Tuesday, May 25, 2010

ഇറ്റാലിയൻ വിശേഷങ്ങൾ..(2)

വിമാനത്തിൽ കയറി രണ്ടു ജ്യൂസ്‌ കുടിച്ചു കഴിഞ്ഞപ്പോഴേക്കും ലാൻഡിംഗ്‌ അനൗൺസ്മന്റ്‌ വന്നു. ഇറ്റലിയിലെ മിലൻ എയർപോർട്ടിലെക്ക്‌ ഉടനെ തന്നെ ലാൻഡ്‌ ചെയ്യുമത്രേ.. ഞാൻ എത്തി വലിഞ്ഞു വിൻഡോയിലൂടെ നോക്കി.. ഇറ്റലിയുടെ വിശ്വപ്രസിദ്ധമായ ആ രൂപമുണ്ടല്ലോ- മെഡിറ്ററേനിയൻ സീയിലേക്കു ചവിട്ടി നിൽക്കുന്ന ഒരു ബൂട്ടിന്റെ രൂപം- അതിന്റെ വല്ല അറ്റവും വാലുമൊക്കെ കാണുമോന്നറിയാൻ.. പക്ഷെ കാര്യമായൊന്നും തടഞ്ഞില്ല.. ചിലപ്പോൾ കുറച്ചു കൂടി മുകളിൽ നിന്നു നോക്കണമായിരുന്നിരിക്കും. എന്തായാലും ദാ ഇറ്റലീടെ പടം താഴെ. ഞാൻ എടുത്തതൊന്നുമല്ല കേട്ടോ..


മിലനിൽ വിമാനമിറങ്ങിയതും ആകെയൊരു സന്തോഷം.. അങ്ങനെ ഞങ്ങൾ ആദ്യമായി ഇറ്റാലിയൻ മണ്ണിൽ കാലു കുത്തിയിരിക്കുകയാണ്‌. പക്ഷെ ഇവിടങ്ങനെ അധികനേരം സന്തോഷിച്ചു നിൽക്കാൻ പറ്റില്ല.. റോമിലേക്കുള്ള കണക്ടിംഗ്‌ ഫ്ളൈറ്റ്‌ അതിന്റെ പാട്ടിനു പോകും. ബാക്കി സന്തോഷപ്രകടനമൊക്കെ റോമിലെത്തിക്കഴിഞ്ഞിട്ടാവാമെന്ന്‌ തീരുമാനിച്ച്‌ ഞങ്ങൾ വേഗം തന്നെ അടുത്ത ഫ്ളൈറ്റിനുള്ളിൽ കയറി പറ്റി.ഒന്നിരുന്നു ലെവലായ പാടെ എയർഹോസ്റ്റസ്‌ ചേച്ചി ദാ ജ്യൂസും കൊണ്ടു വരുന്നു. കഴിഞ്ഞ വിമാനത്തിൽ വച്ചു കഴിച്ചു മതിയായ പൈനാപ്പിൾ ജ്യൂസിനെ മാറ്റി ഇത്തവണ ഓറഞ്ച്‌ ജ്യൂസ്‌ ഓർഡർ ചെയ്തു. ദാ വരുന്നു കഫ്സിറപ്പിന്റെ മാതിരി ചുവപ്പു കളറിലുള്ള ഒരു പാനീയം. അയ്യോ സാധനം മറിപ്പോയി ചേച്ചീ എന്നു പറയാൻ നാവെടുത്തതാണ്‌.. അപ്പോഴാണ്‌ തലചോറിൽ ഒരു ട്യൂബ്‌ലൈറ്റ്‌ ഓണായത്‌.. ദൈവമേ ഇത്‌ ഇത്‌.. ഇതല്ലേ അത്‌.. യൂറോപ്പിന്റെ -പ്രത്യേകിച്ചും ഇറ്റലി,സ്പെയിൻ എന്നിവിടങ്ങളിലെ- സ്പെഷ്യാലിറ്റിയായ ബ്ളഡ്‌ റെഡ്‌ ഓറഞ്ച്‌!! പണ്ടേതോ പാചകബ്ളോഗിൽ ഇതിനെ കണ്ടു കൊതി വിട്ടു നിന്നതാണ്‌.അതിതാ ജീവനോടെ മുന്നിൽ.. ഒരു ഗ്ളാസ്‌ ജ്യൂസും കൂടി മേടിച്ചു കുടിച്ചു.. ടേസ്റ്റൊക്കെ ഏതാണ്ട്‌ സാധാരണ ഓറഞ്ചിന്റേതൊക്കെ തന്നെ. എന്നാലും ഇനിയെപ്പോഴാ ഈ ചാൻസ്‌ കിട്ടുന്നതെന്നറിയില്ലല്ലോ.. ദാ നിങ്ങൾടേയും വിജ്ഞാനം വർദ്ധിപ്പിക്കാനായി അതിന്റെ പടം .

