Saturday, December 29, 2007

ഒരു യാത്ര തുടങ്ങുന്നു..


"ദിവസം മുഴുവന്‍ കായലു കാണണം, ബോട്ടിലിരുന്ന്‌ വെള്ളത്തില്‍ കയ്യിടണം,കായലിലൂടെ നീന്തുന്ന താറാവിന്‍ കൂട്ടത്തെ കാണണം,പിന്നെ കള്ളുഷാപ്പിലെ കപ്പേം കരിമീനും കഴിക്കണം.ഇത്രേം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ എനിക്കു മരിച്ചാലും കുഴപ്പമില്ല"

ഞാന്‍ ജീവിതകാലം മുഴുവനുമുള്ള ആഗ്രഹങ്ങള്‍ അക്കമിട്ട്‌ അവതരിപ്പിച്ചു.

"അയ്യോ എനിക്ക്‌ ഇടുക്കി അണക്കെട്ടു കൂടി കാണണംന്നുണ്ട്‌.കണ്ടാല്‍ മാത്രം പോര..അതിന്റെ മോളില്‍ കേറണം.ഞാനുണ്ടാക്കിയ പ്ലാന്‍ പറയാം. അവിടുന്ന്‌ കണ്ണൂര്‍ എക്സ്പ്രസ്സില്‍ കേറിയാല്‍ രാവിലെ അഞ്ചു മണിക്ക്‌ തിരുവനന്തപുരത്തെത്തും. അഞ്ചരയാകുമ്പോള്‍ എന്റെ രാജധാനി എക്സ്പ്രസ്സും അവിടെയെത്തും.റെയില്‍വേ സ്റ്റേഷനില്‍ നമ്മള്‍ കണ്ടുമുട്ടുന്നു. പിന്നെ രണ്ടു പേരും എന്റെ വീട്ടിലെക്കു പോകുന്നു.അമ്മയുണ്ടാക്കുന്ന അപ്പോം സ്റ്റൂവും കഴിക്കുന്നു. എന്നിട്ട്‌ ഒറ്റപ്പോക്ക്‌..ആലപ്പുഴയ്ക്ക്‌...ഇപ്പം ഇത്രേം മതി. ബാക്കിയൊക്കെ പിന്നെ തീരുമാനിക്കാം ?"

ടു-ബി-സഹയാത്രിക പറഞ്ഞു നിര്‍ത്തി."മിടുക്കീ..അടിപൊളി പ്ലാന്‍.ചുമ്മാ അതുവഴി നടക്കാതെ ആ പ്ലാനിംഗ്‌ കമ്മീഷനില്‍ പോയി ഒരു കസേര വലിച്ചിട്ടിരിയ്ക്ക്‌.അത്രയ്ക്കു കഴിവുണ്ട്‌." ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ അഭിനന്ദിച്ചു പോയി.

പിന്നെ ഒട്ടും സമയം കളഞ്ഞില്ല. നടക്കുന്ന വഴിക്കൊക്കെ ആലപ്പുഴയും വെള്ളോം വള്ളോമൊക്കെ സ്വപ്നം കാണാന്‍ തുടങ്ങി.

"ഡീ നീ തിരുവന്തപുരത്തേക്കു ടിക്കറ്റു ബുക്ക്‌ ചെയ്യുന്നില്ലേ??'"അടുക്കളയില്‍ വെറും തറയിലിരുന്ന്‌ എന്റെ കായല്‍സ്വപ്നങ്ങളെ പറ്റി ഇടതടവില്ലാതെ പറയുന്നതിനിടയ്ക്കാണ്‌ മമ്മീടെ വക ഓരോരോ സംശയങ്ങള്‍.

"അതിന്റെയൊന്നും ആവശ്യമില്ലെന്നേ. കണ്ണൂരുന്ന്‌ തിരുവനന്തപുരത്തെക്കു പോകാന്‍ ഈ സമയത്ത്‌ ഞാന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ മമ്മീ. ടിക്കറ്റൊക്കെ പുഷ്പം പോലെ കിട്ടും."
"ങും അങ്ങു ചെന്നാല്‍ മതി.." മമ്മി പുച്ഛിച്ചു.

ചില സമയത്ത്‌ അമ്മമാര്‍ പ്രവചിക്കുന്നത്‌ സത്യമായിത്തീരാറുണ്ടെന്ന്‌ പിറ്റേ ദിവസം ടിക്കറ്റ്‌കൗണ്ടറിലെത്തിയപ്പോള്‍ എനിക്കു മനസ്സിലായി. കണ്ണൂര്‍ എക്സ്പ്രസ്സിന്‌ ഒരു സ്ലീപ്പര്‍' എന്നു മുഴുവന്‍ പറയാന്‍ പോലും കൗണ്ടറിലെ ചേട്ടന്‍ എന്നെ സമ്മതിച്ചില്ല.

