Sunday, September 21, 2014

വാല്മീകി..അർമ്മാദിച്ച് വാണിരുന്ന വീടും തേരാപാരാ തേരോട്ടമോടിച്ചോണ്ടിരുന്ന ശകടങ്ങളും മറ്റു സ്ഥാവരജംഗമങ്ങളും ഒക്കെ വിട്ട് ഓൺസൈറ്റ് വനവാസത്തിനായി ഫ്ളൈറ്റ് കേറീപ്പോ മനസിന്റെ കോർണറിലെവിടെയോ ശകലം ഒരു പേടിയുണ്ടായിരുന്നു. ഗ്ളോബൽ, എക്സ്പോഷറ്‌, പൗണ്ടില്‌ ദുട്ട്, ചുറ്റിക്കറങ്ങാനുള്ള അനന്തസാധ്യതകൾ- സംഭവമൊക്കെ കൊള്ളാം. പക്ഷെ പണ്ട് ഒറ്റത്തടിയായിരുന്നപ്പഴത്തേ പോലല്ല. അന്നൊക്കെ സ്വന്തം സാധനസാമഗ്രികൾ മൊത്തം തൂത്തുപെറുക്കിയാലും കഷ്ടിച്ച് ഒരു സ്യൂട്ട്കേസിൽ കൊള്ളാനുള്ളതേ ഉള്ളൂ.. അതും തൂക്കീയടുത്തങ്ങ് പോയാൽ മതി. അതു പോലാണോ ഇപ്പോ.. അതു മാത്രമല്ല.. പുതിയ സ്ഥലത്ത് വീടു കണ്ടുപിടിക്കണം, അത്യാവശ്യമൊന്നു കഞ്ഞീം കറീം വച്ചു ജീവിക്കാനുള്ള സെറ്റപ്പൊക്കെ ഒരുക്കണം,വണ്ടീം വള്ളോമൊക്കെ കണ്ടുപിടിക്കണം..എല്ലാം ഒന്നേന്നു പറഞ്ഞ് തുടങ്ങണം.. ചുരുക്കിപ്പറഞ്ഞാൽ ലൈഫിന്റെ സ്റ്റാർട്ടിംഗ് പോയിന്റിലേക്കു തിരിച്ചു പോയി പിന്നേം ഓടിത്തുടങ്ങുന്ന പോലൊരു അവസ്ഥയിലേക്കാണ്‌ എടുത്തുചാടാൻ പോകുന്നത്.

വീടിന്റെ കാര്യത്തിൽ ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും വല്യ കുഴപ്പമില്ലാത്ത ഒന്ന് ഒത്തു കിട്ടി. വീടെന്നൊന്നും തികച്ചങ്ങോട്ടും പറയാൻപറ്റില്ല. ഞങ്ങ രണ്ടു പേർക്ക് കഷ്ടി പെരുമാറാൻ പറ്റുന്നത്രേം മാത്രം വലിപ്പമുള്ള ഒരു കൊച്ചു മുറീം അതിനോട് അറ്റാച്ച് ചെയ്ത് രണ്ടിരട്ടി വലിപ്പത്തിലൊരു ബാത്റൂമും. പിന്നെ അത്യാവശ്യം കരിക്കാനും പുകയ്ക്കാനുമൊക്കെയുള്ള സെറ്റപ്പുള്ള ഒരു കൊച്ചടുക്കളയുമുണ്ട്. മുറീടെ വലിപ്പം