Image Courtesyhttp://timeinthekitchen.com

റോമിൽ നിലം തൊട്ടതും ആദ്യം ചെയ്തത്‌ വാച്ചിലെ സമയം ഒരു മണിക്കൂർ മുന്നോട്ടാക്കുകയാണ്‌. വെറുതെയൊന്നുമല്ല..ഇവിടെ ടൈംസോൺ GMT+1 ആണ്‌.. അതുകൊണ്ടന്താ.. ഒരു മുഴുവൻ മണിക്കൂർ സമയം ആർക്കും ഉപകാരമില്ലാതെ ഒറ്റയടിക്കു പോയിക്കിട്ടി (ഈ ടൈംസോൺ കണ്ടു പിടിച്ചവനെ ഭൂമദ്ധ്യരേഖക്കു ചുറ്റും പത്തു പ്രാവശ്യം ഓടിക്കണം..ഹല്ല പിന്നെ..). എയർപോർട്ടിൽ നിന്നും നേരെ റെയിൽവേസ്റ്റേഷനിലേക്ക്‌..പറയാൻ മറന്നു..റോമിൽ രണ്ടു എയർപ്പോർട്ടുകളുണ്ട്‌ കേട്ടോ.. -Fiumicino-യും Campino-യും (ഇതെങ്ങനെയാണ്‌ ഉച്ചരിക്കുകയെന്നു സത്യമായും എനിക്കറിയില്ല..). ഇതിൽ ആദ്യത്തേതിന്‌ ലിയനാർഡോ ഡാവിഞ്ചി എയർപോർട്ടെന്നും പേരുണ്ട്‌. അവിടെയാണ്‌ വിമാനം ഞങ്ങളെ കൊണ്ടു ചാടിച്ചിരിക്കുന്നത്‌. ഈ രണ്ട്‌ എയർപോർട്ടുകളും നഗരമധ്യത്തിൽനിന്നു കുറച്ചു വിട്ടിട്ടാണ്‌ .. എന്നാലും പേടിക്കാനില്ല.. ഫ്രീക്വന്റ്‌ ട്രെയിൻ സർവീസ്‌ ഉണ്ട്‌ രണ്ടിടത്തേക്കും. അതവിടെ നിൽക്കട്ടെ.. നമ്മക്ക്‌ കഥയിലേക്കു തിരിച്ചു വരാം. ഞങ്ങൾക്കു പോവേണ്ടത്‌ ഓസ്റ്റ്യൻസ്‌ (Osteince) സ്റ്റേഷനിലേക്കാണ്‌. ഏറ്റവും ദരിദ്രവാസി ട്രെയിനായ റീജിയയണൽ ആണ്‌ ഞങ്ങൾ സെലക്ട്‌ ചെയ്തത്‌.പക്ഷെ നല്ല വൃത്തീം വെടിപ്പുമുള്ള ട്രെയിൻ..ഒറ്റ പ്രശ്നമേയുള്ളൂ..ട്രെയിനിന്റെ എല്ലാ ജനലുകളിലും കലാപരമായി പെയിന്റു കൊണ്ടു ഓരോരോ ചിത്രപ്പണികൾ.കംപ്ളീറ്റ്‌ കാഴ്ചയും മറച്ചു കൊണ്ട്‌.. പൊതുജനങ്ങളുടെ വക അവരെക്കൊണ്ടു കഴിയുന്ന പോലുള്ള ഗ്രാഫിറ്റികൾ.. ഒരു മാതിരി എല്ലാ കമ്മ്യൂട്ടർ ട്രെയിനുകളും ഇക്കൂട്ടർടെ പെയിന്റിംഗ്‌ ക്യാൻവാസാണെന്നു തോന്നുന്നു. പക്ഷെ സത്യം പറയാലോ.. കാണാൻ നല്ല ഭംഗിയാണ്‌ ഈ മൾടികളർ ട്രെയിനുകളെ.. വിൻഡോയിൽ ഒക്കെ സ്റ്റൈലൻ നിറങ്ങൾ വാരിപ്പൂശിയിരിക്കുന്നതു കൊണ്ട്‌ ഒരുമാതിരി ഡിസ്കോയിലിരിക്കുന്നതു പോലെ ആണ്‌ ട്രെയിനിനകത്തിരിക്കുമ്പോൾ..എന്തായാലും എനിക്കിഷ്ടപ്പെട്ടു സംഭവം


ട്രെയിനുള്ളിൽ തന്നെ ഓരോ സ്റ്റേഷനുമെത്തുമ്പോൾ അനൗൺസ്‌ ചെയ്യുന്നതു കൊണ്ട്‌ പുറത്തേക്കു നോക്കി സ്റ്റേഷന്റെ പേര്‌ വായിച്ചെടുക്കെണ്ട കാര്യവുമില്ല. സ്റ്റേഷനുകൾടെ പേരു ഡിസ്പ്ളേ ചെയ്യുന്നത്‌ വായിച്ചും കേട്ടുമൊക്കെ ട്രെയിനിൽ വച്ചു തന്നെ ഞങ്ങൾക്ക്‌ ഇറ്റാലിയൻ ഭാഷയിലുള്ള അവഗാഹം അങ്ങോട്ട്‌ അപാരമായി വർദ്ധിച്ചു കേട്ടോ.. ഇറ്റാലിയനിലെ ആദ്യപാഠം ഇതാണ്‌. ഈ ഭാഷയിൽ, നമ്മുടെ അക്ഷരമാലയിലെ ‘ടഠഡഢ’ എന്നീ കഠിന ശബ്ദങ്ങളൊന്നുമില്ല.. അതിനു പകരം ‘തഥദധ’ ഈ ശബ്ദങ്ങളാണ്‌.. അതുപോലെ ‘റ്റ’ക്കു പകരവും ‘ത’ ആണ്‌. അതായത്‌ ഇറ്റലി-ക്ക്‌ അവർ ഇത്തലി എന്നാണു പറയുന്നത്‌ .പിന്നെ, ഓരോ വാക്കിലെയും അക്ഷരങ്ങൾ വള്ളിപുള്ളി വിടാതെ ഉച്ചരിക്കണമെന്നു അവർക്കു നിർബന്ധമാണ്‌.. ഇടക്കിടക്ക്‌ ഓരോ വവൽസിനെ പിടിച്ച്‌ സൈലന്റാക്കുന്ന സാധാരണ ഇംഗ്ളീഷ്‌ ക്രൂരകൃത്യങ്ങളൊന്നും ഇവിടെ പറ്റില്ല .ഒറ്റ അക്ഷരം പോലും വേസ്റ്റാക്കരുതെന്നു ഇറ്റലിക്കാർക്ക്‌ വല്യ നിർബന്ധമാണ്‌. ഒരുദാഹരണത്തിന്‌ Osteince - എന്നതിനെ ഉള്ള വിവരം വച്ച്‌ നമ്മള്‌ 'ഓസ്റ്റ്യൻസ്‌' എന്നു വിളിക്കും.. എന്നാൽ ഇറ്റലിക്കാർ അതിനെ 'ഓസ്തായാൻസെ' എന്നേ വിളിക്കൂ.. അദാണ്‌. അതുപോലെ ചില സ്ഥലപ്പേരിനൊക്കെ ഇത്തിരി മുറുക്കം കൂടുതലാണെന്നു തോന്നീട്ടാണോ എന്തോ, ഓരോ വവൽസൊക്കെ അവിടേം ഇവിടേം ഒക്കെ ഇട്ട്‌ ഒന്നു ലൂസാക്കിയെടുക്കും ഇവിടുത്തുകാർ. അങ്ങനെയാണ്‌ ഇറ്റാലിയനിലേക്കു വരുമ്പോൾ റോം റോമായും, മിലൻ മിലാനോ-യും, നേപിൾസ്‌ നപോളിയുമൊക്കെ ആയി മസിലൊന്ന്‌ അയച്ചു പിടിക്കുന്നത്‌.

