സാമ്പത്തികമാന്ദ്യം കാരണമാണെന്നു തോന്നുന്നു, ഇപ്പോൾ ഇവിടെ ബാംഗ്ലൂരിൽ മിക്ക കടകളിലും വമ്പിച്ച ഓഫറുകളാണ്. ആയിരം രൂപയുടെ പർച്ചേസിംഗിന് ഒരു വേൾഡ് ടൂർ, രണ്ടു തോട്ടി വാങ്ങിച്ചാൽ ആന ഫ്രീ, ചുമ്മാ കടയിൽ കയറിയാൽ ഒരു കുപ്പായം ഫ്രീ എന്നീ മട്ടിലൊക്കെയാണ് ഇപ്പോൾ ഇവിടുത്തെ കാര്യങ്ങൾ..(വെയ്റ്റ് വെയ്റ്റ്.. ബാംഗ്ലൂരേക്കുള്ള വണ്ടി പിടിക്കാൻ വരട്ടെ; എല്ലാ ഓഫറിന്റെയും അറ്റത്ത് 'കണ്ടീഷൻസ് അപ്ലൈ' ഫിറ്റ് ചെയ്തു വച്ചിട്ടുണ്ട്). എന്നാൽ ഇങ്ങനെയുള്ള ഓഫറുകളൊന്നുമില്ലാതിരുന്ന ഒരു കാലത്ത് വെറും ഒരു കിലോ മാങ്ങ വാങ്ങിയതിന്റെ പേരിൽ ഒരു വിമാനയാത്ര നടത്താൻ ഭാഗ്യം സിദ്ധിച്ച ഒരാളെ പറ്റി കേട്ടിട്ടുണ്ടോ.. അതെ.. ഞാനാണാ ഭാഗ്യവതി (വിനയകുനിതയാവുന്നു...). കേട്ടിട്ടില്ലാത്തവർ ഇപ്പോൾ കേട്ടോളൂ...
കഥ ആരംഭിക്കുന്നത് ഡെൽഹിയിലെ ഒരു കൊച്ചു ഫ്ലാറ്റിലാണ്. രാത്രി ഒരേഴെട്ടുമണിയായിട്ടാവും. എന്റെ സഹമുറിയ കുരുട്ട് ആഞ്ഞുപിടിച്ചിരുന്ന് ടി.വി. കാണുന്നു. പാവം ഞാൻ അടുക്കളയിൽ അത്താഴത്തിനുള്ള ഒരുക്കങ്ങളിൽ മുഴുകിയിരിക്കുന്നു. എന്നു വച്ചാൽ അന്നത്തെ അത്താഴമായ മാങ്ങാപ്പഴം കഴുകിയെടുക്കുന്നു..- അത്രയുമേയുള്ളൂ.. അത് ഡെൽഹിയിൽ മാമ്പഴത്തിന്റെ സീസണാണ്. അതു കൊണ്ടു തന്നെ ഞങ്ങളുടെ പ്രധാനഭക്ഷണം മാങ്ങയാണ്. എല്ലാദിവസവും ഓഫീസിൽ നിന്നും വരുമ്പോൾ ഓരോ കിലോ മാങ്ങ വാങ്ങിക്കും.കഴിക്കും.. പിറ്റേ ദിവസം വൈകുന്നേരം പിന്നെയും മാങ്ങ വാങ്ങും. അങ്ങനെ ലാവിഷായി ജീവിതം കഴിച്ചുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. ങാ..അപ്പോൾ ഞാൻ മാങ്ങയൊക്കെ കഴുകി ഒരു പ്ലേറ്റിലെടുത്തു വച്ച് മന്ദം മന്ദം കുരുട്ടിനരികിലേക്കു നടക്കുകയാണ്. എന്നു വച്ചാൽ വെറുതെയങ്ങു നടക്കുകയല്ല.. കുച്ചിപ്പുഡി സ്റ്റൈലാണ് നടപ്പ്. ഈ ഡാൻസുകാരൊക്കെ ചെയ്യുനതു പോലെ ഒരു കയ്യിൽ പ്ലേറ്റ് ബാലൻസ് ചെയ്ത് (അതിൽ മാങ്ങകളിങ്ങനെ ഉരുണ്ടു കളിക്കുന്നുണ്ട്) ശ്രദ്ധ മുഴുവൻ ടി.വി.