Monday, July 2, 2007

പെങ്ങള്‍ശാപങ്ങള്‍

സമയം രാവിലെ 5.30.. സ്ഥലം കണ്ണൂര്‍ റെയില്‍'വേ സ്റ്റേഷന്‍.. നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്‌ അനൗണ്‍സ്‌മന്റ്‌ -"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌. 2618 നമ്പര്‍ ഹസ്രത്‌ നിസ്സാമുദ്ദിന്‍-എറണാകുളം മംഗള ലക്ഷദ്വീപ്‌ എക്സ്പ്രസ്സ്‌ എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പ്ലാറ്റ്‌'ഫോം നമ്പര്‍ ഒന്നില്‍ നിന്നും പുറപ്പെടുന്നതാണ്‌" സൈഡ്‌ ലോവര്‍ ബെര്‍ത്തില്‍ കിടന്നിരുന്ന അയാള്‍ അസ്വസ്ഥനായി.ഇനിയും അതു പറഞ്ഞില്ലെങ്കില്‍ വൈകിപ്പോകും.അയാള്‍ ചാടിപിടഞ്ഞെഴുന്നേറ്റു.ഒന്നു സംശയിച്ചു നിന്ന ശേഷം അപ്പര്‍ ബെര്‍ത്തില്‍ ബോധംകെട്ടതു പോലെ കിടന്നുറങ്ങുന്ന ആ പെണ്‍കുട്ടിയെ പതുക്കെ കുലുക്കിയുണര്‍ത്തി.ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിച്ചതിന്റെ എല്ല വിധ ശത്രുതയോടും കൂടി തന്നെ തുറിച്ചു നോക്കുന്ന പെണ്‍കുട്ടിയോട്‌ അയാള്‍ പതുക്കെ പറഞ്ഞു:-

"കുട്ടിക്ക്‌ കണ്ണൂരല്ലെ ഇറങ്ങേണ്ടത്‌.സ്റ്റേഷനെത്തി".

ഒരു നിമിഷം പകച്ചിരുന്ന ശേഷം "അയ്യോ വണ്ടി നിര്‍ത്തണേ ..ആളെറങ്ങാനുണ്ടേ" എന്നൊരു നിലവിളിയോടു കൂടി അവള്‍ താഴേക്ക്‌ ചാടിയിറങ്ങി.സീറ്റിനടിയില്‍ നിന്ന്‌ ബാഗും വലിച്ചെടുത്ത്‌ കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട്‌ അവിടുന്ന്‌ അപ്രതക്ഷ്യയായി.കൃത്യം 2 സെക്കന്റിനു ശേഷം പ്പ്ലാറ്റ്‌'ഫോമില്‍ നില്‍ക്കുന്ന മാന്യമഹാജങ്ങളുടെ മുന്‍പിലെക്ക്‌ ആദ്യം ഒരു പച്ച ബാഗ്‌ പറന്നു വീണൂ. അതിനു തൊട്ടു പിന്നാലെ അഞ്ജു ബോബി ജോര്‍ജ്ജിനെ ഞെട്ടിക്കുന്ന ചാട്ടത്തോടെ ഒരു പെണ്‍കുട്ടിയും.

ഓക്കെ.അപ്പം പറഞ്ഞുവന്നതെന്താന്നു വച്ചാല്‍, എല്ലാവര്‍ഷത്തയും പോലെ ആ വര്‍ഷവും ഞാന്‍ ലീവിന്‌ കണ്ണൂരെത്തി.

Now over to വീട്‌....

നീണ്ട ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മകളെ കാണുന്ന അച്ഛനമ്മമാരുടെ ഫീലിംഗ്സിനെ പരമാവധി മുതലെടുത്തുകൊണ്ട്‌ അടുത്ത ഒരു മാസത്തെക്കു കഴിക്കാന്‍ വേണ്ട ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ്‌ പ്രഖ്യാപിച്ച ശേഷം പരിപാടിയിലെ അടുത്ത ഇനമായ ഉറക്കത്തിലേക്കു ഞാന്‍ പ്രവേശിച്ചു.ഇനി ബ്രേക്ക്‌-ഫാസ്റ്റ്‌ റെഡിയായിക്കഴിയുമ്പോള്‍ മമ്മി വന്ന്‌ വിളിച്ചോളും.ഒന്നു കണ്ണടച്ചതേയുള്ളൂ എന്നാണെന്റെ ഓര്‍മ്മ.ചിക്കന്‍ കറിയുടെ മത്തു പിടിപ്പിക്കുന്ന സുഗന്ധം എന്നെ ഉണര്‍ത്തി.ഇന്നെന്താ പുട്ടിന്റെ കൂടെ കടലയ്ക്കു പകരം ചിക്കന്‍??ഞാന്‍ ചാടിയെഴുന്നേറ്റു.അന്ന്‌ പുട്ടാണെന്നെങ്ങനെ മനസ്സിലായെന്നല്ലേ?? ഞാന്‍ വരുന്ന ദിവസം, പോവുന്ന ദിവസം,ഇടയ്ക്കുള്ള ദിവസം തുടങ്ങി മിക്കവാറും എല്ലാ ദിവസങ്ങളിലും പുട്ടായിരിക്കും.പുട്ടിനു വേണ്ടി മരിക്കാന്‍ പോലും തയ്യാറായ കടുത്ത ഒരാരാധികയാണ്‌ ഈയുള്ളവള്‍.പുട്ട്‌ ഫാന്‍സ്‌ അസോസിയേഷന്‍..കീ ജയ്‌..)

അങ്ങനെ ഞാന്‍ ചിക്കന്‍ കറിയുടെ സുഗന്ധത്താല്‍ ഹിപ്നോട്ടൈസ്‌ ചെയ്യപ്പെട്ട്‌ അടുക്കളയിലെത്തി സ്നേഹത്തോടെ കാസരോള്‍ തുറന്നു നോക്കി.തലയില്‍ തേങ്ങ കൊണ്ട്‌ തൊപ്പിയുമണിഞ്ഞ്‌ എന്നെയെടുക്കൂ എന്നെയെടുക്കൂ എന്ന മട്ടില്‍ പുഞ്ചിരിച്ചു കൊണ്ട്‌ എന്നെ കാത്ത്‌ വടിപോലെ നില്‍ക്കുന്ന പുട്ടുകുട്ടപ്പന്മാര്‍ക്കു പകരം ഞാന്‍ കണ്ട കാഴ്ച..ഹൊ ഭീകരം... ചുറ്റും ലെയ്സൊക്കെ വച്ച്‌ അതില്‍ കിടന്നുറങ്ങുന്ന മസാലദോശകളായ സോറി മദാലസകളായ പാലപ്പങ്ങള്‍!!!

