Sunday, September 30, 2007

നയം വ്യക്തമാക്കുന്നു

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണുകയും അര മണിക്കൂര്‍ നേരം മാത്രം സംസാരിക്കുകയും ചെയ്ത ഒരാള്‍ക്ക്‌ ഇത്രയും നീണ്ട കത്തെഴുതുന്നതില്‍ ചെറിയ വിഷമമുണ്ട്‌. എന്നാലും പറയാനുള്ളത്‌ എപ്പഴായാലും പറയണമല്ലോ. അതെത്രയും വേഗമാകുന്നോ അത്രയും നല്ലത്‌. അതു കൊണ്ട്‌ നേരെ കാര്യത്തിലേക്കു കടക്കട്ടെ.

എന്നത്തേക്കു കല്യാണം വയ്ക്കണം എന്നു ചോദിച്ചു കൊണ്ട്‌ ഇന്നലെ വീട്ടില്‍ നിന്നു ഫോണ്‍ വന്നിരുന്നു. അവരോട്‌ മറുപടി പറയുന്നതിനു മുന്‍പ്‌ എനിക്കു ചില കാര്യങ്ങള്‍ പറയാനും അറിയാനുമുണ്ട്‌. ഇതു വരെ വന്ന പ്രൊപ്പോസല്‍സിലൊക്കെ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിച്ചിരുന്ന ഒരു കാര്യമുണ്ട്‌-സ്ത്രീധനം. അതിനെ പറ്റിയാണ്‌ എനിക്കറിയാനുള്ളത്‌. അങ്ങനെയൊന്നും ചോദിച്ചിട്ടില്ല; ഇഷ്ടമുള്ളത്‌ തന്നാല്‍ മതിയെന്നു പറഞ്ഞതായി അറിഞ്ഞു. തുറന്നു പറയട്ടെ; ഇങ്ങനെയൊരു ഉത്തരത്തിനു പകരം 'വേണം' അല്ലെങ്കില്‍ 'വേണ്ട' എന്നൊരു ഉറച്ച ഉത്തരം പറയാന്‍ പറ്റുമെങ്കില്‍ അതാണു നല്ലത്‌.അനാവശ്യമായ ഒരു ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. ഇതൊക്കെ കാര്‍ന്നോന്‍മാര് ‍തീരുമാനിക്കട്ടെ എന്നു പറഞ്ഞ്‌ ഒഴിഞ്ഞു മാറാന്‍ എനിക്കു പറ്റില്ല. കാരണം എന്റെ ഇതുവരെയുള്ള എല്ലാ കാര്യങ്ങളിലും ഞാന്‍ കൂടി ഇടപെട്ടാണ്‌ തീരുമാനമെടുത്തിരുന്നത്‌. ആ തീരുമാനങ്ങളിലൊക്കെ സാമ്പത്തികം ഒരു പ്രധാന മാനദണ്ഡമായിരുന്നു താനും.അതുകൊണ്ടു തന്നെ എന്റെ ജീവിതത്തെ ബാധിക്കുന്ന ഇത്രയും വലിയ ഒരു കാര്യം വരുമ്പോള്‍ കയ്യും കെട്ടി മാറി നിന്ന്‌ പറയുമ്പോള്‍ ഓടി വന്ന്‌ കല്യണം കഴിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്‌. ഇനി കുറച്ചു കൂടി വിശദമായി തന്നെ പറയാം.

തികച്ചും സാധാരണമായ ഒരു ഇടത്തരം കുടുംബമാണ്‌ എന്റേത്‌. എന്നു വച്ചാല്‍ പെട്ടെന്നു കുടുംബത്തിലാര്‍ക്കെങ്കിലും അസുഖമോ മറ്റത്യാവശ്യങ്ങളൊ വരുമ്പോള്‍ താളം തെറ്റുന്ന സാമ്പത്തിക നിലയുള്ള ഒരു കുടുംബം.അവിടേയ്ക്ക്‌ ഇത്രയും വലിയ ഒരു സാമ്പത്തികബാധ്യത വരുമ്പോഴുള്ള ബുദ്ധിമുട്ട്‌ ഊഹിക്കാന്‍ കഴിയുമല്ലോ??ഇനി അതല്ല, സാധാരണ അച്ഛനമ്മമ്മാര്‍ ചെയ്യുന്നതു പോലെ ആയകാലത്തു തന്നെ മക്കളുടെ വിവാഹത്തിനു വേണ്ട പണം ഒരു പക്ഷെ അവര്‍ കരുതി വച്ചിട്ടുണ്ടാവാം. എനിക്കറിയില്ല..പക്ഷെ അതു സ്വീകരിക്കാനും ചില ബുദ്ധിമുട്ടുകളുണ്ട്‌. ഒന്നമതായി ഇത്രയും പണം എന്റെ വീട്ടുകാര്‍ അങ്ങോട്ടു തരേണ്ടതെന്തിന്‌ എന്നെനിക്കു മനസ്സിലാകുന്നില്ല. ശരിയാണ്‌. ഒരു പെണ്‍കുട്ടി ജീവിതത്തിലേക്കു കടന്നു വരുമ്പോള്‍ അവളുടെ കാര്യം കൂടി നോക്കണം ..അതിനു കൂടുതല്‍ പണം വേണം.. ഈ ന്യായങ്ങളൊന്നും നമ്മുടെ കാര്യത്തില്‍ ബാധകമല്ലല്ലോ.. കാരണം എനിക്കു സ്വന്തമായി ഒരു ജോലിയുണ്ട്‌..വരുമാനമുണ്ട്‌...അതുകൊണ്ടു തന്നെ എന്റെ കടന്നു വരവ്‌ നിങ്ങള്‍ക്കൊരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും എന്നു തോന്നുന്നില്ല. ഇനി മുതിര്‍ന്നവര്‍ പറയാറുള്ള മറ്റൊരു വാദം—ഒരു കുടുംബജീവിതത്തിന്‌ അടിത്തറയിടാന്‍ ഈ പണം ഉപയോഗിക്കാം എന്ന്‌. പക്ഷെ അതു രണ്ടു കൂട്ടരുടെയും ചുമതലയല്ലേ?? ഒരാള്‍ മാത്രം മൂലധനമിറക്കിയ ഒരു ബിസിനസ്സില്‍ പിന്നീടുണ്ടാവുന്ന എല്ലാ കാര്യങ്ങളും സ്വാര്‍ത്ഥതയില്ലാതെ പങ്കുവയ്ക്കപ്പെടണം എന്നുപറയുന്നത്‌ ന്യായമാണോ??


