Thursday, May 31, 2007

ചെന്നൈ ഡയറി -1 (ചില പീഡനചിന്തകള്‍...)

വിനാശകാലേ വിപരീതബുദ്ധി.. അല്ലാതെന്തു പറയാന്‍. ഓഫിസീന്റെ Transport Desk-ലെ ചേട്ടന്‍ പ്രത്യേകം ചോദിച്ചതാണ്‌- "ഒറ്റക്കല്ലേ പോവുന്നത്‌..അതിരാവിലെ എത്തുന്നതു ബുദ്ധിമുട്ടാവില്ലേ. വേറെ options നോക്കണോ"എന്ന്‌. അപ്പോള്‍ അഹങ്കാരം..ഇവിടെ സ്ത്രീകള്‍ ഒറ്റക്കു ബഹിരാകാശത്തു പോകുന്നു.ഇതിപ്പോ അത്രക്കൊന്നുമില്ലല്ലോ. ചെന്നൈ വരെ അല്ലേ ഉള്ളൂ..അസമയത്ത്‌ എത്തിയാലെന്താ..നേരം വെളുക്കുന്നതു വരെ പ്ലാറ്റ്‌ഫോമില്‍ ഇരുന്നാല്‍ പോരേ.." ചേട്ടനെ മനസ്സില്‍ പുച്ഛിച്ചു കൊണ്ടാണു ടിക്കറ്റ്‌ വാങ്ങിയത്‌.
എന്തായലും ട്രെയിന്‍ രാവിലെ 4 മണിക്കു ചെന്നൈയില്‍ എത്തി. platform-ലേക്കു ഒരു നോട്ടം നോക്കിയതേ ഉള്ളൂ.എന്റെ പുച്ഛവും അഹങ്കാരവുമെല്ലം ആവിയായിപോയി.മഹാഭാരതയുദ്ധം കഴിഞ്ഞ കുരുക്ഷേത്രം പോലെ കിടക്കുന്ന platform. തലങ്ങും വിലങ്ങും ആളുകള്‍ കിടന്നുറങ്ങുന്നു. അതു മാത്രമോ..ഓരൊരുത്തരുടെ അടുത്തും അവരെക്കാള്‍ വലിപ്പത്തില്‍ ഭാണ്ഡക്കെട്ടുകളും. ഏവം വിധം കാലു കുത്താന്‍ ഇടമില്ല. അവിടെയാണ്‌ ഞാന്‍ 2-3 മണിക്കൂര്‍ ഇരിക്കേണ്ടത്‌. അതൊന്നും പോരാതെ അവിടാകെ സുഗന്ധമാണോ ദുര്‍ഗന്ധമാണൊ എന്നു തിരിച്ചറിയാന്‍ പറ്റാത്ത ഒരു തരം ശ്വാസം മുട്ടിക്കുന്ന ഒരു വാസനയും.. ബാഗും തൂക്കി പുറത്തേക്കിറങ്ങി. അല്ലെങ്കില്‍ അടുത്ത ദിവസം പത്രത്തില്‍ ന്യൂസ്‌ വന്നേനേ-"ചെന്നൈ മയിലില്‍ വന്നിറങ്ങിയ യുവതി കുഴഞ്ഞു വീണു മരിച്ചു.ശ്വാസം കിട്ടത്തതാണു മരണകാരണമെന്നു സംശയിക്കുന്നു". പിന്നെയുള്ള വഴി നേരെ ഹോട്ടലിലേക്കു പോവുക എന്നതാണ്‌. പക്ഷെ അറിയാത്ത നാട്ടിലൂടെ അസമത്ത്‌ പോകുന്നതും risk ആണ്‌. വല്ലവരും തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചാലോ. അങ്ങനെ ആണെങ്കില്‍ തന്നെയെന്താ.പറയാനാണെങ്കില്‍ 3 ATM card ഉണ്ട്‌. പക്ഷെ J C B വച്ചു മാന്തിയാലും അതില്‍ നിന്നു decent ആയ ഒരു തുക അവര്‍ക്കു കിട്ടാന്‍ പോവുന്നില്ല. പിന്നെന്തു പ്രശ്നം.. അങ്ങനെ ഒരു pre-paid ഓട്ടോയില്‍ ഞാന്‍ യാത്ര തുടങ്ങി.