കണ്ടപ്പോൾ ഒരു പ്ളിഞ്ഞ്യാസമുണ്ടായെങ്കിലും ഞങ്ങളങ്ങോട്ടു തന്നെ അങ്ങു കുടിയേറി.. സ്വയം ആശ്വസിപ്പിക്കാനായി ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ, ആ ഒരു സിംഗിൾ കരളിനു താമസിക്കാൻ ഇത്രക്കൊക്കെ സ്ഥലം മതി എന്നൊരു ന്യായീകരണവും കണ്ടെത്തി. ആകെമൊത്തം ലൈഫ് വല്യ കുഴപ്പമില്ലാതെ മുന്നോട്ടു പോവുകയാരുന്നു. ഒറ്റ പ്രശ്നമൊഴിച്ച്. ദിവസേനയുള്ള യാത്ര. വീട്ടിൽ നിന്ന് ടൗൺ സെന്ററിലേക്ക് കുറച്ചധികം നടക്കാനുണ്ട്. അതു ഞങ്ങൾ ആദ്യമേ തന്നെ ശ്രദ്ധിച്ചതാണ്‌. പക്ഷെ നമ്മ ഭീകര ആരോഗ്യമല്ലേ,, ഇതു വല്ലോം ദൂരമാണോ.. ഞാനൊക്കെ എന്തോരം നടന്നിട്ടാ സ്കൂളിൽ പോയിക്കൊണ്ടിരുന്നത്, അല്ലെലും നടക്കുന്നതു നല്ലതാഎന്നൊക്കെ പുച്ഛിച്ച് അതങ്ങു തള്ളിക്കളഞ്ഞതാണ്‌. ദിവസേനയുള്ള നടപ്പ് പിന്നേം സഹിക്കാം. പക്ഷെ വല്ല ഷോപ്പിംഗോ ഒക്കെ കഴിഞ്ഞ് കനത്തിൽ വല്ലതും തൂക്കിക്കൊണ്ടാണു നടപ്പെങ്കിൽ വീട്ടിലെത്തുമ്പഴേക്കും നടുവൊടിയും. അമ്മാതിരി കയറ്റമാണ്‌. നമ്മക്കീ ഭാരം പൊക്കലൊന്നും ശീലമില്ലല്ലോ.. ഷോപ്പിംഗ് കഴിഞ്ഞ് ട്രോളീം തള്ളിക്കോണ്ടു വന്ന് നേരെ വണ്ടീടെ ഡിക്കീലോട്ടു തള്ളി ലിഫ്റ്റിൽ കേറ്റി വീട്ടിലെത്തിക്കലല്ലേ പതിവ്. എന്നാപ്പിന്നെ ഇവിടെ ഒരു വണ്ടി വാങ്ങിച്ചേക്കാംന്നു വച്ചാൽ, എപ്പഴാണ്‌ തിരിച്ച് ഇന്ത്യയിലേക്കു പോവാനുള്ള ആഹ്വാനം വരുന്നതെന്നറിയില്ല.. അല്ലേൽ പിന്നെ വല്യ വിലയൊന്നുമില്ലാത്ത,ചുമ്മാ കളഞ്ഞിട്ടു പോകേണ്ടി വന്നാലും നെഞ്ചുവേദനയുണ്ടാക്കാത്ത വല്ല വണ്ടീം വേണം.. അതെങ്ങനെ ഒപ്പിക്കാംന്ന് തലപുകച്ച് തലപുകച്ച് അവസാനം ഞങ്ങൾ ഒരു ഉത്തരത്തിലെത്തിച്ചേർന്നു..