യിലേക്കു കൊടുത്ത് അതിനിടയ്ക്ക് കുരുട്ടിനോട് വർത്തമാനം പറഞ്ഞ് ആകെ സ്റ്റൈലിൽ.. അപ്പോഴാണ് കത്തിയെടുക്കാൻ മറന്നു പോയ കാര്യമോർക്കുന്നത്. അതേ പോസിൽ തന്നെ നിന്ന് അൽപമൊന്ന് വലിഞ്ഞ് കുറച്ചപ്പുറത്തുള്ള ടേബിളിൽ നിന്നും കത്തിയെടുക്കാനൊരു ശ്രമം നടത്തിയതാണ്. പെട്ടെന്ന് കാലിൽ നിന്ന് മിന്നൽ പോലെ ഒരു വേദനയോടു കൂടി ഞാൻ നിലംപതിച്ചു. എന്താണു സംഭവിച്ചതെന്നറിയാൻ ആകെമൊത്തം ഒന്നു നോക്കീപ്പഴാണ് കണ്ടത്- കാലിന്റെ ആംഗിളിനൊരു മിസ്റ്റേക്ക്.. . എന്നു വച്ചാൽ മുട്ടിനു താഴേക്കുള്ള ഭാഗം നേരെയിരിക്കുന്നതിനു പകരം ആരോ ഒരു സൈഡിലേക്കു പിടിച്ചു തിരിച്ചു വച്ചപോലെ വളഞ്ഞിരിക്കുന്നു..ഞാൻ ഇങ്ങനൊരു പ്രതിഭാസത്തെ പറ്റി അന്നേ വരെ കേട്ടിട്ടു പോലുമില്ലായിരുന്നു.
ശബ്ദം കേട്ട് ഓടി വന്ന കുരുട്ടണെങ്കിൽ എന്റെ കാലിന്റെ അവസ്ഥയൊക്കെ കണ്ട് ചിന്താവിഷ്ടയായി അടുത്തിരിക്കുന്നുണ്ട്.. കുറച്ചു നേരം കഠിനമായി ആലോചിച്ച് എന്തോ കിട്ടിയ സന്തോഷത്തോടെ കുരുട്ടറിയിച്ചു.
"ഇതു ഞാൻ കണ്ടിട്ടുണ്ട്.. നീ-ക്യാപ് ഡിസ്ലൊക്കേഷനാണ്. എന്റെ ഒരു കസിൻ ക്രിക്കറ്റു കളിക്കുമ്പോൾ ഇടയ്ക്കിടക്കിതു സംഭവിക്കാറുണ്ട്.."
ഈ മുട്ടുചിരട്ടയൊക്കെ ഇങ്ങനെ തരം കിട്ടിയാൽ തെന്നിപ്പോവുന്ന സാധനമാണോ!! എന്തായാലും പണ്ടത്തെ ബയോളജി ക്ലാസിലേക്ക് തിരിച്ചുപോയി കാലിന്റെ ഘടന ഓർത്തെടുക്കാനുള്ള ഒരു മൂഡിലല്ലായിരുന്നതു കൊണ്ട് ഞാൻ കുരുട്ടിനെ തന്നെ ശരണം പ്രാപിച്ചു...
" അപ്പോൾ അവനെന്താ ചെയ്യാറുള്ളത്? എന്തെങ്കിലുമൊക്കെ ചെയ്യ്..എനിക്കു വേദനിച്ചിട്ടു തല കറങ്ങുന്നു.."
"അതെനിക്കറിയില്ല. .വിളിച്ചു ചോദിക്കാംന്നു വച്ചാൽ അവനിപ്പോൾ അങ്ങ് അമേരിക്കയിലാണ് .എന്തായാലും ഇതിപ്പോ തിരിഞ്ഞിരിക്കുകയാണല്ലോ.. നമ്മക്കിതിനെ പിടിച്ചു നേരെ വെയ്ക്കാം.. ചിലപ്പോൾ ശരിയാകുമായിരിക്കും.." കുരുട്ടിന്റെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു
ഞാൻ ഒന്നാലോചിച്ചു... അങ്ങേയറ്റം പോയാൽ കാലൊടിഞ്ഞു പോവുമായിരിക്കും.. എന്നാലും സാരമില്ല.. ഇതിങ്ങനെ വശപ്പിശകായി നിൽകുന്നതിലും ഭേദമാണല്ലോ അത്.
