Saturday, July 21, 2007

മുഖാമുഖം

റസ്റ്റോറണ്ടില്‍ തിരക്കു കൂടിവരികയാണ്‌.നല്ല കേരളാ ഊണിന്റെ ഹൃദ്യമായ സുഗന്ധം അന്തരീക്ഷത്തില്‍ തളം കേട്ടി നില്‍ക്കുന്നു.വിശന്നു തലതല്ലിക്കരയുന്ന വയറിന്റെ പരാതി കേട്ടില്ലാന്നു നടിച്ച്‌ അവളിരുന്നു.വേറോന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ ചുറ്റും വായ്‌നോക്കിയിരിക്കുമ്പോഴാണ്‌ ആ പെണ്‍കുട്ടി കണ്ണില്‍പെട്ടത്‌.നല്ല ഭംഗിയുള്ള കുട്ടി.പക്ഷേ ഇത്രേം മുറുകിയ കുപ്പായമിട്ടാല്‍ ശാസംമുട്ടില്ലേ!! എങ്ങനെ വലിച്ചുകേറ്റിയോ എന്തോ? ചിലപ്പോള്‍ വീട്ടുകാരെല്ലാരും കൂടി ശ്രമിച്ച്‌ കേറ്റിക്കൊടുത്തതാവും. ആ രംഗം മനസ്സിലോര്‍ത്തപ്പൊഴേക്കും അവള്‍ക്ക്‌ ചിരി പൊട്ടി.

"അല്ലെങ്കിലും ഈ പെണ്ണുകാണലൊക്കെ വീട്ടില്‍ വച്ചു നടത്തുന്നതു തന്നെയാ നല്ലത്‌.ഈ ചമ്മല്‍ ഒഴിവാക്കമല്ലോ?"

'ഏതു ചമ്മല്‍!!!' എന്ന മട്ടില്‍ അവള്‍ അയാളെ നോക്കി. പാവം -അവളുടെ ചിരി കണ്ട്‌` അയാള്‍ തെറ്റിദ്ധരിച്ചു പോയതാണ്‌.

"ഏയ്‌ അങ്ങനൊന്നുമില്ല. ഞാനാ പറഞ്ഞത്‌ വീട്ടില്‍ വെച്ചു വേണ്ടാന്ന്‌" അവള്‍ ക്ലിയറാക്കി.

"അല്ല ഞാനുദ്ദേശിച്ചത്‌... ഇതിപ്പോ ഇയാള്‍ക്ക്‌ ഒറ്റയ്ക്കു വരേണ്ടി വന്നില്ലേ അതാ.."

"അതൊന്നും സാരമില്ല.അല്ലെങ്കിലും എന്റെ കാര്യം പറയാന്‍ ഞാന്‍ മാത്രം പോരേ??"

ഇനിയെന്തു പറയും എന്ന്‌ രണ്ടുപേരും ഗാഢമായി ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ വെയ്റ്റര്‍ മെനുവും കൊണ്ടു വന്നത്‌.ഒരു പിടിവള്ളി കിട്ടിയ ആശ്വാസത്തൊടെ അയാള്‍ പറഞ്ഞു.

"എന്താ വേണ്ടതെന്നു വെച്ചാല്‍ ഓര്‍ഡര്‍ ചെയ്തോളൂ"

മെനുവിലേക്കു നോക്കിയ അവളുടെ കണ്ണില്‍ ആദ്യം പെട്ടത്‌ "കപ്പ+ഫിഷ്‌ കറി" എന്ന മനോഹരമായ വാക്കുകളായിരുന്നു.ഒരു കൊച്ച്‌ ടൈറ്റാനിക്‌ മുങ്ങാന്‍ മാത്രം ഉമിനീരിറക്കി, സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു.

"എനിക്ക്‌ ഒരു ചായ മാത്രം മതി"

"ശരി നമുക്ക്‌ കാര്യത്തിലേക്കു കടക്കാം.അധികം സംസാരിക്കാത്ത ടൈപ്പാണല്ലേ?"'

ദൈവമേ. ഇതു വീട്ടില്‍ വെച്ചവാത്തത്‌ എത്ര നന്നായി.ഇല്ലെങ്കില്‍ വീട്ടുകാര്‍ക്ക്‌ കൂട്ടത്തോടെ ഹാര്‍ട്ടറ്റാക്ക്‌ വന്നേനേ' എന്നു സൈലന്റായ ഒരാത്മഗതത്തിനു ശേഷം അവള്‍ ചോദിച്ചു.

"അതെന്താ അങ്ങനെ തോന്നീത്‌??"

"അല്ല ഇത്രേം നേരം കണ്ടതു വച്ച്‌ ഒരു ശാന്തപ്രകൃതമാണെന്നു തോന്നി."

എത്ര ഭീകരമായ തെറ്റിദ്ധാരണ!!! 'നിന്നെ ഞാന്‍ തല്ലാത്തത്‌ നീ തിരിച്ചു തല്ലുമെന്ന്‌ പേടിച്ചിട്ടു മാത്രമാണെന്ന്‌ പറഞ്ഞ കൂട്ടുകാരനെ മസ്സിലോര്‍ത്ത്‌ അവളറിയിച്ചു.

"അയ്യോ ഞാനങ്ങനെയൊന്നുമല്ല.പിന്നെന്താന്നു വച്ചാല്‍ ഒരല്‍പ്പം കൂടുതല്‍ നേരെ വാ നേരെ പോ മട്ടാണ്‌ ആ ഒരു പ്രശ്നമേയുള്ളൂ."

"അതൊരു നല്ല കാര്യമല്ലേ??"

"അനുഭവം അങ്ങനെയല്ല"

"പിന്നേ ബാക്കി കാര്യങ്ങളൊക്കെ.. അതായത്‌...ദൈവവിശാസിയാണോ?"

"ഞാന്‍ ഭയങ്കര ദൈവവിശ്വാസിയാ.എന്തു ചെയ്യുമ്പഴും പ്രാര്‍ത്ഥിച്ചിട്ടേ തുടങ്ങാറുള്ളൂ."

"ഞാനുമതെ.എല്ലാ ഞായറാഴ്ചയും പിന്നെ കടമുള്ള ദിവസങ്ങളിലും പള്ളീല്‍ പോവും. ഇനി എങ്ങാനും ആ ദിവസം പോവാന്‍ പറ്റീല്ലെങ്കില്‍ അതിനടുത്ത ദിവസം പോവും. ഇവിടെ ഏതു പള്ളീലാ പോവാറുള്ളത്‌??"

"ഞാന്‍ ഇവിടെ പള്ളീലൊന്നും പോവാറില്ല. വീട്ടില്‍ പോവുമ്പോള്‍ വല്ലപ്പോഴും പോകും.അതുതന്നെ പണ്ടു കൂടെപ്പഠിച്ചവരേം പരിചയക്കാരേം ഒക്കെ ഒറ്റയടിക്ക്‌ കാണാന്‍ വേണ്ടിയാ.."

"പിന്നെ വിശ്വാസിയാന്ന്‌ പറഞ്ഞത്‌??"

"'ഞാന്‍ ഒരു ദൈവവിശ്വാസിയാണ്‌.പള്ളിവിശ്വാസിയല്ല.പിന്നെ കഴിഞ്ഞ ഒരഞ്ചാറു വര്‍ഷത്തെ കണക്കു നോക്കുകാണേല്‌ പള്ളിയെക്കാളും അമ്പലത്തിലാ ഞാന്‍ പോയിട്ടുള്ളത്‌"

"അതെന്താ ഹിന്ദുമതത്തോട്‌ വല്ല ചായ്‌വും ഉണ്ടോ??"

"ഏയ്‌ അങ്ങനൊന്നുമില്ല. വീടിന്‌ കൂടുതലടുത്ത്‌ അമ്പലമായിരുന്നു.പിന്നെ അവിടെ പോയാല്‍ ഒച്ചേം ബഹളോമൊന്നുമില്ലാതെ പ്രാര്‍ത്ഥിക്കാലോ.അതു മാത്രമല്ല,ആ അമ്പലത്തില്‌ ഇടയ്ക്കിടയ്ക്ക്‌ ഫ്രീയായി ഭക്ഷണോം തരാറുണ്ട്‌"

"അപ്പോള്‍ പള്ളീന്നുള്ള ലെറ്റര്‍ എങ്ങനെ കിട്ടും??"

ഓ പിന്നേ ബാക്കിയെല്ലാം തികഞ്ഞല്ലോ?അല്ലെങ്കിലും ഈ കാലഘട്ടത്തില്‍ പള്ളീന്നുള്ള ലെറ്ററല്ല; എയിഡ്‌സിന്റെ ടെസ്റ്റ്‌ റിസള്‍ട്ടാ കല്യാണത്തിനു മുന്‍പ്‌ കൈമാറേണ്ടത്‌ എന്ന്‌ പറഞ്ഞാലോ?? അല്ലെങ്കില്‍ വേണ്ട ഇയാളെ കണ്ടിട്ട്‌ ഒരു ലോലഹൃദയനാന്നാ തോന്നുന്നത്‌.ചിലപ്പോ താങ്ങീന്നു വരില്ല.മനസ്സില്‍ വന്നത്‌ അടക്കി അവള്‍ പറഞ്ഞു,

"അതൊന്നും പ്രശ്നമുണ്ടാവില്ല. വീട്ടീന്ന്‌ കൃത്യമായി പള്ളിക്കുള്ള സിറ്റിംഗ്‌ -ഫീസ്‌ സോറി പിരിവ്‌ കൊടുക്കാറുണ്ട്‌"

"ഓക്കെ ഓക്കെ പിന്നെ ഒഴിവുസമയത്തൊക്കെ എന്താ ചെയ്യുന്നത്‌??"

"കയ്യീ കിട്ടുന്നതെന്തും വായിക്കും, ചുമ്മാ കറങ്ങാന്‍ പോകും, ആരെങ്കിലും കൂടെയുണ്ടെങ്കില്‍ നോണ്‍-സ്റ്റോപ്പയി വര്‍ത്താനം പറയും, സഹിക്കാന്‍ പറ്റാത്തത്ര മൂഡുണ്ടെങ്കില്‍ മാത്രം കുറച്ചു പെയിന്റിംഗ്‌ ചെയ്യും, ഇതിനൊന്നും തോന്നുന്നില്ലെങ്കില്‍ ചുമ്മാ കിടന്നുറങ്ങും"

"ഞാന്‍ ഒഴിവുള്ളപ്പോഴൊക്കെ പാട്ടു കേള്‍ക്കും"

അതെല്ലാരും ചെയ്യുന്നതല്ലേ,പ്രത്യേകിച്ചു പറയാനുണ്ടോ എന്ന ചോദ്യം കഷ്ടപ്പെട്ടു വിഴുങ്ങുന്നതിനിടയില്‍ കുടിച്ചോണ്ടിരുന്ന ചായ അവളുടെ മൂക്കില്‍ കയറി വിക്കിപ്പോയി

"കല്യാണം കഴിക്കാന്‍ പോവുന്ന ആളെപറ്റി എന്തെങ്കിലും സങ്കല്‍പ്പം??"