"മമ്മീ പുട്ടെന്ത്യേ ??? " എന്റെ ഞെട്ടല്‍ ഒരാര്‍ത്തനാദമായി പുറത്തു വന്നു.

"എടീ പുട്ട്‌ നമ്മക്ക്‌ നാളെയുണ്ടാക്കാം.ഇന്ന്‌ അവന്റെ കൂട്ടുകാര്‌ വരുന്നുണ്ട്‌.അവര്‍ക്കെങ്ങനാ പുട്ടൊക്കെ കൊടുക്കുന്നത്‌ ?"

ഈ 'അവന്‍' മമ്മീടെ പൊന്നോമനപുത്രനും ഞങ്ങളുടെ വീട്ടിലെ ഇളയ സന്താനവുമായ കുട്ടാപ്പിയാണ്‌.

"അതെന്ത്‌ അവര്‍ക്ക്‌ പുട്ടിറങ്ങൂല്ലേ?" എന്നെ പറഞ്ഞാല്‍ ഞാന്‍ സഹിക്കും. പക്ഷെ പുട്ടിനെ ഒരു മാതിരി ഇടിച്ചു താഴ്ത്തികൊണ്ടുള്ള ഒരു നീക്കവും ഞാന്‍ വിടമാട്ടെ.

"അതല്ലെടീ.. അവര്‍ക്ക്‌ പാലപ്പം ഭയങ്കര ഇഷ്ടമാ അതാ.."

ഓ അതു ശരി അപ്പോള്‍ സ്ഥിരം കുറ്റികളാണല്ലേ.മമ്മിയെ സോപ്പിട്ട്‌ പതപ്പിച്ച്‌ വച്ചിരിക്കുകയാ കള്ളന്മാര്‌.പോട്ടെ ഒരു ദിവസത്തേക്കല്ലേ.ഞാനങ്ങു ക്ഷമിച്ചു.

"ഇതെന്തോരുമാ ഉണ്ടാക്കുന്നേ??അവരെത്ര പേരുണ്ടാകും??ഇത്രേമൊക്കെ അവന്മാര്‌ തിന്നു തീര്‍ക്കുമോ?"

"അതെങ്ങനാ വല്ലതും കൃത്യമായി പറയുന്ന ശീലം അവനുണ്ടോ?? അവര്‌ രണ്ടുമൂന്നു പേരൊക്കെ കാണുമായിരിക്കും.പിന്നെ ബാക്കിയുള്ളത്‌ നമ്മക്ക്‌ പിന്നത്തേക്കെടുക്കാലോ."

എന്നു വച്ചാല്‍ ഈ ബാക്കി വരുന്ന അപ്പം നാളെ വേറെ രൂപത്തില്‍ ഞങ്ങള്‍ പോലുമറിയാതെ ഞങ്ങളുടെ വയറ്റിലെത്തുമെന്ന്‌ ചുരുക്കം.

"ഇങ്ങു താ മമ്മീ ഞാനുണ്ടാക്കാം."

"ഓ വേണ്ടെടീ.. നീ അവിടിരുന്ന്‌ വിശേഷങ്ങളൊക്കെ പറ"

(മേല്‍പറഞ്ഞിരിക്കുന്ന രണ്ടുവരി സംഭാഷണം കണ്ട്‌ ആരും ഞെട്ടണ്ട. അദ്യത്തെ രണ്ടു ദിവസം ഞങ്ങളമ്മേം മോളും ഈച്ചേം ചക്കരേം പോലെയാ.അതു കഴിയുമ്പോഴല്ലേ മക്കളേ മഹഭാരതയുദ്ധം...)

അങ്ങനെ അവന്റെ ശിങ്കിടികളെത്തി. നാലു പേരുണ്ട്‌.4 പേരുടെയും വകയായി "ഏച്ചിയെപ്പൊ വന്നൂ??","ഏച്ചിയെപ്പൊ പോകും??", "സുഖം തന്നേ??" എന്നീ ചോദ്യങ്ങള്‍ക്ക്‌ ശേഷം കാര്യ പരിപാടി ആരംഭിച്ചു.ആദ്യത്തെ ഒരു starting troublനു ശേഷം പിള്ളേര്‌ ഫുള്‍ ഫോമിലെത്തി.അപ്പം വച്ചിരിക്കുന്ന പാത്രം പോവുന്നേം കാണാം മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചു വരുന്നേം കാണാം. ഇടക്കിടക്കു ചിക്കന്‍ കറീടെ പാത്രോം റീ-ഫില്ല് ചെയ്യാനായി എത്തുന്നുണ്ട്‌.

"നീയാരെ കാത്തിരിക്കുകയാ.. അവര്‍ടെ കൂടെ പോയിരുന്ന്‌ കഴിക്കത്തില്ലേ ??"ആസന്നമായ ഒരപകടം മുന്‍'കൂട്ടി കണ്ടിട്ടെന്നപൊലെ മമ്മി നിര്‍ദ്ദേശിച്ചു.

"ഞാന്‍ പിന്നെ കഴിച്ചോളാം"..വേറൊന്നും കൊണ്ടല്ല, അവിടെ പോയിരുന്നാല്‍ ഡീസന്റാവേണ്ടി വരും.നമ്മടെ മനോധര്‍മ്മം പോലെ നക്കി വടിച്ച്‌ കുഴച്ചുരുട്ടിയൊന്നും കഴിക്കാന്‍ പറ്റില്ല.

