കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നു തീയേറ്ററില്‍ പോയി സിനിമ കാണുക എന്നുള്ളത്. വല്ലപ്പോഴുമൊക്കെയേ പപ്പ സിനിമ കാണിക്കാന്‍ കൊണ്ടു പോകൂ. അതും സെക്കന്റ് ഷോയ്ക്കു മാത്രം. സിനിമയ്ക്ക് പോവാന്‍ വേണ്ടി പപ്പയെ സമ്മതിപ്പിക്കുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള പരിപാടി. ശുപാര്‍ശയും കണ്ണീരും മൂക്കു ചീറ്റലുമൊന്നും പപ്പയുടെയടുത്തു ചിലവാകില്ല. സിനിമയ്ക്കു കൊണ്ടു പോകാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പു തന്നെ മമ്മിയും ഞങ്ങള്‍ കുട്ടികളും രണ്ടു മൂന്നു വട്ടം ഇതേപറ്റി കൂടിയാലോചകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ടാവും. എപ്പോള്‍ പറയണം, ആരു തുടങ്ങി വയ്ക്കണം, ആര് ഏറ്റു പിടിയ്ക്കണം, തുടങ്ങി മിക്ക കാര്യങ്ങളിലും ഞങ്ങള്‍ ഓള്‍റെഡി തീരുമാനത്തിലെത്തിയിട്ടുണ്ടാവും. അപേക്ഷ സമര്‍പ്പിക്കേണ്ട ദിവസം മുഴുവന്‍ അടീം വഴക്കുമൊന്നുമില്ലാതെ എക്സ്ട്രാഡീസന്റായിരിക്കാന്‍ എല്ലാരും പ്രത്യേകം ശ്രദ്ധിക്കും. വൈകുന്നേരം പപ്പ വന്ന് അത്താഴം കഴിച്ചു കഴിഞ്ഞാലുടനെ മമ്മി സിഗ്‌നല്‍ തരും. പിന്നെ കുറച്ചു സമയത്തേക്ക് എല്ലാരും (പപ്പയൊഴികെ) ആംഗ്യഭാഷയിലാണ് സംസാരം. തുടങ്ങി വയ്ക്കാന്‍ നിയോഗിക്കപ്പെട്ട ആള്‍ടെ ധൈര്യമൊക്കെ അപ്പോഴേക്കും ചോര്‍ന്നു പോയിട്ടുണ്ടാവും. അവസാനം ആരെങ്കിലുമൊക്കെ മടിച്ചു മടിച്ച് കാര്യം അവതരിപ്പിക്കും. 'പപ്പേ മ്മക്ക് സില്‍മയ്ക്കു പോവാം" എന്ന്. പിന്നെ നാലു ജോഡി കണ്ണുകള്‍ പ്രതീക്ഷയോടെ പപ്പയുടെ മുഖത്തേക്ക്.. ആ ചോദ്യത്തിന് രണ്ടേ രണ്ടേ മറുപടിയേ കിട്ടാനുള്ളൂ. 'ങും..ഞാനൊന്ന് ആലോചിക്കട്ടെ' എന്നാണ് ഒരു മറുപടി. അതു കേട്ടാല്‍ പിന്നെ ചോദ്യോം പറച്ചിലുമൊന്നുമില്ല. എല്ലാവരും സമയം കളയതെ അവനവന്റെ പുതപ്പിനടിയില്‍ നുഴഞ്ഞു കയറി ഉറക്കം തുടങ്ങും. ആ ആലോചന ഒരിക്കലും തീരില്ലാന്നറിയാവുന്നതു കൊണ്ട്. ഇനി അതല്ല 'ഏതു സിനിമയാ?" എന്നാണ് പപ്പ ചോദിക്കുന്നതെങ്കില്‍ പിന്നെ അവിടെ ഉത്സവമാണ്.സിനിമയ്ക്കു പോവാന്‍ തീരുമാനിച്ചെങ്കില്‍ മാത്രമേ പപ്പ അങ്ങനെ ചോദിക്കൂ.പിന്നെ കുപ്പായം മാറ്റലായി, കാണാന്‍ പോവുന്ന സിനിമയെപറ്റി അറിയാവുന്ന കാര്യങ്ങളൊക്കെ വിളമ്പലായി.. ആകെ ബഹളം. തീയേറ്ററില്‍ ബാല്‍ക്കണിയിലെ ഏറ്റവും പുറകിലുള്ള സീറ്റിലേ പപ്പ ഞങ്ങളെ ഇരുത്തൂ. മുന്നിലുള്ളവരുടെ തല കാരണം ഒന്നും കാണാന്‍ പറ്റില്ല. സിനിമ തുടങ്ങി കുറച്ചു കഴിയുമ്പോള്‍ ഞങ്ങളെ മൂന്നെണ്ണത്തെയും പൊക്കി സീറ്റിന്റെ കയ്യിലിരുത്തും. പിന്നെ എല്ലാം ക്ലിയര്‍...
