Friday, July 25, 2008

എനിക്കൊന്നും പറ്റീല്ലാ...

ഇവിടെ ബാംഗ്ലൂരില്‍ എവിടൊക്കെയോ ബോംബ്‌ പൊട്ടീന്നോ ഇനീം പൊട്ടുമെന്നോ ഒക്കെ കേള്‍ക്കുന്നു. ഫോണ്‍ നെറ്റ്വര്‍ക്ക്‌ ജാമായിരിക്കുകയാണ്‌..മെയില്‍/ചാറ്റ്‌ ആക്സസ്‌ ഒട്ടില്ല താനും.പിന്നെ ആകെ ബ്ലോഗ്‌ മാത്രമേ പുറംലോകത്തേക്കൊരു വഴി കണ്ടുള്ളൂ.. ബങ്കലൂരു കൂട്ടുകാരെല്ലാവരും സുരക്ഷിതരെന്നു വിശ്വസിക്കുന്നു..ചാത്തന്‍ ,പീലി, ജിഹേഷ്‌ ,ഉപാസന, തഥഗതന്‍ മാഷ്‌ etc etc ..... എല്ലാവരും ഓക്കെയല്ലേ..

Sunday, July 6, 2008

ചില ഭാഷാപ്രേമികള്‍...

അല്‍പസ്വല്‍പ്പം ഹിന്ദി കയ്യിലുള്ളതു കൊണ്ട്‌ ഇവിടെ ബാംഗ്ലൂര്‌ ജീവിച്ചു പോവാന്‍ വല്യ ബുദ്ധിമുട്ടില്ല. ഇവിടുത്തുകാര്‍ക്കൊക്കെ ഹിന്ദി കേട്ടാല്‍ മനസ്സിലായിക്കോളും. ഇങ്ങനെയൊക്കെയാണെങ്കിലും കന്നഡ പഠിക്കണം എന്ന ആഗ്രഹം ഇടയ്ക്കിടയ്ക്കൊക്കെ പൊട്ടിമുളയ്ക്കാറുണ്ട്‌. പ്രത്യേകിച്ചും ബസിന്റെ ബോര്‍ഡില്‍ ജിലേബി പോലത്തെ കന്നഡ അക്ഷരങ്ങള്‍ കാണുമ്പോള്‍.. 'ഇതു പഠിച്ചിട്ടേ ഇനി വിശ്രമമുള്ളൂ' എന്നൊക്കെ ഓണ്‍-ദി-സ്പോട്ട്‌ പ്രതിജ്ഞയെടുത്തിട്ടുണ്ട്‌--പലവട്ടം.. എടുത്തതിന്റെ പിന്നാലെ തന്നെ അതപ്പടി മറന്നു പോകുന്നതു കൊണ്ട്‌ ഇതു വരെ ആ പ്രതിജ്ഞകളൊന്നും പാലിക്കേണ്ട ബുദ്ധിമുട്ടുണ്ടായിട്ടില്ല. ഒരു പ്രാവശ്യം 30 ദിവസത്തിനുള്ളില്‍ കന്നഡ പഠിക്കാം എന്ന ബുക്ക്‌ വാങ്ങുന്നതു വരെ കാര്യങ്ങള്‍ പുരോഗമിച്ചു. പഠനത്തിന്റെ കൂടുതല്‍ കൊണ്ട്‌ ആ ബുക്കിപ്പോള്‍ എവിടാണെന്നു പോലും എനിക്കറിയില്ല. ഏവംവിധം എന്റെ കന്നഡ പരിജ്ഞാനം ഇപ്പോഴും തുടങ്ങിയേടത്തു തന്നെ കുറ്റിയടിച്ചു നില്‍ക്കുകയാണ്‌. അപ്പോപിന്നെ പറയാതെ തന്നെ അറിയാല്ലോ,, പുതിയ ഭാഷ പഠിച്ചെടുക്കുന്നവരോട്‌ എനിക്കു ഭയങ്കര ബഹുമാനമാണ്‌. എന്നെകൊണ്ടു ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്യുന്നതു കൊണ്ടാവാം.. അങ്ങനെയുള്ള ചില മഹദ്‌വ്യക്തികളെപറ്റിയാവട്ടെ ഈ പോസ്റ്റ്‌ ..

