ഓരോ അവധിദിവസവും തുടങ്ങുന്നത് ഒരു പാടു പ്രതീക്ഷകളോടെയാണ്. പെന്റിംഗിലുള്ള കാര്യങ്ങളെല്ലാം ആ ഒരൊറ്റ ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുമെന്ന് ചുമ്മാ ഒരു പ്രതീക്ഷ. എന്നിട്ടോ ഒന്നും ചെയ്യാതെ തെക്കുവടക്കു നടന്നിട്ട് രാത്രി കിടക്കാന്‍ പോകുമ്പോള്‍ സാമാന്യം മോശമല്ലാത്ത ഒരു നിരാശയും.
“ഡീ നിനക്കു നാളെ അവധിയല്ലേ. നമ്മക്ക് ബിഗ് ബസാറില്‍ പോകാം. സാധനങ്ങളൊക്കെ തീര്‍ന്നു” മാതാശ്രി പറഞ്ഞു തുടങ്ങീപ്പഴേ മനസ്സിലായി എന്റെ അവധി കുളമാക്കാനുള്ള പരിപാടിയാണ്.
"ഹും കഴിഞ്ഞ ദിവസം മേടിച്ചതല്ലേയുള്ളൂ. മമ്മി ഇവിടുള്ളപ്പോള്‍ മാത്രമാ സാധനങ്ങളൊക്കെ ഇത്ര പെട്ടെന്നു തീര്‍ന്നു പോകുന്നത്. ഞങ്ങളു മാത്രമുള്ളപ്പോള്‍ രണ്ടു മാസത്തിലൊരിക്കലൊക്കെയാ വാങ്ങാറുള്ളത്"
അതിനു മറുപടിയായി ‘ഞാനിവിടുള്ളപ്പോഴല്ലെ മര്യാദക്കു വല്ലതും വച്ചുണ്ടാക്കുന്നുള്ളൂ’ എന്നുള്ള ലോകസത്യം പറയുന്നതിനു പകരം തികച്ചും പ്രകോപനപരമായി മമ്മി പ്രതികരിച്ചു.
‘അതെങ്ങനാന്നാറിയില്ലേ?? നിങ്ങളിവിടുന്ന് ഓഫീസിലേക്കിറങ്ങിയാലുടനെ ഞാനീ സാധനങ്ങളൊക്കെ മറിച്ചു വില്ക്കുകയാ..അല്ല പിന്നെ..”
എന്നിട്ട് മുഖം കലം പോലെ വീര്‍പ്പിച്ച് അടുക്കളയിലേക്ക് കയറിപ്പോയി. അതോടു കൂടി ബാക്കിയുള്ളവരുടെ സഹതാപവോട്ടും കൂടി അങ്ങോട്ടു പോയി. പിന്നെ രക്ഷയില്ലാതെ അവിടെ നിന്ന് ആരോടെന്നില്ലാതെ ഞാന്‍ ചുമ്മാ പ്രഖ്യാപിച്ചു.
"നാളെ എന്തായാലും പുറത്തു പോകാന്‍ പറ്റില്ല. എത്രയാ തുണി അലക്കാന്‍ കിടക്കുന്നത്. നാളെ അതു മുഴുവന്‍ അലക്കി ഉണങ്ങീ തുണിക്കടേലു വെക്കുന്നതു പോലെ മടക്കി അലമാരയില്‍ വെക്കണം. "
"‘പിന്നെ.. പിന്നെ.. നാളെ കണ്ടോണേ.." അടുക്കളയില്‍ നിന്ന് ഒരു വെല്ലുവിളി.അതു ഞാന്‍ കേട്ടില്ലാന്നു നടിച്ചു.
പിറ്റേദിവസമായി. രാവിലത്തെ ചായകുടി , ടി.വി, നെറ്റ് തുടങ്ങി ഒഴിച്ചു കൂടാനാവത്ത പ്രാഥമികകൃത്യങ്ങളെല്ലാം കഴിഞ്ഞപ്പോഴെക്കും പത്തു-പത്തരയായി. ഇനി അലക്കണം. പക്ഷെ ഒരു മൂഡു വരുന്നില്ല. ആദ്യം തന്നെ മഴ പെയ്യാന്‍ സാധ്യതയുണ്ടോ എന്നു നോക്കി.. ഒരു ലക്ഷണവുമില്ല.. പിന്നെ അലക്കുന്ന സ്ഥലത്തു പോയി അവിടെ വെയിലു വന്നോ എന്നു നോക്കി…അതുമില്ല.. അവസാനത്തെ ആശ്രയം സോപ്പുപൊടിയാണ്.. അതാണെങ്കില്‍ ആവശ്യത്തില്‍ കൂടുതലുണ്ട്. ചുരുക്കത്തില്‍ അലക്കാതിരിക്കാനുള്ള ഒരു ഒഴിവുകഴിവും കിട്ടുന്നില്ല. ഇനിയെന്തു ചെയ്യുംന്ന് തലപുകഞ്ഞാലോചിച്ചപ്പോള്‍ ഐഡിയ കിട്ടി.. 'ബാംഗ്ലൂര്‍ റൗണ്ട്...'
പറഞ്ഞപ്പോള്‍ മമ്മിക്കും വിരോധമില്ല. പക്ഷെങ്കില് ‘ഉച്ചകഴിഞ്ഞ് മഴ പെയ്യുമോ’ എന്നൊരാശങ്ക.
"അതൊന്നുമില്ല.ഇനിയിപ്പോ പെയ്താല്‍ തന്നെയെന്താ?? മഴേടെ അയ്യരുകളിയുള്ള നാട്ടീന്നു വരുന്ന നമ്മളൊക്കെ ഇങ്ങനെ പേടിച്ചാലോ" ഞാന്‍ ധൈര്യം കൊടുത്തു.
"എങ്ങോട്ടാണ് നമ്മള് പോകുന്നത്??" അടുത്ത ചോദ്യം.
