Friday, November 23, 2007

അന്വേഷണവും കണ്ടെത്തലും...

ഒരു മാതിരി കുളയട്ട കടിച്ച അവസ്ഥ. എത്ര ശ്രമിച്ചിട്ടും അയാളെ പറ്റിയുള്ള ചിന്തകള്‍ കുടഞ്ഞെറിയാന്‍ പറ്റുന്നില്ല. ഭക്ഷണം കഴിക്കുമ്പോള്‍,ടി വി കാണുമ്പോള്‍, ചുമ്മാ ബാല്‍ക്കണിയില്‍ നിന്നോണ്ട്‌ റോഡില്‍ കൂടി പോകുന്നവരെ വായ്‌നോക്കുമ്പോള്‍,കമ്പ്യൂട്ടറിലേക്കും നോക്കി മിഴിച്ചിരിക്കുമ്പോള്‍ എന്നു വേണ്ട ബോസിന്റെ വായില്‍ നിന്ന്‌ കൊട്ടക്കണക്കിന്‌ ചീത്ത കേള്‍ക്കുമ്പോള്‍ പോലും ചിന്തമണ്ഡലത്തില്‍ മുഴുവന്‍ അയാള്‍ നിറഞ്ഞുനില്‍ക്കുകയാണ്‌. സാധാരണഗതിയില്‍ ഞാനങ്ങനെയൊരു ടൈപ്പൊന്നുമല്ല. ഇങ്ങനെ എത്ര പേരെ ദിവസോം കാണുന്നു.കണ്ട പാടെ അതങ്ങു മറക്കും. അല്ലെങ്കില്‍ തന്നെ മറവീടെ കാര്യത്തില്‍ ഞാന്‍ കുപ്രസിദ്ധയാണ്‌. പ്രത്യേകിച്ചും ആളുകളെ ഓര്‍ത്തുവെയ്ക്കുന്ന കാര്യത്തില്‍. പണ്ടൊരു ബന്ധൂനെ 'ആളെ മനസ്സിലായില്ലാ'ന്നും പറഞ്ഞ്‌ വീട്ടില്‍ കേറാന്‍ സമ്മതിക്കാത്തതുകൊണ്ട്‌ എന്തൊക്കെ കുടുംബപ്രശ്നങ്ങളാ ഉണ്ടായതെന്നോ. ആ ഞാനാണ്‌ വഴിയില്‍ കണ്ട എതോ ഒരു മനുഷ്യനെ പറ്റി ചിന്തിച്ചു ചിന്തിച്ച്‌ പ്രാന്തായിക്കൊണ്ടിരിക്കുന്നത്‌..

എന്താന്നറിയില്ല ആദ്യം കണ്ടപ്പോള്‍ തന്നെ അയാള്‍ക്കെന്തോ പ്രത്യേകതുയുള്ള പോലെ ഒരു തോന്നല്‍!!ബര്‍മുഡയും ടീഷര്‍ട്ടുമിട്ട ,നല്ല പൊക്കമുള്ള ഒരു മനുഷ്യന്‍ റോഡ്‌സൈഡിലൂടെ അങ്ങു ദൂരേന്ന്‌ ഓടി വരുന്നു. അയാള്‍ അടുത്തെത്താനായപ്പോഴെക്കും ബസ്സു വിട്ടു പോയി. ഓ പറയാന്‍ മറന്നു.. ഞാന്‍ ബസ്സിലായിരുന്നു കേട്ടോ. ജോലിയൊക്കെ കഴിഞ്ഞ്‌ വൈകുന്നേരം തിരിച്ച്‌ വീട്ടിലേക്കു പോകുന്ന വഴി. ആ സമയത്ത്‌ പല പ്രായത്തിലുമുള്ള മനുഷ്യര്‍ ഇങ്ങനെ ഓടുന്നതും ചാടുന്നതും കസര്‍ത്തുകാകാണിക്കുന്നതുമൊക്കെ എന്നും കാണുന്നതാണ്‌. അതൊന്നും ഞാനങ്ങനെ ശ്രദ്ധിക്കാറില്ല.ഒരു കണ്ണില്‍ കൂടി നോക്കി മറ്റേ കണ്ണില്‍ കൂടി അങ്ങു വിട്ടു കളയും - അത്രേയുള്ളൂ. പക്ഷെ ഇയാള്‍...

പിന്നെയും ഇടയ്ക്കിടക്ക്‌ വിധി ഞങ്ങളെ കൂട്ടിമുട്ടിച്ചു കൊണ്ടിരുന്നു. ഒരിക്കല്‍ ആ സ്റ്റോപ്പില്‍ ബസ്സ്‌ നിന്നപ്പോള്‍ അയാള്‍ ഓടിയോടി കൃത്യം അവിടെയെത്തി- അങ്ങനെ ആദ്യമായിട്ട്‌ അയാളെ ക്ലോസപ്പിലൊന്ന്‌കാണാന്‍ പറ്റി.ആ മുഖത്തെ ഒരു നിശ്ചയദാര്‍ഢ്യം, ഏകാഗ്രത, ഇടം വലം നോക്കാതെ നല്ല സ്റ്റഡി-വടിയായുള്ള ഓട്ടം - വെറുമൊരു വ്യായാമത്തിനു വേണ്ടിയല്ല അയാള്‍ ഓടുന്നതെന്ന്‌ എന്റെ ആറാമിന്ദ്രിയത്തില്‍ നിന്നൊരു സിഗ്നല്‍ വന്നു.എന്തോ ഒരു ലക്ഷ്യമുണ്ടിയാള്‍ക്ക്‌..പക്ഷെ എന്ത്‌?? എന്തെങ്കിലും സംശയം തോന്നിയാല്‍ അതു തീര്‍ക്കാതെ പിന്നെ എനിക്ക്‌ ഒരു സമാധാനവുമുണ്ടാവില്ല. അതുകൊണ്ട്‌ അടുത്ത സീറ്റില്‍ ഇരുന്നുറങ്ങുന്ന സോനൂനെ സര്‍വശക്തിയുമെടുത്ത്‌ കുലുക്കിയുണര്‍ത്തി എന്റെ സംശയം അങ്ങു ചോദിച്ചു.സോനു എന്റെ സഹപ്രവര്‍ത്തകയും സഹമുറിയയുമാണ്‌. "ഓഫീസിലും വീട്ടിലും നിന്നെ സഹിക്കുന്നതു പോരേ..ഈ ബസിലെങ്കിലും എനിക്കല്‍പ്പം സമാധാനം തരൂ"എന്നു കൈയും കൂപ്പി പറഞ്ഞിട്ട്‌ ആ കുട്ടി പിന്നേം ഇരുന്നുറങ്ങാന്‍ തുടങ്ങി. ചോദിച്ച ചോദ്യത്തിനൊന്നുമല്ല ഉത്തരം കിട്ടീതെങ്കിലും പിന്നെ ഞാന്‍ ശല്യപ്പെടുത്താനൊന്നും പോയില്ല. ഇക്കാര്യത്തില്‍ ഇനി ആരുടെയും സഹായം തേടില്ലെന്നും സ്വന്തമായി കണ്ടു പിടിക്കുമെന്നും അന്ന്‌ അവിടെ ആ ബസ്സിലിരുന്ന്‌ ഞാന്‍ ഒരു ഉഗ്രശപഥം ചെയ്തു.

