റോമിൽ നിന്നും രണ്ടു-മൂന്നു മണിക്കൂർ ട്രെയിൻ യാത്ര ചെയ്താൽ നേപിൾസിലെത്തും. അവിടെ നിന്നും പോംപിയിലേക്ക് ഇടവിട്ടിട്ടിടവിട്ട് ലോക്കൽ ട്രെയിൻ സർവീസുണ്ട്.പൊതുവെ ഒരു ടൂറിസ്റ്റിനു ഇഷ്ടപ്പെടാനുള്ള ഒന്നും പോംപിയിലില്ല എന്നു ഞാൻ വെറുതെ തെറ്റിധരിച്ചതാണെന്ന് ലോക്കൽ ട്രെയിനിലെ തിരക്കു കണ്ടപ്പോൾ മനസിലായി.പക്ഷെ ഏറ്റവും കോമഡിയായി തോന്നിയത് യാത്രയിലുടനീളം കണ്ടുമുട്ടിയ കപിൾസിനെയാണ്. പോംപി പോലെ മുച്ചൂടും തകർന്നു തരിപ്പണമയി കിടക്കുന്ന ഒരു ദുരന്തസ്ഥലത്ത് റൊമാൻസാഘോഷിക്കാൻ വന്നിരിക്കുന്നവർ!! എന്താണതിനു പിന്നിലെ ചേതോവികാരം എന്ന് ഇപ്പോഴും എനിക്കു മനസിലായിട്ടില്ല!!!
പോപി സ്കാവി സ്റ്റേഷനിൽ ട്രെയിനിറങ്ങിയാലുടനെ തന്നെ കാണാം പോമ്പി റൂയിൻസിന്റെ പ്രവേശനകവാടം.അങ്ങോട്ടു കയറിയപ്പോൾ ഞാൻ ആദ്യം തന്നെ തിരഞ്ഞത് വെസൂവിയസിനെയായിരുന്നു.. അതെ മൌണ്ട് വെസൂവിയസ് എന്ന അഗ്നിപർവതം.. പോംപിയുടെ കാലൻ.. ചുറ്റും ഒരേ പോലെ കാണുന്ന മലകളിൽ ഏതാണ് ആ ഭീകരൻ എന്നു തിരിച്ചറിയാൻ ഒരു പാഴ്ശ്രമം. AD79-ൽ ഇതു പോലെ ഒരു സാധാരണദിവസമായിരുന്നു അതും.. വരാൻ പോകുന്ന ആപത്തിനെ പറ്റി യാതൊരു ഊഹവുമില്ലാതെപോംപിയിലെ ജനങ്ങൾ അവരോർടെ പണീം ചെയ്തുകൊണ്ടു നടക്കുന്നു. പെട്ടെന്നാണ് ആകാശത്ത് ഇരുട്ടുപരത്തിക്കൊണ്ട് എട്ടു കിലോമീറ്റർ അകലെയുള്ള വെസൂവിയസ് പൊട്ടിത്തെറിച്ചത്.. ആദ്യം നഗരത്തെ ചാരത്തിൽ മൂടി. അധികം താമസിയാതെ ആ നഗരത്തെ അതിലെ എല്ലാ സർവചരാചരങ്ങളോടും കൂടെ ലാവ മൂടി..രണ്ടു ദിവസം നീണ്ടു നിന്ന ലാവാപ്രവാഹം ഒന്നും രണ്ടും വർഷമല്ല.. നൂറ്റാണ്ടുകളോളം പോംപിയും സമീപനഗരമായ ഹെർകുലേനിയവും മനുഷ്യദൃഷ്ടിയിൽ നിന്നും മറഞ്ഞുകിടന്നു..1600 വർഷങ്ങൾക്കു ശേഷം 1599-ൽ സാർനോ നദിയെ അണ്ടർഗ്രൌണ്ടിലൂടെ വഴി തിരിച്ചു വിടാൻ വേണ്ടി ടണൽ കുഴിക്കുമ്പോഴാണ് അവിചാരിതമായി താഴെ മൂടിക്കിടന്ന പോംപിയിലെ ഒരു മതിൽ കണ്ടെത്തിയത്.. പിന്നീീടു നടന്ന എക്സ്കവേഷനിലൂടെ ആ നഗരത്തെ പുറത്തെടുക്കാൻ തുടങ്ങി..ഇപ്പോൾ ഏതാണ്ട് 160,000 ഏക്കറോളം പോംപിയെ പുറത്തെടുത്തു കഴിഞ്ഞത്രേ! ദാ താഴെ പോംപിയിലെ ഒരു തെരുവും സൈഡിൽ വീടുകളുടെ അവശിഷ്ടവും പിന്നെ അതിനെ നോക്കിപ്പേടിപ്പിച്ചു കൊണ്ടു നിൽക്കുന്ന വെസൂവിയസും..