ദൈവമേ ലോകത്തിലെ ഏറ്റവും ബോറായ ചോദ്യം. ഇതിനൊക്കെ എന്തുത്തരം പറയും.കല്യാണത്തെപറ്റിയേ വെല്യ അഭിപ്രായമില്ല;പിന്നെയല്ലേ ...മൗനം വിദ്വാനു ഭൂഷണം..

"പറഞ്ഞോളൂ ഞാന്‍ ഒന്നും വിചാരിക്കില്ല" അയാള്‍ വിടാനുള്ള ഭാവമില്ല.

ചാടിയെഴുനേറ്റ്‌ അറ്റന്‍ഷനായിനിന്ന്‌ 'കളരിവിളക്കു തെളിഞ്ഞതാണോ, കൊന്നമരം പൂത്തുലഞ്ഞതാണോ" എന്ന പാട്ടു പാടനാണ്‌ അവള്‍ക്ക്‌ തോന്നിയത്‌.അതിനു ശേഷം കണ്ണ്‌ തുരുതുരാ അടച്ചുതുറന്ന്‌,കാലിന്റെ പെരുവിരല്‍ കൊണ്ട്‌ സെമിസര്‍കിള്‍ വരച്ച്‌, ഈ പാട്ടില്‍ പറഞ്ഞ യോഗ്യതകളുള്ള ഒരാളാണ്‌ എന്റെ സങ്കല്‍പ്പത്തില്‍ എന്നും കൂടി പറഞ്ഞാല്‍ എല്ലാം പൂര്‍ത്തിയായി.പുറത്തേക്കു വന്ന ചിരി കടിച്ചുപിടിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു

"എനിക്ക്‌ അങ്ങനെ സങ്കല്‍പ്പമൊന്നുമില്ല"

"എനിക്ക്‌ നാടന്‍ പെണ്‍കുട്ടിയേയാണിഷ്ടം.. യു നോ ഈ സാരിയൊക്കെയുടുത്ത്‌ ആ ടൈപ്പ്‌.. മനസ്സിലായില്ലേ"

അപ്പം ഇതാണ്‌ ഈ മനപ്പൊരുത്തം മനപ്പൊരുത്തമ്ന്ന്‌ പറയുന്നത്‌.ഹോ ഇത്രേം നേരം സംസാരിച്ചതില്‍ യോജിപ്പുള്ള ഒരു കാര്യമെങ്കിലുമുണ്ടല്ലോ.അവള്‍ സമധാനിച്ചു.

"എനിക്കുമതേ.സാരിയൊക്കെയുടുത്ത്‌ നിറയെ മുടിയൊക്കെയുള്ള കുട്ടികളെ എനിക്ക്‌ ഭയങ്കര ഇഷ്ടമാണ്‌.സത്യം പറയാലോ.. ഈ കാവ്യാമാധവനോടൊക്കെ എനിക്ക്‌ മുഴുത്ത അസൂയയാണ്‌. അതെങ്ങനാ ചിലര്‍ക്കൊക്കെ ദൈവം കണ്ണും മൂക്കുമില്ലാതെ വാരിക്കോരി കൊടുക്കും. ബാക്കിയുള്ളവരോടോ ഒരുമാതിരി ചിറ്റമ്മ നയോം.സാരീടെ കാര്യമാണെങ്കില്‍ വേറൊരു ട്രാജഡി. രണ്ടു മീറ്റര്‍ നീളമുള്ള ദുപ്പട്ട മാനേജ്‌ ചെയ്യാന്‍ പറ്റുന്നില്ല.അഞ്ചാറു മീറ്റര്‍ നീളമുള്ള സാരീടെ കാര്യം പിന്നെ പറയണ്ടല്ലോ?"

കയ്യിലിരുന്ന തൂവാല കൊണ്ട്‌ മുഖത്തെ വിയര്‍പ്പൊപ്പി അയാള്‍ പറഞ്ഞു."സമയം കുറച്ചായി നമുക്കിറങ്ങാം"

"ശരി ശരി " അവള്‍ ചാടിയെഴുന്നേറ്റു

"അതിനു മുന്‍പ്‌ ഒരു കാര്യം കൂടി. ഇത്രേം നേരം ഞാന്‍ മാത്രമാണല്ലോ ചോദ്യങ്ങള്‍ ചോദിച്ചത്‌. ഇയാള്‍ക്ക്‌ എന്നോടൊന്നും ചോദിക്കാനില്ലേ?"

അവള്‍ ഒന്നാലോചിച്ചു.കുറച്ചു നേരമായി ഒരു ചോദ്യം ചോദിക്കണമെന്നു വിചാരിക്കുന്നു.അങ്ങു ചോദിച്ചാലോ??

"ഒരു കാര്യം ചോദിക്കണമ്ന്നുണ്ട്‌.പക്ഷെ സാധരണ ഈ ചോദ്യം ആണുങ്ങള്‍ക്കിഷ്ടപ്പെടാറില്ല.അതുകൊണ്ട്‌ വേണ്ടാന്നു വെച്ചിരിക്കുകയായിരുന്നു. ഒന്നും വിചാരിക്കരുത്‌"

"ഇല്ല ധൈര്യമായി ചോദിച്ചോളൂ. ഞാന്‍ ഒന്നും വിചാരിക്കില്ല"

"ആ ചായേടെ പൈസേല്‌ എന്റെ ഷെയര്‍ എത്രയാ??"


-ശുഭം-

Friday, July 6, 2007

ഒരുപകാരം പ്ലീസ്‌..

മാന്യമഹാജനങ്ങളേ,

എല്ലാവരും എനിക്ക്‌ ഒരു കുഞ്ഞു സഹായം ചെയ്യണം.എനിക്കറിയാം നിങ്ങള്‍ക്കൊക്കെ ഭയങ്കര തിരക്കാണെന്ന്‌.എന്നാലും പറ്റില്ലാന്നു പറയരുത്‌.ഇതിന്‌ രണ്ട്‌ സെക്കന്റ്‌പോലും എടുക്കില്ല.കാര്യമെന്താന്നു വെച്ചാല്‍ ഇനിമുതല്‍ സമയം കിട്ടുമ്പോഴൊക്കെ നിങ്ങള്‍ "കൊച്ചുത്രേസ്സ്യയെ ജയിപ്പിക്കണേ, കൊച്ചുത്രേസ്സ്യയെ ജയിപ്പിക്കണേ" എന്ന്‌ അവരവരുടെ ദൈവങ്ങളോട്‌ ഒന്നു പ്രാര്‍ത്ഥിക്കണം.ദിവസത്തില്‍ ഒന്നു വെച്ചായാലും മതി.എന്റെ ഒരാളുടെ പ്രാര്‍ത്ഥന കൊണ്ടു മാത്രം കാര്യം നടക്കില്ല. അതാ..

അപ്പം ശരി.നിങ്ങളൊക്കെ എന്റെ പിന്നിലുണ്ട്‌ എന്ന വിശ്വാസത്തോടെ ഞാന്‍ പോയി പരീക്ഷയെഴുതട്ടെ.പറ്റിക്കല്ലേ..എങ്ങാനും കാര്യം നടന്നാല്‍ 'ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ" എന്നും പറഞ്ഞ്‌ പോസ്റ്റിടുന്നതാണ്‌.

പിന്നെ ഞാന്‍ പോയി അങ്കം ജയിച്ചു വരുന്നതു വരെ നിങ്ങള്‍ക്ക്‌ കണ്ടു രസിക്കാന്‍/വിമര്‍ശിക്കാന്‍/ബോറടിക്കാന്‍ വേണ്ടി കുറച്ചു പടങ്ങള്‍ താഴെ ഇട്ടിട്ടുണ്ട്‌.അതു കണ്ട ക്ഷീണം മാറുമ്പോഴെക്കും ഞാന്‍ തിരിച്ചെത്തുന്നതാണ്‌...

.............................................................................................................................

ആരാ പരഞ്ഞത്‌ സ്വര്‍ഗ്ഗത്തില്‍ മഴ പെയ്യില്ലെന്ന്‌..ദേ നോക്ക്‌ എന്റെ സ്വര്‍ഗ്ഗത്തില്‍ മഴ പെയ്യുന്നു..



എന്റെ പ്രിയപ്പെട്ട പുഴയും പാലവും.

ഈ പാലം പറശ്ശിനി പാലമാണ്‌ കേട്ടോ..അതിന്റെ രണ്ടു സൈഡിലുമുള്ള പുഴ (സത്യം.. ഈ പാലത്തിന്റെ രണ്ടു സൈഡിലും പുഴയാണ്‌). കണ്ണൂരിന്റെ സ്വന്തം വളപട്ടണം പുഴയും...





ആ കാണുന്നതാണ്‌ പറശ്ശിനി മുത്തപ്പന്‍ ക്ഷേത്രം.പാഠിക്കുന്ന കാലത്ത്‌ എത്രയോ പ്രാവശ്യം ഭക്ഷണം കഴിച്ചിരിക്കുന്നു ഇവിടെ നിന്ന്‌!!!

(മുത്തപ്പാ ദേ നിന്റെ ഫോട്ടോ ഞാന്‍ നാലാളെ കാണിച്ചിട്ടുണ്ട്‌ കേട്ടോ.അതോര്‍ത്തെങ്കിലും ഇന്നാളു ഞാന്‍ ചോദിച്ച കാര്യം നടത്തി തരണേ....)







ഈ തെങ്ങിന്‍-തോപ്പു വാങ്ങാന്‍ വേണ്ടി കാശൊപ്പിച്ചോണ്ടു വരികയായിരുന്നു.അപ്പഴത്തേയ്ക്കും മുങ്ങിക്കളഞ്ഞു.സാരമില്ല വേനല്‍ക്കാലത്തു പൊങ്ങിക്കോളും.


......................................................................................................................................

അപ്പം എല്ലാം പറഞ്ഞ പോലെ.. ഇനി ഞാന്‍ പോയി ബുക്കൊക്കെ ഒന്നു പൊടി തട്ടി എടുക്കട്ടെ..

