Sunday, April 20, 2008

അന്ന്‌ ആ രാത്രിയില്‍...

"ആരാ അത്‌??ഇതു വരെ ഇയാളെ കണ്ടിട്ടില്ലല്ലോ!!"

" ഇയാളെങ്ങോട്ടാ ഈ രാത്രിയ്ക്ക്‌?? "

"ഇതെന്താ റോഡിലാരുമില്ലാത്തത്‌?"

ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുമായി ഞാനും കുരുട്ടും ആ ചേട്ടനെ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്താണ്‌ ഇയാള്‍ടെ ഉദ്ദേശ്യമെന്നറിയണമല്ലോ. അങ്ങേരാണെങ്കില്‍ ഇതൊന്നുമറിയാതെ കൂളായി വണ്ടിയോടിക്കുകയാണ്‌..

ശനിയാഴ്ച രാത്രി ഞാനും കുരുട്ടും ഉറങ്ങാറില്ല. ഫുള്‍-ടൈം ടിവീടെ മുന്‍പില്‍ തന്നെ.. ഏഷ്യാനെറ്റിലും ഡി.ഡി ഫോറിലും രാത്രി മുഴുവന്‍ നല്ല നല്ല പാട്ടുകള്‍ കാണിക്കും. ചാനല്‍ മാറ്റിമാറ്റി നേരം വെളുക്കുന്നതു വരെ പാട്ടുകേട്ടുകൊണ്ടിരിക്കും.അങ്ങനെ ചാനല്‍ മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ്‌ നമ്മടെ സൂര്യാ ടി.വിയില്‍ ഞങ്ങള്‍ടെ കണ്ണുടക്കിയത്‌.കേബിള്‍ കമ്പനിക്കാരുടെ മൂഡനുസരിച്ച്‌ വല്ലപ്പോഴും മാത്രം കിട്ടുന്ന ചാനലാണ്‌ ഈ സൂര്യാ ടി.വി..അവിടെ ഒരു സിനിമ തുടങ്ങാന്‍ പോവുകയാണ്‌.ടൈറ്റില്‍സ്‌ എഴുതിക്കാണിക്കുന്ന ആ സ്‌റ്റെയില്‍ കണ്ടാല്‍ തന്നെ അറിയാം നല്ല പുതു പുത്തന്‍ പുത്തന്‍ സിനിമയാണെന്ന്‌. ഞങ്ങള്‍ സന്തോഷം കൊണ്ടിരിക്കാന്‍ വയ്യാന്നുള്ള അവസ്ഥയിലായി. ഒരു പുതിയ മലയാളം സിനിമ കണ്ട കാലം മറന്നിരുന്നു. ഇത്തിരി വൈകിപ്പോയതു കൊണ്ട്‌ സിനിമേടെ പേര്‌ കണാന്‍ പറ്റീല്ല. സംവിധായ്കന്റെ പേരാണെങ്കില്‍ ഇതു വരെ കേട്ടിട്ടുമില്ല. എന്നാലും ഞങ്ങള്‍ സിനിമ കാണാന്‍ തന്നെ തീരുമാനിച്ചു. പേരിലല്ലല്ലോ; സിനിമേടെ കഥയിലല്ലേ കാര്യം...കോഴി കൂവുന്നതും സൂര്യനുദിക്കുന്നതും പ്രഭാതം പൊട്ടിവിടരുന്നതുമൊക്കെ കാണിച്ച്‌ സിനിമ തുടങ്ങുന്ന ആ പതിവു ശൈലിയൊന്നുമല്ല.. നല്ല ഇരുട്ടത്ത്‌ വിജനമായ റോഡിലൂടെ ഒരു ചേട്ടന്‍ വണ്ടിയോടിച്ചു വരുന്നതാണ്‌ തുടക്കം. എന്തായാലും ആ മാറ്റം ഞങ്ങള്‍ക്കിഷ്ടപ്പെട്ടു. പെട്ടന്ന്‌ രംഗം മാറി. വെളുത്ത സാരിയുടുത്ത ഒരു ചേച്ചി പെട്ടെന്ന്‌ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‌ പ്രതീക്ഷിച്ചതു പോലെ തന്നെ ചേച്ചി കറക്ടായി ആ വണ്ടീടെ മുന്നില്‍ തന്നെ വന്നു വീണു. സാധാരണ ആള്‍ക്കാരൊക്കെയാണെകില്‍ പോലീസ്‌ കേസും മറ്റു നൂലാമാലകളും ഒക്കെ ഓര്‍ത്ത്‌ ജീവനും കൊണ്ട്‌ ആ സ്പോട്ടില്‍ നിന്നും രക്ഷപെടും. പക്ഷെ നമ്മടെ നായകന്‍ ആരാ മോന്‍!! വേഗം ചാടിയിറങ്ങിവന്ന്‌ ചേച്ചീടെ കാറ്റു പോയോന്നൊക്കെ പരിശോധിച്ചു. മട്ടും ഭാവോം കണ്ടിട്ട്‌ ചേച്ചിയെ കാറില്‍ കേറ്റി ഹോസ്പിറ്റലില്‍ കൊണ്ടുപോകാനാണ്‌ പ്ലാനെന്നു തോന്നുന്നു.പക്ഷെ അവിടെ ഒരു പ്രശ്നമുണ്ട്‌.ആ ചേട്ടന്‍ മെലിഞ്ഞ്‌ ഒരു അശുവാണ്‌. ചേച്ചി ആ ചേട്ടന്റെ ഒരു 3-4 ഇരട്ടിയുണ്ട്‌. എങ്ങനെ ആ ചേട്ടന്‍ ചേച്ചിയെ പൊക്കി കാറില്‍ കേറ്റും??സംവിധായകന്‍ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നു കാണാന്‍ ഞാനും കുരുട്ടും ആകാംക്ഷയോടെ കാത്തിരുന്നു.

