Sunday, March 30, 2008

പരീക്ഷണശാലകളിലൂടെ..

മൊട്ടേന്നങ്ങോട്ട്‌ ജസ്റ്റ്‌ വിരിഞ്ഞ പ്രായത്തില്‍ എന്റെ ആഗ്രഹം ഭാവിയില്‍ ഒരു വനിതാപോലീസാവണം എന്നായിരുന്നു. അതാവുമ്പോ എല്ലാവര്‍ക്കിട്ടും ഇഷ്ടം പോലെ ഇടി കൊടുക്കാം; ഇങ്ങോട്ടാരും ഇടി തരുകയുമില്ല.കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഗാന്ധിജിയെ പറ്റിയൊക്കെ പഠിച്ച്‌ അഹിംസാവാദിയായതു കൊണ്ടോ എന്തോ ആ മോഹം അങ്ങുപേക്ഷിച്ചു. പിന്നീടെപ്പോഴോ ഒരു ഉപന്യാസരചന മത്സരത്തിലാണ്‌ എന്റെയുള്ളില്‍ ഞാന്‍ പോലുമറിയാതെ കിടന്ന ഒരു മോഹം പെന്‍ വഴി പേപ്പറിലേക്കു വന്ന്‌ വെളിച്ചം കണ്ടത്‌.

"ഭാവിയില്‍ ആരായിത്തീരണം? എന്തു കൊണ്ട്‌ ?" ഇതായിരുന്നു വിഷയം. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട്‌ ഉത്തരമെഴുതി ടീച്ചര്‍ക്കു കൊടുത്തു.

ലക്‍ഷ്യം:ഭ്രാന്തിന്റെ ഡോക്ടര്‍

കാരണം : എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കിടയിലിരുന്ന്‌ ജോലി ചെയ്യാമല്ലോ. .

ടീച്ചറിന്റെ പ്രതികരണം ഓര്‍മ്മയില്ലെങ്കിലും മമ്മിയോട്‌ കാര്യം പറഞ്ഞപ്പോള്‍ അത്ര പന്തിയല്ലാത്ത ഒരു നോട്ടമാണ്‌ മറുപടിയായി കിട്ടിയത്‌. എന്നിട്ടും ഞാന്‍ പിന്മാറിയില്ല. കുറെ രോഗികളുടെ കൂടെ ഞാന്‍ കളിച്ചു ചിരിച്ചു നടക്കുന്ന ഭാവിയും സ്വപ്നം കണ്ട്‌ കുറെക്കാലം നടന്നു. പക്ഷെ പിന്നീടെപ്പോഴോ ആ സ്വപ്നത്തിന്റെയും വെടി തീര്‍ന്നു. ഭ്രാന്താശുപത്രിയില്‍ എപ്പോഴും കളിയും ചിരിയും മാത്രമല്ല; ഭയങ്കര സങ്കടങ്ങളും അവിടുണ്ടെന്ന്‌ ഏതോ സിനിമ കണ്ടപ്പോള്‍ മനസ്സിലായി.സങ്കടപ്പെട്ടിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന കാര്യത്തില്‍ ഞാന്‍ പണ്ടേ ഒരു പരാജയമാണ്‌. അതോടെ ആ ലക്‍ഷ്യവും ബൈ ബൈ പറഞ്ഞു പോയതാണ്‌. പിന്നീട്‌ ഇന്നേ വരെ ലക്‍ഷ്യബോധം എന്നു പറയുന്ന സാധനം എന്റെ സൈഡിലൂടെ പോലും വന്നിട്ടില്ല.

പത്താം ക്ലാസ്‌ കഴിഞ്ഞു പ്രീഡിഗ്രിയ്ക്കു ചേരാനുള്ള അപ്ലികേഷന്‍ ഫോം കയ്യില്‍ കിട്ടിയതോടെ പ്രതിസന്ധിഘട്ടം തുടങ്ങുകയായി. ഭാവിയില്‍ എന്തായി തീരണം എന്നതനുസരിച്ചാണത്രേ ചേരേണ്ട ഗ്രൂപ്പ്‌ സെലക്ട്‌ ചെയ്യേണ്ടത്‌. ഭാവിയില്‍ എന്തായാലും കുഴപ്പമില്ല എന്ന മട്ടില്‍ നടക്കുന്നവര്‍ക്കായി അതില്‍ ഓപ്ഷന്‍സില്ല.ഏതെങ്കിലും ഗ്രൂപ്പ്‌ മതി എന്നൊക്കെ എഴുതിക്കൊടുത്താല്‍ ചിലപ്പോള്‍ കോളേജുകാര്‍ ഫോം റിജക്ട്‌ ചെയ്യും. അതിലെ നാലു ഗ്രൂപ്പില്‍ നിന്ന്‌ ഒന്നു തിരഞ്ഞെടുക്കാനുള്ള ബുദ്ധിമുട്ട്‌ കൊണ്ട്‌ പഠിത്തമേ അങ്ങു നിര്‍ത്തിയാലോ എന്നായി എന്റെ ആലോചന. അപ്പോഴണ്‌ പപ്പ ഇടപെട്ടത്‌.

" മോള്‍ക്കു പഠിക്കാനിഷ്ടമുള്ള വിഷയം എടുത്താല്‍ മതി.ഭാവിയില്‍ എന്താവണംന്നൊന്നും ഇപ്പോഴേ തീരുമാനിച്ചു ബുദ്ധിമുട്ടണ്ട"

അപ്പോള്‍ അത്രേയുള്ളൂ കാര്യം. പക്ഷെ അവിടെയും പ്രശ്നം. എനിക്ക്‌ സുവോളജിയോടും മാത്സിനോടും ഒരേപോലെ ഇഷ്ടമാണ്‌.കഷ്ടകാലത്തിന്‌ രണ്ടും രണ്ടു ഗ്രൂപ്പിലാണ്‌.അപ്പാഴാണ്‌ ചാച്ചന്റെ വക ഉപദേശം

"ഇതിനിത്ര ആലോചിക്കാനെന്തിരിക്കുന്നു. മാത്സ്‌ എടുത്താല്‍ മതി.സെക്കന്റ്‌ ഗ്രൂപ്പിന്‌ ആകെ ഡോക്ടറാവുക എന്ന ഒരോപ്ഷനെയുള്ളൂ.അതിനാണെങ്കില്‍ നിന്നെയൊട്ടു കൊള്ളുകയുമില്ല"

മാത്സിനോടുള്ള പ്രേമം മൂത്ത്‌ കണക്കപിള്ള ആയ ആളാണ്‌ ചാച്ചന്‍. അതേ പറയൂ.മാത്രമല്ല ഒരു ഡോക്ടറാകാനുള്ള വരപ്രസാദമൊന്നും എനിക്കില്ലാന്നുള്ളത്‌ പകല്‍ പോലത്തെ സത്യമാണ്‌. അതോടെ ഒരു തീരുമാനത്തിലെത്തി. മാത്സിനെ പുറങ്കാലും കൊണ്ടു തട്ടി സെക്കന്റ്‌ ഗ്രൂപ്പുമായി മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു.ചാച്ചന്‍ പറഞ്ഞതു പോലെ ജീവിതം വഴിമുട്ടിപോകുമോ എന്നൊന്നറിയണമല്ലോ. പണ്ടേയതെ.. ആരെങ്കിലും ചെയ്യരുത്‌ എന്നു പറയുന്ന കാര്യങ്ങള്‍ ചെയ്തുനോക്കാന്‍ എനിക്കു വല്യ ഇഷ്ടമാണ്‌.

മോളെന്തായാലും ജീവിതം വച്ച്‌ പരീക്ഷിക്കാനിറങ്ങിതിരിച്ച സ്ഥിതിയ്ക്ക്‌ പപ്പയ്ക്കും ഒരു കുഞ്ഞു പരീക്ഷണം നടത്തണമെന്നു തോന്നി. ചത്താലും കൊന്നാലും വീട്ടില്‍ നിന്നും മാറി നില്‍ക്കില്ലാന്നു വാശിയുള്ള ഒരാളാണ്‌ ഞാന്‍. ഈ തക്കത്തിന്‌ ഹോസ്റ്റലില്‍ കൊണ്ടു പോയി വിട്ടാല്‍ ചിലപ്പോള്‍ എന്റെ ആ സ്വഭാവം മാറിക്കിട്ടിയാലോ എന്ന്‌ പാവം പപ്പ ചിന്തിച്ചു പോയി. അതുകൊണ്ട്‌ വീടിനു തൊട്ടടുത്തുള്ള കോളേജില്‍ ചേര്‍ക്കാതെ കുറെ ദൂരെയുള്ള പ്രസിദ്ധമായ കോളേജില്‍ എന്നെകൊണ്ടു പോയി പ്രതിഷ്ഠിച്ചു. എന്തായാലും അടുത്ത ആഴ്ച മുതല്‍ മുതല്‍ ഞാനും പപ്പയും മമ്മിയും ഒരു പാട്‌ ആശുപത്രികള്‍ കയറിയിറങ്ങാന്‍ തുടങ്ങി. മറ്റൊന്നുമല്ല.-ഒടുക്കത്തെ ഹോംസിക്ക്‌നെസ്സും അതിന്റെ ഭാഗമായുള്ള ഓരോ അസുഖങ്ങളും. തരം കിട്ടുമ്പോഴൊക്കെ ഞാന്‍ വീട്ടിലെത്തും പിന്നെ എന്നെ അവിടുന്നു തിരിച്ചു ഹോസ്റ്റലിലെക്കു വിടണമെങ്കില്‍ രണ്ടു ദിവസത്തെ പണിയാണ്‌. ഈ പ്രശ്നങ്ങള്‍ കൊണ്ട്‌ അത്യാവശ്യത്തിനു മാത്രം തിയറി ക്ലാസ്‌ അറ്റന്‍ഡ്‌ ചെയ്താല്‍ മതിയെന്ന്‌ ഞാനങ്ങു തീരുമാനിച്ചു.പ്രാക്ടിക്കല്‍സ്‌ മാത്രം കൃത്യമായി പോയി ചെയ്യും. അതുകൊണ്ടു തന്നെ പ്രീഡിഗ്രീ എന്ന സംഭവത്തെ പറ്റി ഓര്‍മ്മിക്കാന്‍ എനിക്കാ പ്രാക്ടിക്കല്‍ ക്ലാസുകള്‍ മാത്രമേ ഉള്ളൂ..


അപ്പോള്‍ ഇനി നമുക്ക്‌ ഓരോരോ ലാബുകളിലായി കയറിയിറങ്ങാം..

