Saturday, September 8, 2007

ചില തിരിച്ചറിവുകള്‍...

രാവിലെ അമ്മ വന്ന്‌ തലവഴി വെള്ളം കോരിയൊഴിച്ചാലും പുല്ലുവില കല്‍പ്പിക്കാതെ അട്ട ചുരുളുന്ന പോലെ ചുരുണ്ടു കിടന്നുറങ്ങുന്ന അലമ്പു പിള്ളാരില്ലേ.. അവരെപോലൊന്നുമായിരുന്നില്ല ഞാന്‍. രാവിലെ ആരും വിളിക്കാതെ തന്നെ എഴുന്നേല്‍ക്കും. എന്നിട്ട്‌ കുറച്ചു നേരം പ്രാര്‍ത്ഥിക്കും. അതിനുശേഷം ഒരോട്ടമാണ്‌. കളിക്കാനൊന്നുമല്ല.. പത്രം വായിക്കാനാണ്‌.പ്രാര്‍ത്ഥനേടെ ഉള്ളടക്കം ജില്ലാ കളക്ടറിന്‌ നല്ല ബുദ്ധി തോന്നിക്കണേ എന്നാണ്‌.ആദ്യം നോക്കുന്നത്‌ പത്രത്തിലെവിടെയെങ്കിലും വല്ല വിദ്യാര്‍ത്ഥികളും തല്ലു കൊള്ളുന്ന ഫോട്ടോയോ വാര്‍ത്തയോ ഉണ്ടൊന്നാണ്‌.ഉണ്ടെങ്കില്‍ ഉറപ്പാണ്‌ കളക്ടര്‍ അന്ന്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ടാവും. ഞാന്‍ പഠിക്കുന്നത്‌ സര്‍ക്കാര്‍ സ്കൂളിലാണെങ്കിലും അത്‌ സമരത്തിന്റെ കാര്യത്തില്‍ ചുക്കിനും ചുണ്ണമ്പിനും കൊള്ളൂല്ല. ഞങ്ങളെ സമരം ചെയാന്‍ സമ്മതിക്കില്ലെന്നതോ പോട്ടേ അടുത്ത സ്കൂളുകാരാരെങ്കിലും ദേവദൂതന്മാരെ പോലെ സമരോം കൊണ്ടു വന്നാല്‍ ഹെഡ്‌മാഷ്‌ പോലീസിനെ വിളിക്കും. തനി ഗുണ്ടായിസം..ടിയാന്‍ ആകെ കേള്‍ക്കുന്നത്‌ ജില്ലാകളക്ടറ്‌ പറഞ്ഞാലാണ്‌. അതുകൊണ്ടാണ്‌ രാവിലത്തെ പ്രാര്‍ത്ഥനയില്‍ മാഹീലമ്മ,പറശ്ശിനിമുത്തപ്പന്‍ എന്നിവരുടെ കൂടെ ജില്ലാകളക്ടറേം കൂടി പ്രതിഷ്ഠിച്ചത്‌. കളക്ടര്‍ ചതിച്ചെങ്കില്‍ അയാളെ നാലു ചീത്തേം വിളിച്ച്‌ തിരിച്ചു വന്നു കിടന്നുറങ്ങും. ഇനി എങ്ങനും പ്രാര്‍ത്ഥന ഫലിച്ചലോ 'ആര്‍പ്പോ ഇര്‍റോ'-ന്നും കൂവി വീടു തിരിച്ചു വയ്ക്കും.കുട്ടികളുടെ സന്തോഷമാണ്‌ രക്ഷിതാക്കളുടേം സന്തോഷമെന്നാണ്‌ നാട്ടുനടപ്പ്‌.പക്ഷെ എന്റെ വീട്ടിലോ.... നമ്മളിങ്ങനെ സന്തോഷം കൊണ്ട്‌ 'ഞാനിപ്പം സ്വര്‍ഗ്ഗത്തില്‍ വലിഞ്ഞു കേറും' ലൈനില്‍ നടക്കുകയാരിക്കും. അപ്പൊഴാരിക്കും പുറകീന്ന്‌ ഒരാത്മഗതം..

"ഹും പഠിക്കേണ്ട സമയത്ത്‌ പിള്ളാര്‌ കാളകളിച്ചു നടക്കുകയാണ്‌. പിടിച്ചു നല്ല പെടെ പെടയ്ക്കണം.തീന്‍കുത്താണ്‌ എല്ലാത്തിനും"

പപ്പയാണ്‌ ആ ആത്മഗതന്‍. ഞങ്ങളെയല്ല..ആ പത്രത്തീ കാണുന്ന പിള്ളാരെയാണ്‌. എന്നാലോ.. ഞങ്ങള്‍ക്കവധി മേടിച്ചു തരാന്‍ വേണ്ടി മാത്രം തല്ലുകൊണ്ടവരാണവര്‌. അവരെ ചീത്തപറഞ്ഞ പപ്പയ്ക്കെതിരെ മനസ്സില്‍ ഇന്‍ക്വിലാബ്‌ വിളിക്കും (മനസ്സില്‍ മാത്രം. ഉച്ചത്തില്‍ വിളിക്കാന്‍ വേറെ ആളെ നോക്കണം.. പേടിച്ചിട്ടൊന്നുമല്ല..)

ഇക്കാര്യത്തില്‍ പപ്പയേം ഹെഡ്‌മാഷിനേമൊക്കെ ഒരു വണ്ടിക്കു കെട്ടാം. വെല്യ ആള്‍ക്കാര്‌ സമരം ചെയ്താലൊന്നും അവര്‍ക്കൊരു കുഴപ്പവുമില്ല. വല്ല പാവം പിള്ളേരും കഷ്ടപ്പെട്ട്‌ സമരം ചെയ്താല്‍ അതു സഹിക്കില്ല. സമരം ചെയ്യുന്നതു പോട്ടെ; പിള്ളാര്‌ ക്ലാസ്സും കട്ടു ചെയ്ത്‌ ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ വല്ല ബസ്‌-സ്റ്റാന്‍ഡിലോ കടത്തിണ്ണേലോ സിനിമാതീയേറ്ററിലോ ഒക്കെ പോയീന്നറിഞ്ഞാല്‍ മതി-ഹാലിളകാന്‍.

'ഉന്തി മരം കേറ്റിയാല്‍ കൈ വിടുമ്പം താഴെപ്പോകും' എന്ന പോളിസി കാരണം ഞങ്ങളുടെ പഠനകാര്യങ്ങളിലൊന്നും തലയിടാത്ത പപ്പയാണ്‌ വല്ല പിള്ളാര്‍ടേം കാര്യത്തില്‍ ഇങ്ങനെ ബ്ലഡ്‌ പ്രഷര്‍ കൂട്ടുന്നത്‌. അവരെ അവര്‍ടെ വഴിക്കു വിട്ടൂടേ..ഇതിനുള്ള പപ്പേടെ മറുപടി രണ്ടേ രണ്ടു വാക്യത്തിലൊതുങ്ങും.

"പഠിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്‌. അങ്ങനെ ചെയ്യുന്നതാണ്‌ ഏറ്റവും വലിയ നിഷേധം"

ഓ പിന്നേ. ഇതൊക്കെ ഏതു മാതാപിതാക്കള്‍ടേം സ്ഥിരം ഡയലോഗാണ്‌. ഇത്രേം വല്യ ആശയങ്ങളൊക്കെ ഉള്ള പപ്പയെന്താ പത്താം ക്ലാസ്സിനപ്പുറത്തെക്കു പോവാത്തത്‌??ഞാന്‍ ശക്തമായി തന്നെ പ്രതിഷേധിച്ചു-മനസ്സില്‍ ..

