Tuesday, June 3, 2008

എന്റെ ദൈവവും ദേവാലയവും...

പണ്ടൊക്കെ തറവാട്ടിലെ കുരിശുവര നല്ല രസമായിരുന്നു. കൈയില്‍ കിട്ടുന്ന പിള്ളാരെയെല്ലാം പിടിച്ചോണ്ടു വന്ന്‌ അമ്മച്ചി ഒരു പായിലിരുത്തും. എന്നിട്ടു ഒരു കൊന്തേമെടുത്തു പിടിച്ച്‌ ആരംഭിയ്ക്കും.അതിനിടയ്ക്കു മടുത്തെങ്കില്‍ എഴുന്നേറ്റു പോകാം; ആര്‍ക്കെങ്കിലും ഇടയ്ക്കു വച്ച്‌ കുരിശുവരയില്‍ പങ്കെടുക്കണമെങ്കില്‍ അതുമാവാം.യാതൊരു നിബന്ധനകളുമില്ല.ഭിത്തിയില്‍ മൂന്നു ദൈവങ്ങള്‍ടെ പടങ്ങളുണ്ട്‌.അതില്‍ നോക്കിയാണ്‌ പ്രാര്‍ത്ഥന. ഒന്ന്‌ എല്ലാ ക്രിസ്ത്യന്‍ കുടുംബത്തിലുമുള്ള പടം തന്നെ- യേശു ക്രിസ്തു. പിന്നുള്ള രണ്ടു പേര്‍ സ്റ്റാലിനും ലെനിനുമാണെന്ന്‌ ചാച്ചന്മാര്‍ പറഞ്ഞു തന്നു. ഇവരില്‍ ആരോടാണ്‌ പ്രാര്‍ത്ഥിക്കേണ്ടതെന്നു ചോദിച്ചാല്‍ അമ്മച്ചി പറയും.. 'നീയങ്ങു പ്രാര്‍ത്ഥിക്ക്‌..അതില്‍ വേണ്ടവര്‍ പ്രാര്‍ത്ഥന പിടിച്ചെടുത്തോളും' എന്ന്‌. കുടുംബത്തില്‍ സത്യക്രിസ്താനികളും പള്ളിവിരോധികളും മാത്രമല്ല പല മതത്തിലും ജാതിയിലും നാട്ടിലും പെട്ട ആള്‍ക്കാരുണ്ട്‌. ഇവരിലാരുടെ മതമായിരിക്കും ശരിക്കുമുള്ളത്‌ എന്നതയിരുന്നു അക്കാലത്തെ ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍. കുട്ടികളില്‍ യാതൊരു രീതിയിലുള്ള മതചിന്തകളും (രാഷ്ട്രിയവും)അടിച്ചേല്‍പ്പിക്കരുത്‌ എന്നതായിരുന്നു പപ്പയുടെ പോളിസി. കേട്ടാലുടനെ മതം മനസ്സിലാവുന്ന പേരുകള്‍ ഞങ്ങള്‍ക്കിടരുതെന്നും പപ്പയ്ക്കു നിര്‍ബന്ധമായിരുന്നു. മാമോദീസയും വേദപാഠവുമൊക്കെ മമ്മിയുടെ ആഗ്രഹപ്രകാരമാണ്‌ നടന്നത്‌.പ്രായപൂര്‍ത്തിയായപ്പോള്‍ കടിഞ്ഞാണ്‍ ഞങ്ങള്‍ക്കു വിട്ടു തരികയും ചെയ്തു.

ഹിന്ദു-മുസ്ലീം മെജോറിറ്റി ഉള്ള സ്ഥലത്താണ്‌ ഞങ്ങള്‍ താമസിച്ചിരുന്നത്‌.അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലുമൊക്കെ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അക്കാലത്തെ ഏറ്റവും വലിയ പേടിസ്വപ്നം പള്ളിയില്‍ പോക്കായിരുന്നു.മിനിമം ഒരു മണിക്കൂര്‍ നേരം , പ്രാര്‍ത്ഥിച്ച കാര്യം തന്നെ തന്നെം പിന്നേം പറഞ്ഞുകൊണ്ടിരിക്കും. പറയുന്ന എനിക്കു തന്നെ ബോറടിക്കും..പിന്നല്ലേ ഇതിങ്ങനെ കേട്ടുകൊണ്ടിരിക്കുന്ന ദൈവത്തിന്‌.. പ്രാര്‍ത്ഥന നമ്മുടെ മനസിലുണ്ടെങ്കില്‍ അതു ദൈവത്തിനു മനസ്സിലാവില്ലേ.. അതിങ്ങനെ വീണ്ടും വീണ്ടും അലറിക്കൂവി പറഞ്ഞാല്‍ മാത്രമേ ദൈവം പരിഗണിക്കുകയുള്ളോ...ഇങ്ങനെ പല ചോദ്യങ്ങളും വേദപാഠം ക്ലാസ്സില്‍ വച്ചു ക്ലിയര്‍ ചെയ്യാന്‍ നോക്കി. അതിനെല്ലാം 'അരിയെത്ര.പയറഞ്ഞാഴി പോലുള്ള' ഉത്തരങ്ങളാണ്‌ കിട്ടിയത്‌. ക്രിസ്തു ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌,ബൈബിളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്‌ എന്നൊക്കെ. അതു മാത്രമല്ല പള്ളിയുടെ പല രീതികളും ഒരു ദേവാലയത്തിന്‌‍ യോജിച്ചതാണെന്ന്‌ എനിക്കു തോന്നിയിരുന്നില്ല. ക്രിസ്തുവാണ്‌ യഥാര്‍ത്ഥ ദൈവമെങ്കില്‍ അങ്ങാട്ടേയ്ക്കെത്താന്‍ ഇത്തരത്തിലുള്ള ഇടനിലക്കാര്‍ ആവശ്യമാണോ എന്നൊരു വലിയ ചോദ്യത്തോടെയാണ്‌‌ വേദപാഠപഠനം അവസാനിച്ചത്‌.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മതത്തിലും ഈ ഇടനിലക്കാരുണ്ടെന്നു പിന്നീട്‌ മനസ്സിലായി.

ഈ മതങ്ങളൊക്കെ ചുമ്മാതാണ്‌, ശരിക്കും ദൈവം ആരാണന്ന്‌ ആര്‍ക്കും അറിയില്ല എന്നൊക്കെ പതുക്കെ പതുക്കെ തോന്നിതുടങ്ങി.മതത്തെ പറ്റി എറ്റവും തൃപ്തികരമായ ഒരുത്തരം കിട്ടിയത്‌ ഇതാണ്‌- മതം എന്നാല്‍ അഭിപ്രായമാണ്‌. അതായത്‌ ദൈവം ഇങ്ങനെയൊക്കെയായിരിക്കാം എന്നുള്ള അഭിപ്രായം.ഉറപ്പൊന്നുമില്ല. എതാണ്‌ കുരുടന്‍ ആനയെ കണ്ടതു പോലെയാണ്‌ ഓരോ മതക്കാരും ദൈവത്തെ വര്‍ണ്ണിക്കുന്നത്‌. അതുകൊണ്ടു തന്നെ ഒരു മതത്തിനു വേണ്ടിയും രക്തം തിളപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. ശരിയോ തെറ്റോ എന്നറിയാത്ത ഒരു കാര്യത്തിനു വേണ്ടി എന്റെ എനര്‍ജി എന്തിനു കളയണം.. പത്തു പേര്‍ എന്റെ ചുറ്റുമിരുന്ന്‌ പതിനഞ്ചു തരത്തില്‍ ദൈവത്തെ വ്യാഖ്യാനിച്ചാലും എന്നെ അതു ബാധിക്കില്ല.നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..അതു തന്നെ..

അങ്ങനെ മതങ്ങള്‍ടെ കാര്യത്തില്‍ ഒരു തീരുമാനമായി.ഇനി എനിക്കൊരു ദൈവത്തെ വേണം.ദൈവമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ട്‌. ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊരു ദൈവത്തിനെ വേണം. അതെന്റെ ആവശ്യമാണ്‌. ഞാനെന്തെങ്കിലും തെറ്റു ചെയ്യുമ്പോള്‍ ;ഒക്കെ നീ കാരണമാണ്‌; എന്നു കുറ്റപ്പെടുത്താന്‍, ഏതെങ്കിലും പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ ഓടിവന്നു സഹായിക്കാന്‍ എന്നുവേണ്ട എനിക്കു വേണ്ടി മാത്രം നിലകൊള്ളുന്ന അമാനുഷികശക്തിയുള്ള ഒരു ദൈവം.അതിനങ്ങനെ രൂപമോ ഭാവമോ ഒന്നും വേണ്ട. മഥുരയിലെ അമ്പലത്തിലാണെന്നു തോന്നുന്നു, കൃഷ്ണന്റെ വിഗ്രഹം വല്ലപ്പോഴുമൊക്കെയേ ഭക്തര്‍ക്കായി തുറന്നു കൊടുക്കൂ. അതിലെ ആഭരണങ്ങള്‍ ആരെങ്കിലും മോഷ്ടിച്ചു കൊണ്ടു പോവുംന്ന്‌ പേടിയാണത്രേ. അങ്ങനെ മനുഷ്യനെ പേടിച്ച്‌ ഒളിച്ചിരിക്കേണ്ട ഗതികേട്‌ എന്റെ ദൈവത്തിനില്ല. തിരുപ്പതീലെ കഥ മറ്റൊന്നാണ്‌. സ്വന്തമായി എത്ര സ്വത്തുവകകളുണ്ടെന്ന്‌ ദൈവത്തിന്‌ യാതൊരു പിടിയുമില്ല. ദാരിദ്ര്യം മാറ്റിത്തരണംന്നു അപേക്ഷിക്കാന്‍ വേണ്ടിയൊക്കെ ഭക്തരെത്തുന്ന സ്ഥലമാണതെന്നോര്‍ക്കണം. എന്റെ ദൈവത്തിന്‌ ഇത്തരം ആശയക്കുഴപ്പങ്ങളൊന്നുമില്ല.തൊണ്ട പൊട്ടി പ്രാര്‍ത്ഥിച്ചാല്‍ മാതമേ ചെവി കെള്‍ക്കൂ എന്ന കുറവും എന്റെ ദൈവത്തിനില്ല. ദൈവത്തിനു വേണ്ടിയുണ്ടാക്കിയ so-called ആരാധനാലയങ്ങളിലുള്ള ഹാജര്‍ പരിശോധിച്ച്‌ എന്നെ വിധിക്കുന്ന ഒരാളല്ല ഈ ദൈവം. ഇന്ന ദിവസം ഞാന്‍ ചിക്കന്‍ കഴിച്ചു, അടുത്ത ദിവസം ഞാന്‍ പച്ചക്കറിയെ കഴിച്ചുള്ളൂ അല്ലെങ്കില്‍ അതിന്റടുത്ത ദിവസം ഞാന്‍ പട്ടിണി കിടന്നു-ഇതൊന്നും എന്റെ ദൈവത്തിനു വിഷയമല്ല. ഞാനെന്തു കുപ്പായമാണിട്ടത്‌ എന്നു നോക്കി എനിക്കു തരുന്ന അനുഗ്രഹങ്ങളില്‍ ഈ ദൈവം ഒരു കുറവും വരുത്തില്ല. അപ്പപ്പോള്‍ വായില്‍ വരുന്ന ദൈവങ്ങളുടെ പേരാണ്‌ ഞാന്‍ ഈ ദൈവത്തെ വിളിക്കുക. ഞാന്‍ ഏതു ആരാധനാലയങ്ങളില്‍ പോയാലും ദൈവത്തിനൊരു പരാതിയുമില്ല. അമ്പലങ്ങളിലെ നിശബ്ദത എനിക്കിഷ്ടമാണ്‌. ആളൊഴിഞ്ഞ പള്ളിയിലെ ഏകാന്തതയും. ഇതൊക്കെ എന്റെ ദൈവത്തിനറിയാം.ചുരുക്കിപ്പറഞ്ഞാല്‍ എന്റെ സ്വാര്‍ത്ഥപരമായ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഞാന്‍ ഡിസൈന്‍ ചെയ്തുണ്ടാക്കിയ ഒരു ദൈവം. അതു കൊണ്ടു തന്നെ ഈ ദൈവത്തിനു വേണ്ടി ഞാന്‍ ഒരു ശുപാര്‍ശയും നടത്തില്ല. വാദിക്കുകയുമില്ല. എന്റെതു മാത്രമായി എനിക്കു വേണ്ടി മാത്രമായി ആ ദൈവം നിലകൊള്ളട്ടെ.

