Sunday, January 18, 2009
കൊച്ചു കൊച്ചു ഭൂമികുലുക്കങ്ങൾ...
1) ആനിച്ചേച്ചി-ഇബ്രാഹിം ചേട്ടൻ ഇഷ്യൂ -- രണ്ടു പേരും വളരെക്കാലത്തെ പ്രണയത്തിനു ശേഷം വിവാഹിതരായി വിജയകരമായി ഒരു വർഷത്തെ ദാമ്പത്യജീവിതം കംപ്ലീറ്റ് ചെയ്യുന്നു.. ആ സന്തോഷത്തിന് ഇബ്രാഹിംചേട്ടൻ സമ്മാനിച്ച കുപ്പായവുമായി ആനിച്ചേച്ചി അയൽക്കാരിയായ എന്റെ മമ്മിയെ കാണാനെത്തുന്നു... മമ്മി കുപ്പായത്തെ വാനോളം പുകഴ്‌ത്തുന്നു.. അതു കൊണ്ടു തൃപ്തി വരാതെ ചേച്ചി ആ വഴി ചുമ്മാ നടക്കുന്ന എന്നോട് അഭിപ്രായം ചോദിക്കുന്നു.. ഞാൻ വളരെ സത്യസന്ധമായി "ഒരു രസവുമില്ല.. അല്ലേലും ഈ ഇബ്രാഹിം ചേട്ടന് ഒരു സെലൿഷനുമില്ലാ" എന്നു പ്രഖ്യാപിക്കുന്നു...ആനിച്ചേച്ചി കലം പോലെ വീർത്ത മുഖവുമായി തിരിച്ചു പോവുന്നു.. മമ്മി എന്നെ വീടിനു ചുറ്റും ഇട്ടോടിക്കുന്നു..
2) വിൻസിച്ചേച്ചി ട്രാജഡി - ചേച്ചീടെ അച്ഛൻ മരിച്ചുപോയതായി അയൽവീട്ടിലേക്കു വിവരമെത്തുന്നു. ആ വീട്ടിലെ ഡോക്ടറാന്റിയും അടുത്ത അയൽവാസിയായ എന്റെ മമ്മിയും ഇക്കാര്യം എങ്ങനെ വിൻസിച്ചേച്ചിയെ മയത്തിൽ അറിയിക്കുമെന്ന് കൂടിയാലോചിക്കുന്നു.. വിൻസിച്ചേച്ചിയുടെ ഭർത്താവായ സാജൻ ചേട്ടനെ വിളിച്ചുകൊണ്ടുവരാൻ എന്നെ നിയോഗിക്കുന്നു.. ഞാൻ അവർടെ വീട്ടിൽ ചെന്നു "ചേട്ടൻ ഇവിടില്ലാ" എന്ന മറുപടി കേട്ട് ഒന്നും മിണ്ടാതെ തിരിച്ചു വരാൻ തുടങ്ങുന്നു. "എന്തിനാടീ കൊച്ചേ ചേട്ടനെ അന്വേഷിക്കുന്നത്.." എന്നു ചേച്ചി ചോദിക്കുന്നു.. "ഒന്നൂല്ല.. ചേച്ചീടെ പപ്പ മരിച്ചു പോയി..അതു പറയാൻ വേണ്ടിയാണ് അവര് ചേട്ടനെ വിളിക്കുന്നത് " എന്നും അറിയിച്ച് ഞാൻ കടമ നിർവഹിച്ച് തിരിച്ചെത്തുന്നു.. മമ്മിയും ഡോക്ടറും തലയ്ക്കു കൈയ്യും വച്ച് അന്തംവിട്ടു നിൽക്കുന്നു..
ഇങ്ങനെ കാര്യങ്ങളെ നയപരമായി ഡീൽ ചെയ്യുന്നതിൽ എനിക്കുള്ള അപാരമായ കഴിവു മാത്രമായിരുന്നില്ല വീട്ടുകാരുടെ തലവേദന.. ചിരി,കരച്ചിൽ,ദേഷ്യം എന്നീ മൂന്നു വികാരങ്ങളെ ഒരു രീതിയിലും കൺട്രോൾ ചെയ്യാനു കഴിവില്ലായ്‌മയും വല്യ പ്രശ്നമായിരുന്നു . ബാക്കിയുള്ള എല്ലാ പരിപാടികളും 'പിന്നെ' 'പിന്നെ' എന്നും പറഞ്ഞ് മാറ്റിവച്ച് അവസാനം പതിമൂന്നാം മണിക്കൂറിൽ ഓടിയലച്ചു ചെയ്തു തീർക്കുന്ന ഒരാളാണെങ്കിലും ഈ മൂന്നു കാര്യങ്ങളും ഞാൻ കഴിവതും പിന്നത്തേക്കു മാറ്റിവയ്ക്കാറില്ല. ചിരീം കരച്ചിലുമൊക്കെ എന്നെ മാത്രം ബാധിക്കുന്ന പ്രശ്നമായതു കൊണ്ട് കുഴപ്പമില്ല; പക്ഷെ ദേഷ്യത്തിന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ല. എന്തെങ്കിലും അനിഷ്ടം തോന്നിയാൽ അതുടനെ തുറന്നുപറഞ്ഞില്ലേകിൽ പിന്നെ എനിക്കൊരു സമാധാനവുമില്ല. എല്ലാം കഴിഞ്ഞ് മാക്സിമം ഒരഞ്ചുമിനിട്ടിനകം ദേഷ്യമൊക്കെ തീർന്ന് ലാ ലാ ലാ പാടി അതുവഴി നടക്കും. അതുകൊണ്ടു തന്നെ ഞാനീ വെളിച്ചപ്പാടു മോഡിലേക്കു പോവുമ്പോൾ വീട്ടിലാരും തന്നെ മൈൻഡാക്കാറില്ല. അതുകൊണ്ട് യാതൊരു കാര്യവുമില്ലാത്തതു കൊണ്ടാണ്.. എന്റെ ദേഷ്യത്തിന് അത്രേമൊക്കെയെ ആയുസുണ്ടാകാറുള്ളൂ..പക്ഷെ വീട്ടുകാർക്ക് ഇതൊക്കെ ശീലമാണെന്നു കരുതി പുറമെയുള്ളവർക്ക് അങ്ങനെയാവണമെന്നില്ലല്ലോ.. അതു കൊണ്ടാണ് എനിക്ക് ജോലി കിട്ടി നാടു വിട്ടതു മുതൽ മമ്മി മുടങ്ങാതെ കൊന്തയെത്തിക്കാൻ തുടങ്ങിയത്.. പുന്നാരമോൾടെ കൂടെ താമസിക്കാൻ ഭാഗ്യം കിട്ടുന്നതാർക്കായാലും അവർക്ക് അപാരമായ ക്ഷമാശീലം ഉണ്ടായിരിക്കണേ എന്ന്..
ഏതായാലും മമ്മീടെ പ്രാർഥന ദൈവം കേട്ടില്ല. ക്ഷമയും സഹനവുമൊക്കെ സിനിമാ/സീരിയൽ നടിമാരിൽ മാത്രം കണ്ടു വരുന്ന പ്രതിഭാസമാണെന്നു വിശ്വസിക്കുന്ന കുരുട്ടിനാണ് എന്റെ സഹവാസിയാവാൻ ഭാഗ്യം സിദ്ധിച്ചത്. . സൂര്യനു താഴെയുള്ള എന്തു കാര്യങ്ങളെപറ്റിയും രണ്ടു പേർക്കും സ്വന്തമായി അഭിപ്രായമുള്ളതു കൊണ്ട് അഭിപ്രായവ്യത്യാസങ്ങളുടെ കാര്യത്തിലും ഒരു കുറവുമുണ്ടായിരുന്നില്ല. മണിക്കൂറുകളോളം ഇരുന്നു തർക്കിക്കും. തർക്കത്തിന്റെ തീവ്രതയൊക്കെ കണ്ടാൽ തോന്നും ഇനി ഈ ജന്മത്തിൽ രണ്ടും തമ്മിൽ മിണ്ടുകയേ ഇല്ല എന്ന്. വീട്ടിലാരെങ്കിലും അതിഥികളുണ്ടെങ്കിലാണ് വല്യ പ്രശ്‌നം..അവരിങ്ങനെ പോലീസിനെ വിളിക്കണോ ഫയർഫോഴ്‌സിനെ വിളിക്കണോ എന്നൊക്കെ ആലോചിച്ച് ടെൻഷനടിക്കുമ്പോഴേക്കും ഞങ്ങള് തർക്കമൊക്കെ തീർന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ കോമഡീമടിച്ച് കളിച്ച് ചിരിച്ച് നടക്കുന്നുണ്ടാവും.
ഇങ്ങനെയൊരു പൊട്ടിത്തെറിക്ക് സാക്ഷിയാവാൻ ഭാഗ്യം സിദ്ധിച്ചതു എന്റെ സ്വന്തം മാതാശ്രീക്കു തന്നെയായിരുന്നു. പുന്നാരമോളെ സ്നേഹിക്കാൻ വേണ്ടി ഡെൽഹിയിൽ വന്നതായിരുന്നു മമ്മി. ഞാനും കുരുട്ടും കൂടിയുള്ള ലൈഫ് ഒക്കെ കണ്ട് സന്തോഷിച്ച് 'ഏയ് ഇവിടെ കുഴപ്പമൊന്നുമില്ല..കുരുട്ടുമായി നല്ല കൂട്ടാണ്. രണ്ടിനേം ഒരു വണ്ടിക്കു കെട്ടാം..' എന്നൊക്കെ ആശ്വസിച്ച് കൊന്തയെത്തിക്കലും നേർച്ചകളുമൊക്കെ തൽക്കാലത്തേക്കൊന്നു നിർത്തിവച്ച സമയം. അങ്ങനെ ഒരു ദിവസം രാവിലെ കുളീം കഴിഞ്ഞിറങ്ങിയ മമ്മി കാണുന്നത് പോരുകോഴികളെപ്പോലെ നിൽക്കുന്ന എന്നെയും കുരുട്ടിനേയുമാണ്.(ആ വഴക്കിന്റെ കാരണമൊന്നും എനിക്കിപ്പോൾ ഓർമ്മയില്ല) മമ്മീടെ സമാധാനശ്രമങ്ങളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് രണ്ടും പേരും ചവുട്ടിത്തുള്ളി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. അദ്യം ഞാൻ.. പിന്നെ കുരുട്ട്.. (ശത്രുക്കൾ ഒന്നിച്ച് വീട്ടിൽ നിന്നിറങ്ങാനോ.. നോ വേ..). സാധാരണ ദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ഒരു റിക്ഷയിൽ പോയി കുരുട്ട് വഴിക്കൊരു ബസ്‌സ്റ്റോപ്പിലിറങ്ങും.. ഞാൻ റിക്ഷയിൽ തന്നെ ഓഫീസിലേക്കു പോവും അതാണ് പതിവ്. അതിന് ഞങ്ങൾക്കൊരു സ്ഥിരം റിക്ഷാക്കാരനുമുണ്ട്.എന്തായാലും ഞാനിങ്ങനെ വീട്ടിൽ നിന്നുമിറങ്ങി കൊടുങ്കാറ്റു പോലെ പാഞ്ഞു ചെന്ന് റിക്ഷയിൽ കയറി.അങ്ങേരാണെങ്കിൽ റിക്ഷയെടുക്കാതെ കുരുട്ടിനെയും കാത്തു നിൽക്കുകയാണ്.