സമയം മുന്നോട്ടു നീങ്ങി.അതിനനുസരിച്ച്‌ ഞങ്ങളുടെ അപ്പം സ്റ്റോക്കും ഏതാണ്ട്‌ അടിപറ്റിക്കൊണ്ടിരിക്കുകയാണ്‌.പിള്ളേര്‍ടെ പോളിംഗിനൊരു കുറവുമില്ല.മമ്മീടെ ആത്മവിശ്വാസമൊക്കെ എവിടെയോ പോയ്‌.മറഞ്ഞു.ഇപ്പം റിസര്‍വിലാണ്‌ വണ്ടിയോടിക്കൊണ്ടിരിക്കുന്നത്‌.അതായത്‌ ഞങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചിരുന്ന സ്റ്റോക്കാണ്‌ ഇപ്പോള്‍ ഫീല്‍ഡിലുള്ളത്‌.അതും കൂടി കഴിഞ്ഞാല്‍ സ്വാഹ... പിന്നെ ആപല്‍ബാന്ധവനായ ബ്രെഡിനെ ഗോദയിലേയ്ക്കിറക്കേണ്ടി വരും.

"ഡീ നീയെന്തു കഴിക്കും??"

"ഓ അതു സാരമില്ല.എനിക്കു ലേശം പുട്ടുണ്ടാക്കി തന്നാല്‍ മതി". ഞാന്‍ ത്യാഗിനിയായി.

"പിള്ളേര്‍ക്ക്‌ നന്നായി വിശക്കുന്നുണ്ടെന്നു തോന്നുന്നു" മമ്മി താടിക്കു കയ്യും കൊടുത്തുനിന്നു പറഞ്ഞു.'എന്തൊരു മുടിഞ്ഞ തീറ്റ'- എന്നത്‌ മാതൃസ്നേഹത്തിന്റെ തേന്‍ പുരണ്ട്‌ പുറത്തെക്കുവന്നതീ രൂപത്തിലാണ്‌.

അപ്പോഴാണ്‌ അപ്പുറത്തു നിന്നും ഞങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന ആ വാക്കുകള്‍ കേട്ടത്‌.

"മമ്മീ ഞങ്ങളു മതിയക്കുകയാ"

മമ്മീടെ മുഖത്തേക്ക്‌ രക്തമയം തിരിച്ചു വന്നു.

"മതിയാക്കിയാലും ഇല്ലെങ്കിലും ഈ അങ്കം ഇവിടെ വെച്ചു തന്നെ നിന്നു പോവുമായിരുന്നു.അപ്പം തീര്‍ന്നെഡേയ്‌".അടുക്കളയിലേക്കു വന്ന അനിയനെ ഞാന്‍ സത്യാവസ്ഥ അറിയിച്ചു.

"നിങ്ങളെന്താ കഴിഞ്ഞ ഒരാഴ്ചയായി പട്ടിണിയിലായിരുന്നോ? ഇക്കണക്കിന്‌ നിന്റെ ഒന്നു രണ്ടു കൂട്ടുകാരും കൂടി വന്നിരുന്നെങ്കില്‍ നമ്മടെ കുടുംബം വെളുത്തേനേല്ലോ?" അവന്റെ ആത്മവീര്യം കുറയ്ക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല.

"മതീടീ.ഭക്ഷണത്തിനു കണക്കു പറയുന്നോ" മമ്മി എന്നെ ശാസിച്ചെങ്കിലും എന്റെ മനസ്സിലുള്ളതു തന്നെയാണ്‌ അവിടേം ഉള്ളതെന്നെനിക്കു മനസ്സിലായി.മമ്മിയാരാ മോള്‌..

"മമ്മീ ഞങ്ങളിറങ്ങുകയാ. ഉച്ചയ്ക്ക്‌ ഗോപന്റെ വീട്ടിലാ ഊണ്‌"

"നിങ്ങള്‍ ഊണിനുണ്ടാവുമെന്ന്‌ ഗോപന്റമ്മയ്ക്കറിയുമോ?"

"ഓ അതൊക്കെയെന്തിനാ മുന്‍,കൂട്ടി പറയുന്നത്‌.ഉള്ളതു കൊണ്ട്‌ ഓണം പോലെ ഞങ്ങളങ്ങ്‌ കഴിച്ചോളും"

ഉവ്വേ ഉവ്വേ അതാണല്ലൊ ഇപ്പോള്‍ ഇവിടെ നടന്നത്‌.എന്തൊരു വിനയം..

എന്തായാലും അവരിറങ്ങിയതും സമയം കളയാതെ മമ്മി ഫോണിനടുത്തെയ്ക്കോടി. വരാന്‍ പോവുന്ന അത്യാഹിതത്തെ പറ്റി ഗോപന്റമ്മയ്ക്കു മുന്നറിയിപ്പു കൊടുക്കാനാണ്‌. ഞാന്‍ ചിന്തിച്ചത്‌ മറ്റൊരു കാര്യമാണ്‌.ഇങ്ങനെ മുന്‍,കൂട്ടി പറയാതേം ആലോചിക്കാതേം വീട്ടിലേക്ക്‌ അതിഥികളെ വിളിച്ചോണ്ടു വരിക എന്നത്‌ പുരുഷപ്രജകളുടെ സ്ഥിരം സ്വഭാവമാണ്‌.വീട്ടിലുള്ളവരുടെ ബുദ്ധിമുട്ട്‌ വല്ലതും ഇവരറിയുന്നുണ്ടോ?? ഇങ്ങനെ എത്രയെത്ര അമ്മ-ഭാര്യ-പെങ്ങന്മാരുടെ ശാപം ഇവന്മാരുടെയൊക്കെ തലയിലുണ്ടാകും.അമ്മമാരും ഭാര്യമാരും ചിലപ്പൊ ശപിക്കൂലായിരിക്കും. അവര്‌ സര്‍വംസഹകളാണല്ലോ. പക്ഷേ എന്നെ പോലുള്ള പെങ്ങന്മാരുണ്ടെങ്കില്‍ ശാപം ഉറപ്പാ. മൂന്നരത്തരം..

67 comments:

  1. കൊച്ചുത്രേസ്യ said...

    എന്റെ പുതിയ പോസ്റ്റ്‌.. തലക്കെട്ട്‌ കണ്ട്‌ ഞെട്ടുകയൊന്നും വേണ്ട. മധുസൂദനന്‍ നായര്‍ക്ക്‌ ബാലശാപങ്ങള്‍ എന്ന പേരില്‍ കവിതയെഴുതാമെങ്കില്‍ എനിക്കീ പേരിലൊരു ബ്ലോഗെഴുതിക്കൂടെ??