സ്ത്രീധനം എന്നത്‌ അച്ഛ്നമ്മമാര്‍ സ്വന്തം മകള്‍ക്കു കൊടുക്കുന്ന ഒരു ഗിഫ്റ്റാണ്‌ എന്നു പറഞ്ഞ്‌ ന്യായീകരിക്കുന്നവരുണ്ട്‌. എന്തായാലും അത്രേം വലിയ ഒരു തുക സമ്മാനമായി തരാനുള്ള കഴിവൊന്നും എന്റെ അച്ഛനമ്മമാര്‍ക്കില്ല എന്നെനിക്കറിയാം. എന്നിട്ടും അവരത്‌ തരാന്‍ തയ്യാറായതിനു പിന്നില്‍, അതില്ലാതെ ഈ കല്യാണം നടക്കില്ല എന്ന നിസ്സഹായത മാത്രമാണ്‌ എനിക്കു കാണാന്‍ കഴിയുന്നത്‌. അതു മാത്രമല്ല, മക്കള്‍ക്കു വേണ്ടി പണമുണ്ടാക്കുന്ന യന്ത്രങ്ങള്‍ എന്ന നിലയിലല്ല ഞാനവരെ കാണുന്നത്‌. എനിക്കു വേണ്ടി ഇത്രയും കഷ്ടപ്പെട്ട അവര്‍ ഈ പ്രായത്തില്‍ വിശ്രമിക്കുന്നതിനു പകരം എന്റെ വിവാഹത്തിനു പണം സംഘടിപ്പിക്കാന്‍ വേണ്ടി ഓടി നടക്കുന്നത്‌ കാണാന്‍ ഒരു മകളെന്ന നിലയില്‍ എനിക്കു വിഷമമുണ്ട്‌.. എനിക്കു മാത്രമല്ല; സ്വന്തം കാലില്‍ നില്‍ക്കാനായി,ഇനിയെങ്കിലും രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്നാഗ്രഹിക്കുന്ന ഏതു പെണ്‍കുട്ടിക്കും അപമാനമാണ്‌ ഈയൊരവസ്ഥ.

ഇനി നിങ്ങള്‍ക്ക്‌ തീരുമാനിക്കാം. സ്ത്രീധനം വേണ്ട എന്നാണ്‌ തീരുമാനമെങ്കില്‍ ഈ എഴുതിയിരിക്കുന്ന കാര്യങ്ങളില്‍ ചിലതെങ്കിലും നിങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റി എന്ന്‌ എനിക്കാശ്വസിക്കാം. പുറമേ നിന്നൊരു സഹായവുമില്ലാതെ നമ്മള്‍ക്ക്‌ ജീവിക്കാന്‍ പറ്റും. ഇപ്പോള്‍ നമ്മുടെ കയ്യില്‍ എന്തൊക്കെയുണ്ട്‌ എന്നു കണക്കെടുക്കാതെ പൂജ്യത്തില്‍ നിന്നു തുടങ്ങാന്‍ ഞാന്‍ തയ്യാറാണ്‌.

ഇനി അതല്ല ‘സ്ത്രീധനം വേണം’ എന്നാണ്‌ നിങ്ങളുടെ നിലപാടെങ്കിലും ഞാന്‍ കുറ്റം പറയില്ല. കാരണം യാതൊരു കഷ്ടപ്പടുകളുമില്ലാതെ വെറുതെ കുറച്ചു പണം കിട്ടിയാല്‍ വേണ്ടാന്നു വയ്ക്കാനുള്ള മഹാമനസ്കതയൊന്നും എനിക്കുമില്ല.നമ്മളൊക്കെ സാധാരണ മനുഷ്യരല്ലേ. ക്രിസ്ത്യന്‍ രീതിയനുസരിച്ച്‌ കുടുംബസ്വത്തിന്റെ ഒരു ഭാഗം നിങ്ങള്‍ക്കു കിട്ടുമെന്ന കാര്യം ഞാന്‍ മറക്കുന്നില്ല. അതുകൊണ്ട്‌ നിങ്ങള്‍ക്കീ വിവാഹം ഒരു നഷ്ടക്കച്ചവടമായിപ്പോകാതിരിക്കാന്‍ ഞാന്‍ ഒരു മാര്‍ഗം നിര്‍ദ്ദേശിക്കുന്നു.നിലവില്‍ നമ്മളുടെ പക്കലുള്ള സ്വത്തിന്റെ കണക്ക്‌ നമുക്കു താരതമ്യം ചെയ്യാം..(ഭാവിയില്‍ കിട്ടാനിടയുള്ളവ ഇപ്പോള്‍ കണക്കിലെടുക്കേണ്ട. കാരണം അതു കിട്ടുമെന്ന്‌ ഉറപ്പൊന്നുമില്ലല്ലോ).എന്നിട്ട്‌ ആരുടെ ഭാഗത്താണോ സ്വത്ത്‌ കുറവുള്ളത്‌ അവര്‍ അത്രയും പണം മറ്റേയാള്‍ക്കു കൊടുക്കണം. അറിയാം നാട്ടില്‍ നടപ്പില്ലാത്ത കാര്യമാണെന്ന്‌. പക്ഷെ സ്വന്തമായി പണം കൈകാര്യം ചെയ്യുകയും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകള്‍ നന്നായിട്ടറിയുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക്‌ തുറന്നു പറയട്ടേ.. ഈ കച്ചവടത്തില്‍ ലാഭമുണ്ടായില്ലെങ്കിലും നഷ്ടമൊന്നും ഉണ്ടാവരുതെന്ന്‌ എനിക്ക്‌ നിര്‍ബന്ധമുണ്ട്‌.

ഇനി ഇക്കാര്യത്തില്‍ പെട്ടെന്നു തന്നെ ഒരു തീരുമാനമെടുക്കണം എന്നൊരു അപേക്ഷയുണ്ട്‌.ഈ കല്യാണം നടക്കുമോ ഇല്ലയോ എന്നറിഞ്ഞിട്ടു വേണം ലീവിന്‌ അപേക്ഷിക്കാന്‍.ചെയ്യാന്‍..ഷോര്‍ട്ട്‌ നോട്ടീസില്‍ കുറച്ചു ലീവ്‌ ഒപ്പിച്ചെടുക്കാനുള്ള ഒരു സോഫ്ട്‌വെയര്‍എഞ്ചിനീയറുടെ കഷ്ടപ്പാടിനെ പറ്റി ഞാന്‍ പറയാതെ തന്നെ നന്നായിട്ടറിയാമല്ലോ.

-എന്നു സ്വന്തം(?) .....


*സമര്‍പ്പണം: നാലേക്കര്‍ സ്ഥലം വാങ്ങിയിടുന്നതിലും ലാഭം രണ്ട്‌ ആണ്‍കുട്ടികളെ ദത്തെടുക്കുന്നതാണെന്നു പ്രഖ്യാപിച്ച എന്റെ കൂട്ടുകാരിക്ക്‌.

ഈ പോസ്റ്റിലൂടെ ആരെയും കുറ്റക്കാരായി വിധിക്കാന്‍ എനിക്കുദ്ദേശ്യമില്ല.ആരാണു കുറ്റക്കാര്‍ എന്നെനിക്കറിയില്ല എന്നതാണ്‌ സത്യം. തികച്ചും ഏകപക്ഷീയമായ ചില സംശയങ്ങളാണ്‌ ഈ പോസ്റ്റിലുള്ളത്‌. ഇതിനു മറുവാദങ്ങളുണ്ടാവാം..ഉത്തരം അറിയുന്നവര്‍ മടിച്ചു നില്‍ക്കാതെ കടന്നു വരൂ. ഞാനൊരു തീരുമാനത്തിലെത്തിക്കോട്ടെ പ്ലീസ്‌..

Monday, September 24, 2007

ഒരു ഗവേഷകയുടെ അന്ത്യം..

