Saturday, November 3, 2007

ഒരു ബ്ലഡ്‌ ടെസ്റ്റ്‌ പുരാണം..

"ശരിക്കൊന്നലോചിച്ചു നോക്കിയേ.. നിനക്കാരോടെങ്കിലും പ്രേമമുണ്ടോ?"

ഞാന്‍ ശരിക്കു തന്നെ ആലോചിച്ചു നോക്കി. ഒന്നും തടഞ്ഞില്ല.

"ഇല്ല എന്‍ററിവില്‍ അങ്ങനൊന്നുമില്ല"

"ങാ സാധാരണയായി നീയിപ്പറഞ്ഞ അസുഖങ്ങളൊക്കെ പ്രേമം അസ്ഥിയ്ക്കു പിടിക്കുന്നതിന്റെ ലക്ഷണമാ. എന്തയാലും ഇത്‌ അതല്ലാത്ത സ്ഥിതിയ്ക്ക്‌ നിനക്കെന്തോ മാരകാരോഗമാണെന്നാ തോന്നുന്നത്‌. വേഗം പോയി ഒരു ഡോക്ടറെ കാണ്‌"

എന്‍റെ മനസമാധാനത്തിനു മേല്‍ അവസാനത്തെ ആണിയുമടിച്ച്‌ കൂട്ടുകാരി വിധി പ്രസ്താവിച്ചു. ആകെ ടെന്‍ഷനായി.അല്ലെങ്കില്‍ തന്നെ കുഞ്ഞോരു ജലദോഷം വന്നാല്‍ പോലും ചിന്തിച്ച്‌ ചിന്തിച്ച്‌ അതിനെ മൂക്കില്‍ ക്യാന്‍സര്‍ വരെയാക്കുന്ന സ്വഭാവമാണെന്‍റേത്‌.ഇതിപ്പോ കാര്യമെന്താന്നു വച്ചാല്‍ കുറച്ചു ദിവസങ്ങളായി നല്ല സുഖമില്ല. ആകെപ്പാടെ ഒരു ലക്കും ലഗാനുമില്ലത്ത അവ്സ്ഥ.ഇത്തിരി സാഹിത്യഭാഷേല്‍ പറഞ്ഞാല്‍ കണ്ണെത്തുന്നിടത്തു കയ്യും കയ്യെത്തുന്നിടത്തു മനസ്സുമെത്തുന്നില്ല. ഒരു ബ്രെയ്ക്കെടുത്താല്‍ ശരിയാവുംന്ന്‌ ഒരു തോന്നല്‍. പക്ഷെ ആരെങ്കിലും ലീവിന്‌ അപ്ലൈ ചെയ്യുന്നതും കാത്തിരിക്കുകയാണ്‌ മാനേജര്‌- അതു റിജക്ടു ചെയ്യാന്‍.അതു കൊണ്ട്‌ ശകലം വളഞ്ഞ വഴി കണ്ടെത്തി. ഏതെങ്കിലും ഡോക്ടറെകൊണ്ട്‌ ‘മിനിമും ഒരു പത്തുദിവസമെങ്കിലും റെസ്റ്റ്‌ എടുത്തില്ലെങ്കില്‍ ഇക്കുട്ടീടെ കാര്യം കട്ടപ്പൊക’ എന്നെഴുതി മേടിക്കുക. അതങ്ങോട്ടു കാണിച്ചാല്‍ പിന്നെ മാനേജരല്ല അങ്ങേരുടെ വല്യപ്പൂപ്പന്‍ വരെ ലീവു തരും.അതു മാത്രമല്ല, കൂട്ടുകാരിപറഞ്ഞ പോലെ ഇനി വല്ല മാരകരോഗവുമാണെങ്കില്‍ അതുമറിയാലോ. എവിടെ പോകണംന്ന്‌ ഗൂഗിള്‍ സെര്‍ച്ച്‌ നടത്തി നോക്കീപ്പഴതാ നമ്മടെ തൈക്കാട്ടു മൂസ്സ്‌ ലൈഫ്സ്റ്റെയില്‍ ഡിസീസിനു വേണ്ടി ബാംഗ്ലൂരില്‍ ക്ലിനിക്ക്‌ സെറ്റപ്പ്‌ ചെയ്തിട്ടുണ്ടെന്ന്‌.പിന്നൊന്നും ചിന്തിച്ചില്ല അങ്ങോട്ടു തന്നെ വിട്ടു.

ഒരു പാവം ഡോക്ടറ്‌..കടങ്കഥ കേള്‍ക്കുന്ന പോലിരുന്ന്‌ എന്റെ പരിദേവനം മുഴുവന്‍ കേട്ടു. എന്നിട്ട്‌ നീട്ടിപ്പിടിച്ച്‌ ഉപദേശമാരംഭിച്ചു.ഇങ്ങനെ നടക്കണം; അങ്ങനെ ഇരിക്കരുത്‌; ഇത്രസമയം ഉറങ്ങണം; സമയത്ത്‌ ഭക്ഷണം കഴിക്കണം തുടങ്ങി എല്ലാകാര്യങ്ങളും പറഞ്ഞു;പക്ഷെ റെസ്റ്റെടുക്കണം എന്നു മാത്രം പറയുന്നില്ല.എല്ലാം കഴിഞ്ഞ്‌ ഒരു എട്ടുപത്തു കഷായങ്ങളുടെ പേര്‌ ഒരു കടലാസിലെഴുതി നീട്ടിക്കൊണ്ട്‌ ഒരാശ്വസിപ്പിക്കലും.

"ഇതൊക്കെ ഈ ഫീല്‍ഡില്‍ സാധാരണയാ. ഒന്നും പേടിക്കാനില്ല"

എന്നും പറഞ്ഞ്‌ ഡോക്ടറങ്ങ്‌ ഉപസംഹരിക്കാന്‍ തുടങ്ങുകയാണ്‌.അപ്പോള്‍ റെസ്റ്റ്‌?? ആവശ്യം നമ്മടെയല്ലേ. ഞാനങ്ങ്‌ ഇടിച്ചുകേറി ചോദിച്ചു.

"എനിക്കും തോന്നി.കുറച്ചു ദിവസം റെസ്റ്റെടുത്താല്‍ എല്ലാം ശരിയാവും അല്ലേ" എന്നിട്ട്‌ പ്രതീക്ഷയോടെ ഡോക്ടറെ നോക്കി.

"ഏയ്‌ അതിന്‍റാവശ്യമൊന്നുമില്ല. ഈ മരുന്നൊക്കെ കഴിച്ചാല്‍ മതി. 15 ദിവസം കഴിഞ്ഞ്‌ എന്നെ വന്നു കാണണം.. ങാ പിന്നെ അതില്‌ ബ്ലഡ്‌ ടെസ്റ്റിനെഴുതീട്ടുണ്ട്‌. ഇനി വരുമ്പോള്‍ അതിന്‍റെ റിസല്‍ട്ടും കൊണ്ടുവരണം". രോഗികളുടെ മനസ്സു കാണാന്‍ കഴിയാത്ത ഒരു ഡോക്ടര്‍..

ചീറ്റിപ്പോയ മോഹങ്ങളുമായി അവിടുന്നിറങ്ങി. 'റെസ്റ്റ്‌ സ്വപ്നങ്ങള്‍' പൊളിഞ്ഞു പാളീസായീന്നു മാത്രമല്ല ഇനിയിപ്പോ ഈ ടെസ്റ്റു ചെയ്യാനും കൂടി സമയം മിനക്കെടുത്തണം.പോട്ടെ എന്തായാലും ഇത്രേം ദിവസമുണ്ടല്ലോ. അതിനിടയ്ക്ക്‌ എപ്പഴെങ്കിലും പോയി ചെയ്യാം.ഞാന്‍ എന്നെതന്നെ ആശ്വസിപ്പിച്ചു

പറയുമ്പം എല്ലാം പറയണമല്ലോ.. അന്നു മാത്രമല്ല പിന്നീടുള്ള 15 ദിവസവും ഞാനാ ഡയലോഗു തന്നെ പറഞ്ഞു.ചുരുക്കത്തില്‌ ഡോക്ടര്‍ടടുത്തെയ്ക്ക്‌ റിസല്‍ട്ടും കൊണ്ട്‌ പോവണ്ട സമയമായിട്ടും ടെസ്റ്റു ചെയ്യപ്പെടണ്ട ബ്ലഡൊക്കെ എന്റെ ഞരമ്പില്‍ കൂടി ഓടിക്കളിച്ചുകൊണ്ടിരിക്കുകയാണ്‌..ഒരു നൈറ്റ്‌ ഷിഫ്റ്റും കഴിഞ്ഞ്‌ വീട്ടില്‍ ചെന്നു കേറീപ്പഴാണ്‌ ഈ തിരിച്ചറിവുണ്ടായത്‌. ഇനീം വൈകിക്കാന്‍ പറ്റില്ല. അടുത്തു വല്ല ലാബുമുണ്ടോന്നു ചോദിച്ചപ്പോള്‍ ഗൂഗിളണ്ണന്‍ കൈമലര്‍ത്തിക്കാണിച്ചു.ഇനിയിപ്പോ ആകെയറിയുന്നത്‌ വൈദേഹി ഹോസ്പിറ്റലാണ്‌. അങ്ങോട്ടു തന്നെ വച്ചുപിടിയ്ക്കാന്‍ തീരുമാനിച്ചു. നോക്കുമ്പോള്‍ അനിയന്‍ ഓഫീസില്‍ പോകാനൊരുങ്ങുകയാണ്‌. അവന്‍ പോകുന്ന വഴിക്കാണ്‌ വൈദേഹി.ഒന്നു മണിയടിച്ചാല്‍ ഒരു ലിഫ്റ്റ്‌ കിട്ടാന്‍ ചാന്‍സുണ്ട്‌. ഇത്തിരി സെന്റിയായി തന്നെ കാര്യമവതരിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ട്‌ കേട്ടപാടേ അവനങ്ങ്‌ സമ്മതിച്ചു.

'ശ്ശൊ പെട്ടെന്നു സമ്മതിച്ചല്ലോ..ഇവനിതെന്തു പറ്റി- നന്നായിപോയോ?' ഞാനാകെ ആശയക്കുഴപ്പത്തിലായി

“ലിഫ്റ്റൊക്കെ തരാം . പക്ഷെ എന്റെ ഷര്‍ട്ട്‌ ഇസ്തിരിയിട്ടു തരണം. അല്ലെങ്കില്‍ ഷൂ പോളിഷ്‌ ചെയ്യണം. ഇതിലേതു ചെയ്യണമെന്നുള്ളത്‌ നിനക്കു വിട്ടു തന്നിരിക്കുന്നു" അവന്‍ മഹാമനസ്കനായി.

“ഒന്നു പോടാ. നിന്റെ ഒണക്ക വണ്ടി മാത്രമല്ലല്ലോ ഇവിടുള്ളത്‌. ഞാന്‍ വല്ല ബസ്സിനും പോയ്ക്കോളം” അല്ല പിന്നെ.. ഇത്തിരി താഴാംന്നു വെച്ചപ്പം ചെക്കന്‍ തലേല്‍ കേറുകയാണ്‌.

അവന്റെ സഹായം ആവശ്യമില്ല എന്നൊക്കെ വീരവാദമടിച്ചെങ്കിലും ഈ ബസ്സിലൊക്കെ കേറിപോകുന്നത്‌ ഒരു സുഖമില്ലാത്ത പരിപാടിയാണ്‌. ഞാന്‍ മിന്നല്‍വേഗത്തില്‍ ബ്രേക്ഫാസ്റ്റും കഴിച്ച്‌ താഴേയ്ക്കോടി. എന്നിട്ട്‌ ചുമ്മാ ബൈക്കില്‍ തൊട്ടും തലോടീമൊക്കെ നിന്നു. അവന്‍ വന്ന്‌ എന്നെ പുല്ലുവില പോലും കല്‍പിക്കാതെ ബൈക്ക്‌ സ്റ്റാര്‍ട്ടാക്കാന്‍ തുങ്ങി.

"ഡാ ഞാനും വരുന്നു. നീ അവിടെത്തുമ്പോള്‍ വണ്ടി നിര്‍ത്തുകയൊന്നും വേണ്ട. കുറച്ചൊന്ന്‌ സ്ലോ ആക്കിയാല്‍ മതി. ഞാന്‍ ചാടിക്കോളാം" ഞാന്‍ അഡ്ജസ്റ്റ്മെന്റിന്റെ അങ്ങേയറ്റത്തെത്തി..

"ങും ങും പെട്ടെന്ന്‌ കേറ്‌"അവനങ്ങു സമ്മതിച്ചു.പ്രതീക്ഷിച്ചതു പോലെ ഒന്നു കളിയാക്കീതു പോലുമില്ല.

അങ്ങനെ വിജയകരമായി ഞാന്‍ ഹോസ്പിറ്റലിലെത്തി. അകത്തേക്കു കേറിച്ചെന്നതേ കണ്ടു നമ്മടെ സത്യസയിബാബ രണ്ടു പോസില്‌ ചിരിച്ചോണ്ടു നിക്കുന്നു—ഫോട്ടോയില്‌. ആകെപ്പാടേ ഒരുന്മേഷം തോന്നിപ്പോയി. ക്യാഷ്‌ കൗണ്ടറിലേക്കു നോക്കിയപ്പോള്‍ ആ ഉന്മേഷമൊക്കെ വന്ന വഴിയ്ക്കു തന്നെ തിരിച്ചു പോയി. അത്രേം രാവിലെയായിട്ടും അവിടുത്തെ ക്യൂവിന്‌ നല്ല നീളം. എന്തായാലും അവിടെ ചെന്നു നിന്നു. എന്റെ ഊഴമായപ്പോള്‍ ഭവ്യതയോടെ ടെസ്റ്റിന്റെ ഡീറ്റെയ്‌ല്‌സെഴുതിയ പേപ്പറെടുത്തു കൊടുത്തു.