"അങ്ങനൊന്നുമില്ല. ഇവിടുന്ന് നേരെ എം.ജി റോഡ്. അതിനടുത്ത് ബ്രിഗേഡ് റോഡുണ്ട്. അവിടെ പോയി കുറച്ചു സാധനങ്ങള്‍ വാങ്ങണം.പിന്നെ അവിടുന്ന് റിച്മണ്ട് സര്‍ക്കിളിലേക്കു പോകാം. അതിനടുത്തെവിടെയോ ഒരു ഗവണ്മെന്റ് അക്വേറിയമുണ്ടെന്ന് കേട്ടു. അതും കഴിഞ്ഞ് അപ്പോള്‍ തോന്നുന്ന പോലെ എങ്ങോട്ടെങ്കിലും പോകാം" പ്ലാനൊക്കെ വ്യക്തമായി പറഞ്ഞു കൊടുത്തു.
ഇപ്പറഞ്ഞതില്‍ എം.ജി റോഡും ബ്രിഗേഡ് റോഡും മാത്രമെ ഞാന്‍ ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളൂ എന്ന കാര്യം അതിവിദഗ്ദമായി മറച്ചു വച്ചു.
ഞങ്ങള്‍ ബസില്‍ കയറി. എം.ജി റോഡു വരെ പോവൂലാന്ന് കണ്ടക്ടര്‍ കണ്ണില്‍ ചോരയില്ലാതെ പറഞ്ഞു. ഞാനെന്തായാലും 10 രൂപേടെ ടിക്കറ്റെടുത്തു. ബസ്സു പോവുന്നിടത്തേക്കു നമ്മളും പോവും . അല്ല പിന്നെ. ബസ് പോയി പോയി എനിക്കു പരിചയമുള്ള അല്‍സൂരൊക്കെ കഴിഞ്ഞു . അടുത്ത സ്റ്റോപ്പ്, അതിനടുത്ത സ്റ്റോപ്പ് എന്നൊക്കെ പറഞ്ഞ് അവസാനം മമ്മിക്കും ചെറിയ സംശയം തോന്നിത്തുടങ്ങി. ഇനി കുറച്ചു കൂടി കഴിഞ്ഞാല്‍ സംശയം ടെന്‍ഷനു വഴിമാറും . എന്തായാലും അടുത്ത സ്റ്റോപ്പിലിറങ്ങിയേക്കാം. ഞാന്‍ തീരുമാനിച്ചു. നമ്മക്ക് എല്ലാ സ്റ്റോപ്പും ഒരുപോലാണല്ലോ.. ബസ് ഒരു ട്രാഫിക് സിഗ്നലില്‍ കുടുങ്ങി. നോക്കുമ്പോള്‍ ‘തേടിയ വള്ളി കാലില്‍ ചുറ്റി’ന്നൊക്കെ പറയുമ്പോലെ അവിടൊരു ബോര്‍ഡ്-‘റിച്മണ്ട് റോഡ്!!!' ഞാന്‍ മമ്മിയേം വലിച്ചു കൊണ്ട് അവിടെ ചാടിയിറങ്ങി. എന്നിട്ട് ഒരോട്ടോയില് കയറി അക്വേറിയത്തിലെക്കു പുറപ്പെട്ടു.
"നീയാദ്യം വേറെങ്ങാണ്ടോ പോണം എന്നല്ലേ പറഞ്ഞത്??" മമ്മി വിടുന്ന മട്ടില്ല.
"അതുകൊണ്ടെന്താ?? അവിടെ ആദ്യം പോണംന്ന് നിയമമൊന്നുമില്ലല്ലോ? മമ്മീ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ നമ്മള് പഠിക്കണം" പറഞ്ഞ എനിക്കു പോലും മനസ്സിലാവാത്ത ഒരെക്സ്പ്ലനേഷന്‍ കൊടുത്തു.
അക്വേറിയത്തിന്റെ മുന്‍പിലതാ സ്വീകരണ കമ്മിറ്റി പോലെ ആള്‍ക്കാരു നില്ക്കുന്നു. ‘വേഗം വാ മമ്മീ ഭയങ്കര തിരക്കാണെന്നു തോന്നുന്നു എന്നും പറഞ്ഞ്’ ഞാന്‍ ടിക്കറ്റ് കൗണ്ടറിലേക്കോടി. എന്തായാലും അവിടെ വരെ ഓടി ബുദ്ധിമുട്ടേണ്ടിവന്നല്ല. കരുണാമയനായ ഒരു ചേട്ടന് വിളിച്ചു പറഞ്ഞു. ‘അക്വേറിയം ക്ലോസ് അക്വേറിയം ക്ലോസ്’
"സാരമില്ല തുറക്കുന്നതു വരെ ഞങ്ങള്‍ വെയ്റ്റ് ചെയ്തോളാം" ഞാന്‍ വിനീതയായി.
" രണ്ടു ദിവസമെങ്കിലും കഴിഞ്ഞാലെ തുറക്കൂ. കണ്ടില്ലെ മരം പൊട്ടി വീണിരിക്കുന്നത്"
കണ്ടു..മനസ്സു നിറയെ കണ്ടു..കൃത്യം അക്വേറിയത്തിലെക്ക് കയറുന്ന സ്റ്റെപ്പില്‍ തന്നെ ഭീമാകാരനൊരു മരം വീണു കിടക്കുന്നു. ഇതിനൊക്കെ വീഴാന്‍ കണ്ട സമയം..
"ഇതിനടുത്തെവിടെയെങ്കിലും ഏതെങ്കിലും ടൂറിസ്റ്റ് സ്പോട്ടുണ്ടോ??" ഞാന്‍ ചോദിച്ചു.
"ദാ ഇതിന്റെ പുറകില്‍ കൊച്ചുകുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്കുണ്ട്" ഉത്തരവും കിട്ടി.
