Saturday, January 26, 2008

ഒരു പാചക പരാക്രമം..

"വായിച്ചു വളരൂ ചിന്തിച്ചു പ്രബുദ്ധരാകൂ എന്നല്ലേ മഹാന്‍മാര്‍ പറഞ്ഞിട്ടുള്ളത്‌ .ഞാനൊന്നു പ്രബുദ്ധയായിക്കോട്ടെന്റെ മമ്മീ.."

"ആയിടത്തോളം മതി. നേരം നട്ടപ്പാതിരയായി...ബാക്കി നാളെ വായിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല." എന്റെ എതിര്‍പ്പിനെ വകവെയ്ക്കാതെ മമ്മി പോയി ടി.വി. ഓഫ്‌ ചെയ്തു.

അവധിക്ക്‌ വീട്ടിലെത്തിയാലുള്ള എന്റെ പ്രധാനപരിപാടിയാണ്‌ 'മാസിക പെറുക്കല്‍'.എന്നു വച്ചാല്‍ ഞാന്‍ വീട്ടിലില്ലാതിരുന്ന സമയത്തുള്ള മാസികകള്‍,സണ്‍ഡേ സപ്ലിമെന്റുകള്‍, കസിന്‍പിള്ളേര്‍ വീട്ടിലിട്ടിട്ടു പോകുന്ന ബാലരമ-പൂമ്പാറ്റ ഇത്യാദികള്‍, എന്തിന്‌ ;കടയില്‍ നിന്ന്‌ സാധനം പൊതിഞ്ഞു തരുന്ന മംഗളത്തിന്റെയും മനോരമയുടെയും പേജുകള്‍ വരെ സമാഹരിക്കും. പക്ഷെ അതു മുഴുവനുമൊന്നും പകല്‍ വായിച്ചു തീര്‍ക്കാന്‍ പറ്റില്ല. വാചമടീം വായനയും കൂടി ഒന്നിച്ചു നടത്തിക്കൊണ്ടുപോകാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്‌.അതുകൊണ്ട്‌ രാത്രിയിലിരുന്നാണ്‌ മാരത്തോണ്‍ വായന. ഒരു കമ്പനിയ്ക്കു വേണ്ടി ടി.വീം ഓണ്‍ ചെയ്തു വെയ്ക്കും.ആകെമൊത്തം സംഭവം കുശാല്‍.അതാണ്‌ മമ്മി ഗുണ്ടായിസം കാണിച്ചു തടസ്സപ്പെടുത്തിയിരിക്കുന്നത്‌. ഇനീം പോയിക്കിടന്നുറങ്ങിയില്ലെങ്കില്‍ പ്രശ്നം ചിലപ്പോള്‍ പപ്പയുടെ അടുത്തേക്ക്‌ എസ്‌കലേറ്റ്‌ ചെയ്യപ്പെട്ടേക്കും. അതു കൊണ്ട്‌ ഞാന്‍ മനസ്സില്ലാമനസ്സോടെ ചാരുകസേരയില്‍ നിന്നെഴുന്നേറ്റ്‌ സ്ലോ-മോഷനില്‍ ഒന്നു നടു നിവര്‍ത്തി.എന്നിട്ടും മമ്മിയ്ക്കു പോകാനുള്ള ഭാവമൊന്നുമില്ല.എന്നെ വിശ്വാസമില്ലാത്തതു കൊണ്ടാവാം ; അവിടെ തന്നെ നില്‍ക്കുകയാണ്‌.ഞാന്‍ പോയീന്നുറപ്പു വരുത്തണമല്ലോ..

"മക്കളെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍..എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു.." ഞാന്‍ ആരോടെന്നില്ലാതെ ഒരു ഉപദേശി സ്‌റ്റൈലില്‍ പറഞ്ഞു.

എന്നിട്ടും മമ്മീടടുത്തുന്ന്‌ ഒരനക്കവുമില്ല. എന്തോ ഒരു പന്തികേടുണ്ട്‌. ഇങ്ങോട്ടു വന്നപ്പോഴുള്ള ആ രൗദ്രഭാവമല്ല ഇപ്പോള്‍ ആ മുഖത്തുള്ളത്‌.നവരസങ്ങളിലൊന്നും പെടാത്ത ഏതോ ഒരു ഭാവം..അതും പോരാഞ്ഞ്‌ തളര്‍ന്ന പോലെ കസേരയിലേക്ക്‌ അങ്ങിരിക്കുകയും കൂടി ചെയ്തപ്പോള്‍ എനിക്കു ശരിക്കും ടെന്‍ഷനായി..

"എന്തു പറ്റി..മമ്മീ സുഖമില്ലേ?"

"നീ മിണ്ടരുത്‌..ഓരോന്നൊക്കെ വന്നു കേറിയാല്‍ പിന്നെ ബാക്കിയുള്ളവരുടെ പണിയൊന്നും നടക്കില്ല.." മമ്മി ഒറ്റ പൊട്ടിത്തെറിക്കല്‍.

എന്നെയാണുദ്ദേശിച്ചതെന്ന്‌ പകല്‍ പോലെ വ്യക്തം.

"അതിനു ഞാനെന്തു മഹാപാപമാ ചെയ്തത്‌!!!"

"നിന്നോടു വര്‍ത്തമാനം പറഞ്ഞിരുന്നിട്ടല്ലേ ഞാനതങ്ങു മറന്നു പോയത്‌"

"ഏത്‌??"

"ഇഡ്ഡലിയ്ക്ക്‌ അരച്ചു വെയ്ക്കാന്‍.." എന്തോ അത്യാഹിതം സംഭവിച്ചതു പോലെയാണ്‌ പറച്ചില്‍..

സത്യം പറഞ്ഞാല്‍ എനിക്കു ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റീല്ല.അതും കൂടി കണ്ടപ്പോള്‍ മമ്മീടെ ദേഷ്യം ഇരട്ടിയായി.

"മതീടീ ചിരിച്ചത്‌..എന്നാപിന്നെ നീ ആ അടുക്കള വഴിയൊക്കെ കറങ്ങി നടക്കുന്നുണ്ടായിരുന്നല്ലോ..അതൊന്നെടുത്ത്‌ അരച്ചു വെച്ചുകൂടായിരുന്നോ?"

"വെയ്കാമായിരുന്നു..പക്ഷെ ഞാന്‍ അരച്ചിട്ട്‌ ആ മാവുംകൊണ്ടുണ്ടാക്കുന്ന ഇഡ്ഡലിയ്ക്ക്‌ മമ്മിയുണ്ടാക്കുന്നതിനേക്കാള്‍ ടേസ്റ്റ്‌ വന്നാലോ!!അതിന്റെ പേരില്‍ മമ്മിയ്ക്കൊരു പെരുന്തച്ചന്‍ കോംപ്ലക്സുണ്ടാകുന്നത്‌ എനിക്കു സഹിക്കാന്‍ പറ്റില്ല.." പണിയെടുക്കാതിരിക്കാന്‍ ഇതല്ല ഇതിനപ്പുറത്തെ കാരണവും ഞാന്‍ കണ്ടുപിടിയ്ക്കും.

അതിനു മറുപടിയൊന്നും കിട്ടിയില്ല.

"സാരമില്ലെന്നേ.. നമ്മളു മാത്രമല്ലേയുള്ളൂ..നാളെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയാല്‍ മതി." ഞാന്‍ മമ്മിയെ ആശ്വസിപ്പിച്ചു.

"എന്നാലും നീ ഇഡ്ഡലി വേണമ്ന്നു പറഞ്ഞിട്ട്‌...."മമ്മി സെന്റി മോഡിലെക്കു പോവുകയാണ്‌

"അയ്യോ..അത്‌ ഇന്നു മൂന്നു നേരോം പുട്ടു കഴിച്ചതു കൊണ്ട്‌ ഒരു ചെയ്ഞ്ചായിക്കോട്ടേന്നു കരുതി പറഞ്ഞതാണേ. ഞാന്‍ നാളെ വല്ല ബ്രഡും കഴിച്ചോളാം..:"

"എന്നാലും എന്റെയൊരു മറവി.. എടീ ഇതിനി ആ മറന്നു പോകുന്ന അസുഖമില്ലേ,അതെങ്ങാനുമാണോ? " മമ്മിയ്ക്ക്‌ ടെന്‍ഷനടിയ്ക്കാന്‍ ഒരു കാരണവും കൂടി കിട്ടി.

"ഏയ്‌ അതൊന്നുമല്ല..ഇതു മറ്റേ അസുഖമാ.."ഞാന്‍ വളരെ സീരിയസായി പറഞ്ഞു.

"ഏത്‌??"

"അതു തന്നെ..പക്ഷപാതം.അതായത്‌ ഇപ്പോള്‍ എന്റെ സ്ഥാനത്ത്‌ മമ്മീടെ പുന്നാരമോനോ പുന്നാരമോളോ ആണ്‌ ഇഡ്ഡലി ചോദിക്കുന്നതെന്നു വിചാരിക്ക്‌..നാളെ വരെ കാത്തു നില്‍ക്കാതെ മമ്മി വേണമെങ്കില്‍ ഇന്നു രാത്രീലേ ഉണ്ടാക്കി വെയ്ക്കുമായിരുന്നില്ലേ..ങ്‌ഹാ..ആര്‍ക്കും വേണ്ടാതെ ആ രണ്ടെണ്ണത്തിന്റേയും ഇടയ്ക്ക്‌ 'ഫില്‍ ഇന്‍ ദ ബ്ലാങ്‌ക്‍സ്‌' പോലെ വന്നുണ്ടായതല്ലേ ഞാന്‍.ഇത്രേമൊക്കെയെ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ മമ്മീ.."ഡയലോഗിനു ശേഷം ഒരു ദീര്‍ഘനിശ്വാസവും കൂടി വിട്ടപ്പോള്‍ സംഭവം ജോറായി.

ഇതു സ്ഥിരം നടക്കുന്ന കലാപരിപാടിയായതു കൊണ്ട്‌ മമ്മിയ്ക്ക്‌ വെല്യ ഭാവവ്യത്യാസമൊന്നുണ്ടായില്ല.

"അതേടീ നിന്നെ ഞാനിവിടെ പട്ടിണിക്കിടുവല്ലായിരുന്നോ..ചുമ്മാ വാചകമടിയ്ക്കാതെ നാളെയെന്തുണ്ടാക്കുംന്ന്‌ പറ.."

"ഒന്നു പോയി കിടക്കെന്റെ മമ്മീ..നാളത്തെ കാര്യം നാളെയല്ലേ..അതിന്‌ ഇന്നേ ആലോചിച്ച്‌ തല പുണ്ണാക്കുന്നതെന്തിനാ..അല്ലെങ്കിലും ഈ അമ്മവര്‍ഗം ഇങ്ങനെയാ.ഒരു പ്രതിസന്ധിഘട്ടം വന്നാല്‍ എന്തു ചെയ്യണമെന്നറിയില്ല" ഞാന്‍ വെറുതേ ഒരു പ്രസ്താവന നടത്തി.

"എന്നലൊരു കാര്യം ചെയ്യ്‌.. എന്റെ പൊന്നുമോള്‌ രാവിലെ എഴുന്നേറ്റ്‌ വല്ലതുമുണ്ടാക്ക്‌. പ്രതിസന്ധിഘട്ടത്തില്‍ എങ്ങനെയാ പെരുമാറേണ്ടതെന്നു ഞാനൊന്നു കണ്ടുമനസ്സിലാക്കട്ടെ.."

ഇതിപ്പോ വെളുക്കാന്‍ തേച്ചതു പാണ്ടായതു പോലെയായി.പക്ഷെ പിന്‍മാറാന്‍ പറ്റില്ല.ഈ വെല്ലുവിളിയേറ്റെടുത്ത്‌ മകള്‍വര്‍ഗത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കേണ്ട ചുമതലയെനിക്കുണ്ട്‌.

"ശരി നമുക്കു കാണാം.."

ഞാനങ്ങനെ ചുമ്മാ പറഞ്ഞതല്ല.. എന്റെ പാചകഗുരുക്കള്‍ - . കൈരളി ടി.വീലെ ലക്ഷ്മിച്ചേച്ചിയും ഏഷ്യാനെറ്റിലെ പാചകപരിപാടി നടത്തുന്ന ഒരിത്താത്തയും- എന്നെ കൈവിടില്ലെന്നുറപ്പായിരുന്നു. പറ്റുമ്പോഴൊക്കെ അവര്‍ടെ പ്രോഗ്രാംസ്‌ ഞാന്‍ വായും പൊളിച്ചിരുന്ന്‌ കാണാറുണ്ട്‌..അതില്‌ ഇത്താത്ത ഒരിക്കല്‍ ഉണ്ടാകിയ വിഭവം ഇവിടെ കറക്ടായി ഫിറ്റാകും.ഞാന്‍ എല്ലം തീരുമാനിച്ചുറപ്പിച്ചു.

"നീയെന്താ ഉണ്ടാക്കാന്‍ പോകുന്നത്‌?" എന്റെ കോണ്‍ഫിഡന്‍സ്‌ കണ്ടപ്പോള്‍ മമ്മിയ്ക്ക്‌ ആകാംക്ഷ സഹിക്കാന്‍ പറ്റീല്ല.

"അതു നാളെ കണ്ടാല്‍ മതി..ഇപ്പഴെ പറഞ്ഞാല്‍ എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി മമ്മി വല്ല പാരേം പണിതാലോ"

"എന്നാലും ഒന്നു പറയെടീ.."

"ഡോണ്ട്‌ വറി. ഒന്നുമില്ലേലും ഒരു ദിവസത്തെ പരിപ്പുകറിയെ പിറ്റേദിവസം സാമ്പാറാക്കി മാറ്റാനും ബാക്കിവരുന്ന ദോശയെ ഒരു കുഞ്ഞു പോലുമറിയാതെ ഉപ്പുമാവാക്കിമാറ്റാനുമൊക്കെ കഴിവുള്ള ഒരമ്മേടെ മോളല്ലേ ഞാന്‍..ആ കഴിവില്‍ ഒരു തരിയെങ്കിലും എനിക്കു കിട്ടാതിരിക്കുമോ.." ഞാന്‍ മമ്മിയെ ആശ്വസിപ്പിച്ചു..

"അതേടീ ഞാനിങ്ങനെയൊക്കെ പറ്റിക്കല്‍പരിപാടി കാണിച്ചിട്ടും നീയൊക്കെ ഒരു കുഴപ്പവുമില്ലാതെ ഇത്രേം വരെയൊക്കെയെത്തിയല്ലോ.." മമ്മി പിണങ്ങി.

"കളിയാക്കീതല്ല മമ്മീ.അതൊക്കെ കൊണ്ടല്ലേ ഞങ്ങള്‍ മൂന്നുപേര്‍ക്കും ഇത്ര പ്രതിരോധശക്തി..വിഷം കഴിച്ചാല്‍ പോലും ഏല്‍ക്കില്ല.."

അതിന്റെ മറുപടിയ്ക്കൊന്നും ഞാന്‍ കാത്തുനിന്നില്ല. ഓടി റൂമില്‍ കയറി കതകടച്ചു.

പിറ്റേ ദിവസം രാവിലെ തന്നെ മമ്മി വന്നു വിളിച്ചു.

"മമ്മീ പ്ലീസ്‌ കുതിര്‍ത്തു വെച്ച അരീം ഉഴുന്നുമൊക്കെ ഒന്നരച്ചുവെയ്ക്ക്‌..ഇഡലിയ്ക്കരയ്ക്കുന്നതു പോലെ..അപ്പഴെക്കും ഞാനങ്ങെത്തിയേക്കാം..." അത്രേം സമയം കൂടി ഉറങ്ങാലോ..