ഈ ലിസ്റ്റില്‍ ആദ്യത്തേത്‌ ലളിതാന്റിയാണ്‌. കര്‍ണ്ണാടകയിലെ ഏതോ നാട്ടില്‍ പച്ചവെള്ളം പോലെ തുളുവും കന്നഡയും പറഞ്ഞ്‌ വളര്‍ന്ന ലളിതാന്റിയെ എന്റെ ഒരു ബന്ധു കല്യാണം കഴിച്ച്‌ ഞങ്ങള്‍ടെ കുടുംബത്തിലേക്കു കൊണ്ടുവന്നതാണ്‌. ജനിച്ചു വളര്‍ന്ന ടൗണില്‍ നിന്നും പരിഷ്കാരം തൊട്ടുതീണ്ടാത്ത ആ മലയോരഗ്രാമത്തിലേക്കുള്ള പറിച്ചുനടല്‍ ആര്‍ക്കായാലും വല്യ ബുദ്ധിമുട്ടുണ്ടാക്കും.പക്ഷെ ലളിതാന്റി ഈസിയായി അഡ്ജസ്റ്റ്‌ ചെയ്തു. ഒന്നൊഴികെ..മലയാള ഭാഷ.. അതുമാത്രം എത്ര ശ്രമിച്ചിട്ടും വഴങ്ങിയില്ല. പിന്നെ അതിനെ വരുതിയിലാക്കാനുള്ള കഠിനശ്രമമായിരുന്നു. നാവെടുത്താല്‍ മലയാളമേ പറയൂ. എത്ര പൊട്ടതെറ്റാണെങ്കിലും. "വേണ്ട ലളിതേ, അറിയാവുന്ന ഭാഷ പറഞ്ഞാല്‍ മതി,ഞങ്ങള്‍ മനസ്സിലാക്കിയെടുത്തോളാം" എന്നൊക്കെ വീട്ടുകാര്‌ ഓഫര്‍ ചെയ്തതാണ്‌. അത്‌ ആന്റിയോടുള സ്നേഹം കൊണ്ടല്ല, മറിച്ച്‌ ആന്റി പറയുന്ന വിഡ്ഢിത്തങ്ങള്‍ക്ക്‌ നാട്ടുകാരുടെ മുന്നില്‍ സമാധാനം പറയേണ്ടത്‌ അവരാണല്ലോ എന്നോര്‍ത്തിട്ടാണ്‌.കൊടുക്കുക, വാങ്ങുക, പോവുക, വരിക, ഇല്ല, ഉണ്ട്‌ തുടങ്ങിയ മര്‍മ്മപ്രധാനമായ പലവാക്കുകളും അനവസത്തില്‍ തെറ്റിയുപയോഗിക്കപ്പെട്ടു പോകും. ചില്ലറ പിണക്കം മുതല്‍ നാട്ടുകാര്‌ തമ്മില്‍ തല്ലിക്കൊല്ലാനുള്ള വക വരെ ഈ തെറ്റില്‍ നിന്നു സംഭവിച്ചേക്കാം. അതാണ്‌ പ്രധാന കാരണം.പക്ഷെ ലളിതാന്റി വഴങ്ങിയില്ല.. തന്റെ മലയാളഭാഷാപരിശീലനം പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നു.

അങ്ങനെ ഒരു ദിവസം ആന്റി എങ്ങോട്ടോ പോവാന്‍ വേണ്ടി ബസില്‍ കയറിയതാണ്‌. ഒരു സ്ത്രീ സീറ്റില്‍ ഒരു സഞ്ചിയും വച്ച്‌ വിശാലമായിട്ടിരിക്കുന്നു. ഒ‍ന്ന്‌ നീങ്ങിയിരുന്നാല്‍ ആന്റിയ്ക്കും കൂടി അവിടെ സുഖമായിട്ടിരിക്കാം. ആന്റി അടുത്തു ചെന്നിട്ടും ആ സ്ത്രീയ്ക്ക്‌ ഒരനക്കവുമില്ല. നീങ്ങിയിരിക്കാന്‍ ആംഗ്യം കാണിച്ചു. നോ രക്ഷ. അപ്പോള്‍ എല്ലാരും ചെയ്യുന്നതു പോലെ ആന്റി കണ്ടക്ടറിന്റെ സഹായം തേടി. നല്ല ഉറക്കെ തന്നെ.പച്ചമലയാളത്തില്‍..

" നോക്കൂ ഈ അമ്മച്ചിയോടു ചന്തി മാറ്റി വയ്ക്കാന്‍ പറയൂ.. "

പിന്നെന്താണ്‌ സംഭവിച്ചതെന്നതിനെ പറ്റി കുടുംബത്ത്‌ പല അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്‌. എന്തായാലും താന്‍ പറഞ്ഞ മലയാളം ശരി തന്നെയാണെന്നാണ്‌ ആന്റി ഇപ്പോഴും വിശ്വസിക്കുന്നത്‌. ഒന്നാലോചിച്ചാല്‍ ആന്റി പറഞ്ഞ മലയാളത്തിനെന്താ കുഴപ്പം?