ലാബുകളിലെ വില്ലന്‍ സുവോളജി ലാബായിരുന്നു. സുവോളജി തിയറിയെ ഞാനെത്രമാത്രം സ്നേഹിച്ചിരുന്നോ അതിന്റെ ഇരട്ടി പേടിയായിരുന്നു എനിക്കാ ലാബിനോട്‌. പാറ്റയേയും തവളയെയുമൊക്കെ അറപ്പും വെറുപ്പുമൊക്കെയായിരുന്നെങ്കിലും കൊല്ലാനും മാത്രമുള്ള ശത്രുതയൊന്നും എനിക്കതുങ്ങളോടില്ലായിരുന്നു. ആ ലാബില്‍ കയറുമ്പോള്‍ തന്നെ ഒരു മാതിരി വൃത്തികെട്ട മണം വരും. പിന്നെ കുടലും പണ്ടോം പുറത്തു ചാടിക്കിടക്കുന്ന പാറ്റകളും തവളകളും. വാളുവയ്ക്കുക എന്ന കലയില്‍ ഞാന്‍ എക്സ്പേര്‍ട്ടായിതീര്‍ന്നത്‌ ആ ലാബ്‌ കാരണമാണ്‌. ഡോക്ടറോ നഴ്സോ എന്തിന്‌ ഒരു കമ്പോണ്ടര്‍ പോലുമോ ആവണമെന്നാഗ്രഹമില്ലാത്ത എന്നെക്കൊണ്ട്‌ എന്തിനീ മഹാപാപം ചെയ്യിക്കുന്നെന്റെ യൂണിവേഴ്സിറ്റീ എന്നു പലവട്ടം ചോദിച്ചു പോയിട്ടുണ്ട്‌. കീറിമുറിക്കുന്നതു പോട്ടേ..കൊല്ലാനുള്ള ഇരയെയും നമ്മള്‍ തന്നെ പിടിച്ചു കൊണ്ടു വരണം. ഞങ്ങള്‍ടെ ഹോസ്റ്റലിലെ സ്റ്റോര്‍റൂം ആയിരുന്നു പാറ്റകളുടെ സങ്കേതം. ലാബിന്റെ തലേദിവസം കുട്ടികളെല്ലാവരും അതില്‍ കയറി പാറ്റവേട്ട തുടങ്ങും.എനിക്കണെങ്കില്‍ ഒരഞ്ചാറു പാറ്റകളെ ഒരുമിച്ചു കണ്ടാല്‍ തന്നെ തല കറങ്ങും. അതുകൊണ്ട്‌ നിവര്‍ത്തിയുണ്ടെങ്കില്‍ ഞാനാ റൂമിനകത്തു കയറില്ല. ഏതെങ്കിലും കുട്ടി പാവം തോന്നി വല്ല വികലാംഗനായ പാറ്റയേയും സംഭാവന തരും. എനിക്കതൊക്കെ ധാരാളം. പിന്നെ അതിനെ സോപ്പു വെള്ളത്തില്‍ മുക്കിവെയ്ക്കണം.ബോധം പോകാന്‍ വേണ്ടി.പിറ്റേ ദിവസം ആഘോഷമായി കൊണ്ടു പോയി കുരിശില്‍ തറയ്ക്കുന്നതു പോലെ തറച്ച്‌ കുടലും പണ്ടോം വലിച്ചു പുറത്തിടണം. ലാബു കഴിഞ്ഞാല്‍ പിന്നെ രണ്ടു ദിവസത്തെയ്ക്ക്‌ ഭക്ഷണം കഴിക്കാന്‍ പറ്റില്ല മര്യാദയ്ക്കുറങ്ങാനും പറ്റില്ല. ഒരു പ്രാവശ്യം ഇതേപോലെ പാറ്റേനെ തറച്ചു വച്ച്‌ പുറംപാളി നീക്കം ചെയ്തതായിരുന്നു. കൃത്യം ആ സമയത്താണ്‌ പാറ്റയ്ക്ക്‌ ബോധം വന്നത്‌. അത്‌ ഒന്ന്‌ പിടഞ്ഞപ്പോഴെക്കും തറച്ചിരുന്ന മൊട്ടുസൂചിയൊക്കെ ഇളകിപ്പോയി (ബോധം കെടുത്തീതും തറച്ചതുമൊക്കെ ഞാനായിരുന്നതു കൊണ്ട്‌ അത്രേമൊക്കെ ഉറപ്പേ ഉണ്ടായിരുന്നുള്ളൂ- ഞാനെന്തു കൊണ്ട്‌ ഒരു ഡോക്ടറായില്ല എന്ന്‌ ഇനിയെങ്കിലും ആരും ചോദിക്കരുത്‌..). പുറംപാളിയില്ലാതെ ആ പാറ്റ ഡിഷിലെ വെള്ളത്തിലൂടെ പിടഞ്ഞു പിടഞ്ഞു നീന്തുന്നത്‌ ഒന്നു കണ്ടതേയുള്ളൂ. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു.ലാബിനു പുറത്തേയ്ക്ക്‌. പിന്നെ കുറേക്കാലത്തേയ്ക്ക്‌ കണ്ണടച്ചാല്‍ സ്വപ്നത്തില്‍ വരുന്നതൊക്കെ ആ പാവം പാറ്റയായിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ശരിക്കും വിഷമമുണ്ട്‌. എത്രയോ നല്ല നല്ല സ്വപ്നങ്ങള്‍ കാണാമായിരുന്ന മധുരപ്പതിനാറ്‌-പതിനേഴ്‌ പ്രായമാണെന്നോ ഇങ്ങനെ പാറ്റേനേം തവളേനേം ഒക്കെ ദുസ്വപ്നം കണ്ട്‌ തീര്‍ത്തത്‌. ഹെന്റെ വിധി...

അടുത്ത ധൂമകേതു കെമിസ്ട്രി ലാബായിരുന്നു. ഏതു സുന്ദരമായ റോസാപ്പൂവിന്റെയും കൂടെ അതിന്റെ മുള്ളുമുണ്ടാകും എന്നു പറയുന്നതു പോലെയാണ്‌ ഈ കെമിസ്ട്രീടെ കാര്യം. എനിക്കിഷ്ടമുള്ള വിഷയമാണ്‌ ഫിസിക്സ്‌. ഏതൊക്കെ വഴിക്കു നോക്കിയാലും അതിന്റെ കൂടെ ഒഴിയാബാധ പോലെ ഈ കെമിസ്ട്രിയുമുണ്ടാകും. അതില്‍ ഒരു സംഭവമുണ്ട്‌. ഓര്‍ഗാനിക്‌ കെമിസ്ട്രി. തേനീച്ചയുടെ അറ പോലെ കുറെ രൂപങ്ങള്‍ അതില്‌ കുറെ കാര്‍ബണും ഹൈഡ്രജനും. ഇതിനെയൊക്കെ അങ്ങോട്ടുമിങ്ങോട്ടും കണക്ട്‌ ചെയ്യിച്ചിട്ട്‌ നമ്മക്കെന്താ ഗുണം എന്ന്‌ ഒരു പിടിയും കിട്ടാത്തതു കൊണ്ട്‌ ഞാന്‍ കെമിസ്ട്രിയെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത വിഷയമായി പ്രഖ്യാപിച്ചു. ഇതിലെ ഏറ്റവും വലിയ വിരോധാഭാസം എന്താണെന്നു വച്ചാല്‍ സ്കൂളിലും കോളേജിലുമൊക്കെ എനിക്ക്‌ ഏറ്റവും കൂടുതല്‍ മാര്‍ക്കു കിട്ടുന്ന വിഷയമാണിത്‌. ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങള്‍... അല്ലാതെന്ത്‌!! ഈ കെമിസ്ട്രി ലാബിലെ ഒരു ചടങ്ങാണ്‌ സാള്‍ട്ട്‌ കണ്ടു പിടിക്കുക എന്നത്‌. മൂക്കിപ്പൊടി പോലെ കുറച്ചു പൊടി തരും. മണത്തോ കത്തിച്ചോ എന്തിലെങ്കിലുമൊക്കെ കലക്കിയോ എന്നു വേണ്ട മനുഷ്യസാധ്യമായ എന്തു വിദ്യ പ്രയോഗിച്ചും ആ പൊടി എന്താണെന്നു കണ്ടു പിടിക്കണം. വീട്ടില്‍ അടുക്കളയിലെ ഏതു പൊടിയും നക്കി നോക്കി മാത്രം തിരിച്ചറിയുന്ന എന്നെപോലുള്ളവര്‍ക്ക്‌ വല്യ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു പരിപാടിയാണിത്‌. അതിന്റെ ആദ്യത്തെ ലാബാണ്‌ സന്ദര്‍ഭം. ഞാനെന്തൊക്കെ ചെയ്തിട്ടും പൊടി പിടി തരുന്നില്ല. യാതൊരവശ്യവുമില്ലാതെ ഈ ബോറ്‌ വിഷയം പഠിക്കുന്ന കലിപ്പിന്റെ കൂടെ പൊടീടെ അഹങ്കാരവും ഇങ്ങനെയൊരു വിഷയം കണ്ടു പിടിച്ചയാളെ വെടിവച്ചു കൊന്നാലോ എന്ന ഒരിക്കലും നടക്കാത്ത ആഗ്രഹവും ഒക്കെ കൂടിയായപ്പോള്‍ എനിക്കു സഹിക്കാന്‍ പറ്റീല്ല. ഏവം വിധം കുട്ടികളെല്ലാം ലാബും കഴിഞ്ഞ്‌ പോയിട്ടും ഞാനവിടെ നിന്ന്‌ പൊടിഗവേഷണത്തിലായിരുന്നു - വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ട്‌.ടീച്ചര്‍ പേടിച്ചു പോയി. കരയാനും ചിരിക്കാനും ഞാനങ്ങനെ സമയോം കാലോമൊന്നും നോക്കാറില്ലെന്ന്‌ ടീച്ചറിനറിയില്ലല്ലോ. വേഗം അടുത്തു വിളിച്ചിരുത്തി ആശ്വസിപ്പിച്ചു. എന്താണെന്നോ.. ഇപ്പാള്‍ ഈ സാള്‍ട്ട്‌ കിട്ടാത്തതൊന്നും കാര്യമാക്കണ്ട..ഞാന്‍ ഭാവിയില്‍ കെമിസ്ട്രീലെ ഒരു പുലിയാകുംന്ന്‌. . നടന്നതു തന്നെ.. ഈ പ്രീഡിഗ്രി കഴിഞ്ഞാല്‍ പിന്നെ കെമിസ്ട്രീന്നു പറയുന്ന സാധനം കൈ കൊണ്ടു തൊടില്ലാന്ന്‌ ശപഥം ചെയ്തിട്ടാണ്‌ ഞാനാ ലാബില്‍ നിന്നും ഇറങ്ങിയത്‌.


അടുത്ത അവതാരം ബോട്ടണിയാണ്‌. വല്ലപ്പോഴുമൊക്കെയേ ഞാന്‍ തിയറിക്ലാസുകള്‍ക്ക്‌ ഹാജരാവാറുള്ളൂ. അതു ബോട്ടാണീടതാണെങ്കില്‍ മിക്കപ്പോഴും ഞാന്‍ സ്വപ്നലോകത്തായിരിക്കും. ഓരോ പുല്ലിനും എത്ര ലെയറുണ്ട്‌, അതിന്റകത്ത്‌ വട്ടത്തിലും ചതുരത്തിലുമൊക്കെ എന്തൊക്കെയോ സാമഗ്രികളുണ്ട്‌ - ഇതൊക്കെയാണ്‌ എന്നെ സംബന്ധിച്ചിടത്തോളം ബോട്ടണി. പണ്ടേ എനിക്കീ പുല്ലിനോടും പച്ചക്കറിയോടുമൊന്നും ഒരു താല്‍പര്യവുമില്ല. പിന്നെന്താന്നു വച്ചാല്‍, ഫിസിക്സിന്റെ കൂടെ കെമിസിട്രീടെ ഉപദ്രവമുള്ളതു പോലെ സുവോളജി പഠിക്കണമെങ്കില്‍ ഈ ബോട്ടണിയെയും സഹിക്കണം. അതു കൊണ്ടു മാത്രമാണ്‌ ഞാന്‍ ക്ഷമിച്ചത്‌. ബോട്ടണീടെ ലാബില്‍ നമ്മള്‍ പഠിക്കുന്നത്‌ എങ്ങനെ വൃത്തിയായി പുല്ലരിയാം എന്നതാണ്‌. ഒരു കുഞ്ഞു പുല്‍കഷ്ണം തരും. നമ്മളതിന്റെ മുകളില്‍ നിന്ന്‌ ഒരു ലേയര്‍ മാത്രം ബ്ലേഡുപയോഗിച്ച്‌ വട്ടത്തില്‍ അരിഞ്ഞെടുക്കണം- ഒറ്റ ലെയര്‍ മാത്രം. എന്നിട്ട്‌ അതിനെ സ്റ്റെയിന്‍ ചെയ്ത്‌ മൈക്രോസ്കോപ്പിലൂടെ നോക്കി ക്ലാസ്സില്‍ പഠിപ്പിച്ച വട്ടോം ചതുരോമൊക്കെ അതിന്റകത്തുണ്ടെന്ന്‌ ഉറപ്പു വരുത്തണം. കഴിഞ്ഞു.. ഇത്രേയുള്ളൂ പണി. ഇതില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി കൃത്യം ഒറ്റ ലേയര്‍ മാത്രം അരിഞ്ഞെടുക്കുക എന്നുള്ളതാണ്‌. എന്റെ സൂക്ഷ്മത കാരണം അത്‌ ഒന്നുകില്‍ ചരിഞ്ഞുമുറിയും അല്ലെങ്കില്‍ ഒറ്റ വെട്ടില്‍ രണ്ടു മൂന്നു ലേയര്‍ ഒന്നിച്ചിങ്ങു പോരും. അതിനെ കളറില്‍ മുക്കി മൈക്രോസ്കോപ്പിലൂടെ കാണുമ്പോള്‍ ജീവിതം മതിയാകും. ഒരു മാതിരി കുഞ്ഞിപ്പിള്ളാര്‌ കളറ്‌ ചെയ്തു പഠിച്ച പോലുണ്ടാകും. വട്ടോം ചതുരോമൊന്നും വേര്‍തിരിച്ചറിയാനാകാതെ എന്തോ ഒരു രൂപം. പിന്നെ ബുക്കില്‌ കണ്ടതു വച്ച്‌ അങ്ങു വരച്ചൊപ്പിക്കും. അങ്ങനെ ഒരുവിധത്തില്‍ രക്ഷപെട്ടു നടന്ന്‌ അവസാനം ബോട്ടണിയുടെ പ്രാക്റ്റിക്കല്‍ എക്സാം ദിവസമായി. ഞാന്‍ പതിവു പോലെ തന്നെ പുല്ലരിയലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. സാധാരണ ലാബില്‍ മുറിച്ചു മുറിച്ച്‌ പുല്ല്‌ തീര്‍ന്നു പോയാല്‍ വേറെ തരും. പരീക്ഷയ്ക്ക്‌ ആ പരിപാടിയൊന്നുമില്ല. ഉള്ളതു കൊണ്ട്‌ തൃപ്തിപെട്ടോണം. മുറിച്ചു മുറിച്ച്‌ എന്റെ പുല്ല്‌ തീരാനായി.ഭാഗ്യത്തിന്‌ ഒരു പ്രാവശ്യം മാത്രം എനിക്ക്‌ ഒറ്റ ലേയര്‍ ആയി കിട്ടി. ഒരറ്റം മുറിഞ്ഞു പോയിരുന്നു. എന്നാലും ഒപ്പിക്കാം. പെട്ടെന്നാണ്‌ എനിക്ക്‌ ബോട്ടണി ലാബിനോട്‌ പതിവില്ലാത്ത ഒരു സ്നേഹം വന്നത്‌. ഈ ലാബ്‌ അവസാനത്തേതാണ്‌. ഇനി ബോട്ടണിയുമായി എനിക്കുള്ള ഏകബന്ധം വീട്ടിലിരുന്ന്‌ പച്ചക്കറിയരിയുമ്പോള്‍ മാത്രമായിരിക്കും. അതിനു മുന്‍പ്‌ ഒരു വട്ടം, ഒരൊറ്റ പ്രാവശ്യം എനിക്ക്‌ പെര്‍ഫക്ടായ ഒരു സാംപിള്‍ എടുക്കണം. ഒരു കുഞ്ഞു കഷ്ണം പുല്ല്‌ ബാക്കിയുണ്ട്‌ . ഞാനതിനെ എടുത്ത്‌ മുറിച്ചു.ശരിയാകുന്നില്ല. അപ്പഴാണ്‌ നമ്മടെ 'ദ്രോണാചാര്യാസ്‌ തിയറി' ഓര്‍മ്മ വന്നത്‌. ലക്‍ഷ്യം മാത്രമെ കാണാവൂ. അതായത്‌ പുല്ലിലേക്കു നോക്കുമ്പോള്‍ അതിന്റെ അറ്റം മാത്രമെ കണ്ണില്‍ പെടാവൂ. അല്ലാതെ ചുറ്റുപാടുമുള്ള സംഭവങ്ങളും കൂടി കാണുകയാണെങ്കില്‍ മിഷന്‍ എട്ടുനിലയില്‍ പൊട്ടും. ഞാന്‍ പുല്‍കഷ്ണം സ്ലൈഡിലെടുത്തു വച്ച്‌ കോണ്‍സണ്ട്രേറ്റ്‌ ചെയ്തു നോക്കി. എവിടെ.. അങ്ങു ദൂരെ നില്‍ക്കുന്ന ടീച്ചറിനെ വരെ കാണം. പതുക്കെ അദ്ദേഹത്തെ സ്ലൈഡില്‍ നിന്നും പൊക്കി എന്റെ ഇടതുകൈയിലെ ചൂണ്ടു വിരലിന്റെ അറ്റത്തു വച്ചു. എന്നിട്ട്‌ കണ്ണിനോടടുപ്പിച്ചു പിടിച്ചു. പെര്‍ഫക്ട്‌. ഇപ്പോള്‍ അതിന്റെ അറ്റം മാത്രമേ കഴ്‌ചയുടെ പരിധിയിലുള്ളൂ. ബ്ലേഡെടുത്ത്‌ 90 ഡിഗ്രീ ആംഗിളില്‍ പിടിച്ചു (ചരിഞ്ഞു പോവരുതല്ലോ). റെഡി.. വണ്‍... ടൂ.. ത്രീ.. ആ പൊസിഷനില്‍ പുല്ലിലേക്ക്‌ ബ്ലേഡിനെ ആഞ്ഞമര്‍ത്തി .