എന്നാലും അക്കാലത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു തീയേറ്ററില്‍ ഏറ്റവും മുന്നിലിരുന്ന് സിനിമ കാണണംന്നുള്ളത്. ബാല്‍ക്കണീടെ വല്യ ആരാധകനായ പപ്പയോട് അങ്ങനെയൊരാഗ്രഹം പറഞ്ഞിട്ടും ഒരു കാര്യവുമില്ലായിരുന്നു. പപ്പയുടെ അമ്മ -ഞങ്ങള്‍ടെ അമ്മച്ചി- വരുമ്പോഴാണ് ആ ആഗ്രഹം സാധിക്കാറുള്ളത്. അമ്മച്ചിയ്ക്ക് സിനിമ വല്യ ഇഷ്ടമാണ്. വന്നാലുടനെ ഞങ്ങള്‍ മൂന്നു പേരും കൂടി അമ്മച്ചിയെ ചൂടു കേറ്റി സിനിമ കാണാന്‍ പോവും. അമ്മച്ചീടടുത്ത് പപ്പയുടെ കടുംപിടിത്തങ്ങളൊന്നും നടക്കില്ല. മോണിംഗ് ഷോയ്ക്ക് ഞങ്ങളേം കൂട്ടിം അമ്മച്ചി പോകും. 'മ്മക്ക് മുന്‍പീല്‍ത്തെ ടിക്കറ്റെടുക്കാം'-ന്നു പറഞ്ഞാല്‍ പിന്നെ അമ്മച്ചി അതേ എടുക്കൂ. അങ്ങനെ മുന്‍പിലിരുന്ന് ആദ്യം കണ്ട സിനിമയാണ് ഡോക്ടര്‍ പശുപതി. അന്നു വരെ കണ്ട സിനിമകളില്‍ വച്ച് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ വേറെയില്ല. സിനിമയുടെ മേന്‍മയേക്കാളും അത്രേം മുന്നിലിരുന്ന് അത്രേം വലിപ്പത്തില്‍ സിനിമ കണ്ടതാവണം ആ ഇഷ്ടക്കൂടുതലിനു കാരണം. പിന്നെ അതു പോലെ ഇരട്ടി വലിപ്പത്തില്‍ സിനിമ കണ്ടത് വര്‍ഷങ്ങള്‍ക്ക് ശേഷം ഡെല്‍ഹിയിലെ സംഘം തീയേറ്ററില്‍ വച്ചാണ് - തന്മാത്ര എന്ന സിനിമ. എല്ലാര്‍ക്കും വേണ്ടി ടിക്കറ്റെടുക്കാന്‍ പോയത് ഞാനായിരുന്നു. ഏറ്റവും മുന്‍പിലേ സീറ്റുള്ളൂ എന്നു കേട്ടപ്പോൾ സത്യം പറഞ്ഞാല്‍ പ്രത്യേകിച്ചു കുഴപ്പമൊന്നും തോന്നീല്ല.. പണ്ടത്തെ പശുപതി സിനിമ കണ്ടപോഴുള്ള സന്തോഷമായിരുന്നു മനസില്‍. എന്തായാലും തന്മാത്ര എന്റെ സിനിമാനുഭവങ്ങളിലെ ഒരു കറുത്ത അധ്യായമായി മാറി. കൂടെ സിനിമ കാണാന്‍ വന്ന കൂട്ടുകാരുടെയൊക്കെ കയ്യില്‍ നിന്ന് വേണ്ടുവോളം കിട്ടി. നഷ്ടപരിഹാരമായി എല്ലാര്‍ക്കും ഓരോ ടിക്കറ്റും കൂടി എടുത്തു കൊടുക്കണംന്നു വരെ ആവശ്യമുണ്ടായി. വലിപ്പം കാരണം സ്ക്രീനിന്റെ ഒരു സൈഡേ കാണാന്‍ പറ്റിയുള്ളൂ പോലും. മറ്റേ സൈഡില്‍ എന്തു സംഭവിച്ചു എന്നു കാണാനാണ് ഒരു ടിക്കറ്റും കൂടി.കുറ്റം പറയാന്‍ പറ്റില്ല.മിനിമം ഒരു സൈക്കിളെങ്കിലുമുണ്ടെങ്കിലേ സ്ക്രീന്‍ മുഴുവനായി കണ്ടുതീര്‍ക്കാന്‍ പറ്റൂന്ന് എനിക്കും തോന്നിയിരുന്നു പലവട്ടം..