ഞാന്‍ ഉത്തരകര്‍ത്താവിനെ ഒന്നു നോക്കി. ‘ഇയാളെന്താ ആളെ കളിയാക്കുകയാണോ?എന്നെ കണ്ടാല്‍ കൊച്ചുകുട്ടിയാണെന്നു തോന്നുമോ ; അതോ എനിക്കൊരു കൊച്ചു കുട്ടിയുണ്ടെന്നു തോന്നുമോ’ ..അതായിരുന്നു എന്റെ നോട്ടത്തിലൂടെ ഞാനുദ്ദേശിച്ചത്.
"ഇതിലൂടെ എളുപ്പവഴിയുണ്ടായിരുന്നു. ഇതിപ്പോ മരം വീണ് അതും ബ്ലോക്കായിരിക്കുകയാ. ഇനിയിപ്പോ പുറത്തൂടെ തന്നെ പോവേണ്ടി വരും" സഹതാപത്തോടെയുള്ള ആ മഹദ്വചനങ്ങള്‍ കേട്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി. ചേട്ടന് തമാശിച്ചതല്ല. സീരിയസാണ്. ചുമ്മാ ഒരു നോട്ടം വെയ്സ്റ്റായി. അല്ലാതെന്ത്..
"ഇനിയെങ്ങോട്ടാ?" ഞാന്‍ മനസ്സില്‍ ചോദിച്ച ചോദ്യം തന്നെ മമ്മി ഉറക്കെ ചോദിച്ചു.
ഇവിടുന്ന് എം.ജി റോഡിലേക്ക് എങ്ങനെ പോകുമെന്ന് ഒരു പിടിയുമില്ല. വല്ല ഓട്ടോയിലും കേറാമെന്നു വച്ചാല്‍ എത്ര ദൂരമുണ്ടെന്ന് അറിയില്ല. ഓട്ടോക്കൂലി തികയാത്തതു കൊണ്ട് അവസാനം ഓട്ടോ കഴുകികൊടുക്കേണ്ട ഗതികേട് വന്നാലോ..
"നല്ല ശാന്തമായ സ്ഥലം. നമ്മക്ക് കുറച്ചു നേരം വെറുതെ നടക്കാം." ചീറിപ്പായുന്ന വാഹങ്ങളുടെ ശബ്ദത്തിനു മുകളില്‍ കേള്‍ക്കാന്‍ വേണ്ടി അല്‍പ്പം ഉറക്കേ തന്നെ പറയേണ്ടി വന്നു.
നാലു വശത്തേക്കും റോഡുള്ളതു കൊണ്ട് ഏതു റോഡില്‍ കൂടി നടക്കണം എന്ന് ടോസ്സിട്ടു നോക്കിയാലോ എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് അപ്പുറത്തെ സൈഡില്‍ ഒരു എമണ്ടന്‍ പള്ളി കണ്ടത്. പള്ളിയെങ്കില്‍ പള്ളി. അങ്ങോട്ടു വിട്ടു. കുറച്ചു നേരം നേരം അതിനകത്തിരുന്നു. വേറെ വിശ്വാസികളൊന്നുമില്ലതിരുന്നതു കൊണ്ട് കര്‍ത്താവ് ഫ്രീയായിരുന്നു. കാര്യങ്ങളൊക്കെ അങ്ങോട്ടു പറഞ്ഞേല്‍പ്പിച്ചു. അപ്പഴേക്കും പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു ഫീലിംഗ്. കുറച്ചു നേരം ആലോചിച്ചപ്പോള്‍ മനസ്സിലായി –വിശപ്പാണ് സംഭവം. മമ്മിയാണെങ്കില്‍ പ്രാര്‍ത്ഥനയോട് പ്രാര്‍ത്ഥന. വിശപ്പു മറക്കാന്‍ വേണ്ടി അവിടൊക്കെ ചുറ്റിനടന്ന് ഫോട്ടോയേടുത്ത് ഒരു വിധത്തില്‍ സമയം കളഞ്ഞു. എന്നിട്ട് ‘ഇനിയെങ്ങോട്ട്’ എന്നൊരു വെല്യ ചോദ്യചിഹ്നവുമായി അവിടുന്നിറങ്ങി.
ദൈവം അയച്ചതാണോ എന്തോ പള്ളീടെ ഗേറ്റിന്റവിടെ ഒരാളു നില്ക്കുന്നു. നേരെ പോയി അയാളോട് 'എം.ജി റോഡിലെക്ക് എങ്ങനെയാ പോകുന്നത്?' എന്നു ചോദിച്ചു. ഹൊ!! അയാളൊരു നോട്ടം നോക്കി ഒന്നല്ല രണ്ടു നോട്ടം.. ആദ്യം എന്നെ. പിന്നെ പള്ളീടെ ബോര്‍ഡിലേക്ക്. അവിടതാ വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിരിക്കുന്നു- St. Marks church,1,M.G.Road. പിന്നെ ചോദ്യോം പറച്ചിലുമൊന്നുമില്ല. താങ്ക്സു പോലും പറയാതെ ഞാനവിടുന്ന് നടന്നു തുടങ്ങി.