എന്റെ സമ്മതം കിട്ടിയതും കുരുട്ട് ടപ്പേന്ന് കാലു പിടിച്ച് നേരെ വച്ചു. അത്ഭുതം!! അതൊടിഞ്ഞില്ല! കുരുട്ട് വേഗം അടുക്കളയിലേക്കു പോയി കുറ എണ്ണയെടുത്ത് കാലിലാകെ ധാര കോരി. അങ്ങനെ പ്രത്യേകിച്ച് എന്തെങ്കിലും അറിഞ്ഞിട്ടൊന്നുമല്ല. ഈ വിജാഗിരിക്കൊക്കെ എണ്ണയിടുന്നതു പോലെ എന്റെ മുട്ടുചിരട്ട ഒന്നു സ്മൂത്താവാൻ വേണ്ടി എണ്ണയിട്ടതാണ്. തൊലിപ്പുറത്തു നിന്നും എണ്ണ ആഗിരണം ചെയ്യപ്പെട്ട് അങ്ങ് അകത്തേക്കെത്തുമല്ലോ.. യേത്..
എന്തായാലും കുരുട്ടിന്റെ എണ്ണപ്രയോഗം ഏറ്റു. രാവിലെ ആയപ്പോഴൊരു ചെറിയ വേദയൊഴിച്ചാൽ വേറെ പ്രശ്നങ്ങളൊന്നുമില്ല.. എന്നാലും അന്ന് ലീവെടുത്തേക്കാമെന്നും വിചാരിച്ച് ബോസിനെ വിളിച്ചു കാര്യം പറഞ്ഞതും സംഭവം ഞങ്ങൾടെ കൈവിട്ടു പോവാൻ തുടങ്ങി. ടെക്നിക്കൽ എസ്കലേഷൻസിന്റെ ഇൻചർജാണ് കക്ഷി. എല്ലം ആ ഒരു ലെവലിലേ ചിന്തിക്കൂ.. എന്റെ കാലിന്റേത് ഒരു 'അബ്നോർമൽ ബിഹേവിയർ' ആണെന്നും അത് കൂടുതൽ സീരിയസായ അറ്റൻഷൻ വേണ്ട ഇഷ്യൂ ആണെന്നുമൊക്കെ പറഞ്ഞ് അങ്ങേരത് ആകെ സങ്കീർണമാക്കിക്കളഞ്ഞു.. ഒടുക്കം എന്തായി.. വിതിൻ 24 അവേഴ്സ്.. കമ്പനീടെ ഡോകടർ എത്തി എന്റെ കാലു പരിശോധിച്ച് ഒരു മാസത്തേക്കു തടവിലിട്ട്, ഐ മീൻ കാസ്റ്റിട്ട് എന്നെ നല്ല നടപ്പിനു വിധിച്ചു. കാസ്റ്റിട്ട് മടങ്ങാത്ത കാലും കൊണ്ട് ഓഫീസിൽ വരണ്ടാന്നും വേണമെങ്കിൽ ഒരു മെഡിക്കൽ ലീവെടുത്ത് വീട്ടിൽ പൊയ്ക്കോളാനും ബോസിന്റെ വക അനുവാദവും കിട്ടി. പക്ഷെ എനിക്കീ കാലു മടങ്ങാത്തതൊന്നും വല്യ പ്രശനമായി തോന്നിയില്ല. ഞാനിങ്ങനെ ആ കാലും വലിച്ച് സിനിമാനടൻ മധു നടക്കുന്നതു പോലെ ഓഫീസു മുഴുവൻ വലിഞ്ഞ് വലിഞ്ഞ് നടന്നു. ഞാൻ അകലേന്നു വരുന്നതു കാണുമ്പോഴേ മലയാളി സഹപ്രവർത്തകർടെ വക 'മാനസമൈനേ വരൂ' എന്ന പാട്ടു കേൾക്കും എന്നതൊഴിച്ചാൽ ഒരു കുഴപ്പവുമില്ല. പിന്നെ പ്രശ്നമുള്ളത് സ്റ്റെയർകേസാണ് . കുറച്ചു നാളത്തെ പരിശീലനം കൊണ്ട് സ്റ്റെപ്പൊക്കെ അതിന്റെ കൈവരിയിൽ പിടിച്ച് ഒറ്റക്കാലിൽ തുള്ളി തുള്ളി കയറാനും ഇറങ്ങാനും പ്രാക്ടീസ് ആയതോടെ ആ പ്രശവും സോൾവായി.. അങ്ങനെ വല്യ കുഴപ്പമൊന്നുമില്ലാതെ ആ ഒരുമാസത്തെ ശിക്ഷാകാലം ഞാൻ അനുഭവിച്ചു തീർത്തു.