നാണയം,സ്റ്റാമ്പ്‌,തീപ്പട്ടിപ്പടം എന്നു വേണ്ട കണ്ണില്‍ കാണുന്ന ചപ്പും ചവറും വരെ ശേഖരിച്ചു കൂട്ടിയിട്ട്‌ 'എന്റെ ഹോബിയാണ്‌' എന്നും പറഞ്ഞ്‌ കൂട്ടുകാര്‍ ഞെളിഞ്ഞ്‌ നില്‍ക്കുമ്പോള്‍ ഒരു നഷ്ടബോധത്തോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞിരുന്നുള്ളൂ. വിടരും മുമ്പ്‌ കൊഴിഞ്ഞു വീണ ഒരു ഹോബി എനിക്കുമുണ്ടായിരുന്നു. അതീന്ദ്രിയശക്തികള്‍- അവയിലായിരുന്നു എന്റെ സ്‌പെഷ്യലൈസേഷന്‍. പേപ്പറിലോ മാസികയിലോ എവിടെയെങ്കിലും 'തെളിയിക്കപ്പെടാത്ത രഹസ്യങ്ങള്‍', വിശ്വസിക്കാനാവാത്ത സത്യങ്ങള്‍' എന്നീ മട്ടിലുള്ള എന്തെങ്കിലും വാര്‍ത്തയുണ്ടോ അതെല്ലാം എന്റെ ചുവന്ന ഫയലില്‍ സ്ഥാനം പിടിക്കും. അക്കാലത്ത്‌ ആ വിഷയത്തിലുള്ള ഒരു ബുക്കു കൂടി (കോവൂരിന്റെ കേസ്‌ ഡയറി ആണെന്നാണ്‌ എന്റെ ഓര്‍മ്മ) എവിടുന്നോ വായിച്ചതോടെ എല്ലാം പൂര്‍ത്തിയായി. എങ്ങനെയെങ്കിലും ഒരു യക്ഷിയെ കാണണം.. സത്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കണം..മര്യാദക്കു പറഞ്ഞില്ലെങ്കില്‍ ഹിപ്‌നോട്ടൈസ്‌ ചെയ്യണം.എന്നിട്ട്‌ വലുതാവുമ്പോഴിതിനെപറ്റി ഒരു ബുക്കെഴുതണം- ആഗ്രഹങ്ങളൊക്കെ കേട്ടിട്ട്‌ ഞാനൊരു ധൈര്യശിരോമണിയാണെന്നു തോന്നീലേ.എനിക്കും പലപ്പഴും തോന്നീട്ടുണ്ട്‌.. ഈ തെറ്റിദ്ധാരണയാണ്‌ 'ചേടത്തി' ഒറ്റ രാത്രി കൊണ്ട്‌ പൊളിച്ചടുക്കിത്തന്നത്‌.

ചേടത്തി പാവമായിരുന്നു. പണ്ട്‌ പണ്ട്‌ മലബാര്‍ കുടിയേറ്റത്തിന്റെ കുത്തൊഴുക്കില്‍ ഇവിടെ വന്ന്‌ കാടും മലയും വെട്ടിത്തെളിച്ച്‌ കൃഷി ചെയ്തു ജീവിച്ചിരുന്ന ഒരു സാധാരണ അമ്മച്ചി.അങ്ങനെ എടുത്തു പറയത്തക്ക സാമര്‍ഥ്യമോ മറ്റു പ്രത്യേകതകളൊ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ഇന്ന്‌ ചേടത്തി നാട്ടില്‍ പ്രശസ്തയാണ്‌.അതിനു കാരണവുമുണ്ട്‌ - എന്തൊക്കെ സംഭവിച്ചാലും ആ നാടു വിട്ടു പോവൂല്ലാന്നുള്ള വാശി. അതുകൊണ്ടെന്തായി.. മരിച്ചു കഴിഞ്ഞ്‌ കൊല്ലം പലതു കഴിഞ്ഞിട്ടും നമ്മടെ ചേടത്തി ആ നാട്ടിലുണ്ട്‌- പ്രേതമായിട്ട്‌..

വളരെ സിംപിളും ഹംബിളുമായ ഒരു പ്രേതമായിരുന്നു ചേടത്തി.സാധാരണ ടി വി സീരിയല്‍ പ്രേതങ്ങള്‍ക്കുള്ളപോലെ കണ്ണില്‍ നിന്നും പന്തം പറപ്പിക്കല്‍, എട്ടു ദിക്കും പൊട്ടിക്കുന്ന ഡോള്‍ബി ചിരി,വായുടെ രണ്ടു സൈഡിലും എക്സ്ട്രാ പല്ലുസെറ്റ്‌,വെള്ളസാരി, അഴിച്ചിട്ടാല്‍ നിലത്തു കിടക്കുന്ന മുടി,കടുത്ത മേക്കപ്പ്‌ തുടങ്ങിയ ആഡംബരങ്ങളൊന്നുമില്ല.താമസം ഒരു ചെറിയ തോട്ടില്‍.ഇന്നു വരെ ഒരു കുഞ്ഞിനെ പോലും നുള്ളി നോവിച്ചിട്ടില്ല. പിന്നെ ആകെയൊരു പ്രശ്നമെന്താന്നു വച്ചാല്‍ ആ തോടു ക്രോസ്സ്‌ ചെയ്യാന്‍ വരുന്ന ചിലരെ ചേടത്തി വഴി തെറ്റിച്ച്‌ വേറെ എങ്ങോട്ടെങ്ങിലും വിടും. എത്ര പരിചയമുള്ള വഴിയാണെങ്കിലും പാവങ്ങള്‍ ഒരന്തോം കുന്തോം കിട്ടാതെ അലഞ്ഞലഞ്ഞ്‌ ഒരു സമയമാകുമ്പഴേ ലക്ഷ്യത്തിലെത്തൂ.. അത്രയേയുള്ളൂ. ഇന്നു വരെ ആരും കണ്ടിട്ടില്ലെങ്കിലും ഈ കുരുത്തക്കേടിനു പിന്നില്‍ ചേടത്തിയാണെന്ന്‌ ഉറപ്പിക്കാന്‍ പറ്റുന്ന ചില സാഹചര്യതെളിവുകളുണ്ട്‌. ഒന്ന്‌ ആ തോട്ടില്‍ നിന്ന്‌ ചിലപ്പോള്‍ ആരോ തൊണ്ട ക്ലിയറാക്കുന്നതു പോലെ 'ഖും ഖും' എന്നു ശബ്ദം കേള്‍ക്കുമത്രേ. നമ്മടെ ചേടത്തിയ്ക്കും അങ്ങനെയൊരു ശീലമുണ്ടായിരുന്നു ജീവിച്ചിരിക്കുമ്പോള്‍. രണ്ടാമത്തെ തെളിവ്‌ രാത്രികാലങ്ങളില്‍ അവിടെ മിന്നിക്കെടുന്ന പ്രകാശമാണ്‌.രാത്രിയില്‍ ചൂട്ടും കത്തിച്ച്‌ ആ തോടിന്റെ കരയില്‍ കൂടി നടക്കുന്നത്‌ ആള്‍ടെ ഹോബിയായിരുന്നു. ഈ തെളിവുകളുടെ ബലത്തിലാണ്‌ നമ്മടെ ചേടത്തി അവിടുത്തെ ആസ്ഥാനപ്രേതമായി അവരോധിക്കപ്പെട്ടത്‌.(ഈ പറഞ്ഞ വിവരങ്ങളൊക്കെ ഞാന്‍ പലപ്പോഴായി ഒളിച്ചുനിന്നു കേട്ടതാണ്‌ കേട്ടോ.ഇത്തരം കാര്യങ്ങളൊന്നും ഞാനറിയരുതെന്നു വീട്ടുകാര്‍ക്കു വല്യ നിര്‍ബന്ധമായിരുന്നു.അങ്ങനെ വെള്ളവും വളവും കിട്ടാതെ കാലക്രമത്തില്‍ എന്റെ ഹോബി മരിച്ചുമണ്ണടിയണം-അതാണവരുടെ ലക്ഷ്യം)