"ദൂസ്‌രീ മാഡം എവിടെ?" അങ്ങേരുടെ വക അനേഷണം.
അല്ലെങ്കിൽ തന്നെ കലിയിളകി നിൽക്കുന്ന എനിക്ക് അങ്ങേരുടെ 'കുരുട്ട്' സ്നേഹം കൂടി കേട്ടപ്പോൾ പൂർത്തിയായി.
"എങ്കിൽ പിന്നെ ദൂസ്‌രീ മാഡത്തിനെയും കൊണ്ടു വന്നാൽ മതി"
എന്നും പറഞ്ഞ് ആ ചേട്ടനെ ഒന്നു ദഹിപ്പിക്കുന്നതു പോലെ നോക്കീട്ട് ചാടിയിറങ്ങി വേറെ റിക്ഷയിൽ പോയി കയറി. അപ്പോഴേക്കും അവിടെയെത്തിയ കുരുട്ട് പുറകിലുള്ള റിക്ഷയിൽ കയറിക്കഴിഞ്ഞിരുന്നു. ഏവം വിധം ഞങ്ങടെ ആ പാവം റിക്ഷാചേട്ടൻ 'കടിച്ചതുമില്ല പിടിച്ചതുമില്ല' എന്ന മട്ടിൽ ഞങ്ങള് പോവുന്നതു നോക്കി നിന്നു.
റിക്ഷകൾ രണ്ടും പുറപ്പെട്ട് ഒരു രണ്ടു മിനിട്ട് കഴിഞ്ഞിട്ടുണ്ടാവില്ല, കുരുട്ടിന്റെ വക ഫോൺകോൾ..
"എനിക്കൊരു പത്തു രൂപ വേണം.കയ്യിൽ ചില്ലറയില്ല" മയത്തിലൊന്നുമല്ല; കംപ്ലീറ്റ് ദേഷ്യത്തിൽ..
അതിന് എന്റടുത്ത് കാശൊന്നും സൂക്ഷിക്കാനേൽപ്പിച്ചിട്ടില്ലല്ലോ..ഉണ്ടോ.." ഞാനും വിട്ടു കൊടുത്തില്ല..
"വല്യ ഡയലോഗോന്നും വേണ്ട.. കാശെടുത്തു പിടിക്ക്..എന്നിട്ട് റിക്ഷ സ്ലോ ആക്ക്.. ഞാൻ വന്നു മേടിച്ചോളാം"
അതും കൂടി കേട്ടപ്പോൾ പിനെ മസിലു പിടിച്ചിരിക്കൻ പറ്റീല്ല. റിക്ഷ സ്ലോ ആക്കി പൈസേം കൊടുത്ത് രണ്ടു പേരും ഹാപ്പിയായി പിരിഞ്ഞു. വൈകിട്ടു ഞങ്ങളെ രണ്ടു പേരെയും ഉപദേശിക്കാൻ വേണ്ടി പോയന്റ്‌സൊക്കെ തയ്യാറാക്കിവച്ചു കാത്തിരുന്ന മമ്മീടെ മുന്നിലേക്ക് മദർ ഡയറീടെ ഐസ്‌ക്രീമും നക്കിക്കൊണ്ട് പതിവുപോലെ തന്നെ കളീം ചിരീമൊക്കെയായി ഞങ്ങളെത്തി.രാവിലെ ഉണ്ടാക്കിയ വഴക്കിന്റെ യാതൊരു ചമ്മലുമില്ലാതെ. മമ്മിക്കൊരു സ്പെഷ്യൽ ഐസ്ക്രീമും കയ്യിലുണ്ടായിരുന്നു കേട്ടോ. ഒന്നൂല്ലേലും രാവിലെ തൊട്ട് വൈകുന്നേരം പാവം ടെൻഷനടിച്ചോണ്ടിരുന്നതല്ലേ..
ആദ്യത്തെ വഴക്ക് വീട്ടിനകത്തു വച്ചായിരുന്നെങ്കിലും അടുത്തത് ഔട്ട്ഡോറിലായിരുന്നു. അതും കുറെക്കൂടി വിപുലമായ രീതിയിൽ..
ഇത്തവണത്തെ പ്രകടനത്തിനു സാക്ഷിയായത് കുരുട്ടിന്റെ കൂട്ടുകാരിയാണ്. ഡെൽഹീല് ജോലിയന്വേഷിച്ചു വന്നതായിരുന്നു ആ കുട്ടി.ഞങ്ങൾടെ കൂടെ താമസം.. തൽക്കാലം നമ്മക്കവളെ മീനു എന്നു വിളിക്കാം. പൊതുവെ ഞങ്ങൾടെ വീട്ടിൽ അതിഥികൾക്ക് സ്‌പെഷ്യൽ കൺസിഡറേഷനൊന്നും കൊടുക്കാറില്ല. ഞങ്ങൾക്കാണെങ്കിൽ വല്യ ചിട്ടകളൊന്നും ഇല്ല താനും. തോന്നുന്ന സമയത്തു ഭക്ഷണം,ഉറക്കം, വാചകമടി,വയന,പിന്നെ കറങ്ങാൻ പോക്ക്..അതായിരുന്നു അന്നത്തെ ഞങ്ങൾടെ അക്കാലത്തെ ഒരു ലൈഫ്‌സ്റ്റൈൽ.. മീനുവാണെങ്കിൽ ഞങ്ങളുടെ ചിട്ടകളോട്, അതായത് ചിട്ടയില്ലായ്മകളോട് പൊരുത്തപ്പെടാനാവാതെ ശ്വാസം മുട്ടിക്കഴിയുകയാണ്..അങ്ങനെ ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ എനിക്ക് ആതിഥ്യമര്യാദയുടെ ബാധ കൂടി. മീനുവിനെ ഞങ്ങൾ വേണ്ടവിധത്തിൽ നോക്കുന്നില്ല എന്നൊക്കെയുള്ള കുറ്റബോധം. ഉടനെ കുരുട്ടിനെ വിളിച്ച് ആ കുറ്റബോധം അങ്ങോട്ടേക്കും കൂടി പകർന്നു കൊടുത്തു. എന്തായാലും രണ്ടു പേരും കൂടി കൂടിയാലോചിച്ച് മീനുവിനെ ആ വെള്ളിയാഴ്ച വൈകുന്നേരം ഔട്ടിംഗിനു കൊണ്ടു പോകാമെന്നു തീരുമാനിക്കുകയും ചെയ്തു. പാവം എപ്പോഴും വീട്ടിലടച്ചിരിക്കുകയാണല്ലോ..
അങ്ങനെ വെള്ളിയാഴ്ച വൈകുന്നേരമായി. ഞാനും കുരുട്ടും ഓഫീസിൽ നിന്നും നേരെ മാർക്കറ്റിലേക്കു പോകണം.. മീനു റിക്ഷയിൽ മാർക്കറ്റിലേക്കെത്തണം.. എവിടെ വച്ചു കണ്ടുമുട്ടണമെന്നു ഞങ്ങൾ മീനുവിനെ ഫോൺ വിളിച്ചറിയിക്കും..ഇതൊക്കെയായിരുന്നു പ്ലാൻ. പക്ഷെ ഓഫീസിൽ നിന്നും ഇറങ്ങാൻ നേരത്തു തന്നെ കൃത്യമായും എന്തോ പണി കിട്ടിയതു കൊണ്ട് ഞാൻ വൈകിപ്പോയി; അല്ല സാമാന്യം നന്നായി തന്നെ ലേറ്റായി. മാർക്കറ്റെത്തീപ്പോഴേ കാണാം കുരുട്ട് ഞാൻ വരുന്ന ദിശയിലേക്കും നോക്കി വടി പോലെ നിൽക്കുനുണ്ട്. അടുത്തു ചെന്നിട്ടും യാതൊരു ഭാവഭേദവുമില്ല.. ഒടുക്കത്തെ സീരിയസ്..
"മീനു പുറപ്പെട്ടോ?" ഞാൻ 'ബിശ്യം' ചോദിച്ചു
അതിനു മറുപടിയൊന്നും കിട്ടീല്ല. തീ പറക്കുന്നതു പോലെ ഒരു നോട്ടം മാത്രം.
ഇതൊക്കെ കണ്ട് ഞാൻ അടങ്ങുമോ.. അതിനു വേറെ ആളെ നോക്കണം..
" ഇന്തെന്താ ഒരു ഭാവാഭിനയം?"
"വൈകുന്നുണ്ടെങ്കിൽ വിളിച്ചു പറയണം.. കയ്യിൽ ഫോണുണ്ടായിരുന്നില്ലേ?" കുരുട്ട് ഒന്നൂടെ തീ പറപ്പിച്ചു നോക്കി..
അതിനു മര്യാദയ്ക്ക് 'ഓഫീസിൽ കുറച്ചു പണിയുണ്ടായിരുന്നു' എന്നങ്ങു പറഞ്ഞാൽ മതി. പക്ഷെ അങ്ങനൊക്കെ സമാധാനപരമായി സംസാരിച്ചാൽ ഞാൻ ഞാനല്ലാതായിപ്പോവില്ലേ..
"ഓ തോന്നീല്ല.. അങ്ങോട്ടും വിളിച്ചന്വേഷിക്കമായിരുന്നല്ലോ.. ഫോണൊക്കെ ഇവിടെയുമുണ്ടല്ലോ.."
അതും കൂടി കേട്ടതും കുരുട്ട് സർവവെറുപ്പോടെ എന്നെ ഒന്നു നോക്കീട്ട് വെട്ടിത്തിരിഞ്ഞ് മാർക്കറ്റിനുള്ളിലേക്കു കയറിപ്പോയി. ഒരു മൂളിപ്പാട്ടും പാടി ഞാൻ പുറകെയും. ഞങ്ങളിങ്ങനെ മൗനജാഥ പോലെ കുറച്ചങ്ങു നടന്നതേയുള്ളൂ. കുരുട്ടിന് മീനൂന്റെ കോൾ വന്നു. എവിടെ നിൽക്കണമെന്ന് ഞങ്ങൾ പറയാത്തതു കൊണ്ട് ആ കുട്ടി മാർക്കറ്റു വഴി അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്.
"ഇപ്പോൾ എവിടാണെന്നു വച്ചാൽ അവിടെ തന്നെയങ്ങു നിന്നാൽ മതി. ഞാനങ്ങു വന്നോളാം" കുരുട്ട് എന്നോടുള്ള ദേഷ്യം മുഴുവൻ മീനുവിനോടു തീർത്തു.
" അതിന് മീനു നിൽക്കുന്നതെവിടാണെന്ന് കുരുട്ട് ഗണിച്ചറിയുമോ?" ഞാൻ ഇടയിൽ കയറി ചോദിച്ചു.