അങ്ങോട്ടു കയറിപ്പോയ ബ്ലേഡിന്‌ തിരിച്ചുവരാന്‍ ഒരു ബുദ്ധിമുട്ട്‌. പുല്ലിനെ ഒട്ടു കാണ്‍മാനുമില്ല. ഞാന്‍ ബ്ലേഡിനെ ശക്തിയായി വലിച്ചെടുത്തു. ചൂണ്ടുവിരലിന്റെ അറ്റം പതുക്കെ പതുക്കെ ചുവപ്പുകളറാകാന്‍ തുടങ്ങി.-ചോര... ഞാന്‍ കാണിച്ച മണ്ടത്തരത്തിന്റെ ആഴം അപ്പോഴാണ്‌ മനസ്സിലായത്‌. അങ്ങോട്ട്‌ തറച്ചു കയറ്റിയ ബ്ലേഡിന്‌ പുല്ലെന്നോ എന്റെ വിരലെന്നോ ഒരു തിരിച്ചുവ്യത്യാസവുമുണ്ടായിരുന്നില്ല. പുതുപുത്തനായിരുന്നതു കൊണ്ട്‌ നല്ല മൂര്‍ച്ചയുമുണ്ടായിരുന്നു. എന്റെ വിരലിന്റെ പകുതിയോളം കയറിയിട്ടാണ്‌ അതു നിന്നത്‌. ചോരയ്ക്കാണെങ്കില്‍ നില്‍ക്കാന്‍ ഒരുദ്ദേശ്യവുമില്ല. ആരെങ്കിലും കണ്ടാല്‍ എന്തു സമാധാനം പറയുംന്നാലോചിച്ചിട്ടാണെങ്കില്‍ അതിലേറെ വിഷമം. പതുക്കെ കൈ ചുരുട്ടിപ്പിടിച്ചു. എന്നിട്ട്‌ പേപ്പറില്‍ എഴുത്തും വരയും തുടങ്ങി. അതിന്‌ തല്‍ക്കാലം ഇടതുകൈയുടെ ആവശ്യമില്ലല്ലോ.ഒരു വിധത്തില്‍ എല്ലാം എഴുതിക്കഴിഞ്ഞ്‌ പേപ്പറില്‍ നൂലുകെട്ടാന്‍ തുടങ്ങിയപ്പോഴാണ്‌ ഇടതുകൈയുടെ മഹത്വം മനസ്സിലായത്‌. അതിന്റെ സഹായമില്ലാതെ ഇക്കാര്യം നടക്കില്ല. കുറെ തല പുകച്ചിട്ടും ഒരു വഴിയും കിട്ടാത്തതു കൊണ്ട്‌ അവസാനം പേപ്പറും നൂലും ഒക്കെയെടുത്ത്‌ ചുരുട്ടിപ്പിടിച്ച കൈപ്പത്തി ഒരു വിധത്തില്‍ ഒളിപ്പിച്ച്‌ പിടിച്ച്‌ ടീച്ചറിന്റെ അടുത്തു പോയി കാര്യം പറഞ്ഞു. എന്റെ കൈയുടെ അവസ്ഥ കണ്ട ആ ടീച്ചറുടെ ഭാവം--അതു വര്‍ണ്ണിക്കാന്‍ പറ്റില്ല. എന്തിന്‌.. സ്വന്തം കൈ കണ്ട്‌ എനിക്കു പോലും തലകറങ്ങിപ്പോയി. ചുരുട്ടിപ്പിടിച്ചതു കൊണ്ട്‌ കൈപ്പത്തി മുഴുവന്‍ ചോര ഉണങ്ങിപ്പിടച്ചിരിക്കുകയായിരുന്നു. എവിടെയാണ്‌ മുറിവ്‌ എന്നു കൃത്യമായി പറയാന്‍ പറ്റാത്ത അവസ്ഥ. അതൊരു കണക്കിനു നന്നായി. അബദ്ധത്തില്‍ മുറിഞ്ഞതാണെന്നും ഞാന്‍ ഹോസ്റ്റലില്‍ പോയി വേണ്ട പരിഹാരക്രിയകളൊക്കെ ചെയ്തോളാമെന്നും പറഞ്ഞ്‌ എത്രയും പെട്ടെന്ന്‌‌ അവിടുന്നു രക്ഷപെട്ടു. എങ്ങനോക്കെ ശ്രമിച്ചാലും അബദ്ധത്തില്‍ ചൂണ്ടു വിരലിന്റെ ആ സ്ഥാനത്ത്‌ മുറിവുണ്ടാകാനുള്ള ഒരു സാധ്യതയുമില്ലല്ലോ. പിന്നെ ആ ടീച്ചര്‍ക്കു വല്ല സംശയോം തോന്നി ചോദ്യം ചെയ്താല്‍ പാവം ദ്രോണാചാര്യര്‍ക്കു വരെ പേരുദോഷമുണ്ടായേനേ..

വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ആ മുറിവിന്റെ പാട്‌ ഇപ്പോഴും വിരലിലുണ്ട്‌. അതിലേക്കൊന്നു നോക്കിയാല്‍ മതി- ആ പഴയ പാറ്റയും തവളയും വെള്ളക്കളറുള്ള സാള്‍ട്ടുകളും പല ടൈപ്പ്‌ പുല്ലുകളും ഒക്കെ വരിവരിയായി മനസ്സിലൂടെ കടന്നു പോകും. ഒരിക്കലും മറക്കാന്‍ കഴിയാത്തത്‌ എന്നൊക്കെ എല്ലാരും വിശേഷിപ്പിക്കുന്ന പ്രീഡിഗ്രീ കാലഘട്ടത്തെ പറ്റി എനിക്കിത്രയുമൊക്കെയെ ഓര്‍ക്കാനുള്ളൂ എന്ന ഒരു കുഞ്ഞു ദുഖവും..

Sunday, March 23, 2008

എന്റെ കണ്ണൂര്‍..

ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം. കണക്കുമാഷ്‌ ക്ലാസ്സിലേക്ക്‌ കയറിവന്നത്‌ പതിവില്ലാത്ത ഗൗരവത്തോടെയായിരുന്നു.

"നിങ്ങള്‍ടെ ഒരു സഹപാഠി ബസില്‍ നിന്നു വീണ്‌ രണ്ടു ദിവസമായി ആശുപത്രിയിലാണ്‌. അത്‌ ഇവിടെ എത്രപേര്‍ക്കറിയാം?" എല്ലാവരും കൈ പൊക്കി.

"എന്നിട്ട്‌ എത്ര പേര്‍ അവിടെ പോയി ആ കുട്ടിയെ കണ്ടു?" ഒരു കൈ പോലും ഉയര്‍ന്നില്ല.പോയികാണേണ്ട ആവശ്യമുണ്ടെന്ന്‌ ഞങ്ങള്‍ക്കാര്‍ക്കും തോന്നിയിരുന്നില്ല എന്നതാണ്‌ സത്യം.

"നിങ്ങളിലൊരാളാണ്‌ ആ കുട്ടിയും. എന്നിട്ടും അവിടെ വരെ പോയി ആ കുട്ടിയെ ആശ്വസിപ്പിക്കണമെന്ന്‌ ഒരാള്‍ക്കു പോലും തോന്നിയില്ലല്ലോ. ആദ്യം പഠിക്കേണ്ടത്‌ നല്ല മനുഷ്യരാവാനാണ്‌. അതു കഴിഞ്ഞു മതി കണക്കും സയന്‍സുമൊക്കെ.." ദേഷ്യം കൊണ്ട്‌ കൂടുതല്‍ പറയാനാവാതെ ചോക്കും വലിച്ചെറിഞ്ഞ്‌ മാഷ്‌ ക്ലാസില്‍ നിന്നിറങ്ങിപ്പോയി.

അത്രയും ദേഷ്യപ്പെട്ട്‌ മാഷിനെ കാണുന്നത്‌ ആദ്യമായിട്ടായിരുന്നു. മാപ്പുപറഞ്ഞ്‌ തിരിച്ചു വിളിക്കാനുള്ള ധൈര്യം പോലും ആര്‍ക്കുമുണ്ടായിരുന്നില്ല. എന്തായാലും അന്നു വൈകുന്നേരം ഏകദേശം അന്‍പതിലേറെ കുട്ടികള്‍ ഗവണ്‍മെന്റാശുപത്രിയിലെത്തി.ഒരുമിച്ച്‌ കടത്തിവിടാത്തതു കൊണ്ട്‌ ചെറിയ ചെറിയ ഗ്രൂപ്പുകളായി പോയി കൂട്ടുകാരിയെ കണ്ടു.സ്കൂളിലെ കാര്യങ്ങളൊക്കെ സംസാരിച്ചു. ആബ്സന്റായ ദിവസങ്ങളിലെ നോട്സ്‌ ഒക്കെ ഞങ്ങള്‍ എല്ലാരും കൂടി എഴുതിക്കൊടുക്കാം എന്നുറപ്പും കൊടുത്തു. പിറ്റേ ദിവസം സ്റ്റാഫ്‌റൂമില്‍ പോയി മാഷിനോടു മാപ്പുപറയാന്‍ ആര്‍ക്കും ഒരു ധൈര്യക്കുറവുമില്ലായിരുന്നു. ഞങ്ങള്‍ടെ തെറ്റു തിരുത്തിയല്ലോ. അതു മാത്രമല്ല , എല്ലാവരും മാഷു പറഞ്ഞ പോലെ തന്നെ നല്ല മനുഷ്യരാവുകയും ചെയ്തു. പിന്നെന്താ പേടിക്കാന്‍..

ഈ സംഭവം ഇപ്പോഴും മായാതെ മന‍സ്സില്‍ കിടക്കുന്നതു കൊണ്ടാവാം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ വാര്‍‍ത്തകള്‍‍ കാണാന്‍ പോലും എനിക്കു ഭയമാണ്‌. കൊന്നവനാ കൊല്ലപ്പെട്ടവനോ വെട്ടിയവനോ വെട്ടേറ്റവനോ എന്റെ ആ പഴയ സഹപാഠികളിലൊരാളായിരിക്കാം. നല്ല മനുഷ്യനായി മാറി എന്ന അഭിമാനത്തോടെ അന്നു മാഷിന്റെ മുന്‍പില്‍ നിന്ന ഒരുവന്‍ ഇപ്പോള്‍ പിശാചായി മാറിയെന്ന വാര്‍ത്ത -അതു താങ്ങാന്‍ കഴിയില്ല.

ഇത്‌ അപരിചിതര്‍ തമ്മിലുള്ള പോരാട്ടമല്ല.

ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍..

