Tuesday, October 7, 2008

ലവളും ലവനും പിന്നെ ഞാനും...


ഓർമ്മകൾ ആരംഭിക്കുന്നത്‌ കുട്ടിക്കൂറാ പൗഡർടിന്നിൽ നിന്നുമാണ്‌...

(താടി ചൊറിഞ്ഞ്‌ വിദൂരതയിലേക്ക്‌ കണ്ണും നട്ട്‌.. ഫുൾസ്റ്റോപ്പിനു മുൻപ്‌ ഒരു ദീർഘനിശ്വാസം..)

'യെവളാര്‌ .. പൊഡർടിന്നിൽ നിന്നു പുറത്തിറങ്ങിയ ഭൂതമോ!!' എന്നൊന്നും വിചാരിക്കണ്ട.. സത്യമാണ്‌. കുട്ടിക്കാലത്തേക്കു തിരിഞ്ഞു നോക്കുമ്പോൾ ആദ്യം മനസിൽ വരുന്നത്‌ ആ കുട്ടിക്കൂറാ പൗഡർ ടിന്നാണ്‌.ടിൻ കാലിയായാലുടനെ മമ്മി അതിന്റെ പിന്നിൽ തുളച്ച്‌ ഭണ്ഡാരപ്പെട്ടിയാക്കിത്തരും. അന്നുമുതൽ അതു വെറുമൊരു പൊഡർടിന്നല്ല; ഞങ്ങളുടെ എല്ലാമെല്ലാമായ 'പണ്ടാരപ്പെട്ടിയാണ്‌'.എന്നും രാവിലെ വീട്ടിൽ നിന്നിറങ്ങുന്നതിനു മുൻപ്‌ പപ്പ മൂന്നുപേർക്കും ചില്ലറപ്പൈസ തരും. ആ പൈസയൊക്കെ വീടു വഴി ഗതി കിട്ടാത്ത പ്രേതം പോലെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതു കണ്ടു മടുത്തിട്ടാണ്‌ മമ്മി ഇങ്ങനൊരു വഴി കണ്ടെത്തിയത്‌.കിട്ടുന്ന പൈസ മുഴുവൻ പണ്ടാരപ്പെട്ടിയിലിടണംന്ന്‌ മമ്മി ഉത്തരവ്‌ പുറപ്പെടുവിച്ചു.ഭയങ്കര അനുസരണനാശീലമുള്ള കുട്ടികളായതു കൊണ്ട്‌ ആദ്യമൊക്കെ ഞങ്ങളതിനെ ക്രൂരമായി അവഗണിച്ചു. മമ്മി മാത്രം മുടങ്ങാതെ പൈസയിട്ടുകൊണ്ടിരുന്നു. പിന്നെ പതുക്കെ പതുക്കെ ചേച്ചിയും ഗ്രൂപ്പുമാറി മമ്മീടെ കൂടെ ചേർന്നു.എന്നിട്ട്‌ അതിനെ വെറുതെ കിലുക്കികിലുക്കി ഞങ്ങളെയും പ്രലോഭിപ്പിക്കും.മനസിനു വല്യ കട്ടിയൊന്നുമില്ലാത്തതു കൊണ്ട്‌ ഞങ്ങൾക്കും അതിനെയെടുത്ത്‌ ഒന്നു കിലുക്കാൻ തോന്നിപ്പോകും. അതില്‌ പൈസയിട്ടാലേ കിലുക്കാൻ സമ്മതിക്കൂന്ന്‌ മമ്മിക്ക്‌ ഒരേ വാശി.അവസാനം പ്രലോഭനം സഹിക്കാൻ വയ്യാതെ, ഞാനും കുട്ടാപ്പിയും കിട്ടുന്ന പൈസ മുഴുവൻ അതിൽ കൊണ്ടിട്ടോളാംന്നു ഉറപ്പു കൊടുത്തുകൊണ്ട്‌ പണ്ടാരപ്പെട്ടീടെ ഗ്രൂപ്പിൽ ചേർന്നു. ആ ഉറപ്പൊക്കെ ഞങ്ങള്‌ ആത്മാർത്ഥമായി തന്നെ പാലിച്ചു കേട്ടോ. എവിടുന്നു ചില്ലറപൈസ കിട്ടിയാലും അതു നേരെ പണ്ടാരപ്പെട്ടിയിലിടും. ഇനീപ്പോ നോട്ടാണു കിട്ടുന്നതെങ്കിലോ..അതു പപ്പയുടെ കയ്യിൽ കൊടുത്ത്‌ ചില്ലറയാക്കി അതിലിടും. ഈ അധ്വനത്തിനൊക്കെ പകരമായി ഞങ്ങൾക്ക്‌ ഒറ്റ കാര്യമേ വേണ്ടൂ. ഇടയ്ക്കിടയ്ക്കെടുത്ത്‌ കിലുക്കാനുള്ള അവകാശം.. പക്ഷെ ചേച്ചിയാണ്‌ അതിന്റെ ഇൻ-ചാർജ്‌. നിധി കാക്കുന്ന ഭൂതത്തിനെ പോലെയാണ്‌ അവളത്‌ കാത്തുസൂക്ഷിക്കുന്നത്‌. കിലുക്കാൻ പോയിട്ട്‌ ഒന്നു തൊടാൻ പോലും അവൾ സമ്മതിക്കില്ല. അവസാനം പപ്പയും മമ്മിയും കൂടി ശുപാർശ ചെയ്ത്‌ അതിനെ കുറച്ചു സമയം കിലുക്കാനുള്ള അവകാശം ഞങ്ങൾക്ക്‌ നേടിത്തന്നു- ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം..അതും അവൾടെ മുന്നിൽ വച്ചു മാത്രം..മൂന്നാലു പ്രാവശ്യം കിലുക്കിക്കഴിയുമ്പോഴേക്കും അവളത്‌ പിടിച്ചു മേടിച്ച്‌ തിരിച്ചു വയ്ക്കും.എന്നാലും പോട്ടെ.. ആഗ്രഹം സാധിച്ചല്ലോ..ഞങ്ങൾക്കത്‌ ധാരാളം മതി.