"മാഡം രെജിസ്ട്രേഷന്‍ നമ്പര്‍??" അകത്തുന്ന്‌ ഒരു സ്ത്രീശബ്ദം

"രെജിസ്ടര്‍ ചെയ്താലല്ലേ ചേച്ചീ ഇപ്പറഞ്ഞ നമ്പറുണ്ടാവൂ.എനിക്ക്‌ ഡോക്ടറെയൊന്നും കാണണ്ട. ഈ ടെസ്റ്റൊന്നു ചെയ്തു കിട്ടിയാല്‍ മതി"

"അപ്പുറത്തെ കൗണ്ടരില്‍ പോയി രെജിസ്റ്റര്‍ ചെയ്തിട്ടു വരൂ. അതില്ലാതെ പറ്റില്ല. ഇവിടുത്തെ റൂളാണ്‌"

ഞാന്‍ പിന്നെ തര്‍ക്കിക്കാനൊന്നും നിന്നില്ല. സത്യസായിബാബേടെ ഹോസ്പിറ്റലാണ്‌. അങ്ങേരുണ്ടാക്കിയ റൂളിനെ എതിര്‍ക്കാന്‍ കേവലമൊരു മനുഷ്യജീവിയായ ഞാനാര്‌.

രെജിസ്ട്രേഷന്‍ കൗണ്ടരില്‍ വെല്യ തിരക്കൊന്നുമില്ല.ഒരു ചേട്ടനും ചേച്ചിയും കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ്‌ അവിടിരിക്കുന്നുണ്ട്‌.പേരും അഡ്രസ്സുമൊക്കെ പറഞ്ഞു കൊടുത്തു.അപ്പഴവര്‍ക്ക്‌ പ്രോബ്ലമെന്താണെന്നറിയണം. ഞാന്‍ കണ്ണൊക്കെ ഒന്നു തിരുമ്മി വെറുതെയെന്തോ പറഞ്ഞു .എന്താ വേണ്ടതെന്നു വെച്ചാല്‍ എഴുതിക്കോട്ടെ.എന്തെഴുതിയാലും കുഴപ്പമില്ല. നമ്മക്കൊരു രെജിസ്ട്രേഷന്‍ നമ്പര്‍ കിട്ടിയാല്‍ മതി.

അവര്‌ പരസ്പരം നോക്കി.ഒന്നും മനസ്സിലായില്ലാന്നുറപ്പ്‌. എന്നിട്ട്‌ എന്തോ എഴുതി പേപ്പറില്‍ ഒരു സീലുമടിച്ചു തന്നു. നോക്കുമ്പോള്‍ 'ഒഫ്താല്‍' എന്നാണ്‌ സീല്‌. കണ്ണും തിരുമ്മിനില്‍ക്കുന്നതു കണ്ടപ്പോള്‍ എനിക്കു കണ്ണിനസുഖമാണെന്നു വിചാരിച്ചു പോയിട്ടുണ്ടാകും. ഇക്കണക്കിന്‌ ഞാനവിടെ നിന്ന്‌ തല ചൊറിഞ്ഞാല്‍ തലയ്ക്കസുഖമാണെന്ന്‌ സീലടിച്ചു തന്നേക്കുമല്ലോ. ഞാന്‍ തിരുത്താനൊന്നും പോയില്ല. എന്തായാലും ഡോക്ടറെയൊന്നും കാണാന്‍ പോവുന്നില്ല. പിന്നെന്താ പ്രശ്നം.

തിരിച്ചു വീണ്ടും ക്യൂവില്‍. ഇത്തവണയും അകത്തുള്ള ചേച്ചിക്കെന്തോ ഒരു ദഹിക്കായ്ക.

"ഇതില്‌ ഡോക്ടര്‍ടെ സൈനെവിടെ?? "

"അതിലുണ്ടല്ലോ"ഞാന്‍ കാണിച്ചു കൊടുത്തു.

"ഇതേതു ഹോസ്പിറ്റലിലേതാ? ടൈ ടൈ.. "

"തൈക്കാട്ടുമൂസ്സ്‌.." ചേച്ചീടെ ബുദ്ധിമുട്ട്‌ കണ്ട്‌ ഞാന്‍ പൂരിപ്പിച്ചു കൊടുത്തു.

എന്തോ മുട്ടന്‍ തെറി കേട്ടപോലെ ചേച്ചി എന്നെ ഞെട്ടി നോക്കി.

"ഇവിടുത്തെ ഡോക്ടറുടെ സൈന്‍ വേണം"
ചേച്ചി എന്നേം കൊണ്ടേ പോവൂ എന്നുറപ്പിച്ചിറിങ്ങിയിരിക്കുകയാണ്‌.

"നോക്ക്‌ എനിക്കിവിടുത്തെ ഡോക്ടറെ ബുദ്ധിമുട്ടിക്കണമെന്നില്ല. അങ്ങനെ ഒരുപാടു ഡോക്ടര്‍മാര്‍ നോക്കേണ്ട രോഗമൊന്നും എനിക്കില്ല താനും. ആ ബ്ലഡ്‌-ടെസ്റ്റ്‌ ഒന്നു ചെയ്തു കിട്ടിയാല്‍ മാത്രം മതി."

"പറ്റില്ല മാഡം. ഇവിടുത്തെ ഡോക്ടര്‍ പറയാതെ ഞങ്ങള്‍ക്ക്‌ ബില്ല്‌ ഇഷ്യൂ ചെയ്യാന്‍ പറ്റില്ല.."

ഞാന്‍ കുറച്ചു സമയം ആ ചേച്ചിയെ തുറിച്ചു നോക്കി. എന്നിട്ട്‌ എല്ലാരോടും പിണങ്ങി അവിടെ ഒരു കസേരയില്‍ ചെന്നിരുന്നു. ഒരു രാത്രീലെ മുഴുവന്‍ ഉറക്കം ബാക്കിയുണ്ട്‌. എത്രയും പെട്ടെന്ന്‌ ഇപ്പണി തീര്‍ത്ത്‌ പോയിക്കിടന്നുറങ്ങണം. ഇനി വേറൊരു ലാബ്‌ അന്വേഷിച്ചു പോകാവുന്ന ഒരവസ്ഥയിലല്ല. അതുകൊണ്ട്‌ ഇവിടെ തന്നെ പണ്ടാരമടങ്ങാം എന്റെ കോമണ്‍സെന്‍സ്‌ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

ഞാന്‍ ഡോക്ടറെ തേടി യാത്രയായി.ആയുര്‍വേദക്കാരുടെ പ്രിസ്ക്രിപ്ഷനാണ്‌ കയ്യിലിരിക്കുന്നത്‌. അതു കണ്ട്‌ ഇവരെന്നോടു വല്ല ചിറ്റമ്മനയോം കാണിക്കുമോ? അതിലും വെല്യ പ്രതിസന്ധി വേറെയുണ്ട്‌.രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌ കണ്ണുഡോക്ടര്‍ടടുത്തേക്കാണ്‌. കണ്ണിന്റെ ഒരസുഖത്തിനും ബ്ലഡ്‌ടെസ്റ്റിനെഴുതിതരുന്നതായി ഞാനിതു വരെ കേട്ടിട്ടില്ല.എന്തായാലും നനഞ്ഞിറങ്ങി..ഇനി കുളിച്ചു തന്നെ കേറാം.ഒരു വിധത്തില്‍ കണ്ണുഡോക്ടറെ കണ്ട്‌കാര്യമൊക്കെ പറഞ്ഞു. അവരെന്തായാലും ആദ്യമൊന്നു ചിരിച്ചിട്ട്‌ പിന്നെ എന്റെ കണ്ണൊക്കെ ചുമ്മാ ഒന്നു ടെസ്റ്റു ചെയ്തു. എന്നിട്ട്‌ ബ്ലഡ്‌ടെസ്റ്റിനെഴുതി തന്നു.

വീണ്ടും ചേച്ചിയുടെ സവിധത്തില്‍....ഇത്തവണ എല്ലാം ശരിയാകും. എന്നെ ബുദ്ധിമുട്ടിക്കാന്‍ ചേച്ചിയ്ക്ക്‌ ഒരു പഴുതുമില്ല. ഞാന്‍ അഹങ്കരിച്ചു.

"450 രൂപ.."ചേച്ചി ബില്ലും നീട്ടി നില്‍ക്കുകയാണ്‌.

ഞാന്‍ കാര്‍ഡെടുത്തു കൊടുത്തു.

" സോറി മാഡം. നോ കാര്‍ഡ്‌.. ക്യാഷ്‌ പ്ലീസ്‌.."

അപ്പറഞ്ഞതു തമാശ. പൈസേം കൊണ്ടു നടക്കുന്ന ചീത്ത സ്വഭാവം എനിക്കു പണ്ടേ ഇല്ല. ബാഗില്‌ മുങ്ങിത്തപ്പിയാല്‍ ഒരു 15 രൂപെടെ ചില്ലറ കിട്ടിയേക്കാം. പിന്നെ കുറെ സൊഡോക്സോ കൂപ്പണും. പക്ഷെ ഇതും കൊണ്ടൊന്നും കാര്യമില്ലല്ലോ.. ഇത്തവണ ഞാന്‍ നേരെ പോയത്‌ May I help you-ലെക്കാണ്‌. എന്നിട്ട്‌ ഞാനൊരു വേദനിക്കുന്ന കോടീശ്വരിയാണെന്നും കാര്‍ഡ്‌ സ്വീകരിക്കാതെ എന്നോടു പൈസ ചോദിക്കുന്നത്‌ ദൈവം പൊറുക്കാത്ത തെറ്റാണെന്നും ഒക്കെ ഘോരഘോരം വാദിച്ചു.എല്ലത്തിന്റേം അവസാനം 'കയ്യില്‍ കാശും കൊണ്ടു നടക്കുന്ന ഒരു ഐ.ടി തൊഴിലാളിയെ എങ്കിലും ഈ ബാംഗ്ലൂര്‍ നഗരത്തില്‍ കാണിച്ചു തരാന്‍ പറ്റുമോ' എന്നൊരു വെല്ലുവിളീം നടത്തി...അതേറ്റു. കാര്‍ഡ്‌ എടുത്തോളാന്‍ അവര്‌ എന്റെ ശത്രുചേച്ചിയ്ക്ക്‌ സിഗ്നല്‍ കൊടുത്തു.

അങ്ങനെ കടമ്പകളോരോന്നായി തരണം ചെയ്ത്‌ ഞാന്‍ ലാബിലെക്കു നീങ്ങി. അവിടെം ഒരു ചേച്ചി. എന്റെ കയ്യില്‍ നിന്ന്‌ ബില്ലൊക്കെ മേടിച്ച്‌ അവിടെ എന്‍റര്‍ ചെയ്തു. എന്നിട്ട്‌ സ്നേഹത്തോടെ ഒരു ചോദ്യം.

"ഭക്ഷണം കഴിച്ചോ??"

ഞാനങ്ങു കോള്‍മയിര്‍ കൊണ്ടു പോയി. എന്തൊരു കസ്റ്റമര്‍ സപ്പോര്‍ട്ട്‌..ഇതാണ്‌ പ്രൈവറ്റ്‌ ഹോസ്പിറ്റലുകളുടെ ഒരു ഗുണം.സര്‍ക്കാരാശുപത്രിക്കാരേ രോഗികളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ കണ്ടു പഠി..

"ഓ കഴിച്ചു" ഞാനും സ്നേഹം ഒട്ടും കുറച്ചില്ല.

"ഓകെ എന്നാല്‍ നാളെ വരൂ. 9 മണിയ്ക്ക്‌ ലാബ്‌ തുറക്കും. അപ്പോള്‍ വന്നാല്‍ മതി"

എന്റെ ഹൃദയത്തീന്ന്‌ ഒരു കിളി പറന്നു പോയി.

"അതെന്താ ഇന്നു ബ്ലഡെടുത്താല്‌??" ..ഗംഗ നാഗവല്ലിയായി മാറുന്ന ആ ടോണില്‍ തന്നെ ഞാന്‍ ചോദിച്ചു

"മാഡം ഇത്‌ വെറും വയറ്റില്‍ ചെയ്യേണ്ട ടെസ്റ്റാണ്‌..നിങ്ങള്‍ നാളെ വരൂ.." ഇതും പറഞ്ഞിട്ട്‌ ഈച്ചയെ ആട്ടും പോലെ ഒരാംഗ്യം കാണിച്ചു. എന്നോടു പോവാന്‍ പറഞ്ഞതാണ്‌.

'ഇന്നു കണികണ്ടതാരെയാണെങ്കിലും അയാള്‌ ബാംഗ്ലൂരെ ട്രാഫിക്‌ ജാമില്‍ കുടുങ്ങിപ്പോട്ടെ'. ഞാന്‍ മനസ്സറിഞ്ഞു ശപിച്ചു. തിരിച്ചിറങ്ങുമ്പോഴും സായിബാബ അവിടെ ചിരിച്ചോണ്ടു നില്‍പ്പുണ്ടായിരുന്നു. ആ ചിരിയ്ക്ക്‌ ഒരു കളിയാക്കലിന്റെ ചുവയുണ്ടോന്ന്‌ ചുമ്മാ ഒരു സംശയം തോന്നിപ്പോയി.

പിറ്റേദിവസം ഞാന്‍ രണ്ടും കല്‍പ്പിച്ചായിരുന്നു. അന്നും കൂടി നൈറ്റ്‌ഷിഫ്റ്റുണ്ട്‌. രാവിലെ ഓഫീസില്‍ നിന്നു വരുമ്പോള്‍ തന്നെ നേരെ ഹോസ്പിറ്റലിലേയ്ക്കു പോവുക.അതായിരുന്നു പ്ലാന്‍. സാധാരണ 6 മണിയാകുമ്പോള്‍ ആരോ തല്ലിയോടിച്ചതു പോലെ പോലെ ഇറങ്ങിയോടുന്ന ഞാന്‍ അന്ന്‌ 7 മണിയായിട്ടും ഇറങ്ങാനുള്ള ഭാവമൊന്നുമില്ലാതിരിക്കുന്നതു കണ്ട്‌ ഓഫീസിലാകെയൊരാശയക്കുഴപ്പം.ഇനീപ്പോ ക്ലോക്കിനെന്തെങ്കിലും കുഴപ്പമാണോന്നറിയില്ലല്ലോ.അവസാനം ആകാംക്ഷ സഹിക്കാതെ അടുത്ത സീറ്റിലെ പയ്യന്‍ എന്നോടു കാര്യം ചോദിച്ചു.