എന്തായാലും ഞാനടുക്കളയില്‍ പ്രവേശിച്ചപ്പോഴേക്കും പാവം മമ്മി ഇഡലിമാവൊക്കെ റെഡിയായാക്കിവെച്ചിട്ടുണ്ടായിരുന്നു.സമയം കളയാതെ ഞാന്‍ ഭരണം ഏറ്റെടുത്തു. ആദ്യം തന്നെ ഒരു കസേര വലിച്ചിട്ട്‌ മമ്മിയെ അവിടിരുത്തി.ശരിക്കും കണ്ടു പഠിക്കണമല്ലോ..

"ഏഷ്യാനെറ്റ്‌-ഇത്താത്തയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ പാചകം ആരംഭിച്ചു.. ആദ്യം തെന്നെ അരച്ചുവച്ച മാവിനെ കൃത്യം രണ്ടായി പകുത്ത്‌ രണ്ടു പാത്രങ്ങളിലായി സ്ഥാപിച്ചു. ഒരു ക്യാരറ്റെടുത്ത്‌ മിക്സീലടിച്ച്‌ ഒരു പാത്രത്തിലെ മാവില്‍ കലക്കി. പിന്നെ ഒരു ബീറ്റ്‌റൂട്ടെടുത്ത്‌ അരച്ച്‌ ബാക്കിയുള്ള മാവിലും കലക്കി.(അതിന്റെയൊക്കെ ജ്യൂസെടുത്തു ചേര്‍ക്കാനാണ്‌ ഇത്താത്ത പറഞ്ഞിരുന്നത്‌.. അതൊക്കെ ചിരണ്ടിപ്പിഴിഞ്ഞു ജ്യൂസെടുക്കാലൊക്കെ വെല്യ പാടല്ലേ..എളുപ്പവഴിയില്‍ ക്രിയ ചെയ്യുന്നതിന്റെ ഭാഗമായിട്ടണ്‌ അതിനെ മിക്സിയില്‍ അരച്ചെടുത്തത്‌)ഓകെ..ഇപ്പോള്‍ രണ്ടു കളറിലുള്ള മാവു കിട്ടി. ഇഡലി പാത്രമെടുത്ത്‌ അടുപ്പത്തു വച്ച്‌ അതിന്റെ കുഴിയിലൊക്കെ കുറച്ച്‌ എണ്ണ തടവി..(ഇങ്ങനെ ചെയ്തിലെങ്കില്‍ പാത്രത്തീന്നു വിട്ടു പോരാനൊക്കെ ഇഡലിയ്ക്കൊരു വിഷമമായിരിക്കും)

ആദ്യം ഒരു സ്പൂണ്‍ മാവെടുത്ത്‌ കുഴിയിലൊഴിച്ചു. അതു പകുതി വേവായപ്പോള്‍ ,അതായത്‌ വേവണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പത്തില്‍ മാവിരിക്കുമ്പോള്‍ ,അതിന്റെ മുകളിലേക്ക്‌ കുറച്ചു ചിരവിയ തേങ്ങയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും മിക്സ്‌ ചെയ്ത്‌ സ്നേഹത്തോടെ വിതറി. എന്നിട്ട്‌ മറ്റേ കളറിലുള്ള മാവെടുത്ത്‌ അതിന്റെ മുകളിലെക്കൊഴിച്ച്‌ കുഴി നിറച്ചു..കഴിഞ്ഞു..സംഭവം പെട്ടെന്നു തന്നെ വെന്തു കിട്ടി. ഇഡലിതട്ടില്‍ നിന്ന്‌ ഒരു പാത്രത്തിലേക്കിട്ടിട്ട്‌` മനോഹരമായി നിരത്തി വച്ചു.കാണാനൊക്കെ നല്ല ഭംഗിയുണ്ട്‌.അതുകൊണ്ട്‌ ഞാനതിന്‌ 'സുന്ദരി ഇഡ്ഡലി' എന്നു പേരിട്ടു. ദാ താഴെ അതിന്റെ പോട്ടം.ഞാനിട്ട പേരു കറക്ടല്ലേ..ലുക്കില്‍ മാത്രമല്ലല്ലോ കാര്യം..വായില്‍ വെയ്ക്കാന്‍ കൊള്ളുന്നതാണോന്നു കൂടി നോക്കണ്ടേ.ഞാന്‍ ഒന്നെടുത്ത്‌ മമ്മിയ്ക്കു കൊടുത്ത്‌ അവിടെ മുഖത്തു വിരിയുന്ന ഭാവങ്ങളൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. കഴിച്ചു കഴിഞ്ഞിട്ടും അവിടുന്ന്‌ അഭിപ്രായങ്ങളൊന്നും വരുന്നില്ല.

"നല്ല ടേസ്റ്റുണ്ടല്ലേ...അതല്ലേ, 'ഇത്രേം നല്ല ഒരു മോളെ കിട്ടാന്‍ മമ്മി എന്തു പുണ്യമായിരിക്കും ചെയ്തിട്ടുണ്ടാവുക' ആലോചിച്ചുകൊണ്ടിരിക്കുന്നത്‌. എനിക്കു മനസിലായി." ഞാന്‍ വെറുതേയൊന്ന്‌ മമ്മിയെ പ്രകോപിപ്പിച്ചു നോക്കി.

"കൊള്ളം കേട്ടോ..എനിക്കിഷ്ടപ്പെട്ടു.." വിധിപ്രഖ്യാപനം വന്നു.

ഹാവൂ അപ്പോള്‍ അതു സക്സസ്‌.പൊതുവേ മധുരമുള്ള സാധനങ്ങളെപറ്റിയൊന്നും മമ്മി അങ്ങനെ നല്ല അഭിപ്രായം പറയാത്തതാണ്‌.ഞാനും കുറച്ചെടുത്ത്‌ രുചി നോക്കി. 'കാക്കയ്ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌' എന്ന പ്രതിഭാസം കൊണ്ടാണോന്നറിയില്ല;സംഭവം എനിയ്ക്കും ഇഷ്ടപ്പെട്ടു.വൈകുന്നേരം ചായേടെ കൂടെയൊക്കെ കഴിയ്ക്കാന്‍ പറ്റിയ സാധനം.

ഇനീം ഒന്നു രണ്ട്‌ ആള്‍ക്കാരിലും കൂടി ടെസ്റ്റ്‌ ചെയ്യണം. ഒരിഡ്ഡലിയെടുത്ത്‌ അടുത്ത വീട്ടിലെ രോഹിണിയേച്ചിക്കു കൊടുത്തു.അവിടുന്ന്‌ രണ്ട്‌ ഇരകളെ കൂടി ഒത്തുകിട്ടി. രോഹിണിയേച്ചീടെ പേരക്കുട്ടികളായ അപ്പൂം കുഞ്ഞാണീം ..സ്കൂളില്‍ പോകാനിറങ്ങിയ വഴിയ്ക്ക്‌ രണ്ടിനേം പിടിച്ചു നിര്‍ത്തി പരീക്ഷിച്ചു.

ഇനി ഫലപ്രഖ്യാപനം:

ഇഷ്ടപ്പെട്ടവര്‍ : 4 (മമ്മി,അപ്പു,രോഹിണിയേച്ചി,ഞാന്‍)

ഇഷ്ടപ്പെടാത്ത മൂരാച്ചികള്‍ : 1(കുഞ്ഞാണി).അത്‌ ഇഡ്ഡലിയോടുള്ള വിരോധം കൊണ്ടല്ല, എന്നോടുള്ള്‌ വിരോധം കൊണ്ടാണ്‌.ടി വി.റിമോട്ടിനെ ചൊല്ലി ഞങ്ങള്‍ക്കിടയില്‍ സാമാന്യം നല്ലൊരു പിണക്കം നിലവിലുണ്ട്‌.അതൊകൊണ്ട്‌ ആ വോട്ട്‌ ഞാന്‍ അസാധുവായി പ്രഖ്യാപിച്ചു. അല്ലെങ്കിലും 5 വയസ്സില്‍ താഴെയുള്ളവര്‍ക്കെവിടെയാ വോട്ടവകാശം!!

അങ്ങനെ അവസാനം ഒരു പീക്കിരി-അസാധുവോട്ടിനെതിരെ നാല്‌ യമണ്ടന്‍ വോട്ടുകളോടെ എന്റെ സുന്ദരി ഇഡ്ഡലി വിജയശ്രീലാളിതയായി..

അപ്പോള്‍ ശരി..ഇതു വായിച്ചു കഴിഞ്ഞാലുടനെ എല്ലാരും പോയി അരീം ഉഴുന്നും വെള്ളത്തിലിടൂ..അരച്ചുവെയ്ക്കാന്‍ മറക്കൂ.. എന്നിട്ട്‌ അടുത്ത ദിവസം രാവിലെ സുന്ദരി ഇഡ്ഡലികള്‍ ഉണ്ടാക്കൂ..എല്ലാര്‍ക്കും എന്റെ വക വിജയീ ഭവ..

എന്റെ പരാക്രമം കണ്ട്‌ മനസു മടുത്ത്‌ നമ്മുടെ അംന ഇതിന്റെ മറ്റൊരു വേര്‍ഷന്‍ ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. ഉപയോഗിച്ച ചേരുവകളൊക്കെ കണ്ടിട്ട്‌ അതിനു നല്ല രുചിയുണ്ടാകുമെന്ന്‌ ഉറപ്പാണ്‌.(ദൈവമേ ഇനിയിപ്പോ ഉഴുന്നിനു പകരം ബിരിയാണി അരി ഉപയോഗികണം എന്ന്‌ ഏഷ്യാനെറ്റിലെ ഇത്താത്ത പ്രത്യേകം പറഞ്ഞിരുന്നോ പോലും!!)

Monday, January 21, 2008

യാത്രയുടെ അവസാനം-അഞ്ചാം ദിവസം..

കൊച്ചീലെത്തിയിട്ടും ഉച്ചയ്ക്കു കഴിച്ച മീനിന്റെയൊന്നും കെട്ടു വിട്ടിരുന്നില്ല..എന്തോ വെല്യ അദ്ധ്വാനം കഴിഞ്ഞ പോലെ ക്ഷീണിച്ച്‌ സോഫയില്‍ തളര്‍ന്നിരിക്കുമ്പോഴാണ്‌ ചാച്ചന്റെ വക അടുത്ത ഓഫര്‍..

"ഡീ ഇവിടെ കൊച്ചീല്‌ നല്ല അടിപൊളി കരിമീന്‍-പൊള്ളിച്ചതു കിട്ടുന്ന ഒരു സ്ഥലമുണ്ട്‌. രാത്രീല്‌ അവിടുന്നാകാം ഭക്ഷണം. നിനക്ക്‌ എവിടെയെങ്കിലും പോവാനുണ്ടെങ്കില്‍ വേഗം പോയിട്ടു വാ.."
ദാ പിന്നെം മീന്‍..ഈ മനുഷ്യന്‌ ആരെങ്കിലും മീനില്‍ കൈവിഷം വെച്ചു കൊടുത്തിട്ടുണ്ടോ!!

"ചാച്ചാ പ്ലീസ്‌ എനിക്കിനി ഒരാഴ്ച്കത്തേയ്ക്ക്‌ ഭക്ഷണമേ വേണ്ട..എന്നെയൊന്നു വെറുതേ വിടൂ പ്ലീീീസ്‌.."

"ശരി..നീയൊന്ന്‌ മറൈന്‍ ഡ്രൈവിലൊക്കെ ചുറ്റിക്കറങ്ങീട്ടു വാ..എന്നിട്ടു നമ്മക്കു തീരുമാനിക്കാം"
ഇനി രക്ഷയില്ല..ഒരു സ്ഥലത്തെത്തിയാല്‍ അവിടെ അടച്ചുപൂട്ടിയിരിക്കാനൊന്നും ചാച്ചന്‍ സമ്മതിക്കില്ല. പുറത്തിറങ്ങി നടന്നാലേ ആത്മവിശ്വാസമുണ്ടാകൂന്നാണ്‌ ആള്‍ടെ പോളിസി. ഇങ്ങനൊരു നാടുചുറ്റലിനു പോലും ഏറ്റവും സപ്പോര്‍ട്ട്‌ ചാച്ചനായിരുന്നു.ഒറ്റയ്ക്കു പോകാനൊരു മൂഡില്ല. കപ്പലു കാണിച്ചു കൊടുക്കാംന്നുള്ള പ്രലോഭനമൊക്കെ നന്ദൂം പോപ്പൂം നിര്‍ദ്ദയം തള്ളിക്കളഞ്ഞു. അവരു പറയുന്നതും ശരിയാണ്‌..ഹോട്ടലിന്റെ ജനലിലൂടെ നോക്കിയാല്‍ കപ്പലോക്ക്‌ നല്ല ക്ലിയറായിട്ടു കാണാം.പിന്നെന്തിന്‌ അങ്ങു വരെ പോയി ബുദ്ധിമുട്ടണം!!അവസാനം കല്യാണ്‍ സില്‍ക്സില്‍ പോകാന്‍ കൂട്ടുവരാംന്നുള്ള മോഹനവാഗ്ദാനത്തില്‍ ആന്റി വീണു.

ഞങ്ങള്‍ ആദ്യം തന്നെ പോയത്‌ മറൈന്‍ഡ്രൈവിലെക്കാണ്‌..നല്ല സന്ധ്യാ സമയം. കാണാനൊക്കെ നല്ല ഭംഗിയുണ്ട്‌. പക്ഷെ സ്ഥലം കാണാന്‍ ഭംഗിയുണ്ടായതു കൊണ്ടു മാത്രമായില്ലല്ലോ;വല്ലാതെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം..എപ്പോള്‍ വേണമെങ്കിലും ഒരാക്രമണം ഉണ്ടായേക്കാം എന്നു തോന്നിക്കുന്ന തരം പെരുമാറ്റങ്ങള്‍..ഞങ്ങള്‍ പെട്ടെന്നു തന്നെ അവിടുന്നു പുറത്തേക്കു കടന്നു.

അവിടെ തന്നെ ഒരു ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌. കുറെ ഊഞ്ഞാലുകളും റൈഡ്സും ഒക്കെയുണ്ട്‌.ഞങ്ങള്‍ കുറച്ചു സമയം അതു വഴി ചുറ്റി നടന്നു.പെട്ടെന്നാണ്‌ അതെന്റെ കണ്ണില്‍ പെട്ടത്‌. ഇട്ടാവട്ടത്തില്‍ ഒരു പൂള്‍..അതില്‍ ബോട്ടിംഗ്‌ സൗകര്യവുമുണ്ട്‌.ഞാന്‍ ആന്റിയെയും വലിച്ചു കൊണ്ട്‌ അങ്ങോട്ടു പോയി.

"ഇത്രേം വെള്ളം കണ്ടിട്ടും നിന്റെ കൊതി മാറീല്ലേ. നാലു ചാണ്‍ വലിപ്പമില്ലാത്ത ഇതില്‍ എന്തോന്നു ബോട്ടിംഗ്‌!!"

ആന്റി പറയുന്നതിലും കാര്യമുണ്ട്‌. തൊട്ടപ്പുറത്ത്‌ കൊച്ചിക്കായല്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോഴാണ്‌ ഈ പൊട്ടക്കുളം പോലുള്ള പൂള്‍..

"എന്നാലും പ്ലീസാന്റീീ..ഇന്നും കൂടി കഴിഞ്ഞാല്‍ ഞാനിവിടം വിടില്ലേ..ഇനി ഞാനീ നാട്ടിലേയ്ക്ക്‌ ഒരിക്കലും വന്നില്ലെങ്കിലോ"

സെന്റിയില്‍ വീഴാത്ത ഒരാന്റിമാരും ഇന്നേ വരെ ലോകത്തുണ്ടായിട്ടില്ല.ഞങ്ങള്‍ ടിക്കറ്റെടുക്കാന്‍ ചെന്നു.