ഇനി എന്റെ പ്രിയപ്പെട്ട ദേവാലയം;ജീവിതത്തിന്റെ നല്ലൊരു ഭാഗവും ത്രിച്ഛംബരം ക്ഷേത്രത്തിന്റെയും രാജരാജേശ്വരി ക്ഷേത്രത്തിന്റെയും പരിസരപ്രദേശങ്ങളിലാണ്‌ ഞാന്‍ കഴിച്ചു കൂട്ടിയത്‌. പിന്നെ ചുറ്റുവട്ടത്ത്‌ കുറച്ചു മുസ്ലീം പള്ളികളും ഒരു കൃസ്ത്യന്‍ പള്ളിയും.അത്രേം കാലത്തെ പരിചയം കൊണ്ട്‌ ആ ആരാധനാലയങ്ങളെ ഞാനിഷ്ടപ്പെട്ടു പോവേണ്ടതാണ്‌. പക്ഷെ അന്നും ഇന്നും എന്റെ പ്രിയപ്പെട്ട ആരാധനാലയം പറശ്ശിനി മുത്തപ്പന്റമ്പലമാണ്‌. മുത്തപ്പന്‍ ആരാണെന്ന്‌ എനിക്കറിയില്ല. ഞാന്‍ ആരാധിക്കാറുമില്ല. പക്ഷെ ആ അമ്പലം എനിക്കു പ്രിയപ്പെട്ടതാണ്‌.ഒരു ആരാധനാലയത്തില്‍ നിന്നു ഞാനെന്തെക്കെയാണോ പ്രതീക്ഷിക്കുന്നത്‌ അതവിടെയുണ്ട്‌. എന്ററിവില്‍, അവിടെ മതവും ജാതിയുമൊന്നുമില്ല.ഭക്തര്‍ക്ക്‌ ഒരു ഡ്രസ്‌കോഡുമില്ല. പാവപ്പെട്ടവനോ പണക്കാരോ എന്ന് ഭേദമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും കൊടുക്കുന്ന പയറും ചായയും. അതു പോലെ തന്നെ ഉച്ചയ്ക്കത്തെ ഊണും.ആ ഒരമ്പലം കൊണ്ടു മാത്രം കഴിഞ്ഞു പോവുന്ന ഒരു പാടു ദരിദ്രകുടുംബങ്ങളുണ്ട്‌ എന്നു കേട്ടിട്ടുണ്ട്‌. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇങ്ങനത്തെ പുണ്യപ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കാന്‍ മനസ്സുണ്ടെങ്കില്‍ അതാണ്‌ ഏറ്റവും വലിയ ആരാധന.അല്ലാതെ ആ പണം കൊണ്ട്‌ ദൈവത്തിനു മാലയും വളയും വാങ്ങിയിടുന്നതല്ല.. എല്ലാവരെയും സമന്മാരായി കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അതാണ്‌ ഏറ്റവും വലിയ ദൈവികത്വം. ജാതിമതഭേദമില്ലാതെ അവിടെ വന്നുപോകുന്ന ആള്‍ക്കരുടെ ഇടയിലൂടെ പറശ്ശിനി അമ്പലത്തിന്റെ ഉള്ളിലൂടെ നടന്ന്‌ അപ്പുറത്തെ വാതിലും കടന്ന്‌ കണ്ണഞ്ചിക്കുന്ന തിളക്കത്തോടെ ഒഴുകുന്ന പുഴയും നോക്കി നില്‍ക്കുമ്പോള്‍ കിട്ടുന്ന ആ ഒരു സമാധാനം...അതിനു തുല്യമായി ഈ ലോകത്തില്‍ മറ്റൊന്നുമില്ല..

Monday, May 26, 2008

ഒരു ഭീഷണിക്കത്ത്‌...

പ്രിയപ്പെട്ട ബാംഗ്ലൂര്‍ കുരങ്ങന്‍മാരേ,


അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുകയാണ്‌.ഞാന്‍ നിങ്ങളോടൊക്കെ എന്തു തെറ്റു ചെയ്തു?? ഈവിനിംഗ്‌ വാക്കിന്‌ നിങ്ങളിറങ്ങുന്നതും നോക്കി കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നതാണോ ഞാന്‍ ചെയ്ത തെറ്റ്‌? അതോ നിങ്ങള്‍ടേ കൂട്ടത്തിലുള്ള കുരങ്ങുവാവകള്‍ക്ക്‌ സ്നേഹം മൂത്ത്‌ ഫ്ലയിംഗ്‌ കിസ്‌ കൊടുത്തതോ?? കുരങ്ങമ്മമാര്‍ യാതൊരു ശ്രദ്ധയുമില്ലാതെ മതില്‍ ചാടികടക്കുമ്പോള്‍ 'ദൈവമേ ആ അള്ളിപ്പിടിച്ചിരിക്കുന്ന കുരങ്ങുകുഞ്ഞിന്റെ പിടിവിട്ടു പോവല്ലേ' എന്ന്‌ എത്ര തവണ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നറിയാമോ. ഇതൊന്നും നിങ്ങള്‌ കണ്ടിട്ടുണ്ടാവാന്‍ വഴിയില്ല. ഇത്തരം നല്ലകാര്യങ്ങളൊക്കെ നാട്ടുകാരെ കാണിച്ച്‌ ചെയ്ത്‌ അങ്ങനൊരു പബ്ലിസിറ്റി ഇഷ്ടമല്ലാത്തതു കൊണ്ട്‌ വീട്ടിനകത്തിരുന്ന്‌ ജനലിലൂടെ ഒളിഞ്ഞു നോക്കിയാണ്‌ ഇതൊക്കെ ഞാന്‍ ചെയ്തോണ്ടിരുന്നത്‌. സത്യം..ദയവായി എന്നെ വിശ്വസിക്കണം ..

ഇനിയും എന്നെ വിശ്വാസമായില്ലെങ്കില്‍ നിങ്ങള്‍ടെ ഡെല്‍ഹി ബ്രാഞ്ചില്‍ വിളിച്ചന്വേഷിച്ചോളൂ.അവിടുത്തെ വീട്ടില്‍ ചുമ്മാ ജനലും ചാരിയിരുന്ന്‌ ബുക്ക്‌ വായിച്ചോണ്ടിരുന്ന എന്റെ തലയ്ക്കു മുകളിലൂടെ കയ്യിട്ടല്ലേ അവിടൊരുത്തന്‍ ഫ്രിഡ്ജ്‌ തുറന്ന്‌ മുട്ടയെടുത്തത്‌. അതും ഒന്നല്ല, മൂന്നെണ്ണം. എന്നിട്ട്‌ ഞാനെന്തെങ്കിലും അനിഷ്ടം പ്രകടിപ്പിച്ചോ..ഇല്ല.. ഒന്നും മിണ്ടാതെ അന്തംവിട്ട്‌ നോക്കിയിരുന്നുന്നു.. അത്രയും സമാധാനപ്രിയയായ എന്നെയാണല്ലോ നിങ്ങളിങ്ങനെ ദ്രോഹിക്കുന്നതെന്നോര്‍ക്കുമ്പോഴാണ്‌......

