Sunday, June 3, 2007

ചെന്നൈ ഡയറി-2 (നക്ഷത്രങ്ങള്‍ക്കു നടുവില്‍)

അങ്ങനെ ഹോട്ടലില്‍ എത്തി.കണ്ട തുക്കടാ ഹോട്ടലൊന്നുമല്ല.നക്ഷത്രം നാലാണ്‌ മിന്നിതിളങ്ങുന്നത്‌.'എവളോ.. 4-star-ലോ" എന്നു ഞെട്ടാന്‍ വരട്ടെ..എന്റെ കുറ്റമല്ല. Office-ല്‍ നിന്നും പറ്റിച്ച പണിയാണ്‌.അവരുടെ നിലയ്ക്കും വിലയ്ക്കുമനിസ്സരിച്ചുള്ളത്‌ ബുക്ക്‌ ചെയ്തു.എന്റെ standard ഒട്ടു നോക്കീമില്ല.എനിക്കാണെങ്കില്‍ 4-star പോയിട്ടു ഒരു lodge-ല്‍ പോലും താമസിച്ചു പരിചയമില്ല.എന്തായാലും ഞാന്‍ ബാഗൊക്കെ പൊക്കി gate-ഉം കടന്നു വാതില്‍ക്കലെത്തി.സിനിമേലൊക്കെ കണ്ടതു വെച്ചാണെങ്കില്‍ അതിന്റകത്തുന്ന് ആരെങ്കിലും വന്ന്‌ എന്നെ കൂട്ടികൊണ്ടു പോണം.ഇവിടൊന്നും സംഭവിക്കുന്നില്ല.ഞാനങ്ങനെ ചെക്കന്റെ വീട്ടിലെത്തിയ നവവധുവിനെ പോലെ 'അകത്തേക്കു ചാടിക്കയറണോ അതോ ആരെങ്കിലും വന്നു വിളിക്കുന്നതു വരെ വെയ്റ്റ്‌ ചെയ്യണോ'എന്ന്‌ അന്തം വിട്ട്‌ നില്‍ക്കുകയാണ്‌.രാജാപാര്‍ട്‌ വേഷമൊക്കെയിട്ടു വാതിക്കല്‍ നില്‍ക്കുന്ന ചേട്ടനാണെങ്കില്‍ എന്നെ കണ്ട ഭാവമില്ല.ദയനീയമായി ഒന്നു ചിരിച്ചു കാണിച്ചു നോക്കി.പാവം തോന്നീട്ടാണോ എന്തോ അയാള്‍ അകത്തുന്നൊരു പയ്യനെ വിളിച്ച്‌ എന്റെ ബാഗ്‌ പൊക്കാന്‍ ഏര്‍പ്പാടു ചെയ്തൂ.പയ്യന്റെ മറവു പറ്റി അങ്ങനെ reception-ലെത്തി.അവിടെ പ്രത്യേകിച്ചു ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.പറഞ്ഞ സ്ഥലത്തൊക്കെ കണ്ണും പൂട്ടി ഒപ്പിട്ടു കൊടുത്തു.പകരമായി ഗ്രീറ്റിങ്ങ്സ്‌ കാര്‍ഡ്‌ പോലുള്ള ഒരു കാര്‍ഡും കിട്ടി.കിട്ടിയതും മേടിച്ചോണ്ട്‌ ഞാന്‍ റൂമിലേക്ക്‌ വിട്ടു.