"ഇപ്പോ സീസണാ..എല്ലാം ഫുള്ളാണ്‌"

"അയ്യോ സ്ലീപ്പര്‍ തന്നെ വേണമ്ന്നില്ല.. ഏതെങ്കിലും ക്ലാസ്സില്‍ ഒരു സിംഗിള്‍ സീറ്റ്‌ ഒഴിവുണ്ടോ?"
ഇത്രേം തങ്കപ്പെട്ട ഒരു യാത്രക്കാരിയെ ഇന്ത്യന്‍ റെയില്‍വെക്ക്‌ ഇനി കിട്ടാനില്ല എന്ന മട്ടില്‍ ഞാന്‍ ചേട്ടനെ ഒന്നു നോക്കി.

"9 മണിക്കുള്ള മലബാറില്‍ ഒരു ഫസ്റ്റ്‌ ക്ലാസ്സ്‌ ടിക്കറ്റുണ്ട്‌. വേണോ?"


"വേണം.. വേണം..അതിനെത്രയാ?" അതെങ്കില്‍ അത്‌. പ്ലാന്‍ ചെയ്തതിലും നാലു മണിക്കൂര്‍ വൈകും എന്നല്ലേയുള്ളൂ.


"3rd AC-യ്ക്കും 2nd AC-യ്ക്കും ഇടയ്ക്കായി വരും"

ടിക്കറ്റിനു പൈസ കൊടുക്കാന്‍ കയ്യിലുള്ള ചില്ലറപൈസ വരെ എടുക്കേണ്ടി വന്നു.'എന്നാലും ഇതു വെല്യ ചതിയായിപ്പോയി എന്റെ ലാലൂപ്രസാദേ' എന്നു മനസ്സില്‍ പറഞ്ഞോണ്ടാണ്‌ ടിക്കറ്റ്‌ വാങ്ങിയത്‌.

ഈ ഫസ്റ്റ്‌ ക്ലാസ്സ്‌ ഫസ്റ്റ്‌ക്ലാസ്സ്‌ എന്നു കേട്ടിട്ടുള്ളതല്ലാതെ സംഭവം ഞാനിതു വരെ കണ്ടിട്ടില്ല.ചെന്നു കേറി കണ്ടപ്പോ ആകെമൊത്തം ഇഷ്ടപ്പെട്ടു.2nd AC-യെക്കാളും സൗകര്യമുണ്ട്‌.നാലു പേര്‍ക്കിരിക്കാവുന്ന ഒരു റൂം. മൂന്നു ചേട്ടന്മാര്‍ ഓള്‍റെഡി അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്‌. നാലാമത്തേതാണ്‌ ഞാന്‍. എന്നുവച്ചാല്‍ ഞാനൊരു പെണ്ണു മാത്രം. ചെറിയൊരു പേടി പോലൊരു ഫീലിംഗ്‌."എയ്‌ എന്തു പേടിക്കാന്‍..നമ്മടെ സ്വന്തം ട്രെയിനല്ലേ,ഭാരതീയരൊക്കെ നമ്മടെ സഹോദരീസഹോദരന്‍മാരല്ലേ' എന്നൊക്കെ ഒന്നാശ്വസിക്കാന്‍ ശ്രമിച്ചിരിക്കുമ്പോഴാണ്‌ അതു കണ്ടത്‌.ആ റൂമിനൊരു വാതില്‍!! അതെങ്ങാനും അടച്ചാല്‍ പിന്നെ ആന പിടിച്ചാലും തുറക്കാന്‍ പറ്റില്ല. വാതിലടയ്ക്കണ്ടാ എന്നു പറഞ്ഞാലോ? ഛേ ..ഇനിയിപ്പോ ഇവരൊക്കെ നല്ല മനുഷ്യന്മാരാണെങ്കില്‍ അങ്ങനെയൊക്കെ പറയുന്നത്‌ മോശമല്ലേ.ചുമ്മാ ഒരു ദുരുദ്ദേശ്യവുമില്ലാത്ത മനുഷ്യരെ സംശയിക്കുന്നത്‌ തീരെ ശരിയല്ല.പക്ഷെ ഇവര്‌ നല്ലവരാണോന്ന്‌ എങ്ങനെ അറിയും??. പുറത്തെ ഇരുട്ടിലെക്കും നോക്കി ഞാന്‍ തലപുകച്ച്‌ ആലോചിക്കാന്‍ തുടങ്ങി.അപ്പോഴാണ്‌പെട്ടെന്ന്‌ മനസ്സിലെക്ക്‌ ആ സിനിമ വന്നത്‌. നമ്പര്‍ 20 മദ്രാസ്‌ മെയില്‍..അതില്‍` സുചിത്രയൊക്കെ സഞ്ചരിക്കുന്നത്‌ ഇതെ പോലെ ഒരു ഫസ്റ്റ്‌ക്ലാസ്സിലാണ്‌.എന്നിട്ട്‌ ആ കൊച്ചിനെ ആരോ കൊല്ലുന്നുണ്ട്‌.ഇപ്പം ഇതാലോചിക്കേണ്ട ഒരു കാര്യവുമില്ല.അല്ലേലും വേണ്ടാത്ത സമയത്താണല്ലോ ഇതു പോലുള്ള രംഗങ്ങളൊക്കെ ഓര്‍ക്കാന്‍ തോന്നുന്നത്‌. ഞാന്‍ കഷ്ടപ്പെട്ട്‌ അതില്‌ ഇന്നസെന്റ്‌ വെള്ളമടിച്ച്‌ 'ടോണിക്കുട്ടാ'-ന്നു പാടുന്ന രംഗം ഓര്‍ക്കാന്‍ ശ്രമിച്ചു. എവിടെ..ഇന്നസെന്റിന്റെ തള്ളിമാറ്റി പിന്നെം മുന്‍പില്‍ വരുന്നത്‌ സുചിത്രയാണ്‌..'എന്റെ പറശ്ശിനിമുത്തപ്പാ നീയാ അമ്പലത്തിലിരുന്നുറങ്ങാതെ ഇവിടെ വന്ന്‌ എന്നെയൊന്നു രക്ഷിക്ക്‌' ഞാന്‍ സര്‍വ്വശക്തിയുമേടുത്ത്‌ പ്രാര്‍ത്ഥിച്ചു.