ദുഷ്ടൻ വെസൂവിയസിന്റെ ക്ളോസപ്..
ലാവ ഉറഞ്ഞ് കോൺക്രീറ്റ് പോലെ മോൾഡായതു കൊണ്ട് അതിനു താഴെ പോംപി കാര്യമായ കേടുപാടുകളൊന്നുമില്ലാതെ വർഷങ്ങളോളം സംരക്ഷിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകൾക്കു മുൻപുള്ള റോമൻ ജീവിതത്തിന്റെ നേർക്കാഴ്ച പോലെ.. ടൈംമെഷീനില്ലാതെ തന്നെ ഭൂതക്കാലത്തിലെക്കൊരു തിരിച്ചു പോക്കാണ് ഇന്നത്തെ പോംപി. എക്സ്കവേഷനിൽ പുറത്തു വന്നത് ഇന്നത്തെ വാസ്തുവിദ്യയോടു കിടപിടിക്കുന്ന കെടിടങ്ങൾ, ടെംപിളുകൾ, മനോഹരമായ ചുമർചിത്രങ്ങൾ,പാത്രങ്ങൾ എല്ലാത്തിനുമുപരി ലാവയിൽ പൊതിഞ്ഞു ഭദ്രമായി കിടക്കുന്ന മനുഷ്യ/മൃഗശരീരങ്ങളും!! നല്ല മനക്കട്ടിയുള്ളവർ മാത്രം താഴത്തെ പടങ്ങൾ കണ്ടാൽ മതി കേട്ടോ..
ദാ പോംപിയിലെ കെട്ടിടാവശിഷ്ടങ്ങൾ.. ഇക്കൂട്ടത്തിൽ എല്ലാമുണ്ട്.. തെരുവുകൾ,വീടുകൾ, അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ്സ്, പൊതു കുളിമുറികൾ, മൂത്രപുരകൾ (പുരാതനറോമിൽ ഈ മൂത്രപുരകളിലെ മൂത്രമൊക്കെ വല്യ ഭരണിയിൽ സംഭരിച്ച് അതു കുപ്പായത്തിനു ബ്ളീച്ചായി ഉപയോഗിച്ചിരുന്നത്രേ),ആരാധനാലങ്ങൾ, വിനോദ സ്ഥലങ്ങൾ, ആംഫിതീയേറ്ററുകൾ അങ്ങനെയങ്ങനെ ഒരു നഗരത്തിനു വേണ്ട എല്ലാം..
ദാ അപ്പോളോ ദേവന്റെ പ്രതിമ!! ഒരു പരിക്കും പറ്റാതെ നിൽക്കുന്നതു നോക്കിക്കേ.. ഇതിനു എതിർഭാഗത്ത് ഡാനാദേവിയുടെയും പ്രതിമയുണ്ട്.. അതു പക്ഷെ കുറെ തകർന്നു പോയി..
ഇതു കണ്ടിട്ട് നമ്മുടെ തെയ്യത്തിന്റെയും കഥകളിയുടെയും ഒക്കെ ഒരു ലുക്കില്ലേ.. ഒരു വീടിനുള്ളിൽ കണ്ടതാണ്.. ചിലപ്പോൾ വല്ല പൂജാമുറിയുമായിരിക്കും.. അതു പറഞ്ഞപ്പോഴാണ്.. ഇവിടെ നിന്നും നമ്മുടെ ലക്ഷ്മീദേവിയുടെ ഒരു പ്രതിമയും കിട്ടിയിട്ടുണ്ടത്രേ.. കച്ചവടത്തിനിടയിൽ കൈമാറി എത്തിയതായിരിക്കും.. ആ പ്രതിമ ഇപ്പോൾ നേപിൾസിലെ മ്യൂസിയത്തിലാണ്..
