പണ്ടൊക്കെ തറവാട്ടിലെ കുരിശുവര നല്ല രസമായിരുന്നു. കൈയില്‍ കിട്ടുന്ന പിള്ളാരെയെല്ലാം പിടിച്ചോണ്ടു വന്ന് അമ്മച്ചി ഒരു പായിലിരുത്തും. എന്നിട്ടു ഒരു കൊന്തേമെടുത്തു പിടിച്ച് ആരംഭിയ്ക്കും.അതിനിടയ്ക്കു മടുത്തെങ്കില്‍ എഴുന്നേറ്റു പോകാം; ആര്‍ക്കെങ്കിലും ഇടയ്ക്കു വച്ച് കുരിശുവരയില്‍ പങ്കെടുക്കണമെങ്കില്‍ അതുമാവാം.യാതൊരു നിബന്ധനകളുമില്ല.ഭിത്തിയില്‍ മൂന്നു ദൈവങ്ങള്‍ടെ പടങ്ങളുണ്ട്.അതില്‍ നോക്കിയാണ് പ്രാര്‍ത്ഥന. ഒന്ന് എല്ലാ ക്രിസ്ത്യന്‍ കുടുംബത്തിലുമുള്ള പടം തന്നെ- യേശു ക്രിസ്തു. പിന്നുള്ള രണ്ടു പേര് സ്റ്റാലിനും ലെനിനുമാണെന്ന് ചാച്ചന്മാര് പറഞ്ഞു തന്നു. ഇവരില്‍ ആരോടാണ് പ്രാര്ത്ഥിക്കേണ്ടതെന്നു ചോദിച്ചാല്‍ അമ്മച്ചി പറയും.. 'നീയങ്ങു പ്രാര്‍ത്ഥിക്ക്..അതില്‍ വേണ്ടവര്‍ പ്രാര്‍ത്ഥന പിടിച്ചെടുത്തോളും' എന്ന്. കുടുംബത്തില്‍ സത്യക്രിസ്താനികളും പള്ളിവിരോധികളും മാത്രമല്ല പല മതത്തിലും ജാതിയിലും നാട്ടിലും പെട്ട ആള്‍ക്കാരുണ്ട്. ഇവരിലാരുടെ മതമായിരിക്കും ശരിക്കുമുള്ളത് എന്നതയിരുന്നു അക്കാലത്തെ ഏറ്റവും വലിയ കണ്ഫ്യൂഷന്. കുട്ടികളില്‍ യാതൊരു രീതിയിലുള്ള മതചിന്തകളും (രാഷ്ട്രിയവും)അടിച്ചേല്‍പ്പിക്കരുത് എന്നതായിരുന്നു പപ്പയുടെ പോളിസി. കേട്ടാലുടനെ മതം മനസ്സിലാവുന്ന പേരുകള്‍ ഞങ്ങള്‍ക്കിടരുതെന്നും പപ്പയ്ക്കു നിര്‍ബന്ധമായിരുന്നു. മാമോദീസയും വേദപാഠവുമൊക്കെ മമ്മിയുടെ ആഗ്രഹപ്രകാരമാണ് നടന്നത്.പ്രായപൂര്‍ത്തിയായപ്പോള്‍ കടിഞ്ഞാണ്‍ ഞങ്ങള്‍ക്കു വിട്ടു തരികയും ചെയ്തു.