കുറച്ചങ്ങു കഴിഞ്ഞതേയുള്ളൂ..കറുത്ത കോട്ടുമിട്ട്‌ മുത്തപ്പന്‍ വന്നു. ടിടീടെ രൂപത്തില്‍. എന്നെ തേടി വന്ന പോലെ."കുട്ടി സിംഗിള്‍ ടിക്കറ്റല്ലേ. B-ലെക്കു പൊയ്ക്കോളൂ.

ഹൊ..അങ്ങനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിച്ചു.സത്യം പറഞ്ഞാല്‍ എനിക്കാ മുത്തപ്പന്‍-ടീടിയ്ക്ക്‌ ഒരുമ്മ കൊടുക്കാന്‍ തോന്നിപ്പോയി.ആ തോന്നല്‍ ഉടനടി ക്യാന്‍സല്‍ ചെയ്ത്‌ എന്റെ സ്ഥാവരജംഗമ വസ്തുക്കളുമായി ഞാന്‍ B-ലേക്കു വിട്ടു.

അവിടെ വാതില്‍ തുറന്ന്‌ അകത്തെക്കു കടന്ന എന്നെ എതിരേറ്റത്‌ ആറു ജോഡി കണ്ണുകളായിരുന്നു.ആ റൂം നിറച്ച്‌ ആള്‍ക്കാരുള്ളതു പോലെ.ഒന്നൂടി നോക്കിയപ്പോള്‍ മനസ്സിലായി-മൂന്നു മുതിര്‍ന്ന സ്ത്രീകളും മൂന്നു കുട്ടികളുമാണ്‌.

"ഹാവൂ രക്ഷപെട്ടു.ഇനിയിപ്പോ ടെന്‍ഷനില്ല"

ഞാന്‍ മനസ്സില്‍ പറഞ്ഞ കാര്യം തന്നെ അതില്‍ ഒരു സ്ത്രീ ഉറക്കെ പറയുന്നു.
"എന്റെ മോളേ, ഇങ്ങോട്ടിനി വരാന്‍ പോകുന്നത്‌ വല്ല ആണുങ്ങളുമാണോന്നോര്‍ത്ത്‌ ആകെ ടെന്‍ഷനായിരുന്നു. മോളെ കണ്ടപ്പോള്‍ സമാധാനമായി"

സത്യം പറഞ്ഞാല്‍ എനിക്കു ചിരിക്കാനാണ്‌ തോന്നിയത്‌. രക്ഷപെട്ടോടി വന്ന ഞാനിപ്പോ ഇവിടെ രക്ഷകയായിരിക്കുകയാണ്‌.