കുരുട്ടാകട്ടെ എന്റെ ചോദ്യത്തെ പുല്ലുപോലെ അവഗണിച്ച് കോൾ കട്ട് ചെയ്യാനൊരുങ്ങുകയാണ്. ഞാൻ ഒറ്റക്കുതിക്കലിന് ആ ഫോൺ തട്ടിപ്പറിച്ചു മേടിച്ചു.എന്നിട്ട് മീനു നിൽക്കുന്ന സ്ഥലമൊക്കെ ചോദിച്ചു മനസിലാക്കി. ഫോൺ തിരിച്ചു കൊടുത്തപ്പോൾ കുരുട്ടു മേടിക്കുന്നില്ല.. വാശി..ഞാൻ പിന്നെ നിർബന്ധിക്കാനൊന്നും പോയില്ലേ. അതെടുത്ത് എന്റെ ബാഗിലേക്കിട്ടു. എന്നിട്ടു മീനൂന്റടുത്തേക്കു വിട്ടു. കുരുട്ടും പിന്നാലെയുണ്ട്..
ഞങ്ങളെ കണ്ടതും മീനു ആശ്വാസത്തോടെ അത്രേം നേരം അനുഭവിച്ച ടെൻഷനെപ്പറ്റിയൊക്കെ വിവരിക്കാൻ തുടങ്ങി. ഞാൻ അതിലൊന്നും താൽപ്പര്യമില്ലാതെ 'അവരായി അവരുടെ പാടായി' എന്ന മട്ടിൽ വല്ല വഴിക്കും നോക്കി നിൽക്കുകയാണ്. പെട്ടെന്നാണ് മീനൂന്റെ വിവരണങ്ങളെ മൈൻഡാക്കാതെ കുരുട്ട് അതിഭീകരമായി പൊട്ടിത്തെറിച്ചത്. മീനു ഒന്ന് അന്തംവിട്ടു നിന്നിട്ട് അവിടെ നിന്നു കരയാൻ തുടങ്ങി. അതോടെ എന്റെ രക്തവും പതഞ്ഞുപൊങ്ങൻ തുടങ്ങി. ഞാൻ കുരുട്ടിനെ നേരിട്ടു.ഒരഞ്ചു മിനിടു നേരം ഊക്കൻ വാദപ്രതിവാദങ്ങളുമായി അത്യുഗ്രൻ വഴക്ക്.പച്ചമലയാളത്തിൽ.. പറയാനുള്ളതൊക്കെ പറഞ്ഞ് ഒന്നു ശാന്തമായി നോക്കീപ്പഴാണ്.. ആ ഏരിയയിലൂടെ പോയ സകലമനുഷ്യരും അവിടെ അമ്പരന്നു നിൽക്കുന്നു..
ഇനിയെന്തു ചെയ്യും!! കുരുട്ട് എന്നെ കലിപ്പോടെ ഒന്നു നോക്കിയിട്ട് മുന്നിൽ കണ്ട വഴിയേ അങ്ങു പോയി അപ്രതക്ഷ്യയായി. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഞാനും അതേ വഴിയിലേക്ക് തന്നെ തിരിഞ്ഞു. അപ്പോഴാണ് അവിടെ കരഞ്ഞു കൊണ്ടു നിൽക്കുന്ന മീനൂന്റെ കാര്യം ഓർത്തത്..
" മീനൂന് വേണമെങ്കിൽ എന്റെ കൂടെ വരാം.. അല്ലെങ്കിൽ ഇവിടെ നിന്നു കരയാം.. എന്തു വേണമെനു തീരുമാനിച്ചോ.."
ആ പറഞ്ഞ രീതിയൊക്കെ കേട്ടൽ പിന്നെ ജീവനിൽ കൊതിയുള്ള ആരു എന്റെ കൂടെ വരില്ല. എന്നിട്ടും മീനു വന്നു. പാവത്തിനു വേറെ വഴിയൊന്നുമില്ലല്ലോ..
കുറച്ചങ്ങു നടന്നപ്പോഴേക്കും എന്റെ ദേഷ്യമൊക്കെ തണുത്തു. ഇനി കുരുട്ടിനെ കണ്ടു പിടിക്കണം. കുരുട്ടിന്റെ ഫോണാണെങ്കിൽ എന്റെ ബാഗിൽ കിടക്കുകയാണ്. ഞാൻ ശാന്തമായി ഒന്നാലോചിച്ചു നോക്കി. കുരുട്ട് ഒറ്റയ്ക്ക് പോവാനിടയുള്ള ഏക സ്ഥലം ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എ.ടി. എം ആണ്. അങ്ങോട്ടു തന്നെ വിട്ടു. ഊഹം തെറ്റിയില്ല.. എ.ടി.എമ്മിന്റെ ക്യൂവിൽ കുരുട്ടു നിൽക്കുന്നുണ്ട്. മീനു ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഇനിയെന്തുചെയ്യണമെന്ന് ഒരു പിടിയും കിട്ടാതെ റോഡിൽ കുറ്റിയടിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുരുട്ട് ബാങ്കിൽ നിന്നിറങ്ങി നേരെ ഞങ്ങൾടെ അടുത്തേക്കു വന്നു. രണ്ടും കൽപ്പിച്ചാണ് വരവെന്ന് കണ്ടാലറിയാം.
മീനു ശ്വാസമടക്കിപ്പിടിച്ചു നിൽക്കുകയാണ്. എനിക്കു ചെറിയോരു പേടി തോന്നാതിരുന്നില്ല. കുരുട്ട് നേരെ എന്റെ മുന്നിൽ വന്നു നിന്നു. എന്നിട്ട് എന്നെ നോക്കാതെ അടുത്തുള്ള ഒരു കടയിലേക്ക് ദൃഷ്ടിയുറപ്പിച്ച് പറഞ്ഞു.
"എനിക്കു വിശക്കുന്നു"
" എങ്ങോട്ടു പോണം?" ഞാൻ വേറൊരു കടയിലേക്കു നോക്കി ചോദിച്ചു.
"എങ്ങോട്ടെങ്കിലും"
ഞാൻ പിന്നൊന്നും മിണ്ടാതെ നടന്ന് അടുത്തുള്ള ഒരു റെസ്റ്ററൻറ്റിൽ ചെന്നു കയറി. പുറകെ കുരുട്ട്..അതിനും പുറകേ മീനു..
വെയ്റ്റർ വന്നു..ഞാൻ എനിക്കു തോന്നിയതു പോലൊക്കെ ഓർഡർ ചെയ്തു..ആരോടും ഒരഭിപ്രായവും ചോദിക്കാതെ..
" ഇതൊക്കെ കുരുട്ടിന് ഇഷ്‌ടമാണോ?" മീനു പതുക്കെ എന്നോടു ചോദിച്ചു.
ഞാനും കുരുട്ടും പരസ്പരം നോക്കി..
" വായിൽ നാവുണ്ടല്ലോ..ഇഷ്ടമില്ലെങ്കിൽ ഇഷ്ടമല്ലാ എന്നു പറയാൻ" ഞാൻ മീനുവിനോടു പറഞ്ഞു..
" എനിക്കിഷ്ടമില്ലെങ്കിൽ ഞാൻ പറഞ്ഞോളാം..മീനു ബുദ്ധിമുട്ടണ്ട." കുരുട്ടും അറിയിച്ചു.
മീനു നിശബ്ദയായി. പുറമേ ഭയങ്കര സീരിയസായിട്ടാണ് ഇരിപ്പെങ്കിലും എനിക്ക് ഉള്ളിൽ ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കുരുട്ടിന്റെ അവസ്ഥയും അതു തന്നെയാണെന്ന് എനിക്കു മനസിലായി.. ചിരിക്കാൻ ഒരു ഗ്യാപ് കിട്ടാൻ കാത്തിരിക്കുകയാണ്..
വെയ്‌റ്റർ ഒരു മെഴുകുതിരി കത്തിച്ച് ഞങ്ങൾടെ നടുക്ക് ടേബിളിൽ കൊണ്ടു വച്ചു. മൂന്നു പേരും ആ തിരിയിലേക്കു തന്നെ നോക്കിക്കൊണ്ടിക്കുകയാണ്. അപ്പോഴാണ് പതിഞ്ഞ ശബ്ദത്തിൽ ഒരു ആത്മഗതം..മീനൂന്റെ വക..
"ഇവിടിപ്പോ ഉള്ള ചൂടൊന്നും പോരാഞ്ഞിട്ടണോ ഇങ്ങേര് ഇതും കൂടി കൊണ്ടു വന്ന് കത്തിച്ചത്!!"
അതോടു കൂടി ഞങ്ങൾടെ കൺട്രോൾ വിട്ടു. ഫ്രണ്ട്‌സ് സിനിമയിൽ ശ്രീനിവാസൻ ചിരിക്കുന്നതു പോലെ അന്തമില്ലാത്ത ചിരി. അതികഠിനമായ ഒരു പിണക്കത്തിന്റെ അതിമനോഹരമായ പര്യവസാനം..
Thursday, December 18, 2008
പാചകവിശേഷങ്ങൾ...
ഈ പാചകമാജിക്കില്‍ മമ്മീടെ ഗുരു-കം-അമ്മായിഅമ്മ എന്റെ അമ്മച്ചിയാണ്. അമ്മച്ചീടെ നല്ല കാലത്ത് കുറച്ചു ചക്കക്കുരുവും മാങ്ങയും കൊണ്ട് അമ്മച്ചി വിഭവസമൃദ്ധമായ സദ്യ ഒരുക്കുമായിരുന്നത്രേ. അതപ്പോള്‍ കുടുംബത്തിലെ അംഗസംഖ്യ അത്രയും വലുതാണ്. എല്ലാരെയും തീറ്റിപ്പോറ്റണമെങ്കില്‍ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുന്നതു പോലുള്ള മാജിക്കൊക്കെ അമ്മച്ചി കാണിച്ചു പോവും. കുറ്റം പറയാന്‍ പറ്റില്ല. ഈ രണ്ടു മാജിക്കുകാരികളെയും കൂടാതെ എന്റെ വീട്ടില്‍ ഒരു പാചകശാസ്ത്രജ്ഞയുമുണ്ട്- എന്റെ ചേച്ചി.. പാചകം ആറ്റംബോബുണ്ടാക്കുന്നതു പോലുള്ള ഒരു ശാസ്ത്രമാണെണെന്നാണ് അവൾടെ വിശ്വാസം. എന്തേലും നിവര്‍ത്തിയുണ്ടെങ്കില്‍ അവള് കോമ്പസും സ്കെയിലും തെര്‍മോമീറ്ററും സ്റ്റോപ്പ്‌വാച്ചും ടൈമറും ഒക്കെ ഉപയോഗിച്ചേ പാചകം ചെയ്യൂ. എല്ലാം പെര്‍ഫക്ടായിട്ട്. അതുകൊണ്ടെന്താ.. അവളിങ്ങനെ വൃത്തോം അലങ്കാരോമൊക്കെ ശ്രദ്ധിച്ച് സാധനമുണ്ടാക്കി വരുമ്പോഴെക്കും ബാക്കിയുള്ളോര് പട്ടിണി കിടന്നു മൃതിയടഞ്ഞിട്ടുണ്ടാവും.പിന്നുള്ളത് അനിയനാണ്. അവന്റെ മാസ്റ്റര്‍ പീസ് 'തട്ടുകട കപ്പ' എന്ന വിഭവമാണ്. എന്നു വച്ചാല്‍ മമ്മി ഉണ്ടാക്കിയ കപ്പയും ബീഫ് കറിയും ഒരു ചീനച്ചട്ടിയിലിട്ട് ഇളക്കിയോജിപ്പിച്ചു തരും. മട്ടും ഭാവവും കണ്ടാല്‍ തോന്നും ആ കപ്പ നട്ടതു പോലും അവനാണെന്ന്. അത്രയ്ക്കുണ്ടാവും അഹങ്കാരം.