അവിടെ ചെന്നപ്പോഴതാ അടുത്ത പ്രശ്നം.ചേട്ടന്‍ റൂമിന്റെ താക്കോല്‍ തരാന്‍ മറന്നു പോയിരിക്കുന്നു.ഇനിയിപ്പൊ പിന്നേം താഴെ പോയി മേടിക്കണം.ഛെ ഇത്ര ഉത്തരവാദിത്വമില്ലാത്തവരെയാണോ ജോലിക്കു വച്ചിരിക്കുന്നത്‌. ഹോട്ടലിന്റെ ഓണറെ മനസ്സില്‍ പ്രാകിക്കൊണ്ടു നിന്നപ്പോഴാണ്‌ അതു ശ്രദ്ധിച്ചത്‌.വാതിലില്‍ താക്കോല്‍ കേറ്റാനുള്ള തുളയൊന്നുമില്ല.പകരം ATM machin-ലെ card slot പോലെ ഒരു fitiings.എന്റെ തലയിലെ ട്യൂബ്‌ ലൈറ്റ്‌ മിന്നി.കയ്യിലിരിക്കുന്ന greetings card തുറന്നു നോക്കി.ഊഹം തെറ്റിയില്ല.അതാ അവിടിരിക്കുന്നു കൊച്ചു കള്ളന്‍.ഒരു കുഞ്ഞു കാര്‍ഡ്‌.പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു.കാര്‍ഡ്‌ slot-ലിടുന്നു- അതിലെ പച്ച ലൈറ്റ്‌ തെളിയുന്നു-handle തിരിക്കുന്നു-വാതില്‍ തുറക്കുന്നു.മുന്നിലതാ ഇരുട്ടിലാണ്ടു കിടക്കുന്ന ഒരു റൂം.കയറിവരുന്ന അവിടെ തന്നെ ചുമരില്‍ ഒരു card slot.അതിന്റെ മുകളില്‍ please insert the card here എന്നൊരു ലേബലും.'പിന്നേ നിങ്ങളു പറയുന്ന പോലല്ലേ.. എന്റെ കാര്‍ഡ്‌ ..അതെവിടെ വെക്കണമെന്ന്‌ ഞാന്‍ തീരുമാനിക്കും' എന്നു പുച്ഛിച്ചു കൊണ്ടു എടുത്ത്‌ ബാഗിലേക്കിട്ടു.ഇനി വെട്ടോം വെളിച്ചോം വേണം.എല്ലാ സ്വിച്ചും ഇട്ടു നോക്കി.ഒരു രക്ഷയുമില്ല.ഇനി ഇവിടെ പവര്‍ കട്ട്‌ ആയിരിക്കുമൊ?അതോ fuse പോയൊ? അതോ ഇനി റൂം ബുക്ക്‌ ചെയ്തപ്പോള്‍ accomodation without electricity എന്നോ മറ്റൊ പറഞ്ഞിട്ടുണ്ടോ? ശ്ശൊ ഇതു വല്യ കൊലച്ചതി ആയിപ്പോയല്ലോ എന്നു ചിന്തിചു നില്‍ക്കുമ്പോഴതാ,നേരത്തെ അവഗണിച്ച card slot-ലെ ലേബല്‍ ഒന്നു കൂടി മിന്നി തിളങ്ങുന്നു.എന്തയാലും അതും കൂടി try ചെയ്തേക്കാം.കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നല്ലേ.മനസില്ലാ മനസ്സോടെ കാര്‍ഡ്‌ അതിലിട്ടു.റൂമിലാകെ സൂര്യനുദിച്ചതു പോലെ വെളിച്ചം.എല്ലാം മനസ്സിലായി.copmlete fittings-ഉം കാര്‍ഡിലാണ്‌.അതു പോയാല്‍ കട്ടപ്പൊക.

അങ്ങനെ അതും സോള്‍വ്‌ ആയി. വാതില്‍ ലോക്ക്‌ ചെയ്തിട്ടു വേണം ബാക്കിയുള്ള നടപടികളിലേക്കു കടക്കാന്‍.അപ്പോഴാണു ഞെട്ടിപ്പിക്കുന്ന ആ സത്യം മനസ്സിലാക്കിയത്‌.അകത്തു നിന്നു lock ചെയ്യാനുള്ള സംവിധാനമൊന്നുമില്ല.ഇതെന്ത്‌ വെള്ളരിക്കാ പട്ടണമോ??ഞാന്‍ കാര്‍ഡുമെടുത്തു പുറത്തിറങ്ങി(അതു വിട്ടൊരു കളിയില്ല).2-3 പ്രാവശ്യം കയറുകയും ഇറങ്ങുകയും ചെയ്തപ്പോള്‍ കാര്യം പിടികിട്ടി. ദേവേന്ദ്രന്റപ്പന്‍ മുത്തുപട്ടരു വിചാരിച്ചാല്‍ പോലും കാര്‍ഡില്ലതെ സംഭവം തുറക്കാന്‍ പറ്റില്ല.ആശ്വാസം.

