Thursday, May 7, 2009

വീണ്ടും ബിലാത്തിവിശേഷങ്ങൾ...

കണ്ണൂരിലെ ഞങ്ങൾടെ കുരുമുളക്‌ എസ്റ്റേറ്റ്‌ അത്ര വലുതൊന്നുമല്ല..വീടിന്റെ മുറ്റത്തെ ഒരു പ്ലാവും അതിൽ ചുറ്റിപ്പറ്റി ഒരു കുരുമുളകു വള്ളിയും.. അത്രയുമേയുള്ളൂ.. എന്നിട്ടും കൂടി വല്ലപ്പോഴും മമ്മി കുരുമുളകു പെറുക്കാൻ കമ്പനിക്കു വിളിക്കുമ്പോൾ എന്തൊക്കെ ഒഴിവുകഴിവുകളാണ്‌ പറഞ്ഞിരുന്നത്‌!!എന്റെ പുച്ഛമൊന്നും വകവയ്ക്കാതെ പാവം മമ്മി ഇത്തിരിയുള്ള കുരുമുളകിനെ പെറുക്കി ഉണക്കിപ്പൊടിച്ചു കുപ്പീലാക്കി വയ്ക്കും. അതിന്റെ മഹത്വം എനിക്കു മനസിലായത്‌ ഇതിനിടയ്ക്ക്‌ ഇവിടെ കുരുമുളകു പൊടി വാങ്ങാൻ ചെന്നപ്പോഴാണ്‌. വില കണ്ട്‌ എന്റെ കണ്ണു തള്ളി പുറത്തേക്കു വീണില്ലെന്നേയുള്ളൂ. ഞങ്ങടെ വീട്ടുമുറ്റത്ത്‌ ചുമ്മാ ഉരുണ്ടുകളിച്ചിരുന്ന സാധനമാണ്‌ ഇവിടെ വി.ഐ.പി. ആയി ഞെളിഞ്ഞിരിക്കുന്നത്‌. എന്തായാലും ഞാൻ യു.കെ വിടുന്നതു വരെ കുരുമുളകു കഴിക്കുന്നില്ലെന്ന്‌ ദൃഢപ്രതിജ്ഞ എടുത്തു. ഇനി തിരിച്ച്‌ വീട്ടിൽ ചെന്നിട്ടു വേണം വയറു നിറയെ നല്ല ഫ്രഷ്‌ കുരുമുളകു കഴിക്കാൻ...


അപ്പോൾ പറഞ്ഞുവന്നന്താണെന്നു വച്ചാൽ, ഇത്തിരിയെങ്കിലും പിശുക്കിന്റെ അസുഖമുള്ളവർക്ക്‌ വളരെ ഈസിയായി ഹാർട്ടറ്റാക്ക്‌ വന്നു കിട്ടാൻ എല്ലാ സെറ്റപ്പുമുള്ള സ്ഥലമാണ്‌ യു.കെ. ചുമ്മാ മാർക്കറ്റു വഴിയോ ടൗൺ സെന്റർ വഴിയോ ഒക്കെ ഒന്നു നടന്ന്‌ ഓരോരോ സാധനങ്ങളുടെ വില നോക്കിയാൽ മതി. കാര്യം ഒരക്കമോ രണ്ടക്കമോ ഒക്കെയേ ഉണ്ടാവൂ. പക്ഷെ എന്നെപ്പോലുള്ള ഇന്ത്യൻസിന്റെ തലച്ചോറിൽ അതു രെജിസ്റ്റർ ചെയ്യപ്പെടുന്നത്‌ പൗണ്ടിലല്ലല്ലോ..നമ്മടെ പാവം ഇന്ത്യൻ റുപീസിലല്ലേ.. പ്രൈസ്‌ടാഗ്‌ കാണുമ്പോഴേ നമ്മടെ പൗണ്ട്‌-ടു-റുപ്പീസ്‌ കൺവേർട്ടർ അങ്ങ്‌ ഓട്ടോമാറ്റികായി ഓണായിപ്പോകും. പിന്നത്തെ കഥയൊന്നും പറയേണ്ടല്ലോ.. ഇവിടായതുകൊണ്ടാണ്‌ ഇതിനിങ്ങനെ സാദാ ഷോപ്പിൽ ഇരിക്കേണ്ടി വന്നത്‌; ഇന്ത്യയിലായിരുന്നെങ്കിൽ അന്തസായി വല്ല ബാങ്ക്‌ലോക്കറിലും കയറ്റി ഇരുത്തിയേനേ.. എന്നു മനസിൽ പറഞ്ഞ്‌ അങ്ങു സ്ഥലം വിടും.