ഓ.കെ.. അങ്ങനെ ട്രെയിനിൽ വച്ചു ഫ്രീ ആയി കിട്ടിയ ഇറ്റാലിയൻ പരിജ്ഞാനവും അതിന്റെ ഫലമായുണ്ടായ വാനോളം ആത്മവിശ്വാസവുമായി ഞങ്ങൾ ഓസ്ത്യാൻസെ സ്റ്റേഷനിലിറങ്ങി. ഇനിയൊക്കെ എനിക്കു കാണാപ്പാഠമാണ്‌. സ്റ്റേഷനു മുന്നിലെ പിയാസയിലേക്കു പോണം .716 നംബർ ബസ്‌ പിടിക്കണം.രണ്ടാമത്തെ സ്റ്റോപ്പ്‌ ഞങ്ങൾടെ ഹോട്ടൽ. (പിയാസയോ..അതാര്‌!! എന്നന്ധാളിച്ചിരിക്കുന്ന നിരക്ഷരകുക്ഷികൾക്കായി- പിയാസ (piazza )എന്നു വച്ചാൽ സ്ക്വയർ. അതായതു നമ്മുടെ കോഴിക്കോട്‌ മാനാഞ്ചിറ സ്ക്വയറിനെ ഇറ്റലിക്കാരുടെ കയ്യിൽ കിട്ടിയാൽ അവരതിനെ ‘പിയാസാ മാനാഞ്ചിറേ’ എന്നു വിളിക്കും. ഇപ്പോൾ മനസിലായില്ലേ. ഈ പിയാസകൾ ഇറ്റലിയുടെ ജീവനാഡികളാണ്‌. അതാണ്‌ ഇവിടുത്തെ ലാൻഡ്‌ മാർക്കുകൾ.. ഇറ്റാലിക്കാരുടെ കലാബോധത്തിന്റെ ഉദാഹരണങ്ങളാണ്‌ ഈ സ്ക്വയറുകൾ.. ഓരോന്നിലും എന്തെങ്കിലും ഉണ്ടാകും- നോക്കുന്നവരെ ‘ ശ്ശോ എന്തൊരു ഭംഗി എന്നു പറയിക്കാതെ ഒരു പിയാസയും വിടില്ല. ഒന്നുകിൽ ഒരു ശില്പം, അല്ലെങ്കിൽ ഒരു ഫൌണ്ടെയ്ൻ, ഒന്നുമില്ലെങ്കിൽ ഒരു കൊച്ചു പൂന്തോട്ടം.കണ്ണിനു വിരുന്നായി എന്തങ്കിലുമുണ്ടാകും അവിടെ. ചുമ്മാതല്ല കേട്ടോ.. ഇതിൽ കുറെയെണ്ണം ഡിസൈൻ ചെയ്തിരിക്കുന്നത്‌ ഡാവിഞ്ചിയും ബെർനിനിയും പികാസോയും മൈക്കലാഞ്ചലോയും ഒക്കെയാണ്‌. പിന്നെങ്ങനെ മോശം വരാൻ.).

അപ്പോൾ പറഞ്ഞപോലെ സ്റ്റേഷനു മുന്നിലുള്ള പിയാസയിലെക്ക്‌ ഞങ്ങൾ വലതു കാലു വച്ചിറങ്ങി. അതിനെ ചുറ്റിയാണ്‌ റോഡ്‌. ബസുകൾ വന്നും പോയുമൊക്കെ ഇരിക്കുന്നുണ്ട്‌,. ഞങ്ങൾടെ 716 മാത്രം കാണാനില്ല. അവസാനം ഞങ്ങൾ പൊതുജനങ്ങളുടെ സഹായം തേടാൻ തന്നെ തീരുമാനിച്ചു. ആദ്യം കിട്ടിയത്‌ വയസായ രണ്ടമ്മൂമ്മമാരെ. അവരെ സംബന്ധിച്ചിടത്തോളം ഇംഗ്ളീഷ്‌ എന്നൊരു ഭാഷയേ എക്സിസ്റ്റ്‌ ചെയ്യുന്നില്ല. എന്നാലും ഞങ്ങൾ പ്രതീക്ഷ കൈവിടാതെ 716 എന്നെഴുതികണിച്ചു കൊടുത്തു( അതിനെ റോമൻ അക്കത്തിലേക്കു മാറ്റാൻ ഞാൻ ഒന്നു ശ്രമിച്ചു നോക്കിയതാണ്‌.. പക്ഷെ എന്നെകൊണ്ടു പറ്റിയില്ല). എന്തായാലും അക്കത്തിലെഴുതീപ്പോൾ അമ്മൂമ്മമാർക്കു മനസിലായി. രണ്ടു പേരും മത്സിച്ചു കുറെ ഗൈഡൻസ്‌ തന്നു. അതിൽ ആകെ ഞങ്ങൾക്കു മനസിലായതു ’പിയാസ‘ എന്നതു മത്രം!! താങ്ക്സ്‌ പറഞ്ഞ്‌ അവരെ ഒഴിവാക്കിയതിനു ശേഷം ഞങ്ങൾ അടുത്ത ആളെ പിടികൂടി. അങ്ങേരു പിന്നെ ഞങ്ങളെ കണ്ടതും ’നോ ഇംഗ്ളീഷ്‌ ' എന്നും പറഞ്ഞ്‌ സ്ഥലം കാലിയാക്കി. പിന്നങ്ങോട്ട്‌ കണ്ണിൽ കണ്ടവരോടെല്ലാം വഴി ചോദിക്കൽ യജ്ഞമായിരുന്നു. വഴി കിട്ടിയില്ലെങ്കിലും മർമപ്രധാനമായ മൂന്നു ഇറ്റാലിയൻ വാക്കുകൾ ഞങ്ങൾ പഠിച്ചു- സീ (yes) , ഗ്രാസ്യാസ്‌(thanks), ബോൻജ്യോന്നോ (good day). പിന്നങ്ങോട്ടു ഇതു മൂന്നും വച്ചുള്ള പയറ്റായിരുന്നു. ഞങ്ങൾടെ കുറെ 'സീ'കളും 'ബൊൺജ്യോന്നോ'കളും വേസ്റ്റായതല്ലാതെ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല. നാലു ദിവസം കൊണ്ടു ഇറ്റലി ഓടിനടന്നു കാണാൻ വന്ന ഞങ്ങളാണ്‌.. ലക്ഷണം കണ്ടിട്ടു നാലു ദിവസവും ഈ പിയാസയെ ചുറ്റുചുറ്റി ജീവിതം പാഴയിപ്പോവാനാണ്‌ എല്ലാ സാധ്യതയും. വെയ്റ്റ്‌.. അവസാനത്തെ കച്ചിതുരുമ്പു പോലെ ദാ നിൽക്കുന്നു രണ്ടു കന്യാസ്ത്രീകൾ. നാടെങ്ങും പോയി പ്രേക്ഷിത പ്രവർത്തനം നടത്താൻ നിയുക്തരായവരല്ലേ.. അപ്പോൾ എന്തായാലും ഇംഗ്ളീഷ്‌ അറിയാമായിരിക്കും. എന്നൊക്കെ ഞങ്ങള്‌ വെറുതേ മനക്കോട്ട കെട്ടീതാണെന്നു സംസാരിച്ചു തുടങ്ങീപ്പോഴേ മനസിലായി. എന്നാലും പ്രതീക്ഷ കൈവിട്ടു പോവാതിരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചു. ‘കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരൂടീ പെങ്കൊച്ചേ’ എന്ന്‌ എന്റെ വല്യമ്മച്ചി ഇടകിടക്കേ പറയാറുണ്ട്‌.. ആ ഒരു ധൈര്യവും മുറുകെ പിടിച്ചു ഞങ്ങൾ ആ പിയാസയിലൂടെ ഒരിംഗ്ളീഷുകാരൻ/കാരിയെയും തേടി അലഞ്ഞു.അവസാനം കിട്ടി ഒരു ചേട്ടനെ.. അങ്ങേർക്‌ ഇംഗ്ളീഷ്‌ കേട്ടാൽ മനസിലാവും.. പക്ഷെ പറയാൻ അറിയില്ല. കോളമ്പോ ക്രിസ്റ്റഫറോ (ഞങ്ങൾക്കു പോവേണ്ട സ്ഥലം)-ലേക്കു എങ്ങനെ എത്തിച്ചേരുമെന്നുള്ള ചോദ്യം അങ്ങേർക്കു മനസിലായെങ്കിലും പറഞ്ഞ ഉത്തരം ഞങ്ങൾക്കു പിടികിട്ടിയില്ല.കുറ്റം പറയരുതല്ലോ.. ആ ചേട്ടൻ മാക്സിമം ശ്രമിച്ചു. പാവത്തിന്റെ കഷ്ടപ്പാട്‌ കണ്ട്‌ ‘ എന്റെ ദൈവമേ പണ്ട് ഇംഗ്ളീഷുകാർക്കു കൊണ്ടു പോയി പണ്ടാരമടങ്ങുന്നതിനു പകരം ഇന്ത്യയെ ഇറ്റലിക്കാരെ കൊണ്ടു ഭരിപ്പിച്ചൂടായിരുന്നോ’ എന്നു ഞാൻ ദൈവത്തെ വരെ ചോദ്യം ചെയ്തു പോയി.അങ്ങനെയായിരുന്നെങ്കിൽ ഈ ഭാഷാപ്രശ്നമേ ഉദിക്കില്ലയിരുന്നു.. ങ്‌ഹാ.. പണ്ടു നടത്തിയ പ്ളാനിംഗിനെ പറ്റി ഇത്രയും കൊല്ലം കഴിഞ്ഞു പാവം ദൈവത്തെ ക്വസ്സ്റ്റ്യൻ ചെയ്തിട്ടു വല്ല കാര്യവുമുണ്ടോ.. എന്തായാലും അവസാനം മനസിലാക്കിയും മനസിലാക്കിച്ചും ഞങ്ങൾ രണ്ടു കൂട്ടരും അവശരായീന്നു പറഞ്ഞാൽ മതിയല്ലോ. അവസാനം ചേട്ടൻ പറഞ്ഞു ‘‘ബസ്‌ ദ്രൈവർ ബസ്‌ ദ്രൈവർ’’എന്ന്‌. അതെ അതും കറക്ട്‌.. ബസ്‌ ഡ്രൈവർമാരോടു ചോദിച്ചു നോക്കാം.. അവർക്കറിയുമായിരിക്കുമല്ലോ . ഞങ്ങൾ ഏറ്റവും കൂടുതൽ ബസുകൾ നിർത്തുന്ന സൈഡിൽ പോയി നിന്നു.