"ഓ ഒന്നു രണ്ട്‌ ഇഷ്യൂസും കൂടിയുണ്ട്‌..അതും കൂടി തീര്‍ത്തിട്ടു പോകാമെന്നു വിചാരിച്ചു.."

ആ പയ്യന്‍ തലകറങ്ങിവീണില്ലെന്നെയുള്ളൂ. ഒരു 7.30ആയപ്പോള്‍ ഞാന്‍ സ്ലോ മോഷനില്‍ പുറത്തിറങ്ങി. ക്യാബില്‍ കേറിയിരുന്നു.

"ഇന്ന്‌ വീടു വരെ പോകണ്ട. എന്നെ വൈദേഹീ ഹോസ്പിറ്റലില്‍ ഇറക്കീട്ടു തിരിച്ചു പൊയ്ക്കോളൂ.ങ്‌ഹാ പിന്നെ പതുക്കെ പോയാല്‍ മതി.."

ഇനീം ഒന്നരമണിക്കൂറുണ്ട്‌ ലാബു തുറക്കാന്‍. അവിടെ പോയിരുന്ന്‌ ബോറടിയ്ക്കാന്‍ പറ്റില്ല. എന്തായാലും ഭഗ്യത്തിന്‌ ട്രാഫിക്‌ ജാമൊക്കെ പതിവിലും കൂടുതലായി കിട്ടിയയതു കൊണ്ട്‌ കൃത്യം 9.05 ആയപ്പോള്‍ വൈദേഹിയിലെത്തി.

ഞാനാണ്‌ ആദ്യം .അതു കഴിഞ്ഞ്‌ ഒരപ്പൂപ്പനും. ഞാന്‍ അപ്പൂപ്പനോട്‌ ആദ്യം പൊയ്ക്കോളാന്‍ പറഞ്ഞു. ചുളുവിലിത്തിരി പുണ്യം ഒപ്പിച്ചെടുക്കാനൊന്നുമല്ല.. ഇത്രേം കാലത്തെ അനുഭവം കൊണ്ടെനിക്കറിയാം എന്‍റെ ബ്ലഡ്‌ എടുക്കുക എന്നു പറയുന്നത്‌ മിനിമം ഒരരമണിക്കൂറെങ്കിലും നീണ്ടുനില്‍ക്കുന്ന പരിപാടിയാണ്‌ വെയ്ന്‍ കിട്ടാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്‌. അത്രേം നേരമൊക്കെ കാത്തു നില്‍ക്കേണ്ടി വന്നാല്‍ ഈ പാവം അപ്പൂപ്പന്‍ പോലും എന്നെ പ്രാകാന്‍ തുടങ്ങും.വെര്‍തേയെന്തിനാ ഒരു റിസ്കെടുക്കുന്നത്‌..

എന്റെ ഊഴമായി.ഒരു ചെറുപ്പക്കരനാണ്‌ അവിടിരിക്കുന്നത്‌. ഒരു മുന്നറിയിപ്പായിക്കോട്ടെന്നു കരുതി ഞാനാദ്യമെ തന്നെ അങ്ങോട്ടറിയിച്ചു..

"എന്‍റെ വെയ്ന്‍ അങ്ങനെയൊന്നും കിട്ടില്ല. ദോ ഇവിടുന്നാണ്‌ സാധാരണ ബ്ലഡെടുക്കാറുള്ളത്‌"

അയാള്‌ മൈന്‍റാക്കിപോലുമില്ല.ആ മുഖത്തൊരു പുച്ഛം.'കൊക്കെത്ര കുളം കണ്ടിരിക്കുന്നു' എന്നൊരു ഭാവം. 'ആത്മവിശ്വാസം നല്ലതാണ്‌ പക്ഷെ അമിതമാകരുത്‌ മോനേ' എന്ന്‌ മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ രണ്ടു കയ്യും നീട്ടിക്കൊടുത്തു.


രണ്ടു കയ്യും മാറി മാറി നോക്കീട്ടും അയാള്‍ക്കൊന്നും കിട്ടീലാന്ന്‌ എനിക്കു മനസ്സിലായി. പക്ഷെ യുവരക്തമല്ലേ. അങ്ങനെ തോല്‍വി സമ്മതിക്കില്ലല്ലോ. എന്തോ കിട്ടിയ ഭാവത്തില്‍ അയാളൊരു കുത്ത്‌. ശൂൂൂൂം.. ബ്ലഡിനു പകരം സിറിഞ്ചിലെക്ക്‌ കാറ്റു കേറി. ഞാന്‍ കഷ്ടപ്പെട്ട്‌ ചിരിയടക്കി. അയാള്‌ അടുത്ത കയ്യിലും കുത്തി. പിന്നേം കാറ്റു കേറി.

"നിങ്ങള്‍ടെ വെയ്ന്‍ വളരെ തിന്‍ ആണ്‌. കിട്ടുന്നില്ല. "

അപ്പോള്‍ ഇതല്ലേ ഞാനാദ്യം തന്നെ പച്ചഹിന്ദീല്‌ അങ്ങോട്ടു പറഞ്ഞത്‌. അപ്പോ അഹങ്കാരം... ഞാന്‍ മനസ്സില്‍ പറഞ്ഞു.എന്നിട്ട്‌ അയാളെ ആശ്വസിപ്പിച്ചു.

" സാരമില്ല. എപ്പഴും ഇങ്ങനെ തന്നെയാ ഞാന്‍ വെയ്റ്റ്‌ ചെയ്യാം.കുറച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ കിട്ടിയേക്കും"


അരമുക്കാല്‍ മണിക്കൂറു കഴിഞ്ഞ്‌ ഞാന്‍ വീണ്ടും ചെന്നു. പിന്നേം കിട്ടി രണ്ടു കുത്ത്‌. എന്നിട്ടും വെയ്ന്‍ തിരുനക്കരെ തന്നെ.

"നോക്കൂ നിങ്ങള്‌ ഏതെങ്കിലും ഡോക്ടറെ വിളിയ്ക്കൂ .ഇനീം സമയം കഴിയുന്തോറും കൂടുതല്‍ ബുദ്ധിമുട്ടാവുകയെ ഉള്ളൂ"ഞാന്‍ അയാളെ ഉപദേശിച്ചു.

" ഒരു മണിക്കൂറും കൂടി കഴിഞ്ഞ്‌ ഒന്നൂടെ നോക്കാം. എന്നിട്ടും ശരിയായില്ലെങ്കില്‍ ഡോക്ടറെ വിളിക്കാം" പാവം . ഞാനയാള്‍ക്ക്‌ ഒരു ചാന്‍സും കൂടി കൊടുത്തു.അതു മാത്രമല്ല അവിടെ ക്യൂവില്‍ നില്‍ക്കുന്ന ആളുകള്‍ കന്നടയില്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുമുണ്ട്‌.ഭാഷയറിയാത്തത്‌ ചിലസമത്ത്‌ ഒരു ഭാഗ്യമാണെന്ന്` പണ്ടാരോ പറഞ്ഞിട്ടുളത്‌ എത്ര ശരിയാണ്‌.

ഒരുമണിക്കൂരു കഴിഞ്ഞപ്പോള്‍ അയാള്‍ ഡോക്ടറെ കൂട്ടിക്കൊണ്ടു വന്നു. ഡോക്ടരു വന്ന പാടേ എന്റെ കയ്ക്കിട്ട്‌ അടിയ്ക്കാന്‍ തുടങ്ങി. നാലു കുത്തു കുത്തീതു പോരാഞ്ഞ്‌ ഇനി അടീം കൂടിയോ. എഴുന്നേറ്റു നിന്ന്‌ ആ ഡോക്ടറിനിട്ട്‌ രണ്ടു പൊട്ടിയ്ക്കാന്‍ തോന്നിപ്പോയി.പക്ഷേ ഞാന്‍ കണ്ട്രോള്‌ ചെയ്തു. ഇപ്പോള്‍ അവിടെ കൂടിയിരിക്കുന്ന എല്ലവരുടെയും ശ്രദ്ധ എന്റെ കയ്യിലാണ്‌. ആകെ തിക്കും ബഹളവും. അവിടെ ചീട്ടെഴുതുന്നവര്‍ പോലും വന്ന്‌ എന്‍റെ വെയ്ന്‍ തപ്പുകയാണ്‌. ഏറ്റവും വെല്യ രസം അവര്‍ടെ സഹതാപം മുഴുവന്‍ ഡോക്ടറിനോടാണ്‌. ഞാനെന്തോ വെയ്ന്‍ മനപൂര്‍വം ഒളിപ്പിച്ചു വച്ചിരിക്കുകയാണ്‌ എന്ന മട്ടിലാണ്‌ മിക്കവരുടെയും മുഖഭാവം.

ആകെപ്പടെ ചമ്മല്‌. അതിന്റെ കൂടെ ഒടുക്കത്തെ വേദനയും. മുഖമൊക്കെ ചൂടാകുന്നതു പോലൊരു തോന്നല്‍. കണ്ണണെങ്കില്‌ നിറഞ്ഞു നിറഞ്ഞു വരികയാണ്‌.അപ്പോള്‍ എങ്ങനെയെങ്കിലും അവിടുന്നൊന്ന്‌ രക്ഷപെട്ടാല്‍ മതിയായെന്നേ ഉണ്ടായിരുന്നുള്ളൂ. എന്‍റെ അവസ്ഥ മനസ്സിലാക്കീതു പോലെ ഒരു കുഞ്ഞു വെയ്ന്‌ കൈത്തണ്ടയില്‍ പ്രത്യക്ഷപ്പെട്ടു. പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു. സിറിഞ്ചെടുക്കുന്നു..കുത്തുന്നു.. പക്ഷെ ഒരു ശകലം കേറീട്ട്‌ അതങ്ങു നിന്നു. പിന്നെ രണ്ടു മൂന്നു പേര്‌ ആ ഞരമ്പിന്റെ അവിടേം ഇവിടെമൊക്കെ ഞെക്കി ഒരു വിധത്തില്‍ കുറച്ചൂടെ ഒപ്പിച്ചെടുത്തു.

ഭയങ്കര വേദന. ഞാന്‍ പെട്ടെന്ന്‌ കൈ വലിച്ചു.

'കളഞ്ഞല്ലോടീ കൊച്ചേ' എന്ന മട്ടില്‍ എല്ലാരും കൂടി എന്നെ തുറിച്ചു നോക്കി.

"ഇത്രേം മതി. ഇനി വേണമെങ്കില്‍ കുറച്ചു വെള്ളം ചേര്‍ത്ത്‌ അഡ്ജസ്റ്റ്‌ ചെയ്തോ" ഞാന്‍ ഡോക്ടറോടു പറഞ്ഞു.

ഡോക്ടറ്‌ പെട്ടെന്നെന്തോ പറയാന്‍ വന്നതു വിഴുങ്ങി. എന്നിട്ട്‌ ഒരു ചിരിയോടെ കുറച്ചു പഞ്ഞിയെടുത്ത്‌ നീട്ടിക്കൊണ്ടു പറഞ്ഞു.

" അടുത്ത പ്രാവശ്യം ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്ന്‌ പ്രതീക്ഷിക്കുന്നു"

ചുമ്മാ ഫോര്‍മാലിറ്റി.ഞാനും വിട്ടു കൊടുത്തില്ല. പറ്റുന്നത്ര മുഖം വീര്‍പ്പിച്ചോണ്ടു പറഞ്ഞു.

"ങും അടുത്ത പ്രാവശ്യോം ഡോക്ടര്‍ക്കിതു തന്നെ പറയേണ്ടി വരില്ലെന്നു ഞാനും പ്രതീക്ഷിക്കുന്നു"

89 comments:

 1. കൊച്ചുത്രേസ്യ said...

  ഇത്തവണ ചോരയില്‍ മുക്കിയെഴുതിയ ഒരു സംഭവമാണ്‌. പേടിയില്ലാത്തവര്‍ മാത്രം വായിച്ചാല്‍ മതി..

 2. പ്രയാസി said...

  ഠേ!..
  ആദ്യം തേങ്ങ.. പിന്നെ കമന്റ്..

 3. പ്രയാസി said...

  ത്രേസ്യാ വളരെ നന്നായീ..
  "ശരിക്കൊന്നലോചിച്ചു നോക്കിയേ.. നിനക്കാരോടെങ്കിലും പ്രേമമുണ്ടോ?"..:)

  ഓ:ടോ:" അടുത്ത പ്രാവശ്യം ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്ന്‌ പ്രതീക്ഷിക്കുന്നു"
  അതെ അതെ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ ഞരമ്പു മുഴുവനായിട്ടും കിട്ടും..(ഞാനൊന്നും പറഞ്ഞില്ലേ..ക്വട്ടേഷന്‍ പാര്‍ട്ടിയെ പേടിയാ..:)

 4. ഗുപ്തന്‍ said...

  നന്നായി.. കൂട്ടുകാരീടെ ഡയഗ്നോസിസ് മുതല്‍ കാണാതാ‍യ ഞരമ്പ് വരെ...


  പക്ഷെ സിറിഞ്ചിലേക്ക് കാറ്റു കയറുന്നത് അമിതമായ ഗ്യാസ് ട്രബ്‌ള്‍ ഉള്ളതിന്റെ സൂചനയാണ്. ഭക്ഷണം ക്രമീകരിക്കൂ‍... :)

 5. Satheesh said...

  ഇതൊരു നീണ്ട കഥയായിപ്പോയല്ലോ! മൊത്തത്തില്‍ നന്നായിരുന്നു :)

 6. Roy said...

  അതിഭീകരം, ബീഭത്സം!!!
  അടുത്ത തവണ ഈ കുത്തു കൊള്ളുന്നതിലും ഭേദം ഇതു പ്രേമത്തിന്റെ ലക്ഷണമാണെന്നു കരുതി സമാധാനിക്കുന്നതു തന്നെ.