ഇവര്‍ടെയിടയില്‍ നിന്ന് രക്ഷപെട്ട് ഓഫീസിലെത്തിയാലോ.. അവിടെ മറ്റൊരു തരം പാചകജീവികളെയാണ് നേരിടേണ്ടി വരുന്നത്- പുതുതായി കല്യാണം കഴിഞ്ഞ് തിരികെ ജോലിയില്‍ കയറുന്ന പെണ്ണുങ്ങള്‍.. മഷ്രൂം കുക്കിണീസ് എന്നു ഞാനിട്ടിരിക്കുന്ന പേര്. പേരു പോലെ തന്നെ കൂണ് മുളയ്ക്കുന്നതു പോലെ ഒറ്റ ദിവസം കൊണ്ടൊക്കെയാണ് ഇവര്‍ പാചകത്തിന്റെ ഉത്തുംഗശൃഖത്തിലെത്തുന്നുന്നത്. കല്യാണത്തിനു മുന്‍പു വരെ നമ്മടെ കൂടെയിരുന്ന് ബ്രഡിന്റെ കൂടെ കഴിക്കാന്‍ തക്കാളിയാണോ വെള്ളരിക്കയാണോ നല്ലത് എന്നൊക്കെ ചര്‍ച്ച ചെയ്തോണ്ടിരുന്ന ടീംസാണ്; കല്യാണം കഴിഞ്ഞാലുടനെ ഹൈദരാബാദി ദം ബിരിയാണി, എത്യോപ്യന്‍ പുഡ്ഡിംഗ് തുടങ്ങിയ ലെവലിലേക്കൊക്കെ അങ്ങുയര്‍ന്നു പോവും.അതു കൂടാതെ മറ്റൊരു പുതുമയും കൂടിയുണ്ട് ഇക്കൂട്ടര്‍ക്ക്- റ്റിഫിന്‍ .. അതും വല്ല ദോശയും ഇഡലിയും പുട്ടുമൊക്കെയായിരിക്കും. "യ്യോ നീയിതെന്നുമുതലാണ് ഇങ്ങനെ രാജകീയബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ചു തുടങ്ങീത്" എന്ന് അന്തംവിടുമ്പോഴാണ് അടുത്ത ഷോക്ക് "ചേട്ടന് ബ്രേക്ക്ഫാസ്റ്റിന് ഇതാണിഷ്ടം" എന്ന്. ഇഷ്ടമൊക്കെ അങ്ങനെ പലതുമുണ്ടാവും.. ഉള്ളതു പറയാലോ.. എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ് ജീവിക്കാറുള്ളത്.അല്ലെങ്കില്‍ പിന്നെ അടുത്തു വല്ല ഹോട്ടലോ മറ്റോ വേണം. ലവന്മാര്‍ക്കൊക്കെയാണ് കല്യാണം കഴിയുന്നതോടെ മണ്‍കലത്തിലുണ്ടാക്കിയ ചോറ്, അമ്മീലരച്ച ചമ്മന്തി, ചിരട്ടപ്പുട്ട് തുടങ്ങിയ കോംപ്ലികേറ്റഡ് വിഭവങ്ങളില്ലാതെ ജീവിക്കാന്‍ പറ്റാതാവുന്നത്. ഈ നട്ടാല്‍ കുരുക്കാത്ത നുണ കേട്ടാലുടനെ വിശ്വസിക്കാന്‍ കുറെ പെണ്‍ജന്‍മങ്ങളും!! ഇങ്ങനെ ചില അഭിനവഭര്‍ത്താക്കന്മാരാണെങ്കില്‍ വേറൊരു കഥയാണു പറയുന്നത്. അവര്‍ ആവശ്യപ്പെടാതെയാണ് ഭാര്യമാര്‍ ഇത്തരം ഭക്ഷ്യമേളകളൊക്കെ ഒരുക്കുന്നതെന്ന്- അവരെ ഇംപ്രസ് ചെയ്യിക്കാന്‍ വേണ്ടി.. ഇതിന്റെയൊക്കെ സത്യാവസ്ഥ എന്താണോ എന്തോ.. എന്തായാലും ഇത്തരത്തിലുള്ള ആവേശമൊക്കെ രണ്ടുമൂന്നു മാസം കൊണ്ട് തണുത്തുറഞ്ഞ് ഇവരൊക്കെ പഴയ മാഗി/ബ്രഡ്/പഴം ഡയറ്റിലെക്കു തിരിച്ചുപോവുന്നതായിട്ടാണ് പൊതുവേ കണ്ടുവരുന്നത്.. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഓഫീസിൽ ഒളിഞ്ഞും തെളിഞ്ഞും നേരിടേണ്ടി വരുന്ന മറ്റൊരു കൂട്ടരുണ്ട്. നമ്മളിങ്ങനെ ആര്‍ക്കും ശല്യമാവാതെ കാന്റീനിന്റെ ഒരൊഴിഞ്ഞ കോണിൽ സാൻഡ്‌വിച്ചും കടിച്ചുപറിച്ചിരിക്കുമ്പോഴായിരിക്കും ഇക്കൂട്ടരുടെ വഹ അഭിപ്രായപ്രകടനങ്ങൾ--" ങ്‌ഹും..ഇന്നത്തെ പെണ്‍കുട്ടികള്‍.. ഇതുങ്ങള്‍ക്കൊക്കെ വല്ലതും വച്ചുണ്ടാക്കിക്കൂടേ" എന്ന് . ഇനീപ്പം എന്റെ സ്ഥനത്ത് വല്ല പയ്യനുമാണ് സാൻഡ്‌വിച്ചും കൊണ്ടിരിക്കുന്നതെങ്കിലോ.. അങ്ങു സഹതാപമാണ്.. "പാവം വച്ചു വിളമ്പാനാരുമില്ല.. ഇവനൊരു കല്യാണം കഴിച്ചാലെന്താ" -ആ ലൈനിലങ്ങു പോവും. എനിക്കും അവനുമൊക്കെ ദിവസത്തില്‍ 24 മണിക്കൂറേ ദൈവം അനുവദിച്ചു തന്നിട്ടുള്ളൂ എന്നോര്‍ക്കണം.. എന്തൊരക്രമം.. അനീതി!!
ഇത്രേമൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാനൊരു പാചകവിരോധിയാണ് എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്. പാചകത്തെ അതിമനോഹരമായ ഒരു കലയായി കണക്കാക്കുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു വ്യക്തിയാണ് ഞാൻ .അതുകൊണ്ടു തന്നെ ചില പ്രശ്നങ്ങളുമുണ്ട്. അതായത് ഏതെങ്കിലും ഒരു കലാകാരന് രാവിലെ എട്ടുമണിക്കു മുൻപ്/ഉച്ചയ്ക്ക് ഒരു മണിയ്ക്ക്/രാത്രി എഴു മണിയ്ക്ക് എന്ന മട്ടിൽ സമയബന്ധിതമായി കലാസൃഷ്ടികളുണ്ടാക്കാൻ പറ്റുമോ..അതിനൊക്കെ നല്ല മൂഡു വേണം, ഭാവന വേണം ,ആവശ്യമായ സാധനങ്ങൾ വേണം, അനുകൂലമായ സാഹചര്യം വേണം.. പറഞ്ഞുവരുന്നത് എന്റെ പാചകകലാസൃഷ്ടിയും ഇങ്ങനുള്ള അപൂർവ്വനിമിഷങ്ങളിലേ രൂപം കൊള്ളാറുള്ളൂ.. . ബാക്കിയുള്ള ദിവസങ്ങളിലൊക്കെ വല്ല പഴമോ പച്ചക്കറിയോ ഒക്കെ കഴിച്ചാണ് ജീവൻ നിലനിർത്താറുള്ളത് .. ഇനീപ്പം വല്ലതും വച്ചുണ്ടാക്കാൻ തോന്നിയാലോ- പാരമ്പര്യപാചകത്തിന്റെ കംപ്ലീറ്റ് നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടുള്ള വിഭവങ്ങളേ ഉണ്ടായിവരാറുള്ളൂ. വേണംന്നു വച്ചു ചെയ്യുന്നതല്ല.. അങ്ങനെയൊക്കെ ആയിപ്പോകുന്നതാണ്. ദാ തെളിവിനായി കഴിഞ്ഞ ഒരുമാസത്തെ കലാസൃഷ്ടികൾടെ അവസ്ഥ താഴെക്കൊടുക്കുന്നു.
1)ഗുലാബ് ജാമുൻ - എവിടൊക്കെയോ എന്തൊക്കെയോ പാളിയെന്നു ഉണ്ടാക്കികഴിഞ്ഞപ്പോൾ മനസിലായി. നല്ല സോഫ്റ്റായിരിക്കേണ്ട സാധനം കരിങ്കല്ലു പോലിരിക്കുന്നു.പിന്നെ എല്ലാത്തിലും പപ്പടംകുത്തീം കൊണ്ട് ഓരോ തുളയുമിട്ട് കുറെനേരം അതിനെ പഞ്ചസാര സിറപ്പിൽ മുക്കിപ്പിടിച്ചപ്പോൾ ഇത്തിരി മയം വന്നു ച്യൂയിംഗം പരുവത്തിലായിക്കിട്ടി. അയൽവാസിപ്പിള്ളാരുടെ ഇടയിലൊക്കെ വൻഹിറ്റായിരുന്നു. അവരിലാരും ശരിക്കും ഗുലാബ് ജാമുൻ കണ്ടിട്ടില്ലായിരുന്നൂന്ന് പ്രത്യേകം പറയണ്ടല്ലോ..
2)ക്യാരറ്റ് പായസം - അടപ്രഥമൻ, സേമിയാപായസം, പയറുപായസം തുടങ്ങിയ സാമ്പ്രദായിക പായസങ്ങളിൽ നിന്നും മാറിച്ചിന്തിക്കാനുള്ള ശ്രമമായിരുന്നു. എല്ലാം ഒത്തു വന്നതുമാണ്.അപ്പോഴാണ് മമ്മീടെ വക റെക്കമെൻഡേഷൻ-നേരത്തെ ഉണ്ടാക്കിയതിന്റെ ബാക്കി കുറച്ചു സേമിയ ഉണ്ട്, അതിനേം കൂടി പായസത്തിലുൾപ്പെടുത്തണമെന്ന്. എന്തായാലും എന്റെ ക്യാരറ്റ് പായസത്തിന് ഒരു അലങ്കാരമായിക്കോട്ടേന്നു വിചാരിച്ച് ആ സേമിയയും കൂടി പായസത്തിലേക്കു തട്ടി. ഇത്തിരി കഴിഞ്ഞു വന്നു നോക്കീപ്പോഴുണ്ട് സേമിയ വളർന്നു വലുതായി പായസത്തിലാകെ നിറഞ്ഞു നിൽക്കുന്നു. എന്തായാലും കഴിച്ചവരൊക്കെ അത്‌ഭുതം രേഖപെടുത്തി കേട്ടോ-- ഓറഞ്ചുകളറിലുള്ള സേമിയാപായസം ആദ്യം കാണുകയാണെന്നും പറഞ്ഞ് ..