ഓട്ടോ railway പരിസരം വിട്ടു വിജനമായ റോഡിലെത്തി.എന്താണെന്നറിയില്ല, അകാരണമായ ഒരു ഭയം.ഒരു പിടിയും കിട്ടുന്നില്ല. വിതുര, സൂര്യനെല്ലി,ബാംഗ്ലൂര്‍ BPO,അച്ചനുറങ്ങാത്ത വീട്‌ തുടങ്ങിയ പരസ്പരബന്ധമില്ലാത്ത പല വാക്കുകളും മനസ്സിലേക്കു വരുന്നു.ഒന്നാഞ്ഞു ചിന്തിച്ചു. എന്റെ പറശ്ശിനി മുത്തപ്പാ.. എല്ലാം വിരല്‍ ചൂണ്ടുന്നത്‌ ഒന്നിലേക്കാണ്‌- പീഡനം.. ഞാന്‍ ചുറ്റും നോക്കി. അതിനു പറ്റിയ എല്ല setup-ഉം ഉണ്ട്‌. ഒന്നുറക്കെ അലറിയാല്‍ പോലും കേള്‍ക്കാനാരുമില്ല. ബാംഗ്ലൂര്‍ ആയിരുന്നെങ്കില്‍ നാലു തെരുവുപട്ടികളെങ്കിലും കുരച്ചേനേ ഒരു സപ്പോര്‍ട്ടിന്‌. ചെറിയ ഭയം വലിയ ഭയമായി.ഉള്ളിലൊരാളല്‍ പോലെ. ഒറ്റ വഴിയേ ഉള്ളൂ. ധൈര്യം അഭിനയിക്കുക.. എനിക്കു ഇവിടെ നല്ല പരിചയമാണെന്ന്‌ ഒരു impression വരുത്തുക. നല്ല തമിഴ്‌ look ഉള്ളതു കൊണ്ട്‌ തമിഴത്തി ആണെന്നു വിചാരിച്ചോളും. ഒരു തമിഴ്‌-തമിഴ്‌ സ്നേഹത്തിന്റെ പുറത്ത്‌ ഉപദ്രവിക്കാതെ വിടുമായിരിക്കും.എന്തായാലും ഞാന്‍ ബാഗൊക്കെ സൈഡിലേക്കു മാറ്റി (ബാഗും കെട്ടിപിടിച്ചിരുന്നാല്‍ പേടിച്ചിട്ടാണെന്ന്‌ വിചാരിക്കും) കാലിന്മേല്‍ കാലൊക്കെ വച്ച്‌ പുറത്തേക്കും നോക്കി 'ഓ ഇതൊക്കെ ഞാന്‍ എന്നും പോകുന്ന വഴിയാ', എന്നൊരു ഭാവത്തോടു കൂടി ഇരുന്നു. ഇടക്കിടക്ക്‌ ഓട്ടോചേട്ടനെ പാളി നോക്കും-.സിനിമയില്‍ ടി ജി രവി, ക്യാപ്റ്റന്‍ രാജു, ജനാര്‍ദ്ദനന്‍ തുടങ്ങിയ വില്ലന്മാരൊക്കെ പെണ്ണുങ്ങളെ നോക്കി 'നിന്നെ ഞാന്‍ വിടില്ലെടീ' എന്നൊക്കെ പറയുന്ന രംഗങ്ങള്‍ മനസ്സില്‍ ഓര്‍ത്തു നോക്കി.അപ്പോഴുള്ള അവരുടെ മുഖഭാവവും ഓട്ടോചേട്ടന്റെ ഭാവവും തമ്മില്‍ ഒന്നു compare ചെയ്യലാണ്‌ ഈ പാളിനോട്ടത്തിന്റെ ഉദ്ദേശ്യം. എന്തായാലും ഞാന്‍ അറ്റുത്ത ചിന്തയിലേക്കു കടന്നു. ഒരാക്രമണമുണ്ടായാല്‍ എങ്ങനെ തടയും.. മാന്തിയാലോ.. അതു നടക്കില്ല നഖമൊക്കെ കിട്ടിയ free time-ല്‍ കടിച്ചു പറിച്ചു വൃത്തിയാക്കി വച്ചിരിക്കുകയാണ്‌. ഇതിനൊക്കെ ഇങ്ങനെ ഉപകാരമുണ്ടാവുമെന്ന്‌ ആരു കണ്ടു. കയ്യിലുള്ള വല്ല ആയുധവും കൊണ്ട്‌ ഇയാളെ കുത്തിയാലോ...അതിന്‌ ആയുധമെവിടെ ..ആകെയുള്ളത്‌ കുറച്ചു ഡ്രെസ്സും ഒരു tooth brash-മാണ്‌. ദുപ്പട്ട(ഷാള്‍)കൊണ്ട്‌ ഇയാളുടെ കഴുത്തില്‍ മുറുക്കി കൊന്നാലോ? പുറകിലിരുന്നു ചെയ്യാന്‍ എളുപ്പമുണ്ട്‌..അതു തന്നെ...മനസ്സിലുറപ്പിച്ചു.ഞാന്‍ സുബോധത്തിലേക്കു തിരിച്ചു വന്നു. ദൈവമെ എന്തൊക്കെയാണ്‌ ചിന്തിച്ചു കൂട്ടുന്നത്‌??.അതിനിവിടെ ഒന്നും സംഭവിച്ചില്ലല്ലോ. ഒരു ധൈര്യത്തിന്‌ മാഹീലമ്മയെ കൂടി കൂട്ടു വിളിച്ചു.
പെട്ടെന്ന്‌ ഓട്ടോ നിന്നു.എന്റെ ഹൃദമിടിപ്പും നിന്നു.അവിടെ നിര്‍ത്തേണ്ട ഒരു കാര്യവുമില്ല.ഇതു സംഭവം മറ്റതു തന്നെ.ഞാന്‍ എടുത്ത തീരുമാനങ്ങളൊക്കെ ഒന്നു rewind ചെയ്തു നോക്കി.ഒന്നും വരുന്നില്ല.ഓരു സ്തംഭനാവസ്ത..അയാളതാ തിരിഞ്ഞു നോക്കുന്നു -"മാഡം.. ഈ വഴിയാണോ അതോ busstop കഴിഞ്ഞിട്ടുള്ള വഴിയാണോ?" (ഇതിന്റെ തമിഴാണു ചോദിച്ചത്‌.നിങ്ങള്‍ക്ക്‌ മനസ്സിലാകാന്‍ വേണ്ടി തര്‍ജ്ജിമ ചെയ്തതാണ്‌).ദൈവമെ കുടുങ്ങി..വഴി അറിയില്ല എന്ന്‌ എങ്ങനെ പറയും.വായ തുറന്നാല്‍ തമിഴ്‌ അറിയില്ല എന്നു മനസ്സിലകും. അതോടു കൂടി തമിഴ്‌-തമിഴ്‌ സ്നേഹമൊക്കെ അതിന്റെ വഴിക്കു പോകും. ഒറ്റ വഴിയേ ഉള്ളൂ.