 7. Peelikkutty!!!!! said...

  ത്രേസ്യ കൊച്ചൂ..ന്നിട്ടെന്തായി..ടെസ്റ്റ് പേപ്പറും‌ കൊണ്ട് മൂസ്സിന്റടുത്ത് പോയോ..

  ഇപ്പം‌ കൊറവുണ്ടല്ലോ..ല്ലേ ;-)..ശരിക്കും‌ ഒന്നാലോചിച്ചു നോക്കിയെ..ആരോടെങ്കിലും... ;)

 8. സഹയാത്രികന്‍ said...

  ദെന്തപ്പൊ ഇണ്ടായേ...!
  അതിനെങ്ങനാ ചിത്രപ്രശ്നം വന്നാ പിന്നെ റെസ്റ്റില്ല്യാലോ... ടെന്‍ഷനല്ലേ... !
  കൊള്ളാട്ടാ... നന്നായി...

  :)

  ഒരിക്കേ ഇത് പോലെ ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ പോയപ്പോ കൈത്തണ്ടയില്‍ ചാഞ്ഞും ചരിഞ്ഞും നിന്നും ഇരുന്നും നോക്കീട്ടും ഞരമ്പ് കിട്ടാണ്ടായപ്പൊ അവിടത്തെ ചേച്ചി ചോദിക്കണ്ടായി.. “ അല്ല മോനേ നിനക്ക് ഞരമ്പില്ല്യാന്ന്ണ്ടാ... ? “
  ഉടനെ കൈപ്പത്തി ചുരുട്ടിപ്പിടിച്ച് അതിന്റെ മുകള്‍ ഭാഗത്ത് കാണിച്ച് പറഞ്ഞു “ചേച്ച്യേ , ദേ വ്വിടിണ്ട്”
  അങ്ങനെ അവിടുന്ന് ചോരയെടുത്തു. ഇല്ലേ ചമ്മിപോയേനേ...!

  :)

 9. മറ്റൊരാള്‍ | GG said...

  “ലിഫ്റ്റൊക്കെ തരാം . പക്ഷെ എന്റെ ഷര്‍ട്ട്‌ ഇസ്തിരിയിട്ടു തരണം. അല്ലെങ്കില്‍ ഷൂ പോളിഷ്‌ ചെയ്യണം. ഇതിലേതു ചെയ്യണമെന്നുള്ളത്‌ നിനക്കു വിട്ടു തന്നിരിക്കുന്നു" അവന്‍ മഹാമനസ്കനായി.

  എന്റെ കൂടെപിറപ്പില്‍ ഒരണെമെങ്കിലും ഒരു പെങ്ങള്‍ ആയിരുന്നെങ്കില്‍.!!!!

  ത്രേസ്യപെങ്ങളേ.. പുരാണത്തിന്റെ ആദ്യവും അവസാനവുമേ വായിച്ചൊള്ളൂ. എല്ലാങ്കൂടെ പിന്നീട് ഒന്നിരുത്തി വായിക്കണം, നാളെ കഴിഞ്ഞ്.
  എങ്ങനെ ഇത്രേം നീളത്തില്‍ എഴുതുന്നു?

 10. Haree said...

  എന്നിട്ട്?
  റിസള്‍ട്ടെന്തായി?
  പിന്നേം ആയുര്‍വേദ ഡാക്ടറെ കണ്ടോ?
  എന്തു പറഞ്ഞു?
  സീരിയസായ പ്രോബ്ലം ആണല്ലോ, അല്ലേ?
  :) :) :) ഹി ഹി ഹി

  ഓഫ്: മനമെത്തുന്നിടത്ത് കണ്ണെത്തണം, കണ്ണെത്തുന്നിടത്ത് കൈയെത്തണം... എന്നോ മറ്റോ അല്ലേ?
  --

 11. അങ്കിള്‍ said...

  :)

 12. വാണി said...

  ചോരയില്‍ മുക്കിയെഴുതിയത് കലക്കി.
  ന്നിട്ട് റിസെല്‍റ്റ് എന്തായി??

 13. ശ്രീ said...

  "എന്നിട്ട്‌ സ്നേഹത്തോടെ ഒരു ചോദ്യം.

  "ഭക്ഷണം കഴിച്ചോ??"

  ഞാനങ്ങു കോള്‍മയിര്‍ കൊണ്ടു പോയി. എന്തൊരു കസ്റ്റമര്‍ സപ്പോര്‍ട്ട്‌..ഇതാണ്‌ പ്രൈവറ്റ്‌ ഹോസ്പിറ്റലുകളുടെ ഒരു ഗുണം.സര്‍ക്കാരാശുപത്രിക്കാരേ രോഗികളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ കണ്ടു പഠി..

  "ഓ കഴിച്ചു" ഞാനും സ്നേഹം ഒട്ടും കുറച്ചില്ല."

  ഈ ഭാഗമാണ്‍ ഏറ്റവും ഇഷ്ടമായത്.

  പണ്ട് ഒരിക്കല്‍‌ ഒരു ഹോസ്പിറ്റലില്‍‌ വച്ച് എന്റെ ബ്ലഡ് എടുക്കാന്‍‌ ചെന്നപ്പോഴും ഇതു പോലൊരു അനുഭവം ഉണ്ടായി. വെയിന്‍‌ കിട്ടാഞ്ഞിട്ടല്ല, ബ്ലഡ് ഇല്ലാഞ്ഞിട്ടായിരുന്നു എന്നു മാത്രം!

  :)

 14. സാജന്‍| SAJAN said...
  This comment has been removed by the author.
 15. സാജന്‍| SAJAN said...

  കൊച്ചു ത്രേസ്യയുടെ രചനകളൊക്കെ വായിച്ചു, ചിലതിനൊക്കെ കമന്റും ഇട്ടു, ഇത് ഓകെ!(എന്നേ പറയാന്‍ കഴിയുന്നുള്ളൂ)
  എഴുത്തില്‍ പ്രതിഭയുടെ തിളക്കം കാണുന്ന അപൂര്‍വം ഭാഗ്യജന്‍‌മങ്ങളില്‍ ഒന്നാണ് താങ്കളുടേത്,
  അതുകൊണ്ട് തന്നെ പറയട്ടെ, എഴുതാ‍ന്‍ വേണ്ടി എഴുതാതിരിക്കുക, എണ്ണം പറഞ്ഞ കിഡിലന്‍ സംഭവങ്ങള്‍ പോരട്ടെ,
  ഇപ്പോള്‍ ബ്ലോഗിലിടാനായാലും നാളെ ഇവയൊക്കെയും അച്ചടിമഷിപുരളും എന്നുകരുതി തന്നെ എഴുതുക , എഴുത്ത് തനിയെ മെച്ചപ്പെട്ടോളും:)
  അപ്പോള്‍ ആശംസകള്‍!!!!

 16. അഭിലാഷങ്ങള്‍ said...

  എഡോ കൊച്ചുത്രേസ്യേ,

  ഒന്ന് ചോദിച്ചോട്ടേ?

  നിന്റെ ശരീരത്തില്‍ ഈ ‘വെയിനി’നൊക്കെ ഇത്ര ക്ഷാമമാണോ?

  എത്ര തപ്പിയിട്ടും കിട്ടാതിരിക്കാന്‍ എല്ലിന്റെ ഉള്ളിലൂടെയാണോ കര്‍ത്താവ്, നിന്റെ വെയിനുകളുടെ വയറിങ്ങ് ചെയ്തിരിക്കുന്നത്?

  അതൊക്കെ നീ എന്നെ കണ്ട് പഠിക്കണം.! ആഹാ, ബ്ലഡ് എടുക്കാന്‍‌ സൂചിയുമായി നില്‍ക്കുന്ന ഏതവനെയും ഏതവളേയും രോമാഞ്ചം കൊള്ളിക്കുമാറ്, നമ്മുടെ നാട്ടിലെ “സര്‍ക്കാര്‍ഓഫീസുകളില്‍ വയറിങ്ങ് “ ചെയ്‌തിരിക്കുന്നത് പോലെയാ എന്റെ കൈയ്യിലെ വെയിനുകളുടെ കിടപ്പ്! സോ, ഇത്തരം പ്രശ്നങ്ങള്‍ വന്നാല്‍ എനിക്ക് പുല്ലാ.. ! :-)

  പിന്നെ, സംഭവം ഭാരതപ്പുഴ പോലെ അല്പം നീളം കൂടിപ്പോയെങ്കിലും പുഴയിലെ വെള്ളത്തിന് നല്ല ശുദ്ധമായ നര്‍മ്മത്തിന്റെ സ്വാദ് ഉണ്ടായിരുന്നത് കൊണ്ട് മൊത്തത്തില്‍‌ ആസ്വാദ്യകരമായി തോന്നി.

  ഞാന്‍ കഴിഞ്ഞപോസ്റ്റിന് കമന്റായിപറഞ്ഞ എന്റെ ആ സ്വപ്നം, (കൊച്ചുത്രേസ്യയുടെ ജീവിതത്തിലെ ഏടാകുടങ്ങള്‍ ഒരുകാലത്ത് ഒരു പുസ്തകമായി പുറത്തിറങ്ങുന്ന അതിവിദൂരമല്ലാത്ത ഒരു നാളെ!) ഒരുകാലത്ത് യാഥാര്‍ത്യമാകുമെന്ന എന്റെ ഉറച്ചവിശ്വസത്തിന്റെ പുറത്ത് ഒരു ചാക്ക് ‘ശങ്കര്‍ സിമന്റ്’ വാരിയിട്ട് പിന്നേയും ഉറപ്പിച്ച് കൊണ്ട്...

  ഷാര്‍ജ്ജയില്‍ നിന്നും,
  സസ്നേഹം,

  അഭിലാഷ്

 17. Sherlock said...

  ഇക്കണക്കിന്‌ ഞാനവിടെ നിന്ന്‌ തല ചൊറിഞ്ഞാല്‍ തലയ്ക്കസുഖമാണെന്ന്‌ സീലടിച്ചു തന്നേക്കുമല്ലോ....അതു കലക്കി:)....രസകരം

 18. Kaithamullu said...

  "അതെന്താ ഇന്നു ബ്ലഡെടുത്താല്‌??" ..ഗംഗ നാഗവല്ലിയായി മാറുന്ന ആ ടോണില്‍ തന്നെ ഞാന്‍ ചോദിച്ചു...

  -ഇതാ എനിക്കിഷ്ടായേ!
  (സ്ഥിരന്‍ ഈ ടോണാണെന്നാ ലോകസംസാരം!)

 19. ഇടിവാള്‍ said...

  ഹഹഹ!

  ഇക്കണക്കിന്‌ ഞാനവിടെ നിന്ന്‌ തല ചൊറിഞ്ഞാല്‍ തലയ്ക്കസുഖമാണെന്ന്‌ സീലടിച്ചു തന്നേക്കുമല്ലോ


  വെറുതേയെന്തിനാ തലയൊക്കെ ചൊറിഞ്ഞ് എനര്‍ജി വേസ്റ്റാക്കുന്നേ? ചൊറിഞ്ഞില്ലേലും മനസ്സിലായിക്കോളും ;)

  സ്മൈലി സ്മൈലി!!

 20. ഉപാസന || Upasana said...

  "അതെന്താ ഇന്നു ബ്ലഡെടുത്താല്‌??" ..ഗംഗ നാഗവല്ലിയായി മാറുന്ന ആ ടോണില്‍ തന്നെ ഞാന്‍ ചോദിച്ചു.

  അവിടെ ചീട്ടെഴുതുന്നവര്‍ പോലും പോലും എന്റ് വെയ്‌ന്‍ തപ്പുകയാണ് :))

  ഇത്തവണയും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒരുപാട് ഹിറ്റുകള്‍ ത്രേസ്യ തന്നിരിക്കുന്നു
  :)
  ഉപാസന

 21. മൂര്‍ത്തി said...

  ഈ പോസ്റ്റ് സ്വയം വളരുന്നുണ്ടോ? ഉച്ചക്ക് ഇത്രയും ഇല്ലായിരുന്നല്ലോ..കമന്റ് ഇടാനുള്ള വെയിനും കിട്ടുന്നുണ്ടായിരുന്നില്ല. തലക്കെട്ടും ഇല്ലായിരുന്നു...ഒരു ദിവസം രണ്ട് പോസ്റ്റിട്ടോ എന്നു വിചാരിച്ചു..

 22. ഹരിശ്രീ said...

  "അതെന്താ ഇന്നു ബ്ലഡെടുത്താല്‌??" ..ഗംഗ നാഗവല്ലിയായി മാറുന്ന ആ ടോണില്‍ തന്നെ ഞാന്‍ ചോദിച്ചു...
  ഹ..ഹ..ഹ..

  കൊള്ളാം ,കൊച്ചുത്രേസ്യകൊച്ചേ...

 23. കുറുമാന്‍ said...

  നാഗവല്ലീ ഇത് പഴയതിന്റെ അത്ര ഗുമ്മായില്ല്യാട്ടോ......പക്ഷെ ഇടക്കിടെയിട്ടിരുന്ന തേങ്കാസ് ചിരിപ്പിച്ചു....

  ഇത്ര പാടുണ്ടോ അല്പം ചോരയെടുക്കാന്‍.....പേനകത്തിവച്ചൊന്ന് കീറിയാല്‍ മതിയായിരുന്നോ :)

 24. ദിലീപ് വിശ്വനാഥ് said...

  കൊച്ചുത്രേസ്യ കൊച്ചേ, കലക്കി കളഞ്ഞല്ലോ അവസാനത്തെ ഡയലോഗ്.
  ആ ഡോക്ടര്‍ ജോലി രാജി വെച്ചു എന്നാ അവസാനം കേട്ടത്.
  ഈ വെയിനുകള്‍ ഒക്കെ ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും?
  വേറൊരു കാര്യം ചോദിചോട്ടെ? ഇതൊക്കെ എങ്ങനെ ഇങ്ങനെ ഒളിപ്പിച്ചു വെക്കാന്‍ പറ്റുന്നു? (വെയിനല്ല, പ്രേമം)

 25. മെലോഡിയസ് said...