സൈക്കിൾ.. അതെ.. നമ്മടെ ഡ്യൂക്കിലി സൈക്കിൾ. അത്യാവശ്യം കാര്യങ്ങളൊക്കെ നടക്കും.എഞ്ചിനും ഡോറും പകിട്ടും പത്രാസൊന്നുമില്ലെങ്കിലും  സൈക്കിളും വണ്ടിഫാമിലിയിൽ പെട്ടതാണല്ലോ. ചുമ്മാ ചവിട്ടിക്കോണ്ടു പോയാൽ മതി.ഷോപ്പിംഗ് ബാഗൊക്കെ അതിന്റെ ഹാൻഡിലിൽ തൂക്കിയിടാം.. സൈക്കിൾ ചവിട്ടുന്നത് ആരോഗ്യത്തിനും നല്ലതാണ്‌.രണ്ടു പാസഞ്ചേർസിനെ വരെ താങ്ങിക്കോളും... പാർക്കിംഗ് സ്ലോട്ടിനായി ബുദ്ധിമുട്ടണ്ട . അങ്ങനെ എങ്ങനൊക്കെ നോക്കിയാലും ഞങ്ങൾടെ യാത്രാപ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരവുമായി ഭൂമിയിൽ അവതരിച്ച പോലൊരു സാധനം.ആകെയുള്ളൊരു സാങ്കേതിക പ്രശ്നം , എനിക്ക് സൈക്കിൾ ചവിട്ടാനറിയില്ല എന്നുള്ളതാണ്‌ (ഇരുചക്ര വാഹങ്ങൾ പേടിയായതു കൊണ്ട്,നേരിട്ട് ഫോർ വീലറിലേക്കാണ്‌ ഞാൻ കേറീത്). കെട്ട്യോൻ എപ്പോഴും സൈക്കിളിന്റെ ഡ്രൈവറായിക്കോളാം,ഞാൻ കാരിയർ സീറ്റിൽ താഴെപ്പോവാതെ അള്ളിപ്പിടിച്ചിരുന്നാൽ മാത്രം മതീന്നുള്ള ഉടമ്പടിയിൽ ആ പ്രശനവും പരിഹരിച്ചു. പിന്നെ സെകൻഡ്ഹാൻഡ്/ തേഡ്ഹാൻഡ്/ എതേലുംഹാൻഡ് സൈക്കിളിനുള്ള അന്വേഷണമായി. അവസാനം ഒന്നു ഒത്തു കിട്ടീപ്പോ അതിന്‌ കാരിയർ സീറ്റേയില്ല. പരിഹാരങ്ങളൊകെ ടപ്പേ ടപ്പേന്ന് ചുട്ടെടുക്കുന്ന ടീംസെന്ന നിലയിൽ ആ പ്രശ്നത്തിനും പരിഹാരം കണ്ടെത്തി.അതു വാങ്ങി ഞാനാ സൈക്കിളിൽ ഡ്രൈവിംഗ് പഠിച്ചെടുത്ത്, അതേ പോലെ ഒന്ന് എനിക്കും കൂടി വേണ്ടി വാങ്ങുക. ഉവ്വ നടന്നതു തന്നെഎന്നു മനസിൽ പറഞ്ഞ് ഞാനും ഭാഗ്യം അവളെ ഡബിളെടുടുത്ത് നടുവൊടിക്കണ്ടല്ലോഎന്നു മനസിൽ പറഞ്ഞ് കെട്ട്യോനും ആ പരിഹാരം കൈയടിച്ച് പാസാക്കി. അങ്ങനെ സൈക്കിൾ ഞങ്ങടെ വീട്ടിലെത്തുകേം ചെയ്തു.

ഏതാണ്ടൊരു മാസം കഴിഞ്ഞപ്പഴാരുന്നു സൈക്കിളിന്റെ പേരിടീൽ കർമ്മം... വാല്മീകി.. അതായിരുന്നു സൈക്കിളിനു ഞാനിട്ട പേര്‌. പുണ്യപുരാതന സൈക്കിളായതു കൊണ്ടു മാത്രമല്ല, കെട്ട്യോനിട്ടൊരു കൊട്ടും കൂടെയായിരുന്നു. വാങ്ങിച്ച ഉടനെ ലുട്ടാപ്പി കുന്തോം കൊണ്ടു നടക്കുന്നതു പോലെ അങ്ങേരു സൈക്കിളിൽ തന്നെയായിരുന്നു. സ്വന്തമായി സൈക്കിളൊന്നുമില്ലാത്ത പാവം ഞാൻ അതിന്റെ പുറകിൽ ഓടുകേമല്ലാ, നടക്കുകേമല്ലാത്ത പരുവത്തിൽ നടക്കും. എന്നും സൈക്കിളിനെ തൂക്കല്‌ തുടയ്ക്കല്‌, ഓരോരോ ആക്സസറീസ് വാങ്ങിക്കല്‌ ആകെ ബഹളം. ഒരു മാസം കഴിഞ്ഞപ്പോ സൈക്കിളിനു ബോറടിച്ചു. അതു ടയറിന്റകത്തെ ട്യൂബ് പഞ്ചറാക്കി . അതോടെ അത് കട്ടപ്പുറത്തായി..