അങ്ങനെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള ഇത്തരം മൂരാച്ചി നടപടികളില്‍ പ്രതിഷേധിച്ചു നടക്കുന്ന കാലഘട്ടം.എന്തോ വിശേഷത്തിന്‌ തറവാട്ടിലെത്തീതാണ്‌. ചാച്ചന്‍ (പപ്പേടെ അനിയന്‍) ഒരു കത്തെടുത്തു നീട്ടി.

"ഇതു കടേല്‌ സാധനം പൊതിയാനെടുക്കുന്ന പഴയ പത്രത്തിന്റെടയ്ക്കൂന്നു കിട്ടീതാ. ഫ്രം അഡ്രസു കണ്ടപ്പോള്‍ കടക്കാരന്‍ എനിയ്ക്കെടുത്തു തന്നു. ഇതു നീ വച്ചോ"

കാലപ്പഴക്കം കൊണ്ടു നിറം മങ്ങിയ ഒരു കത്ത്‌. 1970-ല്‍ പപ്പ ഒരു കൂട്ടുകാരനെഴുതിയതാണത്‌. ഒരു പുരാവസ്തു കിട്ടിയ സന്തോഷത്തോടെ ഞാന്‍ അത്‌ മമ്മി,അമ്മച്ചി,ആന്റിമാര്‌ എന്നിവരടങ്ങുന്ന സദസ്സിനെ വായിച്ചു കേള്‍പ്പിച്ചു.

"താങ്കള്‍ സ്നെഹപൂര്‍വ്വം അയച്ച കത്തു കിട്ടി.ആദ്യമായി ഔദാര്യത്തിന്‌ നന്ദിപറഞ്ഞുകൊള്ളട്ടെ.നിങ്ങളുടെ എഴുത്തില്‍ എനിക്കു വേണ്ടി നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയും എന്നു നിങ്ങള്‍ക്കു തോന്നിയ സഹായങ്ങളെപറ്റി എഴുതിയിരുന്നല്ലോ. നിങ്ങളുടെ ത്യാഗമനസ്കതയിള്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.അതോടൊപ്പം അതെത്ര പ്രായോഗികമാണെന്നു കൂടി ഞാന്‍ സംശയിക്കുന്നു.അതിനു തക്ക അപാര കഴിവുള്ള വ്യക്തിയൊന്നുമല്ലല്ലോ ഞാന്‍. പിന്നെ അതിന്‌ നിങ്ങള്‍ക്ക്‌ യാതൊരു ബുദ്ധിമുട്ടും ഇല്ല എന്ന്‌ എത്രമാത്രം സമര്‍ത്ഥിച്ചാലും അത്‌ നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടല്ല എന്ന്‌ എനിക്കു വിശ്വസിക്കാന്‍ വയ്യ താനും.ഏതായാലുമക്കാര്യത്തെ കുറിച്ച്‌ ഞാന്‍ പിന്നെ എഴുതാം.ഇപ്പോള്‍ ഉള്ള സമയം മിനക്കെടുത്താതെ എനിക്കു വേണ്ടി കൂടിയും സ്നേഹിതന്‍ പഠിച്ചു കൊള്ളണം.

പുതിയ സ്നേഹിതന്‍മാരെപറ്റി ഇതു വരെ ഒന്നും എഴുതിയില്ലല്ലോ. അടുത്ത എഴുത്തിലെങ്കിലും എഴുതുമല്ലോ.ഒരു രണ്ടാം റാങ്കുകാരന്‍ സുരേശനെ പറ്റി പറഞ്ഞല്ലോ..അതിനു മുന്‍പില്‍ ഒന്നാം റാങ്ക്‌ എന്നൊന്നുണ്ടല്ലോ.അങ്ങോട്ടൊക്കെ ഒരു അരക്കൈ ഇപ്പോള്‍ തന്നെ നോക്കിക്കോളൂ.

ഇവിടെ ഞാന്‍ വിചാരങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാനായി മിക്കവാറും ജോലിയില്ലാത്ത സമയങ്ങളില്‍ ന്യൂസ്‌ പേപ്പറിനെയും റേഡിയോയേയും അഭയം പ്രാപിക്കുകയാണ്‌.പതിവു കൂട്ടത്തില്‍ ഒരൊഴുക്കന്‍ ജീവിതവും.

അടുത്ത എഴുത്തില്‍ പഠിക്കുന്ന പുസ്തകങ്ങളെപറ്റി കുറച്ചെഴുതണം കേട്ടോ..പുസ്തകങ്ങളെല്ലാം തന്നെ ഇംഗ്ലീഷിലായിരിക്കുമല്ലോ.കണക്കും സയന്‍സും എങ്ങിനെയുണ്ട്‌.രസകരമാണോ??

ഈ എഴുത്തിന്‌ തിടുക്കത്തില്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല. സാവകാശം സൗകര്യം പോലെ എഴുതിയാല്‍ മതി.എഴുത്തില്‍ അനാവശ്യമായി വല്ലതും വലിച്ചു വാരി എഴുതി ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക. എഴുത്തു ചുരുക്കുന്നു... "

കത്തു വായിച്ചു കഴിഞ്ഞ്‌ മുഖമുയര്‍ത്തി നൊക്കിയപ്പോള്‍ കാണുന്നത്‌ എല്ലാവരുടെയും കണ്ണു നിറഞ്ഞിരിക്കുന്നതാണ്‌. അമ്മച്ചി ശരിക്കും കരയുന്നുണ്ടായിരുന്നു.എനിക്കും എന്തോ ഒരു വിഷമം തോന്നി. കത്തു മുഴുവനും മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ മനസ്സിലായിരുന്നു.കരച്ചിലിനിടയില്‍ കൂടി അമ്മച്ചി പറഞ്ഞു.

"അവന്‌ പഠിക്കണമെന്ന്‌ വെല്യ ആഗ്രഹമായിരുന്നു. സയന്‍സെന്നു വച്ചാ ജീവനാരുന്നു. ഒരിക്കല്‍ സ്കൂളില്‍ നടന്ന ഏതോ പരിപാടീടെ ശബ്ദം മുഴുവനും എതോ മെക്കാനിസം വഴി ഇവിടുത്തെ അടുക്കളേലു കേള്‍പ്പിച്ചാരുന്നു. അന്നു സാറു പറഞ്ഞു അവനെന്തായാലും ശാസ്ത്രജ്നനാകുമ്ന്ന്‌. പത്താം ക്ലാസു കഴിഞ്ഞപ്പോള്‍ ഇനി പോവുന്നില്ലമ്മച്ചീന്ന്‌ അവന്‍ പറഞ്ഞു. പോയാല്‍ ഇവിടുത്തെ കാര്യങ്ങളൊക്കെ ആരു നോക്കും.. എളേത്തുങ്ങള്‍ടെ കാര്യം എന്താകും. വിടാന്‍ എനിക്കും പറ്റീല്ല."

അമ്മച്ചി പറഞ്ഞതും ആ കത്തും കൂട്ടി വായിച്ചപ്പോള്‍ എനിക്കെല്ലാം മനസ്സിലായി. ഒരിക്കല്‍ പോലും പപ്പ പറയാതിരുന്ന കാര്യങ്ങള്‍ ദൈവമായിട്ട്‌ കാണിച്ചു തരികയായിരുന്നൂന്നാണ്‌ എനിക്കു തോന്നുന്നത്‌.അല്ലെങ്കില്‍ ഏതോ ഒരാള്‍ക്ക്‌ എതോ നാട്ടിലേക്കയച്ച കത്ത്‌ ഇത്രേം വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ പല കൈകളിലൂടെ കടന്ന്‌ എന്റടുത്ത്‌ എത്തില്ലായിരുന്നല്ലോ..