പിന്നെ നിരീക്ഷണങ്ങളുടെ നാളുകളായിരുന്നു. അയാളുടെ രൂപവും ഭാവവും മാത്രമല്ല..വേറൊരു പ്രത്യേകത കൂടി ഞാന്‍ കണ്ടു പിടിച്ചു. അയാള്‌ വെറുംകയ്യോടെയല്ല ഓടുന്നത്‌ ഒരു കയ്യില്‍ ഒരു ചെറിയ വടിയും മറ്റേ കയ്യില്‍ വാക്കി-ടോക്കി പോലെയുള്ള എന്തോ ഒരു സാധനവുണ്ട്‌.ഇനീപ്പം അതെന്തിനാണെന്നും കൂടി കണ്ടു പിടിക്കണം.എന്റെ ജോലിഭാരം കൂടി.എപ്പഴും ഒരേ ചിന്ത.ദൈവം എന്നെ പടച്ചു വിട്ടതു തന്നെ ഈ രഹസ്യം കണ്ടു പിടിക്കാനാണെന്ന്‌ ഒരു തോന്നല്‍.

അങ്ങനെ ഞാന്‍ തന്നെ പല തിയറികളുമുണ്ടാക്കുകയും പൊളിക്കുകയും പിന്നേം ഉണ്ടാക്കുകയും ചെയ്തോണ്ടിരുന്ന ഒരു ദിവസം...ട്രാഫിക്‌ ജാമില്‌ കുടുങ്ങി ബസ്‌ കുറെ വൈകിയാണ്‌ ഞങ്ങള്‍ക്കിറങ്ങേണ്ട സ്റ്റോപ്പിലെത്തിയത്‌. ബസില്‍ നിന്നിറങ്ങി ഒന്നു നടു നിവര്‍ത്ത്‌ ചുറ്റും നോക്കുമ്പോള്‍...എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റീല്ല.നമ്മടെ കഥാനായകനതാ കുറച്ചു മുന്‍പിലായി ഓടിപ്പോകുന്നു.തേടിയ വള്ളി ഓള്‍മോസ്റ്റ്‌ കാലില്‍ ചുറ്റീന്ന്‌ തന്നെ എനിക്കു തോന്നി.ഇതു പോലൊരു അവസരം ഇനി കിട്ടാനില്ല.ഞാനെന്തിന്‌ ചുമ്മാ ഓരോന്നൂഹിച്ചു കണ്ടു പിടിക്കണം. ഉള്ള സംശയങ്ങളൊക്കെ നേരിട്ടങ്ങ്‌ അയാളോടു ചോദിച്ചാല്‍ പോരേ.പിന്നൊട്ടും താമസിച്ചില്ല. അയാളുടെ പുറകെ തന്നെ വെച്ചു പിടിച്ചു.പെട്ടെന്നെടുത്ത തീരുമാനമായതു കൊണ്ട്‌ സോനൂനോടൊന്ന്‌ പറയാന്‍ പോലും പറ്റീല്ല.പക്ഷെ എന്റെ ഓട്ടം കണ്ടപ്പഴേ സോനൂന്‌ കാര്യം മനസ്സിലായി.ഒരു നിമിഷം സ്തംഭിച്ചു നിന്നിട്ട്‌ സോനൂം എന്റെ പുറകേ ഓടാന്‍ തുടങ്ങി."ബയ്യാ..ബ്രദര്‍ പ്ലീസ്‌ സ്റ്റോപ്പ്‌" എന്നും വിളിച്ചു പറഞ്ഞോണ്ടാണ്‌ എന്റെ ഓട്ടമെങ്കില്‍ 'പാഗല്‍ രുക്‌ ജാ' എന്നു കൂവിക്കൊണ്ടാണ്‌ സോനു ഓടുന്നത്‌.

കുറച്ചങ്ങോടീട്ടും അയാളു നില്‍ക്കുന്നില്ല..മാത്രമല്ല ഞങ്ങള്‍ തമ്മിലുള്ള ദൂരം കൂടി വരികയും ഞാനും സോനുവുമായുള്ള ദൂരം കുറഞ്ഞു വരികയും ചെയ്തോണ്ടിരിക്കുകയാണ്‌.അങ്ങനെ ഒടുവില്‍ അയാളങ്ങു ദൂരെ ഓടി മറയുകയും സോനു എന്റെ ദുപ്പട്ടയില്‍ പിടി കൂടുകയും ചെയ്തതോടെ ഞാന്‍ ഓട്ടം നിര്‍ത്തി.എനിക്കിങ്ങനെ ഓടീം ചാടീമൊന്നും ശീലമില്ലല്ലോ.അതിന്റെ കൂടെ ആകെപ്പാടെ നിരാശയും..പട്ടിയെപ്പോലെ അണച്ചോണ്ട്‌ ഞാന്‍ ആ റോഡ്‌ സൈഡില്‌ വെറും മണ്ണിലേക്കിരുന്നു. സോനു എന്റെ പുറം തടവി ആശ്വസിപ്പിക്കുന്നതിന്റെ കൂടെ തന്നെഹിന്ദീലെന്തൊക്കെയോ ചീത്തേം പറയുന്നുണ്ട്‌.

ഞങ്ങളിരുന്നത്‌ ഒരു ജ്യൂസു കടേടെ മുന്നിലാണ്‌.ചുമ്മാ വഴിയരികിലൊരു മേശേമിട്ട്‌ പഴങ്ങളൊക്കെ ഇടിച്ചു പിഴിഞ്ഞ്‌ ജ്യൂസുണ്ടാക്കുന്ന ടൈപ്പില്ലേ- അത്‌. ഞങ്ങളുടെ ഓട്ടോം എന്റെ പരവേശോം ഒക്കെ കണ്ടോണ്ടിരുന്ന ആ കടക്കാരന്‍ പുറത്തേക്കിറങ്ങിവന്ന്‌ സോനൂനോട്‌ കാര്യം ചോദിച്ചു.

"ഏയ്‌ ഒന്നുമില്ല.. ജ്യൂസു കുടിക്കാന്‍ വന്നതാ. രണ്ട്‌ മിക്സ്‌ ജ്യൂസ്‌" സോനു പെട്ടെന്നു പറഞ്ഞു(ഞാനാരുന്നെങ്കില്‌ അപ്പോള്‍ കംപ്ലീറ്റ്‌ പുരാണോം പറഞ്ഞു കേള്‍പ്പിച്ചേനേ.സോനുവായതു കൊണ്ട്‌ ഇത്തിരി ബുദ്ധിപരമായി പ്രവര്‍ത്തിച്ചു)

എന്തായാലും 'ഇത്തിരി ജ്യൂസു കുടിക്കാന്‍ വേണ്ടിയാണോ ഇത്രേം ആക്രാന്തപ്പെട്ട്‌ ഓടിവന്നത്‌' 'എന്നൊരു സംശയത്തോടെ അയാളു ജ്യൂസുണ്ടാക്കി തന്നു. ഞാനിങ്ങനെ എന്തോ പോയ അണ്ണാനെപോലെ നിരാശപ്പെട്ട്‌ അവിടിരുന്ന്‌ അതും കുടിച്ചോണ്ടിരിക്കുകയാണ്‌. അപ്പഴാണ്‌ സോനൂന്റെ ചോദ്യം.-നമ്മടെ കടക്കാരനോട്‌.

"ഇപ്പോള്‍ ഒരാളിതുവഴി ഓടിപ്പോയില്ലേ..അയാളെ അറിയുമോ?"