ഏതു ബസിനെ ആദ്യം തടയണം എന്നു കൂലംകഷമായി ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അതാ ഞങ്ങൾ കേൾക്കാൻ കൊതിച്ചിരുന്ന ആ വാക്ക്‌..

"ഇംഗ്ളീഷ്‌?"

ഞങ്ങൾ മൂന്നു പേരും ഒരേ സ്പീഡിൽ തിരിഞ്ഞ് നോക്കി.. ദാ നില്ക്കുന്നു ഒരു ജപ്പൻകാരൻ. ഞങ്ങൾടെ പരക്കം പാച്ചിൽ കണ്ടു സഹായിക്കാൻ വന്നതാവും..

“യെസ്” ഞങ്ങൾ

“ഇറ്റാലിയൻ”? അയാൾ

നോ” !! ഞങ്ങൾ

പാവം തെറ്റിദ്ധരിച്ചതാണ്‌.. ആ പയ്യനും ഞങ്ങളെപോലെ ഇംഗ്ളീഷും തേടി നടക്കുകയാണ്‌. അങ്ങേർടെ കൈയിലാണെങ്കിൽ പോവേണ്ട റൂട്ട് ഇറ്റാലിയനിൽ ആണ്‌ എഴുതി വച്ചിരിക്കുന്നത്‌.. ഇങ്ങനെ കുറെ അലഞ്ഞപ്പോൾ ആരെങ്കിലും എഴുതിക്കൊടുത്തതായിരിക്കും. ഞങ്ങൾക്കാണെങ്കിൽ അറ്റ്ലീസ്റ്റ്‌ പോവേണ്ടത്‌ എങ്ങോട്ടണെന്നെങ്കിലും അറിയാം. അപ്പോൾ ഞങ്ങളുടേതിലും ഭീകരമായ അവസ്ഥയിലുള്ളവരും ഉണ്ടെന്നറിഞ്ഞപ്പോൾ ഒരു കുഞ്ഞ്‌ ആശ്വാസം തോന്നി .എന്തായാലും ഞങ്ങള്‌ ഏഷ്യക്കാര്‌ യൂറോപ്പിന്റെ മണ്ണിൽ വച്ചു പരസ്പരം ദുഖങ്ങളൊക്കെ പങ്കു വെയ്ക്കാൻ തുടങ്ങി. പയ്യനും ഞങ്ങളെ പോലെ ഇംഗ്ളീഷുകാരെ തേടിയിറങ്ങാൻ പോവുകയാണ്‌. എന്തായാലും ഞങ്ങൾ കവർ ചെയ്ത ഏരിയയിലൊന്നും ഇംഗ്ളീഷ്‌ അറിയുന്ന ആരുമില്ലെന്ന മഹത്തായ ഇൻഫർമേഷൻ ഞങ്ങൾ പകർന്നു കൊടുത്തു. വെറുതെ അയാൾടെ സമയം കൂടി കളയണ്ടല്ലോ .അതു കേട്ടതും അയാള്‌ ഏതോ ബസിൽ കയറി എങ്ങോട്ടോ പോവുന്നതു കണ്ടു.. മനസു മടുത്തിട്ടു തിരിച്ചു ജപ്പാനിലേക്കായിരിക്കും.. പാവം..