കുറച്ചങ്ങോട്ടു നടന്നപ്പോഴെക്കും ഇത്തിരി പരിചയമുള്ള സ്ഥലങ്ങളൊക്കെ കണ്ടു തുടങ്ങി. കാലുവേദന, വിശപ്പ് , അഭിമാനക്ഷതം എല്ലാം തീര്‍ക്കാന്‍ എന്തെങ്കിലും വഴി കാണണം. പോവുന്ന വഴിക്ക് ഒരു ‘കോഫീ ഹൗസ്’. അവിടെ കേറി ഭക്ഷണം കഴിക്കാന്ന് മമ്മി പറഞ്ഞപ്പഴേ ഞാന്‍ അതു തള്ളിക്കളഞ്ഞു. കാരണവും പറഞ്ഞു. ഇതൊക്കെ നമ്മടെ നാട്ടിലും കിട്ടും. ഇപ്പോള്‍ വേണ്ടത് എന്തെങ്കിലും പ്രത്യേകതയുള്ള,, അങ്ങനെ എല്ലായിടത്തുമൊന്നും കിട്ടാത്ത എന്തെങ്കിലും ഭക്ഷണമാണ്. കെ.എഫ്.സി ചിക്കന്‍ എന്നൊരൊറ്റ വാക്കില്‍ പറഞ്ഞാലും മമ്മിക്കു മനസ്സിലാകും. പക്ഷെ അവിടെ കേറാന്‍ സമ്മതിക്കില്ല. ചിക്കന്‍ ദഹിക്കുമെങ്കിലും അതിന്റെ വില മമ്മിക്ക് തീരെ ദഹിക്കില്ല. അതാണ് ഞാന്‍ അത്രേം വളഞ്ഞ വഴിയെടുത്തത്. കെ.എഫ്.സീല്‍ കേറീപ്പഴേക്കും മമ്മീടെ ഭാവം മാറി.
"ഇതാ ഗുണോം മണോമില്ലാത്ത കോഴി കിട്ടുന്ന സ്ഥലമല്ലേ.എനിക്കൊന്നും വേണ്ട. അത്ര നിര്‍ബന്ധമാണെങ്കില്‍ നീ കഴിച്ചോ." മമ്മി പിണങ്ങി.
ഞാനെന്തായാലും മെനു മുഴുവന്‍ അരിച്ചു പെറുക്കി ഏറ്റവും വില കുറഞ്ഞ ഐറ്റം വാങ്ങി കഴിച്ചു. എന്നിട്ടും വിശപ്പിനൊരു മാറ്റവുമില്ല. ഞാന്‍ കീഴടങ്ങി.
"നമ്മക്കു കോഫീ ഹൗസിലേക്കു പോകാമല്ലേ" മമ്മീടെ ‘ആക്കിയ’ ചിരി ഞാന്‍ കണ്ടില്ലാന്നു വച്ചു.
കോഫീ ഹൗസിലെത്തീപ്പോ ഒരു സമാധാനം. തലേല് ഞൊറി വച്ച വെള്ളതൊപ്പിയൊക്കെയിട്ട അണ്ണന്മാരെ കണ്ടപ്പഴേ ഒരു കുളിര്കാറ്റു വീശിയതു പോലെ.
"ദോ മീല്‍സ്"
‘മീല്‍സ് നഹി’ ഞാന്‍ ഞെട്ടിപ്പോയി. മനുഷ്യര്‍ക്ക് ഇത്രേം ദുഷ്ടന്മാരാകാന്‍ പറ്റുമോ!!
അവിടെ കോഫീം സ്നാക്സും മാത്രമെയുള്ളൂന്ന് പറഞ്ഞപ്പോ പിന്നൊന്നും പറയാന്‍ തോന്നീല. എന്തങ്കിലും പറയാനുള്ള എനര്‍ജി ഇല്ലായിരുന്നൂന്നുള്ളതാ സത്യം.
"ഓകെ. രണ്ടു മട്ടണ്‍ കട്ലേറ്റ്."
കട്ലേറ്റു വന്നു. ഉണക്കമീന്‍ ചുട്ടതു പോലെ ആകൃതിയും നിറവും. ഇന്ത്യന്‍ കോഫീ ഹൗസിലെ മട്ടണ്‍- കട്ലേറ്റിനെ പ്രാണനേക്കാള്‍ സ്നേഹിക്കുന്ന എനിക്ക് സഹിക്കാന്‍ പറ്റുന്നതിനപ്പുറമായിരുന്നു ആ കാഴ്ച.
"ഇത് ഇന്ത്യന്‍ കോഫീ ഹൗസൊന്നുമല്ല. അവിടത്തെ കട്ലെറ്റ് ഇങ്ങനെയല്ല" മമ്മി എരിതീയില്‍ എണ്ണയൊഴിച്ചു.
"ഇതു ബാംഗ്ലൂരാണ്. അപ്പോള്‍ ഇവിടുത്തെ ടെയ്സ്റ്റിനു ചേരാന്‍ വേണ്ടി ചെറിയ മാറ്റം വരുത്തീതായിരിക്കും"
ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു.
ഒരു കുഞ്ഞു പീസെടുത്ത് വായില്‍ വച്ചപ്പഴെ എന്റെ മുഖം ഒരു മാതിരി കോടിപ്പോയി. അത്ര വൃത്തികെട്ട രുചി. എന്തോ ഒരു കയ്പ്പ്.
"വിശന്നു പോയിട്ടാന്നു തോന്നുന്നു. കഴിക്കാന്‍ പറ്റുന്നില്ല.എനിക്കു വേണ്ട." ഞാന്‍ പാത്രം നീക്കി വച്ചു.
‘‘അതൊന്നുമല്ല.. ഇതെന്തോ കേടായതാ" മമ്മി വിധിയെഴുതി.
ഞാന്‍ ഒരു വെള്ളത്തൊപ്പിചേട്ടനെ വിളിച്ച് ബില്ലിനു പറഞ്ഞു. കാര്യമായ പരിക്കുകളൊന്നും തട്ടതെ പ്ലേറ്റിലിരിക്കുന്ന കട്ലെറ്റുകളെ നോക്കി ‘എന്താ കഴിക്കാത്തത്’ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ മാക്സിമം ചിരിച്ചു കൊണ്ട് ‘വേണ്ട, അത്രേയുള്ളൂ’ എന്നു പറഞ്ഞു. ഇതു കൊള്ളൂലാന്നൊക്കെ എങ്ങനെ പറയും .കന്നടടേസ്റ്റ് എന്റെ മലയാളി നാവിന് പിടിക്കാത്തതിന് അവരെ കുറ്റം പറയാന്‍ പറ്റുമോ.