3)ഫോർ-ലെയർ പുഡ്ഡിംഗ് - പേരു പോലെ തന്നെ നാലു ലെയറുള്ള പുഡ്ഡിംഗ് ആയ്‌രുന്നു വിഭാവനം ചെയ്തത്. ആദ്യത്തെ ലെയറിനു വേണ്ട പൈനാപ്പിൾ കടയിൽ സ്റ്റോക്കില്ലായിരുന്നു. പിന്നൊരു ലെയറായ ഓറഞ്ചാണെങ്കിൽ മിക്സീലിട്ടടിച്ച് ചൈനാഗ്രാസുമിട്ട് തിളപ്പിച്ച് സെറ്റ് ചെയ്തു കഴിഞ്ഞപ്പോൾ ഒടുക്കത്തെ കയ്പ്പ്. ഓറഞ്ചിന്റെ കുരു നീക്കം ചെയ്യാതെ അടിച്ചതു കൊണ്ടാവും. എന്തായാലും സമയം കളയാതെ വേസ്റ്റ്ബാസ്കറ്റിലേക്കിട്ടു. പിന്നെ ബാക്കിവന്നത് പാലിന്റെ ലേയറും ബിസ്കറ്റിന്റെ ലേയറുമായിരുന്നു. എല്ലാം റെഡിയാക്കി തണുപ്പിച്ച് പുഡ്ഡിംഗ് മോൾഡിനെ സെർവിങ്ങ് പ്ലേറ്റിലേക്കു കമഴ്ത്തീപ്പോൾ പാലൊക്കെ അങ്ങോഴുകിപ്പരന്നു. അവസാനം ഗ്ലാസിലൊഴിച്ചു കുടിക്കേണ്ടി വന്നു. ബിസ്കറ്റിന്റെ ലേയറാണെങ്കിൽ താഴേക്കു വീഴാൻ കൂട്ടാക്കാതെ മോൾഡിൽ തന്നെ പറ്റിപ്പിടിച്ചിരുന്നതു കൊണ്ട് അവിടുന്ന് ചിരണ്ടിത്തിന്നേണ്ടിയും വന്നു. എന്റെ പാചകചരിത്രത്തിലെ ഏറ്റവും വ്യത്യസ്ത്മായ കലാസൃഷ്ടിയായിരുന്നു ഇത്.
4) ചോക്കലേറ്റ്-ലിച്ചീ പുഡ്ഡിംഗ് - സാദാ ജെല്ലി ഉണ്ടാക്കാനുള്ള ശ്രമം അവസാനിച്ചതിങ്ങനെയാണ്. വീട്ടിലുണ്ടായിരുന്ന ചോക്കലേറ്റും ജ്യൂസും മിഠായിയുമൊക്കെ ഒക്കെ ഒരു രസത്തിന് എടുത്തു ചാർത്തി. എന്തും നേരിടാൻ ശക്തി തരണേ എന്നു പ്രാർത്ഥിച്ചാണ് എൻഡ് പ്രോഡക്ട് ടേസ്റ്റ് ചെയ്തു നോക്കീത്. എന്താണെന്നറിയില്ല; സംഭവം സക്സസ് ആയി. . എന്തൊക്കെയാണ് അതിൽ ചേർത്തതെന്ന് എനിക്ക് അവ്യക്തമായ ഒരോർമ്മ മാത്രമെയുള്ളൂ. അതുകൊണ്ട് റെസിപ്പിയൊന്നും ചോദിച്ച് ആരും ബുദ്ധിമുട്ടിക്കരുത് പ്ലീസ് ..
പക്ഷെ അവസാനത്തെ ആ വൻ വിജയത്തെക്കാളും എന്റെ വീട്ടുകാരോർമ്മിക്കുന്നതും എന്നെ ഒരിക്കലും മറക്കാനനുവദിക്കാത്തതും അതിനുമുൻപിലുള്ള റിലേ പരാജയങ്ങളാണ്. തരം കിട്ടുമ്പോഴൊക്കെ അതിന്റെ കാര്യം പറഞ്ഞ് എന്നിലെ പാചകകലാകാരിയെ തളർത്താൻ നോക്കും. അല്ലെങ്കിലും നല്ല കലാകരൻമാരെ/കാരികളെ അംഗീകരിക്കാൻ എന്നും നമ്മടെ സമൂഹത്തിനു മടിയാണല്ലോ.. സമൂഹത്തിന്റെ ആസ്വാദനനിലവാരത്തിൽ കാര്യമായ മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂന്ന് വിവരമുള്ളവർ പറയുന്നത് വെറുതെയല്ലെന്നേ...
Sunday, November 23, 2008
വയനാടൻ പര്യടനം കഴിഞ്ഞു...
യാത്രയുടെ അവസാനദിവസം ആരംഭിച്ചതു പൂക്കോട്ടു തടാകത്തിൽനിന്നാണ്. മലകൾക്കിടയിലെ ഒരു മനോഹരമായ തടാകം . ഞങ്ങള് ഒരു പെഡൽബോട്ട് വാടകയ്ക്കെടുത്ത് ബോട്ടിംഗിനിറങ്ങി. ഒരു അനുസരണയുമില്ലാത്ത ബോട്ട്. ഇങ്ങോട്ടു തിരിച്ചാൽ അങ്ങോട്ടു പോകും. ഞാനും കുരുട്ടുമായിരുന്നു ഡ്രൈവർമാർ.എന്തായാലും ബോട്ടിനെ മര്യാദ പഠിപ്പിച്ച് പഠിപ്പിച്ച് സമയം പോയതറിഞ്ഞില്ല. ആകെമൊത്തം സംഭവബഹുലമായ നല്ലൊരു ബോട്ട്‌യാത്ര..ശരിക്കും ആസ്വദിച്ചു. ദാ തടാകത്തിന്റെ ഒരു പടം. പത്തേക്കറുള്ള തടാകമാണ്. മുഴുവനൊന്നും പടത്തിൽ കൊള്ളിക്കാൻ പറ്റിയില്ല. മനസിലാക്കുമല്ലോ.
വയനാട്ടിൽ നിന്നു കോഴിക്കോടേക്കു കയറുന്ന അവിടെ തന്നെ ഒരു വളവിലാണ് ചുരം വ്യൂ പോയിന്റ്. രാവിലെ പത്തുമണിയായിട്ടും ഞങ്ങളെത്തുമ്പോൾ ചുരത്തിൽ നല്ല കോടയായായിരുന്നു. മൂടൽമഞ്ഞിലൂടെ അവ്യക്തമായി മല ചുറ്റിയിറങ്ങുന്ന റോഡു കാണാം. എന്തായാലും കോട മാറുന്നതു വരെ ഞങ്ങളവിടെ തന്നെ നിന്നു. ദാ ചുരത്തിന്റെ ഫോട്ടോസ്.
ആഗോളത്താകെ മാന്ദ്യമല്ലേ.. നമ്മക്ക് സെന്റ് ജൂഡ്‌സ് പള്ളിയിലൊന്നു കയറി പ്രാർത്ഥിച്ചിട്ടു പോകാംന്ന് നിർദ്ദേശം മുന്നോട്ടു വച്ചതു സന്ധ്യയാണ്. വളരെ പഴയ പള്ളിയാണത്രേ.. അതിപ്രശസ്തവും. കൽപ്പറ്റയ്ക്കു പോകുന്ന വഴി ചുണ്ടേൽ എന്ന സ്ഥലത്താണ് പള്ളി. ആൾക്കാര് കുർബാന കഴിഞ്ഞിറങ്ങുന്ന ശുഭമുഹൂർത്തത്തിലാണ് ഞങ്ങളവിടെ എത്തിയത്. അതുകൊണ്ട് ഫോട്ടോ ഒന്നും എടുക്കാൻ പറ്റിയില്ല. അതു മാത്രമല്ല ഞങ്ങൾടെ കംപ്ലീറ്റ് ശ്രദ്ധയും അവിടെ വിതരണം ചെയ്യുന്ന കഞ്ഞിയിലായിരുന്നു. ഉച്ചസമയത്ത് കഞ്ഞീടേം ചമ്മന്തീടേം മണമടിച്ചാൽ ആർക്കെങ്കിലും കൺട്രോൾ ചെയ്യാൻ പറ്റുമോ. ഞങ്ങളും പാത്രമൊക്കെ എടുത്ത് ക്യൂവിൽ പോയി നിന്നു. തേങ്ങയൊക്കെ ഇട്ട് നല്ല പാകത്തിനു വെന്ത കഞ്ഞിയും അപാരടേസ്റ്റുള്ള ചമ്മന്തിയും. മൂക്കുമുട്ടെ കഴിച്ച് കുറെ നേരം അവിടെ വിശ്രമിച്ചിട്ടാണ് ഞങ്ങൾ അവിടം വിട്ടത്.
മ്യൂസിയത്തിനടുത്തു തന്നെയാണ് അമ്പലവയൽ കാർഷികഗവേഷണകേന്ദ്രം. മുഴുവൻ ചുറ്റിനടന്നു കാണാൻ നല്ല സമയമെടുക്കും. ഞങ്ങൾ ചെല്ലുമ്പോഴേക്കും ഒരുമാതിരിപ്പെട്ട എല്ലാ വിളകളുടെയും സീസൺ കഴിഞ്ഞിരുന്നു. ആകെ അപ്പോൾ ഉണ്ടായിരുന്നത് സപ്പോട്ട മാത്രമായിരുന്നു. പിന്നെ കുറെ റോസും. പിന്നെ ഈ സ്ഥലത്തിനൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടുത്തെ സെക്യൂരിറ്റി പോസ്റ്റിനടുത്തുള്ള ഒരു ചെറിയ മതിലുണ്ട്. അവിടെ നിന്നും നോക്കിയാൽ അമ്പുകുത്തി മലയുടേ ഏറ്റവും മനോഹരവും പൂർണ്ണവുമായ വ്യൂ കിട്ടും. കഴിഞ്ഞ പോസ്റ്റിലെ അമ്പുകുത്തി മലയുടെ ഫോട്ടോ എടുത്തത് ഇവിടെവച്ചാണ്.
Saturday, November 8, 2008
വയനാട്ടിലൂടെ വട്ടത്തിലും നീളത്തിലും...
അവിടെനിന്നും മുകളിലേക്കു നടന്നാൽ മുങ്ങിക്കുളിക്കാനുള്ള സ്ഥലമായി.ഐസ്‌വാട്ടർ പോലെ തണുത്ത വെള്ളം.പുഴാന്നൊക്കെ പറയുന്നുണ്ടെങ്കിലും മലമുകളിലൂടെ ഒഴുകിവരുന്ന ഒരു അരുവിയാണെന്നേ കണ്ടാൽ തോന്നൂ.ശരിക്കും നല്ലോരു കാടിന്റെ അന്തരീക്ഷം. .ദാ താഴെ പാപനാശിനി. മുങ്ങിക്കുളിക്കാനൊന്നും പ്ലാനില്ലാതെ ചുമ്മാ ഇതിലിറങ്ങി കാലുകഴുകാംന്നു വച്ചാലും നനഞ്ഞുകുളിച്ചേ തിരിച്ചു കയറാനാവൂ. അത്രയ്ക്ക് വഴുക്കലാണ് കുളത്തിലെ കല്ലുകളിൽ.ശരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ എപ്പം വീണൂന്നു ചോദിച്ചാൽ മതി (അനുഭവം ഗുരു).