ഇനി വല്ലയിടത്തും യാത്ര പോകണമെങ്കിലോ.. പബ്ലിക്ക്‌ ട്രാൻസ്പോർട്ട്‌ എന്ന പേരിൽ തേരപ്പാരാ ഓടുന്ന ട്രെയിൻ,ബസ്‌, ട്യൂബ്‌ തുടങ്ങി പല ടൈപ്പ്‌ സംഭവങ്ങളുണ്ട്‌. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം.. യാതൊരു മനുഷ്യപ്പറ്റുമില്ലാത്തെ സാധനങ്ങൾ.. ഇവിടെ അരമണിക്കൂർ ബസ്‌യാത്രയ്ക്കുള്ള കാശുംകൊണ്ട്‌ എനിക്ക്‌ ഇന്ത്യയുടെ ഒരറ്റത്തു നിന്ന്‌ മറ്റേയറ്റം വരെ പോയിവരാം. ചുമ്മാതാണോ ഇവിടെല്ലാരും സ്വന്തമായി വണ്ടി വാങ്ങുന്നത്‌.. പാവങ്ങൾ..ഒരു നിവർത്തിയുമില്ലതെ വാങ്ങിപ്പോവുന്നതാണെന്നേ.. ങ്‌ഹാ.. അവിടെ എത്രയെത്ര ബസുകളും ട്രെയിനുകളുമൊക്കെ കട്ടപ്പുറത്തിരികുന്നു. ഒന്നിനെയെടുത്ത്‌ ചുരുട്ടിക്കൂട്ടി ഇങ്ങോട്ടു കൊണ്ടു വരാനേ ഉണ്ടായിരുന്നുള്ളൂ.. ഇനി പറഞ്ഞിട്ടൊരു കാര്യവുമില്ലല്ലോ..പിന്നെ തീരേം ചിലവില്ലാത്ത മറ്റൊരു മാർഗമുണ്ട്‌ കേട്ടോ.. ഒരു മൂളിപ്പാടും പാടി നീട്ടി വലിച്ചങ്ങു നടന്നാൽ മതി. ഇത്തിരി സമയം കൂടുതലെടുക്കുമെന്നേയുള്ളൂ.. നടക്കുന്നത്‌ ആരോഗ്യത്തിനു മാത്രമല്ല, പോക്കറ്റിനും വളരെ നല്ലതാണെന്ന്‌ ഇപ്പോൾ മനസിലായി.


ഇനിയിവിടുത്തെ ടൂറിസ്റ്റ്‌ പ്ലേസുകളെപറ്റി കുറച്ചു പരദൂഷണം പറയട്ടെ.. അതിനെ പറ്റിയുള്ള വിവരണങ്ങളൊക്കെ നെറ്റിൽ നിന്നും വായിച്ച്‌ ഇതെന്തോ വല്യ സംഭവമാണ്‌ എന്നൊക്കെ മാനം മുട്ടെ പ്രതീക്ഷിച്ചായിരിക്കും നമ്മടെ പോക്ക്‌.ഇവിടുത്തുകാർക്ക്‌ പാർക്കും കല്ലും ചെടിയും പ്രതിമകളുമൊക്കെ ടൂറിസ്റ്റ്‌ പ്ലേസുകളാണെന്ന്‌ നമ്മളെങ്ങനെ അറിയാൻ.. മിക്ക സ്ഥലത്തും ആ എൻട്രി ഫീ കൊടുക്കുന്ന സ്ഥലത്തു മാത്രം സാമാന്യം നന്നായി തന്നെ ഞെട്ടലും അത്‌ഭുതവുമൊക്കെ തോന്നുമെങ്കിലും അതിനപ്പുറത്തേക്കു കാര്യമായി യാതൊരു വികാരവും തോന്നില്ല. ഇത്രേം കാശും മുടക്കി കാണാനുള്ള വഹയൊന്നുമിതിലില്ല എന്നൊരു നിരാശ മാത്രം. ഒരുദാഹരണത്തിന്‌ ഞാൻ ഇവിടെ ലണ്ടൻ ഐ കാണാൻ പോയി. ചെന്നു നോക്കെപ്പോഴെന്താ.. നമ്മടെ ഉത്സവപ്പറമ്പിലൊക്കെ കാണില്ലേ..വട്ടത്തിൽ കറങ്ങുന്ന തൊട്ടിലൂഞ്ഞാൽ. അതിന്റെ ഇത്തിരി പരിഷ്കരിച്ച രൂപം. പിന്നേ ഇത്രേം കാശു മുടക്കീതല്ലേ എന്നു വിചാരിച്ച്‌ കഷ്ടപെട്ടു ബുദ്ധിമുട്ടി "ശ്ശൊ.. ഇതൊരു ഭയങ്കര സംഭവം തന്നെ!!" എന്നൊക്കെആശ്ചര്യപ്പെടാൻ ശ്രമിച്ചു.. അല്ലാതെന്തു ചെയ്യാൻ...