"പത്തു മിനിറ്റു നേരത്തെക്കാണ്‌ ബോട്ടിംഗ്‌. പക്ഷെ അതിന്‌ ഇപ്പോള്‍ തന്നെ ഒരുപാടാള്‍ക്കാര്‌ ക്യൂവിലുണ്ട്‌.ഒരു അര മണിക്കൂര്‍ വെയ്റ്റ്‌ ചെയ്യേണ്ടി വരും". കൗണ്ടറിലെ ചേട്ടന്‍ എന്റെ മോഹങ്ങളുടെ മേല്‍ മണ്ണു വാരിയിട്ടു.

അത്രെമൊന്നും കാത്തിരിക്കാനുള്ള സമയമില്ല. ഞങ്ങള്‍ പിന്തിരിഞ്ഞു.

"കൊച്ചുത്രേസ്യേ.."

പെട്ടെന്നു പുറകില്‍ നിന്നൊരു വിളി. ഇതാരപ്പാ ഈ പേരിലൊക്കെ എന്നെ വിളിക്കുന്നത്‌!!അന്തംവിട്ട്‌ ഞാന്‍ തിരിഞ്ഞു നോക്കി.

പിന്നിലൊരു കൊച്ചുകുടുംബം സന്തുഷ്ടകുടുംബം നില്‍ക്കുന്നു. അച്ഛന്‍. അമ്മ,പിന്നെയൊരു ചെറിയ മോനും.(എണ്ണത്തില്‍ മാത്രമാണു കേട്ടോ 'കൊച്ചു കുടുംബം', വലിപ്പത്തിലല്ല)അതില്‍ അച്ഛന്റെ തല ഏതോ ഒരു ബ്ലോഗില്‍ കണ്ടു നല്ല പരിചയമുണ്ട്‌.

"ദൈവമേ ഇതു കാര്‍ട്ടുവല്ലേ!!"

"കാര്‍ട്ടുവോ..അതാര്‌??" പേരു കേട്ടപ്പോള്‍ തന്നെ ആന്റിക്കെന്തോ ഒരു മിസ്റ്റേക്ക്‌ തോന്നി.. അപ്പോഴെയ്ക്കും അവരും അടുത്തെത്തി.

"ആന്റീ ഇതു കാര്‍ട്ടൂണിസ്റ്റ്‌ ..അല്ലല്ല സജീവേട്ടന്‍..നന്നായി വരയ്ക്കും..ഞാന്‍ അന്നു കാണിച്ചില്ലെ.എന്റെ ചട്ടേം മുണ്ടുമൊക്കെയിട്ട പടം..അതു കാര്‍ട്ടു വരച്ചതാ" ഞാന്‍ ഒറ്റ സ്വാസത്തില്‍ ഗമ്പ്ലീറ്റ്‌ കാര്യങ്ങളും പറഞ്ഞു കൊടുത്തു.

പിന്നെ അവിടെ നിന്ന്‌ മാരത്തോണ്‍ സംസാരം.ഞങ്ങള്‍ രണ്ടു പേരും സാമാന്യത്തിലധികം സ്പീഡില്‍ സംസാരിക്കുന്നവരായതു കൊണ്ട്‌ ആ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഒരു പാടു കാര്യങ്ങള്‍ പറയാന്‍ പറ്റി. അവസാനം സജ്ജീവേട്ടന്‍ വാങ്ങി തന്ന ഐസ്ക്രീമും കഴിച്ച്‌ അവിടുന്നു വിട വാങ്ങി. തികച്ചും അവിചാരിതമായ ഒരു കണ്ടുമുട്ടലായിരുന്നു അത്‌. ശരിക്കും ഭയങ്കര സന്തോഷം തോന്നി.

അടുത്തത്‌ കല്യാണ്‍ സില്‍ക്സിലെക്ക്‌. ഏഴെട്ടു നില പലവട്ടം കയറിയിറങ്ങി.എന്തായാലും വന്നതല്ലേന്നു കരുതി ആന്റി എന്തൊക്കെയോ വാങ്ങിച്ചു. എനിക്കു പിന്നെ അങ്ങനത്തെ നല്ല സ്വഭാവമൊന്നുമില്ലത്തതു കൊണ്ട്‌ ഒരു തൂവാല പോലും വാങ്ങിയില്ല. എല്ലാം കഴിഞ്ഞപ്പോഴെക്കും നന്നായി വൈകി. പിന്നെ അധികം ചുറ്റിക്കറങ്ങാതെ ഹോട്ടലിലെക്കു തന്നെ വിട്ടു.

പിറ്റെ ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ അടുത്ത പ്രതിസന്ധി. ചാച്ചന്റെയൊക്കെ പ്ലാന്‍ വീഗാലാന്‍ഡില്‍ പോവാനാണ്‌. സത്യം പറഞ്ഞാല്‍ ഞാനും കൂട്ടുകാരിയും കൂടി ഇങ്ങനൊരു യാത്ര പുറപ്പെട്ടപ്പോള്‍ തന്നെ പലരും സജസ്റ്റ്‌ ചെയ്തതാന്‌ ഈ വീഗാലാന്‍ഡ്‌. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും അതു തീരെ താല്‍പര്യമില്ലാതിരുന്നതു കൊണ്ടാണ്‌ അതുപേക്ഷിച്ചത്‌.

"ഇത്രേമൊക്കെ പ്രകൃതിദത്തമായ സ്ഥലങ്ങളും കായലുകളുമൊക്കെ കണ്ടു കഴിഞ്ഞിട്ടും നിങ്ങള്‍ക്ക്‌` ആ കൃത്രിമസ്ഥലത്തേക്കു പോവാന്‍ തോന്നുന്നുണ്ടല്ലോ ചാച്ചാ!! നിങ്ങളു പൊയ്ക്കോ..ഞാനിവിടൊക്കെ ചുറ്റി നടന്ന്‌ വൈകുന്നേരമാവുമ്പോള്‍ ബാംഗ്ലൂരെയ്ക്കു പൊയ്ക്കോളാം.." ഞാനങ്ങു പ്രകൃതിസ്‌നേഹിയായി.

"ഡീ നീ ഒരു പ്രാവശ്യമെങ്കിലും വന്നു കാണ്‌.എന്നിട്ടു തീരുമാനിക്ക്‌ നല്ലതാണോ ചീത്തയാണോ എന്ന്‌" ചാച്ചനും വിട്ടില്ല..

"ശരി ശരി..പക്ഷെ അവിടെ വെള്ളത്തിലിറങ്ങാനൊന്നും എന്നെ ആരും നിര്‍ബന്ധിക്കരുത്‌..ഇത്രെം ദിവസാം നല്ല നല്ല കായലുകളൊക്കെ കണ്ടിട്ട്‌ ഇനി ആ ക്ലോറിന്‍ വെള്ളത്തില്‍ പോയി ചാടാന്‍ ഞാനില്ല" ഞാന്‍ ഒരു ഒത്തുതീര്‍പ്പിനു തയ്യാറായി.

വീഗാലന്‍ഡിലെത്തി.വാക്കു പറഞ്ഞ പോലെ തന്നെ വെള്ളത്തില്‍ ചാടാന്‍ ആരും എന്നെ നിര്‍ബന്ധിച്ചില്ല.അല്ല അതു വേണ്ടീം വന്നില്ല.. എല്ലാരെക്കാളും മുന്‍പെ തന്നെ ഞാനാണാദ്യം വെള്ളത്തില്‍ ചാടിയത്‌. പിന്നെ ആക്രാന്തമായിരുന്നു. കണ്ട വാട്ടര്‍റൈഡ്സിലെല്ലാം വലിഞ്ഞു കേറി. അവസാനം വൈകുന്നേരമായപ്പോഴാണ്‌ ഞങ്ങള്‍ വെള്ളത്തില്‍ നിന്നും കയറിയത്‌.

തിരിച്ചു വരുമ്പോള്‍ ശരിക്കും തളര്‍ന്നിരുന്നു.ഭയങ്കര വിഷമവും തോന്നി. ഇതോടു കൂടി യാത്ര അവസാനിക്കുകയാണ്‌. .എന്റെ ബസ്‌ രാത്രി 8 മണിയ്ക്കെ പുറപ്പെടൂ. ഇനിയും രണ്ടു മൂന്നു മണിക്കൂറുണ്ട്‌. എനിക്കിഷ്ടമുള്ള സ്ഥലത്ത്‌ കൊണ്ടു പോയി ഇറക്കാന്‍ ഡ്രൈവര്‍ക്ക്‌ നിര്‍ദ്ദേശം കൊടുത്ത്‌ ചാച്ചനും കുടുംബവും റെയില്‍വേസ്റ്റേഷനിലിറങ്ങി.അവരും അന്നു തന്നെ തിരുവനന്തപുരത്തേയ്ക്കു തിരിച്ചു പോവുകയാണ്‌. 'എങ്ങോട്ടാണ്‌ പോവേണ്ടത്‌" എന്നു ഡ്രൈവര്‍ ചോദിച്ചപ്പോള്‍ അറിയാതെ പറഞ്ഞു പോയത്‌` 'മറൈന്‍ ഡ്രൈവ്‌' എന്നായിരുന്നു. പിന്നെ തിരുത്താനൊന്നും പോയില്ല. പക്ഷെ തലേ ദിവസത്ത അനുഭവം കൊണ്ട്‌ മറൈന്‍ഡ്രൈവിലേക്കു പോവാന്‍ എനിക്കു തീരെ താല്‍പര്യമുണ്ടായിരുന്നില്ല.ആ സമയത്ത്‌ കൊച്ചിയിലൂടെ ഒറ്റയ്ക്കു നടക്കാനും തീരെ വിശ്വാസമില്ല.

കുറച്ചങ്ങു ചെന്നപ്പോള്‍ റോഡ്‌സൈഡില്‍ തന്നെ കുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്ക്‌..ദൂരെ കായലും കാണാം.."ഇതു മറൈന്‍ ഡ്രൈവിന്റെ തന്നെ ഒരറ്റമാണ്‌. കുട്ടികള്‍ക്കുള്ള പാര്‍ക്കാണിത്‌" ഡ്രൈവര്‍ അറിയിച്ചു.എത്ര കണ്ടാലും മതിവരാത്ത രണ്ടു സംഭവങ്ങളാണ്‌ കുട്ടികളും കായലും. അതു രണ്ടും കൂടി ഇതേ പോലെ ഒരു സ്ഥലത്തു തന്നെ ഒത്തു വരികാന്നു വച്ചാല്‍ പിന്നെ വേറെയൊന്നും വേണ്ട..ഞാന്‍ അവിടെ ഇറങ്ങി.സൂര്യനിങ്ങനെ അസ്തമിക്കാന്‍ റെഡിയായി വരികയായിരുന്നു.അത്‌ അസ്തമിച്ചു തീരുന്നതു വരെ അവിടെതന്നെ ഇരുന്നു.

പിന്നെ ബാഗുമെടുത്ത്‌ ട്രാവെല്‍സിന്റെ ഓഫീസില്‍..അതു കഴിഞ്ഞ്‌ ബാംഗ്ലൂര്‍ ബസില്‍..അവസാനം ബാംഗ്ലൂരില്‍..ഒരു നല്ല യാത്ര അങ്ങനെ അവസാനിച്ചു..

ഇതോടു കൂടി ഈ നെടുനീളന്‍ യാത്രാവിവരണത്തിനും ഇവിടെ ഫുള്‍സ്റ്റോപ്പിടുകയാണ്‌.

Tuesday, January 15, 2008

കുമരകം,ചേര്‍ത്തല - നാലാം ദിവസം..

ഇനി നമ്മള്‍ മാത്രം ...
നമുക്കൊരുള്‍ചൂടിന്റെ കനിവുറവു മാത്രം..

എന്റെ പച്ചബാഗിനെ കെട്ടിപ്പിടിച്ചിരുന്ന്‌ മുദ്രാവാക്യം വിളിക്കുന്നതു പോലെ ഒരു മൂന്നു താലു തവണ ഈ വരികള്‍ പറഞ്ഞു കഴിഞ്ഞിട്ടും ഒരൈഡിയയും കത്തിയില്ല.കാര്യമെന്താണെന്നു വെച്ചാല്‍, ഞാനുണരുന്നതിനു മുന്‍പു തന്നെ ഒരു യാത്രാമൊഴി പോലും പറയാതെ കൂട്ടുകാരി തിരുവനന്തപുരത്തേയ്ക്കു തിരിച്ചു വണ്ടി കേറിയിരുന്നു.കുറ്റം പറയാന്‍ പറ്റില്ല; എന്നെ ഉറക്കത്തില്‍ നിന്നെങ്ങനും എഴുന്നെല്‍പ്പിച്ച്‌ സ്നേഹിച്ചിരുന്നെങ്കില്‍ തീവണ്ടിക്കു പകരം ആംബുലന്‍സ്‌ വേണ്ടി വന്നിരുന്നേനേ എന്ന കാര്യമറിയാന്‍ നാലു വര്‍ഷത്തെ സഹവാസമൊക്കെ ധാരാളം മതീല്ലോ...എന്തായാലും അതോടെ അന്നത്തെ ദിവസത്തേക്കുള്ള പ്ലാനൊക്കെ തകര്‍ന്നു. ഇനിയിപ്പോ നേരെ ബസു പിടിച്ച്‌ എറണാകുളത്തേയ്ക്കു വിടാം;അല്ലെങ്കില്‍ കോട്ടയത്തു തന്നെ ബോട്ടില്‍ കറങ്ങാം,അതുമല്ലെങ്കില്‍ ആലപ്പുഴയിലെക്കു പോകാം ഇങ്ങനെയിങ്ങനെ ഒരുപാടോപ്ഷന്‍സുണ്ട്‌.. ഇതുപോലുള്ള ആശയക്കുഴപ്പങ്ങളുണ്ടാവുമ്പോള്‍ സാധാരണയായി ഞാന്‍ ചെയ്യാറുള്ളത്‌ പുതച്ചു മൂടിക്കിടന്നുറങ്ങുകയാണ്‌. എഴുന്നേല്‍ക്കുമ്പോഴെക്കും എന്തെങ്കിലുമൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടുണ്ടാകും. പക്ഷെ എട്ടു മണിയ്ക്കെഴുന്നേറ്റ ഞാന്‍ എട്ടരയ്ക്ക്‌ പിന്നേം കിടന്നുറങ്ങുകാന്നൊക്കെ പറഞ്ഞാല്‍..എനിക്കു ബുദ്ധിമുട്ടുണ്ടായിട്ടല്ല;കോട്ടയത്തു ഞാന്‍ താമസിക്കുന്ന വീട്ടില്‍ അമ്പലവും പൂജയുമൊക്കെയായി കഴിയുന്ന വയസ്സായ രണ്ട്‌ അമ്മമാരാണുള്ളത്‌- അവര്‍ക്കു ചിലപ്പോള്‍ സഹിക്കാന്‍ പറ്റീന്നു വരില്ല. ഒരു തീരുമാനത്തിലെത്താനുള്ള അടുത്ത വഴി മധുസൂദനന്‍ നായര്‍ കവിതകളെ പാടി പാടി കശാപ്പുചെയ്യലാണ്‌. ആ അമ്മമാരുടെ മുഖഭാവം കണ്ടിട്ട്‌ അതും അധികനേരം തുടരാന്‍ പറ്റുമെന്നു തോന്നുന്നില്ല.അപ്പോഴാണ്‌ ഫോണ്‍ കിടന്നു കരഞ്ഞത്‌.