വയനാട്ടിൽ ചെന്നിട്ട് എടക്കലിൽ കയറാതെ പോവാനോ!! ഞങ്ങൾ മൂന്നു പേരുടേം തയ്യാറെടുപ്പുകളൊക്കെ കണ്ടാൽ തോന്നും എവറസ്റ്റ് കയറാനാണ് പോവുന്നതെന്ന്. മല കയറാൻ പറ്റിയ കുപ്പായം, ഷൂസ്, ബാക്ക്‌പാക്കിൽ മൂന്നാലു കുപ്പി വെള്ളം എന്നു വേണ്ട ആകെ ബഹളം. ഗ്രൂപ്പായി പോയാലേ മല കയാറാനോക്കെ ഒരു സുഖമുള്ളൂ.. അതും ഒത്തു കിട്ടി. എന്റെ സിസ്റ്ററാന്റിയുടെ മഠത്തിലാണ് ഞങ്ങൾ ക്യാംപ് ചെയ്തിരുന്നത്. ആന്റി, മഠത്തിലെ കുറച്ച് 'കന്യാസ്ത്രിക്കുഞ്ഞുങ്ങളെ' (സിസ്റ്ററാവാൻ പഠിക്കുന്ന കുട്ടികൾ) ഞങ്ങൾടെ കൂടെ മല കയറാൻ വിട്ടു. കൂടെ ഒരു ഡ്രൈവറും പിന്നെ വഴി കാണിച്ചു തരാൻ ഒരു ആദിവാസിച്ചേട്ടനും. എടക്കലിലെത്തി വണ്ടിയൊക്കെ പാർക്കു ചെയ്ത് ആഘോഷമായി കയറ്റം ആരംഭിച്ചു. ആദ്യം ഏകദേശം ഒരു കിലോമീറ്ററോളം ടാറിംഗ് റോഡുണ്ട്. അത്രേം ദൂരത്തേക്ക് അവിടുന്ന് ജീപ്പ്‌സർവീസുണ്ട്. 40 രൂപയോ മറ്റോ കൊടുത്താൽ മതി. എനാലും ഞങ്ങള് ധീരമായി അ റോഡിലൂടെ നടന്നു തന്നെ പോവാൻ തീരുമാനിച്ചു. പക്ഷേങ്കിൽ, മലയുടെ മോളിലേക്ക് ടാറിട്ടാലെന്ത്, മാർബിളിട്ടാലെന്ത് ,കയറ്റം കയറ്റം തന്നെയല്ലേ. മനുഷ്യനെ ഇത്രേം ബുദ്ധിപ്പിട്ടിപ്പിക്കുന്ന ഒരു റോഡ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഒരു കയറ്റം ആഞ്ഞു വലിച്ചു കയറി കുറച്ചു നേരം അവിടിരുന്ന് വിശ്രമിച്ച് പിന്നെ അടുത്തതു കയറി പതുക്കെ പതുക്കെ ഞങ്ങൾ മൂന്നു പേരും ഒരു വിധത്തിൽ യാത്ര തുടർന്നു. സംഘത്തിലുള്ള ബാക്കിയെല്ലാരും കയറ്റങ്ങളൊക്കെ ഓടിയാണു കയറുന്നത്.അതു കാണുമ്പോഴാണ് കൂടുതൽ വിഷമം.ടാറിംഗ്‌റോഡു കഴിഞ്ഞ് കല്ലുകൾക്കിടയിലൂടെ കുറച്ചൂടെ കയറി മോളിലെത്തിയാൽ ഒരു വലിയ പാറ വഴി മുടക്കി നിൽക്കുന്നതു കാണാം.ഇതു തന്നെ എടക്കൽ ഗുഹ എന്നും വിചാരിച്ച് സർവശക്തിയും സംഭരിച്ച് കയറിയെത്തീപ്പോഴല്ലേ മനസിലായത് അതു ടിക്കറ്റ് കൗണ്ടറാണു പോലും.അവിടുന്ന് പിന്നേം 200 മീറ്ററോളം കുത്തനെയുള്ള കയറ്റം കയറിയാലേ ഗുഹയിലെത്തൂ..
ടിക്കറ്റൊക്കെ എടുത്ത് ആ ഭീമൻപാറയിലൂടെ ഇടയിലുള്ള ഇത്തിരി വിടവിലൂടെ കയറി അപ്പുറം കടന്ന് പിന്നേം കുത്തനെയുള്ള കയറ്റം.200 മീറ്ററേയുള്ളെങ്കിലും ഒരു രണ്ടു ലക്ഷം മീറ്റർ ദൂരം തോന്നിക്കും. അത്രയ്ക്കും ബുദ്ധിമുട്ടായ കയറ്റം. നിറയെ കല്ലുകളും പാറകളും. ഇടയ്ക്കിടയ്ക്ക് സ്റ്റെപ്പുകളൊക്കെ നിർമ്മിച്ചു വച്ചിട്ടുണ്ട്. അതിലു കയറുന്നതിലും ഭേദം കല്ലിലൂടെ പിടിച്ച് വലിഞ്ഞു കയറുന്നതു തന്നെയാണ്. ദാ കണ്ടില്ലേ ഞങ്ങൾ കയറിയ വഴി..
ആ കയറ്റം അവസാനിച്ചതു ഒരു നിരന്ന സ്ഥലത്താണ്. ഒരു പ്ലാറ്റ്ഫോം പോലെ കെട്ടിയുണ്ടാക്കിയത്. കുറച്ചിരുന്ന് ശ്വാസമൊക്കെ ഒന്നു ലെവലായപ്പോഴാണ് ചുറ്റും നോക്കീത്.അങ്ങനേയിരുന്നു മരിക്കാൻ തോന്നിപ്പോകും. അത്ര ഭംഗി!!ലോകം നമ്മടെ കാൽക്കീഴിൽ എന്നൊക്കെ അഹങ്കരിക്കാൻ പറ്റിയ സ്ഥലം. അങ്ങു ദൂരെ നിരനിരയായി മലകൾ കാണാം- കൂട്ടത്തിൽ വെളുത്തു തിളങ്ങുന്ന ഒരു സ്പെഷ്യൽ മലയും.
പുറമേ നിന്നു നോക്കിയാൽ വളരെ ചെറുതാണെന്നു തോന്നിയാലും സംഭവം കോട്ടയം അയ്യപ്പാസു പോലാണ്. അകത്ത് അതിവിശാലമായ ഷോറൂം. ഇതു നോക്ക്
അകത്ത് അറ്റത്തൊരു കൊച്ചു ഇരുമ്പു വേലി കാണാം. ഗുഹയുടെ രണ്ടു പാറകൾടേം ഇടയ്ക്കുള്ള വിടവാണത് വേലി കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നതാണ്... വലിയ വീതിയൊന്നുമില്ലെങ്കിലും ഒരൾക്ക് സുഖമായി വീഴാൻ പറ്റും.എങ്ങാനും വീണു പോയാൽ കുഴൽക്കിണറിൽ വീണ അനുഭവമായിരിക്കും. അത്രയ്ക്ക് ആഴമാണ്. ഗുഹയൊക്കെ നടന്നു കണ്ടുകഴിഞ്ഞാൽ ഒന്നു മുകളിലേക്കും നോക്കിക്കേ.. ആരായാലും ചാടിപ്പുറത്തിറങ്ങിപോകും. ഒരു ഭീകരൻ പാറ 'ഞാനിപ്പം ചാടും' എന്ന മട്ടിൽ ഡെമോക്ലീസിന്റെ വാളു പോലെ അവിടെ കുടുങ്ങി നിൽക്കുന്നു.എങ്ങാനും അതിന്റെ പിടി വിട്ടു പോയാൽ ഗുഹക്കുള്ളിൽ തന്നെ വീരചരമമടയാൻ പറ്റും. ആ ഇടയ്ക്കു കുടുങ്ങിനിൽക്കുന്ന കല്ലു കാരണമാണത്രേ അതിന് എടക്കൽ ഗുഹാന്നു പേരു കിട്ടീത്. എന്തായാലും ദൈവം സഹായിച്ച് ഇതു വരെ കല്ലിന്റെ പിടി വിട്ടിട്ടില്ല. ഇനിയൊട്ടു വിടുകയുമില്ലായിരിക്കും.
ഗുഹയിൽ നിന്ന് പുറത്തു കടന്ന് വേണമെന്നുള്ളവർക്ക് കയറ്റം തുടരാം. ഓരോ നൂറു മീറ്ററും കൂടി കയറിയാൽ അമ്പുകുത്തി മലയുടെ മുകളിലെത്താം.ചെങ്കുത്തായ കയറ്റമാണ്. പിടി വിട്ടു പോയാൽ താഴേന്നു പെറുക്കിയെടുക്കേണ്ടി വരും. എങ്ങാനും കയറി എത്തിയാൽ തന്നെ തിരിച്ചിറങ്ങാൻ അസാമാന്യ ബാലൻസ് വേണം. ആ പറഞ്ഞ സാധനം എനിക്കു പണ്ടേ ഇത്തിരി കുറവായതു കൊണ്ട് ഞാൻ ഗുഹയിൽ തന്നെ തങ്ങി..സംഘാംഗങ്ങളുടെ പ്രോത്സഹനവും നിർബന്ധവും കൊണ്ട് കുരുട്ടും സന്ധ്യയും രണ്ടും കൽപ്പിച്ച് മല കയറ്റം തുടർന്നു. കയറി മുകളിലെത്തിയെങ്കിലും പല സ്ഥലത്തും കുട്ടികൾ അവരെ വലിച്ചു കയറ്റുകയായിരുന്നുവേന്ന് പിന്നീടു നടത്തിയ രഹസ്യ അന്വേഷണത്തിൽ തെളിഞ്ഞു. എന്തായാലും ആ കന്യാസ്ത്രിക്കുഞ്ഞുങ്ങളെ മലകയറ്റത്തിന്റെ ഗുരുവായി സ്വീകരിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. സാരിയും ഹവായ് ചപ്പലുമൊക്കെയിട്ട് ഇത്രയും കുഴപ്പം പിടിച്ച മല അവരോടിക്കയറുന്നതു കാണണം. ആരായാലും നമിച്ചു പോകും.
മുകളിൽനിന്നു നോക്കിയാൽ കേരളവും തമിഴ്‌നാടും കർണ്ണാടകവും കാണാമത്രേ.ഗുഹയുടെ അവിടെ നിന്നുള്ള വ്യൂ തന്നെ ഇത്രയും മനോഹരമായ സ്ഥിതിയ്ക്ക് ഏറ്റവും മുകളിൽ നിന്നുള്ള കാഴ്‌ച അതിനേക്കാൾ ഭംഗിയായിരിക്കുമല്ലോ. ദാ തെളിവായി സന്ധ്യയും കുരുട്ടും എടുത്ത ചില ഫോട്ടോസ്..
