വർഷത്തെ ദാമ്പത്യജീവിതം കംപ്ലീറ്റ്‌ ചെയ്യുന്നു.. ആ സന്തോഷത്തിന്‌ ഇബ്രാഹിംചേട്ടൻ സമ്മാനിച്ച കുപ്പായവുമായി ആനിച്ചേച്ചി അയൽക്കാരിയായ എന്റെ മമ്മിയെ കാണാനെത്തുന്നു... മമ്മി കുപ്പായത്തെ വാനോളം പുകഴ്‌ത്തുന്നു.. അതു കൊണ്ടു തൃപ്തി വരാതെ ചേച്ചി ആ വഴി ചുമ്മാ നടക്കുന്ന എന്നോട്‌ അഭിപ്രായം ചോദിക്കുന്നു.. ഞാൻ വളരെ സത്യസന്ധമായി "ഒരു രസവുമില്ല.. അല്ലേലും ഈ ഇബ്രാഹിം ചേട്ടന്‌ ഒരു സെലൿഷനുമില്ലാ" എന്നു പ്രഖ്യാപിക്കുന്നു...ആനിച്ചേച്ചി കലം പോലെ വീർത്ത മുഖവുമായി തിരിച്ചു പോവുന്നു.. മമ്മി എന്നെ വീടിനു ചുറ്റും ഇട്ടോടിക്കുന്നു..


2) വിൻസിച്ചേച്ചി ട്രാജഡി - ചേച്ചീടെ അച്ഛൻ മരിച്ചുപോയതായി അയൽവീട്ടിലേക്കു വിവരമെത്തുന്നു. ആ വീട്ടിലെ ഡോക്ടറാന്റിയും അടുത്ത അയൽവാസിയായ എന്റെ മമ്മിയും ഇക്കാര്യം എങ്ങനെ വിൻസിച്ചേച്ചിയെ മയത്തിൽ അറിയിക്കുമെന്ന്‌ കൂടിയാലോചിക്കുന്നു.. വിൻസിച്ചേച്ചിയുടെ ഭർത്താവായ സാജൻ ചേട്ടനെ വിളിച്ചുകൊണ്ടുവരാൻ എന്നെ നിയോഗിക്കുന്നു.. ഞാൻ അവർടെ വീട്ടിൽ ചെന്നു "ചേട്ടൻ ഇവിടില്ലാ" എന്ന മറുപടി കേട്ട്‌ ഒന്നും മിണ്ടാതെ തിരിച്ചു വരാൻ തുടങ്ങുന്നു. "എന്തിനാടീ കൊച്ചേ ചേട്ടനെ അന്വേഷിക്കുന്നത്‌.." എന്നു ചേച്ചി ചോദിക്കുന്നു.. "ഒന്നൂല്ല.. ചേച്ചീടെ പപ്പ മരിച്ചു പോയി..അതു പറയാൻ വേണ്ടിയാണ്‌ അവര്‌ ചേട്ടനെ വിളിക്കുന്നത്‌ " എന്നും അറിയിച്ച്‌ ഞാൻ കടമ നിർവഹിച്ച്‌ തിരിച്ചെത്തുന്നു.. മമ്മിയും ഡോക്ടറും തലയ്ക്കു കൈയ്യും വച്ച്‌ അന്തംവിട്ടു നിൽക്കുന്നു..