ഹിന്ദു-മുസ്ലീം മെജോറിറ്റി ഉള്ള സ്ഥലത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്.അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലുമൊക്കെ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അക്കാലത്തെ ഏറ്റവും വലിയ പേടിസ്വപ്നം പള്ളിയില്‍ പോക്കായിരുന്നു.മിനിമം ഒരു മണിക്കൂര്‍ നേരം , പ്രാര്‍ത്ഥിച്ച കാര്യം തന്നെ തന്നെം പിന്നേം പറഞ്ഞുകൊണ്ടിരിക്കും. പറയുന്ന എനിക്കു തന്നെ ബോറടിക്കും..പിന്നല്ലേ ഇതിങ്ങനെ കേട്ടുകൊണ്ടിരിക്കുന്ന ദൈവത്തിന്.. പ്രാര്‍ത്ഥന നമ്മുടെ മനസിലുണ്ടെങ്കില്‍ അതു ദൈവത്തിനു മനസ്സിലാവില്ലേ.. അതിങ്ങനെ വീണ്ടും വീണ്ടും അലറിക്കൂവി പറഞ്ഞാല്‍ മാത്രമേ ദൈവം പരിഗണിക്കുകയുള്ളോ...ഇങ്ങനെ പല ചോദ്യങ്ങളും വേദപാഠം ക്ലാസ്സില്‍ വച്ചു ക്ലിയര്‍ ചെയ്യാന്‍ നോക്കി. അതിനെല്ലാം 'അരിയെത്ര.പയറഞ്ഞാഴി പോലുള്ള' ഉത്തരങ്ങളാണ് കിട്ടിയത്. ക്രിസ്തു ഇങ്ങനെ പറഞ്ഞിട്ടുണ്ട്,ബൈബിളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ. അതു മാത്രമല്ല പള്ളിയുടെ പല രീതികളും ഒരു ദേവാലയത്തിന് യോജിച്ചതാണെന്ന് എനിക്കു തോന്നിയിരുന്നില്ല. ക്രിസ്തുവാണ് യഥാര്‍ത്ഥ ദൈവമെങ്കില്‍ അങ്ങാട്ടേയ്ക്കെത്താന്‍ ഇത്തരത്തിലുള്ള ഇടനിലക്കാര്‍ ആവശ്യമാണോ എന്നൊരു വലിയ ചോദ്യത്തോടെയാണ് വേദപാഠപഠനം അവസാനിച്ചത്.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മതത്തിലും ഈ ഇടനിലക്കാരുണ്ടെന്നു പിന്നീട് മനസ്സിലായി.
ഈ മതങ്ങളൊക്കെ ചുമ്മാതാണ്, ശരിക്കും ദൈവം ആരാണന്ന് ആര്‍ക്കും അറിയില്ല എന്നൊക്കെ പതുക്കെ പതുക്കെ തോന്നിതുടങ്ങി.മതത്തെ പറ്റി എറ്റവും തൃപ്തികരമായ ഒരുത്തരം കിട്ടിയത് ഇതാണ്- മതം എന്നാല്‍ അഭിപ്രായമാണ്. അതായത് ദൈവം ഇങ്ങനെയൊക്കെയായിരിക്കാം എന്നുള്ള അഭിപ്രായം.ഉറപ്പൊന്നുമില്ല. എതാണ് കുരുടന് ആനയെ കണ്ടതു പോലെയാണ് ഓരോ മതക്കാരും ദൈവത്തെ വര്‍ണ്ണിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു മതത്തിനു വേണ്ടിയും രക്തം തിളപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. ശരിയോ തെറ്റോ എന്നറിയാത്ത ഒരു കാര്യത്തിനു വേണ്ടി എന്റെ എനര്‍ജി എന്തിനു കളയണം.. പത്തു പേര് എന്റെ ചുറ്റുമിരുന്ന് പതിനഞ്ചു തരത്തില്‍ ദൈവത്തെ വ്യാഖ്യാനിച്ചാലും എന്നെ അതു ബാധിക്കില്ല.നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..അതു തന്നെ..