ചേട്ടന് പൈസേം മെടിച്ചു പോയി. കൗണ്ടറില്‍ പോയി എന്തൊക്കെയോ ഡിസ്കസ് തിര്ച്ചു വന്ന് ബാക്കി പൈസ എനിക്കു തന്നു. എത്രയും പെട്ടെന്ന് വീട്ടിലെത്തി വല്ല മാഗിയും ഉണ്ടാക്കി തിന്നണം എന്നൊരൊറ്റ ചിന്തയോടെ കിട്ടിയ പൈസ എണ്ണി പോലും നോക്കാതെ ബാഗിലേക്കിടുമ്പോള്‍ ആ മാലാഖ ചേട്ടന് കന്നട,ഹിന്ദി,തമിഴ് സങ്കര ഭാഷയില്‍ പറഞ്ഞു.
"നിങ്ങളുടെ ചായേടെ മാത്രമെ പൈസ എടുത്തിട്ടുള്ളൂ. രുചി ഇഷ്ടപ്പെടാത്തതു കൊണ്ടാ കഴിക്കാത്തതെന്ന് ഞങ്ങള്‍ക്കു മനസ്സിലായി. അതുകൊണ്ട് കട്ലേറ്റിന്റെ പൈസ എടുത്തിട്ടില്ല"
ഞാന്‍ അയാളെ അന്തംവിട്ടു നോക്കി നിന്നുപോയി. കംപ്ലീറ്റ് കുളംചളമായ ഒരു അവധിദിവസത്തില്‍ ഇത്തിരിയെങ്കിലും സന്തോഷിക്കാന്‍ ഒരു കാരണം കിട്ടീലോ. കുറേ താങ്ക്സ് പറഞ്ഞിട്ടും മതിവരാത്തതു കൊണ്ട് ഒരു പത്തു രൂപയെടുത്ത് നിര്‍ബന്ധിച്ചയാളെ കൊണ്ടു മേടിപ്പിച്ചു.
ഇനിയൊരടി പോലും നടക്കാന്‍ പറ്റില്ല എന്നു മമ്മി പ്രഖ്യാപിച്ചതോടെ 'ബാംഗ്ലൂര്‍-റൗണ്ട് പ്രൊജക്ട്' അവസാനിച്ചു. തിരിച്ച് വീട്ടിലേക്കുള്ള ബസില്‍ വിശന്നു തളര്‍ന്നിരികുമ്പോള്‍ ഒരാശ്വാസത്തിനു വേണ്ടി ‘വീട്ടില്‍ മാഗിയില്ലേ’ എന്ന് മമ്മിയോടു ചോദിച്ചു പോയി.
"ഇല്ല. അതല്ലേ നിന്നോടു ഞാന്‍ ഇന്നലെ പറഞ്ഞത് സാധനങ്ങളൊക്കെ തീര്‍ന്നു.. ബിഗ്ബസാറില്‍ പോകാമെന്ന്"
മതി. തൃപ്തിയായി. ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.
"ശവത്തില്‍ കുത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് ഇന്ത്യന്‍ പീനല്‍കോഡിലെവിടെയോ ഉണ്ട്" എന്നു മാത്രം മറുപടി പറഞ്ഞ് എല്ലാം മറക്കാന്‍ വേണ്ടി സൈഡിലെ കമ്പിയില്‍ ചാരിയിരുന്ന് ഞാന്‍ ഉറങ്ങാന്‍ തുടങ്ങി
Saturday, October 13, 2007
Friday, October 5, 2007
സ്റ്റഡിലീവ് സ്മരണകള്‍
പരീക്ഷയുടെ തലേദിവസം മാത്രം പഠിച്ചുതുടങ്ങുന്ന ഒരു വിദ്യാര്‍ത്ഥിക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ശിക്ഷയെന്താണെന്നറിയാമോ -പത്താം ക്ലാസ്സിലെ സ്റ്റഡിലീവ്. യാതൊരാവശ്യവുമില്ലാതെ കിട്ടുന്ന കുറെ അവധികള്‍.മനസമാധാനത്തോടെ കാളകളിച്ചു നടക്കാന്‍ പറ്റുമോ- അതില്ല. എന്നാപിന്നെ പരീക്ഷയല്ലെ ഇരുന്നു പഠിച്ചേക്കാം എന്നു വിചാരിച്ചാലോ അതിനൊട്ടു മൂഡും വരില്ല.മധുരിച്ചിട്ടിറക്കാനും വയ്യ,കയ്ച്ചിട്ടു തുപ്പാനും വയ്യാന്നു പറയുന്നപോലൊരു പ്രതിസന്ധിഘട്ടം. എപ്പഴും മക്കളുടെ പഠനകാര്യത്തിലേക്ക് കണ്ണും കാതും തുറന്നു വച്ചിരിക്കുന്ന അച്ഛനമ്മമാരും കൂടിയുണ്ടെങ്കില്‍ എല്ലാം പൂര്‍ത്തിയായി. ശത്രുക്കള്‍ക്കു പോലും ഈ ഗതി വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിച്ചു പോകും. അങ്ങനെയൊരു അവസ്ഥയിലൂടെയായിരുന്നു അവന് കടന്നു പോയിക്കൊണ്ടിരുന്നത്.