ഇങ്ങനെ കാര്യങ്ങളെ നയപരമായി ഡീൽ ചെയ്യുന്നതിൽ എനിക്കുള്ള അപാരമായ കഴിവു മാത്രമായിരുന്നില്ല വീട്ടുകാരുടെ തലവേദന.. ചിരി,കരച്ചിൽ,ദേഷ്യം എന്നീ മൂന്നു വികാരങ്ങളെ ഒരു രീതിയിലും കൺട്രോൾ ചെയ്യാനു കഴിവില്ലായ്‌മയും വല്യ പ്രശ്നമായിരുന്നു . ബാക്കിയുള്ള എല്ലാ പരിപാടികളും 'പിന്നെ' 'പിന്നെ' എന്നും പറഞ്ഞ്‌ മാറ്റിവച്ച്‌ അവസാനം പതിമൂന്നാം മണിക്കൂറിൽ ഓടിയലച്ചു ചെയ്തു തീർക്കുന്ന ഒരാളാണെങ്കിലും ഈ മൂന്നു കാര്യങ്ങളും ഞാൻ കഴിവതും പിന്നത്തേക്കു മാറ്റിവയ്ക്കാറില്ല. ചിരീം കരച്ചിലുമൊക്കെ എന്നെ മാത്രം ബാധിക്കുന്ന പ്രശ്നമായതു കൊണ്ട്‌ കുഴപ്പമില്ല; പക്ഷെ ദേഷ്യത്തിന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ല. എന്തെങ്കിലും അനിഷ്ടം തോന്നിയാൽ അതുടനെ തുറന്നുപറഞ്ഞില്ലേകിൽ പിന്നെ എനിക്കൊരു സമാധാനവുമില്ല. എല്ലാം കഴിഞ്ഞ്‌ മാക്സിമം ഒരഞ്ചുമിനിട്ടിനകം ദേഷ്യമൊക്കെ തീർന്ന്‌ ലാ ലാ ലാ പാടി അതുവഴി നടക്കും. അതുകൊണ്ടു തന്നെ ഞാനീ വെളിച്ചപ്പാടു മോഡിലേക്കു പോവുമ്പോൾ വീട്ടിലാരും തന്നെ മൈൻഡാക്കാറില്ല. അതുകൊണ്ട്‌ യാതൊരു കാര്യവുമില്ലാത്തതു കൊണ്ടാണ്‌.. എന്റെ ദേഷ്യത്തിന്‌ അത്രേമൊക്കെയെ ആയുസുണ്ടാകാറുള്ളൂ..പക്ഷെ വീട്ടുകാർക്ക്‌ ഇതൊക്കെ ശീലമാണെന്നു കരുതി പുറമെയുള്ളവർക്ക്‌ അങ്ങനെയാവണമെന്നില്ലല്ലോ.. അതു കൊണ്ടാണ്‌ എനിക്ക്‌ ജോലി കിട്ടി നാടു വിട്ടതു മുതൽ മമ്മി മുടങ്ങാതെ കൊന്തയെത്തിക്കാൻ തുടങ്ങിയത്‌.. പുന്നാരമോൾടെ കൂടെ താമസിക്കാൻ ഭാഗ്യം കിട്ടുന്നതാർക്കായാലും അവർക്ക്‌ അപാരമായ ക്ഷമാശീലം ഉണ്ടായിരിക്കണേ എന്ന്‌..


ഏതായാലും മമ്മീടെ പ്രാർഥന ദൈവം കേട്ടില്ല. ക്ഷമയും സഹനവുമൊക്കെ സിനിമാ/സീരിയൽ നടിമാരിൽ മാത്രം കണ്ടു വരുന്ന പ്രതിഭാസമാണെന്നു വിശ്വസിക്കുന്ന കുരുട്ടിനാണ്‌ എന്റെ സഹവാസിയാവാൻ ഭാഗ്യം സിദ്ധിച്ചത്‌. . സൂര്യനു താഴെയുള്ള എന്തു കാര്യങ്ങളെപറ്റിയും രണ്ടു പേർക്കും സ്വന്തമായി അഭിപ്രായമുള്ളതു കൊണ്ട്‌ അഭിപ്രായവ്യത്യാസങ്ങളുടെ കാര്യത്തിലും ഒരു കുറവുമുണ്ടായിരുന്നില്ല. മണിക്കൂറുകളോളം ഇരുന്നു തർക്കിക്കും. തർക്കത്തിന്റെ തീവ്രതയൊക്കെ കണ്ടാൽ തോന്നും ഇനി ഈ ജന്മത്തിൽ രണ്ടും തമ്മിൽ മിണ്ടുകയേ ഇല്ല എന്ന്‌. വീട്ടിലാരെങ്കിലും അതിഥികളുണ്ടെങ്കിലാണ്‌ വല്യ പ്രശ്‌നം..അവരിങ്ങനെ പോലീസിനെ വിളിക്കണോ ഫയർഫോഴ്‌സിനെ വിളിക്കണോ എന്നൊക്കെ ആലോചിച്ച്‌ ടെൻഷനടിക്കുമ്പോഴേക്കും ഞങ്ങള്‌ തർക്കമൊക്കെ തീർന്ന്‌ ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ കോമഡീമടിച്ച്‌ കളിച്ച്‌ ചിരിച്ച്‌ നടക്കുന്നുണ്ടാവും.