പണ്ടാരപ്പെട്ടി നിറഞ്ഞു കഴിയുമ്പോഴാണ്‌ അടുത്ത ആഘോഷം.മിക്കവാറും രാത്രിയിലായിരിക്കും അതു പൊട്ടിക്കുക. എല്ലാവരും വട്ടത്തിലിക്കും. മമ്മി കത്തി കൊണ്ട്‌ മുറിച്ച്‌ ടിന്നിനെ രണ്ടു കഷ്ണമാക്കും. അപ്പോൾ അതിൽനിന്നും ചില്ലറപ്പൈസ ചിതറി വീഴുന്നതു കാണുമ്പോഴുള്ള ആ സന്തോഷമുണ്ടല്ലോ.. അതനുഭവിച്ചു തന്നെ അറിയണം. ഞങ്ങള്‌ മൂന്നു പേരും കൂടി പൈസകളുടെയൊക്കെ ആകൃതിയും വലിപ്പവുമനുസരിച്ച്‌ തരം തിരിച്ചു വയ്ക്കും. പപ്പയാണ്‌ അതെണ്ണുക. മമ്മി ഒരു കടലാസിൽ കണക്കൊക്കെ എഴുതും. അവസനം എല്ലാം കൂട്ടി, ആകെ എത്ര രൂപയുണ്ടെന്ന്‌ പപ്പ പ്രഖ്യാപിക്കുന്നതോടെ 'പണ്ടാരപ്പെട്ടി പൊട്ടിക്കൽ' ചടങ്ങ്‌ അവസാനിക്കും. ആ പൈസ എങ്ങോട്ടു പോവുന്നൂന്നൊന്നും ഞങ്ങൾ അന്വേഷിച്ചിട്ടില്ല.അപ്പോഴേക്കും മമ്മി അടുത്ത കുട്ടിക്കൂറാടിന്നിനെ പണ്ടാരപ്പെട്ടിയാക്കി ഞങ്ങൾക്കു തന്നിട്ടുണ്ടാവും. പിന്നെ അതു നിറയ്ക്കുന്നതിൽ ബിസിയായ ഞങ്ങൾക്കെവിടാ പൊട്ടിച്ച പെട്ടിയെ പറ്റി അന്വേഷിക്കാൻ നേരം...വലുതായിക്കഴിഞ്ഞപ്പോൾ അവളും അവനും പണ്ടാരപ്പെട്ടിയെ കൈവിട്ടെങ്കിലും ഞാനതിനെ വിട്ടുകളഞ്ഞില്ല. എന്നും എപ്പോഴും എന്റെ കൂടെ ഒരു പണ്ടാരപ്പെട്ടിയുമുണ്ടാകും. ഇപ്പോ പക്ഷെ പൗഡർടിന്നൊന്നുമല്ല .. കടയിൽ നിന്നും മേടിക്കുന്നതാണ്‌. ഇപ്പോഴുള്ളതിന്‌ കുഞ്ഞുവാട്ടർടാങ്കിന്റെ ഷെയ്പ്പാണ്‌. ഏതാണ്ട്‌ പകുതിയോളം നിറഞ്ഞിട്ടുണ്ട്‌.സമീപഭാവിയിൽ തന്നെ മുഴുവൻ നിറഞ്ഞ്‌ 'പണ്ടാരപെട്ടി പൊട്ടിക്കൽ' ചടങ്ങ്‌ ആഘോഷിക്കുന്നതായിരിക്കും.പപ്പയും മമ്മിയും ചേച്ചിയും കുട്ടാപ്പിയൊന്നുമില്ലാതെ;ഞാൻ മാത്രം ഒറ്റയ്ക്കിരുന്ന്‌..