Monday, July 2, 2007

പെങ്ങള്‍ശാപങ്ങള്‍

സമയം രാവിലെ 5.30.. സ്ഥലം കണ്ണൂര്‍ റെയില്‍'വേ സ്റ്റേഷന്‍.. നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്‌ അനൗണ്‍സ്‌മന്റ്‌ -"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌. 2618 നമ്പര്‍ ഹസ്രത്‌ നിസ്സാമുദ്ദിന്‍-എറണാകുളം മംഗള ലക്ഷദ്വീപ്‌ എക്സ്പ്രസ്സ്‌ എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പ്ലാറ്റ്‌'ഫോം നമ്പര്‍ ഒന്നില്‍ നിന്നും പുറപ്പെടുന്നതാണ്‌" സൈഡ്‌ ലോവര്‍ ബെര്‍ത്തില്‍ കിടന്നിരുന്ന അയാള്‍ അസ്വസ്ഥനായി.ഇനിയും അതു പറഞ്ഞില്ലെങ്കില്‍ വൈകിപ്പോകും.അയാള്‍ ചാടിപിടഞ്ഞെഴുന്നേറ്റു.ഒന്നു സംശയിച്ചു നിന്ന ശേഷം അപ്പര്‍ ബെര്‍ത്തില്‍ ബോധംകെട്ടതു പോലെ കിടന്നുറങ്ങുന്ന ആ പെണ്‍കുട്ടിയെ പതുക്കെ കുലുക്കിയുണര്‍ത്തി.ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിച്ചതിന്റെ എല്ല വിധ ശത്രുതയോടും കൂടി തന്നെ തുറിച്ചു നോക്കുന്ന പെണ്‍കുട്ടിയോട്‌ അയാള്‍ പതുക്കെ പറഞ്ഞു:-

"കുട്ടിക്ക്‌ കണ്ണൂരല്ലെ ഇറങ്ങേണ്ടത്‌.സ്റ്റേഷനെത്തി".

ഒരു നിമിഷം പകച്ചിരുന്ന ശേഷം "അയ്യോ വണ്ടി നിര്‍ത്തണേ ..ആളെറങ്ങാനുണ്ടേ" എന്നൊരു നിലവിളിയോടു കൂടി അവള്‍ താഴേക്ക്‌ ചാടിയിറങ്ങി.സീറ്റിനടിയില്‍ നിന്ന്‌ ബാഗും വലിച്ചെടുത്ത്‌ കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട്‌ അവിടുന്ന്‌ അപ്രതക്ഷ്യയായി.കൃത്യം 2 സെക്കന്റിനു ശേഷം പ്പ്ലാറ്റ്‌'ഫോമില്‍ നില്‍ക്കുന്ന മാന്യമഹാജങ്ങളുടെ മുന്‍പിലെക്ക്‌ ആദ്യം ഒരു പച്ച ബാഗ്‌ പറന്നു വീണൂ. അതിനു തൊട്ടു പിന്നാലെ അഞ്ജു ബോബി ജോര്‍ജ്ജിനെ ഞെട്ടിക്കുന്ന ചാട്ടത്തോടെ ഒരു പെണ്‍കുട്ടിയും.

ഓക്കെ.അപ്പം പറഞ്ഞുവന്നതെന്താന്നു വച്ചാല്‍, എല്ലാവര്‍ഷത്തയും പോലെ ആ വര്‍ഷവും ഞാന്‍ ലീവിന്‌ കണ്ണൂരെത്തി.

Now over to വീട്‌....

നീണ്ട ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മകളെ കാണുന്ന അച്ഛനമ്മമാരുടെ ഫീലിംഗ്സിനെ പരമാവധി മുതലെടുത്തുകൊണ്ട്‌ അടുത്ത ഒരു മാസത്തെക്കു കഴിക്കാന്‍ വേണ്ട ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ്‌ പ്രഖ്യാപിച്ച ശേഷം പരിപാടിയിലെ അടുത്ത ഇനമായ ഉറക്കത്തിലേക്കു ഞാന്‍ പ്രവേശിച്ചു.ഇനി ബ്രേക്ക്‌-ഫാസ്റ്റ്‌ റെഡിയായിക്കഴിയുമ്പോള്‍ മമ്മി വന്ന്‌ വിളിച്ചോളും.ഒന്നു കണ്ണടച്ചതേയുള്ളൂ എന്നാണെന്റെ ഓര്‍മ്മ.ചിക്കന്‍ കറിയുടെ മത്തു പിടിപ്പിക്കുന്ന സുഗന്ധം എന്നെ ഉണര്‍ത്തി.ഇന്നെന്താ പുട്ടിന്റെ കൂടെ കടലയ്ക്കു പകരം ചിക്കന്‍??ഞാന്‍ ചാടിയെഴുന്നേറ്റു.അന്ന്‌ പുട്ടാണെന്നെങ്ങനെ മനസ്സിലായെന്നല്ലേ?? ഞാന്‍ വരുന്ന ദിവസം, പോവുന്ന ദിവസം,ഇടയ്ക്കുള്ള ദിവസം തുടങ്ങി മിക്കവാറും എല്ലാ ദിവസങ്ങളിലും പുട്ടായിരിക്കും.പുട്ടിനു വേണ്ടി മരിക്കാന്‍ പോലും തയ്യാറായ കടുത്ത ഒരാരാധികയാണ്‌ ഈയുള്ളവള്‍.പുട്ട്‌ ഫാന്‍സ്‌ അസോസിയേഷന്‍..കീ ജയ്‌..)

അങ്ങനെ ഞാന്‍ ചിക്കന്‍ കറിയുടെ സുഗന്ധത്താല്‍ ഹിപ്നോട്ടൈസ്‌ ചെയ്യപ്പെട്ട്‌ അടുക്കളയിലെത്തി സ്നേഹത്തോടെ കാസരോള്‍ തുറന്നു നോക്കി.തലയില്‍ തേങ്ങ കൊണ്ട്‌ തൊപ്പിയുമണിഞ്ഞ്‌ എന്നെയെടുക്കൂ എന്നെയെടുക്കൂ എന്ന മട്ടില്‍ പുഞ്ചിരിച്ചു കൊണ്ട്‌ എന്നെ കാത്ത്‌ വടിപോലെ നില്‍ക്കുന്ന പുട്ടുകുട്ടപ്പന്മാര്‍ക്കു പകരം ഞാന്‍ കണ്ട കാഴ്ച..ഹൊ ഭീകരം... ചുറ്റും ലെയ്സൊക്കെ വച്ച്‌ അതില്‍ കിടന്നുറങ്ങുന്ന മസാലദോശകളായ സോറി മദാലസകളായ പാലപ്പങ്ങള്‍!!!

"മമ്മീ പുട്ടെന്ത്യേ ??? " എന്റെ ഞെട്ടല്‍ ഒരാര്‍ത്തനാദമായി പുറത്തു വന്നു.

"എടീ പുട്ട്‌ നമ്മക്ക്‌ നാളെയുണ്ടാക്കാം.ഇന്ന്‌ അവന്റെ കൂട്ടുകാര്‌ വരുന്നുണ്ട്‌.അവര്‍ക്കെങ്ങനാ പുട്ടൊക്കെ കൊടുക്കുന്നത്‌ ?"

ഈ 'അവന്‍' മമ്മീടെ പൊന്നോമനപുത്രനും ഞങ്ങളുടെ വീട്ടിലെ ഇളയ സന്താനവുമായ കുട്ടാപ്പിയാണ്‌.

"അതെന്ത്‌ അവര്‍ക്ക്‌ പുട്ടിറങ്ങൂല്ലേ?" എന്നെ പറഞ്ഞാല്‍ ഞാന്‍ സഹിക്കും. പക്ഷെ പുട്ടിനെ ഒരു മാതിരി ഇടിച്ചു താഴ്ത്തികൊണ്ടുള്ള ഒരു നീക്കവും ഞാന്‍ വിടമാട്ടെ.

"അതല്ലെടീ.. അവര്‍ക്ക്‌ പാലപ്പം ഭയങ്കര ഇഷ്ടമാ അതാ.."

ഓ അതു ശരി അപ്പോള്‍ സ്ഥിരം കുറ്റികളാണല്ലേ.മമ്മിയെ സോപ്പിട്ട്‌ പതപ്പിച്ച്‌ വച്ചിരിക്കുകയാ കള്ളന്മാര്‌.പോട്ടെ ഒരു ദിവസത്തേക്കല്ലേ.ഞാനങ്ങു ക്ഷമിച്ചു.

"ഇതെന്തോരുമാ ഉണ്ടാക്കുന്നേ??അവരെത്ര പേരുണ്ടാകും??ഇത്രേമൊക്കെ അവന്മാര്‌ തിന്നു തീര്‍ക്കുമോ?"

"അതെങ്ങനാ വല്ലതും കൃത്യമായി പറയുന്ന ശീലം അവനുണ്ടോ?? അവര്‌ രണ്ടുമൂന്നു പേരൊക്കെ കാണുമായിരിക്കും.പിന്നെ ബാക്കിയുള്ളത്‌ നമ്മക്ക്‌ പിന്നത്തേക്കെടുക്കാലോ."

എന്നു വച്ചാല്‍ ഈ ബാക്കി വരുന്ന അപ്പം നാളെ വേറെ രൂപത്തില്‍ ഞങ്ങള്‍ പോലുമറിയാതെ ഞങ്ങളുടെ വയറ്റിലെത്തുമെന്ന്‌ ചുരുക്കം.

"ഇങ്ങു താ മമ്മീ ഞാനുണ്ടാക്കാം."

"ഓ വേണ്ടെടീ.. നീ അവിടിരുന്ന്‌ വിശേഷങ്ങളൊക്കെ പറ"

(മേല്‍പറഞ്ഞിരിക്കുന്ന രണ്ടുവരി സംഭാഷണം കണ്ട്‌ ആരും ഞെട്ടണ്ട. അദ്യത്തെ രണ്ടു ദിവസം ഞങ്ങളമ്മേം മോളും ഈച്ചേം ചക്കരേം പോലെയാ.അതു കഴിയുമ്പോഴല്ലേ മക്കളേ മഹഭാരതയുദ്ധം...)

അങ്ങനെ അവന്റെ ശിങ്കിടികളെത്തി. നാലു പേരുണ്ട്‌.4 പേരുടെയും വകയായി "ഏച്ചിയെപ്പൊ വന്നൂ??","ഏച്ചിയെപ്പൊ പോകും??", "സുഖം തന്നേ??" എന്നീ ചോദ്യങ്ങള്‍ക്ക്‌ ശേഷം കാര്യ പരിപാടി ആരംഭിച്ചു.ആദ്യത്തെ ഒരു starting troublനു ശേഷം പിള്ളേര്‌ ഫുള്‍ ഫോമിലെത്തി.അപ്പം വച്ചിരിക്കുന്ന പാത്രം പോവുന്നേം കാണാം മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചു വരുന്നേം കാണാം. ഇടക്കിടക്കു ചിക്കന്‍ കറീടെ പാത്രോം റീ-ഫില്ല് ചെയ്യാനായി എത്തുന്നുണ്ട്‌.