"ഡീ നീ കേരളം വിട്ടോ??" ചാച്ചനാണ്‌ ലൈനില്‍.(ചാച്ചന്‍=അച്ഛന്റനിയന്‍)
"ഇല്ല..ഞാന്‍ കോട്ടയത്തുണ്ട്‌""എന്നാല്‍ ശരി..വേഗം ഒരു ടാക്സി പിടിച്ച്‌ ഇങ്ങോട്ടു വാ.പെട്ടെന്നു വരണം..ഞങ്ങളിപ്പോ ഇവിടം വിടും"

" എന്റമ്മോ കോട്ടയത്തുന്ന്‌ തിരുവനന്തപുരത്തിന്‌ ടാക്സിയ്ക്കോ!! ചാച്ചാ ഞാനിപ്പഴും നിങ്ങള്‍ടെ ഫാമിലീല്‍ തന്നെയല്ലേ..അതോ കൊച്ചീരാജാവെങ്ങാനും എന്നെ ദത്തെടുത്തോ? "അല്ലെങ്കില്‍ തന്നെ ഒരു എ.റ്റി.എം കണ്ടുപിടിച്ചില്ലെങ്കില്‍ കോട്ടയത്തൂടെ പിച്ചതെണ്ടി നടക്കേണ്ട അവസ്ഥയിലാണ്‌ ഞാന്‍.


"അല്ലല്ല ഞങ്ങളിപ്പോ കുമരകത്തുണ്ട്‌. നീ അഡ്രസ്‌ എഴുതിയെടുക്ക്‌ "

ഇനീപ്പോ അതൊക്കെ എഴുതിപ്പഠിച്ച്‌ സമയം കളയാനൊന്നും പറ്റില്ല. അതൊക്കെ വിശദമായി മെസ്സേജയച്ചാല്‍ മതീന്നും പറഞ്ഞ്‌ ഫോണും കട്ട്‌ ചെയ്ത്‌ ആദ്യം കിട്ടിയ ഓട്ടോയ്ക്കു തന്നെ കുമരകത്തേയ്ക്കു വിട്ടു.


KTDC- ടെ Water scapes- എന്ന ഒരു റിസോര്‍ട്ട്‌.കേവലം രണ്ടു ദിവസം മുന്‍പ്‌ ഇതു വഴി ബോട്ടില്‍ കറങ്ങീപ്പോള്‍ പെര്‍മിഷനില്ലാന്നും പറഞ്ഞ്‌ ഞങ്ങളെ നിലം തൊടീക്കാതിരുന്ന അതേ കെ.ടി.ഡി.സി ഇപ്പോള്‍ എനിക്കു വേണ്ടി വാതായനങ്ങള്‍ തുറന്നു പിടിച്ചിരിക്കുന്നു. ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം. ബാഗെടുത്ത്‌ പുറത്തു തൂക്കിയിട്ട്‌ ആകെപ്പാടെ ഒരു 'കാലിക്കുപ്പീ..പാട്ട..പഴയസാധനങ്ങള്‍..' സ്‌റ്റെയിലില്‍ ഞാന്‍ അകത്തേക്കു പ്രവേശിച്ചു.ഒറ്റ നോട്ടത്തില്‍ കാടു പിടിച്ചു കിടക്കുന്ന ഒരു സ്ഥലം പോലെ തോന്നും. ഇത്തിരി അങ്ങു നടന്നാല്‍ മരങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി കുറെ കുടിലുകള്‍.. മുന്‍പിലായി കായല്‍..എല്ലാം കൊണ്ടും എന്റെസങ്കല്‍പ്പത്തിലുള്ള ഒരു സെറ്റപ്പ്‌. ഇതിലൊരെണ്ണം സ്വന്തമാക്കാന്‍ പറ്റിയാല്‍ ജീവിതം ധന്യം. ദാ എന്റെ സ്വപ്നക്കൂട്‌താഴെ.. ..ഇത്‌ അതിന്റെ മുന്‍പില്‍ നിന്നുള്ള വ്യൂ"ചാച്ചാ ഈ കെ.ടി.ഡി.സീ-ടെ ഇപ്പഴത്തെസ്ഥിതിയെങ്ങനെയാ?നഷ്ടത്തിലാണോ?"
അങ്ങനെയാണെങ്കില്‍ കടം മൂത്ത്‌ ഇതു വില്‍ക്കൂലോ.അപ്പോ വന്ന്‌ വങ്ങാം..ഞാന്‍ വെറുതേയങ്ങ്‌ ആഗ്രഹിച്ചു.


"നിനക്കെന്തു പറ്റി.സുഖമില്ലേ..ഇങ്ങനെ വിവരം വെയ്ക്കുന്ന കാര്യങ്ങളൊന്നും നീ ചോദിക്കാറില്ലല്ലോ"

ചാച്ചന്റെ കളിയാക്കല്‍ തികച്ചും ന്യായം. തറവാട്ടില്‍ എല്ലാരും കൂടുമ്പോള്‍ ഇമ്മാതിരി വല്ല ചര്‍ച്ചേം നടക്കുകയാണെങ്കില്‍ ഞാന്‍ ശ്രദ്ധിക്കാറു പോലുമില്ല.ആ സമയത്ത്‌ കസിന്‍പിള്ളേരുടെ കൂടെയിരുന്ന്‌ ബാലരമേലേം പൂമ്പാറ്റേലേം വഴി കണിച്ചു കൊടുക്കല്‍,ഇരട്ടകളെ കണ്ടു പിടിക്കല്‍,കുത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നയാളെ കണ്ടുപിടിക്കല്‍ തുടങ്ങിയ ഇന്റര്‍നാഷണല്‍ പ്രശ്നങ്ങള്‍ സോള്‍വ്‌ ചെയ്യുന്ന തിരക്കിലായിരിക്കും.

"ഏയ്‌ ചുമ്മാ.. നല്ല സ്ഥലം..ഞാനിവിടെ വല്ല പണീം ചെയ്തു കൂടിയാലോന്നു വിചാരിക്കുവാ.. പുല്ലു പറിയ്ക്കുന്ന പണിയായാലും മതി"


"അതിനൊക്കെ നിന്നെക്കാള്‍ കഴിവുള്ള ആള്‍ക്കാരാണ്‌ ഇപ്പോഴിവിടുള്ളത്‌.ഇപ്പോ നീ ഞങ്ങള്‍ടെ കൂടെ ബോട്ടില്‌ ചേര്‍ത്തലയ്ക്കു വരുന്നോ ഇല്ലയോ?" അതിലെ ബോട്ട്‌ എന്ന വാക്ക്‌ ഇത്തിരി കട്ടി കൂട്ടിയാണ്‌ ചോദിക്കുന്നത്‌. പ്രലോഭനങ്ങളെ അതിജീവിക്കുന്ന കാര്യത്തില്‍ ഞാന്‍ പണ്ടേ ഒരു പരാജയമാണെന്ന്‌ ചാച്ചനറിയാം.

"എപ്പ വന്നൂന്നു ചോദിച്ചാല്‍ പോരേ" ഞാന്‍ എലി പുന്നെല്ലു കണ്ട പോലെ ഒന്നു ചിരി പാസ്സാക്കി.

ഒരു കുഞ്ഞു ബോട്ടായിരുന്നു.അതു കൊണ്ട്‌ എന്റെ പെന്‍ഡിംഗ്‌ ലിസ്റ്റിലുണ്ടായിരുന്ന അവസാനത്തെ ആഗ്രഹവും സാധിച്ചു കിട്ടി- ബോട്ടോടുമ്പോള്‍ വെള്ളത്തില്‍ കയ്യിടുകാന്നുള്ളത്‌.ഞാനും പോപ്പൂം നന്ദൂം കൂടി അങ്ങോട്ടുമിങ്ങോട്ടും വെള്ളമൊക്കെ തെറിപ്പിച്ചും പോകുന്ന വഴിക്കുള്ള പായലും ചപ്പും ചവറുമെല്ലാം വലിച്ചു പറിച്ചുമൊക്കേ ശരിക്കും അടിച്ചുപൊളിച്ചു.അതിനിടയ്ക്കുംഞാന്‍ ക്യാമറയെടുത്തു അവിടെം ഇവിടെമൊക്കെ ക്ലിക്കാന്‍ മറന്നില്ല കേട്ടോ.. ദാ നോക്ക്‌.

ഇവിടെങ്ങാനുമൊരു പക്ഷിസങ്കേതമില്ലേ..അതെവിടാ?" പെട്ടന്നാണോര്‍മ്മ വന്നത്‌.

"ഇതൊക്കെ അതിന്റെ ഭാഗമാ..ദാ ആ കാണുന്ന പക്ഷികളൊക്കെദേശാടനപ്പക്ഷികളാ.." ഡ്രൈവര്‍ അറിയിച്ചു.

സംഭവം ശരിയാണ്‌. കുറെ പക്ഷികളൊക്കെ തലങ്ങും വിലങ്ങും പറന്നുനടക്കുന്നുണ്ട്‌.നമ്മടെ ലോക്കല്‍ കാക്കേം പരുന്തുമൊക്കെയാണെന്നു കരുതി ഞാന്‍ മൈന്‍ഡാക്കാതിരുന്നതാണ്‌.ഇതിപ്പോ ടൂറിസ്റ്റുപക്ഷികളാണെന്നറിഞ്ഞിട്ടും വെല്യ പ്രത്യേകതയൊന്നും തോന്നീല്ല.എന്നാലും ഒന്നിനെ ഞാന്‍ കഷ്ടപ്പെട്ട്‌ ക്യാമറേലാക്കീട്ടുണ്ട്‌. വല്ല ആഫ്രിക്കന്‍ കാക്കയും ആയിരിക്കും. അതോ നമ്മടെ ഡ്യൂക്കുലി കാക്കയോ..ആവോ..ആര്‍ക്കറിയാം..കുറേയങ്ങു ദൂരെ വലിയൊരു പാലം. അതാണത്രേ തണ്ണീര്‍മുക്കം ബണ്ട്‌!!

കായലില്‍ കുറച്ചപ്പുറത്തു പച്ചയും ചുവപ്പും കളറിലുള്ള രണ്ടു ചെറിയ തൂണുകള്‍. കായലില്‌ ഏറ്റവും ആഴമുള്ള ഭാഗം മാര്‍ക്കു ചെയ്തിരിക്കുന്നതാണെന്ന്‌ ഡ്രൈവര്‍ അറിയിച്ചു.


"ഇവിടപ്പോ ആരെങ്കിലും മുങ്ങിപ്പോയാല്‍ രക്ഷിക്കാനുള്ള സംവിധാനമൊക്കെയുണ്ടായിരിക്കും അല്ലേ?" ചോദിക്കേണ്ട കാര്യമൊന്നുമില്ല. അതൊക്കെ ഉറപ്പല്ലേ..

"ഏയ്‌ ഇവിടങ്ങനൊന്നുമില്ല. മുങ്ങിയാല്‍ മുങ്ങി..അത്ര തന്നെ.ആരെങ്കിലും ഇപ്പോള്‍ ബോട്ടില്‍ നിന്നു വീണാലും 50 മീറ്ററെങ്കിലും മുന്നോട്ടു പോയേ ബോട്ടു നില്‍ക്കൂ. ഇവിടെ അന്‍പതടി താഴ്ചയുണ്ട്‌. സഹായമൊക്കെ എത്തി വരുമ്പോഴെക്കും ആള്‌ അടിത്തട്ടിലെത്തീട്ടുണ്ടാകും" ഡ്രൈവര്‍ കൂളായി പറഞ്ഞു.

ശരിയാണോ എന്തോ..എന്തായാലും ഭീകരമായിപ്പോയി.


ഞങ്ങളെ തണ്ണീര്‍മുക്കം കെ.ടി.ഡി.സി-യില്‍ ഇറക്കിയിട്ട്‌ ബോട്ട്‌ തിരിച്ചു പോയി. ചേര്‍ത്തലയ്ക്കു പോവാനുള്ള വണ്ടി എത്തിയിട്ടില്ലായിരുന്നു. അതു കൊണ്ട്‌ കുറെ സമയം കൂടി അവിടിരുന്ന്‌ കായലിന്റെ ഭംഗി ആസ്വദിക്കാന്‍ പറ്റി. ചേര്‍ത്തലയ്ക്കു പോയിക്കൊണ്ടിരിക്കുമ്പോഴാണ്‌ എനിക്കു ബോധോദയമുണ്ടാകുന്നത്‌. അങ്ങോട്ടെന്തിനാ‍ണ്‌ പോകുന്നതെന്ന്‌ ഞാനിതു വരെ ചോദിച്ചില്ലല്ലോ..


"ഇപ്പഴാണോ നീയിതു ചോദിക്കുന്നത്‌!!നമ്മളിപ്പോ കായിപ്പുറം എന്ന ഒരു സ്ഥലത്തെക്കാണ്‌ പോകുന്നത്‌."


"അവിടെന്താ കാണാനുള്ളത്‌?"


"അവിടെ കാണാനല്ല;കഴിയ്ക്കാനാണ്‌ പോകുന്നത്‌."

ചാച്ചന്റെ വല്ല സുഹൃത്തുക്കള്‍ടേം വീട്ടിലായിരിക്കുമ്ന്നു കരുതി ഞാന്‍ പിന്നൊന്നും ചോദിച്ചില്ല.
കായിപ്പുറത്ത്‌ ഒരു കുഞ്ഞു ചായക്കടയുടെ മുന്‍പില്‍ വണ്ടി നിര്‍ത്തി. രണ്ടു ബെഞ്ചും ഡെസ്കുമൊക്കെയിട്ട്‌ ഒരു നാടന്‍ ചായക്കട. എന്നെ കണ്ടതും (പിന്നെ പിന്നെ ) അതിന്റെ ഓണര്‍ ഓടിവന്നു ഞങ്ങള്‍ടെ അയാള്‍ടെ വീട്ടിലെക്കു കൊണ്ടു പോയി.എനിക്കു സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല.


"ഓരോ നാടു കാണുന്നതു പോലെ തന്നെ പ്രധാനമാണ്‌ അവിടുത്തെ ഭക്ഷണത്തിന്റെ സ്വാദറിയുക എന്നതും. ഇവിടെ ഏറ്റവും നല്ല മീന്‍കറി കിട്ടുന്ന സ്ഥലമാണിത്‌" ഞാനിങ്ങനെ അന്തം വിട്ടു നില്‍ക്കുന്നതു കണ്ട്‌ ചാച്ചന്‍ പറഞ്ഞു.


എന്തായാലും ഭക്ഷണത്തിന്റെ കാര്യമല്ലേ. സംഭവമൊക്കെ എനിക്കും ഇഷ്ടപ്പെട്ടു. പിന്നെ അവിടെ നടന്നതൊന്നും ഞാന്‍ വിവരിക്കുന്നില്ല. കരിമീന്‍,കൊഞ്ച്‌,ചെമ്മീന്‍.കാലാഞ്ചി,പിന്നെ വേറെന്തോ ഒരു മീന്‍ (മുന്‍ഷി പോലെ എന്തോ ഒരു പേരാണ്‌) പല തരത്തില്‌ വറുത്തും കറിവെച്ചുമൊക്കെ .അതിന്റെ ടെയ്സ്റ്റൊന്നും പറഞ്ഞറിയിക്കാന്‍ പറ്റില്ല. അവസാനം ഞാന്‍ ചോറൊക്കെ മാറ്റി വെച്ച്‌ മീന്‍ തന്നെ കഴിക്കാന്‍ തുടങ്ങി.(ഓര്‍ക്കുമ്പോല്‍ തന്നെ വായില്‌ വെള്ളം വരുന്നു).