അടുത്ത ഓർമ്മയുടെ സീനിൽ കാണുന്നത്‌ ഞങ്ങൾ മൂന്നു പേരും സെൻട്രൽ ഹാളിൽ മുട്ടു കുത്തി നിൽക്കുന്നതാണ്‌.സാധാരണ ക്രിസ്ത്യൻകുടുംബത്തിലൊക്കെയുള്ളതു പോലത്തെ ഭക്തിനിർഭരമായ മുട്ടുകുത്തലൊന്നുമല്ല കേട്ടോ ഇത്‌. ഒരു തരം ശിക്ഷാനടപടിയാണ്‌. പപ്പയുടെ ഓരോരോ പരിഷ്കാരങ്ങളേയ്‌.. ഭക്ഷണം ബാക്കി വയ്ക്കുക,തമ്മിൽ വഴക്കിടുക,സമയത്ത്‌ വീട്ടിൽ കയറാതെ കളിച്ചു നടക്കുക, സ്കൂളിൽ നിന്നും വന്നാൽ കുപ്പായം മാറാതെ തെക്കുവടക്കു നടക്കുക തുടങ്ങി എന്തെല്ലാം ക്രിമിനൽ കുറ്റങ്ങളാണെന്നോ ഞങ്ങളുടെ കേസ്‌ഷീറ്റിൽ ഉണ്ടാവുക.. കേസ്‌ഷീറ്റ്‌ തയാറാക്കുന്നത്‌ മമ്മിയാണ്‌. ങാ പിന്നെ ഒരു കുറ്റകൃത്യം കൂടിയുണ്ട്‌.. മമ്മീടെ നോട്ടത്തിൽ ഏറ്റവും നികൃഷ്ടമായ കാര്യം.. അങ്ങോട്ടുമിങ്ങോട്ടും ചീത്ത വിളിക്കുക എന്നുള്ളത്‌. ആകെപ്പാടെ അറിയുന്നത്‌ പട്ടീ, തെണ്ടീ എന്നീ രണ്ട്‌ തെറികളാണ്‌. പിന്നെ ചേച്ചി കണ്ടു പിടിച്ച ദുഷ്ടപ്പിശാശേ' എന്ന ഗ്രേഡ്‌ കൂടിയ ചീത്തയും. വെറുതേയിരിക്കുമ്പോൾ ഒരു ടൈംപാസിനു വേണ്ടി ഇതിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു പഠിക്കാംന്നു വച്ചാൽ അപ്പോഴേക്കും മമ്മി കയ്യിൽ കിട്ടിയ സാധനവുമെടുത്ത്‌-തവിയോ വടിയോ ചൂലോ എന്തെങ്കിലും- സംഹാരരുദ്രയായി ഓടിവരും. വെറുതെ മമ്മിയെ വിഷമിപ്പിക്കണ്ടാന്നു വിചാരിച്ച്‌ ഞങ്ങൾ പുതിയ രണ്ടു തെറികൾ കണ്ടുപിടിച്ചു - കുന്ദലത, ബങ്കാരപ്പ- അതാവുമ്പോ മമ്മിക്കു മനസ്സിലാവില്ലല്ലോ. മുഖമൊക്കെ വക്രിച്ച്‌ സർവ്വവെറുപ്പോടെയും കൂടി പറഞ്ഞാൽ നല്ലൊന്നാന്തരം തെറിയായിക്കോളും.ഞങ്ങൾക്കും സമാധാനം മമ്മിക്കും സമാധാനം.ഇത്തിരി കഴിഞ്ഞപ്പോൾ ഞങ്ങൾടെ സൂത്രം മമ്മിക്കു മനസിലായി. ങാ അപ്പോ പറഞ്ഞു വന്നത്‌ ,ഇമ്മാതിരിയുള്ള കുറ്റകൃത്യങ്ങളൊക്കെ മമ്മി സമയാസമയം പപ്പയുടെ അടുത്തേക്ക്‌ എസ്കലേറ്റ്‌ ചെയ്യും. പപ്പ ഒന്നും പറയില്ല. എല്ലാം മനസിൽ അടുക്കിയടുക്കി വയ്ക്കും. അങ്ങനെ എപ്പോഴെങ്കിലും നാളും മുഹൂർത്തവുമൊക്കെ ഒത്തുവരുമ്പോൾ മൂന്നെണ്ണത്തിനെയും വിളിച്ച്‌ മുട്ടുകുത്തി നിൽക്കാൻ ഓർഡറിടും. അതിപ്പോ ആരു കുറ്റം ചെയ്താലും ഇല്ലെങ്കിലും മൂന്നിനും ഒരേപോലെ ശിക്ഷ കിട്ടും.മുട്ടൊക്കെ കുത്തിനിന്ന്‌ ഒന്നു ലെവലായിക്കഴിയുമ്പോൾ വിചാരണ തുടങ്ങുകയായി.