"നീയാരെ കാത്തിരിക്കുകയാ.. അവര്‍ടെ കൂടെ പോയിരുന്ന്‌ കഴിക്കത്തില്ലേ ??"ആസന്നമായ ഒരപകടം മുന്‍'കൂട്ടി കണ്ടിട്ടെന്നപൊലെ മമ്മി നിര്‍ദ്ദേശിച്ചു.

"ഞാന്‍ പിന്നെ കഴിച്ചോളാം"..വേറൊന്നും കൊണ്ടല്ല, അവിടെ പോയിരുന്നാല്‍ ഡീസന്റാവേണ്ടി വരും.നമ്മടെ മനോധര്‍മ്മം പോലെ നക്കി വടിച്ച്‌ കുഴച്ചുരുട്ടിയൊന്നും കഴിക്കാന്‍ പറ്റില്ല.

സമയം മുന്നോട്ടു നീങ്ങി.അതിനനുസരിച്ച്‌ ഞങ്ങളുടെ അപ്പം സ്റ്റോക്കും ഏതാണ്ട്‌ അടിപറ്റിക്കൊണ്ടിരിക്കുകയാണ്‌.പിള്ളേര്‍ടെ പോളിംഗിനൊരു കുറവുമില്ല.മമ്മീടെ ആത്മവിശ്വാസമൊക്കെ എവിടെയോ പോയ്‌.മറഞ്ഞു.ഇപ്പം റിസര്‍വിലാണ്‌ വണ്ടിയോടിക്കൊണ്ടിരിക്കുന്നത്‌.അതായത്‌ ഞങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചിരുന്ന സ്റ്റോക്കാണ്‌ ഇപ്പോള്‍ ഫീല്‍ഡിലുള്ളത്‌.അതും കൂടി കഴിഞ്ഞാല്‍ സ്വാഹ... പിന്നെ ആപല്‍ബാന്ധവനായ ബ്രെഡിനെ ഗോദയിലേയ്ക്കിറക്കേണ്ടി വരും.

"ഡീ നീയെന്തു കഴിക്കും??"

"ഓ അതു സാരമില്ല.എനിക്കു ലേശം പുട്ടുണ്ടാക്കി തന്നാല്‍ മതി". ഞാന്‍ ത്യാഗിനിയായി.

"പിള്ളേര്‍ക്ക്‌ നന്നായി വിശക്കുന്നുണ്ടെന്നു തോന്നുന്നു" മമ്മി താടിക്കു കയ്യും കൊടുത്തുനിന്നു പറഞ്ഞു.'എന്തൊരു മുടിഞ്ഞ തീറ്റ'- എന്നത്‌ മാതൃസ്നേഹത്തിന്റെ തേന്‍ പുരണ്ട്‌ പുറത്തെക്കുവന്നതീ രൂപത്തിലാണ്‌.

അപ്പോഴാണ്‌ അപ്പുറത്തു നിന്നും ഞങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന ആ വാക്കുകള്‍ കേട്ടത്‌.

"മമ്മീ ഞങ്ങളു മതിയക്കുകയാ"

മമ്മീടെ മുഖത്തേക്ക്‌ രക്തമയം തിരിച്ചു വന്നു.

"മതിയാക്കിയാലും ഇല്ലെങ്കിലും ഈ അങ്കം ഇവിടെ വെച്ചു തന്നെ നിന്നു പോവുമായിരുന്നു.അപ്പം തീര്‍ന്നെഡേയ്‌".അടുക്കളയിലേക്കു വന്ന അനിയനെ ഞാന്‍ സത്യാവസ്ഥ അറിയിച്ചു.

"നിങ്ങളെന്താ കഴിഞ്ഞ ഒരാഴ്ചയായി പട്ടിണിയിലായിരുന്നോ? ഇക്കണക്കിന്‌ നിന്റെ ഒന്നു രണ്ടു കൂട്ടുകാരും കൂടി വന്നിരുന്നെങ്കില്‍ നമ്മടെ കുടുംബം വെളുത്തേനേല്ലോ?" അവന്റെ ആത്മവീര്യം കുറയ്ക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല.

"മതീടീ.ഭക്ഷണത്തിനു കണക്കു പറയുന്നോ" മമ്മി എന്നെ ശാസിച്ചെങ്കിലും എന്റെ മനസ്സിലുള്ളതു തന്നെയാണ്‌ അവിടേം ഉള്ളതെന്നെനിക്കു മനസ്സിലായി.മമ്മിയാരാ മോള്‌..

"മമ്മീ ഞങ്ങളിറങ്ങുകയാ. ഉച്ചയ്ക്ക്‌ ഗോപന്റെ വീട്ടിലാ ഊണ്‌"

"നിങ്ങള്‍ ഊണിനുണ്ടാവുമെന്ന്‌ ഗോപന്റമ്മയ്ക്കറിയുമോ?"

"ഓ അതൊക്കെയെന്തിനാ മുന്‍,കൂട്ടി പറയുന്നത്‌.ഉള്ളതു കൊണ്ട്‌ ഓണം പോലെ ഞങ്ങളങ്ങ്‌ കഴിച്ചോളും"

ഉവ്വേ ഉവ്വേ അതാണല്ലൊ ഇപ്പോള്‍ ഇവിടെ നടന്നത്‌.എന്തൊരു വിനയം..

എന്തായാലും അവരിറങ്ങിയതും സമയം കളയാതെ മമ്മി ഫോണിനടുത്തെയ്ക്കോടി. വരാന്‍ പോവുന്ന അത്യാഹിതത്തെ പറ്റി ഗോപന്റമ്മയ്ക്കു മുന്നറിയിപ്പു കൊടുക്കാനാണ്‌. ഞാന്‍ ചിന്തിച്ചത്‌ മറ്റൊരു കാര്യമാണ്‌.ഇങ്ങനെ മുന്‍,കൂട്ടി പറയാതേം ആലോചിക്കാതേം വീട്ടിലേക്ക്‌ അതിഥികളെ വിളിച്ചോണ്ടു വരിക എന്നത്‌ പുരുഷപ്രജകളുടെ സ്ഥിരം സ്വഭാവമാണ്‌.വീട്ടിലുള്ളവരുടെ ബുദ്ധിമുട്ട്‌ വല്ലതും ഇവരറിയുന്നുണ്ടോ?? ഇങ്ങനെ എത്രയെത്ര അമ്മ-ഭാര്യ-പെങ്ങന്മാരുടെ ശാപം ഇവന്മാരുടെയൊക്കെ തലയിലുണ്ടാകും.അമ്മമാരും ഭാര്യമാരും ചിലപ്പൊ ശപിക്കൂലായിരിക്കും. അവര്‌ സര്‍വംസഹകളാണല്ലോ. പക്ഷേ എന്നെ പോലുള്ള പെങ്ങന്മാരുണ്ടെങ്കില്‍ ശാപം ഉറപ്പാ. മൂന്നരത്തരം..

Thursday, June 28, 2007

അനുഭവങ്ങള്‍ ..പാളിച്ചകള്‍-2

ദിവസവും രാവിലെ രണ്ട്‌ കിലോമീറ്റര്‍ ദൂരെയുള്ള പള്ളിയില്‍ പോവുകയും വൈകുന്നേരം മുടങ്ങാതെ കുരിശു വരയ്ക്കുകയും ചെയ്യുന്ന കുഞ്ഞാടുകളാണ്‌ എന്റെ അമ്മവീട്ടുകാരെങ്കില്‍, പപ്പേടെ വീട്ടില്‍ ആകെ ഒരു ചുവപ്പുമയമാണ്‌.മുഴുവനും സഖാക്കളാണ്‌. ഈ ഒരു ആശയപരമായ അന്തരം രണ്ടുവീട്ടുകാര്‍ക്കും ഞങ്ങള്‍ കുട്ടികളോടുള്ള പെരുമാറ്റത്തിലും പ്രകടമായിരുന്നു. 'ഉള്ളവന്‍ ഇല്ലത്തവനു കൊടുക്കുക' എന്നുള്ള ബൈബിള്‍വചനപ്രകാരം അമ്മവീട്ടില്‍ നിന്ന്‌ വെക്കേഷന്‍ കഴിഞ്ഞു വരുമ്പോള്‍ നല്ലൊരു തുക ഞങ്ങളുടെ കയ്യില്‍ തടഞ്ഞിരുന്നു.ഒരു പണിയും ചെയ്യാതെ ചുമ്മാ കിടന്നുറങ്ങിയാലും കറക്ടായി പൈസ കിട്ടും എന്നാല്‍ പപ്പേടെ വീട്ടിലോ 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മടെതാകും പൈങ്കിളിയേ' ലൈനാണ്‌. അതായത്‌ വയലു കൊയ്താലേ , അല്ലെങ്കില്‍ മേലനങ്ങി പണിയെടുത്താലേ അവിടെ നിന്ന്‌ വല്ലതും തടയൂ.

ഇന്നത്തെ പോലെ നമ്മുടെ നേരെ വരുന്ന പണി എങ്ങനെ മറ്റുള്ളവന്റെ തലയിലിടാം എന്ന ചിന്ത അന്നില്ലാതിരുന്നതു കൊണ്ടും അതുകൊണ്ടുണ്ടാകുന്ന ധനലാഭം ഓര്‍ത്തും എന്തു പണി ചെയ്യാനും ഞങ്ങള്‍ തയ്യാറായിരുന്നു.പപ്പേടെ വീട്ടില്‍ ചെന്ന്‌ കുപ്പായം മാറും മുന്‍പേ തന്നെ "അമ്മച്ചീ എന്തെങ്കിലും പണി തരൂ പ്ലീസ്‌" എന്നഭ്യര്‍ത്ഥിക്കുന്ന ഞങ്ങള്‍ അന്നാട്ടിലെ കുട്ടികള്‍ക്ക്‌ ഒരു മാതൃകയായിരുന്നു.