ഇനിമുതലാണ് ശരിക്കും പ്രശ്നം ആരംഭിച്ചത്. ഡോക്ടർ വന്ന് കാസ്റ്റെടുത്തു. അപ്പോഴാണ് ഞാൻ ഒരു ഞെട്ടലോടെ തിരിച്ചറിയുന്നത്.. ഒരു മാസം നേരെയിരുന്ന് കാലിന് അതങ്ങു ശീലമായിപ്പോയി. എന്തു ചെയ്തിട്ടും മടക്കാൻ പറ്റുന്നില്ല. അതു പതുക്കെപതുക്കെ മടങ്ങിക്കോളും എന്നും പറഞ്ഞ് ഡോക്ടർ വണ്ടി വിട്ടു. പക്ഷെ എന്റെ എനിക്കങ്ങു സങ്കടമായിപ്പോയി.. സങ്കടം വന്നാൽ പിന്നെ എനിക്ക് അപ്പോൾ തന്നെ പപ്പയും മമ്മിയേയും കാണണം. അതിനു നാട്ടിൽ പോണം.. പക്ഷെ മടങ്ങാത്ത കാലും വച്ച് ഞാനെങ്ങനെ ട്രെയിനിൽ പോവും? പ്രശ്നപരിഹാരത്തിനായി ഞാനും കുരുട്ടും വീണ്ടും ബോസിനെ സമീപിച്ചു.
"അതിനു ട്രെയിനിൽ പോവുന്നതെന്തിന്!! ഫ്ലൈറ്റിൽ പൊയ്ക്കൂടേ?" ബോസിന്റെ മറുപടികേട്ടപ്പോൾ പെട്ടെന്നോർമ വന്നത് പണ്ടേതോ രാജ്ഞി ബ്രഡ് ക്ഷാമത്തെ പറ്റി പരാതിപ്പെട്ട പ്രജകളോട് ബ്രഡെന്തിനു കഴിക്കണം; കേക്കു കഴിച്ചൂടേ: എന്നോമറ്റോ ചോദിച്ചതാണ്..
വല്യവല്യപണക്കാരുടെ കുത്തകയായ വിമാനത്തെ ഒരു സോഷ്യലിസ്റ്റ്വാദിയായ ഞാൻ ക്രൂരമായി അവഗണിച്ചിരിക്കയായിരുന്നു എന്നൊക്കെ പറയാമെങ്കിലും സത്യം മറ്റൊന്നാണ്..അന്നത്തെ ഒരു സാമ്പത്തികനില വച്ച് ഫ്ലൈറ്റിനെ ഒരു ഗതാഗതമാർഗമായി കണക്കാക്കാൻ പറ്റിയ അവസ്ഥയിരുന്നില്ല ഞങ്ങൾ. പപ്പയോടു ചോദിച്ചാൽ പൈസ കിട്ടും.. പക്ഷെ ഉദ്യോഗസ്ഥയായ ഒരു മകളെന്ന നിലയ്ക്ക് അതൊക്കെ വല്യ ചമ്മലലല്ലേ.( ഇപ്പോ ആ ചമ്മലൊക്കെ മാറി കേട്ടോ.. അല്ലെങ്കിലും കുറെ പ്രാവശ്യം ചോദിച്ച് ശീലമായികഴിഞ്ഞാൽ പിന്നെ എന്തോന്ന് ചമ്മല്).അവസാനം എന്റെയും കുരുട്ടിന്റെയും ബാങ്ക്ക്കൗണ്ടിന്റെ അസ്ഥിവാരം വരെ മാന്തി പൈസയെടുത്ത് കോഴിക്കോടേക്ക് ഒരു ടിക്കറ്റു സംഘടിപ്പിച്ചു. എന്റെ യാത്രയെ പറ്റി കേട്ടതും ഡോക്ടർ വന്ന് ഒരു മുൻകരുതലെന്ന നിലയ്ക്ക് പിന്നേം കാലിനെ കാസ്റ്റിലാക്കിതന്നു.അതു മാത്രമല്ല; ഫ്ലൈറ്റ്കമ്പനിയിലെ ഏതോ സുഹൃത്തിനെ വിളിച്ച് എന്നെ യാതൊരു ബുദ്ധിമുട്ടും കൂടാതെ നാട്ടിലെത്തിക്കാനുള്ള ഏർപാടുകളും ചെയ്തു.അങ്ങനെ ഞാൻ ആദ്യത്തെ പറക്കലിനൊരുങ്ങി..