പപ്പ:"എന്തിനാണ്‌ മുട്ടികുത്തിനിർത്തിയതെന്ന്‌ അറിയാലോ?"

ഞങ്ങൾ: "ങും.."

എന്താ കുറ്റംന്നൊന്നും പപ്പ പ്രത്യേകം പ്രത്യേകം പറയില്ല.ഞങ്ങൾ ഓരോരുത്തരും കഷ്ടപ്പെട്ട്‌ ആലോചിച്ച്‌ അവനവൻ ചെയ്ത കുറ്റങ്ങളൊക്കെ ഓർത്തെടുക്കും. എന്നിട്ട്‌ അതിനാണ്‌ ഇപ്പോ ശിക്ഷ കിട്ടുന്നതെന്ന്‌ സ്വയം അങ്ങു തീരുമാനിക്കും. അതോടെ ആകെ വിഷമവും കുറ്റബോധവും സങ്കടവും. അങ്ങനേ നിന്നു കരയും. കുറച്ചു നേരം ഈ കരച്ചിൽ കണ്ടു നിൽക്കുമ്പോൾ മമ്മീടെ മാതൃഹൃദയം അലിയും.(കംപ്ലീറ്റ്‌ കൊളുത്തിക്കൊടുക്കുന്നതും ഇതേ മമ്മി തന്നെയാണെന്നതാണ്‌ ഏറ്റവും വലിയ വിരോധാഭാസം).മമ്മി ശുപാർശയുമായി പപ്പയുടടുത്തേക്ക്‌. ഞങ്ങൾ മര്യാദക്കാരായെന്നും ഇനി ഇങ്ങനൊന്നും ചെയ്യുകയില്ലെന്നും ഞങ്ങൾക്കു വേണ്ടി പപ്പയ്ക്ക്‌ ഉറപ്പുകൊടുക്കും. എല്ലാം കേട്ട്‌ ഞങ്ങളെ മൂന്നു പേരെയും ഒന്നു സൂക്ഷിച്ചു നോക്കി പപ്പ അടുത്ത ഓർഡറിടും

" ങാ മൂന്നും ഭക്ഷണം കഴിച്ചിട്ട്‌ പോയിക്കിടന്നുറങ്ങിക്കോ.."

കഴിഞ്ഞു. ശിക്ഷ കഴിഞ്ഞു. മൂന്നു പേരും ഏങ്ങലടിച്ചു കൊണ്ട്‌ ഭക്ഷണം മുഴുവൻ കഴിച്ച്‌ നല്ല കുട്ടികളായി പോയിക്കിടന്നുറങ്ങും.ഇപ്പോൾ ആലോചിക്കുമ്പോൾ നല്ല കോമഡിയാണ്‌.പപ്പയുടെയും മമ്മിയുടെയു മുന്നിലൂടെ എന്തെല്ലാം പോസിൽ ഇരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നതാ..എന്നിട്ടാണ്‌ മുട്ടുകുത്തി നിർത്തീന്നും പറഞ്ഞ്‌ ഇത്ര നാണക്കേടും സങ്കടോം..