അങ്ങനെ മതങ്ങള്ടെ കാര്യത്തില്‍ ഒരു തീരുമാനമായി.ഇനി എനിക്കൊരു ദൈവത്തെ വേണം.ദൈവമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ട്. ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊരു ദൈവത്തിനെ വേണം. അതെന്റെ ആവശ്യമാണ്. ഞാനെന്തെങ്കിലും തെറ്റു ചെയ്യുമ്പോള്‍ ;ഒക്കെ നീ കാരണമാണ്; എന്നു കുറ്റപ്പെടുത്താന്‍, ഏതെങ്കിലും പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ ഓടിവന്നു സഹായിക്കാന്‍ എന്നുവേണ്ട എനിക്കു വേണ്ടി മാത്രം നിലകൊള്ളുന്ന അമാനുഷികശക്തിയുള്ള ഒരു ദൈവം.അതിനങ്ങനെ രൂപമോ ഭാവമോ ഒന്നും വേണ്ട. മഥുരയിലെ അമ്പലത്തിലാണെന്നു തോന്നുന്നു, കൃഷ്ണന്റെ വിഗ്രഹം വല്ലപ്പോഴുമൊക്കെയേ ഭക്തര്‍ക്കായി തുറന്നു കൊടുക്കൂ. അതിലെ ആഭരണങ്ങള്‍ ആരെങ്കിലും മോഷ്ടിച്ചു കൊണ്ടു പോവുംന്ന് പേടിയാണത്രേ. അങ്ങനെ മനുഷ്യനെ പേടിച്ച് ഒളിച്ചിരിക്കേണ്ട ഗതികേട് എന്റെ ദൈവത്തിനില്ല. തിരുപ്പതീലെ കഥ മറ്റൊന്നാണ്. സ്വന്തമായി എത്ര സ്വത്തുവകകളുണ്ടെന്ന് ദൈവത്തിന് യാതൊരു പിടിയുമില്ല. ദാരിദ്ര്യം മാറ്റിത്തരണംന്നു അപേക്ഷിക്കാന്‍ വേണ്ടിയൊക്കെ ഭക്തരെത്തുന്ന സ്ഥലമാണതെന്നോര്‍ക്കണം. എന്റെ ദൈവത്തിന് ഇത്തരം ആശയക്കുഴപ്പങ്ങളൊന്നുമില്ല.തൊണ്ട പൊട്ടി പ്രാര്‍ത്ഥിച്ചാല്‍ മാതമേ ചെവി കെള്‍ക്കൂ എന്ന കുറവും എന്റെ ദൈവത്തിനില്ല. ദൈവത്തിനു വേണ്ടിയുണ്ടാക്കിയ so-called ആരാധനാലയങ്ങളിലുള്ള ഹാജര്‍ പരിശോധിച്ച് എന്നെ വിധിക്കുന്ന ഒരാളല്ല ഈ ദൈവം. ഇന്ന ദിവസം ഞാന്‍ ചിക്കന്‍ കഴിച്ചു, അടുത്ത ദിവസം ഞാന്‍ പച്ചക്കറിയെ കഴിച്ചുള്ളൂ അല്ലെങ്കില്‍ അതിന്റടുത്ത ദിവസം ഞാന്‍ പട്ടിണി കിടന്നു-ഇതൊന്നും എന്റെ ദൈവത്തിനു വിഷയമല്ല. ഞാനെന്തു കുപ്പായമാണിട്ടത് എന്നു നോക്കി എനിക്കു തരുന്ന അനുഗ്രഹങ്ങളില്‍ ഈ ദൈവം ഒരു കുറവും വരുത്തില്ല. അപ്പപ്പോള്‍ വായില്‍ വരുന്ന ദൈവങ്ങളുടെ പേരാണ് ഞാന്‍ ഈ ദൈവത്തെ വിളിക്കുക. ഞാന്‍ ഏതു ആരാധനാലയങ്ങളില്‍ പോയാലും ദൈവത്തിനൊരു പരാതിയുമില്ല. അമ്പലങ്ങളിലെ നിശബ്ദത എനിക്കിഷ്ടമാണ്. ആളൊഴിഞ്ഞ പള്ളിയിലെ ഏകാന്തതയും. ഇതൊക്കെ എന്റെ ദൈവത്തിനറിയാം.ചുരുക്കിപ്പറഞ്ഞാല്‍ എന്റെ സ്വാര്‍ത്ഥപരമായ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഞാന്‍ ഡിസൈന്‍ ചെയ്തുണ്ടാക്കിയ ഒരു ദൈവം. അതു കൊണ്ടു തന്നെ ഈ ദൈവത്തിനു വേണ്ടി ഞാന്‍ ഒരു ശുപാര്‍ശയും നടത്തില്ല. വാദിക്കുകയുമില്ല. എന്റെതു മാത്രമായി എനിക്കു വേണ്ടി മാത്രമായി ആ ദൈവം നിലകൊള്ളട്ടെ.