  2. ടിന്റുമോന്‍ said...

    സൂപ്പര്‍.. എന്താ വിവരണം. എന്താ കോമഡിമിക്സിംഗ്..

    അടിപൊളി. :))

  3. ഗിരീഷ്‌ എ എസ്‌ said...

    നന്നായിട്ടുണ്ട്‌...
    പെണ്‍ശാപങ്ങള്‍...
    അഭിനന്ദനങ്ങള്‍

  4. ഉണ്ണിക്കുട്ടന്‍ said...

    പേരു കേട്ടു പെണ്‍ വാംശത്തിനെതിരെ ഉള്ള വല്ലതുമായിരിക്കും എന്നു കരുതി (ചുമ്മാ) ഓടി വന്ന ഞാനാ പുട്ട്, അപ്പം , ചിക്കന്‍ എന്നൊക്കെ പറഞ്ഞു കൊതിപ്പിച്ചു കൊന്നു കളഞ്ഞല്ലോ..ശോ..ഇനി എങ്ങനെ റൂമിപ്പോയി ആ തമഴത്തി ഉണ്ടാക്കിയ ചോറും സാമ്പാറും കഴിക്കും ..പറഞ്ഞപ്പോഴാ ഓര്‍ത്തേ ഞാന്‍ വേഗം പോട്ടെ ..അല്ലെങ്കീ അതും കിട്ടൂലാ..

  5. P Das said...

    :)

  6. Siju | സിജു said...

    ഇങ്ങനെ ഭക്ഷണത്തിനു കണക്ക് പറയരുത്.. ആ ഉണ്ടാക്കി വെച്ച ഫുഡെല്ലാം അടിച്ചു തീര്‍ക്കുമ്പോള്‍ അത് കണ്ട് സന്തോഷിക്കുകയല്ലേ വേണ്ടത്.. :-)

  7. Anonymous said...

    മൊത്തത്തില്‍ ഇഷ്ടപ്പെട്ടു. തുടക്കത്തിലെ വിവരണം ഏറെ മനോഹരമായി. അടുത്ത പോസ്റ്റില്‍ വീടിനു പുറത്തേക്കിറങ്ങുമെന്നു പ്രതീക്ഷിക്കുന്നു.

  8. Anonymous said...

    "പുട്ടുത്രേസ്യ"

  9. Unknown said...

    കൊച്ചുത്രേസ്യേ,
    ഡോണ്ട് ഡൂ, ഡോണ്ട് ഡൂ, ശപിക്കല്ലേ :)
    മിക്ക ആങ്ങളമാരും വളരെ ഷോര്‍ട്ട് നോട്ടീസില്‍ വിളിച്ചു കൊണ്ടു വരുന്ന സുഹൃത്തുക്കള്‍ എന്തു കൊടുത്താലും അതും കഴിച്ച് പോകുന്നവരായിരിക്കും. ഇനി ഭക്ഷണം തികഞ്ഞില്ലെങ്കില്‍ ‘ഇത്രയുമൊള്ളൂ’ എന്നു പറഞ്ഞാല്‍ അതു എല്ലാവരും ഷയര്‍ ചെയ്തു കഴിക്കുന്ന തരത്തിലുള്ളവരാകും, അതു കൊണ്ട് ശാപത്തിനൊന്നും ഒരു വകുപ്പുമില്ല.

    അല്ല, അപ്പവും ചിക്കനും മാത്രമേ കൊടുക്കൂ എന്ന് എന്തിനാ ചിന്തിക്കുന്നേ? ബ്രെഡ് കൊടുത്താല്‍ എന്താ??

    എഴുത്ത് കൊള്ളാം!

  10. മൂര്‍ത്തി said...

    നന്നായിട്ടുണ്ട്...:)എന്തൊരു മുടിഞ്ഞ തീറ്റയുടെ മാതൃസ്നേഹ വ്യാഖ്യാനം ഉഗ്രന്‍..

  11. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:“ഓ അതു സാരമില്ല.എനിക്കു ലേശം പുട്ടുണ്ടാക്കി തന്നാല്‍ മതി". ഞാന്‍ ത്യാഗിനിയായി“

    ത്യാഗത്തിനുള്ള ദേശീയ അവാര്‍ഡ് ഒരെണ്ണം എടുക്കട്ടേ?

    ഓടോ: ഇവിടെങ്ങാണ്ട് ഒരു പുട്ട് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാരുന്നു. ഇപ്പോ വല്യ ജീവനൊന്നുമില്ല.പോയി കുറച്ച് ഓക്സിജന്‍ കൊടുക്കൂ..

  12. Dinkan-ഡിങ്കന്‍ said...

    പുട്ട് പോലെ ഉള്ള പോസ്റ്റ് :)
    പുട്ട് എന്റെയും വീക്നെസാ

  13. കാളിയമ്പി said...

    നന്നായി എന്നല്ല കിടിലമായീ ..ഈയിടയ്ക്ക് വായിച്ചതിലേറ്റവും നല്ല ചിരി..നല്ല ഭാഷ..

    പിന്നേ മുന്വിധി എന്നായിപ്പോകാതിരിയ്ക്കാന്‍ , ഇടയ്ക്കിടേണ്ടാ..മുന്‍ കഴിഞ്ഞ് ‌‌_ ഇട്ടിട്ട് വിധി എന്നെഴുതിയാല്‍ മതി..ചില്ലു വരുമ്പോ കൂട്ടക്ഷരമാകാതിരിയ്ക്കാനെല്ലാം ഇതന്നെ പണി..
    mun_vidhi മുന്‍‌വിധി..(ഞാനും കൊറേ കഷ്ടപ്പെട്ടതാ..:

    മുഴുവന്‍ വിവരവും ദാ ബ്ബിടെയുണ്ട്

  14. RR said...

    ഇഷ്ടപ്പെട്ടു :)

  15. വേണു venu said...

    :)

  16. ഷാനവാസ്‌ ഇലിപ്പക്കുളം said...

    :)പുട്ട്‌ മാഹാത്മ്യം കലക്കി പെങ്ങളെ, ആങ്ങളമാര്‍ക്കുള്ള ഉപദേശവും...