  "കണ്ണും തിരുമ്മിനില്‍ക്കുന്നതു കണ്ടപ്പോള്‍ എനിക്കു കണ്ണിനസുഖമാണെന്നു വിചാരിച്ചു പോയിട്ടുണ്ടാകും. ഇക്കണക്കിന്‌ ഞാനവിടെ നിന്ന്‌ തല ചൊറിഞ്ഞാല്‍ തലയ്ക്കസുഖമാണെന്ന്‌ സീലടിച്ചു തന്നേക്കുമല്ലോ. ഞാന്‍ തിരുത്താനൊന്നും പോയില്ല"

  കൂടുതല്‍ നേരം അവിടെയിരുന്ന് വായിട്ടലച്ചിരുന്നെങ്കില്‍ തലക്കസുഖമാണെന്ന് അവര്‍ തീര്‍പ്പ് കല്പിച്ചേനേം.

  ത്രേസ്യാ..നന്നായിട്ടുണ്ട് ട്ടാ.

 26. Vanaja said...

  കണ്ണിനു മാത്രമല്ല, തലക്കസുഖത്തിനും ബ്ലഡ് ടെസ്റ്റ് ചെയ്യുമെന്നു കേട്ടില്ല. ഒറിജിനല്‍ തൈക്കാട്ടു മൂസ്സിനെ തന്നെയാണോ കണ്ടത്? യേത്?

  ബൂലോകരുടെയെല്ലാം ഗൂഗിളമ്മച്ചിയെ പിടിച്ചു ഗൂഗിണ്ണനാക്കിയോ?

  O.T
  ബ്ലോഗിക്കോണ്ടിരിക്കാതെ പോയിരുന്നു റെസ്റ്റെടുക്കൂ..

 27. Vanaja said...

  ത്രെസ്യയുടേതൊഴികെ, നീണ്ട ഒരു പോസ്റ്റും ഞാന്‍ വായിക്കാറില്ല. കൊടകരപുരാണം പോലും ഈ കാരണം കൊണ്ട് വായിച്ചിട്ടില്ല.എന്നെ ഇവിടുന്നും ചാടിക്കരുതേ..

  എന്നു വച്ചാല്‍,പോസ്റ്റിനു നീളം കൂടിയാലും സംഗതിളൊന്നും കുറയാന്‍ പാടില്ലാന്ന്...:)

 28. ഭൂമിപുത്രി said...

  മുഴുവന്‍ വായിക്കാന് വിചാരിച്ചല്ല തുടങ്ങിയതു..
  പക്ഷെ എനിക്കെന്നെപ്പിന്നെ പിടിച്ചിട്ടു കിട്ടിയില്ല കൊച്ചുത്രേസ്യെ.
  ബാഗ്ലൂറ്ജീവിതത്തീന്റെ അധികമര്‍ദ്ദത്തില്‍ വരണ്ടുണങ്ങാതെ
  ഇത്രയും നറ്മ്മം സുക്ഷിക്കുന്നുണ്ടല്ലോ-അഭിനന്ദനങള്‍!

 29. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്:
  1) ക്ലൈമാക്സിനൊരു ഗുമ്മില്ല.
  2) ത്രേസ്യാക്കൊച്ച് താമസിക്കുന്ന സ്ഥലത്തൂന്ന് അനിയന്‍ ജോലിചെയ്യുന്ന സ്ഥലം കഴിഞ്ഞാലേ വൈദേഹി എത്തൂ.(കള്ളം പറയരുത്-പാവം അനിയനെക്കൊണ്ട് പൊരിവെയിലത്ത് അത്രേം ദൂരം കൂടുതല്‍ വണ്ടിയോടിച്ചിട്ട് ക്രഡിറ്റും കൊടുക്കൂലല്ലേ?)
  3)കഥ മുഴുവനായതായി തോന്നുന്നില്ല.
  4)ലേഡീ ഡ്രാക്കുളേടെ ചോര വൈദേഹീല്‍ ടെസ്റ്റ് ചെയ്യൂല ;) അവര്‍ക്ക് ജീവനില്‍ കൊതിയില്ലേ.

  ഓടോ: ഒരുപാട് ചിരിപ്പിച്ചു.

 30. ശ്രീലാല്‍ said...

  നാഗവല്ലി ടോണ്‍ കലക്കി. എന്തോ മുട്ടന്‍ തെറി കേട്ടെന്നപോലെ ചേട്ടി ഞെട്ടിയപ്പോള്‍ പൊട്ടിച്ചിരിച്ചു പോയി. മൊത്തത്തില്‍ ഒരു കൊച്ചു ത്രേസ്യയിസം വരാത്തതു പോലെ തോന്നിയെട്ടോ ഈ പോസ്റ്റില്‍.

  -ശ്രീലാല്‍

 31. simy nazareth said...

  :)))))))))))))))

 32. റീനി said...

  കൊച്ചുത്രേസ്യയെ കര്‍ത്താവ് സൃഷ്ടിച്ചപ്പോള്‍ ഹാര്‍ട്ടിന്റെ സ്ഥാനത്തും ബ്രെയ്ന്‍ പിടിപ്പിച്ചോ? അതായിരിക്കും വെയ്ന്‍ കിട്ടാന്‍ വിഷമം.
  വെള്ളമൊഴിച്ച് അഡ്‌ജസ്റ്റ് ചെയ്തോളാന്‍ പറയുന്ന ഭാഗം ഇഷ്ടപ്പെട്ടു.

 33. കൊച്ചുത്രേസ്യ said...

  പ്രയാസീ ഗള്‍ഫിലും നമ്മക്കു പരിചയമുള്ള ക്വട്ടേഷന്‍ പാര്‍ട്ടികളുണ്ട്‌ കേട്ടോ..ഒന്നു സൂക്ഷിച്ചോ..

  മനുഡോക്ടറേ വേറെന്തു പറഞ്ഞാലും ഞാന്‍ കേള്‍ക്കാം.ഭക്ഷണം ക്രമീകരിക്കൂ എന്നൊക്കെ പറഞ്ഞ്‌ എന്നെ ബുദ്ധിമുട്ടിക്കരുത്‌ :-)

  സതീഷേ എന്തു ചെയ്യാം. എഴുതി വന്നപ്പോള്‍ ഒരു കണ്ട്രോള്‍ കിട്ടീല :-(

  പഥികാ എന്നിട്ടു വേണം എന്റെ ഉള്ള സമാധാനോം കൂടി പോവാന്‍ അല്ലേ..

  പീലി ടെസ്റ്റ്‌ റിപോര്‍ട്ട്‌ ഇതു വരെ മേടിച്ചിട്ടില്ല. അവിടെ സൂക്ഷിച്ച്‌ മടുത്തു കഴിയുമ്പോള്‍ അവരത്‌ അയച്ചു തരുമായിരിക്കും.
  പിന്നെ ആ അവസാനത്തെ ചോദ്യം..ശ്ശൊ അതൊക്കെ ഇങ്ങനെ പബ്ലിക്കായി ചോദിച്ചാല്‍ ഞാനെങ്ങനെ സത്യം പറയും ;-)

  സഹാ.. എനിക്കു സമാധാനമായി. ഞരമ്പില്ലാത്തവരുടെ വേദന മനസ്സിലാക്കാന്‍ ഒരാളെങ്കിലുമുണ്ടല്ലോ..

  മറ്റൊരാളേ പെങ്ങന്‍മാരുള്ളത്‌ ഒരു ഭാഗ്യമാണെന്നാ എനിക്കും തോന്നീട്ടുള്ളത്‌. പക്ഷെ എന്റെ അനിയന്‍ നേരെ തിരിച്ചണു കേട്ടോ പറയുന്നത്‌. എന്താന്നറിയില്ല..പൊതുജനം പലവിധം അല്ലേ..

  ഹരീ സന്തോഷം അടക്കാനാവുനില്ല അല്ലേ..പിന്നെ ആ മനം ,കൈ,കണ്ണ്‌ സംഭവം ഹരി പറഞ്ഞതു തന്നെയായിരിക്കും ശരി. എനിക്ക്‌ എല്ലാ കാര്യത്തിലും ഒരു 180 ഡിഗ്രി വ്യത്യാസമുണ്ടന്നാ പൊതുജനാഭിപ്രായം :-)


  അങ്കിളേ വന്നതിനും വായിച്ചതിനും സ്മെയിലി തന്നതിനും നന്ദി ..

  വാണീ താങ്ക്സ്‌.. റിസല്‍ട്ട്‌ ഇതു വരെ കിട്ടീട്ടില്ല.എന്റടുത്റ്റേക്കു തന്നെ നടന്നുവരാന്‍ അതിനു കയ്യും കാലുമൊന്നിമില്ലല്ലോ. അതു കൊണ്ട്‌ പോയി വാങ്ങണം :-)

  ശ്രീ ചുമ്മാ മീശേം വച്ചു നടന്നാല്‍ പോര.രക്തമുണ്ടാകണമെങ്കിലേ ശരീരത്തില്‍ ഇരുമ്പു വേണം. ഇന്നു തന്നെ ഇരുമ്പ്‌ ഡയറ്റ്‌ ആരംഭിച്ചോളൂ...

 34. Santhosh said...

  വെയ്ന്‍ കിട്ടാത്തവര്‍++;

  ഇടിവാളിന്‍റെ കമന്‍റ് കലക്കി:)

 35. കൊച്ചുത്രേസ്യ said...

  സാജാ ഇങ്ങനൊരു കമന്റു തന്നെ എന്നെ സംബന്ധിച്ചിടത്തോളം വെല്യ ഒരംഗീകാരമാണ്‌. നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കാം. എത്രത്തോളം വിജയിക്കുമെന്ന്‌ അറിയില്ല.

  അഭിലാഷേ ഈ ഒരു പാടു ഞരമ്പുള്ളവരെയാണോ ഞരമ്പുരോഗീന്നു വിളിക്കുന്നത്‌.(ഹി ഹി അതു ചോദിച്ചപ്പോഴെക്കും എന്തെന്നില്ലാത്ത ഒരാനന്ദം...)
  പിന്നെ ദുസ്വപ്നങ്ങള്‌ കാണാതിരിക്കാന്‍ ചരട്‌ ജപിച്ചുകെട്ടിയാല്‍ മതി കേട്ടോ

  ജിഹേഷേ ആ ഇഷ്ടപ്പെട്ടൂന്നു പറഞ്ഞ ഭാഗത്തിന്‌ എന്തോ ഒരു വശപ്പിശക്‌. എന്തായാലും ഡാങ്ക്യൂ..

  കൈതമുള്ളേ ദേ ചുമ്മാ പട്ടു പോലെ സ്വഭാവമുള്ള പെമ്പിള്ളരെ പറ്റി അപഖ്യാതി പറയരുതു കേട്ടോ.. (ശ്ശൊ ഈ സീക്രട്ടൊക്കെ അവിടേം പാട്ടായോ..)

  ഇടിവാളെ ഇടി കിട്ടണ്ടെങ്കില്‍ ഓടിക്കോ..ആ സ്മെയിലി തന്നതു കൊണ്ട്‌ ക്ഷമിച്ചു:-)

  ഉപാസന നന്ദി :-)

  മൂര്‍ത്തീ അതും കണ്ടു പിടിച്ചോ?? എനിക്കൊരബദ്ധം പറ്റിപ്പോയതാ.. പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ഒന്നു പ്രിവ്യൂലിട്ടിട്ട്‌ വല്ല വഴിയ്ക്കും പോയി. തിരിച്ചു വന്നപ്പോ അതു തന്നെ പബ്ലിഷായിക്കിടക്കുന്നു:-(


  കുറുമാനേ ഐഡിയ കൊള്ളാം... പക്ഷെ എന്റെ ഉദ്ദേശ്യം ശകലം ചോര എടുക്കുക എന്നതു മാത്രമായിരുന്നു;അല്ലാതെ ജീവനെടുക്കലല്ലായിരുന്നു..

 36. കൊച്ചുത്രേസ്യ said...

  വാല്‍മീകീ ഞാനൊന്നും ഒളിപ്പിച്ചു വച്ചിട്ടില്ല... എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്‌ എന്ന്‌ പണ്ടാരോ പറഞ്ഞതേ എനിക്കും പറയാനുള്ളൂ :-)

  മെലോഡീ യൂ ടൂ...

  വനജേ അനുഭവമാണോ ഇക്കാര്യത്തില്‍ ഗുരു??
  ഈശ്വരാ ഞാനിപ്പോ ധര്‍മ്മസങ്കടത്തിലായല്ലോ? പോസ്റ്റിന്റെ നീളം കുറയ്ക്കണോ അതോ വനജയെ പോലൊരു നല്ല വായനാക്കാരിയോട്‌ (ഉവ്വ ഉവ്വ) പോനാല്‍ പോകട്ടും പോടാ എന്നു പറയണോ..എന്തൊരു പരീക്ഷണം..

  ഭൂമിപുത്രീ വന്നതിനു നന്ദി. ഈ ഇത്തിരി നര്‍മബോധം മാതമാണ്‌ ഇപ്പോ നമ്മടെ ഏക പിടിവള്ളി :-)

  ചാത്താ നമ്പറിട്ട്‌ വിമര്‍ശിക്കുകയാണല്ലേ. എന്റെ വീടിന്റവിടുന്ന്‌ ഒരു വളഞ്ഞ വഴീക്കൂടി പോയാല്‍ വൈദേഹി കഴിഞ്ഞിട്ടാ അവന്റെ ഓഫീസ്‌. അല്ലെങ്കില്‍ തന്നെ ആ വൈദേഹിയല്ല ഈ വൈദേഹി.. ഇത്‌ മറ്റേ വൈദേഹി..ചാത്തന്‍ പറയുന്ന വൈദെഹി എനിക്കറിയുകയേ ഇല്ല.പിന്നെ ആ ലേഡീ ഡ്രാക്കുളേടെ കാര്യം എനിക്കറിയില്ലായിരുന്നു കേട്ടോ. പക്ഷെ അവര്‌ മാലാഖകള്‍ടെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാറുണ്ടെന്ന്‌ എന്റനുഭവത്തില്‍ നിന്നും മനസ്സിലായി :-))

  ശ്രീലാലേ അതെന്താ ഈ ഫാസിസം നാസിസം എന്നൊക്കെ പറയുമ്പോലെ ഒരു കൊച്ചുത്രേസിയയിസം??