എന്തായാലും ഞങ്ങൾ അതുകൊണ്ടൊന്നും തളർന്നില്ല.. അന്വേഷണം ബസ്‌ഡ്രൈവർമാരിലേക്കു വ്യാപിപ്പിച്ചു.. നിർത്തുന്ന ബസിന്റെയൊക്കെ മുന്നിൽ ചെന്നു നിന്നു ചുമ്മാ ‘ കൊളമ്പോ ക്രിസ്റ്റഫറോ’ എന്നു പറഞ്ഞു നോക്കുക.. ആരെങ്കിലുമൊക്കെ പ്രതികരിക്കാതിരിക്കില്ലല്ലോ .. ഇതായിരുന്നു ഞങ്ങക്കുടെ സ്ട്രാറ്റജി. കുറ്റം പറയരുതല്ലോ.. ഒറ്റ മനുഷ്യരു പോലും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല. ഡ്രൈവർമാരുടെ കാര്യമാണെങ്കിൽ പറയാനില്ല..ഒരു മാതിരി കുമ്പസാരക്കൂട്ടിലിരിക്കുന്നതു പോലെയണ്‌ അവർടെ ഇരിപ്പ്‌..ഒരു ഗ്ളാസ് ക്യാബിനിനുള്ളിൽ.. ശ്വാസം കിട്ടാനാണെന്നു തോന്നുന്നു ഇടയ്ക്ക്‌ രണ്ടു മൂന്നു അഴിയിട്ടിട്ടുണ്ട്‌. അതിലൂടെ വേണം ഞങ്ങൾക്ക്‌ ദർശനം തരാൻ..ബസിൽ കയറി ക്യാബിനിൽ മുട്ടിയാലൊക്കെയെ ഡ്രൈവർ മൈൻഡ്‌ ആക്കൂ..അതും നിസംഗഭാവത്തിൽ ഒന്നു നോക്കീട്ട്‌ പിന്നേം മുഖം തിരിച്ചു കളയും. യാത്രക്കാരോടു മിണ്ടിയാൽ ഇവർക്കെന്താ വായിൽ നിന്നും മുത്തു പൊഴിയുമോ.. എന്തായാലും ഞങ്ങള്‌ ‘കൊളംബോ കൊളംബോ’ മുദ്രാവാക്യം നിർവിഘ്നം തുടർന്നു ..(കൊളംബോ ക്രിസ്റ്റഫറോ എന്നൊക്കെ മുഴുവനും വീണ്ടും വീണ്ടും പറയാനുള്ള എനർജി ഇല്ലായിരുന്നു. കൊളംബോ കേട്ട്‌ ആരെങ്കിലും തിരിഞ്ഞു നോക്കിയാൽ മാത്രം ബാക്കിയും കൂടെ പറഞ്ഞാൽ മതിയല്ലോ..യേത്‌).


മൂന്നു പേരും മൂന്ന്‌ സൈഡിലേക്കും നോക്കി കൊളമ്പോ എന്നു പ്രതീക്ഷയോടെ പറഞ്ഞുകൊണ്ടിരിക്കുകയാണ്‌.. അപ്പോഴതാ ഒരു മറുപടി..

“കൊളമ്പോ ക്രിസ്റ്റഫറോ”?

"സീ " "സീ" "സീ" - മൂന്നു പേരും ഓരോരോ സീ-യോടെ ചോദ്യത്തിനുടമയെ നോക്കി. അയാള്‌ ബസിനുള്ളിലെക്കു കയറുകയാണ്‌.. ഞങ്ങളോടും കൂടെ കയറാൻ ആംഗ്യം കാണിച്ചു. ഞങ്ങളും പിന്നാലെ ഓടിക്കയറി.. അയാൾ ബസിലെ തിരക്കിനിടയിളേക്കു അങ്ങു പോയി.. ഒരു ഗ്രാസ്യാസ്‌ പോലും പറയാൻ പറ്റിയില്ല. എന്തായാലും കുറച്ചു കഴിഞ്ഞപ്പോൾ അയാൾ തിക്കിതിരക്കി ഞങ്ങൾടെ അടുതെക്കു വന്നു. എന്നിട്ടു ഒരു സ്റ്റോപ്പിലിറങ്ങി. ഞങ്ങ്ളൊടും ഇറങ്ങാൻ പറഞ്ഞു.‘ഒക്കെ ചേട്ടൻ പറയുമ്പോലേ’ന്നുള്ള മട്ടിൽ ഞങ്ങളും ചാടിയിറങ്ങി. ഏതു ഹോട്ടലിലെക്കാണ്‌ പോവേണ്ടത്‌ എന്നു ചോദിച്ച്‌ അയാൾ ഹോട്ടലും കാണിച്ചു തന്നു. ഞങ്ങൾ മൂന്നു പേരും കൂടി നന്ദി പറഞ്ഞ്‌ അയാളെ കൊന്നില്ലെനേയുള്ളൂ. നോക്കി നില്ക്കേ അയാളങ്ങു നടന്നു പോയി ഒരു തിരിവിൽ മറഞ്ഞു. ഞങ്ങൾ നേരെ ഹോട്ടലിലെക്കും. രണ്ടു സ്റ്റെപ് വച്ചപ്പോഴേക്കും ആകെയൊരാശയക്കുഴപ്പം..മൂന്നു പേരും അങ്ങോട്ടുമിങ്ങോട്ടും നോക്കി..

പുറത്തേക്കു വന്നതു മൂന്നു സൌത്തിന്ത്യൻ ഭാഷകളിലായിരുന്നെങ്കിലും ഞങ്ങൾ മൂന്നു പേരും പറഞ്ഞതിന്റെ സാരാംശം ദാ ഇതായിരുന്നു..

ദൈവമേ അതു ഹിന്ദി അല്ലയിരുന്നോ!! ”

അതെ.. ആ മനുഷ്യം ഞങ്ങളോടു സംസാരിചതു മുഴുവൻ ഹിന്ദിയിലായിരുന്നെന്നു ഇപ്പോഴാണ്‌ മൂന്നു പേർക്കും ഒരേ പോലെ ബോധോദയം ഉണ്ടയത്‌. എന്തായാലും ആ ഹിന്ദിചേട്ടന്റെ സഹായം കൊണ്ടു മാത്രം പ്ളാൻ ചെയ്തതിലും ഒരു മണിക്കൂർ മാത്രം വൈകിയാണെങ്കിലും (ശരിക്കും 5 മിനിട്ടു പോലും എടുക്കില്ലായിരുന്നു) ഞങ്ങൾ വിജയകരമായി ഹോട്ടലിലെത്തിചേർന്നു.. അയ്യോ ഇതുങ്ങൾടെ ഒരു മണിക്കൂർ സമയം പോയല്ലോ എന്നോർത്ത്‌ വിഷമിക്കുന്നവരുടെ ശ്രദ്ധക്ക്‌ .. ഡോണ്ട്‌ വറി.. എല്ലാ ദിവസവും വഴി തെറ്റി നടക്കുന്നതിലേക്കായി ഞങ്ങൽ ഓരോ മണിക്കൂർ വച്ച്‌ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.. സ്വയം നല്ലതു പോലെ അറിയുനതു കൊണ്ടുള്ള ഒരു ചിന്ന മുൻകരുതൽ... ബു ഹ ഹ...