എന്തായാലും അവിടെ നിന്നിറങ്ങുമ്പോള്‍ ഞാന്‍ ശരിക്കും തളര്‍ന്നിരുന്നു. അമ്മാതിരി അങ്കമല്ലായിരുന്നോ!വണ്ടീല്‍ കയറിയതേ ഓര്‍മ്മയുള്ളൂ.പിന്നെ ബോധം കെട്ട പോലെ ഒരുറക്കമായിരുന്നു. കുറേ സമയം കഴിഞ്ഞ്‌ ആന്റി വിളിച്ചപ്പോഴാണ്‌ എഴുന്നേറ്റത്‌. അപ്പോഴേക്കും ഞങ്ങള് ‍കൊച്ചിയിലെത്തിയിരുന്നു.

Friday, January 11, 2008

മാമലക്കള്‍ക്കപ്പുറത്ത്‌-മൂന്നാം ദിവസം..

വെളുപ്പിന്‌ അഞ്ചുമണിക്ക്‌ കോട്ടയത്തുന്ന്‌ തൊടുപുഴയ്ക്കൊരു ബസുണ്ടെന്ന്‌ രാത്രീല്‌ എന്‍ക്വയറീലിരുന്ന ചേട്ടന്‍ ഉറപ്പു പറഞ്ഞിരുന്നതാണ്‌.അതും വിശ്വസിച്ച്‌ കൃത്യസമയത്തു തന്നെ സ്റ്റാന്‍ഡിലെത്തീപ്പോഴെക്കും തൊടുപുഴവണ്ടി അതിന്റെ പാട്ടിനു പോയിരുന്നു.KSRTC-നെ നന്നാക്കും നന്നാക്കും എന്നു ഗതാഗതമന്ത്രി പറഞ്ഞപ്പോള്‍ ഞാനിത്രയ്ക്ക്‌ പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ സമയത്തിനും പത്തു മിനിറ്റ്‌ മുന്‍പേ ബസ്സു പോവുക എന്നൊക്കെ പറഞ്ഞാല്‍ അതിത്തിരി ഓവറായിട്ട്‌ നന്നായിപ്പോയില്ലേ!!എന്തായാലും പോയതു പോയി.'ഇനിയെന്തു ചെയ്യുംന്ന്‌ എന്‍ക്വയറി' ചേട്ടനോടു ചോദിച്ചപ്പോള്‍ പോയി പാലാ ബസ്സില്‍ കയറിക്കോളാന്‍ പറഞ്ഞു. അവിടുന്‌ തൊടുപുഴയ്ക്കു ബസ്സ്‌ കിട്ടുമത്രെ.. പാലായെങ്കില്‍ പാല. എനിക്കേതെങ്കിലുമൊരു ബസ്സില്‍ കേറിക്കൂടണമെന്നേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടു വേണമല്ലോ ഇടയ്ക്കു വച്ചു മുറിഞ്ഞു പോയ ഉറക്കം തുടരാന്‍..

ബസൊക്കെ പുറപ്പെട്ട്‌ കുറച്ചു സമയം കഴിഞ്ഞപ്പോഴാണ്‌ ഞാന്‍ പള്ളിയുറക്കത്തില്‍ നിന്നും എഴുന്നേറ്റത്‌.പുറത്തു നല്ല മഞ്ഞ്‌.അതു കണ്ടപ്പോള്‍ ഡെല്‍ഹിയിലെ തണുപ്പുകാലം ഓര്‍മ്മ വന്നു. പിന്നെ കുറേസമയം ഞ്ഞങ്ങള്‍ രണ്ടു പേരും ഗതകാലസ്മരണകള്‍ അയവിറക്കിക്കൊണ്ടിരുന്നു.. ഇത്തിരൂടെ കഴിഞ്ഞപ്പോള്‍ മഞ്ഞൊക്കെ പോയി നന്നായി വെളിച്ചം വരാന്‍ തുടങ്ങി. പോകുന്ന വഴിക്കൊക്കെ ഇഷ്ടം പോലെ കള്ളുഷാപ്പുകള്‍..ഓരോ ഷാപ്പിനും മുന്‍പിലുള്ള ബോര്‍ഡില്‍ 'കള്ള്‌,കപ്പ,കരിമീന്‍,കൊഞ്ച്‌...'എന്നൊക്കെ നല്ല ഭംഗിയായി എഴുതിവച്ചിട്ടുണ്ട്‌.പതുക്കെ പതുക്കെ ബോര്‍ഡിലെ വാക്കുകളൊക്കെ മാറി "കള്ള്‌,കപ്പ,പന്നി,പോത്ത്‌..'എന്നൊക്കെയാകാന്‍ തുടങ്ങി. അതെ..ഞങ്ങള്‍ പാലായിലെത്താന്‍ പോവുകയാണ്‌..

"അപ്പോ ഇതാണ്‌ കെ.എം മാണീടെ സ്വന്തം പാലാ" ഞാന്‍ ബസ്സില്‍ നിന്നിറങ്ങി ചുറ്റുമൊന്നു നോക്കികൊണ്ടു പറഞ്ഞു..

" അതെ..അതെ.. ഇപ്പം വയറു നിറച്ചും കണ്ടോ. തരം കിട്ടിയാല്‍ മാണിയങ്കിള്‍ ഇതിനെ ചിലപ്പോള്‍ ഒരു രാജ്യമായി തന്നെ പ്രഖ്യാപിച്ചേക്കും.പിന്നെ ഇങ്ങോട്ടു വരാന്‍ പാസ്പോര്‍ട്ടും വിസയുമൊക്കെ വേണ്ടി വരില്ലേ" കൂട്ടുകാരി കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ പാദസ്പര്‍ശം കൊണ്ടു ധന്യമാകാന്‍ ഭാഗ്യം സിദ്ധിച്ച അടുത്ത സ്ഥലം തൊടുപുഴയായിരുന്നു.അവിടിറങ്ങി ഒരു ഹോട്ടലില്‍ നിന്ന്‌ നൂല്‍പ്പുട്ടും കടലക്കറീം കഴിച്ചു. ഇനി അടുത്തത്‌ വഴി ചോദിക്കല്‍ യജ്നമാണ്‌. ഒരു ഓട്ടോചേട്ടന്‍ ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നുണ്ട്‌.അങ്ങോട്ടു തന്നെ ചെന്നു..

"ചേട്ടാ അണക്കെട്ട്‌` ഇവിടുന്നെത്ര ദൂരമുണ്ട്‌?"

"ഇവിടുന്നങ്ങോട്ട്‌ കുറ അണക്കെട്ടുകളുണ്ടല്ലോ..കുറച്ചങ്ങോട്ടു പോയാല്‍ കുളമാവ്‌ അണക്കെട്ട്‌..പിന്നെ ചെറുതോണി..ഇടുക്കി..പിന്നേം അങ്ങോട്ടു പോയാല്‍ മുല്ലപ്പെരിയാര്‍..."

"അയ്യോ അത്രേമങ്ങാട്ടു പോകണ്ട.ഞങ്ങള്‍ക്ക്‌ ഇടുക്കി വരെ പോയാല്‍ മതി"

"ഓട്ടോയ്ക്കോ!!" ചേട്ടന്‍ നന്നായിട്ടൊന്നു ഞെട്ടി.

"അല്ലല്ല.. ബസ്സിന്‌..ഏതു ബസ്സിനാ കയറേണ്ടത്‌ എവിടെയാ ഇറങ്ങേണ്ടത്‌ എന്നൊക്കെ അറിയാമോ?"

"ദാ ആ സ്റ്റാന്‍ഡില്‌ പോയാല്‍ അങ്ങോട്ടേയ്ക്ക്‌ ഇഷ്ടം പോലെ ബസ്സു കിട്ടും" ചേട്ടന്‍ ആശ്വാസത്തോടെ പറഞ്ഞു.

ബസ്‌സ്റ്റാന്‍ഡില്‍ ഒരു കൂട്ടം കിളി-കണ്ടക്ടര്‍-ഡ്രൈവര്‍ ചേട്ടന്മാര്‍ അന്താരാഷ്ട്രകാര്യങ്ങളെ പറ്റി ചര്‍ച്ചചെയ്തുകൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു.ഞങ്ങള്‍ നേരെ അങ്ങോട്ടു ചെന്ന്‌ വളരെ സിംപിളായി തന്നെ കാര്യമവതരിപ്പിച്ചു...

"അണക്കെട്ടു കാണാനുള്ള പാസ്സ്‌ കൊടുക്കുന്ന സ്ഥലത്തേക്കുള്ള ബസ്‌ ഏതാ?"

ഇവിടെ പെണ്‍കുട്ടികള്‍ക്കായി ഒരു ഉപദേശം: പുരുഷപ്രജകള്‍ ചെവിപൊത്തിപ്പിടിയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു)ഇങ്ങനെ ബസിന്റെയോ വഴീടെയോ ഒക്കെ കാര്യത്തില്‍ നിങ്ങള്‍ക്ക്‌ സംശയമുണ്ടെന്നിരിക്കട്ടെ. സംശയം തീര്‍ക്കാനായി ചുറ്റും നോക്കിയപ്പോള്‍ അവിടെ മാടപ്രാവിന്റെ ആങ്ങളയെ പോലെ നിഷ്കളങ്കനും മര്യാദരാമനുമായ ഒരു ചേട്ടന്‍ ഒറ്റയ്ക്കു നില്‍ക്കുന്നു. അപ്പുറത്തു മാറി നിങ്ങളെ കമന്റടിക്കാന്‍ റെഡിയായി നില്‍ക്കുന്ന ഒരു കൂട്ടം ഞരമ്പുരോഗികളും(?).നിങ്ങള്‍ ആരോടു വഴി ചോദിക്കും??അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്‌ ആ കമന്റടികൂട്ടത്തോടു തന്നെ വഴി ചോദിക്കണം. ആദ്യത്തെ മാടപ്രാവു ചേട്ടന്‍ ഒരുപക്ഷെ നിങ്ങള്‍ക്കു വഴി പറഞ്ഞു തന്നേക്കാം. പക്ഷെ രണ്ടാമത്തെ കൂട്ടരുണ്ടല്ലോ,ഇത്തിരൂടെ കടന്ന്‌ നിങ്ങ്നള്‍ക്ക്‌ പോകേണ്ട സഥലത്തു കൊണ്ടുചെന്നാക്കാനും തയ്യാറാകും.ഇതിനു പിന്നിലെ മനശാസ്ത്രമെന്താണെന്നറിയില്ല. നേരെ ചെന്ന്‌ എന്തെങ്കിലും സഹായം ചോദിച്ചാല്‍ ഇത്രേം ആത്മാര്‍ഥമായി ഹെല്‍പ്‌ ചെയ്യുന്ന വേറൊരു കൂട്ടരില്ലെന്നാണ്‌ എന്റെ അനുഭവം)

അപ്പോ ഉപദേശം കഴിഞ്ഞു. നമ്മക്ക്‌ തൊടുപുഴ ബസ്‌സ്റ്റാന്‍ഡിലേയ്ക്ക്‌ തിരിച്ചു വരാം. മേല്‍പ്പറഞ്ഞ തിയറി അനുസരിച്ച്‌ ഞങ്ങള്‍ക്ക്‌ സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തുക എന്നുള്ള ഉത്തരവാദിത്വം ഡ്രൈവര്‍-കണ്ടക്ടര്‍-കിളി-കൂട്ടം ഏറ്റെടുത്തു.ചെറുതോണിയിലാണ്‌ പാസ്സ്‌ കിട്ടുന്നതെന്നും അവിടെ ബസ്‌ ഇറങ്ങിയാല്‍ പിന്നെയും കുറച്ചു ദൂരം കൂടി പോകാനുണ്ടെന്നൊക്കെയുള്ള വിവരങ്ങള്‍ തരിക മാത്രമല്ല, അവര്‍ മനസ്സു കൊണ്ട്‌ ഓരോ ബസിന്റെയും സ്പീഡ്‌ കാല്‍ക്കുലേറ്റ്‌ ചെയ്ത്‌ ഏറ്റവും പെട്ടെന്ന്‌ ചെറുതോണിയില്‍ എത്താന്‍ സാധ്യതയുള്ള ഒരു ബസില്‍ ഞങ്ങളെ കേറ്റിയിരുത്തി.കറക്ടായ സ്റ്റോപ്പില്‍ ഞങ്ങളെ ഇറക്കിവിടാനുള്ള ചുമതല ആ ബസ്സിലെ കണ്ടക്ടര്‍ സ്വമേധയാ ഏറ്റെടുക്കുകയും ചെയ്തു.'കുറെ ദൂരമുണ്ട്‌..ഭക്ഷണമൊക്കെ കഴിച്ചിട്ടു ബസ്സില്‍ കേറിയാല്‍ മതി കേട്ടോ' എന്നൊരു ഉപദേശവും ഇതിനിടയ്ക്ക്‌ ഫ്രീയായി കിട്ടി. അവരുടെ നല്ല മനസ്സിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ ഞങ്ങള്‍ തൊടുപുഴയോട്‌ വിടപറഞ്ഞു.

നല്ല ഭംഗിയുള്ള സ്ഥലത്തൂടെയാണ്‌ യാത്ര.കുറെയങ്ങെത്തിയപ്പോള്‍ കുളമാവ്‌ ഡാം കണ്ടു. സത്യം പറഞ്ഞല്‍ അതു കണ്ടിട്ട്‌ എനിക്കൊരു വികാരോം തോന്നീല്ല. ഒരു സൈഡില്‍ മാത്രം വെള്ളമുള്ള ഒരു പാലം- അത്ര മാത്രം. 'ഇതു കണ്ട്‌ നിരാശപ്പെടാന്‍ വരട്ടെ..ഇടുക്കിയാണല്ലോ ഞങ്ങള്‍ടെ ലക്ഷ്യം' എന്നും പറഞ്ഞ്‌ ഞാന്‍ സ്വയം ആശ്വസിച്ചു.

ചെറുതോണിയില്‍ അണക്കെട്ടിലെക്കു പോകാനുള്ള റോഡിന്റെ അടുത്തു തന്നെ ബസ്‌ നിര്‍ത്തിതന്നു. അവിടെയിറങ്ങി ചുറ്റും നോക്കീട്ടും ഡാമിന്റെ പൊടി പോലും കാണാനില്ല. റോഡിലൂടെ ഒന്നര കിലോമീറ്റര്‍ പോയാല്‍ ഡാമിലെത്തുമെന്ന്‌ ഒരോട്ടോക്കാരന്‍ അറിയിച്ചപ്പോള്‍ ഞങ്ങള്‍ക്കു സമാധാനമായി.അപ്പോള്‍ സ്ഥലമൊക്കെ കറക്ടാണ്‌. നാടു കാണാന്‍ വന്നതല്ലേ; കണ്ടു തന്നെ പോകാമെന്നു കരുതി ആ ഒന്നര കിലോമീറ്റര്‍ ദൂരം നടന്നു പോവാന്‍ തന്നെ തീരുമാനിച്ചു. ഇടയ്ക്കെങ്ങാനും മടുത്തൂന്നു തോന്നിയാല്‍ അപ്പോള്‍ ഓട്ടോ പിടിച്ചാല്‍ മതിയല്ലോ.നടന്നുടങ്ങി ഇത്തിരിയങ്ങു ചെന്നപ്പോഴാണ്‌ അബദ്ധം മനസ്സിലായത്‌. ആ റോഡ്‌ ഒരൊന്നൊന്നര കേറ്റമാണ്‌..പകുതി കയറിയപ്പോഴെക്കും ഞങ്ങള്‍ തളര്‍ന്നു തുടങ്ങി. ഓട്ടോ പോയിട്ട്‌ ഒരുന്തുവണ്ടി പോലും ആ വഴിയ്ക്കു വരുന്നില്ല. കുറച്ചും നടന്നും പിന്നെ കുറച്ച്‌ ഇരുന്നുമൊക്കെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുറച്ചങ്ങോട്ടെത്തീപ്പോ ദൂരെ ഡാം കാണാന്‍ തുടങ്ങി.എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌..കേട്ടതും വായിച്ചതും ഒക്കെ അനുസരിച്ചാണെങ്കില്‍ ഇടുക്കി അണക്കെട്ടു വളഞ്ഞാണിരിക്കുന്നത്‌.ഈ ഡാമാണെങ്കിലോ സ്കെയില്‍ വെച്ചു വരച്ച പോലെ നേര്‍രേഖയും!!