"ഓ അയാള്‌ മിലിട്രീലാ..അല്ല ആയിരുന്നു.. അവിടുന്ന്‌ തലയ്ക്കു സുഖമില്ലാത്തതു കൊണ്ട്‌ പറഞ്ഞു വിട്ടതാ..എല്ലാ ദിവസവും ഇങ്ങനെ ഓടിക്കൊണ്ടിരിക്കും"

ഞാന്‍ ഒന്നു വിക്കിപ്പോയി ..ജ്യൂസ്‌ തലേല്‌ കേറി.

പതുക്കെ ഗ്ലാസ്സ്‌ അവിടെ വച്ച്‌ ഞാനെഴുന്നേറ്റു നടക്കാന്‍ തുടങ്ങി.പൈസേം കൊടുത്ത്‌ സോനു എന്റെ പുറകേയെത്തി. പക്ഷെ ഒന്നും മിണ്ടുന്നില്ല. ഒന്ന്‌ ഓട്ടക്കണ്ണിട്ടു നോക്കീപ്പം.സോനൂന്റെ മുഖമിങ്ങനെ ചുവന്നു തുടുത്ത്‌ തക്കാളി പോലിരിക്കുകയാണ്‌ -ദേഷ്യം കൊണ്ട്‌.അതു കണ്ടെങ്കിലും ഞാനടങ്ങേണ്ടതാണ്‌. പക്ഷെ അറിയാതെ ഒരാത്മഗതം എന്റെ വായീന്നു പുറത്തേക്കു വീണു പോയി

"എങ്ങാനും അയാളെന്റെ വിളി കേട്ടു നിന്നിരുന്നെങ്കില്‍, എന്റെ ചോദ്യം കേട്ടു കഴിയുമ്പോള്‍ അയാള്‍ എങ്ങനെയായിരിക്കും റിയാക്ടു ചെയ്യുക??"

സോനു ഒന്നു നിന്നു..എന്നെ ഒന്നു നോക്കി..എന്നിട്ട്‌ തിരിഞ്ഞ്‌ ജ്യൂസ്‌ ഷോപ്പിലെക്കു നടന്നു.കാര്യം മനസ്സിലാകാതെ ഞാനും പുറകെ പോയി.

"അയാളോട്‌ ആരെങ്കിലും സംസാരിച്ചാല്‍ അയാള്‍ ഉപദ്രവിക്കുമോ?" സോനു ചോദിച്ചു

"ഏയ്‌..അതൊന്നുമില്ല. ചിലപ്പോള്‍ ഒന്നും മിണ്ടില്ല. പക്ഷെ ചിലപ്പോള്‍ ഒരു പാടു സംസാരിക്കും.ഇതു വരെ ആരേം ഉപദ്രവിച്ചതായി കേട്ടിട്ടില്ല" ചേട്ടന്‍ കിട്ടിയ ചാന്‍സിന്‌ ഉള്ള അറിവു മുഴുവന്‍ പകര്‍ന്നു തന്നു.

"ഹാപ്പി?" സോനു തിരിഞ്ഞ്‌ എന്നോടു ചോദിച്ചു.

"ഹാപ്പി" സത്യമായിട്ടും ഞാന്‍ ഹാപ്പിയായിരുന്നു.അറിയേണ്ടതൊക്കെ അറിഞ്ഞല്ലോ..

തിരിച്ചു വീട്ടിലേക്കു വരുന്ന വഴി സോനു എന്നോടു ചോദിച്ചു.

"ഞാനെന്തു കൊണ്ടാണ്‌ ആ കടക്കാരനോട്‌ ചോദിച്ച്‌ നിന്റെ സംശയം ക്ലിയര്‍ ചെയ്തതെന്നറിയുമോ??"

"ഇല്ല"

"എനിക്കുറപ്പാണ്‌.. ഈ സംശയം തീര്‍ക്കാന്‍ വേണ്ടി മാത്രം നീ ഒരു ദിവസം ലീവെടുത്ത്‌ ഇവിടെ കാത്തു നിന്ന്‌ ആ ഭ്രാന്തനോട്‌ സസാരിച്ചു നോക്കും. അന്നു പക്ഷെ നിന്നെ രക്ഷപെടുത്താന്‍ വേണ്ടി എനിക്കും കൂടി ലീവ്‌ കിട്ടീന്നു വരില്ല."

"ഞാനൊന്നും മിണ്ടീല.. എന്റെ കാര്യമല്ലേ..ചിലപ്പോള്‍ അങ്ങനേം സംഭവിച്ചൂന്നു വരാം...അതു മാത്രമല്ല, ഇത്രെം കാലത്തെ അനുഭവത്തില്‍ നിന്നും എനിക്കറിയാം..സോനൂന്റെ ഊഹങ്ങള്‍ അങ്ങനെയൊന്നും തെറ്റാറുമില്ല്ല..പ്രത്യേകിച്ചും എന്നെപറ്റിയുള്ളവ...

Saturday, November 3, 2007

ഒരു ബ്ലഡ്‌ ടെസ്റ്റ്‌ പുരാണം..

"ശരിക്കൊന്നലോചിച്ചു നോക്കിയേ.. നിനക്കാരോടെങ്കിലും പ്രേമമുണ്ടോ?"

ഞാന്‍ ശരിക്കു തന്നെ ആലോചിച്ചു നോക്കി. ഒന്നും തടഞ്ഞില്ല.

"ഇല്ല എന്‍ററിവില്‍ അങ്ങനൊന്നുമില്ല"

"ങാ സാധാരണയായി നീയിപ്പറഞ്ഞ അസുഖങ്ങളൊക്കെ പ്രേമം അസ്ഥിയ്ക്കു പിടിക്കുന്നതിന്റെ ലക്ഷണമാ. എന്തയാലും ഇത്‌ അതല്ലാത്ത സ്ഥിതിയ്ക്ക്‌ നിനക്കെന്തോ മാരകാരോഗമാണെന്നാ തോന്നുന്നത്‌. വേഗം പോയി ഒരു ഡോക്ടറെ കാണ്‌"

എന്‍റെ മനസമാധാനത്തിനു മേല്‍ അവസാനത്തെ ആണിയുമടിച്ച്‌ കൂട്ടുകാരി വിധി പ്രസ്താവിച്ചു. ആകെ ടെന്‍ഷനായി.അല്ലെങ്കില്‍ തന്നെ കുഞ്ഞോരു ജലദോഷം വന്നാല്‍ പോലും ചിന്തിച്ച്‌ ചിന്തിച്ച്‌ അതിനെ മൂക്കില്‍ ക്യാന്‍സര്‍ വരെയാക്കുന്ന സ്വഭാവമാണെന്‍റേത്‌.ഇതിപ്പോ കാര്യമെന്താന്നു വച്ചാല്‍ കുറച്ചു ദിവസങ്ങളായി നല്ല സുഖമില്ല. ആകെപ്പാടെ ഒരു ലക്കും ലഗാനുമില്ലത്ത അവ്സ്ഥ.ഇത്തിരി സാഹിത്യഭാഷേല്‍ പറഞ്ഞാല്‍ കണ്ണെത്തുന്നിടത്തു കയ്യും കയ്യെത്തുന്നിടത്തു മനസ്സുമെത്തുന്നില്ല. ഒരു ബ്രെയ്ക്കെടുത്താല്‍ ശരിയാവുംന്ന്‌ ഒരു തോന്നല്‍. പക്ഷെ ആരെങ്കിലും ലീവിന്‌ അപ്ലൈ ചെയ്യുന്നതും കാത്തിരിക്കുകയാണ്‌ മാനേജര്‌- അതു റിജക്ടു ചെയ്യാന്‍.അതു കൊണ്ട്‌ ശകലം വളഞ്ഞ വഴി കണ്ടെത്തി. ഏതെങ്കിലും ഡോക്ടറെകൊണ്ട്‌ ‘മിനിമും ഒരു പത്തുദിവസമെങ്കിലും റെസ്റ്റ്‌ എടുത്തില്ലെങ്കില്‍ ഇക്കുട്ടീടെ കാര്യം കട്ടപ്പൊക’ എന്നെഴുതി മേടിക്കുക. അതങ്ങോട്ടു കാണിച്ചാല്‍ പിന്നെ മാനേജരല്ല അങ്ങേരുടെ വല്യപ്പൂപ്പന്‍ വരെ ലീവു തരും.അതു മാത്രമല്ല, കൂട്ടുകാരിപറഞ്ഞ പോലെ ഇനി വല്ല മാരകരോഗവുമാണെങ്കില്‍ അതുമറിയാലോ. എവിടെ പോകണംന്ന്‌ ഗൂഗിള്‍ സെര്‍ച്ച്‌ നടത്തി നോക്കീപ്പഴതാ നമ്മടെ തൈക്കാട്ടു മൂസ്സ്‌ ലൈഫ്സ്റ്റെയില്‍ ഡിസീസിനു വേണ്ടി ബാംഗ്ലൂരില്‍ ക്ലിനിക്ക്‌ സെറ്റപ്പ്‌ ചെയ്തിട്ടുണ്ടെന്ന്‌.പിന്നൊന്നും ചിന്തിച്ചില്ല അങ്ങോട്ടു തന്നെ വിട്ടു.