  17. Mr. K# said...

    അടിപൊളി

  18. കുറുമാന്‍ said...

    കൊച്ചു ത്രേസ്യേ, ഇയാള് കൊച്ചു ത്രേസ്യയല്ല വല്യ ത്രേസിയാ......എന്നാ കലക്കാ കൊച്ചേ....കലക്കി മറിച്ചു. തേങ്ങാ തൊപ്പി വച്ചിരിക്കുന്ന പുട്ടും കഷണം കല കലക്കി.

  19. മാവേലി കേരളം said...

    ഈ ടേബിള്‍ മാനേഴ്സ് അനുസരിച്ചു തിന്നാന്നാത്തതിന്റെ കുഴപ്പമാ:)

  20. ആ‍പ്പിള്‍ said...
    This comment has been removed by the author.
  21. Santhosh said...

    അപ്പോള്‍ മുന്‍‍കൂട്ടി പറയാതെ കൂട്ടുകാരെ ക്ഷണിക്കുന്നത് നല്ല കാര്യമല്ലെന്നാണോ പറഞ്ഞു വരുന്നത്:)

  22. ദിവാസ്വപ്നം said...

    " ഞാന്‍ പിന്നെ കഴിച്ചോളാം. വേറൊന്നും കൊണ്ടല്ല, അവിടെ പോയിരുന്നാല്‍ ഡീസന്റാവേണ്ടി വരും.നമ്മടെ മനോധര്‍മ്മം പോലെ നക്കി വടിച്ച്‌ കുഴച്ചുരുട്ടിയൊന്നും കഴിക്കാന്‍ പറ്റില്ല"


    :))

    ഹ ഹ കൊച്ചുത്രേസ്യാക്കൊച്ചേ, ഇതു കലക്കി. എന്റെ അനിയത്തിയും അനിയനും തമ്മില്‍ ഇതേ ടോണിലാണ് യുദ്ധം നടക്കുന്നത് (ഞാന്‍ വഴക്കൊന്നും ഉണ്ടാക്കാത്ത നല്ല കുട്ടിയല്ലേ)

    ഈ സൈസ് പുട്ട്... ഐ മീന്‍, ഈ സൈസ് പോസ്റ്റ് ഉണ്ടെങ്കില്‍ ഇനിയും പോരട്ടെ. :-)

  23. ആ‍പ്പിള്‍ said...

    കൊച്ചുത്രേസ്യചേച്ചി, അപ്പമല്ലേ തീര്ന്നുള്ളൂ, ബാക്കിയുള്ള ചിക്കന് എനിക്കു വേണം, ‘ആപല്ബാന്ധവനായ‘ ബ്രെഡും ചിക്കനും കൂടി ഞാന് തട്ടിക്കോളാം,ചേച്ചിക്ക് മമ്മി പുട്ടുണ്ടാക്കിത്തരും, വേണമെങ്കില് ഞാന് രണ്ട് പപ്പടം കാച്ചിത്തരാം. അവസാന വരി വരെ രസം ചോര്‍ന്നുപോകാത്ത എഴുത്ത്. നന്നായി, അഭിനന്ദനങ്ങള്‍.

  24. Rasheed Chalil said...

    നന്നായിരിക്കുന്നു.

  25. -B- said...

    ഹോ!! ആങ്ങളമാരില്ലാത്തത് എത്ര നന്നായി എന്ന് ഇപ്പഴാ മനസ്സിലാവുന്നേ.

    കൊച്ച്രേസ്യേ.. ഞാനും പുട്ടത്തി തന്നെ. പിന്നെ കൊച്ചേ, കൊച്ചിങ്ങനെ എടയ്കെടയ്ക്ക് പോസ്റ്റിടണേ...

  26. ഇടിവാള്‍ said...

    നല്ല എഴുത്ത് കേട്ടോ.. ഒഴുക്കുള്ള വായനയും.
    കമന്റാറില്ലെങ്കിലും പഴയ പോസ്റ്റൊക്കെ വായിച്ചിരുന്നു.

    ആശംസകള്‍

  27. Anonymous said...

    ബൂലോകത്ത് പുതിയ പേരിലെത്തിയ കൊച്ചു ത്രേസ്യയുടെ പുട്ട് മാഹാത്മ്യം അതിന്‍റെ ഉദ്ദേശ്യശുദ്ധികൊണ്ട് ശ്രദ്ധേയമായി. പക്ഷേ.. ഈ അവിലുകുഴഞ്ഞ ഭാഷ - ബ്ലോഗ് മാനിയ പിടിപെട്ടതു പോലെ തോന്നി.
    എന്തായാലും പെണ്‍ശാപങ്ങള്‍ എന്ന ഒറ്റ തലക്കെട്ടോടെ ഈ പോസ്റ്റ് ശ്രദ്ധേയമാകാമെങ്കില്‍ താങ്കള്‍ക്ക് സ്വന്തം ഭാഷയും കണ്ടെത്താന്‍ കഴിയും എന്നു തന്നെയാണ് എന്‍റെ വിശ്വാസം.
    പുതിയ പോസ്റ്റ് വീണ്ടും പ്രതീക്ഷിക്കുന്നു.

    : ഇരിങ്ങല്‍

  28. വല്യമ്മായി said...

    :)

  29. Praju and Stella Kattuveettil said...
    This comment has been removed by the author.
  30. Praju and Stella Kattuveettil said...

    പുട്ടുത്രേസ്യേ... നല്ല സ്റ്റെയിലന്‍ വിവരണം കേട്ടോ. എന്റെ പുട്ടു കൊതി കാരണം ഞാന്‍ വീട്ടീല്‍ പുട്ടുമറിയ എന്നാണ്‌ അറിയപ്പെടുന്നത്‌.

  31. ശാലിനി said...

    എനിക്കും ഇഷ്ടപ്പെട്ടു ഈ ആങ്ങളപുരാണം. നന്നായി എഴുതിയിട്ടുണ്ട്.

  32. സുല്‍ |Sul said...

    കൊച്ചു ത്രേസ്സ്യാകൊച്ചേ
    കൊച്ചിന്റെ കാച്ച് നല്ല കീച്ചാണല്ലോ :)
    ഇഷ്ടായി
    -സുല്‍

  33. ശോണിമ said...