ഞാന്‍ തലയൊന്ന്‌ ചരിച്ച്‌ കണ്ണൊന്ന്‌ തുറിച്ച്‌ 'ഇതൊന്നുമറിയാതെയാണോ ഈ പണിക്കിറങ്ങിയത്‌" എന്ന മട്ടില്‍ ഒരു നോട്ടം നോക്കി.അതേറ്റു. പിന്നൊന്നും ചോദിച്ചില്ല.അയാള്‍ ഇറങ്ങി പോയി.റോഡിനപ്പുറത്ത്‌ ഒരോട്ടോയില്‍ കിടന്നുറങ്ങുന്ന ഒരു അണ്ണനെ വിളിച്ചുണര്‍ത്തി എന്തൊക്കെയോ ചോദിക്കുന്നു.എന്റെ ബുദ്ധി വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി.ഇനി ഇവര്‍ രണ്ടു പേരും ഒരു ടീമാണോ? എന്നെ തട്ടി കൊണ്ടു പോകാനണോ പ്ലാന്‍?? മറ്റുള്ള നഗരങ്ങളിലെ പീഡനശൈലികള്‍ ഒന്ന്‌ അവലോകനം ചെയ്തു നോക്കി. Delhi-ലാണെങ്കില്‍ ബസ്സ്‌ കാത്തു നില്‍ക്കുന്നവരെയും ജോലി കഴിഞ്ഞു വീട്ടില്‍ പോകാതെ കറങ്ങി നടക്കുന്നവരെയുമൊക്കെ ചുമ്മാ പിടിച്ചു വണ്ടിയില്‍ വലിച്ചു കേറ്റി കാര്യമൊക്കെ കഴിഞ്ഞ ശേഷം അറിയാത്ത ഏതെങ്കിലും മൂലക്കു കൊണ്ടു തള്ളും. തിരിച്ചു വീട്ടിലേക്ക്‌ ഒരു lift പോലും കൊടുക്കില്ല.ദുഷ്ടന്മാര്‍.പത്രത്തില്‍ ഒരു വാര്‍ത്ത പോലും വരില്ല. Bangalor-ല്‍ പിന്നെ എന്റെ അറിവില്‍ ഒരു കേസേ ഉള്ളൂ.അതാണെങ്കില്‍ ആ കൊച്ചിനെ അവര്‍ കൊന്നും കളഞ്ഞു.ഇപ്പഴും പോലീസ്‌ 'ഇപ്പം ശരിയാക്കാം' എന്നും പറഞ്ഞു തപ്പിക്കൊണ്ടിരിക്കുകയാണ്‌.സമ്പൂര്‍ണ്ണ സാക്ഷരരായതു കൊണ്ടാണോ എന്നറിയില്ല കേരളത്തില്‍ കാര്യങ്ങള്‍ കുറച്ചു കൂടി മെച്ചമാണ്‌.അവിടെ മാസത്തില്‍ ഒന്നു വച്ച്‌ എന്ന തോതിലാണ്‌..പോലിസീനാണെങ്കില്‍ പിടിപ്പതു പണിയും.വളരെ pre-planned ആയിട്ടണ്‌ operations എല്ലാം.ആരെ തട്ടികൊണ്ടു പോണം, എവിടെ കൊണ്ടുപോണം, എപ്പോള്‍ വിടണം എന്ന കാര്യമൊക്കെ ആദ്യമേ തന്നെ plan ചെയ്തിട്ടുണ്ടാകും.ജാതി-മത-വര്‍ണ-വര്‍ഗ്ഗ-പ്രായ വ്യത്യാസമില്ലാതെ അതില്‍ പങ്കെടുത്ത്‌ മതേതരത്വം,സമത്വം തുടങ്ങിയ ഗുണങ്ങള്‍ ഉയര്‍ത്തി കാണിക്കാന്‍ ശ്രമിക്കുന്ന കുറെ നല്ല മനുഷ്യര്‍.അതു കഴിഞ്ഞാലോ..കിട്ടുന്ന പ്രശസ്തിയെത്ര,.. T V ,Paper എല്ലയിടത്തും നിറഞ്ഞു നില്‍ക്കില്ലേ. cricket match-ന്റെ വിവരണം പോലെ, അയാള്‍ കുടുങ്ങി,ഇയാള്‍ പോയി തുടങ്ങിയ മിനിട്ടു വച്ചുള്ള news flaash-കളും.അതൊക്കെ അവിടെ. ചെന്നൈയിലെ രീതി ഒരു പിടിയുമില്ല.ഇവിടുന്നു ഇതു വരെ ഇങ്ങനെ ഒരു വാര്‍ത്തയും കേട്ടിട്ടില്ല. എന്നാലും ആശ്വസിക്കാന്‍ പറ്റുമോ..ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി.ഇറങ്ങി ഓടിയാലോ?? പക്ഷെ എങ്ങോട്ട്‌??അതാ ഡ്രൈവര്‍ ഒരു പുഞ്ചിരിയോടു(അതോ കൊലച്ചിരിയോ) കൂടി തിരിച്ചു വരുന്നു.
എനിക്കാണെങ്കില്‍ കയ്യും കാലും ഒന്നും അനങ്ങുന്നില്ല.അയാള്‍ എന്തോ നിശ്ചയിച്ചുറപ്പിച്ചതു പോലെ ഓട്ടോ ഓടിച്ചു തുടങ്ങി. എന്റെ മനസ്സിലൂടെ കേരളത്തിലെ എല്ലാ പത്രങ്ങളുടെ front page-കളും(എന്റെ ഫോട്ടോ അച്ചടിച്ചത്‌) ഒന്നിനു പുറകേ ഒന്നായി കടന്നു പോവുകായാണ്‌. എന്തൊക്കെയോ ചെയ്യണമെന്നുണ്ട്‌..പക്ഷെ ഒന്നും പറ്റുന്നില്ല.പെട്ടെന്നതാ വീണ്ടും ഓട്ടോ നിര്‍ത്തി.ഇത്തവണ അയാള്‍ ഇറങ്ങി വന്ന്‌ എന്റെ ബാഗു വലിച്ചെടുത്തു.ഞാന്‍ അറിയുന്ന ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍-സിക്കു ദൈവങ്ങളെയും ഒറ്റയടിക്കു വിളിച്ചു പോയി