ദാ ഈ സ്വിമ്മിംഗ് പൂൾ പോലെയുള്ള സംഭവം കണ്ടോ.. റോമാക്കാർക്ക് കുളിമുറികളോടുള്ള പ്രത്യേക താലപര്യം (റോമൻ ബാത്ത്)ഓർത്ത് ഞാൻ വിചാരിച്ചു ഇതു അവരുടെ ബാത്ടബ്ബാണെന്ന്.. പക്ഷെ അതിനു മാത്രം വലിപ്പമില്ല.. കൂടാതെ ഇതു പ്രതിഷ്ഠിച്ചിരിക്കുന്നത് മെയിൻ റൂമിലും. പിന്നെ ഗൈഡ് വായിച്ചപ്പോഴണ് മനസിലായത് അതു ഫൌണ്ടെയ്ൻ ആണത്രേ.. മിക്ക വീടുകളിൽ ഇതുണ്ടായിരുന്നത്രേ.. റോമ്മക്കരുടെ ഫൌണ്ടെയ്ൻ പ്രേമം മറന്നു പൊയ എന്നെ പറഞ്ഞാൽ മതിയല്ലോ..
പോംപിയിൽ നിന്നും ട്രെയിനിൽ ഹെർകുലേനിയം സ്റ്റേഷനിലിറങ്ങിയാൽ അവിടെ നിന്നും ഷട്ടിൽ ബസുകളുണ്ട് വെസൂവിയസിന്റെ മുകളിലേക്ക്. (ഈ ഹെർകുലേനിയവും അന്നതെ അഗ്നിപരവതസ്ഫോടനത്തിൽ തകർന്നതാണ് മൺമറഞ്ഞു പോയി പിന്നെ കുഴിച്ചെടുത്തതാണ് ). ചുരം കയറുന്നതു പോലെ ചുറ്റിചുറ്റി വെസൂവിയസിന്റെ മുകളിലേക്ക്.. ക്രേറ്റർ വരെ വണ്ടി പോവില്ല.. പാർക്കിംഗ് ഏരിയയിൽ ഇറങ്ങി പിന്നെ ഒരു 800 മീറ്ററോളം മണ്ടക്കം മണ്ടക്കം നടന്ന് മല കേറണം.. സാദാ മലയല്ല.. സാക്ഷാൽ അഗ്നിപരവതം. അതും ഇപ്പോഴും പൊട്ടൂലാന്നു ഗ്യാരണ്ടിയൊന്നുമില്ലാത്ത സംഭവം.. 1950-ൽ ആണത്രേ ഇതു ലാസ്റ്റ് പൊട്ടിയത്.. ഇപ്പോൾ തല്ക്കാലം ഉറക്കത്തിലാണ്.. ഇടയ്ക്കിടയ്ക്ക് പുകയൊക്കെ വരുംന്നേയുള്ളൂ.. ഈ ഉറക്കം വെറുതെ നാട്യമാണെന്നും ഉള്ളിൽ പ്രഷർ കൂടികൂടി ഒരു ഭീകരപൊട്ടിത്തെറി എപ്പോൾ വേണമെങ്കിലും ഉണ്ടാവാമെന്നും മുന്നറിയിപ്പുണ്ട്.. അതു കാരണം ഇവിടുത്തെ ഭൂചലനങ്ങളും ആക്ടിവിറ്റീസുമൊക്കെ എപ്പോഴും നിരീക്ഷണത്തിലാണ്.. എന്തയാലും തല്ക്കാലം വാണിംഗൊന്നും ഇല്ലെങ്കിലും കുട്ടികഥകളിലൊക്കെ വായിച്ചപോലെ ഉറങ്ങിക്കൊണ്ടിരിക്കുന്ന രാക്ഷസന്റെ ദേഹത്തൂടെ നടക്കുന്ന കുട്ടിയുടെ മാനസികാവസ്ഥയോടെയാണ് ഞാനാ മല കയറിയത്.. പക്ഷെ പറയാതിരിക്കാൻ വയ്യ.. അതിമനോഹരമായ വ്യൂ.. അങ്ങു ദൂരെ നേപിൾസിന്റെ കടലോരപ്രദേശവും കടലും കാണാം.. നടക്കുന്ന വഴിയാണെങ്കിലോ ഒരു മാതിരി മണലിലൂടെ നടക്കുനതു പോലെ.. ലാവ പൊടിഞ്ഞ ചരലും മണ്ണുമാണ്.. തെന്നീം തെറിച്ചും ഒരു വിധം മുകലിലെത്തിപ്പെട്ടൂന്നു പറഞ്ഞാൽ മതിയല്ലോ..