റൂമിലെ സൗകര്യങ്ങളൊക്കെ ഒന്നോടിച്ചു നോക്കി.പല വലിപ്പത്തിലുള്ള 3-4 ഷെല്‍ഫുകള്‍.ഒരു ടേബിളിനു മുകളില്‍ 3 lays പായ്ക്കറ്റ്സ്‌ ഇരിക്കുന്നു. സന്തോഷമായി.അതിന്റെ അടുത്തു പത്തായം പോലെ ഒരു പെട്ടി.എന്റെ ബാഗ്‌ അതില്‍ പ്രതിഷ്ടിചു.ഇനിയൊരു ഷെല്‍ഫും കൂടിയുണ്ട്‌.വലിച്ചു തുറന്നു.എന്റമ്മോ അതിനുള്ളിലൊരു കുഞ്ഞു ഫ്രിഡ്ജ്‌ ഒളിപ്പിചു വച്ചിരിക്കുന്നു.അതിന്റെ പുറതു mini bar എന്നൊരു സ്റ്റിക്കറും.ഒന്നു ഞെട്ടി.എങ്ങനെ ധൈര്യം വന്നു ഇവര്‍ക്കു.തറവാട്ടില്‍ പിറന്ന ഒരു പെണ്‍കുട്ടിയുടെ റൂമില്‍ ബാര്‍ സെറ്റപ്പ്‌ ചെയ്യുകയോ?ഒന്നൂടാന്നാലോചിച്ചപ്പോള്‍ ഞെട്ടല്‍ പോയി.ഞാന്‍ തറവാട്ടില്‍ പിറന്നതാണെന്ന്‌ ഇവര്‍ക്കറിയില്ലല്ലൊ..പാവങ്ങള്‍ എന്തായാലും കൊണ്ടു വച്ച സ്ഥിതിക്ക്‌ ഉപയോഗിച്ചില്ലെങ്കില്‍ മോശമല്ലേ?ആരും അറിയാനും പോകുന്നില്ല.ഇതു വരെ try ചെയ്തിട്ടില്ല.കേട്ടതു വച്ചാണെങ്കില്‍ ഈ സാധനത്തിന്‌ വെല്യ taste ഒന്നുമില്ല.സോഡ ഒഴിച്ചാല്‍ ചിലപ്പൊ taste ഉണ്ടാകുമായിരിക്കും.പതുക്കെ 'ബാര്‍' തുറന്നു.ഛെ എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു.അതിന്റകത്ത്‌ 2-3 mirinda,coke,soda എന്നീ കുപ്പികളേ ഉള്ളൂ.ഇതാര്‍ക്കു വേണം.ചുമ്മാ പറ്റിച്ചു.

മൊത്തത്തില്‍ റൂമിന്റെ setup ഒക്കെ കൊള്ളാം.ഒന്നുത്സാഹിച്ചാല്‍ 3 പേര്‍ക്കു കിടക്കാന്‍ മാത്രം വലിപ്പമുള്ള bed.ഒരു വെല്യ ടിവി. ഓരു sofa, ഒരു മേശയും കസേരയും,2-3 കണ്ണാടികള്‍- ഇതൊക്കെ ഉപയോഗിക്കാന്‍ ഞാനൊരുത്തിയും.ആനന്ദലബ്ധിക്കിനി എന്തു വേണം.ആകെയൊരു പ്രശ്നമുള്ളത്‌ റൂമിലെ ഒടുക്കത്തെ തണുപ്പാണ്‌.ac ഒന്നു കുറക്കാം എന്നു വെച്ചാല്‍ അതിന്റെ മെക്കാനിസം നോക്കീട്ടു കാണുന്നുമില്ല.