വടീം കല്ലുമൊക്കെയായി സ്കൂളു പൂട്ടിക്കാന്‍ വന്ന സമരക്കാര്‍ടെ മുന്‍പിലേക്ക്‌ ചെന്ന്‌ "നിങ്ങളീ പാഴാക്കി കളയുന്ന സമയത്തിന്റെ വില നിങ്ങള്‍ക്കറിയില്ല. എന്തായാലും എന്റെ കുട്ടികളുടെ പഠിപ്പു മുടക്കാന്‍ ഞാന്‍ സമ്മതിക്കില്ലെന്നു' പറഞ്ഞ ഹെഡ്‌ മാഷിനെം എനിക്കു മനസ്സിലായി.സമരക്കാരുടെ തലവെട്ടം അങ്ങു ദൂരെ കാണുമ്പഴേ സാധാരണ സര്‍ക്കാര്‍ സ്കൂളിലേതു പോലെ ലോംഗ്‌ ബെല്ലടിച്ചു സ്കൂളു വിടാരുന്നു മാഷിന്‌. പക്ഷെ ഒരിക്കലും മാഷതു ചെയ്തില്ല. പഠിക്കാനൊരവസരത്തിനു വേണ്ടി ഒരു പാട്‌ കഷ്ടപ്പാടുകള്‌ മാഷും സഹിച്ചിട്ടുണ്ടാവുമ്ന്‌ എനിക്കുറപ്പാണ്‌. ഇല്ലെങ്കില്‍ ഇത്രേം ആത്മാര്‍ത്ഥത കാണിക്കില്ല.

ഭക്ഷണം പാഴാക്കികളയുന്നതു കാണുമ്പോള്‍ വിശപ്പിന്റെ വേദന അനുഭവിച്ചിട്ടുള്ള ഒരാള്‍ക്ക്‌ തോന്നുന്ന അതേ വികാരം തന്നെയാണ്‌ വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കുന്നതു കാണുമ്പോള്‍ പപ്പയ്ക്കും മാഷ്ക്കുമൊക്കെ തോന്നിയിട്ടുണ്ടായിരിക്കുക എന്ന തിരിച്ചറിവുള്ളതു കൊണ്ടായിരിക്കാം... വിദ്യാര്‍ത്ഥിസംഘട്ടനങ്ങളോ സമരങ്ങളോ കാണുമ്പോള്‍ അതിലെ ന്യയാന്യായങ്ങളെ പറ്റി ചിന്തിക്കുന്നതിനെ മുന്‍പേ ഞാന്‍ അറിയാതെ പറഞ്ഞു പോകുന്നത്‌..

"ഇരുന്നു നാലക്ഷരം പഠിക്കേണ്ട സമയത്താണല്ലോ ദൈവമെ ഈ പിള്ളാര്‌... "62 comments:

 1. കൊച്ചുത്രേസ്യ said...

  ജീവിതത്തീന്നുള്ള ഒരേടിന്റേം കൂടി ഫോട്ടോകോപ്പിയെടുത്ത്‌ ഇവിടെ പതിച്ചു വെയ്ക്കുന്നു...

 2. Haree said...

  :) നല്ല പോസ്റ്റ്.

  സമരം ചെയ്യുമ്പോള്‍ നഷ്ടമാവുന്നത്, വിദ്യാഭാസത്തിനായി സര്‍ക്കാര്‍ സംവിധാനം ചെലവാക്കുന്ന തുകയും കൂടിയാണ്. വിദ്യാര്‍ത്ഥിരാഷ്ട്രീയം വേണ്ട എന്നല്ല, പക്ഷെ ആ രാഷ്ട്രീയത്തിനിറങ്ങും മുന്‍പ്, ഓരോരുത്തരും നല്ല വിദ്യാര്‍ത്ഥികളാവണം. വിദ്യ നേടുവാനായിത്തന്നെയാവണം വിദ്യാലയങ്ങളിലെത്തേണ്ടത്; അല്ലാതെ രാഷ്ട്രീയം കളിക്കുവാനാവരുത്!

  കണ്ണുള്ളവര്‍ക്ക് അതിന്റെ വിലയറിയില്ല.
  ഒരിക്കല്‍ കൂടി, നല്ല പൊസ്റ്റ്. :)
  --

 3. കുഞ്ഞന്‍ said...

  മൂത്തവര്‍ ചെല്ലും മുതുനെല്ലിക്കാ ആദ്യം കയ്ക്കും പിന്നെ മധുരിക്കും!

  ജീവിതത്തില്‍നിന്നുള്ള ഏടില്‍ ഒത്തിരി നന്മകള്‍...

  നല്ല പോസ്റ്റ്..:)

 4. ദീപു : sandeep said...

  നല്ല പോസ്റ്റ്‌ :)
  സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത്‌ രാവിലത്തെ പ്രാദേശിക വാ‍ര്‍ത്ത മുടങ്ങാതെ കേള്‍ക്കുമായിരുന്നു... എന്തേലും ലീവു പ്രഖ്യാപിച്ചോന്നറിയാന്‍ :)

 5. rustless knife said...

  :)

 6. ബീരാന്‍ കുട്ടി said...

  വളരെ നല്ല പോസ്റ്റ്‌.

 7. സഹയാത്രികന്‍ said...

  നല്ല പോസ്റ്റ്...
  ഞാനും പഠിച്ചത് ഒരു സര്‍ക്കാര്‍ സ്കൂളിലിലാണു... അവിടേയും സമരം എന്നൊരു സംഭവം ഇല്ലായിരുന്നു... 'നന്തിക്കര ഗവഃ ഹൈസ്ക്കൂള്‍ '... ഒരു പാടോര്‍മ്മകളെ തൊട്ടുണര്‍ത്തി....
  ആശംസകള്‍...

 8. Satheesh said...

  കൊച്ചുത്രേസ്യാ,
  വളരെ നല്ല പോസ്റ്റ്.
  പഠിപ്പ് മുടക്കാന്‍ വേണ്ടി സമരം ചെയ്യാനിറങ്ങിയത് എന്‍‌ജിനീയറിംഗ് കോളേജിലെത്തിയപ്പോ മാത്രം! പക്ഷെ സമരം കാരണം 9 ലും പത്തിലും പഠിക്കുമ്പോള്‍ ഒട്ടുമുക്കാല്‍ ദിവസവും സമരമായിരുന്നു. സമരം ഒരു സ്ഥിരം പരിപാടിയായപ്പോള്‍ കാലത്ത് സ്കൂളില്‍ പോകുന്നത് തന്നെ ഒരു വഴിപാട് പോലെയായിരുന്നു.
  ഒരുപാട് നന്ദി ആ കാലം ഓര്‍മ്മിപ്പിച്ചതിന്‍!
  കൊച്ചുത്രേസ്യക്കും പപ്പക്കും നന്ദി!

 9. SUNISH THOMAS said...

  വായിച്ചു.
  പഠിക്കാനുള്ള ഒരവസരവും പാഴാക്കരുത്. ജീവിതത്തോടും നമ്മളോടു തന്നെയും ചെയ്യുന്ന ഏറ്റവും വലിയ നിഷേധമാണത്.

  പത്താം ക്ളാസ് കുട്ടികളുടെ മോറല്‍ സ്റ്റഡീസ് ടെക്സ്റ്റിലേക്ക് ശുപാര്‍ശചെയ്തിരിക്കുന്നു.