സ്വാതന്ത്ര്യദിനത്തിന്റെ അന്ന്‌ വട്ടത്തിലിരുന്ന്‌ എല്ലാവരുടെയും വീട്ടില്‍ നിന്നു കൊണ്ടുവന്ന ഭക്ഷണം നടുക്കു വച്ച്‌ ഒരേ പാത്രത്തില്‍ നിന്നു കഴിച്ച്‌ പന്തിഭോജനം നടത്തിയവര്‍..

ഒരേ മനസായി സ്കൂള്‍ പരിസരം വൃത്തിയാക്കി സേവനദിനം ആചരിച്ചവര്‍..

കൈയൊടിഞ്ഞ്‌ എഴുതാന്‍ കഴിയാതിരിക്കുന്ന സഹപാഠിക്ക്‌ ഊഴമിട്ട്‌ നോട്സ്‌ എഴുതിക്കൊടുത്തവര്‍..

എങ്ങാനും സ്കൂളില്‍ നിന്നിറങ്ങാന്‍ വൈകിയാല്‍ ഒറ്റയ്ക്കു വിടതെ കൂട്ടു വന്നിരുന്ന സഹോദരതുല്യര്‍..
അതായിരുന്നു ഞങ്ങള്‍. മതമോ രാഷ്ട്രീയമോ ഞങ്ങള്‍ക്കിടയിലില്ലായിരുന്നു.

എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്‌. വെള്ളിയാഴ്ച ദിവസം ഞങ്ങള്‍ടെ ക്ലാസിലെ മുസ്ലീം കുട്ടികള്‍ക്ക്‌ പള്ളിയില്‍ പോകണമായിരുന്നു. ഒരിക്കല്‍ പോലുമാവശ്യപ്പെട്ടിട്ടില്ലെങ്കിലും ആ കുട്ടികള്‍ പോയി വരുന്നതു വരെ ഞങ്ങള്‍ക്ക്‌ ക്ലാസ്സെടുക്കില്ലായിരുന്നു.കാരണം അത്രയും സമയത്തെ ക്ലാസ്സ്‌ അവര്‍ക്കു നഷ്ടപ്പെടരുതെന്ന്‌ ഞങ്ങള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. ആ സമയം വെറുതെ കളയാതിരിക്കാന്‍ വേണ്ടി അവര്‍ വരുന്നതു വരെയുള്ള സമയത്ത്‌ ഞങ്ങള്‍ പത്രപാരായണം നടത്തും. അതേ പോലെ തന്നെ അമ്പലത്തില്‍ ഉത്സവത്തിന്റെ കൊടിയേറ്റിനും. പരസ്പരം വിശ്വാസങ്ങളെ സഹിഷ്ണുതയോടെ ആദരിച്ച കുട്ടികളായിരുന്നു ഞങ്ങള്‍. ആ സമയത്ത്‌ നാട്ടില്‍ കൊലപാതകങ്ങളെപറ്റി കേള്‍ക്കുമ്പോള്‍ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഞങ്ങളെല്ലാവരും വിഷമിച്ചിരുന്നു. തോളില്‍ കയ്യിട്ടു നടന്നവനെ കൊല്ലാന്‍ തോന്നിക്കുന്ന ഒരു വിശ്വാസപ്രമാണവും ഞങ്ങള്‍ക്കു മനസ്സിലായിരുന്നില്ല. എന്തായാലും ഒന്നുറപ്പായിരുന്നു. ഈ ക്രൂരതകളൊക്കെ അവസാനിക്കും. ഇനിയത്തെ തലമുറ ഞങ്ങളുടേതാണ്‌. പരസ്പരം കൊല്ലാന്‍ പോട്ടെ വെറുതേ ഒന്നുപദ്രവിക്കാന്‍ പോലും ഞങ്ങള്‍ക്കാവില്ല. കാരണം മാഷു പറഞ്ഞതു പോലെ, ഞങ്ങളെല്ലവരും നല്ല മനുഷ്യരാണല്ലോ..

ഇന്നിപ്പോള്‍ ഓരോ ദിവസവും രാഷ്ട്രീയകൊലപാതകവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒന്നു മനസ്സിലാകുന്നു. തലമുറ മാറിമറിഞ്ഞിട്ടും ഇത്തരം ക്രൂരതകള്‍ക്ക്‌ ഒരു കുറവുമില്ല. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും മാത്രം പഠിച്ചു വളര്‍ന്ന കുട്ടികള്‍ക്ക്‌ എപ്പഴോ അപകടകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു . നല്ല മനുഷ്യരാകാന്‍ പഠിപ്പിക്കുന്ന അധ്യാപകനെ തന്നെ തുണ്ടുതുണ്ടായി വെട്ടിക്കൊല്ലുന്നു. ഉറ്റചങ്ങാതിയെ പതിയിരുന്ന്‌ ആക്രമിക്കുന്നു. നിറഞ്ഞ സ്നേഹത്തോടെ തനിക്കും കൂടി ഭക്ഷണം കൊടുത്തുവിട്ടിരുന്ന കൂട്ടുകാരന്റെ അമ്മയെ സ്വന്തം മകന്റെ കൊലപാതകത്തിന്‌ ദൃക്‌സാക്ഷിയാക്കുന്നു. ഒറ്റയ്ക്കു വിട്ടാല്‍ ആരെങ്കിലും ഉപദ്രവിച്ചാലോ എന്നു പേടിച്ച്‌ കൂട്ടു പോയിരുന്ന പെണ്‍കുട്ടികളെ അവരുടെ പ്രിയപ്പെട്ടവരെ കൊന്നൊടുക്കികൊണ്ട്‌ കണ്ണീരിലേക്കു തള്ളിവിടുന്നു. വിശ്വാസങ്ങളുടെ പേരില്‍ ഒരുപാടു ജീവിതങ്ങള്‍ തകര്‍ത്തെറിയുന്നു.

വിശ്വാസപ്രമാണങ്ങള്‍ക്ക്‌ ജീവനേക്കാള്‍ വിലകല്‍പ്പിക്കുന്ന ജനത; ഇവിടെ വിശ്വാസങ്ങള്‍ വികാരങ്ങളും വികാരങ്ങള്‍ വിക്ഷോഭങ്ങളുമാകുന്നു -എന്നു കണ്ണൂരിനെ വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്‌.

എന്റെ സുഹൃത്തുക്കളേ, വിശ്വാസത്തില്‍ നിന്നും വിക്ഷോഭത്തിലേക്കുള്ള ആ മനംമാറ്റത്തിനിടയില്‍ ഒരിക്കലെങ്കിലും ഒന്നു ശാന്തമായി ചിന്തിക്കൂ. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആദരിക്കാനല്ലേ നമ്മള്‍ ശീലിച്ചിരുന്നുള്ളൂ. ജീവിതത്തേക്കാള്‍ വലുതാണോ കൊല്ലാനും ചാവാനും തോന്നിപ്പിക്കുന്ന ഈ വിശ്വാസപ്രമാണങ്ങള്‍? ചോരയില്‍ കുതിര്‍ന്ന്‌ ഉയര്‍ന്നു പറക്കുന്ന കൊടികള്‍ക്കപ്പുറം എന്നെന്നേക്കുമായി കണ്ണീരില്‍ മുങ്ങുന്ന ജീവിതങ്ങളുണ്ട്‌. കൊന്നവനും മരിച്ചവനും ജീവിതം സമര്‍പ്പിച്ച കൊടിയുടെ നിറം എന്തായാലും രണ്ടു കൂട്ടരുടെയും പ്രിയപ്പെട്ടവരുടെ കണ്ണുനീരിന്‌ ഒരെ നിറമാണ്‌. ഓരോ തവണയും നാട്ടില്‍ ഇത്തരം കൊലപാതകപരമ്പരകള്‍ നടക്കുമ്പോള്‍ വീട്ടുകാര്‍ക്കൊന്നും പറ്റിയിട്ടില്ലാ എന്നോര്‍ത്ത്‌ ആശ്വസിക്കാന്‍ ശ്രമിക്കുന്ന എന്നെപോലുള്ള അനേകായിരം ജനങ്ങളുണ്ടിവിടെ. നിങ്ങളില്‍ ആര്‌ ആരെ വെട്ടിയാലും മുറിവേല്‍ക്കുന്നത്‌ ഞങ്ങളുടെ, നമ്മുടെ നാടിന്റെ സമാധാനത്തിനാണ്‌.അതുകൊണ്ട്‌ ആരാണ്‌ തുടങ്ങി വച്ചതെന്നോ ആരാണ്‌ ഈ വിദ്വേഷത്തെ വളര്‍ത്തി വലുതാക്കിയതെന്നോ ഉള്ള കണക്കെടുപ്പിലേക്കു പോകാതെ, ലാഭനഷ്ടങ്ങളെ പറ്റി ചിന്തിക്കാതെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ഈ നാടിനു വേണ്ടി ദയവു ചെയ്ത്‌ ഇത്തരം ക്രൂരതകള്‍ നിര്‍ത്തണം . വിശ്വാസപ്രമാണങ്ങള്‍ നിങ്ങളുടെ സ്വബോധത്തെ കീഴടക്കുന്നതിനു മുന്‍പ്‌ സമാധാനപൂര്‍ണ്ണമായ ഒരു നല്ല നാളെയെ സ്വപ്നം കണ്ട്‌ കഴിഞ്ഞിരുന്ന നമ്മുടെ ആ പഴയ കാലം ഓര്‍ത്തെങ്കിലും..

Saturday, March 15, 2008

ജിമ്മില്‍ ഒരു ദിവസം..

"വീട്ടിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ സാധനങ്ങള്‍ വാങ്ങിക്കുന്ന കാര്യത്തില്‍ നീ കഴിഞ്ഞേയുള്ളൂ ആരും. ഇതു പോലെ രണ്ടണ്ണം കൂടി വാങ്ങിക്കുന്നതിനെപറ്റി എന്താ നിന്റഭിപ്രായം?"

അനിയന്‍ പതിവില്ലാതെ പുകഴ്ത്തുന്നതു കേട്ടാണ്‌ അങ്ങു ചെന്നുനോക്കീത്‌. ഇത്രേമൊക്കെ ബുദ്ധിപൂര്‍വ്വം ചിന്തിച്ച്‌ ഞാനെന്തു സാധനമാണ്‌ വാങ്ങീതെന്നറിയണമല്ലോ.

ഒന്നേ നോക്കിയുള്ളൂ..എന്റെ ഹൃദയം തകര്‍ന്നു പോയി. 'ഇനിയിവിടെ പലതും സംഭവിക്കും' എന്നു പ്രഖ്യാപിച്ചു കൊണ്ട്‌ ഞാന്‍ വാങ്ങി പ്രതിഷ്ഠിച്ചിരിക്കുന്ന എന്റെ എക്സസൈസ്‌ സൈക്കിള്‍!! അതിനു മുകളില്‍ ആ കണ്ണില്‍ ചോരയില്ലാത്തവന്‍ സോപ്പുവെള്ളത്തില്‍ മുക്കിപ്പൊക്കിയ ജീന്‍സ്‌ ഉണക്കാനിടുകയാണ്‌. കൂടാതെ ഫ്രീയായി ഒരുപദേശവും..

"ഡീ നീ ഇടയ്ക്കു വല്ലപ്പോഴും ഇതിന്റെ മുകളിലൊന്ന്‌ കേറിയിരിക്ക്‌. അല്ലെങ്കില്‍ ചിലപ്പോള്‍ സ്വന്തം അവതാരോദ്ദേശ്യം എന്തണെന്ന്‌ ഈ പാവം സൈക്കിള്‍ മറന്നു പോയാലോ"

കാര്യമൊക്കെ ശരിയാണ്‌.എന്താണെന്നറിയില്ല, എനിക്കാ സാധനത്തിന്റെ മുകളില്‍ കയറണമെന്ന്‌ ഒരിക്കലും തോന്നാറില്ല. അതു പോട്ടെ ഇത്തിരി ആരോഗ്യമുണ്ടായിക്കോട്ടേന്നു കരുതി അടുത്തൊരു യോഗാക്ലസ്സിനു ജോയിന്‍ ചെയ്തു. ജനുവരീല്‌. പൈസേം അടച്ച്‌ അതിന്റെ റസീറ്റും കൊണ്ട്‌ അവിടുന്നിറങ്ങീതാണ്‌.പിന്നെ ഇതു വരെ ആ പരിസരത്തേക്കു പോയിട്ടില്ല. എന്തായാലും ഫെബ്രുവരീല്‌ ക്ലാസ്സിന്റെ കാലാവധി കഴിഞ്ഞതോടെ ആ ടെന്‍ഷന്‍ തീര്‍ന്നു.അതിന്റെ ദുഖം തീര്‍ക്കാന്‍ വേണ്ടി ജിമ്മില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു. ചേച്ചീം ഉണ്ടായിരുന്നു കൂട്ടിന്‌.എന്നിട്ടെന്തായി..അവള്‌ പോയി ജോയിന്‍ ചെയ്തു. ഞാന്‍ അതിവിദഗ്ദമായി മുങ്ങി വീട്ടില്‍ വന്നിരുന്ന്‌ ടി.വി. കണ്ടു.

