ടി.വി.യിലെ പാചകപരിപാടികളുടെ കടുത്ത ഒരു ആരാധികയാണ് ഞാന്‍. ചാനലുകളിങ്ങനെ മാറ്റിമാറ്റി കളിക്കുന്നതിനിടെ എവിടെങ്കിലും ഏതെങ്കിലും ചേട്ടനോ ചേച്ചിയോ അടുപ്പും പാത്രോം തവീമൊക്കെയായി തിരിഞ്ഞുകളിക്കുന്നതു കണ്ടാല്‍ (അതിപ്പോ എനിക്കു കേട്ടുകേള്‍വി പോലുമിലാത്ത ഭാഷയിലായാലും ശരി) ഞാനവിടങ്ങ് സ്റ്റക്കായിപ്പോകും. ഇതൊക്കെയാണെങ്കിലും ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മിടുക്കിയായ പാചകതാരം എന്റെ വീട്ടില്‍ തന്നെയാണ് കേട്ടോ- എന്റെ സ്വന്തം മാതാശ്രീ. പാചകകാര്യത്തില്‍ ഇത്രേം കുരുട്ടുബുദ്ധിയുള്ള വേറൊരാളെ ഞാന്‍ കണ്ടിട്ടില്ല. ദാ ഇന്നലത്തെ കാര്യം തന്നെ നോക്ക്.. രാവിലെ കണ്ണും തിരുമ്മിയെഴുന്നേറ്റു വരുമ്പോള്‍ കണ്ട കഴ്ചയെന്താണെന്നോ-- കാസറോളില്‍ അടുക്കിയടുക്കി വച്ചിരിക്കുന്ന പിങ്കപ്പങ്ങള്‍.. എന്നു വച്ചാല്‍ ലൈറ്റ് പിങ്ക് കളറുള്ള അപ്പങ്ങള്‍.മമ്മിയെ ഞാന്‍ ഇന്നും ഇന്നലേമൊന്നും കണ്ടു തുടങ്ങീതല്ലല്ലോ.. അതുകൊണ്ട് ആദ്യം സംശയിച്ചത് തലേന്നു രാത്രി ബാക്കിവന്ന ബീറ്റ്‌റൂട്ട് തോരനെയാണ്. ചെന്നു നോക്കീപ്പോള്‍ ഫ്രിഡ്‌ജില്‍ അതു ഭദ്രമായിരിപ്പുണ്ട്.പിന്നെ ഈ കളറിന്റെ ഗുട്ടന്‍സെന്ത് എന്ന് മമ്മിയെ ക്വസ്റ്റ്യന്‍ ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. തലേ ദിവസം രാവിലെ ബാക്കിവന്ന പുട്ടാണ് നായകന്‍. രാത്രി അപ്പത്തിനു മാവരച്ചപ്പോള്‍ ചോറിനു പകരം ആ പുട്ടാണത്രേ ചേര്‍ത്തത്. ഒന്നോര്‍ത്താല്‍ ചോറും പുട്ടുമൊക്കെ ഒരേ ഫാമിലിയില്‍ പെട്ടതാണല്ലോ. നല്ല തവിട്ടു കളറുള്ള ചമ്പാപുട്ടായിരുന്നു..അതാണ് അപ്പത്തിന്റെ കോലത്തിലായപ്പോള്‍ ലൈറ്റ്‌പിങ്ക് കളറു വന്നുപോയത്.. ബാക്കിവരുന്ന ഭക്ഷണസാധനങ്ങളെ ഒരു കുഞ്ഞുപോലുമറിയാതെ വേറെ രൂപത്തിലാക്കുന്ന മമ്മീടെ ട്രിക്കിനെ പറ്റി അറിയാഞ്ഞിട്ടാണ്-- അല്ലെങ്കില്‍ മുതുകാടും പി.സി സര്‍ക്കാരും ഹൗഡിനിയുമൊക്കെ എന്റെ വീടിനു മുന്നില്‍ ക്യൂ നിന്നേനേ.. മമ്മീടെ ശിഷ്യത്വം സ്വീകരിക്കാന്‍..