അടുത്ത ഭാഷാപ്രേമിയെ കണ്ടുമുട്ടിയത്‌ ഒരു ട്രെയിന്‍ യാത്രയിലാണ്‌. നാട്ടിലേക്കു പോവാനായി ഡെല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കയറിയതാണ്‌ ഞനും ചേച്ചിയും എന്റെ കൂട്ടുകാരി കുരുട്ടും. ഞങ്ങള്‍ടെ അടുത്ത സീറ്റില്‍ ഒരു ചേച്ചിയും ചേട്ടനും ഉണ്ട്‌. പിന്നെ അവര്‍ടെ വകയായി എല്ലാ സീറ്റിന്റെയും അടിയില്‍ ബാഗുകളും കെട്ടുകളും.വെക്കേഷന്‍ തുടങ്ങിയാലുള്ള സ്ഥിരം കാഴചയാണ്‌. കുടുംബമായി പോകുന്നവര്‍ടെയൊക്കെ വകയായി നിറയെ കെട്ടുകളും ഭാണ്ഡങ്ങളുമായിരിക്കും. നമ്മളെപോലുള്ള ഒറ്റത്തടിക്കാരുടെ സ്ഥലം കൂടി അവര്‌ സ്വന്തമാക്കും. അവസാനം താഴെയെങ്ങും വയ്ക്കാന്‍ സ്ഥലമില്ലാത്തതു കൊണ്ട്‌ നമ്മടെ ബാഗും ബര്‍ത്തില്‍ തന്നെ സ്ഥാപിക്കേണ്ടി വരും.ഇവിടേം സ്ഥിതി അതു തന്നെ. ബാഗിനെം കൂടി ബര്‍ത്തിലേക്കു വലിച്ചു കയറ്റാന്‍ തോന്നാത്തതു കൊണ്ട്‌ ഞങ്ങള്‍ നിലത്തു പടിഞ്ഞിരുന്ന്‌ അതിനു വേണ്ടി സ്ഥലമുണ്ടാക്കുകയണ്‌. തൊട്ടടുത്ത സീറ്റില്‍ ഒരു സര്‍ദാര്‍ജി ഫാമിലി -അച്ഛനും അമ്മയും പിന്നെ ഞങ്ങള്‍ടെ പ്രായത്തിലൊരു മോനും- ഇരുന്ന്‌ വര്‍ത്തമാനം പറയുന്നുണ്ട്‌. ബാഗുകളൊക്കെ അവിടിവിടെ കുത്തിത്തിരുകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു ടൈംപാസിനു വേണ്ടി ഞങ്ങള്‍ അവരെ പറ്റി ചുമ്മാ ഓരോ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ തുടങ്ങി. നല്ല പച്ചമലയാളത്തില്‍. അതാവുമ്പോ കേട്ടാലും അവര്‍ക്കു മനസ്സിലാവില്ലല്ലോ.. ആ സര്‍ദാര്‍ജി പയ്യനെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നും, സൗന്ദര്യം വച്ചു നോക്കിയാല്‍ കൂടെയുള്ളവര്‍ അവര്‍ടെ അച്ഛനും അമ്മയുമാകാന്‍ ഒരു വഴിയുമില്ലെന്നുമൊക്കെ ഞങ്ങള്‍ കാര്യകാരണസഹിതം നിഗമനത്തിലെത്തി. പിന്നെ അവര്‌ ടര്‍ബന്‍ ഫിറ്റ്‌ ചെയ്യുന്നതെങ്ങനെയായിരിക്കും എന്നതിനെ പറ്റിയായി ചര്‍ച്ച. മൂന്നുപേരും അവരവരുടെ വാദഗതികളൊക്കെ അവതരിപ്പിച്ചു. അപ്പോഴാണ്‌ ഒരു ശബ്ദം..

"മാറൂ ഞാന്‍ സഹായിക്കാം.."