ഇവിടെ ബാംഗ്ലൂരില്‍ ഞാന്‍ വന്ന അന്നുമുതല്‍ നിങ്ങളെന്നെ നോട്ടമിട്ടിരിക്കുകയാണെന്നു മനസ്സിലായി. അതുകൊണ്ടല്ലേ ഞാന്‍ മാത്രമുള്ള ദിവസം നോക്കി നിങ്ങള്‍ അടുക്കളയുടെ ജനല്‍ വഴി നുഴഞ്ഞു കയറിയത്‌. ഒച്ചേം ബഹളോം കേട്ടപ്പോള്‍ കള്ളന്മാരാരോ കയറീതാണെന്നും പേടിച്ച്‌ വന്നു നോക്കീപ്പോഴാണ്‌ നിങ്ങളവിടം കയ്യടക്കിയതു കണ്ടത്‌. പിന്നെ ഞാന്‍ ഒട്ടും സമയം കളയാതെ ഓടിപ്പോയി റൂമില്‍ കയറി കതകടച്ചിരുന്നു- വെറുതെ നിങ്ങള്‍ക്കൊരു ശല്യമാവേണ്ട എന്നു വിചാരിച്ചു മാത്രം..അവസാനം നിങ്ങള്‌ സെന്‍ട്രല്‍ ഹാളും കൂടി കയ്യേറീന്നു മനസ്സിലായപ്പോഴാണ്‌ ഞാന്‍ എന്റെ ചേച്ചിയെ ഫോണ്‍ വിളിച്ച്‌ വിവരമറിയിച്ചത്‌.അവളത്‌ ഇത്ര വലിയ ഇഷ്യൂ ആക്കുമെന്ന്‌ സത്യമായും ഞാനറിഞ്ഞില്ലായിരുന്നു. കേട്ടതു പാതി കേള്‍ക്കാത്ത പതി അവള്‌ താഴത്തെ വീട്ടിലേക്ക്‌ വിളിച്ച്‌ സഹായാഭ്യര്‍ത്ഥന നടത്തി "എന്റനിയത്തിയെ കുരങ്ങന്‍മാര്‍ ബന്ദിയാക്കി..ഒന്നു പോയി രക്ഷിക്കണേ.. "എന്നും പറഞ്ഞ്‌. എന്നിട്ടെന്തായി..എനിക്കു തടയാന്‍ കഴിയുന്നതിനു മുന്‍പേ താഴത്തെ വീട്ടിലെ ആന്റി ഓടി വന്ന്‌ ജനലിലൂടെ കളിത്തോക്കില്‌ പൊട്ടാസ്‌ വച്ച്‌ പൊട്ടിച്ച്‌ അഞ്ചു മിനിട്ട്‌ നേരം നീണ്ടു നിന്ന ഒരു കമാന്‍ഡോ ഓപറേഷന്‍ നടത്തി നിങ്ങളെ ഓടിച്ച്‌ എന്നെ ഒരുവിധത്തില്‍ മോചിപ്പിച്ചെടുത്തു.. ഹോ!! അന്നത്തെ എന്റെ വീടിന്റെ അവസ്ഥ!! നിങ്ങളിലൊരുത്തനെയെങ്കിലും കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ വെട്ടിനുറുക്കി മണ്ണെണ്ണയൊഴിച്ചു കത്തിച്ചേനേ... അടുക്കളയിലുള്ള സര്‍വ്വ ഭക്ഷ്യവസ്തുക്കളും നിരത്തിയിട്ടിരിക്കുന്നു. അതു പോട്ടെ..ഭക്ഷണമല്ലേ..പിന്നേം ഉണ്ടാക്കാം. പക്ഷെ ആ വേസ്റ്റ്‌ ബാസ്കറ്റ്‌. അതു മറിച്ചിട്ട്‌ അതിലെ വേസ്റ്റൊക്കെ ഒന്നൊഴിയാതെ അടുക്കളയിലും സെന്‍ട്രല്‍ ഹാളിലുമായി നിരത്തിയിട്ടിരിക്കുന്നു. അതില്‍ നിന്ന്‌ ചീഞ്ഞ ഓറഞ്ചും തക്കാളിയുമെടുത്ത്‌ പിഴിഞ്ഞ്‌ തറയിലും ടി.വി.യുടെ മുകളിലുമൊക്കെ ധാര കോരിയിരിക്കുന്നു. ഇതൊന്നും പോരാഞ്ഞ്‌ ജാമിന്റെ കുപ്പിയില്‍ കൈ മുക്കി ആ വീടിന്റെ തറയിലും ഭിത്തിയിലുൂക്കെ കൈയുടെ അടയാളം പതിച്ചു വച്ചിരിക്കുന്നു..കൊള്ളക്കാരൊക്കെ കൊള്ള നടത്തിയ വീട്ടില്‍ ഇങ്ങനെ ഓരോ ചിഹ്‌നങ്ങള്‍ പതിപ്പിച്ചു വയ്ക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്‌. പക്ഷെ കുരങ്ങന്മാര്‍..... ങ്‌ഹാ അതു പോട്ടെ..അന്നാ വീട്‌ ഒരു മനുഷ്യക്കോലത്തിലാക്കിയെടുക്കാന്‍ ഞാന്‍ പെട്ട പെടാപ്പാട്‌ വല്ലതും നിങ്ങള്‍ക്കറിയുമോ. ഒരു മാതിരി മുനിസിപ്പാലിറ്റീടെ അഴുക്കുചാല്‌ വൃത്തിയാക്കുന്നവന്റെ അവസ്ഥയായിരുന്നു എന്റേത്‌.എല്ലാം കഴുകി വൃത്തിയാക്കിയിട്ട്‌ അവസാനം ഒരു കുപ്പി പെര്‍ഫ്യൂമാണ്‌ അവിടെ അടിച്ചു തീര്‍ത്തത്‌..

ബാഹ്യലോകവുമായുള്ള എന്റെ ബന്ധം അറ്റുപോകാന്‍ വേണ്ടിയായിരുന്നിരിക്കണം നിങ്ങള്‍ പിന്നെ പത്രത്തെ ആക്രമിക്കാന്‍ തുടങ്ങിയത്‌. മിക്ക ദിവസവും രാവിലെ പത്രം വന്നയുടനെ പോയി അതു പിച്ചിച്ചീന്തി നാനാവിധമാക്കി അവിടൊക്കെ വിതറിയിട്ടു.ഒന്നൂല്ലേലും അക്ഷരത്തെയാണ്‌ അപമാനിക്കുന്നതെന്നു പോലും നിങ്ങളോര്‍ത്തില്ലല്ലോ. പക്ഷെ ആ ആക്രമണം പാളിപ്പോയീന്നു പറയാതെ വയ്യ. ഞാന്‍ വല്ലപ്പോഴുമൊക്കെയേ പത്രം വായിക്കാറുള്ളൂ. എന്നു വച്ചാല്‍ ഒന്നുരണ്ടു ദിവസത്തെ പത്രം വായിച്ചില്ലാന്നും വച്ച്‌ എനിക്ക്‌ പ്രത്യെകിച്ചൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലാന്ന്‌.

നിങ്ങളുടെ അടുത്ത പ്ലാന്‍ എന്റെ പാലുകുടി മുട്ടിക്കുക എന്നതായിരുന്നു. രാവിലെ പാല്‍ക്കാരന്‍ വന്ന്‌ പാല്‍പായ്ക്കറ്റ്‌ വച്ച്‌ തിരിച്ചു പോകുന്നതും കാത്ത്‌ നിങ്ങള്‍ ഒളിച്ചിരുന്നു. അതു പൊട്ടിച്ച്‌ തറയിലൊഴുക്കാന്‍. രാവിലെ പകുതി ഉറക്കത്തില്‍ വന്ന്‌ പാവം ഞാന്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍ കാണുന്ന കാഴ്ചയോ-- സ്റ്റെയര്‍കേസിലൂടെ കുഞ്ഞു വെള്ളച്ചാട്ടം പോലെ ഒഴുകിയിറങ്ങുന്ന പാല്‌. ഏതാണ്ട്‌ ഒരാഴ്ചയോളം ഒരുദിവസം പോലെ മുടങ്ങാതെ നിങ്ങളെന്നെ അതേ കണി തന്നെ കാണിച്ചു. എന്റെ മുന്നില്‍ രണ്ടേ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നാമത്തേത്‌- നിങ്ങളെത്തുന്നതിനു മുന്‍പേ ഓടി വന്ന്‌ പാലെടുക്കുക. എന്നും രാവിലെ ഒരു ഓട്ടംമത്സരത്തിലൂടെ ദിവസം തുടങ്ങേണ്ട എന്നു വിചാരിച്ച്‌ ഞാന്‍ രണ്ടാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുത്തു. പാല്‍ മേടിയ്ക്കുന്നത്‌ അങ്ങു നിര്‍ത്തി.

ഇത്രേമൊക്കെ പ്രകോപനങ്ങളുണ്ടായിട്ടും ഞാന്‍ ഒരു വിധത്തില്‍ പിടിച്ചു നിന്നു. പക്ഷെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്‌!! വേലയും കൂലിയുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിങ്ങള്‍ക്കറിയുമോ ഒരു അവധിയുടെ വില എന്താണെന്ന്‌. ആറ്റുനോറ്റിരുന്ന്‌ കിട്ടിയ അവധിദിവസം വെറുതെ തുണിയലക്കി നശിപ്പിക്കണ്ട എന്നു വിചാരിച്ചാണ്‌ തലേന്നു രാത്രി ഓഫീസില്‍ നിന്നു വന്നയുടനെ ഒരു ലോഡ്‌ തുണി അലക്കി ടെറസില്‍ ഉണങ്ങാനിട്ടത്‌. രാവിലെ എഴുന്നേറ്റ്‌ പപ്പടം പോലെ ഉണങ്ങിയ തുണിയെടുത്ത്‌ മടക്കി വയ്ക്കണം എന്നൊരു ശുഭപ്രതീക്ഷയോടെ ആയിരുന്നു ഉറങ്ങാന്‍ കിടന്നത്‌.എന്നിട്ട്‌ രാവിലെ കണ്ട കാഴ്ചയോ. തലേ ദിവസം വരെ വൃത്തിയായി കിടന്നിരുന്ന ഞങ്ങള്‍ടെ ടെറസിനെ ആരോ പബ്ലിക്‌ ടോയ്‌ലറ്റായി ഉപയോഗിച്ചിരിക്കുന്നു. അത്രേമാണെങ്കില്‍ സഹിക്കാം .. അഴയില്‍ ക്ലിപ്പിട്ട്‌ ഉറപ്പിച്ചു വച്ചിരുന്ന എന്റെ കുപ്പായങ്ങള്‍ മുഴുവന്‍ വലിച്ച്‌ നിലത്തിട്ട്‌ അതില്‍ കുറച്ചെണ്ണം ടോയലറ്റ്‌ പേപ്പറായി യൂസ്‌ ചെയ്തിരിക്കുന്നു. രണ്ടു മൂന്നെണ്ണം കടിച്ചു കീറിയിട്ടിരിക്കുന്നു. എന്റെ തല കറങ്ങിപ്പോയി. താഴത്തെ വീട്ടിലെ ചക്കിപ്പട്ടിയെയാണ്‌ ഞാന്‍ ആദ്യം സംശയിച്ചത്‌. അതിനേം അതിനെ പത്തു പതിനഞ്ചു തലമുറയെയും കൂട്ടി 'വൃത്തികെട്ട ജന്തുക്കള്‍' എന്നും വിളിച്ച്‌ കുറച്ചു നേരം തലയ്ക്കു കയ്യും കൊടുത്തിരുന്നു. എന്നിട്ടും ദേഷ്യം തീരാതെ അതിന്റെ മുഖത്തു നോക്കി നാലു വര്‍ത്തമാനം പറയണം എന്നും വിചാരിച്ച്‌ താഴെ ചെന്നതാണ്‌. അപ്പഴല്ലേ അറിയുന്നത്‌.. ആ വീട്ടുകാര്‌ പട്ടിയേം കൂട്ടിക്കോണ്ട്‌ എവിടെയോ പോയിരിക്കുകയാണത്രേ. പിന്നെ നടന്ന ഫിംഗര്‍ പ്രിന്റ്‌ പരിശോധനയിലാണ്‌ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ നിങ്ങളാണെന്ന്‌ എനിക്കു മന‍സ്സിലായത്‌. ആ അവധിദിവസം ഉച്ചവരെ ഞാന്‍ തുണിയലക്കി. അലക്കീതെടുത്ത്‌ പിന്നെം പിന്നേം അലക്കി. പിന്നെ ഡെറ്റോളിട്ട്‌ അലക്കി. എന്നിട്ടും സമാധാനം കിട്ടാതായപ്പോള്‍ ചുരുട്ടിക്കൂട്ടി ദൂരെക്കളഞ്ഞു. നിങ്ങള്‍ടെ വീട്ടിലുമില്ലേ അമ്മേം പെങ്ങന്‍മാരും. കഷ്ടപ്പെട്ട്‌ അലക്കിയ തുണി ഇങ്ങനെ കുട്ടിച്ചോറാക്കിയാലുള്ള വിഷമം അവരോട്‌ ചോദിച്ചു നോക്ക്‌. അപ്പോഴറിയാം..(ഗദ്‌ഗദം)

ഇടിവെട്ടിയവനെ പാമ്പു കടിച്ചൂന്നു പറയുന്നപോലായിരുന്നു പിന്നത്തെ കാര്യങ്ങള്‍. എല്ലാം മറക്കാനായി നെറ്റില്‍ കേറമെന്നു വിചാരിച്ച്‌ നോക്കുമ്പോഴതാ നെറ്റിന്റെ പൊടി പോലുമില്ല. സര്‍വീസ്‌ പ്രൊവൈഡറെ വിളിച്ച്‌ ഉള്ള കലിപ്പു മുഴുവന്‍ അവിടെ തീര്‍ത്തു.കമ്പനി പൂട്ടിയ്ക്കുംന്ന്‌ ഭീഷണിപ്പെടുത്തി. അതുകൊണ്ടും അരിശം തീരാതെ ടെറസിലൂടെ രണ്ടു മൂന്നു വട്ടം നടന്നു. അപ്പോഴാണ്‌ ആ കാഴ്ച കണ്ണില്‍ പെട്ടത്‌. ടെറസിനു മുകളിലൂടെ താഴേക്കു പോകുന്ന ഇന്റര്‍നെറ്റ്‌ കേബിളിന്‌ വല്ലാത്തൊരു ഒടിവും വളവും. ഓടിപ്പോയി അതിനെ പിടിച്ചു നേരെയാക്കീപ്പോ രണ്ടു കഷ്ണമായി കയ്യിലിരുന്നു. ഒന്നൂടെ ശ്രദ്ധിച്ചു നോക്കീപ്പം എല്ലാം ക്ലിയറായി. മൂന്നു സ്ഥലത്താണ്‌ കടിച്ചു മുറിച്ചു വച്ചിരിക്കുന്നത്‌..