ഒരു പാവം ഡോക്ടറ്‌..കടങ്കഥ കേള്‍ക്കുന്ന പോലിരുന്ന്‌ എന്റെ പരിദേവനം മുഴുവന്‍ കേട്ടു. എന്നിട്ട്‌ നീട്ടിപ്പിടിച്ച്‌ ഉപദേശമാരംഭിച്ചു.ഇങ്ങനെ നടക്കണം; അങ്ങനെ ഇരിക്കരുത്‌; ഇത്രസമയം ഉറങ്ങണം; സമയത്ത്‌ ഭക്ഷണം കഴിക്കണം തുടങ്ങി എല്ലാകാര്യങ്ങളും പറഞ്ഞു;പക്ഷെ റെസ്റ്റെടുക്കണം എന്നു മാത്രം പറയുന്നില്ല.എല്ലാം കഴിഞ്ഞ്‌ ഒരു എട്ടുപത്തു കഷായങ്ങളുടെ പേര്‌ ഒരു കടലാസിലെഴുതി നീട്ടിക്കൊണ്ട്‌ ഒരാശ്വസിപ്പിക്കലും.

"ഇതൊക്കെ ഈ ഫീല്‍ഡില്‍ സാധാരണയാ. ഒന്നും പേടിക്കാനില്ല"

എന്നും പറഞ്ഞ്‌ ഡോക്ടറങ്ങ്‌ ഉപസംഹരിക്കാന്‍ തുടങ്ങുകയാണ്‌.അപ്പോള്‍ റെസ്റ്റ്‌?? ആവശ്യം നമ്മടെയല്ലേ. ഞാനങ്ങ്‌ ഇടിച്ചുകേറി ചോദിച്ചു.

"എനിക്കും തോന്നി.കുറച്ചു ദിവസം റെസ്റ്റെടുത്താല്‍ എല്ലാം ശരിയാവും അല്ലേ" എന്നിട്ട്‌ പ്രതീക്ഷയോടെ ഡോക്ടറെ നോക്കി.

"ഏയ്‌ അതിന്‍റാവശ്യമൊന്നുമില്ല. ഈ മരുന്നൊക്കെ കഴിച്ചാല്‍ മതി. 15 ദിവസം കഴിഞ്ഞ്‌ എന്നെ വന്നു കാണണം.. ങാ പിന്നെ അതില്‌ ബ്ലഡ്‌ ടെസ്റ്റിനെഴുതീട്ടുണ്ട്‌. ഇനി വരുമ്പോള്‍ അതിന്‍റെ റിസല്‍ട്ടും കൊണ്ടുവരണം". രോഗികളുടെ മനസ്സു കാണാന്‍ കഴിയാത്ത ഒരു ഡോക്ടര്‍..

ചീറ്റിപ്പോയ മോഹങ്ങളുമായി അവിടുന്നിറങ്ങി. 'റെസ്റ്റ്‌ സ്വപ്നങ്ങള്‍' പൊളിഞ്ഞു പാളീസായീന്നു മാത്രമല്ല ഇനിയിപ്പോ ഈ ടെസ്റ്റു ചെയ്യാനും കൂടി സമയം മിനക്കെടുത്തണം.പോട്ടെ എന്തായാലും ഇത്രേം ദിവസമുണ്ടല്ലോ. അതിനിടയ്ക്ക്‌ എപ്പഴെങ്കിലും പോയി ചെയ്യാം.ഞാന്‍ എന്നെതന്നെ ആശ്വസിപ്പിച്ചു

പറയുമ്പം എല്ലാം പറയണമല്ലോ.. അന്നു മാത്രമല്ല പിന്നീടുള്ള 15 ദിവസവും ഞാനാ ഡയലോഗു തന്നെ പറഞ്ഞു.ചുരുക്കത്തില്‌ ഡോക്ടര്‍ടടുത്തെയ്ക്ക്‌ റിസല്‍ട്ടും കൊണ്ട്‌ പോവണ്ട സമയമായിട്ടും ടെസ്റ്റു ചെയ്യപ്പെടണ്ട ബ്ലഡൊക്കെ എന്റെ ഞരമ്പില്‍ കൂടി ഓടിക്കളിച്ചുകൊണ്ടിരിക്കുകയാണ്‌..ഒരു നൈറ്റ്‌ ഷിഫ്റ്റും കഴിഞ്ഞ്‌ വീട്ടില്‍ ചെന്നു കേറീപ്പഴാണ്‌ ഈ തിരിച്ചറിവുണ്ടായത്‌. ഇനീം വൈകിക്കാന്‍ പറ്റില്ല. അടുത്തു വല്ല ലാബുമുണ്ടോന്നു ചോദിച്ചപ്പോള്‍ ഗൂഗിളണ്ണന്‍ കൈമലര്‍ത്തിക്കാണിച്ചു.ഇനിയിപ്പോ ആകെയറിയുന്നത്‌ വൈദേഹി ഹോസ്പിറ്റലാണ്‌. അങ്ങോട്ടു തന്നെ വച്ചുപിടിയ്ക്കാന്‍ തീരുമാനിച്ചു. നോക്കുമ്പോള്‍ അനിയന്‍ ഓഫീസില്‍ പോകാനൊരുങ്ങുകയാണ്‌. അവന്‍ പോകുന്ന വഴിക്കാണ്‌ വൈദേഹി.ഒന്നു മണിയടിച്ചാല്‍ ഒരു ലിഫ്റ്റ്‌ കിട്ടാന്‍ ചാന്‍സുണ്ട്‌. ഇത്തിരി സെന്റിയായി തന്നെ കാര്യമവതരിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ട്‌ കേട്ടപാടേ അവനങ്ങ്‌ സമ്മതിച്ചു.