ഈ പാചകമാജിക്കില്‍ മമ്മീടെ ഗുരു-കം-അമ്മായിഅമ്മ എന്റെ അമ്മച്ചിയാണ്. അമ്മച്ചീടെ നല്ല കാലത്ത് കുറച്ചു ചക്കക്കുരുവും മാങ്ങയും കൊണ്ട് അമ്മച്ചി വിഭവസമൃദ്ധമായ സദ്യ ഒരുക്കുമായിരുന്നത്രേ. അതപ്പോള്‍ കുടുംബത്തിലെ അംഗസംഖ്യ അത്രയും വലുതാണ്. എല്ലാരെയും തീറ്റിപ്പോറ്റണമെങ്കില്‍ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുന്നതു പോലുള്ള മാജിക്കൊക്കെ അമ്മച്ചി കാണിച്ചു പോവും. കുറ്റം പറയാന്‍ പറ്റില്ല. ഈ രണ്ടു മാജിക്കുകാരികളെയും കൂടാതെ എന്റെ വീട്ടില്‍ ഒരു പാചകശാസ്ത്രജ്ഞയുമുണ്ട്- എന്റെ ചേച്ചി.. പാചകം ആറ്റംബോബുണ്ടാക്കുന്നതു പോലുള്ള ഒരു ശാസ്ത്രമാണെണെന്നാണ് അവൾടെ വിശ്വാസം. എന്തേലും നിവര്‍ത്തിയുണ്ടെങ്കില്‍ അവള് കോമ്പസും സ്കെയിലും തെര്‍മോമീറ്ററും സ്റ്റോപ്പ്‌വാച്ചും ടൈമറും ഒക്കെ ഉപയോഗിച്ചേ പാചകം ചെയ്യൂ. എല്ലാം പെര്‍ഫക്ടായിട്ട്. അതുകൊണ്ടെന്താ.. അവളിങ്ങനെ വൃത്തോം അലങ്കാരോമൊക്കെ ശ്രദ്ധിച്ച് സാധനമുണ്ടാക്കി വരുമ്പോഴെക്കും ബാക്കിയുള്ളോര് പട്ടിണി കിടന്നു മൃതിയടഞ്ഞിട്ടുണ്ടാവും.പിന്നുള്ളത് അനിയനാണ്. അവന്റെ മാസ്റ്റര്‍ പീസ് 'തട്ടുകട കപ്പ' എന്ന വിഭവമാണ്. എന്നു വച്ചാല്‍ മമ്മി ഉണ്ടാക്കിയ കപ്പയും ബീഫ് കറിയും ഒരു ചീനച്ചട്ടിയിലിട്ട് ഇളക്കിയോജിപ്പിച്ചു തരും. മട്ടും ഭാവവും കണ്ടാല്‍ തോന്നും ആ കപ്പ നട്ടതു പോലും അവനാണെന്ന്. അത്രയ്ക്കുണ്ടാവും അഹങ്കാരം.
ഇവര്‍ടെയിടയില്‍ നിന്ന് രക്ഷപെട്ട് ഓഫീസിലെത്തിയാലോ.. അവിടെ മറ്റൊരു തരം പാചകജീവികളെയാണ് നേരിടേണ്ടി വരുന്നത്- പുതുതായി കല്യാണം കഴിഞ്ഞ് തിരികെ ജോലിയില്‍ കയറുന്ന പെണ്ണുങ്ങള്‍.. മഷ്രൂം കുക്കിണീസ് എന്നു ഞാനിട്ടിരിക്കുന്ന പേര്. പേരു പോലെ തന്നെ കൂണ് മുളയ്ക്കുന്നതു പോലെ ഒറ്റ ദിവസം കൊണ്ടൊക്കെയാണ് ഇവര്‍ പാചകത്തിന്റെ ഉത്തുംഗശൃഖത്തിലെത്തുന്നുന്നത്. കല്യാണത്തിനു മുന്‍പു വരെ നമ്മടെ കൂടെയിരുന്ന് ബ്രഡിന്റെ കൂടെ കഴിക്കാന്‍ തക്കാളിയാണോ വെള്ളരിക്കയാണോ നല്ലത് എന്നൊക്കെ ചര്‍ച്ച ചെയ്തോണ്ടിരുന്ന ടീംസാണ്; കല്യാണം കഴിഞ്ഞാലുടനെ ഹൈദരാബാദി ദം ബിരിയാണി, എത്യോപ്യന്‍ പുഡ്ഡിംഗ് തുടങ്ങിയ ലെവലിലേക്കൊക്കെ അങ്ങുയര്‍ന്നു പോവും.