  സിമീ ഇതെന്താ എക്കോയുള്ള സ്മെയിലിയോ..എന്തായാലും ഒരു ഒന്നൊന്നര താങ്ക്സ്‌..

  റിനീ എന്നാലും ഞാനൊരു ഹൃദയമില്ലാത്തവളാണെന്ന്‌ എന്റെ മുഖത്തു നോക്കി പറഞ്ഞല്ലോ.ഞാന്‍ പിണങ്ങി..
  പറഞ്ഞപോലെ അവരതിലു ശരിക്കും വേള്ളം ചേര്‍ക്കുമോ എന്തോ.. എന്നിട്ടു വേണം ഡോക്ടറു നോക്കീട്ട്‌ 'രക്തത്തില്‍ വെള്ളത്തിന്റെ അംശം വളരെ കൂടുതലാണ്‌' എന്നു പറയാന്‍..ശ്ശൊ ടെന്‍ഷനായി..

  ഇത്തിരീ താങ്ക്സ്‌

  സന്തോഷേ ആ കമന്റിന്റെ അവസാനമുള്ള ++; എന്താ? വല്ല കോഡുമാണോ :-)

 37. സിനോജ്‌ ചന്ദ്രന്‍ said...

  എവിടെ പോകണംന്ന്‌ ഗൂഗിള്‍ സെര്‍ച്ച്‌ നടത്തി നോക്കീപ്പഴതാ നമ്മടെ തൈക്കാട്ടു മൂസ്സ്‌ ലൈഫ്സ്റ്റെയില്‍ ഡിസീസിനു വേണ്ടി ബാംഗ്ലൂരില്‍ ക്ലിനിക്ക്‌ സെറ്റപ്പ്‌ ചെയ്തിട്ടുണ്ടെന്ന്‌. ഇതേ വൈദേഹിയില്‍ എന്റെ ഭാര്യയും ഇതുപോലെ ഒരു സീന്‍ ഉണ്ടാക്കിയതാ. ഇത്രേം ഇല്ലെങ്കിലും, ചോര പ്രശ്നം തന്നെ. കൊള്ളാം വിശേഷങ്ങള്‍..

 38. ത്രിശങ്കു / Thrisanku said...

  മ്ഹ്.. കൊഴുപ്പ്, അല്ലാതെന്തു പറയാന്‍. :)

 39. ഉണ്ടാപ്രി said...

  ദൈവമേ..ഈ കൊച്ചിന്റെ ഒരു കാര്യം.
  എന്താണേലും പ്രേമമുള്ളവര്‍ക്ക് വരുന്ന ആ മഹാരോഗം ഏതാണാവോ..
  ഒരു ബ്ലഡ്ഡ് ടേസ്റ്റ് ഒഴിവാക്കാല്ലോ..

  ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റിനു വേണ്ടിയാണേല്‍ ഇത്രേം ബുദ്ധിമുട്ടണോ..

 40. അലമ്പന്‍ said...

  കൊച്ചുത്രേസ്യക്കൊച്ചിന്‌ ഹൈപ്പോക്കോണ്ട്രിയയാണോ എന്നൊരു സംശയം ഇല്ലാതില്ല.

  നന്നായിട്ടുണ്ട്‌.

  പിന്നെ ... "ഭക്ഷണം കഴിച്ചോ??"

 41. മുസാഫിര്‍ said...

  കൊച്ചു ത്രേസ്സ്യേ ,
  ഒരു കുഞ്ഞു ബ്ലഡ് ടെസ്റ്റിന് ഈ പുകിലൊക്കെ ഉണ്ടാക്കിയാല്‍ ഇനി ഭാവിയില്‍ ഒരു നോവലെഴുതാന്‍ വകുപ്പുണ്ടാകുമല്ലോ.കല്യാണം കഴിക്കാന്‍ പോകുന്നവന്റെ കാര്യം കട്ടപ്പൊക. !
  ചുമ്മാ പറഞ്ഞതാ.എന്റെത് കരിനാക്കല്ല.വിവരണങ്ങളും പൊടിപ്പും തൊങ്ങലുകളും ഇഷ്ടമായി.

 42. മൂര്‍ത്തി said...

  നോട്ട് പാഡില്‍ ചെയ്തതിനു ശേഷം ഫൈനല്‍ വേര്‍ഷന്‍ ബ്ലോഗില്‍ കയറ്റുന്നതല്ലേ ബുദ്ധി? new post ക്ലിക്കുന്ന സമയമാണെന്നു തോന്നുന്നു പോസ്റ്റിന്റെ സമയം. ഞാന്‍ ഡ്രാഫ്റ്റ് 4 ദിവസം കഴിഞ്ഞ് പോസ്റ്റിയിട്ടുണ്ട്. വേറെ കുഴപ്പമൊന്നുമുണ്ടായില്ല.. ആരും കണ്ടില്ല എന്നു മാത്രം..താഴെ പോയിക്കിടന്നു...തനിമലയാളത്തിലും ചിന്തയിലുമൊക്കെ..പഴയ പോസ്റ്റ് എന്നു വിചാരിച്ച് ആരും വായിച്ചില്ല.(പുതിയതാണേല്‍ പിന്നെ ഭയങ്കര തിരക്കാണല്ലോ):):(

 43. നന്ദന്‍ said...

  കൊള്ളാം കൊള്ളാം :) ഞരമ്പ് കിട്ടാഞ്ഞിട്ടാണോ സിറിഞ്ചില്‍ കാറ്റു കേറിയത് അതോ ഇനി ചോരയ്ക്കു പകരം വായുവാണോ?? ;) ഏതായാലും പോസ്റ്റും കമന്റുകളും വായിച്ച് കുറേ ചിരിച്ചു..

 44. Vanaja said...

  സമ്മതിക്കത്തില്ലല്ലേ

  ഞാന്‍ പറഞ്ഞത്”പോസ്റ്റിനു നീളം കൂടിയാലും സംഗതിളൊന്നും കുറയാന്‍ പാടില്ലാന്ന്" ആണ്.

  അതായത്,പോസ്റ്റിനു നീളം കൂടിയാലും ഞാനങു സഹിച്ചോളാം പക്ഷേ സംഗതികളൊക്കെ വരാനുണ്ടെന്നു തൊന്നിക്കരുതെന്ന്‌.

  സ്റ്റാര്‍ സിങര്‍ കാണാതിരുന്നാല്‍ ഇതൊക്കെയാണ് കുഴപ്പം.അതോ ഇനിയും ആ ഡോക്ടറെ കണ്ട് ഐ. ക്യൂ ടെസ്റ്റും കൂടി നടത്തണോ?

 45. ശെഫി said...

  തകര്‍ത്തു

 46. ശെഫി said...

  തകര്‍ത്തു

 47. ശെഫി said...

  തകര്‍ത്തു

 48. കുഞ്ഞന്‍ said...

  പോസ്റ്റിനെപ്പറ്റി അഭിപ്രായം എഴുതുന്നതിനുമുമ്പ് കമന്റുകളൊക്കെയൊന്നു വായിച്ചപ്പോള്‍,മറുപടിയായി ഞെരമ്പുരോഗിയെന്നു പറയുന്ന കമന്റുവായിച്ചപ്പോള്‍ പോസ്റ്റിനേക്കാള്‍ വലിയ ആസ്വാദനം അതില്‍നിന്നു കിട്ടി..എങ്ങിനെയിങ്ങനെ ഉരുളക്കുപ്പേരികൊടുക്കുന്നു..?

 49. കുഞ്ഞന്‍ said...
  This comment has been removed by the author.
 50. കുഞ്ഞന്‍ said...

  അയ്യോ പോസ്റ്റിനെപ്പറ്റിയുള്ള അഭിപ്രായം പറഞ്ഞില്ല... ആശുപത്രി വിവരണങ്ങള്‍ രസിപ്പിച്ചു ഒപ്പം...എന്നാലും ...450 രൂപയും കൊടുത്തു പിന്നെ കുറെ കുത്തും കിട്ടി..!

 51. ഏ.ആര്‍. നജീം said...

  ധന നഷ്ടം, മാനഹാനി, രക്തനഷ്ടം, ശോ, ഇപ്പോ ജാതകമൊക്കെ അച്ചിട്ടാണെന്നേ...
  ഇപ്പോ ടാബ്ലെറ്റ് കാലമാ സൂക്ഷിക്കണം.

 52. Sethunath UN said...

  കൊച്ചുത്രേസ്സ്യ ചിരിപ്പിച്ചു.
  പിന്നെ ഈപ്പ‌റ‌ഞ്ഞ രോഗ‌ം അല്ലെങ്കില്‍ രോഗ‌ല‌ക്ഷ‌ണ‌ം നൈറ്റ്ഷിഫ്റ്റിന്റെ കൂടപ്പിറ‌പ്പാണ്. ഞാന്‍ അനുഭ‌വസ്ഥ‌ന്‍.:) പിന്നെ നൈറ്റ്ഷിഫ്റ്റില്‍ നിന്നും ഡേയിലേയ്ക്കുള്ള ആ ഉറക്കട്രാന്‍സ്സിഷന്‍, പിന്നെ തിരിച്ചും.. അതും ഇതിനൊരു കാര‌ണ‌ം.നൈറ്റ്ഷിഫ്റ്റില്ലാത്ത ജോലി തപ്പിത്തുടങ്ങൂ സോദരീ. ആരോഗ്യം. പ‌ര‌മ‌നും പ്രധാന‌മന്തിയും ആകുന്നു.
  എടുത്ത ചോര വേസ്റ്റായിപ്പോട്ടെ. ടെസ്റ്റെല്ലാം ഓക്കെയാകട്ടെ എന്ന്.
  ഈ ഞ‌ര‌മ്പു കിട്ടായ്ക എന്റെ ഭാര്യയുടെയും ദേഹ‌പ്രകൃതിയാണ്. ഇത് പ‌റഞ്ഞാല്‍ ചോരയെടുക്കാന്‍ നില്‍ക്കുന്ന ലാബിലെ കൊതുകുക‌ളുടെ മുഖത്തെ പുജ്ഞ‌ം ഞാനും കണ്ടിട്ടുണ്ട്. പിന്നെയുള്ള ആ ഒരു ആത്മ‌വിശ്വാസക്കുറവും, പിന്നെ ന‌മ്മ‌ളോടുള്ള ആ വിരോധ നോട്ടവും. :))

 53. ദീപു : sandeep said...

  എന്താ ത്രേസ്യേ പറ്റിയത്‌...മൊത്തത്തില്‍ പ്രശനങ്ങളായിരുന്നല്ലോ... ശ്രുതി പലേസ്ഥലത്തും മിസ്സായി... ചില സ്ഥലങ്ങളില്‍ സംഗതിയിട്ടത്‌ നന്നായി... മൊത്തത്തില്‍ കഴിഞ്ഞ റൌണ്ടുകളുടെ അത്രേം നന്നായില്ല...

  ഞാന്‍ ഇവിടെ ഇല്ല :)

 54. അരവിന്ദ് :: aravind said...

  നല്ലോം ചിരിപ്പിച്ചു!
  :-)

 55. സുല്‍ |Sul said...

  കൊചുത്രേസ്യേ
  ഈ വലിയ ചിരിക്കു നന്ദി.
  -സുല്‍

 56. ഷാഫി said...

  ഒന്നൊന്നര

 57. d said...

  :) vein തപ്പല്‍ എന്തായാലും vain ആയിപ്പോയില്ലല്ലോ.. സമാധാനം.. എന്നാലും എങ്ങനെ അത്രേം നേരം ഒളിപ്പിച്ചു വച്ചു??

 58. കൊച്ചുത്രേസ്യ said...

  സിനോജേ അപ്പോ എനിക്കു മാത്രമല്ല ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങള്‍?? സമാധാനമായി..

  ത്രിശങ്കൂ ചുമ്മാ കൊഴുപ്പിനെ പറയണ്ട..ഇത്രെം കാലത്തെ ഒരു സമ്പാദ്യംന്നു പറയാന്‍ ആകെ അതു മാത്രമേ ഉള്ളൂ :-)

  ഉണ്ടാപ്രീ അങ്ങനെ വളഞ്ഞ വഴീക്കൂടിയൊന്നും എനിക്ക്‌ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റു വേണ്ട..സത്യം വച ധര്‍മം ചര-ഇതാ എന്റെ പോളിസി;-)

  അലമ്പാ ഇനീപ്പം അതും കൂടി പറഞ്ഞ്‌ എന്നെ ടെന്‍ഷനടിപ്പിച്ചോ കേട്ടോ..

  മുസാഫിറേ ഇങ്ങനെ ഒരുപാടങ്ങു ഭാവിയിലെക്കു കേറി ചിന്തിച്ചാ ജീവിക്കണമ്ന്നുള്ള ആഗ്രഹമെ പൊയ്പ്പോകും..

  മൂര്‍ത്തീ ആ പോസ്റ്റിന്റെ സമയത്തെ പറ്റി പറഞ്ഞത്‌ എനിക്കൊരു പുതിയ അറിവാണ്‌. പിന്നെ ഞാനെപ്പഴും ഓണ്‍ലൈന്‍ വരമൊഴീല്‌ കുറച്ചുകുറച്ചായി ടൈപ്പ്‌ ചെയ്തു കേറ്റുകയാ ചെയ്യാറുള്ളത്‌.അതല്ലേ ഈ പോസ്റ്റുകള്‍ടെയൊക്കെ നീളോം വീതീമൊക്കെ ഒരു കണ്ട്രോളുമില്ലാതെ പോകുന്നത്‌ :-)

  നന്ദാ ചുമ്മാ ഒരു സൂചിയെടുത്ത്‌ കയ്യില്‍ കുത്തി നോക്കിയേ. കാറ്റേ വരൂ..ഈ ഞരമ്പു കിട്ടാത്തവര്‍ക്കും ഇവിടെ ജീവിക്കണ്ടേ..പാവം ഞാന്‍..