Sunday, May 16, 2010

ഇറ്റാലിയൻ വിശേഷങ്ങൾ..(1)

യൂ.കെ.യിൽ എത്തിയപ്പോൾ മുതൽ ഞാൻ വളരെ ആത്മാർത്ഥമായി വർക്ക്‌ ചെയ്തു കൊണ്ടിരുന്ന രണ്ടു പ്രോജക്ടുകളാണ്‌ മിഷൻ ഫ്രാൻസും മിഷൻ ഇറ്റലിയും. (കമ്പനി എനിക്കു തന്ന പ്രോജക്ടും മറ്റൊരു വഴിക്കങ്ങനെ നടക്കുന്നുണ്ടു കേട്ടോ..) എത്രയോ കാലങ്ങളായി സ്വപ്നം കണ്ടിരുന്ന സ്ഥലങ്ങളാണെന്നോ.. ഇതിപ്പോ കയ്യെത്തും ദൂരത്ത്‌.. ഈ അവസരം പാഴാക്കിക്കളഞ്ഞാൽ ഞാൻ പോലും എന്നോടു ക്ഷമിക്കില്ല- ദൈവത്തിന്റെ കാര്യം പിന്നെ പറയാനുണ്ടൊ.. എങ്ങനെ അവിടൊന്നു ചെന്നെത്താമെന്നതിനെ പറ്റിയുള്ള അന്വേഷണങ്ങൾ, ഗവേഷണങ്ങൾ, അഭിപ്രായങ്ങൾ, കണക്കുകൂട്ടലുകൾ (ഇമ്മിണി കാശുചെലവുള്ള പരിപാടിയാണേയ്‌..). അങ്ങനെ അവസാനം ഇക്കഴിഞ്ഞ ഈസ്റ്റർ അവധിക്കാലത്ത്‌ മിഷൻ ഫ്രാൻസ്‌ വിജയകരമായി(?) പൂർത്തിയാക്കി. കാണണമെന്നു വിചാരിച്ചതൊക്കെ കണ്ടു.. എന്നാലും ഒരു തൃപ്തിയില്ലായ്മ. ഒരു ടൂർ ഓപറേറ്റർ വഴിയാണ്‌ പോയത്‌. ചുമ്മാ ബസിലിരിക്കും, ഓരോ സ്ഥലവുമെത്തുമ്പോൾ ഇറങ്ങിച്ചെന്ന്‌ 'ശ്ശൊ പറഞ്ഞപോലെത്തന്നെ ഇതു കൊള്ളാലോ'ന്നു ആശ്ചര്യപ്പെടും,കുറെ ഫോടോയെടുക്കും, പിന്നേം തിരികെ ബസിലേക്ക്‌. അതിപ്പോ ടൂർ കമ്പനി വഴിയല്ല, അന്നാട്ടിലെ പരിചയക്കാരുടെ സഹായത്തോടെ പോയാലും ഇതു തന്നെ അവസ്ഥ. നമ്മളായിട്ട്‌ ഒന്നും ചെയ്യേണ്ടതില്ല.ഇങ്ങനാണോ ഒരു യാത്ര പോവേണ്ടത്‌! ഒരു നാടിനെ അറിയേണ്ടത്‌!! അതുകൊണ്ടു തന്നെ ഇറ്റലി യാത്രയ്ക്ക്‌ ഞാൻ രണ്ടും കൽപ്പിച്ച്‌ ആ റിസ്ക്‌ എടുക്കാൻ തീരുമാനിച്ചു. സ്വയം തീരുമാനിച്ച്‌, സ്വയം പ്ലാൻ ചെയ്ത്‌ സ്വന്തമായി നടത്തുന്ന ഒരു യാത്ര...അറിയാത്ത നാട്‌, അറിയാത്ത ഭാഷ..കൂട്ടിക്കൊണ്ടു പോയി സ്ഥലം കാണിച്ചു തരാൻ പരിചയക്കാരില്ല .എല്ലാം കൊണ്ടും പെർഫക്ടായ ഒരു 'സാഹസിക' ഇറ്റാലിയൻ യാത്ര. എല്ലാം വരുന്നിടത്തു വച്ചു കാണാം എന്ന മട്ടിലുള്ള രണ്ടു സഹയാത്രികരെ കൂടി സംഘടിപ്പിച്ചു കഴിഞ്ഞതോടെ മിഷൻ ഇറ്റലി ശരിക്കും ചൂടു പിടിച്ചു.


പിന്നെയങ്ങോട്ടു 3 ആഴ്ചകളോളം പ്ലാനിംഗ്‌ ആയിരുന്നു.പണ്ടു സ്കൂളിലെ ഹിസ്റ്ററി ക്ലാസിൽ പോലും ഞാൻ ഇത്രയും ആത്മാർത്ഥമായി ഒരു നാടിനെപറ്റിയും വായിച്ചു പഠിച്ചിട്ടില്ല. 'ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങൾ' -ഇതായിരുന്നു ഞങ്ങൾടെ പ്ലാനിംഗിന്റെ ബേസ്‌ ലൈൻ. ഇനിയിപ്പോ ഇതൊക്കെ വായിച്ച്‌ ആർക്കെങ്കിലും ഇറ്റലിയിൽ പോകണമെന്നു തോന്നിയാൽ, ദാ ഈ സംഭവങ്ങളൊക്കെ ഒന്നു മനസിലാക്കി വച്ചാൽ മതി.

1)http://www.trenitalia.com

ഇതു ഇറ്റലീടെ റെയിൽവേ വെബ്‌ സൈറ്റ്‌ ആണ്‌. മടിശീലയുടെ കനമനുസരിച്ച്‌ പല ടൈപ്പ്‌ ട്രെയിനുകൾ സെലക്ടു ചെയ്യാം അതിൽ ഏറ്റവും ഡ്യൂക്കിലിയാണ്‌ റീജിയണൽ ട്രെയിനുകൾ. ടിക്കറ്റ്‌ ചാർജ്‌ തീരെ കുറവ്‌, അതുകൊണ്ടെന്താ.. സ്പീഡും അത്‌ പോലെ തന്നെ തീരെക്കുറവ്‌. കൂട്ടത്തിൽ ഏറ്റവും അഹങ്കാരിയാണ്‌ യൂറോസ്റ്റാർ ട്രെയിൻ.(പേരൊന്നാണെങ്കിലും ഇതിനു ഫ്രാൻസ്‌, ബെൽജിയം, നെതർലാൻഡ്‌സ്‌,ലണ്ടൻ ഒക്കെ കണക്ട്‌ ചെയ്തോടുന്ന യൂറോസ്റ്റാറുമായി ഒരു ബന്ധവുമില്ല കേട്ടോ..). മുടിഞ്ഞ ചാർജാണ്‌. പക്ഷെ എത്തേണ്ട സ്ഥലങ്ങളിലൊക്കെ ശടേ പൂക്ക്‌-ന്ന്‌ എത്തിച്ചു തന്നോളും.പിന്നെ ഇതിന്റെ രണ്ടിന്റേം ഇടക്ക്‌ ഇന്റർസിറ്റി ട്രെയിനുകളും തേരാപ്പാരാ ഓടുന്നുണ്ട്‌. ഇനീപ്പോ ഇതിലും സ്പീഡിൽ എത്തണമെന്നു തോന്നിയാൽ ഫ്ലൈറ്റ്‌ പിടിക്കേണ്ടി വരും.(ഇറ്റലിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾടെയെല്ലാം അടുത്തു വിമാനത്താവളങ്ങളുണ്ട്‌.) ട്രെയിൻ ടിക്കറ്റൊക്കെ ഓൺലൈൻ ആയി ബുക്ക്‌ ചെയ്യാം.അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ തന്നെ 'ടിക്കറ്റിംഗ്‌ മെഷീൻസ്‌' ഉണ്ട്‌. അതിന്‌ അഞ്ചാറു ഭാഷകൾ മനസിലാകും.ദൈവാധീനംകൊണ്ട്‌ നമ്മുടെ ഇംഗ്ലിഷും അതിൽ ഒന്നാണ്‌.