ആ തോട്‌ ഒരു മലയടിവാരത്തിലാണ്‌. അതു കഴിഞ്ഞ്‌ തെങ്ങും മാവുമൊക്കെയുള്ള ഒരു ചെറിയ പറമ്പ്‌, അതിനും മുകളില്‍ ഒരു ചെമ്മണ്‍ റോഡ്‌. ആ മലയുടെ എകദേശം നടുവിലായി ഒരു വീടുണ്ട്‌. റോഡില്‍ നിന്ന്‌ വീട്ടിലെക്കു കയറാന്‍ വേണ്ടി സ്‌റ്റെപ്പുകളുണ്ട്‌. ഒന്നും രണ്ടുമല്ല നാല്‍പ്പത്തെട്ടെണ്ണം.വീടിന്റെ മുന്‍പിലുള്ള മുറ്റത്തൊഴികെ ബാക്കി എല്ലാ സ്ഥലത്തും റബര്‍ മരങ്ങളാണ്‌. ആകെയൊരു തുറന്ന പ്രദേശമായ മുറ്റത്തു നിന്നു നോക്കുമ്പോള്‍ കാണുന്ന കാഴ്ചയോ.. നമ്മടെ ചേടത്തീടെ തോട്‌. എല്ലാം കൂടി ഒരു ഹൊറര്‍ സിനിമയ്ക്കു വേണ്ട ഫുള്‍-സെറ്റപ്പ്‌. ആ നാട്ടില്‌ ഇലക്ട്രിസിറ്റി തുടങ്ങിയ അനാവശ്യകാര്യങ്ങളൊന്നുമില്ലാത്തതു കൊണ്ട്‌ സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ പിന്നെ നല്ല ഇരുട്ടാണ്‌.ആകെയുള്ളൊരു വെട്ടം വീടിന്റെ തിണ്ണയില്‍ കത്തിച്ചു വയ്ക്കുന്ന മണ്ണെണ്ണവിളക്കാണ്‌.പറയുമ്പോള്‍ എല്ലാം പറയണമല്ലോ..ഈ ഭാര്‍ഗവീനിലയമാണ്‌ എന്റെ അമ്മവീട്‌.

ചേടത്തിയെ ഒരു പ്രാവശ്യമെങ്കിലും ഇന്റര്‍വ്യൂ ചെയ്യണമെന്ന്‌ കഠിനമായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതു പകല്‍സമയത്ത്‌ സൗകര്യത്തില്‍ കിട്ടുകയാണെങ്കില്‍ മാത്രം മതിയെന്നു എനിക്കു നിര്‍ബന്ധമായിരുന്നു രാത്രിയായാല്‍ പിന്നെ എന്താന്നറിയില്ല ഭയങ്കര പേടി- കഴിയുന്നതും വീട്ടിനു പുറത്തിറങ്ങാതെ രക്ഷപെട്ടു നടന്നു.അതു കൂടാതെ ഇരുട്ടിക്കഴിഞ്ഞാല്‍ പിന്നെ ഭയങ്കര ഭക്തിയും. കുരിശു വരയ്ക്കുമ്പോഴുള്ള ആത്മാര്‍ഥതയൊക്കെ കണ്ടാല്‍ മാര്‍പ്പാപ്പ പോലും തൊഴുതുനിന്നു പോകും. പക്ഷെ ഇത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്തിട്ടും ഒരിക്കല്‍ ഞാന്‍ ചേടത്തീടെ കണ്ണില്‍ പെട്ടു അഥവാ ചേടത്തി എന്റെ കണ്ണില്‍ പെട്ടു. സംഭവിച്ചതെന്താന്നു വച്ചാല്‍, ഒരു ദിവസം അതിരാവിലെ ഭയങ്കര മൂത്രശങ്ക. എഴുന്നേല്‍ക്കാതെ ഒരു വഴിയുമില്ല. വീട്ടില്‌ അറ്റാച്ച്‌ഡ്‌ ഒന്നുമില്ലാത്തതു കൊണ്ട്‌ കാര്യം സാധിക്കണമെങ്കില്‍ പുറത്തുള്ള ടോയ്‌ലറ്റില്‍ പോണം. അതും തിണ്ണയിലൂടെ ഇറങ്ങി മുറ്റത്തൂടെ നടന്ന്‌ ..അതെ നമ്മടെ ചേടത്തീടെ കണ്‍മുന്നിലൂടെ.പതുക്കെ എഴുന്നേറ്റു പോയി അമ്മച്ചിയോടു കാര്യം പറഞ്ഞു. എന്നെ തിണ്ണയില്‍ നിര്‍ത്തിയിട്ട്‌ അമ്മച്ചി വിളക്കെടുക്കാന്‍ വേണ്ടി അടുക്കളയിലേക്കു പോയി. 'ഒറ്റയ്ക്കു പോവണ്ടമ്മച്ചീ..ഞാനൂടി വരാംന്നൊക്കെ പറഞ്ഞ്‌ പിന്നാലെ പോകാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഞാന്‍ ഇരുട്ടത്ത്‌ തട്ടിവീഴാന്‍ സാധ്യതയുണ്ടെന്ന മുട്ടാപ്പോക്കു ന്യായം പറഞ്ഞ്‌ അമ്മച്ചി ആ വഴിയടച്ചു.ചേടത്തീനെ പേടിയാ എന്നു സത്യം പറയാംന്നു വച്ചാല്‍ പിന്നെ ഒരു പാടു ചോദ്യങ്ങള്‍ക്കുത്തരം പറയേണ്ടി വരും.വലിയവര്‍ പറയുന്ന കാര്യങ്ങള്‍ ഒളിച്ചുനിന്നു കേട്ടതിനുള്ള വഴക്കു മാത്രമല്ല.. ഇതുപോലുള്ള കാര്യങ്ങള്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യില്ലെന്ന്‌ മമ്മിയ്ക്ക്‌ ഉറപ്പു കൊടുത്തതാണ്‌.അതെങ്ങാനും തെറ്റിച്ചൂന്നറിഞ്ഞാല്‍ പിന്നെ അതു മതി.