പക്ഷെ സംവിധായകന്‍ ഞങ്ങളെ അതിവിദഗ്ദമായി പറ്റിച്ചു. അടുത്ത സീനില്‍ കാണുന്നത്‌ ആ ചേച്ചി ഒരു കട്ടിലില്‍ കിടക്കുന്നതാണ്‌.ഹോസ്പിറ്റലൊന്നുമല്ല.ഒരു വീടാണ്‌. ഇപ്പഴും ബോധം വന്നിട്ടില്ല. പക്ഷെ കാണുന്ന ഞങ്ങള്‍ക്ക്‌ ബോധമുണ്ടല്ലോ.അതുകൊണ്ടു തന്നെ ഈ കണ്ടതൊക്കെ അപ്പടി വിശ്വസിക്കാന്‍ എന്റെ മനസ്സു സമ്മതിച്ചില്ല.

"ആ ചേട്ടന്‌ എന്തായാലും ആ ചേച്ചിയെ പൊക്കാനുള്ള ആരോഗ്യമില്ല.ഒരു മനുഷ്യന്‌ താങ്ങനാവുന്ന ഭാരത്തിന്‌ ചില ലിമിറ്റൊക്കെയില്ലേ.അതു പോലെ തന്നെ കാറില്‍ നിന്നും ആ ചേച്ചിയെ പരസഹായമില്ലാതെ വീട്ടിനുള്ളിലെത്തിച്ചല്ലോ..ഇതെങ്ങനെ സാധിച്ചു?? " സംവിധായകന്‍ അവിടില്ലാത്തതു കൊണ്ട്‌ ഞാന്‍ തല്‍ക്കാലം കുരുട്ടിനോട്‌ ഈ ചോദ്യങ്ങളൊക്കെ ചോദിച്ച്‌ ആശ്വസിക്കാന്‍ ശ്രമിച്ചു.

"കഥയില്‍ ചോദ്യമില്ല.." കുരുട്ട്‌ വളരെ ചുരുങ്ങിയ വാക്കുകളില്‍ എന്റെ അന്തമില്ലാതെ നീളുന്ന സംശയങ്ങള്‍ക്കെല്ലാം ഉത്തരം തന്നു


ആ നല്ലവനായ ചേട്ടന്‍ കട്ടിലിനടുത്ത്‌ ഒരു കസേരയിലിരുന്ന്‌ ചേച്ചിയെ സഹതാപത്തോടെ ഉറ്റു നോക്കാന്‍ തുടങ്ങി. അപ്പഴാണ്‌ ഞങ്ങളും നായികയുടെ മുഖം കാണുന്നത്‌.അങ്ങനൊരു നടിയെ ഇതു വരെ കണ്ടിട്ടില്ല.

" നല്ല നിഷ്കളങ്കമായ മുഖം.അല്ലേ??" കുരുട്ട്‌ സ്നേഹവത്സല്യങ്ങളോടെ പറഞ്ഞു.