    :)

  34. Unknown said...

    രസിച്ച് വായിച്ചു. ഞാനൊക്കെ ഇങ്ങനെ എത്ര ശാപം വാങ്ങിക്കൂട്ടിക്കാണും എന്നാ ഇപ്പൊ ചിന്ത. :-)

  35. ചില നേരത്ത്.. said...

    പുട്ടു ത്രേസ്യേ,
    വാണിംഗ് കൊള്ളാം. എഴുത്തും നന്നായി ആസ്വദിച്ചു. ബിരിയാണിക്കുട്ടിയുടെ ഹാസ്യം തിരിച്ച് കിട്ടിയ പോലെയുണ്ട് ബ്ലോഗ് വായിക്കുമ്പോള്‍ :)

  36. Kaithamullu said...

    ത്രേസ്യക്കൊച്ചേ,

    എഴുത്ത് പെരുത്തിഷ്ടായി.
    പുട്ടിന്നിടക്ക് പീര പോലുള്ള ഹാസ്യവും.
    (ആ പുട്ട് പ്രിയന്‍ തറവാടി എവിടെപ്പോയി?)

  37. ബീരാന്‍ കുട്ടി said...

    Kochuthresia koche,
    Kalakittaann parayula, Gollam.

  38. ഇടിവാള്‍ said...

    “(( രാജു ഇരിങ്ങല്‍ said...
    ബൂലോകത്ത് പുതിയ പേരിലെത്തിയ കൊച്ചു ത്രേസ്യയുടെ പുട്ട് മാഹാത്മ്യം അതിന്‍റെ ഉദ്ദേശ്യശുദ്ധികൊണ്ട് ശ്രദ്ധേയമായി.
    “”

    അതേതാ ഇരിങ്ങലേ ആ പഴയ പേരു?
    അത്രക്കങ്ങു ഗ്രാഹ്യമില്ലാതെ പോയി ;(

  39. സാല്‍ജോҐsaljo said...

    പിന്നെ ആപല്‍ബാന്ധവനായ ബ്രെഡിനെ ഗോദയിലേയ്ക്കിറക്കേണ്ടി വരും.

    :)

    കൊച്ചു ത്രേസ്യാ കൊച്ചേ... അവസാനം ആ പുരുഷപ്രജകള്‍ക്കിട്ടു കൊളുത്തിയത് ശരിയായില്ല, പിന്നെ പച്ച ബാഗും ഉണ്ട്, പുട്ടും ഇഷ്ടമാണ് അതിനാല്‍ ഒന്നും പറേന്നില്ല. എന്നാ

    ഞാമ്പോട്ടെ ലഞ്ചു കഴിക്കാറായി! :)

  40. Anonymous said...

    ഇടിവാള്‍ ചേട്ടാ..
    അതു കൊച്ചു ത്രേസ്യക്കൊച്ചോട് തന്നെ ചോദിക്കുന്നതല്ലേ ഭംഗി?>
    ഇനി ഇപ്പോള്‍ അത് എന്‍ റെ സംശയം മാത്രമാണെങ്കില്‍ എന്ന് നിങ്ങളൊക്കെ ചുട്ടു തിന്നില്ലേ..
    അതല്ലേ ബൂലോകം...

  41. തറവാടി said...

    കല്യാണം കഴിഞ്ഞ് വിരുന്നിനിടെ , അയല്‍വാസി ചുള്ളന്‍മാര്‍ കഴിക്കാനൊപ്പമുണ്ടായിരുന്നു.

    വളരെ ഭവ്യതയോടെ ഇരുന്ന അവരൊടെനിക്കു വല്ലാത്ത ബഹുമാനം തോന്നി , പൊരിച്ച കോഴിയും , പത്തിരിയും , കോഴിക്കറിയുമെല്ലാം മുന്നിലിരിക്കുമ്പോള്‍ എങ്ങിനെ ഈ പിള്ളാര്‍ക്കിത്ര സഹനത്തോടെ ഇരിക്കാന്‍ പറ്റുന്നെന്നദിശയപ്പെട്ടിരിക്കുമ്പൊള്‍ , കഴിക്കാനുള്ള സമ്മദം അവര്‍ക്ക് കിട്ടി,

    പിന്നത്തെകാര്യം ഞാന്‍ പറയുന്നില്ലാ , അവരുടെ കഴിക്കല്‍ നൊക്കിയിരുന്നെന്‍റ്റെ വയറും നിറഞ്ഞു

    രസിച്ചു :)

  42. കൊച്ചുത്രേസ്യ said...

    ഇടിവാളേ എന്റെ പൂര്‍വ്വാശ്രമത്തിലെ പേര്‌ ലിറ്റില്‍ ഫ്ലവര്‍ എന്നായിരുന്നു.ഞാന്‍ പറഞ്ഞിട്ട്‌ വിശ്വാസമായില്ലെങ്കില്‍ ഈ ലിങ്കില്‍ ഞെക്കൂ. അവിടെ written proof ഉണ്ട്‌.

    http://malabar-express.blogspot.com/2007/06/blog-post_10.html

    ശ്രീ ഇരിങ്ങല്‍ ഉദ്ദേശിച്ചതും അതുതന്നേന്നു വിശ്വസിക്കുന്നു. അല്ലേ? ആണോ?

  43. ഇടിവാള്‍ said...

    അയ്യോ, പൊന്നു പെങ്ങളേ..ചതിക്കല്ലേ.
    ശപിക്കല്ലേ! ;)

    ശരിക്കും അറിയാന്‍ പാടില്ലാത്തോണ്ടു ചോദിച്ചതാണേ.. വിട്ടു കളയൂ.

  44. chithrakaran ചിത്രകാരന്‍ said...

    ഹാ... എന്താ ഒരു രസം!!! ഓരോ വാചകത്തിലും കടുകുപൊട്ടിച്ചതുപോലെ... അല്ലാ.. മാലപ്പടക്കം പോലെ മരുന്നു വച്ച പ്രയോഗം. നന്നായിരിക്കുന്നു.

  45. സൂര്യോദയം said...

    ആദ്യമായാണ്‌ ഈ ഏരിയയില്‍ കയറി വായിക്കുന്നത്‌.... വളരെ ഇഷ്ടപ്പെട്ടു... :-)

  46. reshma said...