'ശ്ശൊ പെട്ടെന്നു സമ്മതിച്ചല്ലോ..ഇവനിതെന്തു പറ്റി- നന്നായിപോയോ?' ഞാനാകെ ആശയക്കുഴപ്പത്തിലായി

“ലിഫ്റ്റൊക്കെ തരാം . പക്ഷെ എന്റെ ഷര്‍ട്ട്‌ ഇസ്തിരിയിട്ടു തരണം. അല്ലെങ്കില്‍ ഷൂ പോളിഷ്‌ ചെയ്യണം. ഇതിലേതു ചെയ്യണമെന്നുള്ളത്‌ നിനക്കു വിട്ടു തന്നിരിക്കുന്നു" അവന്‍ മഹാമനസ്കനായി.

“ഒന്നു പോടാ. നിന്റെ ഒണക്ക വണ്ടി മാത്രമല്ലല്ലോ ഇവിടുള്ളത്‌. ഞാന്‍ വല്ല ബസ്സിനും പോയ്ക്കോളം” അല്ല പിന്നെ.. ഇത്തിരി താഴാംന്നു വെച്ചപ്പം ചെക്കന്‍ തലേല്‍ കേറുകയാണ്‌.

അവന്റെ സഹായം ആവശ്യമില്ല എന്നൊക്കെ വീരവാദമടിച്ചെങ്കിലും ഈ ബസ്സിലൊക്കെ കേറിപോകുന്നത്‌ ഒരു സുഖമില്ലാത്ത പരിപാടിയാണ്‌. ഞാന്‍ മിന്നല്‍വേഗത്തില്‍ ബ്രേക്ഫാസ്റ്റും കഴിച്ച്‌ താഴേയ്ക്കോടി. എന്നിട്ട്‌ ചുമ്മാ ബൈക്കില്‍ തൊട്ടും തലോടീമൊക്കെ നിന്നു. അവന്‍ വന്ന്‌ എന്നെ പുല്ലുവില പോലും കല്‍പിക്കാതെ ബൈക്ക്‌ സ്റ്റാര്‍ട്ടാക്കാന്‍ തുങ്ങി.

"ഡാ ഞാനും വരുന്നു. നീ അവിടെത്തുമ്പോള്‍ വണ്ടി നിര്‍ത്തുകയൊന്നും വേണ്ട. കുറച്ചൊന്ന്‌ സ്ലോ ആക്കിയാല്‍ മതി. ഞാന്‍ ചാടിക്കോളാം" ഞാന്‍ അഡ്ജസ്റ്റ്മെന്റിന്റെ അങ്ങേയറ്റത്തെത്തി..

"ങും ങും പെട്ടെന്ന്‌ കേറ്‌"അവനങ്ങു സമ്മതിച്ചു.പ്രതീക്ഷിച്ചതു പോലെ ഒന്നു കളിയാക്കീതു പോലുമില്ല.

അങ്ങനെ വിജയകരമായി ഞാന്‍ ഹോസ്പിറ്റലിലെത്തി. അകത്തേക്കു കേറിച്ചെന്നതേ കണ്ടു നമ്മടെ സത്യസയിബാബ രണ്ടു പോസില്‌ ചിരിച്ചോണ്ടു നിക്കുന്നു—ഫോട്ടോയില്‌. ആകെപ്പാടേ ഒരുന്മേഷം തോന്നിപ്പോയി. ക്യാഷ്‌ കൗണ്ടറിലേക്കു നോക്കിയപ്പോള്‍ ആ ഉന്മേഷമൊക്കെ വന്ന വഴിയ്ക്കു തന്നെ തിരിച്ചു പോയി. അത്രേം രാവിലെയായിട്ടും അവിടുത്തെ ക്യൂവിന്‌ നല്ല നീളം. എന്തായാലും അവിടെ ചെന്നു നിന്നു. എന്റെ ഊഴമായപ്പോള്‍ ഭവ്യതയോടെ ടെസ്റ്റിന്റെ ഡീറ്റെയ്‌ല്‌സെഴുതിയ പേപ്പറെടുത്തു കൊടുത്തു.

"മാഡം രെജിസ്ട്രേഷന്‍ നമ്പര്‍??" അകത്തുന്ന്‌ ഒരു സ്ത്രീശബ്ദം

"രെജിസ്ടര്‍ ചെയ്താലല്ലേ ചേച്ചീ ഇപ്പറഞ്ഞ നമ്പറുണ്ടാവൂ.എനിക്ക്‌ ഡോക്ടറെയൊന്നും കാണണ്ട. ഈ ടെസ്റ്റൊന്നു ചെയ്തു കിട്ടിയാല്‍ മതി"

"അപ്പുറത്തെ കൗണ്ടരില്‍ പോയി രെജിസ്റ്റര്‍ ചെയ്തിട്ടു വരൂ. അതില്ലാതെ പറ്റില്ല. ഇവിടുത്തെ റൂളാണ്‌"

ഞാന്‍ പിന്നെ തര്‍ക്കിക്കാനൊന്നും നിന്നില്ല. സത്യസായിബാബേടെ ഹോസ്പിറ്റലാണ്‌. അങ്ങേരുണ്ടാക്കിയ റൂളിനെ എതിര്‍ക്കാന്‍ കേവലമൊരു മനുഷ്യജീവിയായ ഞാനാര്‌.

രെജിസ്ട്രേഷന്‍ കൗണ്ടരില്‍ വെല്യ തിരക്കൊന്നുമില്ല.ഒരു ചേട്ടനും ചേച്ചിയും കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ്‌ അവിടിരിക്കുന്നുണ്ട്‌.പേരും അഡ്രസ്സുമൊക്കെ പറഞ്ഞു കൊടുത്തു.അപ്പഴവര്‍ക്ക്‌ പ്രോബ്ലമെന്താണെന്നറിയണം. ഞാന്‍ കണ്ണൊക്കെ ഒന്നു തിരുമ്മി വെറുതെയെന്തോ പറഞ്ഞു .എന്താ വേണ്ടതെന്നു വെച്ചാല്‍ എഴുതിക്കോട്ടെ.എന്തെഴുതിയാലും കുഴപ്പമില്ല. നമ്മക്കൊരു രെജിസ്ട്രേഷന്‍ നമ്പര്‍ കിട്ടിയാല്‍ മതി.

അവര്‌ പരസ്പരം നോക്കി.ഒന്നും മനസ്സിലായില്ലാന്നുറപ്പ്‌. എന്നിട്ട്‌ എന്തോ എഴുതി പേപ്പറില്‍ ഒരു സീലുമടിച്ചു തന്നു. നോക്കുമ്പോള്‍ 'ഒഫ്താല്‍' എന്നാണ്‌ സീല്‌. കണ്ണും തിരുമ്മിനില്‍ക്കുന്നതു കണ്ടപ്പോള്‍ എനിക്കു കണ്ണിനസുഖമാണെന്നു വിചാരിച്ചു പോയിട്ടുണ്ടാകും. ഇക്കണക്കിന്‌ ഞാനവിടെ നിന്ന്‌ തല ചൊറിഞ്ഞാല്‍ തലയ്ക്കസുഖമാണെന്ന്‌ സീലടിച്ചു തന്നേക്കുമല്ലോ. ഞാന്‍ തിരുത്താനൊന്നും പോയില്ല. എന്തായാലും ഡോക്ടറെയൊന്നും കാണാന്‍ പോവുന്നില്ല. പിന്നെന്താ പ്രശ്നം.

തിരിച്ചു വീണ്ടും ക്യൂവില്‍. ഇത്തവണയും അകത്തുള്ള ചേച്ചിക്കെന്തോ ഒരു ദഹിക്കായ്ക.

"ഇതില്‌ ഡോക്ടര്‍ടെ സൈനെവിടെ?? "

"അതിലുണ്ടല്ലോ"ഞാന്‍ കാണിച്ചു കൊടുത്തു.