"അതേയതെ. ആരാ ഇത്‌? വല്ല പുതുമുഖവുമായിരിക്കും"

ചേച്ചി നന്നായി വിയര്‍ക്കുന്നുണ്ട്‌.അതു കണ്ടിട്ടാണെന്നു തോന്നുന്നു ചേട്ടന്‍ കസേരയില്‍ നിന്നെഴുന്നേറ്റു. ഫാന്‍ ഓണാക്കാനായിരിക്കുംന്നാണ്‌ ഞാന്‍ വിചാരിച്ചത്‌.അവിടെ സംവിധായകന്‍ വീണ്ടും എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ചേട്ടന്‍ അത്യാവശ്യപ്പെട്ട്‌ എഴുന്നേറ്റത്‌ ചേച്ചി കിടക്കുന്ന കട്ടിലില്‍ പോയി ഇരിക്കാനായിരുന്നു. എവിടെയോ എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌... വിചാരിച്ചതു പോലെ ഈ ചേട്ടന്‍ അത്ര നല്ലവനൊന്നുമല്ലാന്നു തോന്നുന്നു. ആ പാവം ചേച്ചിയാണെങ്കില്‍ ഇതൊന്നും അറിയുന്നുമില്ല. ഞങ്ങള്‍ക്കാകെ ടെന്‍ഷനായി.

"ഇയാളിതെന്തു തെമ്മാടിത്തരമാ കാണിക്കുന്നത്‌!!" കുരുട്ട്‌ രോഷം പ്രകടിപ്പിച്ചു. .

"ശരിക്കും... വൃത്തികെട്ട മനുഷ്യന്‍!!" ഞാനും പ്രതിഷേധിച്ചു.

ഇത്രേം സിനിമയൊക്കെ കണ്ട പരിചയം വച്ച്‌ ഒരു കാര്യം ഉറപ്പാണ്‌. ആ പാവം നായികയെ അവള്‍ടെ വിധിയ്ക്ക്‌ വിട്ടുകൊടുത്തിട്ട്‌ ക്യാമറ ഇനി ഫാനിന്റെ മോളിലോ അല്ലെങ്കില്‍ ആകാശത്ത്‌ ചന്ദ്രന്റെ മുകളിലോ ഒക്കെ ഫോക്കസ്‌ ചെയ്യാന്‍ പോകും. തിരിച്ചു വരുമ്പോള്‍ കാണാന്‍ പോകുന്നത്‌ ആ ചേച്ചി യക്ഷിയെപോലെ മുടിയൊക്കെ പടര്‍ത്തിയിട്ട്‌ ഘോരഘോരം കരയുന്നതായിരിക്കും (അപ്പോഴെക്കും ബോധം വന്നിട്ടുണ്ടെങ്കില്‍). "ഹീശ്വരാ.ഞാനിനി എന്തിനു ജീവിച്ചിരിക്കണം..." എന്ന മട്ടില്‍ ചില ഡയലോഗ്സും ഉണ്ടാകും.

കാര്യം സിനിമയൊക്കെയാണെങ്കിലും ധാര്‍മികരോഷം അടക്കാന്‍ വയ്യാതെ ടിവീലെക്കും തുറിച്ചുനോക്കിക്കൊണ്ടിരുന്ന ഞങ്ങള്‍ക്ക്‌ അടുത്ത സീനില്‍ തീരെ പ്രതീക്ഷിക്കാത്തതാണു കാണേണ്ടി വന്നത്‌.ഞെട്ടീന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും..ഏതെങ്കിലും ഒരു സിനിമാ-സീന്‍ കണ്ടിട്ട്‌ ഇത്രയും ശക്തമായി ഞാന്‍ ഞെട്ടീട്ടുള്ളത്‌ ജുറാസിക്‌ പാര്‍ക്കില്‍ ഓര്‍ക്കാപ്പുറത്ത്‌ ദിനോസര്‍ അലറീപ്പഴാണ്‌.എന്താ സംഭവംന്നു വച്ചാല്‍ ഞങ്ങളു പ്രതീക്ഷിച്ച പോലെ ക്യാമറ എങ്ങും പോയില്ല. അവിടെ തന്നെ ഫോക്കസ്‌ ചെയ്തിരുന്നു. അത്രതന്നെ..

വേഗം റിമോട്ടൊക്കെ തപ്പിപ്പിടിച്ച്‌ ടി.വി ഓഫ്‌ ചെയ്ത്‌ ഞങ്ങള്‍ കുറച്ചു നേരം മൗനം ആചരിച്ചു.

"അയ്യോ ഇതെന്തു സിനിമ!!" കുരുട്ട്‌ പതുക്കെ ഞെട്ടല്‍ രേഖപ്പെടുത്തി

"ഇതിനി മറ്റേ ടൈപ്പ്‌ സിനിമ വല്ലതുമാണോ??" ഞാന്‍ എന്റെ പൊതുവിജ്ഞാനം എടുത്തു പ്രയോഗിച്ചു..