സമയം വൈകിതുടങ്ങി.കഷ്‌ടിച്ചൊന്നു കുളി പാസ്സാക്കാന്‍ സമയമുണ്ട്‌.ഇല്ലെങ്കില്‍ offic-ല്‍ എത്താന്‍ വൈകും.അതും വിചാരിച്ചു കൊണ്ടു ബാത്‌റൂമിലേക്കു നടന്നു.അവിടെ എന്തോ ഒരു ചേരായ്മ.അത്രേം നല്ല റൂമിന്‌ കോഴിക്കൂടു പോലുള്ള ഒരു ബാത്‌റൂം. ഒരു വെല്യ വാഷ്‌ബേസിനും യൂറോപ്യന്‍ ക്ലോസറ്റും കഴിഞ്ഞാല്‍ പിന്നെ ഒന്നു നിന്നു തിരിയാനുള്ള സ്ഥലം പോലുമില്ല.അവിടെ നിന്നെങ്ങനെ കുളിക്കും??അതോ ഇനി 4-star-ല്‍ ആരും കുളിക്കാറില്ലേ?അങ്ങനെ വരാന്‍ വഴിയില്ലല്ലോ.പതുക്കെ സൈഡിലുള്ള കര്‍ട്ടന്‍ മാറ്റി നോക്കി.അവിടതാ നീണ്ടു നിവര്‍ന്നു കിടക്കുന്നു- നല്ല വെളു വെളാ വെളുത്ത ഒരു bathtub.ഞാനതിനെ നിര്‍നിമേഷയായി നോക്കി നിന്നു പോയി.ഇതു വരെ TV-ലും സിനിമയിലുമൊക്കെയേ കണ്ടിട്ടുള്ളൂ.ജീവനോടെ കാണുന്നതിതാദ്യമാണ്‌.ആസ്വദിച്ചു നില്‍ക്കാനൊന്നും സമയമില്ല.പെട്ടെന്നു പണി തീര്‍ക്കണം.Geiser ഓണ്‍ ചെയ്യാന്‍ വേണ്ടി സ്വിച്ച്‌ തപ്പിയപ്പൊഴാനു മനസിലായത്‌- അതില്‍ gieser-ഇല്ല.'ഇത്രേം വെല്യ ഇല്ലത്ത്‌ ഒരു മത്തി തല എടുക്കാനില്ല എന്നു പറഞ്ഞ പോലെ..'പടിക്കല്‍ കൊണ്ടു കലമുടച്ചു.അല്ലെങ്കില്‍ തന്നെ തണുത്തിട്ടു പല്ലു കൂട്ടിയിടിചു കൊണ്ടിരിക്കുന്ന ഞാന്‍ ഈ തണുത്ത വെള്ളത്തില്‍ കുളിക്കാനോ.No way.എന്നും കുളിക്കുന്നതല്ലേ.ഒരു ദിവസം കുളിച്ചില്ലെന്നു കരുതി ലോകം ഇടിഞ്ഞു വീഴുകയൊന്നുമില്ല.വേഗം കുപ്പായം മാറി, ഒരു പെര്‍ഫ്യൂം ബോട്ടില്‍ മുഴുവന്‍ കമഴ്‌ത്തി,മുഖം കഴുകി,ഒരു പൊട്ടും തൊട്ടു ഓഫീസിലേക്കു വിട്ടു.