അതു കൂടാതെ മറ്റൊരു പുതുമയും കൂടിയുണ്ട് ഇക്കൂട്ടര്‍ക്ക്- റ്റിഫിന്‍ .. അതും വല്ല ദോശയും ഇഡലിയും പുട്ടുമൊക്കെയായിരിക്കും. "യ്യോ നീയിതെന്നുമുതലാണ് ഇങ്ങനെ രാജകീയബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ചു തുടങ്ങീത്" എന്ന് അന്തംവിടുമ്പോഴാണ് അടുത്ത ഷോക്ക് "ചേട്ടന് ബ്രേക്ക്ഫാസ്റ്റിന് ഇതാണിഷ്ടം" എന്ന്. ഇഷ്ടമൊക്കെ അങ്ങനെ പലതുമുണ്ടാവും.. ഉള്ളതു പറയാലോ.. എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ് ജീവിക്കാറുള്ളത്.അല്ലെങ്കില്‍ പിന്നെ അടുത്തു വല്ല ഹോട്ടലോ മറ്റോ വേണം. ലവന്മാര്‍ക്കൊക്കെയാണ് കല്യാണം കഴിയുന്നതോടെ മണ്‍കലത്തിലുണ്ടാക്കിയ ചോറ്, അമ്മീലരച്ച ചമ്മന്തി, ചിരട്ടപ്പുട്ട് തുടങ്ങിയ കോംപ്ലികേറ്റഡ് വിഭവങ്ങളില്ലാതെ ജീവിക്കാന്‍ പറ്റാതാവുന്നത്. ഈ നട്ടാല്‍ കുരുക്കാത്ത നുണ കേട്ടാലുടനെ വിശ്വസിക്കാന്‍ കുറെ പെണ്‍ജന്‍മങ്ങളും!! ഇങ്ങനെ ചില അഭിനവഭര്‍ത്താക്കന്മാരാണെങ്കില്‍ വേറൊരു കഥയാണു പറയുന്നത്. അവര്‍ ആവശ്യപ്പെടാതെയാണ് ഭാര്യമാര്‍ ഇത്തരം ഭക്ഷ്യമേളകളൊക്കെ ഒരുക്കുന്നതെന്ന്- അവരെ ഇംപ്രസ് ചെയ്യിക്കാന്‍ വേണ്ടി.. ഇതിന്റെയൊക്കെ സത്യാവസ്ഥ എന്താണോ എന്തോ.. എന്തായാലും ഇത്തരത്തിലുള്ള ആവേശമൊക്കെ രണ്ടുമൂന്നു മാസം കൊണ്ട് തണുത്തുറഞ്ഞ് ഇവരൊക്കെ പഴയ മാഗി/ബ്രഡ്/പഴം ഡയറ്റിലെക്കു തിരിച്ചുപോവുന്നതായിട്ടാണ് പൊതുവേ കണ്ടുവരുന്നത്.. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഓഫീസിൽ ഒളിഞ്ഞും തെളിഞ്ഞും നേരിടേണ്ടി വരുന്ന മറ്റൊരു കൂട്ടരുണ്ട്. നമ്മളിങ്ങനെ ആര്‍ക്കും ശല്യമാവാതെ കാന്റീനിന്റെ ഒരൊഴിഞ്ഞ കോണിൽ സാൻഡ്‌വിച്ചും കടിച്ചുപറിച്ചിരിക്കുമ്പോഴായിരിക്കും ഇക്കൂട്ടരുടെ വഹ അഭിപ്രായപ്രകടനങ്ങൾ--" ങ്‌ഹും..ഇന്നത്തെ പെണ്‍കുട്ടികള്‍.. ഇതുങ്ങള്‍ക്കൊക്കെ വല്ലതും വച്ചുണ്ടാക്കിക്കൂടേ" എന്ന് . ഇനീപ്പം എന്റെ സ്ഥനത്ത് വല്ല പയ്യനുമാണ് സാൻഡ്‌വിച്ചും കൊണ്ടിരിക്കുന്നതെങ്കിലോ.. അങ്ങു സഹതാപമാണ്.. "പാവം വച്ചു വിളമ്പാനാരുമില്ല.. ഇവനൊരു കല്യാണം കഴിച്ചാലെന്താ" -ആ ലൈനിലങ്ങു പോവും. എനിക്കും അവനുമൊക്കെ ദിവസത്തില്‍ 24 മണിക്കൂറേ ദൈവം അനുവദിച്ചു തന്നിട്ടുള്ളൂ എന്നോര്‍ക്കണം.. എന്തൊരക്രമം.. അനീതി!!