"ഏയ്‌ അതൊന്നും ടി.വീല്‍ കാണിക്കില്ല" കുരുട്ട്‌ ഫുള്‍-കോണ്‍ഫിഡന്‍സില്‍ പറഞ്ഞു

"എങ്കില്‍ പിന്നെ വല്ല അവാര്‍ഡ്‌ സിനിമയുമായിരിക്കും..ജീവിതം പച്ചയയി ആവിഷ്കരിക്കുന്ന തരത്തിലുള്ള വല്ലതും"

" ആയിരിക്കും..എന്നാലും ഇതിത്തിരി കൂടിപ്പോയി"

ഞാനും കുരുട്ടിനെ അഭിപ്രായത്തോട്‌ യോജിച്ചു. ഞങ്ങള്‍ പിന്നേം നല്ല കുട്ടികളായി നമ്മടെ പാവം ഡി.ഡി ഫോറിലേക്കു തന്നെ തിരിച്ചു പോയി. അതാവുമ്പോ ഇമ്മാതിരി അപകടങ്ങളൊന്നുമിലല്ലോ..

ഡെല്‍ഹിയില്‍ നടന്ന ഈ സംഭവത്തിന്റെ രണ്ടാം ഘട്ടം അരങ്ങേറിയത്‌ അങ്ങു ദൂരെ തിരുവനന്തപുരത്താണ്‌.ലീവിനു വീട്ടിലെത്തിയ കുരുട്ട്‌ ടിവിചാനലുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിന്നതിനിടയില്‍ പെട്ടെന്നൊരു മുഖം- ഞങ്ങള്‍ടെ അന്നത്തെ നായികയുടേത്‌. ആളെ ആരോ ഇന്റര്‍വ്യൂ ചെയ്യുകയാണ്‌. ഷക്കീല എന്നാണ്‌ പേരെന്നൊക്കെ കുരുട്ട്‌ നോട്ട്‌ ചെയ്തു.തിരിച്ചു വന്നിട്ട്‌ എന്റെയും സിനിമാപരിജ്ഞാനം വര്‍ദ്ധിപ്പിക്കണമല്ലോ..ഇന്റര്‍വ്യൂന്റെ ഇടയ്ക്കെപ്പോഴോ താന്‍ മോറലുള്ള സിനിമകളില്‍ മാത്രമെ അഭിനയിക്കൂ എന്ന്‌ നായിക ഒരു പ്രഖ്യാപിച്ചത്‌ കുരുട്ടിന്‌ ശരിക്കുമങ്ങ്‌ ബോധിച്ചു.

"നോക്കമ്മാ ഒരു പുതിയ നടി.നല്ല സിനിമകളിലെ അഭിനയിക്കുകയുള്ളൂന്നാണ്‌ പറയുന്നത്‌"

" പിന്നെ പിന്നെ അതാരാണെന്നു നിനക്കറിയുമോ?"

" പിന്നില്ലേ. ശരിക്കും നല്ല ബോള്‍ഡായ നടിയണ്‌. അറിയുമോ ഞങ്ങള്‌ ഇവര്‍ടെ ഒരു സിനിമ കണ്ടിട്ടുണ്ട്‌.പക്ഷെ ഇത്രയ്ക്കും വല്യ താരമാണെന്ന്‌ അറിയില്ലയിരുന്നു.."

പിന്നങ്ങോട്ട്‌ കുരുട്ടിന്‌ അമ്മയുടെ വക ഉപദേശങ്ങള്‍ടെ പെരുമഴയായിരുന്നു. അതില്‍ ഒരു തരി പോലും ചോര്‍ന്നു പോകാതെ എനിക്കും കിട്ടി-ഫോണ്‍ വഴി. എന്നാലെന്താ.. കണ്ണില്‍ കാണുന്ന എല്ലാ നടീനടന്മാരെപറ്റിയും അഭിപ്രായപ്രകടനം നടത്തുന്ന ഞങ്ങളോട്‌ ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ ഷക്കീലയെപറ്റിയും ധൈര്യമായി അഭിപ്രായിക്കാലോ..അങ്ങനെ ചുമ്മാതൊന്നുമല്ല..അവര്‍ടെ സിനിമ കണ്ടുള്ള പരിചയം വച്ചു തന്നെ.പക്ഷെ ഒരു ചിന്ന പ്രശ്നം..തല്‍ക്കാലം ഷക്കീലയുടെ ലുക്കിനെ പറ്റി മാത്രമേ പറയാന്‍ പറ്റൂ. ആക്ടിംഗ്‌ സ്കില്‍സിനെ പറ്റി വല്ലോരും ചോദിച്ചാല്‍ കുടുങ്ങും.. കാരണം ഞങ്ങള്‍ കണ്ട സീനിലെല്ലാം പാവം ഷക്കീല അഭിനയിക്കാന്‍ പറ്റാതെ ബോധം കെട്ടു കിടക്കുകയായിരുന്നല്ലോ.. .