ഈ ഒരു സംഭവത്തോടെ ക്ഷമയുടെ നെല്ലിപ്പലകയില്‍ നിന്ന്‌ ഞാന്‍ തെന്നി താഴെക്കു വീണിരിക്കുകയാണ്‌. ഇനിയെനിക്ക്‌ ഒന്നും നോക്കാനില്ല. ഇനിയുമെന്നെ ഇവിടെ മനസമാധാനത്തോടെ ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ ആളെക്കൂട്ടും. പടക്കം പൊട്ടിച്ച്‌ നിങ്ങളെ ശല്യപ്പെടുത്തും . ഭക്ഷണത്തില്‍ വിഷം ചേര്‍ക്കും.. പിള്ളേരെകൊണ്ട്‌ കല്ലെറിയിക്കും..പിടികൂടി കണ്ണില്‍ മുളകുപൊടി വിതറും..ഇല്ല തീര്‍ന്നിട്ടില്ല. .ഇനീമൊരുപാട്‌ ക്രൂരകൃത്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച്‌ നടത്തിയാല്‍ ഈസിയായി കിട്ടും.. അതുകൊണ്ട്‌ ഇതൊരു ഭീഷണിയായി കണ്ട്‌ വേണ്ട നടപടികളെടുക്കണമെന്ന്‌ താഴ്മയായി അപേക്ഷിക്കുന്നു.

Tuesday, May 20, 2008

ആന്‍,അനിത,അല്‍ക്കോട്ട്‌...

ഇഞ്ചിയുടെ പോസ്റ്റു വായിച്ച ആവേശത്തില്‍ നിന്നുണ്ടായതാണ്‌ ഈ അതിക്രമപോസ്റ്റ്‌.

എഴുത്തിനെക്കുറിച്ചുള്ള ലേഖനമോ അവലോകനമോ ആവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ആ പുസ്തകത്തിനെക്കുറിച്ചുള്ള നിങ്ങളുടെ ഓര്‍മ്മക്കുറിപ്പോ, അല്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു, എന്തുകൊണ്ട് അവരെ ഓര്‍ത്തിരിക്കുന്നു എന്നുള്ള കുറിപ്പുകളും സ്വീകരിക്കും.
- എന്ന്‌ ആ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്‌.ആ വാക്കു പാലിക്കും എന്നുള്ള പ്രതീക്ഷയോടെ ഞാന്‍ തുടങ്ങട്ടെ.

Little women by Louisa May Alcott

നിങ്ങള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഗുഹ സന്ദര്‍ശിക്കുകയാണ്‌.അവിടെ ആ ഗുഹയുടെ ഭിത്തിയില്‍ ഒരുപാടു ചിത്രങ്ങള്‍.അതില്‍ ഒരു ചിത്രത്തില്‍ നിങ്ങളുടെ കണ്ണുടക്കുന്നു..ഞെട്ടല്‍,അത്ഭുതം,ആശ്‌ചര്യം,അന്തംവിടല്‍ തുടങ്ങി പലപല ഭാവങ്ങള്‍ നിങ്ങളില്‍ നിറയുന്നു-കാരണം ആ ചിത്രം നിങ്ങളുടേതായിരുന്നു.'ഇതിനെ ഭൂമിയിലെക്കു വിടണോ വേണ്ടയോ' എന്ന്‌ ദൈവം പോലും ചിന്തിക്കാന്‍ തുടങ്ങുന്നതിനു മുന്‍പുള്ള ഒരു കാലത്ത്‌ ഏതോ ഒരു കലാകാരന്‍ നിങ്ങളെ അതേപടി പകര്‍ത്തിവച്ചിരിക്കുന്നു!!

Little women എന്ന ഈ ബുക്ക്‌ വായിക്കുമ്പോള്‍ ഈ പറഞ്ഞതായിരുന്നു എന്റെ അവസ്ഥ.നാലു സഹോദരിമാരുടെ ജീവിതകഥ -അതാണ്‌ ഈ നോവലിന്റെ പ്രമേയം.അതില്‍ രണ്ടാമത്തെകുട്ടിയാണ്‌ ജോ. ജോയുടെ തലതിരിഞ്ഞ ചിന്തകള്‍,പ്രവര്‍ത്തികള്‍,തീരുമാനങ്ങള്‍-എല്ലാം എനിക്കു നല്ല പരിചയമായിരുന്നു.കാരണം ഞാനായിരുന്നു ജോ. ഓരോ സാഹചര്യത്തിലും ഞാന്‍ എങ്ങനെ പെരുമാറുമോ അതുപോലെ തന്നെ ജോയും പെരുമാറി. വിശ്വസിക്കാന്‍ പറ്റാത്തത്രയും സാദൃശ്യം ഞങ്ങളുടെ സ്വഭാവങ്ങള്‍ തമ്മിലുണ്ടായിരുന്നു. ആ കഥാപാത്രം വെറുമൊരു ഭാവനാസൃഷ്ടിയവില്ല എന്നും നോവലിസ്റ്റിന്റെ പരിചയത്തില്‍ ഇതേ സ്വഭാവമുള്ള ആരെങ്കിലും ഉണ്ടായിരുന്നിരിക്കുമെന്നും എനിക്കുറപ്പായിരുന്നു. പക്ഷെ 1868-ല്‍ പ്രസിദ്ധീകരിച്ച ഒരു ബുക്കിന്റെ പിന്നാമ്പുറകഥകള്‍ ആരോടു ചോദിക്കാന്‍!! എന്തായാലും നെറ്റില്‍ നിന്നു തന്നെ ഉത്തരം കിട്ടി.ഇതിലെ 'ജോ' എന്ന കഥാപാത്രം താന്‍ തന്നെയാണെന്ന്‌ നോവലിസ്റ്റ്‌ വെളിപ്പെടുത്തിയിട്ടുണ്ടത്രേ..

ഇത്രേമൊക്കെ കേട്ടിട്ടും ഈ ബുക്ക്‌ വായിക്കണമെന്നാഗ്രഹമുളവര്‍ ദേ ഇങ്ങോട്ടു വിട്ടോ http://www.online-literature.com/alcott/littlewomen/

Island Of blood by Anita Prathap

കുടുംബത്തൊരു മാധ്യമപ്രവര്‍ത്തകനുള്ളതുകൊണ്ട്‌ ഒരു റിപോര്‍ട്ടിംഗിനു പോവുമ്പോഴുള്ള സാഹസികതകളെപറ്റിയുള്ള വിവരണങ്ങളൊക്കെ കേട്ട്‌ കേട്ട്‌ ആകെ ത്രില്ലടിച്ചിരിക്കുകയായിരുന്നു, അനിതാ പ്രതാപിന്റെ ബുക്ക്‌ കണ്ടതും 'ദാണ്ടെ ഒരു പത്രക്കാരി' എന്നോര്‍ത്ത്‌ ചാടിവീണത്‌ അതുകൊണ്ടാണ്‌. പിന്നെ അതിന്റെ കവര്‍ ചിത്രം- ബുക്ക്‌ ഒന്നു മറിച്ചു പോലും നോക്കാതെ വായിക്കാന്‍ തെരഞ്ഞെടുത്തത്‌ ആ ചിത്രം കാരണമാണ്‌. ഒരു രാത്രി മുഴുവന്‍ ഞാന്‍ അനിതാ പ്രതാപിന്റെ കൂടെ ശ്രീലങ്കയിലും അഫ്ഗാനിസ്ഥാനിലുമൊക്കെ അലഞ്ഞു തിരിഞ്ഞു നടന്നു. പിന്നെപിന്നെ അനിതാപ്രതാപ്‌ രംഗത്തു നിന്നു മാറി. ഞാന്‍ മാത്രമായി അവിടെ. ആവേശം കൂടിക്കൂടി ഉള്ള ജോലി കളഞ്ഞ്‌ ഒരു പത്രക്കാരിയായാലോ എന്നു വരെ ചിന്തിച്ചു പോയി.ചുരുക്കിപ്പറഞ്ഞാല്‍ വായിച്ചു വായിച്ചു എന്റെ തലയ്ക്കുപിടിച്ച ബുക്ക്‌ എന്ന കാറ്റഗറിയില്‍ പെടുത്താവുന്ന ഒന്നാണിത്‌.

Anne Frank: The Diary of A Young Girl

ഒരു പിറന്നാള്‍ സമ്മാനമായിട്ടാണ്‌ ആന്‍ ഫ്രാങ്കിന്റെ ഡയറികുറിപ്പുകള്‍ എനിക്കു കിട്ടുന്നത്‌. 'ഇതു വായിച്ച്‌ നീ കരയുമ്ന്നുറപ്പ്‌' എന്നൊരു ആമുഖത്തോടെ. ബുക്ക്‌ വായിച്ചും സിനിമ കണ്ടുമൊന്നും കരയുന്ന ടൈപ്പല്ല ഞാന്‍. അതുകൊണ്ടു തന്നെ ആ വെല്ലുവിളിയെ പുച്ഛിച്ചു തള്ളി.വായിച്ചു കുറച്ചെത്തിയിട്ടും കരയാനുള്ള വകയൊന്നും ആ ബുക്കിലില്ല എന്നുറപ്പായി. വിഷമവും 'ഇനിയെന്ത്‌' എന്ന ആകാംക്ഷയും അത്രമാത്രം..ആന്‍ഫ്രാങ്കിനെയും കുടുംബത്തെയും നാസികള്‍ ഒളിത്താവളത്തില്‍ നിന്നും പിടിച്ചെടുക്കുന്ന ചാപ്ടര്‍ വരെ. അതിനു ശേഷമുള്ള ചാപ്ടര്‍ തുടങ്ങുന്നത്‌ aann franks diary ends here എന്നൊ മറ്റോ ആണ്‌. അതു വായിച്ചതും വല്ലാത്തൊരു ഷോക്കായിരുന്നു. ഇത്രയും നാള്‍ കൂടെ നടന്ന ഒരാള്‍ കണ്‍മുന്നില്‍ വച്ച്‌ പെട്ടെന്ന്‌ മറഞ്ഞു പോയതു പോലെ ഒരു അമ്പരപ്പും ശൂന്യതയും. പിന്നീടൊന്നും വായിക്കാന്‍ പറ്റിയില്ല.കണ്ണു നിറഞ്ഞിട്ട്‌ ഒന്നും കാണുന്നില്ലായിരുന്നു.അന്ന്‌ ആ ബുക്കും കയ്യില്‍ പിടിച്ചിരുന്ന്‌ എത്ര സമയം കരഞ്ഞു എന്നോര്‍മ്മയില്ല. അങ്ങനെ എന്നെ കരയിച്ച രണ്ടാമത്തെ ബുക്ക്‌ എന്ന ബഹുമതി ഈ ബുക്ക്‌ നേടിയെടുത്തു.