അവന്റെ പേര് പക്രു.ഒരു കണക്കുമാഷിന്റെ മകന്.വെറും കണക്കുമാഷല്ല;പിള്ളാരുടെ പേടിസ്വപ്നം. പഠിക്കണമ്ന്ന് പ്രത്യേകിച്ചങ്ങനെ കടുപിടുത്തങ്ങളൊന്നുമില്ലാത്ത നല്ലവനായ പക്രൂനെ ചെറുപ്പം മുതലെ തല്ലിപ്പഠിപ്പിച്ചോണ്ടിരിക്കുന്നതാണ് മാഷിന്റെ ഹോബി. തിരിച്ചൊന്നും പറയാനുള്ള ധൈര്യമില്ലാതിരുന്ന പാവം പക്രു മറ്റു ചില വഴികളിലൂടെയാണ് തന്റെ വിരോധം തീര്‍ത്തിരുന്നത്.അതില്‍ ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയത് അവന്റെ മലയാളം പരീക്ഷാപേപ്പറാണ്.'ശത്രു' എന്ന വാക്ക് വാക്യത്തില്‍ പ്രയോഗിക്കാനുള്ള ചോദ്യത്തിന് സര്‍വ്വശക്തിയുമെടുത്ത് അവന് എഴുതി -'എന്റെ ഏറ്റവും വലിയ ശത്രുവാണ് എന്റെ പപ്പ'. ശരിയുത്തരം നല്‍കിയതിന് അവനെ അഭിനന്ദിക്കുന്നതിനു പകരം ആ ടീച്ചറ് നേരെ പോയത് സ്റ്റാഫ്റൂമിലെക്കാണ്. ചൂടാറാതെ തന്നെ ആ പേപ്പര്‍ കണക്കുമാഷിനെ കാണിച്ചിട്ട് ഒരു വില്ലത്തിച്ചിരീം ചിരിച്ച് ടീച്ചര്‍ ചോദിച്ചു- "എന്താ മാഷെ നിങ്ങളച്ഛനും മോനുമിടയില്‍ ഇത്രേം വലിയ ശത്രുത??". എന്തായാലും അതോറ്റു കൂടി കണക്കുമാഷുമ്മാര്‍ മാത്രമല്ല മലയാളം ടീച്ചര്‍മാരും അവന്റെ ശത്രുലിസ്റ്റില്‍ സ്ഥാനം പിടിച്ചു.ഇങ്ങനെ ഒരു പാടു ടീച്ചര്‍മാരുടെ ക്രൂരതയും വിശ്വാവഞ്ചനയുമൊക്കെ ഒന്‍പതാം ക്ലാസു വരെ സഹിച്ചു കഴിഞ്ഞ് 'ദൈവമേ ഇനിയീ അഗ്നിപരീക്ഷ ഒരു കൊല്ലം കൂടി സഹിച്ചാല്‍ മതിയല്ലോ' എന്നശ്വസിച്ചു നില്‍ക്കുമ്പോഴാണ് അടുത്ത ചതി-അവനെ എല്ലാരും കൂടി ഒന്‍പതില്‍ തോല്‍പ്പിച്ചു. മാഷുമ്മാര്ക്കൊക്കെ പിന്നെ എന്തുമാവാലോ.സ്വന്തം പപ്പയും കൂടി ഉള്‍പ്പെടുന്ന ശത്രുസമൂഹത്തിനെതിരെ പ്രതികരിക്കാന്‍ അവനു ധൈര്യമുണ്ടായില്ല.എല്ലാം കഴിഞ്ഞ് അവസാനം നമ്മുടെ പക്രു ഇപ്പോള്‍ പത്താം ക്ലാസ്സിന്റെ സ്റ്റഡിലീവു വരെയെത്തി നില്‍ക്കുകയാണ്. ഇപ്പഴത്തെ ഒരവസ്ഥ പറയുകയാണെങ്കില്‍.. രാവിലെ കുറെ നേരം 'എങ്ങനെ പഠിക്കണം' എന്ന വിഷയത്തെ പറ്റി പപ്പ-കം-കണക്കുമാഷിന്റെ വക ഉപദേശം. അതിനു ശേഷം അവനെ ഒരു റൂമില്‍ തടവിലാക്കും,കൂട്ടിനു കുറെ പാഠപുസ്തകങ്ങളും. എന്നിട്ടവന്‍ നന്നായോ-അതില്ല..ബുക്കും തുറന്നു വച്ച് അവന് കൂളായി ഇരുന്നുറങ്ങി.
ഇങ്ങനെ മകനെ നന്നാക്കി നന്നാക്കി ക്ഷീണിച്ച് മാഷ് ഒരു ദിവസം ഒരു ചെയ്ഞ്ചിനായി കുഞ്ഞുപെങ്ങളുടെ വീട്ടിലെത്തുന്നതോടെ കഥയുടെ രണ്ടാംഭാഗം ആരംഭിക്കുകയാണ്. വീട്ടിനുള്ളിലെക്കു കടന്നു വന്ന മാഷ് കാണുന്നത് സെന്‍ട്രല്‍ ഹാളിലെ തറയില്‍കിടന്നുകൊണ്ട് ദൂരദര്‍ശനിലെ ബ്ലാക്ക്&വൈറ്റ് മലയാളം സിനിമ കാണുന്ന അനന്തിരവളെയാണ്.മാഷിന്റെ രക്തം പതഞ്ഞു പൊങ്ങി.അപ്പഴാണ്' 'കുഞ്ഞാഞ്ഞയിതെപ്പഴാ വന്നത്??' എന്നത്ഭുതപ്പെട്ടുകൊണ്ട് പെങ്ങള് കടന്നു വരുന്നത്. അതിനു മറുപടി പറയുന്നതിനു പകരം പെങ്ങളെ രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു.