    രസിച്ചു! ഇനീം വേണം ഇനീം വേണം, പുട്ടും പോസ്റ്റും.

  47. Anonymous said...

    കൊച്ചു ത്രേസ്യകൊച്ചേ..
    അതെനിക്കിഷ്ടമായി പൂര്‍വ്വാശ്രമത്തിലെ ആ റിട്ടണ്‍ പ്രൂഫ്. !!!
    വീണ്ടും പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു.
    ഈയുള്ളവനും ഒരു കണ്ണൂര് കാരനാണേ...
    ഇനി എപ്പോഴെങ്കിലും ആങ്ങളയുടെ കൂടെ അവിടെ വന്നിട്ടുണ്ടോന്ന് എനിക്കോര്‍മ്മയില്ല.

  48. വി. കെ ആദര്‍ശ് said...

    എനിക്ക് പുട്ട് ഇഷ്ടമല്ലെങ്കിലും താങ്കളുടെ പോസ്റ്റ് ഇഷ്ടമായി. എന്തോരു മുടിഞ്ഞ തീറ്റ. അപ്പോ ഒരുചെറിയ സംശയം വന്നല്ലോ. ഈ പെങ്ങള്‍ വീട്ടിലേക്ക് ആരെയും വിളിച്ചു കൊണ്ടു വരില്ലേ. അല്ലേല്‍ ആരേയും വീട്ടില്‍ പോകുക യില്ലേ

  49. മെലോഡിയസ് said...

    കൊച്ച്ത്രേസ്യ..കിടിലന്‍ പോസ്റ്റ് ട്ടാ..
    ഞാന്‍ എന്റെ കൂട്ടുകാരെ ഒന്നും അധികമൊന്നും വീട്ടിലേക്ക് വരാറിറില്ല( നാട്ടില്‍ ഇപ്പോള്‍ അധികം കൂട്ടുകാരില്ല)
    പിന്നെ കൂട്ടുകാര്‍ക്കും വേണ്ടി ഞാന്‍ വീട്ടിലിരുന്ന് നല്ലോണം തട്ടാറുണ്ട്. അത് തന്നെ മതി പെങ്ങളുടെ പ്രാക്ക് കിട്ടാന്‍..:(

  50. മുസാഫിര്‍ said...

    എഴുത്ത് നല്ല രസായിട്ടുണ്ട് കേട്ടോ , പെങ്ങളേ.

  51. കൊച്ചുത്രേസ്യ said...

    ആദ്യമേ തന്നെ ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടേ. ഈ പോസ്റ്റ്‌ വായിച്ച്‌ ഫെല്‍റ്റായി ആരും കൂട്ടുകാരെ വീട്ടില്‍ വിളിച്ചു കൊണ്ടുപോവുന്ന ശീലം ഉപേക്ഷിക്കരുത്‌. നിങ്ങളൊക്കെ വിശന്നു വലഞ്ഞു വീട്ടില്‍ കയറി വരുമ്പോള്‍ വയറു നിറയെ കഴിക്കാന്‍ ഭക്ഷണം തികയാന്‍ വേണ്ടിയല്ലേ മുന്‍-കൂട്ടി അറിയിക്കണം എന്നു പറഞ്ഞത്‌.ആങ്ങളമാരോടും അവരുടെ കൂട്ടുകാരോടുമുള്ള ഒരു പെങ്ങളുടെ സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണ്‌(??) ഈ പോസ്റ്റിലൂടെ നിങ്ങള്‍ കണ്ടത്‌.പിന്നെ അനുഭവം വച്ചു പറയുകയാണ്‌-ഇന്നു വരെ ഒരു പെങ്ങളു ശപിച്ചിട്ടും ആങ്ങളമാര്‍ക്കൊരു ചുക്കും സഭവിച്ചിട്ടില്ല,ഇനി സംഭവിക്കുകയുമില്ല. പിന്നെന്താന്നു വെച്ചാല്‍ നമ്മടെ ഒരു സമാധാനത്തിനു വേണ്ടി വെറുതേയിരുന്നങ്ങ്‌ ശപിക്കുന്നതാണ്‌.

    അതുകൊണ്ട്‌ അഖിലലോക ആങ്ങളമാരെ പതറാതെ ധൈര്യമായി മുന്‍പോട്ടു പോകൂ..വിജയം നിങ്ങളോടു കൂടെ...

    പിന്നെ ഈ പോസ്റ്റ്‌ വായിക്കുകയും കമ്മന്റുകയും ചെയ്ത എല്ലാര്‍ക്കും എന്റെ നന്ദി ഓരോ കുറ്റി പുട്ടിന്റെ രൂപത്തില്‍ അയച്ചു തരുന്നതാണ്‌...

  52. d said...

    കൊച്ചു ത്രേസ്യേ...
    പോസ്റ്റ് നല്ല കിടിലന്‍ ആണല്ലോ!!
    “പോസ്റ്റ്‌ വായിക്കുകയും കമ്മന്റുകയും ചെയ്ത എല്ലാര്‍ക്കും എന്റെ നന്ദി ഓരോ കുറ്റി പുട്ടിന്റെ രൂപത്തില്‍ അയച്ചുതരും“ എന്നുള്ള വാഗ്ദാനവും കൂടി കണ്ടപ്പോ ഇരിക്കപ്പൊറുതി കിട്ടുന്നില്ല. സത്യമാണോ അപ്പറഞ്ഞത്?? എങ്കില്‍ ഞാന്‍ എത്ര കമന്റ് വേണേലും ഇടാമായിരുന്നു...
    :)

    മറ്റൊരു കടുത്ത പുട്ട് ഫാന്‍..

  53. ഈയുള്ളവന്‍ said...

    ത്രേസ്യാക്കൊച്ചേ,
    അടിപൊളി..! നല്ല ഒഴുക്കുള്ള, രസകരമായ അവതരണം..! ഞാനിന്നാട്ടോ ഈ ബ്ലോഗ് വായിക്കുന്നത്... ഇനി ബാക്കി പോസ്റ്റുകളും വായിക്കണം. അഭിനന്ദനങ്ങള്‍..! എന്തായാലും ഈ പെങ്ങള്‍‌ശാപങ്ങള്‍ എനിക്കിഷ്‌ടപ്പെട്ടു, രണ്ടു് വരികൂടി ഇത്തിരി മാറ്റിയങ്ങ് പാടരുതോ..?