എന്നേലും നന്നാക്കിയെടുക്കും എന്ന ദൃഢപ്രതിജ്ഞയോടെ കെട്ട്യോൻ അതിനെ  വീടിന്റെ മതിൽ കുത്തിച്ചാരി വച്ചു.. ഓരോ ആഴ്ചേം അങ്ങേരു പ്രതിജ്ഞ പുതുക്കീതല്ലാതെ സൈക്കിളിന്റെ തപസിനൊരു അവസാനോം ഉണ്ടായില്ല..അങ്ങനെ വസന്തം വന്നു. അതിന്റൊപ്പം വന്ന വള്ളികളൊക്കെ സമയം കളയാതെ സൈക്കിളിന്റെ മോളിൽ കേറിച്ചുറ്റി. അങ്ങനെ ചിതല്പുറ്റ് മൂടിയ വാല്മീകിയെപ്പോലെ സൈക്കിൾ വള്ളികൾക്കുള്ളിൽ മറഞ്ഞു. അതോടെ ഞാനതിനു വാല്മീകി എന്നു പേരുമിട്ടു. വീട്ടിലേക്കു കേറുമ്പഴും ഇറങ്ങുമ്പഴൊക്കെ ഞാൻ വാല്മീകീന്നു വിളിച്ച് വിഷ് ചെയ്യും. അത് വാല്മീകി കേട്ട് തിരിച്ചു വിഷ് ചെയ്യാനല്ല. മറിച്ച് ആ വിളിയിലൂടെ ഇപ്പം ശരിയാക്കാംന്നു പറഞ്ഞ് വാല്മീകിയെ ആ അവസ്ഥയിലെത്തിച്ച മഹാനെ ഒന്നു കുത്തി നോവിക്കാനും അതു വഴി ഒരു ചൊറിച്ചിൽ സുഖം കിട്ടാനുമാരുന്നു.

അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ഞങ്ങൾ കുറച്ചൂടെ വല്യ ഒരു വീട്ടിലേക്കു മാറി. കഷ്ടിച്ച് ഒരു ടാക്സിക്കുള്ളിൽ കൊണ്ടു വരാനുള്ള സാധനമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വാല്മീകിയെ ഉപേക്ഷിച്ചു പോകാൻ തോന്നിയില്ല.ഒന്നൂല്ലേലും ഇവിടുത്തെ ഞങ്ങടെ ആദ്യത്തെ വണ്ടിയല്ലേ..അതിനെ കൊണ്ടു പോകാൻ വേണ്ടി മാത്രം ഞങ്ങൾ ടാക്സി മാറ്റി ഒരു പത്തായം വണ്ടി ബുക്ക് ചെയ്തു വാല്മീകിയടക്കം എല്ലാത്തിനേം പുതിയ വീട്ടിലെതിക്കുകേം ചെയ്തു. പുതിയ വീട്ടിലെത്തീതും വാല്മീകിറിപ്പയർ പ്രതിജ്ഞ ഇത്തിരൂടെ സ്ട്രോംഗ് ആയി.  റിപ്പയർ ചെയ്യാനുള്ള മൂഡ് വരുമ്പഴേ ഓടിപ്പോയി റിപ്പയറാനുള്ള സൗകര്യത്തിന്‌ വാല്മീകിയെ വീടിനു മുന്നിൽ തന്നെ ചാരിവച്ചു. വാല്മീകീടെ ലൈഫ് പിന്നേം പഴേ പോലെ തന്നെ. പിന്നെ ഒരു ഗുണമുള്ളതെന്താന്നു വച്ചാ, സിമന്റ് തറയായതു കൊണ്ട് വള്ളികളൊന്നുമില്ല. അതോണ്ടെ വള്ളികൾടെ ശല്യമൊന്നുമില്ലാതെ മഴേം വെയിലും കൊണ്ട് വാല്മീകി ശാപമോക്ഷം കാത്ത്‌ അവിടങ്ങനെ ഒരേ നില്പ്പ് നിന്നു. അങ്ങനെ ഒരു ദിവസം നേരം വെളുത്തപ്പോൾ ഒരു ക്ളൂ പോലും തരാതെ വാല്മീകി അപ്രതക്ഷ്യനായി. ഗാംഭീര്യം കണ്ട് ആരേലും അടിച്ചു മാറ്റിക്കൊണ്ടു പോയതാരിക്കും. അല്ലെങ്കിൽ ആക്രിയാണെനും വിചാരിച്ച് വേസ്റ്റുകാര്‌ എടുത്തോണ്ടു പോയിരിക്കും. സംഭവിച്ചതെന്തായാലും സ്വന്തം അഭിമാനപ്രശ്നം കാരണം ആദ്യത്തേതായിരിക്കും നടന്നിട്ടുണ്ടാവുക എന്ന് ഞങ്ങളങ്ങ് ആശ്വസിച്ചു.  അങ്ങനെ ഒടുക്കം  ഇത്തിരി തലതിരിഞ്ഞ രീതീലാണെങ്കിലും വാല്മീകിക്ക് ശാപമോക്ഷം കിട്ടി.