മൂന്നുപേരും ഞെട്ടി എഴുന്നേറ്റു പോയി. ഞെട്ടാന്‍ കാരണമുണ്ട്‌. ആ സര്‍ദാര്‍ജി പയ്യനാണ്‌ ഒന്നാന്തരം മലയാളത്തില്‍ സംസാരിച്ചത്‌. അയാള്‍ വേഗം ഭാണ്ടക്കെട്ടുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും നീക്കി ഞങ്ങള്‍ടെ ബാഗുകളും കൂടി അവിടെ തള്ളിക്കേറ്റി. എന്നിട്ടും ഞങ്ങള്‍ ഒന്നും പറയാതെ അസ്ത്രപ്രജ്ഞരായി നില്‍ക്കുകയാണ്‌. അയാളെപറ്റി പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സില്‍ ഒന്നു റീവൈന്‍ഡ്‌ ചെയ്തു നോക്കുകയായിരുന്നു മൂന്നുപേരും. എന്തേലും വേണ്ടാത്തതു പറഞ്ഞോന്നറിയില്ലല്ലോ.. എതായാലും ആ ട്രെയിന്‍ യാത്രയില്‍ ഞങ്ങള്‌ നല്ല കമ്പനിയായിരുന്നു. അയാളുടെ അമ്മ കേരളത്തില്‍ ടീച്ചറാണു പോലും.അമ്മയെ കാണാന്‍ വന്നു വന്ന്‌ മകന്‍ മലയാളം പഠിച്ചതാണ്‌. നല്ല ഒഴുക്കോടെ ഒരു തെറ്റുമില്ലാതെ ശുദ്ധമലയാളം. എന്തായാലും ദൈവത്തിന്റെ ഓരോ ചതികള്‍..അല്ലാതെന്തു പറയാന്‍..


ആത്മപ്രശംസയാണെന്നു വിചാരിക്കരുത്‌. മൂന്നാമത്തെ ഭാഷാപ്രേമി ഞാന്‍ തന്നെയാണ്‌. പഠിച്ചു മിടുക്കിയായ ഭാഷ ഹരിയാന്‍വിയും. എന്റെ ഒരു കൂട്ടുകാരി സോനുവിന്റെ വീട്‌ ഹരിയാനയിലെ കുരുക്ഷേത്രയിലാണ്‌. അങ്ങനെയാണ്‌ ഈ ഹരിയാന്‍വി പ്രേമം ഉടലെടുത്തത്‌. സോനൂനെ ഗുരുവായി സ്വീകരിച്ച്‌ ഭയങ്കര പഠനം. ഒരു ദിവസത്തിനപ്പുറം പഠനം മുന്നോട്ടു പോയില്ല. അപ്പോഴേക്കും ഞാന്‍ പഠിച്ചുകഴിഞ്ഞതു കൊണ്ടാണു കേട്ടോ. ആ ഒറ്റ ദിവസം കൊണ്ടു തന്നെ ഹരിയാന്‍വി പറയാനുള്ള ടെക്നിക്ക്‌ എനിക്കു പിടികിട്ടി. സംഭവം നമ്മടെ ഹിന്ദി തന്നെ. പക്ഷെ ബഹുമാനസ്വരങ്ങളൊന്നും പാടില്ല. പിന്നെ നല്ല സ്പീഡില്‍ ഉറക്കെ പറയുകയും വേണം. ഹിന്ദിവാക്കുകള്‍ മര്യാദയ്ക്കു പറയാതെ അവിടേം ഇവിടെമൊക്കെ ഒന്നു ചുരുക്കി പറഞ്ഞാല്‍ മതി. ഒരു കാര്യം കൂടി..പറയുന്നതു നല്ല ദേഷ്യത്തില്‍ വേണം... ആരെങ്കിലും കേട്ടാല്‍ കണ്ണുപൊട്ടുന്ന ചീത്ത പറയുകയാണെന്നേ തോന്നാവൂ...ആയി..ഹരിയാന്‍വിയായി. ഈ പാണ്ഡിത്യവും കൊണ്ടാണ്‌ ഞാന്‍ കുരുക്ഷേത്രയില്‍ സോനൂന്റെ വീട്ടില്‍ പോയത്‌. കൂടെ കുരുട്ടുമുണ്ട്‌.