"ഇതേതു ഹോസ്പിറ്റലിലേതാ? ടൈ ടൈ.. "

"തൈക്കാട്ടുമൂസ്സ്‌.." ചേച്ചീടെ ബുദ്ധിമുട്ട്‌ കണ്ട്‌ ഞാന്‍ പൂരിപ്പിച്ചു കൊടുത്തു.

എന്തോ മുട്ടന്‍ തെറി കേട്ടപോലെ ചേച്ചി എന്നെ ഞെട്ടി നോക്കി.

"ഇവിടുത്തെ ഡോക്ടറുടെ സൈന്‍ വേണം"
ചേച്ചി എന്നേം കൊണ്ടേ പോവൂ എന്നുറപ്പിച്ചിറിങ്ങിയിരിക്കുകയാണ്‌.

"നോക്ക്‌ എനിക്കിവിടുത്തെ ഡോക്ടറെ ബുദ്ധിമുട്ടിക്കണമെന്നില്ല. അങ്ങനെ ഒരുപാടു ഡോക്ടര്‍മാര്‍ നോക്കേണ്ട രോഗമൊന്നും എനിക്കില്ല താനും. ആ ബ്ലഡ്‌-ടെസ്റ്റ്‌ ഒന്നു ചെയ്തു കിട്ടിയാല്‍ മാത്രം മതി."

"പറ്റില്ല മാഡം. ഇവിടുത്തെ ഡോക്ടര്‍ പറയാതെ ഞങ്ങള്‍ക്ക്‌ ബില്ല്‌ ഇഷ്യൂ ചെയ്യാന്‍ പറ്റില്ല.."

ഞാന്‍ കുറച്ചു സമയം ആ ചേച്ചിയെ തുറിച്ചു നോക്കി. എന്നിട്ട്‌ എല്ലാരോടും പിണങ്ങി അവിടെ ഒരു കസേരയില്‍ ചെന്നിരുന്നു. ഒരു രാത്രീലെ മുഴുവന്‍ ഉറക്കം ബാക്കിയുണ്ട്‌. എത്രയും പെട്ടെന്ന്‌ ഇപ്പണി തീര്‍ത്ത്‌ പോയിക്കിടന്നുറങ്ങണം. ഇനി വേറൊരു ലാബ്‌ അന്വേഷിച്ചു പോകാവുന്ന ഒരവസ്ഥയിലല്ല. അതുകൊണ്ട്‌ ഇവിടെ തന്നെ പണ്ടാരമടങ്ങാം എന്റെ കോമണ്‍സെന്‍സ്‌ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

ഞാന്‍ ഡോക്ടറെ തേടി യാത്രയായി.ആയുര്‍വേദക്കാരുടെ പ്രിസ്ക്രിപ്ഷനാണ്‌ കയ്യിലിരിക്കുന്നത്‌. അതു കണ്ട്‌ ഇവരെന്നോടു വല്ല ചിറ്റമ്മനയോം കാണിക്കുമോ? അതിലും വെല്യ പ്രതിസന്ധി വേറെയുണ്ട്‌.രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌ കണ്ണുഡോക്ടര്‍ടടുത്തേക്കാണ്‌. കണ്ണിന്റെ ഒരസുഖത്തിനും ബ്ലഡ്‌ടെസ്റ്റിനെഴുതിതരുന്നതായി ഞാനിതു വരെ കേട്ടിട്ടില്ല.എന്തായാലും നനഞ്ഞിറങ്ങി..ഇനി കുളിച്ചു തന്നെ കേറാം.ഒരു വിധത്തില്‍ കണ്ണുഡോക്ടറെ കണ്ട്‌കാര്യമൊക്കെ പറഞ്ഞു. അവരെന്തായാലും ആദ്യമൊന്നു ചിരിച്ചിട്ട്‌ പിന്നെ എന്റെ കണ്ണൊക്കെ ചുമ്മാ ഒന്നു ടെസ്റ്റു ചെയ്തു. എന്നിട്ട്‌ ബ്ലഡ്‌ടെസ്റ്റിനെഴുതി തന്നു.

വീണ്ടും ചേച്ചിയുടെ സവിധത്തില്‍....ഇത്തവണ എല്ലാം ശരിയാകും. എന്നെ ബുദ്ധിമുട്ടിക്കാന്‍ ചേച്ചിയ്ക്ക്‌ ഒരു പഴുതുമില്ല. ഞാന്‍ അഹങ്കരിച്ചു.

"450 രൂപ.."ചേച്ചി ബില്ലും നീട്ടി നില്‍ക്കുകയാണ്‌.

ഞാന്‍ കാര്‍ഡെടുത്തു കൊടുത്തു.

" സോറി മാഡം. നോ കാര്‍ഡ്‌.. ക്യാഷ്‌ പ്ലീസ്‌.."

അപ്പറഞ്ഞതു തമാശ. പൈസേം കൊണ്ടു നടക്കുന്ന ചീത്ത സ്വഭാവം എനിക്കു പണ്ടേ ഇല്ല. ബാഗില്‌ മുങ്ങിത്തപ്പിയാല്‍ ഒരു 15 രൂപെടെ ചില്ലറ കിട്ടിയേക്കാം. പിന്നെ കുറെ സൊഡോക്സോ കൂപ്പണും. പക്ഷെ ഇതും കൊണ്ടൊന്നും കാര്യമില്ലല്ലോ.. ഇത്തവണ ഞാന്‍ നേരെ പോയത്‌ May I help you-ലെക്കാണ്‌. എന്നിട്ട്‌ ഞാനൊരു വേദനിക്കുന്ന കോടീശ്വരിയാണെന്നും കാര്‍ഡ്‌ സ്വീകരിക്കാതെ എന്നോടു പൈസ ചോദിക്കുന്നത്‌ ദൈവം പൊറുക്കാത്ത തെറ്റാണെന്നും ഒക്കെ ഘോരഘോരം വാദിച്ചു.എല്ലത്തിന്റേം അവസാനം 'കയ്യില്‍ കാശും കൊണ്ടു നടക്കുന്ന ഒരു ഐ.ടി തൊഴിലാളിയെ എങ്കിലും ഈ ബാംഗ്ലൂര്‍ നഗരത്തില്‍ കാണിച്ചു തരാന്‍ പറ്റുമോ' എന്നൊരു വെല്ലുവിളീം നടത്തി...അതേറ്റു. കാര്‍ഡ്‌ എടുത്തോളാന്‍ അവര്‌ എന്റെ ശത്രുചേച്ചിയ്ക്ക്‌ സിഗ്നല്‍ കൊടുത്തു.

അങ്ങനെ കടമ്പകളോരോന്നായി തരണം ചെയ്ത്‌ ഞാന്‍ ലാബിലെക്കു നീങ്ങി. അവിടെം ഒരു ചേച്ചി. എന്റെ കയ്യില്‍ നിന്ന്‌ ബില്ലൊക്കെ മേടിച്ച്‌ അവിടെ എന്‍റര്‍ ചെയ്തു. എന്നിട്ട്‌ സ്നേഹത്തോടെ ഒരു ചോദ്യം.

"ഭക്ഷണം കഴിച്ചോ??"

ഞാനങ്ങു കോള്‍മയിര്‍ കൊണ്ടു പോയി. എന്തൊരു കസ്റ്റമര്‍ സപ്പോര്‍ട്ട്‌..ഇതാണ്‌ പ്രൈവറ്റ്‌ ഹോസ്പിറ്റലുകളുടെ ഒരു ഗുണം.സര്‍ക്കാരാശുപത്രിക്കാരേ രോഗികളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ കണ്ടു പഠി..