വേറൊരു വഴിയുമില്ലാത്തതു കൊണ്ട്‌ അവിടെ ഒരു തൂണും കെട്ടിപ്പിടിച്ച്‌ അറിയാവുന്ന പ്രാര്‍ത്ഥനകളൊക്കെ മനസ്സില്‍ ചൊല്ലികൊണ്ട്‌ അവിടെ തന്നെ നിന്നു. എന്തൊക്കെ വന്നാലും തോട്ടിലേക്കു നോക്കരുതെന്ന്‌ മനസ്സ്‌ വാണിംഗ്‌ തരുന്നുണ്ട്‌. എത്ര ശ്രമിച്ചിട്ടും അറിയാതെ കണ്ണ്‌ അങ്ങോട്ടുതന്നെ പോവും.അങ്ങനെ ഓട്ടക്കണ്ണിട്ടു നോക്കിക്കൊണ്ടിരിക്കുമ്പോഴാണ്‌ ആ കാഴ്ച കണ്ടത്‌.അങ്ങു താഴെ തോടിന്റവിടെ ഒരു പ്രകാശം... സാക്ഷാല്‍ ചേടത്തി!!! ഞാന്‍ കണ്ടൂന്നു മനസ്സിലായപ്പോള്‍ ചേടത്തി വെട്ടം അണച്ചു. പിന്നേം കത്തിച്ചു.പിന്നേം കെടുത്തി. എന്റെ ഉറക്കമൊക്കെ ഒറ്റ സെക്കന്റു കൊണ്ട്‌ ആവിയായി പോയി.ആകെയൊരു സ്തംഭനാവസ്ഥ. നാലു ചുവടു വച്ചാല്‍ ചുമരില്‍ തറച്ചു വച്ചിരിക്കുന്ന ഈശോടെ പടത്തില്‍ തൊടാം.പിന്നെ കുഴപ്പമില്ല. പക്ഷെ കാലനക്കാന്‍ പറ്റുന്നില്ല. എന്തിന്‌ ഉച്ചത്തിലൊന്ന്‌ വിളിച്ചു കൂവാന്‍ പോലും പറ്റുന്നില്ല.ശ്രമിക്കുമ്പോള്‍ വായില്‍കൂടി കാറ്റു പോലൊരു ശബ്ദം മാത്രമാണ്‌ വരുന്നത്‌. ഹൃദയമിടിക്കുന്നതിന്റെ ശബ്ദം ക്ലിയറായി കേള്‍ക്കാന്‍ പറ്റുന്നുണ്ട്‌. കാര്യം ആ സ്റ്റെപ്പുകളും കേറി തിണ്ണയിലേക്കു വന്ന്‌ എന്നെ ശരിപ്പെടുത്താന്‍ പ്രേതമായ ചേടത്തിക്ക്‌ രണ്ടു സെക്കന്റു പോലും വേണ്ട. എന്നിട്ടും കൊല്ലുന്നതിനു മുന്‍പ്‌ ചുമ്മാ പേടിപ്പിക്കാന്‍ വേണ്ടി ആ തോടിന്‍കരേക്കൂടെ അങ്ങോട്ടുമിങ്ങോട്ടും വെട്ടോം കത്തിച്ചു നടക്കുകയാണ്‌.വിളക്കെടുക്കാന്‍ പോയ അമ്മച്ചീടെ പൊടി പോലുമില്ല. ഇനിയും ഇങ്ങനെ നിന്നു പോയാല്‍ അടുത്ത ദിവസം മുതല്‍ ചേടത്തീടെ കൂടെ ഞാനും ആ തോട്ടില്‍ കൂടെ നടക്കുന്നതു കാണേണ്ടിവരും. പെട്ടെന്ന്‌ എങ്ങനെയാണെന്നറിയില്ല എനിക്ക്‌ ചലനശക്തി തിരിച്ചു കിട്ടി.

"അമ്മച്ചീ ചേടത്തീടെ പ്രേതം.." എന്നലറിവിളിച്ച്‌ അടുക്കളയിലേക്ക്‌ ഓടിക്കയറി അമ്മച്ചിയെ വട്ടം പിടിച്ചതോര്‍മ്മയുണ്ട്‌. അമ്മച്ചി നോക്കുമ്പോള്‍ ഞാന്‍ കിലുകിലാ വിറയ്ക്കുകയാണ്‌. ഒച്ചേം ബഹളോം കേട്ട്‌ വീടു മുഴുവനുണര്‍ന്നു. എല്ലാരും അടുക്കളയിലേക്ക്‌ ഓടിവന്നു..ആരൊ വെള്ളം തന്നു.. ആന്റിമാരൊക്കെ തലേലൊക്കെ തലോടുന്നുണ്ട്‌...അമ്മച്ചി ഈശോ മറിയം ചൊല്ലുന്നു..അകെ ബഹളം. എനിക്കാണെങ്കില്‍ ചേടത്തീടെ ക്രൂരകൃത്യത്തെ പറ്റി പറയണമ്ന്നുണ്ട്‌.പക്ഷെ ഒന്നും മിണ്ടാന്‍ പറ്റുന്നില്ല. എന്തായാലും എല്ലാരും കൂടെ ആഘോഷമായി എന്നെ കൊണ്ടു പോയി കമ്പിളി പുതപ്പിച്ചു കിടത്തിയുറക്കി. നല്ലോണം നേരംവെളുത്തിട്ടാണ്‌ എഴുന്നേറ്റത്‌. കണ്ണും തിരുമ്മി അടുക്കളയിലേക്ക്‌ ചെന്നപ്പോള്‍ അവിടെ രാത്രിയിലെ സംഭവത്തെ പറ്റി ഗംഭീരമായ ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്‌. പകല്‍ സമയമായതുകൊണ്ടും സ്വന്തക്കാരൊക്കെ ചുറ്റുമുണ്ട്‌ എന്ന ധൈര്യം കൊണ്ടും വളരെ നാടകീയമായി തന്നെ ചേടത്തി വെട്ടം കാണിച്ച്‌ പേടിപ്പിച്ചതൊക്കെ വള്ളിപുള്ളി വിടാതെ പറഞ്ഞൊപ്പിച്ചു. എല്ലാരും എന്റെ ഹൊറര്‍ സ്‌റ്റോറി കേട്ട്‌ കണ്ണും മിഴിച്ച്‌ അവിശ്വസനീയതോടെ നില്‍ക്കുകയാണ്‌. ആ സ്ഥലത്തൂടെ ആള്‍സഞ്ചാരമുണ്ടാകണമെങ്കില്‍ നേരം വെളുക്കണം. ഇനി അതു പ്രേതമല്ല മനുഷ്യനാണെങ്കില്‍ ആ സമയത്ത്‌ അയാള്‍ക്ക്‌ ഞങ്ങളുടെ പറമ്പിലെന്താണു കാര്യം... തുടങ്ങി പല ചോദ്യങ്ങളും പല ഭാഗത്തു നിന്നുമായി പൊങ്ങി വന്നോണ്ടിരിക്കുമ്പോഴാണ്‌ എന്റെ ഏറ്റവും ഇളയ അമ്മാവന്‍ കയറിവന്നത്‌. എല്ലാരും പൊടിപ്പും തൊങ്ങലും വച്ച്‌ മാമനോട്‌ കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.മാമന്റെ ഞെട്ടല്‍ കാണാന്‍ കാത്തു നിന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട്‌ മാമന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അവസാനം ചിരി സഹിക്കാതെ വയറും പൊത്തിപ്പിടിച്ച്‌ നിലത്തേക്കിരുന്നു.ഒരു വിധത്തില്‍ ചിരി അടങ്ങിക്കഴിഞ്ഞപ്പോള്‍ മാമന്‍ ആ സത്യം പറഞ്ഞു. ആ തോട്ടിന്‍ കരയിലൂടെ നടന്നത്‌ മാമനായിരുന്നു പോലും. വിരുന്നു വന്ന ഞങ്ങള്‍ക്കു തരാന്‍ വേണ്ടി രാവിലെ തന്നെ മാങ്ങ പെറുക്കാന്‍ പോയതായിരുന്നു പാവം.ഇത്തിരൂടെ വൈകിയാല്‍ ആ വഴി പോകുന്നവര്‌ മാങ്ങേം പെറുക്കി കൊണ്ടു പോകുമ്ന്നുള്ളതു കൊണ്ട്‌ അതിരാവിലെ മാങ്ങയൊക്കെ പെറുക്കി കൂട്ടി ഒരു തെങ്ങിന്‍ചുവട്ടില്‍ ഭദ്രമായി വച്ചിട്ടാണ്‌ മാമന്‍ റബറുവെട്ടാന്‍ പോയത്‌.. മാമന്റെ തലേല്‍ വച്ചിരുന്ന ഹെഡ്‌ലൈറ്റാണ്‌(ശരിക്കും പേര്‌ ഇതാണോന്നറിയില്ല. റബറു വെട്ടാന്‍ പോകുന്നവര്‍ തലേല്‌ ഉറപ്പിച്ചു വയ്ക്കുന്ന ടോര്‍ച്ചു ലൈറ്റില്ലേ..അത്‌) ചേടത്തീടെ വെട്ടമായി ഞാന്‍ തെറ്റിദ്ധരിച്ചത്‌. മാങ്ങയെടുക്കാന്‍ വേണ്ടി കുനിയുമ്പോള്‍ വെട്ടം അപ്രതക്ഷ്യമാകും നിവരുമ്പോള്‍ പിന്നേം വെട്ടം വരും. അത്രേയുള്ളൂ.പക്ഷെ ആ സാഹചര്യത്തില്‍ ഞാനല്ല..ആരായാലും പേടിച്ചു പോയേനേ.