ഇത്രേമൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാനൊരു പാചകവിരോധിയാണ് എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്. പാചകത്തെ അതിമനോഹരമായ ഒരു കലയായി കണക്കാക്കുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു വ്യക്തിയാണ് ഞാൻ .അതുകൊണ്ടു തന്നെ ചില പ്രശ്നങ്ങളുമുണ്ട്. അതായത് ഏതെങ്കിലും ഒരു കലാകാരന് രാവിലെ എട്ടുമണിക്കു മുൻപ്/ഉച്ചയ്ക്ക് ഒരു മണിയ്ക്ക്/രാത്രി എഴു മണിയ്ക്ക് എന്ന മട്ടിൽ സമയബന്ധിതമായി കലാസൃഷ്ടികളുണ്ടാക്കാൻ പറ്റുമോ..അതിനൊക്കെ നല്ല മൂഡു വേണം, ഭാവന വേണം ,ആവശ്യമായ സാധനങ്ങൾ വേണം, അനുകൂലമായ സാഹചര്യം വേണം.. പറഞ്ഞുവരുന്നത് എന്റെ പാചകകലാസൃഷ്ടിയും ഇങ്ങനുള്ള അപൂർവ്വനിമിഷങ്ങളിലേ രൂപം കൊള്ളാറുള്ളൂ.. . ബാക്കിയുള്ള ദിവസങ്ങളിലൊക്കെ വല്ല പഴമോ പച്ചക്കറിയോ ഒക്കെ കഴിച്ചാണ് ജീവൻ നിലനിർത്താറുള്ളത് .. ഇനീപ്പം വല്ലതും വച്ചുണ്ടാക്കാൻ തോന്നിയാലോ- പാരമ്പര്യപാചകത്തിന്റെ കംപ്ലീറ്റ് നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടുള്ള വിഭവങ്ങളേ ഉണ്ടായിവരാറുള്ളൂ. വേണംന്നു വച്ചു ചെയ്യുന്നതല്ല.. അങ്ങനെയൊക്കെ ആയിപ്പോകുന്നതാണ്. ദാ തെളിവിനായി കഴിഞ്ഞ ഒരുമാസത്തെ കലാസൃഷ്ടികൾടെ അവസ്ഥ താഴെക്കൊടുക്കുന്നു.
1)ഗുലാബ് ജാമുൻ - എവിടൊക്കെയോ എന്തൊക്കെയോ പാളിയെന്നു ഉണ്ടാക്കികഴിഞ്ഞപ്പോൾ മനസിലായി. നല്ല സോഫ്റ്റായിരിക്കേണ്ട സാധനം കരിങ്കല്ലു പോലിരിക്കുന്നു.പിന്നെ എല്ലാത്തിലും പപ്പടംകുത്തീം കൊണ്ട് ഓരോ തുളയുമിട്ട് കുറെനേരം അതിനെ പഞ്ചസാര സിറപ്പിൽ മുക്കിപ്പിടിച്ചപ്പോൾ ഇത്തിരി മയം വന്നു ച്യൂയിംഗം പരുവത്തിലായിക്കിട്ടി. അയൽവാസിപ്പിള്ളാരുടെ ഇടയിലൊക്കെ വൻഹിറ്റായിരുന്നു. അവരിലാരും ശരിക്കും ഗുലാബ് ജാമുൻ കണ്ടിട്ടില്ലായിരുന്നൂന്ന് പ്രത്യേകം പറയണ്ടല്ലോ..
2)ക്യാരറ്റ് പായസം - അടപ്രഥമൻ, സേമിയാപായസം, പയറുപായസം തുടങ്ങിയ സാമ്പ്രദായിക പായസങ്ങളിൽ നിന്നും മാറിച്ചിന്തിക്കാനുള്ള ശ്രമമായിരുന്നു. എല്ലാം ഒത്തു വന്നതുമാണ്.അപ്പോഴാണ് മമ്മീടെ വക റെക്കമെൻഡേഷൻ-നേരത്തെ ഉണ്ടാക്കിയതിന്റെ ബാക്കി കുറച്ചു സേമിയ ഉണ്ട്, അതിനേം കൂടി പായസത്തിലുൾപ്പെടുത്തണമെന്ന്. എന്തായാലും എന്റെ ക്യാരറ്റ് പായസത്തിന് ഒരു അലങ്കാരമായിക്കോട്ടേന്നു വിചാരിച്ച് ആ സേമിയയും കൂടി പായസത്തിലേക്കു തട്ടി. ഇത്തിരി കഴിഞ്ഞു വന്നു നോക്കീപ്പോഴുണ്ട് സേമിയ വളർന്നു വലുതായി പായസത്തിലാകെ നിറഞ്ഞു നിൽക്കുന്നു. എന്തായാലും കഴിച്ചവരൊക്കെ അത്‌ഭുതം രേഖപെടുത്തി കേട്ടോ-- ഓറഞ്ചുകളറിലുള്ള സേമിയാപായസം ആദ്യം കാണുകയാണെന്നും പറഞ്ഞ് ..