‘നരകത്തിന്റെ വായ’ (mouth of hell) എന്ന അഗ്നിപർവതമുഖം (crater). ഒറ്റ നോട്ടത്തിൽ അഗ്നിപർവത്തതിന്റെ മോൾഭാഗം ആരോ ബോംബിട്ടു തകർത്തതു പോലെ തോന്നും.. നിറയെ ചരലും കല്ലും മണ്ണും നിറഞ്ഞ ഒരു ഭീമാകാരൻ കുഴി!! അതൊന്നു ചുറ്റിവരണമെങ്കിൽ തന്നെ വേണം അരമുക്കാൽ മണിക്കൂർ. ദാ ഏതാണ് ഇതു പോലിരിക്കും.. (ഇതു ഫോടോയുടെ ഫോടോ എടുത്തതാണ് )
ഈ വായിൽ നിന്നാണ് പോംപിയുടെയും ഹെർകുലിനിയത്തിന്റെയും നാശം സംഭവിച്ഛതെന്നോർത്തപ്പോൾ ഹൃദയത്തിൽ ഒരു മിന്നല്. ദാ ലാവ പോയ വഴി കൊണ്ടാ.. ചുമ്മാ മനുഷ്യരെ കൊല്ലാൻ വേണ്ടിയുള്ള പോക്ക്!!
വെസൂവിയസിന്റെ ഓർമയ്ക്കായി അതിന്റെ മുകളിൽ നിന്നും ഒന്നുരണ്ടു ലാവക്കല്ലുകളും എടുത്ത് മടങ്ങുമ്പോൾ ആകെ ടെൻഷൻ. മുകളിലേക്കു കയറി പോയ പോലല്ല.. അഗ്നിപർവതത്തിന്റെ ഭീകരതയും, താഴെ തകർന്നു തരിപ്പണമായ പോംപിയും ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ പിന്നെ വഴിയരികിലുള്ള വീടുകലിലെക്കു നോക്കാൻ തന്നെ പേടി.. എന്തു വിശ്വസിച്ചാണ് ഇത്രയും വലിയ ഒരപകടത്തിന്റെ ചുവട്ടിൽ ഇവർ ജീവിക്കുന്നത്. നിഗമനങ്ങളനുസരിച്ചു നോക്കുകയണെങ്കിൽ മുന്നറിയിപ്പില്ലാതെ പണ്ടത്തെ പോലെ ഒരു സ്ഫൊടനമുണ്ടായാൽ ഇപ്പോൾ ഏതാണ്ട് 500,000-ത്തോളം ആളുകളാണ് അപകടത്തിൽ പെടാൻ പോകുന്നത്.. മറ്റു നാശനഷ്ടങ്ങൾ വേറെയും. അത്രയ്ക്ക് ജനസാന്ദ്രതയാണ് ഈ പ്രദേശങ്ങളിൽ.. ഈ ഒരു അപകടസാധ്യതയെ പറ്റി ടാക്സിക്കാരനോടു ചോദിച്ചപ്പോൾ അങ്ങേർ ചിരിച്ചു കൊണ്ടു പറഞ്ഞു.. ‘വെസൂവിയസ് അവരെ ചതിക്കില്ലത്രേ..’. പോംപിയോടു ഇതേ വെസൂവിയസ് കാണിച്ച വിശ്വാസവഞ്ചന തൊട്ടപ്പുറത്തു കണ്ടതു കൊണ്ട് ഞാനത്ര ശുഭാപ്തിവിശ്വാസിയല്ല. എന്നാലും അന്നാട്ടുകാരുടെ പ്രതീക്ഷ പോലെ വെസൂവിയസ് പൊട്ടാതിരിക്കട്ടെ. ഇനി അഥവാ പൊട്ടിയേ തീരൂന്നാണെങ്കിൽ തന്നെ എല്ലാവർക്കും രക്ഷപെടൻ ഇഷ്ടം പോലെ സമയം കൊടുത്ത് സാവധനത്തിൽ പൊട്ടട്ടെ.. ചരിത്രത്തിൽ ഇനിയും ഒരു പോംപിയും കൂടി സംഭവിക്കാതിരിക്കാട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കാനല്ലേ നമ്മളെ കൊണ്ടു പറ്റൂ....
പോംപിയെ പറ്റി ഒരു നല്ല BBC ഡോക്യുമെന്ററി ഇവിടുണ്ട്.. താല്പര്യമുള്ളവർക്കു കാണാം
http://www.youtube.com/watch?v=ACwwPfCGykA&feature=fvw
(ഇതോടു കൂടി ഞാൻ ഇറ്റാലിയൻ പര്യടനം അവസാനിപ്പിച്ച് നിന്നും പെട്ടിയും ഭാണ്ഡവുമെടുത്ത് തിരികെ യു.കെ.യിൽ എത്തിയതായി അറിയിച്ചു കൊള്ളുന്നു...)