"ശരി ഇപ്രാവശ്യം അതു മാമനായിരുന്നൂന്ന്` സമ്മതിയ്ക്കാം. പക്ഷെ ബാക്കിയുള്ള ദിവസങ്ങളിലൊക്കെയോ??ചേടത്തി ഇല്ലാന്നൊന്നും പറയാന്‍ പറ്റില്ല"

എങ്ങനെയെങ്കിലും ചമ്മല്‍ മറയ്ക്കാന്‍ വേണ്ടി ഞാന്‍ വാദിച്ചു.അതിനാരും ഉത്തരം തന്നില്ല.പകരം അത്രേം നേരം എന്നെ സപ്പോര്‍ട്ടു ചെയ്തവരൊക്കെ എന്റെ നേരെ തിരിഞ്ഞു-മമ്മിയുടെ നേതൃത്വത്തില്‍.കഷ്ടകാലത്തിന്‌ അപ്പോഴാണ്‌ അവര്‍ക്കൊക്കെ തലേല്‌ ബള്‍ബ്‌ കത്തീത്‌.

"ഏതു ചേടത്തി?? നിന്നോടീ കഥയൊക്കെ ആരു പറഞ്ഞു??"

അറിയാതെ നാവില്‍ നിന്നും വീണു പോയത്‌ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ.ആ ചോദ്യം ഒരു തുടക്കം മാത്രമായിരുന്നു.എന്തായാലും ഒരു മണിക്കൂറു നേരം ഉപദേശം,വഴക്ക്‌ എന്നിവയൊക്കെ വയറു നിറച്ചു കേട്ടപ്പോഴെക്കും എന്റെയുള്ളിലെ അതീന്ദ്രിയഗവേഷക മനം മടുത്ത്‌ ജീവനും കൊണ്ട്‌ ഓടിരക്ഷപെട്ടു. പാവം ഇതേ വരെ തിരിച്ചു വന്നിട്ടുമില്ല..

Saturday, September 8, 2007

ചില തിരിച്ചറിവുകള്‍...

രാവിലെ അമ്മ വന്ന്‌ തലവഴി വെള്ളം കോരിയൊഴിച്ചാലും പുല്ലുവില കല്‍പ്പിക്കാതെ അട്ട ചുരുളുന്ന പോലെ ചുരുണ്ടു കിടന്നുറങ്ങുന്ന അലമ്പു പിള്ളാരില്ലേ.. അവരെപോലൊന്നുമായിരുന്നില്ല ഞാന്‍. രാവിലെ ആരും വിളിക്കാതെ തന്നെ എഴുന്നേല്‍ക്കും. എന്നിട്ട്‌ കുറച്ചു നേരം പ്രാര്‍ത്ഥിക്കും. അതിനുശേഷം ഒരോട്ടമാണ്‌. കളിക്കാനൊന്നുമല്ല.. പത്രം വായിക്കാനാണ്‌.പ്രാര്‍ത്ഥനേടെ ഉള്ളടക്കം ജില്ലാ കളക്ടറിന്‌ നല്ല ബുദ്ധി തോന്നിക്കണേ എന്നാണ്‌.ആദ്യം നോക്കുന്നത്‌ പത്രത്തിലെവിടെയെങ്കിലും വല്ല വിദ്യാര്‍ത്ഥികളും തല്ലു കൊള്ളുന്ന ഫോട്ടോയോ വാര്‍ത്തയോ ഉണ്ടൊന്നാണ്‌.ഉണ്ടെങ്കില്‍ ഉറപ്പാണ്‌ കളക്ടര്‍ അന്ന്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ടാവും. ഞാന്‍ പഠിക്കുന്നത്‌ സര്‍ക്കാര്‍ സ്കൂളിലാണെങ്കിലും അത്‌ സമരത്തിന്റെ കാര്യത്തില്‍ ചുക്കിനും ചുണ്ണമ്പിനും കൊള്ളൂല്ല. ഞങ്ങളെ സമരം ചെയാന്‍ സമ്മതിക്കില്ലെന്നതോ പോട്ടേ അടുത്ത സ്കൂളുകാരാരെങ്കിലും ദേവദൂതന്മാരെ പോലെ സമരോം കൊണ്ടു വന്നാല്‍ ഹെഡ്‌മാഷ്‌ പോലീസിനെ വിളിക്കും. തനി ഗുണ്ടായിസം..ടിയാന്‍ ആകെ കേള്‍ക്കുന്നത്‌ ജില്ലാകളക്ടറ്‌ പറഞ്ഞാലാണ്‌. അതുകൊണ്ടാണ്‌ രാവിലത്തെ പ്രാര്‍ത്ഥനയില്‍ മാഹീലമ്മ,പറശ്ശിനിമുത്തപ്പന്‍ എന്നിവരുടെ കൂടെ ജില്ലാകളക്ടറേം കൂടി പ്രതിഷ്ഠിച്ചത്‌. കളക്ടര്‍ ചതിച്ചെങ്കില്‍ അയാളെ നാലു ചീത്തേം വിളിച്ച്‌ തിരിച്ചു വന്നു കിടന്നുറങ്ങും. ഇനി എങ്ങനും പ്രാര്‍ത്ഥന ഫലിച്ചലോ 'ആര്‍പ്പോ ഇര്‍റോ'-ന്നും കൂവി വീടു തിരിച്ചു വയ്ക്കും.കുട്ടികളുടെ സന്തോഷമാണ്‌ രക്ഷിതാക്കളുടേം സന്തോഷമെന്നാണ്‌ നാട്ടുനടപ്പ്‌.പക്ഷെ എന്റെ വീട്ടിലോ.... നമ്മളിങ്ങനെ സന്തോഷം കൊണ്ട്‌ 'ഞാനിപ്പം സ്വര്‍ഗ്ഗത്തില്‍ വലിഞ്ഞു കേറും' ലൈനില്‍ നടക്കുകയാരിക്കും. അപ്പൊഴാരിക്കും പുറകീന്ന്‌ ഒരാത്മഗതം..