  :)

 10. SUNISH THOMAS said...

  ഞങ്ങടെ സ്കൂളില്‍ സമരം പതിവായിരുന്നു. ഒരു സമരക്കഥ ഉള്ളില്‍ തിരയടിക്കുന്നു.

 11. വാണി said...

  വളരേ നല്ല പോസ്റ്റ്.

  കഴിഞ്ഞുപോയ സമയം ഒരിക്കലും തിരിച്ചുകിട്ടില്ല.

 12. അരവിന്ദ് :: aravind said...

  കൊള്ളാം കൊച്ചു ത്രേസ്യേ..
  പക്ഷേ പുതുമ തോന്നിയില്ല, കാരണം, എന്റെ അമ്മ ഇതു പോലെയുള്ള ഒരു കഥാപാത്രമാണ്.

  പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട്..അമ്മയെന്താ വെറും സ്കൂള്‍ ടീച്ചറായിപ്പോയേ ന്ന്.
  പ്രത്യേകിച്ച് ഇഞ്ചിനീയറിംഗ് നാലാം കൊല്ലം കണ്ട്റോള്‍ സിസ്റ്റംസ് പേപ്പറിലെ ഒരു ചോദ്യം "ഔട്ട് ഓഫ് സിലബസ്, ഫ്രീ മാര്‍ക്ക് വേണം" എന്ന് മെമ്മോറാണ്ടം കോളേജില്‍ നിന്നയച്ച് വീട്ടിലെത്തിയപ്പോള്‍ അമ്മ അത് സോള്വ് ചെയ്ത് ഇന്‍‌സൈഡ് സിലബസ് ആക്കിയപ്പോള്‍.

  "നിന്റമ്മക്ക് വേറെ പണിയില്ലേഡാ" ന്നാ ഞങ്ങളടെ ചെയര്‍മാന്‍, മെമ്മോറാണ്ടം ചീറ്റും എന്ന് പറഞ്ഞപ്പോള്‍ എന്നോട് കയര്‍‌‍ത്തത്.
  എന്താന്നറിയില്ല, ഞാനങ്ങ് പൊങ്ങിപ്പോയി.

  അനിയത്തിമാരെ പഠിപ്പിക്കണമായിരുന്നു, അപ്പൂപ്പന്‍ മരിച്ചു, വീട്ടില്‍ കാശ് കൊടുക്കണമായിരുന്നു..

  യൂസ്‌ലെസ്സായ എനിക്കാണെങ്കില്‍ പഠിക്കാന്‍ ഒരു തടസ്സവുമില്ലായിരുന്നു താനും.
  ദൈവത്തിന്റെ ഓരോരോ കളീകളേ..


  നല്ല പോസ്റ്റ്.
  (എന്നാലും എടക്കൊക്കെ ഒരു സമരമില്ലാതെങ്ങനെയാ.......)

 13. Aravishiva said...

  നല്ല പോസ്റ്റ്..

  പിന്നെ കോമഡി ലൈന്‍ വഴിമാറുകയാണോ?

  :-)

 14. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: അയച്ചകത്ത് കറങ്ങിത്തിരിഞ്ഞ് വന്നകാര്യം കൊള്ളാം ഒരു പഴേ ഹിന്ദി സിനിമാ ഛായ.

  അമ്മ, ചേച്ചി, കൂട്ടുകാരി, അനിയന്‍ ഇപ്പോള്‍ ദേ അച്ഛനും, ഇനിയിപ്പോ ബാക്കിയാരെപ്പറ്റിയാ എഴുതാനുള്ളത്.

  ഓടോ: വല്ല പൂച്ചയേയോ പട്ടിയേയോ തത്തയേയോ വളര്‍ത്തിയിരുന്നാ ?അങ്ങനിപ്പോ സെന്റിയടിക്കുന്നില്ല.

 15. ഉപാസന || Upasana said...

  ചാത്താ ഹിന്ദി സിനിമ തന്നെയാണോ..?
  ഞാന്‍ കരുതുന്നു മലയാളത്തില്‍ തന്നെയാണ് ത്രേസ്യാമ്മച്ചി കളിച്ചിരിക്കുന്നതെന്ന്. താഴെ നോക്കൂ

  “ അവന്‌ പഠിക്കണമെന്ന്‌ വെല്യ ആഗ്രഹമായിരുന്നു. സയന്‍സെന്നു വച്ചാ ജീവനാരുന്നു. ഒരിക്കല്‍ സ്കൂളില്‍ നടന്ന ഏതോ പരിപാടീടെ ശബ്ദം മുഴുവനും എതോ മെക്കാനിസം വഴി ഇവിടുത്തെ അടുക്കളേലു കേള്‍പ്പിച്ചാരുന്നു. അന്നു സാറു പറഞ്ഞു അവനെന്തായാലും ശാസ്ത്രജ്നനാകുമ്ന്ന്‌ “

  ഓര്‍മകള്‍ ഇരമ്പുന്നില്ലേ മനസ്സില്‍. അതെ സ്ഫടികം തന്നെ. മോഹന്‍ ലാലിന്റെ കുട്ടിക്കാലത്തോട് വളരെയധികം സാമ്യം തോന്നിയാല്‍ എന്നെ കുറ്റം പറയാമോ ?.

  പിന്നെ ത്രേസ്യാമ്മച്ചി..... സെന്റിയില്‍ കാലുകുത്തിയിരിക്കുകയാണല്ലെ. ഇതൊരു നല്ല തുടക്കമാകട്ടെ എന്നാശംസിക്കുന്നു.
  :)

  ഉപാസന

  ഓ. ടോ: ആ കത്ത് ഏത് പേപ്പറിലാണ് തയ്യാറാക്കിയതെന്ന് അറിയിച്ചാല്‍ കൊള്ളാമായിരുന്നു. എന്തു ക്വാളിറ്റിയാ അതിന്. വര്‍ഷങ്ങളല്ലെ പിടിച്ച് നിന്നത്. :)

 16. Vanaja said...

  സമരം എല്ലാവര്‍ക്കുമെന്നപോലെ അന്ന് എനിക്കും ഇഷ്ടമായിരുന്നു. പക്ഷേ ഒരിക്കലും ക്ലാസ്സ് കട്ട് ചെയ്തിട്ടില്ല.

  പലതും തിരിച്ചറിയുമ്പോഴേക്കും കാലം മറിച്ചൊന്നും ചേയ്യാനാവാത്ത വിധം കടന്നുപോയിട്ടുണ്ടാവും..

 17. ഷാഫി said...

  ത്രേസ്യച്ചേച്ചി കോമഡി വിട്ട് സെന്‍റിയിലേക്കു കടക്കുകയാണോ?
  കളക്ടര്‍ അവധി പ്രഖ്യാപിച്ചാലെങ്കിലും ഒരു സമരം നടന്നു കിട്ടി ക്ലാസ്സ് കട്ടു ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നോര്‍ത്ത് അഭിമാനപുളകിതയാവണം ചേച്ചീ. കാരണം, സമരം എന്ന മൂന്നക്ഷരത്തിനു പോയിട്ട് അതിന്‍റെ ചിന്തക്കു പോലും കടന്നുവരാന്‍ കഴിയാത്ത അറബിക്കോളേജില്‍ പഠിച്ച ഞങ്ങളുടെ അവസ്ഥ വെച്ചു നോക്കുമ്പോ ഇതൊക്കെ എത്രയോ മെച്ചമാണ്‍. ക്ലാസ്മേറ്റ്സ് എന്ന സിനിമ കണ്ട് കരഞ്ഞ സുഹൃത്തിനോട് എന്തുപറ്റിയെന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് എന്താണെന്നറിയോ? 'എടാ നമുക്കൊക്കെ നഷ്ടപ്പെടുന്ന ലോകം എത്ര വലുതാ എന്നാലോചിച്ചു കരഞ്ഞു പോയതാ' എന്ന്.
  .
  ഏതായാലും ഏച്ചീ നല്ല പോസ്റ്റ്.
  താങ്ക്സ്.