മല കയറുന്നതിനേക്കൾ അദ്ധ്വാനം ഇറങ്ങുന്നതാണ്.ആദ്യമൊക്കെ പിടിച്ചു പിടിച്ച് നിരങ്ങി ഇറങ്ങി. ടാറിംഗ് റോഡിലെത്ത്ക്കഴിഞ്ഞാൽ പിന്നെ ഒരു പണിയുമില്ല. ചുമ്മാ നിന്നു കൊടുത്താൽ മതി. ബെല്ലും ബ്രേക്കുമില്ലാതെ ഒറ്റ പോക്കാണ്.അമ്മാതിരി ഇറക്കം.എന്തായാലും അപകടമൊന്നുമില്ലാതെ താഴെ എത്താൻ പറ്റി. ഒരു മല കയറി ഇറങ്ങിയപ്പോഴേക്കും ആകെ ക്ഷീണിച്ചു പോയി.. അതുകൊണ്ട് അടുത്ത വയനാടൻ വിശേഷങ്ങളൊക്കെ അടുത്ത പോസ്റ്റിൽ..
Tuesday, October 7, 2008
ലവളും ലവനും പിന്നെ ഞാനും...

ഓർമ്മകൾ ആരംഭിക്കുന്നത് കുട്ടിക്കൂറാ പൗഡർടിന്നിൽ നിന്നുമാണ്...
(താടി ചൊറിഞ്ഞ് വിദൂരതയിലേക്ക് കണ്ണും നട്ട്.. ഫുൾസ്റ്റോപ്പിനു മുൻപ് ഒരു ദീർഘനിശ്വാസം..)
'യെവളാര് .. പൊഡർടിന്നിൽ നിന്നു പുറത്തിറങ്ങിയ ഭൂതമോ!!' എന്നൊന്നും വിചാരിക്കണ്ട.. സത്യമാണ്. കുട്ടിക്കാലത്തേക്കു തിരിഞ്ഞു നോക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് ആ കുട്ടിക്കൂറാ പൗഡർ ടിന്നാണ്.ടിൻ കാലിയായാലുടനെ മമ്മി അതിന്റെ പിന്നിൽ തുളച്ച് ഭണ്ഡാരപ്പെട്ടിയാക്കിത്തരും. അന്നുമുതൽ അതു വെറുമൊരു പൊഡർടിന്നല്ല; ഞങ്ങളുടെ എല്ലാമെല്ലാമായ 'പണ്ടാരപ്പെട്ടിയാണ്'.എന്നും രാവിലെ വീട്ടിൽ നിന്നിറങ്ങുന്നതിനു മുൻപ് പപ്പ മൂന്നുപേർക്കും ചില്ലറപ്പൈസ തരും. ആ പൈസയൊക്കെ വീടു വഴി ഗതി കിട്ടാത്ത പ്രേതം പോലെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതു കണ്ടു മടുത്തിട്ടാണ് മമ്മി ഇങ്ങനൊരു വഴി കണ്ടെത്തിയത്.കിട്ടുന്ന പൈസ മുഴുവൻ പണ്ടാരപ്പെട്ടിയിലിടണംന്ന് മമ്മി ഉത്തരവ് പുറപ്പെടുവിച്ചു.ഭയങ്കര അനുസരണനാശീലമുള്ള കുട്ടികളായതു കൊണ്ട് ആദ്യമൊക്കെ ഞങ്ങളതിനെ ക്രൂരമായി അവഗണിച്ചു. മമ്മി മാത്രം മുടങ്ങാതെ പൈസയിട്ടുകൊണ്ടിരുന്നു. പിന്നെ പതുക്കെ പതുക്കെ ചേച്ചിയും ഗ്രൂപ്പുമാറി മമ്മീടെ കൂടെ ചേർന്നു.എന്നിട്ട് അതിനെ വെറുതെ കിലുക്കികിലുക്കി ഞങ്ങളെയും പ്രലോഭിപ്പിക്കും.മനസിനു വല്യ കട്ടിയൊന്നുമില്ലാത്തതു കൊണ്ട് ഞങ്ങൾക്കും അതിനെയെടുത്ത് ഒന്നു കിലുക്കാൻ തോന്നിപ്പോകും. അതില് പൈസയിട്ടാലേ കിലുക്കാൻ സമ്മതിക്കൂന്ന് മമ്മിക്ക് ഒരേ വാശി.അവസാനം പ്രലോഭനം സഹിക്കാൻ വയ്യാതെ, ഞാനും കുട്ടാപ്പിയും കിട്ടുന്ന പൈസ മുഴുവൻ അതിൽ കൊണ്ടിട്ടോളാംന്നു ഉറപ്പു കൊടുത്തുകൊണ്ട് പണ്ടാരപ്പെട്ടീടെ ഗ്രൂപ്പിൽ ചേർന്നു. ആ ഉറപ്പൊക്കെ ഞങ്ങള് ആത്മാർത്ഥമായി തന്നെ പാലിച്ചു കേട്ടോ. എവിടുന്നു ചില്ലറപൈസ കിട്ടിയാലും അതു നേരെ പണ്ടാരപ്പെട്ടിയിലിടും. ഇനീപ്പോ നോട്ടാണു കിട്ടുന്നതെങ്കിലോ..അതു പപ്പയുടെ കയ്യിൽ കൊടുത്ത് ചില്ലറയാക്കി അതിലിടും. ഈ അധ്വനത്തിനൊക്കെ പകരമായി ഞങ്ങൾക്ക് ഒറ്റ കാര്യമേ വേണ്ടൂ. ഇടയ്ക്കിടയ്ക്കെടുത്ത് കിലുക്കാനുള്ള അവകാശം.. പക്ഷെ ചേച്ചിയാണ് അതിന്റെ ഇൻ-ചാർജ്. നിധി കാക്കുന്ന ഭൂതത്തിനെ പോലെയാണ് അവളത് കാത്തുസൂക്ഷിക്കുന്നത്. കിലുക്കാൻ പോയിട്ട് ഒന്നു തൊടാൻ പോലും അവൾ സമ്മതിക്കില്ല. അവസാനം പപ്പയും മമ്മിയും കൂടി ശുപാർശ ചെയ്ത് അതിനെ കുറച്ചു സമയം കിലുക്കാനുള്ള അവകാശം ഞങ്ങൾക്ക് നേടിത്തന്നു- ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം..അതും അവൾടെ മുന്നിൽ വച്ചു മാത്രം..മൂന്നാലു പ്രാവശ്യം കിലുക്കിക്കഴിയുമ്പോഴേക്കും അവളത് പിടിച്ചു മേടിച്ച് തിരിച്ചു വയ്ക്കും.എന്നാലും പോട്ടെ.. ആഗ്രഹം സാധിച്ചല്ലോ..ഞങ്ങൾക്കത് ധാരാളം മതി.
പണ്ടാരപ്പെട്ടി നിറഞ്ഞു കഴിയുമ്പോഴാണ് അടുത്ത ആഘോഷം.മിക്കവാറും രാത്രിയിലായിരിക്കും അതു പൊട്ടിക്കുക. എല്ലാവരും വട്ടത്തിലിക്കും. മമ്മി കത്തി കൊണ്ട് മുറിച്ച് ടിന്നിനെ രണ്ടു കഷ്ണമാക്കും. അപ്പോൾ അതിൽനിന്നും ചില്ലറപ്പൈസ ചിതറി വീഴുന്നതു കാണുമ്പോഴുള്ള ആ സന്തോഷമുണ്ടല്ലോ.. അതനുഭവിച്ചു തന്നെ അറിയണം. ഞങ്ങള് മൂന്നു പേരും കൂടി പൈസകളുടെയൊക്കെ ആകൃതിയും വലിപ്പവുമനുസരിച്ച് തരം തിരിച്ചു വയ്ക്കും. പപ്പയാണ് അതെണ്ണുക. മമ്മി ഒരു കടലാസിൽ കണക്കൊക്കെ എഴുതും. അവസനം എല്ലാം കൂട്ടി, ആകെ എത്ര രൂപയുണ്ടെന്ന് പപ്പ പ്രഖ്യാപിക്കുന്നതോടെ 'പണ്ടാരപ്പെട്ടി പൊട്ടിക്കൽ' ചടങ്ങ് അവസാനിക്കും. ആ പൈസ എങ്ങോട്ടു പോവുന്നൂന്നൊന്നും ഞങ്ങൾ അന്വേഷിച്ചിട്ടില്ല.അപ്പോഴേക്കും മമ്മി അടുത്ത കുട്ടിക്കൂറാടിന്നിനെ പണ്ടാരപ്പെട്ടിയാക്കി ഞങ്ങൾക്കു തന്നിട്ടുണ്ടാവും. പിന്നെ അതു നിറയ്ക്കുന്നതിൽ ബിസിയായ ഞങ്ങൾക്കെവിടാ പൊട്ടിച്ച പെട്ടിയെ പറ്റി അന്വേഷിക്കാൻ നേരം...വലുതായിക്കഴിഞ്ഞപ്പോൾ അവളും അവനും പണ്ടാരപ്പെട്ടിയെ കൈവിട്ടെങ്കിലും ഞാനതിനെ വിട്ടുകളഞ്ഞില്ല. എന്നും എപ്പോഴും എന്റെ കൂടെ ഒരു പണ്ടാരപ്പെട്ടിയുമുണ്ടാകും. ഇപ്പോ പക്ഷെ പൗഡർടിന്നൊന്നുമല്ല .. കടയിൽ നിന്നും മേടിക്കുന്നതാണ്. ഇപ്പോഴുള്ളതിന് കുഞ്ഞുവാട്ടർടാങ്കിന്റെ ഷെയ്പ്പാണ്. ഏതാണ്ട് പകുതിയോളം നിറഞ്ഞിട്ടുണ്ട്.സമീപഭാവിയിൽ തന്നെ മുഴുവൻ നിറഞ്ഞ് 'പണ്ടാരപെട്ടി പൊട്ടിക്കൽ' ചടങ്ങ് ആഘോഷിക്കുന്നതായിരിക്കും.പപ്പയും മമ്മിയും ചേച്ചിയും കുട്ടാപ്പിയൊന്നുമില്ലാതെ;ഞാൻ മാത്രം ഒറ്റയ്ക്കിരുന്ന്..