ക്ഷമാപണം : ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പേരുകളുടെ ശരിയായ ഉച്ചാരണം എനിക്കറിയില്ല. ഒക്കെ തോന്നിയതു പോലെ വെച്ചുകാച്ചിയതാണ്‌. ആരെങ്കിലും തിരുത്തിതന്നാല്‍ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഈ പോസ്റ്റ്‌ വീണ്ടും എഡിറ്റ്‌ ചെയ്യ്തു കുറ്റവിമുക്തമാക്കുന്നതാണ്‌.

Saturday, May 10, 2008

വാണ്ട്‌ കമ്പനി??

ഒന്നിനെയും അന്ധമായി ഇഷ്ടപ്പെടുകയോ ആരാധിക്കുകയോ ചെയ്യുന്നത്‌ എനിക്കു പണ്ടേ ഇഷ്ടമല്ല. ആ സ്വഭാവമുള്ള ആള്‍ക്കാരുമായി ഞാന്‍ കഴിവതും ഇടപെടാറുമില്ല. ആ എന്നെ പരീക്ഷിക്കാന്‍ വേണ്ടീട്ടാവണം ദൈവം തമ്പുരാന്‍ മധുവിനെ പൂനെയില്‍ നിന്ന്‌ ഡെല്‍ഹിയിലേക്ക്‌ കൊണ്ടു വന്ന്‌ ഹോസ്റ്റലില്‍ എന്റെ റൂംമേറ്റായി പ്രതിഷ്ഠിച്ചത്‌.ആറ്റംബോംബിനെ പറ്റി പറഞ്ഞു തുടങ്ങിയാലും അത്‌ അവസാനം പൂനെനഗരത്തിന്റെ ഗുണമഹിമയിലെക്കോ മധൂന്റെ ബോയ്‌ഫ്രണ്ടിന്റെ മഹത്വത്തിലെക്കോ എത്തിപ്പെടും. അതാവട്ടെ തുടങ്ങിയാല്‍ പിന്നെ നിര്‍ത്തുകയുമില്ല. പൂനെയെയും നീരജിനെയും പറ്റിയുള്ള മധുരവചനങ്ങള്‍ ഇങ്ങനെ ഇടതടവില്ലാതെ കേട്ടാല്‍ ഞാനൊരു പ്രമേഹരോഗിയായിപ്പോയേക്കുംന്നൊക്കെ ഞാന്‍ മധൂനു വാണിംഗ്‌ കൊടുത്തു നോക്കി. യെവടെ!!ആ ഒരൊറ്റ ഡയലോഗില്‍ പിടിച്ച്‌ പൂനെയില്‍ പ്രമേഹരോഗികള്‍ വളരെകുറവാണെന്നും അവിടുത്തെ ആള്‍ക്കാരൊക്കെ ഭയങ്കര ഹെല്‍ത്‌കോണ്‍ഷ്യസാണെന്നും നീരജിനിഷ്ടപ്പെട്ട ചോക്‌ലേറ്റ്‌സ്‌ ഏതൊക്കെയാണെന്നും ഒക്കെയുള്ളതിനെപറ്റിയുള്ള ഒരു ഉപന്യാസം തന്നെ എനിക്കു കേള്‍ക്കേണ്ടി വന്നു.


ഇങ്ങനൊക്കെയാണെങ്കിലും ചില കാര്യങ്ങളില്‍ എനിക്കു മധൂനെ ഭയങ്കര ഇഷ്ടമായിരുന്നു. കണ്ണൂര്‍ എന്ന കൊച്ചുനാട്ടില്‍ വച്ചു ഞാന്‍ ധാരാളമായി പ്രയോഗിച്ചിരുന്ന പല വാക്കുകളും ഡെല്‍ഹിയില്‍ ഉപയോഗിച്ചാല്‍ ഭീകരമായ അര്‍ത്ഥവ്യത്യാസം വരുമെന്ന്‌ എന്ന്‌ പഠിപ്പിച്ചത്‌ മധുവാണ്‌. അതില്‍ ആദ്യം പഠിച്ച വാക്കാണ്‌ 'കമ്പനി'. ഒരു സന്ധ്യാ സമയത്ത്‌ ജന്‍പഥ്‌ മാര്‍ക്കറ്റിലൂടെ പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാതെ ഞങ്ങള്‍ രണ്ടു പേരും ചുറ്റിത്തിരിഞ്ഞു നടക്കുമ്പോഴാണ്‌ ആ വാക്കും കൊണ്ട്‌ ഒരള്‍ വന്നത്‌. ഒരു പയ്യന്‍.. ഞങ്ങള്‍ടെ തൊട്ടടുത്തു വന്ന്‌ 'വാണ്ട്‌ കമ്പനി??' എന്ന് ചോദിച്ചു.അത്രെം ജനത്തിരക്കുള്ള സ്ഥലത്ത്‌ ഇനിയെന്തിനാ ഒരു കമ്പനി എന്നും വിചാരിച്ച്‌ ഞാന്‍ ഒരു 'നോ താങ്ക്സ്‌' എന്നു പറഞ്ഞു ഒരു ചിരിയും കൂടി പാസ്സാക്കി കൊടുത്തു. ആ ഒരു കുറ്റത്തിന്‌ എനിക്കു മധൂന്റടുത്തുന്ന്‌ ഹിന്ദി,ബംഗാളി ഇംഗ്ലീഷ്‌ എന്നീ മൂന്നു ഭാഷകളിലാണ്‌ ചീത്ത കേള്‍ക്കേണ്ടി വന്നത്‌. ആ പയ്യന്‍ ചോദിച്ചത്‌ എന്തോ കോഡാണു പോലും. അതു മാത്രമല്ല ആ ചോദ്യത്തിനു മറുപടിയായി ചിരിച്ചു കാണിച്ചാല്‍ പച്ചക്കൊടിയാണെന്നൊരു ഞെട്ടിക്കുന്ന സത്യവും എന്നെ അറിയിച്ചു.ഒരു ഇംഗ്ലീഷ്‌ പത്രത്തില്‌ ജേര്‍ണലിസ്റ്റ്‌ ട്രെയിനിയായതു കൊണ്ട്‌ മധൂന്‌ എന്നെക്കാളും സജ്ജനപരിചയവും പൊതുവിജ്ഞാനവും കൂടും.അതുകൊണ്ടു തന്നെ ആ പറഞ്ഞത്‌ സത്യമാവാനേ വഴിയുള്ളൂ. 'നോ താങ്ക്സ്‌' പറയാന്‍ പാടില്ല, ചിരിച്ചു കാണിക്കാന്‍ പാടില്ല, ഇഗ്നോര്‍ ചെയ്താല്‍ ചിലപ്പോ മൗനം സമ്മതം എന്നു വിചാരിച്ചാല്‍ പിന്നെ അതും പണിയാകും. പിന്നെന്താ ഇങ്ങനെയുള്ളവരോടു മറുപടി പറയേണ്ടതെന്നു ചോദിച്ചപ്പോള്‍ മധൂനും അതു വല്യ പിടിയില്ല.എന്നാലും ഇതെങ്ങനെ ഡീല്‍ ചെയ്യണമെന്ന്‌ ഏതെങ്കിലും സീനിയറിനോടു ചോദിച്ച്‌ പറഞ്ഞുതരാംന്ന്‌ മധു ഉറപ്പു തന്നു.


പക്ഷെ അതിനുത്തരം കിട്ടുന്നതു വരെ കാത്തു നില്‍ക്കാന്‍ തലേവര തയ്യാറല്ലായിരുന്നു. അടുത്ത ദിവസം ഗൂഗിളില്‍ ഏതോ ടെക്നിക്കല്‍ ഡോക്യുമെന്റ്‌ തപ്പിക്കൊണ്ടിരുന്ന ഞാന്‍ കാടുകയറിക്കയറി ഏതൊക്കെയോ വഴികളിലൂടെ ശ്രീ ശ്രീ രവിശങ്കറിലേക്കും അതു വഴി സുദര്‍ശന്‍ ക്രിയയിലേക്കുമൊക്കെ എത്തിപ്പെട്ടു.പിന്നെ അതിനെ പറ്റിയായി ഗവേഷണം. അപ്പോഴാണ്‌ ഡെല്‍ഹീല്‌ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്ങിന്റെ ക്യാമ്പു വരുന്ന കാര്യം അറിഞ്ഞത്‌. എന്നാല്‍ പിന്നെ ബാക്കി അവിടെ പോയി നേരിട്ടു തന്നെ ഗവേഷണിച്ചെക്കാംന്നും വിചാരിച്ച്‌ കണ്ണും പൂട്ടി ക്യാമ്പിന്‌ ജോയിന്‍ ചെയ്തു.ക്യാമ്പിന്റെ അവസാനത്തെ ദിവസം. യാത്ര പറച്ചിലും ബഹളവും ഒക്കെ കാരണം ഒരുപാടു വൈകി.കയറിയ ബസ്‌ ബ്രേക്ക്ഡൗണാവുകയും കൂടി ചെയ്തതോടേ ആറാമിന്ദ്രിയത്തില്‍ നിന്ന്‌ ചില അപകടസൂചനകളൊക്കെ കിട്ടാന്‍ തുടങ്ങി. എന്നാലും ഒരു ചിരിയൊക്കെ മുഖത്തൊട്ടിച്ചു വച്ച്‌ (ശ്രീ ശ്രീയെപോലെ അത്രേം വിശാലമായ ചിരിയല്ല;ഒരു കുഞ്ഞ്യേ ചിരി);ക്യാമ്പില്‍ നിന്നും കിട്ടീയ 'ബീ പോസിറ്റിവ്‌' എന്ന സൂത്രവാക്യോം മനസ്സിലിട്ട്‌ അടുത്ത ബസും പിടിച്ച്‌ ഒരുവിധത്തില്‍ രാത്രി പതിനൊന്നുമണിയോടു കൂടി എന്റെ സ്റ്റോപ്പില്‍ ചെന്നിറങ്ങി.