അന്നത്തെ ദിവസം പ്രത്യേകിച്ച്‌ അത്യാഹിതങ്ങളൊന്നുമില്ലാതെ കടന്നു പോയി.വൈകുന്നേരം തിരിച്ചു ഹോട്ടലിലെത്തിയപ്പോഴെ ആദ്യം ചെയ്തതു കുളിക്കാനോടുകയാണ്‌.ഇനി ഇത്തിരി തണുത്താലും കുഴപ്പമില്ല.ഇതു കഴിഞ്ഞു വേറെ പണിയൊന്നുമില്ലല്ലൊ.Blanket-ന്റെ അടിയില്‍ അട്ട ചുരുളുന്നതു പോലെ ചുരുണ്ടു കിടന്നുറങ്ങുക.അത്ര തന്നെ.ഒരു മൂളിപ്പാട്ടോടു കൂടി tub-ന്റെ tap തുറന്നു വിട്ടു.അവിടെ കണ്ട babble bath ഒരു കുപ്പിയെടുത്ത്‌ അതില്‍ കമഴ്‌ത്തി.Shower cap എടുത്തു മുടിയൊക്കെ ഒതുക്കി വച്ചു.ഒരു book എടുത്ത്‌ അടുത്തു വച്ചു.നായിക tub-ല്‍ മുങ്ങി കിടന്നോണ്ടു ബുക്ക്‌ വായിക്കുന്നതു ഏതോ സിനിമയില്‍ കണ്ടിട്ടുണ്ട്‌.അതൊന്നു try ചെയ്യനാണ്‌(ജീവിതം തന്നെ ഒരു പരീക്ഷണമല്ലേ).എല്ലാം ready ആയി.tub നിറഞ്ഞു. നിറയെ പത. ഞാന്‍ വലതു കാല്‍ വച്ചു കയറി.എന്തോ ഒരു ഷോക്കടിച്ച പോലെ ഒരു ഫീലിങ്ങും കുറെ നക്ഷത്രങ്ങല്‍ മിന്നിത്തിളങ്ങിയതും മാത്രം ഒര്‍മയുണ്ട്‌.തലക്കിട്ട്‌ ആരോ അടിച്ചതു പോലെ.2 മിനിട്ടു കഴിഞ്ഞപ്പൊഴാനു എല്ലം ഒന്നു ക്ലിയര്‍ ആയത്‌. ആ പണ്ടാര ടാപ്പില്‍ വന്നോണ്ടിരുന്നതു ചൂടുവെള്ളമായിരുന്നു. അതിലേക്കാണു ഞാന്‍ ആക്രാന്തതോടെ എടുത്തു ചാടിയത്‌. എന്തിനേറെ പറയുന്നു, കുറച്ചു ദിവസത്തെക്ക്‌ വെള്ളം കാണുമ്പഴേ എനിക്കൊരു വിറയല്‍ ആയിരുന്നു.'ചൂടുവെള്ളത്തില്‍ വീണ പൂച്ച' എന്ന ആ പ്രതിഭാസമില്ലേ..അതു തന്നെ.

16 comments:

  1. പുള്ളി said...

    ചെറുപുഷ്പമേ, രസിച്ചു വായിച്ചു. കാര്‍ഡിന്റെ കണ്‍ഫ്യൂഷനും മിക്സര്‍ടാപ്പില്‍ തിളച്ചവെള്ളം കൈയിലെടുത്ത അനുഭവവും ഒക്കെ എനിയ്ക്കും ഉണ്ടായിട്ടുള്ളതുകൊണ്ട് :) മിനിബാര്‍ ചിലവുകള്‍ എക്സ്പെന്‍സില്‍ ഉള്‍പ്പെടുത്താമോ എന്നു നോക്കീട്ട് മതി ഒരോന്നെടുത്ത് ചാമ്പാന്‍. ഒടുക്കം പുറത്ത് പത്ത് രൂപയ്ക്ക് കിട്ടുന്ന അതേ സാധനം പ്രീമിയവും +++ ടാക്സും ഒക്കെ കൊടുത്ത് നൂറിന് വാങ്ങണ്ടി വരും. കൈയിലെ കാശുകൊടുത്ത്. അനുഭവം ഗുരു.

  2. yetanother.softwarejunk said...

    athe anubhavam guru! swantham kaiyil ninne kaasu pokum.
    "oru masala dosa" ennu oru star polum thilangatha hotelil chennu parayoo... oppam kittum oru vada! namukku thonnum free aanennu ...evide?!

    Malayalathil thakarkkan nannayi ariyinna nilakku athu thanneyalle nallathu!! enjoy!

  3. കൊച്ചുത്രേസ്യ said...

    പുള്ളി @ സ്വന്തം കയ്യീന്ന്‌ കാശു മുടക്കാനോ!! എന്നെ നിങ്ങള്‍ക്കു ശരിക്കറിയില്ല. ഒക്കെ കമ്പനിയെ വഹിക്കലല്ലേ.നമ്മക്കെന്തു നഷ്ടം :-)
    yasj @മലയാളത്തില്‍ ബ്ലോഗാന്‍ ഇപ്പഴാണ്‌ പഠിച്ചത്‌. ഇല്ലെങ്കില്‍ എപ്പഴേ തകര്‍ത്തു തുടങ്ങിയേനേ ..

  4. തമനു said...