"ഹും പഠിക്കേണ്ട സമയത്ത്‌ പിള്ളാര്‌ കാളകളിച്ചു നടക്കുകയാണ്‌. പിടിച്ചു നല്ല പെടെ പെടയ്ക്കണം.തീന്‍കുത്താണ്‌ എല്ലാത്തിനും"

പപ്പയാണ്‌ ആ ആത്മഗതന്‍. ഞങ്ങളെയല്ല..ആ പത്രത്തീ കാണുന്ന പിള്ളാരെയാണ്‌. എന്നാലോ.. ഞങ്ങള്‍ക്കവധി മേടിച്ചു തരാന്‍ വേണ്ടി മാത്രം തല്ലുകൊണ്ടവരാണവര്‌. അവരെ ചീത്തപറഞ്ഞ പപ്പയ്ക്കെതിരെ മനസ്സില്‍ ഇന്‍ക്വിലാബ്‌ വിളിക്കും (മനസ്സില്‍ മാത്രം. ഉച്ചത്തില്‍ വിളിക്കാന്‍ വേറെ ആളെ നോക്കണം.. പേടിച്ചിട്ടൊന്നുമല്ല..)

ഇക്കാര്യത്തില്‍ പപ്പയേം ഹെഡ്‌മാഷിനേമൊക്കെ ഒരു വണ്ടിക്കു കെട്ടാം. വെല്യ ആള്‍ക്കാര്‌ സമരം ചെയ്താലൊന്നും അവര്‍ക്കൊരു കുഴപ്പവുമില്ല. വല്ല പാവം പിള്ളേരും കഷ്ടപ്പെട്ട്‌ സമരം ചെയ്താല്‍ അതു സഹിക്കില്ല. സമരം ചെയ്യുന്നതു പോട്ടെ; പിള്ളാര്‌ ക്ലാസ്സും കട്ടു ചെയ്ത്‌ ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ വല്ല ബസ്‌-സ്റ്റാന്‍ഡിലോ കടത്തിണ്ണേലോ സിനിമാതീയേറ്ററിലോ ഒക്കെ പോയീന്നറിഞ്ഞാല്‍ മതി-ഹാലിളകാന്‍.

'ഉന്തി മരം കേറ്റിയാല്‍ കൈ വിടുമ്പം താഴെപ്പോകും' എന്ന പോളിസി കാരണം ഞങ്ങളുടെ പഠനകാര്യങ്ങളിലൊന്നും തലയിടാത്ത പപ്പയാണ്‌ വല്ല പിള്ളാര്‍ടേം കാര്യത്തില്‍ ഇങ്ങനെ ബ്ലഡ്‌ പ്രഷര്‍ കൂട്ടുന്നത്‌. അവരെ അവര്‍ടെ വഴിക്കു വിട്ടൂടേ..ഇതിനുള്ള പപ്പേടെ മറുപടി രണ്ടേ രണ്ടു വാക്യത്തിലൊതുങ്ങും.

"പഠിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്‌. അങ്ങനെ ചെയ്യുന്നതാണ്‌ ഏറ്റവും വലിയ നിഷേധം"

ഓ പിന്നേ. ഇതൊക്കെ ഏതു മാതാപിതാക്കള്‍ടേം സ്ഥിരം ഡയലോഗാണ്‌. ഇത്രേം വല്യ ആശയങ്ങളൊക്കെ ഉള്ള പപ്പയെന്താ പത്താം ക്ലാസ്സിനപ്പുറത്തെക്കു പോവാത്തത്‌??ഞാന്‍ ശക്തമായി തന്നെ പ്രതിഷേധിച്ചു-മനസ്സില്‍ ..

അങ്ങനെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള ഇത്തരം മൂരാച്ചി നടപടികളില്‍ പ്രതിഷേധിച്ചു നടക്കുന്ന കാലഘട്ടം.എന്തോ വിശേഷത്തിന്‌ തറവാട്ടിലെത്തീതാണ്‌. ചാച്ചന്‍ (പപ്പേടെ അനിയന്‍) ഒരു കത്തെടുത്തു നീട്ടി.

"ഇതു കടേല്‌ സാധനം പൊതിയാനെടുക്കുന്ന പഴയ പത്രത്തിന്റെടയ്ക്കൂന്നു കിട്ടീതാ. ഫ്രം അഡ്രസു കണ്ടപ്പോള്‍ കടക്കാരന്‍ എനിയ്ക്കെടുത്തു തന്നു. ഇതു നീ വച്ചോ"

കാലപ്പഴക്കം കൊണ്ടു നിറം മങ്ങിയ ഒരു കത്ത്‌. 1970-ല്‍ പപ്പ ഒരു കൂട്ടുകാരനെഴുതിയതാണത്‌. ഒരു പുരാവസ്തു കിട്ടിയ സന്തോഷത്തോടെ ഞാന്‍ അത്‌ മമ്മി,അമ്മച്ചി,ആന്റിമാര്‌ എന്നിവരടങ്ങുന്ന സദസ്സിനെ വായിച്ചു കേള്‍പ്പിച്ചു.

"താങ്കള്‍ സ്നെഹപൂര്‍വ്വം അയച്ച കത്തു കിട്ടി.ആദ്യമായി ഔദാര്യത്തിന്‌ നന്ദിപറഞ്ഞുകൊള്ളട്ടെ.നിങ്ങളുടെ എഴുത്തില്‍ എനിക്കു വേണ്ടി നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയും എന്നു നിങ്ങള്‍ക്കു തോന്നിയ സഹായങ്ങളെപറ്റി എഴുതിയിരുന്നല്ലോ. നിങ്ങളുടെ ത്യാഗമനസ്കതയിള്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.അതോടൊപ്പം അതെത്ര പ്രായോഗികമാണെന്നു കൂടി ഞാന്‍ സംശയിക്കുന്നു.അതിനു തക്ക അപാര കഴിവുള്ള വ്യക്തിയൊന്നുമല്ലല്ലോ ഞാന്‍. പിന്നെ അതിന്‌ നിങ്ങള്‍ക്ക്‌ യാതൊരു ബുദ്ധിമുട്ടും ഇല്ല എന്ന്‌ എത്രമാത്രം സമര്‍ത്ഥിച്ചാലും അത്‌ നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടല്ല എന്ന്‌ എനിക്കു വിശ്വസിക്കാന്‍ വയ്യ താനും.ഏതായാലുമക്കാര്യത്തെ കുറിച്ച്‌ ഞാന്‍ പിന്നെ എഴുതാം.ഇപ്പോള്‍ ഉള്ള സമയം മിനക്കെടുത്താതെ എനിക്കു വേണ്ടി കൂടിയും സ്നേഹിതന്‍ പഠിച്ചു കൊള്ളണം.