ഉള്ള സ്ട്രീറ്റ്‌ലൈറ്റുകളെല്ലാം സെന്‍ട്രല്‍ ഡെല്‍ഹീല്‌ പാര്‍ലമെന്റിന്റേം മന്ത്രിമാരുടെ വീടിന്റേമൊക്കെ ചുറ്റും കൊണ്ടുപോയി വെച്ചതു കൊണ്ട്‌ നമ്മടെ ദരിദ്രവാസി സ്റ്റോപ്പില്‍ സ്ട്രീറ്റ്‌ലൈറ്റൊന്നുമില്ല. വല്ലപ്പോഴും കടന്നു പോകുന്ന വാഹനങ്ങള്‍ടെ വെളിച്ചം മാത്രം.അതും അവിടെ രണ്ടു സൈഡിലേക്കുള്ള വണ്‍വേയും രണ്ടു ലെവലിലാണ്‌. അതായത്‌ ഞാനിറങ്ങിയ സ്റ്റോപ്പില്‍ നിന്ന്‌ റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ സ്റ്റെപ്പു കയറി മുകളിലെത്തിയാല്‍ മറ്റേ സൈഡിലെക്കുള്ള വണ്‍വേയായി. അതും ക്രോസ്‌ ചെയ്ത്‌ സൈഡ്‌റോഡിലൂടെ കയറി ഒരു അഞ്ചു മിനിട്ട്‌ നടന്നാല്‍ എന്റെ ഹോസ്റ്റലായി. ആ സമയമായപ്പോഴേക്കും റോഡ്‌സൈഡിലുള്ള ഷോപ്പുകളൊക്കെ അടച്ചിരുന്നു.ട്രാഫിക്കും തീരെയില്ല. ആകെപ്പാടെ നല്ല ഹൊറര്‍‍ സെറ്റപ്പ്‌ . എങ്ങനേലും പെട്ടെന്നു ഹോസ്റ്റലിലെത്തണംന്നും വിചാരിച്ച്‌ റോഡ്‌ ക്രോസ്‌ ചെയ്യാന്‍ തുടങ്ങീപ്പഴാണ്‌ നമ്മടെ ഹീറോ വന്നത്‌-ബൈക്കില്‌. ഇങ്ങേരു പോയിട്ടു വേണം റോഡ്‌ ക്രോസ്‌ ചെയ്യാന്‍ എന്നും കരുതി ആ ബൈക്കിനെ തന്നെ തുറിച്ചു നോക്കിക്കൊണ്ട്‌ നില്‍ക്കുന്നതു കണ്ടിട്ടാണോ എന്തോ.. എന്റടുത്തു വന്ന്‌ ബൈക്ക്‌ സ്ലോ ആക്കി ഒറ്റ ചോദ്യം..അതെ ആ പഴയ ചോദ്യം തന്നെ -"വാണ്ട്‌ കമ്പനി?".


ദൈവമേ ഇതിനുത്തരം മധു ഇതേവരെ പറഞ്ഞു തന്നിട്ടില്ലല്ലോ എന്ന്‌ അപ്പോഴാണ്‌ ഓര്‍ത്തത്‌. എന്തെങ്കിലുമൊക്കെ ഉത്തരം പറഞ്ഞ്‌ റിസ്കെടുക്കാന്‍ പറ്റില്ല. തിരക്കേറിയ മാര്‍ക്കറ്റിലാരുന്നെങ്കില്‍ തെറ്റുത്തരം പറഞ്ഞാലും വല്യ കുഴപ്പമൊന്നും പറ്റാതെ രക്ഷപെടാം. പക്ഷെ ഇവിടെ ഈ വിജനമായ സ്ഥലത്ത്‌ പ്രത്യാഘാതം രൂക്ഷമായിരിക്കും. ഞാന്‍ ഒന്നും മിണ്ടാതെ സൈഡിലെക്കു മാറി നടന്നു. അതേറ്റു. ഹീറോ ബൈക്കും ഓടിച്ചങ്ങു പോയി. 'അപ്പോ ഇങ്ങനെയാണ്‌ പ്രതികരിക്കേണ്ടത്‌' എന്നങ്ങു മന‍സ്സില്‍ ആശ്വസിച്ചതേയുള്ളൂ.. മുന്നോട്ടു പോയ ബൈക്ക്‌ അല്‍പം ദൂരെ നിര്‍ത്തി തിരിച്ച്‌ എന്റെ നേരെ വരുന്ന നയനമനോഹരമായ കാഴ്ച. ഞാനും ഒന്നു നിന്ന്‌ തിരി‍ഞ്ഞു നടക്കാന്‍ തുടങ്ങി. എന്തിനെന്നു ചോദിക്കരുത്‌. അപ്പോള്‍ അങ്ങനെ ചെയ്യാനാണു തോന്നിയത്‌. പുറകില്‍ ബൈക്ക്‌ അടുത്തു വരുന്ന ശബ്ദം കേള്‍ക്കാം. പെട്ടെന്ന്‌ അവിടൊക്കെ ഭയങ്കരമായ ഒരു പ്രകാശം. എന്റെ മുന്നിലായി റോഡ്‌സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറീടെ ഹെഡ്‌ലൈറ്റിട്ടതാണ്‌. അതിന്റകത്ത്‌ ഒരു മനുഷ്യനുമുണ്ട്‌. ഒരു പക്ഷെ അവിടെ വേറെയും ആളുണ്ടെന്ന്‌ ആ ബൈക്കുകാരന്‌ മനസ്സിലാവാനായിരിക്കും അവര്‌ ലൈറ്റിട്ടത്‌. പക്ഷെ സാക്ഷാല്‍ ദൈവം തമ്പുരാന്‍ തന്നെ നേരിട്ടു വന്നാലും ഞാനപ്പോള്‍ വിശ്വസിക്കുമായിരുന്നില്ല. എന്തായാലും ആ ഒരു ഞെട്ടലും കൂടി ആയപ്പോള്‍ ഒരു ഗുണം ഉണ്ടായി. എല്ലാ ഞെട്ടലും പോയി എതാണ്ട്‌ ചെസ്‌ കളിക്കുന്നവന്റെ മാനസികാവസ്ഥയിലായി ഞാന്‍. ഓര്‍ക്കാപ്പുറത്തു രണ്ടു സൈഡില്‍ നിന്നും ചെക്ക്‌ വന്നതു പോലെ. ഞാന്‍ നടപ്പൊക്കെ നിര്‍ത്തി ലോറിക്കാരനെയും തുറിച്ചു നോക്കി മനസില്‍ കണക്കു കൂട്ടാന്‍ തുടങ്ങി.മുന്നോട്ടോടിയാല്‍ നേരെ ഫ്ലൈ-ഓവറിന്റെ അടിയിലേക്കാണ്‌ എത്തുക. അതു വല്യ അപകടമാണ്‌.. അല്ലേങ്കില്‍ പിന്നെ സൈഡിലെ ഷോപ്പുകളിലേക്ക്‌ ഓടിക്കേറണം. അവിടേം ജനങ്ങളൊന്നുമില്ലാത്തതു കൊണ്ട്‌ വല്യ രക്ഷയുണ്ടാവില്ല. പിന്നെ ഒരേയൊരു വഴി നേരെ തിരിച്ചു പോയി അവിടെ എന്നേം കാത്തു നില്‍ക്കുന്ന ബൈക്കുകാരനെയും കടന്ന്‌ പോയി റോഡ്‌ ക്രോസ്‌ ചെയ്ത്‌ സ്റ്റെപ്‌ കയറി മുകളിലത്തെ റോഡിലെത്തണം. അതു ഇത്തിരൂടി ട്രാഫിക്‌ കൂടുതലുള്ള റോഡാണ്‌. പിന്നൊന്നും ചിന്തിച്ചില്ല. നേരെ തിരിഞ്ഞ്‌ വെടിച്ചില്ലു പോലെ പാഞ്ഞു. ബൈക്കുകാരന്റെ അടുത്തേക്ക്‌. ഞാനിങ്ങനെ പാഞ്ഞു വരുന്നത്‌ ബൈക്കില്‍ കയറാനായിരിക്കുംന്നൊക്കെ വ്യാമോഹിച്ചു നില്‍ക്കുന്ന ഹീറോയെയും കടന്നോടി പറന്നാണ്‌ മുകളിലെത്തെ റോഡിലെത്തിയത്‌.എന്നിട്ടും ഓട്ടം നിര്‍ത്തീല്ല. തിരിഞ്ഞു നോക്കാതെ ഹോസ്റ്റല്‍ വരെ അതെ സ്പീഡിലോടി. ഇടയ്ക്ക്‌ മധൂനെ വിളിച്ച്‌ ഗേറ്റ്‌ തുറന്നിടാനും ഏര്‍പ്പാടാക്കി. അതിനു മറ്റൊരുദ്ദേശ്യവുവുമുണ്ട്‌. എങ്ങാനും ബൈക്കുകാരന്‍ എന്നെ പിടികൂടിയാല്‍ അറ്റ്‌ലീസ്റ്റ്‌ എന്റെ ഡെഡ്‌ബോഡി ‍കിട്ടാന്‍ ഏത്‌ ‌ ഏരിയയില്‍ തപ്പണം എന്നൊരു ക്ലൂ എങ്കിലും മധൂനു കിട്ടുമല്ലോ..


അന്നു രാത്രി മുഴുവന്‍ ഞാനും മധുവും ചിന്തിച്ചു കൂട്ടുകയായിരുന്നു. ഇങ്ങനൊരു ആക്രമണം ഉണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കണം. എപ്പോഴും ഓടി രക്ഷപെടാന്‍ പറ്റീന്നു വരില്ല .കത്തി,കഠാര,തോക്ക്‌ തുടങ്ങി പല മാരകയുധങ്ങളും പരിഗണനയില്‍ വന്നു. അതൊക്കെ ബാഗില്‍ കൊണ്ടു നടന്നാല്‍ ഡെല്‍ഹീലെ ഒരു സാഹചര്യമനുസരിച്ച്‌ ചുളുവില്‍ ഒരു തീവ്രവാദിപ്പട്ടം കിട്ടാന്‍ അതു ധാരാളം മതി. കരാട്ടേ,കുങ്ങ്‌ഫൂ ഒക്കെ പഠിക്കാന്‍ പോയാലോന്നായി അടുത്ത ചിന്ത. പക്ഷെ അതൊക്കെ പഠിച്ചു കഴിയുന്നതു വരെ അക്രമികള്‍ വെയ്റ്റ്‌ ചെയ്യണംന്നില്ലല്ലോ. പെട്ടെന്ന്‌ പ്രയോഗത്തില്‍ വരുത്താവുന്ന ഒരു പരിഹാരമാണ്‌ വേണ്ടത്‌. അങ്ങനെ ഒരു പാടു നേരത്തെ ആലോചലകള്‍ക്കു ശേഷം അവസാനം ഉത്തരം കിട്ടി..പെപ്പര്‍ സ്‌പ്രേ.. അതാവുമ്പോ ധൈര്യമായി ബാഗില്‍ കൊണ്ടു നടക്കാം. ആവശ്യത്തിനെടുത്തുപയോഗിക്കുകയും ചെയ്യാം. പിന്നെ അതു തേടിയുള്ള അന്വേഷണമായിരുന്നു. ഡെല്‍ഹിയില്‍ ഒറ്റ കടയിലും കിട്ടാനില്ല. മിക്കവരും അങ്ങനൊരു സാധനത്തെ പറ്റി കേട്ടിട്ടു പോലുമില്ല. സാധനം കിട്ടാത്ത നിരാശയെക്കാളും എനിക്കു സഹിക്കാന്‍ പറ്റാതിരുന്നത്‌ മറ്റൊരു കാര്യമാണ്‌. ഓരോ കടയില്‍ നിന്നിറങ്ങുമ്പോഴും മധൂന്റെ വക പ്രഖ്യാപനമുണ്ടാകും. 'ച്ഛെ ഡെല്‍ഹിയില്‍ ഇതു പോലുമില്ലെന്നോ!! പൂനെയിലായിരുന്നെങ്കില്‍....." ഒരു പത്തുപതിനഞ്ചു പ്രാവശ്യം ഇതേ കാര്യം കേട്ടു കഴിഞ്ഞതോടെ എന്റെ ക്ഷമ അതിന്റെ വഴിക്കു പോയി. ഞാന്‍ വെല്ലുവിളിച്ചു