    ഞാനാശിച്ച പുട്ടും കറിയും ബ്ലോക്കിയതെന്തിനുനീ
    ഞാനാശിച്ചൊരപ്പോം കോഴീം തീര്‍ത്തതുമെന്തിനുനീ

    :)
    ഇതുപോലെ ഒരു സംഭവം എനിക്കുമെഴുതാനുണ്ട്, വീടിന്റെ അയല്‍‌പക്കത്ത് നടന്നത്. ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി... ഇനിയും എഴുതൂ... ഒത്തിരിയൊത്തിരി...

  54. Visala Manaskan said...

    തുടക്കം അതിഗംഭീരം. രസികന്‍ പോസ്റ്റ്. ബിരിയാണിക്കുട്ടി പോസ്റ്റുകളെ ഓര്‍മ്മിപ്പിച്ചു. നൈസ്.

  55. ഹാരിസ് said...

    sibyl

  56. നിരക്ഷരൻ said...

    പോസ്റ്റൊക്കെ എന്നത്തേയും പോലെ ഉഗ്രനായിരിക്കുന്നു.
    പക്ഷെ, അവസാനം മുഴുവന്‍ പുരുഷപ്രജകളേയും അടച്ചാക്ഷേപിച്ചതിലും, കുറച്ച് പെണ്‍ വര്‍ഗ്ഗത്തെ ‘സര്‍വ്വം സഹ‘ എന്ന് പുകഴ്‌ത്തിയതിലും പ്രതിഷേധിക്കുന്നു. :) :)
    (തമാശിച്ചതാന്നേ...)

  57. jense said...

    "പിള്ളേര്‍ക്ക്‌ നന്നായി വിശക്കുന്നുണ്ടെന്നു തോന്നുന്നു" മമ്മി താടിക്കു കയ്യും കൊടുത്തുനിന്നു പറഞ്ഞു.'എന്തൊരു മുടിഞ്ഞ തീറ്റ'- എന്നത്‌ മാതൃസ്നേഹത്തിന്റെ തേന്‍ പുരണ്ട്‌ പുറത്തെക്കുവന്നതീ രൂപത്തിലാണ്‌.

    ഹാഹാ... ഇത് കലക്കി....
    പുട്ടിന്റെ മറ്റൊരു ആരാധകന്റെ അഭിനന്ദനങ്ങള്‍....

  58. aneesh palathunkal said...

    nostalgic
    by
    palam

  59. jerrinz said...

    mhai..was super..malayalam parayan ariyam..pakshe type cheyyan ariyilla..(jada allla keto)..vrithiyayi ezhuthum..nu way..superb..supeb means ..kidiliokidilan,,adaru sambavamne...samthichirikkunnu..wiproyil jyoliyude edakku ethrayum kanichu kootunello..anyway edakku smayam kittun\bol..epparathu HR sectionillekku nokkiyal enneyum kanam Ketto...

  60. ഷിബിന്‍ said...

    puttinodu itrakku snehamundennu ippoza arinjatu... ente ate taste ulla orale koodi ee blogulakathil kaanaan pattiyallo...
    put is my favourite..

    ente vaka oru sujjestion:
    try this combination:
    puttu+pazham+kadalakkari (tried and tested)

    puttine kurichu maatramaayi oru blog prateeekshikkunnu...
    puttaabivaadyangal!!!!!

  61. navaneeth said...

    ""പുട്ടിനു വേണ്ടി മരിക്കാന്‍ പോലും തയ്യാറായ കടുത്ത ഒരാരാധികയാണ്‌ ഈയുള്ളവള്‍.പുട്ട്‌ ഫാന്‍സ്‌ അസോസിയേഷന്‍..കീ ജയ്‌..""

    ഇതിഷ്ടപെട്ടു!! ഞാനും മറ്റൊരു പുട്ട് ആരാധകനാ..

    വായിച്ചു തുടങ്ങിയയൂല്ല്... രസമായി വരാനുണ്ട്... എന്റെ ബോറന്‍ on-site നു വെളിച്ചം വീസികൊണ്ടാണ് ഈ ബ്ലോഗിന്റെ വായന നീങനത്,, നന്ദി!!

  62. naisy said...

    "നീയാരെ കാത്തിരിക്കുകയാ.. അവര്‍ടെ കൂടെ പോയിരുന്ന്‌ കഴിക്കത്തില്ലേ ??"ആസന്നമായ ഒരപകടം മുന്‍'കൂട്ടി കണ്ടിട്ടെന്നപൊലെ മമ്മി നിര്‍ദ്ദേശിച്ചു.

    Chirircchu chiricchu njan madutthu..

    Too good..:)

  63. " എന്റെ കേരളം” said...

    “ കൊച്ചുത്രേസ്യ കൊച്ചേ........??? “

    ഒന്നു സംശയിച്ചു നിന്ന ശേഷം അപ്പര്‍ ബെര്‍ത്തില്‍ ബോധംകെട്ടതു പോലെ കിടന്നുറങ്ങുന്ന ആ പെണ്‍കുട്ടി

    ഈ ബോധക്കേട് എനിക്കും പല പ്രാവിശ്യം വന്നിട്ടുള്ളതിനാൽ.....ഈ പോസ്റ്റ് എനിക്ക് നന്നേ ബോധിച്ചു

  64. " എന്റെ കേരളം” said...
    This comment has been removed by the author.
  65. Pyari said...

    എന്റെ അനിയച്ചാരെ കൊണ്ട് ഇത് വായിപ്പിച്ചിട്ടു തന്നെ കാര്യം....
    അറിയട്ടെ അവന്‍ - പെങ്ങള്‍ ശാപം എന്താന്ന്!...

  66. Soudh said...

    Kochu,ente aangalamaru beeshanipeduthiya varutha meenukal njangal pavam penganmmaril ninnu adichumattiyirunnathu....athokke orthupoyi

  67. MFA 21 BLOGS said...

    എജ്‌ജാതി പെരുത്തിഷ്ടായി ❤️😍