ഇങ്ങനെയൊരു പൊട്ടിത്തെറിക്ക്‌ സാക്ഷിയാവാൻ ഭാഗ്യം സിദ്ധിച്ചതു എന്റെ സ്വന്തം മാതാശ്രീക്കു തന്നെയായിരുന്നു. പുന്നാരമോളെ സ്നേഹിക്കാൻ വേണ്ടി ഡെൽഹിയിൽ വന്നതായിരുന്നു മമ്മി. ഞാനും കുരുട്ടും കൂടിയുള്ള ലൈഫ്‌ ഒക്കെ കണ്ട്‌ സന്തോഷിച്ച്‌ 'ഏയ്‌ ഇവിടെ കുഴപ്പമൊന്നുമില്ല..കുരുട്ടുമായി നല്ല കൂട്ടാണ്‌. രണ്ടിനേം ഒരു വണ്ടിക്കു കെട്ടാം..' എന്നൊക്കെ ആശ്വസിച്ച്‌ കൊന്തയെത്തിക്കലും നേർച്ചകളുമൊക്കെ തൽക്കാലത്തേക്കൊന്നു നിർത്തിവച്ച സമയം. അങ്ങനെ ഒരു ദിവസം രാവിലെ കുളീം കഴിഞ്ഞിറങ്ങിയ മമ്മി കാണുന്നത്‌ പോരുകോഴികളെപ്പോലെ നിൽക്കുന്ന എന്നെയും കുരുട്ടിനേയുമാണ്‌.(ആ വഴക്കിന്റെ കാരണമൊന്നും എനിക്കിപ്പോൾ ഓർമ്മയില്ല) മമ്മീടെ സമാധാനശ്രമങ്ങളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട്‌ രണ്ടും പേരും ചവുട്ടിത്തുള്ളി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. അദ്യം ഞാൻ.. പിന്നെ കുരുട്ട്‌.. (ശത്രുക്കൾ ഒന്നിച്ച്‌ വീട്ടിൽ നിന്നിറങ്ങാനോ.. നോ വേ..). സാധാരണ ദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ച്‌ ഒരു റിക്ഷയിൽ പോയി കുരുട്ട്‌ വഴിക്കൊരു ബസ്‌സ്റ്റോപ്പിലിറങ്ങും.. ഞാൻ റിക്ഷയിൽ തന്നെ ഓഫീസിലേക്കു പോവും അതാണ്‌ പതിവ്‌. അതിന്‌ ഞങ്ങൾക്കൊരു സ്ഥിരം റിക്ഷാക്കാരനുമുണ്ട്‌.എന്തായാലും ഞാനിങ്ങനെ വീട്ടിൽ നിന്നുമിറങ്ങി കൊടുങ്കാറ്റു പോലെ പാഞ്ഞു ചെന്ന്‌ റിക്ഷയിൽ കയറി.അങ്ങേരാണെങ്കിൽ റിക്ഷയെടുക്കാതെ കുരുട്ടിനെയും കാത്തു നിൽക്കുകയാണ്‌.


"ദൂസ്‌രീ മാഡം എവിടെ?" അങ്ങേരുടെ വക അനേഷണം.


അല്ലെങ്കിൽ തന്നെ കലിയിളകി നിൽക്കുന്ന എനിക്ക്‌ അങ്ങേരുടെ 'കുരുട്ട്‌' സ്നേഹം കൂടി കേട്ടപ്പോൾ പൂർത്തിയായി.