 18. ഏറനാടന്‍ said...

  :) ithum kollaaam...

 19. Praju and Stella Kattuveettil said...

  നല്ല പോസ്റ്റ് :)

 20. Anoop Technologist (അനൂപ് തിരുവല്ല) said...

  പതിവുപോലെ ഇതും ഒന്നാന്തരമായി...

 21. Unknown said...

  നന്നായിട്ടുണ്ട്. എനിക്ക് പണ്ട് ഒരു ഉത്തരക്കടലാസ് ഇങ്ങനെ പൊതിയായി കിട്ടിയിട്ടുണ്ട്. അന്ന വളരെ രസകരമായി വായിച്ച് ചിരിച്ച ചില ഉത്തരങ്ങള്‍ അതില്‍ ഉണ്ടായിരുന്നു.:)

 22. മൂര്‍ത്തി said...

  പോസ്റ്റ് കൊള്ളാം..

  ആവശ്യമുള്ള കാര്യത്തിനാണെങ്കില്‍ സമരം ആവാം...കരയുന്ന കുട്ടിക്കേ പാലുകിട്ടാറുള്ളൂ..

 23. Sethunath UN said...

  സമരം ചെയ്യാന്‍ വേണ്ടി മാത്രം ഒരുപാട് സമരം ചെയ്തവനാണീ ഞാന്‍. ആലപ്പുഴ എസ്.ഡി കോളേജില്‍.

  എസ്.എഫ്.ഐ ക്കു വേണ്ടി ഒരുപാടുച്ചത്തില്‍ മുദ്രാവാക്യം വിളിച്ച്, വണ്ടി തടഞ്ഞ്, അറസ്റ്റ് വരിച്ച്, അടികൊണ്ട്, അടികൊടുത്ത്....

  അലക്കിത്തേച്ച ഡിസൈനര്‍ ഷര്‍ട്ടുമിട്ട് പുറത്തുനിന്ന് വന്ന് നിര്‍ദ്ദേശങ്ങള്‍ തന്ന് എന്നെപ്പോലുള്ള കൊരങ്ങന്മാരെക്കൊണ്ട് ചുടുചോര്‍ വാരിച്ചിരുന്ന യുവനേതാക്കള്‍.

  പിന്നീട് സൗദിഅറേബ്യയിലും മറ്റും കഷ്ടപ്പെട്ട് ജോലിനോക്കുന്ന സമയത്ത്, ആലോച്ചിച്ച് പശ്ചാത്തപിച്ചിട്ടുണ്ട്. എന്തുമാത്രം സമയം പാഴാക്കി. എന്റെയും മറ്റുള്ളവരുടെയും.

  പക്ഷേ.. ഇന്നും ഞാനോര്‍ക്കുന്നു. "ഇന്നു സ്ട്രൈക്കുണ്ടോടേ?" എന്നു നേരത്തേ ഞങ്ങളോടു ചോദിച്ച് ഉണ്ടെങ്കില്‍ സന്തോഷം പ്രകടിപ്പിയ്ക്കുന്ന (മുങ്ങാനോ.. ചുമ്മാതിരിയ്ക്കാനോ) അദ്ധ്യാപ"ഹയന്‍" മാരെ. അവരുടെ ആ പ്രായമായപ്പോള്‍ ഞാന്‍ വീണ്ടുവിചാരം ചെയ്തിരുന്നു. പക്ഷേ അവരോ?

  ങാ.. എവിടെയും കാണുമല്ലോ പാഴുകള്‍..‍ പതിരുകള്‍!

  നല്ല പോസ്റ്റ്!

 24. ഏ.ആര്‍. നജീം said...

  തമാശയില്‍ തുടങ്ങി നല്ല ഒരു കാര്യത്തില്‍ അവസാനിപ്പിച്ച നല്ല പോസ്റ്റ്
  നന്ദി :)

 25. ബഹുവ്രീഹി said...

  നല്ല പോസ്റ്റ്..

  ഇങ്കിലാ സിന്ദാബാ

 26. N.J Joju said...

  വളരെ നന്നായിട്ടുണ്ട്.

  “ആവശ്യമുള്ള കാര്യത്തിനാണെങ്കില്‍ സമരം ആവാം...കരയുന്ന കുട്ടിക്കേ പാലുകിട്ടാറുള്ളൂ.. ”: മൂര്‍ത്തി

  എന്താടോ നന്നാവാ‍ത്തെ?

 27. സാല്‍ജോҐsaljo said...

  ങും.!

  എന്താ തിരിച്ചറിവ്... :)

  കൊള്ളാം.

 28. സുനീഷ് said...

  ഈ പോസ്റ്റിലെ നന്‍മ എനിക്കിഷ്ടമായി. പണ്ട്‌ അച്ചാച്ചന്‍ എല്ലാ അവധിക്കും ഇംഗ്ളീഷ്‌ ഗ്രാമര്‍ പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ വെറേ പണിയൊന്നും
  ഇല്ലേ എന്നാലോചിച്ചിട്ടുണ്ട്‌. അതിണ്റ്റെ ഗുണം ഇന്നാ മനസ്സിലാകുന്നത്‌.

  ഓ.ടോ: ഹം.... ഇനി കതിരില്‍ കൊണ്ടു വളം വച്ചിട്ട്‌ എന്തു കാര്യം അല്ലേ കൊച്ചുത്രേസ്യാക്കൊച്ചേ? (എന്നല്ലേ കൊച്ചു മനസ്സില്‍ വിചാരിച്ചത്‌?)

 29. ശാലിനി said...

  സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ സമരം ഇഷ്ടമായിരുന്നു, അവധി തന്നെ കാരണം. പക്ഷേ ഞങ്ങളുടെ കന്യാസ്ത്രീകള്‍ കൂട്ടമണിഅടിച്ച് സമരക്കാരെ കളിപ്പിച്ചിട്ട് ക്ലാസ് എടുക്കുമായിരുന്നു. രവിലെ തന്നെ നോട്ടീസ് വായിക്കും, കൂട്ടമണിയടിച്ചാലും ആരും പോകരുത് എന്ന്. എന്തുമാത്രം ദേഷ്യം തോന്നിയിട്ടുണ്ട്.

  ഇപ്പോള്‍ ഞാനും സമരത്തിനെതിരാണ്. ഏതെങ്കിലും സമരംകൊണ്ട് ഇവിടെ എന്തെങ്കിലും നേടിയിട്ടുണ്ടോ? മറ്റുള്ളവര്‍ക്ക് ഉപദ്രവം ആകാമെന്നല്ലാതെ!

 30. shams said...

  ഓര്‍മകളിലൂടെ റീവേര്‍ഴ്സ് ഗിയറില്‍....,
  ഒരിക്കലും തിരിച്ചു കിട്ടാത്ത
  ആ നല്ല ഇന്നലെകളിലേക്ക് നഷ്ട ബോധത്തോടെ.

  കൊള്ളാം.

 31. Kaithamullu said...

  അവധിക്കാലോം തിരുമ്മുചികിത്സേം ഓണോം മയേം പൊയേം വായത്തോട്ടോം ഒക്കെ കടന്ന്,ഡെങ്കിയും ഗുനിയായും ഒന്നും പിടിക്കാതെ, കൊറേക്കാലം കഴിഞ്ഞ് ബ്ലോഗീവന്ന് കേറീപ്പോ ...ജഗതി പറഞ്ഞ പോലെ ഹെന്റെ പൊന്നമ്മച്ചീ, ഹെന്തൊര് പൊക...ഹെന്തോര് നാറ്റം....!(അബദ്ധത്തീ കൊച്ചീപ്പട്ടണത്തീലെത്തിപ്പെട്ടതാണോയെന്ന് പോലും സംശിച്ചു ട്ടോ...)