എയർപോർട്ടിലെത്തീതും ഡോക്ടറുടെ സുഹൃത്ത് ഓടി വന്ന് എന്നെ ഒരു വീൽച്ചെയറിൽ പിടിച്ചിരുത്തി അതുന്തിത്തള്ളിനടക്കാൻ ഒരു ചേച്ചിയേയും ഏർപ്പാടാക്കി തന്നു. പിന്നെ എനിക്കൊന്നും ചെയ്യേണ്ടി വന്നില്ല. ചേച്ചി എന്റെ വീൽചെയറും തള്ളി ഓരോ കൗണ്ടറിലേക്കും കൊണ്ടു പോയി അവിടുത്തെ ഫോർമാലിറ്റീസ് ഒക്കെ കംപ്ലീറ്റ് ചെയ്തു തരും; ഞാനിങ്ങനെ പളപളാന്നുള്ള കുപ്പായവുമിട്ട് മിന്നിത്തിളങ്ങി(ഫ്ലൈറ്റിലൊക്കെ പോവുമ്പോൾ ചുമ്മാ കോട്ടൺ ഡ്രസുമിട്ട് പോവാൻ പറ്റുമോ..അതുകൊകൊണ്ട് എന്റെ കയ്യിലുള്ളതിൽ ഏറ്റവും വിലക്കൂടുതലുള്ള സിൽക്കു കുപ്പായമാണിട്ടത്) അന്തംവിട്ടിരുന്ന് അവിടുത്തെ കാഴചകളൊക്കെ കണ്ടുകൊണ്ടിരിക്കും അങ്ങനെയങ്ങനെ അവസാനം വിമാനത്തിലേക്കു കയറുന്ന സ്ഥലത്തെത്തി. എന്റെ വീൽചെയർ തള്ളി ഒരു റൂമിൽ കൊണ്ടു വച്ചു.. അവിടെ എന്നെ പോലെ തന്നെ അഞ്ചാറ് വീൽചെയർ-സഞ്ചാരികൾ വേറെയുമുണ്ട്.. വയസായ ഒരമ്മൂമ്മ.. ആകെമൊത്തം പ്ലാസ്റ്ററിട്ടു വച്ചിരിക്കുന്ന ഒരു ചേട്ടൻ , കാൽ പോളിയോ വന്ന ഒരു ചേച്ചി, കോളറിട്ട കഴുത്തുമായി വേറൊരു ചേട്ടൻ അങ്ങനെ കുറച്ചു പേർ.. എന്നെ കണ്ടതും എല്ലാവരുടെയും സഹതാപതരംഗം എന്റെ നേരെയായി.. ചുരിദാരിന്റെ ബോട്ടം കാരണം എന്റെ പ്ലാസ്റ്ററിട്ട കാല് കാണാൻ പറ്റില്ലല്ലോ.. അതുകൊണ്ടാണെന്നു തോന്നുന്നു; എല്ലാവരും എന്തൊക്കെയോ മനസിൽ നിരൂപിച്ചുണ്ടാക്കി 'എന്നാലും ഇത്ര ചെറുപ്പത്തിലേ ഈ ഗതി വന്നല്ലോ' എന്നൊരു മുഖഭാവത്തോടെ എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. ആ സഹതാപം സഹിക്കാൻ വയ്യാതെ അവസാനം ഞാൻ ആരും ചോദിക്കാതെ തന്നെ തന്നെ അടുത്തിരുന്ന ചേച്ചിയോട് എന്റെ കഥ പറഞ്ഞുകൊടുത്ത് കാര്യങ്ങളൊക്കെ ഒരുവിധത്തിൽ എല്ലാരെയും അറിയിച്ചു. പെട്ടെന്നു തറയ്ക്കൊരിളക്കം. അതിങ്ങനെ പൊങ്ങിപ്പോയി എവിടെയോ പോയി നിന്നു. കുറച്ചു ചേച്ചിമാർ വന്ന് ഞങ്ങളെയൊക്കെ ഒരു കോറിഡോറിലൂടെ തള്ളി കൊണ്ടുപോയി എവിടെയോ കൊണ്ടു പോയി പ്രതിഷ്ഠിച്ചു. ഒന്നു ചുറ്റും നോക്കിയപ്പോൾ അവിടൊക്കെ സീറ്റുകൾ.. അതെ .. ഞാൻ വിമാനത്തിന്റെ അകത്തെത്തിയിരുന്നു.. ഉള്ളതു പറയാലോ.. ആകാശത്തൂടെ പറക്കുന്നതു കാണുമ്പോൾ ഇതിത്ര വലിയ സംഭവമാണെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.
എയർഹോസ്റ്റസ് വന്ന് എന്നെ സീറ്റിലിരിക്കാൻ സഹായിച്ചു. എനിക്കങ്ങ് ആകെ നിരാശയായിപ്പോയി.. കാരണം എന്റേത് വിൻഡോ സീറ്റല്ല..ഞാനിനി ആകാശത്തിലെ കാഴ്കകളൊക്കെ എങ്ങനെ കാണും.. വിമാനത്തിന്റെ ജനലാണെങ്കിൽ തീരെ കുഞ്ഞിതുമാണ്.. അതു മുഴുവൻ മറച്ചോണ്ട് ഒരു അങ്കിളിന്റെ തല.. അങ്കിളിരുന്ന് ഒടുക്കത്തെ പത്രം വായനയാണ്. ഇങ്ങേർക്ക് വായിക്കാനാണെങ്കിൽ ഇപ്പുറത്തെ സീറ്റിലിരുന്നും വായിച്ചൂടേ.. അങ്ങനാണെങ്കിൽ എനിക്ക് വിൻഡോ സീറ്റിലിരുന്ന് ആവോളം കാഴ്ചയും കാണമായിരുന്നു.. എന്തായാലും അങ്ങേര് ബോംബേ വരെ അവിടിരുന്നു പത്രം വായിച്ചു.. പുറത്തെ കാഴ്ചകളൊന്നും കാണാൻ പറ്റാത്തതു കൊണ്ട് ഉള്ള ചാൻസിന് ഞാൻ തിരിഞ്ഞും മറിഞ്ഞും എത്തിവലിഞ്ഞു നോക്കിയുമൊക്കെ വിമാനത്തിനുള്ളിലെ കാഴ്ചകളൊക്കെ ഒരു വിധത്തിൽ കണ്ടു തീർത്തു. കണക്ടിംഗ് ഫ്ലൈറ്റായതു കൊണ്ട് എനിക്ക് ബോംബെയിൽ നിന്നു ഫ്ലൈറ്റ് മാറിക്കയറണം.. ഡെൽഹിയിൽ നിന്നുള്ള റെക്കമൻഡേഷൻ കൊണ്ടാണെന്നു തോന്നുന്നു; ഇവിടെയും ഒരു ചേച്ചി വന്ന് എന്റെ വീൽചെയർ തള്ളികൊണ്ടുപോയി എയർപ്പോർട്ടിന്റെ ബസിൽ കയറ്റി കുറച്ചു ദൂരയുള്ള ഇന്റർനാഷണൽ എയർപ്പോർട്ടിലെത്തിച്ചു. വീണ്ടും ഫോർമാലിറ്റീസൊക്കെ കംപ്ലീറ്റ് ചെയ്ത് എന്നെ കോഴിക്കോടേക്കുള്ള വിമാനത്തിന്റെ ഉള്ളിലെത്തിക്കുകയും ചെയ്തു.