"എങ്കിൽ പിന്നെ ദൂസ്‌രീ മാഡത്തിനെയും കൊണ്ടു വന്നാൽ മതി"


എന്നും പറഞ്ഞ്‌ ആ ചേട്ടനെ ഒന്നു ദഹിപ്പിക്കുന്നതു പോലെ നോക്കീട്ട്‌ ചാടിയിറങ്ങി വേറെ റിക്ഷയിൽ പോയി കയറി. അപ്പോഴേക്കും അവിടെയെത്തിയ കുരുട്ട്‌ പുറകിലുള്ള റിക്ഷയിൽ കയറിക്കഴിഞ്ഞിരുന്നു. ഏവം വിധം ഞങ്ങടെ ആ പാവം റിക്ഷാചേട്ടൻ 'കടിച്ചതുമില്ല പിടിച്ചതുമില്ല' എന്ന മട്ടിൽ ഞങ്ങള്‌ പോവുന്നതു നോക്കി നിന്നു.


റിക്ഷകൾ രണ്ടും പുറപ്പെട്ട്‌ ഒരു രണ്ടു മിനിട്ട്‌ കഴിഞ്ഞിട്ടുണ്ടാവില്ല, കുരുട്ടിന്റെ വക ഫോൺകോൾ..


"എനിക്കൊരു പത്തു രൂപ വേണം.കയ്യിൽ ചില്ലറയില്ല" മയത്തിലൊന്നുമല്ല; കംപ്ലീറ്റ്‌ ദേഷ്യത്തിൽ..


അതിന്‌ എന്റടുത്ത്‌ കാശൊന്നും സൂക്ഷിക്കാനേൽപ്പിച്ചിട്ടില്ലല്ലോ..ഉണ്ടോ.." ഞാനും വിട്ടു കൊടുത്തില്ല..


"വല്യ ഡയലോഗോന്നും വേണ്ട.. കാശെടുത്തു പിടിക്ക്‌..എന്നിട്ട്‌ റിക്ഷ സ്ലോ ആക്ക്‌.. ഞാൻ വന്നു മേടിച്ചോളാം"


അതും കൂടി കേട്ടപ്പോൾ പിനെ മസിലു പിടിച്ചിരിക്കൻ പറ്റീല്ല. റിക്ഷ സ്ലോ ആക്കി പൈസേം കൊടുത്ത്‌ രണ്ടു പേരും ഹാപ്പിയായി പിരിഞ്ഞു. വൈകിട്ടു ഞങ്ങളെ രണ്ടു പേരെയും ഉപദേശിക്കാൻ വേണ്ടി പോയന്റ്‌സൊക്കെ തയ്യാറാക്കിവച്ചു കാത്തിരുന്ന മമ്മീടെ മുന്നിലേക്ക്‌ മദർ ഡയറീടെ ഐസ്‌ക്രീമും നക്കിക്കൊണ്ട്‌ പതിവുപോലെ തന്നെ കളീം ചിരീമൊക്കെയായി ഞങ്ങളെത്തി.രാവിലെ ഉണ്ടാക്കിയ വഴക്കിന്റെ യാതൊരു ചമ്മലുമില്ലാതെ. മമ്മിക്കൊരു സ്പെഷ്യൽ ഐസ്ക്രീമും കയ്യിലുണ്ടായിരുന്നു കേട്ടോ. ഒന്നൂല്ലേലും രാവിലെ തൊട്ട്‌ വൈകുന്നേരം പാവം ടെൻഷനടിച്ചോണ്ടിരുന്നതല്ലേ..


ആദ്യത്തെ വഴക്ക്‌ വീട്ടിനകത്തു വച്ചായിരുന്നെങ്കിലും അടുത്തത്‌ ഔട്ട്ഡോറിലായിരുന്നു. അതും കുറെക്കൂടി വിപുലമായ രീതിയിൽ..


ഇത്തവണത്തെ പ്രകടനത്തിനു സാക്ഷിയായത്‌ കുരുട്ടിന്റെ കൂട്ടുകാരിയാണ്‌. ഡെൽഹീല്‌ ജോലിയന്വേഷിച്ചു വന്നതായിരുന്നു ആ കുട്ടി.ഞങ്ങൾടെ കൂടെ താമസം.. തൽക്കാലം നമ്മക്കവളെ മീനു എന്നു വിളിക്കാം. പൊതുവെ ഞങ്ങൾടെ വീട്ടിൽ അതിഥികൾക്ക്‌ സ്‌പെഷ്യൽ കൺസിഡറേഷനൊന്നും കൊടുക്കാറില്ല. ഞങ്ങൾക്കാണെങ്കിൽ വല്യ ചിട്ടകളൊന്നും ഇല്ല താനും. തോന്നുന്ന സമയത്തു ഭക്ഷണം,ഉറക്കം, വാചകമടി,വയന,പിന്നെ കറങ്ങാൻ പോക്ക്‌..അതായിരുന്നു അന്നത്തെ ഞങ്ങൾടെ അക്കാലത്തെ ഒരു ലൈഫ്‌സ്റ്റൈൽ.. മീനുവാണെങ്കിൽ ഞങ്ങളുടെ ചിട്ടകളോട്‌, അതായത്‌ ചിട്ടയില്ലായ്മകളോട്‌ പൊരുത്തപ്പെടാനാവാതെ ശ്വാസം മുട്ടിക്കഴിയുകയാണ്‌..അങ്ങനെ ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ എനിക്ക്‌ ആതിഥ്യമര്യാദയുടെ ബാധ കൂടി. മീനുവിനെ ഞങ്ങൾ വേണ്ടവിധത്തിൽ നോക്കുന്നില്ല എന്നൊക്കെയുള്ള കുറ്റബോധം. ഉടനെ കുരുട്ടിനെ വിളിച്ച്‌ ആ കുറ്റബോധം അങ്ങോട്ടേക്കും കൂടി പകർന്നു കൊടുത്തു. എന്തായാലും രണ്ടു പേരും കൂടി കൂടിയാലോചിച്ച്‌ മീനുവിനെ ആ വെള്ളിയാഴ്ച വൈകുന്നേരം ഔട്ടിംഗിനു കൊണ്ടു പോകാമെന്നു തീരുമാനിക്കുകയും ചെയ്തു. പാവം എപ്പോഴും വീട്ടിലടച്ചിരിക്കുകയാണല്ലോ..

അങ്ങനെ വെള്ളിയാഴ്ച വൈകുന്നേരമായി. ഞാനും കുരുട്ടും ഓഫീസിൽ നിന്നും നേരെ മാർക്കറ്റിലേക്കു പോകണം.. മീനു റിക്ഷയിൽ മാർക്കറ്റിലേക്കെത്തണം.. എവിടെ വച്ചു കണ്ടുമുട്ടണമെന്നു ഞങ്ങൾ മീനുവിനെ ഫോൺ വിളിച്ചറിയിക്കും..ഇതൊക്കെയായിരുന്നു പ്ലാൻ. പക്ഷെ ഓഫീസിൽ നിന്നും ഇറങ്ങാൻ നേരത്തു തന്നെ കൃത്യമായും എന്തോ പണി കിട്ടിയതു കൊണ്ട്‌ ഞാൻ വൈകിപ്പോയി; അല്ല സാമാന്യം നന്നായി തന്നെ ലേറ്റായി. മാർക്കറ്റെത്തീപ്പോഴേ കാണാം കുരുട്ട്‌ ഞാൻ വരുന്ന ദിശയിലേക്കും നോക്കി വടി പോലെ നിൽക്കുനുണ്ട്‌. അടുത്തു ചെന്നിട്ടും യാതൊരു ഭാവഭേദവുമില്ല.. ഒടുക്കത്തെ സീരിയസ്‌..


"മീനു പുറപ്പെട്ടോ?" ഞാൻ 'ബിശ്യം' ചോദിച്ചു


അതിനു മറുപടിയൊന്നും കിട്ടീല്ല. തീ പറക്കുന്നതു പോലെ ഒരു നോട്ടം മാത്രം.