ഇതൊക്കെയാണെങ്കിലും കുട്ടിക്കാലത്തെ ഏറ്റവും സുന്ദരമായ ഓർമ്മ പപ്പയുടെ കയ്യിലെ പൊതിക്കെട്ടാണ്‌.വൈകുന്നേരം വീട്ടിൽ വന്നു കയറുമ്പോൾ ആരാണോ വതിൽ തുറക്കുന്നത്‌, അയാൾക്ക്‌ ആ പൊതി കൊടുക്കും. എന്തെങ്കിലും പലഹാരമായിരിക്കും അതിനുള്ളിൽ. കടലയോ കേക്കോ ബിസ്കറ്റോ മുട്ടയപ്പമോ കല്ലുമ്മക്കായ നിറച്ചതോ അങ്ങനെ എന്തെങ്കിലും.സാധാരണ കുട്ടികൾക്കൊക്കെ കളിപ്പാട്ടങ്ങളും കുപ്പായങ്ങളുമൊക്കെ അച്ഛൻമാര്‌ മേടിച്ചു കൊടുക്കുമ്പോൾ പപ്പ ഞങ്ങളെ സ്നേഹിക്കുന്നത്‌ ഭക്ഷണം മേടിച്ചു തന്നാണ്‌. അതിന്റെ കാര്യത്തിൽ എന്തു പരീക്ഷണം നടത്താനും ഞങ്ങൾ എന്നും റെഡിയായിരുന്നു താനും.അതു പോലെ തന്നെ ടൗണിൽ പോവുമ്പോൾ പപ്പയുടെ വക കിട്ടാറുള്ള ഐസ്‌ക്രീം.കൃത്യം ഐസ്‌ക്രീം പാർലറിനു മുന്നിലെത്തുമ്പോൾ ഞങ്ങളുടെ നടപ്പൊക്കെ സാവധാനത്തിലാവാൻ തുടങ്ങും. കാര്യമൊക്കെ മനസ്സിലായാലും അതു പുറത്തു കാണികാതെ പപ്പ നടക്കും. അവസാനം നിവർത്തിയില്ല്ലാതെ "പപ്പേ ദാഹിക്കുന്നു .ഐസ്‌ക്രീം തിന്നാനുള്ളത്രേം വല്യ ദാഹം" എന്ന്‌ മുഖത്തൊക്കെ ദയനീയഭാവം വരുത്തി ഞങ്ങള്‌ പറയുന്നതു വരെ ഈ നാടകം തുടരും. വലുതായപ്പോൾ ഐസ്ക്രീം ഇന്ത്യൻ കോഫീഹൗസിലെ മട്ടൺ കട്ലേറ്റിനു വഴിമാറി. ഇപ്പോൾ ഓരോ അവധി കഴിഞ്ഞും ബാംഗ്ലൂരേയ്ക്കു ബസ്‌കയറാൻ വരുമ്പോൾ പപ്പയും കൂടെ വരും.ആ ട്രാവൽസിനു തൊട്ടടുത്ത്‌ ഒരു ഇന്ത്യൻ കോഫീ ഹൗസുണ്ട്‌.അവിടുന്ന്‌ കട്‌ലേറ്റും വാങ്ങി തന്ന്‌ എന്നെ ബസ്‌ കയറ്റിവിട്ട്‌ പപ്പ തിരിച്ചു പോകും. അതു പോലെ തന്നെ ഞങ്ങളൊക്കെ ഇത്രേം വലുതായിട്ടും വൈകുന്നേരത്തെ ആ 'പൊതിസിസ്റ്റ'ത്തിനും ഒരു മാറ്റവും വന്നിട്ടില്ല കേട്ടോ. ഇപ്പോഴും ഞങ്ങളിലൊരാളെങ്കിലും വീട്ടിലുണ്ടെങ്കിൽ കയ്യിലൊരു പലഹാരപ്പൊതിയില്ലാതെ പപ്പ വീട്ടിൽ വന്നു കയറില്ല. അങ്ങു ദൂരേന്ന്‌ പപ്പ വരുന്നതു കാണുമ്പോഴേ മമ്മി കളിയാക്കാൻ തുടങ്ങും.."ഇള്ളാവാവയല്ലേ..ഓടി ചെന്ന്‌ പൊതി മേടിക്ക്‌" എന്നും പറഞ്ഞ്‌. ഞങ്ങള്‌ അതൊന്നും മൈൻഡാക്കാറില്ല. എത്ര വലുതായാലും ഞങ്ങളു തന്നെയല്ലേ ആ വീട്ടിലെ കുട്ടികള്‌..പപ്പയുടെയും മമ്മിയുടെയും ഇള്ളാവാവകള്‌..പിന്നെന്താ..