അവിടെ നിറയെ നമ്മടെ മഹാഭാരതയുദ്ധത്തില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളാണ്‌. എല്ലാം കണ്ടുകണ്ട്‌ പാഞ്ചാലി മുടി കഴുകിയ കിണറ്റിലെത്തി. ദുശ്ശാസനന്റെ ചോരേം കൊണ്ട്‌ മുടികെട്ടിക്കഴിഞ്ഞ്‌ അതു കഴുകിക്കളഞ്ഞില്ലേ..ആ കിണര്‍ തന്നെ. ഒരു കുഴിയിലാണ്‌ കിണര്‍.. ഇടുങ്ങിയ വഴിയിലൂടെ കുഴിയിലിറങ്ങിയാല്‍ അതിനുള്ളില്‍ ഒരു ചെറിയ കിണര്‍. സോനു കുറെ ദൂരെ വിശ്രമിക്കുകയാണ്‌. പണ്ടത്തെ രാജകുമാരിമാരുടെയൊക്കെ ഒരു സ്വഭാവം വച്ചാണെങ്കില്‍ ഇത്രേം ദൂരമൊന്നും പാഞ്ചാലി വന്നു മുടി കഴുകാന്‍ സാധ്യതയില്ല.നമ്മടെ പുരാണസീരിയലുകളില്‍ തന്നെ കണ്ടിട്ടില്ലേ..ഒന്നനങ്ങുന്നതിനു പോലും അവര്‍ക്ക്‌ പരിചാരികമാര്‍ വേണം. അങ്ങനെയുള്ള ഒരാള്‍ മുടികഴുകാന്‍ വേണ്ടി ഇവിടെ വന്നൂന്നു പറഞ്ഞാല്‍.. ആ കിണര്‍ ഞങ്ങള്‍ വിശദമായി തന്നെ കണ്ടിരിക്കേണ്ടതാണ്‌. ഞാനും കുരുട്ടും പതുക്കെ കുഴിയിലേക്കിറങ്ങി.പെട്ടെന്നു മുകളില്‍ നിന്ന്‌ ആരോ ബഹളം വച്ചു കൊണ്ട്‌ ഓടി വരുന്ന ശബ്ദം.അവിടുത്തെ തൂപ്പുകാരിയാണ്‌. ഞങ്ങളെ നോക്കി വഴക്കു പറയുന്നതു പോലെ എന്തൊക്കെയോ പറയുന്നുണ്ട്‌. ഞങ്ങള്‍ക്ക്‌ പേടിയൊന്നും തോന്നിയില്ല. ഹരിയാന്‍വി ഭാഷേടെ ഒരു ലക്ഷണം വച്ചു നോക്കിയാല്‍ അവര്‌ സമാധാനപരമായി ഞങ്ങള്‍ക്കെന്തൊക്കെയോ പറഞ്ഞു തരാന്‍ ശ്രമിക്കുകയാണ്‌. അതെന്താണെന്നു മനസ്സിലാക്കിയെടുക്കാന്‍ വേണ്ടി ഞങ്ങള്‌ മുകളിലെക്കും നോക്കി കാതു കൂര്‍പ്പിച്ചു നിന്നു. ഞങ്ങളിങ്ങനെ മിഴുങ്ങസ്യാ എന്നു നില്‍ക്കുന്നതു കണ്ടിട്ടാവണം അവര്‌ കണ്ണൊക്കെ തുറിപ്പിച്ച്‌ ഞങ്ങളെ നോക്കി കയ്യിലുള്ള വടി വീശി അടിക്കുന്നതു പോലെ ആംഗ്യം കാണിച്ചു. ആ ആംഗ്യഭഷയ്ക്ക്‌ ഹരിയാനേലും കേരളത്തിലുമൊക്കെ ഒരേ അര്‍ത്ഥമാണ്‌. ഇനീം അവിടെ നിന്നാല്‍ അടിപൊട്ടും എന്ന്‌. അപ്പോഴാണ്‌ അവരത്രേം നേരോം ഞങ്ങളെ ശരിക്കും വഴക്കുപറയുകയായിരുന്നൂന്ന്‌ മനസ്സിലായത്‌.സോനു ഓടി വന്ന്‌ മാപ്പു പറഞ്ഞതുകൊണ്ട്‌ അടികിട്ടാതെ അവിടുന്നു രക്ഷപെട്ടു. ആ കുഴി ഒരു പുണ്യസ്ഥലമാണത്രേ..ഞങ്ങളെപോലുള്ള അലവലാതികള്‍ക്ക്‌ അവിടെ ഇറങ്ങാന്‍ അനുവാദമില്ലാന്ന്‌. എന്തായാലും ആ സംഭവത്തോടെ ഒരു കാര്യം കൂടി പഠിച്ചു.സാധാരണ ഹരിയാന്‍വിയും ദേഷ്യത്തിലുള്ള ഹരിയാന്‍വിയും തമ്മിലുള്ള വ്യത്യാസം. രണ്ടാമത്തേതില്‍ പറയുന്ന ആളിന്റെ കയ്യില്‍ ഒരു വടിയും കൂടിയുണ്ടാകും. ബാക്കിയൊക്കെ സേം സേം..