  അപ്പോഴാ കൊച്ച് ത്രേസ്യാക്കൊച്ചിന്റെ സോദ്ദേശ്യകഥ കണ്ണീപ്പെട്ടത്...എന്നാ തിരിച്ച് വരവിന്റെ ആദ്യ തേങ്ങാ ഇവിടെത്തന്നെയിരിക്കേട്ടേന്ന് വച്ചു! (ആരുമെടുത്തടിച്ചേക്കല്ലേ...ആ കൊച്ച് അതെടുത്ത് ഒരു ചമ്മന്തി അരച്ചോട്ടേ!)

 32. d said...

  കൊച്ചു ത്രേസ്യാ, നന്നായി (പോസ്റ്റിനെയാണ് ഉദ്ദേശിച്ചത്)

  :)

 33. Shine said...

  ചാറ്റിക്കൊണ്ടിരുന്നപ്പൊ സുഹൃത്തു പറഞ്ഞു എടാ നമ്മുടെ കൊച്ചു പോസ്റ്റി! എപ്പൊ!!!???
  എന്റെ ആകാംശ അവനോടു സാവകാശം ചോദിക്കാതെ ചാറ്റു ക്ലോസ്സു ചെയ്തു, ഞാന്‍ നേരെ ബ്ലോഗിലേക്കോടി, ചാറ്റും ബ്ലോഗും കൂടി ഒന്നിച്ചു കൊണ്ടു പോകാന്‍ സിസ്റ്റത്തിനു ത്രാണി പോരാ (നല്ല സ്പീഡാ...)സിദ്ധീഖ്‌ലാലിന്റെ മുകേഷ് ചിത്രം കാണുന്ന ത്രില്ലോടെ ബ്ലോഗു ഓപ്പന്‍ ചെയ്തു,
  തുടക്കത്തില്‍ മുദ്രാവാക്യവും കല്ലെറിയുമായി നല്ല ആവേശം പിന്നെ പോലീസിന്റെ രൂപത്തില്‍ കത്തു വരുന്നു കത്തു കൊണ്ടുള്ള ലാത്തിച്ചാര്‍ജ്! അവസാനം കരഞ്ഞു തളര്‍ന്നു. ടി.എ.റസ്സാക്കിന്റെ സിനിമ കണ്ടിറങ്ങിയ പ്രതീതി!
  ഞാന്‍ പിണങ്ങി!
  ഇനി ചാനല്‍ മാറ്റിയാ വീണ്ടും പിണങ്ങും!
  ബസ്സില്‍ കോളേജിനു മുന്നില്‍ ചെന്നിറങ്ങിയ സമയം മുന്നില്‍ വീണു പൊട്ടിയ സോഡാകുപ്പിയെ നോക്കി ചീത്തപറഞ്ഞു അതെ ബസ്സില്‍ അറിയാതെ കയറിപ്പോയവനാ ഈ ഞാന്‍!
  വെറുതെ ഓര്‍മ്മിപ്പിച്ചു പേടിപ്പിക്കരുതു!

 34. ബിന്ദു.bindu said...
  This comment has been removed by the author.
 35. Unknown said...

  സ്ഥിരം കോമഡി പ്രതീക്ഷിച്ചാണു വായിച്ചു തുടങ്ങീതു...പക്ഷേ നമ്മുടെ അമ്മച്ചീടെ വാക്കുകള്‍ വായിച്ചപ്പോ സെന്റിയായി..നന്നായിട്ടുണ്ട് ചേച്ചി...ശരിക്കും ഡിഫറന്റ്...

 36. കൊച്ചുത്രേസ്യ said...

  ഹരീ അങ്ങനെ മലയാളത്തില്‍ പറഞ്ഞുകൊട്‌.

  സുനീഷേ എന്നിട്ടു വേണം പിള്ളരെല്ലാരും കൂടി എനിക്കിട്ടു കല്ലെറിയാന്‍ അല്ലേ.

  അരവിന്ദ്‌ നമ്മടെ തൊട്ടു മുന്‍പത്തെ തലമുറയിലെ ഒട്ടുമിക്ക ആളുകള്‍ക്കും ഇങ്ങനെയുള്ള കഥകള്‍ പറയാനുണ്ട്‌.അങ്ങനൊരു കാലഘട്ടമായിരുന്നു അത്‌. ഞങ്ങളുടെയൊക്കെ നാട്ടിലാണെങ്കില്‍ കൂനിന്മേല്‍ കുരു പോലെ കുടിയേറ്റത്തിന്റെ അനിശ്ചിതത്വവും. നമ്മളൊക്കെ ഭാഗ്യമുള്ളവരാണ്‌.പക്ഷെ ഒരു പ്രശ്നമുണ്ട്‌.അടുത്ത തലമുറയിലെ പിള്ളരോട്‌ 'നിന്റെയൊക്കെ പ്രായത്തില്‍ ഞാനൊക്കെ എന്തോരം കഷ്ടപ്പെട്ടിട്ടുണ്ടെന്ന്‌ അറിയാമോ' എന്നൊക്കെ ചോദിക്കാന്‍ വേണ്ടി
  ഒരനുഭവം പോലും നമ്മള്‍ക്കില്ലല്ലോ.കഷ്ടം :-(

  ചാത്താ ഇനി അടുത്തത്‌ അമ്മാവന്മാരെ പറ്റി ..പിന്നെ അയല്‍ക്കാരെ പറ്റി പിന്നെ നാട്ടുകാരെ പറ്റി പിന്നെ....

  ഉപാസനേ പല സിനിമകള്‍ക്കും ജീവിതവുമായി നല്ല സാമ്യമുണ്ട്‌.പപ്പേടെ കാര്യം പറയുകയാണെങ്കില്‍ ; ഇപ്പഴും പപ്പയ്ക്ക്‌ സയന്‍സെന്നു വച്ചാ ഭയങ്കര ആവേശമാണ്‌ പ്രത്യേകിച്ചും ഇലക്ട്രോണിക്സ്‌.. ആ ഫീല്‍ഡിലു വരുന്ന ഏതു പുതിയ ഡെവലപ്മെന്റ്സിനേം പറ്റി പഠിക്കും.എന്തിന്‌ എന്റെ ഇലക്ട്രോണിക്സിന്റെ മിനിപ്രൊജക്ടു പോലും പപ്പെടെ സഹായത്തോടെയാ പൂര്‍ത്തിയാക്കീത്‌. പിന്നെ കത്ത്‌- അത്‌ സാധാരണ ഇന്‍ലന്‍ഡിലാ എഴുതിയിരിക്കുന്നത്ത്‌. അതിന്റെ മടക്കൊക്കെ കീറി.തുറക്കുമ്പോ ഒരു മാതിരി പൊടിഞ്ഞു വീഴുകയാ. അതിനെ എങ്ങനെ നശിക്കാതെ രക്ഷിക്കാം എന്ന ഗവേഷണത്തിലാണു ഞാന്‍.

  ഞാന്‍ കോമഡി വിട്ടു എന്നു ചുമ്മാ വ്യാമോഹിക്കുന്നവരോടൊരു വാക്ക്‌. ഈ സെന്റിയൊക്കെ താല്‍ക്കാലികമായൊരു വിഭ്രമം മാത്രമാണ്‌. പുട്ടിനിടയ്ക്കു തേങ്ങയിടുന്നതു പോലെ ഒരു പ്രതിഭാസം :-)

 37. കൊച്ചുത്രേസ്യ said...