അടുത്ത ഓർമ്മയുടെ സീനിൽ കാണുന്നത് ഞങ്ങൾ മൂന്നു പേരും സെൻട്രൽ ഹാളിൽ മുട്ടു കുത്തി നിൽക്കുന്നതാണ്.സാധാരണ ക്രിസ്ത്യൻകുടുംബത്തിലൊക്കെയുള്ളതു പോലത്തെ ഭക്തിനിർഭരമായ മുട്ടുകുത്തലൊന്നുമല്ല കേട്ടോ ഇത്. ഒരു തരം ശിക്ഷാനടപടിയാണ്. പപ്പയുടെ ഓരോരോ പരിഷ്കാരങ്ങളേയ്.. ഭക്ഷണം ബാക്കി വയ്ക്കുക,തമ്മിൽ വഴക്കിടുക,സമയത്ത് വീട്ടിൽ കയറാതെ കളിച്ചു നടക്കുക, സ്കൂളിൽ നിന്നും വന്നാൽ കുപ്പായം മാറാതെ തെക്കുവടക്കു നടക്കുക തുടങ്ങി എന്തെല്ലാം ക്രിമിനൽ കുറ്റങ്ങളാണെന്നോ ഞങ്ങളുടെ കേസ്‌ഷീറ്റിൽ ഉണ്ടാവുക.. കേസ്‌ഷീറ്റ് തയാറാക്കുന്നത് മമ്മിയാണ്. ങാ പിന്നെ ഒരു കുറ്റകൃത്യം കൂടിയുണ്ട്.. മമ്മീടെ നോട്ടത്തിൽ ഏറ്റവും നികൃഷ്ടമായ കാര്യം.. അങ്ങോട്ടുമിങ്ങോട്ടും ചീത്ത വിളിക്കുക എന്നുള്ളത്. ആകെപ്പാടെ അറിയുന്നത് പട്ടീ, തെണ്ടീ എന്നീ രണ്ട് തെറികളാണ്. പിന്നെ ചേച്ചി കണ്ടു പിടിച്ച ദുഷ്ടപ്പിശാശേ' എന്ന ഗ്രേഡ് കൂടിയ ചീത്തയും. വെറുതേയിരിക്കുമ്പോൾ ഒരു ടൈംപാസിനു വേണ്ടി ഇതിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു പഠിക്കാംന്നു വച്ചാൽ അപ്പോഴേക്കും മമ്മി കയ്യിൽ കിട്ടിയ സാധനവുമെടുത്ത്-തവിയോ വടിയോ ചൂലോ എന്തെങ്കിലും- സംഹാരരുദ്രയായി ഓടിവരും. വെറുതെ മമ്മിയെ വിഷമിപ്പിക്കണ്ടാന്നു വിചാരിച്ച് ഞങ്ങൾ പുതിയ രണ്ടു തെറികൾ കണ്ടുപിടിച്ചു - കുന്ദലത, ബങ്കാരപ്പ- അതാവുമ്പോ മമ്മിക്കു മനസ്സിലാവില്ലല്ലോ. മുഖമൊക്കെ വക്രിച്ച് സർവ്വവെറുപ്പോടെയും കൂടി പറഞ്ഞാൽ നല്ലൊന്നാന്തരം തെറിയായിക്കോളും.ഞങ്ങൾക്കും സമാധാനം മമ്മിക്കും സമാധാനം.ഇത്തിരി കഴിഞ്ഞപ്പോൾ ഞങ്ങൾടെ സൂത്രം മമ്മിക്കു മനസിലായി. ങാ അപ്പോ പറഞ്ഞു വന്നത് ,ഇമ്മാതിരിയുള്ള കുറ്റകൃത്യങ്ങളൊക്കെ മമ്മി സമയാസമയം പപ്പയുടെ അടുത്തേക്ക് എസ്കലേറ്റ് ചെയ്യും. പപ്പ ഒന്നും പറയില്ല. എല്ലാം മനസിൽ അടുക്കിയടുക്കി വയ്ക്കും. അങ്ങനെ എപ്പോഴെങ്കിലും നാളും മുഹൂർത്തവുമൊക്കെ ഒത്തുവരുമ്പോൾ മൂന്നെണ്ണത്തിനെയും വിളിച്ച് മുട്ടുകുത്തി നിൽക്കാൻ ഓർഡറിടും. അതിപ്പോ ആരു കുറ്റം ചെയ്താലും ഇല്ലെങ്കിലും മൂന്നിനും ഒരേപോലെ ശിക്ഷ കിട്ടും.മുട്ടൊക്കെ കുത്തിനിന്ന് ഒന്നു ലെവലായിക്കഴിയുമ്പോൾ വിചാരണ തുടങ്ങുകയായി.
പപ്പ:"എന്തിനാണ് മുട്ടികുത്തിനിർത്തിയതെന്ന് അറിയാലോ?"
ഞങ്ങൾ: "ങും.."
എന്താ കുറ്റംന്നൊന്നും പപ്പ പ്രത്യേകം പ്രത്യേകം പറയില്ല.ഞങ്ങൾ ഓരോരുത്തരും കഷ്ടപ്പെട്ട് ആലോചിച്ച് അവനവൻ ചെയ്ത കുറ്റങ്ങളൊക്കെ ഓർത്തെടുക്കും. എന്നിട്ട് അതിനാണ് ഇപ്പോ ശിക്ഷ കിട്ടുന്നതെന്ന് സ്വയം അങ്ങു തീരുമാനിക്കും. അതോടെ ആകെ വിഷമവും കുറ്റബോധവും സങ്കടവും. അങ്ങനേ നിന്നു കരയും. കുറച്ചു നേരം ഈ കരച്ചിൽ കണ്ടു നിൽക്കുമ്പോൾ മമ്മീടെ മാതൃഹൃദയം അലിയും.(കംപ്ലീറ്റ് കൊളുത്തിക്കൊടുക്കുന്നതും ഇതേ മമ്മി തന്നെയാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം).മമ്മി ശുപാർശയുമായി പപ്പയുടടുത്തേക്ക്. ഞങ്ങൾ മര്യാദക്കാരായെന്നും ഇനി ഇങ്ങനൊന്നും ചെയ്യുകയില്ലെന്നും ഞങ്ങൾക്കു വേണ്ടി പപ്പയ്ക്ക് ഉറപ്പുകൊടുക്കും. എല്ലാം കേട്ട് ഞങ്ങളെ മൂന്നു പേരെയും ഒന്നു സൂക്ഷിച്ചു നോക്കി പപ്പ അടുത്ത ഓർഡറിടും
" ങാ മൂന്നും ഭക്ഷണം കഴിച്ചിട്ട് പോയിക്കിടന്നുറങ്ങിക്കോ.."
കഴിഞ്ഞു. ശിക്ഷ കഴിഞ്ഞു. മൂന്നു പേരും ഏങ്ങലടിച്ചു കൊണ്ട് ഭക്ഷണം മുഴുവൻ കഴിച്ച് നല്ല കുട്ടികളായി പോയിക്കിടന്നുറങ്ങും.ഇപ്പോൾ ആലോചിക്കുമ്പോൾ നല്ല കോമഡിയാണ്.പപ്പയുടെയും മമ്മിയുടെയു മുന്നിലൂടെ എന്തെല്ലാം പോസിൽ ഇരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നതാ..എന്നിട്ടാണ് മുട്ടുകുത്തി നിർത്തീന്നും പറഞ്ഞ് ഇത്ര നാണക്കേടും സങ്കടോം..
ഇതൊക്കെയാണെങ്കിലും കുട്ടിക്കാലത്തെ ഏറ്റവും സുന്ദരമായ ഓർമ്മ പപ്പയുടെ കയ്യിലെ പൊതിക്കെട്ടാണ്.വൈകുന്നേരം വീട്ടിൽ വന്നു കയറുമ്പോൾ ആരാണോ വതിൽ തുറക്കുന്നത്, അയാൾക്ക് ആ പൊതി കൊടുക്കും. എന്തെങ്കിലും പലഹാരമായിരിക്കും അതിനുള്ളിൽ. കടലയോ കേക്കോ ബിസ്കറ്റോ മുട്ടയപ്പമോ കല്ലുമ്മക്കായ നിറച്ചതോ അങ്ങനെ എന്തെങ്കിലും.സാധാരണ കുട്ടികൾക്കൊക്കെ കളിപ്പാട്ടങ്ങളും കുപ്പായങ്ങളുമൊക്കെ അച്ഛൻമാര് മേടിച്ചു കൊടുക്കുമ്പോൾ പപ്പ ഞങ്ങളെ സ്നേഹിക്കുന്നത് ഭക്ഷണം മേടിച്ചു തന്നാണ്. അതിന്റെ കാര്യത്തിൽ എന്തു പരീക്ഷണം നടത്താനും ഞങ്ങൾ എന്നും റെഡിയായിരുന്നു താനും.അതു പോലെ തന്നെ ടൗണിൽ പോവുമ്പോൾ പപ്പയുടെ വക കിട്ടാറുള്ള ഐസ്‌ക്രീം.കൃത്യം ഐസ്‌ക്രീം പാർലറിനു മുന്നിലെത്തുമ്പോൾ ഞങ്ങളുടെ നടപ്പൊക്കെ സാവധാനത്തിലാവാൻ തുടങ്ങും. കാര്യമൊക്കെ മനസ്സിലായാലും അതു പുറത്തു കാണികാതെ പപ്പ നടക്കും. അവസാനം നിവർത്തിയില്ല്ലാതെ "പപ്പേ ദാഹിക്കുന്നു .ഐസ്‌ക്രീം തിന്നാനുള്ളത്രേം വല്യ ദാഹം" എന്ന് മുഖത്തൊക്കെ ദയനീയഭാവം വരുത്തി ഞങ്ങള് പറയുന്നതു വരെ ഈ നാടകം തുടരും. വലുതായപ്പോൾ ഐസ്ക്രീം ഇന്ത്യൻ കോഫീഹൗസിലെ മട്ടൺ കട്ലേറ്റിനു വഴിമാറി. ഇപ്പോൾ ഓരോ അവധി കഴിഞ്ഞും ബാംഗ്ലൂരേയ്ക്കു ബസ്‌കയറാൻ വരുമ്പോൾ പപ്പയും കൂടെ വരും.ആ ട്രാവൽസിനു തൊട്ടടുത്ത് ഒരു ഇന്ത്യൻ കോഫീ ഹൗസുണ്ട്.അവിടുന്ന് കട്‌ലേറ്റും വാങ്ങി തന്ന് എന്നെ ബസ് കയറ്റിവിട്ട് പപ്പ തിരിച്ചു പോകും. അതു പോലെ തന്നെ ഞങ്ങളൊക്കെ ഇത്രേം വലുതായിട്ടും വൈകുന്നേരത്തെ ആ 'പൊതിസിസ്റ്റ'ത്തിനും ഒരു മാറ്റവും വന്നിട്ടില്ല കേട്ടോ. ഇപ്പോഴും ഞങ്ങളിലൊരാളെങ്കിലും വീട്ടിലുണ്ടെങ്കിൽ കയ്യിലൊരു പലഹാരപ്പൊതിയില്ലാതെ പപ്പ വീട്ടിൽ വന്നു കയറില്ല. അങ്ങു ദൂരേന്ന് പപ്പ വരുന്നതു കാണുമ്പോഴേ മമ്മി കളിയാക്കാൻ തുടങ്ങും.."ഇള്ളാവാവയല്ലേ..ഓടി ചെന്ന് പൊതി മേടിക്ക്" എന്നും പറഞ്ഞ്. ഞങ്ങള് അതൊന്നും മൈൻഡാക്കാറില്ല. എത്ര വലുതായാലും ഞങ്ങളു തന്നെയല്ലേ ആ വീട്ടിലെ കുട്ടികള്..പപ്പയുടെയും മമ്മിയുടെയും ഇള്ളാവാവകള്..പിന്നെന്താ..