അങ്ങനെയൊരു അവധിക്കാലത്താണ്‌ ഈ സംഭവം നടക്കുന്നത്‌.പതിവു പോലെ തന്നെ ഞങ്ങള്‍ കുട്ടികള്‍- ഞാന്‍,കുട്ടാപ്പി,സന്ധ്യാപ്പി-ഒരു തൊഴിലിനു വേണ്ടി ഉഴറി നടക്കുകയാണ്‌.ഇതില്‍ ഞാന്‍ ഞാനും കുട്ടാപ്പി എന്റെ നേരനിയനും, സന്ധ്യാപ്പി എന്റെ നേര്‍കസിനുമാണ്‌ . ( ക്ഷമിക്കണം ..ഉണ്ണിയാര്‍ച്ച സീരിയലിന്റെ ഹാംഗ്‌-ഓവറാണ്‌ ഈ 'നേര്‍' പ്രസരം). എന്റെ 'ഒരു റബ്ബര്‍ വീരഗാഥ' പാണന്മാര്‍ പാടിപ്പാടി അവിടെയുമെത്തിയതു കൊണ്ട്‌ റബ്ബറുമായി ബന്ധപ്പെട്ട ഒരു പണിയും (ഒട്ടുപാല്‍ പറിക്കുക, വീണു പോയ ചിരട്ട യഥാസ്ഥാനത്തു വയ്ക്കുക etc) തരാന്‍ അമ്മച്ചി തയ്യറായില്ല.പിന്നെയുള്ള jobvacancies എല്ലാം അമ്മച്ചീടെ ശിങ്കിടികളായ കുട്ടിച്ചേടത്തി, കുഞ്ഞിരാമന്‍,ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന്‌ ഫില്ല്‌ ചെയ്തുവച്ചിരിക്കുകയാണ്‌.അങ്ങനെ രണ്ടു ദിവസം തൊഴില്‍രഹിതരായി നടന്നു കഴിഞ്ഞപ്പോള്‍ ഒരു Temperory post ഒത്തുകിട്ടി. ഞങ്ങളുടെ മുഖ്യശത്രുവായ കുട്ടിച്ചേടത്തി സുഖമില്ലാതെ ലീവെടുത്ത ഒഴിവില്‍ 'കശുവണ്ടി പെറുക്കുക' എന്ന ജോലിയിലേക്കാണ്‌ posting.

അങ്ങനെ ഞങ്ങള്‍ രാവിലെതന്നെ ബക്കറ്റുകളും ചാക്കുമൊക്കെയായി ജോലിസ്ഥലത്തേക്കു പുറപ്പെട്ടു.ഒരു വെല്യ മലേലാണ്‌ കശുമാവിന്‍ തോട്ടം.മലകേറ്റം ആരംഭിച്ചപ്പോള്‍ തന്നെ ആദ്യത്തെ ആവേശമൊക്കെ പതുക്കെ ചോര്‍ന്നു പോകാന്‍ തുടങ്ങി.കഷ്ടിച്ച്‌ ഒരാള്‍ക്ക്‌ നടക്കന്‍ പറ്റുന്ന കുത്തനെയുള്ള വഴി.രണ്ടു സ്റ്റെപ്പ്‌ മോളിലേക്കു വച്ചല്‍ ഒരു സ്റ്റെപ്പ്‌ താഴേക്കു തെന്നും.ഇതിനിടയ്ക്ക്‌ ചില അമ്മച്ചിമാരും അപ്പച്ചന്മാരും നരുന്തു പിള്ളേരുമൊക്കെ ഞങ്ങളെ പുച്ഛത്തോടെ നോക്കിക്കൊണ്ട്‌ "വഴി താ പിള്ളാരേ"-ന്നും പറഞ്ഞ്‌ പുട്ടുപോലെ മോളിലേയ്ക്ക്‌ കേറിപോകുന്നുമുണ്ട്‌.(കുറ്റം പറയരുതല്ലോ, അതില്‍ ചിലരൊക്കെ ഞങ്ങളുടെ കയ്യില്‍ പിടിച്ച്‌ വലിച്ചു കേറ്റി സഹായിച്ചിരുന്നു)എന്തായാലും ഒരുവിധത്തില്‍ വലിഞ്ഞും നിരങ്ങിയുമൊക്കെ ഉച്ചയായപ്പോള്‍ തോട്ടത്തിലെത്തി.അവിടെയാണെങ്കില്‍ നിറയെ കശുമാങ്ങകള്‍ ചുമ്മാ നിലത്ത്‌ വീണു കിടക്കുകയാണ്‌. ഞങ്ങളുടെ ക്ഷീണമൊക്കെ പമ്പ കടന്നു.അതൊക്കെ ആക്രാന്തത്തൊടെ പെറുക്കി ബക്കറ്റിലിട്ടും ഇടക്കിടക്ക്‌ കൊള്ളാം എന്നു തോന്നുന്ന കശുമാങ്ങകള്‍ വായിലേക്കിട്ടും ഞങ്ങള്‍ മുന്നേറി.അങ്ങനെ കുറച്ചു മുകളിലെത്തിയപ്പോഴേക്കും മൂന്നു പേരുടെയും ബക്കറ്റ്‌ നിറഞ്ഞു.

"എല്ലാവരും പെറുക്കിയതൊക്കെ ഇവിടെ കൂട്ടിയിടൂ. നമ്മക്ക്‌ ഇരിഞ്ഞ്‌ കശുവണ്ടി ചാക്കിലേക്കിടാം"

കൂട്ടത്തില്‍ മുതിര്‍ന്നവളായ എന്റെ നിര്‍ദ്ദേശം സംഘാംഗങ്ങള്‍ ശിരസ്സാ വഹിച്ചു. മൂന്നു പേരും അവരവരുടെ ബക്കറ്റ്‌ അവിടെ കമഴ്ത്തി.കണ്ണടച്ചു തുറക്കുന്നതിനു മുന്‍പാണ്‌ അതു സംഭവിച്ചത്‌ . ഓരോ കശുമാങ്ങയും താഴേക്കുരുണ്ട്‌ ഏതേതു സ്ഥലത്തു നിന്നാണോ അതിനെ പെറുക്കിയെടുത്തത്‌ അവിടെത്തന്നെ തിരിച്ചു പോയി പ്രതിഷ്ഠിച്ചു.ഐസക്‌ ന്യൂട്ടണ്‍ പണ്ട്‌ തലേല്‍ ആപ്പിള്‍ വീണപ്പോള്‍ ഞെട്ടി ഗുരുത്വാകര്‍ഷണം ഗുരുത്വാകര്‍ഷണമ്ന്ന്‌ അലറിയ സംഭവം സത്യമാണെന്ന്‌ ആ കശുമാങ്ങകള്‍ ഞങ്ങളെ പഠിപ്പിച്ചു.

ആദ്യത്തെ പരാജയത്തിന്റെ ക്ഷീണം അടുത്തൊരു വീട്ടില്‍ ചെന്ന്‌ ഓരോ ഗ്ലാസ്‌ വെള്ളം കുടിച്ചു തീര്‍ത്ത്‌ ഞങ്ങള്‍ വീണ്ടും പണിക്കിറങ്ങി.ആദ്യത്തെ സംഭവത്തില്‍ നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌ ഇത്തവണ നിരപ്പായ സ്ഥലങ്ങളില്‍ ഇട്ടു മാത്രമാണ്‌ കശുവണ്ടി ഇരിഞ്ഞെടുത്തിരുന്നത്‌.അങ്ങനെ മുന്നേറിയ ഞങ്ങളുടെ മുന്നിലതാ പുതിയൊരു പ്രതിസന്ധി.ഒരു പാറ. .ആ പാറയിലൂടെ വലിഞ്ഞു കേറിയാല്‍ മാത്രമേ മുകളിലുള്ള തട്ടിലെ കശുവണ്ടി പെറുക്കാന്‍ പറ്റൂ.ഇവിടെവിടെയെങ്കിലും മുകളിലേക്കു കയറാന്‍ സ്റ്റെപ്പുണ്ടായിരിക്കും എന്നും പറഞ്ഞ്‌ ആ പാറയില്‍ ഗവഷണം നടത്തിക്കൊണ്ടിരുന്ന എന്നെയും കുട്ടാപ്പിയെയും ഞെട്ടിച്ചു കൊണ്ട്‌ സന്ധ്യാപ്പി പ്രഖ്യാപിച്ചു.

"പിന്നേ ഈ മലമോളിലല്ലേ സ്റ്റെപ്പ്‌ പണിയുന്നേ. ഞങ്ങടവിടെയൊക്കെ ഇതു പോലെയുള്ള ഒത്തിരി പാറകളുണ്ട്‌. ഈ പാറേ പൊത്തിപ്പിടിച്ച്‌ അങ്ങു കയറിയാല്‍ മതി"

ഓ പിന്നെ ഇവളൊരു കര്‍ഷകപുത്രി...ഞങ്ങള്‍ മനസ്സില്‍ പുച്ഛിച്ചെങ്കിലും കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമല്ലൊ?

"എന്നാ നീ ആദ്യം കേറ്‌. എങ്ങനെയാന്നു ഞങ്ങളൊന്നു നോക്കട്ടെ"ഞങ്ങള്‍ വെല്ലു വിളിച്ചു.

അവള്‍ ഒട്ടും മടിച്ചില്ല. ഓന്തു കേറുന്നതു പോലെ ആ പാറേല്‌ പൊത്തിപ്പൊത്തി വലിഞ്ഞ്‌ നിരങ്ങി മോളിലെത്തി '

"ഇത്രേയുള്ളോ ..അടുത്തത്‌ ഞാന്‍ കേറാം" കുട്ടാപ്പി നിക്കറൊക്കെ വലിച്ചു കേറ്റി പാറേടെ മൂട്ടിലെത്തി അവള്‍ കേറിയ വഴിയെ തന്നെ കേറിത്തുടങ്ങി.പെട്ടെന്നതാ മുകളീന്നൊരു അലര്‍ച്ചേം ശൂൂം ന്നൊരു ശബ്ദോം.

"മാറെടാ....ഞാനിതാ വരുന്നേ...."

ഒരു കെട്ട്‌ ഉണങ്ങിയ ഇലകളുടെ അകമ്പടിയോടെ കര്‍ഷക പുത്രി പോയ വഴിയേ തന്നെ ഊര്‍ന്നു താഴേക്കു വീഴുന്ന നയനമനോഹരമായ കാഴ്ച.ഏതാണ്ടു കാല്‍ ഭാഗം കയറി അന്തംവിട്ടു മോളിലേക്കും നോക്കി നില്‍ക്കുന്ന കുട്ടാപ്പിയേം കൂട്ടി അവള്‍ എന്റെ കാല്‍ചുവട്ടില്‍ ലാന്റ്‌ ചെയ്തു. പതുക്കെ പൊടിതട്ടിയെഴുന്നേറ്റ്‌ ഒരു ചമ്മിയ ചിരിയോടെ "മുകളില്‍ കിടന്ന ഉണങ്ങിയ ഇലയില്‍ തെന്നി വീണതാ.." എന്നൊ മറ്റോ പറയുന്നുണ്ടായിരുന്നു.അവിടെ ഉരുണ്ടു മറിഞ്ഞുകിടന്ന്‌ ആര്‍ത്തലച്ച്‌ ചിരിക്കുന്നതിനിടയില്‍ ശരിക്കും കേള്‍ക്കാന്‍ പറ്റിയില്ല.