"ഓ കഴിച്ചു" ഞാനും സ്നേഹം ഒട്ടും കുറച്ചില്ല.

"ഓകെ എന്നാല്‍ നാളെ വരൂ. 9 മണിയ്ക്ക്‌ ലാബ്‌ തുറക്കും. അപ്പോള്‍ വന്നാല്‍ മതി"

എന്റെ ഹൃദയത്തീന്ന്‌ ഒരു കിളി പറന്നു പോയി.

"അതെന്താ ഇന്നു ബ്ലഡെടുത്താല്‌??" ..ഗംഗ നാഗവല്ലിയായി മാറുന്ന ആ ടോണില്‍ തന്നെ ഞാന്‍ ചോദിച്ചു

"മാഡം ഇത്‌ വെറും വയറ്റില്‍ ചെയ്യേണ്ട ടെസ്റ്റാണ്‌..നിങ്ങള്‍ നാളെ വരൂ.." ഇതും പറഞ്ഞിട്ട്‌ ഈച്ചയെ ആട്ടും പോലെ ഒരാംഗ്യം കാണിച്ചു. എന്നോടു പോവാന്‍ പറഞ്ഞതാണ്‌.

'ഇന്നു കണികണ്ടതാരെയാണെങ്കിലും അയാള്‌ ബാംഗ്ലൂരെ ട്രാഫിക്‌ ജാമില്‍ കുടുങ്ങിപ്പോട്ടെ'. ഞാന്‍ മനസ്സറിഞ്ഞു ശപിച്ചു. തിരിച്ചിറങ്ങുമ്പോഴും സായിബാബ അവിടെ ചിരിച്ചോണ്ടു നില്‍പ്പുണ്ടായിരുന്നു. ആ ചിരിയ്ക്ക്‌ ഒരു കളിയാക്കലിന്റെ ചുവയുണ്ടോന്ന്‌ ചുമ്മാ ഒരു സംശയം തോന്നിപ്പോയി.

പിറ്റേദിവസം ഞാന്‍ രണ്ടും കല്‍പ്പിച്ചായിരുന്നു. അന്നും കൂടി നൈറ്റ്‌ഷിഫ്റ്റുണ്ട്‌. രാവിലെ ഓഫീസില്‍ നിന്നു വരുമ്പോള്‍ തന്നെ നേരെ ഹോസ്പിറ്റലിലേയ്ക്കു പോവുക.അതായിരുന്നു പ്ലാന്‍. സാധാരണ 6 മണിയാകുമ്പോള്‍ ആരോ തല്ലിയോടിച്ചതു പോലെ പോലെ ഇറങ്ങിയോടുന്ന ഞാന്‍ അന്ന്‌ 7 മണിയായിട്ടും ഇറങ്ങാനുള്ള ഭാവമൊന്നുമില്ലാതിരിക്കുന്നതു കണ്ട്‌ ഓഫീസിലാകെയൊരാശയക്കുഴപ്പം.ഇനീപ്പോ ക്ലോക്കിനെന്തെങ്കിലും കുഴപ്പമാണോന്നറിയില്ലല്ലോ.അവസാനം ആകാംക്ഷ സഹിക്കാതെ അടുത്ത സീറ്റിലെ പയ്യന്‍ എന്നോടു കാര്യം ചോദിച്ചു.

"ഓ ഒന്നു രണ്ട്‌ ഇഷ്യൂസും കൂടിയുണ്ട്‌..അതും കൂടി തീര്‍ത്തിട്ടു പോകാമെന്നു വിചാരിച്ചു.."

ആ പയ്യന്‍ തലകറങ്ങിവീണില്ലെന്നെയുള്ളൂ. ഒരു 7.30ആയപ്പോള്‍ ഞാന്‍ സ്ലോ മോഷനില്‍ പുറത്തിറങ്ങി. ക്യാബില്‍ കേറിയിരുന്നു.

"ഇന്ന്‌ വീടു വരെ പോകണ്ട. എന്നെ വൈദേഹീ ഹോസ്പിറ്റലില്‍ ഇറക്കീട്ടു തിരിച്ചു പൊയ്ക്കോളൂ.ങ്‌ഹാ പിന്നെ പതുക്കെ പോയാല്‍ മതി.."

ഇനീം ഒന്നരമണിക്കൂറുണ്ട്‌ ലാബു തുറക്കാന്‍. അവിടെ പോയിരുന്ന്‌ ബോറടിയ്ക്കാന്‍ പറ്റില്ല. എന്തായാലും ഭഗ്യത്തിന്‌ ട്രാഫിക്‌ ജാമൊക്കെ പതിവിലും കൂടുതലായി കിട്ടിയയതു കൊണ്ട്‌ കൃത്യം 9.05 ആയപ്പോള്‍ വൈദേഹിയിലെത്തി.

ഞാനാണ്‌ ആദ്യം .അതു കഴിഞ്ഞ്‌ ഒരപ്പൂപ്പനും. ഞാന്‍ അപ്പൂപ്പനോട്‌ ആദ്യം പൊയ്ക്കോളാന്‍ പറഞ്ഞു. ചുളുവിലിത്തിരി പുണ്യം ഒപ്പിച്ചെടുക്കാനൊന്നുമല്ല.. ഇത്രേം കാലത്തെ അനുഭവം കൊണ്ടെനിക്കറിയാം എന്‍റെ ബ്ലഡ്‌ എടുക്കുക എന്നു പറയുന്നത്‌ മിനിമം ഒരരമണിക്കൂറെങ്കിലും നീണ്ടുനില്‍ക്കുന്ന പരിപാടിയാണ്‌ വെയ്ന്‍ കിട്ടാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്‌. അത്രേം നേരമൊക്കെ കാത്തു നില്‍ക്കേണ്ടി വന്നാല്‍ ഈ പാവം അപ്പൂപ്പന്‍ പോലും എന്നെ പ്രാകാന്‍ തുടങ്ങും.വെര്‍തേയെന്തിനാ ഒരു റിസ്കെടുക്കുന്നത്‌..

എന്റെ ഊഴമായി.ഒരു ചെറുപ്പക്കരനാണ്‌ അവിടിരിക്കുന്നത്‌. ഒരു മുന്നറിയിപ്പായിക്കോട്ടെന്നു കരുതി ഞാനാദ്യമെ തന്നെ അങ്ങോട്ടറിയിച്ചു..

"എന്‍റെ വെയ്ന്‍ അങ്ങനെയൊന്നും കിട്ടില്ല. ദോ ഇവിടുന്നാണ്‌ സാധാരണ ബ്ലഡെടുക്കാറുള്ളത്‌"

അയാള്‌ മൈന്‍റാക്കിപോലുമില്ല.ആ മുഖത്തൊരു പുച്ഛം.'കൊക്കെത്ര കുളം കണ്ടിരിക്കുന്നു' എന്നൊരു ഭാവം. 'ആത്മവിശ്വാസം നല്ലതാണ്‌ പക്ഷെ അമിതമാകരുത്‌ മോനേ' എന്ന്‌ മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ രണ്ടു കയ്യും നീട്ടിക്കൊടുത്തു.