  ഈ പോസ്റ്റിട്ടതിന്റെ പേരില്‍ സമരം നടത്തി എന്നെ കല്ലെറിയാതിരുന്ന ഹരീ, കുഞ്ഞന്‍, ദീപു, ആലപ്പുഴക്കാരന്‍, വൈവസ്വതന്‍, ബീരാനിക്ക, കുതിരവട്ടന്‍, സഹയാത്രികന്‍, സതീഷ്, സുനീഷ്, അരവിന്ദ്,കിറുക്കുകള്‍,അരവിശിവ,ചാത്തന്‍,ഉപാസന, വനജ, ഷാഫി, സ്‌റ്റെല്ലൂസ്‌, അനൂപ്‌, ദില്‍ബു, നിഷ്കു, ഏറനാടന്‍, മൂര്‍ത്തി,നജീം, ബഹുവ്രീഹി, ജോജൂ, സാല്‍ജോ, കിച്ചന്‍സ്‌, ശാലിനി,കൈതമുള്ള്,വീണ,ഷൈന്‍,ബിന്ദു,മൃദുല്‍ അവര്‍കള്‍ക്ക്‌ ലാല്‍സലാം

 38. മുസ്തഫ|musthapha said...

  ടച്ചിംഗ് പോസ്റ്റ്...

  എന്തോ, ചുമ്മാ ഫീലിങ്ങായി...!

 39. Sherlock said...

  ഞാന്‍ സകല പോസ്റ്റും വാ‍യിച്ചു...രസകരമായിരിക്കുന്നു.

  ആശംസകള്‍

 40. ദിവാസ്വപ്നം said...

  പോസ്റ്റ്, പതിവുതെറ്റിച്ച്, ചിന്തിപ്പിച്ചു :)

  ഒരു ഓഫാണ് പറയാന്‍ വന്നത്. ചിരിപ്പിക്കാത്ത (ചിന്തിപ്പിക്കുന്ന, ഓര്‍മ്മിപ്പിക്കുന്ന) പോസ്റ്റുകള്‍ മറ്റൊരു ബ്ലോഗിലേയ്ക്കിട്ടാല്‍ വായനക്കാര്‍ക്ക് സഹായകരമായേനെ.

  (വളരെ താമസിച്ച് എനിക്കീ ബുദ്ധി തോന്നിയതുകൊണ്ട്, കുലച്ച വാഴ പിരിച്ചുവയ്ക്കുന്നതുപോലെ പുതിയ ബ്ലോഗിലേയ്ക്ക് പോസ്റ്റുകളും കമന്റുകളും കോപ്പിപേസ്റ്റ് ചെയ്യേണ്ടിവന്നു)

  സ്വാനുഭവാടിസ്ഥാനത്തില്‍ പറഞ്ഞതാണ്. എല്ലാവരുടെയും കേസില്‍ ആപ്ലിക്കബിളാകണമെന്നില്ല.

  regards,

 41. ശ്രീ said...

  പതിവില്‍‌ നിന്നും വ്യത്യസ്തമായ ഈ പോസ്റ്റ് കൂടുതല്‍‌ ഇഷ്ടപ്പെട്ടു. ഇതൊരു നല്ല തിരിച്ചറിവു തന്നെ. ഈ അനുഭവം പങ്കു വച്ചതിനും നന്ദി.
  :)

 42. Kiranz..!! said...

  1997 : സ്തംഭിപ്പിക്കും..സ്തംഭിപ്പിക്കും,ഈ ബ്ലോഗ് ഞങ്ങള്‍ സ്തംഭിപ്പിക്കും..കൊച്ചുത്രേസ്യേ മൂരാച്ചി,ബ്ലൊഗ് പൂട്ടി ഓടിക്കോ..!

  2007 : കൊട് കൈ കൊച്ചൂ..

  ശെന്തൊരു ഗതികേട്..:)

 43. G.MANU said...

  അപ്പോ അച്ചാമ്മച്ചേച്ചിക്കു വിവരവും ഉണ്ടല്ലേ...കസറന്‍ ചിന്ത..കൊടുകൈ..

 44. ജാസൂട്ടി said...

  സമരം വന്നാലും ഹര്‍ത്താല്‍ വന്നാലും എന്തിനേറെ ഭരണം തന്നെ മാറിയാലും ഇവിടെ ഇതൊന്നും ബാധകമല്ല എന്ന മട്ടില്‍ എല്ലാം നോക്കി നില്‍ക്കുന്ന പ്രിന്‍സിപ്പാളിനെ ഞാനും മനസില്‍ എന്തൊക്കെയോ വിളിച്ചിട്ടുണ്ട്. ഇപ്പോള്‍ അതൊക്കെയോര്‍ത്ത് കുറ്റബോധം തോന്നാതെയില്ല.
  യാന്ത്രികമായി ഞാനിനി പ്രവര്‍ത്തിക്കുമോ? ;)

  കോമഡിയില്ലെങ്കിലും ഇഷ്ട്ടമായി...എന്നാലും തശാമ കളയണ്ടാട്ടോ...?ഒന്നു ചിരിച്ചു ആയുസു കൂട്ടാനുപകരിക്കുന്ന ഇടമാണല്ലോ ത്രേസ്യ ചേച്ചീടെ ബ്ലോഗും ബ്ലോഗിടവും...:)

 45. Cartoonist said...

  12ആം വയസ്സില്‍ പ്രസിദ്ധീകരിച്ച എന്റെ ആദ്യ കാര്‍ട്ടൂണിനുശേഷം ദേ 31 വര്‍ഷങ്ങള്‍ കൂടി പോയിക്കഴിഞ്ഞു എന്നു വിലപിച്ചിട്ടെന്താ, വെറും നാലു മാസം മുന്‍പ് ബ്ലോഗ്ഗിങ്ങിലേയ്കു കടന്ന എനിയ്ക്ക് ഇന്നോളം ഏറ്റവും പ്രോത്സാഹനം തന്നത് ബ്ലോഗര്‍മാര്‍ എന്നൊരു ഗോത്രവര്‍ഗ്ഗക്കാരാണ്.
  “ബലേ ഭേഷ് തടിയാ“ എന്നു പുറത്തു തട്ടിയവരില്‍ കൊച്ചുത്രേസ്സ്യയും പെടും.

  ന്നല്ലുരുളയ്ക്കു നല്ലുപ്പേരി എന്നു കൂട്ട്യാലും നൊ പ്രോബ്ലം.... ഇത്തരം എഴുത്തുകളാണിഷ്ടം.

  ഇവിടെ ഞാന്‍ ചില കൊച്ചുകുട്ടികളുടെ മാഷാണ് . വിഷയങ്ങള്‍ - വര‍,കുട്ടിനാടകം, ഇംഗ്ലീഷ്.

  ബലേ ഭേഷ് കൊച്ചുത്രേസ്സ്യ !

 46. സൂര്യോദയം said...

  വൈകാരികമായ പോസ്റ്റ്‌...

  എന്റെ അമ്മൂമ്മയ്ക്ക്‌ പഠിക്കാന്‍ കഴിയാതെ പോയ കാരണം ഒരു ത്യാഗത്തിന്റേതാണ്‌. അന്ന്, അമ്മൂമ്മയുടെ അമ്മ പ്രസവം കഴിഞ്ഞ സമയം... അമ്മൂമ്മ സ്കൂളില്‍ പോയാല്‍ കുട്ടിയേ നോക്കലും അമ്മയുടെ ആരോഗ്യവും കഷ്ടത്തിലാവുമെന്ന കണ്ട അമ്മൂമ്മയുടെ അച്ഛന്‍ അമ്മൂമ്മയോട്‌ ഒരു ചോദ്യം ചോദിച്ചു.. "നിനക്ക്‌ പഠിപ്പ്‌ വേണോ, അമ്മയെ വേണോ?"