    'അകത്തേക്കു ചാടിക്കയറണോ അതോ ആരെങ്കിലും വന്നു വിളിക്കുന്നതു വരെ വെയ്റ്റ്‌ ചെയ്യണോ'

    'ഇത്രേം വെല്യ ഇല്ലത്ത്‌ ഒരു മത്തി തല എടുക്കാനില്ല’

    എല്ലാം അലക്കിപ്പൊളിച്ചു. നന്നായി. ഇതിന്റെ മൂന്നാം ഭാഗം ഉണ്ടൊ..?

    ഓടോ: ഫോണ്ടിന്റെ വലിപ്പം സ്വല്‍പ്പം കൂട്ടുമോ..?

  5. Siju | സിജു said...

    :-)
    മുമ്പിതു പോലൊരു ഹോട്ടലില്‍ പോയപ്പോള്‍ ഫ്രിഡ്ജില്‍ പെപ്സിയും കൊക്ക കോളയും സ്നാക്സുമൊക്കെയുണ്ടായിരുന്നു. ഫ്രീയായിരിക്കുമെന്നു കരുതി എല്ലാമെടുത്തടിച്ചു. ബില്ലു വരുമെന്ന് പിന്നീടാ അറിഞ്ഞത്. ഒടുക്കം പോരുന്നതിനും മുമ്പ് കഴിച്ച സാധനങ്ങളെല്ലാം പുറത്തു നിന്നും വേറെ വാങ്ങി വെച്ചു. അല്ലാതെ പിന്നെ..

  6. Anonymous said...

    Kuli Scene thakarthu :)

  7. ദിവാസ്വപ്നം said...

    "അതോ ഇനി റൂം ബുക്ക്‌ ചെയ്തപ്പോള്‍ accomodation without electricity എന്നോ മറ്റൊ പറഞ്ഞിട്ടുണ്ടോ"


    ഹ ഹ ഹ. ഇതും കലക്കി. ചുരുക്കിപ്പറഞ്ഞാല്‍ ഇത്രേം നല്ലൊരു ബ്ലോഗിവിടെ കിടന്നിട്ട് ഞാന്‍ കണ്ടില്ലാല്ലോ ന്റെ ഈശോമിശിഹായേ :))


    സിജുവിന്റെ കമന്റും ഇഷ്ടപ്പെട്ടു.


    ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒന്ന് എടുത്തുകളഞ്ഞിരുന്നെങ്കില്‍..... ഇനീയും കമന്റിടാം. :))

  8. ആഷ | Asha said...

    ഞാനിവിടെ തലകുത്തി ചിരിക്കുവാട്ടോ
    എന്താ രസം എഴുത്തിന്‍

  9. സാജന്‍| SAJAN said...

    ഇതും സൂപ്പര്‍:):)
    അങ്ങനെയങ്ങനെ ഓരോന്ന് പോരട്ടേ!

  10. Sathees Makkoth | Asha Revamma said...

    ലിങ്ക് തന്ന തമനു സാറിന് ആദ്യമേ നന്ദി.
    എനിക്ക് മാത്രമല്ല ഇതൊക്കെ സംഭവിച്ചിട്ടുള്ളതെന്നറിഞ്ഞപ്പോള്‍ എന്താ ഒരു സന്തോഷം.
    സാധാരണ സംഭവിക്കാറുള്ള കാര്യങ്ങള്‍ ലളിതമായും സരസമായും എഴുതുവാനുള്ള കഴിവ് അഭിനന്ദനാര്‍ഹമാണ്.കീപ് ഇറ്റ് അപ്

  11. വിന്‍സ് said...

    വൌ.... ഞാന്‍ തന്റെ ഒരു ഫാ‍ന്‍ ആയി മാറി. എന്താ സ്റ്റ്യെല്‍. മറുമൊഴികള്‍ക്ക് എന്റെ ഒരു താങ്ക്സ്. അവിടെ നിന്നും ആണു ഈ ലിങ്ക് കിട്ടിയത്.

  12. neermathalam said...

    alice in wonderland...
    allathe enthu parayan...
    pathivu pole gambheeram..

  13. നിരക്ഷരൻ said...