ഇതൊക്കെ കണ്ട്‌ ഞാൻ അടങ്ങുമോ.. അതിനു വേറെ ആളെ നോക്കണം..


" ഇന്തെന്താ ഒരു ഭാവാഭിനയം?"


"വൈകുന്നുണ്ടെങ്കിൽ വിളിച്ചു പറയണം.. കയ്യിൽ ഫോണുണ്ടായിരുന്നില്ലേ?" കുരുട്ട്‌ ഒന്നൂടെ തീ പറപ്പിച്ചു നോക്കി..


അതിനു മര്യാദയ്ക്ക്‌ 'ഓഫീസിൽ കുറച്ചു പണിയുണ്ടായിരുന്നു' എന്നങ്ങു പറഞ്ഞാൽ മതി. പക്ഷെ അങ്ങനൊക്കെ സമാധാനപരമായി സംസാരിച്ചാൽ ഞാൻ ഞാനല്ലാതായിപ്പോവില്ലേ..


"ഓ തോന്നീല്ല.. അങ്ങോട്ടും വിളിച്ചന്വേഷിക്കമായിരുന്നല്ലോ.. ഫോണൊക്കെ ഇവിടെയുമുണ്ടല്ലോ.."


അതും കൂടി കേട്ടതും കുരുട്ട്‌ സർവവെറുപ്പോടെ എന്നെ ഒന്നു നോക്കീട്ട്‌ വെട്ടിത്തിരിഞ്ഞ്‌ മാർക്കറ്റിനുള്ളിലേക്കു കയറിപ്പോയി. ഒരു മൂളിപ്പാട്ടും പാടി ഞാൻ പുറകെയും. ഞങ്ങളിങ്ങനെ മൗനജാഥ പോലെ കുറച്ചങ്ങു നടന്നതേയുള്ളൂ. കുരുട്ടിന്‌ മീനൂന്റെ കോൾ വന്നു. എവിടെ നിൽക്കണമെന്ന്‌ ഞങ്ങൾ പറയാത്തതു കൊണ്ട്‌ ആ കുട്ടി മാർക്കറ്റു വഴി അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്‌.


"ഇപ്പോൾ എവിടാണെന്നു വച്ചാൽ അവിടെ തന്നെയങ്ങു നിന്നാൽ മതി. ഞാനങ്ങു വന്നോളാം" കുരുട്ട്‌ എന്നോടുള്ള ദേഷ്യം മുഴുവൻ മീനുവിനോടു തീർത്തു.


" അതിന്‌ മീനു നിൽക്കുന്നതെവിടാണെന്ന്‌ കുരുട്ട്‌ ഗണിച്ചറിയുമോ?" ഞാൻ ഇടയിൽ കയറി ചോദിച്ചു.


കുരുട്ടാകട്ടെ എന്റെ ചോദ്യത്തെ പുല്ലുപോലെ അവഗണിച്ച്‌ കോൾ കട്ട്‌ ചെയ്യാനൊരുങ്ങുകയാണ്‌. ഞാൻ ഒറ്റക്കുതിക്കലിന്‌ ആ ഫോൺ തട്ടിപ്പറിച്ചു മേടിച്ചു.എന്നിട്ട്‌ മീനു നിൽക്കുന്ന സ്ഥലമൊക്കെ ചോദിച്ചു മനസിലാക്കി. ഫോൺ തിരിച്ചു കൊടുത്തപ്പോൾ കുരുട്ടു മേടിക്കുന്നില്ല.. വാശി..ഞാൻ പിന്നെ നിർബന്ധിക്കാനൊന്നും പോയില്ലേ. അതെടുത്ത്‌ എന്റെ ബാഗിലേക്കിട്ടു. എന്നിട്ടു മീനൂന്റടുത്തേക്കു വിട്ടു. കുരുട്ടും പിന്നാലെയുണ്ട്‌..