"മാഡം ..ഹോട്ടല്‍"

ഞാന്‍ ഞെട്ടിപോയി. ഹോട്ടലിന്റെ മുന്‍പിലാണ്‌ നില്‍ക്കുന്നത്‌.ആ സമയത്തെ എന്റെയൊരു സന്തോഷം.. എന്തിനേറേ പറയുന്നു ..ക്കിലുക്കം സിനിമയില്‍ ഇന്നസെന്റിനു ലോട്ടറി അടിച്ചെന്നു കേട്ടപ്പോഴുണ്ടായ ഒരു ഭാവമില്ലേ.. അതു തന്നെ.

ആ നല്ല മനുഷ്യനെ ആണ്‌ ഞാന്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊല്ലാന്‍ പ്ലാനിട്ടത്‌. ദൈവം പൊറുക്കട്ടെ.

(സത്യം പറയാമല്ലൊ, 3 മണിക്കൂര്‍ ആ ശ്വസം മുട്ടിക്കുന്ന railvay station-ല്‍ ഇരിക്കുന്നതാണോ,അതൊ 30 മിനിറ്റ്‌ ജീവനും കയ്യില്‍ പിടിച്ചു കൊണ്ട്‌ ഓട്ടോയില്‍ സഞ്ചരിക്കുന്നതാണോ നല്ലതു എന്നു ചോദിച്ചാല്‍ ..എനിക്കിനി രണ്ടാമതൊന്നാലോചിക്കാനില്ല..)