"എന്റെ ദൈവമേ ഇതു വേറേതോ ഡാമാണെന്നു തോന്നുന്നു" ഞാന്‍ എന്റെ കണ്ടുപിടിത്തമൊക്കെ വിവരിച്ച്‌ ഞെട്ടല്‍ കൂട്ടുകാരിയിലേക്കും കൂടി പകര്‍ന്നു കൊടുത്തു.

"നമ്മളെന്തു മന്ദബുദ്ധികളാ..വഴി ചോദിച്ചവരോടൊക്കെ 'വെറും അണക്കെട്ട്‌' എന്നല്ലേ നമ്മള്‍ പറഞ്ഞുള്ളൂ.ഇടുക്കു അണക്കെട്ട്‌ എന്ന്‌ പ്രത്യേകം പറയാണ്മായിരുന്നു "

"അതിനീ നാടു മുഴുവന്‍ അണകെട്ടുകളാണെന്ന്‌ നമ്മളെങ്ങനെ അറിയാനാ.." എന്റെ തളര്‍ച്ച ഇരട്ടിയായി.

ഡാം തുടങ്ങുന്ന അവിടെ തന്നെ ഒരു ടെന്റൊക്കെ കെട്ടി കുറച്ചു ചേട്ടന്മാര്‍ ഇരിക്കുന്നുണ്ടായിരുനു.ടിക്കറ്റ്‌ കൗണ്ടറാണു പോലും.

"ഇതാണോ ഇടുക്കി അണക്കെട്ട്‌?" ഞാന്‍ വെല്യ പ്രതീക്ഷയൊന്നുമില്ലാതെ ചോദിച്ചു.

"ഏയ്‌ ഇതു ചെറുതോണി അണക്കെട്ട്‌" ചേട്ടന്‍ വളരെ കൂളായി പറഞ്ഞു.

എനിക്കു ജീവിതം മതിയായ പോലെ തോന്നി. ഇത്രേം കഷ്ടപ്പെട്ട്‌ ഇവിടെ എത്തീപ്പോ ഇങ്ങനൊരു ചതി തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇനീപ്പം ഇടുക്കിയിലേക്കൊന്നും പോകാനുള്ള എനര്‍ജിയില്ല. എന്തിന്‌ , തിരിച്ച്‌ ബസ്‌ കിട്ടുന്ന റോഡ്‌ വരെയെത്തണമെങ്കില്‍ പോലും വല്ല ഓട്ടോയും കിട്ടിയാലേ രക്ഷയുള്ളൂ.എന്നാല്‍ പിന്നെ ഈ അണക്കെട്ടു കണ്ടിട്ട്‌ തിരിച്ചു പോയേക്കാംന്നു വെച്ചാല്‍, ഒരു മാതിരി ആനയെ കാണാന്‍ വന്നിട്ട്‌ കുഴിയാനയെ കണ്ട പോലെയാകും ഞങ്ങള്‍ടെ അവസ്ഥ.

"അപ്പോ ഈ ഇടുക്കി ഡാമിലേക്കു പോകാന്‍ എവിടാരുന്നു ഇറങ്ങേണ്ടിയിരുന്നതു" അങ്ങേയറ്റത്തെ നിരാശയോടെ കൂട്ടുകാരി ചോദിച്ചു.

"ഇവിടെ തന്നെ.അല്ലാതെവിടെ!!" ചേട്ടനും ആകെ ഒരു അന്ധാളിപ്പ്‌

"അയ്യോ അതെങ്ങനെ??" ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു ചോദിച്ചു.

"ഇതു ചെറുതോണി ഡാം..ആ ഡാം കഴിഞ്ഞ്‌ ദാ ആ മല ചുറ്റി അപ്പുറത്തെത്തിയാല്‍ ഇടുക്കി ഡാം"

സന്തോഷം കാരണമാണെന്നു തോന്നുന്നു എന്റെ തളര്‍ച്ചയും ക്ഷീണവുമൊക്കെ ഒറ്റ സെക്കന്റു കൊണ്ട്‌ ആവിയായിപ്പോയി.ഫോണും ക്യാമറയുമൊക്കെ അവിടെ ഏല്‍പ്പിച്ച്‌ (അതൊന്നും കൂടെക്കൊണ്ടു പോകാന്‍ സമ്മതിക്കില്ല.അതുകൊണ്ട്‌ ഈ പോസ്റ്റില്‍ ഫോട്ടോയുമില്ല) ഞങ്ങള്‍ ഡാമിലെത്തി. അവിടെ നല്ല ചെക്കിംഗ്‌.. എന്നു വച്ചാല്‍ ശരിക്കും ആത്മാര്‍ഥമായി തന്നെ പരിശോധിക്കുന്നുണ്ട്‌. തീവ്രവാദികളൊന്നുമല്ലാന്ന്‌ അവരെ ബോധ്യപ്പെടുത്തിയ ശേഷം ഞങ്ങള്‍ ചെറുതോണി ഡാമിലെക്കു വലതുകാല്‍ വച്ചു കേറി.

കൊള്ളാം നല്ല രസമുണ്ട്‌.നല്ല വീതിയുള്ള ഒരു പാലത്തിലൂടെ നടക്കുന്നതു പോലെ. ടൂറിസ്റ്റുകള്‍ടെ തള്ളിക്കയറ്റമൊന്നുമില്ല.വളരെ കുറച്ചാള്‍ക്കാരേ ഉള്ളൂ.ഓരു സൈഡില്‌ നിറയെ വെള്ളം. മറ്റേ സൈഡില്‍ വലിയൊരു താഴ്ച.ഇടയ്ക്കിടയ്ക്ക്‌ മലകള്‍..നല്ല സീനറി. ഹൊ ഇതിത്രയ്ക്കു ഭംഗിയാണെങ്കില്‍ സാക്ഷാല്‍ ഇടുക്കി ഡാം എങ്ങനെയായിരിക്കും!!ഞങ്ങള്‍ ചെറുതോണി ഡാം ക്രോസ്‌ ചെയ്തു മലയിലെത്തി. മലയുടെ ഏതാണ്ടു പകുതി ഉയരത്തിലാണ്‌ ഡാം. ഡാമിന്റെ തുടര്‍ച്ച പോലെ മലയെ ചുറ്റി ഒരു റോഡുണ്ട്‌. അതിന്റെ ഒരു സൈഡില്‍ കമ്പിവേലി കെട്ടീട്ടുണ്ട്‌ . മറ്റേസൈഡില്‍ ഒരു വെല്യ പാറ പോലെ മല ഇങ്ങനെ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു.ദൂരേന്നു കണ്ടപ്പോള്‍ ഒരു കുഞ്ഞു മലയാണെന്നാണ്‌ തോന്നിയിരുന്നതു. പക്ഷെ അതു ചുറ്റാന്‍ തുടങ്ങീപ്പഴല്ലേ..നമ്മടെ പാഞ്ചാലീടെ സാരി പോലെ അങ്ങു നീളം.. നടന്നിട്ടും നടന്നിട്ടും മല ചുറ്റിക്കഴിയുന്നില്ല. നല്ല വിജനമായ വഴിയും.കുറച്ചു കഴിഞ്ഞപ്പോള്‍ ബോറടിയ്ക്കാന്‍ തുടങ്ങി. കാഴ്ച കാണുന്നതൊക്കെ ഉപേക്ഷിച്ച്‌ ഞങ്ങള്‍ ഏറ്റവും വലിയ ടൈംപാസ്സായ 'കത്തിവെയ്ക്കല്‍ പരിപാടി' തുടങ്ങി.ഏതാണ്ട്‌ ഒന്നര വര്‍ഷത്തിനു ശേഷമാണ്‌ ഞങ്ങള്‍ തമ്മില്‍ കാണുന്നതു. അത്രേം കാലത്തെ കാര്യങ്ങളു മുഴുവന്‍ പറഞ്ഞുതീര്‍ക്കാനുണ്ടല്ലോ..അങ്ങനെ സംസാരിച്ചു സംസാരിച്ച്‌ ഏതാണ്ട്‌ ഒരു മണിക്കൂറോളം നടന്നു കഴിഞ്ഞപ്പഴതാ വേറൊരു മല മുന്‍പില്‍!! "ദൈവമേ ഇനി ഇതും കൂടി ചുറ്റേണ്ടിവരുമോ?" എന്നും പറഞ്ഞ്‌ തലേല്‌ കൈ വച്ചു പോയി..പക്ഷെ വേണ്ടിവന്നില്ല. ആ മലയിലൂടെ ഒരു തുരങ്കമുണ്ടായിരുന്നു. അതിലൂടെ മിനിറ്റുകള്‍ കൊണ്ട്‌ ആ മല കടന്നു കിട്ടി.പിന്നെം കുറച്ചു ദൂരം കൂടി നടന്നപ്പോള്‍ ഒരു ഗേറ്റ്‌ കണ്ടു. "ഹൊ അവസാനം എത്തിപ്പെട്ടു. അണക്കെട്ടിലേക്കു കയറാനുള്ള ഗേറ്റ്‌".ഞങ്ങള്‍ വര്‍ത്തമാനമൊക്കെ നിര്‍ത്തി ഡാം കാണാന്‍ വേണ്ടി മനസ്സിനെ തയ്യാറാക്കിനിര്‍ത്തി..

ഗേറ്റില്‍ നില്‍ക്കുന്ന ചേട്ടന്‍ ചോദിച്ചപ്പോള്‍ പാസ്സെടുത്ത്‌ കൊടുത്തു. കുറച്ചു കഴിഞ്ഞിട്ടും അങ്ങേര്‍ക്കത്‌ തിരിച്ചു തരാന്‍ ഒരുദ്ദേശ്യവുമില്ലാത്തതു പോലെ.

"അതേയ്‌.. ആ പാസ്സ്‌ കിട്ടിയാല്‍ ഞങ്ങള്‍ക്കങ്ങ്‌ പോകാമായിരുന്നു" അവസാനം ഞാന്‍ ചോദിച്ചു

"പാസ്സോ!! ഏന്തിന്‌..??"

"അപ്പോ ഇനിയങ്ങോട്ട്‌ ആരും പാസ്സ്‌ ചോദിക്കില്ലേ??"

"ഇനിയെങ്ങോട്ട്‌!! നിങ്ങള്‌ ഡാമിന്റെ പുറത്തെത്തി "ചേട്ടന്‍ അറിയിച്ചു.

"അയ്യോ അപ്പോ ഇടുക്കി അണക്കെട്ടെവിടെ!!!" ഞങ്ങള്‍ വായും പൊളിച്ചു നിന്നു പോയി.

"അതു വഴിയല്ലേ നിങ്ങളിങ്ങു വന്നത്‌!!"

ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. ഇത്രേം വലിയ അണക്കെട്ട്‌" ഞങ്ങള്‍ കാണാതിരുന്നതെങ്ങനെ!!

"സത്യമായും ഞങ്ങള്‌ അണക്കെട്ടു കണ്ടില്ല .അതെവിടാരുന്നു??"ഞാന്‍ വിനീതവിധേയയായി ചോദിച്ചു. കൂട്ടുകാരി ഷോക്കടിച്ച പോലെ നില്‍ക്കുകയാണ്‌.

ചേട്ടന്‍ ഞങ്ങളെ രണ്ടു പേരെയും ഒന്നു സൂക്ഷിച്ചു നോക്കി .എന്നിട്ട്‌ റോഡിന്റെ സൈഡിലേക്കു കൂട്ടിക്കൊണ്ടു പോയി ഞങ്ങളു വന്ന വഴി ചൂണ്ടിക്കാണിച്ചു.. രണ്ടു മലകളെ കണക്ട്‌ ചെയ്തുകൊണ്ട്‌ വളഞ്ഞ ഒരു വെല്യ പാലം പോലെയുള്ള റോഡ്‌. അതായിരുന്നു ഇടുക്കി അണക്കെട്ട്‌.!!.ആ റോഡിന്റെ അങ്ങേയറ്റത്ത്‌ ഞങ്ങളാദ്യം വലംവച്ച ആ മല.അതാണു പോലും കുറവന്‍ മല.ഇങ്ങേയറ്റത്ത്‌ ആ തുരങ്കമുള്ള മല.അതു കുറത്തിമല.എന്തു പറയണമെന്നറിയാതെ നിന്നു പോയി. വര്‍ത്തമാനത്തിന്റെ ഇടയ്ക്ക്‌ മല കഴിഞ്ഞതും പാലത്തിലേക്കു കയറിയതുമൊന്നും ഞങ്ങള്‍ ശ്രദ്ധിച്ചില്ലായിരുന്നു.

ഇപ്പോ കണ്ടില്ലേ..ഇനി ഈ വഴിയെ പോയ്ക്കോ. അവിടുന്നു ബസ്സു കിട്ടും" ചേട്ടന്‍ നല്ല സ്നേഹത്തോടെ പറഞ്ഞു.

"അയ്യൊ അതു പറ്റില്ല. ഞങ്ങള്‍ടെ ഫോണും മറ്റുമൊക്കെ ചെറുതോണി ഡാമിന്റവിടെ കൊടുത്തിരിക്കുകയാ. ഞങ്ങള്‍ക്കു തിരിച്ചു പോണം"

"അതെങ്ങനെയാ..നിങ്ങളീ പാസ്സ്‌ എനിക്കു തന്നില്ലേ..ഇനി അങ്ങോട്ടു തിരിച്ചു കേറാന്‍ പറ്റില്ല"അയാള്‍ പാസ്സു കാണിച്ചു കൊണ്ടു പറഞ്ഞു.

കുറച്ചു നേരത്തേക്ക്‌ ആരും ഒന്നും മിണ്ടിയില്ല. ഞങ്ങളവിടെ ആണിയടിച്ചുറപ്പിച്ച പോലെ നില്‍ക്കുകയാണ്‌.

"ശരി ശരി..നിങ്ങള്‍ തിരിച്ചു പൊയ്ക്കോ.പക്ഷെ ഇപ്പോള്‍ പോകുമ്പോഴെങ്കിലും ഡാമൊക്കെ ശരിക്കു കണ്ടോണ്ടു പോണം കേട്ടോ.." അവസാനം ചേട്ടന്‍ തന്നെ തോല്‍വി സമ്മതിച്ചു.

ഞങ്ങള്‍ ഒരു വെല്യ താങ്ക്സും പറഞ്ഞ്‌ ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തോടെ ഗേറ്റിനകത്തേക്ക്‌ ഓടി. നല്ലൊരു മനുഷ്യന്‍. ആ ഡാമിലെ വെള്ളത്തിന്റത്രേം പുണ്യം ചേട്ടനു കൊടുക്കണേന്ന്‌ ഞാന്‍ ദൈവത്തോടു റെക്കമന്റ്‌ ചെയ്തു. തിരിച്ചുള്ള നടപ്പ്‌ തികച്ചും നിശബ്ധമായിരുന്നു. ഡാമൊക്കെ ശരിക്കും കണ്ടു. കുറവന്മലയും കുറത്തിമലയും മറ്റെല്ലാ കഴ്ചകളും കണ്ടു. ക്യാമറയൊന്നുമില്ലാത്തതു കൊണ്ട്‌ എല്ലാ കാഴ്ചകളും ഓര്‍മ്മയില്‍ തന്നെ സ്‌റ്റോര്‍ ചെയ്തുവച്ചു..