അതിനിടയ്ക്കു പാറയെ വലംവെച്ച്‌ നടന്ന കുട്ടാപ്പി കുറച്ചു ദൂരെയായി ഒരു വേലി കണ്ടുപിടിച്ചു.പാറ കേറുന്നതിലും എളുപ്പമാണ്‌ വേലി ചാടുന്നത്‌.അതിനപ്പുറത്തെ കശുവണ്ടിയ്ക്കൊക്കെ ഒരു വ്യത്യാസം.പോഷകാഹാരം കിട്ടാത്തതു പോലെ ഒരു വലിപ്പക്കുറവ്‌.എന്നാലും വിട്ടില്ല. ഞങ്ങളു പെറുക്കി ബക്കറ്റിലിട്ടു. അപ്പഴതാ മുകളീന്നൊരു അശരീരി.

"അതു നിങ്ങള്‍ടേതല്ല പിള്ളേരേ"

ഞെട്ടി മുകളിലേക്കു നോക്കിയപ്പോഴതാ മോളിലത്തെ തിട്ടയിലൊരു ചേച്ചി ഒരു അരിവാളൊക്കെ പിടിച്ച്‌ അത്ര പന്തിയല്ലാത്ത ഒരു നോട്ടത്തോടെ നില്‍ക്കുന്നു.ഞങ്ങള്‍ക്ക്‌ ഒന്നും പിടികിട്ടിയില്ല.

"അങ്ങനെ ഞങ്ങടേത്‌ നിങ്ങടേത്‌ എന്നൊക്കെ ഉണ്ടോ??" ഞാന്‍ ചേച്ചിയോട്‌ ചോദിച്ചു.

"ആ വേലിക്കപ്പുറത്തെയാ നിങ്ങള്‍ടെ. ഇതു ഞങ്ങടെയാ" ചേച്ചി വ്യക്തമാക്കി.

ഇനിയിപ്പൊ എന്തു ചെയ്യും.ഒരു സോറി പറഞ്ഞാലോ എന്നൊക്കെ ആലോചിച്ച്‌ ഞാന്‍ ഒരു സഹായത്തിന്‌ സംഘാംഗങ്ങളെ നോക്കി.സന്ധ്യാപ്പി അവിടൊരു കശുമാവിന്റെ മുകളില്‍ നോട്ടം ആണിയടിച്ചുറപ്പിച്ചു വച്ചിരിക്കുകയാണ്‌.കുട്ടാപ്പി മനസ്സിലെന്തൊക്കെയൊ കണക്കു കൂട്ടലുകള്‍ നടത്തുന്നു.പെട്ടെന്ന്‌ അവന്‍ ചാക്കില്‍ കയ്യിട്ട്‌ ഒരു പിടി കശുവണ്ടികള്‍ എടുത്ത്‌ അവിടെ വച്ചിട്ട്‌ ചേച്ചിയോട്‌ ഉണര്‍ത്തിച്ചു.

"ഞങ്ങള്‍ ഇവിടുന്നു പെറുക്കീതൊക്കെ തിരിച്ചു വെച്ചോളാം"

"ഇവനാര്‌ ഹരിശ്ചന്ദ്രനോ?? കൊടുക്കണെങ്കില്‍ തന്നെ ചാക്കീന്നെടുത്ത്‌ അമുല്‍ബേബി പോലെ തടിച്ചു കൊഴുത്തിരിക്കുന്നതു തന്നെ കൊടുക്കണോ?'"ഞാന്‍ മനസ്സില്‍ അവനെ പ്രാകികൊണ്ട്‌ ചേച്ചിയെ പ്രതീക്ഷയോടെ നോക്കി."ഓ അതൊന്നും വേണ്ടന്നേ. ഇനിയിങ്ങനെ ചെയ്യാതിരുന്നല്‍ മതി" എന്നൊക്കെ പറയൂ എന്നുള്ള എന്റെ നോട്ടം ചേച്ചി പുല്ലു പോലെ അവഗണിച്ചു.

അവന്‍ രണ്ടു പിടിയും കൂടി എടുത്തവിടെ വെച്ച്‌ ചേച്ചിയെ 'ഇത്രേം മതിയോ?" എന്നര്‍ത്ഥം വരുന്ന ഒരു നോട്ടം നോക്കി.എന്നിട്ടും ചേച്ചിക്കൊരു കുലുക്കോമില്ല.തുറന്നു ചോദിക്കാന്‍ ധൈര്യമില്ല. ചേച്ചീടെ കയ്യില്‍ അരിവാളാണിരിക്കുന്നത്‌. അപ്പഴാണ്‌ സന്ധ്യാപ്പി ഇടപെട്ടത്‌.പണ്ട്‌ കുചേലന്റെ അവിലു തിന്നുന്ന മഹാവിഷ്ണൂന്റെ കയ്യില്‍ ലക്ഷ്മി കേറിപ്പിടിച്ചതുപോലെ, അവള്‍ കുട്ടാപ്പിയുടെ കാലില്‍ ഒരു ചവിട്ടു കൊടുത്തു. എന്നിട്ട്‌ "മതീടാ.. നമ്മക്ക്‌ പോവാം" എന്നലറിക്കൊണ്ട്‌ ഒരോട്ടോം. പിന്നെന്തു നോക്കാന്‍. ബക്കറ്റും ചാക്കുമൊക്കെയെടുത്ത്‌ ഞങ്ങളും പുറകെയോടി.

അങ്ങോട്ടു കേറിയതിന്റെ മൂന്നിരട്ടി സ്പീഡിലാണ്‌ ഞങ്ങള്‍ ആ മലയിറങ്ങിയത്‌. ചേച്ചീം അരിവാളുമൊക്കെ മനസ്സിലുള്ളതു കൊണ്ട്‌` ഒരു ക്ഷീണോം തോന്നിയില്ല.വീട്ടിലെത്തി ഒന്നും സംഭവിക്കാത്ത പോലെ മൂളിപ്പാട്ടൊക്കെ പാടിയാണ്‌ അമ്മച്ചീടേ മുന്‍പിലെത്തിയത്‌. ക്ഷീണിച്ചു എന്നൊക്കെ മനസ്സിലായാല്‍ അമ്മച്ചി പിന്നെ ആ പണിക്കു വിടില്ല.ചാക്കിലെ കശുവണ്ടിയൊക്കെ നോക്കി പേരക്കുട്ടികളുടെ കഴിവില്‍ അഭിമാനിച്ചു നില്‍ക്കുന്ന അമ്മച്ചിയോട്‌ അല്‍പ്പം അഹങ്കാരത്തോടെ തന്നെ ഞാന്‍ പറഞ്ഞു.

"ഇനീമുണ്ട്‌. ബക്കറ്റിലാണ്‌. ഇരിഞ്ഞിട്ടില്ല"

"അതു പിന്നെ ആരു ചെയ്യും.ഒരു പണിയേറ്റെടുത്താല്‍ മുഴുവന്‍ ചെയ്യണം. നിങ്ങക്കു വയ്യെങ്കില്‍ പറ. ഞാന്‍ ലക്ഷ്മിയോടു പറയാം."

പിന്നേ.. പള്ളീല്‍ പോയി പറഞ്ഞാല്‍ മതി.അതും പറഞ്ഞോണ്ട്‌ കൂലി കുറച്ചു തരാനുള്ള ശ്രമമാണ്‌. ഇത്രേം വരെ എത്തിക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്യാനും ഞങ്ങള്‍ക്കു പറ്റും.ഒരു സപ്പോര്‍ട്ടിനു വേണ്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കുട്ടന്‍-സന്ധ്യ-അപ്പികളുടെ അഡ്രസ്സ്‌ പോലുമില്ല.

"ഇരിഞ്ഞിട്ട്‌ മാമ്പഴം പശൂനു കൊടുത്താല്‍ മതി" എന്നും പറഞ്ഞ്‌ അമ്മച്ചീം വണ്ടി വിട്ടു.

തന്നെ പണി ചെയ്യുന്നത്‌ ഭയങ്കര ബോറാണ്‌. സംഭവസ്ഥലത്ത്‌ ഞാനും പശുവും ഒരു ബക്കറ്റ്‌ കശുമാങ്ങയും മാത്രം.എന്റെ തലയില്‍ ഒരു ബള്‍ബ്‌ മിന്നിത്തെളിഞ്ഞു.ഞാന്‍ ഒരു കശുമാങ്ങ(വിത്ത്‌ കശുവണ്ടി) എടുത്ത്‌ പശൂനു കൊടുത്തു.success!!! അതിന്റെ മാങ്ങ മാത്രം തിന്ന്‌ കശുവണ്ടി പശു തുപ്പി.അതല്ലേ നമ്മക്കു വേണ്ടത്‌.അങ്ങനെ ഞാന്‍ ആ ബക്കറ്റു മുഴുവന്‍ പശൂന്റെ മുന്‍പിലേക്കു വച്ചുകൊടുത്തു. നമ്മളൊന്നും ചെയ്യണ്ട. എല്ല്ലാം പശു ചെയ്തോളും. ഇടക്കിടക്ക്‌ അതിന്റെ മുതുകത്ത്‌ തടവി ഒന്നു പ്രോത്സാഹിപ്പിച്ചാല്‍ മതി.അങ്ങനെ ഞാനും പശുവും ചേര്‍ന്ന്‌ "കശുവണ്ടി ഇരിയല്‍" എന്ന ബോറു പരിപാടിക്ക്‌ ഒരു പുതിയ മാനം രചിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ അമ്മച്ചി വീണ്ടും പ്രത്യക്ഷപ്പെട്ടത്‌.ഞെട്ടിയെഴുന്നേറ്റ്‌ "അത്‌.. ഞാന്‍... പശു.. കശുവണ്ടി... മാങ്ങ..."എന്നൊക്കെ വിക്കി വിക്കി പറയാന്‍ ശ്രമിച്ചെങ്കിലും അമ്മച്ചീടെ മുഖഭാവം കണ്ട്‌ നിര്‍ത്തി.പേരക്കുട്ടിയുടെ ബുദ്ധിശക്തിയിലുള്ള അഭിമാനമാണോ അതോ ഇത്രേം കാലമായിട്ടും ഇങ്ങനൊരു ഐഡിയ തനിക്കു തോന്നീലല്ലോ എന്ന അസൂയയാണോന്നു തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഭാവം.

എന്തായാലും പിന്നൊട്ടും സമയം കളയാതെ "എനിക്കു പപ്പേനേം മമ്മീനേം കാണാന്‍ കൊതിയാകുന്നു..ഞാന്‍ തിരിച്ചു പോവുകയാ" എന്നും പറഞ്ഞ്‌ ഞാന്‍ പോയി എന്റെ ബാഗ്‌ പാക്ക്‌ ചെയ്യാന്‍ തുടങ്ങി.ഇത്രേം കമ്മ്യൂണിസ്റ്റുകാരുടെ അമ്മയാണ്‌. അരിവാളു കൊണ്ടാണോ ചുറ്റിക കൊണ്ടാണോ നക്ഷത്രമെണ്ണിക്കാന്‍ പോകുന്നത്‌ എന്നറിയില്ലല്ലോ

Thursday, June 21, 2007

അനുഭവങ്ങള്‍..പാളിച്ചകള്‍..