ഇനി എന്റെ പ്രിയപ്പെട്ട ദേവാലയം;ജീവിതത്തിന്റെ നല്ലൊരു ഭാഗവും ത്രിച്ഛംബരം ക്ഷേത്രത്തിന്റെയും രാജരാജേശ്വരി ക്ഷേത്രത്തിന്റെയും പരിസരപ്രദേശങ്ങളിലാണ് ഞാന്‍ കഴിച്ചു കൂട്ടിയത്. പിന്നെ ചുറ്റുവട്ടത്ത് കുറച്ചു മുസ്ലീം പള്ളികളും ഒരു കൃസ്ത്യന്‍ പള്ളിയും.അത്രേം കാലത്തെ പരിചയം കൊണ്ട് ആ ആരാധനാലയങ്ങളെ ഞാനിഷ്ടപ്പെട്ടു പോവേണ്ടതാണ്. പക്ഷെ അന്നും ഇന്നും എന്റെ പ്രിയപ്പെട്ട ആരാധനാലയം പറശ്ശിനി മുത്തപ്പന്റമ്പലമാണ്. മുത്തപ്പന് ആരാണെന്ന് എനിക്കറിയില്ല. ഞാന്‍ ആരാധിക്കാറുമില്ല. പക്ഷെ ആ അമ്പലം എനിക്കു പ്രിയപ്പെട്ടതാണ്.ഒരു ആരാധനാലയത്തില്‍ നിന്നു ഞാനെന്തെക്കെയാണോ പ്രതീക്ഷിക്കുന്നത് അതവിടെയുണ്ട്. എന്ററിവില്, അവിടെ മതവും ജാതിയുമൊന്നുമില്ല.ഭക്തര്‍ക്ക് ഒരു ഡ്രസ്കോഡുമില്ല. പാവപ്പെട്ടവനോ പണക്കാരോ എന്ന് ഭേദമില്ലാതെ എല്ലാവര്ക്കും എപ്പോഴും കൊടുക്കുന്ന പയറും ചായയും. അതു പോലെ തന്നെ ഉച്ചയ്ക്കത്തെ ഊണും.ആ ഒരമ്പലം കൊണ്ടു മാത്രം കഴിഞ്ഞു പോവുന്ന ഒരു പാടു ദരിദ്രകുടുംബങ്ങളുണ്ട് എന്നു കേട്ടിട്ടുണ്ട്. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇങ്ങനത്തെ പുണ്യപ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കാന്‍ മനസ്സുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ ആരാധന.അല്ലാതെ ആ പണം കൊണ്ട് ദൈവത്തിനു മാലയും വളയും വാങ്ങിയിടുന്നതല്ല.. എല്ലാവരെയും സമന്മാരായി കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ ദൈവികത്വം. ജാതിമതഭേദമില്ലാതെ അവിടെ വന്നുപോകുന്ന ആള്‍ക്കരുടെ ഇടയിലൂടെ പറശ്ശിനി അമ്പലത്തിന്റെ ഉള്ളിലൂടെ നടന്ന് അപ്പുറത്തെ വാതിലും കടന്ന് കണ്ണഞ്ചിക്കുന്ന തിളക്കത്തോടെ ഒഴുകുന്ന പുഴയും നോക്കി നില്ക്കുമ്പോള് കിട്ടുന്ന ആ ഒരു സമാധാനം...അതിനു തുല്യമായി ഈ ലോകത്തില്‍ മറ്റൊന്നുമില്ല..
Tuesday, June 3, 2008
Subscribe to:
Posts (Atom)