സ്വന്തമായി വരുമാനമൊക്കെ ആയപ്പോള്‍ ഏറ്റവും കൂടുതല്‍ കാശു ചെലവാക്കിയതു സിനിമാ കാണാനായിരുന്നു. തീയേറ്ററില്‍ പോയി സിനിമ കാണുന്നതിന്റെ ത്രില്‍ മാത്രമല്ല, റൂംമേറ്റിന്റെ സിനിമാഭ്രാന്തും അതിനു കാരണമായിരുന്നു. സന്തോഷം വന്നാലും സങ്കടം വന്നാലും ആ കുട്ടിക്ക് സിനിമ കാണണം. ഡെല്‍ഹിയിലെ ഒരുമാതിരിയുള്ള എല്ലാ സിനിമാതീയേറ്ററുകളിലും ഞങ്ങള്‍ തപ്പിപ്പിടിച്ചു ചെന്നിട്ടുണ്ട്.അങ്ങനെ കണ്ടു തീര്‍ത്തിട്ടുള്ള ഹിന്ദിസിനിമകള്‍ക്കു കണക്കില്ല. പിന്നെ വല്ലപ്പോഴും മാത്രം വന്നു മുഖം കാണിച്ചു പോകുന്ന മലയാളം സിനിമകളും. റൂംമേറ്റ് മലയാളി അല്ലാത്തതിനാല്‍ മലയാളം സിനിമ കാണാന്‍ കൂടെ വരില്ല. പക്ഷെ തിരിച്ചു ചെന്നാലുടനെ അതിന്റെ കഥയും വിശകലനവുമൊക്കെ പറഞ്ഞുകൊടുക്കണം. കഥ വല്ലാതെ ഇഷ്ടപ്പെട്ടാല്‍ പിന്നെ ഒരു ഡയലോഗുണ്ട് "ഈ സിനിമ പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമായിരിക്കും അല്ലേ?" എന്ന്..ചുരുക്കിപറഞ്ഞാല്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളം സിനിമയുമായി കണക്ട് ചെയ്യാന്‍ അവള്‍ക്ക് ആകെയുള്ള രണ്ടു സഹായികളായിരുന്നു ഞാനും പ്രിയദര്‍ശനും. കാലത്തിന്റെ കുത്തൊഴുക്കില്‍ ഞാന്‍ ഡെല്‍ഹി വിട്ടതില്‍ പിന്നെ ഇപ്പോള്‍ പ്രിയദര്‍ശന്‍ മാത്രമായി പാവത്തിന്റെ ഏക ആശ്രയം..
പതുക്കെ പതുക്കെ എന്റെ സിനിമ കാണലൊക്കെ കമ്പ്യൂട്ടറില്‍ മാത്രമായി ചുരുങ്ങാന്‍ തുടങ്ങി. സമയക്കുറവും സാമ്പത്തികലാഭവുമൊക്കെ കാരണങ്ങളായിരുന്നു. ജോലിത്തിരക്കിനിടയില്‍ കഷ്ണം കഷ്ണമായി കണ്ടാണ് ഓരോ സിനിമയും കണ്ടു തീര്‍ക്കുന്നത്. ഇഷ്ടപ്പെടാത്ത ഭാഗങ്ങളൊക്കെ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്തു വിടും. സത്യം പറഞ്ഞാല്‍ സിനിമയ്ക്കിടയില്‍ പാട്ടുകളും സ്റ്റണ്ട് സീനുമൊക്കെ കണ്ട കാലം മറന്നു. ഇങ്ങനെ സ്വന്തമായി എഡിറ്റ് ചെയ്തു മുറിച്ചുമാറ്റി ഒരു ഫുള്‍ സിനിമ ഒരു മണിക്കൂറിനുള്ളിലൊക്കെ കണ്ടു തീര്‍ക്കും. തീയേറ്ററില്‍ പോയി ഇന്റര്‍വെല്ലിലെ പരസ്യം പോലും വള്ളിപുള്ളിവിടാതെ കണ്ടു കൊണ്ടിരുന്ന, സിനിമയുടെ ആദ്യം പേരെഴുതിക്കാണിക്കുന്നത് പോലും മിസ്സാവുന്നതു സഹിക്കാത്ത, സിനിമ തീര്‍ന്നു കഴിഞ്ഞാലും എല്ലാം എഴുതിക്കാണിച്ച് അവസാനം