    അവിടതാ നീണ്ടു നിവര്‍ന്നു കിടക്കുന്നു- നല്ല വെളു വെളാ വെളുത്ത ഒരു bathtub.ഞാനതിനെ നിര്‍നിമേഷയായി നോക്കി നിന്നു പോയി.ഇതു വരെ TV-ലും സിനിമയിലുമൊക്കെയേ കണ്ടിട്ടുള്ളൂ.ജീവനോടെ കാണുന്നതിതാദ്യമാണ്‌.

    എനിക്കു വയ്യ. :) :)

    ചികഞ്ഞുനോക്കിയാല്‍ ഓരോ വരിയിലും, വരികള്‍ക്കിടയിലും, പിന്നെ അക്ഷരങ്ങള്‍ക്കിടയിലും നര്‍മ്മമുണ്ട്. ഈ ബ്ലോഗ് മുഴുവന്‍ വായിച്ചുതീര്‍ന്നിട്ടിനി ബാക്കികാര്യം.

  14. jense said...

    നിരക്ഷരന്‍ പറഞ്ഞത് പോലെ ഈ ബ്ലോഗ് മുഴുവന്‍ വായിച്ചു നോക്കിയിട്ടേ ബാക്കി കാര്യമുള്ളൂ...

    "ഞാനങ്ങനെ ചെക്കന്റെ വീട്ടിലെത്തിയ നവവധുവിനെ പോലെ 'അകത്തേക്കു ചാടിക്കയറണോ അതോ ആരെങ്കിലും വന്നു വിളിക്കുന്നതു വരെ വെയ്റ്റ്‌ ചെയ്യണോ'എന്ന്‌ അന്തം വിട്ട്‌ നില്‍ക്കുകയാണ്‌."

    ഈ പ്രയോഗം വളരെ ഇഷ്ടപെട്ടു..

  15. Pyari said...

    പറയാനുദ്ദേശിച്ചത് മുഴുവന്‍ നിരക്ഷരന്‍ പറഞ്ഞു ... ഓരോ വരികളിലും നര്‍മം ... എനിക്ക് വയ്യ ...

    തമാശ കേട്ടാല്‍ ഉറക്കെത്തന്നെ ചിരിക്കണം എന്ന് പഠിപ്പിച്ച ബിമല്‍ അണ്ണന് നന്ദി. ഓരോ ലൈനും ഞാന്‍ വായിച്ചു ഞാന്‍ ഉറക്കെ ഉറക്കെ ചിരിക്കുകയായിരുന്നു.

    U are simply superb kochu thressiya koche... (വീണ്ടും അത് തന്നെ പറഞ്ഞു. പക്ഷെ പറയാതിരിക്കാന്‍ പറ്റുന്നില്ല..... )

  16. Sulfikar Manalvayal said...

    പഴമയില്‍ നിന്ന് വായിച്ചു തുടങ്ങാം എന്നൊക്കെ ഗമയില്‍ തട്ടി വിട്ടിട്ടു. ഒന്ന് രണ്ടു ബ്ലോഗു വായിച്ചു തടി തപ്പാമെന്നു കരുതിയതായിരുന്നു. (അതൊക്കെയല്ലേ ഒരു സ്റ്റൈല്‍. ഒന്ന് ഇമ്പ്രെസ്സ് ചെയ്യാന്‍ നോക്കി തട്ടി വിട്ടതാ കേട്ടോ. ഹി ഹി )
    ഇതിപ്പോം വായിച്ചു തുടങ്ങി കുടുങ്ങിയല്ലോ കൊച്ചെ........
    എന്നെ കൊണ്ട് ഇത് മുഴുവന്‍ വായിപ്പിചിട്ടെ അടങ്ങൂ അല്ലെ.
    സത്യായിട്ടും വല്ലാതെ രസിച്ചു.

    " നോം പ്രസാദിച്ചിരിക്കുന്നു. അത്രക്കങ്ങട്‌ രസിപ്പിച്ചു.
    രസികത്തി. ന്താ വേണ്ടതുന്നുചാല്‍ ചോദിക്ക്യാ. കയ്യിലില്ലെങ്കിലും ഇല്ലത്തൂന്ന് വരുത്തിച്ചു തരാം ട്ടോ."