രണ്ടു കയ്യും മാറി മാറി നോക്കീട്ടും അയാള്‍ക്കൊന്നും കിട്ടീലാന്ന്‌ എനിക്കു മനസ്സിലായി. പക്ഷെ യുവരക്തമല്ലേ. അങ്ങനെ തോല്‍വി സമ്മതിക്കില്ലല്ലോ. എന്തോ കിട്ടിയ ഭാവത്തില്‍ അയാളൊരു കുത്ത്‌. ശൂൂൂൂം.. ബ്ലഡിനു പകരം സിറിഞ്ചിലെക്ക്‌ കാറ്റു കേറി. ഞാന്‍ കഷ്ടപ്പെട്ട്‌ ചിരിയടക്കി. അയാള്‌ അടുത്ത കയ്യിലും കുത്തി. പിന്നേം കാറ്റു കേറി.

"നിങ്ങള്‍ടെ വെയ്ന്‍ വളരെ തിന്‍ ആണ്‌. കിട്ടുന്നില്ല. "

അപ്പോള്‍ ഇതല്ലേ ഞാനാദ്യം തന്നെ പച്ചഹിന്ദീല്‌ അങ്ങോട്ടു പറഞ്ഞത്‌. അപ്പോ അഹങ്കാരം... ഞാന്‍ മനസ്സില്‍ പറഞ്ഞു.എന്നിട്ട്‌ അയാളെ ആശ്വസിപ്പിച്ചു.

" സാരമില്ല. എപ്പഴും ഇങ്ങനെ തന്നെയാ ഞാന്‍ വെയ്റ്റ്‌ ചെയ്യാം.കുറച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ കിട്ടിയേക്കും"


അരമുക്കാല്‍ മണിക്കൂറു കഴിഞ്ഞ്‌ ഞാന്‍ വീണ്ടും ചെന്നു. പിന്നേം കിട്ടി രണ്ടു കുത്ത്‌. എന്നിട്ടും വെയ്ന്‍ തിരുനക്കരെ തന്നെ.

"നോക്കൂ നിങ്ങള്‌ ഏതെങ്കിലും ഡോക്ടറെ വിളിയ്ക്കൂ .ഇനീം സമയം കഴിയുന്തോറും കൂടുതല്‍ ബുദ്ധിമുട്ടാവുകയെ ഉള്ളൂ"ഞാന്‍ അയാളെ ഉപദേശിച്ചു.

" ഒരു മണിക്കൂറും കൂടി കഴിഞ്ഞ്‌ ഒന്നൂടെ നോക്കാം. എന്നിട്ടും ശരിയായില്ലെങ്കില്‍ ഡോക്ടറെ വിളിക്കാം" പാവം . ഞാനയാള്‍ക്ക്‌ ഒരു ചാന്‍സും കൂടി കൊടുത്തു.അതു മാത്രമല്ല അവിടെ ക്യൂവില്‍ നില്‍ക്കുന്ന ആളുകള്‍ കന്നടയില്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുമുണ്ട്‌.ഭാഷയറിയാത്തത്‌ ചിലസമത്ത്‌ ഒരു ഭാഗ്യമാണെന്ന്` പണ്ടാരോ പറഞ്ഞിട്ടുളത്‌ എത്ര ശരിയാണ്‌.

ഒരുമണിക്കൂരു കഴിഞ്ഞപ്പോള്‍ അയാള്‍ ഡോക്ടറെ കൂട്ടിക്കൊണ്ടു വന്നു. ഡോക്ടരു വന്ന പാടേ എന്റെ കയ്ക്കിട്ട്‌ അടിയ്ക്കാന്‍ തുടങ്ങി. നാലു കുത്തു കുത്തീതു പോരാഞ്ഞ്‌ ഇനി അടീം കൂടിയോ. എഴുന്നേറ്റു നിന്ന്‌ ആ ഡോക്ടറിനിട്ട്‌ രണ്ടു പൊട്ടിയ്ക്കാന്‍ തോന്നിപ്പോയി.പക്ഷേ ഞാന്‍ കണ്ട്രോള്‌ ചെയ്തു. ഇപ്പോള്‍ അവിടെ കൂടിയിരിക്കുന്ന എല്ലവരുടെയും ശ്രദ്ധ എന്റെ കയ്യിലാണ്‌. ആകെ തിക്കും ബഹളവും. അവിടെ ചീട്ടെഴുതുന്നവര്‍ പോലും വന്ന്‌ എന്‍റെ വെയ്ന്‍ തപ്പുകയാണ്‌. ഏറ്റവും വെല്യ രസം അവര്‍ടെ സഹതാപം മുഴുവന്‍ ഡോക്ടറിനോടാണ്‌. ഞാനെന്തോ വെയ്ന്‍ മനപൂര്‍വം ഒളിപ്പിച്ചു വച്ചിരിക്കുകയാണ്‌ എന്ന മട്ടിലാണ്‌ മിക്കവരുടെയും മുഖഭാവം.

ആകെപ്പടെ ചമ്മല്‌. അതിന്റെ കൂടെ ഒടുക്കത്തെ വേദനയും. മുഖമൊക്കെ ചൂടാകുന്നതു പോലൊരു തോന്നല്‍. കണ്ണണെങ്കില്‌ നിറഞ്ഞു നിറഞ്ഞു വരികയാണ്‌.അപ്പോള്‍ എങ്ങനെയെങ്കിലും അവിടുന്നൊന്ന്‌ രക്ഷപെട്ടാല്‍ മതിയായെന്നേ ഉണ്ടായിരുന്നുള്ളൂ. എന്‍റെ അവസ്ഥ മനസ്സിലാക്കീതു പോലെ ഒരു കുഞ്ഞു വെയ്ന്‌ കൈത്തണ്ടയില്‍ പ്രത്യക്ഷപ്പെട്ടു. പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു. സിറിഞ്ചെടുക്കുന്നു..കുത്തുന്നു.. പക്ഷെ ഒരു ശകലം കേറീട്ട്‌ അതങ്ങു നിന്നു. പിന്നെ രണ്ടു മൂന്നു പേര്‌ ആ ഞരമ്പിന്റെ അവിടേം ഇവിടെമൊക്കെ ഞെക്കി ഒരു വിധത്തില്‍ കുറച്ചൂടെ ഒപ്പിച്ചെടുത്തു.

ഭയങ്കര വേദന. ഞാന്‍ പെട്ടെന്ന്‌ കൈ വലിച്ചു.

'കളഞ്ഞല്ലോടീ കൊച്ചേ' എന്ന മട്ടില്‍ എല്ലാരും കൂടി എന്നെ തുറിച്ചു നോക്കി.

"ഇത്രേം മതി. ഇനി വേണമെങ്കില്‍ കുറച്ചു വെള്ളം ചേര്‍ത്ത്‌ അഡ്ജസ്റ്റ്‌ ചെയ്തോ" ഞാന്‍ ഡോക്ടറോടു പറഞ്ഞു.

ഡോക്ടറ്‌ പെട്ടെന്നെന്തോ പറയാന്‍ വന്നതു വിഴുങ്ങി. എന്നിട്ട്‌ ഒരു ചിരിയോടെ കുറച്ചു പഞ്ഞിയെടുത്ത്‌ നീട്ടിക്കൊണ്ടു പറഞ്ഞു.

" അടുത്ത പ്രാവശ്യം ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്ന്‌ പ്രതീക്ഷിക്കുന്നു"

ചുമ്മാ ഫോര്‍മാലിറ്റി.ഞാനും വിട്ടു കൊടുത്തില്ല. പറ്റുന്നത്ര മുഖം വീര്‍പ്പിച്ചോണ്ടു പറഞ്ഞു.

"ങും അടുത്ത പ്രാവശ്യോം ഡോക്ടര്‍ക്കിതു തന്നെ പറയേണ്ടി വരില്ലെന്നു ഞാനും പ്രതീക്ഷിക്കുന്നു"