'എങ്കില്‍ പിന്നെ മധു ഇതു പൂനെയില്‍ പോകുമ്പോള്‍ മേടിച്ചിട്ടു വാ..ഇത്തിരി സമയമെടുത്താലും കുഴപ്പമില്ല. അതു വരെ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ തല്‍ക്കാലം ഞാനോടി രക്ഷപെട്ടോളാം'


അക്കൊല്ലം മധൂനു ലീവ്‌ കിട്ടീപ്പോള്‍ ഏറ്റവും സന്തോഷം എനിക്കായിരുന്നു.രണ്ടിലൊന്ന്‌ ഇപ്പം തീരുമാനമാകും. പൂനെയില്‍ പെപ്പര്‍ സ്പ്രേ കിട്ടിയാല്‍ ഞാന്‍ ഹാപ്പി..കിട്ടീലെങ്കില്‍ അതിനെക്കാളും ഹാപ്പി. ഒരു പെപ്പര്‍ സ്പ്രേ പോലും വാങ്ങാന്‍ കിട്ടാത്ത സ്ഥലമാണ്‌ പൂനെ എന്ന്‌ മധൂന്‌ സമ്മതിക്കേണ്ടി വരും. മധു തിരിച്ചു വരുന്നതും കാത്ത്‌ കണ്ണിലെണ്ണയൊഴിച്ച്‌ ഞാന്‍ കാത്തിരുന്നു. തിരിച്ചു വന്ന്‌ പൂനെ-സ്പെഷ്യല്‍ മധുരപലഹാരങ്ങളൊക്കെ എനിക്കു തന്ന്‌ വിശേഷങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞിട്ടും സ്പ്രേയെ പറ്റി മാത്രം ഒന്നും മിണ്ടുന്നില്ല. സംഭവം കിട്ടീട്ടില്ലാന്നുറപ്പ്‌. ചുമ്മാ ഒന്നു ശവത്തില്‍ കുത്തി നോക്കിയാലോന്നും വിചാരിച്ച്‌ അവസാനം ഞാന്‍ തന്നെ ചോദിച്ചു.



"സ്പ്രേ കിട്ടീട്ടുണ്ടാവുമല്ലോ അല്ലേ..??"


അല്‍പസമയം മൗനം. അങ്ങനെ അവസാനവും മധുവും മധൂന്റെ പൂനെയും കേവലമൊരു സ്പ്രേയുടെ മുന്നില്‍ തോല്‍വി സമ്മതിക്കുന്നതും കാത്ത്‌ സന്തോഷത്തോടിരുന്ന എന്റെ ചെവിലെക്ക്‌ ആ വാക്കുകള്‍ വന്നു വീണു


" ഒരു പാടന്വേഷിച്ചു. പക്ഷെ ഒരു ഷോപ്പിലുമില്ല. പൂനെയില്‍ പെണ്ണുങ്ങള്‍ക്കു നേരെ യാതൊരു ഉപദ്രവവുമില്ലല്ലോ. പിന്നെന്തിനാ ഈ സാധനം സ്‌റ്റോക്ക്‌ ചെയ്യുന്നതെന്നാണ്‌ അവരു ചോദിക്കുന്നത്‌."


കഴിച്ചുകൊണ്ടിരുന്ന ഗുലാബ്‌ജാമുന്‍ തൊണ്ടയില്‍ കുടുങ്ങി വിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു


"ശ്ശൊ നമ്മളത്‌ നേരത്തേ ഓര്‍ക്കേണ്ടതായിരുന്നു അല്ലേ.."


"അതെയതെ..ഇതു പൂനെയില്‍ പോയി ചോദിച്ച ഞാന്‍ നാണം കെട്ടു പോയി"


ഞാന്‍ പിന്നൊന്നും മിണ്ടിയില്ല. അല്ല;മിണ്ടീട്ടും കാര്യമില്ലല്ലോ.. കളിയാക്കിയാലും മനസ്സിലാകാത്ത പെണ്‍കുട്ടി!!!!

Sunday, April 20, 2008

അന്ന്‌ ആ രാത്രിയില്‍...

"ആരാ അത്‌??ഇതു വരെ ഇയാളെ കണ്ടിട്ടില്ലല്ലോ!!"

" ഇയാളെങ്ങോട്ടാ ഈ രാത്രിയ്ക്ക്‌?? "

"ഇതെന്താ റോഡിലാരുമില്ലാത്തത്‌?"

ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുമായി ഞാനും കുരുട്ടും ആ ചേട്ടനെ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്താണ്‌ ഇയാള്‍ടെ ഉദ്ദേശ്യമെന്നറിയണമല്ലോ. അങ്ങേരാണെങ്കില്‍ ഇതൊന്നുമറിയാതെ കൂളായി വണ്ടിയോടിക്കുകയാണ്‌..

ശനിയാഴ്ച രാത്രി ഞാനും കുരുട്ടും ഉറങ്ങാറില്ല. ഫുള്‍-ടൈം ടിവീടെ മുന്‍പില്‍ തന്നെ.. ഏഷ്യാനെറ്റിലും ഡി.ഡി ഫോറിലും രാത്രി മുഴുവന്‍ നല്ല നല്ല പാട്ടുകള്‍ കാണിക്കും. ചാനല്‍ മാറ്റിമാറ്റി നേരം വെളുക്കുന്നതു വരെ പാട്ടുകേട്ടുകൊണ്ടിരിക്കും.അങ്ങനെ ചാനല്‍ മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ്‌ നമ്മടെ സൂര്യാ ടി.വിയില്‍ ഞങ്ങള്‍ടെ കണ്ണുടക്കിയത്‌.കേബിള്‍ കമ്പനിക്കാരുടെ മൂഡനുസരിച്ച്‌ വല്ലപ്പോഴും മാത്രം കിട്ടുന്ന ചാനലാണ്‌ ഈ സൂര്യാ ടി.വി..അവിടെ ഒരു സിനിമ തുടങ്ങാന്‍ പോവുകയാണ്‌.ടൈറ്റില്‍സ്‌ എഴുതിക്കാണിക്കുന്ന ആ സ്‌റ്റെയില്‍ കണ്ടാല്‍ തന്നെ അറിയാം നല്ല പുതു പുത്തന്‍ പുത്തന്‍ സിനിമയാണെന്ന്‌. ഞങ്ങള്‍ സന്തോഷം കൊണ്ടിരിക്കാന്‍ വയ്യാന്നുള്ള അവസ്ഥയിലായി. ഒരു പുതിയ മലയാളം സിനിമ കണ്ട കാലം മറന്നിരുന്നു. ഇത്തിരി വൈകിപ്പോയതു കൊണ്ട്‌ സിനിമേടെ പേര്‌ കണാന്‍ പറ്റീല്ല. സംവിധായ്കന്റെ പേരാണെങ്കില്‍ ഇതു വരെ കേട്ടിട്ടുമില്ല. എന്നാലും ഞങ്ങള്‍ സിനിമ കാണാന്‍ തന്നെ തീരുമാനിച്ചു. പേരിലല്ലല്ലോ; സിനിമേടെ കഥയിലല്ലേ കാര്യം...



കോഴി കൂവുന്നതും സൂര്യനുദിക്കുന്നതും പ്രഭാതം പൊട്ടിവിടരുന്നതുമൊക്കെ കാണിച്ച്‌ സിനിമ തുടങ്ങുന്ന ആ പതിവു ശൈലിയൊന്നുമല്ല.. നല്ല ഇരുട്ടത്ത്‌ വിജനമായ റോഡിലൂടെ ഒരു ചേട്ടന്‍ വണ്ടിയോടിച്ചു വരുന്നതാണ്‌ തുടക്കം. എന്തായാലും ആ മാറ്റം ഞങ്ങള്‍ക്കിഷ്ടപ്പെട്ടു. പെട്ടന്ന്‌ രംഗം മാറി. വെളുത്ത സാരിയുടുത്ത ഒരു ചേച്ചി പെട്ടെന്ന്‌ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‌ പ്രതീക്ഷിച്ചതു പോലെ തന്നെ ചേച്ചി കറക്ടായി ആ വണ്ടീടെ മുന്നില്‍ തന്നെ വന്നു വീണു. സാധാരണ ആള്‍ക്കാരൊക്കെയാണെകില്‍ പോലീസ്‌ കേസും മറ്റു നൂലാമാലകളും ഒക്കെ ഓര്‍ത്ത്‌ ജീവനും കൊണ്ട്‌ ആ സ്പോട്ടില്‍ നിന്നും രക്ഷപെടും. പക്ഷെ നമ്മടെ നായകന്‍ ആരാ മോന്‍!! വേഗം ചാടിയിറങ്ങിവന്ന്‌ ചേച്ചീടെ കാറ്റു പോയോന്നൊക്കെ പരിശോധിച്ചു. മട്ടും ഭാവോം കണ്ടിട്ട്‌ ചേച്ചിയെ കാറില്‍ കേറ്റി ഹോസ്പിറ്റലില്‍ കൊണ്ടുപോകാനാണ്‌ പ്ലാനെന്നു തോന്നുന്നു.പക്ഷെ അവിടെ ഒരു പ്രശ്നമുണ്ട്‌.ആ ചേട്ടന്‍ മെലിഞ്ഞ്‌ ഒരു അശുവാണ്‌. ചേച്ചി ആ ചേട്ടന്റെ ഒരു 3-4 ഇരട്ടിയുണ്ട്‌. എങ്ങനെ ആ ചേട്ടന്‍ ചേച്ചിയെ പൊക്കി കാറില്‍ കേറ്റും??സംവിധായകന്‍ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നു കാണാന്‍ ഞാനും കുരുട്ടും ആകാംക്ഷയോടെ കാത്തിരുന്നു.

പക്ഷെ സംവിധായകന്‍ ഞങ്ങളെ അതിവിദഗ്ദമായി പറ്റിച്ചു. അടുത്ത സീനില്‍ കാണുന്നത്‌ ആ ചേച്ചി ഒരു കട്ടിലില്‍ കിടക്കുന്നതാണ്‌.ഹോസ്പിറ്റലൊന്നുമല്ല.ഒരു വീടാണ്‌. ഇപ്പഴും ബോധം വന്നിട്ടില്ല. പക്ഷെ കാണുന്ന ഞങ്ങള്‍ക്ക്‌ ബോധമുണ്ടല്ലോ.അതുകൊണ്ടു തന്നെ ഈ കണ്ടതൊക്കെ അപ്പടി വിശ്വസിക്കാന്‍ എന്റെ മനസ്സു സമ്മതിച്ചില്ല.