  വനജേ ക്ഷമി ..ഇതു തന്നെയാ എന്റെ അസുഖം..പറയുന്നതൊന്നും ശരിക്കങ്ങു തലെലേക്കു കേറുന്നില്ല..അല്ല അതിനെന്തിനാ എന്റെ ഐ.ക്യൂനെ ഇതിലെക്കു വലിച്ചിഴയ്ക്കുന്നത്‌??ഞാന്‍ വയലന്റാകും.. പറഞ്ഞെക്കാം.

 59. കൊച്ചുത്രേസ്യ said...

  ശെഫീ മുന്നു പ്രാവശ്യം തകര്‍ത്തതിന്‌ നന്ദി..

  കുഞ്ഞാ ആ നാലു കുത്തും നാനൂറ്റമ്പതു രൂപേം..അതു തന്നെയാ എന്റേം സങ്കടം.

  നജീമേ എന്റെ അടുത്താഴ്ചത്തേക്കുള്ള ജാതകോം കൂടി ഒന്നു പറയുമോ..ഒന്നു തയ്യാറായിരിക്കാനാ..

  നിഷ്കളങ്കാ എനിക്കീ പ്രശ്നം പണ്ടു മുതലേയുള്ളതാ.. അതിന്‌ നൈറ്റ്‌ഷിഫ്റ്റുമായി ബന്ധമൊന്നിമില്ലെനു തോന്നുന്നു.. പിന്നെ 'ആ എടുത്ത ചോര വെയ്സ്റ്റായിപോട്ടേന്നുള്ള അനുഗ്രഹം' കേട്ട്‌ ഞാനൊന്നു ഞെട്ടി. ആ ലാബിലുള്ളവര്‍ടെ കയ്യീന്ന്‌ അതു തട്ടിമറിഞ്ഞു പോട്ടേന്നോ മറ്റോ ആണെന്ന്‌ ഒരു വേള തെറ്റിദ്ധരിച്ചു പോയി.

  ദീപൂ രാവിലെ എഴുന്നേറ്റപ്പോ തൊണ്ടയില്‍ ഒരു കിച്ച്‌ കിച്ച്‌. പിന്നെ ഇന്നലെ ഞാന്‍ അടിച്ചു കൊന്ന കൊതുകിനെ പറ്റിയുള്ള ഓര്‍മ്മ.. ഏവം വിധം വിചാരിച്ചത്ര പെര്‍ഫമന്‍സ്‌ ശരിയാക്കാന്‍ പറ്റീല്ല. എന്തായാലും എസ്‌ എം എസ്‌ അയയ്ക്കാന്‍ മറക്കരുത്‌ കേട്ടോ..

  അരവിന്ദേ സുല്ലേ ഷാഫീ ഡാങ്ക്സ്‌..

  വീണേ ഇതെന്താ അവിടെ കൂടിയിരുന്ന രോഗികളെപോലെ ചിന്തിക്കുന്നത്‌..ഞാന്‍ ഒളിപ്പിച്ചു വച്ചതൊന്നുമല്ല കുഞ്ഞേ. എനിക്കീകാര്യത്തില്‍ ഒരു മനസ്സറിവുമില്ല..

 60. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

  എന്നിട്ടെന്തായി അവസാനം rest ഒത്തോ, അതോ ഇപ്പഴും സര്‍ട്ടിഫിക്കറ്റിനു നടക്കുവാണോ?

 61. Unknown said...
  This comment has been removed by the author.
 62. തെന്നാലിരാമന്‍‍ said...

  കൊച്ചുത്രേസ്സ്യാക്കൊച്ചേ, തകര്‍ത്തൂട്ടോ...ഒരുപാട്‌ ചിരിച്ചു...:-) പ്രത്യേകിച്ച്‌ "ഭക്ഷണം കഴിച്ചോ" എന്ന ചോദ്യത്തിന്റെ ഭാഗം...:-)

 63. തോമാച്ചന്‍™|thomachan™ said...

  നന്നയിടുണ്ട് കൊച്ചു ത്രെയ്സ്യ കൊച്ചേ... especially
  കയ്യില്‍ കാശും കൊണ്ടു നടക്കുന്ന ഒരു ഐ.ടി തൊഴിലാളിയെ എങ്കിലും ഈ ബാംഗ്ലൂര്‍ നഗരത്തില്‍ കാണിച്ചു തരാന്‍ പറ്റുമോ എന്ന ചോദ്യം. അത്‌ കലക്കിടാ. വന്നു വന്നു ഇനി പിച്ചകാരും card മാത്രം accept ചെയ്യുന്ന കാലം വിധൂരം അല്ല എന്നോര്മിപിച്ചു.

 64. ഏറനാടന്‍ said...

  ത്രേസ്യാപെങ്ങളേ.. ഉം ഇതും തരക്കേടില്ല.. ഭാവിണ്ട്. വര്‍‌ത്താനോംണ്ട്.. ഭൂതം?? അതുള്ളതോണ്ടാണല്ലോ കലക്കുന്നതീ സ്റ്റൈല്‌!

 65. Sierra said...

  അടിപൊളി. തനിക്ക് നല്ല ഭാവിയുണ്ട് കേട്ടോ.
  എഴുത്ത് കുറെ കൂടി ഗൌരവമായിട്ടു എടുക്കണം...
  ഒരു പുസ്തകം എഴുതുന്നതിനെക്കുറിച്ച് ചിന്തിക്കൂ...

 66. ഞാന്‍ ഇരിങ്ങല്‍ said...

  കൊച്ചു ത്രേസ്യയുടെ പോസ്റ്റ് ഒരിക്കല്‍ വായിച്ചാല്‍ പിന്നെ അടുത്ത പോസ്റ്റും വായിപ്പിക്കാന്‍ കഴിയുന്ന ഒരു മാന്ത്രിക ശക്തി എന്തെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.
  ചെറിയ കാര്യമാണെങ്കിലും അതിലെ ഹാസ്യം ഒട്ടും ചോരാതെ നിലനിര്‍ത്താനും ഒപ്പം ചില സീരിയസ്സ് കാര്യങ്ങള്‍ പറയുവാനും കൊച്ചു ത്രേസ്യക്കുള്ള സാമര്‍ത്ഥ്യം അഭിനന്ദനാര്‍ഹം.

  മനസ്സിലെ ഹാസ്യരസം ഇത്ര നന്നായി പ്രതിഫലിപ്പിക്കുന്ന ഹാസ സാഹിത്യകാരന്‍ മാര്‍ തന്നെ കുറവാണ് നമുക്ക്.
  സിനിമാ നടന്‍ മുകേഷിനെ കുറിച്ച് സാധാരണ പറയാറുണ്ട് ടൈമിലി ജോക്കിങ്ങ് ആണ് പുള്ളിക്കാരന്‍ എന്ന്. കൊച്ചു ത്രേസ്യയുടെ ഓരോ പോസ്റ്റിലും ഒരു മുകേഷ് ശബ്ദവും ടെച്ചിങ്ങും കാണുന്നു.
  “തോമസു കുട്ടീ വിട്ടോടാ” എന്നു പറയുന്ന ഭാവവും
  “ദിസീസ് ചീറ്റിങ്ങ് ദിസീസ് ചീറ്റിങ്ങ് “ എന്നു പറയുന്നതിലെ ചമ്മലും വായനക്കാരനെയും കൊച്ചു ത്രേസ്യ അനുഭവിപ്പിക്കുന്നു.
  ഈ എഴുത്തിനെ കൈവിടരുത്.
  വീണ്ടും നല്ല എഴുത്ത് പ്രതീക്ഷിച്ചു കൊണ്ട്
  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

 67. Unknown said...

  ചേച്ചി..ഈ കിട്ടുന്ന കമന്റ്സൊക്കെ എന്നാ ചെയ്യുന്നു..എനിക്കറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ...

  കലക്കി !

 68. കൊച്ചുത്രേസ്യ said...

  ഇന്‍ഡ്യഹെറിറ്റേജേ റിസല്‍ട്ട്‌ കിട്ടി.അതില്‌ ഭൂതക്കണ്ണാടി വച്ചു നോക്കീട്ടും ഒരു കുഴപ്പോം കണ്ടില്ലത്രേ. ഈ ബ്ലഡിലെന്തെങ്കിലും മായം ചേര്‍ക്കാന്‍ പറ്റുമോയെന്നുള്ള ഗവേഷണത്തിലാ ഞാനിപ്പോള്‍.എന്റെ റെസ്റ്റ്‌ ങീ ങീ..

  തെന്നാലീ താങ്ക്സേ

  തോമാച്ചാ എന്റെ കയ്യില്‍ വരെ കാര്‍ഡുണ്ട്‌.അപ്പോ പിന്നെ പിച്ചക്കാരുടെ ഇടയിലൊക്കെ കഴിഞ്ഞ വര്‍ഷമേ ഇതൊക്കെ പോപ്പുലറായിട്ടുണ്ടായിരിക്കും :-)

  ഏറനാടാ എന്തര്‍ത്ഥത്തില്‍ പറഞ്ഞതാണെങ്കിലും ആ 'ഭൂതം' എന്നുള്ള വാക്ക്‌ പിന്‍വലിക്കണം ;-)

  Sierra വന്നതിനും വായിച്ചതിനും നന്ദി.

  ഇരിങ്ങല്‍ മാഷേ നല്ല വാക്കുകള്‍ക്ക്‌ നന്ദി..

  മൃദുല്‍ കിട്ടിയ കമന്റുകളൊക്കെ ഉപ്പിലിട്ടു വച്ചിട്ടുണ്ട്‌. ഒരുപാടുകാലം കഴിയുമ്പോള്‍ ഇതും നോക്കി 'ഇത്രേം കമന്റുകളൊക്കെ കിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു' എന്ന്‌ ആശ്വസിക്കാലോ(
  വിത്‌ ദീര്‍ഘനിശ്വാസം) ;-)

 69. SUNISH THOMAS said...

  thressia..... excellent. ithellam koodie book aakkanam. kidilan sambavangal.....kidilan prayogangal. brlnt construction :)

 70. ഏറനാടന്‍ said...

  ഓക്കേ.. ത്രേസ്യാകൊച്ച്‌ ആവശ്യപ്പെട്ടതിനാല്‍ "ഭൂതം" വാക്ക്‌ പിന്‍-വലിച്ചിരിക്കുന്നു എന്നറിയിക്കുന്നു.. :)

 71. Sierra said...

  ഈ കഴിഞ്ഞ ഞായര്‍ ദിവസം ഞാന്‍ കൊച്ചുത്രെസ്യയുടെ മറ്റു പോസ്റ്റുകള്‍ വായിച്ചു.
  ഹാസ്യവും ഗൌരവമായതും ഒരു പോലെ വഴങ്ങുന്ന ഒരു അപൂര്‍വ പ്രതിഭ. അതാണ് ഈ എഴുത്തുകാരി. ഔദ്യോഗിക തിരക്കുക്കള്‍ക്കിടയില്‍ സമയം കാണുമോ എന്നറിയില്ല, എങ്കിലും താന്‍ ഒരു പുസ്തകം എഴുതാന്‍ ദയവായി സമയം കണ്ടെത്തണം.

 72. G.MANU said...

  good post thressye...
  Hospitally yours..

  Manu

 73. ഹരിയണ്ണന്‍@Hariyannan said...

  ചിരിപ്പിച്ചു....
  ഇതിന്റെ രണ്ടാം ഭാഗത്തിനുവേണ്ടി കാത്തിരിക്കണോ??

 74. ആഷ | Asha said...

  കൊച്ചുത്രേസ്യാക്കുട്ടി,
  നീളം കൂടുതലായിരുന്നുവെങ്കിലും ഒരു മടുപ്പുമില്ലാതെ വായിക്കാന്‍ പറ്റി.
  പിന്നെ കൊച്ചുത്രേസ്യയുടെ തന്നെ മറ്റു പോസ്റ്റുകളുമായി വെച്ചു നോക്കുമ്പോ ഇതു ഇത്തിരി പിറകിലാണ്.

  ചില പ്രയോഗങ്ങളൊക്കെ ഒത്തിരി ചിരിപ്പിച്ചു.
  അടുത്ത പോസ്റ്റിനെന്തേ ആമാന്തം...പോരട്ടേ ഇതുവരെ എഴുതിയതിനെയൊക്കെ വെല്ലുന്ന തരത്തിലൊരണ്ണം.

 75. പ്രയാസി said...

  ത്രേസ്യാ ഗുരൊ..ടെമ്പ്ലേറ്റ് മാറ്റിയല്ലെ..നന്നായി..:)
  ബാനറിനു ഓര്‍ഡര്‍ ചെതിട്ടുണ്ടൊ!?
  പ്രയാസി ഒന്ന് ചെയ്തയക്കാം..കൊള്ളാമെങ്കില്‍ ഫ്രീ ആയി എടുത്തോളൂ..ഇല്ലേല്‍..:(
  ഇല്ലേലും ഫ്രീ ആയി എടുത്തൊ..:)അല്ല പിന്നെ..

 76. Vempally|വെമ്പള്ളി said...

  ത്രേസ്യാക്കൊച്ചെ - ഈ ഒരു ചെറിയ ബ്ലഡ് ടെസ്റ്റ് ഇത്രമാത്രം ചിരിപ്പിക്കുന്ന ഒരു പോസ്റ്റായെങ്കില്‍ കൊച്ചുത്രേസ്യക്ക് എത്ര മാത്രം പോസ്റ്റുകള്‍ എഴുതാനുണ്ടാവും! എല്ലാം മുടങ്ങാതെ എഴുതുക.

  കൊച്ചുത്രേസ്യാനെ കുത്തി ഒരു സ്മാളടിക്കാന്‍ നോക്കുന്ന കൊതുകിന്റെ കാര്യം എന്താവും?

  *പിന്നെ മൂസ് കുറിച്ചു തന്ന കഷായോം ഗുളികേം മുടങ്ങാതെ കഴിക്കണേ

  *തമാശ്

 77. വേണാടന്‍ said...

  "ശരിക്കൊന്നലോചിച്ചു നോക്കിയേ.. നിനക്കാരോടെങ്കിലും പ്രേമമുണ്ടോ?"