എല്ലാം കഴിഞ്ഞ്‌ ബസില്‍ കയറിയപ്പോഴേക്കും ഞങ്ങള്‍ ക്ഷീണിച്ച്‌ അവശരായിരുന്നു. എന്നാലും ഒരുപാടു സന്തോഷം തോന്നി. അതിപ്രശസ്ത്മായ ഇടുക്കി ഡാം കണ്ടതു കൊണ്ടു മാത്രമായിരുന്നില്ല ആ സന്തോഷം.ആ യാത്രയിലുടനീളം ഒരുപാടു നല്ല മനുഷ്യരെ കാണാന്‍ പറ്റീല്ലോ .ഈ നന്മ എന്നും എല്ലാവരിലും ഉണ്ടായാല്‍ മതി നമ്മുടെ കൊച്ചു കേരളം സഞ്ചാരികളുടെ സ്വപ്നഭൂമിയാവാന്‍...എല്ലാ അര്‍ത്ഥത്തിലും...

(തീര്‍ന്നില്ലാ തീര്‍ന്നില്ലാ..ഇനീമുണ്ട്‌)
Sunday, January 6, 2008

വെള്ളം വെള്ളം സര്‍വത്ര -രണ്ടാം ദിവസം..

രാവിലെ തന്നെ ഞങ്ങള്‍ കോട്ടയം ബോട്ട്‌ജെട്ടിയില്‍ ഹാജരായി.കുറെ ബോട്ടുകളൊക്കെ അവിടവിടെയായി പാര്‍ക്ക്‌ ചെയ്തിട്ടിട്ടുണ്ട്‌. ബോട്ടൊക്കെ വാടകയ്ക്കു കൊടുക്കുന്ന ഒരു ചേട്ടന്റെ അടുത്തു പോയി ഞങ്ങള്‍ ആവശ്യം അറിയിച്ചു

"ഒരു കുഞ്ഞു ബോട്ടു മതി ചേട്ടാ"
എന്നലല്ലേ ബോട്ടോടുമ്പോള്‍ വെള്ളത്തില്‍ കയ്യിടാന്‍ പറ്റൂ..എന്റെയൊരു ദീര്‍ഘവീഷണം!!

"ഇപ്പോ ടൂറിസ്റ്റ്‌ സീസണല്ലേ..ചെറുതൊന്നും ഒഴിവില്ല..വലുതു വേണമെങ്കില്‍ തരാം"ചേട്ടന്‍ എന്തോ ഔദാര്യം ചെയ്യുന്ന മട്ടില്‍ പറഞ്ഞു.

ഇവര്‍ക്കൊക്കെ ഇപ്പഴേ ഇങ്ങോട്ടെഴുന്നെള്ളാന്‍ തോന്നിയുള്ളോ..ഞാന്‍ എല്ലാ ടൂറിസ്റ്റുകളെയും മനസ്സില്‍ ശപിച്ചു.എന്തായാലും ഉള്ളതു കൊണ്ട്‌ ഓണം പോലേന്നുള്ള മട്ടില്‍ ഞങ്ങള്‍ യാത്ര തുടങ്ങി
ഇന്നലെ ഇങ്ങോട്ടു വന്നപ്പോള്‍ രാത്രിയായതു കൊണ്ട്‌ ഒന്നും കാണാന്‍ പറ്റിയിരുന്നില്ല. ഇന്ന്‌ ഒരു കാഴ്ചയും വിട്ടുപോവാന്‍ പാടില്ല. ഞാനും കൂട്ടുകാരിയും ബോട്ടിന്റെ ടെറസില്‍(അതിന്റെ മുകള്‍ ഭാഗത്തിനെന്താണോ പറയുക??)ഇരിപ്പുറപ്പിച്ചു.. ആദ്യം കുറെഭാഗം തോടു പോലെയാണ്‌. അതിന്റെ തീരത്തിരുന്നു കുറെപേര്‍ അലക്കുകയും മീന്‍ വെട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്‌.

"ശ്ശൊ എന്തൊരു ഭാഗ്യം ചെയ്ത മനുഷ്യര്‌.ഇവിടെ ജീവിക്കാന്‍ പറ്റിയല്ലോ" ഞങ്ങള്‍ ചുമ്മാ അസൂയപ്പെട്ടു.
പുട്ടിനിടയ്ക്കു തേങ്ങ പോലെ ഞാന്‍ ഒന്നുരണ്ടു ഫോട്ടോ ഇവിടെ പോസ്റ്റിക്കോട്ടെ..നോക്ക്‌ ..നോക്ക്‌.ങാ..അങ്ങനെ ബോട്ട്‌ മുന്നോട്ടു പോവുകയാണ്‌. ഞാനാണെങ്കില്‍ ക്യാമറയും കൊണ്ട്‌ സര്‍ക്കസ്‌ കളിക്കുകയാണ്‌..ഒരു ഫോട്ടോയെടുക്കാന്‍ ഇങ്ങനെ റെഡിയായി വരുമ്പോഴായിരിക്കും അതിനേക്കാള്‍ ഭംഗിയുള്ള കാഴ്ച കാണുന്നത്‌. എന്നാല്‍ പിന്നെ അതിന്റെ ഫോട്ടോയെടുക്കാംന്നുവച്ചാല്‍ അപ്പോഴെക്കും വെള്ളോം പാടോം തെങ്ങുമൊക്കെയായി അതിലും സ്റ്റെയിലന്‍ സീനറി അപ്പുറത്ത്‌. ചുരുക്കത്തില്‍ മര്യാദയ്ക്കുള്ള ഒരു ഫോട്ടൊയും കിട്ടുന്നില്ല..

"നീലവാനിന്നു കീഴിലായ്‌..അലയാഴിതന്‍ തീരഭൂവിതാ"കാസറ്റ്‌ വലിഞ്ഞ ശബ്ദത്തില്‍ കൂട്ടുകാരി പാട്ടു തുടങ്ങി.

"ഛെ ഛെ അതിനെക്കാളും ചേരുന്നത്‌ ശ്യാമസുന്ദര കേരകേദാരഭൂമിയാ" ഞാന്‍ തിരുത്തികൊടുത്തു.

പിന്നെ ഞങ്ങള്‍ടെ വക ഗ്രൂപ്പ്‌ സോംഗ്‌.ദൈവം സഹായിച്ച്‌ ബോട്ടിന്റെ ശബ്ദം കാരണം വേറാര്‍ക്കും ഞങ്ങള്‍ടെ ഗാനാമൃതം കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായില്ല.

"യ്യോ അതു കണ്ടോ" കൂട്ടുകാരി പാട്ടു നിര്‍ത്തി.

മുന്‍പില്‍ ഒരു പാലം. ഇന്നലെ വന്നപ്പോള്‍ ഇരുട്ടു കാരണം ഈ പാലം കണ്ണില്‍ പെട്ടില്ലായിരുന്നു.അല്ലേങ്കിലും ഈ പാലം ഇന്നലെ ഇവിടെയുണ്ടാകാന്‍ ഒരു വഴിയുമില്ലാ. ഇത്രേം താഴ്‌ന്ന ഒരു പാലം ഇവിടുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ടെ ഇന്നലത്തെ ബോട്ട്‌ ഇവിടെ സ്റ്റക്കായി കിടന്നിരുന്നേനേ..ഇതു രാത്രിയ്ക്‌` ആരോ പണിതതാവും.ഇനിയിപ്പം ഞങ്ങള്‍ടെ ബോട്ട്‌ എങ്ങനെ പോകും?? ഞാന്‍ ആ പാലം പണിത കാലമാടന്‍/മാടിയുടെ ഏഴെട്ടു തലമുറകളെ വരെ ഒറ്റയടിയ്ക്കു ശപിച്ചു.ബോട്ട്‌ ഡ്രൈവര്‍ക്ക്‌ ഒരു കുലുക്കവുമില്ല.അങ്ങേര്‌ തുരുതുരാ ഹോണടിച്ചു കൊണ്ട്‌ മുന്നോട്ടു തന്നെ പോവുകയാണ്‌. നമ്മടെ പണ്ടത്തെ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലെ "പോം പോം" ഹോണില്ലേ..അതുപോലൊന്ന്‌...
ദാ ആ പാലം താഴെ. ഫോട്ടോ ഇത്തിരി ഷെയ്ക്കായിപ്പോയി. 'ഞങ്ങള്‍ടെ പാവം ടൈറ്റാനിക്ക്‌ ഇപ്പം ഇതില്‍ പോയി ഇടിക്കൂലോ'ന്നുള്ള പേടി ഫോട്ടോയില്‍ പ്രതിഫലിച്ചതാണ്‌.


ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച്‌ നോക്കികൊണ്ടിരുന്നു. കുറെ സ്കൂള്‍ പിള്ളേര്‍ വന്ന്‌ ആ പാലത്തിലെക്ക്‌ ഓടിക്കയറി.എന്നിട്ട്‌ ഒരു കയറില്‍ പിടിച്ച്‌ വലിക്കാന്‍ തുടങ്ങി.അ വില്ലന്‍ പാലം ഒരറ്റത്തുന്ന്‌ പൊങ്ങിപ്പോകുന്നു. പൊങ്ങിപൊങ്ങി അത്‌ കുത്തനെ നിന്നു.ആ വിടവിലൂടെ ഞ്ഞങ്ങള്‍ടെ ബോട്ട്‌ പുഷ്പം പോലെ കടന്നു പോയി. അത്രയും സമയം ആ കുട്ടികള്‍ ആ കയറും പിടിച്ചു നിന്നു. അതു പോലുള്ള പാലങ്ങള്‍ പിന്നെയുമുണ്ടായിരുന്നു. ഹോണടി കേള്‍ക്കുമ്പോള്‍ അതു വഴി പൊകുന്ന ആരെങ്കിലും വന്ന്‌ പാലം മാറ്റിത്തരും- എന്തു നല്ല നാട്ടുകാര്‌!!

ഇനി ഞങ്ങളുടെ അടുത്ത ലക്ഷ്യം കപ്പയും കരിമീനുമാണ്‌. ഒരു കുഞ്ഞു വീടിന്റെ മുന്‍പിലേക്ക്‌ ബോട്ടടുപ്പിച്ചു.അതൊരു ഷാപ്പാണെന്നാണ്‌ ബോട്ടുകാരന്‍ പറഞ്ഞത്‌. ഞങ്ങള്‍ നേറെ ചെന്നു കയറിയത്‌ അടുക്കളയിലെക്കാണ്‌.കുറെ ചെമ്മീനും കരിമീനും കപ്പയും ഒക്കെ പാര്‍സലാക്കി.കുറച്ചു മധുരക്കള്ളു ടെയ്സ്റ്റു ചെയ്തു നോക്കി.ഇഷ്ടപ്പെടാത്തതു കൊണ്ട്‌ അതു വാങ്ങിയെയില്ല.ദാ താഴെ. കപ്പേടെ സൈഡീന്ന്‌ ആരോ തോണ്ടിയെടുത്ത പോലെ തോന്നിയെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രമാണ്‌.

ബോട്ട്‌ വീണ്ടും നീങ്ങിത്തുടങ്ങി. നല്ല വെണ്ണ പോലെയുള്ള കപ്പ.കരിമീനിനാണെങ്കില്‍ ഒടുക്കത്തെ മുള്ള്‌.അപാര രുചി കാരണം ഉപേക്ഷിക്കാനും തോന്നിയില്ല. എല്ലാവരും കഴിച്ചുകഴിഞ്ഞിട്ടും ഞാന്‍ എന്റെ കരിമീനുമായി മല്‍പ്പിടുത്തം നടത്തികൊണ്ടിരിക്കുകയാണ്‌. പെട്ടെന്ന്‌ മുകളില്‍ നിന്ന്‌ 'ഓടിവായോ ഓടിവായോ'ന്നൊരു നിലവിളി. ഞാന്‍ ഓടി മുകളിലെത്തി.എവറസ്റ്റ്‌ കീഴടക്കിയ അഹങ്കരത്തോടെ കൂട്ടുകാരി നില്‍ക്കുന്നു.

" മരിക്കുന്നതിനു മുന്‍പ്‌ ഒരു വട്ടമെങ്കിലും കായലിലൂടെ നീന്തുന്ന താറാവുകളെ കാണണമ്ന്നു പറഞ്ഞിട്ടില്ലേ.ദാ നോക്ക്‌.ഇനി ഇതു കാണാത്തതിന്റെ പേരില്‍ മരിക്കാതിരിക്കണ്ട"

കൂട്ടുകാരി ചൂണ്ടിക്കാണിച്ച സ്ഥലത്തെക്കു നോക്കി. നിറയെ താറാവുകള്‍.. കരയിലൂടെ ഓടിവന്നു വെള്ളത്തിലെക്കു ചാടുകയാണ്‌.എണ്ണീട്ടും എണ്ണീട്ടും തീരാത്തത്ര താറാവുകള്‍!!
"അങ്ങോട്ടു ചാടണ്ട.ബോട്ടങ്ങോട്ട്‌ അടുപ്പിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്‌." ബോട്ടിന്റെ അറ്റത്തേക്കോടിയ എന്നെ പിടിച്ചുവലിച്ചു കൊണ്ട്‌ കൂട്ടുകാരി പറഞ്ഞു.

പക്ഷെ ബോട്ട്‌ അടുപ്പിക്കുന്തോറും താറവുകള്‍ ദൂരേയ്ക്കു ദൂരേയ്ക്കു നീന്തിപ്പോയി. പേടിച്ചിട്ടായിരിക്കും..അപ്പഴെക്കു കുറെ ചേട്ടന്മാരും ഓടിവന്നു ഞങ്ങളെ തുറിച്ചു നോക്കാന്‍ തുടങ്ങി."താറാവിനെ കട്ടോണ്ടു പോവാനൊന്നുമല്ല;ചുമ്മാ ഒന്നു കാണാന്‍ വന്നതാ" എന്നൊക്കെ ഞ്ഞങ്ങള്‍ വിളിച്ചു പറഞ്ഞു. അവര്‌ കേട്ടോ എന്തോ..

പിന്നേം കായല്‌. ദൂരെ ഒരു തുരുത്തു പോലെ കുമരകം.ആ ഏരിയ കെ.ടി.ഡി.സീടേതാണു പോലും. അവിടെ ഇറങ്ങണമെങ്കില്‍ അവര്‍ടെ പെര്‍മിഷന്‍ വേണമ്ന്ന്‌ ഡ്രൈവര്‍ ചേട്ടന്‍ അറിയിച്ചു.കുറെ നേരം കൂടി അതു വഴി ചുറ്റിക്കറങ്ങി ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.നല്ല ശാന്തമായ കായല്‍. ഒരു ചെറിയ കാറ്റും.ഞാന്‍ ബോട്ടിന്റെ മുകളില്‍ ഒരു കസേര ഇട്ട്‌ ചുരുണ്ടിരുന്നുറങ്ങാന്‍ തുടങ്ങി.കുറെക്കഴിഞ്ഞ്‌ ഏതോ ബോട്ടിന്റെ ഹോണ്‍ കേട്ടാണ്‌ ഞെട്ടിയെഴുന്നേറ്റത്‌ നോക്കുമ്പോള്‍ അപ്പുറത്ത്‌ ഹൗസ്‌ ബോട്ടിലിരിക്കുന്ന ഒരു സായിപ്പുകുട്ടി ഒടിഞ്ഞുവളഞ്ഞിരുന്നുറങ്ങുന്ന എന്റെ ഫോട്ടൊ എടുക്കുകയാണ്‌. ഞാനും എന്റെ ക്യാമറയെടുത്ത്‌ ഒറ്റ ക്ലിക്കു ക്ലിക്കി. നമ്മള്‌ ലോക്കല്‍സും അത്ര മോശമൊന്നുമല്ലാന്നു തെളിയിക്കണല്ലോ. അവസാനം അങ്ങോട്ടുമിങ്ങോട്ടും കൈ വീശിക്കാണിച്ച്‌ ഞങ്ങള്‍ കോംപ്രമൈസായി.ബോട്ട്‌ പതുക്കെ ആ തോടു പോലുള്ള സ്ഥലത്തെക്കു പ്രവേശിച്ചു. യാത്ര അവസാനിക്കാന്‍ പോകുന്നതിന്റെ വിഷമം ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും.