കാര്യം ഞങ്ങൾടെ കൂടെയുണ്ടായിരുന്ന കാലഘട്ടത്തിൽ മിക്ക സമയത്തും വാല്മീകി കട്ടപ്പുറത്താരുന്നെങ്കിലും നല്ല കുറെ ഓർമ്മകളും സമ്മാനിച്ചാണ്‌ വാല്മീകി പോയത്. പണ്ടത്തെ സില്മേൽ വേണു നാഗവള്ളീം ജലജേം നടക്കുന്ന പോലെ വാല്മീകിയേം തള്ളിക്കൊണ്ട് അപ്രത്തും ഇപ്രത്തുമായി വർത്തമാനം പറഞ്ഞ് നടന്നിരുന്ന ആ നല്ല കാലം. ഡീസലിന്റേം പെട്രോളിന്റേം വില കൂടുതലൊന്നും ഞങ്ങളെ ബാധിച്ചിരുന്നേയില്ല. വാല്മീകീടെ ഹാൻഡിലിനു താങ്ങാൻ പറ്റുന്നത്രേം മാത്രം ഭാരമുള്ള ഷോപ്പിംഗ് നടത്തീരുന്നുതു കൊണ്ട് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതൊഴിവായി. സാമ്പത്തിക അച്ചടക്കം കൂടി. മിണ്ടാപ്രാണിയായിരുന്നെങ്കിലും മിനിമം റിസോർസിൽ ആരോടും ഒന്നും പരാതിപറയാതെ എങ്ങനെ ജീവിക്കാംന്ന് വാല്മീകി സ്വന്തം ജീവിതം കൊണ്ട് ഞങ്ങളെ പഠിപ്പിച്ചു. ഇപ്പോ ഏതേലും ഒരു വീട്ടിൽ റിപ്പയർ ചെയ്യപ്പെട്ട് കുട്ടപ്പനായി ഇഷ്ടം പോലെ എണ്ണേം ഗ്രീസുമൊക്കെ കിട്ടി ജില്ല് ജില്ലെന്നുള്ള ട്യൂബും ടയറുമൊക്കെയായി വാല്മീകി വിരാജിക്കുന്നുണ്ടാവാം. ഇനി അതല്ല , കാലക്കേടിന്‌ ആക്രിക്കാര്‌ തന്നെയാണ്‌ വാല്മീകിയെ കൊണ്ടു പോയതെങ്കിൽ ആ പാവം ഇപ്പോൾ വല്ല റീസൈക്ളിംഗ് യൂനിറ്റിലും പീസ് പീസായിട്ടുണ്ടാവും... അങ്ങനെയെങ്കിൽ ഞങ്ങൾക്കൊന്നു മാത്രമേ ആശംസിക്കാനുള്ളൂ...

പ്രിയ വാല്മീകീ, റെസ്റ്റ് ഇൻ പീസ് പീസ്..

സന്തപ്ത എക്സ്-ഓണേർസ് (ഒപ്പ്)