"ഇവള്‍ക്കിത് പത്താം ക്ലാസ്സിലെ പരീക്ഷയാ. ആ ഒരു ബോധം വല്ലതും നിനക്കുണ്ടോ??മര്യാദയ്ക്കു നാലക്ഷരം പോയിപ്പഠിക്കെണ്ട സമയത്താ ഇരുന്ന് ടി.വി കാണുന്നത്"
"ഞാനെന്തു ചെയ്യാനാ കുഞ്ഞാഞ്ഞേ. അവള്ടെ സ്വഭാവം അറിയാല്ലോ. അവളോട് പഠിത്തത്തിന്റെ കാര്യം ചോദിക്കുന്നതും പോരുകാളേടെ മുന്നിലെക്ക് ചുവന്ന തുണി വീശിക്കാണിക്കുന്നതും ഒരുപോലെയാ.തോന്നുമ്പം പോയിരുന്നു പഠിക്കട്ടേന്നാ ഇവിടുത്തെ പപ്പ പറഞ്ഞിരിക്കുന്നത്"
ഈ പരിപാവനമായ സ്വഭാവത്തിനുടമയാരാണെന്ന് പ്രത്യേകം പറയണ്ടല്ലോ. അതെ അതു ഞാന്‍ തന്നെ. പക്രൂന്റെ അവസ്ഥയില്‍ നിന്നും നേരെ വിപരീതമായിരുന്നു എന്റെ സ്ഥിതി. സ്റ്റഡിലീവ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഹെഡ്മാഷ് മമ്മിയെ സ്കൂളിലെക്കു വിളിപ്പിച്ചിരുന്നു.കാരണം മറ്റൊന്നുമല്ല- ഞാന്‍ മോഡല്‍ പരീക്ഷ മുഴുവനെഴുതിയിരുന്നില്ല.ചുമ്മാ ഓരോരസുഖങ്ങള്‍.അത് പരീക്ഷാപ്പേടിയാണെന്ന് മാഷ് തെറ്റിദ്ധരിച്ചു പോയി.കണ്ണൂര്‍ ജില്ലക്ക് ഒരു റാങ്കു നഷ്ടപ്പെട്ടു പോവാതിരിക്കാന്‍ (പിന്നെ പിന്നെ) മൂന്നു നിര്‍ദ്ദേശങ്ങളാണ് മാഷ് മമ്മിയ്ക്കു കൊടുത്തത്.
1) രാത്രി പത്തുമണി വരെയെ എന്നെ പഠിക്കാന്‍ സമ്മതിക്കാവൂ; രാവിലെ അഞ്ചുമണിക്കു മുന്‍പ് എഴുന്നേല്‍ക്കാനും സമ്മതിക്കരുത്
2)പകല്‍ എപ്പോഴുമിരുന്നു പഠിക്കാന്‍ സമ്മതിക്കരുത്. ഇടക്കിടക്ക് കുറച്ചുസമയം ടി.വി കാണാന്‍ സമ്മതിക്കണം.
3)ഇഷ്ടപ്പെട്ട ഭക്ഷണം തന്നെ കൊടുക്കാന്‍ ശ്രദ്ധിക്കണം.
ഇതിലെ ആദ്യത്തെ രണ്ടു നിര്‍ദ്ദേശങ്ങളും നടപ്പില്‍ വരുത്തുന്നതിന് സാങ്കേതികമായ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു.രാവിലെ ഒരു എട്ടൊന്‍പത് മണിയാവുമ്പോള്‍ എഴുന്നേറ്റ് പകല്‍ ഫുള്‍-ടൈം ടി.വീം കണ്ട്(ഉച്ചയ്ക്കത്തെ ബ്ലാക്ക്&വൈറ്റ് സിനിമയുള്‍പ്പെടെ) രാത്രി 8.30 ന് ഇന്നത്തെ ഭൂതലസംപ്രേക്ഷണം അവസാനിച്ചിരിക്കുന്നു എന്ന് ടി.വിയില്‍ കാണുന്നപാടെ സമയം കളയാതെ പോയിക്കിടന്നുറങ്ങുന്ന എന്റടുത്ത് ആ പോയിന്റുകള്‍ക്ക് പ്രസക്തിയില്ലല്ലോ. പിന്നെ നടപ്പില്‍ വരുത്താന്‍ കഴിയുന്ന എക കാര്യം മൂന്നാമത്തേതാണ്-ഭക്ഷണം. അതിനൊരു കുറവും മമ്മി വരുത്തീല്ല.ചുരുക്കിപ്പറഞ്ഞാല്‍ നല്ല സ്റ്റെയിലന്‍ രാജയോഗം.ജീവിക്കുകയാണെങ്കില്‍ പത്താംക്ലാസ്സുകാരിയായി ജീവിക്കണമെന്ന് തോന്നിപ്പോയ ദിവസങ്ങള്‍.
ഇനി കഥയിലെക്കു തിരിച്ചുവരാം. ഒരു പത്താംക്ലാസ്സുകാരി ഇങ്ങനെ മനസമാധാനത്തോടെ കഴിയുന്നത് മാമന്റുള്ളിലെ മാഷിനു സഹിക്കാവുന്നതിനപ്പുറമായിരുന്നു. ആ കണക്കുമാഷ് വളരെപെട്ടെന്നു തന്നെ ചില കണക്കുകൂട്ടലുകള്‍ നടത്തിയിട്ട് എന്നോടു പറഞ്ഞു
"നീ വാ കുറച്ചു നാള് ഞങ്ങടവിടെ താമസിക്കാം.ബുക്കും എടുത്തോ"
പഠിക്കാന്‍ വേണ്ടി മാമന്റെ വീട്ടിലേക്കു പോവുന്നതിലും ഭേദം പായുന്ന ട്രെയിനിനു തല വെച്ചു കൊടുക്കന്നതാണ്.ഞാന്‍ സമ്മതിച്ചില്ല.
മാമന് പ്ലേറ്റൊന്നു മാറ്റി.
'എടീ കൊച്ചെ നിന്നെ പഠിപ്പിക്കാന്‍ വേണ്ടീട്ടല്ല. നിനക്കറിയാല്ലോ പക്രൂന്റെ കാര്യം. അവനൊന്നും പഠികുന്നില്ല. നീ വന്ന് അവനെന്തെങ്കിലും പറഞ്ഞു കൊടുക്ക്"
ഞാന്‍ രണ്ടടി പൊങ്ങിപ്പോയി. ഇനി ഞാന്‍ പറഞ്ഞു കൊടുത്ത് എങ്ങാനും അവനു ഇത്തിരൂടെ മാര്‍ക്ക് കിട്ടിയാലോ.എനിക്കും അഭിമാനിക്കാലോ.ഞാന്‍ മാമന്റെ വീട്ടിലെക്ക് പുറപ്പെട്ടു.