പുതിയ സ്നേഹിതന്‍മാരെപറ്റി ഇതു വരെ ഒന്നും എഴുതിയില്ലല്ലോ. അടുത്ത എഴുത്തിലെങ്കിലും എഴുതുമല്ലോ.ഒരു രണ്ടാം റാങ്കുകാരന്‍ സുരേശനെ പറ്റി പറഞ്ഞല്ലോ..അതിനു മുന്‍പില്‍ ഒന്നാം റാങ്ക്‌ എന്നൊന്നുണ്ടല്ലോ.അങ്ങോട്ടൊക്കെ ഒരു അരക്കൈ ഇപ്പോള്‍ തന്നെ നോക്കിക്കോളൂ.

ഇവിടെ ഞാന്‍ വിചാരങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാനായി മിക്കവാറും ജോലിയില്ലാത്ത സമയങ്ങളില്‍ ന്യൂസ്‌ പേപ്പറിനെയും റേഡിയോയേയും അഭയം പ്രാപിക്കുകയാണ്‌.പതിവു കൂട്ടത്തില്‍ ഒരൊഴുക്കന്‍ ജീവിതവും.

അടുത്ത എഴുത്തില്‍ പഠിക്കുന്ന പുസ്തകങ്ങളെപറ്റി കുറച്ചെഴുതണം കേട്ടോ..പുസ്തകങ്ങളെല്ലാം തന്നെ ഇംഗ്ലീഷിലായിരിക്കുമല്ലോ.കണക്കും സയന്‍സും എങ്ങിനെയുണ്ട്‌.രസകരമാണോ??

ഈ എഴുത്തിന്‌ തിടുക്കത്തില്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല. സാവകാശം സൗകര്യം പോലെ എഴുതിയാല്‍ മതി.എഴുത്തില്‍ അനാവശ്യമായി വല്ലതും വലിച്ചു വാരി എഴുതി ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക. എഴുത്തു ചുരുക്കുന്നു... "

കത്തു വായിച്ചു കഴിഞ്ഞ്‌ മുഖമുയര്‍ത്തി നൊക്കിയപ്പോള്‍ കാണുന്നത്‌ എല്ലാവരുടെയും കണ്ണു നിറഞ്ഞിരിക്കുന്നതാണ്‌. അമ്മച്ചി ശരിക്കും കരയുന്നുണ്ടായിരുന്നു.എനിക്കും എന്തോ ഒരു വിഷമം തോന്നി. കത്തു മുഴുവനും മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ മനസ്സിലായിരുന്നു.കരച്ചിലിനിടയില്‍ കൂടി അമ്മച്ചി പറഞ്ഞു.

"അവന്‌ പഠിക്കണമെന്ന്‌ വെല്യ ആഗ്രഹമായിരുന്നു. സയന്‍സെന്നു വച്ചാ ജീവനാരുന്നു. ഒരിക്കല്‍ സ്കൂളില്‍ നടന്ന ഏതോ പരിപാടീടെ ശബ്ദം മുഴുവനും എതോ മെക്കാനിസം വഴി ഇവിടുത്തെ അടുക്കളേലു കേള്‍പ്പിച്ചാരുന്നു. അന്നു സാറു പറഞ്ഞു അവനെന്തായാലും ശാസ്ത്രജ്നനാകുമ്ന്ന്‌. പത്താം ക്ലാസു കഴിഞ്ഞപ്പോള്‍ ഇനി പോവുന്നില്ലമ്മച്ചീന്ന്‌ അവന്‍ പറഞ്ഞു. പോയാല്‍ ഇവിടുത്തെ കാര്യങ്ങളൊക്കെ ആരു നോക്കും.. എളേത്തുങ്ങള്‍ടെ കാര്യം എന്താകും. വിടാന്‍ എനിക്കും പറ്റീല്ല."

അമ്മച്ചി പറഞ്ഞതും ആ കത്തും കൂട്ടി വായിച്ചപ്പോള്‍ എനിക്കെല്ലാം മനസ്സിലായി. ഒരിക്കല്‍ പോലും പപ്പ പറയാതിരുന്ന കാര്യങ്ങള്‍ ദൈവമായിട്ട്‌ കാണിച്ചു തരികയായിരുന്നൂന്നാണ്‌ എനിക്കു തോന്നുന്നത്‌.അല്ലെങ്കില്‍ ഏതോ ഒരാള്‍ക്ക്‌ എതോ നാട്ടിലേക്കയച്ച കത്ത്‌ ഇത്രേം വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ പല കൈകളിലൂടെ കടന്ന്‌ എന്റടുത്ത്‌ എത്തില്ലായിരുന്നല്ലോ..

വടീം കല്ലുമൊക്കെയായി സ്കൂളു പൂട്ടിക്കാന്‍ വന്ന സമരക്കാര്‍ടെ മുന്‍പിലേക്ക്‌ ചെന്ന്‌ "നിങ്ങളീ പാഴാക്കി കളയുന്ന സമയത്തിന്റെ വില നിങ്ങള്‍ക്കറിയില്ല. എന്തായാലും എന്റെ കുട്ടികളുടെ പഠിപ്പു മുടക്കാന്‍ ഞാന്‍ സമ്മതിക്കില്ലെന്നു' പറഞ്ഞ ഹെഡ്‌ മാഷിനെം എനിക്കു മനസ്സിലായി.സമരക്കാരുടെ തലവെട്ടം അങ്ങു ദൂരെ കാണുമ്പഴേ സാധാരണ സര്‍ക്കാര്‍ സ്കൂളിലേതു പോലെ ലോംഗ്‌ ബെല്ലടിച്ചു സ്കൂളു വിടാരുന്നു മാഷിന്‌. പക്ഷെ ഒരിക്കലും മാഷതു ചെയ്തില്ല. പഠിക്കാനൊരവസരത്തിനു വേണ്ടി ഒരു പാട്‌ കഷ്ടപ്പാടുകള്‌ മാഷും സഹിച്ചിട്ടുണ്ടാവുമ്ന്‌ എനിക്കുറപ്പാണ്‌. ഇല്ലെങ്കില്‍ ഇത്രേം ആത്മാര്‍ത്ഥത കാണിക്കില്ല.

ഭക്ഷണം പാഴാക്കികളയുന്നതു കാണുമ്പോള്‍ വിശപ്പിന്റെ വേദന അനുഭവിച്ചിട്ടുള്ള ഒരാള്‍ക്ക്‌ തോന്നുന്ന അതേ വികാരം തന്നെയാണ്‌ വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കുന്നതു കാണുമ്പോള്‍ പപ്പയ്ക്കും മാഷ്ക്കുമൊക്കെ തോന്നിയിട്ടുണ്ടായിരിക്കുക എന്ന തിരിച്ചറിവുള്ളതു കൊണ്ടായിരിക്കാം... വിദ്യാര്‍ത്ഥിസംഘട്ടനങ്ങളോ സമരങ്ങളോ കാണുമ്പോള്‍ അതിലെ ന്യയാന്യായങ്ങളെ പറ്റി ചിന്തിക്കുന്നതിനെ മുന്‍പേ ഞാന്‍ അറിയാതെ പറഞ്ഞു പോകുന്നത്‌..

"ഇരുന്നു നാലക്ഷരം പഠിക്കേണ്ട സമയത്താണല്ലോ ദൈവമെ ഈ പിള്ളാര്‌... "