ഇനീം ഇങ്ങനെ വിട്ടാല്‍ പറ്റില്ല; എന്നെ നന്നാക്കാന്‍ പറ്റുമോന്ന്‌ ഞാനൊന്നു നോക്കട്ടെ. എനിക്കു വാശിയായി. സാധാരണഗതിയില്‍ ഇത്തിരി നേരം വേറുതേയിരുന്നാല്‍ എത്ര വലിയ വാശിയാണെങ്കിലും അങ്ങു പൊയ്ക്കോളും. പക്ഷെ ഇത്തവണ എന്താണെന്നറിയില്ല ഉറങ്ങിയെഴുന്നേറ്റിട്ടും അതൊട്ടും കുറഞ്ഞില്ല. പിറ്റേദിവസം തന്നെ പോയി ജിമ്മിലെക്കു വേണ്ട കുപ്പായോം ഷൂസും ഒക്കെ വാങ്ങിച്ചു. ക്യാമറയെ സര്‍വശത്രുതയോടും കൂടി നോക്കുന്ന ഒരു ഫോട്ടോയുമെടുത്തു. എല്ലാം കൂടി ഒരു സഞ്ചിക്കകത്തു കുത്തി നിറച്ച്‌ ജിമ്മിലേക്കു വിട്ടു.

അവിടുത്തെ ചേച്ചി എന്റെ കാര്‍ഡില്‍ നിന്നും വേണ്ടത്ര കാശ്‌ വലിച്ചൂറ്റിയെടുത്തതോടെ ഞാന്‍ ഔദ്യോഗികമായി അവിടുത്തെ മെംബറായി. എന്നുതൊട്ടു വന്നു തുടങ്ങുമെന്നായി ചേച്ചി. ഞാന്‍ ഒരു വില്ലന്‍ ചിരിയും ചിരിച്ച്‌ എന്റെ ബാഗു പൊക്കി കാണിച്ചു.

"ഇന്ന്‌ ഇപ്പോള്‍ മുതല്‍"..

'ശ്ശൊ എന്തൊരു ശുഷ്കാന്തിയാ ഈ പെണ്ണിന്‌' എന്ന്‌ ആ ചേച്ചി മനസ്സിലോര്‍ത്തിട്ടുണ്ടാവണം. സത്യം നമ്മക്കല്ലേ അറിയൂ.. നാളെ മുതല്‍ വരാം എന്നും പറഞ്ഞ്‌ ഈ പടി ഇറങ്ങിയാല്‍ പിന്നെ മഷിയിട്ടു നോക്കിയാല്‍ പോലും എന്നെ കണ്ടു കിട്ടീന്നു വരില്ല. എന്തായാലും കുപ്പായമൊക്കെ മാറി മുടിയൊക്കെ കുതിരവാലു പോലെ കെട്ടിവച്ച്‌ കണ്ണാടിയില്‍ നോക്കിയപ്പോള്‍ ആകെയൊരു ആവേശം വന്നു പോയി. ആ ഒരു ലുക്ക്‌ വന്നിട്ടുണ്ട്‌. ഇനിയങ്ങു പോയി കസര്‍ത്തു കാണിച്ചാല്‍ മാത്രം മതി.

നിരനിരയായി പലതരം മെഷീനുകള്‍. അതിലൊക്കെ പല പല പോസുകളില്‍ കുറെ ആള്‍ക്കാര്‌. ഇരിക്കുന്നവര്‍, നില്‍ക്കുന്നവര്‍, കിടക്കുന്നവര്‍, ഓടുന്നവര്‍, ചാടുന്നവര്‍ എന്നു വേണ്ട വവ്വാലിനെ പോലെ തൂങ്ങിക്കിടക്കുന്നവര്‍ വരെയുണ്ട്‌ ആ കൂട്ടത്തില്‍ ഇതില്‍ ഏതു പോസിലാണ്‌ ഞാന്‍ ഹരിശ്രീ കുറിക്കേണ്ടത്‌ എന്നറിയാതെ അന്തം വിട്ടു നില്‍ക്കുമ്പോഴാണ്‌ എന്റെ ഇന്‍സ്ട്രക്ടര്‍ അങ്ങോട്ടു വന്നത്‌.ഒരു ആറടിയോളം പൊക്കം അതിനൊത്ത വണ്ണം. ഇറുകിപ്പിടിച്ചിരിക്കുന്ന ടീഷ്ര്ട്ട്‌. മസിലൊക്കെ ഇപ്പം പുറത്തു ചാടും എന്നുള്ള മട്ടില്‍ നില്‍ക്കുകയാണ്‌. തലേല്‌ ഒരു തൊപ്പീം. അങ്ങേരാണ്‌ എന്നെ ട്രെയിന്‍ ചെയ്യുന്നതു പോലും. ഗോലിയാത്തിന്റെ മുന്നില്‍ ദാവീദ്‌ നില്‍ക്കുന്നതു പോലെ ഞാന്‍ അങ്ങേരുടെ മുന്നില്‍ നിന്നു.

ആദ്യം തന്നെ വാം-അപ്‌. ഭയങ്കര എളുപ്പം. ചുമ്മാ കയ്യും കാലുമൊക്കെ പിരിക്കുകയും വളയ്ക്കുകയുമൊക്കെ ചെയ്താല്‍ മതി.ഞാന്‍ ചടപടാന്ന്‌ അതു കംപ്ലീറ്റ്‌ ചെയ്തിട്ട്‌ എല്ലാരേം അഹങ്കാരത്തോടെ ഒന്നു നോക്കി.അടുത്തത്‌ ട്രെഡ്‌മില്‍. എല്ലാം സെറ്റ്‌ ചെയ്തു വച്ചിട്ട്‌ അങ്ങേരങ്ങു പോയി.മടുക്കുമ്പോള്‍ ഇത്തിരിനേരം വിശ്രമിച്ചോളാനും പറഞ്ഞു.കിലോമീറ്ററുകളോളം നടന്ന്‌ സ്കൂളില്‍ പോയികൊണ്ടിരുന്ന ഞാനാണോ ഈ നാലു ചാണ്‍ പോലുമില്ലാത്ത സാധനത്തില്‍ നടന്നു മടുക്കാന്‍ പോകുന്നത്‌. അസംഭവ്യം.ഞാന്‍ സ്പീഡൊക്കെ കുറച്ച്‌ ഏതാണ്ട്‌ കടല്‍ക്കരയിലൂടെ കാറ്റും കൊണ്ടു നടക്കുന്ന ആ ഒരു സ്പീഡില്‍ നടക്കാന്‍ തുടങ്ങി.തൊട്ടപ്പുറത്ത്‌ ഇതേപോലെ നടപ്പുശിക്ഷയുമായി ഒരു പെണ്‍കുട്ടിയുണ്ട്‌.അതിങ്ങോട്ടു കേറി പരിചയപ്പെട്ടു. ആ കൊച്ചിനു പത്തു കിലോ കുറയണമത്രേ. എന്തിനാണോ എന്തോ!! ആ ശരീരത്തില്‍ നിന്ന്‌ ഇനി പത്തു കിലോയും കൂടി കുറഞ്ഞാല്‍ പിന്നെ കൊച്ച്‌ അരൂപിയായിപ്പോകുംന്നുറപ്പാണ്‌. ആദ്യമൊക്കെ എന്നെ പോലെ പതുക്കെ പതുക്കെ നടന്ന്‌ ഇത്തിരി കഴിഞ്ഞപ്പോള്‍ ആ കൊച്ചിന്‌ അഹങ്കാരം. സ്പീഡ്‌ കൂട്ടിക്കൂട്ടി അവസാനം ഓട്ടം തുടങ്ങി. അവിടം കൊണ്ടും നിര്‍ത്തീല.പിന്നെം സ്പീഡ്‌ കൂട്ടി അവസാനം പുറകെ പട്ടിയോടിക്കാന്‍ വരുന്നതു പോലെ നാലു കാലും പറിച്ചോടാന്‍ തുടങ്ങി.ഞാനും മടിച്ചു നിന്നില്ല. കണ്ണും പൂട്ടി സ്പീഡ്‌ കൂട്ടി. എന്തിനേറെ പറയുന്നു.ഭാഗ്യത്തിന്‌ സ്പീഡ്‌ കുറയ്ക്കാനുള്ള ബട്ടനില്‍ പിടികിട്ടീതു കൊണ്ട്‌ അവിടെ തല്ലിയലച്ചു വീണില്ല. 'ഒക്കേറ്റിനും ഒരു സമയമുണ്ട്‌ ദാസാ' എന്ന്‌ എന്നെ തന്നെ ആശ്വസിപ്പിച്ച്‌ ഞാന്‍ പിന്നേം നമ്മടെ കടല്‍ക്കര സ്പീഡിലെക്കു തിരിച്ചു പോയി.

ആത്മാര്‍ത്ഥത കൂടിപോയിട്ടാണെന്നു തോന്നുന്നു നടന്നു നടന്ന്‌ തൊണ്ടേലെ വെള്ളം വറ്റി. ഇറങ്ങി വെള്ളം കുടിക്കണമെങ്കില്‍ ആ കുന്തം ആരെങ്കിലും നിര്‍ത്തി തരണം. ഞാന്‍ എന്റെ ഇന്‍സ്ടക്ടറെ വിളിക്കാന്‍ ശ്രമിച്ചു. അങ്ങേരുടെ പേരൊന്നും അറിയാത്തതു കൊണ്ട്‌ 'എക്സ്യൂസ്‌മീ' എന്നാണ്‌ വിളിച്ചു കൂവുന്നത്‌. പക്ഷെങ്കില്‌ എന്റെ നടപ്പും കിതപ്പും ഒക്കെ കാരണം അതിലെ പല അക്ഷരങ്ങളും അവിടുന്നും ഇവിടുന്നുമൊക്കെ മുറിഞ്ഞു പോയി എതാണ്ട്‌ 'കിസ്‌ മീ' എന്നാണു പുറത്തേക്കു വരുന്നത്‌. ഇനീം ഇങ്ങനെ വിളിച്ചോണ്ടിരുന്നാല്‍ കേള്‍ക്കുന്നവര്‍ തെറ്റിദ്ധരിക്കും. ഭാരതസ്ത്രീകള്‍ടെ ഭാവശുദ്ധി ഞാനായിട്ട്‌ കളഞ്ഞുകുളിക്കണ്ടല്ലോ.അതുകൊണ്ട്‌ ഞാന്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെഡ്‌മില്ലില്‍ നിന്നും ഒരുവിധത്തില്‍ ചാടിയിറങ്ങി.വെള്ളം കുടിക്കുന്നതിനും മുന്‍പേ തന്നെ പോയി അങ്ങേരുടെ പേരു ചോദിച്ചു മനസ്സിലാക്കി.

അടുത്തത്‌ ഒരു വടീം കൊണ്ടുള്ള പരിപാടിയാണ്‌. നമ്മടെ ചുക്കിലി വല അടിക്കാനുപയോഗിക്കുന ചൂലിന്റെ വടിയില്ലെ. അതു തന്നെ. അത്‌ കഴുത്തിനു പുറകീലുടെ വച്ച്‌ കയ്യിട്ട്‌ കുരിശില്‍ തറച്ച പോസില്‍ നിന്നിട്ട്‌ കുറെ കുനിയലും നിവരലും. ഒരു വിധത്തില്‍ ഞരങ്ങീം മൂളീമൊക്കെ ഒപ്പിച്ചു. പിന്നേം വേറൊരു മെഷീനില്‍. എതാണ്ട്‌ സൈക്കിള്‍ പോലിരിക്കും. സ്റ്റെപ്പര്‍ എന്നാണ്‌ പേര്‌. അതിന്റെ പെഡലില്‍ കയറി നിന്ന്‌ ചവിട്ടണം. അപ്പോള്‍ നമ്മളും അതിനനുസരിച്ച്‌ പൊങ്ങുകയും താഴുകയും ചെയ്യും. ആദ്യമൊക്കെ നല്ല രസമായിരുന്നു. കുതിരപ്പുറത്തിരിക്കുന്നതു പോലെ ഒരു തോന്നല്‍. സ്വയം ഝാന്‍സീറാണിയാണെന്ന്‌ സങ്കല്‍പ്പിച്ച്‌ പതിയെ ടക്ക്‌ ടക്ക്‌ എന്നൊക്കെ ശബ്ദമുണ്ടാക്കി ഞാന്‍ സാങ്കല്‍പ്പിക കുതിരയെ ഓടിച്ചു. കഷ്ടിച്ച്‌ രണ്ടു മിനിട്ടു കഴിഞ്ഞപ്പോഴെക്കും കുതിര വലിയാന്‍ തുടങ്ങി. കാലു വേദനിച്ചിട്ടാണെങ്കില്‍ ഒരു രക്ഷയുമില്ല. ഇടഞ്ഞു നില്‍ക്കുന്ന കുതിരയെ വലിച്ചോണ്ടു പോകുന്നത്രേം ആയാസം. ഞാന്‍ കുറച്ചു സമയം വെറുതെ നിന്നും പിന്നെ ഇടയ്ക്കിടയ്ക്കു പോയി സ്ലോ-മോഷനില്‍ വെള്ളം കുടിച്ചുമൊക്കെ ഒരു വിധത്തില്‍ സെറ്റ്‌ ചെയ്തത്രേം സമയം അതിന്റെ മുകളില്‍ കഴിച്ചു കൂട്ടി.