"അടുത്ത വര്‍ഷോം നമ്മളിവിടെ വരും.വീട്ടുകാരെയൊക്കെ കൂട്ടിക്കൊണ്ട്‌.എന്നിട്ട്‌ ഒരു ഹൗസ്‌ ബോട്ടെടുത്ത്‌ ഫുള്‍ടൈം കായലിലൂടെ സഞ്ചരിക്കും" ഞങ്ങള്‍ പരസ്പരം വാക്കുകൊടുത്തു.

മൂന്നുമണിയോടു കൂടി ഞങ്ങള്‍ കോട്ടയത്ത്‌ തിരിച്ചെത്തി.ഇനീം രാത്രിയാവാന്‍ ഒരു പാടു സമയമുണ്ട്‌.
"നമ്മള്‍ക്ക്‌ സിനിമയ്ക്കു പോകാം.എനിക്കു കഥ പറയുമ്പോള്‍' കാണണം" ഞാന്‍ അറിയിച്ചു.

"അതിനിവിടെ ആ സിനിമ ഓടുന്നുണ്ടോ? ഉണ്ടെങ്കില്‍ തന്നെ എവിടെയാണെന്ന്‌ നമ്മള്‍ എങ്ങനെ അറിയും"

"ഡോണ്ട്‌ വറി" എന്നും പറഞ്ഞ്‌ ഞാന്‍ നമ്മടെ ഭരണങ്ങാനം ഹീറോയെ വിളിച്ചു.കോട്ടയത്തെ സിനിമാതീയേറ്ററുകള്‍ടെ ഒരു ഡാറ്റാബേസ്‌ തന്നെ അവിടെയുണ്ടാകുമെന്ന്‌ എനിക്കുറപ്പായിരുന്നു. എന്റെ ഊഹം തെറ്റിയില്ല. തീയേറ്റര്‍,സ്ഥലം,ഷോ-ടൈം തുടങ്ങി സര്‍വ്വ വിവരങ്ങളും ആ ഒരൊറ്റ ഫോണ്‍-കോളിലൂടെ കിട്ടി.

സിനിമയുടെ ടൈം ആകുന്നതു വരെ കോട്ടയം ടൗണിലൂടെ വെറുതെ ചുറ്റിക്കറങ്ങി. സിനിമ കഴിഞ്ഞ്‌ പിന്നെയും കുറച്ച്‌ അലഞ്ഞു തിരിയല്‍.കോട്ടയത്ത്‌ നൈറ്റ്‌ ഷോപ്പിംഗ്‌ തുടങ്ങീന്നൊക്കെ ഒരു വാര്‍ത്ത കേട്ടിരുന്നു. എന്താണെന്നറിയില്ല; ഒറ്റ കട പോലും തുറന്നു കണ്ടില്ല. അവസാനം ഒരു തട്ടുകടയില്‍ പോയി ഭക്ഷണം കഴിച്ച്‌ തിരിച്ചെത്തി. ഒരു നല്ല ദിവസം അങ്ങനെ അവസാനിച്ചു.
ഇനി നാളെ..ഇടുക്കി..

Tuesday, January 1, 2008

അതിവേഗം ബഹുദൂരം-ഒന്നാം ദിവസം..

തിരുവനന്തപുരത്തിയപ്പോഴെക്കും വിശപ്പ്‌ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു. ഒരോട്ടൊയും പിടിച്ച്‌ കൂട്ടുകാരിയുടെ വീട്ടിലെത്തി. ബാഗു പോലും താഴെ വെയ്ക്കാതെയാണ്‌ അപ്പോം സ്റ്റൂവും വെട്ടിവിഴുങ്ങിയത്‌.
"ഒരു കാര്യമറിയുമോ..കൊല്ലത്തു നിന്ന്‌ ആലപ്പുഴയ്ക്ക്‌ ബോട്ട്‌ സര്‍വ്വീസുണ്ട്‌.."ഗൂഗിളില്‍ നിന്നു കിട്ടിയ വിവരം കൂട്ടുകാരി പങ്കുവച്ചു.
"സാമദ്രോഹീ എന്നിട്ടാണോ നമ്മള്‌ അങ്ങോട്ടു ബസില്‍ പോകാന്‍ തീരുമാനിച്ചത്‌. ഇനി ജലഗതാഗതം വിട്ടൊരു കളിയില്ല.അറിയാല്ലോ..കണ്ണൂരുന്നിങ്ങോട്ട്‌ ബോട്ട്‌ സര്‍വ്വീസുണ്ടായിരുന്നെങ്കില്‍ അതിലു വന്നിരുന്നേനെ ഞാന്‍"
"അതിനു നമ്മള്‍ ആലപ്പുഴ എത്തീലല്ലോ..ഇവിടുന്ന്‌ നേരെ കൊല്ലത്തേക്കു പോകാം..എന്നിട്ട്‌ ബോട്ടില്‍ ആലപ്പുഴയ്ക്ക്‌..പോരേ" കൂട്ടുകാരി ആശ്വസിപ്പിച്ചു.

ഞങ്ങള്‍ കൊല്ലത്തെത്തിയപ്പോഴെക്കും നട്ടുച്ചയായിരുന്നു.ബസ്‌സ്റ്റാന്‍ഡിനടുത്തു തന്നെയാണ്‌ ബോട്ട്‌ജെട്ടിയും. അവിടുത്തെ എന്‍ക്വയറിയില്‍ ചോദിച്ചപ്പോഴാണ്‌ ഞെട്ടിപ്പിക്കുന്ന ഒരു സത്യം മനസ്സിലായത്‌. ആലപ്പുഴയിലെക്ക്‌ ആകെ ഒരു ബോട്ടെ ഉള്ളൂ എന്നും അതു രാവിലെ 8 മണിക്കു പോയി എന്നും..ഇനി കൊല്ലത്തു നിന്നിട്ട്‌ കാര്യമൊന്നുമില്ല. ഞങ്ങള്‍ മനസ്സില്ലാമനസ്സോടെ ആലപ്പുഴ ബസ്സില്‍ കേറി.
(അല്ലെങ്കിലും എനിക്കു കൊല്ലം ബോട്ട്‌ജെട്ടി ഇഷ്ടപ്പെട്ടില്ല. ഒരു ബോട്ടു പോലും ഇല്ലാത്ത എന്തോന്നു ബോട്ട്‌ജെട്ടി!!)


വൈകുന്നേരം 4 മണിയോടെ ആലപ്പുഴയെത്തി.അവിടെയിറങ്ങിയപ്പോള്‍ ആദ്യം തോന്നിയത്‌ നിരാശയായിരുന്നു. എന്റെ സ്വപ്നങ്ങളിലെ ആലപ്പുഴയെവിടെ.. ഈ കുഞ്ഞു ടൗണെവിടെ..എവിടെ നോക്കിയാലും ചെറിയ ചെറിയ കെട്ടിടങ്ങള്‍..കായലിന്റെ പൊടി പോലും കാണുന്നില്ല. വഴിയില്‍ കണ്ട ഒരാളോട്‌ "കായലെവിടെ ചേട്ടാ..സോറി ബോട്ട്‌ജെട്ടിയെവിടെ ചേട്ടാ" എന്നു ചോദിച്ചപ്പോള്‍ അങ്ങേര്‌ കെട്ടിടങ്ങിള്‍ക്കിടയിലുള്ള ഒരു ഇടുക്കുവഴി ചൂണ്ടിക്കാണിച്ചു തന്നു.കൊല്ലത്തു നിന്നുണ്ടായ തിക്താനുഭവം മനസ്സിലുള്ളതു കൊണ്ട്‌ തീരെ പ്രതീക്ഷയില്ലാതെയാണ്‌ അങ്ങോട്ടിറങ്ങിയത്‌.പക്ഷെ അങ്ങു ചെന്നു കണ്ടപ്പോള്‍ എന്റെ മനസ്സു നിറഞ്ഞു പോയി.ബോട്ടുകളൊക്കെ ചുമ്മാ അങ്ങു നിരന്നു കിടക്കുന്നു. എന്തിനാ അധികം പറയുന്നത്‌..ദാ താഴത്തെ ഫോട്ടൊ കണ്ടോ..


ഞങ്ങള്‍ക്കു പോവേണ്ടത്‌ കോട്ടയത്തേക്കാണ്‌.ചോദിച്ചപ്പോള്‍ കോട്ടയത്തേക്കും ബോട്ടുണ്ട്‌.

"ബോട്ടൊക്കെയുണ്ട്‌..പക്ഷെ അതിനു ചെറിയ ഒരു റിപ്പയറിംഗ്‌ വേണം. ചിലപ്പോള്‍ പോവില്ല" അങ്ങോട്ടു വന്ന ഒരു ചേട്ടന്‍ അറിയിച്ചു.

"പോവുമോ ഇല്ലയോന്ന്‌ എപ്പോള്‍ അറിയാന്‍ പറ്റും?" ഇതുകൊണ്ടൊന്നും ഞങ്ങള്‍ പിന്നോട്ടു പോവില്ല മക്കളേ..

"അഞ്ചു മണിയാവുമ്പോള്‍ പറയാം.അതിലു പുറപ്പെട്ടാലും 8 മണിയായാലേ നിങ്ങള്‍ കോട്ടയത്തെത്തൂ.ഇവിടുന്നു ബസ്സുണ്ട്‌ അതിലു പൊയ്ക്കോ"

ആലപ്പുഴ വരെ വന്നിട്ട്‌ ബസ്സില്‍ പോവാനോ!!

"വൈകിയാലും ഒന്നും പേടിക്കാനില്ല.ആലപ്പുഴയില്‍ എനിക്കൊരു ബ്ലോഗര്‍ഫ്രണ്ടുണ്ട്‌" ഞാന്‍ കൂട്ടുകാരിയെ ആശ്വസിപ്പിച്ചു.
(ആലപ്പുഴയെ പറ്റി ചോദിച്ചു ചോദിച്ചു നമ്മടെ ബ്ലോഗ്ഗര്‍ ആഷേനെ ഞാന്‍ ക്ഷമേടെ നെല്ലിപ്പലക കാണിച്ചു കഴിഞ്ഞിരിക്കുകയാണ്‌. ഇനീം വല്ല സഹായോം ചോദിച്ചാല്‍ ചിലപ്പോള്‍ ആ പലകേം കൊണ്ട്‌ എന്റെ തലയ്ക്കിട്ടൊന്നു കിട്ടാനും ചാന്‍സുണ്ടെന്ന കാര്യം ഞാന്‍ സൗകര്യപൂര്‍വ്വം അങ്ങു മറന്നു..)

അഞ്ചു മണി വരെ എങ്ങനെയെങ്കിലും സമയം കളയണം. ഞങ്ങള്‍ റോഡിലെക്കിറങ്ങി.

"ഹോ എന്തോരം വിപ്ലവങ്ങള്‍ കണ്ട നാടാണിത്‌" ഞാന്‍ ആത്മഗതിച്ചു.

"അതു ശരിയാണല്ലോ..വാ അതിന്റെ ഒരോര്‍മ്മയ്ക്ക്‌ നമ്മക്കിവിടുന്ന്‌ ചായേം പരിപ്പുവടേം കഴിക്കാം" കൂട്ടുകാരീടെ വക സജഷന്‍.

ഒരു കുഞ്ഞു ഹോട്ടലില്‍ കയറി ഉള്ളു വേവാത്ത പരിപ്പുവടയും പഴുക്കാത്ത പഴം കൊണ്ടുള്ള പഴംപൊരിയും കഴിച്ചു.'ഇമ്മാതിരി ഭക്ഷണമാണ്‌ ഇവിടെ കഴിക്കാന്‍ കിട്ടുന്നതെങ്കില്‍ ഇത്രേം വിപ്ലവമുണ്ടായതില്‍ ഒരതിശയവും ഇല്ല' എന്നും പറഞ്ഞ്‌ സമാധാനിച്ച്‌ തിരിച്ചു ബോട്ട്‌ജെട്ടിയിലെത്തി.

ബോട്ട്‌ റിപയറൊക്കെ കഴിഞ്ഞ്‌ മിടുക്കനായി അവിടെ കിടപ്പുണ്ടായിരുന്നു.ഞങ്ങള്‍ മുന്‍സീറ്റില്‍ തന്നെ ഇരിപ്പുറപ്പിച്ചു.കാഴ്ചകളൊന്നും വിട്ടു പോകരുതല്ലോ..ബോട്ട്‌ സ്റ്റാര്‍ട്ടാവുന്നതും കാത്തിരിക്കുമ്പോഴാണ്‌ ഒരു ചേട്ടന്‍ ഒരു കുഞ്ഞു തോണിയും തുഴഞ്ഞ്‌ അങ്ങോട്ടു വന്നത്‌.ദാ താഴെ..(കണ്ട പാടെ ചേട്ടനെ അവിടുന്നു മാറ്റി ഞാന്‍ തുഴയും പിടിച്ചിരുന്നു -സ്വപ്നത്തില്‌)


ഞങ്ങളുടെ ബോട്ടു നീങ്ങിത്തുടങ്ങി. ഇനിയുള്ള കാഴ്ചകള്‍ എങ്ങനെ വിവരിക്കണം എന്നെനിക്കറിയില്ല.അത്രയ്ക്കു ഭംഗി.ഫോടോസ്‌ നോക്ക്‌..ഇതൊക്കെ ഞാനെങ്ങനെ വിവരിച്ചു തരാനാണ്‌?
പതുക്കെ പതുക്കെ സന്ധ്യയായി..ഇത്രയ്ക്കു മനോഹരമായ ഒരുകാഴ്ച ഞാന്‍ ജീവിതത്തിലിന്നു വരെ കണ്ടിട്ടില്ല. സ്വര്‍ണക്കളറിലുള്ള കായലും ആകാശവും അതില്‍ ഇടയ്ക്കിടയ്ക്കു പ്രത്യക്ഷപ്പെടുന്ന കുഞ്ഞു കുഞ്ഞു തോണികളും..സത്യം പറഞ്ഞാല്‍ ഒരു ഭീമാകാരമായ പെയിന്റിംഗിന്റെ മുന്‍പില്‍ നില്‍ക്കുന്നതു പോലെയാണ്‌ അപ്പോള്‍ തോന്നിയത്‌..രാത്രിയായി..ബോട്ടില്‍ ലൈറ്റിട്ടു.പൊട്ടിമുളച്ചതു പോലെ ബോട്ടില്‍ നിറയെ പ്രാണികള്‍..പിന്നെ അതിനെ ഓടിക്കുന്ന തിരക്കിലായിരുന്നു. അതു കൊണ്ട്‌ പുറത്തെ ഇരുട്ടിലേക്കും നോക്കി പേടിയ്ക്കാന്‍ സമയം കിട്ടീല.

എട്ടുമണിയോടു കൂടി ഞങ്ങളുടെ ബോട്ട്‌ കോട്ടയത്തെത്തി.നാളെ നേരം വെളുക്കുന്ന പാടെ വന്നേക്കാംന്ന്‌ ഉറപ്പു കൊടുത്ത്‌ ഞങ്ങള്‍ കായലിനോട്‌ തല്‍ക്കാലം വിടപറഞ്ഞു

ഇനി പോയി ഉറങ്ങട്ടെ..ബാക്കി നാളെ..