ഖത്തറിൽ നിന്നോ മറ്റോ വരുന്ന വിമാനമായിരുന്നു അത്.. പഴയ വിമാനത്തേക്കാളും ഗംഭീരൻ സെറ്റപ്പ്.. വളരെ കുറച്ചാളുകളേയുള്ളൂ താനും. ഈ ഒരു ചാൻസും കൂടി മിസ്സക്കിയാൽ.. ഇനീം ഇതു പോലെ കാലൊടിഞ്ഞ് വിമാനത്തിന്റെ വിൻഡോസീറ്റിലിരിക്കാനുള്ള ചാൻസ് എപ്പോൾ കിട്ടാനാണ്.. ഇതിലാണെങ്കിൽ മിക്ക വിൻഡോസീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. ഞാൻ എയർഹോസ്റ്റസു ചേച്ചിയോട് മടിച്ചുമടിച്ച് എന്റെ ആഗ്രഹം പറഞ്ഞു. ചേച്ചി എന്നെ ഒരു വിൻഡോ സെറ്റിൽ കൊണ്ടിരുത്തുകയും ചെയ്തു.. ഞാനങ്ങു ഹാപ്പിയായി. എന്തായാലും കോഴിക്കോടു വരെ ആകാശം കണ്ടു കണ്ട് എനിക്കങ്ങ് മതിയായിപ്പോയി..
കോഴിക്കോടെത്തി.. എല്ലാവരും ഇറങ്ങിക്കഴിഞ്ഞിട്ടും എന്നെ മാത്രം ഇറങ്ങാൻ സമ്മതിക്കുന്നില്ല.. കുറച്ചു പേർ നിന്ന് എന്തൊക്കെയോ ചർച്ച ചെയ്യുകയാണ്. എനിക്കൊന്നും മനസിലായില്ല. ഞാൻ വല്ല തീവ്രവാദിയുമാണെന്ന് അവർക്കു സംശയം തോന്നിയോ പോലും. ആകെപ്പാടെ ടെൻഷനായി.. എന്നെപറ്റി എന്തെങ്കിലും സംശയമുണ്ടെങ്കിൽ അങ്ങു താഴെ എന്റെ പപ്പ നിൽപ്പുണ്ട്; പപ്പയോടു ചോദിച്ചാൽ ഞാൻ ഭയങ്കര നല്ലകുട്ടിയാണെന്നുള്ള സത്യം മനസിലാവുമെന്നും ഒക്കെ അറിയിക്കാൻ വേണി ഞാൻ എയർഹോസ്റ്റസിനെ വിളിച്ചു. ആ ചേച്ചി വന്ന് എന്നെ ആശ്വസിപ്പിച്ചു. എന്റെ വീൽചെയർ നിലത്തിറക്കാനുള്ള സംവിധാനം കോഴിക്കോടില്ലത്രേ... അതുകൊണ്ട് എന്നെ എങ്ങനെ നിലംതൊടീക്കാം എന്നതിനെപറ്റിയാണ് അവർ ചർച്ചചെയ്യുന്നത്. അതൊന്നും പ്രശമില്ല; ഞാൻ തുള്ളിതുള്ളി സ്റ്റെപ്പിറങ്ങിപ്പൊക്കോളാമെന്ന് ഞാൻ ചേച്ചിയെ അറിയിച്ചു. അവരെന്തു ചെയ്തിട്ടും സമ്മതിക്കുന്നില്ല. ഇനി ഇവിടെ ഇറക്കാൻ പറ്റാത്തതു കൊണ്ട് ഇവരെന്നെ തിരിച്ചു ഡെൽഹിക്കു തന്നെ പറപ്പിക്കുമോ എന്നായി അടുത്ത ടെൻഷൻ..