"നിങ്ങള്‌ മൂന്നാളില്ലേ. ഒരാണ്‌ ഇങ്ങോട്ടു വന്നാലും എന്താ പേടിക്കാനുള്ളത്‌"

കിട്ടിയ തക്കത്തിന്‌ ഒരു ഡയലോഗുമടിച്ച്‌ ഞാന്‍ ഒരു വിധത്തില്‍ മോളില്‍ വലിഞ്ഞു കേറിക്കിടന്നുറക്കമായി.പിന്നെ രാവിലെ ആരോ കുലുക്കിവിളിച്ചപ്പോഴാണ്‌ ഉണര്‍ന്നത്‌. സഹമുറിയര്‍ അവിടെ ഇറങ്ങുകയാണ്‌.വാതില്‍ ലോക്കു ചെയ്യണമ്ന്നു പറയാന്‍ വേണ്ടി വിളിച്ചതാണ്‌.നല്ല സ്നേഹമുള്ള ചേച്ചിമാര്‍..വാതിലൊക്കെ ലോക്ക്‌ ചെയ്തു ഞാന്‍ താഴെ ലോവര്‍ബര്‍ത്തില്‍ തന്നെ കിടന്നുറങ്ങി.പിന്നെ ഉണര്‍ന്ന്‌ പുറത്തേക്കു നോക്കിയപ്പോള്‍ കണ്ട കാഴ്ചയാണ്‌ ഏറ്റവും മുകളില്‍ ഒട്ടിച്ചു വച്ചിരിക്കുന്നത്‌.കായലും സ്വപ്നം കണ്ടുറങ്ങിയ എനിക്ക്‌ ഇതിലും നല്ലൊരു കണി കിട്ടാനില്ല.ആകെപ്പാടെ ഒരുന്മേഷം തോന്നി.ഇനിയങ്ങോട്ടുള്ള യാത്ര മോശമാവില്ലാന്നൊരു തോന്നല്‍.അതു സത്യമായിരുന്ന.ഒരുപാടാസ്വാദിച്ച കുറച്ചു ദിവസങ്ങളായിരുന്നു പിന്നീടു വന്നത്‌..അതിനെ പറ്റി പിന്നെ....(ഫോട്ടോയ്ക്കു തലയില്ല ;വാലില്ല എന്നൊന്നും ആരും കുറ്റം പറയരുത്‌.ജനലിലൂടെ പുറത്തേയ്ക്ക്‌ ഇതിലും കൂടുതല്‍ എന്റെ കൈ നീളില്ലായിരുന്നു.)

Thursday, December 13, 2007

വീണ്ടും കാണും വരെ വിട...

ഉണങ്ങി വരണ്ട്‌ സഹാറാമരുഭൂമി പോലെയുള്ള ഒരു വര്‍ഷമാണ്‌ കടന്നു പോകുന്നത്‌.ബ്ലോഗിംഗ്‌ തുടങ്ങി എന്നതൊഴിച്ചാല്‍ പ്രത്യേകിച്ച്‌ എടുത്തു പറയാനായി ഒന്നുമില്ല.ഇക്കൊല്ലം നടപ്പില്‍ വരുത്തണമെന്നാഗ്രഹിച്ചിച്ചിട്ടും നടക്കാതെ പോയ ഒരു പാട്‌ ആഗ്രഹങ്ങള്‍, പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍... എല്ലാമൊന്നും പറ്റില്ലെങ്കിലും അതില്‍ കുറച്ചെങ്കിലും ഇനി ശേഷിക്കുന്ന പത്തിരുപത്‌ ദിവസങ്ങള്‍ കൊണ്ട്‌ എനിക്കു ചെയ്തു തീര്‍ക്കണം.അതിന്റെ ആദ്യപടിയായിട്ടാണ്‌ പണ്ടെങ്ങോ ഉപേക്ഷിച്ച പെയിന്റ്‌ ബ്രഷ്‌ കൈയിലെടുത്തത്‌.കുറെക്കാലമായി നിര്‍ത്തി വച്ചിരുന്ന ഒരു ഹോബി.ഒരു പുതിയ തുടക്കത്തിന്റെ പ്രതീകമാവട്ടേന്നു കരുതി ആദ്യം തന്നെ പെയിന്റ്‌ ചെയ്തത്‌ ഒരു ഫീനിക്സ്‌ പക്ഷിയെ (ദാ താഴെ)
(പാറ്റേണ്‍ നെറ്റില്‍ നിന്നും കോപ്പിയടിച്ചതാണ്‌)

ഇനി ഒരു യാത്രയാണ്‌. പ്ലാനിംഗൊക്കെ ഏകദേശം പൂര്‍ത്തിയായി.'ആലിന്‍ കായ പഴുത്തപ്പോള്‍ കാക്കയ്ക്കു വായ്‌പ്പുണ്ണ്‌' എന്നൊക്കെ പറയുന്ന പോലെ ഒരു പനി വന്നു കയറിയിട്ടുണ്ട്‌. അതിനെ എങ്ങനെയെങ്കിലും തള്ളിപ്പുറത്താക്കണം.എന്നിട്ടു വേണം യാത്ര തുടങ്ങാന്‍..എല്ലാം മനസ്സില്‍ വിചാരിച്ച പോലെ തന്നെ പൂര്‍ത്തിയാക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു


അപ്പോ എല്ലാം പറഞ്ഞ പോലെ.. വീണ്ടും കാണും വരെ വിട....