2)http://www.atac.roma.it/

ഇതാണ്‌ റോമിന്റെ ബസ്‌ ഇൻഫർമേഷൻ സൈറ്റ്‌. കംപ്ലീറ്റ്‌ ബസുകളുടെ വിവരങ്ങളും ഇതിലുണ്ട്‌. എന്നാൽ പിന്നെ ഇതിൽ നോക്കി ആവശ്യം വന്നേക്കുമെന്നു തോന്നുന്ന ബസ്‌നമ്പറൊക്കെ കാണാപാഠം പഠിച്ചിട്ടു പോയേക്കാമെന്നു വിചാരിക്കുന്നവരുടെ ശ്രദ്ധക്ക്‌... രാത്രി പന്ത്രണ്ടു മണി കഴിഞ്ഞാൽ റോമിലെ സാധാരണ ബസ്‌ സർവ്വീസ്‌ സ്റ്റോപ്‌ ചെയ്യും. പിന്നെ നേരം വെളുക്കുന്നതു വരെ നൈറ്റ്‌ സർവ്വീസ്‌ ആണ്‌. അതു കൊണ്ട്‌ കാണാപാഠം പഠിക്കുമ്പോൾ നൈറ്റ്‌ സർവ്വീസ്‌ ബസുകൾടെയും കൂടി നമ്പർ ഓർത്തു വച്ചാൽ നല്ലത്‌. ഇനി ടിക്കറ്റിന്റെ കാര്യം. ബസിൽ കയറിയിട്ട്‌ 'ചേട്ടാ ഒരു ടിക്കറ്റു നോക്കട്ടെ' എന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. അവിടെ കണ്ടക്ടർമാരൊന്നുമില്ല. ഡ്രൈവർമാർക്കാണെങ്കിൽ ഇമ്മാതിരി ഇടപാടുകളിലൊന്നും ഒരു താൽപ്പര്യവുമില്ല താനും. എന്നാൽ പിന്നെ ടിക്കറ്റൊന്നും വേണ്ടായിരിക്കും എന്നൊന്നും ചാടിക്കയറി മോഹിച്ചു പോയേക്കരുത്‌. ബസിൽ കയറുന്നതിനു മുൻപു തന്നെ ടിക്കറ്റ്‌ മേടിച്ചിരിക്കണം. ഒരു മാതിരിപ്പെട്ട എല്ലാ കുഞ്ഞു കടകളിലും ടൊബാക്കൊ ഷോപ്പുകളിലുമൊക്കെ ബസ്‌ ടിക്കറ്റ്‌ കിട്ടും. അതും മേടിച്ചോണ്ട്‌ ബസിൽ കയറിയാൽ പിന്നേം ഒരു പണിയും കൂടി ബാക്കിയുണ്ട്‌-'ടിക്കറ്റ്‌ വാലിഡേഷൻ'.എല്ലാബസിന്റെയും ഉള്ളിൽ ഒന്നു രണ്ടു സ്ഥലത്തു ഒരു കുഞ്ഞു മഞ്ഞ ബോക്സ്‌ കാണാം.ഈ ടിക്കറ്റിനെ അതിന്റെ വായിലേക്കു വച്ചു കൊടുക്കുക. അതു കരകരാന്ന്‌ അപ്പോഴത്തെ ടൈമും ഡേറ്റുമൊക്കെ പ്രിന്റ്‌ ചെയ്തു കഴിഞ്ഞാൽ ടിക്കറ്റ്‌ നമ്മക്കിങ്ങോട്ടു തിരിച്ചെടുക്കാം.പിന്നെ സമാധാനമായി അങ്ങ്‌ യാത്ര ചെയ്തോളുക.. 'ഓ ഇതൊക്കെ ആരു നോക്കാനാ' എന്നും വിചാരിച്ച്‌ ടിക്കറ്റൊന്നുമെടുക്കാതെ ബസിനെ പറ്റിച്ചു കളയാം എന്നൊന്നും വിചാരിക്കണ്ട.നമ്മടെ നാട്ടിലേതു പോലെ തന്നെ ടിക്കറ്റ്‌ ചെക്കേഴ്സ്‌ ഏതു നിമിഷവും പ്രത്യക്ഷപെട്ടേക്കാം. ടിക്കറ്റില്ലെങ്കിലും, ഇനീപ്പം ടിക്കറ്റുണ്ടായിട്ടും അതു വാലിഡേറ്റു ചെയ്യാൻ മറന്നു പോയാലുമൊക്കെ ഫൈനടയ്ക്കേണ്ടി വരും. 'ടൂറിസ്റ്റാണ്‌, വിവരമില്ലാത്തതു കൊണ്ടാണ്‌' എന്നൊന്നും പറഞ്ഞാലൊന്നും ഒരു രക്ഷയുമില്ല. അപ്പോൾ ടിക്കറ്റെടുക്കണം എന്ന കാര്യത്തിൽ ഇനി സംശയമൊന്നുമില്ലല്ലോ. ഇനീപ്പോ ഏതു ടിക്കറ്റെടുക്കണമെന്നാലോചിക്കാം. 3-4 ടൈപ്പ്‌ ടിക്കറ്റുകളുണ്ട്‌. ദാ ലത്‌ താഴെ..

BIT- വാലിഡേറ്റു ചെയ്തു കഴിഞ്ഞാൽ 75 മിനിറ്റു വരെ ഈ ടിക്കറ്റുപയോഗിച്ചു യാത്ര ചെയ്യാം- ബസിലും മെട്രോയിലും..

BIG- ഒരു ദിവസത്തേക്കു മുഴുവൻ വാലിഡാണ്‌.. മതിയാവുന്നതു വരെ ബസിലും മെട്രൊയിലും കയറി ഇറങ്ങാം.

BTI- ഒറ്റ ടിക്കറ്റിൽ 3 ദിവസം മുഴുവൻ കഴിഞ്ഞുകൂടാം.ആരും ചോദിക്കാൻ വരില്ല...

പിന്നേം ഉണ്ട്‌ ഒന്നു രണ്ടു ടിക്കറ്റുകൾ വേറെ. അതിന്റെയൊക്കെ ഡീറ്റെയ്ൽസ്‌ ദാ മോളിൽ പറഞ്ഞ സൈറ്റിൽ പോയാൽ കിട്ടും.