അങ്ങനെ ആദ്യദിവസത്തെ കലാപരിപാടികള്‍ അതിന്റെ ക്ലൈമാക്സിലേക്കു കടക്കുകയാണ്‌. അടുത്തത്‌ കട്ട പൊക്കല്‍ പരിപാടിയാണ്‌. ഡംബെല്‍സ്‌. ജോണ്‍(ഇന്‍സ്ട്രക്ടര്‍) രണ്ടെണ്ണം പുഷ്പം പോലെടുത്തു പിടിച്ചു. ഞാനും ആയാസമൊന്നും പുറത്തുകാണിക്കാതെ അതു പോലെ തന്നെ ചെയ്തു. ഇനി അതു പൊക്കുകയും താഴ്ത്തുകയും വേണം. അതു പൊക്കുമ്പോള്‍ ജോണിന്റെ കയ്യിലെ മസിലൊക്കെ അങ്ങു പൊങ്ങിവരികയാണ്‌. ഞാന്‍ എന്റെ കയ്യിലേക്കു നോക്കി. അവിടാണെങ്കില്‍ മസിലെന്നൊരു സാധനത്തെ പറ്റി കേട്ടുകേള്‍വി പോലുമില്ല. അതു മാത്രമോ പൊങ്ങി മോളില്‍ നില്‍ക്കേണ്ട എന്റെ ഡംബെല്‍സ്‌ അപ്പോഴും തറനിരപ്പില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ തന്നെ നില്‍ക്കുകയാണ്‌. അതിനു മോളിലേക്കു പൊങ്ങപ്പെടുന്നില്ല. ഞാന്‍ നമ്മടെ കര്‍ണ്ണം മല്ലേശ്വരി വെയ്റ്റ്‌ എടുത്തു പൊക്കുമ്പം ചെയ്യുന്നതു പോലെ മുഖം കൊണ്ട്‌ ഓരോ ഗോഷ്ടിയൊക്കെ കാണിച്ച്‌ സര്‍വ്വശക്തിയുമെടുത്ത്‌ ശ്രമിച്ചു.വലിച്ചു കേറ്റിയ വെയ്റ്റ്‌ കുറയണമെങ്കില്‍ ഇതല്ല ഇതിലപ്പുറവും ചെയ്യേണ്ടി വരും മോളേ എന്നങ്ങു മനസ്സില്‍ പറഞ്ഞതെയുളൂ.. തലയ്ക്കുള്ളില്‍ കുഞ്ഞു കുഞ്ഞു പൂത്തിരികള്‍ കത്തുന്നതു പോലെ ഒരു ഫീലിംഗ്‌. വെയ്റ്റൊക്കെ ഒറ്റയടിക്കു കുറഞ്ഞു പോകുന്നതു പോലെ. അവസാനം കംപ്ലീറ്റ്‌ ഭാരവും പോയി അതുവഴി പറന്നുനടന്നേക്കും എന്നു തോന്നിയപ്പോള്‍ ഞാന്‍ ആടിയാടി പോയി അവിടെ ഒരു സീറ്റില്‍ മുറുക്കെ പിടിച്ചിരുന്നു. എനിക്കു തലകറങ്ങുന്നൂന്ന്‌ വിളിച്ചു പറയണംന്നുണ്ട്‌. പക്ഷെ ശബ്ദം പുറത്തേക്കു വരുന്നില്ല. അപ്പോഴാണ്‌ ആരോ കിളിക്കുഞ്ഞിന്റെ ശബ്ദത്തില്‍ 'ജോണ്‍..' എന്നു വിളിക്കുന്നതു കേട്ടത്‌. ആരോ അല്ല; ഞാന്‍ തന്നെയാണ്‌. ഇത്രേം നിസഹായയായി ഞാനിന്നു വരെ ആരെയും വിളിച്ചിട്ടില്ല. കുറച്ചു നേരം തലയ്ക്കുള്ളില്‍ നക്ഷത്രങ്ങളൊക്കെ മിന്നീം കെട്ടും കഴിഞ്ഞപ്പോള്‍ കാഴ്ചശക്തി തിരിച്ചു കിട്ടി. ജോണ്‍ ഒരു ഗ്ലാസ്സില്‍ വെള്ളവുമായി മുന്നില്‍ നില്‍ക്കുന്നുണ്ട്‌. നീട്ടിയ ഗ്ലാസ്സ്‌ വാങ്ങാതെ അവിടെ തന്നെ കിറുങ്ങിയിരുന്നു.പെട്ടെന്ന്‌ ബാധകേറിയ പോലെ അമാനുഷികശക്തിയോടെ ജോണിനെ തട്ടിമാറ്റി ഞാനോടി. വാളു വെയ്ക്കണംന്ന്‌ ആഗ്രഹം തോന്നുമ്പോള്‍ മര്യാദയൊക്കെ അതിന്റെ വഴിക്കു പോകൂല്ലോ. എന്തായാലും കൊടുങ്കാറ്റു പോലെ പാഞ്ഞു ചെന്ന്‌ ചെറുപ്പത്തില്‍ കുടിച്ച മുലപ്പാലു വരെ ശര്‍ദ്ദിച്ചു കഴിഞ്ഞതോടെ അന്നത്തെ കലാപരിപാടികള്‍ക്ക്‌ തിരശീല വീണു.

ഇപ്പോള്‍ പലരും പലരും വിചാരിക്കുന്നുണ്ടാകും ഈ ഒരു സംഭവത്തോടെ ഞാന്‍ തോറ്റു പിന്മാറിയെന്ന്‌. ഇല്ല സുഹൃത്തുക്കളേ.. കിറുങ്ങിയിരിക്കാന്‍ ഒരു കസേരയും വാളു വെയ്ക്കാന്‍ ഒരു വാഷ്‌ബേസിനും അവിടുള്ളിടത്തോളം കാലം ജിമ്മില്‍ പോകുന്നതില്‍ നിന്ന്‌ എന്നെ തടയാന്‍ ഒരു ശക്തിക്കുമാവില്ല. .

ഇനി ഈ ഒരാഴ്ചത്തെ കസര്‍ത്തു കൊണ്ട്‌ എനിക്കുണ്ടായ ഗുണങ്ങള്‍. എന്റെ ബോഡിയില്‍ ഇതു വരെ സാന്നിധ്യമറിയിക്കാതെ കഴിഞ്ഞുകൂടിയിരുന്ന പല മസിലുകളും ഇപ്പോള്‍ തല പൊക്കിയിരിക്കുന്നു.എങ്ങാനും ഒന്നു ചെറുതായനങ്ങുമ്പോള്‍ പോലും അതുങ്ങള്‍ സിഗ്നല്‍ തരുന്നു. ആ സിഗ്നല്‍ പലവഴിക്കു സഞ്ചരിച്ച്‌ അവസാനം നാവിലെത്തി ഹമ്മേ.. ഹാവൂ.. എന്നൊക്കെയൊള്ള ശബ്ദങ്ങളായി പുറത്തു വരുന്നു. ബെല്ലും ബ്രേക്കുമില്ലാതെ നടന്നോണ്ടിരുന്ന ഞാനിപ്പോള്‍ അടങ്ങിയൊതുങ്ങി റോബോട്ട്‌ നടക്കുന്നതു പോലെ നടക്കുന്നു. സ്റ്റെപ്പ്‌ കയറാന്‍ കയ്യും കാലുമൊന്നും സഹകരിക്കാത്തതു കൊണ്ട്‌ ലിഫ്റ്റിന്റെ ദയാദാക്ഷിണ്യത്തിനു വേണ്ടി കാത്തു നില്‍ക്കുന്നു.ചുരുക്കത്തില്‍ വേദനയില്ലാത്ത ആകെ രണ്ടേ രണ്ടു പാര്‍ട്ടുകളേ ഇപ്പോഴെന്റെ ശരീരത്തിലുള്ളൂ -നാക്കും കൈവിരലുകളും. ബാക്കിയെല്ലാം പണി മുടക്കിയ വിഷമം തീര്‍ക്കാന്‍ വേണ്ടി ഇതുങ്ങളെ രണ്ടിനേം വിശ്രമമില്ലാതെ പണിയെടുപ്പിക്കുകയാണ്‌.

ആകെമൊത്തം ടോട്ടല്‍ ഇപ്പോഴത്തെ എന്റെ അവസ്ഥ വര്‍ണ്ണിക്കാന്‍ പണ്ട്‌ എന്റെ ഒരു പോസ്റ്റിന്‌ മഹാകവി അരവിന്ദന്‍ കമന്റായി ഇട്ട കവിതാശകലം ഉദ്ധരിക്കട്ടെ..

"അംഗോപാംഗം ചതഞ്ഞൊടിഞ്ഞൂ...."

Sunday, March 2, 2008

കാട്ടിലെ വിശേഷങ്ങള്‍...

"കുറച്ചു കാശുണ്ടാക്കീട്ടു വേണം ഒരു ഹൗസ്‌ബോട്ട്‌ മേടിക്കാന്‍..എന്നിട്ട്‌ ഇപ്പോ ഉള്ള പണിയൊക്കെ കളഞ്ഞ്‌ ഫുള്‍-ടൈം കായലിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കും.അല്ലെങ്കില്‍ പിന്നെ വല്ല കാട്ടിലും പോയി ഏറുമാടം കെട്ടി താമസിച്ചാലോ..അതാവുമ്പോ ഒത്തിരി പൈസയൊന്നും വേണ്ടിവരില്ലല്ലോ..." എന്റെ ഭാവിപരിപാടികളെ പറ്റി മമ്മിയുമായി സീരിയസായി ഡിസ്കസ്‌ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു


"ഡീ എങ്കില്‍ പിന്നെ ആറളം കാടാണ്‌ നല്ലത്‌. വല്ലപ്പോഴുമൊക്കെ നിന്നെ കാണണംന്നു തോന്നുമ്പോള്‍ ഞങ്ങള്‍ക്കിത്രേം ദൂരം വന്നാല്‍ മതിയല്ലോ..അതുമല്ല നിനക്കു ഇടയ്ക്ക്‌ പുട്ടും കടലേം തിന്നാന്‍ കൊതിയാവുകാണേല് അവിടെ അടുത്തു തന്നെ റീത്തേടെ വീടുമുണ്ട്‌. "


"അതിന്‌ ആറളത്തെവിടെയാ മമ്മീ കാട്‌!! അത്‌ ഫാമല്ലേ ??" കാര്യം മമ്മി കളിയാക്കീതാണെന്നു മനസ്സിലായെങ്കിലും അതെനിക്കൊരു പുതിയ അറിവായിരുന്നു. കുഞ്ഞുനാളിലെപ്പോഴോ ആ ഫാമില്‍ പോയതായി ചെറിയ ഒരോര്‍മ്മയുണ്ട്‌


"ആ ഫാമിന്റെ അപ്പുറത്തേക്കു മുഴുവന്‍ കാടാണ്‌.. " മമ്മി ആ വിലപ്പെട്ട വിവരം തന്നുകഴിഞ്ഞതും സ്വിച്ചിട്ട പോലെ ഒരു ഐഡിയ എന്റെ തലയില്‍ മിന്നിത്തെളിഞ്ഞു..


"അപ്പോ ശരി.. ഞാന്‍ ഇത്തവണ വരുമ്പോള്‍ ഇരിട്ടിയിലിറങ്ങും. എന്നിട്ട്‌ കാട്ടിലേക്ക്‌ ഒറ്റപ്പോക്ക്‌. "


"നടന്നതു തന്നെ ..ഒറ്റയ്ക്കു കാട്ടില്‍ പോകാനൊന്നും പപ്പ സമ്മതിക്കില്ല. "


"അതിന്‌ ഒറ്റയ്ക്കാരു പോകുന്നു!! പപ്പയും മമ്മിയും ഇരിട്ടീല്‌ ആന്റീടെ വീട്ടില്‍ വരുന്നു. അവിടുന്ന്‌ കാട്ടില്‍ പോകാന്‍ തയ്യാറുള്ള സര്‍വ്വചരാചരങ്ങളെയും കൂട്ടി നമ്മള്‍ കാടുകയറുന്നു..എപ്പടി?? "


പപ്പയുടെ അടുത്തുനിന്നു സമ്മതം നേടിയെടുക്കാന്‍ വേണ്ടി വോഡാഫോണ്‍ കമ്പനിക്കാര്‍ക്ക്‌ കുറെ കാശുകൊടുക്കേണ്ടി വന്നെങ്കിലും അവസാനം ഞാന്‍ തന്നെ ജയിച്ചു. അങ്ങനെ രാവിലെ ഒരു പത്തുമണിയോടു കൂടി ഞങ്ങള്‍ കാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. കുറെക്കാലം കൂടിയാണ്‌ ജീപ്പില്‍ കയറുന്നത്‌. അതിന്റെ ഒരു ത്രില്ലിലായിരുന്നു ഞാന്‍. പണ്ടൊക്കെ മലയോരത്തെ പ്രധാനവാഹനമായിരുന്നു ജീപ്പ്‌..ഇപ്പോ എല്ലായിടത്തും നല്ല റോഡൊക്കെ വന്നപ്പോള്‍ പാവം ജീപ്പുകളൊക്കെ കാറുകള്‍ക്ക്‌ വഴിമാറിപ്പോയി.