"ആ ചേട്ടന്‌ എന്തായാലും ആ ചേച്ചിയെ പൊക്കാനുള്ള ആരോഗ്യമില്ല.ഒരു മനുഷ്യന്‌ താങ്ങനാവുന്ന ഭാരത്തിന്‌ ചില ലിമിറ്റൊക്കെയില്ലേ.അതു പോലെ തന്നെ കാറില്‍ നിന്നും ആ ചേച്ചിയെ പരസഹായമില്ലാതെ വീട്ടിനുള്ളിലെത്തിച്ചല്ലോ..ഇതെങ്ങനെ സാധിച്ചു?? " സംവിധായകന്‍ അവിടില്ലാത്തതു കൊണ്ട്‌ ഞാന്‍ തല്‍ക്കാലം കുരുട്ടിനോട്‌ ഈ ചോദ്യങ്ങളൊക്കെ ചോദിച്ച്‌ ആശ്വസിക്കാന്‍ ശ്രമിച്ചു.

"കഥയില്‍ ചോദ്യമില്ല.." കുരുട്ട്‌ വളരെ ചുരുങ്ങിയ വാക്കുകളില്‍ എന്റെ അന്തമില്ലാതെ നീളുന്ന സംശയങ്ങള്‍ക്കെല്ലാം ഉത്തരം തന്നു


ആ നല്ലവനായ ചേട്ടന്‍ കട്ടിലിനടുത്ത്‌ ഒരു കസേരയിലിരുന്ന്‌ ചേച്ചിയെ സഹതാപത്തോടെ ഉറ്റു നോക്കാന്‍ തുടങ്ങി. അപ്പഴാണ്‌ ഞങ്ങളും നായികയുടെ മുഖം കാണുന്നത്‌.അങ്ങനൊരു നടിയെ ഇതു വരെ കണ്ടിട്ടില്ല.

" നല്ല നിഷ്കളങ്കമായ മുഖം.അല്ലേ??" കുരുട്ട്‌ സ്നേഹവത്സല്യങ്ങളോടെ പറഞ്ഞു.

"അതേയതെ. ആരാ ഇത്‌? വല്ല പുതുമുഖവുമായിരിക്കും"

ചേച്ചി നന്നായി വിയര്‍ക്കുന്നുണ്ട്‌.അതു കണ്ടിട്ടാണെന്നു തോന്നുന്നു ചേട്ടന്‍ കസേരയില്‍ നിന്നെഴുന്നേറ്റു. ഫാന്‍ ഓണാക്കാനായിരിക്കുംന്നാണ്‌ ഞാന്‍ വിചാരിച്ചത്‌.അവിടെ സംവിധായകന്‍ വീണ്ടും എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ചേട്ടന്‍ അത്യാവശ്യപ്പെട്ട്‌ എഴുന്നേറ്റത്‌ ചേച്ചി കിടക്കുന്ന കട്ടിലില്‍ പോയി ഇരിക്കാനായിരുന്നു. എവിടെയോ എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌... വിചാരിച്ചതു പോലെ ഈ ചേട്ടന്‍ അത്ര നല്ലവനൊന്നുമല്ലാന്നു തോന്നുന്നു. ആ പാവം ചേച്ചിയാണെങ്കില്‍ ഇതൊന്നും അറിയുന്നുമില്ല. ഞങ്ങള്‍ക്കാകെ ടെന്‍ഷനായി.

"ഇയാളിതെന്തു തെമ്മാടിത്തരമാ കാണിക്കുന്നത്‌!!" കുരുട്ട്‌ രോഷം പ്രകടിപ്പിച്ചു. .

"ശരിക്കും... വൃത്തികെട്ട മനുഷ്യന്‍!!" ഞാനും പ്രതിഷേധിച്ചു.

ഇത്രേം സിനിമയൊക്കെ കണ്ട പരിചയം വച്ച്‌ ഒരു കാര്യം ഉറപ്പാണ്‌. ആ പാവം നായികയെ അവള്‍ടെ വിധിയ്ക്ക്‌ വിട്ടുകൊടുത്തിട്ട്‌ ക്യാമറ ഇനി ഫാനിന്റെ മോളിലോ അല്ലെങ്കില്‍ ആകാശത്ത്‌ ചന്ദ്രന്റെ മുകളിലോ ഒക്കെ ഫോക്കസ്‌ ചെയ്യാന്‍ പോകും. തിരിച്ചു വരുമ്പോള്‍ കാണാന്‍ പോകുന്നത്‌ ആ ചേച്ചി യക്ഷിയെപോലെ മുടിയൊക്കെ പടര്‍ത്തിയിട്ട്‌ ഘോരഘോരം കരയുന്നതായിരിക്കും (അപ്പോഴെക്കും ബോധം വന്നിട്ടുണ്ടെങ്കില്‍). "ഹീശ്വരാ.ഞാനിനി എന്തിനു ജീവിച്ചിരിക്കണം..." എന്ന മട്ടില്‍ ചില ഡയലോഗ്സും ഉണ്ടാകും.

കാര്യം സിനിമയൊക്കെയാണെങ്കിലും ധാര്‍മികരോഷം അടക്കാന്‍ വയ്യാതെ ടിവീലെക്കും തുറിച്ചുനോക്കിക്കൊണ്ടിരുന്ന ഞങ്ങള്‍ക്ക്‌ അടുത്ത സീനില്‍ തീരെ പ്രതീക്ഷിക്കാത്തതാണു കാണേണ്ടി വന്നത്‌.ഞെട്ടീന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും..ഏതെങ്കിലും ഒരു സിനിമാ-സീന്‍ കണ്ടിട്ട്‌ ഇത്രയും ശക്തമായി ഞാന്‍ ഞെട്ടീട്ടുള്ളത്‌ ജുറാസിക്‌ പാര്‍ക്കില്‍ ഓര്‍ക്കാപ്പുറത്ത്‌ ദിനോസര്‍ അലറീപ്പഴാണ്‌.എന്താ സംഭവംന്നു വച്ചാല്‍ ഞങ്ങളു പ്രതീക്ഷിച്ച പോലെ ക്യാമറ എങ്ങും പോയില്ല. അവിടെ തന്നെ ഫോക്കസ്‌ ചെയ്തിരുന്നു. അത്രതന്നെ..

വേഗം റിമോട്ടൊക്കെ തപ്പിപ്പിടിച്ച്‌ ടി.വി ഓഫ്‌ ചെയ്ത്‌ ഞങ്ങള്‍ കുറച്ചു നേരം മൗനം ആചരിച്ചു.

"അയ്യോ ഇതെന്തു സിനിമ!!" കുരുട്ട്‌ പതുക്കെ ഞെട്ടല്‍ രേഖപ്പെടുത്തി

"ഇതിനി മറ്റേ ടൈപ്പ്‌ സിനിമ വല്ലതുമാണോ??" ഞാന്‍ എന്റെ പൊതുവിജ്ഞാനം എടുത്തു പ്രയോഗിച്ചു..

"ഏയ്‌ അതൊന്നും ടി.വീല്‍ കാണിക്കില്ല" കുരുട്ട്‌ ഫുള്‍-കോണ്‍ഫിഡന്‍സില്‍ പറഞ്ഞു

"എങ്കില്‍ പിന്നെ വല്ല അവാര്‍ഡ്‌ സിനിമയുമായിരിക്കും..ജീവിതം പച്ചയയി ആവിഷ്കരിക്കുന്ന തരത്തിലുള്ള വല്ലതും"

" ആയിരിക്കും..എന്നാലും ഇതിത്തിരി കൂടിപ്പോയി"

ഞാനും കുരുട്ടിനെ അഭിപ്രായത്തോട്‌ യോജിച്ചു. ഞങ്ങള്‍ പിന്നേം നല്ല കുട്ടികളായി നമ്മടെ പാവം ഡി.ഡി ഫോറിലേക്കു തന്നെ തിരിച്ചു പോയി. അതാവുമ്പോ ഇമ്മാതിരി അപകടങ്ങളൊന്നുമിലല്ലോ..

ഡെല്‍ഹിയില്‍ നടന്ന ഈ സംഭവത്തിന്റെ രണ്ടാം ഘട്ടം അരങ്ങേറിയത്‌ അങ്ങു ദൂരെ തിരുവനന്തപുരത്താണ്‌.ലീവിനു വീട്ടിലെത്തിയ കുരുട്ട്‌ ടിവിചാനലുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിന്നതിനിടയില്‍ പെട്ടെന്നൊരു മുഖം- ഞങ്ങള്‍ടെ അന്നത്തെ നായികയുടേത്‌. ആളെ ആരോ ഇന്റര്‍വ്യൂ ചെയ്യുകയാണ്‌. ഷക്കീല എന്നാണ്‌ പേരെന്നൊക്കെ കുരുട്ട്‌ നോട്ട്‌ ചെയ്തു.തിരിച്ചു വന്നിട്ട്‌ എന്റെയും സിനിമാപരിജ്ഞാനം വര്‍ദ്ധിപ്പിക്കണമല്ലോ..ഇന്റര്‍വ്യൂന്റെ ഇടയ്ക്കെപ്പോഴോ താന്‍ മോറലുള്ള സിനിമകളില്‍ മാത്രമെ അഭിനയിക്കൂ എന്ന്‌ നായിക ഒരു പ്രഖ്യാപിച്ചത്‌ കുരുട്ടിന്‌ ശരിക്കുമങ്ങ്‌ ബോധിച്ചു.

"നോക്കമ്മാ ഒരു പുതിയ നടി.നല്ല സിനിമകളിലെ അഭിനയിക്കുകയുള്ളൂന്നാണ്‌ പറയുന്നത്‌"

" പിന്നെ പിന്നെ അതാരാണെന്നു നിനക്കറിയുമോ?"

" പിന്നില്ലേ. ശരിക്കും നല്ല ബോള്‍ഡായ നടിയണ്‌. അറിയുമോ ഞങ്ങള്‌ ഇവര്‍ടെ ഒരു സിനിമ കണ്ടിട്ടുണ്ട്‌.പക്ഷെ ഇത്രയ്ക്കും വല്യ താരമാണെന്ന്‌ അറിയില്ലയിരുന്നു.."

പിന്നങ്ങോട്ട്‌ കുരുട്ടിന്‌ അമ്മയുടെ വക ഉപദേശങ്ങള്‍ടെ പെരുമഴയായിരുന്നു. അതില്‍ ഒരു തരി പോലും ചോര്‍ന്നു പോകാതെ എനിക്കും കിട്ടി-ഫോണ്‍ വഴി. എന്നാലെന്താ.. കണ്ണില്‍ കാണുന്ന എല്ലാ നടീനടന്മാരെപറ്റിയും അഭിപ്രായപ്രകടനം നടത്തുന്ന ഞങ്ങളോട്‌ ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ ഷക്കീലയെപറ്റിയും ധൈര്യമായി അഭിപ്രായിക്കാലോ..അങ്ങനെ ചുമ്മാതൊന്നുമല്ല..അവര്‍ടെ സിനിമ കണ്ടുള്ള പരിചയം വച്ചു തന്നെ.പക്ഷെ ഒരു ചിന്ന പ്രശ്നം..തല്‍ക്കാലം ഷക്കീലയുടെ ലുക്കിനെ പറ്റി മാത്രമേ പറയാന്‍ പറ്റൂ. ആക്ടിംഗ്‌ സ്കില്‍സിനെ പറ്റി വല്ലോരും ചോദിച്ചാല്‍ കുടുങ്ങും.. കാരണം ഞങ്ങള്‍ കണ്ട സീനിലെല്ലാം പാവം ഷക്കീല അഭിനയിക്കാന്‍ പറ്റാതെ ബോധം കെട്ടു കിടക്കുകയായിരുന്നല്ലോ.. .