ബസ്‌ മാത്രമല്ല കേട്ടോ, മെട്രോയും റോമിലുണ്ട്‌.ലണ്ടനിലേപ്പോലെ കണ്ടമാനം മെട്രോയൊന്നുമില്ല.. ആകെപ്പാടെ രണ്ടു ലൈനേയുള്ളൂ..Line A-യും B-യും . അതു കൊണ്ടു തന്നെ വളരെ ഈസി. രണ്ടു മെട്രോയും റോമിന്റെ ഹൃദയഭാഗമായ റോമാ ടെർമിനിയിൽ വച്ചു മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ.അതു കൊണ്ട്‌ ഒരു ലൈനിൽ നിന്നും മറ്റേ ലൈനിലേക്കു മാറണമെങ്കിൽ, റോമാ ടെർമിനിയിൽ ഇറങ്ങി മാറിക്കയറിയാൽ മതി. ങാ പറയാൻ വിട്ടു.. മെട്രൊയ്ക്കുള്ളിൽ ടിക്കറ്റ്‌ വാലിഡേഷനുള്ള ഡിങ്കോൾഫി ഒന്നും ഇല്ല. അതു മെട്രോ സ്റ്റേഷനുകളിൽ അങ്ങിങ്ങായി ഫിറ്റ്‌ ചെയ്തു വച്ചിരിക്കുകയാണ്‌. അതു കൊണ്ട്‌ മെട്രോയിൽ കയറുന്നറ്റിനു മുൻപു തന്നെ ടിക്കറ്റ്‌ വാലിഡേറ്റ്‌ ചെയ്യാനെങ്ങാനും മറന്നാൽ.. പിന്നത്തെ കാര്യം സ്വാഹ..

(ഇനിയൊരു സീക്രട്ട്‌.. നാലു ദിവസം റോമിലൂടെ തേരാപാരാസഞ്ചരിച്ചിട്ടും ഞാൻ എവിടെയും ഒറ്റ ടിക്കറ്റ്‌ ചെക്കറെ പോലും കണ്ടില്ല!!! )


3)http://www.roninrome.com/

ഇതു ഗവൺമന്റ്‌ വെബ്സൈറ്റൊന്നുമല്ല.ഒരു പ്രൈവറ്റ്‌ വെബ്സൈറ്റ്‌. റോമിനെ പറ്റി ഒരു ടൂറിസ്റ്റ്‌ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം അതിലുണ്ട്‌. അത്‌ ഒരു രണ്ടു-മൂന്നാവൃത്തി വായിച്ചു നോക്കിയാൽ പിന്നെ റോമിൽ ജീവിച്ചു പോകേണ്ടതെങ്ങനെ എന്നു റോമാക്കാര്‌ നമ്മളോടു ചോദിച്ചു മനസിലാക്കേണ്ടി വരും. ഒറ്റയടിക്ക്‌ അത്രയും വിവരമാണ്‌ കൂടികിട്ടുന്നത്‌.


4)http://www.ricksteves.com

ടൂർ ഗൈഡിനു കൊടുത്ത കാശുണ്ടായിരുന്നെങ്കിൽ ഒന്നു രണ്ടു സ്ഥലങ്ങളും കൂടി കാണാമായിരുന്നു എന്നു വിചാരിക്കുന്ന എന്നെപ്പോലുള്ള ദരിദ്രവാസി സഞ്ചാരികളുടെ കാണപ്പെട്ട ദൈവമാണിങ്ങേര്‌. യൂറോപ്പിലെ ഒട്ടുമിക്ക സ്ഥലങ്ങളുടെയും ഓഡിയോ ടൂർ ഡൗൺലോഡ്‌ ചെയ്യാൻ പറ്റും. അതും കൊണ്ട്‌ നമ്മക്കു പോവേണ്ട സ്ഥലത്തെത്തുക. ഓഡിയോയുടെ കൂടെ സൈറ്റിലുണ്ടായിരുന്ന മാപ്പ്‌ തുറക്കുക. ഓഡിയോ സ്റ്റർട്ട്‌ ചെയ്യുക. പിന്നൊക്കെ അങ്ങേരു പറഞ്ഞു തന്നോളും. ആ മാപ്പനുസരിച്ചങ്ങു പോയാൽ മാത്രം മതി.


അപ്പോൾ പറഞ്ഞു വന്നത്‌ ഇതൊക്കെയാണ്‌ ഞങ്ങൾ നടത്തിയ തയ്യാറെടുപ്പുകൾ എന്നാണ്‌. ഇതിനിടയ്ക്ക്‌ ഞങ്ങൾടെ പ്ലാനിലൊന്നും പെടാത്ത ഒരു കാര്യവും കൂടി സംഭവിച്ചു. അങ്ങ്‌ ഐസ്‌ലാൻഡിൽ ആർക്കും ഒരുപദ്രവവുംണ്ടാക്കാതെ നിന്ന ഒരു അഗ്നിപരവതം യതൊരു പ്രകോപനവുമില്ലാതെ പൊട്ടിത്തെറിച്ച്‌ ആ പൊഹ മുഴുവൻ നമ്മടെ യു.കെ,യൂറോപ്പ്‌ എയർസ്പേസിലേക്കു പറത്തി വിട്ടു. അതെങ്ങാനും ക്ലിയറായില്ലെങ്കിൽ ഞങ്ങൾടെ ട്രിപ്പിന്റെ കാര്യം കട്ടപ്പൊക!!എന്തായാലും ഞങ്ങളെ കുറച്ചു ദിവസം തീ തീറ്റിച്ച്‌ അവസാനം അഗ്നിപർവതം കലാപരിപടികളൊക്കെ താൽക്കാലികമായി ഒന്നു നിർത്തി വച്ചു. അങ്ങനെ അഖിലലോക തൊഴിലാളി ദിനത്തിൽ ലണ്ടൻ ഹീത്രോവിൽ നിന്നും പറന്നു പൊങ്ങിയ അൽ-ഇറ്റാലിയ വിമാനത്തിൽ ഞങ്ങൾ മൂന്നു ഭാരതീയനാരികൾ ഓരോ ബാക്‌പാക്കും ഒരു കെട്ടു പേപ്പറുകളും (പോവേണ്ട സ്ഥലങ്ങളെപറ്റിയുള പ്രിന്റൗട്ടുകളും മാപ്പുകളും), കുറച്ചു യൂറോകളും (ഇറ്റലിയില്‌ പൗണ്ടിനു പുല്ലുവിലയാണ്‌), പിന്നെ കുന്നോളം ആകംക്ഷയും വാനോളം സ്വപ്നങ്ങളുമായി ഞങ്ങളുടെ ഇറ്റാലിയൻ യാത്ര ആരംഭിച്ചു.


വായനക്കാർക്കായി ഒരു കുഞ്ഞു ഗോമ്പറ്റീഷൻ- : ഐസ്‌ലാൻഡിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതത്തിന്റെ പേര്‌ Eyjafjallajokull എന്നാണത്രെ. ഉച്ചാരണം ദാ ഇങ്ങനെ--yah-FYAHâ€-plah-yer-kuh-duhl. ഇതു തെറ്റിക്കാതെ പത്തുപ്രാവശ്യം ഉറക്കെ പറയുക

മുന്നറിയിപ്പ്‌: സമയവും ആരോഗ്യവും ഉള്ളവർ മാത്രം ഇപ്പണിക്കു പോയാൽ മതി...