3)ഫോർ-ലെയർ പുഡ്ഡിംഗ് - പേരു പോലെ തന്നെ നാലു ലെയറുള്ള പുഡ്ഡിംഗ് ആയ്‌രുന്നു വിഭാവനം ചെയ്തത്. ആദ്യത്തെ ലെയറിനു വേണ്ട പൈനാപ്പിൾ കടയിൽ സ്റ്റോക്കില്ലായിരുന്നു. പിന്നൊരു ലെയറായ ഓറഞ്ചാണെങ്കിൽ മിക്സീലിട്ടടിച്ച് ചൈനാഗ്രാസുമിട്ട് തിളപ്പിച്ച് സെറ്റ് ചെയ്തു കഴിഞ്ഞപ്പോൾ ഒടുക്കത്തെ കയ്പ്പ്. ഓറഞ്ചിന്റെ കുരു നീക്കം ചെയ്യാതെ അടിച്ചതു കൊണ്ടാവും. എന്തായാലും സമയം കളയാതെ വേസ്റ്റ്ബാസ്കറ്റിലേക്കിട്ടു. പിന്നെ ബാക്കിവന്നത് പാലിന്റെ ലേയറും ബിസ്കറ്റിന്റെ ലേയറുമായിരുന്നു. എല്ലാം റെഡിയാക്കി തണുപ്പിച്ച് പുഡ്ഡിംഗ് മോൾഡിനെ സെർവിങ്ങ് പ്ലേറ്റിലേക്കു കമഴ്ത്തീപ്പോൾ പാലൊക്കെ അങ്ങോഴുകിപ്പരന്നു. അവസാനം ഗ്ലാസിലൊഴിച്ചു കുടിക്കേണ്ടി വന്നു. ബിസ്കറ്റിന്റെ ലേയറാണെങ്കിൽ താഴേക്കു വീഴാൻ കൂട്ടാക്കാതെ മോൾഡിൽ തന്നെ പറ്റിപ്പിടിച്ചിരുന്നതു കൊണ്ട് അവിടുന്ന് ചിരണ്ടിത്തിന്നേണ്ടിയും വന്നു. എന്റെ പാചകചരിത്രത്തിലെ ഏറ്റവും വ്യത്യസ്ത്മായ കലാസൃഷ്ടിയായിരുന്നു ഇത്.
4) ചോക്കലേറ്റ്-ലിച്ചീ പുഡ്ഡിംഗ് - സാദാ ജെല്ലി ഉണ്ടാക്കാനുള്ള ശ്രമം അവസാനിച്ചതിങ്ങനെയാണ്. വീട്ടിലുണ്ടായിരുന്ന ചോക്കലേറ്റും ജ്യൂസും മിഠായിയുമൊക്കെ ഒക്കെ ഒരു രസത്തിന് എടുത്തു ചാർത്തി. എന്തും നേരിടാൻ ശക്തി തരണേ എന്നു പ്രാർത്ഥിച്ചാണ് എൻഡ് പ്രോഡക്ട് ടേസ്റ്റ് ചെയ്തു നോക്കീത്. എന്താണെന്നറിയില്ല; സംഭവം സക്സസ് ആയി. . എന്തൊക്കെയാണ് അതിൽ ചേർത്തതെന്ന് എനിക്ക് അവ്യക്തമായ ഒരോർമ്മ മാത്രമെയുള്ളൂ. അതുകൊണ്ട് റെസിപ്പിയൊന്നും ചോദിച്ച് ആരും ബുദ്ധിമുട്ടിക്കരുത് പ്ലീസ് ..
പക്ഷെ അവസാനത്തെ ആ വൻ വിജയത്തെക്കാളും എന്റെ വീട്ടുകാരോർമ്മിക്കുന്നതും എന്നെ ഒരിക്കലും മറക്കാനനുവദിക്കാത്തതും അതിനുമുൻപിലുള്ള റിലേ പരാജയങ്ങളാണ്. തരം കിട്ടുമ്പോഴൊക്കെ അതിന്റെ കാര്യം പറഞ്ഞ് എന്നിലെ പാചകകലാകാരിയെ തളർത്താൻ നോക്കും. അല്ലെങ്കിലും നല്ല കലാകരൻമാരെ/കാരികളെ അംഗീകരിക്കാൻ എന്നും നമ്മടെ സമൂഹത്തിനു മടിയാണല്ലോ.. സമൂഹത്തിന്റെ ആസ്വാദനനിലവാരത്തിൽ കാര്യമായ മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂന്ന് വിവരമുള്ളവർ പറയുന്നത് വെറുതെയല്ലെന്നേ...
Thursday, December 18, 2008
Subscribe to:
Posts (Atom)