ഞങ്ങളെ കണ്ടതും മീനു ആശ്വാസത്തോടെ അത്രേം നേരം അനുഭവിച്ച ടെൻഷനെപ്പറ്റിയൊക്കെ വിവരിക്കാൻ തുടങ്ങി. ഞാൻ അതിലൊന്നും താൽപ്പര്യമില്ലാതെ 'അവരായി അവരുടെ പാടായി' എന്ന മട്ടിൽ വല്ല വഴിക്കും നോക്കി നിൽക്കുകയാണ്‌. പെട്ടെന്നാണ്‌ മീനൂന്റെ വിവരണങ്ങളെ മൈൻഡാക്കാതെ കുരുട്ട്‌ അതിഭീകരമായി പൊട്ടിത്തെറിച്ചത്‌. മീനു ഒന്ന്‌ അന്തംവിട്ടു നിന്നിട്ട്‌ അവിടെ നിന്നു കരയാൻ തുടങ്ങി. അതോടെ എന്റെ രക്തവും പതഞ്ഞുപൊങ്ങൻ തുടങ്ങി. ഞാൻ കുരുട്ടിനെ നേരിട്ടു.ഒരഞ്ചു മിനിടു നേരം ഊക്കൻ വാദപ്രതിവാദങ്ങളുമായി അത്യുഗ്രൻ വഴക്ക്‌.പച്ചമലയാളത്തിൽ.. പറയാനുള്ളതൊക്കെ പറഞ്ഞ്‌ ഒന്നു ശാന്തമായി നോക്കീപ്പഴാണ്‌.. ആ ഏരിയയിലൂടെ പോയ സകലമനുഷ്യരും അവിടെ അമ്പരന്നു നിൽക്കുന്നു..


ഇനിയെന്തു ചെയ്യും!! കുരുട്ട്‌ എന്നെ കലിപ്പോടെ ഒന്നു നോക്കിയിട്ട്‌ മുന്നിൽ കണ്ട വഴിയേ അങ്ങു പോയി അപ്രതക്ഷ്യയായി. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ ഞാനും അതേ വഴിയിലേക്ക്‌ തന്നെ തിരിഞ്ഞു. അപ്പോഴാണ്‌ അവിടെ കരഞ്ഞു കൊണ്ടു നിൽക്കുന്ന മീനൂന്റെ കാര്യം ഓർത്തത്‌..


" മീനൂന്‌ വേണമെങ്കിൽ എന്റെ കൂടെ വരാം.. അല്ലെങ്കിൽ ഇവിടെ നിന്നു കരയാം.. എന്തു വേണമെനു തീരുമാനിച്ചോ.."


ആ പറഞ്ഞ രീതിയൊക്കെ കേട്ടൽ പിന്നെ ജീവനിൽ കൊതിയുള്ള ആരു എന്റെ കൂടെ വരില്ല. എന്നിട്ടും മീനു വന്നു. പാവത്തിനു വേറെ വഴിയൊന്നുമില്ലല്ലോ..


കുറച്ചങ്ങു നടന്നപ്പോഴേക്കും എന്റെ ദേഷ്യമൊക്കെ തണുത്തു. ഇനി കുരുട്ടിനെ കണ്ടു പിടിക്കണം. കുരുട്ടിന്റെ ഫോണാണെങ്കിൽ എന്റെ ബാഗിൽ കിടക്കുകയാണ്‌. ഞാൻ ശാന്തമായി ഒന്നാലോചിച്ചു നോക്കി. കുരുട്ട്‌ ഒറ്റയ്ക്ക്‌ പോവാനിടയുള്ള ഏക സ്ഥലം ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എ.ടി. എം ആണ്‌. അങ്ങോട്ടു തന്നെ വിട്ടു. ഊഹം തെറ്റിയില്ല.. എ.ടി.എമ്മിന്റെ ക്യൂവിൽ കുരുട്ടു നിൽക്കുന്നുണ്ട്‌. മീനു ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഇനിയെന്തുചെയ്യണമെന്ന്‌ ഒരു പിടിയും കിട്ടാതെ റോഡിൽ കുറ്റിയടിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുരുട്ട്‌ ബാങ്കിൽ നിന്നിറങ്ങി നേരെ ഞങ്ങൾടെ അടുത്തേക്കു വന്നു. രണ്ടും കൽപ്പിച്ചാണ്‌ വരവെന്ന്‌ കണ്ടാലറിയാം.