അപ്പോഴേക്കും ചർച്ചയൊക്കെ കഴിഞ്ഞ് രണ്ടു ചേട്ടന്മാർ എന്റെ അടുത്തേക്കു വന്നു. എന്നോടു ചെയറിൽ മുറുക്കെപിടിച്ചിരിക്കാൻ പറഞ്ഞ് അവരാ ചെയറെടുത്തു പൊക്കി.. എന്നിട്ടു പതിയെ സ്റ്റെപ്പിറങ്ങാൻ തുടങ്ങി. കേൾക്കുമ്പോൾ നല്ല രസം തോന്നുന്നില്ലേ. പക്ഷെ അനുഭവിക്കുമ്പോൾ തീരെ സുഖമില്ലാത്ത ഒരു കാര്യമാണിത്. ഭൂമിയിൽ നിന്നും അത്രയും ഉയരത്തിൽ ഒരു കസേരയിലിരുന്ന് താഴേക്കു പോരുക എന്നുള്ളത്. ആ എടുത്റ്റു പിടിച്ചിരിക്കുന്ന ചേട്ടൻമാരുടെ കാലെങ്ങാനും ഒന്നു സ്ലിപ്പായാൽ ഞാൻ മൂക്കും കുത്തി താഴെ കിടക്കും. ഈ ചേട്ടന്മാരുടെ കണ്ണിലൊരു പൊടി പോലും വീഴാതെ കാത്തോളണേ ദൈവമേ എന്നു ഞാൻ ആത്മാർത്ഥമായി കണ്ണുമടച്ചിരുന്ന് പ്രാർത്ഥിക്കാൻ തുടങ്ങി.അവരോടുള്ള സ്നേഹം കൊണ്ടൊന്നുമില്ല, എങ്ങാനും അങ്ങനെ വല്ലതും സംഭവിച്ചാലുള്ള എന്റെ അവസ്ഥ ഓർത്തിട്ടാണ്. എന്തായാലും അപകടമൊന്നുമില്ലാതെ ഞാനും എന്റെ വീൽചെയറും വിജയകരമായി നിലം തൊട്ടു. അതോടു കൂടി എന്നെ കന്നിപ്പറക്കലിന് തിരശീല വീഴുകയും ചെയ്തു.
ഇങ്ങനൊക്കെയാണെങ്കിലും ഈ കാലൊടിയൽ സംഭവവും അതിനോടനുബന്ധിച്ചു നടന്ന മറ്റു സംഭവങ്ങളിലും വച്ച് എന്നെ ഏറ്റവും കൂടുതൽ ത്രില്ലടിപ്പിച്ചതും സന്തോഷിപ്പിച്ചതും ഈ വിമാനയാത്രയല്ല; മറ്റൊരു സംഭവമാണ്. അതായത് വീട്ടിൽ വന്ന് ആയുർവേദഹോസ്പിറ്റലിലെ തിരുമ്മലും മറ്റു കലാപരിപാടികളുമൊക്കെ കഴിഞ്ഞ് എന്റെ കാലൊക്കെ നേരാംവണ്ണമായപ്പോൾ ഞാൻ തിരിച്ച് ഓഫീസിലെത്തിയല്ലോ... അപ്പോൾ എന്നെ എതിരേറ്റ അതിമനോഹരമായ കാഴ്ച.. കാലിൽ പ്ലാസ്റ്ററുമിട്ട് ഞാൻ വലിഞ്ഞുവലിഞ്ഞു നടന്നിരുന്ന കാലത്ത് എന്നെ ഏറ്റവുമധികം കളിയാക്കിയിരുന്ന സഹപ്രവർത്തകനതാ കാലിലും കയ്യിലും പ്ലാസറുമായി നിൽക്കുന്നു.. ബൈക്കിൽ നിന്നും വീണതാണത്രേ.. ഞാനവനെയും നോക്കി ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. ശരിയാണ്.. ആക്സിഡന്റും പറ്റി നിൽക്കുന്ന ഒരാളെ നോക്കി ചിരിക്കുന്നതൊക്കെ ക്രൂരമാണ്.. പക്ഷെ എന്തു ചെയ്യാം .. കഴിഞ്ഞതൊക്കെ അങ്ങു മറക്കാൻ ഞാനൊരു പുണ്യാത്മാവൊന്നുമല്ലല്ലോ..കേവലമൊരു മനുഷ്യജീവിയല്ലേ..