എന്നാൽ ശരി ഒന്നു റോഡിലേക്കിറങ്ങിയേക്കാം എന്നു വച്ചാലോ.. നമ്മടെ നാട്ടിലൊക്കെ വണ്ടികളും മനുഷ്യരും എന്തൊരു ഒരുമയോടെയാണ്‌ കഴിഞ്ഞ്‌ പോകുന്നത്‌. റോഡ്‌ ക്രോസ്‌ ചെയ്യുകയാണെങ്കിൽ ഓരോ വണ്ടിയെയും കടത്തി വിട്ട്‌ പതുക്കെപ്പതുക്കെ നമ്മളങ്ങ്‌ ക്രോസു ചെയ്തോളും.. ഒരു സിഗ്നലിന്റെയും സഹായമില്ലാതെ... ബാംഗ്ലൂരാണെങ്കിൽ വണ്ടികളൊക്കെ മിക്കപ്പോഴും ട്രാഫിക്‌ ജാമിൽ കുടുങ്ങിക്കിടക്കുന്നതു കൊണ്ട്‌ നമ്മക്ക്‌ ഇഷ്ടം പോലെ സമയമെടുത്ത്‌ റോഡ്‌ ക്രോസ്‌ ചെയ്യാനും പറ്റും.. പക്ഷെ ഇവിടങ്ങ്നൊന്നുമല്ല.. റോഡ്‌ ക്രോസ്‌ ചെയ്യണമെങ്കിൽ ഒരു ബട്ടണും ഞെക്കി കാത്തു നിൽക്കണം.. സിഗ്നലണ്ണൻ പച്ചവെളിച്ചം കാണിച്ചാലേ റോഡ്‌ ക്രോസ്‌ ചെയ്യാൻ പറ്റൂ..ഇനീപ്പോ അതൊന്നും മൈൻഡാക്കാതെ അങ്ങ്‌ ഓടിക്കടക്കാൻ നോക്കിയാലോ.. ഒക്കെ ക്യാമറയിൽ പിടിക്കുന്നുണ്ടത്രേ.. ചുമ്മാ പറയുന്നതായിരിക്കും.. എന്നാലും ഞാൻ റിസ്കെടുക്കാറില്ല..ഇവിടുത്തെ ജയിലിൽ വല്ല സാൻഡ്‌വിച്ചും കഴിച്ച്‌ കിടക്കാനുള്ള പേടി കൊണ്ടൊന്നുമല്ല.. ജയിൽ വാസത്തിനു പകരം വല്ല ഫൈനുമാണ്‌ ശിക്ഷയായി കിട്ടുന്നതെങ്കിലോ.. എന്റമ്മേ.. പുണ്ട്‌-റുപീ കൺവേർട്ടർ.


കാര്യം വല്യ സമ്പൽസമൃദ്ധിയൊക്കെയാണെങ്കിലും ഈ നാട്ടിൽ ഏറ്റവും കൂടുതൽ സഹതാപമർഹിക്കുന്ന രണ്ടു കൂട്ടരുണ്ട്‌. കുട്ടികളും പട്ടികളും. രണ്ടിനും ഒരു സ്വാതന്ത്ര്യ‌വുമില്ല. കുട്ടികളെ പ്രാമിലിടും.പട്ടികളെ ചെയിനിലിടും.. പാവങ്ങൾ ഇത്തിരിയെങ്കിലും ഒന്നു ഒച്ചപ്പാടാക്കാൻ ശ്രമിക്കുമ്പോഴേ 'ഷട്‌ അപ്പ്‌" എന്നും പറഞ്ഞ്‌ അങ്ങു നിശബ്ദമാക്കിക്കളയും. അതുങ്ങള്‌ പിന്നെ മിണ്ടാതെ അങ്ങ്‌ ഒതുങ്ങിയിരുന്നോളും. കാണുമ്പോൾ അങ്ങു വിഷമം തോന്നും. വല്ലയിടത്തും ഇറങ്ങി നടന്ന്‌ അലപ്പറയും ബഹളവുമൊക്കെയായി കുറ സാധങ്ങളും വലിച്ചു വാരിയിട്ടില്ലെങ്കിൽ പിന്നെന്തോന്നു കുട്ടിത്തം!! അതു പോലെ തന്നെ മനസമാധാനമായി ഒന്നു കുരയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെന്തു പട്ടിത്തം!! ഇവിടെ ഞാൻ താമസിക്കുന്ന വീട്ടിൽ ഒരു റൂമിൽ ഒരു ഫാമിലിയാണ്‌ താമസിക്കുന്നത്‌. അവിടെ ഒരു മൂന്നാലു വയസുള്ള ഒരു കുഞ്ഞുമുണ്ട്‌. അതൊരിത്തിരി ഉറക്കെ ചിരിച്ചാലോ കരഞ്ഞാലോ പാട്ടു പാടിയാലോ ഒക്കെ അവൾടെ അമ്മ വഴക്കു പറയും.. ബാക്കി റൂമുകളിൽ താമസിക്കുന്നരെ ഡിസ്റ്റർബ്‌ ചെയ്യുന്നൂന്നും പറഞ്ഞ്‌. വേറാരോടും കൂട്ടു കൂടാനും സമ്മതിക്കില്ല. ആകെ പേടിയാണ്‌.ഇങ്ങനെയുള്ള ഈ നാട്ടിലാണത്രേ പിള്ളേരെ കണ്ണുരുട്ടി കാണിച്ചാൽ വരെ പോലീസു കേസെടുക്കുമെന്നു കേട്ടിട്ടുള്ളത്‌.. ഒക്കെ മനുഷ്യമ്മരു വെറുതേ പറഞ്ഞുണ്ടാക്കുന്നതാണെനാണു തോന്നുന്നത്‌.