ഒരു പാലം കടന്നതോടെ ആറളം ഫാം തുടങ്ങുകയായി. 7000 ഏക്കറാണ്‌ ഫാം. അതില്‍ 1000 ഏക്കറ്‌ ആദിവാസികള്‍ക്ക്‌ വിട്ടുകൊടുത്തു.ഒരാള്‍ക്ക്‌ ഒരേക്കര്‍ എന്ന കണക്കില്‍. പോകുന്ന വഴിക്കൊക്കെ അവരുടെ യാഗകള്‍ കാണാമായിരുന്നു. അന്നാട്ടിലെ ആദിവാസികള്‍ അവരുടെ കുടിലിനെ യാഗാന്നാണു വിളിക്കുന്നത്‌. കശുമാവ്‌ കാപ്പി,പേരത്തോട്ടങ്ങളൊക്കെ കടന്ന്‌ ഞങ്ങള്‍ കാടിന്റെ എന്‍ട്രന്‍സിലെ ഓഫീസിലെത്തി.ദാ അതിന്റെ ഗേറ്റ്‌ താഴെ.


ആ കാട്ടിലുള്ള അപൂര്‍വ്വ ഇനം പക്ഷികളെപറ്റിയുള്ള വിവരങ്ങള്‍ അവിടെ എഴുതിവച്ചിട്ടുണ്ട്‌. പാസ്സൊക്കെ എടുത്ത്‌ അവിടുന്ന്‌ ഒരു ഗൈഡിനെയും കൂട്ടി കാടിനകത്തേക്ക്‌..ഗൈഡില്ലാതെ അകത്തു പോകാന്‍ സമ്മതിക്കില്ല... വഴികാണിക്കാന്‍ മാത്രമല്ല കേട്ടോ ഈ ഗൈഡ്‌..അല്ലെങ്കില്‍ തന്നെ കാട്ടിലൂടെ ആകെ ഒരൊറ്റ റോഡേയുള്ളൂ.എങ്ങോട്ടു വഴിതെറ്റാന്‍....ഈ കാട്ടിനകത്തേക്കു പോകുന്നവര്‍ വല്ല ചപ്പുചവറുകളൊക്കെ ഇടുന്നുണ്ടോന്നു നോക്കാന്‍ വേണ്ടി കൂടിയാണ്‌ ഗൈഡ്‌ കൂടെ വരുന്നത്‌..സത്യം പറയാല്ലോ..ഇക്കാര്യത്തില്‍ അവര്‍ടെ ആത്മാര്‍ഥത സമ്മതിച്ചുകൊടുക്കണം..അതുകൊണ്ടെന്താ.. മഷിയിട്ടു നോക്കിയാല്‍ പോലും ഒരു കടലാസുകഷ്ണം പോലും ആ കാട്ടില്‍ കാണാന്‍ പറ്റില്ല.ശരിക്കും നീറ്റ്‌ ആന്‍ഡ്‌ ക്ലീന്‍.. ഇനിയങ്ങോട്ട്‌ റോഡൊക്കെ ഒരുവകയാണ്‌. കുമുകുമാന്നാണ്‌ പൊടി പറക്കുന്നത്‌. ജീപ്പിനകം മുഴുവന്‍ പൊടിവന്നു മൂടി,ഞങ്ങള്‍ടെ കാര്യം പിന്നെ പറയണ്ടല്ലോ..എല്ലാവരും തീവ്രവാദികളെപോലെ മുഖമൊക്കെ മൂടിയിരുന്നു.

ഏകദേശം 55sq km (14000 ഏക്കര്‍) ആണ്‌ ആറളം കാട്‌..കാടിനെ ചുറ്റി പുഴയുണ്ട്‌.പണ്ടിത്‌ വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌-കാരുടെതായിരുന്നത്രേ.. അവര്‌ ഇഷ്ടം പോലെ മരങ്ങള്‌ മുറിച്ച്‌ പുഴയിലൂടെ ഒഴുക്കിവിവിടും..എന്നിട്ട്‌ അത്‌ അങ്ങു വളപട്ടണം പുഴയിലെത്തുമ്പോള്‍ പിടിച്ചെടുക്കും. ശരിക്കും ഒരു ചെലവുമില്ലാത്ത മരങ്ങള്‌ അങ്ങു ദൂരെ വളപട്ടണത്തെത്തിക്കിട്ടും..എന്തായാലും ഭൂനിയമം വന്നപ്പോള്‍ വനം മുഴുവന്‍ ഗവണ്‍മെന്റ്‌ പിടിച്ചെടുത്തു..അതിന്റെ അങ്ങേയറ്റം കുടകു വനമാണ്‌. .വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല മൃഗങ്ങളും പക്ഷികളും മരങ്ങളുമൊക്കെ ഇപ്പോള്‍ ഇവിടെ യാതൊരു ടെന്‍ഷനുമില്ലാതെ വളരുന്നു..ഇവിടെ 4-5 കടുവകള്‍ടെ കാല്‍പ്പാടുകള്‍ കണ്ടിട്ടുണ്ടത്രേ..കാട്ടില്‍ ഒരു കടുവയ്ക്കു ജീവിക്കാന്‍ തന്നെ 50sq km സ്ഥലം വീണം (അതിനെയാണു നമ്മള്‌ നാട്ടില്‍ ഇട്ടാവട്ടത്തിലുള്ള കൂട്ടില്‍ കൊണ്ടിടുന്നത്‌..കഷ്ടം). ബാക്കി കടുവകളൊക്കെ കുടകുവനത്തില്‍ നിന്ന്‌ വിസിറ്റിംഗിന്‌ വന്നു പോയതായിരിക്കുംനാണ്‌ വിദഗ്ദര്‍ പറയുന്നത്‌.

പോകുന്നവഴിക്കൊക്കെ ആകെ വളഞ്ഞുപിരിഞ്ഞു നില്‍ക്കുന്ന കുറെ മരങ്ങള്‍. അതാണ്‌ ചീനിമരം .വള്ളമുണ്ടാക്കാന്‍ ബെസ്റ്റാണത്രേ. അതിന്റെ ആ ആകൃതി കണ്ടില്ലേ..ഒരുപാടുയരത്തില്‍ വളരുന്നതു കൊണ്ട്‌ ഒടിഞ്ഞു പോകാതിരിക്കാന്‍ വേണ്ടി കാറ്റിന്റെ ദിശയ്ക്കനുസരിച്ച്‌ രൂപപ്പെടുന്നതാണത്രേ ആ ആ ആകൃതി. ഞാന്‍ എത്ര ശ്രമിച്ചിട്ടും ആ മരം മുഴുവനും ഫോട്ടോയില്‍ കൊള്ളിക്കാന്‍ പറ്റീല്ല..അത്രയ്ക്കുയരം..ദാ നോക്ക്‌..


റോഡിലൊക്കെ അങ്ങിങ്ങായി ആനപ്പിണ്ടം കിടപ്പുണ്ട്‌. ആന അങ്ങു ഫാമിലേക്കൊക്കെ വരും. പണ്ട്‌ എല്ലാ മൃഗങ്ങളും വരുമായിരുന്നു പോലും. ഇപ്പോ എല്ലാം പേടിച്ച്‌ ഉള്‍ക്കാട്ടിലെക്ക്‌ പിന്‍വാങ്ങി.എന്നാലും വല്ലതുമൊക്കെ വന്നു മുഖം കാണിച്ചാലോന്നൊരു കുഞ്ഞുപേടി തോന്നി. ജീപ്പിന്റെ ശബ്ദം കാട്ടുജീവികള്‍ക്കൊക്കെ വല്യ പേടിയാണെന്നും അതുകൊണ്ട്‌ അതൊരിക്കലും അടുത്തു വരില്ലെന്നുമൊക്കെ ഗൈഡ്‌ ധൈര്യം പകര്‍ന്നു തന്നു. ജീപ്പ്‌ ഓഫാക്കിയിടാതിരുന്നാല്‍ മതി . പണ്ടെങ്ങാനും ഒരു ആദിവാസിയെ ആന ചവിട്ടിക്കൊന്നതല്ലാതെ വേറെ ആളപായമൊന്നും ഈ കാട്ടില്‍ ഉണ്ടായിട്ടില്ലത്രേ. ആ കഥ ഇങ്ങനെ. പണ്ട്‌ ആനകള്‌ ഫാമില്‍ വന്ന്‌ നിറയെ കശുമാങ്ങ തിന്നുമായിരുന്നു . എന്നിട്ട്‌ പിണ്ടമിടുമ്പോള്‍ അതില്‌ ഒരുപാട്‌ കശുവണ്ടിയുണ്ടാകും. അതു കളക്ട്‌ ചെയ്യാന്‍ വേണ്ടി ആദിവാസികള്‍ ആനേടെ പുറകേനടക്കും. ഒരു ബുദ്ധിമുട്ടുമില്ലല്ലോ..കശുവണ്ടി പെറുക്കണ്ട..ഇരിയണ്ട.. ഇതങ്ങു പെറുക്കിയെടുതാല്‍ മാത്രം മതി. അങ്ങനെ നടക്കുമ്പഴാണു പോലും ആന ഈ അക്രമം കാണിച്ചത്‌.ഒരാളു മരിച്ച കഥയാണെങ്കിലും ആ ചേട്ടന്‍ പ്രതീക്ഷയോടെ ആനേടെ പുറകെ നടക്കുന്നതോര്‍ത്തപ്പോള്‍ സത്യം പറഞ്ഞാല്‍ ചിരിയടക്കാന്‍ പറ്റീല്ല..

പതുക്കെ പതുക്കെ വെളിച്ചമൊക്കെ കുറഞ്ഞു വന്നു. നല്ല തണുപ്പും. ശരിക്കും ഒരു കാടിന്റെ പ്രതീതി.. ഇതെന്താ ഒരു മൃഗത്തെ പോലും കാണാത്തത്‌ എന്നു ചോദിച്ചോണ്ടിരുന്ന ഞാന്‍ ചോദ്യമൊക്കെ നിര്‍ത്തി അബദ്ധത്തില്‍ പോലും ആനേം കടുവേമൊന്നും മുന്നില്‍ വന്നു ചാടല്ലേന്നു മനസ്സില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്തിനേറെ പറയുന്നു.. ഇടക്കെപ്പോഴോ അവിടിരുന്ന ഒരു വേഴാമ്പലിന്റെ ഫോട്ടോ എടുക്കാന്‍ വേണ്ടി ജീപ്പില്‍ നിന്നിറങ്ങി ഇത്തിരി ദൂരത്തെക്കു നീങ്ങിയ ഞാന്‍ "ആന അടുത്തെവിടെയോ ഉണ്ടെന്നു തോന്നുന്നു..വാല്ലതെ ആനച്ചൂരടിക്കുന്നു" എന്ന ഗൈഡിന്റെ ആത്മഗതം കേട്ട ഉടനെ പാഞ്ഞു വന്ന്‌ വണ്ടിയില്‍ കയറി.. ധൈര്യത്തിന്റെ കാര്യത്തില്‍ ഒരു കോംപ്രമൈസുമില്ല..


കുറച്ചങ്ങു കഴിഞ്ഞപ്പോള്‍ ടവറിന്റെ അടുത്തെത്തി. ഫോറസ്റ്റുകാര്‍ക്ക്‌ കാടിനെ നിരീക്ഷിക്കാന്‍ വേണ്ടിയുള്ളതാണത്‌. അതിനെ മുകളില്‍ കയറിയാല്‍ കാടു മുഴുവന്‍ കാണാം. എവിടെയെങ്കിലും നായാട്ടു നടക്കുകയാണെങ്കിലോ കാട്ടുതീയുണ്ടാവുകയാണെങ്കിലോ ഒക്കെ ഇവിടുന്നു ശരിക്കും കാണാന്‍ പറ്റും. ഗൈഡ്‌ ചേട്ടന്‍ ചടപടെന്ന്‌ കേറിപ്പോകുന്നതു കണ്ടപ്പോള്‍ ആവേശം മൂത്ത്‌ ഞാനും പോയി കയറി. ഇത്തിരിയങ്ങു കേറീപ്പോള്‍ തന്നെ നമ്മക്കു പറ്റിയ പണിയല്ലാന്നു മനസ്സിലായി തിരിച്ചിറങ്ങി. മേലനങ്ങി ഒരു പണിയും ചെയ്ത്‌ ശീലമില്ലല്ലോ.. ആകെപ്പാടെ തലകറങ്ങിപ്പോയി. എന്തായാലും കേറാന്‍ പറ്റിയത്രേം ഉയരത്തീന്നെടുത്തതാ താഴത്തെ ഫോട്ടോ..


പറയാന്‍ മറന്നു. കാട്ടിനുള്ളിലുള്ള മീന്‍മുട്ടി എന്ന വെള്ളച്ചാട്ടത്തിലേക്കാണ്‌ ഞങ്ങള്‍ പോകുന്നത്‌ . അതിന്റെ സാംപിള്‍ വെടിക്കെട്ടു പോലെ വഴിയരികില്‍ ഒരു പാടു കുഞ്ഞു വെള്ളച്ചാട്ടങ്ങളും നീര്‍ച്ചോലകളുമൊക്കെ കാണാന്‍ പറ്റി. അതില്‍ ഒരു ചോലയിലിറങ്ങി കുറച്ചുസമയം അവിടെ ചുറ്റിക്കറങ്ങി നടന്നു. (എപ്പോള്‍ വേണമെങ്കിലും ഓടി ജീപ്പില്‍ കയറാവുന്നത്ര ദൂരത്തില്‍ മാത്രം ). മനുഷ്യസ്പര്‍ശമൊന്നുമേല്‍ക്കാതെ കാട്ടിലൂടെ ഒഴുകി വരുന്ന പത്തരമാറ്റ്‌ ശുദ്ധമായ വെള്ളം. ഒന്നു തൊട്ടപ്പോള്‍ തന്നെ കൈ വലിച്ചു പോയി. നല്ല ഐസു പോലെ തണുത്ത വെള്ളം..