  ഞാന് ശരിക്കു തന്നെ ആലോചിച്ചു നോക്കി. ഒന്നും തടഞ്ഞില്ല.

  "ഇല്ല എന്ററിവില് അങ്ങനൊന്നുമില്ല"

  "ങാ സാധാരണയായി നീയിപ്പറഞ്ഞ അസുഖങ്ങളൊക്കെ പ്രേമം അസ്ഥിയ്ക്കു പിടിക്കുന്നതിന്റെ ലക്ഷണമാ. എന്തയാലും ഇത് അതല്ലാത്ത സ്ഥിതിയ്ക്ക് നിനക്കെന്തോ മാരകാരോഗമാണെന്നാ തോന്നുന്നത്. വേഗം പോയി ഒരു ഡോക്ടറെ കാണ്"
  ……………………………………………………………..
  ……………………………………………………………..
  " അടുത്ത പ്രാവശ്യം ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു"

  ചുമ്മാ ഫോര്‍മാലിറ്റി.ഞാനും വിട്ടു കൊടുത്തില്ല. പറ്റുന്നത്ര മുഖം വീര്‍പ്പിച്ചോണ്ടു പറഞ്ഞു.

  "ങും അടുത്ത പ്രാവശ്യോം ഡോക്ടര്‍ക്കിതു തന്നെ പറയേണ്ടി വരില്ലെന്നു ഞാനും പ്രതീക്ഷിക്കുന്നു"
  ------------------------------

  ഇതു ഒരു ഞരമ്പുവെട്ടിരോഗമാണെന്നു ആറ്ക്കാണു ആറിയാത്തതു..അതു ഡാക്കിട്ടരു പറഞ്ഞുവെണൊ അറിയാന്‍..ഒന്നു പോസ്റ്റിയാല്‍ മതിയായിരുന്നു...

  അടുത്ത ഞരമ്പുവെട്ടി ഇനി എന്നാണാവോ..അധികം താമസിക്കുകയില്ലെന്ന പ്രതീക്ഷയോടെ മറ്റൊരു ഞരമ്പുവെട്ടി..

 78. പ്രയാസി said...

  ത്രേസ്യാ മാഡം..
  ഈ മെയിലിലൊന്നു മിസ്കാള്‍ ചെയ്യൂ..
  ഞാനൊരു ബാനര്‍ ചെയ്തിട്ടുണ്ട് അയച്ചു തരാം..:)
  കൊള്ളാമെന്നുണ്ടെങ്കില്‍ ഫിക്സു ചെയ്യൂ..
  അല്ലെങ്കില്‍ ഏതെങ്കിലും പുലികള്‍ക്കു മെയില്‍ ചെയ്താല്‍ മതി!അയച്ചു തരും..
  ഫ്രീ ആയതു കൊണ്ടു അധികം കുറ്റം പറയാന്‍ നില്‍ക്കണ്ടാ..
  പേടിക്കേണ്ടാ..പ്രയാസിക്കു ഇവിടെ റേഞ്ചില്ലാ..
  അങ്ങോട്ടു മിസ്കാള്‍ അടിക്കില്ലാ...
  എന്റെ നമ്പര്‍..
  dahsna23@gmail.com..:)

 79. മഴതുള്ളികിലുക്കം said...

  കൊച്ചുത്രേസ്യാ...

  എഴുത്തുകള്‍ എല്ലാം ഉഗ്രന്‍....തുടരുക

  എല്ലാ ഭാവുകങ്ങളും നേരുന്നു

  മഴത്തുള്ളികിലുക്കത്തിന്‌ നല്‍ക്കുന്ന പ്രോത്‌സാഹനത്തിന്‌ നന്ദി അറിയിക്കട്ടെ


  നന്‍മകള്‍ നേരുന്നു

 80. ഗിരീഷ്‌ എ എസ്‌ said...

  കൊച്ചുത്രേസ്യേ..
  പതിവ്‌ പോലെ ഇതും സൂപ്പര്‍ഹിറ്റ്‌...
  ഇനിയും വരട്ടെ തമാശകള്‍....

  ഭാവുകങ്ങള്‍..ആശംസകള്‍...

 81. കൊച്ചുത്രേസ്യ said...

  ഏറനാടാ നന്ദി..അല്ലെങ്കിലും ഒരു ഭൂതത്തിനേ ഇങ്ങനനെ നല്ല മനസ്സുണ്ടാവൂ ;-)

  സുനീഷ്‌,Sierra ബുക്കൊക്കെ ഇറക്കാം. പക്ഷെ നിങ്ങളെങ്കിലും ഓരോ കോപ്പി വാങ്ങുമെന്ന്‌ എഴുതി ഒപ്പിട്ടു തരണം :-)

  ജീമനൂ താങ്‌ക്‍സേ

  ഹരിയണ്ണാ കാത്തിരിക്കണ്ട.. ഇതിനു രണ്ടാം ഭാഗമില്ല :-(

  ആഷേ എഴുതി വന്നപ്പോള്‍ അങ്ങു നീണ്ടു പോയതാ. പിന്നെ എന്തിനാ ഇങ്ങനെ ഒറ്റയടിക്കങ്ങു വായിച്ചു തീര്‍ക്കാന്‍ നോക്കുന്നത്‌.ഇടയ്ക്കിടക്ക്‌ റെസ്റ്റെടുത്തിട്ട്‌ വായിച്ചാല്‍ മതി.അപ്പോള്‍ ഇത്രേം നീളം തോന്നൂല്ല :-)

  വെമ്പള്ളീ കൊതുകുകള്‍ക്കൊന്നും ഒരു പ്രശ്നവുമില്ല. കൂളായിരുന്ന്‌ കുത്തിയെടുത്ത്‌ കുടിച്ചിട്ടു പോകുന്നതു കാണാം..

  വേണാടാ ഇപ്പറഞ്ഞ അസുഖത്തിനു വല്ല മരുന്നുമുണ്ടോ? അതോ പോക്കായ കേസാണോ?

  മഴത്തുള്ളിക്കിലുക്കം,ദ്രൗപദി നന്ദി..

 82. ഉണ്ണിക്കുട്ടന്‍ said...

  കണ്ണില്‍ ചോരയില്ലാത്തവള്‍ എന്നൊക്കെ കേട്ടിട്ടുണ്ട്.. ഇതെന്താ ഞരമ്പില്‍ ചോരയില്ലാത്തവളോ..? ഞരമ്പൊരു ബ്ലേഡ് കൊണ്ടങ്ങു മുറിച്ചു ആവശ്യത്തിനു ബ്ലഡ് എടുത്തൂടാരുന്നോ..അവശ്യം കഴിയുമ്പോള്‍ ഒരു ക്ലിപ്പിട്ടു വച്ചാ പോരേ..?

  ഇതൊരു അത്യപൂര്‍വ ബ്രീഡ് തന്നെ !

 83. വേണാടന്‍ said...

  ചോ:വേണാടാ ഇപ്പറഞ്ഞ അസുഖത്തിനു വല്ല മരുന്നുമുണ്ടോ? അതോ പോക്കായ കേസാണോ?

  മ:തുടക്കത്തില്‍ ഡോക്ട്രെക്കാണാനൊക്കെ തിടുക്കമായിരിക്കും, കൊച്ച് ചെയ്തപോലെ. പിന്നെ പിന്നെ കാലാന്തരേണ ഇതൊരവസ്ഥാവിശേഷമായി മാറും. തുടര്‍ന്നു കുറേക്കാലം സഹിക്കുകയല്ലതെ മര്‍ഗമില്ല, ശീലമാകുന്നതുവരെ..കാല‍ത്തിന്റെ തികവില്‍ അവസ്ഥാവിശേഷത്തിനു കാതലായ മാറ്റം വരികയും, സുഖകരമായ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യും. വിഷമിക്കേണ്ട, എല്ലാം ശരിയാകും. അനുഭവത്തില്‍ നിന്നായതുകൊണ്ട് ഈ കണ്‍സള്‍ട്ടിങ് ഫ്രീ ആണ്. ചോദ്യം പോസ്റ്റിയതിനു നന്ദി. ആശംസകളോടെ..

  ----വേണാടന്‍, അനുഭവഗുരു, .

 84. വേണാടന്‍ said...

  ചോ:വേണാടാ ഇപ്പറഞ്ഞ അസുഖത്തിനു വല്ല മരുന്നുമുണ്ടോ? അതോ പോക്കായ കേസാണോ?

  മ:തുടക്കത്തില്‍ ഡോക്ട്രെക്കാണാനൊക്കെ തിടുക്കമായിരിക്കും, കൊച്ച് ചെയ്തപോലെ. പിന്നെ പിന്നെ കാലാന്തരേണ ഇതൊരവസ്ഥാവിശേഷമായി മാറും. തുടര്‍ന്നു കുറേക്കാലം സഹിക്കുകയല്ലതെ മര്‍ഗമില്ല, ശീലമാകുന്നതുവരെ. കാല‍ത്തിന്റെ തികവില്‍ അവസ്ഥാവിശേഷത്തിനു കാതലായ മാറ്റം വരികയും, സുഖകരമായ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യും. വിഷമിക്കേണ്ട, എല്ലാം ശരിയാകും. അനുഭവത്തില്‍ നിന്നായതുകൊണ്ട് ഈ കണ്‍സള്‍ട്ടിങ് ഫ്രീ ആണ്. ചോദ്യം പോസ്റ്റിയതിനു നന്ദി. ആശംസകളോടെ..

  ----വേണാടന്‍, അനുഭവം ഗുരു.

 85. Murali K Menon said...

  ബ്ലഡ് പുരാണം ഉഷാറായി... വായിച്ച് സമയം പോയതറിഞ്ഞില്ല... (പണി ബാക്കിയായി.. അത് നാളെയായാലും ചെയ്യാം....അല്ല പിന്നെ)

 86. താംബൂലം said...

  കൊച്ചു ...മൊളെ നീ എന്താ ഈ എഷുതിയെ? മൊള്‍ക്ക്‌ മനസിലായൊ? മനൊഹരമയിരിക്കുന്നു!!! ഞനും അങ്ങ്‌ കൊല്‍മയിര്‍കൊണ്ടു .. സാംഗതിയെല്ലാം ഉണ്ട്‌ ട്ടൊ

 87. Unknown said...

  കൊച്ചൂന്റെ പോസ്റ്റുകളൊക്കെ ഒരറ്റം മുതല്‍ വായിച്ചോണ്ടു വരാരുന്നു...കുറേ ചിരിച്ചു..പക്ഷേ വെയിന്‍ കിട്ടാത്ത ഭാഗം വന്നപ്പോ ചിരിവന്നില്ലാ...കാരണം അതു ഞാനും അനുഭവിക്കുന്നതാ..ഒരിക്കല്‍ ഇവിടെ അബുദാബിയിലെ ഒരു ക്ലിനിക്കില്‍ വച്ചു ലാബിലെ പലസ്ത്തീനി ചേട്ടനും,സഹായി ഫിലിപ്പിനോ ചേച്ചിയും ഒന്നു കുത്തും ,പിന്നെ മുഖത്തോടു മുഖം നോക്കി സിറിഞ്ച് ഡസ്റ്റ് ബിന്നിലേക്കിടും.അങ്ങനെ ഒരുപാടു കുത്തിയ ശേഷം ബള്‍ബ് കത്തിയപ്പോള്‍ പോയൊരു റബ്ബര്‍ വയര്‍ കൊണ്ടുവന്നു കൈ മുറ്ക്കിക്കെട്ടി ചോര ഊറ്റിയെടുത്തു..ഒരു സിറിഞ്ച് കുത്തിയ വേദനയൊക്കെ സഹിക്കാനുള്ള മനക്കരുത്തും,ശരീര ശേഷീം എനിക്കുണ്ടെന്നറിയാതെ ഫൌണ്ടന്‍ വര്‍ക്കുചെയ്യിക്കുന്ന മണുങ്ങൂസുകളായ എന്റെ കണ്ണിനേം,മൂക്കിനേം ഒരു വിധത്തില്‍ ആശ്വസിപ്പിച്ചു നില്‍ക്കുന്ന എന്നെ നോക്കി പലസ്തീനി കുട്ടപ്പന്‍ വായ തുറന്നത് സമാധാനിപ്പിക്കാന്‍ ആണെന്നാ ഞാന്‍ കരുതിയേ...പക്ഷേ പുള്ളി ഡസ്റ്റ് ബിന്നിലേക്കു നോക്കി സങ്കടത്തോടെ “ഈ കുട്ടി ഗവര്‍മെന്റിനു കുറേ നഷ്ടം വരുത്തി “എന്ന്..മലയാളമറിയാത്തത് അവന്റെ ഭാഗ്യം..കൊള്ളാട്ടോ..ഇതുവരെ വായിച്ച എല്ലാം...ഇനി പിന്നെ വായിക്കാം(എന്നാ നീളമാ എല്ലാറ്റിനും) :-)

 88. jense said...

  "നാലു കുത്തു കുത്തീതു പോരാഞ്ഞ്‌ ഇനി അടീം കൂടിയോ. എഴുന്നേറ്റു നിന്ന്‌ ആ ഡോക്ടറിനിട്ട്‌ രണ്ടു പൊട്ടിയ്ക്കാന്‍ തോന്നിപ്പോയി."
  സത്യം പറയാല്ലോ... ചിരിച്ചു പോയി...

  "ഇത്രേം മതി. ഇനി വേണമെങ്കില്‍ കുറച്ചു വെള്ളം ചേര്‍ത്ത്‌ അഡ്ജസ്റ്റ്‌ ചെയ്തോ" ഞാന്‍ ഡോക്ടറോടു പറഞ്ഞു.
  അതിന് ഇതെന്തോന്ന്??? സല്ഫ്യുരിക് ആസിടോ???

 89. സുധി അറയ്ക്കൽ said...

  ഹോ.ഹോ.ഹോ.ചിരിച്ചുവശായി.എന്നാ ഒക്കെ മാരക പ്രയോഗങ്ങളാ.?ഞാനെന്തേ ഈ ബ്ലോഗ്‌ വായിക്കാൻ വൈകിപ്പോയത്‌????