കമ്പ്യൂട്ടറില്‍ കൊട്ടിപ്പാടി ഉപജീവനം കഴിക്കുന്നുവെങ്കിലും അടിസ്ഥാനപരമായി ഞാന്‍ ഒരു കര്‍ഷകയാണ്‌.ആട്ടിന്‍'കാട്ടവും കൂര്‍ക്കക്കിഴങ്ങും കണ്ടാല്‍ വേര്‍തിരിച്ചറിയാന്‍ പറ്റാത്ത ഞാന്‍ ആ പദവിക്കു യോഗ്യയാണോ എന്നു ചോദിച്ചല്‍ ഒരുത്തരമേയുള്ളൂ-ചില കഴിവുകള്‍ അങ്ങനെയാണ്‌. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകും. അതു പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യേണ്ട കാര്യമില്ല.ഒരാവശ്യം വരുമ്പോള്‍ തന്നാലെ പുറത്തു വന്നോളും.എന്റെയുള്ളിലെ റബര്‍ കര്‍ഷക പുറത്തു വന്നതും അങ്ങനെയൊരു പ്രതിസന്ധിഘട്ടത്തിലാണ്‌.അല്ലെങ്കില്‍ പിന്നെ,കുനിഞ്ഞൊരു റബ്ബരില പോലും എടുത്തിട്ടില്ലാത്ത ഞാന്‍ അന്ന്‌ റബര്‍ കൃഷിയെ പറ്റി അര മണിക്കൂര്‍ നേരം നിര്‍ത്താതെ ക്ലാസ്സെടുത്തു കൊടുത്തത്‌` എങ്ങനെയാണ്‌??

കേസിനാസ്പദമായ സംഭവം നടക്കുന്നത്‌ ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌.റബര്‍ കൃഷിയെ പറ്റി ക്ലാസ്സെടുക്കാന്‍ വന്ന നാരായണന്‍ മാഷിന്റെ തലയിലൊരു ബള്‍ബ്‌ മിന്നി.റബറിനെ പറ്റി ക്ലാസ്സെടുക്കാന്‍ നസ്രാണിയേക്കാള്‍ യോഗ്യരായി ആരുണ്ട്‌?? ആവശ്യത്തിനും അനാവശ്യത്തിനും റബര്‍ മരങ്ങള്‍ തഴച്ചു വളരുന്ന മലയോരമേഖലയില്‍ നിന്നുള്ള 3 കുട്ടികളുണ്ട്‌ ക്ലാസ്സില്‍‍.അവര്‍ക്കണെങ്കില്‍ നാണം..ലജ്ജ..ചമ്മല്‍ തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍.അങ്ങനെയാണ്‌ ക്ലാസ്സിലെ നാലാമത്തെയും അവസാനത്തെയും ക്രിസ്ത്യാനിയായ എനിക്കു നറുക്കു വീഴുന്നത്‌.എനിക്കണെങ്കില്‍ വല്ലപ്പോഴും പപ്പേടേം മമ്മീടെം വീട്ടില്‍ പോകുമ്പോള്‍ കണ്ടിട്ടുള്ള പരിചയമേയുള്ളൂ ഈ സംഭവവുമായിട്ട്‌.പക്ഷെ അറിയില്ല എന്നു പറയാന്‍ പറ്റില്ല.ഒരു ക്രിസ്താനിയ്ക്ക്‌ '10 കല്‍പ്പനകള്‍ അറിയില്ല' എന്നു പറയുന്നതിനെക്കാളും വെല്യ പാപമാണ്‌ 'റബറിന്റെ പറ്റി അറിയില്ല' എന്നു പറയുന്നത്‌.അങ്ങനെ ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ കണ്ടതും കേട്ടതും ഊഹിച്ചതുമായ വിവരങ്ങള്‍ വെച്ച്‌ ഒരു കിടിലന്‍ ക്ലസ്സെടുത്തു കൊടുത്തു.എന്റെ പ്രഭാഷണത്തിലെ പ്രധാന പോയിന്റ്സ്‌ താഴെ കൊടുക്കുന്നു.(റബ്ബരിനെ പറ്റി research ചെയ്യുന്നവര്‍ പ്രിന്റ്‌-ഔട്ട്‌ എടുത്തു സൂക്ഷിച്ചു വെയ്ക്കുക.)

1) റബര്‍ മലയോരമേഖലയില്‍ മാത്രമേ വളരുകയുള്ളൂ.

2) ബ്ലോക്കില്‍ നിന്നും മേടിക്കുന്ന റബര്‍ തൈകളാണ്‌ കുഴിച്ചു വെക്കണ്ടത്‌.അല്ലാതെ റബര്‍ കായും കൊമ്പുമൊന്നും കുഴിച്ചിട്ടാല്‍ റബ്ബെറുണ്ടാകില്ല.

3)ളരെ എളുപ്പമുള്ള ഒരു കൃഷിയാണിത്‌.കുഴിച്ചിട്ടു കഴിഞ്ഞാല്‍ പിന്നെ ആ ഭാഗത്തെക്കു പോകേണ്ടതില്ല.അതു താനേ വളര്‍ന്നോളും.

4) ഇടക്കിടക്കു പോയി മരത്തില്‍ കത്തി വച്ചു കുത്തി നോക്കണം.റബര്‍ പാല്‍ വരുന്നുണ്ടെങ്കില്‍ മരം പാകമായി എന്നു മനസ്സിലാക്കാം

5) റബര്‍ മരത്തിന്റെ കറയാണ്‌ പാല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

6) പാകമായ മരത്തിന്റെ തൊലി മൂര്‍ച്ചയുള്ള എന്തെങ്കിലും സാധനം ഉപയോഗിച്ച്‌ കുത്തിക്കീറുക.ആ മുറിവിലൂടെ പാല്‍ വരും. എത്ര ആഴത്തില്‍ മുറിക്കുന്നുവോ, അത്രേം കൂടുതല്‍ പാലു കിട്ടും.ആ മുരിവിന്റെ അറ്റത്ത്‌ ഒരു ചിരട്ട ഫിറ്റ്‌ ചെയ്യുക. പാല്‍ ഒഴുകി അതില്‍ വീഴണം.

7) സാധാരണയായി വളരെ ചെറിയ മുറിവേ ഉണ്ടാക്കാറുള്ളൂ.അപ്പോള്‍ പാല്‍ തുള്ളി തുള്ളിയായെ വരികയുള്ളൂ.അതു കൊണ്ട്‌ ഒരു ദിവസം കൊണ്ടൊക്കെയേ ചിരട്ട നിറയുകയുള്ളൂ.ഇല്ലെങ്കില്‍ ഇടക്കിടക്കു പോയി ചിരട്ട കാലിയാക്കേണ്ടി വരും.

8)'ഒരിക്കല്‍ മുറിവുണ്ടാക്കിയാല്‍ ആ മരത്തിലെ പാല്‍ വറ്റുന്നതു വരെ അതില്‍ നിന്ന്‌ പാല്‍ കിട്ടും.

9)ചിരട്ടയുടെ വലിപ്പവും പാലിന്റെ flow rate-ഉം അനുസരിച്ച്‌ പാല്‍ എടുക്കേണ്ട സമയം കണക്കാക്കിവെക്കേണ്ടതാണ്‌ ഇല്ലെങ്കില്‍ ചിലപ്പോള്‍ ചിരട്ട നിറഞ്ഞ്‌ വീണ്‌ അവിടമൊക്കെ വൃത്തികേടാകും.

10)' മഴക്കാലമായല്‍ , മുറിവിന്റെ മുകളില്‍ പ്ലാസ്റ്റിക്കിന്റെ പേപ്പര്‍ മുറിച്ച്‌ ഒട്ടിച്ചു വെയ്ക്കണം.പാലില്‍ മഴവെള്ളം കലര്‍ന്ന്‌ നേര്‍ത്തു പോവാതിരിക്കാനാണിത്‌.

11) പാലില്‍ നിന്നും ഷീറ്റ്‌ ഉണ്ടാക്കുന്ന സ്ഥലമാണ്‌ മെഷീന്‍ പുര.അതില്‍ രണ്ടു മെഷീനുകളുണ്ടാകും- വരയില്ലാത്ത ഒന്നും വരയുള്ള ഒന്നും.

12) പാല്‍ ആദ്യം ഡിഷില്‍ ഒഴിച്ചു വെക്കണം.അതില്‍ എന്തോ ഒരു ആസിഡ്‌ ഒഴിച്ച്‌ ഇളക്കണം.(ആ ആസിഡ്‌ കയ്യില്‍ പറ്റിയാല്‍ മരിച്ചു പോകും)

13) കുറച്ചു കഴിയുമ്പോള്‍ അതു കട്ടയാകും. അതില്‍ വിരല്‍ കുത്തി നോക്കുക. വിരലില്‍ പാല്‍ പറ്റി പിടിക്കുന്നില്ലെങ്കില്‍ പാല്‍ ഉറച്ചതായി കണക്കാക്കാം.

14)പാല്‍ ഉറച്ചു കട്ടയായാല്‍ പിന്നെ അതിനെ ഷീറ്റ്‌ എന്നു വിളിക്കാം.ഷീറ്റെടുത്ത്‌ ആദ്യത്തെ മെഷീനിലേക്ക്‌ 3-4 പ്രാവശ്യം കറക്കണം.അപ്പോള്‍ അത്‌ മെലിഞ്ഞു മെലിഞ്ഞു വരും.

15)'മെലിഞ്ഞ ഷീറ്റെടുത്ത്‌ ഒരു പ്രാവശ്യം വരയുള്ള മെഷീനിലിട്ട്‌ കറക്കണം.അപ്പോള്‍ അതില്‍ വര വീഴും.(ഈ മെഷീന്‍ കറക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്‌)

16)അതിനു ശേഷം ഷീറ്റ്‌ ഉണക്കിയെടുക്കണം.അല്ലെങ്കില്‍ അതു ചീഞ്ഞു പോകും.നല്ല വെയില്‍ ഉള്ള സ്ഥലമാണെങ്കില്‍ വെയിലത്തിട്ടാല്‍ മതി. ഇല്ലെങ്കില്‍ അടുപ്പിന്റെ മുകളില്‍ ഒരു മുറി പണിത്‌ അതിലിട്ട്‌ ഉണക്കാം.