ആദ്യത്തെ രണ്ടു ദിവസത്തേക്ക് ഭയങ്കര കംപയ്ന്‍ സ്റ്റഡി.അതു കഴിഞ്ഞപ്പോള്‍ എനിക്കു ബോറടിച്ചു തുടങ്ങി (അവന് പിന്നെ പണ്ടേ ബോറടിച്ചിരിക്കുകയാണല്ലോ) ഇഷ്ടം പോലെ വഴക്കുണ്ടാക്കാം; തര്‍ക്കിക്കാം എന്നല്ലാതെ കൂടെയിരുന്നു പഠിക്കാനൊന്നും അവനെ കൊള്ളില്ല. റൂമില്‍ നിന്ന് പുറത്തിറങ്ങാനും പറ്റില്ല.ആകെയൊരു എന്റര്ടെയ്ന്മെന്റ് ഇടക്കിടക്ക് ആന്റി കൊണ്ടുത്തരുന്ന പലഹാരങ്ങളാണ്. അതു തീര്‍ന്നു കഴിഞ്ഞാല്‍ പിന്നേം ഭീകരമായ വിരസത.അതില്‍നിന്നു രക്ഷപെടാനാണ് ഞങ്ങള്‍ സിനിമയുടെ അതിവിശാലമായ ലോകത്തേക്കു കടന്നത്. എന്നു വച്ചാല്‍ ഒളിച്ചോടി സിനിമ കാണാന്‍ പോവുകയൊന്നുമല്ല കേട്ടോ.സിനിമയെ പറ്റി അറിയുന്ന കാര്യങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുക,സിനിമാക്കഥ പറയുക; അറിവുള്ളയാള്‍ ഇല്ലാത്തയാള്‍ക്കു അറിവു പകര്‍ന്നു കൊടുക്കുക-അത്രേയുള്ളൂ. അങ്ങനെയൊരു ദിവസം ഏതോ സിനിമയെ പറ്റി തര്‍ക്കിച്ച് തര്‍ക്കിച്ച് അടിയായിക്കഴിഞ്ഞപ്പോള്‍ അവന് എന്നെ വെല്ലുവിളിച്ചു. അവന് പറഞ്ഞ കാര്യം ചിത്രഭൂമീലുണ്ട്.. കാണിച്ചുതരാംന്ന് പറഞ്ഞ്. കണ്ടാല്‍ മാത്രമെ വിശ്വസിക്കൂന്ന്` ഞാനും.മാമന് വാഴുന്ന സാമ്രാജ്യത്തില്‍ മരുന്നിനു പോലും സിനിമാപ്രസിദ്ധീകരണങ്ങളൊന്നും വരുത്തില്ലാന്ന് എനിക്കുറപ്പായിരുന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് മച്ചിന്റെ മുകളിലെക്കു വലിഞ്ഞു കയറിയ അവന് തെളിവുമായി താഴെയെത്തി.മുന്പവിടെ താമസിച്ചിരുന്ന ആള് ഉപേക്ഷിച്ചു പോയ ഒരു കെട്ട് ചിത്രഭൂമികള്‍ മച്ചിന്റെ മുകളിലുണ്ടത്രേ. വഴക്കില്‍ തോറ്റാലെന്ത് ഇത്രേം വല്യ നിധി കിട്ടിയല്ലോ- ഞാന്‍ സഹിച്ചു. പിന്നെയങ്ങോട്ട് വായന തന്നെ വായനയായിരുന്നു. ബുക്കല്ല; ചിത്രഭൂമി.അങ്ങനെ മലയാളസിനിമയെ പറ്റിയുള്ള എന്റെ അറിവ് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നു.
ആ നല്ല ദിവസങ്ങള്‍ അധികകാലം നീണ്ടു നിന്നില്ലന്ന് പ്രത്യേകിച്ചു പറയണ്ടല്ലോ.അവന്റെ അനിയത്തിമാരായ രണ്ടു ചാരകളുടെ കണ്ണു വെട്ടിച്ചാണ് ഞങ്ങള്‍ മലയാളസിനിമയെ വളര്‍ത്തിയിരുന്നത്. അതിലൊരുത്തി ഒരുദിവസം ഞങ്ങളുടെ കള്ളക്കളി കണ്ടുപിടിക്കുകയും സഹോദരസ്നേഹത്തിന്റെ 'അ ആ ഇ ഈ ' അറിയാത്ത അവള് ഞങ്ങളെ ഒറ്റിക്കൊടുക്കയും ചെയ്തു. മാമന്റടുത്തുന്ന് പ്രതീക്ഷിച്ചതു പോലുള്ള വഴക്കൊന്നും കിട്ടിയില്ല. ദേഷ്യം കാരണം മാമനു മിണ്ടാന്‍ വയ്യാരുന്നെന്നതായിരുന്നു സത്യം. എന്തായാലും ഇങ്ങോട്ടു കൊണ്ടു വന്നതിന്റെ നൂറിരട്ടി ഉത്സാഹത്തോടെ പിറ്റേന്നു തന്നെ മാമന് എന്നെ വീട്ടില്‍ തിരിച്ചുകൊണ്ടുചെന്നാക്കി. പിന്നെല്ലാം പഴയപോലെ തന്നെ ..ഭക്ഷണം,ഉറക്കം,ബ്ലാക്ക്&വൈറ്റ് സിനിമ, ഇതിനെല്ലാം പുറമേ ഒരു കണക്കുമാഷിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതിലുള്ള ചാരിതാര്‍ത്ഥ്യവും..

Subscribe to:
Posts (Atom)