കുറെക്കൂടി ഉള്ളോട്ടു പോയികഴിഞ്ഞപ്പോള്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ ബോര്‍ഡു കണ്ടു. അവിടെ ഇറങ്ങി നോക്കീട്ടും വെള്ളച്ചാട്ടത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. ചെറുതായി വെള്ളം വീഴുന്ന ശബ്ദം മാത്രം കേള്‍ക്കാം. ഗൈഡിന്റെ പുറകേ ഇത്തിരിയങ്ങു താഴേക്കിറങ്ങി ..പെട്ടെന്നു കണ്ണിലേക്കാരോ ടോര്‍ച്ചടിച്ച പോലെ ഒരു വെളിച്ചം..കണ്ണഞ്ചിപ്പോവുകാന്നൊക്കെ പറയില്ലേ..ആ ഒരവസ്ഥ.. ദാ താഴെ നോക്ക്‌


കുറേം കൂടി താഴേക്കിറങ്ങികഴിഞ്ഞപ്പോള്‍ വെള്ളച്ചാട്ടം ശരിക്കു കാണാന്‍ പറ്റി. അവിടെ ഒരു പ്ലാറ്റ്ഫോം പണിതു വച്ചിട്ടുണ്ട്‌. ചരിഞ്ഞ പാറക്കെട്ടിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളം. ഈ സമയമായതു കൊണ്ട്‌ വെള്ളം തീരെ കുറവായിരുന്നു. മഴക്കാലമാകുമ്പോള്‍ ആ പാറ നിറഞ്ഞ്‌ വെള്ളമുണ്ടാകുമത്രേ. അതിന്റെ ശബ്ദവും ഒക്കെക്കൂടി വല്ലാത്ത ഒരു അന്തരീക്ഷമായിരിക്കും ആ സമയത്തെന്ന്‌ ഗൈഡ്‌ പറഞ്ഞു. എങ്കില്‍ പിന്നെ മഴക്കാലത്ത്‌ ഇവിടെ എന്തായാലും വന്നു നോക്കണംന്ന്‌ മനസ്സിലങ്ങു വിചാരിച്ചതേയുള്ളൂ..അതു കണ്ടിട്ടെന്ന പോലെ ഗൈഡ്‌ ചേട്ടന്‍ മുന്നറിയിപ്പു തന്നു..മഴ തുടങ്ങിയാല്‍ പിന്നെ വനത്തിലെങ്ങും നൂലട്ടാന്നു പേരുള്ള അട്ടകള്‍ വന്നു നിറയുമത്രേ.. ചോരകുടിക്കുന്ന ടൈപ്പ്‌.. അതു കേട്ടതും ഞാന്‍ പ്ലാന്‍ ഉപേക്ഷിച്ചു. എനിക്കീ അട്ടകളെ പണ്ടേ ഇഷ്ടമല്ല..
ഇതാ ആ വെള്ളച്ചാട്ടം..


തിരിച്ചുള്ള യാത്രയില്‍ ഭൂതക്കെട്ടില്‍ പോയിരുന്ന്‌ ഭക്ഷണം കഴിക്കാമെന്നാണ്‌ പ്ലാന്‍ ചെയ്തിരുന്നത്‌..അതു ഹോട്ടലൊന്നുമല്ല കേട്ടോ..ഇതു പോലെ വേറൊരു വെള്ളക്കെട്ട്‌..ഒരു ഗുഹയുടെ ഉള്ളിലാണത്രേ വെള്ളച്ചാല്‍..ആ ഗുഹയില്‍ നിറയെ വവ്വാലുകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാകും.. അതിന്റെ ആ ഒരു ഹൊറര്‍ സെറ്റപ്പു കൊണ്ടാണ്‌ ആ പേരു കിട്ടീത്‌.. എന്തായാലും അങ്ങോട്ടുള്ള വഴിക്കു ഒരു മരം വീണു കിടന്നതു കൊണ്ട്‌ അവിടെ വരെ പോയി പേടിക്കേണ്ടി വന്നില്ല.

അടുത്ത ഓപ്ഷനായ കുരുക്കത്തോട്ടിലേക്കു വിട്ടു..അതാവുമ്പോ നാടിനോട്‌ ഇത്തിരൂടെ അടുത്താണ്‌. നിറയെ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ തോട്‌..അതിന്റെ കുറച്ചു ഭാഗത്തു മാത്രമേ ഈ സമയത്തു വെള്ളമുള്ളൂ. എല്ലാരും ഭക്ഷണമൊക്കെ കഴിച്ചു തുടങ്ങീട്ടും ഞാനിങ്ങനെ തെക്കുവടക്കു നടക്കുകയാണ്‌.. ആ കല്ലുകള്‍ടെ മോളില്‍ കൂടി നടക്കണമെങ്കില്‍ നല്ല ബാലന്‍സ്‌ വെണാം.എനിക്കില്ലാത്തതും അതാണല്ലോ.

"അയ്യോ ദേ വാഴയ്ക്കാവരയന്‍!! " പപ്പേടെ ഉച്ചത്തിലുള്ള ആശ്ചര്യപ്രകടനം കേട്ടതും ഞാന്‍ അങ്ങോട്ടോടി.ശംഖുവരയന്‍,വെള്ളിവരയന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്‌..ഈ വരയനെ ഇതാദ്യമായാണുകേള്‍ക്കുന്നത്‌..ഒരു വിധത്തില്‍ തെന്നിത്തെറിച്ച്‌ പപ്പയുടെ അടുത്തെത്തി നോക്കുമ്പോള്‍..കറുപ്പും സ്വര്‍ണ്ണക്കളറും വരകളുള്ള കുറെ മീനുകള്‍!! പപ്പ അതിന്‌ ചോറിട്ടു കൊടുക്കുകയാണ്‌. പണ്ടു സ്കൂളില്‍ പഠിക്കുമ്പോള്‍ സ്ഥിരം മീനിനു ചോറിട്ടു കൊടുക്കുമായിരുന്നത്രേ.. മമ്മീം ആന്റീം കൂടി പണ്ടത്തെ മീന്‍പുരാണങ്ങളൊക്കെ പറഞ്ഞുതുടങ്ങീപ്പോഴെക്കും ഞാന്‍ അവിടുന്നു പിന്‍വാങ്ങി. നമ്മക്കു പറയാന്‍ ഇമ്മാതിരി കഥകളൊന്നുമില്ലല്ലോ.ഒരു പാത്രത്തില്‍ ചോറുമെടുത്ത്‌ കുച്ചിപ്പുഡി കളിക്കുന്നതു പോലെ തോടിന്റെ നടുക്കുള്ള കല്ലിന്റങ്ങോട്ടു പോയതാണ്‌. ഇട്ടപ്പൊത്തോന്ന്‌ വെള്ളത്തിലേക്ക്‌ ഒറ്റ വീഴ്ച്ച. തെന്നിപ്പോയതാണ്‌..പപ്പേടെ വാഴയ്ക്കാവരയന്മാരെല്ലാം ജീവനും കൊണ്ടു പാഞ്ഞു. ഭാഗ്യം കൊണ്ട്‌ കാര്യമായ പരിക്കുകളൊന്നും പറ്റീല്ല..എനിയ്ക്കും അവര്‍ക്കും..

ശാപ്പാടൊക്കെ കഴിഞ്ഞ്‌ തിരിച്ച്‌ ജീപ്പില്‍ കയറാന്‍ പോകുമ്പോഴതാ ഗൈഡ്‌ ഒരു പൂമ്പാറ്റേടെ പുറകെനടക്കുന്നു. പപ്പേടെ മീനുകളെപോലെ ടിയാന്റെ സ്കൂള്‍കാലഘട്ടത്തിലെ വല്ല ചങ്ങാതീമായിരിക്കും ആ പൂമ്പാറ്റ എന്നു വിചാരിച്ച്‌ ഞാനത്ര ശ്രദ്ധിക്കാനൊന്നും പോയില്ല. അതായിരുന്നത്രേ ടൈഗര്‍ ബട്ടര്‍ഫ്ലൈ..ഇന്ത്യയിലെ ഏറ്റവും വലിയ പൂമ്പാറ്റ. പാവം ഭയങ്കര വംശനാശഭീഷണിയിലാണ്‌..അതിനെയെങ്ങാനും പിടിച്ചാല്‍ കടുവയെ പിടിക്കുന്നതിലും വല്യ ശിക്ഷയാണു പോലും കിട്ടുക. എന്തായാലും അറിഞ്ഞത്‌ നന്നായി. ഇത്‌ ഇത്ര വലിയ വി.ഐ.പി ആണെന്നൊന്നുമറിയാതെ ഒരു തോന്നലിന്‌ പിടിച്ച്‌ ബാഗിലിട്ടിരുന്നേല്‍ ഇപ്പോള്‍ ജയിലില്‌ ഗോതമ്പുണ്ടേം തിന്നോണ്ടിരുന്നെനേ..

അടുത്തത്‌ ചീങ്കണ്ണിത്തോട്‌.ദാ താഴെ നീണ്ടു നിവര്‍ന്നു കിടക്കുന്നതു കണ്ടില്ലേ..ഇതിന്റെ പ്രത്യേകതയെന്താണെന്നോ..കേരളത്തിലൂടെ ആകെ Common Albetross എന്ന ഒരു ടൈപ്പ്‌ പൂമ്പാറ്റയേ ദേശാടനം നടത്തുന്നുള്ളൂ പോലും. അതിന്റെ റൂട്ടാണീ തോട്‌. ഡിസംബര്‍/ജനുവരി മാസത്തില്‍ കൂട്ടം കൂട്ടമായി ഇതു വഴി പൂമ്പാറ്റകള്‍ പോകും. പശ്ചിമഘട്ടത്തില്‍ നിന്നു തുടങ്ങി കുടകുവനത്തിലൂടെ വന്ന്‌ ആറളത്ത്‌ ഈ തോടിന്റെ മുകളിലൂടെ പറന്ന്‌ നിലമ്പൂര്‍ വനം വഴി നീലഗിരിക്കാട്ടിലേക്കാണ്‌ യാത്ര. അതു തിരിച്ചിതുവരെ വരുന്നത്‌ കണ്ടിട്ടില്ലത്രേ..കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്‌. താമസിയാതെ എന്തേലും ക്ലൂ കിട്ടുമായിരിക്കും

കാടൊക്കെ വിട്ട്‌ തിരിച്ച്‌ ഫാമിലൂടെ വരുമ്പോഴാണ്‌ തോടിനു കുറുകെ ഈ തൂക്കുപാലം കണ്ടത്‌. അതിലൂടെ നടക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ട്‌ പിന്‍വാങ്ങേണ്ടി വന്നു. നാട്ടുകാരൊക്കെ കൂളായി ആ പാലത്തിലൂടെ പോകുന്നുണ്ട്‌.


ഞങ്ങളെ എല്ലാരും മണ്ണില്‍ കിടന്നുരുണ്ട കോലത്തിലായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും നോക്കുമ്പോള്‍ തന്നെ ചിരിവരും. ഇമ്മാതിരി കോലങ്ങളെ എന്നും കാണുന്നതു കൊണ്ടായിരിക്കും അവിടുത്തെ ആളുകള്‌ ഒരത്ഭുതവും കാണിച്ചില്ല. 'കാട്ടില്‍ പോയതാ അല്ലേ' എന്നു കുശലവും പറഞ്ഞ്‌ അവരങ്ങു പോയി. ഒക്കെ ഇപ്പോ സ്ഥലം പതിച്ചു കിട്ടിയ ആദിവാസികളാണത്രേ. ഒരു കണക്കിന്‌ അവര്‍ക്കാ കാടിനോട്‌ ചേര്‍ന്ന സ്ഥലം കൊടുത്തത്‌ നന്നായി.വല്ല നാട്ടുകാര്‍ക്കുമാണ്‌ അതു കിട്ടിയിരുന്നതെങ്കില്‍ കേറി കേറി കാടു വെളുപ്പിച്ചേനേ. ഇവര്‌ കാടിന്റെ സ്വന്തം മക്കളല്ലേ..അത്രയ്ക്കുപദ്രവമൊന്നും കാടിനോടു ചെയ്യില്ലായിരിക്കും. എന്നാലും അവസാനം നാട്ടുകാരെപോലെ റബ്ബറും തെങ്ങുമൊക്കെ കൃഷി ചെയ്ത്‌ പഠിച്ചുകഴിയുമ്പോള്‍ കാട്ടിലെക്കും കൂടി അതങ്ങ്‌ വ്യാപിപ്പിച്ചേക്കാമെന്ന്‌ ഇവര്‍ക്കങ്ങു തോന്നാതിരുന്നാല്‍ മതിയായിരുന്നു. .