18)നന്നായി ഉണങ്ങി കഴിഞ്ഞാല്‍ ഷീറ്റ്‌ ഏതാണ്ടൊരു കറുപ്പു നിറമാകും.അപ്പോള്‍ അത്‌ കെട്ടു കെട്ടായെടുത്ത്‌ ജീപ്പില്‍ കേറ്റി കടയില്‍ കൊണ്ടു കൊടുക്കുക.

19)ഇങ്ങനെ നമ്മളു കൊടുക്കുന്ന ഷീറ്റ്‌ മുറിച്ചാണ്‌ കമ്പനിക്കാര്‍ മായ്ക്കു-റബ്ബര്‍ ഉണ്ടാക്കുന്നത്‌.ഇത്തിരൂടെ കറുപ്പു കളര്‍ ചേര്‍ത്താല്‍ അതു കൊണ്ട്‌ ടയര്‍ ഉണ്ടാക്കാനും പറ്റും.

ഇത്രയും വിജ്നാനപ്രദമായ ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും കുട്ടികള്‍ക്ക്‌ ധാരാളം സംശയങ്ങളുണ്ടായി.അല്ലെങ്കിലും പഠിപ്പിക്കുന്ന വിഷയം ശരിക്കു മനസ്സിലായാല്‍ സംശയങ്ങളുണ്ടാകും..ഉണ്ടാകണം.ആരെയും ഞാന്‍ നിരാശരാക്കിയില്ല.പുട്ടു പോലെ ഉത്തരങ്ങള്‍ കൊടുത്തു.(ആ ചോദ്യങ്ങളും ഉത്തരങ്ങളും ഞാന്‍ ഇവിടെ വിവരിക്കുന്നില്ല.വേറൊന്നും കൊണ്ടല്ല.റബര്‍ കൃഷിയെ പറ്റി അല്‍പമെങ്കിലും വിവരമുള്ളവര്‍ അതു വായിച്ചാല്‍ എന്നെ ഓടിച്ചിട്ട്‌ റബര്‍ പാലില്‍ മുക്കി കൊല്ലും)

റബര്‍ മരം കണ്ടു മാത്രമുള്ള പരിചയം വച്ചാണ്‌ ഇത്രേം കാര്യങ്ങള്‍ ഞാന്‍ പറഞ്ഞൊപ്പിച്ചത്‌.അപ്പോള്‍ പിന്നെ ചെയ്തും കൂടി പഠിച്ചാലോ.പിന്നെ റബര്‍ കൃഷി രംഗത്ത്‌ എന്നെ തോല്‍പ്പിക്കാന്‍ ഭൂമി മലയാളത്തില്‍ ആരും ഉണ്ടാകില്ല.അങ്ങനെ രണ്ടും കല്‍പ്പിച്ചാണ്‌ അത്തവണ വെക്കേഷന്‌ അമ്മവീട്ടിലേക്കു വിട്ടത്‌.ചെന്ന ഉടനെ തന്നെ "നാളെ റബ്ബറു വെട്ടാന്‍ മാമന്റെ കൂടെ ഞാനും പോവുന്നുണ്ട്‌" എന്ന്‌ ആ നാടു മുഴുവന്‍ നടുക്കികൊണ്ട്‌ ഒരു പ്രഖ്യാപനവും നടത്തി.

"പിന്നേ നീയല്ലെ രാവിലെ 4 മണിക്കെഴുന്നേറ്റ്‌ വെട്ടാന്‍ പോകുന്നത്‌.നടന്നതു തന്നെ" അമ്മച്ചീടെ വക പുച്ഛം.

"അതിന്‌ 4 മണിക്കേ എന്തിനു പോണം.നമ്മക്കൊരു എട്ടു മണിയാകുമ്പം പോവാം മാമാ. റബ്ബര്‍ മരം എങ്ങോട്ടും ഓടിപ്പോവുവൊന്നുമില്ലല്ലോ"

"എന്റെ പൊന്നുമോളേ, നേരം വെളുക്കും മുന്‍പു പോയി അതു മുഴുവന്‍ വെട്ടണം.എന്നിട്ടു പിന്നേം ഒരു റൗണ്ടും കൂടി പോയി പാലെടുക്കണം"

രാവിലെ 4 മണീന്നൊരു സമയമുണ്ടെന്നൊക്കെ കേട്ടറിവു മാത്രമേയുള്ളൂ.ദൈവമെ, നടത്തിയ അനൗണ്‍സ്‌മന്റ്‌ തിരിച്ചെടുത്ത്‌ വിഴുങ്ങാനുള്ള വഴിയൊന്നുമില്ലേ.

എന്റെ അവസ്ഥ കണ്ട്‌ പാവം തോന്നിയ അമ്മച്ചി പരിഹാരം നിര്‍ദ്ദേശിച്ചു.

"എടാ, നീ ഒറ്റക്കു പോയി റബ്ബറു വെട്ട്‌.എന്നിട്ട്‌ പാലെടുക്കന്‍ പോവുമ്പോ കൊച്ചിനേം കൂടി കൂട്ടിക്കൊണ്ടു പോ"

എന്റെ ശ്വാസം നേരെ വീണു.

"അതു മതി. അല്ലേല്ലും എനിക്കു വെട്ടുന്നതെങ്ങനെയാന്നൊന്നും പഠിക്കണ്ട.പാലെടുക്കാനാ പഠിക്കണ്ടത്‌". അങ്ങനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ അതു സോള്‍വായി.

പിറ്റേ ദിവസം രാവിലെ തന്നെ മാമന്റെ കൂടെ പാലെടുക്കാന്‍ പോയി ഹരിശ്രീ കുറിച്ചു.ആദ്യത്തെ കുറച്ചു മരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കേറ്റം കേറുന്ന KSRTC bus പോലെ ഞാന്‍ വലിയാന്‍ തുടങ്ങി.വീട്ടിലേക്കു തിരിച്ചു പോകുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും പറ്റില്ല.അവര്‌ എന്നെ കളിയാക്കി കൊല്ലും.പട്ടി അണയ്ക്കുന്നതു പോലെ അണയ്ക്കുന്ന എന്നെ കണ്ട്‌ മാമന്റെ മനസ്സലിഞ്ഞു.

"നീ ഇവിടെ ഇരുന്നോ.ഞാന്‍ പാലെല്ലാം എടുത്തിട്ട്‌ കൂട്ടികൊണ്ടു പോവാം.എന്റെ കൂടെ തന്നെയുണ്ടായിരുന്നെന്ന്‌ ഞാന്‍ എല്ലാരോടും പറഞ്ഞോളാം."

കേള്‍ക്കേണ്ട താമസം "എന്നാപ്പിന്നെ അങ്ങനെ തന്നെ" എന്നും പറഞ്ഞ്‌ ഞാനവിടെയൊരു പാറപ്പുറത്ത്‌ ഇരിപ്പുറപ്പിച്ചു.കൂട്ടിന്‌ ഞാന്‍ പാലെടുക്കാന്‍ കൊണ്ടു വന്ന ബക്കറ്റുമുണ്ട്‌. പേടിക്കനൊന്നുമില്ല.വിളിപ്പുറത്തു തന്നെ മാമനുണ്ട്‌.അങ്ങനെയിരിക്കുമ്പോഴാണ്‌ റബര്‍ പാലിന്റെ പുതിയ ഒരുപയോഗം ഞാന്‍ കണ്ടു പിടിച്ചത്‌.'പ്രാണി നിവാരിണി'.വളരെ എളുപ്പമാണ്‌. കൈ റബര്‍ പാലില്‍ മുക്കുക.എന്നിട്ട്‌ ചുമ്മാ വായുവില്‍ വീശുക. അപ്പോള്‍ ആ പരിസരത്തുള്ള പ്രാണികളൊക്കെ കയ്യില്‍ പറ്റിയിരുന്നോളും.അതിനെ പിന്നെ കൊല്ലുകയോ വളര്‍ത്തുകയോ ചെയ്യാം.നമ്മടെ ഇഷ്ടം.ഒരേ'ഒരു side-effect എന്താന്നു വെച്ചാല്‍ നമ്മള്‌ അടിമുടി റബര്‍പാലില്‍ കുളിക്കും.(അതെങ്ങനെ എന്നൊന്നും പറഞ്ഞു തരില്ല.സ്വന്തമായി പ്രയോഗിച്ച്‌ മനസ്സിലാക്കുക.)അങ്ങനെ ആകെ ബിസി ആയിട്ടിരിക്കുന്ന ഞാന്‍ കഷ്ടകാലത്തിന്‌ മാമന്റെ കണ്ണില്‍ പെട്ടു.അതോടെ ആ രംഗം അവിടെ ഒറ്റയടിക്ക്‌ അവസാനിച്ചു.പിന്നെ ക്യാമറ ചെന്നു നില്‍ക്കുന്നത്‌ അടുത്തുള്ള തോട്ടിന്‍'കരയിലാണ്‌.എന്റെ വീട്ടുകാര്‌ മാത്രമല്ല, നാട്ടുകാര്‌ മൊത്തം ചേര്‍ന്ന്‌ എന്നെ കുളിപ്പിക്കുകയാണ്‌. ആള്‍ക്കാര്‌ ചകിരിയെടുക്കാനോടുന്നു.. എണ്ണയെറ്റുക്കാനോടുന്നു.. കത്രികയെടുക്കാനോടുന്നു..(കത്രിക എന്റെ മുടി മുറിയ്ക്കാനാണ്‌.മുടീന്ന്‌ റബര്‍പാലു കളയുന്നതിനേക്കളും എളുപ്പം മുടി അങ്ങനെതന്നെ കളയുന്നതാണെന്ന്‌ ഏതോ ഒരു കാര്‍ന്നോര്‍ വിധിച്ചു പോലും).എന്തായാലും നാട്ടിലാകെ ഒരു ഉത്സവപ്രതീതി.നമ്മളെകൊണ്ട്‌` ഇത്രയൊക്കയല്ലേ പറ്റൂ... (വിനയം.)

പക്ഷെ ഈ സംഭവം കൊണ്ടൊന്നും എന്റെ ഉള്ളിലെ കര്‍ഷക മരിച്ചു മണ്ണടിഞ്ഞില്ല.ആകെ ഒരു മാറ്റം ഉണ്ടായതെന്താന്നു വെച്ചാല്‍ അമ്മവീട്ടില്‍ എല്ലാവര്‍ക്കും എന്നെ ഭയങ്കര ബഹുമാനമായി.ഒരു പണീം എടുപ്പിക്കില്ല.അതിനു മുന്‍പൊക്കെ വല്ലപ്പോഴും റബര്‍ഷീറ്റ്‌ എണ്ണാനുള്ള പണിയെങ്കിലും തരുമായിരുന്നു.ഇതിനു ശേഷം ആ പണിയുമില്ല..