ഓക്കെ.. കുട്ടികളും പട്ടികളും കഴിഞ്ഞാൽ ഈ രാജ്യത്ത്‌ ഇപ്പോൾ ഏറ്റവും കൂടുതൽ സഹതാപം കിട്ടേണ്ടത്‌ ആർക്കാണെന്നറിയുമോ.. ഈ പാവം എനിക്ക്‌.. കഴിഞ്ഞ ആഴ്ച സ്കോട്ട്‌ലാൻഡിൽ പോവാൻ വേണ്ടി എല്ലാ തയാറെടുപ്പുകളും നടത്തിയതാണ്‌. അപ്പോഴല്ലേ ആ‍ ഒടുക്കത്തെ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടത്‌. എലിപ്പനി, തക്കാളിപ്പനി, ചൂടുപനി, സാദാപനി തുടങ്ങി പല വെറൈറ്റി പനികള്‌ സുലഭമായ ഒരു നാട്ടിൽ നിന്നും വന്ന എനിക്കിതൊന്നും വല്യ പ്രശ്‌നമായിരുന്നില്ലെന്നേ.. രണ്ടു പാരസാമോളും വിഴ്‌ങ്ങി അങ്ങു പോയിവരാം എന്നു വിചാരിച്ചിരുന്നതാണ്‌. പക്ഷെ എന്തു ചെയ്യാം.. ഇവിടുള്ളോരു സമ്മതിക്കുന്നില്ല.. എനിക്കു പനി പിടിച്ചാലോ എന്ന സ്നേഹം കൊണ്ടൊന്നുമല്ല, ഞാൻ ആ പനി ഇവിടെ കൊണ്ടു വന്നു പകർത്തിയാലോ എന്നു പേടിച്ചിട്ടാണ്‌. അതു മാത്രമോ.. ഇപ്പോൾ തൽക്കാലം എങ്ങോട്ടും കറങ്ങാൻ പോവണ്ട എന്നാണ്‌ സഹപ്രവർത്തകർടെ വക മുന്നറിയിപ്പ്‌. അതനുസരിക്കാതിരിക്കാനും പറ്റില്ല. കഷ്ടകാലത്തിനു വല്ല പനിയും വന്നാൽ ഹോസ്പിറ്റലിൽ കൊണ്ടു പോവാൻ അവരല്ലേയുള്ളൂ. അതുകൊണ്ടെന്താ.. സ്കോട്‌ലാണ്‌ യാത്രയ്ക്കു വേണ്ടി ബുക്ക്‌ ചെയ്ത റൂം,ട്രെയിൻ ടിക്കറ്റ്‌, ബസ്‌ടിക്കറ്റ്‌ തുടങ്ങി എല്ലാത്തിന്റെയും കാശ്‌ ഒറ്റയടിക്ക്‌ പോയിക്കിട്ടി. ആ ദുഃഖത്തിൽ നിന്ന്‌ ഒന്നു കരകയറാൻ വേണ്ടിയാണ്‌ ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റിട്ടത്‌.. , ഈ നാടിനെ നാലു കുറ്റം പറഞ്ഞപ്പോൾ എന്താണെന്നറിയീല്ല ; വല്ലാത്ത ഒരു മനസമാധാനം...