  "എനിയ്ക്ക്‌ അമ്മയെ മതി" എന്ന് പറഞ്ഞ്‌ എട്ടാം ക്ലാസ്സില്‍ അമ്മൂമ്മ പഠിപ്പ്‌ നിര്‍ത്തി.

  അമ്മൂമ്മയുടെ അനിയത്തിയും മൂന്ന് അനിയന്മാരും നല്ല വിദ്യാഭ്യാസം ലഭിച്ച്‌ നല്ല ജോലിയുമായി ജീവിച്ചു. അമ്മൂമ്മ, വീട്ടുകാരിയായി പല ജീവിതബുദ്ധിമുട്ടുകളും അനുഭവിച്ചു. എങ്കിലും അമ്മൂമ്മയുടെ മക്കള്‍ (എന്റെ അമ്മയടക്കം) പഠിച്ച്‌ നല്ല നിലയിലാകുകയും ആ അമ്മയെ നല്ല രീതിയില്‍ നോക്കുകയും ചെയ്തു. എനിയ്ക്കും ആ അമ്മൂമ്മയെ സന്തോഷിപ്പിക്കാനും ശുശ്രൂഷിക്കാനും അവസരം ലഭിച്ചു എന്നതില്‍ വലിയ സന്തോഷമുണ്ട്‌.

 47. ബിന്ദു.bindu said...

  af

 48. കൊച്ചുത്രേസ്യ said...

  ദിവാ നിര്‍ദ്ദേശം വരവു വച്ചിരിക്കുന്നു.ഇതു ഞാന്‍ കുറച്ചു ദിവസമായി വിചാരിക്കുന്നു. മടി കാരണം ഒന്നും നടക്കുന്നില്ല :-)

  മനൂജീ എനിക്കു വിവരമുണ്ടെന്നു പറഞ്ഞതിന്‌ ഒരു സ്പെഷ്യല്‍ താങ്ക്സ്‌.

  കിരണ്‍സേ അടി..1997-ല്‍ ബ്ലോഗ്‌ എന്താണെന്നു പോലും എനിക്കറിയില്ലായിരുന്നു.അല്ല അന്നു ബ്ലോഗ്‌ ഉണ്ടായിരുന്നോ??

  ജാസൂ അങ്ങനെ എന്റെ ബ്ലോഗില്‍ വന്ന്‌ ചുളുവില്‍ ആയുസ്സു കൂട്ടാംന്ന്‌ വ്യാമോഹിച്ചു അല്ലേ. നടക്കില്ല മോളേ.. :-)
  അഗ്രജന്‍,ജിഹേഷ് ,ശ്രീ,കാര്‍ട്ടൂണിസ്റ്റ് ,സൂര്യോദയം-വന്നതിനും വായിച്ചതിനും നന്ദി

  ബിന്ദു എനിക്കു തന്നിരിക്കുന്ന ഡാവിഞ്ചികോഡ്‌ സോള്‍വ്‌ ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക്‌ എന്റെ വക ഒരു കോലുമുട്ടായി.

 49. yetanother.softwarejunk said...

  clean , clear message :-)

 50. സുല്‍ |Sul said...

  ത്രേസ്യാകൊച്ചേ
  എത്ര പെട്ടെന്നാണ് കളിയില്‍ നിന്നും കാര്യത്തിലേക്ക് കടന്നത്.
  നല്ല ലേഖനം. എഴുത്തും നല്ലത്.
  -സുല്‍

 51. Sathees Makkoth | Asha Revamma said...

  ഹൃദയത്തില്‍ തട്ടുന്ന എഴുത്ത്.

 52. ആഷ | Asha said...

  ത്രേസ്യാകുട്ടി അപ്പോ തമാശ മാത്രമല്ല സീരിയസായി എഴുതാനും മിടുക്കിയാണെന്നു തെളിയിച്ചു.
  നന്നായിരിക്കുന്നു. ഒരു ചിരിയും കൂടി ഇരിക്കട്ടെ :)

 53. ഉപാസന || Upasana said...
  This comment has been removed by the author.
 54. ഉണ്ണിക്കുട്ടന്‍ said...

  കൊച്ചുത്രേസ്യാ പോസ്റ്റ് ഇഷ്ടായി. ഫസ്റ്റ് ഹാഫ് കോമഡീം സെക്കന്റ് ഹാഫ് സെന്റീമായ ഒരു സിനിമ കണ്ട പോലെ. പോസ്റ്റിന്റെ മൊത്തത്തിലുള്ള മൂഡ് (ഒലക്കേടെ മൂഡല്ല) കൊള്ളാം.
  [ഇത്രേം പൊക്കി പറയണ്ടായിരുന്നു..ഊം..]

 55. പ്രയാസി said...

  കൊച്ചുത്ര്യേസ്യയുടെ ബ്ലോഗു വായിച്ചു വായിച്ചു ഞാനും ഒരു ബ്ലോഗറായി :)

 56. കൊച്ചുത്രേസ്യ said...

  yasj,സുല്‍, ആഷ,സതീഷ്‌,ഉണ്ണിക്കുട്ടന്‍, പ്രയാസി ഇഷ്ടപ്പെട്ടൂന്നറിഞ്ഞതില്‍ സന്തോഷം.

 57. ക്രിസ്‌വിന്‍ said...

  ഏകദേശം 6 മാസത്തോളമായി ഞാന്‍ മലയാളം ബ്ലോഗുകളുടെ നിത്യസന്ദര്‍ശകനാണ്‌.കൊച്ചുത്രേസ്യയുടെ എല്ലാ ബ്ലോഗുകളും ഞാന്‍ വായിക്കറുമുണ്ട്‌.ദയവായി എന്റെ ബ്ലോഗ്‌ വയിച്ച്‌ അഭിപ്രായം പറയാമോ.അനുകൂലമോ പ്രതികൂലമോ ആയിക്കൊള്ളട്ടെ താങ്കളുടെ ശക്തമായ വാക്കുകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു
  http://divine-rc.blogspot.com

 58. payyans said...

  Hi,
  that was a touching one..
  i was bit late to read it...
  :)

 59. Babu Kalyanam said...

  "Njan Serious Ayi" ennu paranju pattichallo, enna vayichu thudangiyappol thonniyathu...

  Vayichu theernappol, "Hello" cinema-yil Jagathi parayunna pole
  "A manushyante (ee ente) kannu niranju poyi!!!!"

  Aro oru "Kochu Thresya Fans Club" thudangunnu ennu kettallo.. Thudangiyenkil enneyum cherkoo please...

 60. navaneeth said...

  കൊച്ചേ, ഒരു വല്ലാത്ത വീര്‍പ്പു മുട്ട്, ഇതു വായിച്ചപ്പോ... നന്നായിട്ടുണ്ട്...

 61. Pyari said...

  മലയാളത്തില്‍ എഴുതിയാല്‍ ഇത്തിരി നാടകീയമായി തോന്നിയാലോ ...
  അത് കൊണ്ട് english ഇല്‍ എഴുതാം ...

  Your pappa is definitely a succesful father. Ofcourse lucky too.. to get a daughter like you!

 62. Programmer said...

  Enthina kochuthresa enne ingane karayippikkunee...

  Kidilam post ..

  -Binu