മീനു ശ്വാസമടക്കിപ്പിടിച്ചു നിൽക്കുകയാണ്‌. എനിക്കു ചെറിയോരു പേടി തോന്നാതിരുന്നില്ല. കുരുട്ട്‌ നേരെ എന്റെ മുന്നിൽ വന്നു നിന്നു. എന്നിട്ട്‌ എന്നെ നോക്കാതെ അടുത്തുള്ള ഒരു കടയിലേക്ക്‌ ദൃഷ്ടിയുറപ്പിച്ച്‌ പറഞ്ഞു.


"എനിക്കു വിശക്കുന്നു"


" എങ്ങോട്ടു പോണം?" ഞാൻ വേറൊരു കടയിലേക്കു നോക്കി ചോദിച്ചു.


"എങ്ങോട്ടെങ്കിലും"


ഞാൻ പിന്നൊന്നും മിണ്ടാതെ നടന്ന്‌ അടുത്തുള്ള ഒരു റെസ്റ്ററൻറ്റിൽ ചെന്നു കയറി. പുറകെ കുരുട്ട്‌..അതിനും പുറകേ മീനു..


വെയ്റ്റർ വന്നു..ഞാൻ എനിക്കു തോന്നിയതു പോലൊക്കെ ഓർഡർ ചെയ്തു..ആരോടും ഒരഭിപ്രായവും ചോദിക്കാതെ..


" ഇതൊക്കെ കുരുട്ടിന്‌ ഇഷ്‌ടമാണോ?" മീനു പതുക്കെ എന്നോടു ചോദിച്ചു.


ഞാനും കുരുട്ടും പരസ്പരം നോക്കി..


" വായിൽ നാവുണ്ടല്ലോ..ഇഷ്ടമില്ലെങ്കിൽ ഇഷ്ടമല്ലാ എന്നു പറയാൻ" ഞാൻ മീനുവിനോടു പറഞ്ഞു..


" എനിക്കിഷ്ടമില്ലെങ്കിൽ ഞാൻ പറഞ്ഞോളാം..മീനു ബുദ്ധിമുട്ടണ്ട." കുരുട്ടും അറിയിച്ചു.


മീനു നിശബ്ദയായി. പുറമേ ഭയങ്കര സീരിയസായിട്ടാണ്‌ ഇരിപ്പെങ്കിലും എനിക്ക്‌ ഉള്ളിൽ ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കുരുട്ടിന്റെ അവസ്ഥയും അതു തന്നെയാണെന്ന്‌ എനിക്കു മനസിലായി.. ചിരിക്കാൻ ഒരു ഗ്യാപ്‌ കിട്ടാൻ കാത്തിരിക്കുകയാണ്‌..


വെയ്‌റ്റർ ഒരു മെഴുകുതിരി കത്തിച്ച്‌ ഞങ്ങൾടെ നടുക്ക്‌ ടേബിളിൽ കൊണ്ടു വച്ചു‌. മൂന്നു പേരും ആ തിരിയിലേക്കു തന്നെ നോക്കിക്കൊണ്ടിക്കുകയാണ്‌. അപ്പോഴാണ്‌ പതിഞ്ഞ ശബ്ദത്തിൽ ഒരു ആത്മഗതം..മീനൂന്റെ വക..


"ഇവിടിപ്പോ ഉള്ള ചൂടൊന്നും പോരാഞ്ഞിട്ടണോ ഇങ്ങേര്‌ ഇതും കൂടി കൊണ്ടു വന്ന്‌ കത്തിച്ചത്‌!!"


അതോടു കൂടി ഞങ്ങൾടെ കൺട്രോൾ വിട്ടു. ഫ്രണ്ട്‌സ്‌ സിനിമയിൽ ശ്രീനിവാസൻ ചിരിക്കുന്നതു പോലെ അന്തമില്ലാത്ത ചിരി. അതികഠിനമായ ഒരു പിണക്കത്തിന്റെ അതിമനോഹരമായ പര്യവസാനം..