സ്ക്രീന്‍ ബ്ലാങ്കാവുന്നതു വരെ സീറ്റില്‍ നിന്നെഴുന്നേല്‍ക്കാത്ത ആ പഴയ കുട്ടിക്കുണ്ടായ മാറ്റമാണിത്. ഈ മാറ്റത്തിന്റെ ആഴം മനസിലായത് ഈയടുത്ത കാലത്ത് 'ജബ് വീ മെറ്റ്' എന്ന സിനിമ കാണാന്‍ പോയപ്പോഴാണ്. ഒഴിഞ്ഞു മാറാന്‍ പരമാവധി നോക്കിയിട്ടും ചേച്ചിയുടെ നിര്‍ബന്ധം കാരണം പറ്റിയില്ല. സിനിമ തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ആദ്യത്തെ മാറ്റം പ്രകടമായത്. കമ്പ്യൂട്ടറിന്റെ ഇട്ടാവട്ടാത്തിലുള്ള സ്ക്രീനില്‍ സിനിമ കാണാന്‍ ശീലിച്ച എന്റെ കണ്ണുകള്‍ക്ക് ആ വലിയ സ്ക്രീനുമായി പൊരുത്തപ്പെടാന്‍ പറ്റുന്നില്ല!! അസാമാന്യ വലിപ്പം.അതുമായി ഒന്നഡ്ജസ്റ്റ് ചെയ്യാന്‍ തന്നെ നല്ല സമയമെടുത്തു.. പിന്നെ, പാട്ടിന്റെ മ്യൂസിക് തുടങ്ങുമ്പോള്‍ തന്നെ ഫാസ്റ്റ് ഫോര്‍വേഡടിക്കാന്‍ തരിക്കുന്ന കൈകള്‍.. കടിച്ചു പിടിച്ച് പാട്ടുസീന്‍ മുഴുവന്‍ കാണേണ്ടി വന്നതുകൊണ്ടുള്ള അസ്വസ്ഥത, ഇന്റര്‍വെല്‍ സമയത്തെ അക്ഷമ എന്നു വേണ്ട ആ സിനിമ കണ്ടു തീരുന്നതു വരെ ഞാനനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് കണക്കില്ല. തീയേറ്ററില്‍ പോയി ഒരു സിനിമ മുഴുവനായി കണ്ടാസ്വദിക്കാന്‍ കഴിയാത്തവിധം ഞാന്‍ മാറിപ്പോയെന്നാണ് എനിക്കു തോന്നുന്നത്. ഇത് എന്റെ മാത്രം മാറ്റമാണോ?..അതോ ലോകത്തെ മുഴുവന്‍ കമ്പ്യൂട്ടറിലേക്കൊതുക്കാന്‍ ശ്രമിക്കുകയോ നിര്‍ബന്ധിതരാവുകയോ ഒക്കെ ചെയ്യുന്ന ഞാനടക്കമുള്ള യുവതലമുറ മുഴുവന്‍ ഇത്തരമൊരു മാറ്റത്തെ അഭിമുഖീകരിക്കുന്നുണ്ടോ?അറിയില്ല.. പക്ഷെ ഒന്നെനിക്കുറപ്പിച്ചു പറയാന്‍ കഴിയും.. കഴിഞ്ഞ തലമുറയ്ക്ക് നാടകം എന്ന കലയെ പറ്റി പറയുമ്പോഴുണ്ടാറുള്ള ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗാണ് എനിക്ക് സിനിമാതീയേറ്ററുകളെ പറ്റി ഓര്‍ക്കുമ്പോള്‍. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്ന, ആവേശം കൊള്ളിച്ചിരുന്ന എന്നാല്‍ ഇപ്പോള്‍ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ആസ്വദിക്കാന്‍ കഴിയാതെപോവുന്ന ആ പഴയ ആലിങ്കില്‍ കോലങ്കങ്ങള്‍... കാലത്തിന്റെ അതിവേഗതയ്ക്കൊപ്പം പായുന്ന ഈ തലമുറ അതിനെ കൂടെക്കൂട്ടുമോ അതോ പാതിവഴിയിലുപേക്ഷിക്കുമോ.. കാത്തിരുന്നു കാണാം...